Wednesday, July 29, 2009
ചെറായി മീറ്റ് -“വ്യത്യസ്തനാമൊരു ബ്ലോഗറാം....”
മനസ്സിൽ ഇപ്പോളും ഒളിമങ്ങാതെ നിൽക്കുന്ന ഒരു ഓർമ്മക്കുറിപ്പ് ഞാൻ “ആൽത്തറ” എന്ന ഗ്രൂപ്പ് ബ്ലോഗിൽ ഇട്ടിട്ടുണ്ട്.
അതു വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങൾ അവിടെ എഴുതുക.
സ്നേഹത്തോടെ,
സുനിൽ
Wednesday, July 15, 2009
സ:വി.എസ് താങ്കൾക്കെന്തു പറ്റി?
താങ്കൾക്ക് എന്നെ അറിയില്ല.എന്നാൽ വളരെ വർഷങ്ങളായി സഖാവിനെ സാകൂതം വീക്ഷിയ്ക്കുന്ന ഒരാളാണു ഞാൻ.സഖാവിനെ പറ്റി എനിയ്ക് അത്ര അറിവൊന്നും ഇല്ലായിരുന്നു.ഇന്നത്തെപ്പോലെ താങ്കളുടെ ഉറക്കവും നടത്തവും ചിരിയും വരെ ചിത്രീകരിച്ച് പ്രതിവിധി നിർണ്ണയിയ്ക്കുന്ന ചാനൽ ഡോക്ടർമാർ അന്നു ഇല്ലായിരുന്നുവല്ലോ.പേരു കേട്ടിട്ടുള്ളതല്ലാതെ ,പാർട്ടിയുടെ സെക്രട്ടറി എന്ന് അറിയാവുന്നതല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല.ഞാനീപ്പറയുന്നത് 80 കളുടെ മധ്യകാലഘട്ടത്തിലെ കാര്യമാണ്( 1980 മുതൽ 92 വരെ ആയിരുന്നല്ലോ സഖാവ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നത്)
വളരെ അവിചാരിതമായിട്ടാണു അന്നൊരു നാൾ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ താങ്കളെക്കുറിച്ച് ഒരു ലേഖനം കാണാനിടയായത്.വളരെ ശ്രദ്ധാപൂർവം അതു വായിച്ച ഞാൻ അത്ഭുതപ്പെട്ടുപോയി! ഞങ്ങളുടെ നാട്ടിലും ഇത്ര വലിയ ഒരു കമ്മ്യൂണിസ്റ്റുകാരൻ വന്നിരുന്നോ??കാരണം മറ്റൊന്നുമല്ല എന്റെ നാട്ടിൽ നിന്നു 10 കി.മീ മാത്രം ദൂരമുള്ള പൂഞ്ഞാറിലായിരുന്നുവത്രേ ,പുന്നപ്ര വയലാർ സമരകാലത്ത് പോലീസ് വേട്ടയാടിയപ്പോൾ താങ്കൾ ഒളിവിൽ ഇരുന്നത്.അതു മാത്രവുമല്ല പൂഞ്ഞാറിലെ വാലാനിയ്ക്കൽ കുടുംബത്തിൽ ഒളിവിൽ കഴിയുന്ന നാളൊരിക്കൽ ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ പോലീസിന്റെ ഒറ്റുകാർ മണത്തറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.അതു മാത്രമോ പൂഞ്ഞാറിൽ നിന്നു ഈരാറ്റു പേട്ട വരെ നടത്തി കൊണ്ടു പോവുകയും വഴിനീളെ മർദ്ദനം ഏൽപ്പിയ്ക്കുയും ചെയ്തു.ഈരാറ്റു പേട്ട പോലീസ് സ്റ്റേഷനിലെ മർദ്ദനങ്ങൾക്കു ശേഷം പാലായിൽ എത്തിച്ച് അവിടെയും മർദ്ദനം തുടർന്നു.സഖാവിന്റെ കാലുകൾ രണ്ടും ജനലഴികൾക്കിടയിലൂടെ അടുത്ത മുറിയിലേയ്ക്കേടുത്തിട്ട് ബയണറ്റ് കൊണ്ട് കാൽ വെള്ളയിൽ സംഹാരം തുടർന്നു.അവസാനം കാൽ വെള്ളയിൽ ബയണറ്റ് കുത്തിക്കയറ്റി.ചോര ചീറ്റുത്തുടങ്ങി കുറെക്കഴിഞ്ഞപ്പോൾ സഖാവു ബോധ രഹിതനായി.എന്നിട്ടും മർദ്ദനം തുടർന്നു.മരിച്ചെന്നു കരുതി ജീപ്പിനു പുറകിൽ എടുത്തിട്ട് ഇന്നത്ത ഗവണ്മെന്റ് ആശുപതിയ്ക്കു സമീപമുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു.പിന്നീടു വഴിയേ പോയ ആരോ ഞരക്കം കേട്ട് സഖാവിനെ ആശുപത്രിയിൽ എത്തിയ്ക്കുകയും തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു.ആ ബയണറ്റ് തുളഞ്ഞു കയറിയ പാട് ഇന്നും സഖാവിന്റെ കാൽവെള്ളയിൽ ഉണ്ടെന്നും അന്ന് ആ പത്രത്തിൽ എഴുതിയിരുന്നു.നാല്പതുകളുടെ രണ്ടാം പാതിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരണമാണു സഖാവിനെ തീവ്രമായി ഇഷ്ടപ്പെട്ടു തുടങ്ങാൻ ഒരു സ്കൂൾ വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ പ്രേരിപ്പിച്ചത്.
ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരെപ്പറ്റി അന്നേ ചെറിയ ധാരണകൾ ഉണ്ടായിരുന്നെങ്കിലും വി.എസ് എന്ന മനുഷ്യൻ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത് അന്നു മുതലായിരുന്നു.അന്നു സഖാവ് അനുഭവിച്ച വേദന എന്തായിരിയ്ക്കും എന്ന് പലപ്പോളും മനസ്സിൽ സങ്കൽപ്പിയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം ഞങ്ങളുടെ നാട്ടിൽ പലരോടും താങ്കളെക്കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്.ഞാൻ പറഞ്ഞു വന്നത് ഇന്നിപ്പോൾ മാധ്യമ പുംഗവന്മാർ താങ്കളുടെ ജീവ ചരിത്രം എഴുതി താളുകൾ നിറയ്ക്കുന്നതിനും എത്രയോ മുൻപ് താങ്കളെപ്പറ്റി ഞാനൊക്കെ അറിഞ്ഞിരുന്നു.
ഇന്നിപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം സഖാവിനെ പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി എന്ന വാർത്തയാണ്.സഖാവിനെ പ്പോലെ ഉന്നതനായ ഒരു നേതാവിനെ പുറത്താക്കണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകുമല്ലോ.അതിനെക്കുറിച്ച ഓർത്തപ്പോളാണു എന്റെ മനസ്സിലുണ്ടായ ചെറിയ വികാരങ്ങൾ സഖാവിനോട് പങ്ക് വയ്ക്കണമെന്ന് ആഗ്രഹിച്ചത്.
ചെറുപ്പത്തിൽ എങ്ങനെ താങ്കൾ എന്റെ ആരാധനാപാത്രമായി എന്നു ഞാൻ പറഞ്ഞല്ലോ.എന്നാൽ മുതിർന്നതിനു ശേഷം ഈ പ്രസ്ഥാനവുമായി കൂടുതൽ അടുക്കുകയും സ്നേഹിയ്ക്കുകയും ചെയ്തപ്പോൾ അന്നു എന്റെ മനസ്സിൽ വീരമുദ്ര പതിപ്പിച്ച താങ്കളുടെ മറ്റൊരു മുഖം കൂടി ഉണ്ടെന്ന് മനസ്സിലാക്കേണ്ടി വന്നു.ദു:ഖത്തോടെ ആണെങ്കിലും അത് എനിയ്ക്ക് സ്വീകരിക്കേണ്ടി വന്നു.
1964ൽ പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിട്ടും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ എത്തിപ്പെടാൻ നീണ്ട 21 വർഷം താങ്കൾക്ക് കാത്തിരിക്കേണ്ടി വന്നു.1964-67കാലത്ത് “ചൈനീസ് ചാരന്മാർ “ എന്നാക്ഷേപിച്ച് പാർട്ടിനേതാക്കളെ ജയിലിൽ അടച്ചപ്പോൾ ജയിലിലായ സഖാവ്, അന്നു പാർട്ടി രൂപീകരണത്തിനു ശേഷം പ്രതിസന്ധി നേരിടുമ്പോൾ, രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാനെന്ന പേരിൽ രാജ്യ രക്ഷാ ഫണ്ടിലേയ്ക് ഫണ്ട് , പട്ടാളക്കാർക്ക് രക്തദാനം എന്നീ ആശയങ്ങളുമായി ജയിലിനുള്ളിൽ പ്രവർത്തിച്ചു.ആയിരക്കണക്കിനു പാർട്ടി സഖാക്കളെ അന്യായമായ കുറ്റമാരോപിച്ച് സർക്കാർ ജയിലിൽ ഇട്ടിരിയ്ക്കുന്ന സമയത്തായിരുന്നു അതെന്ന് ഓർക്കണം. പാർട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കൾക്കുണ്ടായിരുന്നുവെന്നല്ലേ ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്?അന്നു അതിനു പാർട്ടി നടപടി മൂലം താങ്കൾ സെൻട്രൽ കമ്മിറ്റിയിൽ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി.
അതിനുശേഷം 1985 ലെ കൽക്കത്താ കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ അംഗമായി സഖാവ്.അതു ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും പരമ്മോന്നതമായ സ്ഥാനമാണ്.ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥാനം.എന്നാലോ?പിന്നിടിങ്ങോട്ടുള്ള ഓരോ പ്രധാന സംഭവങ്ങളിലും താങ്കൾ എന്തു നിലപാടാണു എടുത്തത്?
1991 ലെ തെരഞ്ഞെടുപ്പിൽ താങ്കൾ ജയിച്ചെങ്കിലും പാർട്ടി തോറ്റു.1992ൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താങ്കൾക്ക് പകരം നായനാർ സെക്രട്ടറി ആയി.പിന്നീട് 1996ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നായനാർ മത്സരിയ്ക്കാതിരിയ്ക്കുകയും താങ്കൾ മൽസരിക്കുകയും ചെയ്തു.അന്നു സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് അത്രയൊന്നും അറിയപ്പെടാത്ത ഒരു കോൺഗ്രസുകാരനോട് സഖാവ് പരാജയപ്പെട്ടു.അതിനെ തുടർന്ന് സഖാവ് സുശീലാ ഗോപാലനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാമെന്നു പോളിറ്റ് ബ്യൂറോയും സെൻട്രൽ കമ്മിറ്റിയും കേരളാ സംസ്ഥാന കമ്മിറ്റിയ്ക് മാർഗ നിർദ്ദേശം നൽകി.ആ പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്ത് അംഗീകരിച്ച താങ്കൾ കേരളത്തിൽ വന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നായനാരെ നിർദ്ദേശിച്ചു.സ്വാഭാവികമായും മലബാറിൽ നിന്നുള്ള നായനാർ തെരഞ്ഞെടുക്കപ്പെട്ടു.എന്തായിരുന്നു സുശീലാ ഗോപാലനെ എതിർക്കാൻ താങ്കളെ പ്രേരിപ്പിച്ച ചേതോ വികാരം? ഒരേ നാട്ടിൽ നിന്നു മറ്റൊരാൾ ഉയർന്ന് വരുമെന്നുള്ള ഭീതിയോ?അതോ മറ്റെന്തെങ്കിലുമോ?
അതിനുശേഷം താങ്കൾ പാർട്ടിയിൽ നടത്തിയ ഓരോ പരിപാടികളും ഒരു പോളിറ്റ് ബ്യൂറോ അംഗത്തിനു ചേർന്നതായിരുന്നുവോ?മാരാരിക്കുളത്ത് താങ്കൾ തോറ്റത് കാലുവാരൽ മൂലമാണോ? 1996 നു മുൻപും അതിനു ശേഷവും അവിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി എം നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചല്ലോ.അപ്പോൾ കാലുവാരൽ മൂലം മാത്രമല്ല താങ്കൾ തോൽപ്പിക്കപ്പെട്ടത് എന്ന് ഉറപ്പാണ്.
പാലക്കാട് സമ്മേളനം കഴിഞ്ഞ് ദു:ഖിതനായി ഇറങ്ങി വരുന്ന സഖാവ് സി.കണ്ണന്റെ ദൈന്യതയാർന്ന മുഖം ചാനലുകൾ വീണ്ടും വീണ്ടും കാണിച്ചത് ഇന്നും ഓർമ്മ വരുന്നു.കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളടക്കം എത്ര പേരയാണു പാലക്കാട് സമ്മേളനത്തിൽ താങ്കൾ “വെട്ടി നിരത്തിയത്”?സി.കണ്ണനെപ്പോലെ, ഒരു യോഗീവര്യനെപ്പോലെ ജീവിതം നയിച്ച ത്യാഗിയായ കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലും തഴഞ്ഞ സഖാവിനു കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ചരിത്രം എന്നെങ്കിലും മാപ്പു തരുമോ?അന്തരിച്ച സ: ഇ ബാലാനന്ദൻ തന്റെ ആത്മകഥയുടെ അവസാന അദ്ധ്യായത്തിൽ പറഞ്ഞ ഒരു വാചകം ഞാൻ ഓർക്കുന്നു.” പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസിനെ ചെന്നു കണ്ട് വി.എസുമായി ഇനി യോജിച്ച് പ്രവർത്തിയ്ക്കാൻ എനിയ്ക്കാവില്ല എന്ന് ഞാൻ അറിയിച്ചു “ എന്നതായിരുന്നു ആ വാചകം.ബാലാനന്ദനെപ്പോലെ മിതഭാഷിയായ ഒരാളെപ്പോലും പൊട്ടിത്തെറിപ്പിച്ച പാലക്കാടു സമ്മേളനം ഇങ്ങനെ അവസാനിക്കാൻ താങ്കളല്ലേ കാരണം?ആ സംഭവത്തെ തുടർന്നല്ലേ പാർട്ടിയിലെ സഖാക്കളോടു “വൈര്യ നിര്യാതന ബുദ്ധി”യോടെ പെരുമാറരുത് എന്ന് പറഞ്ഞ് പാർട്ടി താങ്കളെ ശാസിച്ചത്?
വടക്കേ മലബാറിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമ്മുന്നതനായ നേതാവായിരുന്ന സ:ഒ ഭരതനെ താങ്കൾ മറന്നുവോ?ഉജ്ജ്വല നേതാവായിരുന്ന അദ്ദേഹത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള ചുക്കാൻ പിടിച്ചത് താങ്കൾ അല്ലായിരുന്നുവോ? പാർട്ടിയിൽ നിന്നു വേദനയോടെ പുറത്തു പോയ ആ സഖാവിന്റെ ഓർമ്മകൾ എന്നെങ്കിലും താങ്കൾക്ക് മാപ്പ് തരുമോ?
മലപ്പുറം സമ്മേളനത്തിൽ താങ്കൾ എന്തിനായിരുന്നു 12 പേരെ മത്സരിപ്പിച്ചത്?
ഇതൊക്കെ ഞാൻ പറയുന്നത് തികഞ്ഞ വേദനയോടെയാണ്.അതി ധീരനായ ഒരു വിപ്ലവകാരിയായി എന്റെ മനസ്സിൽ കടന്നു കൂടിയ താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനു ചേരാത്ത രീതിയിൽ പ്രവർത്തിയ്ക്കുന്നത് ദു:ഖത്തൊടെ മാത്രമേ കണ്ടു നിൽക്കാനാവുന്നുള്ളൂ.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേർവഴിയ്ക്ക് നയിച്ച് മാതൃക കാട്ടേണ്ട താങ്കൾ തന്നെ ഇന്നേ വരെയുള്ള വിഭാഗീയ പ്രവർത്തനങ്ങളുടെയെല്ലാം ഒരു ഭാഗത്ത് എന്നുമുണ്ടായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ എന്നെപ്പോലെയുള്ളവർ എത്ര ബുദ്ധിമുട്ടി!
എന്തു പറ്റി സഖാവു വി.എസ് താങ്കൾക്ക്?എന്നു മുതലാണ് ഈ മാധ്യമങ്ങളും വലതു പക്ഷ രാഷ്ട്രീയക്കാരും താങ്കളെ പൊക്കിപ്പിടിക്കാൻ തുടങ്ങിയത്?അവരുടെ സ്നേഹം താങ്കളോടല്ല എന്ന് ഇനിയും മനസ്സിലായിട്ടില്ലേ?താങ്കൾ അവർക്കൊരു കരു മാത്രമാണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രശ്നത്തിൽ വെറും തെരുവു നായയെ തല്ലുന്നതു പോലെ ഇവരെല്ലാം കൂടി താങ്കളെ തെരുവിൽ അലക്കിയപ്പോൾ ആരായിരുന്നു താങ്കളുടെ രക്ഷയ്ക്കുണ്ടായിരുന്നത്?പറയാത്ത കാര്യം പറഞ്ഞു എന്നു വരുത്തി തീർത്തില്ലായിരുന്നോ ഇവരെല്ലാം കൂടി?
അധികാരമോഹവും സ്വാർത്ഥതയും താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.അതു മറച്ച് വച്ച ജനസമ്മിതി നേടാനുള്ള അടവുകളല്ലേ ഈ “ജനകീയ പ്രശ്നങ്ങളിലെ ഒറ്റയാൻ “പോരാട്ടങ്ങൾ?1996 നു മുൻപ് എവിടെ ആയിരുന്നു ഈ “ഒറ്റയാൻ” പോരാട്ടങ്ങൾ?അന്നിവർക്ക് താങ്കൾ സ്റ്റാലിനിസ്റ്റും “വെട്ടി നിരത്തൽ” വിരുതനും ആയിരുന്നല്ലോ? അതൊക്കെ മറന്നോ താങ്കൾ?
എ.കെജി യും, ഇ.എം.എസും, നായനാരും ഒക്കെ ജനസ്സമ്മിതി നേടിയത് പാർട്ടിയുടെ അച്ചടക്കത്തിൽ പ്രവർത്തിച്ച് തന്നെയാണ്.താങ്കൾക്കെന്തു കൊണ്ട് അതു സാധിയ്ക്കുന്നില്ല? സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാരെ എന്നെങ്കിലും പിന്തുണയ്ക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ?മാധ്യമപ്പടയുടെ പിന്തുണ കിട്ടാൻ എന്തു “ഞഞ്ഞാ പിഞ്ഞാ” വർത്തമാനവും പറയുന്ന അവസ്ഥയിലേയ്ക്ക് താങ്കൾ എങ്ങനെയാണ് അധ:പതിച്ചത് വി.എസ്?ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാൻ കഴിയും.ഒന്നും ദീർഘിപ്പിയ്ക്കുന്നില്ല ഞാൻ....
പാർട്ടിയ്ക്കു മുകളിൽ വളർന്നുവെന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും.നാളെ ഏതെങ്കിലും കാരണത്താൽ പാർട്ടിക്കു പുറത്തു പോയാൽ ഇവരിൽ എത്ര പേർ താങ്കളുടെ കൂടെ ഉണ്ടാവും?അന്നവർ താങ്കളെ ഉപയോഗം കഴിഞ്ഞ കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും.
ഈ പാർട്ടിയ്ക്കു താങ്കളെ വേണം.താങ്കൾക്ക് ഈ പാർട്ടിയും വേണം.ഇതു താങ്കൾക്ക് അവസാനത്തെ അവസരമാണ്.ഇനിയൊരിയ്ക്കൽ കൂടി പാളിയാൽ, അച്ചടക്കം ലംഘിച്ച് താൻ പോരിമ കാണിച്ചാൽ ഒരു പക്ഷേ അനിവാര്യമായ ആ ദുരന്തം ഉണ്ടായേക്കാം.അന്നു ആരും കൂടെ ഉണ്ടാവില്ല.ഉണ്ടാകും എന്ന് പറയുന്ന ഈ “പൊതുജനം” പോലും.എന്നെപ്പോലെ അന്നും ഇന്നും താങ്കളെ ഇഷ്ടപ്പെടുന്ന അനേകർക്ക് അത് തീർച്ചയായും ഒരു ശുഭവാർത്ത ആകില്ല.പക്ഷേ അങ്ങനെ വന്നാൽ താങ്കളോടൊപ്പം നിൽക്കാൻ,പണ്ട് സഖാവിന്റെ വീരചരിതം സാകൂതം വായിച്ചറിഞ്ഞ ആ സ്കൂൾ വിദ്യാർത്ഥിയുടെ മനസ്സ് ഇന്നും കാത്തു സൂക്ഷിയ്ക്കുന്ന ഞാൻ ഉണ്ടാവില്ല..തീർച്ച.
അഭിവാദനങ്ങളോടെ,
താങ്കളെ സ്നേഹിയ്ക്കുന്ന ഒരു കുഞ്ഞു സഖാവ്.
Sunday, July 12, 2009
ഈ ‘ഭ്രമരം’ ഭ്രമിപ്പിച്ചുവോ?
നിരപരാധിയായ ഒരാൾ ശിക്ഷിയ്ക്കപ്പെടുമ്പോൾ എന്താണു സംഭവിയ്ക്കുന്നത്? അതു അയാളുടെ ജിവിതത്തേയും അയാളോടു ബന്ധപ്പെട്ടു നിൽക്കുന്നവരുടെ ജീവിതത്തേയും എങ്ങനെ ബാധിയ്ക്കുന്നു?യഥാർത്ഥ കുറ്റവാളികളുടെ ഭാവി ജീവിതം എങ്ങനെ ആയിരിയ്ക്കും?
ഈ ഒരു അന്വേഷണമാണു ശ്രീ ബ്ലെസി സംവിധാനം ചെയ്ത “ഭ്രമരം” എന്ന ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ അടിസ്ഥാനപരമായ ആശയം.
കാഴ്ച, തന്മാത്ര, പളുങ്ക്,കൽക്കത്താ ന്യൂസ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണു ഭ്രമരം.ബ്ലെസിയുടെ ചിത്രങ്ങളുടെ എല്ലാം ഒരു പ്രത്യേകത എന്നു പറയാവുന്നത്,എതെങ്കിലും ഒരു ചെറിയ സംഭവത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്ന ഒരു കഥകളാണു എന്നതാണ്.ഭ്രമരത്തിലും അത്തരം ഒരു സംഭവമാണു സിനിമയുടെ ഇതിവൃത്തത്തിനു അടിസ്ഥാനം.ആ സംഭവം അവിചാരിതമായി നടക്കുന്ന ഒരു കൊലപാതകമാവുകയും അതിലെ യഥാർത്ഥ പ്രതികൾ തങ്ങളുടെ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് പ്രതികളലാതെയാവുകയും ചെയ്യുന്നു.അപ്പോൾ ആ പാപ ഭാരം ഏറ്റെടുക്കാൻ വിധിയ്ക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ ജീവിതയാത്രകളുടെ വേദനിപ്പിയ്ക്കുന്ന കഥയാണു ഭ്രമരം എന്ന് പറയാം
ഭ്രമരം എന്നാൽ “വണ്ട്” എന്നാണു അർത്ഥം.മൂളിക്കൊണ്ട് ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും അവിടെയും ഇവിടെയും ഇടിച്ചു നിലത്തു വീഴുകയും, പിന്നെയും ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും ചെയ്യുന്ന വണ്ടിന്റെ സ്ഥാനമാണു ഇതിലെ കഥാനായകനുള്ളത്.ആ കഥാനായകന്റെ ജീവിതയാത്രയിലും വണ്ടിനുണ്ടാകുന്നപോലെ ഒട്ടനവധി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നു.ആ പ്രതി ബന്ധങ്ങളിൽ തട്ടി വീണിടത്തു നിന്നും എഴുനേറ്റ് ജീവിതം കരുപ്പിടിപ്പിയ്ക്കാൻ തുടങ്ങുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങൾ വീണ്ടും ആ ജീവിതത്തെ പിന്നോട്ട് വലിയ്ക്കുന്നു.
വളരെ ഉന്നത നിലയിൽ നഗരത്തിൽ ജീവിതം നയിച്ചിരുന്ന ഉണ്ണിയുടേയും ലക്ഷ്മിയുടേയും ജീവിതത്തിലേയ്ക്കു ഒരു അപരിചിതനായി മോഹൻലാലിന്റെ കഥാപാത്രം ചെന്നു കയറുന്നതോടെയാണു ചിത്രം തുടങ്ങുന്നത്.ഉണ്ണിയുടെ പഴയകാല ക്ലാസ് മേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയുള്ള അപരിചിതന്റെ വരവ് ഉണ്ണിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു.കഥ വികസിയ്ക്കുമ്പോൾ ഉണ്ണിയും(സുരേഷ് മേനോൻ) , ശിവൻകുട്ടിയും( മോഹൻലാൽ), ഉണ്ണിയുടെ സുഹൃത്തായ അലക്സും(മുരളീ കൃഷ്ണ)യും ഉൾപ്പെട്ട ഒരു കൊലപാതക കഥയുടെ കൂടി ചുരുളഴിയൂകയാണു.
അതു പിന്നീട് പ്രതികാരത്തിന്റേയും, വേദനയുടേയും, ഏറ്റു പറച്ചിലുകളുടേയും ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നു.പിന്നീടുള്ള ഓരോ സംഭവങ്ങളും നല്ലൊരു ആക്ഷൻ ത്രില്ലറിന്റെ രീതിയിൽ തന്നെ കാണാം.
ഈ ഭ്രമരം ഭ്രമിപ്പിച്ചുവോ?
എന്നു ചോദിച്ചാൽ ഇല്ല എന്നാവും എന്റെ ഉത്തരം.മലയാളം കണ്ട എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ പത്മരാജന്റെ ശിഷ്യനായ ബ്ലെസിയിൽ നിന്നു ഇതിലൂമേറെയാണു എന്നെപ്പോലെയുള്ളവർ പ്രതീക്ഷിയ്ക്കുന്നത്.കാഴ്ചയും, തന്മാത്രയും സംവിധാനം ചെയ്തതിലൂടെ തനിയ്ക്കതാവുമെന്ന് അദ്ദേഹം തെളിയിയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.അപ്പോൾ തിർച്ചയായും ഇതു അദ്ദേഹത്തിനെ ലെവലിൽ നിന്നും താഴെ നിൽക്കുന്നഒരു ചിത്രമായി മാത്രമേ ഇതിനെ കാണാൻ സാധിയ്ക്കൂ.ഇതിവൃത്തത്തിന്റെ പൂതുമയില്ലായമയും വ്യത്യസ്തത തോന്നാത്ത തിരക്കഥയുമാണു ഈ ചിത്രത്തെ സാധാരണ ചിത്രങ്ങളുടെ പട്ടികയിൽ നിന്നു മുകളിലേയ്ക്കുയർത്താത്തത്.ശ്രീനിവാസൻ അഭിനയിച്ച “ അങ്ങനെ ഒരു അവധിക്കാലത്ത്” എന്ന ചിത്രത്തിൽ എങ്ങനെയാണ് നിരപരാധിയായ ഒരു മനുഷ്യൻ തെറ്റുകാരനായി ചിത്രീകരിയ്ക്കപ്പെടുന്നതെന്ന് ഇതിലും ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.ഭ്രമരത്തിൽ എല്ലാം കണ്ടു മടുത്ത രംഗങ്ങളും കഥാ സന്ദർഭങ്ങളും നിറഞ്ഞിരിയ്ക്കുന്നു.പലയിടങ്ങളിലും, സിനിമയെ വാണിജ്യ വൽക്കരിയ്ക്കാനുള്ള വ്യഗ്രതയിൽ കഥാ സന്ദർഭങ്ങളെ വലിച്ചു നീട്ടിയതായി തോന്നുന്നു.യാതൊരു പ്രസക്തിയുമില്ലാത്തതു പോലെ അവതരിപ്പിച്ചിരിയ്ക്കുന്ന ശിവൻകുട്ടിയുടെ ഭാര്യയേയും കുട്ടിയേയും എന്തിനാണു ഇത്ര ബോറാക്കി കളഞ്ഞത് ?ആ കഥാപാത്രങ്ങളുടേതായ പല അഭിനയ രംഗങ്ങളും, എന്നിൽ മടുപ്പുളവാക്കുകയാണു ചെയ്തത്.മോഹൻലാലിന്റെ മകളായി കൊണ്ടുവന്ന കുട്ടി തീരെ ശോഭിച്ചുമില്ല.മൊത്തം കഥയിൽ ഏച്ചു കെട്ടിയതു പോലെയായി പല രംഗങ്ങളും.
എന്നാൽ മോഹൻലാൽ എന്ന നടന്റെ അനിതര സാധാരണമായ അഭിനയവൈഭവം ഈ സിനിമയെ ഏറ്റവുമധികം വേറിട്ടു നീർത്തുന്ന ഒന്നാണ്.തീയേറ്ററിൽ ഈ സിനിമ കാണുമ്പോൾ മോഹൻലാലിന്റെ മുഖത്തിനു പകരം നമ്മുടെ യുവ നടന്മാരുടെയെല്ലാം മുഖങ്ങൾ വച്ചു നോക്കി.നിരാശയായിരുന്നു ഫലം.മോഹൻലാലിനു തുല്യം മറ്റാരുമില്ല.പ്രിയപ്പെട്ട സഹോദരന്റെ വേർപാട് ഉള്ളിലൊതുക്കി ,മറ്റാരേയും അറിയിയ്ക്കാതെ ജീവിച്ച് ,പുഞ്ചിരിയ്ക്കുന്ന മുഖത്തോടെ കടമകൾ നിറവേറ്റുന്ന ഒരു ചെറുപ്പക്കാരന്റെ മനോവേദനകളെ അനശ്വരമാക്കിയതിനാണു “ഭരതം” എന്ന ചിത്രത്തിൽ മോഹൻലാലിനു ദേശീയ അംഗീകാരം കിട്ടിയത്.ഈ ചിത്രത്തിൽ അതിനു സമാനമായ ഒരു കഥാപാത്രത്തെയാണു അദ്ദേഹം അവതരിപ്പിയ്ക്കുന്നത്.അതിൽ അദ്ദേഹം നന്നായി വിജയിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
എന്നെ നിരാശപ്പെടുത്തിയ ഈ ബ്ലെസി ചിത്രത്തിന്റെ ഏറ്റവും നല്ല വശങ്ങളിലൊന്ന് മോഹൻലാലിന്റെ അനയാസമായ ഈ അഭിനയ തികവാണ്.അതു കൂടാതെ അജയൻ വിൻസന്റിന്റെ ഛായാഗ്രഹണവും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്.അനിൽ പനച്ചൂരാൻ എഴുതി മോഹൻ സിത്താര സംഗീതം നൽകിയ ഗാനങ്ങളും ശ്രവ്യസുഖം നൽകുന്നവയാണ്.കൂടാതെ ആധുനിക സാങ്കേതിക വിദ്യകൾ ഒട്ടനവധി ഈ ചിത്രത്തിൽ ഉപയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇവയൊക്കെ കൊണ്ടു തന്നെ സിനിമ മൊത്തത്തിൽ നയന സുഖം നൽകുന്നു എന്നു പറയാം.എന്നാൽ സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിയ്ക്കാനോ “തന്മാത്ര” പോലെ “ഹോണ്ടിംഗ്”(haunting) ആയി മാറാനോ ഈ ചിത്രത്തിനു ഒട്ടും തന്നെ കഴിയുന്നില്ല എന്നത് ,ഒട്ടേറെ പ്രതീക്ഷകൾ നമുക്ക് നൽകിയ ബ്ലെസിയെപ്പോലെ ഒരാളുടെ പരാജയം തന്നെയാണ്. പലപ്പോഴും കണ്ടു പരിചയിച്ച ഒരു ആശയത്തെ വ്യത്യസ്തമായി അവതരിപ്പിയ്ക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടില്ല ഈ ചിത്രത്തിൽ.
അതുകൊണ്ടു തന്നെ‘ഭ്രമരം’ എന്ന സിനിമയ്ക്കു ശരാശരി നിലവാരത്തിൽ നിന്നു ഒട്ടും തന്നെ ഉയർന്നു നിൽക്കാൻ സാധിച്ചില്ല എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ...!
(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)
Monday, June 8, 2009
“കാല്പനിക ഭാവങ്ങളുമായി ബേക്കൽ”-(ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ ! -ഭാഗം -2)
അങ്ങനെ ഞാൻ 28 ആം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി.അധികം വൈകാതെ തന്നെ കാഞ്ഞങ്ങാട് പോകുന്ന ഒരു പ്രൈവറ്റ് ബസ് അവിടെ എത്തി.ബോർഡിൽ “ബേക്കൽ” എന്ന് എഴുതിയിരുന്നെങ്കിലും കണ്ടക്ടറോട് ഒന്നു കൂടി ചോദിച്ച് ഉറപ്പിച്ച ശേഷം അതിൽ കയറിയിരുന്നു.കുറച്ച് ആൾക്കാർ കയറിയപ്പോൾ വണ്ടി പുറപ്പെട്ടു.കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ വെറും 15 കി.മീ ചെന്നാൽ ബേക്കൽ ആകും എന്നായിരുന്നു ഞാൻ അന്വേഷിച്ച് അറിഞ്ഞു വച്ചിരുന്നത്.എന്നാൽ അര മണിയ്ക്കൂർ കഴിഞ്ഞിട്ടും സ്ഥലം എത്തുന്നില്ല.അപ്പൊൾ അടുത്തിരുന്ന ആളിനോട് അന്വേഷിച്ചപ്പോളാണു മനസ്സിലാകുന്നത് ആ ബസ് നേരെയുള്ള വഴിയിലല്ല പോകുന്നത് എന്ന്.ബേക്കലിൽ ചെല്ലാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കുമത്രേ.അബദ്ധം പറ്റിയല്ലോ എന്നോർത്തപ്പോൾ ഒരു നിരാശ സ്വയം തോന്നി.പക്ഷേ ഇനിയിപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ എന്നോർത്തപ്പോൾ അങ്ങനെ ഇരുന്നു ഒന്നു മയങ്ങിപ്പോയി.ഉണർന്നപ്പോൾ ബസ് ഉദുമ എത്തിയിരുന്നു.സമയം 12.30 ആയി.വിശക്കുന്നുണ്ടായിരുന്നു.എന്തായാലും കാസറഗോഡു നിന്നു കഴിയ്ക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.ബേക്കലിനു സമീപം ചെറിയ വല്ല ഹോട്ടലും ഉണ്ടാവും എന്ന വെറുമൊരു തോന്നലായിരുന്നു അതിന് കാരണം.പത്തു ദിവസമായി മംഗലാപുരത്തെ ഉയർന്ന ഗ്രേഡിലുള്ള ഹോട്ടലിലെ ഭക്ഷണം അത്ര മടുപ്പിച്ചിരുന്നു.
നീണ്ട കാത്തിരിപ്പിന് ശേഷം ബസ് 12.40 ആയപ്പോൾ ബേക്കലിൽ എത്തി.ബേക്കൽ കോട്ടയും അതിനു തൊട്ടടുത്തുള്ള ബീച്ചുമാണു പ്രധാന ആകർഷണം ഇവിടെ.ബേക്കൽ കോട്ടയിലേയ്ക്ക് പോകുന്നതിനുള്ള ബസ്‌സ്റ്റോപ് വളരെ ചെറിയ ഒന്നാണ്.പഴകി ദ്രവിച്ച ഒന്നു രണ്ടു ബോർഡുകൾ മാത്രമേ അവിടെ കാണാനായുള്ളൂ.ബേക്കലിലെ ടൂറിസം വികസനം ഇനിയും എത്രയോ ദുരം പോകാനുണ്ടെന്ന് ഈ പഴകി ദ്രവിച്ച ബോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു!
(കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ 15 കി.മീ ചെല്ലുമ്പോളുള്ള ബേക്കൽ സ്റ്റോപ്-പഴകിയ ബോർഡുകൾ)
കേരളത്തിൽ ഇന്ന് അവശേഷിയ്ക്കുന്ന കോട്ടകളിൽ വലിപ്പം കൊണ്ട് ഒന്നാം സ്ഥാനത്താണു ബേക്കൽ.ഏതാണ്ട് 40 ഏക്കർ സ്ഥലത്തായി അതു പരന്നു കിടക്കുന്നു.ഇതിലും വലിയ ഒരു കോട്ട ഞാൻ കണ്ടത് കർണ്ണാടകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ജില്ലയായ ബീദറിലാണ്.അവിടെ പഴയ ബീദർ പട്ടണം മുഴുവനായി കോട്ടയാൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഏതാണ്ട് 5 കി.മീ ചുറ്റളവ് ഉണ്ട് ആ കോട്ടയ്ക്.
കാസറഗോഡ്- കാഞ്ഞങ്ങാട് റെയിൽ റൂട്ടിലും “ബേക്കൽ ഫോർട്ട്” സ്റ്റേഷൻ ഉണ്ട്.ഇവിടെ എക്സ്പ്രസ് ട്രയിനുകൾ നിർത്താറില്ല.ആ സ്റ്റേഷനിൽ നിന്നാൽ കാണുന്ന ബേക്കൽ കോട്ടയുടെ വിദൂര ദൃശ്യം അതീവ സുന്ദരമാണ്.
(ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ നിന്നുള്ള കോട്ടയുടെ വിദൂര കാഴ്ച-ട്രയിനിൽ വച്ച് എടുത്തത്)
ബേക്കലിൽ ഇറങ്ങിയപ്പോൾ വിശപ്പ് കലശലായി.നല്ല ചൂടും.എന്തായാലും ഭക്ഷണം കഴിച്ചിട്ട് കോട്ടകാണാം എന്ന് കരുതി ബസ്‌സ്റ്റോപ്പിന്റെ പരിസരം മുഴുവൻ നോക്കിയിട്ടും ഒരു ഹോട്ടൽ കാണാൻ കഴിഞ്ഞില്ല.എന്തായാലും റോഡ് മുറിച്ചു കടന്ന് കോട്ടയിലേയ്ക്കുള്ള വഴിയിലൂടെ നടന്നു.ഏകദേശം 100-150 മീ നടന്നപ്പോൾ തന്നെ പ്രൌഢഗംഭീരമായ് കോട്ടയുടെ മുൻഭാഗം പ്രത്യക്ഷപ്പെട്ടു.
(ബേക്കൽ കോട്ടയിലേയ്ക്ക് എത്തിച്ചേരുന്ന വഴി)
ഭാഗ്യം, കോട്ടയുടെ പ്രധാനകവാടത്തിനു എതിരായി തന്നെ ഒന്നു രണ്ട് കടകൾ.അതിലൊന്നു ഒരു നാടൻ ഹോട്ടൽ.ഒട്ടും താമസ്സിയ്ക്കാതെ അങ്ങോട്ട് ചെന്നു.ഒരു കുടുംബം നടത്തുന്ന വളരെ ചെറിയ ഹോട്ടൽ.ഒരു ചേച്ചിയാണവിടുത്തെ പ്രധാനി.അകത്തുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു “ഊണു”പറഞ്ഞു.ഊണു വരാനെടുത്ത സമയത്ത്, ബേക്കൽ കാണാൻ വന്ന മറ്റു ചില കുടുംബങ്ങളെ ചുമ്മാ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവരുടെ ഒക്കെ തൊലിനിറവും ഭാഷയുടെ വ്യത്യാസങ്ങളും ഒക്കെ എന്നെ വല്ലാതെ ആകർഷിച്ചു.തുളുനാടിന്റെ സ്വാധീനമാകാം അതിനു പിന്നിൽ എന്നു തോന്നുന്നു.അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സൌന്ദര്യം പ്രത്യേകം ഞാൻ ശ്രദ്ധിച്ചു.ശരിയ്ക്കും മലയാളി സുന്ദരി എന്ന് പറയേണ്ടത് ഇവരെയല്ലേ എന്ന് തോന്നാതിരുന്നില്ല !
ഇത്തരം ചെറിയ ഹോട്ടലുകൾ പണ്ടെ എനിയ്ക്കു ഇഷ്ടമാണ്.നഗര വൽക്കരണത്തിനിടയിൽ നമുക്ക് നഷ്ടമാകുന്നവയാണു ഇത്തരം ഇടത്തരം ഭക്ഷണശാലകൾ.ഇതിനിടയിൽ വന്ന ഊണും കഴിച്ച് ഞാൻ വെളിയിലിറങ്ങി.ചൂട് കാരണം തൊട്ടടുത്തുള്ള കടയിൽ നിന്നു വെള്ളവും വാങ്ങി കോട്ടയുടെ കവാടത്തിലേയ്ക്ക് നടന്നു.
(കോട്ടയുടെ മുൻഭാഗം)
(മുൻവശത്തെ ദൃശ്യങ്ങൾ)
തൊട്ടു മുന്നിൽ ശാന്ത സുന്ദരമായ അറബിക്കടൽ കാണാം.അറബിക്കടലിലേയ്ക്കു തള്ളി നിൽക്കുന്ന രീതിയിലാണു കോട്ട പണിതിരിയ്ക്കുന്നത്.ആർക്കിയോളജിയ്ക്കൽ സർവേയുടെ കീഴിലുള്ള സംരക്ഷിത സ്മാരകം ആണു ഇപ്പോൾ കോട്ട.എന്നാൽ ഈ കോട്ടയുടെ ചരിത്രമോ മറ്റു വിവരങ്ങളോ വിശദീകരിയ്ക്കുന്ന ഒരു ബോർഡ് പോലും അവിടെ ഇല്ലാത്തതിൽ എനിയ്ക്ക് നിരാശ തോന്നി.ടിക്കറ്റെടുത്ത് ഞാൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.
(സന്ദർശകർക്കുള്ള അറിയിപ്പ്)
ബേക്കലിന്റെ ചരിത്രം
16 ആം നൂറ്റാണ്ടിലെ തളിക്കോട്ട യുദ്ധത്തിനു ശേഷം തുളുനാട്ടിൽ ആധിപത്യം സ്ഥാപിച്ചിരുന്ന “കേലാടി നായക” രാജാക്കന്മാരാണു ബേക്കൽ കോട്ട പണി കഴിപ്പിച്ചത്.കേരളത്തിലെ മറ്റു കോട്ടകളിൽ നിന്നു വ്യത്യസ്തമായി ഭരണ പരമായ കാര്യങ്ങളൊന്നും തന്നെ ഈ കോട്ടയ്ക്കുള്ളിൽ നിന്നു നടത്തിയിരുന്നില്ല.അധികാര സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.അതിനർഥം പ്രതിരോധാവശ്യങ്ങൾക്കായി മാത്രമായിരുന്നു ഈ കോട്ട പണികഴിപ്പിച്ചത് എന്നാണ്.അറബിക്കടലിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് അക്കാലത്ത് സ്വന്തം സാമ്രാജ്യം നില നിർത്താൻ ആഗ്രഹമുള്ള ഏതൊരു രാജാവും സ്വീകരിച്ചു വന്നിരുന്ന മാർഗമാണ്.കേരളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എല്ലാ കോട്ടകളും ഈ ഒരു ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളവയാണ്.വളരെക്കാലം കേലാടി നായകന്മാരുടെ കൈവശം ഉണ്ടായിരുന്ന ഈ കോട്ട പിന്നീട് മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലി പിടിച്ചടക്കി.പിന്നീട് ഇത് ടിപ്പു സുൽത്താന്റെ കീഴിലായിരുന്നു.ടിപ്പു സുൽത്താന്റെ കൊലപാതകത്തിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശം വന്നു ചേർന്നു.
പ്രൌഢഗംഭീരവും അന്യൂനമായ നിർമ്മാണ വൈദദ്ധ്യം കൊണ്ട് അതി മനോഹരവുമാണു ബേക്കൽ കോട്ട.കോട്ട നല്ല രീതിയിൽ സംരക്ഷിയ്ക്കാൻ ഇപ്പോൾ സർക്കാർ തലത്തിൽ തന്നെ ഒട്ടനവധി നടപടികൾ എടുത്തു വരുന്നുണ്ട്.കോട്ടയ്ക്കുള്ളിൽ കടക്കുമ്പോൾ തന്നെ കാണുന്ന മനോഹരമായ ഉദ്യാനവും മറ്റും ഇതിന്റെ ഭാഗമാണ്.കോട്ടഭിത്തികളൊക്കെയും പായലും ചെടികളും ഒക്കെ മാറ്റി വളരെ മനോഹരമാക്കിയിരിയ്ക്കുന്ന കാഴ്ചയാണു കാണാനാവുന്നത്.കോട്ടയിൽ കയറുമ്പോൾ തന്നെ “മുഖ്യപ്രാണ’ന്റെ ( ഹനുമാൻ) ക്ഷേത്രം കാണാം.കന്നഡയിലും കൂടിയുള്ള ബോർഡ് തുളു രാജാക്കന്മാരായിരുന്ന കേലാടി നായകന്മാരുടെ അന്നത്തെ സ്വാധീനം വെളിപ്പെടുത്തുന്നു.
(മുഖ്യപ്രാണ ക്ഷേത്രം)
(കോട്ടയിൽ കടക്കുമ്പോൾ)
കോട്ടയ്ക്കുള്ളിൽ കടന്നാൽ വലതു വശത്താണു അറബിക്കടൽ.ഞാൻ വലതു വശം വഴി കോട്ട ചുറ്റി കാണാൻ തുടങ്ങി.കോട്ട കാണാൻ വന്ന അനവധി സംഘങ്ങൾ ഉണ്ടായിരുന്നു.അവരിൽ ഒരു കൂട്ടരോടൊപ്പം അവരറിയാതെ ഞാനും കൂടി..കോട്ട കൊത്തളങ്ങളും അവിടെ ഒക്കെ കാണുന്ന പട്ടാള നിരീക്ഷണ കേന്ദ്രങ്ങളുമൊക്കെ സൂചിപ്പിയ്ക്കുന്നത് അക്കാലത്ത് കോട്ടയ്ക്കുണ്ടായിരുന്ന തന്ത്രപരമായ സ്ഥാനമാണ്.
( ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ?)
വലതു വശത്തേയ്ക്കു കുടുതൽ ചെല്ലുമ്പോൾ അനന്തമായ സമുദ്ര നീലിമയിലേയ്ക്ക് തള്ളി നിൽക്കുന്ന കോട്ടയുടെ കാഴ്ച കാണാം. ഒരിയ്ക്കൽ കണ്ടാൽ പിന്നെ ജീവിതത്തിൽ ഒരിയ്ക്കലും മറക്കില്ല.അറബിക്കടലിലെ ശാന്തമായ തിരമാലകൾ കോട്ടയിലും കോട്ടയോടു ചേർന്നുള്ള പാറക്കെട്ടുകളിലും വന്നടിയ്ക്കുന്നതിന്റെ താളാത്മകമായ ശബ്ദം കൂടിയാകുമ്പോൾ ഏതു കഠിന ഹൃദയനും ഒരു നിമിഷം വികാര തരളിതനാകുമെന്ന് ഉറപ്പാണ്.കാല്പനിക സൌന്ദര്യത്തിന്റെ പ്രൊജ്ജ്വലമായ മാതൃകയാണു ബേക്കൽ കോട്ട.മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന ഏതൊരാളിന്റെ മനസ്സിലും അതു ആലിപ്പഴം പൊഴിയ്ക്കും.
(തിരയും തീരവും ചുംബിച്ചുറങ്ങീ...)
ബേക്കൽ കോട്ടയുടെ മുകളിൽ നിന്ന് അറബിക്കടലിന്റെ വിശാലതയിലേയ്ക്കു മിഴി നീട്ടുമ്പോൾ അന്തരീക്ഷത്തിൽ ഒരു ഗാനം അലയടിച്ചു കാതുകളിൽ പതിച്ചു.
“ഉയിരേ..ഉയിരേ......വന്തു എന്നോട് കലന്തിവിട്” മണിരത്നത്തിന്റെ പ്രസിദ്ധമായ “ബോംബെ” എന്ന സിനിമയിൽ റഹ്‌മാന്റെ അനശ്വരമായ പ്രണയഗീതം.അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും തകർത്തഭിനയിച്ചത് ഈ ബേക്കൽ കോട്ടയുടെ മുകളിലാണ്.അക്കാലത്ത് കോട്ട ഇന്നുള്ള അത്രയും ഭംഗിയിൽ അല്ലായിരുന്നു എന്ന് വീഡിയോ കാണുമ്പോൾ അറിയാം.അന്നു അവഗണിയ്ക്കപ്പെട്ടു കിടക്കുകയായിരുന്ന ബേക്കലിന്റെ ഉയിർത്തെഴുനേൽപ്പിന് മണിരത്നവും ഒരു പങ്കു വഹിച്ചു എന്ന് പറയുന്നതാവും ശരി.
പടിഞ്ഞാറു ഭാഗത്ത് ഒരു ചെറിയ വാതിലുണ്ട്.അതു വഴി ഇറങ്ങിയാൽ അറബിക്കടലായി.അവിടെ അറബിക്കടലിലേയ്ക് തള്ളി നിൽക്കുന്ന കോട്ടയുടെ ഒരു ഭാഗമുണ്ട്.അതിനോടു ചുറ്റുമുള്ള പാറക്കെട്ടുകളിൽ തിരമാലകൾ വന്ന് അടിച്ചു ചിതറുന്ന കാഴ്ച അതി മനോഹരം എന്നു മാത്രമേ വിശേഷിപ്പിയ്ക്കാനാവൂ.
(കടലിന്നഗാധമാം നീലിമയിൽ..)
ഞാൻ ആ വാതിൽ വഴി ഇറങ്ങി കോട്ടയുടെ ആ ഭാഗത്തേയ്ക്കു പോയി.അവിടെ കുറെ സംഘങ്ങൾ ഉണ്ടായിരുന്നു.കൂട്ടത്തിൽ ഏതോ സ്കൂളിൽ നിന്നു വന്ന കുട്ടികളും.അവരുടെ കളിയും ചിരിയും കൊണ്ട് അന്തരീക്ഷം വളരെ സജീവമായതു പോലെ തോന്നി.നല്ല ചൂടുള്ള വെയിലിലും കടലിൽ നിന്നു വരുന്ന കാറ്റിൽ കുളിർമ്മ തോന്നി.കടലിലുള്ള കോട്ടയുടെ ഈ ഭാഗത്തു നിന്നു തിരിഞ്ഞു നിന്നു കോട്ടയെ നോക്കുമ്പോളാണു അതിന്റെ ഗാംഭീര്യം മനസ്സിലാവുക.അറബിക്കടലിലെ ആധിപത്യത്തിനായുള്ള എത്ര എത്ര പോരാട്ടങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ടാവും..കാലത്തിനും ചരിത്രത്തിനും നിശ്ശബ്ദ സാക്ഷിയായി ബേക്കൽ കോട്ട തലയുയർത്തി നിൽക്കുന്നു.
(അറബിക്കടലിൽ നിന്നുള്ള കാഴ്ച)
തിരികെ കോട്ടയിൽ കടന്ന് ഞാൻ വീണ്ടും കോട്ടയെ വലം വയ്ക്കാൻ തുടങ്ങി.പട്ടാളക്കാർ കാവൽ നിന്നിരുന്ന കോട്ട കൊത്തളങ്ങൾ.ഇപ്പോൾ പുതിയതായി ഉണ്ടാക്കിയിരിയ്ക്കുന്ന ഉദ്യാനത്തിലെ മനോഹര പുഷ്പങ്ങൾ.കോട്ടയുടെ ഒതുങ്ങിയ ഭാഗങ്ങളിൽ തങ്ങളുടേതായ നിമിഷങ്ങളിൽ മുഴുകിയിരിയ്ക്കുന്ന പ്രണയിനികൾ.അനന്തമായ സമുദ്രത്തിന്റെ നീലിമ.ഇത്ര മനോഹരമായ ഒരു കാഴ്ച മറ്റെവിടെയാണു ഉണ്ടാവുക.
നടന്ന് നടന്ന് ബ്രിട്ടീഷ് കാർ പണിത ഒരു “റെസ്റ്റ് ഹൌസി”ന്റെ അടുത്തെത്തി.അതു പൂട്ടിയിട്ടിരുന്നു.ആ ഭാഗത്ത് നിന്നു നോക്കിയാൽ അങ്ങു ദൂരെ ബേക്കൽ ഫോർട്ട് ബീച്ച് കാണാം.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.ബീച്ചിൽ പോകേണ്ടതില്ലെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
(ബേക്കൽ ഫോർട്ട് ബീച്ചിന്റെ വിദൂര ദൃശ്യം)
അല്പം കൂടി മദ്ധ്യഭാഗത്തേയ്ക്കു മാറിയാൽ പഴയ തുരങ്കത്തിന്റെ അവശിഷ്ടഭാഗങ്ങൾ കാണാം.ഉള്ളിലേയ്ക്ക് കുറച്ചൊന്നു ഇറങ്ങിയ ശേഷം ഞാൻ തിരികെ പോന്നു.
കോട്ടയുടെ മദ്ധ്യഭാഗത്തായിട്ടാണു പ്രധാന ആകർഷണമായ “നിരീക്ഷണ ഗോപുരം”(Observation Tower).ഇതു ടിപ്പു സുൽത്താനാണു പണി കഴിപ്പിച്ചത്.വളരെ മനോഹരമായി പ്രത്യേക ആകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഞാൻ കയറി.ഒരു നിമിഷം! ഇതു തന്നെ ദൈവത്തിന്റെ സ്വന്തം നാടു എന്ന് ഞാൻ പറഞ്ഞു പോയി.പടിഞ്ഞാറു ഭാഗത്തെ അഗാധ നീലിമ! കിഴക്കു ഭാഗത്ത് വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി മുഴുവൻ വിളിച്ചോതുന്ന ഗ്രാമീണ ഭംഗി.സമുദ്രവും കരയും ഒരുമിച്ച് സമ്മാനിയ്ക്കുന്ന ആ മനോഹരദൃശ്യം ജീവിതത്തിലൊരിയ്ക്കലും ഞാൻ മറക്കില്ല !
(നിരീക്ഷണ ഗോപുരം)
( വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി- ദൈവത്തിന്റെ സ്വന്തം നാട്)
ഗോപുരത്തിന്റെ മുകളിൽ നിന്നു ചില ചിത്രങ്ങൾ കൂടി എടുത്ത ശേഷം ഞാൻ തിരികെ പോന്നു.പിന്നെ നേരെ നടന്ന് പ്രധാന വാതിലിനു മുകളിലുള്ള ഭാഗങ്ങളിൽ കയറി.അവിടെ നിന്നു നോക്കിയാൽ അല്പം ദൂരെയായി കോട്ട വാതിലിനു മുന്നിലായി ഒരു മോസ്ക് കാണാം.കോട്ടയ്ക്കുള്ളിലെ ഹനുമാൻ ക്ഷേത്രവും ഈ മോസ്കും അക്കാലങ്ങളിൽ നിലനിന്നിരുന്ന മത സൌഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് നിസംശയം പറയാം.
(ദൂരെ മോസ്ക് കാണാം)
(ചില കിടങ്ങുകൾ)
കോട്ടയുടെ മുകളിൽ നിന്നുള്ള ഭംഗി ഒന്നു കൂടി ആസ്വദിച്ച ശേഷം ഞാൻ തിരികെയിറങ്ങി.കവാടം കടന്ന് വെളിയിൽ വന്നു.ഒരിയ്ക്കൽ കൂടി അതി മനോഹരമായ ബേക്കൽ കോട്ടയെ നോക്കിക്കണ്ടു.ചില ചിത്രങ്ങൾ കൂടി ഓർമ്മയ്ക്കായി എടുത്തു.കോട്ടയിലെയ്ക്ക് ആളുകൾ വരികയും പോവുകയും ചെയ്യുന്നു. ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി ഞാൻ ബേക്കലിനോടു വിട പറഞ്ഞു.ഒരായിരം പട്ടാളക്കാരുടെ ആരവങ്ങൾ എങ്ങു നിന്നോ മുഴങ്ങുന്നതു പോലെ തോന്നി.അതിനും മുകളിൽ പ്രണയാതുരമായ ആ ഗാനം അലയടിച്ചു...”ഉയിരേ..ഉയിരേ......”
കണ്ടില്ലെങ്കിൽ നഷ്ടമെന്ന് നിസംശയം പറയാവുന്ന ഒന്നാണു ബേക്കൽ കോട്ട.ഓരോ മലയാളിയും അതു കണ്ടിരിയ്ക്കണം എന്നാണ് എനിയ്ക്കു പറയാനുള്ളത്.ഗതകാലം നമുക്കു സമ്മാനിച്ച അമൂല്യമായ ഒരു സമ്മാനം തന്നെയാണു അതി മനോഹരമായ ഈ കോട്ട.
ബസ്‌സ്റ്റോപ്പിൽ നിന്ന് തിരികെ കാസറഗോഡ് ബസ് പിടിച്ചു.വെറും അര മണിയ്ക്കൂർ കൊണ്ട് കാസറഗോഡ് എത്തിയപ്പോളാണു രാവിലെ പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് കൂടുതല മനസ്സിലായത്.കാസറഗോഡിനു വരുന്ന വഴിയിലാണു ചന്ദ്രഗിരി കോട്ടയും ഉള്ളത്.അതു മറ്റൊരിയ്ക്കൽ കാണാമെന്ന് വച്ചു.കാസറഗോഡ് അടുക്കുമ്പോൽ ബസ് ചന്ദ്രഗിരിപ്പുഴയുടെ മുകളിലൂടെയാണു പോകുന്നത്.അതിനു വടക്ക് തുളുനാട് എന്നാണു സങ്കല്പം.ചന്ദ്രഗിരിയുടെ ഫോട്ടോ ആദ്യ ഭാഗത്ത് ഞാൻ കൊടുത്തിരുന്നു.
കാസറഗോഡ് ബസ്സിറങ്ങി ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി.അവിടെ നിന്നും “മധൂർ” എന്ന സ്ഥലത്തെ പുരാതനമായ ക്ഷേത്രം കാണാൻ പോയി.അതിനെക്കുറിച്ചു പിനീടൊരിയ്ക്കൽ എഴുതാം.
തിരികെ കാസറഗോഡ് വന്ന് മംഗലാപുരത്തിനു ബസ് പിടിച്ചു.എപ്പോളൊ ഞാനൊന്നു മയങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ബസ് മംഗലാപുരത്തായി എന്ന് അറിയിച്ചു കൊണ്ട് നേത്രാവതിപ്പുഴയുടെ മുകളിൽക്കൂടിയുള്ള പാലത്തിൽ എത്തിയിരുന്നു.ദൂരെ കടലിൽ താഴാൻ പോകുന്ന അസ്തമനസൂര്യന്റെ മനോഹര ദൃശ്യം.അതു ഞാൻ ക്യാമറയിൽ ഒപ്പിയെടുത്തു.
രാവിലെ വരുമ്പോൾ പ്രഭാത സൂര്യനെ കണ്ട്, തിരികെ പോകുമ്പോൾ അസ്തമന സൂര്യൻ കടലിൽ മറയുന്നതും കണ്ട് ഞാൻ മംഗലാപുരം ബസ്‌സ്റ്റാൻഡിൽ ബസ്സിറങ്ങി ഹോട്ടലിലേയ്ക്ക് ഓട്ടോ പിടിച്ചു.
( അടുത്തത്: “വിപ്ലവം പിറന്ന മണ്ണിലൂടെ “- കണ്ണൂരിന്റെ മണ്ണിലൂടെയുള്ള യാത്രകൾ)
Thursday, May 7, 2009
ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ.....!( ഭാഗം 1 തുളുനാടൻ മണ്ണിൽ)
എങ്കിലും അവിടങ്ങളിൽ പോയി കാണാനുള്ള ഒരു ഭാഗ്യം അക്കാലങ്ങളിൽ ഉണ്ടായിരുന്നില്ല.എന്റെ ബന്ധുബലം നീണ്ടു പോയിരുന്നത് തൃശ്ശൂർ ജില്ല വരെ മാത്രമായിരുന്നു.അതിനപ്പുറവും ചില അകന്ന ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും ഒരിയ്ക്കലും പോകാൻ സാധിച്ചിരുന്നില്ല.വളരെ ചെറുപ്പത്തിൽ കൂർഗ് സന്ദർശിച്ചപ്പോൾ തലശേരി, നാദാപുരം, ഇരിട്ടി വഴി വിരാജ് പേട്ടയിൽ പോയതു മാത്രമാണു ഒരു ഓർമ്മ.അന്നത്തെ യാത്രയിലെ മറ്റൊരു ഓർമ്മ അന്നു തലശ്ശേരിയിൽ ഞങ്ങൾ രാത്രി തങ്ങിയ ഹോട്ടലിൽ അഞ്ചു പേർ രാത്രി ഭക്ഷണം കഴിച്ചതിന്റെ ബിൽ വെറും പത്തു രൂപ മാത്രമായിരുന്നു എന്നതാണ്,അതും നല്ല മീൻ കറി കൂട്ടി.പിന്നീട് മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് 1998 ൽ കൊങ്കൺ റയിൽവേ ആരംഭിച്ചതിന്റെ മൂന്നാം നാൾ അതു വഴി യാത്ര ചെയ്യുമ്പോളാണു മലബാർ മേഖലയെ അല്പം വിശദമായി കാണുന്നത്.പിന്നീട് പല തവണ ട്രയിനിൽ അതു വഴി യാത്ര ചെയ്തു.
അങ്ങനെ പലപ്പോളായി കണ്ടറിഞ്ഞ മലബാറിനെ വിശദമായി കാണാൻ ഒരവസരം കിട്ടിയത് ഈ വർഷമാണ്.കമ്പനിയിലെ ജോലി സംബന്ധമായി കുറച്ചു നാൾ മംഗലാപുരത്ത് തങ്ങേണ്ടി വന്നപ്പോൾ ഞാനത് ഒരു അവസരമായി കണ്ടു.ഞായറാഴ്ചകളും മറ്റ് അവധി ദിവസങ്ങളും വടക്കേ മലബാർ ( കാസർഗോഡ്, കണ്ണൂർ) മേഖലയിൽ യാത്രചെയ്യാൻ തീരുമാനിച്ചു.വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ സ്ഥലങ്ങൾ നേരിട്ടു കാണുന്നതിനായുള്ള ഒരു ശ്രമം.
അങ്ങനെയാണു ഇക്കഴിഞ്ഞ ജനുവരിയിലെ ഒരു ഞായറാഴ്ച രാവിലെ ഞാൻ കാസറഗോഡിന് വണ്ടി കയറുന്നത്.മംഗലാപുരം -കാസറഗോഡ് ദൂരം 50 കി.മീ ആണ്.മുംബൈയിൽ നിന്നു കൊച്ചി വരെ പോകുന്ന ദേശീയപാത 17 ഈ രണ്ടു നഗരങ്ങളേയും ബന്ധിപ്പിയ്ക്കുന്നു.മംഗലാപുരത്ത് ഞാൻ താമസ്സിച്ചിരുന്ന ഹോട്ടൽ സ്ഥിതിചെയ്തിരുന്ന ഉർവാ സ്റ്റോർസ് എന്ന സ്ഥലത്തു നിന്നു അധികം ദൂരെയല്ലായിരുന്നു കെ.എസ്.ആർ.ടി.സി ( കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷൻ) ബസ്‌സ്റ്റാൻഡ്.അവിടെ നിന്നു കാസറഗോഡിനു കേരളസർക്കാരിന്റേയും കർണ്ണാടക സർക്കാരിന്റേയും ബസ്സുകൾ ഏതാണ്ട് ചെയിൻ സർവീസുകൾ പോലെ ലഭ്യമാണ്.ഒരു ചായയും കുടിച്ച് രാവിലെ 5.30 നു മണിയ്ക്ക് തന്നെ ഞാൻ പുറപ്പെട്ടു.
(കേരളം വിട്ട് കർണ്ണാടകത്തില്‍ മംഗലാപുരത്തിനു മുന്‍പുള്ള ഒരു ചെറിയ സ്റ്റേഷൻ)എനിയ്ക്കാദ്യം പോകേണ്ടത് കാസറഗോഡ് റൂട്ടിലെ കുമ്പള എന്ന സ്ഥലത്തേയ്ക്കാണ്.അവിടെ എന്റെ ഒരു അകന്ന ബന്ധു ഉണ്ട്.അവരെ സന്ദർശിച്ച ശേഷം കാസറഗോഡ് ചെന്ന് ബേക്കൽ കോട്ട കാണാൻ പോകുക എന്നതാണു ഇന്നത്തെ യാത്രയുടെ പ്രധാന ഉദ്ദേശ്യം.
എവിടെ യാത്ര പോകുമ്പോളും കഴിയുന്നത്ര നേരത്തെ തുടങ്ങുക എന്നത് എന്റെ ഒരു രീതിയാണു.6 മണിയുടെ ബസ് കിട്ടി.ബസിൽ തിരക്കില്ലാതിരുന്നതിനാൽ പറ്റിയ ഒരു സീറ്റ് സംഘടിപ്പിച്ച് പുറത്തേ കാഴ്ചകൾ നോക്കിയിരുന്നു.മംഗലാപുരം ഉണർന്നു വരുന്നതേയുള്ളൂ.ചെറിയ തണുപ്പുള്ള ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു.ബസ് സിറ്റി വിട്ട് നാഷണൽ ഹൈവേ 17 ൽ പ്രവേശിച്ചു.
മംഗലാപുരത്തെ തഴുകി പോകുന്ന നദിയാണു നേത്രാവതി.ഉദിച്ചു വരുന്ന സൂര്യ കിരണങ്ങളേറ്റ് നേത്രാവതിപ്പുഴ അറബിക്കടലിൽ ചേരുന്ന മനോഹര ദൃശ്യം ഒരു കാലത്തും ഞാൻ മറക്കില്ല.ഞാൻ അതെന്റെ ക്യാമറയിൽ പകർത്തിയെടുത്തു.

മംഗലാപുരത്ത് നിന്നുള്ള യാത്ര ഭൂപ്രകൃതിയും വിട്ടു വിട്ടുള്ള വീടുകളും കൊണ്ട് കേരളത്തിനുള്ളിലൂടെയുള്ള യാത്ര പോലെ തന്നെ തോന്നിച്ചു.എഴുതി വച്ചിരിയ്ക്കുന്ന ബോർഡുകളിൽ നോക്കുമ്പോൾ മാത്രമാണു ഇത് കർണ്ണാടകം ആണെന്ന് മനസ്സിലാവുന്നത്.ഞാൻ യാത്ര ചെയ്യുന്നത് കർണ്ണാടക ട്രാൻസ്പോർട്ട് ബസിലാണ്.അവർക്ക് സ്പീഡ് ലിമിറ്റ് ഉണ്ടെന്ന് എനിയ്ക്കു തോന്നി.കാരണം വളരെ വേഗം കുറച്ചാണു ബസ് പൊയ്ക്കൊണ്ടിരുന്നത്.ഇതിനിടെ ഇടയ്ക്ക് സിറ്റിയിലും വെളിയിലുമുള്ള സ്റ്റോപ്പുകളിൽ നിന്നും പല യാത്രക്കാരും കയറിയിരുന്നു.
ഏകദേശം അരമണിയ്ക്കൂർ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ചെറിയ കുഗ്രാമത്തിലെ സ്റ്റോപ്പിൽ നിർത്തി.ഉറക്കത്തിൽ നിന്ന് ഉണർന്നു വരുന്ന ഒരു കൊച്ചു ഗ്രാമം.ഇതാണു തലപ്പാടി.ബസ്‌സ്റ്റോപ്പിനോടു ചേർന്ന് ഇടതു വശത്ത് നീല നിറമുള്ള വലിയ ബോർഡിൽ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു.”കേരളത്തിലേയ്ക്കു സ്വാഗതം. Welcome to Kerala" ഇവിടെ കേരളം തുടങ്ങുന്നു.മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിയുന്ന പോലെ തോന്നി.ബസ് മുന്നോട്ടു നീങ്ങി.ഇതാ കേരളത്തിന്റെ മണ്ണ്.അങ്ങു ദൂരെ ദൂരെയുള്ള തിരുവനന്തപുരത്തെക്കുറിച്ച് ഞാൻ ചുമ്മാ ഓർത്തു.എത്രയോ ദൂരെ ഈ കൊച്ചു ഗ്രാമം നമ്മെ കേരളത്തിലേയ്ക്ക് ക്ഷണിയ്ക്കുന്നു.സ്വന്തം വീട്ടിൽ എത്തുന്ന പോലെ ഒരു പ്രതീതി.പലപ്പോളും അതിർത്തികൾ കടക്കുന്നത് ട്രയിനിൽ ആകുമ്പോൾ കേരളത്തിന്റെ തുടക്കം കാണാൻ ആവില്ല.അതുകൊണ്ടു തന്നെ മംഗലാപുരത്തു നിന്നും 18.കി.മീ ദൂരെ കിടക്കുന്ന തലപ്പാടിയിലെ അന്നത്തെ ആ പ്രഭാതവും ഞാനെന്റെ ക്യാമറയിൽ പകർത്തി.
(ഉറക്കച്ചടവിൽ ‘തലപ്പാടി”.അത്യുത്തര കേരളത്തിന്റെ തുടക്കം)
കേരളം സൃഷ്ടിച്ചത് പരശുരാമൻ ആണെന്ന് ഐതിഹ്യം പറയുന്നു.അതിന്റെ സത്യം എന്തായാലും ,പരശുരാമൻ സൃഷ്ടിച്ചത് “ഗോകർണ്ണം മുതൽ കന്യാകുമാരി” വരെയുള്ള ഒരു ഭൂവിഭാഗത്തെയാണെന്നാണ് കഥ.അതുകൊണ്ടു തന്നെ ഇന്നത്തെ കർണ്ണാടകയിലെ ഗോകർണ്ണം മുതൽ ഒരു കാലത്ത് കേരളത്തിന്റെ ഭാഗമായിരുന്നു എന്നു വേണം കരുതാൻ.ഇവിടുത്തെ മുഖ്യഭാഷ കന്നടയല്ല, തുളുവാണ്.
(മനോഹരിയായ ചന്ദ്രഗിരിപ്പുഴ)
കാസറഗോഡ് പട്ടണത്തെ തഴുകി കടന്നു പോകുന്ന ചന്ദ്രഗിരിപ്പുഴയുടെ വടക്കോട്ട് ആണു മുഖ്യമായും തുളു സംസാരിയ്ക്കുന്നത്.അതു കേരളത്തിന്റെ അതിർത്തിയും കടന്ന് കർണ്ണാടകത്തിലെ തെക്കു പടിഞ്ഞാറ് ജില്ലകളായ ഉഡുപ്പി,ദക്ഷിണ കന്നട വരെ നീളുന്നു.തുളുവിനു കൂടുതൽ സാദൃശ്യം മലയാളത്തോടാണു എന്നതും, ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ അടുപ്പം മലയാളി സമൂഹവുമായിട്ടാണെന്നുള്ളതും തുളുനാട് കേരളത്തിന്റെ ഭാഗം തന്നെ എന്നതിന്റെ തെളിവാണ്.ആചാരങ്ങളിലും ഉത്സവങ്ങളിലും അനുഷ്ഠാനങ്ങളിലും അവരുടെ അടുപ്പം മലയാളവുമായിട്ടാണ്.അതിൽ ഇപ്പോൾ ചന്ദ്രഗിരിപ്പുഴയ്ക് വടക്കോട്ട് തലപ്പാടി വരെയുള്ള പ്രദേശം മാത്രമാണു കേരളത്തിൽ ഉൾപ്പെടുന്നത്.
അതുകൊണ്ട് തന്നെ തലപ്പാടിയിൽ നിന്നു പിന്നീട് ഒരു ഇരുപത് ഇരുപത്തഞ്ച് കി.മീ വന്നാലും കേരളം ആയെന്ന പ്രതീതി ഉണ്ടാകുന്നില്ല.ബോർഡുകൾ എല്ലാം കന്നഡയിൽ.തലപ്പാടിയിൽ നിന്നു അധികം ദൂരത്തല്ലാതെയാണു ഹൊസങ്കടിയും മഞ്ചേശ്വരവും.ചെക്ക് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത് ഇവിടയാണ്. അവിടെ ഒക്കെ എത്തിയപ്പോളേയ്ക്കും നേരം. നന്നായി വെളുത്തു കഴിഞ്ഞിരുന്നു.ബസിലും ആൾക്കാർ നിറഞ്ഞു.
(മഞ്ചേശ്വരം)
ഏതാണ്ട് പന്ത്രണ്ടു ലക്ഷം ജനങ്ങളുള്ള കാസറഗോഡ് കേരളത്തിന്റെ സാംസ്കാരിക ബഹുസ്വരതയുടെ ഏറ്റവും വലിയ അടയാളമാണ്.”സപ്തസ്വരങ്ങളുടെ ബാബേൽ” എന്നാണു പലരും കാസറഗോഡിനെ വിശേഷിപ്പിയ്ക്കുന്നത്.ഏഴു ഭാഷ സംസാരിയ്ക്കുന്ന ( മലയാളം, തുളു, കന്നട,മറാഠി,കൊങ്കിണി,ഉറുദു,ബ്യാരി)ജനവിഭാഗങ്ങൾ ഒരുമിച്ചു കഴിയുന്ന കേരളത്തിലെ ഏക ജില്ലയും ഇതു തന്നെ.
അതിനുശേഷം വരുന്ന ചെറിയ പട്ടണമാണു ഉപ്പള.ഞാൻ ഈ യാത്ര ചെയ്യുമ്പോൾ ഉപ്പള മുഴുവൻ ചുവപ്പിൽ കുളിച്ചു നിൽക്കുകയായിരുന്നു.അതിനു തൊട്ടടുത്ത ആഴ്ച തുടങ്ങാനിരുന്ന “നവകേരളാ മാർച്ചി”ന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നു ആ ചുവപ്പു മയം.അതിനു ശേഷം അടുത്ത ആഴ്ച ഞാൻ വീണ്ടും ഉപ്പള വരെ വരികയും സ.പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുകയും നിരവധി ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു.
(ഉപ്പള സിറ്റി)
(ഫെബ്രു.2 ലെ നവകേരളമാർച്ചിന്റെ തുടക്കം-ഉപ്പള)
ഉപ്പളയുടെ മറ്റൊരു പ്രത്യേകത ഉറുദു മാതൃഭാഷയായിട്ടുള്ള ഹനഫി വിഭാഗത്തിൽ പെട്ട മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണു എന്നതാണ്.ഇവിടെ എല്ലാം ഉറുദു മയമാണ്.കേരളത്തിലെ ഏക ഉറുദു മാധ്യമമായുള്ള സ്കൂൾ സ്ഥിതി ചെയ്യുന്നതും ഉപ്പളയിലാണ്.ഉറുദു സംസാരിയ്ക്കുന്ന നല്ല വിഭാഗം ആൾക്കാർ ഇവിടെ ഉണ്ട്.
മംഗലാപുരത്തു നിന്നു മുപ്പത് കി.മീ കഴിഞ്ഞപ്പോൾ കുമ്പളയിൽ എത്തി.ഇവിടെ ഞാൻ ഇറങ്ങി.ഇവിടെ നിന്നു വേറൊരു ബസിൽ കയറി ബദിയടുക്ക എന്ന സ്ഥലത്താണു എനിയ്ക്ക് ആദ്യം പോകേണ്ടത്.മുൻ ഇൻഡ്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലേയുടെ വേരുകൾ ഈ ചെറുപട്ടണത്തിൽ നിന്നാണെന്ന് പറയപ്പെടുന്നു.
(കുമ്പള ബസ്‌സ്റ്റാൻഡ്)
(കുമ്പള- മറ്റൊരു വീക്ഷണം)
കുമ്പളയിൽ ഇറങ്ങിയപ്പോൾ അത്ഭുതം.കേരളമോ, കർണ്ണാടകമോ? ആളുകൾ എല്ലാം തുളു അല്ലെങ്കിൽ കന്നട മാത്രം പറയുന്നു.ബസ്‌സ്റ്റാൻഡിൽ പത്രം വിൽക്കുന്ന പയ്യന്മാർ കൂടുതലും വിൽക്കുന്നത് “വിജയവാണി” പോലെയുള്ള കന്നട പത്രങ്ങൾ.എല്ലാം കന്നട മയം.ബസിന്റെ ബോർഡുകൾ രണ്ടു ഭാഷയിൽ.ബദിയടുക്ക ബസിൽ കയറി.നിറയെ യാത്രക്കാർ.എല്ലാവരും തുളു മാത്രം പറയുന്നു.എന്റെ അടുത്തിരുന്ന ചേട്ടൻ കന്നഡ പത്രം വായിയ്ക്കുന്നു.ബദിയടുക്കയിൽ എനിയ്ക്ക് ഇറങ്ങേണ്ടുന്ന സ്റ്റോപ്പിന്റെ കാര്യം ചോദിച്ചപ്പോൾ നല്ല മലയാളത്തിൽ മറുപടി വന്നു.ആൾക്കാരെ കണ്ടാൽ നമ്മൾ മലയാളികളിൽ കാണുന്ന “മല്ലുഛായ” ഇല്ലേയില്ല.മറിച്ച് നല്ല വെളുത്തു ചുവന്നവരാണു കൂടുതലും.സ്ത്രീകൾക്ക് പ്രത്യേക അഴകുണ്ട്.ചർമ്മം മിനു മിനുത്ത് ഇരിയ്ക്കുന്നു.
ബദിയടുക്ക അരമണിയ്ക്കൂർ ദൂരം ഉണ്ടായിരുന്നു.യാത്രയിൽ ഞാൻ കാസറഗോഡിന്റെ ഉൾനാടൻ ഗ്രാമങ്ങളിലെ കാഴ്ചകളിൽ കണ്ണു നട്ടിരുന്നു.വരണ്ട ഭൂ പ്രദേശങ്ങൾ.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ വൃക്ഷങ്ങൾ കാണാനില്ല.ഉയർന്ന പ്രദേശങ്ങളാണ്.വെട്ടുകല്ലുകൾ നിറങ്ങ ഭൂമി.വളരെ വളരെ പിന്നോക്കാവസ്ഥയാണ്.കോട്ടയം ജില്ലയുടെ പ്രകൃതിയും പുരോഗതിയും നോക്കുമ്പോൾ കാസറ ഗോഡിന്റെ ഉൾനാടുകൾ എത്ര ദരിദ്രമെന്ന് എനിയ്ക്ക് തോന്നിപ്പോയി.തിരുവനന്തപുരത്തുനിന്നുള്ള കണ്ണുകളിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന വെറും പാവങ്ങളായ തുളുനാടൻ ജനത.കമുങ്ങും കശുമാവും നിറഞ്ഞു നിൽക്കുന്ന ഒരു ഭൂപ്രകൃതിയാണു എനിയ്ക്കവിടെ കാണാൻ കഴിഞ്ഞത്.
അങ്ങനെ എന്റെ ബന്ധുവീട്ടിൽ എത്തിപ്പെട്ടു.അവിടെ അധിക സമയം ഞാൻ ചെലവഴിച്ചില്ല.എങ്കിലും അവരുടെ ചില സ്ഥലങ്ങൾ കാണാൻ പോയി.അപ്പോൾ കാസറഗോഡിന്റെ ഭൂപ്രകൃതി ഞാൻ പകർത്തിയെടുത്തു.

(കാസറഗോഡിന്റെ വരണ്ട മണ്ണിൽ കോട്ടയം കാരന്റെ റബർ പരീക്ഷണം)
പത്തരയോടു കൂടി അവിടെ നിന്നും കാസറ ഗോഡിനു ബസ് കയറി.നേരത്തെ കണ്ടപോലെയുള്ള വരണ്ട പ്രകൃതി കുറേശ്ശെ ആയി മാറി വരുന്നു. ചേർക്കുളത്ത് എത്തിയപ്പോൾ താഴ്വരയുടെ മനോഹരമായ പ്രകൃതി കാണാനായി.കാസറഗോഡ് എത്തിയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു.നല്ല ചൂട്.വല്ലാത്ത ദാഹം.എന്റെ ഇഷ്ട പാനീയമായ “സോഡാ നാരങ്ങാ വെള്ളം” കുടിച്ചു.കാസറഗോഡ് മൂന്ന് ബസ്‌സ്റ്റാൻഡുകൾ ആണ്.പഴയത്, പുതിയത്, പിന്നെ സ്റ്റേറ്റ് ട്രാൻസ്പോർട്ട്.ബേക്കൽ കോട്ടയിലേയ്ക്ക് പോവുകയാണു എന്റെ ഉദ്ദേശം.അതു ഞാൻ വന്ന ബസിലെ കണ്ടക്ടറോട് ചോദിച്ച് വച്ചതനുസരിച്ച് പുതിയ സ്റ്റാൻടിൽ ഇറങ്ങി.
നേരെ “അന്വേഷണങ്ങൾ” എന്നെഴുതിയ ബോർഡിനു താഴെ ഇരിയ്ക്കുന്ന ആളിനോടു ചോദിച്ചു:“ബേക്കൽ പോകാൻ ഏതു ബസിൽ പോകണം?”
“ബേക്കൽ വഴി കാഞ്ഞങ്ങാടിനു പോകുന്ന ബസിൽ പോയാൽ മതി.28 ആം നമ്പർ പ്ലാറ്റ്ഫോമിൽ വരും”
ഞാൻ 28 ആം നമ്പരിലേയ്ക് നടന്നു.ബേക്കൽ പോലെ ഇത്രവലിയ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ പരിചയപ്പെടുത്തുന്ന ഒരു ബോർഡ് പോലും ഇവിടെ ഇല്ലല്ലോ എന്ന് പോകുന്ന വഴി ഞാൻ ഓർത്തു.നമ്മൂടെ ടൂറിസം വികസനത്തിന്റെ മാർഗങ്ങൾ !!!
( ശേഷം ഭാഗങ്ങൾ തുടരും= അടുത്തത് “കാല്പനിക ഭാവങ്ങളുമായി ബേക്കൽ”വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)
Wednesday, April 8, 2009
“ആമേൻ” -സിസ്റ്റർ ജെസ്മി പറയാനാഗ്രഹിയ്ക്കുന്നതെന്ത്?

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റർ ജെസ്മി ,സിം.എം സി ( കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ)യിൽ നിന്നും വിടുതൽ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോന്നു.2008 ആഗസ്റ്റ് 31 നു ആയിരുന്നു അത്.ദീർഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവർ അതിൽ തന്നെ 3 വർഷം തൃശ്ശൂർ വിമലാ കോളേജിൽ പ്രിൻസിപ്പലായും 3 വർഷം സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.അധികാരികളിൽ നിന്നുള്ള പീഠനം സഹിയ്ക്കവയ്യാതെ ആയപ്പോൾ അവർ എടുത്ത ഈ തീരുമാനം ഉയർത്തിയ അലകൾ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക് തന്നെ നയിച്ച സംഭവ പരമ്പരകൾ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റർ ജെസ്മി എഴുതിയ ആത്മകഥ “ആമേൻ”ഫെബ്രുവരിയിൽ പുറത്തുവന്നു..അഡ്വ:കെ.ആർ ആശയുടെ സഹായത്തോടെ ( പ്രധാനമായും പരിഭാഷയിൽ) രചിച്ചിട്ടുള്ള ഈ 183 പേജുകളുള്ള ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് ഡി.സി.ബുക്സ് ആണ്.വില 100 രൂപ.2009 ഫെബ്രുവരിയിൽ ആദ്യ പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അഞ്ചു പതിപ്പുകളാണു ഒരു മാസത്തിനുള്ളിൽ വിറ്റഴിഞ്ഞത്.
ഈ ആത്മകഥയുടെ അവലോകനത്തിലേയ്ക്ക് കടക്കും മുൻപ് കഴിഞ്ഞ കാലങ്ങളിൽ, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടതും കേരളീയ സമൂഹത്തെ പിടിച്ചുലച്ചതുമായ ചില സംഭവവികാസങ്ങൾ എന്തൊക്കെയായിരുന്നുവെന്നു നോക്കാം
1:സിസ്റ്റർ അഭയയുടെ കൊലപാതകം.പതിനേഴ് വർഷം കഴിഞ്ഞിട്ടും ഇനിയും തെളിയിയ്ക്കപ്പെടാതെ കിടക്കുന്ന കേസാണ്.എങ്കിലും ഏതൊക്കെ ദുരൂഹ സാഹചര്യങ്ങളാണു ഈ കൊലയിലേയ്ക്ക് നയിയ്ക്കപ്പെട്ടത് എന്നത് കേരളീയ സമൂഹത്തിന്റെ മുന്നിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.
2:അഞ്ചുമാസങ്ങൾക്കു മുൻപാണു ആലപ്പുഴയിലുള്ള 37 കാരിയായ ഒരു സിസ്റ്റർ ഉൾപ്പെട്ട ലൈംഗിക വേഴ്ചയുടെ കാഴ്ചകൾ എം.എം.എസ് വഴി ലോകമെങ്ങും പ്രചരിപ്പിച്ചത്.ഒരു ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന ഈ സിസ്റ്റർ ഒരു ഡ്രൈവറുമായി പ്രണയത്തിലാവുകയും പിന്നിടു അയാളുടെ വഞ്ചനയ്ക്കിരയായി ഈ ഫിലിം ചിത്രീകരണത്തിന്റെ ഇരയായി തീരുകയുമായിരുന്നു.സഭയിൽ നിന്നും പറഞ്ഞുവിട്ട ഈ കന്യാസ്ത്രീ ഇന്നെവിടെയാണെന്നോ എങ്ങനെ ജീവിയ്ക്കുന്നുവെന്നോ ആർക്കും അറിയില്ല.
3:കഴിഞ്ഞ വർഷം ആഗസ്റ്റിലാണു, കൊല്ലം ജില്ലയിലെ സിസ്റ്റർ അനുപമാ മേരി കോൺവെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത്.അവരുടെ മുറിയിൽ നിന്ന് കിട്ടിയ നോട്ടിൽ തന്റെ മരണത്തിനു ഉത്തരവാദി കോൺവെന്റിലെ മദർ സുപ്പിരിയർ ആയ സിസ്റ്റർ അൽബീന ആണെന്ന് പറഞ്ഞിരുന്നു.സിസ്റ്റർ അനുപമയുടെ പിതാവു നൽകിയ പരാതിയിൽ മദർ സുപ്പീരിയർ തന്റെ മകളെ ലൈംഗികമായി പീഠിപ്പിച്ചിരുന്നതായി പറയുന്നു.എന്നു മാത്രമല്ല ഈ വിവരം സിസ്റ്റർ അമ്മയോടും സഹോദരിയോടും പറയുകയും ചെയ്തിരുന്നുവത്രേ.പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഒച്ചിഴയുന്ന പോലെയാണ്.
4:കോട്ടയത്തെ ഒരു കോൺവെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ യുടെ മരണക്കുറിപ്പിൽ മരണകാരണമായി എഴുതപ്പെട്ടിരുന്നത് “ ജീവിതത്തിൽ ഉണ്ടായ നിരാശ “ എന്നതായിരുന്നു.
മേൽപ്പറഞ്ഞ വിവിധങ്ങളായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം സിം.എം സി സഭയിൽ നിന്നുള്ള സിസ്റ്റർ ജെസ്മിയുടെ വിട്ടു പോരലിനേയും കാണേണ്ടത്.സഭയിൽ നിന്നു വിട്ടുപോരാൻ തീരുമാനമെടുത്തശേഷം ഡൽഹിയിൽ നിന്നു എറണാകുളത്തേയ്ക്കുള്ള തീവണ്ടി യാത്രയിൽ കഴിഞ്ഞ കാല സംഭവങ്ങൾ ഓർക്കുന്ന രീതിയിലാണു ഈ കൃതി രചിച്ചിട്ടുള്ളത്.ആരേയും വേദനിപ്പിയ്ക്കാൻ ആഗ്രഹമില്ലാത്തതുമൂലം ഈ ആത്മകഥയിൽ വ്യക്തികളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല.ഇതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു:“ഇതിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് നെഞ്ചിൽ കൈ വച്ചു കൊണ്ട് ഈശോയുടെ തിരുമുഖത്തു നോക്കി സധൈര്യം,സവിനയം പറയാൻ കഴിയും.അപ്രിയ സത്യങ്ങളും പരാമർശിയ്ക്കേണ്ടി വന്നിട്ടുണ്ട്.എന്നാൽ ചില സത്യങ്ങൾ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല”.
എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർനടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”
താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.
തൃശ്ശൂരിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ച സിസ്റ്റർ ജെസ്മി ( Jesus and Me എന്നതിന്റെ ചുരുക്കെഴുത്തിലൂടെയാണു ജെസ്മി ഉണ്ടാകുന്നത്) സ്വയം ഉണ്ടായ ദൈവ വിളിയിലൂടെയാണു കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്.ഏതൊരു സാധാരണ പെൺകുട്ടിയേയും പോലെ ജീവിതം നയിച്ചിരുന്ന സിസ്റ്റർ ജെസ്മി ഈശോയോടൂണ്ടായ അടക്കാനാവാത്ത അഭിനിവേശം മൂലമാണു ഈ തീരുമാനമെടുത്തത്.സ്വാഭാവികമായും അവരുടെതു പോലുള്ള കുടുംബത്തിൽ നിന്നു അത്തരമൊരു തീരുമാനത്തിനെതിരെ എതിർപ്പുണ്ടാവുകയാണു ചെയ്തത്.എന്നാൽ അവസാനം പല പല പ്രതി സന്ധികൾ തരണം ചെയ്ത് 1981 ൽ നിത്യവ്രതം സ്വീകരിയ്ക്കുകയാണുണ്ടായത്.അന്നും അതിനു തൊട്ടു മുൻപുള്ള വർഷങ്ങളിലും സഭയിലും കന്യാസ്ത്രീ മഠങ്ങളിലും അവർ കാണേണ്ടിയും കേൾക്കേണ്ടിയും വന്നത് അവരുടെ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു.ഈ പുസ്തകത്തിൽ അവർ പറയുന്ന അത്തരം ചില കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാം.
സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും അല്പം ഉയർന്നു നിൽക്കുന്ന വെള്ളത്താമര പോലെയാണു കന്യാസ്ത്രീ ജീവിതം എന്ന് പുസ്തകത്തിൽ പറയുന്നു.എന്നാൽ നാം കാണും പോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം?നമുക്ക് സിസ്റ്ററിന്റെ വാക്കുകളിൽ കൂടി തന്നെ കാണാം.മഠത്തിലെ അന്തരീക്ഷത്തെക്കുറിച്ച് അവർ എഴുതിയ ചില വാക്കുകൾ കാണുക.
എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.
ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.
അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”
അതുപോലെ തന്നെ കോൺവെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.
സിസ്റ്റർ ജെസ്മി എഴുതുന്നു:“ഏതെങ്കിലും രണ്ടു കന്യാസ്തീമാർ തമ്മിൽ അടുത്താൽ ഉടനെ ആ ബന്ധം ‘പ്രത്യേക സ്നേഹം’ ആയി വ്യാഖ്യാനിയ്ക്കപ്പെടും.....ഇതിനെ ഉടനെ നിരീക്ഷിയ്ക്കാനും അതിലെ ‘പ്രത്യേക സ്നേഹം ‘ കണ്ടു പിടിയ്ക്കുന്നതിനും സ്വയം നിയോഗിച്ചവർ ഉണ്ട്.
എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺവെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽകുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.
2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽകാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”
അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.
ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർസിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടായിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”
ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.
അതുപോലെ ദാരിദ്രവ്രതം.മാസ അലവൻസായി കിട്ടുന്ന 75 രൂപകൊണ്ട് അത്യാവശ്യത്തിനുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താൻ പോലും പലരും വിഷമിയ്ക്കുമ്പോൾ മറ്റൊരു വിഭാഗം സഭയുടെ വസ്തുക്കൾ സ്വന്തം ഭവനങ്ങളിലേയ്ക്കു കടത്തുന്നതിൽ വ്യാപൃതരാണ്.ഒരു കൂട്ടർ എല്ലാ സുഖ സൌഭാഗ്യങ്ങളിലും ജീവിയ്ക്കുമ്പോൾ മറ്റുള്ളവർ ദാരിദ്യത്താൽ ഉഴറുന്നു.സ്വന്തമായി ഒരു ചെരിപ്പ് വാങ്ങാൻ വിഷമിച്ചിരുന്ന കഥ സിസ്റ്റർ ജെസ്മി ഹൃദയാവർജ്ജകമായി ഇതിലെഴുതുന്നു.
ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാസ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.
അതുപോലെ തന്നെ മഠങ്ങളിൽ വർഗ പരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നു.ഉന്നതകുലജാതരായ കന്യാസ്ത്രീകൾക്കും, പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രീകൾക്കും രണ്ടു തരം ജീവിതമാണു മഠം നൽകുന്നത്.പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ കന്യാസ്ത്രീകൾ കടുത്ത വിവേചനമാണു അനുഭവിയ്ക്കുന്നത്.അവർക്കു നല്ല കസേരകളിൽ ഇരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.
“ആമേൻ” നമുക്കു മുന്നിൽ തുറന്നിടുന്നത് പുരോഗമനത്തിന്റെ കുളിർകാറ്റിനെ അകത്തു കടക്കാനാവാത്ത വിധം വാതായനങ്ങൾ കൊട്ടിയടച്ച ഒരു സഭാനേതൃത്വത്തെയാണ്.അതൊരു വല്ലാത്ത ലോകം തന്നെ.മനുഷ്യരിൽ നിന്നും ഒട്ടും ഉന്നതിയിലല്ലാതെ ജീവിയ്ക്കുകയും, എന്നാൽ പുറത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സ്വന്തം നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സഭയാണു നമ്മുടെ മുന്നിലുള്ളത്.ഞാൻ ആദ്യം സൂചിപ്പിച്ച കന്യാസ്ത്രീകൾ ,അവരിൽ പലരുടേയും ദുരൂഹ മരണങ്ങളും , പ്രണയ ചാപല്യങ്ങളും എന്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്?ഈ സന്യാസി സമൂഹങ്ങളിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നു എന്ന് തന്നെയല്ലേ?സ്വന്തം സമൂഹത്തിലെ തെറ്റുകൾ തിരുത്താത്ത ഇവരെങ്ങനെ വെളിയിലുള്ള സമൂഹത്തെ നന്നാക്കും? തിരുമാനമെടുക്കാനാവാത്ത പ്രായത്തിൽ കുടുംബക്കാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി മഠങ്ങളിലെത്തിച്ചേരുന്ന പെൺകുട്ടികളാണു പിൽക്കാലത്ത് വഴി തെറ്റി പോകുന്നത്.
കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കന്യാസ്ത്രീകളെ മഠത്തിൽ പ്രവേശിപ്പിയ്ക്കുന്ന പ്രായം കുറഞ്ഞത് 18 ആക്കണമെന്നും, വിട്ടു പോരുന്നവർക്കു സ്വത്തുക്കൾ തിരിച്ചു നൽകാൻ വ്യവസ്ഥ ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്.എന്തായിരുന്നു അപ്പോളുണ്ടായ പുകിൽ കേരളത്തിൽ?ന്യൂനപക്ഷ വിരുദ്ധർ എന്നും മാർക്സിസ്റ്റ് പ്രേതങ്ങൾ എന്നും വിളിച്ച് വനിതാ കമ്മീഷനെ ആക്ഷേപിയ്ക്കുകയല്ലേ സഭ ചെയ്തത്?പരിശുദ്ധ കാനോൻ നിയമങ്ങൾക്കു മീതെ കൈ വയ്ക്കുകയാണു സർക്കാർ എന്നു വരെ പ്രചരിപ്പിച്ചു.എന്നാൽ സിസ്റ്റർ അഭയയുടെ ദുരൂഹമരണത്തിനും, ആലപ്പുഴക്കാരി സിസ്റ്ററുടെ പ്രണയ കഥകൾക്കും, സിസ്റ്റർ അനുപമയുടെ ആത്മഹത്യയ്ക്കും ഉത്തരങ്ങൾ കണ്ടെത്താൻ മാത്രം അവർക്കു കഴിഞ്ഞില്ല.മുട്ടിനു മുട്ടിനു ഇടയ ലേഖനങ്ങൾ എഴുതി കമ്മ്യൂണിസ്റ്റുകാർക്കെതിരെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്ത് അവർ ആത്മ സംതൃപ്തി നേടി.എന്നാലും രക്ഷയുണ്ടോ? അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയിർത്തെഴുനേൽക്കുന്ന “പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”സിസ്റ്റർ അഭയ അവരുടെ ഉറക്കം കെടുത്തി.ഇപ്പോളിതാ ഈ നെറികേടുകളുടെ ജീവിയ്ക്കുന്ന ഉദാഹരണമായി സിസ്റ്റർ ജെസ്മിയും.എത്രയോ വർഷങ്ങൾക്കു മുൻപ് ഈ പൌരോഹിത്യ ധാർഷ്യത്തിനും അഴിമതികൾക്കും എതിരായി ഒറ്റയ്ക്ക് പൊരുതിയ പൊൻകുന്നം വർക്കിയേപ്പോലുള്ളവർ എത്ര ക്രാന്ത ദർശികളും ധീരന്മാരും ആയിരുന്നു എന്ന് ഈ തലമുറ അറിയേണ്ടതാണ്.
കത്തോലിക്കാ സഭ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ കാണാം.കേവലം ലൈംഗിക അരാജകത്വത്തെക്കുറിച്ചു മാത്രമല്ല ഈ പുസ്തകം ആവശ്യപ്പെടുന്ന ചർച്ച.മറിച്ച് കന്യാസ്ത്രീ മഠങ്ങളിലെ നരകതുല്യമായ ജീവിതം,സ്വാതന്ത്ര്യത്തിനു നേരെയുള്ള സഭയുടെ വാതിൽ കൊട്ടിയടയ്ക്കൽ, അഴിമതി, സ്വജന പക്ഷപാതം എന്നിവയൊക്കെ സിസ്റ്റർ എടുത്തെഴുതുന്നു.
അടിമുടി മാറിയെങ്കിൽ മാത്രമേ രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്ന കേരളീയ സഭയ്ക്കു ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂ.അതിനവർ വാതായനങ്ങൾ തുറന്നിടണം.മാറിയ ലോകത്തിന്റെ ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിയ്ക്കണം.പ്രസംഗിയ്ക്കുന്നതേ പ്രവർത്തിയ്ക്കൂ എന്ന അവസ്ഥ ഉണ്ടാകാണം.സിസ്റ്റർ ജെസ്മിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകുന്നത് അപ്പോൾ മാത്രമാവും.അല്ലെങ്കിൽ എത്രയോ അഭയമാർ, എത്രയോ അനുപമമാർ, എത്രയോ ലിസമാർ ഈ സമൂഹത്തിനു നേരേ വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയർത്തും.
സിസ്റ്റർ ജെസ്മിയ്ക്കു പറയാനുള്ളതും അതു തന്നെയാണ്.ഈ വീഡിയോ അതു കൂടുതൽ വ്യക്തമാക്കി തരികയും ചെയ്യുന്നു.



