മരണം കണ്മുമ്പിൽ വന്നു നിൽക്കുമ്പോളും അതിനെ തൃണവൽഗണിച്ച് അവശരായി കിടക്കുന്ന രോഗികളെ രക്ഷിച്ച് തങ്ങളുടെ ജോലിയോട് നൂറു ശതമാനവും ആത്മാർത്ഥത കാട്ടിയ ആ കൊച്ചു മിടുക്കികൾ ആളിപ്പടർന്ന തീനാളങ്ങളിൽ പെട്ട് വീരമൃത്യു വരിച്ചു.തീപിടുത്തമുണ്ടായപ്പോൾ ഡോക്ടർ മാർ വരെ ഓടി രക്ഷപെട്ടു എന്ന ആക്ഷേപം നില നിൽക്കുമ്പോളാണു രമ്യയും വിനീതയും ചെയ്ത കാരുണ്യപ്രവൃത്തിയുടെ മഹത്വമറിയുന്നത്.മരണം മുന്നിൽ വന്നു എന്ന് ഈ കുട്ടികൾ അറിഞ്ഞിരുന്നുവോ ആവോ? എന്തായിരിയ്ക്കും അവസാനരോഗിയെയും രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ അഗ്നിക്കിരയാകുമ്പോൾ ഈ കുട്ടികളുടെ മനസ്സിൽ ഉണ്ടായിട്ടുള്ള ചിന്തകൾ? എന്തെല്ലാം മോഹങ്ങൾ, സ്വപ്നങ്ങൾ അവരോടൊപ്പം ഇല്ലാതായി ?
രമ്യയുടേയും വിനീതയുടേയും മരണം ഇരു കുടുംബങ്ങൾക്കും കനത്ത ആഘാതമാണു നൽകിയിരിക്കുന്നതെന്നാണു മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നത്.( “ദ ഹിന്ദു’ വിൽ വന്ന വിശദമായ വാർത്തയും ചിത്രവും കാണാൻ ഈ ലിങ്കിൽ ഞെക്കുക)സാമ്പത്തികമായി അതീവ പിന്നോക്കം നിൽക്കുന്ന രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഈ പെൺകുട്ടികൾ തങ്ങളുടെ കുടുംബങ്ങളുടെ താങ്ങും തണലുമായി മാറാമെന്ന് കരുതിയിരുന്നവരാണ്.നഴ്സിംഗ് പഠനത്തിനായി എടുത്ത ലോൺ അടച്ചു തീർക്കുക എന്ന ഉത്തരവാദിത്വവും കൂടി പേറിയാണു ഇത്രയും ദൂരെ അന്യ നാട്ടിൽ അവർ കഷ്ടപ്പെട്ടത്.പക്ഷേ എല്ലാം ആ അഭിശപ്ത നിമിഷങ്ങളിൽ അവസാനിച്ചു...മരണത്തിന്റെ മുഖത്തു ചവിട്ടി നിന്ന് തങ്ങളുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും പ്രകടിപ്പിച്ച ഈ കൊച്ചു സഹോദരിമാരുടെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഒരു നിമിഷം മൌനമാകുന്നു.
രമ്യയുടേയും വിനീതയുടേയും കഥ ഒറ്റപ്പെട്ടതല്ല.നഴ്സിംഗ് രംഗം എന്നത് ലോകമാസകലം മലയാളികളുടെ കുത്തകയെന്നു തന്നെ പറയാം.ഏതു നാട്ടിലും ഏതു സാഹചര്യങ്ങളിലും പെട്ടെന്ന് ഇണങ്ങിച്ചേരുകയും ജോലിയിൽ കാണിക്കുന്ന നിസ്വാർത്ഥ മനോഭാവവുമാണു ഈ രംഗത്ത് മലയാളികൾ ശോഭിയ്ക്കാൻ ഇടയാക്കിയതെന്ന് പറയാം.വ്യക്തിപരമായ ഏതു ജീവിത വിഷമങ്ങൾക്കിടയിലും ചുണ്ടിൽ എപ്പോളും ഒരു പുഞ്ചിരിയോടെ സേവനം ചെയ്യുന്നവരാണു ഈ നഴ്സുമാർ.അവരുടെ യഥാർത്ഥ പ്രതിനിധികളാണു രമ്യയും വിനീതയും.
(The Hindu പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന്)
യഥാർത്ഥ പ്രതിനിധികൾ എന്ന് ഞാൻ പറഞ്ഞത് എല്ലാ അർത്ഥത്തിലുമാണ്.ഈ രംഗത്തേക്ക് കടന്നു വരുന്ന ഭൂരിഭാഗം കുട്ടികളും അധികം സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ നിന്നല്ല.മറിച്ച് പലപ്പോളും ഒരു ജോലി സമ്പാദിച്ച് എത്രയും വേഗം കുടുംബത്തിനു ഒരു അത്താണിയാകുക എന്നു കൂടി ആഗ്രഹിച്ചാണു പലരും ഈ വഴിയിൽ എത്തിപ്പെടുന്നത്.കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതിൽ ഒരു നല്ല പങ്കും ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരാണു.വിദേശത്തു പോവുക എന്നതിനുള്ള ഒരു എളുപ്പ മാർഗം എന്നതും നഴ്സിംഗ് രംഗത്ത് വരാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു.എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിയ്ക്കുന്നത്? ഇവരിൽ ഭൂരിഭാഗം പേർക്കും വിദേശങ്ങളിലൊന്നും എത്തിപ്പെടാൻ സാധിക്കുന്നില്ല.സാമ്പത്തിക മാന്ദ്യം കൂടി വന്നതോടെ പല രാജ്യങ്ങളും ഇത്തരം നിയമനങ്ങൾ തന്നെ നടത്തുന്നില്ല.അവർക്കൊക്കെ ഇൻഡ്യയിൽ തന്നെ ജോലി തേടേണ്ടി വരുന്നു.
എന്നാൽ നമ്മുടെ നാട്ടിൽ നിയോ ലിബറൽ പോളിസികളുടെ കാലത്ത് സേവന രംഗം എന്നത് മാറി വ്യവസായമായ രണ്ടു മേഖലകളാണു വിദ്യാഭ്യാസവും ആരോഗ്യവും.വിദ്യാഭ്യാസരംഗത്തെ തൽക്കാലം വിടാം.എന്നാൽ അതിലൊന്നായ നഴ്സിംഗ് വിദ്യാഭ്യാസ മേഖലയും ഇന്ന് സ്വാശ്രയ മേഖലയുടെ പിടിയിലാണ്.ആരോഗ്യരംഗമാകട്ടെ “മെഡിക്കൽ ഇൻഡസ്ട്രി”ആയി മാറിയിരിക്കുന്നു.അപ്പോൽ പിന്നെ ലാഭം മാത്രമായി അതിന്റെ ലക്ഷ്യവും.ലാഭെച്ഛ മാത്രമുള്ള ഏത് രംഗവും ചൂഷണത്തിന്റെ കൂടി രംഗമായി മാറിയിരിയ്ക്കും.അതു തന്നെയാണു ഇന്ന് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർ അനുഭവിയ്ക്കുന്ന ദുരിതവും.
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , സമയ ക്ലിപ്തത ഇല്ലാതെ അവർ ജോലി ചെയ്യുന്നു. എട്ടു മണിക്കൂർ ജോലി എന്നത് ഇവർക്ക് ഇന്നും ഒരു മരീചിക തന്നെ.സ്വകാര്യ മേഖലയിൽ ഏറ്റവുമധികം തൊഴിൽ ചൂഷണത്തിനു വിധേയരാകുന്ന ഒരു വിഭാഗമാണു ഇവർ.ഇൻഡ്യയിലെ ഏത് സ്ഥലത്തുള്ള ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മലയാളി നഴ്സിനെ എങ്കിലും കണ്ടെത്താൻ കഴിയും.കാരുണ്യത്തോടെ രോഗികളോട് ഇടപഴകുമ്പോളും അവരിൽ പലരും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ ആണെന്നത് ആരറിയുന്നു?നമ്മെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ഹൃദയവേദനകൾ ആരറിയുന്നു?
ചെന്നൈ പോലെ വൻ നഗരങ്ങളിൽ വളരെ പ്രശസ്തമായ ആശുപത്രികളിൽ ജോലി ചെയ്യുന്ന പല നഴ്സു മാരേയും നേരിട്ടു പരിചയമുണ്ട്.അവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരം ചൂഷണത്തിനു വിധേയരാകുന്നു.പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം പല ആശുപത്രികളിലും നഴ്സുമാർ ദുരിതക്കയത്തിലാണെന്നതാണു സത്യം.താമസ സൌകര്യങ്ങൾ നൽകുമെന്ന് ആദ്യം പറയും.എന്നാൽ പിന്നീട് നൽകുന്നതോ വളരെ അസൌകര്യങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിലും.ആഹാരം എന്നത് ഏതോ ദാനം നൽകുന്നതു പോലെ.മണിക്കൂറുകൾ നീണ്ട ജോലി സമയം.പലപ്പോളും പതിനാറും പതിനെട്ടും മണിക്കൂറുകൾ വരെ ജോലി ഒറ്റയടിക്ക് ജോലി ചെയ്യേണ്ടി വരുന്നു.ജോലി സ്ഥലത്ത് ഒന്ന് ഇരിക്കാനുള്ള സൌകര്യം പോലും പലരും നൽകുന്നില്ല.
“മെഡിക്കൽ ടൂറിസം” ഇന്ന് വർദ്ധിച്ചു വരുന്നു.മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ നമ്മുടെ നാട്ടിൽ ചികിത്സാ ചിലവുകൾ കുറവായതുകൊണ്ട് പല എഷ്യൻ രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ വന്ന് ചികിത്സ തേടുന്നവരുണ്ട്.അങ്ങനെ വരുന്ന വിദേശരോഗികളുടെ മുന്നിൽ പ്രദർശിപ്പിക്കപ്പെടാനുള്ള ചില “ആഹ്ലാദ വസ്തുക്കൾ” കൂടിയാണു ഇന്ന് നമ്മുടെ കൊച്ചു സഹോദരിമാർ.അവരിൽ നിന്നു പലപ്പോളും ഉണ്ടാകേണ്ടി വരുന്ന മോശമായ പെരുമാറ്റവും അപമാനിക്കപ്പെടലും കണ്ണടച്ചു വിടേണ്ട ഗതികേടിലാണു ഇവർ.ഏതാണ്ട് അടിമപ്പണിയ്ക്ക് തുല്യമായ ജോലി എന്ന് പറയാം. എല്ലാറ്റിനും ശേഷമോ എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളവും..! വിദേശ രാജ്യങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഇവർക്ക് മാന്യമായ വേതനം ലഭിയ്ക്കുന്നില്ല.
നമ്മുടെ നഴ്സുമാർ അനുഭവിയ്ക്കുന്ന ദുരിതകഥകളുടെ ഈ വീഡിയോ (താഴെ കൊടുത്തിരിക്കുന്നത്) മറക്കാതെ കാണുക.( ഒറിജിനൽ ലിങ്ക് ഇവിടെ കിട്ടും)
ഇന്നു വരെ ഒരു സംഘടിത പ്രസ്ഥാനവും ഇവർക്കായി ഉണ്ടാകാത്തതെന്ത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ അസംതൃപ്തി അണ പൊട്ടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു.ഏതാണ്ട് ഒരു വർഷം മുൻപ് ഡൽഹിയിലും പിന്നീട് കഴിഞ്ഞ മാസം മുംബൈയിലും നഴ്സുമാർ സമര രംഗത്തേക്ക് സ്വയം ഇറങ്ങേണ്ടി വന്നു.കഴിഞ്ഞ മാസം മുംബൈയിൽ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നമ്മുടെ ഈ സഹോദരിമാർ ജീവിക്കാനായി സമരം ചെയ്തു.അതിന്റെ പേരിൽ ആശുപത്രി അധികൃതരുടെ ഒത്താശയോടെ മഹാരാഷ്ട്രാ പോലീസിന്റെ ക്രൂരമായ അടി വാങ്ങിക്കൂട്ടി.അവസാനം സമരം വിജയിച്ചു.ഇപ്പോളിതാ നമ്മൂടെ സ്വന്തം നാട്ടിലും അവർ സമരമുഖത്തെത്തി കഴിഞ്ഞിരിയ്ക്കുന്നു.എന്നാൽ ഇത്തരത്തിൽ സമരം ചെയ്യുന്നവരെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന രീതിയാണു അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.
(മുംബൈയിലെ എഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം)
കാരുണ്യത്തിന്റെ നിറകുടമെന്നറിയപ്പെടുന്ന “അമ്മ’യുടെ അമൃതാ അശുപത്രിയിൽ സമരം ചെയ്തവരുടെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചാണു അവർ കാരുണ്യം പ്രകടിപ്പിച്ചത്.സ്വന്തം മക്കളെ തല്ലാൻ ഗുണ്ടകളെ വിടുന്ന ഒരേ ഒരു “അമ്മ” അവർ ആയിരിയ്ക്കും. ലോകം മുഴുവൻ കെട്ടിപ്പിടിക്കുമ്പോളും സ്വന്തം ജീവനക്കാർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാൻ അവർ തയ്യാറല്ല.
ലക്ഷങ്ങള്‍ മുടക്കി കോഴ്സ് പാസാകുന്ന നേഴ്സിന് 1500 രൂപയാണ് അമൃതയിലെ ശമ്പളമെന്ന് നഴ്സസ് യൂണിയൻ നേതാക്കൾ പറയുന്നു. ടിഎ, ഡിഎ ഉള്‍പ്പെടെ 6000 രൂപ. ഇതില്‍നിന്ന് ആനുകൂല്യങ്ങള്‍ക്കുള്ള വിഹിതം പിടിച്ചശേഷം കിട്ടുന്നത് നാലായിരത്തോളം രൂപ. മറ്റു ജില്ലകളില്‍നിന്നെല്ലാമുള്ളവര്‍ ഈ തുച്ഛ വേതനത്തില്‍നിന്നു വേണം താമസത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസവായ്പയടവിനും പണം കണ്ടെത്താന്‍ . ഇതിനെല്ലാംപുറമെയാണ് ബോണ്ട് വ്യവസ്ഥ. മാനേജ്മെന്റിന് തോന്നുന്ന വ്യവസ്ഥയിലാണ് ബോണ്ട്. എവിടേക്കും എപ്പോള്‍വേണമെങ്കിലും സ്ഥലംമാറ്റാം, ഉപാധികളില്ലാതെ പണിയെടുക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍ . രണ്ടു മുതല്‍ മൂന്നുവര്‍ഷംവരെയാണ് ബോണ്ട്. കാലാവധി പൂര്‍ത്തിയാക്കാത്തപക്ഷം 50,000 രൂപവരെ നല്‍കണം. അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ജോലിഭാരവും മറ്റിടത്തെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്.
അമൃതയിലെ ചൂഷണത്തിന്റെ കൂടുതൽ കഥകൾ ഈ ലിങ്കിൽ ഞെക്കി വായിക്കാം.
കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിൽ സമരത്തിനിടെ ഗർഭിണിയായ ഒരു നഴ്സിനെ ഗുണ്ടകൾ മർദ്ദിക്കുന്ന വീഡിയോ ചില ചാനലുകാർ കാണിച്ചത് മുല്ലപ്പെരിയാറിൽ മുങ്ങിപ്പോയി.നമ്മുടെ സമൂഹ മന:സാക്ഷിയെ കാലത്തോളം വേട്ടയാടപ്പെടേണ്ടിയിരുന്ന ഒരു ദൃശ്യമായിരുന്നു അത്. ആ വീഡിയോ താഴെ കാണാം
(ഒറിജിനൽ ലിങ്ക് ഇവിടെ കാണാം)
ഇങ്ങനെ അത്യന്തം ദുരിതപൂർണ്ണമായ ഒരു അന്തരീക്ഷത്തിലാണു ഈ നഴ്സുമാർ ജോലി ചെയ്യുന്നത്.കേരളത്തിനു വെളിയിൽ ഏജന്റുമാരാലും ഇവർ കബളിപ്പിക്കപ്പെടുന്നു.ബോണ്ട് വ്യവസ്ഥയും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുന്നതും ഗുരുതരമായ സാമൂഹ്യപ്രശ്നമാണെന്നാണു കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ സുപ്രീം കോടതി പറഞ്ഞത്.നഴ്സുമാരുടെ പ്രശ്നങ്ങളിൽ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാൻ കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കടുത്ത പോരാട്ടം തന്നെ ഈ രംഗത്ത് നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു.അത് ഏറ്റെടുക്കാൻ കേരളത്തിലേയും ഇൻഡ്യയിലേയും ഇടതു പക്ഷപ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്നാണു എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.ഇടതു പക്ഷത്തിനു മാത്രമേ അതേറ്റെടുക്കാൻ സാധിക്കൂ.ചരിത്രപരമായ ആ കടമ അവർ നിർവഹിയ്ക്കും എന്ന് എനിക്ക്ക് ഉറപ്പുണ്ട്.കഴിഞ്ഞ ദിവസം ഈ വിഷയം നമ്മുടെ എം പി ഡോ. ടി എൻ സീമയുമായി സംസാരിക്കുമ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈ വിഷയം ഗൌരവമായി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു.അതുപോലെ പാർലിമെന്റു വഴി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ രംഗത്ത് ആവശ്യമായ നിയമ നിർമ്മാണം നടപ്പിലാക്കാനും ഇടതു പക്ഷം ശ്രമിയ്ക്കുന്നുണ്ട് എന്നറിയാൻ സാധിച്ചതും ആശാവഹമാണ്.
അസംഘടിത മേഖലയിൽ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാൻ കരുതുന്നു.സമര രംഗത്തുള്ളവർക്ക് പോരാട്ട വീഥിയിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിയ്ക്കുന്നു.
അനുബന്ധം::(1)ബന്ധപ്പെട്ട മറ്റൊരു വീഡിയോ.”അമൃതയിലെ കരുണയും സമരവും” റിപ്പോർട്ടർ ചാനൽ അവതരിപ്പിച്ച പരിപാടി ഈ ലിങ്കിൽ ഞെക്കി കാണാം.
(2) ഈ വിഷയത്തിൽ ഡോ.ബി ഇൿബാൽ എഴുതിയ ലേഖനം : വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങുന്നു.
(3) മുംബൈയിലെ നഴ്സസ് സമരത്തെക്കുറിച്ച് പ്രീതി ശേഖർ എഴുതിയ ലേഖനം:മുംബൈയിലെ നഴ്സിംഗ് സമരം തകർത്തതാര്?
( കടപ്പാട് : ചിത്രങ്ങൾക്ക് ഫേസ്‌ബുക്ക്, ഗൂഗിൾ..വീഡിയോകൾ : യു ട്യൂബ്)
40 comments:
അസംഘടിത മേഖലയിൽ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാൻ കരുതുന്നു.സമര രംഗത്തുള്ളവർക്ക് പോരാട്ട വീഥിയിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിയ്ക്കുന്നു.
നല്ല പോസ്റ്റിനു ആശംസകള്‍ !
ഭൂമിയിലെ മാലാഖമാര്‍... വളരെ നല്ല പോസ്റ്റ്.. ആശംസകള്‍...
nice post...
മഹത്തായ സമര പാരമ്പര്യങ്ങള്‍ ഉള്ള നാടാണ് നമ്മുടെ ..ഒരു ചൂഷണവും അധികകാലം നടക്കില്ല.പത്തു ദിവസം ഈ നേഴ്സ് ഇല്ലാതെ ഹോസ്പിടല്‍ നടത്താന്‍ ഇതില്‍ എത്ര managementinu കഴിയും ഇവരുടെ ഗുണ്ടകള്‍ ചെയ്യുന്ന പണി വേണമെങ്കില്‍ നേഴ്സ് നു പറ്റിയേക്കാം പക്ഷെ നേഴ്സ് ചെയ്യുന്നപണി ഗുണ്ടക്കു വല്യ പാടാ ...ഈ മാനജുമെന്റുകള്‍ മുട്ടുകുത്തും കുത്തിയെ പറ്റൂ .സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ പോസ്റ്റിനു എല്ലാ ആശംസകളും
അതെ ഇവര്‍ തന്നെയാണ് മാലാഖമാര്‍ ...........നല്ല പോസ്റ്റ് എല്ലാ ആശംസകളും ...നേരുന്നു ഈ കുഞ്ഞു മയില്‍പീലി
സമകാലീക പ്രസക്തമായ ഒരു വിഷയം ചർച്ച ചെയ്യുന്നതിൽ സന്തോഷം അറിയിക്കട്ടെ. കൽക്കട്ടയിലെ എ എം ആർ ഐ ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിൽ മരണമടഞ്ഞ എല്ലാ വ്യക്തികൾക്കും എന്റെ ആദരാഞ്ജലികൾ. നമ്മുടെ നാട്ടിൽ നിന്നും ഉപജീവനത്തിനായി അവിടെ എത്തി ദുരന്തസമയത്തും സ്തുത്യർഹമായ സേവനം അനുഷ്ടിച്ച് മരണമടഞ്ഞ രണ്ട് സഹോദരിമാരും ഓരോ മലയാളിയുടേയും അഭിമാനമാണ്. ഈ വേർപാട് അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന വേദനയിൽ നിന്നും മുക്തരാകാൻ അവർക്ക് സാധിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അനിലേട്ടൻ ഇവിടെ പരാമർശിച്ച വിഷയം നേഴ്സിങ്ങ് മേഖലയിലെ ചൂഷണങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതുതന്നെ. ഈ രംഗത്ത് ലക്ഷങ്ങൾ മുടക്കി പഠിച്ചിറങ്ങുന്നവർക്ക് നമ്മുടെ നാട്ടിൽ ലഭിക്കുന്ന വേതനം തികച്ചും അപര്യാപ്തമാണെന്നതിൽ സംശയമില്ല. ഇത് കേവലം ഒന്നോ രണ്ടോ ആശുപത്രികളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മിക്കവാറും എല്ലാ ആശുപത്രികളിലും ഇന്നത്തെ അവസ്ഥ ഒരു പോലെ തന്നെയാണ്. ശങ്കേഴ്സിലും, അമൃതയിലും മാത്രമല്ല ഈ രംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ ഏക രക്ഷയായി അനിലേട്ടൻ വിവക്ഷിച്ച രാഷ്ട്രീയപ്രസ്ഥാനം നേതൃത്വം കൊടുക്കുന്ന പരിയാരം മെഡിക്കൽ കോളേജിലും, എ കെ ജി മെമ്മോറിയൽ സഹകരണ ആശുപത്രിയിലും, ഇ എം എസ് മെമ്മോറിയൽ സഹകരണ ആശുപത്രിയിലും, എ പി വർക്കി മിഷൻ ഹോസ്പിറ്റലിലും ഉള്ള സേവന വേതന വ്യവസ്ഥകളും, നേഴ്സ് - രോഗി അനുപാതവും എല്ലാം നോക്കുന്നത് നന്നാവും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അമൃത ആശുപത്രിയിൽ നടന്ന അക്രമസംഭവങ്ങൾ അപലപനീയവും പ്രതിക്ഷേധാർഹവും തന്നെ. അതിൽ ഒരു സംശയവും ഇല്ല. എന്നാൽ ഈ സംഭവങ്ങളുടെ പേരിൽ മാതാ അമൃതാനന്ദമയിയെ പോലെയുള്ള ഒരു വ്യക്തിയെ അപമാനിക്കുന്ന പ്രസ്താവനയും (കാരുണ്യത്തിന്റെ നിറകുടമെന്നറിയപ്പെടുന്ന “അമ്മ’യുടെ അമൃതാ അശുപത്രിയിൽ സമരം ചെയ്തവരുടെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചാണു അവർ കാരുണ്യം പ്രകടിപ്പിച്ചത്.സ്വന്തം മക്കളെ തല്ലാൻ ഗുണ്ടകളെ വിടുന്ന ഒരേ ഒരു “അമ്മ” അവർ ആയിരിയ്ക്കും. ലോകം മുഴുവൻ കെട്ടിപ്പിടിക്കുമ്പോളും സ്വന്തം ജീവനക്കാർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാൻ അവർ തയ്യാറല്ല.) എന്നെ സംബന്ധിച്ചിടത്തോളം പ്രതിക്ഷേധാർഹമാണ്. ആശുപത്രിയുടെ ദൈനംദിനകാര്യങ്ങൾ ഒന്നിലും ഇടപെടാത്ത വ്യക്തിയാണ് അവർ. ആശുപത്രി മാനേജ്‌മെന്റിലെ ചില അംഗങ്ങളും അമൃതാനന്ദമയി മഠത്തേയും അതിന്റെ സ്ഥാപങ്ങളേയും ഒരു പ്രത്യേക മതവിഭാഗത്തിന്റെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവരും ആണ് ഈ അക്രമങ്ങൾക്ക് പിന്നിൽ എന്നത് എന്റെ വിശ്വാസം. അല്ലാതെ ഇത്തരം ഗുണ്ടാ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയല്ല “അമ്മ”. ഇന്ന് നടന്നുവരുന്ന സംഘടിതമായ സമരങ്ങൾ നേഴ്സിങ്ങ് രംഗത്തെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിൽ എത്തിക്കുന്നതിനും ഈ രംഗത്ത് സേവനം അനുഷ്ടിക്കുന്നവർക്ക് മാന്യമായ വേതനവും പ്രവർത്തന സാഹചര്യങ്ങളും പ്രദാനം ചെയ്യുന്നതിന് വഴിതെളിയ്ക്കും എന്ന് പ്രത്യാശിക്കുന്നു.
ഭൂമിയിലെ ആ മാലാഖമാര്‍ക്ക് എന്റെ ആദരാഞ്ജലികള്‍ ....!
ആ മാലാഖമാര്‍ക്ക് എന്റെയും ആദരാഞ്ജലികള്‍.
സുനില്‍,
കാലികപ്രാധാന്യമുള്ള ശകതമായ പ്രമേയം. വളരെ നല്ല പോസ്റ്റ്... ആശംസകള്‍...
രമ്യയ്ക്കും വിനീതയ്ക്കും ആദരാഞ്ജലികള്‍ ....!
ഇത്രയും എങ്കിലും ഇവരെ പറ്റി എഴുതിയതിനു അഭിനന്ദനം.
ശരീരത്തിന് സുഖമില്ലാതെ വേദനയോടെ ആശുപത്രിയില്‍ കഴിയേണ്ടി വരുമ്പോള്‍ അറിയാം നേഴ്‌സുമാരുടെ സേവനത്തിന്റെ വില.
അതെ സുനില്‍ പറഞ്ഞതാണ് അതിന്റെ നേര്.
"അസംഘടിത മേഖലയിൽ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാൻ കരുതുന്നു.സമര രംഗത്തുള്ളവർക്ക് പോരാട്ട വീഥിയിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിയ്ക്കുന്നു."
നല്ല ലേഖനം. ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ് നഴ്സിംഗ് മേഖലയിലുള്ളവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുതെണ്ടത്. ഈ സമയത്ത് തന്നെ യാദൃശ്ചികമായി ജീവന്‍ ബലിനല്കേണ്ടി വന്ന ആ രണ്ടു സഹോദരിമാരുടെ ഓര്‍മ്മയെന്കിലും അധികൃതരുടെ കണ്ണ് തുറപ്പിചെന്കില്‍.
നല്ല പോസ്റ്റ് .ആശംസകള്‍ ....ആരും കാണാതെ പോകുന്ന കുറെ സത്യങ്ങള്‍ ..മനസ് നോവുന്നു അവരെ കുറിച്ച് ഓര്‍ത്തിട്ടു ... ഒപ്പം അഭിമാനവും.. ശരിക്കും മാലാഖ കുഞ്ഞുങ്ങള്‍ .. ...
ഇവര്‍ ഭൂമിയിലെ മാലാഖമാരാണെന്നതില്‍ സംശയമില്ല. മനുഷ്യത്വം മരവിച്ച സമൂഹത്തിന് പഠിയ്ക്കാന്‍ ഒരു അദ്ധ്യായം തുറന്നുവച്ചിട്ടാണ് അവര്‍ മരണത്തിലും വിജയിച്ചത്.
നല്ല പോസ്റ്റ്.
good post...
shall i take one photo for posting Facebook wall with your link
നേഴ്സിംഗ് മേഖലയോട് അവഗണനയും പുഛവും വെച്ച് പുലര്‍ത്തുന്നവരുടെ കണ്ണ് തുറപ്പിക്കാനുതകുന്ന രീതിയിലുള്ള പ്രതിഷേധമാര്‍ഗങ്ങള്‍ അനിവാര്യം തന്നെ. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വയം ബലിയര്‍പ്പിച്ച ആ സഹോദരിമാര്‍ക്ക് ആദരാജ്ഞലികള്‍.
വാഴ്ത്തപ്പെടാത്ത നായക പദവിയിലേക്ക് രണ്ടു സഹോദരിമാര്‍ കൂടി. മനുഷ്യത്വത്തിന്‍റെ ഉദാത്ത മാതൃകകളായ അനിയത്തിമാര്‍ക്കായി രണ്ടു തുള്ളി കണ്ണീരിനോടൊപ്പം ഒരു നിമിഷത്തെ മൗനം.
എങ്ങനെയാണ് ഈ കുട്ടികളുടെ ഹൃദയത്തില്‍ ഈ പരജീവി സ്നേഹം കടന്നു കൂടിയത് എന്ന കാര്യം ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. കാരണം, അവരെ പഠിപ്പിച്ച് നെഴ്സ്മാരാക്കിയ സ്ഥാപനങ്ങളോന്നും അവര്‍ക്ക് സ്നേഹം പഠിപ്പിചിട്ടില്ലല്ലോ; പിടിച്ചുപറിയല്ലാതെ.
കൈഫി ആസ്മിയുടെ പ്രസിദ്ധമായ വരികളോര്‍മ വരുന്നു.
യെ ഫൂല്‍ ചമന്‍ മേ കൈസേ ഖിലാ
മാലീ കി നസര്‍ മേ പ്യാര്‍ നഹി
(കണ്ണില്‍ ചോരയില്ലാത്ത തോട്ടക്കാരന്‍ കാവല്‍ പാര്‍ക്കുന്ന തോട്ടത്തിലെങ്ങനെ ഈ പൂവ് വിരിഞ്ഞു?)
രണ്ട് വിഷയങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കി, സുനില്‍, താങ്കളൊരു മാനുഷിക പ്രശ്നം ശക്തമായി അവതരിപ്പിച്ചു.
രമ്യക്കും വിനീതക്കും പ്രണാമം.
ഒരു ജനാധിപത്യ രാജ്യത്തില്‍ സംഭവിക്കുമോ എന്ന് നമ്മളെ അതിശയിപ്പിക്കുന്ന നീചമായ സംഭവങ്ങളാണ് നേര്സുമാര്‍ക്ക് മേല്‍ നടക്കുന്നത്.നമ്മുടെ പഞ്ച നക്ഷത്ര ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്ക് വന്‍ ശമ്പള പാക്കേജും രോഗികളില്‍ വന്‍ തുകകളുടെ ബില്ലും ഈടാക്കുമ്പോള്‍ ഒരു നേര്സിനു കൊടുക്കുന്ന ശമ്പളം എത്ര തുച്ഛമാണ്.ഇപ്പോഴെങ്കിലും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നി തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസം തന്നെ.
ഡല്‍ഹിയിലെ നേര്സുമാര്‍ക്ക് ഭേദപ്പെട്ട ശമ്പളം ലഭിക്കുന്നതായി കേട്ടിട്ടുണ്ട്.അതോ ഒന്നോ രണ്ടോ ആശുപത്രികളുടെ കാര്യമാണോ എന്ന് വ്യക്തമായി അറിയില്ല.
ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍
ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മുടെ സഹോദരിമാര്‍ ഈ രംഗത്ത് സജീവമാണ് എന്തിനു ഇറാക്കില്‍ വളരെ മലയാളി നഴ്സുമാരെ പരിചയപ്പെടാന്‍ ഇടയായിട്ടുണ്ട്..പക്ഷെ നമ്മുടെ സ്വന്തം നാട്ടില്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ വളരെ വേദനാജനകം തന്നെ ..
sunilinte postinu abhinandanamgal aa malakhamarude oormakku munnil siras namikkunnu
തീര്‍ച്ചയായും ഇവര്‍ തന്നെ മാലാഖമാര്‍. ആദരാഞ്ജലികള്‍.
ഒപ്പം സമരമുഖത്തുള്ള നഴ്സ് സമൂഹത്തിന് അഭിവാദ്യങ്ങളും.
കാലിക പ്രസക്തിയുള്ള നല്ലൊരു പോസ്റ്റിനു ഭാവുകങ്ങള്‍.
adharanjalikal
പ്രണാമം, ഭൂമിയില്‍ ജനിച്ചു ജീവിച്ച ഈ യഥാര്‍ത്ഥ മാലാഖമാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍....
സ്വാർത്ഥത താണ്ഡവമാടുന്ന ഈ ലോകത്ത് ഇവരെപ്പോലെയുള്ളവർ സുകൃത ജന്മങ്ങൾ തന്നെ..
ഈ മാലാഖക്കുട്ടികൾക്കൊരു പ്രണാമം..
സ്വന്തം ജീവിന്‍ പോലും വകവെക്കാതെ മറ്റുള്ളവര്‍ക്കായി വീരമൃത്യു വരിച്ച സഹോദരിമാര്‍ക്ക് ആദരാഞ്ജലികള്‍...
ഈ പോസ്റ്റ് ഉചിതമായി, മാഷേ.
ആ മാലാഖക്കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍...
തീര്‍ച്ചയായും സുനില്‍, ഇവര്‍ തന്നെ മാലാഖമാര്‍..ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന മാലാഖമാര്‍...എന്തായാലും ഇവരോട് മരണ ശേഷം എങ്കിലും ബഹുമാനം കാട്ടിയല്ലോ..അതുതന്നെ വലിയ കാര്യം..ഈ സഹോദരിമാരുടെ ബലിദാനം വഴി അവര്‍ നടന്നു കയറിയത് നമ്മുടെയെല്ലാം ഹൃദയത്തിലേക്കാണ്..ആശംസകളോടെ..
ഹൃദയസ്പർശിയായ കുറുപ്പും വിവരങ്ങളും നഴ് സുമാരുടെ സമരത്തെക്കുറിച്ച് എഴുതിയ ദേശാഭിമാനി കുറിപ്പ് കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു
http://deshabhimani.com/newscontent.php?id=94787
ഡോ ബി ഇക്ബാൽ
ekbalb@lgmail.com
കാലിക പ്രസക്തമായ വിഷയം നന്നായി അവ്തരിപ്പിച്ചു.ഭാവുകങ്ങൾ.
ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ പോലെ രോഗികള്‍ക്കായി വിളക്കേന്തി ജീവന്‍ ബലി നല്‍കിയ മാലാഖമാര്‍...
അതെ ഇവർ തന്നെ മാലാഖമാർ.
അമൃതയിലെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ഇനിയൊരു കെട്ടിപ്പിടിക്കലിന് മുൻപ്... സ്നേഹം, കാരുണ്യം, സ്വാന്തനം, ദയ, അനുകമ്പ, എന്ന പദങ്ങളുടെയൊക്കെ അർത്ഥം ‘അമ്മ’ എവിടെന്നെങ്കിലും പഠിക്കേണ്ടിയിരിക്കുന്നു.
വളരെ അധികം ചൂഷണങ്ങള്‍ നടക്കുന്ന മേഖലയാണിത്.. ഈ പെണ്‍കുട്ടികളുടെ മരണം തീരാ ദുഖമാകുന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് വലിയ തല്പര്യമൊന്നും ഇക്കര്യത്തില്‍ കാണില്ല, ഇത്തരം വാര്‍ത്തകളെ മുക്കിക്കൊല്ലാന്‍ ഒരു മുല്ലപ്പെരിയാറൊന്നും വേണ്ട,
പ്രതികരണത്തിലെ വേദനയിലും ആശങ്കകളിലും പങ്കു ചേരുന്നു.
Really a hear breaking news.. How much the nurces toli for the patients.. many of them are blessed with a mearge salary and life style conditions. Here the two ladies have put forward their lives for the hospital...MAY THEIR SOUL REST IN PEACE
മുംബൈയില്‍ ബീന ബേബി നമ്മളെയൊക്കെ വിട്ടുപോയ ദിവസം ചേര്‍ത്ത കുറിപ്പ് ഇവിടെ.. അസ്വസ്ഥതകളുടെ ഈ വലിയ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട ആ മരണത്തിന്റെ ഓര്‍മകള്‍ക്ക് വീണ്ടും കാണാം കൂടുന്നു..
http://www.nalamidam.com/archives/4607
മാലാഖമാരായാലും,മലയാളികളായാലും...
ആർക്ക് പോയി..
സ്വന്തക്കാർക്ക് മാത്രം..!
സമകാലീകപ്രസക്തിയുള്ള സാമൂഹ്യബോധമുള്ള ഒരു പോസ്റ്റ്. നന്ദി. ഇവിടെ നടക്കുന്ന പലതും കേള്‍ക്കുമ്പോള്‍ ശരിക്ക് ഭയം തോന്നുന്നു. നമ്മുടെ നാടിന്റെ അവസ്ഥയോര്‍ത്തിട്ട്.
നമുക്കെന്തു ചെയ്യാനാകുമെന്ന് , നമ്മുടെ ഉത്തരവാദിത്തവും ചുമതലയുമെന്താവണമെന്ന് ചൂണ്ടിക്കാണിച്ച ഈ ആത്മാർത്ഥതയുടെ വരികൾക്ക് നമസ്ക്കാരം.
അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടുക തന്നെ വേണം.
അത്തരമൊരു സമരം തുടങ്ങിയാല്‍ അതില്‍ ഞാനുണ്ടാകും എന്നുറപ്പ്
അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയം ഏറ്റെടുക്കപ്പെടുക തന്നെ വേണം.
അത്തരമൊരു സമരം തുടങ്ങിയാല്‍ അതില്‍ ഞാനുണ്ടാകും എന്നുറപ്പ്
വായിച്ചു നല്ല എഴുത്ത്
ഇനിയും പ്രതീക്ഷിക്കുന്നു
ആശംസകള്‍
Post a Comment