Monday, June 28, 2010

‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ

ചെന്നൈയിലെ ദക്ഷിണേന്ത്യ.അതാണു ദക്ഷിണ ചിത്ര.

കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളുടെ ജന ജീവിതത്തിന്റെ ഒരു സാംസ്കാരിക പരിച്ഛേദമാണു ‘ദക്ഷിണ ചിത്ര’ എന്നു വേണമെങ്കില്‍ പറയാം.ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ് ജീവിത ശൈലിയുടെ ഒരു പുനരാഖ്യാനമാണ് ദക്ഷിണ ചിത്ര.

വളരെ നാളായി ‘ദക്ഷിണ ചിത്ര’യെക്കുറിച്ച് കേട്ടറിഞ്ഞിരുന്നുവെങ്കിലും ഈ അടുത്ത കാലത്താണു അവിടെ പോകാന്‍ സാധിച്ചത്.നാട്ടില്‍ നിന്നു അച്ഛനും അമ്മയും അനിയനും വന്നപ്പോള്‍ ഒരു ഞായറാഴ്ച ദക്ഷിണചിത്രയില്‍ ചെലവിടാമെന്നു തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്നു 25 കി.മീറ്ററോളം മാറി ചെന്നൈ - പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡി(ECR)ലാണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്.കൃത്യമായി പറഞ്ഞാല്‍ ചെന്നൈ സിറ്റിയുടെ തെക്ക് വശത്തെ അവസാന ഭാ‍ഗമായ തിരുവാണ്‍‌മിയൂര്‍ കഴിഞ്ഞ് മഹാബലിപുരം റോഡിലൂടെ പോയി MGM ബീച്ച് റിസോര്‍ട്ട് കഴിഞ്ഞാലുടന്‍ ഇടതു വശത്ത് കാണുന്ന റോഡിലൂടെ ഒരു 200 മീറ്റര്‍ പോയാല്‍ ദക്ഷിണ ചിത്ര എത്തും. റോഡരികില്‍ തന്നെ ദക്ഷിണചിത്രയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള വലിയ ബോര്‍ഡ് കാണാം.

(ദക്ഷിണ ചിത്രയിലേക്ക് സ്വാഗതം)

ഞങ്ങള്‍ എത്തുമ്പോള്‍ 11 മണി ആയിരുന്നു.ദക്ഷിണ ചിത്രയുടെ പ്രവേശന കവാടത്തിനടുത്തു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്.വണ്ടി അവിടെ പാര്‍ക്ക് ചെയ്ത് കുട്ടികള്‍ക്ക് ലഘു ഭക്ഷണവും കൊടുത്ത് ഞങ്ങള്‍ ടിക്കറ്റ് കൊണ്ടറില്‍ എത്തി.ഞങ്ങള്‍ എത്തുമ്പോള്‍ പൊതുവെ തിരക്കു കുറവായിരുന്നു.ചില വിദേശികളേയും അവിടെ കണ്ടു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണു സന്ദര്‍ശക സമയം.എല്ലാ ചൊവ്വാഴ്ചയും അവധിയാണ്.ക്യാമറയും മറ്റും ഉണ്ടെങ്കില്‍ പ്രത്യേകം പാസ് എടുക്കണം.റിസപ്ഷനോട് ചേര്‍ന്നു തന്നെ ഒരു “ക്രാഫ്റ്റ് സെന്ററും” ഉണ്ട്.



അവിടെ നിന്നു ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു.

(ദക്ഷിണ ചിത്രയുടെ രൂപരേഖ)



ദക്ഷിണചിത്ര

ദക്ഷിണേന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ - കല, നാടോടി കലാരൂപങ്ങള്‍, വാസ്തുവിദ്യാ,ക്രാഫ്റ്റ്- സംരക്ഷിക്കുകയും പുതു തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ദക്ഷിണ ചിത്രക്ക് രൂപം കൊടുത്തത്. ഗ്രാമീണരായ കലാകാരന്മാരുടെ കഴിവുകളില്‍ ആകൃഷ്ടനായി ഡോ.ഡി ത്യാഗരാജന്‍ 1984 ല്‍ രൂപം കൊടുത്ത എന്‍.ജി ഒ ആണു ‘മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍”.കലയേയും സംസ്കാരത്തേയും സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു.സര്‍ക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും ഫോര്‍ഡ് ഫൌണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയും കൂടി മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍ ആദ്യം നടപ്പിലാക്കിയ പദ്ധതി ആണു ദക്ഷിണ ചിത്ര എന്ന ഈ സാംസ്കാരിക കേന്ദ്രം.വിശ്വ പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറാണു ഈ സാംസ്കാരിക ഗ്രാമം രൂപകല്പന ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഇവിടെ ഉണ്ട്.ഓരോ വിഭാഗത്തിലും അതാതു സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക- കലാ രൂപങ്ങളെയും വാസ്തുവിദ്യാരീതികളേയും തനതായ രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

തമിഴ്‌നാട്

ഞങ്ങള്‍ ആദ്യം പോയത് തമിഴ്‌നാടിന്റെ വിഭാഗത്തിലേക്കാണ്.അവിടെ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മള്‍ തമിഴ്‌നാട്ടിലെ ഏതോ ഒരു ഗ്രാമത്തില്‍ എത്തിയ പ്രതീതി ആണു ഉണ്ടാവുക.തമിഴ്‌നാടിലെ വിവിധ ജനവിഭാഗങ്ങളുടെ ( ജാതി, തൊഴില്‍ അടിസ്ഥാനത്തില്‍) വീടുകള്‍ അതേപടി അവിടെ പുനസൃഷ്ടിച്ചിരിക്കുന്നത് കാണാം.
  • വ്യാപാരികള്‍
  • കൃഷിക്കാര്‍
  • കുശവന്മാര്‍
  • കുട്ടനെയ്ത്തുകാര്‍
  • അയ്യനാര്‍ അഗ്രഹാരം
  • നെയ്ത്തുകാര്‍
എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളുടെ പരമ്പരാഗതമായ വീടുകള്‍ അതേ പടി പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു.അത്തരം സ്ഥലങ്ങളില്‍ നിന്നു വീടുകള്‍ കൊണ്ടു വന്ന് ഇവിടെ അതു പോലെ തന്നെ തിരികെ ഉണ്ടാക്കിയെടുക്കുന്ന രീതിയാണു ഉപയോഗിച്ചിരിക്കുന്നത്.ഇവയ്കുള്ളില്‍ ഓരോന്നിലും അതാതു കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.സ്വീകരണമുറി, കിടപ്പുമുറി എന്നിവ ക്രമീകരിച്ചിരിക്കുന്നതും അന്നത്തെ പോലെ തന്നെ.ഞങ്ങള്‍ ഇവയില്‍ ഓരോന്നിലും കയറി വിശദമായി കണ്ടു.

(വ്യാപാരി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെട്ടിനാട് വീട്)

(ചെട്ടിനാട് വീടിന്റെ പൂമുഖത്തെ ചിത്രത്തൂണുകള്‍)

(തമിഴ് പഴക്കവും വികാസവും വിളിച്ചറിയിക്കുന്ന ഒരു ബോര്‍ഡ്)

അപ്പോളെക്കും 12 മണിയായി.ദക്ഷിണചിത്രയില്‍ എല്ലാദിവസവും 6 തവണ തോല്‍പ്പാവ കൂത്ത് കാണിക്കുന്നുണ്ട്.തമിഴ്നാട് വിഭാഗത്തിന്റെ “അയ്യനാര്‍” വീട്ടിലെ ഒരു ഹാളിലാണു ഈ പ്രദര്‍ശനം.ഒരു 2 മണിക്കൂറെങ്കിലും ദക്ഷിണ ചിത്രയില്‍ ചെലവഴിക്കുന്ന ഓരോ ആളിനും ഇതു കാണാന്‍ സാധിക്കുന്ന രീതിയിലാണു സമയ ക്രമീകരണം.തോല്‍പ്പാവക്കൂത്ത് കളി കാണാന്‍ ഞങ്ങള്‍ അങ്ങോട്ട് പോയി.

ഹാളില്‍ 25 ഓളം ആള്‍ക്കാര്‍ ഉണ്ട്.നല്ലൊരു പങ്ക് വിദേശികളും ഉണ്ട്.രാമായണം കഥയായിരുന്നു തോല്‍പ്പാവക്കൂത്തില്‍ കാണിച്ചത്.പ്രദര്‍ശനം 15 മിനിട്ട് മാത്രമേ ഉള്ളൂ.അതിനു ശേഷം അവരിലൊരാള്‍ തോല്‍പ്പാവയെ വെളിയില്‍ കൊണ്ടുവന്ന് ആള്‍ക്കാരെ കാണിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

(തോല്‍പ്പാവകളെക്കുറിച്ച് വിശദീകരിക്കുന്നു)

ഇത്തരം കലാസാസ്കാരിക പരിപാടികള്‍ ‘ദക്ഷിണചിത്ര’യിലെ പ്രത്യേകതയാണ്.കേരളത്തില്‍ നിന്നുള്ള നാടോടി നൃത്ത രൂപങ്ങളും മറ്റും എല്ലാ ആഴ്ചയിലും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.
(ഇടികല്ല്, ആട്ടുകല്ല്,ഉരല്‍)

ഇതുകൂടാതെ മണ്‍പാത്ര നിര്‍മ്മാണം കാണിച്ചു തരുന്ന ഒരു വിഭാഗം കുശവന്മാരുടെ വീടിനോട് ചേര്‍ന്നുണ്ട്.ചെറിയ പാത്രങ്ങള്‍ നമ്മളെക്കൊണ്ടു തന്നെ അവര്‍ ചെയ്യിക്കും.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ അതൊന്നു പരീക്ഷിച്ചു നോക്കുന്നതാണു കണ്ടത്.മണ്‍പാത്ര നിര്‍മ്മാണം കൂടാതെ ഓല മെടയല്‍,കോലം വരക്കല്‍,പാവ നിര്‍മ്മാണം,പമ്പര നിര്‍മ്മാണം,മുത്തുമാല നിര്‍മ്മാണം,കുട്ട നെയ്ത്ത്,മുഖമ്മൂടി നിര്‍മ്മാണം,കലംകാരി ചിത്ര രചന,കുടത്തിലും ഗ്ലാസിലുമുള്ള ചിത്രപ്പണികള്‍ തുടങ്ങിയവയും ദക്ഷിണ ചിത്രയില്‍ കാണാനാവും.സന്ദര്‍ശകര്‍ക്കും ഇവയിലൊക്കെ പങ്കെടുക്കാമെന്നതാണു വലിയ പ്രത്യേകത.

(പാത്രനിര്‍മ്മാണം പഠിക്കുന്നവര്‍)


(നെയ്ത്തു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാള്‍)


കേരളാ വിഭാഗം

കേരള വിഭാഗത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പഴയൊരു പടിപ്പുരയാണ്.അതു കടന്നു ചെന്നാല്‍ ഒരു 50 വര്‍ഷം മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ്.അന്നത്തെ രീതിയിലുള്ള കേരളീയ വാസ്തു വിദ്യയുടെ മാതൃകകളാണു ഇവിടെ പുന:സൃഷ്ടിച്ചിരിക്കുന്നത്.



കേരള വിഭാഗത്തില്‍ പ്രധാനമായും നാലു വിഭാഗങ്ങളിലുള്ള വീടുകളാണു

1:തിരുവനന്തപുരം ഹൌസ് : തിരുവിതാംകൂര്‍ ഭാഗത്തെ പഴയ നായര്‍ ഭവനം


2:കോഴിക്കോട് ഹൌസ്: മലബാര്‍ ഭാഗത്തെ ഹിന്ദു ഭവനം


3:പുതുപ്പള്ളി ഹൌസ് : കോട്ടയത്തെ സിറിയന്‍ ക്രിസ്റ്റ്യന്‍ ഭവനം

4:കൂത്താട്ടുകുളം ഹൌസ്:കൂത്താട്ടുകുളം ഭാഗത്തെ ഒരു പഴയ മുസ്ലീം ഭവനം


തമിഴ് നാട് വിഭാഗത്തില്‍ നിന്നു വിഭിന്നമായി താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങള്‍, ആദിവാസി ഗൃഹങ്ങള്‍ എന്നിവയൊന്നും കേരളാ വിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്.കേരളീയ വാസ്തുവിദ്യയുടെ മാതൃകകള്‍ എന്നു പറയാമെങ്കിലും ഇവിടെ ഉള്ള നാലു വീടുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന മറ്റു ജനവിഭാഗങ്ങളുടെ വീടുകള്‍ എന്നത് നാം കാണേണ്ടതുണ്ട്.ഒരു പക്ഷേ അതേ മാതൃകയിലുള്ള അന്നത്തെ പഴയ വീടുകള്‍ ഇന്നു ലഭിക്കാനുള്ള പ്രയാസമായിരിക്കാം അത്തരം ഭവനങ്ങള്‍ അവിടെ ഇല്ലാതെ പോയതിനു പ്രധാന കാരണമെന്ന് ഞാന്‍ കരുതുന്നു.


എങ്കിലും കേരള വിഭാഗത്തിലെ വീടുകള്‍ വലിയൊരു ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോയി.എന്റെ ചെറുപ്പകാലത്തെങ്കിലും ഇത്തരം ചില വീടുകള്‍ നാട്ടിന്‍ പുറത്തൊക്കെ ഉണ്ടായിരുന്നു.ഇന്നിപ്പോള്‍ എല്ലാം രണ്ടു മൂന്നും നിലയുള്ള കോണ്‍‌ക്രീറ്റ് ഭവനങ്ങള്‍ ആയി മാറിയിരിക്കുന്നു.ഈ വീടുകളുടെ ഉള്ളില്‍ കയറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു വീട്ടില്‍ ചെന്ന പ്രതീതി ആണു ഉണ്ടാവുന്നത്.ഒരു ഗൃഹനാഥന്റേയോ ഗൃഹനാഥയുടേയോ അഭാവം മാത്രം.ബാക്കി എല്ലാം, പാത്രങ്ങള്‍, പഴയ പത്തായങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കട്ടിലുകള്‍ ,അടുക്കള എല്ലാം പഴയതു പോലെ തന്നെ ക്രമീകരിച്ചിരിക്കുന്നു.ഇന്നത്തെ തലമുറക്ക് തികച്ചും അന്യമായ പല വസ്തുക്കളും നമുക്ക് ഇവിടെ കാണാവുന്നതാണ്.അതില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒന്നാണു തിരുവിതാംകൂര്‍ ഭാഗത്തെ വീട്ടില്‍ കണ്ട വലിയ മരം തുറന്നുള്ള സംഭരണ പെട്ടി.



(മരത്തടിയിലെ സംഭരണം)
മറ്റു വീടുകളില്‍ കണ്ടവയില്‍ എന്നെ ആകര്‍ഷിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

(കോഴിക്കോടു ഭാഗത്തെ ചുമര്‍ ചിത്രകല)


(ഖുര്‍-ആന്‍)

(ക്രിസ്റ്റ്യന്‍ ഭവനങ്ങളിലെ സ്വീകരണ മുറി)


(പഴയകാല അടുക്കള)
കേരളത്തിന്റെ ഭാഗം കണ്ടു കഴിഞ്ഞപ്പോളേക്ക് വല്ലാതെ തളര്‍ന്നിരുന്നു.ഏപ്രില്‍ മാസത്തെ സൂര്യന്‍ ചെന്നൈക്ക് മുകളില്‍ കത്തി ജ്വലിക്കുന്നു.പടിപ്പുരയോടു ചേര്‍ന്ന് ഒരു കരിക്കു കച്ചവടക്കാരനെ കണ്ടു.പിന്നെ അമാന്തിച്ചില്ല, എല്ലാവരും ഓരോ കരിക്കു വാങ്ങി കുടിച്ചു.

(ശരീരത്തില്‍ പച്ച കുത്തുന്നവര്‍)

അതിനുശേഷം കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും വിഭാഗങ്ങളിലേക്ക് പോയി.ഈ രണ്ട് വിഭാഗത്തിലും അധികമായി ഒന്നുമില്ല.അവ രണ്ടും ഇപ്പോളും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

കര്‍ണ്ണാടകയുടെ വിഭാഗത്തില്‍ ബാഗല്‍ക്കോട്ട് ജില്ലയിലെ നെയ്ത്തുകാരുടെ ഒരു ഭവനം മാത്രമേ ഉള്ളൂ.അവരുടെ പരമ്പരാഗതമായ വീടിനുള്ളില്‍ അവര്‍ നെയ്ത വസ്ത്രങ്ങള്‍ ചിത്രപ്പണികളോടെ കാണാന്‍ സാധിക്കും.അവരുടെ വീട്ടുപകരണങ്ങളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു

(കര്‍ണ്ണാടകയിലെ നെയ്ത്തു വിദ്യ)

ആന്ധ്രയുടെ വിഭാഗത്തില്‍ നല്‍‌ഗോണ്ട ജില്ലയിലെ ‘ഇക്കാട്ട് ‘ നെയ്ത്തുകാരുടെ ഭവനം കാണാം.ഇത് നല്‍‌ഗോണ്ട, വാറങ്കല്‍ ജില്ലകളിലെ നെയ്ത്തു, കര്‍ഷക വിഭാഗങ്ങളുടെ വീടുകളുടെ പ്രാതിനിധ്യ സ്വഭാവം ഉള്ള ഒന്നാണ്.വീടിനുള്ളിലെ വിശാലമായ ഹാള്‍ ഇതിലെ പ്രത്യേകതയാണ്.നമ്മുടെ കേരളീയ മാതൃകകളില്‍ നിന്നു തുലോം വിഭിന്നമാണു ആന്ധ്രയിലെ വീടുകള്‍.

(ആന്ധ്രാ ഭവനം)

ഇതു കൂടാതെ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലയിലെ (Coastal Andhra) ഗ്രാമീണ ഭവനങ്ങളുടെ മാതൃകയും ഇവിടെ കാണാം.പലപ്പോളും കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടതുകൊണ്ട് വൃത്താകൃതിയിലുള്ള ഭവനങ്ങളാണു ഇവിടങ്ങളില്‍ കൂടുതലും.ഇതിന്റെ ഒരു പ്രത്യേകത എന്നത് അടുക്കള പ്രധാന വീട്ടില്‍ നിന്നു വിട്ടാണ് എന്നതാണ്.അതുപോലെ പ്രത്യേക രീതിയിലുള്ള ധാന്യപ്പുരകളും ഈ വീടുകളുടെ പ്രത്യേകതയാണ്.നമ്മെ നന്നായി ആകര്‍ഷിക്കുന്ന രീതിയിലുള്ളവയാണു ഈ ഗ്രാമീണ ഭവനങ്ങള്‍.



ഇത്രയുമായപ്പോളേക്കും ഉച്ച ഭക്ഷണത്തെക്കുറിച്ച് എല്ലാവരും ഓര്‍ത്തു തുടങ്ങി.ദക്ഷിണ ചിത്രയില്‍ “കനാലി റസ്റ്റോറന്റ്” എന്ന പേരില്‍ നല്ലൊരു സസ്യ ഭക്ഷണ ശാല ഉണ്ട്.അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്.എന്നാല്‍ പിന്നെ ഉച്ച ഭക്ഷണം തിരികെ പോകുന്ന വഴിയില്‍ ആക്കാം എന്നു തീരുമാനിച്ച് തൊട്ടടുത്തുള്ള മരത്തണലില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു.

അപ്പോളതാ പരിചയമുള്ള ഒരു മുഖം , കൂടെ രണ്ടു സുഹൃത്തുക്കളുമുണ്ട്, കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍.നന്നായി വിയര്‍ത്തിരിക്കുന്നു.അതെ , അതു മറ്റാരുമല്ലായിരുന്നു , പ്രശസ്തനായ സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തെ പരിചയപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ പരിചയമുള്ള ഒരു ചേട്ടന്‍ സംസാരിക്കുന്നതു പോലെ സൌമ്യമായി അദ്ദേഹം സംസാരിച്ചു.”കഥ തുടരുന്നു “ എന്ന ചിത്രത്തിന്റെ അവസാന പണികള്‍ക്കായി ചെന്നൈയില്‍ വന്നതായിരുന്നു അദ്ദേഹം.അപ്പോള്‍ ദക്ഷിണ ചിത്ര കാണാന്‍ വന്നതാണ്.

ചെറിയ കുശല പ്രശ്നത്തിനു ശേഷം അദ്ദേഹം യാത്രപറഞ്ഞു.

(സത്യന്‍ അന്തിക്കാടിനൊപ്പം ഞാന്‍)

ഞങ്ങള്‍ അല്പ സമയം കൂടി അവിടെ വിശ്രമിച്ചു.ദക്ഷിണചിത്ര മനോഹരമായ ഒരു പദ്ധതിയാണ്.വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഒരേ സ്ഥലത്ത് പരിരക്ഷിക്കുക എന്ന ആശയം നടപ്പിലാക്കിയവര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.നമ്മുടെ കേരളത്തിലും ഇതിനു സമാനമായ ചില പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പ്രൊഫ.കെ .കെ എന്‍ കുറുപ്പ് വന്നപ്പോള്‍ അദ്ദേഹം ദക്ഷിണ ചിത്ര സന്ദര്‍ശിച്ചിരുന്നു.അദ്ദേഹം ഇപ്പോള്‍ ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി”ന്റെ അദ്ധ്യക്ഷന്‍ ആണല്ലോ.ഇത്തരം ചില പദ്ധതികള്‍ ആലോചനയിലുണ്ട് എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഒന്നര മണിയോടെ ദക്ഷിണ ചിത്രയോട് വിടപറയുമ്പോള്‍ ഒരു ടൈം മെഷീനില്‍ കയറി പഴയ കാലങ്ങളിലൂടെ ഒക്കെ സഞ്ചരിച്ചു വന്ന ഒരു പ്രതീതി ആയിരുന്നു മനസ്സില്‍....

ചെന്നൈയില്‍ വരുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണു ദക്ഷിണചിത്ര.ഒരു പക്ഷേ നമ്മുടെ സ്വന്തം കേരളത്തില്‍ പോലും ഈ പഴയ കാല ഭവനങ്ങള്‍ നമുക്ക് കണ്ടെത്താനായില്ലെന്നു വരും.പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിയോട് എത്രമാത്രം ഇണങ്ങുന്ന രീതിയിലായിരുന്നു അന്നത്തെ വാസ്തു വിദ്യയും ഗൃഹോപകരണങ്ങളും ജീവിതരീതിയുമെന്ന് ഇവ കാണുമ്പോള്‍ നമുക്കു മനസ്സിലാകും.വീടു വയ്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു മുന്‍പ് ദക്ഷിണ ചിത്ര കണ്ടാല്‍ ഭവന നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ തീര്‍ച്ചയായും ഒരു വ്യതിചലനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.മാത്രവുമല്ല നാലു സംസ്ഥാനങ്ങളിലെ ജനജീവിതത്തിന്റെയും അവരുടെ സംസ്കാരത്തിന്റെയും ഒരു നേര്‍ചിത്രം നമുക്ക് ഇവിടെ നിന്നു ലഭിക്കുന്നതാണ്.

വിജ്ഞാനപ്രദമായ ഒരു ചെറിയ പിക്‍നിക് ...അതാണു ദക്ഷിണ ചിത്ര യാത്ര....ഞങ്ങള്‍ മടങ്ങി.വീണ്ടും വരാനായി........