Sunday, October 23, 2011

ഞാൻ കാണാത്ത മുല്ലനേഴി

“ശ്രീ മുല്ലനേഴി രചിച്ച “ സമതലം” എന്ന ഏകാങ്ക നാടകമാണു ഞങ്ങൾ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്.മനുഷ്യന്റെ ഇച്ഛാശക്തിയുടെ വിജയത്തിന്റെ കഥയാണു ഈ നാടകം നിങ്ങളോട് പറയുന്നത്”

കൃത്യമായി പറഞ്ഞാൽ ഇന്നേക്ക് 29 വർഷം മുൻപ് ഒരു ഏഴാം ക്ലാസുകാരൻ സ്കൂളിലെ മൈക്കിൽകൂടി വിളിച്ചു പറഞ്ഞ വാചകങ്ങളാണ് ഇത്.ആ നാടകത്തിലെ പ്രധാന കഥാപാത്രമായിരുന്ന ‘വൃദ്ധന്റെ’ ഭാഗം അഭിനയിച്ച ഞാൻ ആയിരുന്നു ആ കുട്ടി.മനുഷ്യന്റെ നിശ്ചയ ദാർഡ്യത്തിനു മുന്നിൽ ഏതു മലയും നിരപ്പാക്കി സമതലമാക്കി പുരോഗതി കൊണ്ടുവരാം എന്ന് ഉദ്‌ഘോഷിക്കുന്ന നാടകമായിരുന്നു അത്. വൃദ്ധനെങ്കിലും മനസ്സുകൊണ്ട് യുവത്വവും, യുവാക്കളെങ്കിലും മനസ്സിൽ വൃദ്ധരുമായ ഒരു പിടി കഥാപാത്രങ്ങൾ ആ നാ‍ടകത്തിൽ ഉണ്ടായിരുന്നു. “അ”, “ഇ”, “ഉ” എന്നൊക്കെയായിരുന്നു അവരുടെ പേരുകൾ.അവസാനം എല്ലാവരും ഉപേക്ഷിക്കുമ്പോളും ഒരു കൊച്ചുകുട്ടി വൃദ്ധനെ സഹായിക്കാനെത്തുകയും അങ്ങനെ അവർ മലനിരപ്പാക്കി സമതലം ഉണ്ടാക്കുകയും ചെയ്യുന്നു.

മുല്ലനേഴി എന്ന സാമൂഹിക പ്രതിബദ്ധത ഉള്ള സാഹിത്യകാരനെ അടുത്തറിഞ്ഞ നാളുകളായിരുന്നു അത്.എന്നാൽ ഞാൻ ഒരിക്കലും അദ്ദേഹത്തെ നേരിൽ കണ്ടിട്ടുമില്ല.

“മുല്ലനേഴി” എന്ന് ആദ്യം കേൾക്കുന്നത് വർഷങ്ങൾക്ക് മുൻപ് അതായത് 80 കളുടെ തുടക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂറിക്കാ ബാലവേദിയിൽ പ്രവർത്തിക്കുമ്പോളാണ്.അദ്ദേഹം എഴുതിയ പല ഗാനങ്ങളും നാടകങ്ങളും അന്ന് പരിഷത്തിന്റെ ശാസ്ത്ര കലാജാഥയിലും മറ്റും അവതരിപ്പിച്ചിരുന്നു.ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുഷ്കല കാലമായിരുന്നു അത്.അക്കാലത്ത് ഞങ്ങളുടെ നാട്ടിലെ യൂറിക്കാ ബാലവേദിയുടെ സെക്രട്ടറി കൂടി ആയിരുന്നു ഞാൻ. കുട്ടികളുടെ ഒരു നാടക സംഘം അന്ന് ഞങ്ങൾക്കുണ്ടായിരുന്നു.സ്കൂൾ യുവജനോത്സവങ്ങളിൽ പരിഷത്ത് നാടകങ്ങൾ അവതരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി.
ഈ നാടകങ്ങൾ ഒന്നും മത്സരത്തിനു വേണ്ടി ആയിരുന്നില്ല അവതരിപ്പിച്ചിരുന്നത്.മറിച്ച് രംഗാവതരണത്തിനു അത്ര പ്രാധാന്യമില്ലാത്ത ഈ നാടകങ്ങൾ ഒരു സന്ദേശരൂപേണയാണു ഞങ്ങൾ കളിച്ചിരുന്നത്.

അക്കാലത്ത് പരിഷത്തിന്റെ ജനകീയ പരിപാടി ആയിരുന്ന “ശാസ്ത്ര കലാജാഥ”യിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ഒട്ടു മിക്ക നാടകങ്ങളും ഞങ്ങൾ സ്കൂൾ യുവജനോത്സവങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്.അതിലൊന്നായിരുന്നു മുല്ലനേഴി മാഷിന്റെ “സമതലം” എന്ന നാടകവും. പരിഷത്തിന്റെ കലാജാഥയിൽ അദ്ദേഹവും അംഗമായിരുന്നു.എന്നാൽ അദ്ദേഹം വടക്കൻ ജാഥയിലെ അംഗമായിരുന്നതിനാൽ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ അന്നു തന്നെ മുല്ലനേഴി മാഷ് മനസ്സിൽ കയറിക്കൂടിയിരുന്നു.അദ്ദേഹത്തിന്റെ കവിതകളും നാടകങ്ങളും അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങളിൽ ഒട്ടൊന്നുമല്ല സ്വാധീനം ചെലുത്തിയിരുന്നത്.വിരൽത്തുമ്പിൽ വിജ്ഞാനം വിതറുന്ന വിവരസാങ്കേതിക വിദ്യാ വിപ്ലവം അരങ്ങേറുന്നതിനും മുൻപ് കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ “ശാസ്ത്രം ജനന്മക്ക്, ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്“എന്നീ മുദ്രാവാക്യങ്ങളുയർത്തി ശാസ്ത്രം പ്രചരിപ്പിച്ച ഒരു സംഘം നിസ്വാർത്ഥരായ സാമൂഹികപ്രവർത്തകരുടെ കണ്ണിയിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം.

പിന്നീട് ഏതാണ്ട് അതേ കാലത്തിറങ്ങിയ “മേള” എന്ന ചിത്രം കോട്ടയത്തെ അനുപമ തീയേറ്ററിൽ നിന്ന് കണ്ടിറങ്ങിയപ്പോൾ മനസ്സിൽ തങ്ങി നിന്ന ഒരു ഗാനം ഉണ്ടായിരുന്നു.ചിത്രത്തിലെ പുതുമുഖമായിരുന്ന മമ്മൂട്ടിയുടെ കഥാപാത്രം പാടിയ “ മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു..മനുഷ്യൻ കാണാത്ത പാതകളിൽ...” പിന്നിട് എപ്പോളോ റേഡിയോ വഴി, ആ ഗാനം രചിച്ചത് “മുല്ലനേഴി” ആണെന്ന് തിരിച്ചറിഞ്ഞു.മുല്ലനേഴി മാഷ് സിനിമാഗാനങ്ങളും എഴുതും എന്ന് അങ്ങനെയാണു മനസ്സിലായത്.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ചെന്നൈയിൽ “ഇൻഡ്യൻ റുപ്പി “ കണ്ടപ്പോളും മുല്ലനേഴിയുടെ ആ ലളിതസുന്ദരമായ വരികൾ ഒരിക്കൽ കൂടി കേൾക്കാൻ കഴിഞ്ഞു !

പലപ്പോളും സിനിമ ഗാനങ്ങളെഴുതി പ്രശസ്തരാവുന്നവരുടെ മറ്റു സാമൂഹിക പ്രവർത്തനങ്ങൾ നമ്മൾ അറിയാതെ പോകുന്നു.അടിയുറച്ച കമ്യൂണിസ്റ്റായിരുന്ന അദ്ദേഹം എന്നും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ടു .മിച്ച ഭൂമി സമരത്തിലും അദ്ധ്യാപക സമരത്തിലും ഒരു പോലെ പങ്കെടുത്തു.അടിച്ചമർത്തപ്പെട്ടവർക്കായി എന്നും പൊരുതി.നാടക പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിന്ന അദ്ദേഹം വി ടി യുടെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് “ എന്ന പ്രശസ്തമായ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. സാക്ഷരതാ പ്രസ്ഥാനത്തിന്റെ സമയത്ത് അതിന്റെ പ്രചാരണത്തിനായി എഴുതപ്പെട്ട മിക്ക ഗാനങ്ങളും മുല്ലനേഴി മാഷിന്റേതായിരുന്നു.കേരള സാഹിത്യ അക്കാദമിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.തന്റെ കണ്ണുകൾ ദാനം ചെയ്ത് മരണത്തിൽ പോലും അദ്ദേഹം
സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

അകാലത്തിലുണ്ടായ ആ വിയോഗത്തിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കുമുന്നിൽ ഒരു നിമിഷം ഞാൻ മൌനിയാകുന്നു..ശരീരത്തിന്റെ പ്രായമല്ല , മനസ്സിന്റെ യുവത്വമാണു പ്രധാനം എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച അദ്ദേഹത്തിന് ആദരാഞ്ജലികൾ !ഒരു സംസഥാന ബഹുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങളെപ്പോലെയുള്ള ഒരു പിടി ആൾക്കാരുടെ മനസ്സിൽ എന്നെന്നും അദ്ദേഹം ഉണ്ടായിരിക്കും !

എനിക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചില സിനിമാഗാനങ്ങൾ.( ലിങ്കുകളിൽ ഞെക്കി കേൾക്കാം)
1:സൌരയൂഥ പഥത്തിലെങ്ങോ സംഗമപ്പൂവിരിഞ്ഞൂ ( വെള്ളം)
2:മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു ( മേള)
3: കറുകറുത്തൊരു പെണ്ണാണ് ( ഞാവൽ പഴം)
4: ആകാശനീലിമ മിഴികളിലെഴുതും ( കൈയും തലയും പുറത്തിടരുത്)

(കടപ്പാട്:: മുല്ലനേഴിയുടെ ചിത്രത്തിനു www.mullanezhi.com എന്ന സൈറ്റിനും ഗാനങ്ങൾക്ക് യു ട്യൂബിൽ ഗാനങ്ങൾ ഇട്ടവർക്കും)

21 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എക്കാലവും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം നിലകൊണ്ട് മുല്ലനേഴി മാഷിനു ആദരാഞ്ജലികൾ !

അനില്‍@ബ്ലോഗ് // anil said...

മരണം എന്ന അനിവാര്യതക്ക് മുന്നിൽ എല്ലാവർക്കും കീഴടങ്ങിയെ മതിയാകൂ. എന്നിരുന്നാലും തലമുറകൾ കൊഴിയുമ്പൊൾ ഉണ്ടാവുന്ന നഷ്ടം ആലോചിക്കുമ്പോൾ വിഷമിക്കാതിരിക്കാനുമാവുന്നില്ല. ഏതു മേഖലയിലും പ്രത്യേകിച്ച് ഗാന രചനാ രംഗത്ത് പഴയ തലമുറയുടെ നഷ്ടം ഒരിക്കലും നികത്തപ്പെടാൻ പോകുന്നെ ഇല്ല. നമുക്കെന്തു ചെയ്യാനാകും !

ആദരാഞ്ജലികൾ നേരുന്നു.

Kiranz..!! said...

പല ഓർമ്മകളേയും തൊട്ടുണർത്തിയ പോസ്റ്റ്..നന്ദി സുനിലപ്പാ

ശ്രീനാഥന്‍ said...

നന്നായി ഈ സ്മരണാഞ്ജലീ

സജി said...

ആകാശനീലിമ മിഴികളിലെഴുതും- ആ ഒരൊറ്റ പാട്ടു മതി മുല്ലനേഴി എന്നും എന്നും ഓർമ്മിക്കപ്പെടാൻ!!

പാപ്പാത്തി said...

സൌരയൂഥ പഥത്തിലെങ്ങൊ സംഗമ പ്പൂ വിരിഞ്ഞു...കറുകറുത്തൊരു പെണ്ണാണ്...ഈ പാട്ടുകൾ മറക്കാൻ കഴിയുമൊ......!!!

kichu / കിച്ചു said...

ആദരാഞ്ജലികൾ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഓർമ്മകുറിപ്പുകളും സ്മരണാഞ്ജലിയും അസ്സലായിരിക്കുന്നു കേട്ടി സുനിൽ ഭായ്.
ഒപ്പം മുല്ലനേഴിക്ക് പ്രണാമങ്ങളും അർപ്പിച്ചുകൊള്ളുന്നൂ.

ഇന്ന് സായിപ്പിന്റെ വിഴുപ്പലക്കുമ്പോഴും ഈ കവിക്കൊപ്പം അന്ന് പാടിയ പാട്ട് ഓർമ്മവരുന്നു..
“ സായ്പ് പോയിട്ട് നാല്പത് വർഷത്തിലേറെ കഴിഞ്ഞല്ലോ...
എന്നിട്ടാ സായിപ്പിൻ ഭാഷയിൽ....”

കുഞ്ഞൂസ്(Kunjuss) said...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി സുനില്‍... അദ്ദേഹത്തിന്റെ സ്മരണക്കു മുന്നില്‍ പ്രണാമം.

Kalavallabhan said...

മലയാളത്തിന്റെ നഷ്ടപ്പട്ടികയിലെ അവസാന കണ്ണി.

Sapna Anu B.George said...

ഉഗ്രൻ സുനിൽ ഏറ്റവും നന്നായിട്ടുണ്ട്, ആദ്ദേഹം എഴുതിയ പാട്ടുകളിൽ മിക്കവയും എന്റെ ഏറ്റവും ഇഷ്ടപ്പെട്ടവയാണ്.നന്ദി സുനിൽ ഇത്ര നല്ല ഒരു വായനക്ക്

ramachandran said...

ഈ അനുസ്‌മരണം സമയോചിതം..ആദരാഞ്ജലികൾ

Typist | എഴുത്തുകാരി said...

ഈ പാട്ടുകളൊക്കെ ആർക്കാ മറക്കാൻ കഴിയുക.അനിൽ പറഞ്ഞതുപോലെ ഈ നഷ്ടമൊന്നും നികത്താൻ കഴിയുമെന്നു തോന്നുന്നില്ല.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മുല്ലശേരി മാഷിനു ആദരാഞ്ജലികൾ നൽകാൻ എത്തിയ എല്ലാവർക്കും നന്ദി !

Kannapi said...

സന്മനസ്സുള്ളവരക് സമാധാനത്തിലെ "പവിഴ മല്ലി പൂത്തുല്ഞ" എന്ന ഗാനം
അദേഹും നല്ല മനുഷ്യസ്നേഹീ ആയിരുന്നു.

Myna said...

ആദരാഞ്ജലികള്‍..ഒപ്പം കുറിപ്പിന് നന്ദി. ഇക്കൊല്ലം അക്കാദമി അവാര്‍ഡ് ദാനച്ചടങ്ങില്‍ വെച്ച് ആദ്യമായും അവസാനമായും കാണാനായി..ഓര്‍മകള്‍ക്കുമുന്നില്‍..സംഭാവനകള്‍ക്കുമുന്നില്‍, പുതുവെളിച്ചത്തിന്റെ ്അക്ഷരങ്ങള്‍ക്കുമുന്നില്‍ ശിരസ്സു നമിക്കുന്നു

സ്മിത മീനാക്ഷി said...

മഹാന്‍‌മാരെയൊക്കെ കാണണം എന്നില്ലല്ലോ തിരിച്ചറിയാന്‍.. സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്‌ജലികള്‍ .,.

Prasanna Raghavan said...

ഒക്കെ എനിക്കു പുതിയ അറിവുകളായിരുന്നു. മരണത്തൊടെയെങ്കിലും ആ മനുഷ്യസ്നേഹിയെ മനസിലാക്കാന്‍ കഴിഞ്ഞല്ലോ. നന്ദി.

അദ്ദേഹത്തിന്റെ സ്മരണ എന്നു നില നില്ക്കട്ടെ

ജന്മസുകൃതം said...

ഓര്‍മ്മക്കുറിപ്പ്‌ നന്നായി.
ആ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്‌ജലികള്‍ .,.

benny / ബെന്നി said...

മുല്ലനേഴി മാഷ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഇതെഴുതിയ സുനിലിന് നന്ദിയും!

K.N .Krishnan said...

mullanezhy erattupettayil vannittund.