Sunday, December 25, 2011

കിലുക്കിക്കുത്ത് -മുംബൈ കഥകള്‍ (ഭാഗം 4)

മുംബൈയിലെ ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ അസ്വാദ്യകരമായ നിമിഷങ്ങളായിരുന്നു മുംബൈ സിറ്റിയിലെ കറക്കം.എത്ര കണ്ടാലും പിന്നെയും എന്തെങ്കിലും കാണാൻ ബാക്കിയുള്ള സിറ്റിയാണു മുംബൈ.അതു മുഴുവൻ ആർക്കെങ്കിലും കണ്ടു തീർക്കാനാവുമെന്ന് തോന്നുന്നില്ല.വിദ്യാർത്ഥികൾ എന്നൊരു മുൻ‌തൂക്കം ഞങ്ങൾക്കുണ്ടായിരുന്നു.പഠനം എന്നതൊഴികെ പ്രത്യേകം ചുമതലകളൊന്നുമില്ല.മുംബൈയിലെ മലയാളികളിലെ ബഹുഭൂരിപക്ഷവും ജോലി അന്വേഷിച്ച് നാടുവിട്ട് താമസിക്കുന്നവരായിരുന്നു.ഞങ്ങൾക്കാവട്ടെ അവധി ദിനങ്ങളൊക്കെ സിറ്റി കണ്ടു തീർക്കാനും വെറുതെ കറങ്ങാനുമുള്ള അവസരമായിരുന്നു.

മുംബൈയിലെത്തി രണ്ടാം വര്‍ഷമായിരുന്നു എന്നാണു ഓര്‍മ്മ.ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച് ഗേറ്റിലുള്ള ഫാഷന്‍ സ്ട്രീറ്റില്‍ പോയി.അതു ശരിക്കും ഫാഷന്റെ ലോകം തന്നെ.ഒരു തെരുവു മുഴുവന്‍ ഫാഷന്‍ വസ്ത്രക്കടകള്‍.ഏതു തരം ഫാഷൻ വസ്ത്രങ്ങളും മിതമായ നിരക്കിൽ വാങ്ങാം.ഞങ്ങളും അവിടെ കുറെ കറങ്ങി നടന്നു.പലരും പലതും വാങ്ങി.ഷോര്‍ട്സ് മുതല്‍ ടീഷര്‍ട്ട് വരെ.ചിലര്‍ കൌബോയി സ്റ്റൈല്‍ വസ്ത്രങ്ങള്‍ വാങ്ങി..

( അവരില്‍ ഒന്നു രണ്ടു പേര്‍ വാങ്ങിയ ഷോര്‍ട്സ് വലിപ്പം കുറഞ്ഞു പോയി.ഹോസ്റ്റലില്‍ വന്നു ഇട്ടു നോക്കിയപ്പോള്‍ ഇറുകിപ്പിടിച്ചിരിക്കുന്നതു കണ്ട് ചില വിരുതന്മാര്‍ “മുന്നിലുള്ള മുഴ ഷോര്‍ട്‌സ് വാങ്ങിയപ്പോള്‍ ഫ്രീ ആയി കിട്യതാണോ“ എന്ന് ചോദിക്കുകയും ചെയ്തു.അതോടെ അവര്‍ അതിടുന്നത് നിര്‍ത്തി)

അങ്ങനെ ഫാഷന്‍ സ്ട്രീറ്റിലെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ചര്‍ച്ച് ഗേറ്റ് സ്റ്റേഷനടുത്തേക്ക് നടക്കുകയായിരുന്നു.ഷോപ്പിംഗ് എന്നൊക്കെ പറഞ്ഞാല്‍ അത്രയധികം പണം ചിലവാക്കി എന്നൊന്നും കരുതേണ്ട.ഒരു ടീ ഷര്‍ട്ട് 20-25 രൂ ആയിരുന്നു വില എന്നു പറയുമ്പോള്‍ ഒരു ഐഡിയ കിട്ടിക്കാണും.അന്ന് മെസ് ഫീസ് മാസം വരുന്നത് പരമാവധി 300 രൂ ആയിരുന്നു.അങ്ങനെ രൂപക്ക് വിലയുള്ള കാലം !പണം ശ്രദ്ധിച്ച് മാത്രം ചിലവാക്കിയിരുന്ന സമയം.
(ചർച്ച്ഗേറ്റിലെ ഫാഷൻ സ്ട്രീറ്റ്)

പെട്ടെന്നാണു ശ്രദ്ധിച്ചത് ! റോഡരുകില്‍ ചെറിയൊരു ആള്‍ക്കൂട്ടം! ആകാംക്ഷയോടെ ഞങ്ങള്‍ ചെന്നു നോക്കി.രണ്ടു മൂന്നു പേരുള്ള ഒരു ചെറിയ സംഘം റോഡരികിൽ ഇരിക്കുന്നു.അവർക്കു ചുറ്റുമാണു ഈ ആൾക്കൂട്ടം.അവരിലെ പ്രധാനി എന്ന് തോന്നിക്കുന്ന ഒരാള്‍ അവിടെ നടുവിലായി ആൾക്കൂട്ടത്തിനു അഭിമുഖമായി ഇരിക്കുന്നു. മറ്റു രണ്ടു പേർ ഇരിക്കുന്ന ആളിനു അഭിമുഖവും ആൾക്കൂട്ടത്തിനു പുറം തിരിഞ്ഞുമാണു ഇരിക്കുന്നത്. പ്രധാനിക്ക് മുന്നില്‍ ഒരു വശം തുറന്ന മൂന്നു ചെറിയ ചതുരപ്പെട്ടികള്‍.തുറന്നിരിക്കുന്ന വശം വച്ച് എന്തോ മൂടി വച്ച് അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നുണ്ട്.ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്..

‍ “ആവോ ഭായി...ദസ് രഖേഗാ തോ ബീസ്..ബീസ് രഖേഗാ തോ ചാലീസ്” ( വരൂ സഹോദരന്മാരെ, പത്തു വച്ചാൽ ഇരുപത്, ഇരുപത് വച്ചാൽ നാല്പത്..)

ഓ. മനസ്സിലായി.. കിലുക്കിക്കുത്താണു സംഗതി.ചുറ്റില്‍ നില്‍ക്കുന്ന ചിലര്‍ നൂറു രൂപയുടെ നോട്ടുകള്‍ വയ്കുന്നു..അവരില്‍ ചിലര്‍ക്ക് ഇരുനൂറ് അടിക്കുന്നു.കുറെ കണ്ടു നിന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള റജിക്ക് ആവേശമായി.വല്ലാത്ത ആഗ്രഹം.ഒന്നു വച്ചു നോക്കിയാലോ? ഞാനും രമേശും ( നേരത്തെ ഹിജഡ പിടിച്ചവന്‍) എതിര്‍ത്തു.ഇക്കളിക്ക് ഞങ്ങളില്ല എന്നു പറഞ്ഞു.വേറെ രണ്ടു പേര്‍ മൌനം പാലിച്ചു.ഞങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് റജി പൊക്കറ്റില്‍ നിന്ന് ഒരു അഞ്ഞൂറു രൂപാ നോട്ടെടുത്ത് കിലുക്കികുത്തുകാരനു കൊടുത്തു കഴിഞ്ഞിരുന്നു.ഒരു സാമ്പിള്‍ എന്ന നിലയില്‍ അയാള്‍ ആദ്യം രൂപ ചതുരപ്പെട്ടികളില്‍ ഒന്നു വച്ചു മൂടി..മറ്റു രണ്ടെണ്ണവും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും കശക്കി.ഏതിലാണെന്ന് റജിയോട് ചോദിച്ചു..റജി ഒരെണ്ണം ചൂണ്ടിക്കാണിച്ചു.അയാള്‍ അതു തുറന്നപ്പോള്‍ അതാ അതില്‍ തന്നെ ഉണ്ട് അഞ്ഞൂറ്...

റജിയുടെ മുഖത്ത് ആത്മവിശ്വാസം കൂടുതല്‍ ദൃശ്യമായി.

വീണ്ടും അയാള്‍ രൂപയെ പെട്ടി വച്ചു മൂടി.മറ്റു രണ്ടു പെട്ടികളും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കശക്കി.ആ കശക്കല്‍ റജി ശ്രദ്ധയോടെ നിരീക്ഷിച്ചു.അല്പ സമയത്തെ ഈ പ്രക്രിയയ്ക്ക് ശേഷം തോറ്റവനെപ്പോലെ അയാളുടെ ചോദ്യം

“ കിസ്‌മേം ഹേ ഭായിസാബ്?” ( രൂപ ഏതിലാണെന്ന് പറയൂ ഭായി സാബ്)

റജി വളരെ ആലോചിച്ച് അത്മവിശ്വാസത്തോടെ ഒരു പെട്ടി ചൂണ്ടിക്കാണിച്ചു.അയാള്‍ അതു പൊക്കി കാണിച്ചു...ഒരു നിമിഷം റജി തലകറങ്ങിയോ ആവോ? ആ പെട്ടിയുടെ അടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല..ശൂന്യത മാത്രം..

“ഹാർ ഗയാ ഭായി സാബ്..”

ഒരു ചിരി അവിടെ മുഴങ്ങി ! ഞങ്ങളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

അഞ്ഞൂറു രൂപാ!!ഒന്നരമാസത്തെ മെസ് ഫീ....! ഞങ്ങളെല്ലാവരും പെട്ടെന്ന് മൌനത്തിലാണ്ടു.മരണവീട്ടില്‍ പോയി മടങ്ങുന്നവരെപ്പോലെ തലതാഴ്ത്തി വി ടി സ്റ്റേഷനിലേക്ക് നടന്നു.ആരും ഒന്നും സംസാരിച്ചില്ല.അടുത്ത ട്രയിനിനു കയറി ഹോസ്റ്റലിലേക്ക്...

ഈ നഷ്ടം നികത്താന്‍ കൂടെ വന്നവര്‍ എല്ലാവരും സഹായിക്കണം എന്ന് ഹോസ്റ്റലിലെത്തിയപ്പോൾ റജി പറഞ്ഞു.ഞാനും രമേശും അപ്പോളും ഉറച്ചു നിന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനോട് സഹതാപം തോന്നിയിരുന്നുവെങ്കിലും അതൊരു പോളിസിയുടെ പ്രശ്നമായിരുന്നു.ഇത്തരം കിലുക്കിക്കുത്ത് മാർഗത്തിലൂടെ പണം ഉണ്ടാക്കരുത് എന്നൊരു ചിന്താഗതി.റജിയും അപ്പോളത്തെ ഒരു ആവേശത്തിൽ ചെയ്തതാണ് എന്ന് എനിക്കറിയാമായിരുന്നു.എങ്കിലും അന്നത്തെ സാഹചര്യങ്ങളിൽ എന്തോ യോജിക്കാനായില്ല. ചിലര്‍ കൊടുത്തു.

അതൊരു വലിയ അനുഭവമായി.അന്ന് കണ്ട ആൾക്കൂട്ടത്തിൽ അയാളുടെ മുന്നിൽ നോട്ടുകൾ കൊടുത്തിരുന്ന പലരും ഈ മുച്ചീട്ട് കളിക്കാരന്റെ തന്നെ സഹായികൾ ആയിരുന്നു എന്നൊക്കെ പിന്നീടാണു ചിന്തിക്കുന്നത്.അവർ തന്നെ ആദ്യം പണം നൽകും.അവരിൽ പലർക്കും പണം ഇരട്ടിക്കുന്നതായി നമ്മെ കാണിയ്കും.പണം ഇരട്ടിച്ചവർ സന്തോഷം പ്രകടിപ്പിക്കും.വീണ്ടും വയ്ക്കും.വീണ്ടും നേടും.ഇത് കണ്ടു നിൽക്കുന്ന ആരിലും ഒരിയ്ക്കൽ ഒന്നു പരീക്ഷിച്ചാലെന്ത് എന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്.അത്ര വലിയ ഒരു സ്വാധീന വലയത്തിലാണു നമ്മൾ പെട്ടു പോകുന്നത്.റജിയ്ക്ക് അന്ന് സംഭവിച്ചതും അതു തന്നെയാണ്.ഇത് മുംബൈയുടെ മറ്റൊരു മുഖമാണ്.ജീവിയ്ക്കാൻ വേണ്ടി മനുഷ്യർ കെട്ടുന്ന വേഷങ്ങളിൽ ഒന്ന് മാത്രം !

ഇന്നും മുംബൈയില്‍ ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ കാണുമ്പോള്‍ ഈ സംഭവം ഓര്‍മ്മവരും !റജി ഇന്ന് ഇന്‍‌ഡോനേഷ്യയിലാണ്...രമേശ് ബാംഗ്ലൂരില്‍..അന്നുണ്ടായിരുന്നവരില്‍ ഒരാള്‍ ഇവിടെ ചെന്നൈയില്‍.ഒരാള്‍ ദുബായില്‍..ഒരാള്‍ സ്പെയിനില്‍...പലരും പല വഴിക്കായി. പലരും ജോലികൊണ്ട് ഇഷ്ടം പോലെ പണം ഉണ്ടാകിയിട്ടുണ്ട്.അഞ്ഞൂറു രൂപ ഇന്നത്തെ കണക്കിൽ ഒന്നുമല്ലായിരിക്കാം.എങ്കിലും എല്ലാവരുടെയും മനസ്സിലെ അന്നത്തെ ഭീതി ഇന്നും ഉണ്ടായിരിയ്ക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.പറ്റിയ്ക്കപ്പെടലിലൂടെ പരാജയം ഏറ്റുവാങ്ങുന്നവന്റെ മാത്രം മനോവികാരം.അത് ഒന്ന് വേറേ തന്നെയാണ് എന്ന് ആ സംഭവം പഠിപ്പിച്ചു തന്നു..

(മുംബൈ കഥകളുടെ മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക - മുംബൈയിലെ അന്നത്തെ ഡിസംബർ 6)

കടപ്പാട്:: ചിത്രത്തിന് ഗൂഗിളിന്.

Sunday, December 11, 2011

ഇവരല്ലേ മാലാഖമാർ ?

കൽക്കത്തയിലെ എ എം ആർ ഐ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടാകുമ്പോൾ മലയാളികളായ രമ്യയും വിനീതയും വനിതാവാർഡിൽ ജോലിയിലായിരുന്നു.തീപിടിച്ചതറിഞ്ഞ് രമ്യ നാട്ടിലുള്ള അമ്മയെ ഫോണിൽ വിളിച്ച് വിവരം പറയുകയും ചെയ്തു.അതിനു ശേഷം അവർ ഇരുവരും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി.തങ്ങളുടെ വാർഡിൽ ഉണ്ടായിരുന്ന ഒൻപതിൽ എട്ട് രോഗികളേയും അവർ സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ ഒടിവ് പറ്റി കിടന്നിരുന്ന ഒൻപതാമത്തെ രോഗിയേയും രക്ഷിക്കാൻ പോയ ഇരുവരും പിന്നെ തിരിച്ചു വന്നില്ല.ഇനിയൊരിക്കലും വരികയുമില്ല.

മരണം കണ്മുമ്പിൽ വന്നു നിൽക്കുമ്പോളും അതിനെ തൃണവൽഗണിച്ച് അവശരായി കിടക്കുന്ന രോഗികളെ രക്ഷിച്ച് തങ്ങളുടെ ജോലിയോട് നൂറു ശതമാനവും ആത്മാർത്ഥത കാട്ടിയ ആ കൊച്ചു മിടുക്കികൾ ആളിപ്പടർന്ന തീനാളങ്ങളിൽ പെട്ട് വീരമൃത്യു വരിച്ചു.തീപിടുത്തമുണ്ടായപ്പോൾ ഡോക്ടർ മാർ വരെ ഓടി രക്ഷപെട്ടു എന്ന ആക്ഷേപം നില നിൽക്കുമ്പോളാണു രമ്യയും വിനീതയും ചെയ്ത കാരുണ്യപ്രവൃത്തിയുടെ മഹത്വമറിയുന്നത്.മരണം മുന്നിൽ വന്നു എന്ന് ഈ കുട്ടികൾ അറിഞ്ഞിരുന്നുവോ ആവോ? എന്തായിരിയ്ക്കും അവസാനരോഗിയെയും രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ അഗ്നിക്കിരയാകുമ്പോൾ ഈ കുട്ടികളുടെ മനസ്സിൽ ഉണ്ടായിട്ടുള്ള ചിന്തകൾ? എന്തെല്ലാം മോഹങ്ങൾ, സ്വപ്നങ്ങൾ അവരോടൊപ്പം ഇല്ലാതായി ?

രമ്യയുടേയും വിനീതയുടേയും മരണം ഇരു കുടുംബങ്ങൾക്കും കനത്ത ആഘാതമാണു നൽകിയിരിക്കുന്നതെന്നാണു മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നത്.( “ദ ഹിന്ദു’ വിൽ വന്ന വിശദമായ വാർത്തയും ചിത്രവും കാണാൻ ഈ ലിങ്കിൽ ഞെക്കുക)സാമ്പത്തികമായി അതീവ പിന്നോക്കം നിൽക്കുന്ന രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഈ പെൺകുട്ടികൾ തങ്ങളുടെ കുടുംബങ്ങളുടെ താങ്ങും തണലുമായി മാറാമെന്ന് കരുതിയിരുന്നവരാണ്.നഴ്സിംഗ് പഠനത്തിനായി എടുത്ത ലോൺ അടച്ചു തീർക്കുക എന്ന ഉത്തരവാദിത്വവും കൂടി പേറിയാണു ഇത്രയും ദൂരെ അന്യ നാട്ടിൽ അവർ കഷ്ടപ്പെട്ടത്.പക്ഷേ എല്ലാം ആ അഭിശപ്ത നിമിഷങ്ങളിൽ അവസാനിച്ചു...മരണത്തിന്റെ മുഖത്തു ചവിട്ടി നിന്ന് തങ്ങളുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും പ്രകടിപ്പിച്ച ഈ കൊച്ചു സഹോദരിമാരുടെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഒരു നിമിഷം മൌനമാകുന്നു.

രമ്യയുടേയും വിനീതയുടേയും കഥ ഒറ്റപ്പെട്ടതല്ല.നഴ്സിംഗ് രംഗം എന്നത് ലോകമാസകലം മലയാളികളുടെ കുത്തകയെന്നു തന്നെ പറയാം.ഏതു നാട്ടിലും ഏതു സാഹചര്യങ്ങളിലും പെട്ടെന്ന് ഇണങ്ങിച്ചേരുകയും ജോലിയിൽ കാണിക്കുന്ന നിസ്വാർത്ഥ മനോഭാവവുമാണു ഈ രംഗത്ത് മലയാളികൾ ശോഭിയ്ക്കാൻ ഇടയാക്കിയതെന്ന് പറയാം.വ്യക്തിപരമായ ഏതു ജീവിത വിഷമങ്ങൾക്കിടയിലും ചുണ്ടിൽ എപ്പോളും ഒരു പുഞ്ചിരിയോടെ സേവനം ചെയ്യുന്നവരാണു ഈ നഴ്സുമാർ.അവരുടെ യഥാർത്ഥ പ്രതിനിധികളാണു രമ്യയും വിനീതയും.
(The Hindu പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന്)
യഥാർത്ഥ പ്രതിനിധികൾ എന്ന് ഞാൻ പറഞ്ഞത് എല്ലാ അർത്ഥത്തിലുമാണ്.ഈ രംഗത്തേക്ക് കടന്നു വരുന്ന ഭൂരിഭാഗം കുട്ടികളും അധികം സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ നിന്നല്ല.മറിച്ച് പലപ്പോളും ഒരു ജോലി സമ്പാദിച്ച് എത്രയും വേഗം കുടുംബത്തിനു ഒരു അത്താണിയാകുക എന്നു കൂടി ആഗ്രഹിച്ചാണു പലരും ഈ വഴിയിൽ എത്തിപ്പെടുന്നത്.കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതിൽ ഒരു നല്ല പങ്കും ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരാണു.വിദേശത്തു പോവുക എന്നതിനുള്ള ഒരു എളുപ്പ മാർഗം എന്നതും നഴ്സിംഗ് രംഗത്ത് വരാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിയ്ക്കുന്നത്? ഇവരിൽ ഭൂരിഭാഗം പേർക്കും വിദേശങ്ങളിലൊന്നും എത്തിപ്പെടാൻ സാധിക്കുന്നില്ല.സാമ്പത്തിക മാന്ദ്യം കൂടി വന്നതോടെ പല രാജ്യങ്ങളും ഇത്തരം നിയമനങ്ങൾ തന്നെ നടത്തുന്നില്ല.അവർക്കൊക്കെ ഇൻഡ്യയിൽ തന്നെ ജോലി തേടേണ്ടി വരുന്നു.

എന്നാൽ നമ്മുടെ നാട്ടിൽ നിയോ ലിബറൽ പോളിസികളുടെ കാലത്ത് സേവന രംഗം എന്നത് മാറി വ്യവസായമായ രണ്ടു മേഖലകളാണു വിദ്യാഭ്യാസവും ആരോഗ്യവും.വിദ്യാഭ്യാസരംഗത്തെ തൽക്കാലം വിടാം.എന്നാൽ അതിലൊന്നായ നഴ്സിംഗ് വിദ്യാഭ്യാസ മേഖലയും ഇന്ന് സ്വാശ്രയ മേഖലയുടെ പിടിയിലാണ്.ആരോഗ്യരംഗമാകട്ടെ “മെഡിക്കൽ ഇൻ‌ഡസ്ട്രി”ആയി മാറിയിരിക്കുന്നു.അപ്പോൽ പിന്നെ ലാഭം മാത്രമായി അതിന്റെ ലക്ഷ്യവും.ലാഭെച്ഛ മാത്രമുള്ള ഏത് രംഗവും ചൂഷണത്തിന്റെ കൂടി രംഗമായി മാറിയിരിയ്ക്കും.അതു തന്നെയാണു ഇന്ന് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർ അനുഭവിയ്ക്കുന്ന ദുരിതവും.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , സമയ ക്ലിപ്തത ഇല്ലാതെ അവർ ജോലി ചെയ്യുന്നു. എട്ടു മണിക്കൂർ ജോലി എന്നത് ഇവർക്ക് ഇന്നും ഒരു മരീചിക തന്നെ.സ്വകാര്യ മേഖലയിൽ ഏറ്റവുമധികം തൊഴിൽ ചൂഷണത്തിനു വിധേയരാകുന്ന ഒരു വിഭാഗമാണു ഇവർ.ഇൻഡ്യയിലെ ഏത് സ്ഥലത്തുള്ള ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മലയാളി നഴ്സിനെ എങ്കിലും കണ്ടെത്താൻ കഴിയും.കാരുണ്യത്തോടെ രോഗികളോട് ഇടപഴകുമ്പോളും അവരിൽ പലരും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ ആണെന്നത് ആരറിയുന്നു?നമ്മെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ഹൃദയവേദനകൾ ആരറിയുന്നു?


ചെന്നൈ പോലെ വൻ നഗരങ്ങളിൽ വളരെ പ്രശസ്തമായ ആശുപത്രികളിൽ ജോലി ചെയ്യുന്ന പല നഴ്സു മാരേയും നേരിട്ടു പരിചയമുണ്ട്.അവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരം ചൂഷണത്തിനു വിധേയരാകുന്നു.പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം പല ആശുപത്രികളിലും നഴ്സുമാർ ദുരിതക്കയത്തിലാണെന്നതാണു സത്യം.താമസ സൌകര്യങ്ങൾ നൽകുമെന്ന് ആദ്യം പറയും.എന്നാൽ പിന്നീട് നൽകുന്നതോ വളരെ അസൌകര്യങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിലും.ആഹാരം എന്നത് ഏതോ ദാനം നൽകുന്നതു പോലെ.മണിക്കൂറുകൾ നീണ്ട ജോലി സമയം.പലപ്പോളും പതിനാറും പതിനെട്ടും മണിക്കൂറുകൾ വരെ ജോലി ഒറ്റയടിക്ക് ജോലി ചെയ്യേണ്ടി വരുന്നു.ജോലി സ്ഥലത്ത് ഒന്ന് ഇരിക്കാനുള്ള സൌകര്യം പോലും പലരും നൽകുന്നില്ല.


“മെഡിക്കൽ ടൂറിസം” ഇന്ന് വർദ്ധിച്ചു വരുന്നു.മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ നമ്മുടെ നാട്ടിൽ ചികിത്സാ ചിലവുകൾ കുറവാ‍യതുകൊണ്ട് പല എഷ്യൻ രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ വന്ന് ചികിത്സ തേടുന്നവരുണ്ട്.അങ്ങനെ വരുന്ന വിദേശരോഗികളുടെ മുന്നിൽ പ്രദർശിപ്പിക്കപ്പെടാനുള്ള ചില “ആഹ്ലാദ വസ്തുക്കൾ” കൂടിയാണു ഇന്ന് നമ്മുടെ കൊച്ചു സഹോദരിമാർ.അവരിൽ നിന്നു പലപ്പോളും ഉണ്ടാകേണ്ടി വരുന്ന മോശമായ പെരുമാറ്റവും അപമാനിക്കപ്പെടലും കണ്ണടച്ചു വിടേണ്ട ഗതികേടിലാണു ഇവർ.ഏതാണ്ട് അടിമപ്പണിയ്ക്ക് തുല്യമായ ജോലി എന്ന് പറയാം. എല്ലാറ്റിനും ശേഷമോ എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളവും..! വിദേശ രാജ്യങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഇവർക്ക് മാന്യമായ വേതനം ലഭിയ്ക്കുന്നില്ല.

നമ്മുടെ നഴ്സുമാർ അനുഭവിയ്ക്കുന്ന ദുരിതകഥകളുടെ ഈ വീഡിയോ (താഴെ കൊടുത്തിരിക്കുന്നത്) മറക്കാതെ കാണുക.( ഒറിജിനൽ ലിങ്ക് ഇവിടെ കിട്ടും)



ഇന്നു വരെ ഒരു സംഘടിത പ്രസ്ഥാനവും ഇവർക്കായി ഉണ്ടാകാത്തതെന്ത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ അസംതൃപ്തി അണ പൊട്ടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു.ഏതാണ്ട് ഒരു വർഷം മുൻപ് ഡൽഹിയിലും പിന്നീട് കഴിഞ്ഞ മാസം മുംബൈയിലും നഴ്സുമാർ സമര രംഗത്തേക്ക് സ്വയം ഇറങ്ങേണ്ടി വന്നു.കഴിഞ്ഞ മാസം മുംബൈയിൽ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നമ്മുടെ ഈ സഹോദരിമാർ ജീവിക്കാനായി സമരം ചെയ്തു.അതിന്റെ പേരിൽ ആശുപത്രി അധികൃതരുടെ ഒത്താശയോടെ മഹാരാഷ്ട്രാ പോലീസിന്റെ ക്രൂരമായ അടി വാങ്ങിക്കൂട്ടി.അവസാനം സമരം വിജയിച്ചു.ഇപ്പോളിതാ നമ്മൂടെ സ്വന്തം നാട്ടിലും അവർ സമരമുഖത്തെത്തി കഴിഞ്ഞിരിയ്ക്കുന്നു.എന്നാൽ ഇത്തരത്തിൽ സമരം ചെയ്യുന്നവരെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന രീതിയാണു അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.


(മുംബൈയിലെ എഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം)


കാരുണ്യത്തിന്റെ നിറകുടമെന്നറിയപ്പെടുന്ന “അമ്മ’യുടെ അമൃതാ അശുപത്രിയിൽ സമരം ചെയ്തവരുടെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചാണു അവർ കാരുണ്യം പ്രകടിപ്പിച്ചത്.സ്വന്തം മക്കളെ തല്ലാൻ ഗുണ്ടകളെ വിടുന്ന ഒരേ ഒരു “അമ്മ” അവർ ആയിരിയ്ക്കും. ലോകം മുഴുവൻ കെട്ടിപ്പിടിക്കുമ്പോളും സ്വന്തം ജീവനക്കാർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാൻ അവർ തയ്യാറല്ല.

ലക്ഷങ്ങള്‍ മുടക്കി കോഴ്സ് പാസാകുന്ന നേഴ്സിന് 1500 രൂപയാണ് അമൃതയിലെ ശമ്പളമെന്ന് നഴ്സസ് യൂണിയൻ നേതാക്കൾ പറയുന്നു. ടിഎ, ഡിഎ ഉള്‍പ്പെടെ 6000 രൂപ. ഇതില്‍നിന്ന് ആനുകൂല്യങ്ങള്‍ക്കുള്ള വിഹിതം പിടിച്ചശേഷം കിട്ടുന്നത് നാലായിരത്തോളം രൂപ. മറ്റു ജില്ലകളില്‍നിന്നെല്ലാമുള്ളവര്‍ ഈ തുച്ഛ വേതനത്തില്‍നിന്നു വേണം താമസത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസവായ്പയടവിനും പണം കണ്ടെത്താന്‍ . ഇതിനെല്ലാംപുറമെയാണ് ബോണ്ട് വ്യവസ്ഥ. മാനേജ്മെന്റിന് തോന്നുന്ന വ്യവസ്ഥയിലാണ് ബോണ്ട്. എവിടേക്കും എപ്പോള്‍വേണമെങ്കിലും സ്ഥലംമാറ്റാം, ഉപാധികളില്ലാതെ പണിയെടുക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍ . രണ്ടു മുതല്‍ മൂന്നുവര്‍ഷംവരെയാണ് ബോണ്ട്. കാലാവധി പൂര്‍ത്തിയാക്കാത്തപക്ഷം 50,000 രൂപവരെ നല്‍കണം. അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ജോലിഭാരവും മറ്റിടത്തെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്.

അമൃതയിലെ ചൂഷണത്തിന്റെ കൂടുതൽ കഥകൾ ഈ ലിങ്കിൽ ഞെക്കി വായിക്കാം.

കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിൽ സമരത്തിനിടെ ഗർഭിണിയായ ഒരു നഴ്സിനെ ഗുണ്ടകൾ മർദ്ദിക്കുന്ന വീഡിയോ ചില ചാനലുകാർ കാണിച്ചത് മുല്ലപ്പെരിയാറിൽ മുങ്ങിപ്പോയി.നമ്മുടെ സമൂഹ മന:സാക്ഷിയെ കാലത്തോളം വേട്ടയാടപ്പെടേണ്ടിയിരുന്ന ഒരു ദൃശ്യമായിരുന്നു അത്. ആ വീഡിയോ താഴെ കാണാം


(ഒറിജിനൽ ലിങ്ക് ഇവിടെ കാണാം)


ഇങ്ങനെ അത്യന്തം ദുരിതപൂർണ്ണമായ ഒരു അന്തരീക്ഷത്തിലാണു ഈ നഴ്സുമാർ ജോലി ചെയ്യുന്നത്.കേരളത്തിനു വെളിയിൽ ഏജന്റുമാരാലും ഇവർ കബളിപ്പിക്കപ്പെടുന്നു.ബോണ്ട് വ്യവസ്ഥയും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുന്നതും ഗുരുതരമായ സാമൂഹ്യപ്രശ്നമാണെന്നാണു കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ സുപ്രീം കോടതി പറഞ്ഞത്.നഴ്സുമാരുടെ പ്രശ്നങ്ങളിൽ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാൻ കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കടുത്ത പോരാട്ടം തന്നെ ഈ രംഗത്ത് നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു.അത് ഏറ്റെടുക്കാൻ കേരളത്തിലേയും ഇൻഡ്യയിലേയും ഇടതു പക്ഷപ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്നാണു എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.ഇടതു പക്ഷത്തിനു മാത്രമേ അതേറ്റെടുക്കാൻ സാധിക്കൂ.ചരിത്രപരമായ ആ കടമ അവർ നിർവഹിയ്ക്കും എന്ന് എനിക്ക്ക് ഉറപ്പുണ്ട്.കഴിഞ്ഞ ദിവസം ഈ വിഷയം നമ്മുടെ എം പി ഡോ. ടി എൻ സീമയുമായി സംസാരിക്കുമ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈ വിഷയം ഗൌരവമായി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു.അതുപോലെ പാർലിമെന്റു വഴി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ രംഗത്ത് ആവശ്യമായ നിയമ നിർമ്മാണം നടപ്പിലാക്കാനും ഇടതു പക്ഷം ശ്രമിയ്ക്കുന്നുണ്ട് എന്നറിയാൻ സാധിച്ചതും ആശാവഹമാണ്.

അസംഘടിത മേഖലയിൽ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാൻ കരുതുന്നു.സമര രംഗത്തുള്ളവർക്ക് പോരാട്ട വീഥിയിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിയ്ക്കുന്നു.

അനുബന്ധം::(1)ബന്ധപ്പെട്ട മറ്റൊരു വീഡിയോ.”അമൃതയിലെ കരുണയും സമരവും” റിപ്പോർട്ടർ ചാനൽ അവതരിപ്പിച്ച പരിപാടി ഈ ലിങ്കിൽ ഞെക്കി കാണാം.

(2) ഈ വിഷയത്തിൽ ഡോ.ബി ഇൿബാൽ എഴുതിയ ലേഖനം : വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങുന്നു.

(3) മുംബൈയിലെ നഴ്സസ് സമരത്തെക്കുറിച്ച് പ്രീതി ശേഖർ എഴുതിയ ലേഖനം:മുംബൈയിലെ നഴ്സിംഗ് സമരം തകർത്തതാര്?

( കടപ്പാട് : ചിത്രങ്ങൾക്ക് ഫേസ്‌ബുക്ക്, ഗൂഗിൾ..വീഡിയോകൾ : യു ട്യൂബ്)

Tuesday, December 6, 2011

മുംബൈയിലെ അന്നത്തെ ഡിസംബര്‍ 6 --( മുംബൈ കഥകള്‍ -3)

ആ ഞായര്‍ ഇന്നും മറക്കാനാവില്ല...1992 ഡിസംബര്‍ 6....തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടവും വേദനയും അതിലുപരി സന്തോഷവും നിറഞ്ഞ ഒരു ഞായറാഴ്ചയായിരുന്നു.19 നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.എങ്കിലും മനസ്സിന്റെ കോണില്‍ ഇന്നും ആ ദിവസം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു...

മുംബൈ യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷം.ഡിസംബര്‍ മാസങ്ങള്‍ മുംബൈയില്‍ നല്ല സമയമാണു.തണുപ്പുകാലം തുടങ്ങും.പകല്‍ പതിവുപോലുള്ള കാഠിന്യമില്ല വെയിലിന്.മാത്രവുമല്ല ഡിസംബര്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവധിയുടെ സമയവുമാണ്.ഡിസംബര്‍ അവസാന രണ്ടാഴ്ച അവധിയായതിനാല്‍ എല്ലാവരും നാട്ടില്‍ പോകാനുള്ള ടിക്കറ്റുകള്‍ ഒക്കെ ബുക്ക് ചെയ്ത് ദിവസം കാത്തിരിക്കുന്നു.

അങ്ങനെ സന്തോഷത്തിന്റെ ആ‍ ദിനങ്ങളിലാണു ഞങ്ങള്‍ ഒരു പിക്‍നിക് പ്ലാന്‍ ചെയ്തത്.ഒന്നാം വര്‍ഷം പുതിയതായി വന്ന മലയാളികളും രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന ഞങ്ങളും ചേര്‍ന്ന് മുംബൈയില്‍ നിന്നു ഏകദേശം 10 കി മീ ദൂരെയുള്ള “എലിഫന്റാ ഗുഹകളി”ലേക്കായിരുന്നു പിക്‍നിക്. ഭീകരാക്രമണം നടന്ന “താജി”ന്റെ മുന്നിലുള്ള “ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യ”യില്‍ നിന്നും ബോട്ട് സര്‍വീസ് തുടങ്ങുന്നു. 1 മണിക്കൂര്‍ യാത്രയുണ്ട്.എലിഫന്റാ കേവ്‌സിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരിക്കുന്നില്ല.ചില വിവരങ്ങള്‍ ഇവിടെ കാണാം

ഞായറാഴ്ചയുടെ ആലസ്യം ഒഴിവാക്കി എല്ലാവരും അതിരാവിലെ തന്നെ തയ്യാറായി.ഹോസ്റ്റലില്‍ നിന്ന് നടന്ന് പോയാല്‍ ഒരു 10 മിനിട്ടിൽ “വഡാല റോഡ്” സ്റ്റേഷന്‍.അവിടെ നിന്നും 2 രൂ ടിക്കറ്റെടുത്ത് ട്രയിന്‍ കയറിയാല്‍ വി.ടി ( ഇന്ന് സി എസ് ടി) സ്റ്റേഷനില്‍ എത്താം.അന്നത്തെ മിനിമം ചാർജ്ജ് 2 രൂപ ആയിരുന്നു.ഉറക്കെ വര്‍ത്തമാനം പറഞ്ഞും, സന്തോഷം പങ്കു വച്ചും വി ടി സ്റ്റേഷനില്‍ എത്തി.സ്റ്റേഷനില്‍ നിന്നും ‘ടൈംസ് ഓഫ് ഇൻഡ്യ’ യുടെ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിലെ പടികളില്‍ കൂടി നിന്ന് എല്ലാവരും സംസാരിക്കുന്നു.ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യവരെ ബസിനു പോകണോ ടാക്സിക്ക് പോകണോ എന്നാണു ചര്‍ച്ച.തൊട്ടു മുന്നില്‍ “ടൈംസ് ഓഫ് ഇന്‍‌ഡ്യാ” ബില്‍‌ഡിംഗ് .

പെട്ടെന്ന് ഞാന്‍ പത്രത്തിന്റെ കാര്യം ഓര്‍ത്തു.മുംബൈയില്‍ അന്നു ഒരു മലയാളപത്രം മാത്രമേ കാലത്തു ലഭിക്കൂ.അവിടെ നിന്ന് തന്നെ ഇറങ്ങുന്ന ‘കലാകൌമുദി‘ പത്രം.കേരളകൌമുദി ഗ്രൂപ്പിന്റെ പത്രം.ശരിക്കു പറഞ്ഞാല്‍ അന്ന് ഞങ്ങളെ നാടിനോട് ചേര്‍ത്തു നിര്‍ത്തിയിരുന്നത് ഈ പത്രം ആയിരുന്നു.ഇന്നത്തെ പോലെ മലയാളം ചാനലുകളോ, മൊബൈൽ ഫോണോ ഇന്റർനെറ്റോ ഒന്നും ഇല്ലാതിരുന്ന ഒരു കാലം.പത്രത്തിലൂടെയും നാട്ടിൽ നിന്ന് വരുന്ന കത്തുകളിലൂടെയും മാത്രമായിരുന്നു ശരിയ്ക്കും കേരളവുമായുള്ള ബന്ധം.ഇപ്പോൾ ഓർക്കുമ്പോൾ അക്കാലമൊക്കെ എത്രയോ വിദൂരതയിൽ ആണെന്ന് തോന്നിപ്പോകുന്നു.ഞാന്‍ പത്രം അത് വാങ്ങാനായി വീണ്ടും സ്റ്റേഷനുള്ളിലേക്ക് പോയി. അവിടെ ഉള്ള ഒരു സ്റ്റാളിൽ നിന്ന് പത്രം വാങ്ങി ഒന്നു നിവര്‍ത്തി നോക്കി..മുന്‍പേജിലെ ആ വാര്‍ത്ത കണ്ട് ഒന്ന് ഞെട്ടി

സിനിമാതാരം മോനിഷാ ഉണ്ണി കാറപകടത്തില്‍ മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത.കൂടെ മോനിഷ പുഞ്ചിരി തൂകി നില്‍ക്കുന്ന ഒരു ഫോട്ടോയും.“ചെപ്പടി വിദ്യ” എന്ന ന്സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുമ്പോള്‍ രാത്രി ഉണ്ടായ കാറപകടത്തില്‍ ( ഡിസ്ം 5)ആണു അത് സംഭവിച്ചത്.ഞാന്‍ വേഗം കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടി. കഴിഞ്ഞ രാത്രി നടന്ന സംഭവം. ആരും തന്നെ അറിഞ്ഞിരുന്നില്ല

“അറിഞ്ഞോ മോനിഷ മരിച്ചു” ഞാനത് പറഞ്ഞ പാതി പത്രത്തിനു വേണ്ടി പിടിവലി ആയി..ഒരു നിമിഷം...എല്ലാ മുഖങ്ങളും വിവര്‍ണ്ണമായതുപോലെ.വിഷാദച്ഛായ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.അക്കാലത്തെ നായികയായിരുന്ന മോനിഷയെ സ്വപ്നം കണ്ടിരുന്നവര്‍ ആ ഓര്‍മ്മകളില്‍ മുഴുകി.മുല്ലപ്പൂച്ചിരിയും, ചന്തി വരെ നീണ്ട മുടിയും എല്ലാം എന്നത്തെ സൌന്ദര്യ സങ്കല്പങ്ങളില്‍ നിറഞ്ഞു നിന്നു....“മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി” മോനിഷ ആദ്യമായി സിനിമയില്‍ വരുമ്പോള്‍ ഞങ്ങളില്‍ മിക്കവരും പത്താംക്ലാസില്‍ ആയിരുന്നു.പ്രണയത്തിന്റെ അമൂര്‍ത്ത സങ്കല്പങ്ങള്‍ വിരിയുന്ന അക്കാലങ്ങളില്‍ സ്വാഭാവികമായും അവള്‍ നായിക ആയി.ആ സുന്ദരിക്കുട്ടി പോയതില്‍ ഓരോരുത്തരും വേദനപ്പെട്ടു...

അതേ പേജില്‍ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു “അയോധ്യയില്‍ ഇന്ന് കര്‍സേവ” എന്നതായിരുന്നു അത്..!

അല്പ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആ ദു:ഖത്തിനു അവധി കൊടുത്ത് ഞങ്ങള്‍ പി‌ക്നിക്കിലേക്ക് പോയി....ബോട്ടുയാത്രയില്‍ തുടങ്ങി അന്നത്തെ പകല്‍ ആനന്ദത്തിന്റേതായിരുന്നു..എലിഫന്റയിലെ അന്നത്തെ പകല്‍ ഞങ്ങള്‍ മതിമറന്നാഘോഷിച്ചു.ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും തമ്മില്‍ നല്ലൊരു ഹൃദയ ബന്ധം അന്നാണുണ്ടാകുന്നത്.യാത്രയുടെ ഉദ്ദേശവും അതു തന്നെ ആയിരുന്നു.
തിരിച്ചു വരുമ്പോള്‍ താജ് എന്ന പഞ്ച നക്ഷത്ര ഹോട്ടലില്‍ കയറി അതിന്റെ ടോയ്‌ലറ്റില്‍ ഒന്നു മൂത്രമൊഴിച്ചു വരാന്‍ ഞങ്ങള്‍ മറന്നില്ല!( താജില്‍ ഒന്നു കയറുക അന്നൊരു സ്വപ്നം ആയിരുന്നു)

വൈകിട്ട് ക്ഷീണിതരായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ ആ വാര്‍ത്ത ഒരു കൂട്ടുകാരന്‍ പറഞ്ഞു...
ബാബറി മസ്‌ജിദ് തകര്‍ത്തിരിക്കുന്നു!!!നാ‍ഷണല്‍ ചാനലില്‍ വന്ന വാര്‍ത്തയാണ്...മലയാളികളായ ഞങ്ങള്‍ക്കിടയില്‍ പിന്നേയും ഒരു മൌനം വന്നു ചേര്‍ന്നു...ഞങ്ങളില്‍ കൂടുതല്‍ പേരും നാട്ടിലെ കോളേജില്‍ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരായിരുന്നു.അക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓരോരുത്തരും ഒരിക്കല്‍ കൂടി പങ്കു വച്ചു..1989 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തത്, അദ്വാനിയുടെ രഥയാത്ര...രാജീവ് ഗാന്ധിയുടെ മരണം...

അതേപറ്റി പിന്നീട് ചര്‍ച്ചയുമായി..എന്നാല്‍ മറ്റു പല ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും മസ്‌ജിദ് നിലം പൊത്തിയതില്‍ സന്തോഷിക്കുന്നതായി തോന്നി.ചിലത് പ്രകടിപ്പിക്കുകയും ചെയ്തു.പലരിലേയും വർഗീയ മുഖം അന്ന് കാണാൻ പറ്റി.....ഞങ്ങള്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ക്കായി കാത്തു...

തിരിഞ്ഞു നോക്കുമ്പോള്‍ ദു:ഖം നിറഞ്ഞ ഒരു ദിവസമായിരുന്നു ഡിസംബര്‍ 6..രാവിലെ മോനിഷയുടെ മരണം അറിഞ്ഞു.വൈകിട്ട് ബാബറിപ്പള്ളിയുടെ തകര്‍ച്ചയും !

ഭാരതത്തിന്റെ ഹൃദയ രക്തം തെരുവുകളില്‍ ഒഴുകിയ നാളുകള്‍....!

ഇൻഡ്യയുടെ ചരിത്രത്തെ തന്നെ രണ്ടായി കീറി മുറിച്ച ഒരു ദിവസമാണു കഴിഞ്ഞു പോയതെന്ന് അക്കാലത്ത് അത്ര ചിന്തിച്ചില്ല.എന്നാൽ മുംബൈ അടക്കം പല നഗരങ്ങളിലും അശാന്തിയുടെ വിത്തുകൾ പാകിയ സംഭവമായിരുന്നു ബാബറി മസ്‌ജിദ് തകർച്ച.സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ ( അന്നത്തെ ബോംബെ) നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.ഏതാണ്ട് ആയിരത്തോളം ആളുകൾ മുംബൈയിൽ മാത്രം കലാപങ്ങളിൽ ജീവൻ വെടിഞ്ഞു.ഭീതിയുടെ നാളുകൾ ആയിരുന്നു അവ.ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.പലയിടത്തും അക്രമങ്ങൾ അരങ്ങേറി.ഞങ്ങളുടെ ഹോസ്റ്റലിന്റെ പുറകുവശത്തെ ജനലിലൂടെ നോക്കിയാൽ ദൂരെ “ആന്റോപ് ഹിൽ”കാണാം.അതിനു മുന്നിൽ വഡാലയിലെ ചേരി പ്രദേശങ്ങൾ.ഒരു ദിവസം വെടിയൊച്ചകൾ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.ജനലിലൂടെ നോക്കുമ്പോൾ ദൂരെ ആന്റോപ് ഹില്ലിനു മുന്നിലെ ചേരിപ്രദേശത്തെ വെളിമ്പ്രദേശത്തെ അക്രമം നടക്കുന്നും.പോലീസ് തുരു തുരെ വെടി വയ്കുന്നു.ആരൊക്കെയോ വീഴുന്നു...മനസ്സ് മരവിച്ചു പോയ ദിനങ്ങൾ..ഹോസ്റ്റലിൽ നിന്ന് വെളിയിലിറങ്ങാതെ കഴിച്ചു കൂട്ടി.സൌഹൃദങ്ങൾ ജാതിക്കും മതത്തിനും വഴിമാറി.

മനുഷ്യ രക്തം തെരുവുകളിൽ ചാലു കീറി...!

മുംബൈ നഗരം ആദ്യമായി ബോംബ് സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് അതിനടുത്ത മാർച്ചിലാണ്.സ്റ്റോക്ക് എക്സ്‌ചേഞ്ചിലും എയർ ഇൻ‌ഡ്യാ കെട്ടിടത്തിലും പാസ്‌പോർട്ട് ഓഫീസിലും ഒക്കെ യായി നടന്ന ബോബ്‌സ്ഫോടന പരമ്പരക്കാലവും മറക്കാനാവുന്നില്ല.

ഇതിനെല്ലാം തുടക്കമായത് പുകഞ്ഞ് നീറിക്കൊണ്ടിരുന്ന അയോധ്യാ പ്രശ്നവും പിന്നീട് ഉണ്ടായ ബാബ്‌റി മസ്‌ജിദ് തകർച്ചയുമാണ്.അതിന്റെ തിരുശേഷിപ്പുകളുടെ ദുരന്തം ഇന്നും ഭാരതം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു..വർഗീയതയോട് സന്ധി ചെയ്യുന്ന ഇൻഡ്യൻ ഭരണ വർഗത്തിന്റെ ദീർഘവീക്ഷണക്കുറവിന്റെ പരിണത ഫലം !

കാലമെത്ര കഴിഞ്ഞിരിയ്ക്കുന്നു..എങ്കിലും ഇന്നലത്തെ പോലെ 19 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഓര്‍മ്മകള്‍ കെടാതെ നില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലെ കറുത്ത പാടുകളായി ഈ സംഭവങ്ങൾ എന്നും മനസ്സിൽ അവശേഷിയ്ക്കും. മരിയ്കും വരെ !!!

അനുബന്ധം:: മുംബൈ കഥകളുടെ രണ്ടാം ഭാഗം ഇവിടെ വായിയ്ക്കാം - ബസ് നമ്പർ 65,അണിക് ഡിപ്പോ

(കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിളിനോട്)

Tuesday, October 25, 2011

മുംബൈ കഥകള്‍ -2 :ബസ് നമ്പര്‍ 65, അണിക് ഡിപ്പോ

മുംബൈ ( അന്നത്തെ ബോംബെ)യില്‍ പഠിക്കാന്‍ പോയ സമയത്തു തന്നെ വിചാരിച്ചിരുന്നതാണു സു(കു)പ്രസിദ്ധമായ “കാമാത്തിപ്പുര” എങ്ങനെയെന്ന് ഒന്നു കാണണമെന്ന്.അതിനു മുന്‍പ് മീരാനായരുടെ ‘സലാം ബോംബെ’ കണ്ടിരുന്നതിന്റെ ഓര്‍മ്മയും ഉണ്ട്. കൂടാതെ ‘കാമാത്തിപ്പുര’യെപറ്റി നാട്ടിൽ വച്ച് കേട്ടിട്ടുള്ള നിറം പിടിപ്പിച്ച കഥകളും.

മുംബൈയിലെ ‘മാട്ടുംഗ‘യിൽ യൂണിവേർസിറ്റി ക്യാമ്പസിനുള്ളിലായിരുന്നു കോളേജും ഹോസ്റ്റലും.യൂണിവേര്‍സിറ്റി ഹോസ്റ്റൽ കോളേജിനു തൊട്ടു പുറകിൽ തന്നെ.ആ ജീവിതം ഞങ്ങൾ നന്നായി ആസ്വദിച്ചു.യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും അവിടെ ഇല്ലായിരുന്നു.എപ്പോൾ വേണമെങ്കിലും വെളിയിൽ പോകാം, വരാം.അവിടുത്തെ പതിവനുസരിച്ച് രാത്രിഭക്ഷണം വൈകിട്ട് 7 മുതൽ 8.30 വരെ ആയിരുന്നു.ഭക്ഷണം കഴിഞ്ഞ് മെസ് ഹാളിനു മുന്നിലും അതിന്റെ പരിസരങ്ങളിലുമായി ചെറിയ ചെറിയ കൂട്ടങ്ങളായി കൊച്ചു വർത്തമാനം പറയുന്നവരുടെ ഇടയിളേക്ക് ആരെങ്കിലും വന്ന് ചോദിക്കുകയായി

“ ഫിലിം ദേഖ്‌നേ കേ ലിയേ കോയി ആ രഹാ ഹേ ക്യാ?”

“അരേ ഭായി കോൻസാ ഫിലിം ഹേ? വി.ടി ജായേംഗേ ക്യാ?” ആരോ തിരിച്ചു ചോദിക്കുന്നു.

പിന്നെ ഒറ്റപ്പോക്കാണ്.ഒരു ചെറു സംഘം.ഞങ്ങള്‍ മലയാളികള്‍ എപ്പോളും മുന്നില്‍ നിന്നിരുന്നു.

ഹോസ്റ്റലിന്റെ പുറകിലൂടെ കിടക്കുന്ന റോഡിൽ കൂടി ഒരു 6-7 മിനിട്ട് നടന്നാൽ വഡാല റോഡ് സ്റ്റേഷനായി.വഡാല സ്റ്റേഷനില്‍ നിന്നു 2 രൂ കൊടുത്താൽ അന്നത്തെ വി.ടി യില്‍ ( ഇന്ന് സി എസ് ടി) വരെ ലോക്കൽ ട്രയിനിൽ സഞ്ചരിയ്ക്കാം.വി.ടി സ്റ്റേഷനിൽ നിന്ന് അല്പം മാറി കുറെ തീയേറ്ററുകൾ ഉണ്ട്.അവിടെ എവിടെ നിന്നെങ്കിലും സിനിമ കാണും.

ഫിലിം കഴിയുമ്പോള്‍ തിരികെ വരുന്നത് ബസിലാണ്.അവിടെ നിന്നു തന്നെ ബസ് നമ്പര്‍ 65 കിട്ടും.കൊളാബയില്‍ നിന്നു കുര്‍ളക്കടുത്തുള്ള അണിക് ഡിപ്പോ വരെ പോകുന്ന ഡബിള്‍ ഡക്കര്‍.അതിന്റെ റൂട്ട് ആണു പ്രധാനം.’കാമാത്തിപ്പുര’ തെരുവിനുള്ളിൽ കൂടി പോകുന്ന ബസുകളിലൊന്നാണു അത്.അതിന്റെ മുകളിലത്തെ തട്ടില്‍ എല്ലാവരും ഇരുപ്പുറപ്പിക്കും.ഗ്രാൻ‌ഡ് റോഡ് എത്തിയാല്‍ വണ്ടി പെട്ടെന്ന് ഒന്നു തിരിഞ്ഞു വീതികുറഞ്ഞ ഗള്ളിയില്‍ പ്രവേശിക്കുകയായി...അതാണു കാമാത്തിപ്പുര.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘റെഡ് ലൈറ്റ്’ ഏരിയ.പാതിരാത്രിക്കും ഉണര്‍ന്നിരിക്കുന്ന നഗരഭാഗം.ചുണ്ടില്‍ ചെഞ്ചായം പൂശി കസ്റ്റമേര്‍‌സിനെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്ന യുവതികള്‍...മറാത്തികള്‍, മലയാളികള്‍, നേപ്പാളികള്‍, തമിഴര്‍.....അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു കൂട്ടിക്കൊടുപ്പുകാര്‍...പല വർണ്ണങ്ങളിലുള്ള വെളിച്ചത്തിന്റെ പ്രളയം.എങ്ങു നിന്നൊക്കെയോ ഉയർന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ.തലങ്ങനെയും വിലങ്ങനെയും ഓടുന്ന ടാക്സിക്കാറുകള്‍.മിക്കവാറും കെട്ടിടങ്ങളെല്ലാം രണ്ടോ മൂന്നോ നിലകൾ മാത്രമുള്ള പഴയ രീതിയിലുള്ളവയാണു.ഇടുങ്ങിയ മുടികൾ.രണ്ടാം നിലയുടെ മട്ടുപ്പാവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാർ. മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍!!.എന്തൊരു ബഹളമാണു ! ഇത്രമാത്രം സ്ത്രീകളുടെ കൂട്ടത്തെ ഇങ്ങനെ ഒരു സമയത്ത് മറ്റൊരിടത്തും കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.പല പ്രായക്കാര്‍,ദേശക്കാർ..തിരക്കുകാരണം ആ പാതിരാത്രിക്കും ബസ് പതിയേ മാത്രമേ നീങ്ങുന്നുള്ളൂ...അവരില്‍ ചിലര്‍ മട്ടുപ്പാവുകളില്‍ നിന്നു ഞങ്ങളുടെ നേരെയും കണ്ണെറിഞ്ഞു !ആകാംക്ഷയോടെയും കൌതുകത്തോടെയും ബസിലിരുന്നു ഞങ്ങള്‍ എല്ലാം കണ്ടു.ചിലപ്പോള്‍ ഈ ദൈന്യതയോര്‍ത്ത് ഒരു നിമിഷം മനസ്സ് വിഷമിച്ചു.....കാമാത്തിപ്പുരയിലെ ഓരോ തെരുവും ചുറ്റിക്കറങ്ങി സമയമെടുത്ത് ബസ് നമ്പര്‍ 63 വെളിയില്‍ വരുമ്പോൾ ഏതോ ഭ്രമാത്മക ലോകത്തു നിന്നും പുറത്തിറങ്ങിയതു പോലെ തോന്നും.

കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച ഞങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ മറ്റൊരു മുഖമാണു യഥാർത്ഥത്തിൽ കാമാത്തിപ്പുര കാണിച്ചു തന്നിരുന്നത്.ഇത്രമാത്രം ഇടുങ്ങിയ തെരുവുകൾക്കുള്ളിൽ ഇത്രമാത്രം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നതായിരുന്നു ഓരോരുത്തരുടേയും മനസ്സിൽ..

ആന്ധ്രയിൽ നിന്ന് വന്ന തൊഴിലാളികളുടെ സെറ്റിൽ‌മെന്റാണു പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ
സൈന്യത്തിന്റെ ‘സുഖസംതൃപ്തി’കൾക്ക് വേണ്ടി ഔദ്യോഗികമായി നിർമ്മിച്ച കാമാത്തിപ്പുര ആയത്..പിന്നീട് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതിനു ഇന്നത്തെ മുഖം കൈവന്നു.ഒട്ടനവധി സാമൂഹിക പ്രവർത്തകരുടെ പരിശ്രമഫലമായാണു വെള്ളം, വെളിച്ചം പോലുള്ള പല സൌകര്യങ്ങളും ഈ ഇടുങ്ങിയ തെരുവിനുള്ളിൽ ശരീരം വിറ്റ് ജീവിതം തള്ളി നീക്കുന്നവർക്ക് ലഭിച്ച് തുടങ്ങിയത്. ഇങ്ങനെയും ജീവിതങ്ങൾ!!

ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ പലതും കണ്ടത് മുംബൈയില്‍ വച്ചാണ് അത്തരം കഥകൾ പിന്നാലെ...

അനുബന്ധം: മുംബൈ കഥകളുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക :“ഹിജഡയുടെ തലോടൽ

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും രണ്ടാമത്തെ ചിത്രത്തിന് www.netphotograph.com സൈറ്റിനോടും)

Sunday, October 23, 2011

ഞാൻ കാണാത്ത മുല്ലനേഴി

“ശ്രീ മുല്ലനേഴി രചിച്ച “ സമതലം” എന്ന ഏകാങ്ക നാടകമാണു ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.മനുഷ്യന്റെ ഇച്ഛാശക്തിയുടെ വിജയത്തിന്റെ കഥയാണു ഈ നാടകം നിങ്ങളോട് പറയുന്നത്”

കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 29 വർഷം മുൻപ് ഒരു ഏഴാം ക്ലാസുകാരൻ സ്കൂളിലെ മൈക്കിൽകൂടി വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇത്.ആ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന ‘വൃദ്ധന്റെ’ ഭാഗം അഭിനയിച്ച ഞാൻ ആയിരുന്നു ആ കുട്ടി.മനുഷ്യന്റെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ ഏതു മലയും നിരപ്പാക്കി സമതലമാക്കി പുരോഗതി കൊണ്ടുവരാം എന്ന് ഉദ്‌ഘോഷിക്കുന്ന നാടകമായിരുന്നു അത്. വൃദ്ധനെങ്കിലും മനസ്സുകൊണ്ട് യുവത്വവും, യുവാക്കളെങ്കിലും മനസ്സിൽ വൃദ്ധരുമായ ഒരു പിടി കഥാപാത്രങ്ങൾ ആ നാ‍ടകത്തിൽ ഉണ്ടായിരുന്നു. “അ”, “ഇ”, “ഉ” എന്നൊക്കെയായിരുന്നു അവരുടെ പേരുകൾ.അവസാനം എല്ലാവരും ഉപേക്ഷിക്കുമ്പോളും ഒരു കൊച്ചുകുട്ടി വൃദ്ധനെ സഹായിക്കാനെത്തുകയും അങ്ങനെ അവർ മലനിരപ്പാക്കി സമതലം ഉണ്ടാക്കുകയും ചെയ്യുന്നു.

മുല്ലനേഴി എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള സാഹിത്യകാരനെ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്.എന്നാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടുമില്ല.

“മുല്ലനേഴി” എന്ന് ആദ്യം കേൾക്കുന്നത് വർഷങ്ങൾക്ക് മുൻപ് അതായത് 80 കളുടെ തുടക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂറിക്കാ ബാലവേദിയിൽ പ്രവർത്തിക്കുമ്പോളാണ്.അദ്ദേഹം എഴുതിയ പല ഗാനങ്ങളും നാടകങ്ങളും അന്ന് പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിലും മറ്റും അവതരിപ്പിച്ചിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഷ്കല കാലമായിരുന്നു അത്.അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ യൂറിക്കാ ബാലവേദിയുടെ സെക്രട്ടറി കൂടി ആയിരുന്നു ഞാൻ. കുട്ടികളുടെ ഒരു നാടക സംഘം അന്ന് ഞങ്ങൾക്കുണ്ടായിരുന്നു.സ്കൂൾ യുവജനോത്സവങ്ങളിൽ പരിഷത്ത് നാടകങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി.
ഈ നാടകങ്ങൾ ഒന്നും മത്സരത്തിനു വേണ്ടി ആയിരുന്നില്ല അവതരിപ്പിച്ചിരുന്നത്.മറിച്ച് രംഗാവതരണത്തിനു അത്ര പ്രാധാന്യമില്ലാത്ത ഈ നാടകങ്ങൾ ഒരു സന്ദേശരൂപേണയാണു ഞങ്ങൾ കളിച്ചിരുന്നത്.

അക്കാലത്ത് പരിഷത്തിന്റെ ജനകീയ പരിപാടി ആയിരുന്ന “ശാസ്ത്ര കലാജാഥ”യിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ഒട്ടു മിക്ക നാടകങ്ങളും ഞങ്ങൾ സ്കൂൾ യുവജനോത്സവങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.അതിലൊന്നായിരുന്നു മുല്ലനേഴി മാഷിന്റെ “സമതലം” എന്ന നാടകവും. പരിഷത്തിന്റെ കലാജാഥയിൽ അദ്ദേഹവും അംഗമായിരുന്നു.എന്നാൽ അദ്ദേഹം വടക്കൻ ജാഥയിലെ അംഗമായിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ അന്നു തന്നെ മുല്ലനേഴി മാഷ് മനസ്സിൽ കയറിക്കൂടിയിരുന്നു.അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളിൽ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയിരുന്നത്.വിരൽത്തുമ്പിൽ വിജ്ഞാനം വിതറുന്ന വിവരസാങ്കേതിക വിദ്യാ വിപ്ലവം അരങ്ങേറുന്നതിനും മുൻപ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ “ശാസ്ത്രം ജനന്മക്ക്, ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്“എന്നീ മുദ്രാവാക്യങ്ങളുയർത്തി ശാസ്ത്രം പ്രചരിപ്പിച്ച ഒരു സംഘം നിസ്വാർത്ഥരായ സാമൂഹികപ്രവർത്തകരുടെ കണ്ണിയിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.

പിന്നീട് ഏതാണ്ട് അതേ കാലത്തിറങ്ങിയ “മേള” എന്ന ചിത്രം കോട്ടയത്തെ അനുപമ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിന്ന ഒരു ഗാനം ഉണ്ടായിരുന്നു.ചിത്രത്തിലെ പുതുമുഖമായിരുന്ന മമ്മൂട്ടിയുടെ കഥാപാത്രം പാടിയ “ മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു..മനുഷ്യൻ കാണാത്ത പാതകളിൽ...” പിന്നിട് എപ്പോളോ റേഡിയോ വഴി, ആ ഗാനം രചിച്ചത് “മുല്ലനേഴി” ആണെന്ന് തിരിച്ചറിഞ്ഞു.മുല്ലനേഴി മാഷ് സിനിമാഗാനങ്ങളും എഴുതും എന്ന് അങ്ങനെയാണു മനസ്സിലായത്.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ചെന്നൈയിൽ “ഇൻഡ്യൻ റുപ്പി “ കണ്ടപ്പോളും മുല്ലനേഴിയുടെ ആ ലളിതസുന്ദരമായ വരികൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു !

പലപ്പോളും സിനിമ ഗാനങ്ങളെഴുതി പ്രശസ്തരാവുന്നവരുടെ മറ്റു സാമൂഹിക പ്രവർത്തനങ്ങൾ നമ്മൾ അറിയാതെ പോകുന്നു.അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം എന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടു .മിച്ച ഭൂമി സമരത്തിലും അദ്ധ്യാപക സമരത്തിലും ഒരു പോലെ പങ്കെടുത്തു.അടിച്ചമർത്തപ്പെട്ടവർക്കായി എന്നും പൊരുതി.നാടക പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിന്ന അദ്ദേഹം വി ടി യുടെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് “ എന്ന പ്രശസ്തമായ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമയത്ത് അതിന്റെ പ്രചാരണത്തിനായി എഴുതപ്പെട്ട മിക്ക ഗാനങ്ങളും മുല്ലനേഴി മാഷിന്റേതായിരുന്നു.കേരള സാഹിത്യ അക്കാദമിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.തന്റെ കണ്ണുകൾ ദാനം ചെയ്ത് മരണത്തിൽ പോലും അദ്ദേഹം
സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

അകാലത്തിലുണ്ടായ ആ വിയോഗത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുന്നിൽ ഒരു നിമിഷം ഞാൻ മൌനിയാകുന്നു..ശരീരത്തിന്റെ പ്രായമല്ല , മനസ്സിന്റെ യുവത്വമാണു പ്രധാനം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ !ഒരു സംസഥാന ബഹുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങളെപ്പോലെയുള്ള ഒരു പിടി ആൾക്കാരുടെ മനസ്സിൽ എന്നെന്നും അദ്ദേഹം ഉണ്ടായിരിക്കും !

എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചില സിനിമാഗാനങ്ങൾ.( ലിങ്കുകളിൽ ഞെക്കി കേൾക്കാം)
1:സൌരയൂഥ പഥത്തിലെങ്ങോ സംഗമപ്പൂവിരിഞ്ഞൂ ( വെള്ളം)
2:മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു ( മേള)
3: കറുകറുത്തൊരു പെണ്ണാണ് ( ഞാവൽ പഴം)
4: ആകാശനീലിമ മിഴികളിലെഴുതും ( കൈയും തലയും പുറത്തിടരുത്)

(കടപ്പാട്:: മുല്ലനേഴിയുടെ ചിത്രത്തിനു www.mullanezhi.com എന്ന സൈറ്റിനും ഗാനങ്ങൾക്ക് യു ട്യൂബിൽ ഗാനങ്ങൾ ഇട്ടവർക്കും)

Thursday, May 5, 2011

‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !

ഹോട്ടല്‍ ചിക്കാഗോ’യിലെ മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ വരുന്നോ സുനിലേ?” എന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറിയും കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ സാര്‍ തലേ ദിവസം എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് അതിശയിച്ചു.

ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.

“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...

മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.

അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലം‌കൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.

വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.

തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!

  • മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
  • വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
  • വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
  • എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
  • എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുന്ന ഈ ഹോട്ടല്‍ ഒരു ത്രീ സ്റ്റാറോ ഫൈവ് സ്റ്റാറോ ഒന്നുമല്ല.ഒരു ചെറിയ സംരഭമാണു “ഹോട്ടല്‍ ചിക്കാഗോ” എന്നറിയുമ്പോളാണ് അതിലെ വ്യത്യസ്തത നമ്മളെ ഏറെ ആകര്‍ഷിക്കുന്നത്.

ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
(ശ്രീ സുകുമാരനോടൊപ്പം)

“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആ‍യിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“

“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”

“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍‌ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.


(സമ്മേളനത്തില്‍ നിന്ന്)
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.

(മെയ് ദിനം ആഘോഷിക്കാന്‍ ഒത്തു കൂടിയവര്‍)

“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.


(ബോണസ് വിതരണം)
ഒരു ഉത്സവഛായ അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.ഓരോ തൊഴിലാളിയുടെ മുഖത്തും സന്തോഷം കളിയാടി.അവരില്‍ ചിലരോടും ഞങ്ങള്‍ സംസാരിച്ചു.

“സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാന്‍ തോന്നുന്നു “ എന്നാണു കഴിഞ്ഞ 11 വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പെരിയസ്വാമി പറയുന്നു.യാതൊരു വിധമായ തൊഴില്‍ പ്രശ്നങ്ങളും ഇതു വരെ ഇവിടെ ഉണ്ടായി കണ്ടിട്ടില്ല.എല്ലാ മാസവും തൊഴിലാളികളുമായി മീറ്റിംഗ് ഉണ്ടാവും.ഇത്തരം മീറ്റിംഗുകളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.കൂടാതെ കടയില്‍ വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങളും ചോദിച്ചറിയാറുണ്ട്, പെരിയസ്വാമി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നും.തിളങ്ങുന്ന ചിത്രപ്പണികളുള്ള ഷര്‍ട്ടും പാന്‍‌സുമൊക്കെ ധരിച്ചാണു ബബ്‌ലുവിനെ കണ്ടത്.ഇതും ശ്രീ സുകുമാരന്‍ എടുത്തു തന്നതാണെന്ന് ബബ്‌ലു പറഞ്ഞു.സന്തുഷ്ടനാണു ബബ്‌ലു.നല്ലൊരു തുക എല്ലാ മാസവും കൃത്യമായി നാട്ടിലേക്കയക്കാന്‍ സാധിയ്ക്കുന്നുണ്ടെന്ന് ബബ്‌ലു പറഞ്ഞു.ശ്രീ സുകുമാരന്റെ സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം ബബ്‌ലു വളരെ സംതൃപ്തനാണ്.

ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍‌പന്തിയില്‍ തന്നെ.ശ്രീ സുകുമാ‍രന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.

ചെന്നൈ പോലെയുള്ള മെട്രൊസിറ്റിയില്‍ ഒട്ടനവധി ചെറിയ ചായക്കടകളും ഹോട്ടലുകകളും ഉണ്ട്.വളരെ ദയനീയമായ സാഹചര്യങ്ങളിലാണു മിക്കയിടങ്ങളിലും ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്.കഠിനമായ ജോലിക്ക് തുച്ഛമായ കൂലിയാണു എല്ലായിടങ്ങളിലും.ശ്രീ സുകുമാരന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്.പിന്നിട്ട് വന്ന പാതകളെ അദ്ദേഹം മറക്കുന്നില്ല.തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതിന്റെ കാരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ ചിക്കാഗോയും സുകുമാരനും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.വന്‍‌കിട കമ്പനികള്‍ പോലും പരമാവധി ചൂഷണം ചെയ്ത് തൊഴിലും ആനുക്കൂല്യങ്ങളും വെട്ടിക്കുറക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ എങ്ങനെയാണു ഒരു സ്ഥാപനത്തെ സ്വന്തം സ്ഥാപനമെന്ന് കരുതി തൊഴിലാളികള്‍ സ്നേഹിക്കുന്നതെന്ന് അറിയാന്‍ ഹോട്ടല്‍ ചിക്കാഗോയില്‍ വന്നാല്‍ മതി. (മെയ് ദിനം പ്രമാണിച്ച് അടഞ്ഞു കിടന്നിരുന്ന ചിക്കാഗോ ഹോട്ടല്‍)
ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല.പകരം എല്ലാവരും തൊഴിലാളികളും എല്ലാവരും നടത്തിപ്പുകാരും ആകുന്നു.അതുകൊണ്ട് തന്നെയാണു ഓരോ തൊഴിലാളിക്കും ഇദ്ദേഹം മുതലാളിയല്ലാതെ “തോഴര്‍” സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം..അത് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചമാകാന്‍ കാത്തിരിയ്ക്കുകയാണു സി പി ഐ എം ഏരിയാ കമിറ്റി മെമ്പര്‍ കൂടിയായ സ:സുകുമാരന്‍.

ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)

Sunday, May 1, 2011

തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“

2009 മെയ് 24 നു തൊടുപുഴയില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലാണു ഞാന്‍ ആദ്യമായി പങ്കെടുക്കുന്നത്.വായനയില്‍ക്കൂടി മാത്രം പരിചയപ്പെട്ട ഒട്ടനവധിപ്പേരെ അന്ന് ആദ്യമായി നേരില്‍ കണ്ടു, പരിചയപ്പെട്ടു,സുഹൃത്തുക്കളായി.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ മീറ്റില്‍ 30 ബ്ലോഗര്‍‌മാരായിരുന്നു പങ്കെടുത്തിരുന്നത്.ഉച്ചവരെയുള്ള പരിചയപ്പെടലുകള്‍ക്കും സൌഹൃദസംഭാഷണങ്ങള്‍ക്കും ഉച്ചയൂണിനും ശേഷം “തൊമ്മന്‍ കുത്ത്” വെള്ളച്ചാട്ടങ്ങളും കൂടി സന്ദര്‍ശിച്ച ശേഷമായിരുന്നു ആ മീറ്റ് അവസാനിച്ചത്.

പിന്നീട് അതേ വര്‍ഷം തന്നെ ജൂലൈയില്‍ ചെറായില്‍ വച്ചു നടന്ന വളരെ വിപുലമായ ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു.അതിനു ശേഷം“ ചെറായിമീറ്റ് -വ്യത്യസ്തനാമൊരു ബ്ലോഗറാം....’ എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ “ആല്‍ത്തറ’ ബ്ലോഗില്‍ ഇട്ടിരുന്നു.തൊടുപുഴയില്‍ നിന്ന് ചെറായിയില്‍ എത്തുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണം 30 ല്‍ നിന്ന് 80 ആയിരുന്നു.

പിന്നീട് നടന്ന എറണാകുളം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

പിന്നെ ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയത് ഇപ്പോളാണ്.ചെന്നൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനുള്ള വിഷമം കാരണം വന്നെത്താന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടിക്കറ്റ് ലഭിച്ചു.മാത്രവുമല്ല മംഗലാപുരത്ത് ഓഫീസ് ആവശ്യത്തിനായി പോകേണ്ടതുമുണ്ടായിരുന്നതുകൊണ്ട് യാത്ര “പകുതി” ഒഫീഷ്യല്‍ ആയി മാറുകയും ചെയ്തു.

അങ്ങനെയാണു 17നു രാവിലെ തിരൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്.സാബു കോട്ടോട്ടിയെ വിളിച്ച വരാനുള്ള വഴി ചോദിച്ച് ഓട്ടോ പിടിച്ച് തുഞ്ചന്‍ പറമ്പിലെത്തി.ആദ്യമായിട്ടാണു അവിടെ പോകുന്നത്.അവിടെ അപ്പോള്‍ തന്നെ പലരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാവരേയും പരിചയപ്പെട്ടു. പത്തരയോടെ കൂടുതല്‍ ആളുകള്‍ വന്നെത്തി.പലരേയും നേരത്തെ പരിചയമുണ്ടായിരുന്നു.ചിലരെ ആദ്യമായി കണ്ടു പരിചയപ്പെട്ടു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല.പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മീറ്റായിരുന്നു തിരൂരിലേത്.

വിശദമായ വിവരണം പലരും എഴുതിയതുകൊണ്ട് വീണ്ടും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്യാമറ കൊണ്ടു പോകാതിരുന്നതുകൊണ്ട് ചിത്രങ്ങളുമെടുക്കാനും സാധിച്ചില്ല.പല നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതും “മോഷ്ടിച്ചതും”ആയ ചില ചിത്രങ്ങള്‍ ഇടുക മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നുള്ളൂ.മനോരാജ്, മുള്ളൂക്കാ‍രന്‍, ശങ്കര്‍,ജയന്‍ ഏവൂര്‍,സജ്ജീവേട്ടന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി.


(അപരിചിതരായി നമ്മള്‍ വരുന്നു...പരിചിതരായി മടങ്ങുന്നു..ഒരു പിടി സ്നേഹവുമായി)



( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)



( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)



(ജബ്ബാര്‍ മാഷിനോടൊപ്പം)


(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)



( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)



( നന്ദകുമാര്‍,കിച്ചു,മനോരാജ്,പ്രവീണ്‍ എന്നിവരോടൊപ്പം)


(നിരക്ഷരന്‍, അതുല്യ)


(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)




(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)



(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)

മീറ്റിലെ ഈറ്റിനു ആദ്യ പന്തിയില്‍ തന്നെ ഇടിച്ചു കയറി.എനിക്ക് 2.45 നുള്ള പരശുരാമനെ പിടിക്കണമായിരുന്നു.ടിക്കറ്റ് നേരത്തെ തന്നെ റിസര്‍വ് ചെയ്തിട്ടുള്ളതാണ്.സജി അച്ചായനും കൂട്ടര്‍ക്കും എറണാകുളത്തിനും പോകണം.അവരെന്നെ സ്റ്റേഷനില്‍ ഇറക്കി വിടാമെന്ന് സമ്മതിച്ചു.’ഈറ്റ്” കഴിഞ്ഞപ്പോള്‍ തന്നെ 2.15. എറണാകുളത്തിനു പോകേണ്ട സജ്ജീവേട്ടന്‍ അപ്പോളും കാരിക്കേച്ചര്‍ സൃഷ്ടികളില്‍ മുഴുകി ഇരിക്കുന്നു.പിന്നെ സജി അച്ചായനും നന്ദനും കൂടി ഒരു വിധത്തില്‍ സജ്ജിവേട്ടനെ പൊക്കിയെടുത്ത് വണ്ടിയിലിട്ടു...സജിഅച്ചായന്‍, സജ്ജിവേട്ടന്‍,അതുല്യ, കിച്ചു, ഞാന്‍ പിന്നെ പുറകില്‍ പെട്ടികള്‍ക്കിടയില്‍ മത്താപ്പ് എന്ന ദിലിപ് നായരും.തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ വണ്ടിയില്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ മംഗലാപുരം യാത്ര വിട്ട് ഇവരോടൊപ്പം എറണാകുളത്തേക്ക് പോയാലോ എന്ന് തോന്നിപ്പോയി.പക്ഷേ എന്തു ചെയ്യാം..? സജി അച്ചായന്‍ വണ്ടി പായിച്ചു..എന്നിട്ടെന്ത് ? രണ്ടു തവണ വഴി തെറ്റിപ്പോയി..അപ്പോള്‍ സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്‍സ്‌മെന്റ്

“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്‌പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..

ഹോ...ആശ്വാ‍സം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !

Sunday, April 24, 2011

മാന്ത്രികന്‍ പോകുമ്പോള്‍

“സത്യസായി ബാ‍ബ” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശ്വ പ്രശസ്ത മാന്ത്രികന്‍ ഇന്ന് അന്തരിച്ചു.കയ്യടക്കം ആയിരുന്നു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആയി അറിയപ്പെട്ടിരുന്നത്..കയ്യടക്ക വിദ്യയുടെ പാരമ്യത്തിലൂടെ ശൂന്യതയില്‍ നിന്ന് ഭസ്മം മുതല്‍ സ്വര്‍ണ്ണമാല വരെ “സൃഷ്ടിച്ച്” കാണിച്ച് ഇദ്ദേഹം കാണികളെ അത്ഭുത പര തന്ത്രരാക്കിയിരുന്നു...ഈ മാജിക്കിനു പിന്നിലെ രഹസ്യം അറിയാത്തവര്‍ ഇദ്ദേഹത്തെ “ദൈവ“മാക്കി..അങ്ങനെ മെയ്യനങ്ങാതെ ജീവിച്ചിരുന്ന ദൈവം ഇന്ന് മരിച്ചു..ഇതോടെ ലോകത്ത് ദൈവമില്ലാതെ ആയെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു...നന്നായി !!! ദൈവമില്ലാത്ത ലോകം അങ്ങനെയെങ്കിലും കൈവന്നല്ലോ !!!

കൈയടക്കം എന്നതില്‍ മാത്രമല്ല, നമ്മുടെ മജീഷ്യന്‍ മുതുകാടൊക്കെ നടത്തുന്നതുപോലെ “പ്രവചന വിദ്യ”യിലും ഇദ്ദേഹം മിടുക്കനായിരുന്നു..എന്നാല്‍ വിധി വൈപരീത്യം എന്ന് പറയട്ടെ തന്നെ പറ്റി തന്നെ നടത്തിയ പ്രവചനം ശരിയാകാതെ വന്നതോടെ മജീഷ്യന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കഴിവുകളെപ്പോലും ആള്‍ക്കാര്‍ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുന്നു..96 വയസ്സുവരെ താന്‍ ജീവിച്ചിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം..എന്നാല്‍ വെറും 85 ആമത്തെ വയസ്സില്‍ മരിച്ചതോടെ ഇദ്ദേഹവും അമാനുഷിക സിദ്ധികളില്ലാത്ത മറ്റേതൊരു മജീഷ്യനെയും പോലെ തന്നെ വെറും സാധാരണക്കാരനായ മനുഷ്യന്‍ മാത്രമാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരിയ്ക്കുന്നു...പലര്‍ക്കും രോഗശാന്തി വരുത്തി എന്ന് അവകാശപ്പെട്ടിരുന്ന ഈ മാന്ത്രികന്‍ സ്വന്തം ശ്വാസകോശം തകരാറിലായപ്പോള്‍ നിസഹായനായി വൈദ്യശാസ്ത്രത്തിന്റെ കരുണയ്ക്ക് മുന്നില്‍ കണ്ണടച്ചു കിടന്നു !

പക്ഷേ ഒന്നുണ്ട്,ലോകത്തിലെ ഏറ്റവും സമ്പന്നനായ മാന്ത്രികന്‍ ഇദ്ദേഹമായിരുന്നു.ലക്ഷക്കണക്കിനു കോടികള്‍ ആസ്തിയുള്ള സ്വന്തം സാമ്രാജ്യത്തില്‍ ഒരു ആര്‍ഭാടങ്ങള്‍ക്കും കുറവില്ലാതെ അദ്ദേഹം ജീവിച്ചു.മറ്റേതൊരു കോടീശ്വരനേയും പോലെ അതിന്റെ തുലോം തുച്ഛമായ ഭാഗം ആശുപത്രികള്‍ക്കായും പാവങ്ങള്‍ക്കായും ഇദ്ദേഹവും വിനിയോഗിച്ചു.

ഈ മജീഷ്യന്, മറ്റേതൊരു മനുഷ്യന്‍ മരിക്കുമ്പോളും കൊടുക്കുന്ന ആദരാഞ്ജലികള്‍ മാത്രം ഇവിടെ നല്‍കുന്നു !

പിന്‍‌കുറിപ്പുകള്‍

1:ഇദ്ദേഹത്തിന്റെ ചില ‘മാന്ത്രിക വിദ്യകളു‘ടെ രഹസ്യം ദാ ഈ ലിങ്കില്‍ ഞെക്കിയാല്‍ കാണാം.

2:ഈ മഹാന്‍ 96 വയസ്സുവരെ ജീവിച്ചിരുന്നു എന്ന ചില വാദ മുഖങ്ങളുമായി , രാജാവിനേക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന ചില ശിഷ്യര്‍ ഇറങ്ങിയിട്ടുണ്ട്.സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന കലണ്ടര്‍ അല്ലത്രേ ഈ മഹാന്‍ ഉപയോഗിക്കുന്നത്.എന്നാല്‍ ആ കണക്കെങ്കിലും ശരിയാവേണ്ടേ..ഇതിലെ കള്ളക്കളികള്‍ പൊളിച്ചു കാട്ടുന്ന ഒരു പോസ്റ്റ് ഇതാ..താഴെ കാണുന്ന ലിങ്കില്‍ ഞെക്കി വായിക്കൂ, മനസ്സിലാക്കൂ

സായിബാബയുടെ പ്രവചനവും നക്ഷത്രമെണ്ണുന്ന ഫിലിപ്പ് എം പ്രസാദും

Sunday, April 3, 2011

ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍

1983

എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അന്നത്തെ ലോകകപ്പ്.82 -83 കാലഘട്ടത്തിലാണു ക്രിക്കറ്റ് കളി ഞങ്ങളുടെ നാട്ടില്‍ അല്പാല്പം പ്രചരിക്കുന്നതും കളി പഠിക്കുന്നതും.എന്നിട്ടും നിയമങ്ങള്‍ ശരിക്ക് അറിയില്ലായിരുന്നു.രണ്ടു പേര്‍ ഒരേ സമയം ബാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും സംശയിച്ചിരുന്നു.ടി വി ഇല്ല.വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചും ക്രിക്കറ്റ് കമന്ററി കേട്ടും മാത്രമുള്ള പരിചയം.

അങ്ങനെയിരിക്കെ അക്കാലത്ത് ഇറങ്ങിയിരുന്ന “പൂന്തേന്‍” എന്നൊരു കുട്ടികളുടെ വാരികയില്‍ ക്രിക്കറ്റ് കളിയെ പരിചയപ്പെടുത്തി ലേഖനങ്ങള്‍ വന്നു.അങ്ങനെ ചില കാര്യങ്ങള്‍ മനസ്സിലായി.പിന്നീട് സനില്‍ പി തോമസ് എഴുതിയ “ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍” എന്ന പുസ്തകം വായിച്ചപ്പോളാണ് എല്ലാ നിയമങ്ങളും മനസ്സിലാവുന്നത്...”തീന്‍ സ്ലിപ്പ്, ഏക് ഗള്ളി., പോയിന്റ് , കവര്‍, എക്സ്ട്രാ കവര്‍” എന്നൊക്കെ ഹിന്ദി കമന്ററിയില്‍ കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലായിരുന്നില്ല.ആ പുസ്തകത്തില്‍ ഓരോ സ്ഥാനങ്ങളും അടയാളപ്പെടുത്തിയ ഒരു ചിത്രം ഉണ്ടായിരുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു....

അങ്ങനെ കളി പഠിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു ലോക കപ്പ്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാതി രാത്രി വരെ നീളുന്ന കമന്ററി കേള്‍ക്കാന്‍ കഴിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ എഴുനേറ്റ് പത്രം നോക്കാനാണു ഓടിയത്...” ജയിച്ചൂ..ഇന്‍ഡ്യ ലോക ചാമ്പ്യന്മാര്‍” എന്നായിരുന്നു അന്ന് കണ്ട പത്രത്തിലെ തലക്കെട്ട്....അങ്ങനെ ക്രിക്കറ്റ് താരങ്ങള്‍ മനസ്സിലെ ഹീറോകളായി മാറി..കപില്‍ ദേവ്, മൊഹിന്ദര്‍ അമര്‍നാഥ്, സുനില്‍ ഗാവസ്കര്‍,കിര്‍മാണി....

അതോടെ നാട്ടിലെങ്ങും ക്രിക്കറ്റിനു പ്രചാരമേറി. ചെറിയ ടീമുകളും അവര്‍ തമ്മില്‍ ത്തമ്മിലുള്ള മാത്സരങ്ങളും തുടങ്ങി.അക്കാലത്ത് ഞങ്ങളുടെ കൊച്ചു ടീമുമായി എത്രയോ സ്ഥലങ്ങളില്‍ കളിക്കാന്‍ പോയിരിയ്കുന്നു.എന്നിട്ടും ഒരു കളി ടി വി യില്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു..ഇന്‍‌ഡ്യയും ശ്രീലങ്കയും തമ്മില്‍ കാന്‍‌ഡിയില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് ആണു ആദ്യം കാണുന്നത്. വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. 85 -86 ആണെന്നാണു ഓര്‍മ്മ.

പിന്നീട് 1992 ല്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ ആദ്യമായി വാങ്കഡേ സ്റ്റേഡിയത്തില്‍ പോയി ഇന്‍ഡ്യാ - ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു..ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു..സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കപില്‍ ദേവ് ഓടി വന്ന് എറിയുന്നതാണു ആദ്യം കാണുന്നത്..ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തില്‍ വന്ന ആ ടീമിനെ ആ ടെസ്റ്റില്‍ ഇന്‍ഡ്യ തോല്‍പ്പിച്ചു.അന്ന് ബൌണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന മൈക്ക് ഗാറ്റിംഗ് ഇടക്കുള്ള സമയങ്ങളില്‍ ഗാലറിയിലിരുന്നവരിലെ ആവശ്യക്കാര്‍ക്കെല്ലാം ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തിരുന്നതും ഓര്‍ക്കുന്നു.സചിന്‍ അന്നും ഉണ്ടായിരുന്നു..ഒരു കൊച്ചു പയ്യന്‍

പിന്നീട് ഒരിക്കല്‍ കൂടി പോയി.ഇന്‍‌ഡ്യയും - വെസ്റ്റ് ഇന്‍‌ഡീസും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍.ലാറയുടെ ബാറ്റിംഗ് കാണാനാണു പോയത്.പക്ഷേ ലാറ അന്ന് “ഡക്കടിച്ചു”

പതിയെ പതിയെ ക്രിക്കറ്റ് വാണിജ്യവല്‍ക്കരിക്കപ്പെട്ടതോടെ ഈ ആവേശം എന്റെ ഉള്ളില്‍ ഇല്ലാതായി...വാര്‍ത്തകള്‍ ശ്രദ്ധിക്കുമെന്നുള്ളതല്ലാതെ ഓരോ പന്തും പിന്തുടരുന്ന ആ പഴയ താല്പര്യം പിന്നീട് ഉണ്ടായില്ല.എങ്കിലും ഓരോ ലോകകപ്പ് വരുമ്പോളും 1983 തന്ന സന്തോഷം ആവര്‍ത്തിക്കപ്പെടുമെന്ന് വെറുതെ മോഹിച്ചു.

2011

നീണ്ട 28 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.ഈ ലോകകപ്പ് നന്നായി “ഫോളോ” ചെയ്തു..ഇന്ന് ധോണി അടിച്ച പന്ത് ഗ്യാലറിയിലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഒരിക്കല്‍ കൂടി ഓരായിരം പൂത്തിരികള്‍ കത്തുന്നത് പോലെ...കഴിഞ്ഞ 28-29 വര്‍ഷങ്ങളിലെ കാര്യങ്ങളെല്ലാം മനസ്സില്‍ ഓടി വരുന്നതു പോലെ....ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്ര മൈതാനത്തുണ്ടായിരുന്ന ചെറിയ സൌകര്യങ്ങളില്‍ കളിക്കുന്ന കൂട്ടുകാര്‍ തമ്മില്‍ പിരിവെടുത്ത് വാങ്ങിയിരുന്ന ബാറ്റും ബോളും ഉപയോഗിച്ച് കളിച്ചിരുന്ന ആ പഴയകാലം തിരികെ വന്നതുപോലെ. ഇന്ന് സമ്മാനദാന ചടങ്ങില്‍ രവിശാസ്ത്രിയെ കണ്ടപ്പോള്‍ 1983 ലെ ലോക കപ്പിനു ശേഷം നടന്ന ബെന്‍‌സണ്‍& ഹെഡ്‌ജസ് മിനി ലോകകപ്പിലെ മികച്ച താരമായി ശാസ്ത്രിയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അന്ന് “ഓഡി” കാര്‍ ലഭിച്ചതുമൊക്കെ റേഡിയോ കമന്ററിയില്‍ കേട്ട് പുളകം കൊണ്ടത് ഓര്‍മ്മവന്നു.ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ എതിരാളികളുടെ എല്ലാം പേടി സ്വപ്നമായിരുന്ന വെസ്റ്റ് ഇന്‍‌ഡീസ് ടീമിന്റെ നായകനായിരുന്ന ക്ലൈവ് ലോയിഡിന്റെ സാന്നിധ്യം തികച്ചും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.

ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനും എന്റെ സുഹൃത്ത് ദേവദാസിനും നന്ദി)

Saturday, January 15, 2011

ശബരിമല-മകരവിളക്കും മറ്റുള്ളവയും -യാഥാര്‍ത്ഥ്യങ്ങളെന്ത്?

ഈ ലേഖനം പ്രസിദ്ധികരിക്കുമ്പോളേക്കും ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സവം ശബരിമലയില്‍ അവസാനിച്ചിട്ടുണ്ടാവും.പതിവു പോലെ ഈ വര്‍ഷവും അഭൂതപൂരവമായ ജനത്തിരക്കാണു ശബരിമലയില്‍ ഉള്ളത്.പമ്പ മുതല്‍ സന്നിധാനം വരെയുള്ള അഞ്ചു കി.മീറ്ററോളം ദൂരം ക്യൂ ആണെന്നാണു വിവരം.അതില്‍ ഭൂരിപക്ഷവുമാകട്ടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തന്മാരാണ്. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല.കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല.എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല.
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു.എന്നാല്‍ ഇന്നു വൈകിട്ട് ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കേട്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി.

ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്.ഈ ജന്മത്തില്‍ മോക്ഷം
കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്.അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്.സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്.ഞാനാ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല.പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ഞാന്‍ ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ആ പുസ്തകമാണു ഞാനിവിടെ പരിചയപ്പെടുത്തുന്നത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്.അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

  • എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
  • ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
  • മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
  • ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
  • ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
  • ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
  • ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?
ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം.സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍
പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷ്ത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം.അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു.വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്.ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു.പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്.ശബരിഗിരീശന്‍,ഹരിഹരസുതന്‍,ജലന്ധരനിഹന്താവ്,മോഹിനീസുതന്‍,
കയ്യപ്പന്‍,മഹിഷീമര്‍ദ്ദകന്‍,താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍,ഭൂതനാഥന്‍,മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്.ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഞാന്‍ ഇവിടെ എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്.ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്.അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്.അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം.അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്.ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്.എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്
ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു.മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ.എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്.അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല,പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി.പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്.പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി( അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്.അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്.അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്.ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗി(quote)ച്ചിട്ടുമുണ്ട്.

ഇത് എഴുതിക്കൊണ്ടിരിയ്കുമ്പോള്‍ ഈ വര്‍ഷത്തെ മകരവിളക്കിനു ശേഷം മടങ്ങിയ അയ്യപ്പന്മാരും തിക്കിലും തിരക്കിലും പെടുകയും ഒട്ടനവധി പേര്‍ മരണമടയുകയും ചെയ്തതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിയ്കുന്നു.യുക്തിവാദികളുടേയും മറ്റും പ്രവര്‍ത്തനഫലമായി മകരജ്യോതി ഒരു തട്ടിപ്പാണെന്നും അത് കത്തിയ്കുന്നതാണെന്നും മിക്കവര്‍ക്കും അറിയാം.എന്നാല്‍ കേരളത്തിനു വെളിയില്‍ ഇത് ദിവ്യജ്യോതിസ് ആണെന്നാണു ഇപ്പോളും ആള്‍ക്കാര്‍ കരുതുന്നത്.എന്നോടു തന്നെ പലരും ഇത് ചോദിച്ചിട്ടുണ്ട്.അവരാണു കൂട്ടം കൂട്ടമായും ഭക്തിലഹരിയില്‍ മുഴുകി ഇവിടെ എത്തുന്നത്.അനിയന്ത്രിതമായ തിരക്കുകളില്‍ പെട്ട് ജീവന്‍ കളയേണ്ടിയും വരുന്നു.ആരിതിനു സമാധാനം പറയും?ദൈവവിശ്വാസത്തിന്റെ പേരിലുള്ള ഈ കള്ളക്കളികള്‍ അവസാനിപ്പിച്ചുകൂടെ?

കുറെ വര്‍ഷങ്ങള്‍ക്കുമുന്‍പ് കൈരളി ടി വി പൊന്നമ്പലമേട്ടില്‍ പോവുകയും ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തിരുന്നു.അത് ഇവിടെ കാണാം



പൊന്നമ്പലമേട്ടില്‍ ശബരിമലയ്ക് അഭിമുഖമായി നില്‍ക്കുന്ന പാറയിലാണു ഇത് കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അതിനായി അവിടെ ഒരു തറ തന്നെ രൂപം കൊടുത്തിട്ടുണ്ട്.

ഇതിന്റെ വ്യക്തമായ ഒരു ചിത്രം ഇവിടെ കാണാം.( വിനോദിനു നന്ദി).ശബരിമലയുടെ വിദൂര വീക്ഷണവും അതില്‍ കാണാം.

കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

ഇത്തരം ദുരന്തങ്ങളെങ്കിലും നമ്മുടെ കണ്ണുതുറപ്പിയ്കുമോ?

സത്യം അറിയാന്‍ താല്‍‌പര്യമുള്ളവര്‍ക്ക് ഈ പുസ്തകം വായിക്കാം.എന്നിട്ട് വസ്തുതാപരമായ വിമര്‍ശനം നടത്തട്ടെ.മകരവിളക്കിന്റെ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍.അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിയ്കുന്നു.


ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചന: ഇടമറുക്
പ്രസിദ്ധീകരണം: ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി
(ഈ പുസ്തകം ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 011-64630651 എന്ന നമ്പരില്‍ വിളിക്കാം.വി പി പി ആയി അവര്‍ അയച്ചു തരും.ഇല്ലെങ്കില്‍ indianatheist@gmail.com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാലും മതി.എറണാകുളം കലൂരിലുള്ള ബുക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ടും വാങ്ങാം)


(ശബരിമലയുടെ ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

Friday, January 14, 2011

“ആടുജീവിതം“- അതിജീവനത്തിന്റെ മഹാഗാഥ

2009 ലെ നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ “ആടുജീവിതം” എന്ന നോവല്‍ രചിച്ചത് ബഹറൈനില്‍ താമസിക്കുന്ന ശ്രീ ബെന്യാമിന്‍ ആണ്.

‘ആടുജീവിതം‘ മരുഭൂമിയില്‍ ഏകാന്തവാസം നടത്താന്‍ വിധിയ്കപ്പെട്ട ഒരാളുടെ കഥയാണ്.ഒറ്റപ്പെടലിന്റെ കഥയാണ് ഈ എന്ന നോവലിലെ നായകനായ നജീബിനും ഉള്ളത്.“നാം അനുഭവിയ്ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” എന്ന് നോവലിന്റെ പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.തീര്‍ച്ചയായും ഒരു കെട്ടുകഥ പോലെ ആര്‍ക്കും തോന്നാവുന്ന ഈ കഥ യഥാര്‍ത്ഥത്തില്‍ ഒരു മനുഷ്യന്‍ അനുഭവിച്ചു തീര്‍ത്തതായിരുന്നു എന്നറിയുമ്പോളാണു നമ്മളില്‍ പലരും എത്രയോ ഭാഗ്യവാന്മാരാണെന്ന് തോന്നിപ്പോകുന്നത്.

മനോഹരമായ ഈ നോവലിനെക്കുറിച്ച് ഞാനൊരു ആസ്വാദനക്കുറിപ്പ് എഴുതിയത് ഓണ്‍‌ലൈന്‍ പത്രമായ “നമ്മുടെ ബൂലോകം “ പ്രസിദ്ധീകരിച്ചിരിക്കുന്നു.

താഴെ കൊടുക്കുന്ന ലിങ്ക് വഴി ചെന്നാല്‍ ആസ്വാദനം വായിക്കാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ അവിടെ തന്നെ എഴുതാന്‍ ശ്രദ്ധിയ്കുമല്ലോ..

ലിങ്ക്::: ആടുജീവിതം-അതിജീവനത്തിന്റെ മഹാഗാഥ

Sunday, January 9, 2011

അടിമച്ചന്ത അഥവാ വികസനം

അടിമച്ചന്തയുടെ ദിനം...

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അടിമലേലത്തില്‍ പങ്കെടുക്കാനും ലേലം കാണാനും രാവിലെ മുതല്‍ ജനത്തിരക്കു തുടങ്ങിയിരുന്നു..ജനുവരിയിലെ തണുത്ത് വിറങ്ങലിച്ച പ്രഭാതത്തിനു പോലും അവരെ തടയാന്‍ സാധിച്ചില്ല.

മല്ലയുദ്ധങ്ങള്‍ക്കു വേണ്ടിയാണു ഈ അടിമകളെ ലേലത്തില്‍ പിടിക്കുന്നത്.ലക്ഷക്കണക്കിനു ആള്‍ക്കാരാണു ഈ മല്ലയുദ്ധം കാണാന്‍ കാത്തിരിക്കുന്നത്.അതുകൊണ്ടു തന്നെ ഏറ്റവും വരുമാനം കൂടിയ ഒരു കായിക വിനോദമായി അത് മാറിക്കഴിഞ്ഞിരുന്നു.ഉറച്ച പേശീബലമുള്ള മല്ലന്മാരെ സ്വന്തമാക്കാന്‍ രാജ്യത്തെ മുഴുവന്‍ കോടീശ്വരന്മാരും അന്നവിടെ എത്തിച്ചേരും.

സ്വന്തമാക്കിക്കഴിയുന്ന നല്ല യോദ്ധാക്കളുടെ പേരുകള്‍ പറഞ്ഞ് അവര്‍ സ്വയം അഭിമാനം കൊണ്ടു.

എത്തിപ്പെടാന്‍ പറ്റാത്തവര്‍ സ്വന്തം വീട്ടിലെ വിഡ്ഡിപ്പെട്ടികള്‍ തുറന്നുവച്ച് സാകൂതം വീക്ഷിച്ചിരുന്നു.

ലേലം തുടങ്ങി...സ്വയം വില്‍ക്കാന്‍ തയ്യാറായി വന്ന അടിമകള്‍ ചന്തയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു..തങ്ങളെ വിറ്റുകിട്ടുന്ന പണം കൊണ്ടു പോകാന്‍ അവരില്‍ ചിലര്‍ വലിയ ചാക്കുകള്‍ കൈയില്‍ കരുതിയിരുന്നു.

അവരില്‍ പല തരക്കാര്‍, പല രാജ്യക്കാര്‍..പല പ്രായക്കാര്‍..ചില അടിമകളെ കണ്ട് നാട്ടുകാര്‍ സന്തോഷഭരിതരായി..

പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്‍‌ക്കാന്‍ വച്ചിരുന്നു...

പണ്ട് പറമ്പില്‍ കിളച്ചതിന്റേയും വെള്ളം കോരിയതിന്റേയും പല പല മല്ലയുദ്ധങ്ങളില്‍ പങ്കെടുത്തതിന്റേയും ഫോട്ടോകള്‍ അവരില്‍ ചിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു..അക്കാലത്ത് അവരില്‍ നല്ല മസിലുകള്‍ വളര്‍ന്നു നിന്നിരുന്നു....അന്ന് അടിമക്കച്ചവടം ഇല്ലാതിരുന്നതിനാല്‍ സ്വയം വിറ്റ് പണം സമ്പാദിക്കാന്‍ പറ്റാത്തവരായിരുന്നു അവര്‍....ഒരു കാലത്ത് അവരെ കണ്ടാല്‍ ആര്‍ത്തുല്ലസിച്ചിരുന്ന നാട്ടുകാരില്‍ പലരും അവരെ ശ്രദ്ധിച്ചതേ ഇല്ല.

ഇനിയവരെ ആര്‍ക്ക് വേണം.....

കാലം മാറി..ഇന്നലെ വരെ തങ്ങള്‍ക്കായി കാത്തു കെട്ടിക്കിടന്നവര്‍ അവരെ കണ്ടഭാവം നടിച്ചില്ല..

പുതിയ യജമാനന്മാര്‍ക്ക് നല്ല പുളപ്പന്‍ അടിമകളോടായി താല്‍‌പര്യം...പണം അവര്‍ക്കൊരു പ്രശ്നവുമല്ല....ഉള്ളി വാങ്ങാനല്ലേ പണം തികയാത്തതുള്ളൂ.....ഇതിനൊക്കെ പണത്തിനാണോ പഞ്ഞം ?

ലേലം തുടങ്ങി...

അവര്‍ കോടികള്‍ വാരിയെറിഞ്ഞു .

ആ പണം കണ്ട് കച്ചവടം കണ്ടു നിന്ന നാട്ടുകാര്‍ “ഹുറേ ഹുറേ” എന്നാര്‍ത്തു വിളിച്ചു..അവരില്‍ ഭൂരിപക്ഷവും നാളുകളായി ഒരു നോട്ടു കെട്ട് പോലും കണ്ടിട്ടില്ലാത്തവരായിരുന്നു..കൊടീശ്വരന്മാരുടെ പണ സഞ്ചിയില്‍ നിന്ന് ഇറങ്ങുന്ന പണക്കിഴികള്‍ കണ്ട് അവരില്‍ പലരും ഹര്‍ഷോന്മാദത്തിലായി.ഒരു കഷണം ഉള്ളിയോ ഒരു തുള്ളി എണ്ണയോ ഇല്ലാത്തതുകൊണ്ട് വീട്ടിലെ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി എന്ന ചിന്ത അവരില്‍ ഉണ്ടായതേ ഇല്ല......

ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് പണമില്ലാത്തതെന്നും പട്ടിണി കിടക്കേണ്ടി വന്നതെന്നും അവരില്‍ ചില ദുഷ്ടന്മാര്‍ അടക്കം പറഞ്ഞു...അവരെ ലേലക്കാരുടെ പിണിയാളുകള്‍ കൈകാര്യം ചെയ്തു ..പ്രതിഷേധക്കാരുടെ പ്രധാന അവയവങ്ങള്‍ അവര്‍ വൃത്തിയായി അരിഞ്ഞെടുത്തു സഞ്ചികളില്‍ സൂക്ഷിച്ചു.

ലേലം പൊടി പൊടിച്ചു.സ്വന്തമാക്കപ്പെട്ട അടിമകളുമായി യജമാനന്മാര്‍ ചന്തക്ക് വലം വച്ചു.മല്ലയുദ്ധം കൊണ്ടുവരാന്‍ പോകുന്ന വികസന സാധ്യതകളെ പറ്റി അവിടെ എത്തിച്ചേര്‍ന്നിരുന്ന ഭരണാധികാരികള്‍ വാചാലരായി.കിട്ടിയ പണം ചാക്കുകളിലാക്കി അടിമകള്‍ തലയില്‍ ചുമന്നു നടന്നു.

സന്ധ്യയായി.

അപ്പോളും ആര്‍ക്കു വേണ്ടാത്തവര്‍ കാത്തിരുന്നു.അവരുടെ കണ്ണുകളില്‍ നനവിന്റെ ആര്‍ദ്രത.ഗതകാല സ്മരണകളില്‍ അവര്‍ മുഴുകി.ഒട്ടനവധി മല്ലയുദ്ധങ്ങളില്‍ യജമാനന്മാര്‍ക്ക് വേണ്ടി പോരാടിയതിന്റെ ഓര്‍മ്മകള്‍ ദു:ഖങ്ങള്‍ക്കിടയിലും ഒരു ചെറു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ വിടര്‍ത്തി

ആളുകള്‍ പിരിഞ്ഞു തുടങ്ങി..നാടിന്റെ പുരോഗതി ഓര്‍ത്ത് അവര്‍ അഭിമാനിച്ചു.

ചന്ത നാളെയും ഉണ്ടാവും..വ്യാപാരം പൊടി പൊടിച്ചേക്കാം...തങ്ങള്‍ക്കും ഒരു യജമാനന്‍ വരാതിരിക്കില്ല എന്നവര്‍ ആശ്വാസം കൊണ്ടു.........

നിങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ഞങ്ങള്‍ ചെയ്യുന്നതെന്ന് ഭരണാധിപന്മാര്‍ ജനങ്ങളോട് പറഞ്ഞു.അവര്‍ സന്തോഷപൂര്‍വം വീടുകളിലേക്ക് മടങ്ങി....!

(ചിത്രം മാത്രം ഗൂഗിളിനു സ്വന്തം)