Tuesday, March 30, 2010

കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !

1943 മാര്‍ച്ച് 29 വെളുപ്പാന്‍ കാലം.

ഇന്നേക്ക് 67 വര്‍ഷം മുന്‍പുള്ള ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍‌ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.എങ്ങും നിശ്ശബ്ദത പടര്‍ന്നു.തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി.ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു.

“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”

കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍

എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.

ആ കൊച്ചു ഗ്രാമത്തിലേക്കാണു ഇന്ന് എന്റെ യാത്ര.

കമ്പനി ആവശ്യത്തിനായി ഇടക്ക് മംഗലാപുരത്ത് വരേണ്ടിയിരുന്നത് സത്യത്തില്‍ എനിക്കൊരു അനുഗ്രഹമായിത്തീര്‍ന്നു.അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതത്തിലൊരിക്കലും ഈ പ്രദേശങ്ങള്‍ കാണാനുള്ള ഒരു അവസരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.മംഗലാപുരത്തെ താമസത്തിനിടയിലെ ഒരു ഞായറാഴ്ച രാവിലെയാണു ഞാന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്.എന്റെ സുഹൃത്തും സഹപാഠിയും സഖാവും ആയ മധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.നീണ്ട ചില യാത്രകളുടെ പദ്ധതി ഞങ്ങള്‍ മുന്‍‌‌കൂട്ടി തയ്യാറാക്കിയിരുന്നു.അതിന്‍ പ്രകാരം ആദ്യം പോയത് പയ്യന്നൂരില്‍ നിന്നും ഏകദേശം 30 കി.മീ ദൂരെയുള്ള പാടിച്ചാല്‍ എന്ന സ്ഥലത്തേക്കാണ്.ഇവിടെയാണു പ്രസിദ്ധമായ വിപ്ലവം പിറന്നുവീണ മുനനയന്‍ കുന്ന്.ആ യാത്രയെപറ്റി പിന്നീടൊരിക്കല്‍ എഴുതാം.
(പെരിങ്ങോം- ചീമേനി റോഡ്- ദുര്‍ഘടമായ കാനന പാത)

പാടിച്ചാലില്‍ നിന്നു തിരികെ പെരിങ്ങോം എന്ന സ്ഥലത്തെത്തി.മധുവിന്റെ കാര്‍ ചീമേനി റോഡിലേക്ക് തിരിഞ്ഞു.ചീമേനി വഴിയാണു ഞങ്ങള്‍ക്ക് കയ്യൂര്‍ക്ക് പോകേണ്ടത്.പെരിങ്ങോം മുതലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന കുന്നിന്‍ പുറങ്ങളാണ്.വരണ്ട ഭൂപ്രകൃതിയാണു ഇവിടെങ്ങളില്‍.പച്ചപ്പ് നന്നേ കുറവ്.ചീമേനി റോഡിലേക്ക് കടന്നതോടെ പച്ചപ്പ് വീണ്ടും കുറഞ്ഞു വന്നു.വീടുകള്‍ കാണാതായി.പെട്ടെന്ന് വഴി വനപ്രദേശത്തേക്ക് മാറി.ഇരു വശവും ചെറിയ മരങ്ങള്‍ നിറഞ്ഞ കാട്.എങ്കിലും വല്ലാത്ത വരണ്ട ഭൂപ്രകൃതി.പൊട്ടിപ്പൊളിഞ്ഞ റോഡും കൂടിയായപ്പോള്‍ ഒരു കാനനപാത പോലെ തോന്നിച്ചു.വഴിയില്‍ അപൂര്‍വം വാഹനങ്ങള്‍ മാത്രം.മധുവിനോടൊപ്പമുള്ള യാത്ര വളരെ രസകരമാണ്.കഥകളും കവിതകളും രാഷ്ട്രീയവും നാട്ടു വിശേഷങ്ങളും എല്ലാം അതില്‍ നിറയും.അതിനാല്‍ തന്നെ സമയം പോകുന്നതറിയില്ല.ഇരുവശവുമുള്ള കാടുകള്‍ പ്ലാന്‍‌റ്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശമുള്ള വനഭൂമിയാണ്.ചീമേനിക്കുന്നുകളിലെ ഈ കാടുകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടാവും.ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒളിത്താവളങ്ങളായിരുന്നു ഈ കാടുകള്‍.ഇ.കെ നായനാര്‍ ഈ കാട്ടില്‍ ഒളിവിലിരുന്ന കാര്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഇന്നു പോലും ദുര്‍ഘടമായ ഈ കാനനപ്പാതയില്‍ അന്നത്തെക്കാലത്ത് പുറത്തു നിന്നു ഒരാള്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക മനസ്സിലായി.ബ്രീട്ടീഷുകാരന്റെ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും ഇവിടം അപ്രാപ്യമായിരുന്നതും അതുകൊണ്ടു തന്നേ.

ചീമേനി അടുക്കാറാകുമ്പോള്‍ പാതയോരത്ത് ഒരു ബോര്‍ഡ് കണ്ടു.”തുറന്ന ജയില്‍” .അതെ കേരളത്തിലെ ഒരു തുറന്ന ജയില്‍ ഇവിടെയാണ്.കാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ തുറന്ന ജയിലിന്റെ മുന്നില്‍ വച്ച അവിടെ ജയിലറായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വണ്ടിക്ക് കൈ കാട്ടി ചീമേനി വരെ ലിഫ്റ്റ് ചോദിച്ചു.ഞങ്ങളോടൊപ്പം വരുമ്പോള്‍ അദ്ദേഹം തുറന്ന ജയിലിനെ പറ്റി പറഞ്ഞു.കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ 5 വര്‍ഷമെങ്കിലും അനുഭവിച്ചു കഴിഞ്ഞവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണു തുറന്ന ജയിലിലേക്ക് മാറ്റുന്നത്.മാനസികപരിവര്‍ത്തനമാണു ലക്ഷ്യം.
(ചീമേനി ടൌണ്‍)
പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ചീമേനി എത്തി.ചെറിയ ഒരു കവല എന്നു പറയാം.കുറച്ചു കടകള്‍.അവിടെ ഒരു ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഞങ്ങള്‍ കയ്യൂരിലേക്കുള്ള വഴി ചോദിച്ചു .മധു ആ വഴി കാര്‍ തിരിച്ചു.ഏതാണ്ട് ഒരു അഞ്ചു കി.മീ എത്തിയപ്പോള്‍ കയ്യൂര്‍ എത്തി.ഇപ്പോളും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ തന്നെ.വരണ്ട ഭൂപ്രകൃതിക്ക് അല്പം മാറ്റം വന്നെങ്കിലും കാര്യമായ മാറ്റമില്ല താനും. (കയ്യൂരിലെ നായനാര്‍ സ്മാരക ഐ.ടി.ഐ)
കയ്യൂരിലെ പാര്‍ട്ടി ഓഫീസും, നായനാര്‍ സ്മാരക ഐ.ടി ഐയും ഇപ്പോള്‍ കാണാം.ഇപ്പോളും ഗ്രാമിണത തുടിച്ചു നില്‍ക്കുന്ന ഒരു ചെറിയ സ്ഥലം.അവിടനിന്നും അല്പം മുന്നോട്ട് പോകുമ്പോള്‍ വലത്തേക്കു തിരിഞ്ഞാണു കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്കുള്ള വഴി.അത് സ്ഥിതി ചെയ്യുന്നത് കുന്നിന്റെ അടിവാരത്തിലാണ്.

കുന്നിറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.മുന്നിലിതാ അതിമനോഹരമായ ഗ്രാമീണഭംഗി തെളിഞ്ഞു വരുന്നു.കേരളീയ ഗ്രാമീണ ഭംഗിയെന്നു നമ്മള്‍ മനസ്സില്‍ കരുതുന്നത് എന്താണോ അതാണു കയ്യൂര്‍.കാസറഗോഡിന്റേയും കണ്ണൂരിന്റേയും പ്രാദേശിക ചരിത്രമെഴുതിയ കെ.ബാലകൃഷ്ണന്‍ (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) കയ്യുരിനെ വിശേഷിപ്പിക്കുന്നത് ‘കദളീവന’മെന്നാണ്.ആ പേര് തികച്ചും അന്വര്‍ത്ഥം തന്നെ. (കയ്യൂരിലേക്ക് ചെല്ലുമ്പോള്‍-ഭൂമിയിലെ സ്വര്‍ഗം)

സസ്യശ്യാമളകോമളമായ ഈ കയ്യൂരിലാണു വിപ്ലവത്തിന്റെ വെള്ളി നക്ഷത്രങ്ങള്‍ പൊട്ടി വീണത്.ശ്യാമസുന്ദര കേര കേദാര ഭൂമി എന്നു വിശേഷിപ്പിക്കാന്‍ മറ്റൊരിടം തേടി പോകേണ്ടതില്ല.തെങ്ങ്, കവുങ്ങ്,വാഴ,പ്ലാവ്,കുരുമുളകു വള്ളി തുടങ്ങിയവ കൊണ്ട് നിറഞ്ഞ ഒരു വലിയ തോട്ടം എന്നാണു കയ്യൂരിന്റെ സമരചരിത്രമെഴുതിയ കയ്യൂര്‍ പോരാളി വി.വി.കുഞ്ഞമ്പു സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത്.
(കയ്യൂര്‍- മറ്റൊരു ദൃശ്യം)
പെട്ടെന്ന് ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ “മീനമാസത്തിലെ സൂര്യന്‍” എന്ന സിനിമ ഓര്‍ത്തുപോയി.കയ്യൂരിന്റെ ചരിത്രം ആസ്പദമാക്കി ചെയ്ത ആചിത്രത്തിലെ ടൈറ്റില്‍ ഗാനം എന്റെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചു.ആ ഗാനരംഗം ഇപ്പോളിതാ ഞാന്‍ നേരില്‍ കാണുകയാണ്.
Get this widget | Track details | eSnips Social DNA

(“മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമയിലെ മനോഹരഗാനം)
ഞങ്ങളുടെ കാര്‍ മെല്ലെ മെല്ലെ തേജസ്വിനിക്ക് കുറുകെയുള്ള അരയാല്‍ കടവ് പാലത്തിനടുത്തെത്തി.’തേജസ്വിനി’ കയ്യൂരിന്റെ ഹൃദയരേഖയാണ്.കാര്യങ്കോട് പുഴ എന്നറിയപ്പെട്ടിരുന്ന തേജസ്വിനിയുടെ ഇരു കരകളിലുമായിട്ടാണു ഫലഭൂയിഷ്ഠമായ കയ്യൂര്‍ ഗ്രാമം.പാലത്തിനടുത്ത് ചെറിയ കട നടത്തുന്ന ചേട്ടനോട് ഞങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള വഴി ചോദിച്ചു.കടയുടെ നേരെ എതിരെയുള്ള നാട്ടുപാതയിലൂടെ ഞങ്ങള്‍ ആ കദളീവനത്തില്‍ പ്രവേശിച്ചു.
(കദളീ വനം)
കൊച്ചു കൊച്ചു വീടുകള്‍.തനി നാടന്‍ ഗ്രാമം.അല്പദൂരെ ചെന്നപ്പോള്‍ പുഴക്കരയില്‍ ഇടതു വശത്തായി താഴെ രക്തസാക്ഷി മണ്ഡപം കാണാറായി.മധു വണ്ടി നിര്‍ത്തി.ഞങ്ങള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.ഒരു നിമിഷം ഞങ്ങളുടെ മനസ്സില്‍ വിപ്ലവത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടി.ജന്മിത്വത്തിനെതിരെ പടപൊരുതി അമരന്മാരായി മാറിയ സഖാക്കളുടെ ഓര്‍മ്മകള്‍ ഞങ്ങളെ വികാരാവേശം കൊള്ളിച്ചു. (കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ‘തേജസ്വിനി’...എല്ലാം അറിഞ്ഞവള്‍)

താഴെ ശാന്തയായി ഒഴുകുന്ന സുന്ദരിയായ തേജസ്വിനി.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി.....പുഴക്കരയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..എന്തെന്തു സംഭവപരമ്പരകള്‍ക്കാണു ഈ നദി സാക്ഷ്യം വഹിച്ചിട്ടുള്ളത്...!എത്രയോ ധീരന്മാര്‍ ഈ വഴി കടന്നു പോയിരിക്കുന്നു..എത്രയോ സ്ത്രീകള്‍ ഈ നദീതീരങ്ങളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരിക്കുന്നു........!
(തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപം )
കയ്യൂരിലെന്താണു സംഭവിച്ചത്?

1930കളുടെ അവസാനം വടക്കേ മലബാറിലെങ്ങും കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്ന സമയം.കയ്യൂരിലെയും തൊട്ടടുത്ത ക്ലായിക്കോട്ടിലേയും രണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കാനായി എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എത്തി.1938 ല്‍ ആയിരുന്നു ഇത്.അവര്‍ പ്രശ്നം പറഞ്ഞുതീര്‍ത്തു.അപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇത്തരമൊരു സംഘം വേണമെന്ന് കയ്യൂരിലെ കൃഷിക്കാര്‍ ആവശ്യപ്പെട്ടു.അങ്ങനെ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം ജന്മി ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രചാരണം തുടങ്ങി.

എങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങുകയും, കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിയ പിണറായി പാറപ്രം രഹസ്യ സമ്മേളനം നടക്കുകയും ചെയ്ത 1939 ല്‍ ആണു സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നത്.ടി.എസ് തിരുമുമ്പിന്റെ വരവോടെയാണിതെന്ന് പറയാം.നീലേശ്വരം രാജാവിനെ കൂടാതെ ചെറു ജന്മിമാര്‍ വേറേയും ഉണ്ടായിരുന്നു.അങ്ങനെയാണ് ടി.എസ് തിരുമുമ്പും , കെ.മാധവനും , എന്‍ എസ് നമ്പൂതിരീപ്പാടും ചേര്‍ന്ന് അവിടെ ഒരു കര്‍ഷക സംഘം യൂണിറ്റ് ഉണ്ടാക്കാനായി ചെന്നത്.പട്ടിണി താണ്ഡവനൃത്തമാടിയിരുന്ന ഒരു പ്രദേശമായിരുന്നു അക്കാലത്ത് കയ്യൂര്‍ എന്ന് ‘തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹത്തിന്റെ പത്നി കാര്‍ത്ത്യായനിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.മിക്കവര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല.നീലേശ്വരം രാജാവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥ.

അങ്ങനെ തിരുമുമ്പിന്റേയും കെ.മാധവന്റേയും ഒക്കെ നിരന്തരമായുള്ള ശ്രമഫലമായി അവിടെ കര്‍ഷക സംഘം ശക്തിയാര്‍ജ്ജിച്ചു തുടങ്ങി.ക്രമേണ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ബോധം വളരുകയും കര്‍ഷകസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്തു.ജന്മിമാര്‍ക്കെതിരായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങളും കവിതകളും ടി.എസ് തിരുമുമ്പ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.തിരുമുമ്പിന്റെ വിപ്ലവഗീതികള്‍ കയ്യൂരിന്റെ മണ്ണില്‍ ആവേശമായി അലയടിച്ചു.
സ്ത്രീകളടക്കം ഒരു വലിയ ജനത ആ വിപ്ലവഗാനങ്ങള്‍ പാടി നടന്നിരുന്നു

എന്നാല്‍ 1940 ല്‍ ചെറുവത്തൂരിലും കയ്യൂരിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.അതേ വര്‍ഷം തന്നെ നടന്ന മൊറാഴ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇ.കെ നായനാര്‍ ഇക്കാലത്താണു സ; പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കയ്യൂര്‍ കേന്ദ്രമാക്കി പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അങ്ങനെ കയ്യൂരും പരിസരപ്രദേശങ്ങളിലും, വടക്കേ മലബാറിലെ മറ്റു താലൂക്കുകളിലെപ്പോലെ തന്നെ കര്‍ഷക പ്രസ്ഥാനം ഒരു വലിയ ശക്തിയായി മാറി.ജന്മിത്വത്തിനെതിരെ തിരിഞ്ഞു നിന്നു എതിര്‍ക്കാനുള്ള ശക്തി ഈ പാവപ്പെട്ട കര്‍ഷകര്‍ നേടിയെടുത്തു.

(കയ്യൂരിന്റെ സൌന്ദര്യം)
അങ്ങനെയിരിക്കെയാണു 1941 മാര്‍ച്ച് 30 നു ഒരു സാമ്രാജ്യത്വ വിരുദ്ധ-യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി തീരുമാനിക്കുന്നത്.അതിനോടനുബന്ധിച്ച കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഒരു വലിയ നിവേദനം ജാഥയായി ചെന്ന് നീലേശ്വരം രാജാവിനു സമര്‍പ്പിക്കാനും കര്‍ഷക സംഘം തീരുമാനിച്ചു.

അതിനോടനുബന്ധിച്ച് മാര്‍ച്ച് 25 നു ഒരു വിളംബരജാഥ നടന്നു.ടി.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നു പോയ ജാഥക്കു മുന്നില്‍ അന്നത്തെ റവന്യൂ ഇന്‍‌സ്പെക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ നായര്‍ വന്നുപെട്ടു.ജാഥക്കാര്‍ തന്നെ ബഹുമാനിക്കുമെന്നും മുദ്രാവാക്യം വിളി നിര്‍ത്തി തനിക്ക് കടന്നു പോകാന്‍ വഴിയൊരുക്കി തരുമെന്നും അയാള്‍ കരുതിക്കാണണം.എന്നാല്‍ ജാഥാംഗങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് മാര്‍ച്ച് ചെയ്യുകയാണു ഉണ്ടായത്.ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനവരെ ഒരു പാഠം പഠിപ്പിക്കണമെന്നും അയാള്‍ കരുതി.അതിനായി ജില്ലാ കളകടര്‍ക്കും പോലീസ് ഭരണാധികാരികള്‍ക്കും കെട്ടിച്ചമച്ച പല റിപ്പോര്‍ട്ടുകളും അയാള്‍ അയക്കുകയുണ്ടായി.
അതിനെ തുടര്‍ന്നു ടി.വി കുഞ്ഞമ്പു,ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,ടി.വി.കുഞ്ഞിരാമന്‍,പി.ടി അമ്പാടിക്കുഞ്ഞി,കോയിത്താറ്റില്‍ ചിരുകണ്ടന്‍,കെ.പി വെളുങ്ങ എന്നീ ആറു പേര്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.ഇതോടെ കര്‍ഷക സംഘവും ഉഷാറായി.


രണ്ടാം ദിവസം അതായത് മാര്‍ച്ച് 27 നു രാത്രി കാഞ്ഞങ്ങാട് സബ് ഇന്‍സ്പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കയ്യൂരില്‍ എത്തുകയും വീടുകള്‍ തോറും തിരച്ചില്‍ നടത്തുകയും ചെയ്തു.ഉറങ്ങിക്കിടക്കുകയായിരുന്ന ടി.വി കുഞ്ഞമ്പുവിനേയും, ടി.വി കുഞ്ഞിരാമനേയും അറസ്റ്റു ചെയ്തു കൊണ്ടു പോയി.പോലീസ് ആക്രമണം പ്രതീക്ഷിച്ച് കാര്യങ്കോട് പുഴയുടെ തീരത്ത് കിടന്നുറങ്ങിയിരുന്ന കര്‍ഷക സംഘം പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചവശരാക്കി.കയ്യൂര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ട മഠത്തില്‍ അപ്പുവിന് ചായക്കട ഉണ്ടായിരുന്നു.പോലീസ് അവിടെയും കയറി തല്ലി.അപ്പുവിന്റെ തലമുറിഞ്ഞ് രക്തമൊഴുകി.ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.കൈയില്‍ കിട്ടിയവരെ പോലീസ് കൊണ്ടുപോവുകയും ചെയ്തു.


പിറ്റേന്ന്( 1941 മാര്‍ച്ച് 28) നേരം വെളുത്തപ്പോള്‍ പോലീസ് അക്രമണത്തിന്റെ വാര്‍ത്ത എല്ലായിടത്തും പടര്‍ന്നു.അന്നേ ദിവസം തന്നെയായിരുന്നു കയ്യൂരിലെ പ്രശസ്തമായ പൂരക്കളിയും.പൂരക്കളി കാണാന്‍ ഒട്ടനവധി ആള്‍ക്കാര്‍ അന്നവിടെ എത്തിയിരുന്നു.മഠത്തില്‍ അപ്പുവിന്റെ തന്നെ അച്ഛന്റെ മഠത്തിലാണു ഇത് നടക്കുന്നത്.തലേ ദിവസത്തെ അക്രമത്തില്‍ എങ്ങും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി.പോലീസ് വാഴ്ചക്കെതിരെ പ്രതിഷേധ ജാഥകള്‍ നടത്താന്‍ കര്‍ഷക സംഘം തീരുമാനിച്ചു.അന്നേ ദിവസം വൈകുന്നേരം ആയപ്പോള്‍ നാലുഭാഗത്തു നിന്നും ജാഥകള്‍ വരാന്‍ തുടങ്ങി.അതിലൊന്നു കയ്യൂരിലെ കൂക്കണ്ടത്തു നിന്ന് ചെറിയകരയിലേക്ക് യോഗം ചേരാനായി പോയതായിരുന്നു.‘സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തുലയട്ടെ‘ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു പൊന്തി.ചെങ്കൊടിയേന്തിയ കര്‍ഷക സംഘം ജാഥ തേജസ്വിനിയുടെ തീരത്തുകൂടിയുള്ള വഴിയിലൂടെ വരികയാണ്.


ചെറിയാക്കര എന്ന സ്ഥലത്തെത്തിയപ്പോള്‍ കള്ള് ഷാപ്പില്‍ നിന്നും കുടിച്ച് മദോന്മത്തനായി സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ഇറങ്ങിവന്നു.കൈയില്‍ കത്തിയുമുണ്ട്.അയാള്‍ ജാഥക്കാരെ ചീത്ത വിളിക്കാന്‍ തുടങ്ങി.തലേദിവസം രാത്രിയില്‍ ഇതേ പോലീസിന്റെ തല്ലുകൊണ്ടവരായിരുന്നു ജാഥയില്‍ അധികവും.ഈ ചീത്ത വിളി അവരെ പ്രകോപിപ്പിച്ചു.സുബ്ബരായനെ വെറുതെ വിടരുതെന്ന് ജനക്കൂട്ടം വിളീച്ചു പറഞ്ഞു.തലേന്ന് അടികിട്ടി തല പൊട്ടിയ മഠത്തില്‍ അപ്പു അതു ശീല കൊണ്ട് വച്ചു കെട്ടിയായിരുന്നു ജാഥയില്‍ ഉണ്ടായിരുന്നത്.“അടിക്കരുത് അടിക്കരുത് “എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ “അടിക്കേണ്ട കൊടി പിടിപ്പിച്ച് ജാഥക്ക് മുന്നില്‍ നടത്തിക്കാം“ എന്ന് തീരുമാനമായി.അങ്ങനെ അപ്പു തന്നെ സുബ്ബരായനെ കൊണ്ട് ചെങ്കൊടി പിടിപ്പിച്ചു.ഗത്യന്തരമില്ലാതെ പോലീസുകാരന്‍ കൊടിയുമായി മുന്നില്‍ നടന്നു.ജാഥ മുന്നോട്ട്.........


പോലീസുകാരന്‍ നയിക്കുന്ന ജാഥകണ്ട് പൂരക്കളി കാണാന്‍ വന്ന ജനങ്ങളും ചിരിക്കാന്‍ തുടങ്ങി.

(ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ നാട്ടുപാതയിലൂടെയാണു അന്ന് കര്‍ഷകസംഘം ജാഥ കടന്നുപോയത്)

അല്പമങ്ങു നീങ്ങിക്കഴിഞ്ഞപ്പോള്‍ എന്തോ പെട്ടെന്ന് തോന്നിയ സുബ്ബരായന്‍ കൊടികെട്ടിയ വടി രണ്ടായി മുറിച്ച് തിരിഞ്ഞു നിന്നു ജാഥാംഗമായ മഠത്തില്‍ കൊട്ടന്‍ എന്ന സഖാവിന്റെ തലക്കടിച്ച് മുന്നോട്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.അപ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ജാഥക്കാര്‍ അതു കണ്ടു.‘പിടിക്കവനെ’എന്ന വിളി അന്തരീക്ഷത്തില്‍ മുഴങ്ങി.ഒരു ഭാഗത്ത് ചെങ്കുത്തായ കുന്ന്.മറുഭാഗത്ത് വീതിയേറിയ തേജസ്വിനി...


രണ്ടു ഭാഗത്തു നിന്നും ആളുകള്‍ വന്നപ്പോള്‍ അയാള്‍ പുഴയിലേക്ക് ഒറ്റച്ചാട്ടം..നീന്തി അക്കരെ കയറാം എന്ന് വിചാരിച്ചിട്ടാവണം.പുഴയില്‍ ചാടിയതും കുറെ ആള്‍ക്കാര്‍ കല്ലെടുത്തെറിഞ്ഞു.മദ്യ ലഹരിയും അന്നത്തെ യൂണിഫോമിന്റെ ഭാരവും മൂലം തേജസ്വിനിയുടെ ആഴങ്ങളില്‍ അയാള്‍ മുങ്ങിപ്പൊങ്ങി..പിന്നെ അടിയൊഴുക്കുകളിലെവിടെയോ അപ്രത്യക്ഷനായി........ഒരു പോലീസുകാരന്റെ മുങ്ങി മരണം !



അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം ജാഥയെ പെട്ടെന്ന് മൌനത്തിലാഴ്ത്തി.അവര്‍ മഠത്തില്‍ അപ്പുവിന്റെ വീട്ടില്‍ പൂരക്കളിക്ക് ഇട്ടിരുന്ന പന്തലില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു പോയി.പോലീസിന്റെ ശക്തമായ തിരിച്ചടി പ്രതീക്ഷിച്ച കര്‍ഷക സംഘം പ്രവര്‍ത്തകള്‍ ചീമേനിക്കാടുകളില്‍ ഒളിവില്‍ പോയി.രണ്ടാം ദിവസം പോലീസുകാരന്റെ ശവം കിട്ടി.പിന്നെ കയ്യൂരില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ട് ആയിരുന്നു.ഓരോ വീട്ടിലും പോലീസുകാര്‍ കയറിയിറങ്ങി.കണ്ണില്‍ കണ്ടതൊക്കെ എറിഞ്ഞുടച്ചു.കിട്ടിയവരെ ഒക്കെ പിടിച്ചു കൊണ്ടു പോയി.സ്ത്രീകളും കുട്ടികളും വരെ കൊടിയ മര്‍ദ്ദനത്തിനു ഇരയായി.ഗര്‍ഭിണികളായി കിടന്നിരുന്നവരെ വരെ വലിച്ചു താഴെയിട്ടു.കൊടിയ മര്‍ദ്ദനം ഏല്‍ക്കുമ്പോളും കയ്യൂരിലെ സ്ത്രീകള്‍ ധീരകളായിരുന്നു.ഒരൊറ്റ പ്രവര്‍ത്തകരേയും അവര്‍ ഒറ്റു കൊടുത്തില്ല.അങ്ങനെ കയ്യൂര്‍ എന്ന കൊച്ചു ഗ്രാമം പോലീസ് ഭീകരതയുടെ കേന്ദ്രമായി മാറി.ഗത്യന്തരമില്ലാതെ പലരും പോലീസിനു കീഴടങ്ങി.നായനാരും, വി.വി കുഞ്ഞമ്പുവുമൊക്കെ ഒളിവില്‍ പോയി.


(വിവിധ കാലത്തായി കയ്യൂര്‍ സമരത്തെക്കുറിച്ച് മാതൃഭൂമി പത്രം അക്കാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ക്രോഡീകരിച്ച് ആഴ്ചപ്പതിപ്പില്‍ വന്നത്)
61 പ്രതികള്‍, 80 സാക്ഷികള്‍.....മഠത്തില്‍ അപ്പുവായിരുന്നു ഒന്നാം പ്രതി.വി.വി കുഞ്ഞമ്പു രണ്ടാം പ്രതിയും ഇ.കെ നായനാര്‍ മൂന്നാം പ്രതിയുമായിരുന്നു.പയ്യന്‍ കേളുനായര്‍ ആയിരുന്നു നാലാം പ്രതി.മംഗലാപുരം കോടതിയിലാണു കേസ് നടന്നത്.ആകെയുള്ള 61 പ്രതികളില്‍ ഇ.കെ നായനാരടക്കം രണ്ടുപേരെ പിടികിട്ടിയില്ല.അതുകൊണ്ടു തന്നെ അവരെ ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്.


രണ്ടുമാസത്തെ വിചാരണക്കു ശേഷം 1942 ഫെബ്രുവരി 9 നു അഞ്ചുപേരെയാണു മംഗലാപുരം കോടതി വധശിക്ഷക്ക് വിധിച്ചത്.ഒന്നാം പ്രതി മഠത്തില്‍ അപ്പു,13 ആം പ്രതി പൊടോര കുഞ്ഞമ്പു നായര്‍,31ആം പ്രതി കോയിത്താറ്റില്‍ ചിരുകണ്ടന്‍,32 ആം പ്രതി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,51ആം പ്രതി പള്ളിക്കല്‍ അബൂബക്കര്‍.ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം മുതല്‍ കീഴോട്ടുള്ള ജയില്‍ ശിക്ഷകള്‍.ചിലരെ വെറുതെ വിട്ടു.അന്നു 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ മൈനര്‍ എന്ന കാരണത്താല്‍ വധശിക്ഷയില്‍ നിന്നു ഒഴിവാക്കി ജീവ പര്യന്തമാക്കി കുറച്ചു.


വധശിക്ഷക്കെതിരായി നാടുണര്‍ന്നു.മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.വലിയ പ്രക്ഷോഭ പരിപാടികള്‍ നാടൊട്ടുക്കും നടന്നു.ഗവര്‍ണ്ണര്‍ക്കും വൈസ്രോയിക്കും ആയിരക്കണക്കിനു നിവേദനങ്ങളും കത്തിടപാടുകളും നടന്നു.ഒന്നും ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ന്ന നീതിപീഠമായ പ്രിവികൌണ്‍സിലില്‍ അപ്പീല്‍ കൊടുത്തു,എന്നാല്‍ അപ്പീല്‍ ഫയലില്‍ സ്വീകരിക്കപ്പെട്ടില്ല.ഇത് ഒരു ഗ്രാമത്തെ മാത്രമല്ല, മലയാളക്കരയെ ഒന്നാകെ കടുത്ത ദു:ഖത്തിലാഴ്ത്തി.


അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി.ആന്ധ്രായില്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ:പി.കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു.യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്‌ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു.


ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാ‍തെ ഞങ്ങളോട് പറഞ്ഞു:“സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്.ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ.ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക.നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”.....കേരളത്തിലെ പാര്‍ട്ടിയുടെ മേല്‍ നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഈ സംഭവം എന്നെ കൂടുതല്‍ ഉത്തേജിതനാക്കി.


“ഞാന്‍ ഒരിക്കലും കരയാത്ത ആളാണു.ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ:പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്.


ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഈ രംഗം വികാര തീവ്രമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.എത്രയോ കവികള്‍ക്കും കഥകാരന്മാര്‍ക്കും കയ്യൂര്‍ ഇന്നും ആവേശമാണ്.കയ്യൂരിന്റെ കഥകള്‍ കേട്ടു കേട്ട് കമ്മ്യൂണീസ്റ്റായ കന്നഡക്കാരന്‍ ശിവറാവു,’നിരഞ്ജന” കയ്യൂരിനെക്കുറിച്ചെഴുതിയ നോവലാണു “ചിരസ്മരണ”. അതിലാണു കാര്യങ്കോട് പുഴയെ “തേജസ്വിനി” എന്ന് ആദ്യമായി വിളിക്കുന്നത്.


ഓര്‍മ്മകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ മധുവിന്റെ ചോദ്യം :“പോകേണ്ടേ സുനിലേ..?”

ശരിയാണല്ലോ..ഇനിയും ദൂരമേറെ സഞ്ചരിക്കാനിരിക്കുന്നു.തങ്ങള്‍ക്കു വേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്കായി ജീവന്‍ കൊടുത്ത ആ ധീരന്മാരെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു...മധു വണ്ടിയെടുത്തു.

( മൈനറായതു മൂലം വധശിക്ഷയില്‍ നിന്ന്ഒഴിവാക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്)

കയ്യൂര്‍ ഒരു പ്രതീകമാണ്.ഒരു ഗ്രാമം മുഴുവന്‍, ഒരു ജനത മുഴുവന്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ചരിത്രം.ഉണ്ണാനും ഉടുക്കാനും വഴിയില്ലാതിരുന്നിട്ടും, നിരക്ഷരകുക്ഷികള്‍ ആയിരുന്നിട്ടും തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്ന ഒരു ജനത.പോലീസിനു പട്ടാളത്തിനും മുന്നില്‍ അവര്‍ പതറിയില്ല.സാമ്രാജ്യത്വം അവര്‍ക്കായി കാത്തു വച്ച തൂക്കുകയറുകള്‍ക്കും അവരെ പരാജയപ്പെടുത്താനായില്ല.സാമ്രജ്യത്വത്തെ താങ്ങി നിര്‍ത്തിയിരുന്ന ജന്മി- നാടുവാഴു വ്യവസ്ഥയുടെ അടിവേര് പിഴുതെടുത്തത് ഇത്തരം സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരാണ്....ജന്മിത്വം എന്നത് എന്നെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഇല്ലാതാവുമെന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കര്‍ഷക സമര പോരാളി എന്നോട് പറഞ്ഞത്.ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ?


പൊടിപടലങ്ങളിലൂടെ കാര്‍ ചെറുവത്തൂര്‍- പയ്യന്നൂര്‍ ഹൈവേ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മനസ്സിന്റെ അടിത്തട്ടില്‍ ആ ഗാനം ഉയര്‍ന്നുവന്നു..


“കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക....”.കയ്യൂരേ നിനക്കു നമോവാകം.ഇനിയും വരും ! തീര്‍ച്ചയായും...നിന്റെ അടിത്തട്ടില്‍ എവിടെയോ കിടക്കുന്ന മുത്തുകള്‍ തേടി..........!

അവലംബം:

1:കാസര്‍‌ഗോഡന്‍ ഗ്രാമങ്ങളിലൂടെ- കെ.ബാലകൃഷ്ണന്‍
2:വിപ്ലവപ്പാത- പി.സുന്ദരയ്യ
3:എന്റെ നാട് ,എന്റെ മണ്ണ്- ഇ.കെ നായനാര്‍
4:തിരുമുമ്പിനൊപ്പം- കാര്‍ത്ത്യായനിക്കുട്ടിയമ്മ
5:ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണം
6:മാതൃഭൂമി ആഴ്ചപ്പതിപ്പ് -ജൂണ്‍ 22,2008 &ജൂലൈ 19,2009

നന്ദി:മനോഹരമായ ഗാനത്തിന്റെ എം.പി 3 തന്നു സഹായിച്ച കയ്യൂര്‍കാരന്‍ കൂടിയായ സുഹൃത്ത് സജിത്തിനും, അതു അപ്‌ലോഡ് ചെയ്തു തന്ന സുഹൃത്ത് റിയാദിനും,എന്നോടൊപ്പം സഹയാത്രികനായിരുന്ന പ്രിയ സുഹൃത്ത് മധുവിനും.

35 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനുമെതിരെ പൊരുതി നിന്ന് ഒരു കൊച്ചുഗ്രാമം..അതാണു കയ്യൂര്‍...കേരളത്തിലെ വിമോചനസമരപോരാട്ടങ്ങളിലെ തിളങ്ങുന്ന അധ്യായം...

കയ്യൂര്‍ സമരപ്പോരാളികള്‍ തൂക്കിലേറ്റപ്പെട്ടിട്ട് 67 വര്‍ഷം തികയുന്നു!

കയ്യൂരിലേക്കാണ് ഇന്നത്തെ യാത്ര !

anushka said...

വിവരണം നന്നായി.ഇവിടെ കുറച്ചു കാലം ജോലി ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടും ഈ സ്മാരകങ്ങളൊന്നും കാണാന്‍ അവസരം കിട്ടിയില്ല.ആ നഷ്ടബോധം ഇപ്പോള്‍ തീര്‍ന്നു..

രഞ്ജിത് മാധവന്‍ said...

സുനില്‍,

ഒന്നും തോന്നരുത്. പോസ്റ്റിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു. പക്ഷേ ഇതൊരു തരം പൈങ്കിളി എഴുത്തായിപ്പോയി. മീനമാസത്തിലെ സൂര്യനിലെ പാട്ടൊക്കെ തത്തിക്കളിച്ച് എന്താണോ പറയാന്‍ വന്നത് അത് “ കാണാമറയത്തായി”

രഞ്ജിത്

Calicocentric കാലിക്കോസെന്‍ട്രിക് said...

പുരോഗമനപ്പൈങ്കിളിയെപ്പറ്റി രഞ്ജിത് മാധവന് അറിഞ്ഞൂടാഞ്ഞിട്ടാണ്. അതു സി പി എം വക സാധനമൊന്നുമല്ല. സ്റ്റാലിന്‍ പ്രൈസ് നേടിയ നോവലുകള്‍ വല്ലതും വായിച്ചുനോക്കുക. പുരോഗമനപ്പൈങ്കിളിയുടെ അത്യുജ്ജ്വലമായ ഉദാഹരണം അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ എം എസ് ആണ്. 'ഉണ്യമ്പ്‌രാനും പോവ്വാ' എന്ന കുറിപ്പു നോക്കുക.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തുക്കളേ,

ഇതൊരു യാ‍ത്രാവിവരണമാണ്.ഒരു ചരിത്ര ലേഖനം അല്ല.ഒരു യാത്രയില്‍ തോന്നുന്ന വികാരങ്ങളും അനുഭവങ്ങളും എല്ലാം അതില്‍ പങ്കുവക്കപ്പെടും.അതു പൈങ്കിളി ആയി ചിലര്‍ക്ക് തോന്നുന്നതില്‍ എനിക്കൊന്നും ചെയ്യാനില്ല.മറ്റൊന്നും പറയാനില്ലാത്തപ്പോള്‍ “ഇതിരിക്കട്ടെ” എന്ന മനോഭാവം , അത്രേ ഉള്ളൂ..

...: അപ്പുക്കിളി :... said...

കയ്യൂരിനെ കുറിച്ച് ഒരു വിവരണം വായിക്കുന്നത് പ്രത്യേക വികാരമാണ്. പക്ഷെ വായിക്കാന്‍ ഒരു ഒഴുക്ക് കിട്ടിയില്ല എന്ന് പറയുന്നതില്‍ വിഷമം തോന്നരുത്. സുനിലേട്ടന്‍ എഴുതിയതിനപ്പുറമാണിന്നു കയ്യൂര്‍. പലരും ഈ രക്തസാക്ഷികളെ തന്നെ മറന്നിരിക്കുന്നു. മഠത്തില്‍ അപ്പുവിന്റെ ഭാര്യ പാറുവിന്റെ മരണത്തില്‍ ഒന്നു അനുശോചിക്കാന്‍ പോലും പാര്‍ട്ടി നേതാക്കളോ ബ്രാഞ്ച് കമ്മിറ്റിയോ തുനിഞ്ഞില്ല. അപ്പുവിന്റ്റ് ഭാര്യയായി ആറു മാസത്തോളം മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും അപ്പുവിന്റെ ഭാര്യ എന്നതിന് പകരം ചിരുകണ്ടന്റെ സഹോദരി എന്ന ലേബല്‍ നല്‍കാനാണ് പലരും ശ്രമിച്ചത്‌..

Pramod.KM said...

ഈ കുറിപ്പു കാരണം ഒന്നുകൂടി ഓര്‍മ്മിക്കാന്‍ കഴിഞ്ഞു. നന്ദി

Sudhir KK said...

കയ്യൂരിന്‍റെ സ്മരണകള്‍ ഉണര്‍ത്തിയതിന് നന്ദി. കയ്യൂരിന്‍റെ ചരിത്രം മറ്റൊരു പോസ്റ്റ്‌ ആക്കിയിട്ട് യാത്രാവിവരണം തനിയെ ഇട്ടെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് തോന്നുന്നു.

സുബിന്‍ പി റ്റി said...

കയ്യൂര്‍ സഖാക്കള്‍ ജ്വലിക്കുന്ന ഓര്‍മ്മ തന്നെ.. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മള്‍ ഏറ്റുവാങ്ങിയ പതാക ഒരുപാട് താഴ്ത്തി കെട്ടിയോ എന്നൊരു വേദന..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതോടൊപ്പം വായിച്ചിരിക്കേണ്ട മറ്റൊരു പോസ്റ്റ്.

കയ്യൂരും കൊണ്ടോട്ടിയും.....

ജനശക്തി said...

നന്ദി സുനില്‍.

Anonymous said...

വിവരണം നന്നായി.ഈ ചരിത്രങ്ങള്‍ ഇടക്കൊക്കെ ഓര്‍ക്കുന്നത് ഓര്‍മിപ്പിക്കുന്നത് സമൂഹത്തിന്റെ ഉണര്‍വിന് ആവശ്യമാണ്‌ സുനില്‍ .
വളരെ നന്ദി.

ഷാജി ഖത്തര്‍.

ജിവി/JiVi said...

കയ്യൂരിലേക്ക് ഒരു യാത്ര നടത്തുമ്പോള്‍ സുനിലിനെപ്പോലൊരാള്‍ക്ക് ഉണ്ടാവുന്ന വികാരങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ഈ കുറിപ്പ്.ചരിത്രപാഠങ്ങള്‍ സമഗ്രമായി അവതരിപ്പിക്കണമായിരുന്നു എന്ന് തോനുന്നവര്‍ക്ക് ആ ദിശയില്‍ ഒരു ചര്‍ച്ചക്ക് വഴിതുറക്കാവുന്നതുമാണ്. ആ നിലക്ക് മികച്ച കുറിപ്പാണിത്. എന്നാലും ആ ശരാശരി പാട്ടിനെ മനോഹരം എന്നൊന്നും വിശേഷിപ്പിക്കേണ്ടതില്ലായിരുന്നു.

മാണിക്യം said...

....“ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ?..” ഇതാണ് ഇന്നത്തെ കമ്യൂണിസ്റ്റ്കാരോട് ചോദിക്കാനുള്ളത്. അവര്‍ക്ക് അതറിയില്ലങ്കില്‍ ആ മരണം വരിച്ച രക്തസാക്ഷികളോട് ചെയ്യുന്നത് നീതികേട് ആണ്... സുനില്‍ ഈ പോസ്റ്റിനെ പറ്റി എന്താ പറയുക വയിക്കുമ്പോള്‍ മനസ്സ് പുകയുന്ന അനുഭവം, ഒരു പ്രസ്ഥാനത്ത്തിന്റെ വളര്‍ച്ചക്ക് വേണ്ടീ ജീവത്യാഗം ചെയ്ത മനുഷ്യരുടെ മുന്നില്‍ ശിരസു നമിക്കുന്നു. സുനിലിന്റെ വിവരണം എത്ര അഭിനന്ദിച്ചാലും പോരാ കണ്മുന്നില്‍ കണ്ടപോലെ, ചിത്രങ്ങള്‍ മനസ്സില്‍ ആഴ്ന്നിറങ്ങുന്നു..കയ്യൂരിന്‍റെ സ്മരണകള്‍ വിശദമായി അടുത്ത തലമുറ അറിയണ്ടത് തന്നെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അപ്പുക്കിളി--താങ്കള്‍ക്ക് ഈ വിവരം എവിടെ നിന്നു കിട്ടി? മനോരമ പത്രം വായിച്ചു കിട്ടിയ വിവരം ആണോ? കയ്യൂര്‍ സഖാക്കളുടെ പിന്മുറക്കാര്‍ മുഴുവന്‍ പാര്‍ട്ടിക്കാര്‍ തന്നെ.ഇപ്പറഞ്ഞ ചിരുകണ്ടന്റെ സഹോദരിക്കും പാര്‍ട്ടി എല്ലാ ആദരവും നല്‍കിയിട്ടുണ്ട്.

കൂമന്‍സ്- യാത്രാവിവരണത്തിന്റെ ഭാഗമായ ചരിത്ര വിവരണം എന്നേ ഉദ്ദേശിച്ചുള്ളൂ.നന്ദി

രാജേഷ്,പ്രമോദ്,രഞ്ജിത് മാധവന്‍, കാലിക്കോ,സുബിന്‍,ജനശക്തി, ഷാജി - നന്ദി

ജിവി- നന്ദി...പാട്ടിന്റെ കാര്യം.താങ്കള്‍ ആ സിനിമ കണ്ടിരുന്നോ എന്നെനിക്കറിയില്ല.ആ സിനിമയുടെ തുടക്കത്തില്‍ കയ്യൂര്‍ ഗ്രാമത്തിനെ പരിചയപ്പെടുത്തിയുള്ള ടൈറ്റില്‍ സോംഗ് ആണത്.അന്ന് സിനിമയില്‍ കണ്ട ദൃശ്യഭംഗി ഓര്‍മ്മയുണ്ട്.അതു നേരിട്ടു കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തില്‍ എഴുതിയതാണ്.മനോഹരം എന്നത് വ്യക്തിപരമാണു.എനിക്ക് മനോഹരം എന്ന് തോന്നിയത് താങ്കള്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.

മാണിക്യം- നന്ദി...ആത്മപരിശോധന കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആവാം.കയ്യൂര്‍ സമരം പോലെയുള്ള കര്‍ഷക പോരട്ടങ്ങളുടെ ഫലങ്ങള്‍ എല്ലാവരും കൂടിയാണു അനുഭവിക്കുന്നത്.

മണിഷാരത്ത്‌ said...

ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ത്തു..കയ്യൂര്‍ സഖാക്കളെ ഓര്‍ത്ത്‌ എന്നും ആവേശം തോന്നാറുണ്ട്‌,.മീനമാസത്തിലെ സൂര്യന്‍ ഇന്നും കണ്മുന്‍പില്‍ ഉണ്ട്‌..ഒത്തിരി നാള്‍ക്ക്‌ ശേഷമാണ്‌ മാരിക്കാര്‍മേയുന്ന മൗനാമ്പര...എന്ന ഗാനം കേള്‍ക്കുന്നത്‌..അതും ഒരു അനുഭവമായി തോന്നി..കയ്യൂരും കരിവെള്ളൂരും എല്ലാം സന്ദര്‍ശ്ശിക്കണമെന്ന് തോന്നാറുണ്ട്‌..സുനിലേ ഒട്ടും വീര്യം ചോരാതെ കയ്യൂരിനെ വിവരിച്ചതിന്‌ നന്ദി..ഇന്റര്‍നെറ്റിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ചതും അവസരോചിതമായി..ഒരു വീഡിയോ കൂടി ആകാമായിരുന്നു..

Retheesh said...

ഇടയ്ക്ക് ഇങ്ങനെയൊരു ഓര്‍മ്മപ്പെടുത്തല്‍ നല്ലതുതന്നെ. ഇപ്പോഴത്തെ സഖാക്കള്‍ക്കു ചരിത്രത്തെ കേട്ടറിവുപോലും ഇല്ലാതാവുന്നു എന്നു പറഞ്ഞാല്‍ അധികമാവില്ലെന്നു തോന്നുന്നു. ഒരു യാത്രാവിവരണം എന്നതിനപ്പുറം കയ്യൂരിന്റെയൊരു ‘ബോണ്‍സായിയും’.(യാത്രാവിവരണത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് സുനിലിന് ഇത്രയും സാധിച്ചല്ലോ).
അഭിനന്ദനങ്ങള്‍!!

സ്മിത മീനാക്ഷി said...

സുനിലിന്റെ ലേഖനം നന്നായി. പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ പഴയ ജ്വലനങ്ങള്‍ അകത്തുള്ളവര്‍ പോലും ഓര്‍മ്മിക്കുന്നില്ല, അതല്ലേ സത്യം? ഞങ്ങള്‍ സാധാരണ ജനങ്ങളുടെ ഒരു തോന്നല്‍ ആണിതു. സുനിലിനോടു ഒരു അഭ്യര്‍ത്ഥന , സമകാലീന വിഷയങ്ങളെ കൂടി ഉള്‍പ്പെടുത്തൂ.

ബീഫ് ഫ്രൈ||b33f fry said...

നന്നായിട്ടുണ്ട് സുനില്‍ :)

Anil cheleri kumaran said...

ഓര്‍മ്മകളുണര്‍ത്തും രണസ്മാരകങ്ങള്‍.!

ഗീതാരവിശങ്കർ said...

നന്നായിട്ടുണ്ട് സഖാവേ , സചിത്ര വിവരണം ..
ആശംസകള്‍ !!!

Unknown said...

അപക്വ മനസുകളില്‍ വിപ്ലവ വിത്തുകള്‍ വേഗം വളരുന്നു എന്ന് ശേഷക്രിയയില്‍ സുകുമാരന്‍ പറഞ്ഞതാണ്‌ ഓര്‍മ വന്നത്... എന്തോ കയ്യൂരിനു പഴയ വേഗമില്ല എന്ന് തന്നെയാണ് കയ്യൂര്‍കാരനായ സുഹൃത്ത് ഒടുവില്‍ കണ്ടപ്പോളും പറഞ്ഞത്...
കയ്യൂരിന്റെ പലമുഖങ്ങളില്‍ ഒന്ന്.. നല്ല ശ്രമം മാഷേ.. (അപ്പുക്കിളി പറഞ്ഞത് മനോരമ വായിച്ചിട്ട് മാത്രമാവില്ല മാഷേ, മാഷിനരിയാത്ത കയ്യൂര്‍ കഥകള്‍ ആ മനസിലുണ്ടാകും.. തീര്‍ച്ച)

mini//മിനി said...

ഓർമ്മകൾ ഉണർത്തിയ യാത്രാവിവരണം നന്നായി.

Sreenath R said...

Aa pradeshangalil koodi kandu nadanna oru pratheethi manassil.That song was excellent. Nandi sakhave nandi...

Manoraj said...

വിശദമായ ഒരു കുറിപ്പ്.. താങ്കൾ പറഞ്ഞപോലെ ആദ്യം കയ്യൂരെന്ന് കേൾക്കുമ്പോൾ എനിക്ക് ഓർമ്മവരുന്നത് ചിരുകണ്ടനേയും അപ്പുവിനെയും ആണ്.. വിശദമായി അപഗ്രഥിച്ചെഴുതിയ കുറിപ്പ്.. ഭാവുകങ്ങൾ

ബിഗു said...

നല്ലൊരു ഓര്‍മ്മപ്പെടുത്തലായി ഈ യാത്രവിവരണം. ഇനിയും ഈ തരത്തിലുള്ള ലേഖനങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങള്‍ :).

സജി said...

നന്ദി സുനില്‍ ഈ ഓര്‍മ്മപ്പെടുത്തലിനു..
എനിക്കു വളരെ ഇഷ്ടപ്പെട്ടു..

ജിജ സുബ്രഹ്മണ്യൻ said...

യാത്രാവിവരണം നന്നായി.സത്യത്തിൽ ഈ ബ്ലോഗ് പോസ്റ്റിന്റെ പേരു കണ്ടപ്പോൾ ആദ്യം ഇത് വായിക്കാതെ ഒഴിവാക്കി വിട്ടതാണു.അത് അബദ്ധമായീ എന്ന് ഇപ്പോൾ തോന്നുന്നു. പേരിൽ ഒരു കാര്യവും ഇല്ലാ എന്നിപ്പോളാ മനസ്സിലായത്.എന്നെങ്കിലും അവസരം കിട്ടിയാൽ കയ്യൂർ വരെ ഒരു യാത്ര നടത്താൻ എനിക്കും ആഗ്രഹം തോന്നുന്നു.സാധിക്കുമായിരിക്കും എന്നും പ്രതീക്ഷിക്കുന്നു

അഭിജിത്ത് മടിക്കുന്ന് said...

അയ്യോ എന്റെ നാട്...!!!
സുനിലേട്ടാ..എന്റെ നാടിന്റെ ഇത്രയും വിവരങ്ങള്‍ എനിക്ക് തന്നെ നല്‍കാന്‍ ആയിട്ടില്ല.മലബാരിലെ ഈ ചുവന്ന മണ്ണിനെ ഇത്രയും പേറ് നെഞ്ചോട് ചേര്‍ത്ത് വെച്ച് സ്നേഹിക്കുന്നുണ്ടെന്നറിയുമ്പോള്‍ അഭിമാനം തോന്നുന്നു.

എസ്.എഫ്.ഐ.ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി said...

അഭിവാദ്യങ്ങള്‍..!
കയ്യൂര്‍ ഉള്‍പ്പെടുന്ന ഏരിയ-ചെറുവത്തൂര്‍.
ലാല്‍ സലാം

C.K.Samad said...

ഈ മണ്ണ് ചുവപ്പിക്കാന്‍, ഇവിടം പുളകം വിരിയിക്കാന്‍, ഇഞ്ചിഞ്ചായി മരിച്ചവരെ, ധീര രക്തസാക്ഷികളെ, നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍......

സതീ,ഷ് ഷൊര്‍ണൂര്‍ said...

സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... വടക്കേ മലബാറിലെ വെറും ഗ്രാമീണരായ അഞ്ച് കര്‍ഷകയുവാക്കള്‍. ഇവര്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര സമരത്തിലെ അനശ്വര ജീവത്വാഗത്തിന്‍റെ ജ്വലിക്കുന്ന ഒരേട്....

സതീ,ഷ് ഷൊര്‍ണൂര്‍ said...
This comment has been removed by the author.
സതീ,ഷ് ഷൊര്‍ണൂര്‍ said...

സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... വടക്കേ മലബാറിലെ വെറും ഗ്രാമീണരായ അഞ്ച് കര്‍ഷകയുവാക്കള്‍. ഇവര്‍ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര സമരത്തിലെ അനശ്വര ജീവത്വാഗത്തിന്‍റെ ജ്വലിക്കുന്ന ഒരേട്....

unais said...

പക്ഷെ ഇവരുടെ പിന്മുറക്കാരെ പാർട്ടി മറന്നുപോയോ എന്നൊരു സംശയം, പലരും പങ്കുവെച്ചതുപോലെ.
ഏതൊരു പ്രസ്ഥാനത്തിന്റെയും നിലനിൽപ്പ്‌ മുൻ ഗാമികൾ സഹിച്ച ത്യാഗത്തിന്റെ ഓർമ്മകളിലൂടെയാണ്‌.