Tuesday, June 3, 2014

പടയോട്ടങ്ങളേറെക്കണ്ട ചന്ദ്രഗിരിക്കോട്ട !

ചന്ദ്രഗിരിപ്പുഴ...

കർണ്ണാടകത്തിൽ നിന്ന് ഉത്ഭവിച്ച് നൂറു കിലോമീറ്ററുകൾ താണ്ടി   ഒരു വെള്ളിയരഞ്ഞാണം പോലെ കാസർഗോഡ് പട്ടണത്തെ തഴുകിക്കൊണ്ട്  അറബിക്കടലിന്റെ  അഗാധതയിൽ വിലയം പ്രാപിക്കുന്നു.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി..ഏതെതെല്ലാം രാജാക്കന്മാർ, എത്രയെത്ര പടയോട്ടങ്ങൾ, എതൊക്കെ അധിനിവേശങ്ങൾ,ഏതൊക്കെ സംസ്കാരങ്ങൾ..  ചന്ദ്രഗിരിപ്പുഴയ്ക്ക്  പറയാൻ എത്രയെത്ര കഥകളാണുണ്ടാവുക !

ചെവിയോർക്കുക..

ആ കഥകൾ ചന്ദ്രഗിരി നമ്മോട് പറയും!

കുമ്പളരാജവംശം,കോലത്തിരി രാജവംശം,വിജയനഗര സാമ്രാജ്യം,ഇക്കേരി നായ്ക്കന്മാർ,ബേഡന്നൂർ നായ്ക്കന്മാർ,ടിപ്പു സുൽത്താൻ, ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി...ഇങ്ങനെ കാസർഗോഡിനെ ഭരിച്ച എത്രയോ പേർ..ഒരു നൂറു കഥകൾ...

ചന്ദഗിരിപ്പുഴയ്ക്ക് വടക്ക് തുളുനാടും തെക്ക് മലയാളനാടും എന്നതാണു കണക്ക്.തെക്ക് ഭാഗം ദീർഘകാലം കണ്ണൂരിലെ കോലത്തിരി രാജവംശത്തിന്റെ  കീഴിലും ആയിരുന്നു.തുളുനാടിന്റെയും കോലത്തിരി നാടിന്റെയും അതിർത്തികൂടിയായിരുന്നു ചന്ദ്രഗിരിപ്പുഴ.

കാസർഗോഡ് നിന്ന് തെക്കോട്ട് തീവണ്ടിയിൽ യാത്രചെയ്യുമ്പോൾ ഏകദേശം അഞ്ചു കിമീ കഴിയുമ്പോൾ നനയനാന്ദകരമായ കാഴ്ചകൾ സമ്മാനിച്ചുകൊണ്ട് ട്രയിൻ ഒരു വലിയ പാലം കടക്കുന്നു.ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിൽ നിന്നുള്ള കാഴ്ച ഒരു വട്ടമെങ്കിലും കണ്ടിട്ടുള്ളവർ അത് മറക്കാനിടയില്ല.വലതുവശത്ത് ശാന്തയായ അറബിക്കടൽ..ഒഴുകി ഒഴുകി എത്തുന്ന ചന്ദ്രഗിരിപ്പുഴ  അറബിക്കടലിന്റെ മാറിൽ വിലയം പ്രാപിക്കുന്നു..എല്ലാം ഒന്നാവുന്ന നിമിഷം.. പ്രകൃതി സൃഷ്ടിച്ചിരിക്കുന്ന പുലിമുട്ട്.

(തീവണ്ടിയിൽ നിന്നുള്ള കാഴ്ച..അങ്ങു ദൂരെ കോട്ട കാണാം )
ഇടതു ഭാഗത്ത് കിഴക്കേ ദിക്കിൽ നിന്നും പ്രൗഡയായി എത്തുന്ന പുഴ..സൂര്യന്റെ പ്രഭയിൽ ആ സൗന്ദര്യം വെട്ടിത്തിളങ്ങുന്നു.അങ്ങു ദൂരെ കുന്നിൻ മുകളിൽ  തലയുയർത്തി  നിൽക്കുന്ന തെങ്ങിൻ തോപ്പുകൾ..ചെറിയ വീടുകൾ.അവയ്ക്കിടയിലൂടെ കുന്നിൻ മുകളിലേയ്ക്ക് ശ്രദ്ധയോടെ ഒന്ന് കണ്ണോടിച്ചാൽ ഒരു ചെറിയ കോട്ട ഉയർന്നു നിൽക്കുന്നത് കാണാം..കണ്ണടച്ചു തുറക്കും മുൻപേ ട്രയിൻ പാലം കടന്ന് പോകുന്നു..ഒരു ചെറിയ സ്റ്റേഷൻ പുഴക്കരയിൽ തന്നെ ..കളനാട്  സ്റ്റേഷൻ.

ഇതാണു ചന്ദ്രഗിരിക്കോട്ട...വലിപ്പത്തിൽ ചെറുതെങ്കിലും ചരിത്രത്തിന്റെ ദശാസന്ധികൾ പലതും കണ്ട മനോഹര കോട്ട...അവിടേയ്ക്കാണു ഇന്ന് എന്റെ യാത്ര.

എന്നോടൊപ്പം യാത്രയിൽ കാസർ ഗോഡ് താമസിക്കുന്ന എന്റെ ബന്ധുകൂടിയായ ഒരു ചേച്ചിയും അവരുടെ മകനും ഉണ്ടായിരുന്നു.ഞങ്ങൾ കോട്ടയിലേക്ക് പോയത് റോഡ് മാർഗമാണു.ഒരു ജനുവരിമാസത്തെ ഞായറാഴ്ച ഉച്ച തിരിഞ്ഞ് കാസർഗോഡ്  പുതിയ ബസ്‌സ്റ്റാൻഡിൽ ഞങ്ങൾ കണ്ടുമുട്ടി.അവിടെ നിന്നും കാസർഗോഡ് -കാഞ്ഞങ്ങാട് പാതയിൽ അഞ്ചു കിമീ സഞ്ചരിച്ചാൽ എത്തുന്ന ഒരു ചെറിയ ടൗൺ ഉണ്ട്.മേൽപ്പറമ്പ് ടൗൺ.ബസ്‌സ്റ്റാൻഡ് പരിസരത്ത് നിന്ന് ഓട്ടോ വിളിച്ചു.അന്ന് 60 രൂപ.ഞങ്ങൾ കയറി.ഓട്ടോ റിക്ഷക്കാരൻ ഞങ്ങളേയും കൊണ്ട് ദേശീയപാതയിലേക്ക് കടന്നു.

നേരത്തെ ഒന്നു രണ്ടു വർഷം മുൻപ് ബേക്കൽ കോട്ട കാണാൻ ഇതേ പാതയിലൂടെ പോയിട്ടുണ്ട്.അത് കാസർഗോഡ് നിന്ന് ഏതാണ്ട് 20 കിമീ ദൂരെയാണു.അന്ന് പക്ഷേ എനിക്ക് ചന്ദ്രഗിരിക്കോട്ട കാണാൻ സാധിച്ചിരുന്നില്ല.


അല്പദൂരം ചെന്നപ്പോൾ ഓട്ടോ ചന്ദ്രഗിരിപ്പുഴക്ക് കുറുകെയുള്ള പാലത്തിലെത്തി.വീതികൂടിയ പാലമെത്തിയപ്പോൾ ഓട്ടോക്കാരൻ ചേട്ടനോട് അല്പമൊന്നു നിർത്താൻ ഞാൻ ആവശ്യപ്പെട്ടു.അയാൾ വാഹനം റോഡരുകിൽ ചേർത്തു നിർത്തി.ഞങ്ങളിറങ്ങി പാലത്തിലൂടെ നടന്നു. നിറഞ്ഞൊഴുകുന്ന പുഴ ..നീല നിറം..ഇരു വശങ്ങളിലും സമൃദ്ധമായി വളരുന്ന തെങ്ങുകൾ..ദൂരെ ദൂരെ നോക്കെത്താ ദൂരത്തോളം പുഴ ഒഴുകി വരുന്നു.ആ ഭംഗി കണ്ടു തന്നെ അറിയേണ്ടതാണു.ഒന്നു രണ്ടു ചിത്രങ്ങളുമെടുത്ത് ഞങ്ങൾ യാത്ര തുടർന്നു. മേൽപ്പറമ്പ് ടൗണിൽ എത്തി.ഒരു സാധാരണ ഗ്രാമീണ ടൗൺ ആണു മേൽപ്പറമ്പ്.ഇവിടെ ചന്ദ്രഗിരിക്കോട്ടയിലേക്കുള്ള പാത കൃത്യമായി ബോർഡിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.അവിടെനിന്ന് 900 മീറ്റർ മാത്രമേയുള്ളൂ.ഓട്ടോക്കാരൻ അങ്ങോട്ട് തിരിച്ചു.അത്രയധികം ആൾത്താമസമില്ലാത്ത പാതയോരം ..ഇടുങ്ങിയ പാതയാണ്..അധികം താമസിയാതെ തന്നെ കോട്ടയുടെ മുൻഭാഗത്തെത്തി.


സമുദ്രനിരപ്പിൽ നിന്ന് 150 അടിയോളം ഉയരത്തിലാണു കോട്ട.അതുകൊണ്ട് തന്നെ പടികളിലൂടെ മേലോട്ട് കയറിപ്പോയെങ്കിൽ മാത്രമേ കോട്ടക്കുള്ളിൽ എത്താൻ സാധിയ്ക്കൂ..കോട്ടയ്ക്ക് മൂന്നു വാതിലുകളാണുള്ളത്.പ്രധാന വാതിലിൽ ആർക്കിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉദ്യോഗസ്ഥൻ ഉണ്ട്.അവിടെ ഒരു രജിസ്റ്ററിൽ നമ്മൾ വിവരങ്ങൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഉള്ളിലേയ്ക്ക് പോകാം.

ഏതാണ്ട്  7 ഏക്കറിലാണു കോട്ട സ്ഥിതിചെയ്യുന്നത്.ഞങ്ങൾ ചെല്ലുന്ന സമയത്തും കോട്ട അത്ര നല്ല നിലയിലായിരുന്നില്ല.എന്നാൽ കോട്ട വൃത്തിയാക്കി മോടി പിടിപ്പിക്കുന്ന പണി ആ സമയത്ത് നടന്നുകൊണ്ടിരുന്നു.കോടിയേരി ബാലകൃഷ്ണൻ ടൂറിസം വകുപ്പ് ഭരിയ്ക്കുന്ന സമയമായിരുന്നു അത്.നശിച്ചു കൊണ്ടിരുന്ന പല പ്രധാന കോട്ടകളും സംരക്ഷിക്കാൻ തുടങ്ങിയിരുന്ന സമയം.


കോട്ടയ്ക്കുള്ളിൽ ഞങ്ങൾ ഒന്ന് ചുറ്റി.അതിന്റെ കൊത്തളങ്ങളിൽ കയറിനിന്നു ചുറ്റും നോക്കിയാൽ കാണുന്ന കാഴ്ചകളെ ഒപ്പിയെടുക്കാൻ എത്ര നല്ല ക്യാമറയ്ക്കും പറ്റില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും ഈ കാഴ്ച കണ്ടു തന്നെ അറിയണമെന്നാണെനിക്ക് പറയാനുള്ളത്.ഒരു ഭാഗത്ത് അറബിക്കടലിന്റെ അനന്ത വിശാലത.. മറുഭാഗത്ത് ഏഴു ഭാഷകളും സംസ്കാരങ്ങളും സംഗമിയ്ക്കുന്ന കാസർ ഗോഡൻ തീരദേശ ഗ്രാമങ്ങളുടെ മനോഹാരിത.അങ്ങകലെ കാസർഗോഡ് പട്ടണം ഒരു പൊട്ടുപോലെ കാണാം.അവിടെ നിന്ന് നോക്കിയാൽ മുനിസിപ്പൽ ബിൽഡിംഗ് തലയുയർത്തി നില്ക്കുന്നത് കാണാം.


താഴെ അങ്ങു ദൂരെ ചന്ദ്രഗിരിപ്പുഴ നോക്കെത്താദൂരത്തു നിന്നും ഒഴുകിയെത്തി കടലിൽ ചേരുന്നു.അതിനു കുറുകെയുള്ള പാലത്തിലൂടെ ഒരു തീവണ്ടി ചൂളം വിളിച്ച് കടന്നു പോകുന്നു.അതിനോട് ചേർന്ന് ഫിഷിംഗ് ഹാർബർ ..ഈ കാഴ്ചകൾക്ക് പകരം വയ്ക്കാൻ മറ്റെന്താണുള്ളത്!

കോട്ടയിൽ രണ്ടു ഗുഹകളും ഒരു കുളവും ഒരു കിണറുമുണ്ട്.പക്ഷേ പലതും അപ്പോൾ കാടു പിടിച്ചു കിടന്നിരുന്നു.

അല്പം ചരിത്രം

ആദ്യം പറഞ്ഞ പോലെ ഒരു ഭാഗത്ത് കോലത്തുനാടും മറുഭാഗത്ത് തുളുനാടുമായിരുന്നു.എന്നാൽ പതിനാറാം നൂറ്റാണ്ടിൽ തുളുനാട്  വിജയനഗര സാമ്രാജ്യത്തിനു കീഴടങ്ങി.ആ സമയത്ത് ചന്ദ്രഗിരിയുൾപ്പെടുന്ന ഭാഗം കോലത്തു നാടിനും നഷ്ടമായി.അതും വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലെത്തി.ഈ ഭാഗം ഭരിയ്ക്കാൻ ഏൽപ്പിച്ചിരുന്നത് ഇക്കേരിയിലെ കേലാടി നായ്ക്കന്മാരെ ആയിരുന്നു.എന്നാൽ വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം അതുവരെ അവരുടെ സാമന്തന്മാരെപ്പോലെ ആയിരുന്ന കേലാടി നായ്ക്കന്മാർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.വെങ്കപ്പ നായക ആയിരുന്നു അക്കാലത്തെ രാജാവ്..പിന്നീട്  പതിനേഴാം നൂറ്റാണ്ടിൽ ശിവപ്പ   നായിക് ആണു രാജ്യം വിപുലമാക്കിയതും കോട്ടകൾ പണിതതും.ബേക്കൽ അതിലൊന്നാണു. .ചന്ദ്രഗിരിക്കോട്ടയാണ് അടുത്തത്.അങ്ങനെ ദീർഘകാലം ഈ പ്രദേശം കേലാടി നായ്ക്കന്മാരുടെ കീഴിലായിരുന്നു.എന്നാൽ പിന്നീട് ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് അവരുടെ കൈയിലും അതിനുശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ കൈയിലും എത്തിച്ചേർന്നു.ഇന്നിപ്പോൾ പുരാവസ്തു വകുപ്പിനു കീഴിലുള്ള ഒരു സംരക്ഷിത സ്മാരകമാണു ചന്ദ്രഗിരിക്കോട്ട.


കോട്ടയിലൂടെ ചുറ്റിനടന്ന് അറബിക്കടലിന്റെയും മലനാടിന്റെയും മനോഹാരിത ആവോളം ആസ്വദിച്ചു.ചില ചിത്രങ്ങൾ എടുത്തു.ഏതെല്ലാം രാജാക്കന്മാർ ഇവിടെ വന്നുപോയിട്ടുണ്ട്.ഏതൊക്കെ നാടിന്റെ ചരിത്രം ആ വാൾ മുനകളുടെ തുമ്പിൽ മാറി മറിഞ്ഞിട്ടുണ്ടാവും! ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ !

ആകാശം ചുവന്നു തുടുത്തു..ഞങ്ങൾ കോട്ടയിൽ നിന്ന് വെളിയിലിറങ്ങി.പടികളിറങ്ങി താഴെയെത്തി ചന്ദ്രഗിരിയുടെ തീരത്തേക്ക് നടന്നു..പുഴയിലെ കുഞ്ഞോളങ്ങൾ അസ്തമയ സൂര്യന്റെ പ്രഭയിൽ മിന്നിത്തിളങ്ങി..അവ ഞങ്ങളെ മാടി വിളിച്ചു..!


ചന്ദ്രഗിരിയോട് വിടപറഞ്ഞ്  മേൽപ്പറമ്പ് ടൗണിലേയ്ക്ക് നടക്കുമ്പോൾ എവിടെയോ ചരിത്രത്തിൽ നിന്നൊരു കുളമ്പടി ശബ്ദം കേൾക്കുന്നുവോ? ഏതൊക്കെയോ രണഭേരികൾ മുഴങ്ങുന്നുവോ?

കോട്ടയിൽ പോയിട്ട് മൂന്നിലേറെ വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു.എങ്കിലും ഇന്നും മനസ്സിന്റെ കോണിൽ ഓരോ കാഴ്ചകളും പച്ച പിടിച്ചു നിൽക്കുന്നു..മറക്കാനാവില്ലൊരിയ്ക്കലും ഈ മനോഹരക്കാഴ്ചകൾ !

(കടപ്പാട്:വിവിധ പുസ്തകങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക്)