Saturday, December 27, 2008

“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”

അന്നക്കുട്ടിയ്ക്കു ചിരിയും കളിയും മുറുകുമ്പോൾ ടീലറച്ചനായിരുന്നു ഏകരക്ഷ.അദ്ദേഹം വന്നു തലയ്ക്കു പിടിച്ചു ഒന്നു പ്രാർത്ഥിയ്ക്കും.പെണ്ണിനു സുഖമാകും.എന്നാൽ വിവരം കെട്ട മനുഷ്യർ പലതും പറയുന്നു.അതുകൊണ്ട് ആരും കാണാതെ ചിലപ്പോൾ ഇരുട്ടത്താണു അച്ചൻ അവിടെ ചെന്നു കയറുക.ആ പെണ്ണിനാണെങ്കിൽ മരുന്നുകൾ എന്തെല്ലാം കൊടുത്തു നോക്കി!അന്നും പകൽ സമയത്തു അവൾക്ക് എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ട് അച്ചൻ വന്നു.ഏതാണ്ട് ഒമ്പതു മണിയോടെ അച്ചൻ വന്നു മുറിയിൽ കയറിയത് സ്വന്തം കണ്ണുകൊണ്ടു തന്നെ ആ അമ്മ കണ്ടതാണ്.കൂരാലിയെ കറന്നു കുറച്ചു പാലുള്ളതു കാച്ചി അച്ചനു കൊടുക്കാൻ അവർ കൊണ്ടു ചെന്നു.അച്ചനും അന്നക്കുട്ടിയും ഇരിയ്ക്കുന്ന മുറിയുടെ വാതിൽ അടച്ചിട്ടുണ്ടായിരുന്നു.അതുകൊണ്ടു പുരത്തു നിന്ന് ആ അമ്മ വിളിച്ചു.അന്നക്കുട്ടി വാതിൽ തുറന്ന് പാൽ വാങ്ങി.അച്ചനു അത്രയുമെങ്കിലും കൊടുക്കാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെ ആ വൃദ്ധ തന്റെ കിടക്കയിലേയ്ക്കു പോയി.തലയുറക്കം തീർന്നില്ല.അപ്പോളാണു പതിവില്ലാത്ത ബഹളം.അവർ വന്നു നോക്കുമ്പോൾ മറ്റൊരു വികാരിയച്ചൻ കൂടി നിൽ‌ക്കുന്നു!അവർക്കു അത്ഭുതമായി.
”ആഹാ രണ്ട് വികാരിയച്ചന്മാരോ?”.അവർ അറിയാതെ ചോദിച്ചു പോയി.ളോഹക്കാർ രണ്ടു പേർ അവിടെ നിൽ‌ക്കുന്നു.കുനിഞ്ഞതലയും വാരിച്ചുറ്റിയ പുടവയും അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടി നിൽക്കുകയാണ്.ആ ളോഹക്കാർ പരസ്പരം നോക്കി സ്തംഭിച്ച് അങ്ങനെ നിൽ‌ക്കുന്നു.ടീലറച്ചന്റെ മുഖത്തു നിന്നു തകര വിളക്കു പൊക്കി മറ്റേ വികാരിയച്ചന്റെ മുഖത്തേയ്ക്കു അവർ നോക്കി.അപ്പോളാണു അവർക്കു സംശയം തീർന്നത്.
”ങ്‌ഹാ! അന്തോനീ നീയുമച്ചനായോടാ?”ആ ഭക്തയ്ക്കു കണ്ണും തലയും ചുറ്റുന്ന അദ്ഭുതമുണ്ടായി.കുശിനിക്കാരൻ അന്തോനീം ളോഹയിട്ട് അച്ചനായി നിൽക്കയാണ്.
----(പൊൻ‌കുന്നം വർക്കിയുടെ “അന്തോനീ നീയുമച്ചനായോടാ‍?” എന്ന കഥയിൽ നിന്നും)

നീണ്ട 16 വർഷം ഒരു പാവപ്പെട്ട കുടുംബത്തിനെ കണ്ണീരു കുടിപ്പിച്ച ഇവിടുത്തെ മത നേതൃത്വം അഭയാകേസിൽ അറസ്റ്റ് നടന്നപ്പോൾ പ്രതികളെ രക്ഷിയ്ക്കാൻ കാണിയ്ക്കുന്ന വ്യഗ്രത ഒന്നു കാണേണ്ടതും കേൾക്കേണ്ടതുമാണ്.രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ മത നേതൃത്വം ലജ്ജിച്ചു തല താഴ്തട്ടെ.”നിയമം അതിന്റെ വഴിയ്ക്കു നീങ്ങട്ടെ “ എന്നോ “കുറ്റവാളികളാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ “ എന്നോ പോലും ഒരു വാക്കുരിയാടാൻ “ഈ ദൈവത്തിന്റെ അംബാസഡർമാർക്ക്” ( കടപ്പാട്: പൊൻ‌കുന്നം വർക്കി) കഴിയുന്നില്ല.പകരം ഈ ആട്ടിൻ തോലണഞ്ഞ ചെന്നായ്ക്കൾ നിരപരാധികളാണെന്നു സ്ഥാപിച്ചെടുക്കാൻ വിഫല ശ്രമങ്ങൾ നടത്തി.ആരുടെ കണ്ണിൽ പൊടിയിടാനും ആരെ രക്ഷിയ്ക്കാനും ആണിത്?മുട്ടിനു മുട്ടിനു ഇടയലേഖനങ്ങലെഴുതുന്ന ഇവർ തങ്ങളിലൊരാൾ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ഒരു നോട്ടിസ് പോലും അടിച്ചില്ല.തങ്ങളുടെ മണിയറകളിലെ തിരുവിളയാട്ടങ്ങൾ അബദ്ധ വശാൽ കണ്ടു പോയി എന്ന ഒറ്റ കുറ്റത്തിനു തിരു സഭയിലെ പാവം “കർത്താവിന്റെ മണവാട്ടി”യെ തലക്കടിച്ചു കൊല്ലാൻ കാട്ടിയ അതേ നിസംഗത പ്രതികളുടെ മുഖത്തും നിഴലിച്ചു കണ്ടു.ഈ ളോഹകളിലെ പാപക്കറകൾ കഴുകിക്കളയാൻ ഏതു പാതിരിയുടെ മുന്നിൽ ഇവർ “കുമ്പസാരി”യ്ക്കും? തെറ്റു ചെയ്യാത്തവനല്ലേ കല്ലെറിയാൻ പറ്റൂ...

അവസാനം ഇടയലേഖനവും വന്നു.കഴിഞ്ഞ 16 വർഷം കല്ലിനു കാറ്റു പിടിച്ച പോലെ ഇരുന്ന തിരുസഭ സ്വന്തം വാലിൽ ചുറ്റിയ തുണിയിലാണു തീ പിടിച്ചിരിയ്ക്കുന്നത് എന്നറിഞ്ഞപ്പൊൾ ലങ്കാദഹനത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നു.
”നമ്മളി‌പ്പോളും നിരപരാധികളെന്ന് വിശ്വസിയ്ക്കുന്ന പ്രതികൾക്കുവേണ്ടി പ്രാർഥിയ്ക്കുക” എന്ന ആഹ്വാനത്തോടെ..നിരപരാധികളാണെങ്കിൽ പിന്നെ എന്തിനു പ്രത്യേക പ്രാർഥന?കോടതിയിൽ സത്യം തെളിയുമല്ലോ.”അഭയയുടെ മരണം നമുക്കു മനോവേദന ഉണ്ടാക്കിയെങ്കിൽ ഇവരെ പ്രതികളാക്കിയതു വഴി അതു ഇരട്ടിച്ചിരിക്കുന്നു..” ഹാ ! എത്ര ലളിതം മനോഹരം ..കാര്യങ്ങൾ...!ഒരു പാവം കന്യാസ്ത്രീ കൊല്ലപ്പെട്ടത് വെറും മനോവേദനയിൽ ഒതുക്കാൻ മാത്രം തിരുസഭ മാനസിക പക്വത നേടിയിരിക്കുന്നു.അന്നൊരു ഇടയലേഖനവും എഴുതാതിരുന്നത് ഈ പക്വത മൂലമാണ്.“അഭയയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതിനാൽ സഭ പിന്നീട് പുനരന്വേഷണം ആവശ്യപ്പെട്ടില്ല” എന്ന പരോക്ഷമായ ഒരു കുറ്റ സമ്മതവും ഇതിലുണ്ട്.കൊലപാതകമാനെന്നു ഇപ്പോളെങ്കിലും സമ്മതിച്ചല്ലോ.ഇനിയിപ്പോൾ പ്രതികൾ ഇവരല്ല എന്നതു മാത്രമാണു സഭയ്ക്കു “ഉറപ്പു”ള്ളത്.

ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു പാപം കഴുകിക്കളയുക എന്ന് കുഞ്ഞാടുകളെ പഠിപ്പിയ്ക്കുന്ന ഒരു മഹാ സഭയാണു ഈ കഴിഞ്ഞ 16 വർഷവും, എന്തിനു ഇപ്പോൾ പോലും ഈ തെറ്റിനെ പുതപ്പിട്ടു മൂടി സംരക്ഷിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും ദയനീയം.ഒറീസയിൽ പ്രശനം ഉണ്ടാകുമ്പോൾപ്പോലും ഇവിടെ പ്രതികരിയ്ക്കുന്ന ഈ ദൈവ ദാസന്മാർ അഭയ എന്ന പാവം കുട്ടി മൃഗീയമായി കൊല്ലപ്പെട്ടതിനെതിരെ ഒരു പ്രതിഷേധ ജാഥയെങ്കിലും സംഘടിപ്പിച്ചോ? എന്തിന്, ഇപ്പോളും ആരോടാണു അവർ കൂറു പുലർത്തുന്നത്.?

മറിയക്കുട്ടി കൊലക്കേസു പോലെ ഇതും ഒരു പക്ഷേ തേഞ്ഞു മാഞ്ഞു പോയേക്കാം.റോമിൽ നിന്നു എത്ര കോടികൾ ഇനിയും ഇറങ്ങാനിരിയ്ക്കുന്നു.എന്നാലും ഈ കണ്ടെത്തലുകളും അറസ്റ്റുകളും സമൂഹ മന:സാക്ഷിയെ ഒരു വലിയ പാഠം പഠിപ്പിയ്ക്കുന്നു.അതാണു ഈ കേസിലെ ഏറ്റവും വലിയ വിജയവും.നിന്നെപ്പോലെ നിന്റെ അയൽ‌ക്കാരനേയും സ്നേഹിയ്ക്കുക എന്ന് പഠിപ്പിച്ച മഹാനുഭാവന്റെ പിൻ‌മുറക്കാർ എത്തി നിൽ‌ക്കുന്ന ചെളിക്കുണ്ടിന്റെ ആഴം കാട്ടിത്തരാൻ ഈ സംഭവം ഇടയാക്കി.പാതിരികൾ പ്രതികളായ് വേറെയും കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.അതൊലൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇതിലുള്ളത് കൊല്ലപ്പെട്ടതു സഭയിലെ തന്നെ ഒരു ദൈവ ദാസിയാണെന്നതാണ്.

രണ്ടാമത്തെ പ്രത്യേകത ഈ കേസ് തേച്ചു മായ്ചു കളയാനും പ്രതികളെന്നു ആരോപിയ്ക്കുന്നവരെ സംരക്ഷിയ്ക്കാനും സഭ തന്നെ ഏറ്റവും മുൻ‌പന്തിയിൽ നിൽക്കുകയും ചെയ്തു എന്നതാണു.അതു വഴി തങ്ങളുറ്റെ ചായ്‌വ് എങ്ങോട്ടേയ്ക്കു എന്ന് അവർ വ്യക്തമാക്കി.ഇതിന്റെ മറ്റൊരു മുഖം തന്നെയാണു സംഘപരിവാറും.മാലേഗാവ് സ്ഫോടനകേസിലെ പ്രതിയെ സംരക്ഷിയ്ക്കാനും, അവർക്കായി വാദിയ്ക്കാനും വന്നിരിയ്ക്കുന്നത് ആരാണു?ബി.ജെ.പി നേതൃത്വം തന്നെ.ഇത്തരം ജാതി മത സംഘടനകളുടെയും കൃസ്തീയ സഭ പോലെ ജനാധിപത്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടിത മത നേതൃത്വങ്ങളുടെയും സ്വഭാവവും താൽ‌പര്യങ്ങളും എല്ലാം ഒന്നു തന്നെ.ഈ സത്യം ആണു അഭയ കേസ് നമ്മെ കാട്ടിത്തരുന്നതു.ഇവരുടെ ഒക്കെ വാക്കു കേട്ടു നടക്കുന്ന ഒരു “കുഞ്ഞാടെ”ങ്കിലും രക്ഷപെട്ടാൽ അത്രയുമായി.ഇനിയെങ്കിലും ഇത്തരക്കാരുടെ വാക്കു കേട്ട് എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന പാവപ്പെട്ട അനുയായികൾ ഒരു നിമിഷം ചിന്തിയ്ക്കുമല്ലേ എന്നതു തന്നെ ആശ്വാസകരം യാതൊരു ജാതി മത സംഘടനകളേയും പിന്തുണയ്ക്കാത്ത ഞങ്ങളെപ്പോലെയുള്ളവർ ഇതു ജനങ്ങളുടെ വിജയമായാണ് കാണുന്നത്.

അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽ‌ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഓരോ ഉയിർത്തെഴുനേൽ‌പ്പിലും ഈ മർദ്ദകരുടെ പത്തികൾ അടിച്ചുടയ്ക്കപ്പെടുന്നു.അതു അവസാനം അവരുടെ അനിവാര്യമായ നാശത്തിലേയ്ക്കും സത്യത്തിന്റെ ആത്യന്തികമായ വിജയത്തിലേയ്ക്കും എത്തിച്ചേരുകയും ചെയ്യുന്നു.


അത് ഒരു ഞായറാഴ്ച ദിവസമാണ്.ക്രിസ്തുവിന്റെ ബലിപീഠത്തിൽ പൂജയ്ക്കു സമയമായി.കപ്യാർ മണിനാദം ഉയർത്തി.അനുഗ്യോസ്ഥനായി പള്ളിമേടയിൽ താമസിച്ചിരുന്ന വികാരിയച്ചൻ ആവേശം കൊണ്ടു.അദ്ദേഹം സന്നദ്ധനായി വെളിയിലേയ്ക്കിറങ്ങി.ഒരു വലിയ വിപ്ലവത്തിന്റെ നിഗൂഡാഹ്വാനം അദ്ദേഹത്തിന്റെ ഹൃദയത്തിൽ മുരശടിച്ചു.ആദ്യമായി അദ്ദേഹം തന്റെ ളോഹ ഊരി.കുറഞ്ഞ പക്ഷം നാലുപേർക്കു ശരിയായി ധരിയ്ക്കുന്നതിനുള്ള ഒരു വസ്ത്ര ദുർവ്യയമായിരുന്നു അത്.“അന്യന്റെ ആഹാരവും വസ്ത്രവും പ്രയത്നഫലവും ചൂഷണം ചെയ്യുന്ന നിഷ്കൃഷ്ട ജീവിതത്തിൽനിന്നുള്ള എന്റെ വിമുക്തി”-അദ്ദേഹം ആ വാചകം ഉച്ചരിച്ചുകൊണ്ടു സാമാന്യനായ ഒരു ഗൃഹസ്ഥാശ്രമിയുടെ വസ്ത്രധാരണ രീതി അനുകരിച്ചു.നേരെ മുറ്റത്തേയ്ക്കിറങ്ങി.തിരിഞ്ഞു നോക്കാതെ അദ്ദേഹം മുന്നോട്ടുനടന്നു.പള്ളിക്കുറ്റത്തിൽ ഉൾ‌പ്പെടുത്തിയിരുന്ന ആ പഴയ കർഷക വൃദ്ധന്റെ പരിശുദ്ധങ്ങളായ മണൽ‌ത്തരികൾ നിറഞ്ഞ മുറ്റത്ത് അദ്ദേഹം കാലുകുത്തി.

വൃദ്ധനായ ആ കർഷകൻ അമ്പരന്നുപോയി.”സഖാവേ അവിടുന്നല്ല പാപിഷ്ഠൻ!അങ്ങയുടെ പാപം ഞാനല്ല, എന്റെ അനന്തങ്ങളായ ദ്രോഹങ്ങളുടെ ദാരുണഭാരം അങ്ങാണ് ക്ഷമിയ്ക്കേണ്ടത്.എനിയ്ക്കു മാപ്പു തരൂ.മാപ്പു തരൂ..സഖാവേ എനിയ്ക്കു മാപ്പു തരൂ.” വയലിലെ മണ്ണു വിയർപ്പുമായി ചേർന്ന് ഒട്ടിപ്പിടിച്ചിരുന്നതും തഴമ്പേറുന്നതുമായ ആ കർഷകന്റെ പാദങ്ങളിൽ അദ്ദേഹം നമസ്കരിച്ചു.പള്ളിയിൽ നിന്നുയർ‌ന്ന മൂന്നാം മണിയുടെ നാദം വികലമായി ആ മുറ്റത്തേയ്ക്കു പ്രവേശിച്ചു.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ക്ഷമായാചനം നടത്തുന്ന ആ വൈദികന്റെ ശിരസ്സിനു മുകളിൽക്കൂടി ഒരു ചെമ്പരുന്ത് വട്ടമിട്ടു പറന്നു.വൃദ്ധന്റെ മകൾ താഴ്ത്തിയ തലയോടുകൂടി കണ്ണുനീർ തൂകി.അവളുടെ ഉദരത്തിലെ ശിശു ആനന്ദം കൊണ്ടു കുതിച്ചു”...
( പൊൻ‌കുന്നം വർക്കിയുടെ “കുറ്റ സമ്മതം “ എന്ന കഥയിൽ നിന്നും.)

പ്രവചന സ്വഭാവത്തോടെ ശ്രീ.പൊൻ‌കുന്നം വർക്കിഎത്രയോ വർഷങ്ങൾക്കു മുൻപ് എഴുതിയ ഈ കഥയിലെപ്പോലെ ഒരു “കുറ്റ സമ്മതം” നമുക്കു പ്രതീക്ഷിയ്ക്കാമോ?

സത്യമേവ ജയതേ...!!!

Friday, December 19, 2008

ഗൌരവം

നഗരത്തിലെ പ്രശസ്തമായ് ആ ഹോസ്പിറ്റലില്‍ ഞാനും സാജനും പോയതു അവിടെ ഒരു ഓപ്പറെഷനു വിധേയയായി കിടക്കുന്ന ഞങ്ങളുടെ ജൂനിയര്‍ ആയ അയിഷയെ കാണാന്‍ ആയിരുന്നു..അവരുടെ സുഖ വിവരങ്ങള്‍ അന്വേഷിച്ചു ഞങ്ങള്‍ പുറത്തിരങ്ങുമ്പോള്‍ അവിചാരിതമായി റജിയെ അവിടെ കണ്ടതു...

”നീ എന്തേ ഇവിടെ”..ഞങ്ങള്‍ക്കു വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല..റജി ഞങ്ങളുടെ കൂട്ടത്തിലെ വേറിട്ട വ്യക്തിത്വം ..എപ്പോളും സീരിയസ് .പെണ്‍കുട്ടികളുടെ മുഖത്തു നോക്കി സംസാരിക്കില്ല...ദിവസം മുഴുവന്‍ സിഗരറ്റുകള്‍ പുകച്ചു തള്ളൂം..വെള്ളമടിയ്ക്കാന്‍ പോയാല്‍ അവിടെ കിടന്നുറങ്ങും....രാവിലെ ഉണരാന്‍ അലാറം വയ്ക്കുന്നതു പോലും ഷൂവിന്റെ ലൈസില്‍ ടൈമ്പീസ് ഇരുമ്പു കട്ടിലിന്റെ ബാറില്‍ കെട്ടിയിട്ടായിരുന്നു..എന്നാലും ഉണരില്ല...അലാറം അടിച്ചു തീരും...

ഇങ്ങനെ ഒക്കെ ഉള്ള റജി.....??സാജന്‍ സംശയം പ്രകടിപ്പിച്ചു ഞാന്‍ അതു അതു ഉറപ്പിച്ചു..എല്ലായിടത്തും ഫ്ലാഷ് ആക്കി...“അവന്‍ പ്രണയക്കയത്തില്‍ വീണിരിക്കുന്നു....”

പിറ്റേന്നു അവന്റെ വീതം ചീത്തയും താക്കീതും ആവശ്യത്തിനു കിട്ടി......

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം അവന്റെ ഫോണ്‍ വന്നു.....”ഞാനും ആയിഷയും തമ്മിലുള്ള വിവാഹം തീരുമാനിച്ചു...വരാ‍ന്‍ മറക്കല്ലേ..........

Wednesday, December 17, 2008

മിഴികൾ സാക്ഷി

നവാഗത സംവിധായകനായ അശോക്.ആര്‍.നാഥ് സംവിധാനം ചെയ്ത ചിത്രമാ‍ണ് മിഴികള്‍ സാക്ഷി.

ആയിരം കുറ്റവാളികള്‍ ശിക്ഷിയ്ക്കപ്പെട്ടാലും, ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുതെന്നാണ് പറയപ്പെടുന്നത്.എന്നാല്‍ യേശുവിന്റെ കാലം മുതല്‍ ഭരണകൂട ഭീകരത നിരപരാധികളെയും പുരോഗമനേച്ഛുക്കളെയും നിരന്തരം വേട്ടയാടുന്നതിന്റേയും തുടച്ചു നീക്കുന്നതിന്റേയും ചരിത്രമാണ് ഉണ്ടായിട്ടുള്ളത്.യേശുവിനെ അവര്‍ കുരിശില്‍ തറച്ചു..സത്യം പറഞ്ഞതിനു ബ്രൂണോയെ ജീവനോടെ ചുട്ടുകൊന്നു.സോക്രട്ടീസിനു വിഷം നല്‍കി.ഗലീലിയോയെ കല്‍ത്തുറുങ്കില്‍ അടച്ചു.ഇങ്ങെത്തലക്കല്‍ നമ്മുടെ നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച അടിയന്തിരാവസ്ഥയും ‘രാജന്‍’ സംഭവവും ഒക്കെ നമ്മുടെ മുന്നിലുണ്ട്.അതു പോലെ ഒന്നായിരുന്നു വിചാരണത്തടവുകാരനായി ഒന്‍പത് വര്‍ഷത്തോളം ജയിലില്‍ കിടന്ന മ‌അദനിയ്ക്കു നേരേ ഉണ്ടായ മനുഷ്യാവകാശ ലംഘനത്തിന്റെ ചരിത്രം.മദനിയുടെ ആ ജീവിതമാണ് ഈ സിനിമയ്ക്കു ആധാരമായത്.

ഇവിടെയെല്ലാം നാം കാണാതെ പോകുന്ന മറ്റൊരു വശമുണ്ട്.ഇവരുടെയെല്ലാം ജീവിച്ചിരിയ്ക്കുന്ന കുടുംബങ്ങള്‍ നേരിടുന്ന പീഢനങ്ങള്‍.ഭരണകൂടവും നിയമവും പൊതു സമൂഹവുമെല്ലാം അവരെ എങ്ങനെ കൈകാര്യം ചെയ്യുന്ന് എന്നതിന്റെ ഒരു നഖചിത്രം വരച്ചുകാണിയ്ക്കുകയാണ് ഈ പുതു സംവിധായകന്‍.

മലയാള സിനിമ കണ്ട ഏറ്റവും അനുഗൃഹീത കലാകാരിയായ സുകുമാരി വേഷപ്പകര്‍ച്ച നല്‍കുന്ന “കൂനിയമ്മ” എന്ന ഊമയായാ നഫീസയാണ് ഇതിലെ കേന്ദ്രകഥാപാത്രം.ചെയ്യാത്ത കുറ്റത്തിനു പോലീസിന്റെ പിടിയില്‍ അകപ്പെട്ട മകന്റെ ചിത്രവും പേറി എന്നെങ്കിലും അവന്‍ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ നാടോടിയായി മാറിയ ഊമയായ ഒരു അമ്മയോട് സമൂഹം ഏതു രീതിയില്‍ പ്രതികരിക്കുന്നു എന്ന ഈ ചിത്രം കാണിച്ചു തരുന്നു.ഭര്‍ത്താവിന്റെ മരണം കൂടിയായപ്പോള്‍ ആ കുടുംബം ചിന്ന ഭിന്നമായിപ്പോകുന്നു.അനുഗൃഹീതനായ മോഹന്‍ലാല്‍ ആണ് സുകുമാരിയുടെ മകന്‍ ആയി വരുന്നത്.നെടുമുടി വേണു ആണ് ആ മുസ്ലീം കഥാപാത്രത്തിന്റെ ബാപ്പ.

ഒരിയ്ക്കലും വരാത്ത മകനേയും കാത്തിരിയ്ക്കുന്ന ഒരു അച്ഛന്റേയും അമ്മയുടേയും കദന കഥ “പിറവി” എന്ന ചിത്രത്തിലൂടെ ഷാജി നേരത്തെ നമുക്കു അനുഭവവേദ്യമാക്കിയിട്ടുണ്ട്.കലാപരമായി അതിനോടു കിടപിടിയ്ക്കുന്നില്ലെങ്കിലും “പരുന്തും”,മാടമ്പി”യും ഒക്കെ തകര്‍ത്താടുന്ന മലയാള സിനിമയില്‍ ഈ ചിത്രം വേറിട്ടൊരു കാഴ്ച തന്നെയാണ്.കൂരിരുളിലെ ഒരു ചെറിയ നെയ്ത്തിരിനാളം.സിനിമയെ ഗൌരവമായി കൈകാര്യം ചെയ്യുന്ന ചില പുതുമുഖ സംവിധായകരെങ്കിലും ഉണ്ടാകുന്നു എന്നത് തികച്ചും ആശ്വാസകരം.

പരദേശി

“പരദേശി” കണ്ടു.
വിഭജനക്കാലത്തു പാകിസ്ഥാനിലായിരുന്നു എന്ന ഒറ്റക്കാരണത്താലും, വിഭജനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിവില്ലാതിരുന്ന പാവങ്ങളായിരുന്നതിനാലും പിന്നീട് അവിടെ തന്നെ തുടര്‍ന്നതു മൂലം,ജനിച്ച മണ്ണില്‍ അന്യരായി മാറ്റപ്പെട്ട ഒരു പിടി മനുഷ്യരുടെ ജീവിത ദുരിതങ്ങളുടെ കരളലിയിപ്പിയ്ക്കുന്ന യാഥാര്‍ത്യങ്ങളാണ് ഈ സിനിമയുടെ കാതല്‍. ഈ അടുത്ത കാലത്തു വളരെയേറെ ചര്‍ച്ചാവിഷയമായിരുന്ന “മലയാളികളായ പാക് പൌരന്മാരുടെ”മനുഷ്യാവകാശങ്ങള്‍ ഈ സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.തങ്ങളറിയാതെ തന്നെ പാക് പാസ്പോര്‍ട്ട് പേറേണ്ടിവന്നതുമൂലം ഉണ്ടാകുന്ന കുടുംബ ശൈഥില്യങ്ങളും അവരുടെ നേരേ ഉണ്ടാകുന്ന ഭരണകൂട ഭീകരതകളും സമൂഹ മനസാക്ഷിയ്ക്കു മുന്നില്‍ തുറന്നു വയ്ക്കുന്നതില്‍ സിനിമ വിജയിച്ചിരിയ്ക്കുന്നു.

എന്നാല്‍ തിരക്കഥയിലും സംവിധാനത്തിലും ഉണ്ടായ പാളിച്ചകള്‍ മൂലം കലാപരമായ ഒരു മേന്മയും ചിത്രത്തിനു ഉണ്ടായിട്ടില്ല.ഗര്‍ഷോം,മഗ്‌‌രിബ് എന്നി ചിത്രങ്ങളിലൂടെ സംവിധാന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച പി.റ്റി കുഞ്ഞമ്മഹദിന്റെ ഈ ചിത്രം ഒരു ഡോക്യുമെന്ററിയുടെ നിലവാരത്തില്‍ നിന്നു ഉയര്‍ന്നില്ല എന്നാണ് എനിയ്ക്കു തോന്നിയത്.

“സ്വന്തം മണ്ണില്‍ പോകാന്‍ എന്തിനു പേടിയ്ക്കണം?” എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം തന്റെ കഥാപാത്രത്തിലൂടെ സംവിധായകന്‍ സമൂഹത്തിനു നേരെ തൊടുത്തു വിടുന്നു.ഈ ചോദ്യമാണു ഈ സിനിമ.സ്വന്തം മണ്ണില്‍ പോകാന്‍ ഇഷ്ടപ്പെട്ട അവരെ എങ്ങെനെ സമൂഹം വേട്ടയാടി എന്നു നാം ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.പിറന്ന നാട്ടിലും മറുനാട്ടിലും ഒന്നു പോലെ വേണ്ടാത്തവര്‍ ആയി മാറുന്നു.

മോഹന്‍ലാലും, സിദ്ദിക്കും, ജഗതിയും അവതരിപ്പിയ്ക്കുന്ന തന്മയത്വപൂര്‍ണ്ണമായ അഭിനയ മുഹൂര്‍ത്തങ്ങളും, പദ്മപ്രിയയുടെ സാന്നിദ്ധ്യവുമാണു ഇതിലെ ആകര്‍ഷകമായ ഘടകങ്ങള്‍. രമേഷ് നാരായണന്റെ സംഗീതവും ,പ്രത്യേകിച്ചു മഞ്ജരിയുടെ ആലാപനവും മികച്ചതായി.

എന്നാല്‍ കലാപരമായ ഒരു നവീനത്ത്വം സൃഷ്ടിയ്ക്കുന്നതില്‍ സിനിമ പരാജയപ്പെട്ടു.ജീവിതത്തെക്കുറിച്ചു നമുക്കറിയാത്ത ഒരു “തലം” കാണിച്ചു തരുന്നില്ല ഈ ചിത്രം.സാമുഹിക പ്രസക്തിയുള്ള മികച്ച ഒരു ചിത്രമായി ഇതിനെ വിലിയിരുത്തുമ്പോളും സിനിമ എന്ന കലാരൂപമെന്ന നിലയിലും സമാന്തര സിനിമയുടെ പ്രത്യേകതകള്‍ നിലനിര്‍ത്തുന്നതിലും എത്രമാത്രം വിജയിച്ചു എന്നു ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു......

ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങള്‍...........

1998 മാര്‍ച്ച് 19. തിരുവനന്ത പുരത്തെ അമ്പലത്തറയിലുള്ള ചെറിയ ഫ്ലാറ്റില്‍ രാവിലെ ഇ.എം.എസ് ദേശാഭിമാനിയിലും ”ചിന്ത”യിലുമുള്ള പ്രതിദിന പംക്തികളിലേയ്ക്കുള്ള ലേഖനങ്ങള്‍ പറഞ്ഞുകൊടുത്തു എഴുതിയ്ക്കുന്നു.അതിനുശേഷം ദേഹാസ്വാസ്ഥ്യം തോന്നിയ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നു.ഉച്ചയോടെ സംഭവിച്ച ആ അന്ത്യം കേരളചരിത്രത്തിന്റെ തന്നെ മഹത്തായ ഒരേടിന്റെ അവസാനം ആയിരുന്നു.ഇ.എം.എസ് ഇല്ലാത്ത 10 വര്‍ഷങ്ങളാണു കടന്നു പോയത്.

ചരിത്രം സൃഷ്ടിയ്ക്കുന്നതു സാമാന്യ ജനങ്ങളാണ്.എന്നാല്‍ ആ ചരിത്രത്തോടൊപ്പം ജീവിയ്ക്കുക എന്നതു ഒരു മനുഷ്യായുസ്സില്‍ കിട്ടാവുന്ന ഒരു മഹാഭാഗ്യം തന്നെയാണു.ഏതാണ്ട് 70 വര്‍ഷം നീണ്ട ഇ.എം.എസിന്റെ പൊതുജീവിതം എന്നത് ആധുനികകേരളത്തിന്റെ ചരിത്രം തന്നെയാണ്.അതുകൊണ്ടുതന്നെയാണ് “ചരിത്രത്തിനൊപ്പം നടന്ന ആള്‍“ എന്ന വിശേഷണത്തിനു അദ്ദേഹം മാത്രം അര്‍ഹനായിരിയ്ക്കുന്നത്.

ഇന്നത്തെ മലപ്പുറം ജില്ലയുടെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം സ്വന്തമായിട്ടുണ്ടായിരുന്നതും പതിനായിരക്കണക്കിനു പറ പാട്ട വരവുണ്ടായിരുന്നതുമായ അതി സമ്പന്ന ജന്മികുടുംബമയിരുന്നാ ഏലകുളം മനയിലെ “ഉണ്ണി നമ്പൂരി”യായി ജനിച്ച അദ്ദേഹം,എല്ലാ സൌഭഗ്യങ്ങളും വിട്ടെറിഞ്ഞു പാവപ്പെട്ടവരുടേയും പണിയെടുക്കുന്നവരുടെയും മദ്ധ്യത്തിലേയ്ക്കു ഇറങ്ങി ചെന്നു.അവരുടെ കുടിലുകളില്‍ അവരിലൊരാളായി മാറി.അവര്‍ കൊടുത്ത ഉണക്കമീനും ചക്കയും ഒക്കെ കഴിച്ചു “തൊഴിലാളി വര്‍ഗത്തിന്റെ ദത്തു പുത്രനാ“യി മാറി.

യോഗ്ഗക്ഷേമസഭയില്‍ തുടങ്ങി കോണ്‍ഗ്രസിലൂടെ വന്ന് കമ്യൂണിസ്റ്റായ അദ്ദേഹത്തിന്റെ വളര്‍ച്ച പടിപടിയായുള്ളതായിരുന്നു.നമ്പൂതിരിയെ മനുഷ്യനാക്കുന്നതില്‍ തുടങ്ങി,ഭൂപരിഷ്കരണവും, ജനകീയാസൂത്രണവും വരെ കേരളത്തില്‍ ഉണ്ടായ എല്ല പുരോഗമനപ്രസ്ഥാനങ്ങളിലും അദ്ദേഹം ഭാഗഭാക്കായി.കേരളീയ ജനതയേയും അവരുടെ ചിന്താശക്തിയേയും ഇ.എം.എസിനെപ്പോലെ സ്വാധീനിച്ച മറ്റൊരു നേതാവില്ല.ഓരോ വിഷയം വരുമ്പോളും അദ്ദേഹം എന്തു പറയുന്നു എന്നു എല്ലാ പ്രഭാതത്തിലും എതിരാളികള്‍ പോലും കാതോര്‍ത്തു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടങ്ങളെ ആകര്‍ഷിച്ച നേതാവാണു അദ്ദേഹം.മറ്റുള്ളവരെപ്പോലെ സംസാരിയ്ക്കാന്‍ പോലും സാധിയ്ക്കില്ലാതിരുന്നിട്ടു കൂടി അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി, അതിലെ കൃത്യതകള്‍ക്കായി ജനസാഗരങ്ങള്‍ കാത്തിരുന്നു.“തളരാത്ത മനീഷിയും, മഷിയുണങ്ങാത്ത് പേന”യും കൊണ്ടു അദ്ദേഹം ആധുനിക കേരളത്തിന്റെ ചരിത്രസൃഷ്ടിയില്‍ പങ്കുചേര്‍ന്നു.

വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും അദ്ദേഹം കമ്യൂണിസ്റ്റ് ആശയത്തെ മുറുകെ പിടിച്ചു.പാര്‍ട്ടി ആയിരുന്നു അദ്ദേഹത്തിനു എല്ലാം.ജീവിതവും സമ്പത്തും മുഴുവന്‍ പാര്‍ട്ടിയ്ക്കും ജനങ്ങള്‍ക്കും സമര്‍പ്പിച്ചു അച്ചടക്കമുള്ള കമ്യൂണിസ്റ്റ് ആയി മാറി.ത്യാഗ നിര്‍ഭരമായ പൊതു ജീവിതം

അതിസമ്പന്നതയില്‍ ജനിച്ച് ,കമ്യൂണിസ്റ്റ് ആയി മാറി കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമൊക്കെ ആയിരുന്ന അദ്ദേഹം,വാടകയ്ക്കേടുത്തിരുന്ന ഒരു ഒറ്റമുറി ഫ്ലാറ്റിലായിരുന്നു അവസാനകാലങ്ങളില്‍ ജീവിച്ചിരുന്നത്.അന്ത്യദിനത്തില്‍ പോലും കര്‍മ്മനിരതമായിരുന്ന ആ ജീവിതം ഓരോ മലയാളിയ്ക്കും മാതൃകയാണ്.

ധന്യമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊള്ളട്ടെ......

ദേവരാഗങ്ങളുടെ രാജശില്പി

കാലത്തിനു ഉണക്കാന്‍ പറ്റാത്ത മുറിവുകൾ ഇല്ലെന്നാണു പറയുക.എന്നാല്‍ കാലമെത്ര കഴിഞ്ഞാലും ഓരോ മലയാളിയുടെ മനസ്സിലും അവശേഷിയ്ക്കുന്ന ഒരു വേദനയായിരിയ്ക്കും പ്രശസ്ത സംഗീത സംവിധായകനായിരുന്ന ദേവരാജന്‍ മാഷുടെ വേര്‍‌പാട്..അദ്ദേഹം മരിച്ചിട്ടു ഇന്നു 2 വര്‍ഷം തികയുകയാണ്.(2008 മാർച്ച് 14 നു എഴുതിയത്)

“പൊന്നരിവാള് അമ്പിളിയിലേ കണ്ണെറിയുന്നോളേ…” എന്ന് പ്രശസ്തമായ ഗാനം കെ.പി.എ.സിയുടെ നാടകഗാനം ആകുന്നതിനും എത്രയോ മുന്‍പ് മാഷ് സംഗീത നല്കുമ്പോള്‍ ‍അദ്ദേഹം 20 വയസു തികയാത്ത ഒരു കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു.അന്നു കൊല്ലം എസ്.എന്‍കോളേജിലെ യൂണിയന്‍ വാര്‍ഷികത്തില്‍ അവതരിപ്പിച്ച ആ ഗാനം മലയാള ഗാന ശാഖയുടെ ഗതിയെ തന്നെ മാറ്റി മറിച്ചു.

അതിനുശേഷം നാടകങ്ങളിലും സിനിമകളിലും ലളിത ഗാനങ്ങളുമായി എത്രയോ മധുര ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.അന്നു വരെ ഹിന്ദി സിനിമാ ഗാനങ്ങളുടെ സംഗീതം കടെമെടുത്തു പ്രയോഗിച്ചിരുന്ന മലയാള സിനിമാ ഗാനരംഗത്തിനു ലളിത സുന്ദരങ്ങളായ ഈണങ്ങളിലൂടെ പുതുജീവന്‍ നല്കിയതു ദേവരാജന്‍ മാഷ് ആയിരുന്നു.കര്‍ണ്ണാടക സംഗീതതിലെ അപൂര്‍വവും കഠിനങ്ങളുമായ രാഗങ്ങളെപ്പോലും സാമാന്യജനതയ്ക്കു ഇഷ്ടപ്പെടുന്ന രീതിയില് അദ്ദേഹം ചിട്ടപ്പെടുത്തി.അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും ഒരിയ്ക്കലെങ്കിലും മൂളാത്ത ഒരു മലയാളിയും ഉണ്ടായിരിയ്ക്കില്ല.

അടിപൊളിഗാനങ്ങളുടെയും ട്യൂണിട്ട ശേഷം വരികളൊപ്പിയ്ക്കുന്ന നവ സമ്പ്രദായത്തിന്റേയും ഇക്കാലത്തു ദേവരാജന്‍ മാഷ് വേറിട്ടു നില്‍‌ക്കുന്നു.ഒരു ഗാനത്തിനു പറ്റിയ ഈണത്തിനായി ദിവസങ്ങളോളം അദ്ദേഹം കാത്തു.ആ മനോഹരഗാനങ്ങള്‍ഓരോന്നും എടുത്തെഴുതാന്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നില്ല.പ്രണയഗാനങ്ങളും, ദു:ഖഗാനങ്ങളും എല്ലാം അദ്ദേഹത്തിനു ഒരുപോലെ വഴങ്ങി.

തികഞ്ഞ നിരീശ്വരനായിരുന്ന അദ്ദേഹമാണു മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്കിയതു.ജീവിതത്തില്‍ സംഗീതത്തെ അദ്ദേഹം മുറുകെ പിടിച്ചു.ഒരു വിട്ടു വീഴ്ചയും ചെയ്തില്ല.ഒരു അമ്പലത്തിലും, പള്ളിയിലും പോയില്ല.ഒരു കമ്യൂണിസ്റ്റുകാരനായി,ഒരു ഉപജാപക സംഘത്തിലും പെടാതെ , ആരുടെ മുന്നിലും മുട്ടുകുത്താതെ തലയുയര്‍ത്തിപ്പിടിച്ചു അദ്ദേഹം ജീവിച്ചു, മരിച്ചു….ദീപ്തമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ അദ്ദേഹത്തിന്റെ ഈ ഗാനം മാത്രം..

“അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.
.ഒരു മാത്ര വെറുതേ നിനച്ചു പോയി..”