(ചരിത്ര പണ്ഡിതന്, ഗവേഷകന്, ഗ്രന്ഥകാരന് എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയിരുന്ന കോട്ടകളിലൊക്കെ തന്നെ അവര്‍ ‘factories‘ സ്ഥാപിച്ചിരുന്നതായി സാറിന്റെ പുസ്തകങ്ങളിലും ഉണ്ട്.എന്തായിരുന്നു ഈ പാണ്ടികശാലകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്?
അവ ഒരേ സമയം വ്യാപാര കേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും കൂടിയായിരുന്നു.അവിടെ വ്യാപാരികളും സൈനിക നേതൃത്വവും എല്ലാം ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കച്ചവടവും സൈനിക നീക്കങ്ങളും എല്ലാം കേന്ദ്രീകരിച്ചിരുന്നത് ഇവിടെയായിരുന്നു എന്നു കാണാം.
ഓരോ ദിവസവും കൂട്ടായ തീരുമാനങ്ങള്‍ എടുത്തിരുന്നു.മാത്രമല്ല എല്ലാ എഴുത്തു കുത്തുകളും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.ഇത്തരം എഴുത്തുകുത്തുകള്‍ പിന്നീട് നമുക്ക് ചരിത്ര രചനയില്‍ വളരെയേറെ സഹായം ചെയ്തു തരുന്നുണ്ട്.
വീണ്ടും കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.കയ്യൂര്‍ സമരത്തെപ്പോലെ തന്നെ കര്‍ഷക സമരങ്ങള്‍ നടന്ന മറ്റു പ്രദേശങ്ങള്‍ ഏതൊക്കെയാണ്?
പല സ്ഥലങ്ങളുമുണ്ട്.മുനയന്‍ കുന്നില്‍.അവിടെ രാത്രി ഉറങ്ങിക്കിടന്നവരെയാണു പോലീസ് വെടിവച്ചു കൊന്നത്.പാടിക്കുന്നില്‍ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ഷകനെ പിടിച്ചു കൊണ്ടു പോയി വെടി വച്ചു കൊന്നു.കാവുമ്പായിയില്‍ അഞ്ചു കര്‍ഷകരാണു മരിച്ചത്.അവിടെ പിടികിട്ടിയവരെ സേലം ജയിലില്‍ കൊണ്ടു പോയി.പിന്നീട് അവിടെ നടന്ന വെടിവയ്പിലും കാവുമ്പായി സമരത്തില്‍ പെട്ട ആളുകള്‍ മരിച്ചു.ഇങ്ങനെ വടക്കേ മലബാറിലെ പല സ്ഥലങ്ങളിലും ജന്മിത്വത്തിനെതിരായ സമരങ്ങള്‍ നടന്നിട്ടുണ്ട്.
അതുപോലെ ഒന്നാണു കര്‍ഷക സമരങ്ങളിലെ സ്ത്രീ പങ്കാളിത്തം.ശരിക്കു പറഞ്ഞാല്‍ ഈ സമരങ്ങളിലെല്ലാം പുരുഷന്മാരെ പ്പോലെ അവരും ഭാഗഭാക്കായിട്ടില്ലേ? പീഡനങ്ങള്‍ക്ക് ഇരയായിട്ടില്ലേ?
ഉണ്ട്.അവര്‍ നല്ല പങ്കാണു വഹിച്ചിരുന്നത്.അവര്‍ തന്നെ പല മൂവ്മെന്റും നടത്തിയിട്ടുണ്ട്.തോല്- വിറക് സമരം തന്നെ ഉദാഹരണം.അതു പോലെ പല സമരങ്ങളിലും അവര്‍ മുന്നിട്ടിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമൊക്കെ നയിച്ചിട്ടുണ്ട്.പോലീസുമായി വാക്കേറ്റങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.കൊടിയ പീഡനം അവര്‍ക്ക് ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.അങ്ങനെ കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സ്ത്രീകള്‍ വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.
പക്ഷേ അതൊന്നും ചരിത്രത്തിന്റെ ഭാഗമായി കാണുന്നില്ലല്ലോ?
ഇല്ല,അതു കൂടുതലും പുരുഷകേന്ദ്രീകൃതമായ ചരിത്ര രചന നടക്കുന്നതുകൊണ്ടാണ്.എഴുതപ്പെട്ടില്ലെങ്കില്‍ പിന്നീട് ചരിത്രത്തില്‍ നിന്നു മാഞ്ഞു പോകുന്നു.അതുകൊണ്ടാണു പ്രാദേശിക ചരിത്ര രചന വേണമെന്ന് പറയുന്നത്.ഓരോ ഗ്രാമങ്ങളിലും അതിന്റെ ചരിത്രം ഉണ്ടാവണം.പല പേരുകളും കാലപ്രവാഹത്തില്‍ ചരിത്രത്തില്‍ നിന്നു മാഞ്ഞുപോകുന്നത് ഇത്തരം രേഖപ്പെടുത്തലിന്റെ ഒരു രീതി ഇല്ലാത്തതിനാലാണ്.ഒരു പക്ഷേ കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഒരു ചരിത്രം മൊത്തമായി എഴുതുമ്പോള്‍ സ്ത്രീകളുടെ പേരുകള്‍ വന്നില്ലെന്നിരിക്കാം.പക്ഷേ ഓരോ ഗ്രാമങ്ങളുടേയും ചരിത്രത്തില്‍ ഈ പേരുകള്‍ ഉണ്ടായിരിക്കണം.അതുകൊണ്ടാണു ചരിത്ര രചനാ സമിതികള്‍ ഗ്രാമങ്ങളില്‍ വേണമെന്ന് പറയുന്നത്.
കണ്ണൂര്‍ ജില്ലയുടെ ഒരു സംസ്കാരം എന്നത് മറ്റു ജില്ലകളില്‍നിന്നു വ്യത്യസ്തമാണല്ലോ...പല അനുഷ്ഠാന കലകളും കാവുകളും ഒക്കെ നിറഞ്ഞ വ്യത്യസ്തമായ പ്രദേശമല്ലേ?
അതെ ..അതു ഒരു വലിയ അളവില്‍ കര്‍ഷക പ്രസ്ഥാനങ്ങളുടേയും അതു വഴി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്ന് പറയാം.കാവുകളിലും മറ്റും ഒരു തരം നേതൃത്വപരമായ സിസ്റ്റം ഉണ്ട്.ഇങ്ങനെ കാവുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ക്ക് ഒരു സംഘടനാരൂപം പോലുള്ള ബന്ധങ്ങള്‍ ഉണ്ട്.അവരുടെ മുന്നിലാണു ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ കടന്നു വരുന്നത്.അപ്പോള്‍ അതിന്റെ വ്യാപനം വളരെ എളുപ്പത്തില്‍ നടക്കുന്നു.ഈ നേതൃത്വത്തിലുള്ളവര്‍ ഇടതു പക്ഷക്കാരാകുമ്പോള്‍ അവരോടൊപ്പം ഉള്ളവരും പതിയെ അങ്ങനെ ആയിത്തീരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.ആദ്യം ദേശീയപ്രസ്ഥാനം അവിടങ്ങളില്‍ ചുവടുറപ്പിച്ചതും ഇങ്ങനെ തന്നെയാണ്.അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലും കാവുകളിലും ഉള്ള വിശ്വാസം ഒരേപോലെ കൊണ്ടു പോകാന്‍ കഴിഞ്ഞു.ഞാനൊരിക്കല്‍ ഒരു ഗവേഷണ സംബന്ധിയായ അഭിമുഖം നടത്തുമ്പോള്‍ പ്രായമേറെ ഉള്ള ഒരാള്‍ പറഞ്ഞത് ഞാനെങ്ങനെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നോ അതുപോലെ ദൈവത്തിലും വിശ്വസിക്കുന്നുവെന്നാണ്.ഇതായിരുന്നു കണ്ണൂര്‍ അടങ്ങുന്ന വടക്കേ മലബാറിലെ രീതി.
അതുപോലെ തന്നെ ആതിഥ്യമര്യാദയുടെ കാര്യത്തിലും അവര്‍ വളരെയേറെ ആത്മാര്‍ത്ഥത കാണിക്കുന്നു.അതൊരു പ്രത്യേക തരം സംസ്കാരം തന്നെയാണ്
ഇനി മറ്റൊരു ചോദ്യം, സാമൂതിരിയുടെ ’ചേകവര്‍’ എന്നറിയപ്പെട്ടിരുന്നത് ഏതെങ്കിലും പ്രത്യേക ജാതിക്കാര്‍ ആയിരുന്നുവോ?
അവര്‍ ഈഴവരായ ആള്‍ക്കാരായിരുന്നു കൂടുതലും.അന്നു ‘ചേകവര്‍’ എന്നൊരു പ്രത്യേക വിഭാഗം ആള്ക്കാര് തന്നെ ഉണ്ടായിരുന്നു.ചാവേറുകള്‍ എന്നു പറയുന്നതും ഇവരെ തന്നെ.അവര്‍ കളരി അഭ്യാസമൊക്കെ പഠിച്ചിട്ടുള്ളവരായിരുന്നു.അവരാണു സാമൂതിരിക്കുവേണ്ടി അങ്കം വെട്ടിയിരുന്നത്.അങ്കം കുറിച്ചാലേ ചേകവാനായി കണക്കാക്കൂ എന്നായിരുന്നു അന്നത്ത രീതി.
മൌര്യ- ഗുപ്ത രാജാക്കന്മാര്ക്കും ഇത്തരം പടയാളികള്‍ ഉണ്ടായിരുന്നു.രാജാവിനു വേണ്ടി മരിക്കാന്‍ തന്നെ തയ്യാറായിരുന്നവര്‍.
അതുപോലെ തന്നെ, ഈ വടക്കന്‍ പാട്ടിലെ കഥകളൊക്കെ യഥാര്‍ത്ഥത്തില്‍ നടന്നതാണോ?
വടക്കന്‍ പാട്ടുകള്‍ ഒരു പ്രാദേശിക ചരിത്രമാണെന്ന് പറയാം.ലോകനാര്‍ക്കാവ് ഇന്നുമുണ്ട്.വടക്കന്‍ പാട്ടില്‍ പറയുന്ന തറവാടുകളുടേയും പേരുകളൊക്കെ ലോകനാര്‍ക്കാവിലുള്ള പഴയ രേഖകളില്‍ കാണാന്‍ കഴിയും.എം.എന്‍ നമ്പൂതിരി എന്നയാള്‍ ആ വഴിക്കു കുറെ പഠനം നടത്തിയിട്ടുണ്ട്.മിത്തുകള്‍ കുറവാണെന്നാണു പറയാന്‍ കഴിയുക.പലതും ചരിത്രത്തില്‍ ജീവിച്ചിരുന്നവര്‍ തന്നെയായിരുന്നു.പല തറവാടുകളുടേയും തുടര്‍ച്ചയും അവിടെ കാണാന്‍ കഴിയും.
ഇത്തരം പല ചരിത്രങ്ങളും ഇനിയും അറിയാന്‍ കിടക്കുന്നതേയുള്ളൂ.കണ്ണൂര്‍ -കാസറഗോഡ് മേഖലകളെ പറ്റി ആദ്യമായി പഠനം നടത്തിയത് ഞാനാണ്.തെയ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ച മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.പക്ഷേ പലതും ഇപ്പോള്‍ കിട്ടാനില്ല.’കയ്യൂര്‍ സമര’ത്തെക്കുറിച്ചുള്ള പുസ്തകവും ഇപ്പോള്‍ കിട്ടാനില്ല.
പിണറായിയിലെ പാറപ്രത്ത് 1939 ഡിസംബറില്‍ നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയത്.എന്നാല്‍ ആ സമ്മേളനത്തിന്റെ തീയതി ഇന്നും വ്യക്തമല്ലല്ലോ.എന്തുകൊണ്ടാണ് അതു അറിയാതെ പോകുന്നത്?
അതായത്, അന്നു ഈ സമ്മേളനം നടക്കുമ്പോള്‍ അതു പിന്നീട് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ആരും കരുതിക്കാണില്ല.പിന്നീടാണല്ലോ ചരിത്രമെഴുതാന്‍ തീയതി ആവശ്യമായി വന്നത്.അപ്പോളെക്കും അതു മറന്നു.എന്തായാലും 1939 ഡിസംബര്‍ 20 നും 30 നും ഇടക്കൊരു തീയതിയിലായിരുന്നു അതു നടന്നതെന്ന് ഉറപ്പാണ്.
ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കാന്‍ കാരണം?
പോലീസിന്റെ പിടിയില്‍ പെടാതിരിക്കുക, സ്വാധീനമുള്ള പ്രദേശങ്ങളായിരിക്കുക,സംരക്ഷിക്കാനുള്ള ആള്‍ക്കാരുണ്ടാകുക, ഭക്ഷണം കൊടുക്കാനുള്ള സൌകര്യം ഉണ്ടായിരിക്കുക.അതൊരു പ്രധാന കാര്യമാണ്.ചില ഗ്രാമങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ കഴിയുന്നവര്‍ ഉണ്ടായിരിക്കില്ല.പട്ടിണി അക്കാലത്തെ ഏറ്റവും വലിയ സാമൂഹ്യ ദുര്യോഗം ആയിരുന്നെന്ന് പറയാം.
അത്ര ദാരിദ്ര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത് അല്ലേ?
അതെ 1939 കാലഘട്ടം എന്ന് പറയുന്നത് പട്ടിണിയുടെ കാലമാണ്.കൂലിയ്കുവേണ്ടി എന്നതിലുപരി ഒരു നേരത്തെ ഭക്ഷണം കിട്ടാനായിരുന്നു അക്കാലത്ത് പലരും കൂലിവേലക്കും മറ്റു തൊഴിലുകള്‍ക്കും പോയിരുന്നത് തന്നെ.ജോലി കൊടുക്കുന്ന വീട്ടുകാര്‍ക്കു പോലും മറ്റൊരാള്‍ക്കു കൂടി ഭക്ഷണം നല്‍കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.എന്റെ തന്നെ ഒരു അനുഭവം പറയാം.എന്റെ വീടിന്റെ തറയുടെ പകുതി അന്നു സിമന്റ് ചെയ്തിരുന്നു.ബാക്കി ചെയ്യാതെ ഉപേക്ഷിച്ചിരുന്നു.ഞാന്‍ അമ്മയോട് അക്കാലത്ത് അതിനെപറ്റി ചോദിച്ചിരുന്നപ്പോള്‍ അമ്മ പറഞ്ഞത് പണിക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണു എന്നായിരുന്നു.ക്ഷാമം അത്രക്കു ഗ്രാമങ്ങളെ ബാധിച്ചിരുന്നു.പണിക്കാരന് വരുന്നതു തന്നെ ഭക്ഷണം കിട്ടുമെന്നോര്‍ത്താണ്.അപ്പോള്‍ അതൊരു വലിയ പ്രശ്നമായിരുന്നു അക്കാലത്ത്.അതുകൊണ്ട് അമ്മ പണി നിര്‍ത്തി വച്ചതായിരുന്നു.1946-50 കാലഘട്ടങ്ങള്‍ വരെ ഈ കൊടിയ ദാരിദ്യം നീണ്ടു നിന്നു.നെയ്ത്തുകാരുടെ ഇടയിലും മറ്റുംവലിയ ദാരിദ്ര്യം നിലനിന്നിരുന്നു.അവര്‍ നാലോ അഞ്ചോ തോര്‍ത്തു മുണ്ട് നെയ്ത് അതുമായി ഉച്ച സമയങ്ങളില്‍ വീടുകളില്‍ ചെന്നിരുന്നു.വില്‍പ്പന എന്നതായിരുന്നു ഉദ്ദേശ്യമെന്നു തോന്നുമെങ്കിലും തലയില്‍ മുണ്ടുമായി വരുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നൊരു മര്യാദയുടെ പേരില്‍ ഭക്ഷണം കിട്ടുമല്ലോ എന്ന ചിന്തയിലായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്.അന്നത്തെ ആ പട്ടിണിയുടെ തീവ്രതയും അങ്ങനെ കിട്ടുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും ഇന്നു നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല.പക്ഷേ എന്റെ പഠനങ്ങളിലൂടെ ,പല ആള്‍ക്കാരുമായി സംസാരിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്.
മാധവേട്ടന് ( കെ.മാധവന്) തന്റെ ഡയറിക്കുറിപ്പുകളില്‍ വിവരിക്കുന്ന സംഭവം ഉണ്ട്.ഒരിക്കല്‍ അദ്ദേഹം ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം എച്ചിലില കളഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു പയ്യന് ഓടി വന്ന് ആ എച്ചിലില എടുത്ത് നക്കിതിന്നുന്നു.അതു മാനുസ്ക്രിപ്റ്റില്‍ ഉണ്ട്.പക്ഷേ എന്തോ മോശം തോന്നിയതുകൊണ്ട് അത് പുസ്തകമായപ്പോള്‍ അടിച്ചില്ല.അന്നത്തെ സ്ഥിതി അത്ര മോശമായിരുന്നു.അതുപോലെ ദാരിദ്ര്യവും പട്ടിണിയും മൂലം തളര്‍ന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണ ഒരു അധ്യാപകന്റെ കഥയും ഉണ്ട്.താഴേക്കിടയിലെ പട്ടിണിയെക്കുറിച്ച് ശരിക്കും പഠനം വന്നിട്ടില്ല.നെല്ലു കൊയ്യാനൊക്കെ വന്നിരുന്നവര്‍ക്ക് വെറും ഒരു പിടി ആഹാരം മാത്രം കൊടുത്തിരുന്നു.വൈകുന്നേരം വരെ മറ്റൊരു ഭക്ഷണവും ഇല്ലാതെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.ഇതൊക്കെ അന്ന് നടന്നിരുന്ന സംഭവങ്ങളാണ്.
അങ്ങനെയുള്ള അക്കാലത്ത് സ്വയം പട്ടിണി കിടന്നും ഒക്കെയാണു പലരും കര്‍ഷകപ്രസ്ഥാനത്തെ സഹായിച്ചിരുന്നതെന്ന് കാണാം.
അതുപോലെ തന്നെ, ജന്മിമാര് ആണെങ്കില്‍ പോലും പല നമ്പൂതിരി തറവാടുകളിലും അവരുടെ സമുദായത്തിനുള്ളിലും വീട്ടിലും ഉള്ള അവസ്ഥ പരിതാപകരമായിരുന്നു അല്ലേ?
അതെ.അതാണല്ലോ വി.ടിയൊക്കെ എഴുതിയിട്ടുള്ളതും.അവരുടെ ഇടയില്‍ തന്നെ ഒരു പക്ഷേ അന്തര്‍ജ്ജനങ്ങള്‍ക്കൊന്നും ഭക്ഷണം ഉണ്ടായിക്കൊള്ളണമെന്നില്ല.ഭക്ഷണമൊക്കെ കാരണവന്മാര്ക്കും മറ്റു പുരുഷന്മാര്ക്കും ആയിരിക്കും.ഇതൊന്നും സമൂഹം അറിയാതെ പോയ കാര്യങ്ങളാണ്.വി.ടിയും അതുപോലെ ഉള്ളവരും ആണു ഇക്കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടു വന്നത്.അന്നത്തെ തറവാടുകള്‍ തന്നെ ഒരു artificial institution ആയിരുന്നു.കാരണവനാരോട് അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമേ ഭക്ഷണമൊക്കെ ലഭിച്ചിരുന്നുള്ളൂ.വിവേചനം പലരീതിയില്‍ നിലനിന്നിരുന്നു.അങ്ങനെ അവിടെ തന്നെ ഒരു protest movement വന്നു.അങ്ങനെയാണ് പലരും ഈ തറവാടുകള്‍ വിട്ട് വെളിയില്‍ വന്നത്.മലബാറിലെ ഈ ചരിത്രവും തിരുവിതാംകൂറിന്റെ ചരിത്രവും തികച്ചും വ്യത്യസ്തങ്ങളാണ്.
മലബാറിലെപോലെ ഒരു ജന്മിത്വ വ്യവസ്ഥ തിരുവിതാംകൂറില്‍ ഇല്ലായിരുന്നു അല്ലേ?
ഇല്ല.കാരണം മലബാര്‍ ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.അപ്പോള്‍ ആ കൊളോണിയല്‍ വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് ജന്മിമാര് ആയിരുന്നു.അവര്‍ക്ക് എന്തിനും സ്വാതന്ത്ര്യം കൊടുത്തിരുന്നു കൊളോണിയല്‍ ഭരണം.എന്നാല്‍ തിരുവിതാംകൂറില്‍ ആകട്ടെ രാജഭരണം ആയിരുന്നതിനാല്‍ ജന്മിമാര്‍ക്ക് നേരിട്ടുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.രാജാവില്‍ നിന്നു എങ്ങനെയെങ്കിലും പണം നേടിയെടുക്കുക എന്നതായിരുന്നു അവിടുത്തെ ജന്മിമാരുടെ രീതി.രാജാവിനെ ആണ് ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്നത്.
തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ ചെറുത്തു നിന്നതു പോലെ പിന്നീടാരും ചെറുത്തു നിന്നിട്ടില്ലല്ലോ?
ഇല്ല.അപ്പോളേക്കും അവിടെ ഭരണം കമ്പനിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു.റസിഡണ്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഭരണം നടത്തിയിരുന്നത്.രാജാക്കന്മാര് വെറും ഒപ്പിടുന്നതിനുള്ള ആള്ക്കാര് മാത്രമായിരുന്നു.
പഴശ്ശിയേയും വേലുത്തമ്പിയേയും പോലെ ചെറുത്തു നിന്ന മറ്റു ആള്ക്കാര് ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നോ?
തമിഴ്നാട്ടിലെ കട്ടബൊമ്മന്, കര്‍ണ്ണാടകത്തിലെ റാണി ചെന്നമ്മ തുടങ്ങിയവര്‍ ചെറുത്തു നിന്നിട്ടുണ്ട്.
മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയല്ലോ? പിന്നീട് എന്തുകൊണ്ട് അത്തരം ഒരു പോരാട്ടം ഉണ്ടായില്ല?
പരാജയപ്പെടുത്തി എന്നു പറയാമെങ്കിലും ഡച്ചുകാര്‍ എന്ന് സൈനിക ശക്തി തീര്‍ത്തും ദുര്‍ബലമായിരുന്ന ഒരു അവസരത്തിലാണു അതുണ്ടായത്.അവര്‍ സൈനികമായി പിന്‍വാങ്ങുന്ന കാലഘട്ടം കൂടിയായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.
ഇന്നത്തെ ചരിത്ര പഠനത്തിന്റെ ഒരു പോരായ്മ എന്ന് താങ്കള്‍ക്ക് തോന്നുന്നത് എന്താണ്? ഉദാഹരണമായി വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ വര്‍ഷം മാത്രം ഓര്‍ത്തിരിക്കേണ്ടി വരുന്നു.എന്നാല്‍ അന്ന് സത്യാഗ്രഹം ഒത്തു തീര്‍ക്കാന്‍ വന്ന ഗാന്ധിജിക്കു പോലും അയിത്തം മൂലം ഇണ്ടതുരുത്തി മനയുടെ മുറ്റത്തിരുന്നു സംസാരിക്കേണ്ടി വന്നു എന്ന കാര്യം പഠിപ്പിക്കാതെ പോവുകയും ചെയ്യുന്നില്ലേ?
അതിനു കാരണം ചരിത്ര പാഠപുസ്തകങ്ങള്‍ എഴുതുന്നവരൊന്നും നല്ല ചരിത്രകാരന്മാര് അല്ല എന്നതു തന്നെ.നല്ല ചരിത്രകാരന്മാര് എഴുതിയാല്‍ അവരുടെ സ്വാധീനം അതില്‍ ഉണ്ടായിരിക്കും.
ചരിത്രഘടന എന്നത് ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്നതാവണം.ചരിത്രകാരന്മാര് അവര്‍ക്കുവേണ്ടി തന്നെ ചരിത്രം എഴുതിയിട്ടു കാര്യമില്ല.പക്ഷേ തിരിച്ചാണു കണ്ടു വരുന്നത്.മാത്രവുമല്ല ഏതു പക്ഷത്തു നിന്നു ചരിത്രത്തെ നോക്കി കാണുന്നു എന്നതും പ്രധാനമാണ്.ഭൂപരിഷ്കരണത്തെ പറ്റി പറയുമ്പോള്‍ ജന്മിമാരുടെ പക്ഷത്തു നിന്നും നോക്കുന്ന ചരിത്രകാരന് അതൊരു മോശം നിയമമെന്ന് പറയും.എന്നാല്‍ കുടിയാന്മാരുടേയും കൃഷിക്കാരുടേയും പക്ഷത്തു നിന്നു നോക്കിയാല്‍ അതൊരു മികച്ച നിയമം എന്നും വരും.അപ്പോള്‍ ഒരേ കാര്യത്തിനു രണ്ടു 'value judgement‘ചരിത്രകാരനു നല്‍കേണ്ടി വരുന്നു.അപ്പോള്‍ അവന്റെ പക്ഷം വളരെ പ്രധാനപ്പെട്ടത് ആകുന്നു.അങ്ങനെ എഴുതുന്നവര്‍ വളരെ കുറവാണ്.
കാര്‍ഷിക കലാപങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നുള്ള പ്രചാരണം ഒരു ഭാഗത്ത് നടക്കുന്നു.ഇപ്പോളാണ് അതിനൊരു മാറ്റം ഉണ്ടായി വരുന്നത്.ഈ പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശത്തെ പുതു തലമുറപോലും സ്വന്തം നാടിന്റെ ചരിത്രം അറിയുന്നില്ല.യൂറോപ്പിലും മറ്റും നമ്മള് പോയാല്‍ സ്ഥലങ്ങള്‍ കാട്ടിത്തരുന്നത് ‘പ്രാദേശിക ചരിത്ര സമിതി’കള്‍ ആയിരിക്കും.ഇത്തരം ഒരു പ്രാദേശിക ചരിത്ര നിര്‍മ്മാണം നമ്മുടെ നാട്ടില്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്.പല ചരിത്രങ്ങളും വ്യക്തികളും ഇല്ലാതായി പോകുന്നു.
രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തില്‍ തൂക്കിക്കൊല എന്ന ശിക്ഷ നടപ്പാക്കിയ ആദ്യ സംഭവമാണു കയ്യൂര്‍ സമരത്തില്‍ പ്രതികളായവരെ തൂക്കിക്കൊന്നത്.അവര്‍ ‘ക്രിമിനല്‍ കുറ്റവാളികള്‍ അല്ല ദേശീയ പോരാളികളാണ്” എന്നൊരു ബോര്‍ഡ് ,ഒരു സ്മാരക സ്തൂപത്തോടു കൂടി കണ്ണൂര്‍ ജയിലില്‍ ഉണ്ടാക്കാന്‍ പുസ്തകം എഴുതിയ കാലം മുതല്‍ ശ്രമിച്ചിട്ട് ഈ കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണത് സാധിച്ചത്.അതിനെയും എതിര്‍ത്ത് ആള്ക്കാര് കോടതിയില്‍ പോയിട്ടുണ്ട്.അപ്പോള്‍ പിന്നെ ജനങ്ങളുടെ ചരിത്രം എങ്ങനെ വെളിയില്‍ വരും?
അതുപോലെ ഒരേ ചരിത്രം രണ്ടു പേര് എഴുതുമ്പോള്‍ വ്യത്യാസം ഉണ്ടാകുമോ? ഉദാഹരണത്തിനു കയ്യൂര്‍ സമരചരിത്രം അതില്‍ പങ്കാളി ആയിരുന്ന വി.വി കുഞ്ഞമ്പു എഴുതിയിട്ടുണ്ട്.താങ്കളും എഴുതിയിട്ടുണ്ട്.എന്താവും വ്യത്യാസം?
വി.വി.കുഞ്ഞമ്പു എന്ന് പറയുമ്പോള്‍ അതു participant historian ആണ്.അദ്ദേഹം പങ്കെടുത്തതും അറിഞ്ഞതുമായ കാര്യങ്ങളാണു എഴുതുന്നത്.എന്നാല്‍ എന്നെപ്പോലെ ഒരു ചരിത്രകാരന് അത് ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ഗവേഷണവും കൂടി വരുന്നു.പല രീതിയിലുള്ള അന്വേഷണങ്ങളും, പലരുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളും ഒക്കെ നടത്തി അതിന്റെ ഓറല്‍ ഹിസ്റ്ററി മുഴുവനായി വെളിച്ചത്ത് കൊണ്ടുവരുന്നു.അപ്പോള്‍ കയ്യൂര്‍ സംഭവത്തെക്കുറിച്ച് അറിയപ്പെടാത്ത പലതും പുതിയതായി വെളിവാക്കപ്പെടുന്നു.
ചരിത്രപഠനത്തിന്റെ ഭാഗമായി വിദേശയാത്രകള്‍ ഒക്കെ നടത്തിയിട്ടുണ്ടോ?
ഉണ്ട്.യൂറോപ്പില്‍ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്.ലണ്ടന്‍,ഫ്രാന്‍സ്, ആംസ്റ്റര്‍ഡാം എന്നിവടങ്ങളിലൊക്കെ ആര്‍ക്കൈവ്സുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.യു.എസില്‍ പോയിട്ടില്ല
ചരിത്ര രചനയിലും ഗവേഷണങ്ങളിലും സാറിന്റെ മാത്രമായ സംഭാവനകള്‍ എന്തൊക്കെയാണു?
അതു പ്രധാനമായും രണ്ടെണ്ണമാണ്.ഒന്നു തെയ്യം കള്‍ച്ചറിനെപറ്റിയുള്ളതാണു.അതു സംഘകാല തമിഴ് സംസ്കാരത്തിന്റെ ഭാഗമായ “വീരാരാധന'(Hero Worship)യുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതാണ് എന്ന കണ്ടെത്തല്‍.
രണ്ടാമത്തേത്, ‘കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രം”(History Of peasant movement).ദേശീയ പ്രസ്ഥാനത്തെ ശക്തമാക്കിയത് കര്‍ഷകപ്രസ്ഥാനങ്ങളാണെന്ന തിയറി.ഈ രണ്ടു കാര്യങ്ങളാണു എന്റെ മാത്രം സംഭാവനകള്‍ എന്നു എനിക്ക് തോന്നുന്നത്.അങ്ങനെയാണു കാലിക്കട്ട് സര്‍വകലാശാലയില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ ചരിത്രം എന്നൊരു പേപ്പര്‍ ആദ്യമായി പഠിപ്പിച്ചു തുടങ്ങുന്നത്.അതു വലിയൊരു മാറ്റത്തിനു വഴിയൊരുക്കി.എ.വി അനില്‍കുമാര്‍ ആ പേപ്പര്‍ പഠിച്ച ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്.ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പലരേയും ഡിപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവന്ന് ആദരിക്കുകയും ചെയ്തിട്ടുണ്ട്.കേരളീയനും വി.ടി,യും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.
കേരളീയനെപ്പറ്റി ഞാന്‍ എഴുതുന്ന ഒരു പുസ്തകം ഇപ്പോള്‍ ഇറങ്ങാന്‍ ഇരിക്കുന്നു.കേരളീയനെ പറ്റിയുള്ള ഒരു സ്മാരക സമിതി ഉണ്ട്.കേരളീയന്റെ കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നത് ചൈനയില്‍ മാവോ സേതൂങ് ഒക്കെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അതേ രീതിയാണ്.അതായത് ഒരു കടയില്‍ പോയി ഇരിക്കുക.എന്നിട്ട് സ്ഥലത്തെ ജന്മിയെ പറ്റി നല്ലതു പറയുക.അപ്പോള്‍ സ്വാഭാവികമായും അതിനെ എതിര്‍ത്ത് രൂക്ഷമായി സംസാരിക്കുന്നവര്‍ ഉണ്ടാകും.അങ്ങനെ ഉള്ളവരെ കണ്ടെത്തി അവരെ കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി നേതൃത്വത്തില്‍ കൊണ്ടു വരിക.ഇത്തരം ഒരു രീതി കേരളീയനൊക്കെ നടത്തിപ്പോന്നിരുന്നു.
കേരളീയനെപ്പോലെ “ഭാരതീയനും” ഉണ്ടായിരുന്നു അല്ലേ?
ഉണ്ട്.അദ്ദേഹത്തിന്റെ “അടിമകളെങ്ങനെ ഉടമകളായി” എന്ന പുസ്തകം ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ളതാണ്.
അതു പറഞ്ഞപ്പോളാണു ഓര്‍ത്തത്, ഇത്തരം ചില പുസ്തകങ്ങള്‍,അതായത് ചരിത്രഗതിയെ സ്വാധീനിച്ച പുസ്തകങ്ങള്‍ പലതും ഇപ്പോള്‍ കിട്ടാനില്ല.ഉദാഹരണമായി വി.ടിയുടെ ‘അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക്” എന്ന നാടകം.ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി പ്രസിദ്ധികരിക്കാന്‍ ഹെറിറ്റേജ് കൌണ്‍സിലിനു സാധിക്കില്ലേ?
അതു ഇപ്പോള്‍ സാധിക്കില്ല,അതിനു നല്ല ഫണ്ടും അതുപോലെയുള്ള മറ്റു സഹായങ്ങളും ഉണ്ടാകണം.
താങ്കള്‍ ചരിത്രത്തെ കാണുന്ന രീതിയില്‍ നിന്നു മാറി ചരിത്ര വിശകലനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും അംഗീകാരവും കിട്ടുന്നതായി തോന്നിയിട്ടുണ്ടോ?
ഉണ്ട്.കാരണം മാധ്യമങ്ങളില്‍ വരുന്ന ശ്രദ്ധയും തലക്കെട്ടുമാണു പ്രധാനം.എന്റെ ഗുരുനാഥന് കൂടിയായ എം.ജി.എസ് നാരായണന്.അദ്ദേഹം എന്തെഴുതിയാലും അവസാനം അതു ഇ.എം എസിന് എതിരായി പറഞ്ഞേ അവസാനിപ്പിക്കൂ.അതുമൂലം അദ്ദേഹത്തിനു കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്നു.ഭാഷാപോഷിണിയില്‍ പഴശ്ശിയെപ്പറ്റി എഴുതിയ ലേഖനവും അവസാനിക്കുന്നത് ഇ.എം.എസിനെപറ്റി പറഞ്ഞുകൊണ്ടാണ്.
അദ്ദേഹം പണ്ടേ ഇങ്ങനെ ആയിരുന്നോ?
ആദ്യകാലങ്ങളില്‍ ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധത ഇല്ലായിരുന്നു.ഉദാഹരണമായി കയ്യൂരില്‍ ഒരു ‘സെന്റര്‍ ഫോര്‍ പെസന്റ്സ് സ്റ്റഡീസ് ‘(Centre For peasants studies) ഉണ്ടാക്കാനൊക്കെ വളരെ ശ്രമിച്ചിരുന്നു.ഞാനും ശ്രമിച്ചിരുന്നു.നടന്നില്ല.പക്ഷേ ജോലി വിട്ടതിനു ശേഷമാണു ഇത്രയും വിരുദ്ധ നിലപാടുകളിലേക്ക് അദ്ദേഹം മാറിയത്.
ഈ അറിയപ്പെടാത്ത ചരിത്രങ്ങള്‍, പ്രത്യേകിച്ച് കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്താണു ചെയ്യേണ്ടത്?
അവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.പ്രാദേശിക ചരിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ച് പുസ്തക രചനകള്‍ നടത്തുകയും അവ പ്രചരിപ്പിക്കുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓറല്‍ ഹിസ്റ്ററി ഇപ്പോളും പൂര്‍ണ്ണമായും എഴുതപ്പെട്ടിട്ടില്ല,ഞാന്‍ ആ വഴിക്കു കുറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.പിന്നീട് തുടരാന്‍ സാധിച്ചില്ല.ഇത് വളരെ കാര്യമായി ചെയ്യേണ്ടുന്ന ഒന്നാണ്.അല്ലെങ്കില്‍ കേരളിയന്റെ ചരിത്രവും കെ.പി.ആര് ഗോപാലന്റെ ചരിത്രവും ഒന്നാകുന്ന ഒരു അവസ്ഥവരും.പേരു മാത്രമേ മാറ്റം കാണൂ.അതുണ്ടാകാതെ ജനകീയ സഹകരണത്തോടെ വ്യക്തമായ ‘ഓറല്‍ ഹിസ്റ്ററി” എഴുതേണ്ടിയിരിക്കുന്നു.അങ്ങനെ മാത്രമേ ചരിത്രത്തോട് നീതി പുലര്‍ത്താനാവൂ.
********************************************************************
Subscribe to:
Post Comments (Atom)
8 comments:
ചരിത്ര പണ്ഡിതന്, ഗവേഷകന്, ഗ്രന്ഥകാരന് എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.
അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം !
നല്ല അഭിമുഖം..ഓറല്‍ ഹിസ്റ്ററിയുണ്ടാക്കേണ്ടത് തികച്ചും ആവശ്യമുള്ള കാര്യമാണ്. ഇപ്പോള്‍ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി കുട്ടികള്‍ പ്രായമായവരെ ഇന്റര്‍വ്യൂ ചെയ്ത് നാട്ടിന്റെ ചരിത്രം ഉണ്ടാക്കാറുണ്ട് പല സ്ഥലങ്ങളിലും. നന്ദി അഭിമുഖം ഇവിടെ പങ്കുവെച്ചതിന്
ഏറെ പഠിക്കാനുള്ള ഒരു അഭിമുഖം. രണ്ടു ഭാഗങ്ങളും ഓടിച്ചു പോയതേയുള്ളൂ. കുറച്ച് കൂടുതല്‍ സമയമെടുത്ത് വായിക്കണം.
പിന്നെ, ഒരു ‘ചിന്ന’ സംശയം...(കാര്യമായതൊന്നുമല്ല!) ‘പാണ്ടികശാല’ എന്നതിനെ ‘factories’ എന്ന് ഭാഷാന്തരീകരണം ചെയ്തത് ശരിയായോ എന്നൊരു ശങ്ക. ‘factory’ എന്നത് സാധാരണ ‘വ്യവസായ ശാല’ അഥവാ ‘manufacturing centre’ എന്ന അര്‍ഥത്തിലാണല്ലോ ഉപയോഗിക്കുന്നത്? പാണ്ടികശാലകളാകട്ടെ, വ്യാപാര - സംഭരണ കേന്ദ്രങ്ങളായിരുന്നല്ലോ? ആ നിലയ്ക്ക് ‘factories’ എന്നതിനു പകരം ‘warehouses’ എന്നാകുന്നതാകും കൂടുതല്‍ ശരി എന്നു തോന്നുന്നു.
മുഴുവന്‍ മനസ്സിരുത്തി വായിച്ചിട്ട് ശരിയായ കമന്റ് ഇടാം. :)
നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍.എന്റെ ഗ്രാമത്തിലും ഉണ്ട് കമ്മ്യുണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയുടെ ചരിത്രങ്ങള്‍.പ്രായമായവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ആരും ഒന്നും എഴുതി വെച്ചിട്ടില്ല .ആ ഓര്‍മകള്‍ ഉള്ള ആളുകള്‍ കുറഞ്ഞു തുടങ്ങിയിരിക്കുന്നു .പ്രമോദ് പറഞ്ഞ പോലെ സ്കൂള്‍ കുട്ടികള്‍ നാട്ടിലെ ചരിത്രം ഉണ്ടാക്കിയിട്ടുണ്ടോ എന്നറിയില്ല.
ഷാജി ഖത്തര്‍.
വിജ്ഞാനപ്രദം ...നന്നായിട്ടുണ്ട് ....
@വിജീ
factory എന്നത് ഉല്‍പ്പാദന കേന്ദ്രമാണെന്ന അര്‍ത്ഥം പിന്നീട് വന്നതാണ്.വ്യാപാരാവശ്യങ്ങള്‍ക്കായുള്ള ക്രയവിക്രയങ്ങള്‍ നടക്കുന്ന സ്ഥലങ്ങളെയാണ് factory എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാവര്ക്കും നന്ദി
Factory എന്നതിന് ഈ അര്‍ത്ഥവുമുണ്ട്.
An establishment for traders doing business in a foreign country; a merchant company's foreign trading station.
സുനില്‍ പറഞ്ഞതുപോലെ പിന്നീടുവന്ന അര്‍ത്ഥമൊന്നുമല്ല ഉല്‍പ്പാദന കേന്ദ്രം എന്നത്. അതുതന്നെയാണ് etymological ആയ അര്‍ത്ഥവും തുടക്കത്തിലേയുള്ള അര്‍ത്ഥവും.
പ്രാദേശിക ചരിത്രരചനയെക്കുറിച്ചുള്ള കുറുപ്പു സാറിന്റെ അഭിപ്രായങ്ങള്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്.
നന്ദി. അഭിവാദ്യങ്ങളോടെ.
Post a Comment