Sunday, May 30, 2010

മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!



ഇന്നലെ രാ‍ത്രി പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയിലെ ജാര്‍‌ഗ്രാം ഗ്രാമത്തില്‍ മാവോവാദികള്‍ നടത്തിയ അട്ടിമറിയില്‍ പാളം തെറ്റിയ ഹൌറ - കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 135 ലേറേ( ഇതെഴുതുമ്പോള്‍ ഉള്ള വാര്‍ത്ത) ആള്‍ക്കാര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.

ഭരണ വര്‍ഗത്തിനെതിരായ പോരാട്ടം എന്ന പേരില്‍ ഭീകര സംഘടനകള്‍ക്ക് തുല്യമായ അക്രമ പ്രവര്‍ത്തനങ്ങളിലാണ് മാവോവാദികള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും വെറും സാധാരണക്കാരാണെന്നുള്ളത് ആ സംഘടനയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊള്ളത്തരമാണ് കാട്ടിത്തരുന്നത്.കഴിഞ്ഞ കുറെ നാളുകളായി തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണു ഈ സംഘടന.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള 63 വര്‍ഷങ്ങള്‍ക്കു ശേഷവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയും മൃഗതുല്യമായ ജീവിതാവസ്ഥകളും മുതലെടുത്താണു മാവോവാദികള്‍ ചുവടുറപ്പിക്കുന്നത്.ഈ അവസ്ഥക്ക് കാരണക്കാരായ ഇന്‍‌ഡ്യന്‍ ഭരണവര്‍ഗമാണു മാവോയിസ്റ്റുകളുടെ വളര്‍ച്ചക്ക് കാരണഭൂതരായിട്ടുള്ളത്.അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖം തിരിച്ചു നില്‍ക്കാനും ഒളിച്ചോടാനുമാണു കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ 200 ജില്ലകളെങ്കിലും മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന ദയനീയമായ പ്രസ്താവന നടത്തേണ്ടി വന്ന ദുര്യോഗത്തിലാണു മന്‍‌മോഹന്‍ സിംഗ്.ഈ പ്രസ്താവനക്കു ശേഷവും മാവോയിസ്റ്റ് വളര്‍ച്ചയെ നേരിടുന്നതിനായി രാഷ്ട്രീയവും ഭരണപരവുമായ എന്തെങ്കിലും നടപടികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ എടുത്തതായി കാണാനാവുന്നില്ല.മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചിരിക്കുന്ന പിന്നോക്ക ആദിവാസ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി ഒരു വിരലനക്കം പോലും ഉണ്ടായിട്ടില്ല.മറിച്ച് പട്ടാളത്തെ വിട്ട് മാവോയിസ്റ്റുകളെ ഇല്ലാതാക്കാം എന്ന മൂഢ വിശ്വാസത്തിലാണു അവരിപ്പോളും.സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച് വിജയിക്കുകയും , പിന്നീട് കുതിരക്കച്ചവടങ്ങളിലൂടെ അധികാരം നില നിര്‍ത്തുകയും അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു എന്തങ്കിലും ആത്മാര്‍ത്ഥമായ നീക്കം ഉണ്ടാവുമെന്ന് കരുതാന്‍ വയ്യ.

ഇന്നലെ ട്രയിന്‍ അട്ടിമറിക്കു ശേഷം , റയില്‍‌വേ മന്ത്രിയുടേതായി വന്ന പ്രസ്താവന( മാതൃഭൂമി വാര്‍ത്ത)യുടെ ഒരു ഭാഗം കാണുക.ഈ പ്രസ്താവന കൂടാതെ, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചയാണു ഈ അട്ടിമറിക്കു കാരണമെന്നും കൂടി മമതദീദി ടി വി അഭിമുഖങ്ങളില്‍ പറഞ്ഞു വച്ചു.




എന്നാല്‍ എന്താണു യാഥാര്‍ത്ഥ്യം?മാവോയിസ്റ്റുകള്‍ക്കെതിരെ രാഷ്ട്രീയപോരാട്ടം നടത്തുന്നതില്‍ മുന്‍‌പന്തിയിലാണ് ഇടതു പക്ഷം.ഇന്‍‌ഡ്യയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്തത്ര കേഡര്‍മാരെയാണു സി.പി.എമ്മിനു ബംഗാളില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.മാവോയിസ്റ്റുകള്‍ക്കെതിരെ ധീരമായ പോരാട്ടം നടത്തുന്നതു കൊണ്ട് ദിവസേനയെന്നോണം അവിടെ സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചു വീഴുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 210 സി.പി.എം പ്രവര്‍ത്തകരാണു മാവോയിസ്റ്റുകളുടെ കൊലക്കത്തിക്കും തോക്കിനും ഇരയായത്.എന്നാല്‍ “ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം” എന്ന മോഹമാണു മമതയ്ക്കും അവരുടെ വാലില്‍ തൂങ്ങി നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉള്ളത്.മാവോയിസ്റ്റുകളെ സഹായിച്ചിട്ടാണെങ്കിലും ഇടതു പക്ഷത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നതാണു ആ ഉള്ളിലിരിപ്പ്.ബംഗാളില്‍ മമതയെ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിക്കാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഭീകര സംഘടനയാണു മാവോയിസ്റ്റ് പ്രസ്ഥാനം.

പശ്ചിമ ബംഗാളില്‍ ഇടതു സര്‍ക്കാരിന്റെ നിലത്തിറക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് കളിക്കുന്ന ഈ തീക്കളിയുടെ അനന്തരഫലങ്ങളാണു ഇപ്പോള്‍ ഉണ്ടായത്.നന്ദിഗ്രാമിലും മറ്റും പരസ്യമായി കൈകോര്‍ത്ത് പോരാടുകയായിരുന്നു തൃണമൂലും മാവോയിസ്റ്റുകളും.അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പല ദേശീയ ചാനലുകളും പുറത്തു വിട്ടിട്ടുണ്ട്.

ഈയിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് വെങ്കിടേഷ് റെഡ്ഡി തന്നെ ഇത് തുറന്ന സമ്മതിച്ചിട്ടുണ്ട്.”ഹിന്ദു’വില്‍ വന്ന ആ വാര്‍ത്ത താഴെ കൊടുക്കുന്നു.


ഹിന്ദുവിന്റെ ലിങ്ക്

വാര്‍ത്ത മാത്രമോ? ആരൊക്കെയാണു മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ എന്ന് ഞാന്‍ പറയുന്നില്ല.താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കഥ പറയട്ടെ.

(ബംഗാളിലെ മാവോയിസ്റ്റ് നേതാവ് ഛത്രദാര്‍ മഹതോയോടൊപ്പം മമതാ ബാനര്‍‌ജി)


(മാവോയിസ്റ്റുകളോടൊപ്പം അദ്വാനി)


“മമതയുടെ മമത“ ( ഈ വാക്കിനു എന്റെ സുഹൃത്ത് വിജി പിണറായിയോട് കടപ്പാട്) ആരോടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.ഇനി അവര്‍ ഇന്നലെ ചെയ്ത പ്രസ്താവന ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ.ആരു ആരെയാണു സംശയിക്കേണ്ടത്?ആരാണു കുറ്റക്കാര്‍? പശ്ചിമ ബംഗാള്‍ സര്‍ക്കാരോ?

മമതയെപ്പോലെയുള്ളവരെ താങ്ങി നില്‍ക്കുന്ന കോണ്‍‌ഗ്രസും ഇതിനു മറുപടി പറയേണ്ടി വരും.കുടത്തിലെ ഭൂതത്തിനെ ആണ് അവര്‍ അഴിച്ചു വിടുന്നത്.കോണ്‍‌ഗ്രസ് എക്കാലത്തും അങ്ങനെ തന്നെയായിരുന്നു.എവിടെയൊക്കെ ജാതി മത വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉണ്ടാവുന്നുവോ, അതിനെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും താലോലിച്ചു കൊണ്ടേയിരിക്കും.ഈ ഇരട്ടത്താപ്പാണു രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിസ്ഥാനകാരണം.ഖാലിസ്ഥാന്‍ ഭീകര വാദികള്‍ മുതല്‍ ഇപ്പോളത്തെ മാവോയിസ്റ്റുകള്‍ വരെ അതിന്റെ സന്തതികളാണ്.ഈ രാഷ്ട്രീയത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗതിയുടെ പിന്നില്‍, ഇന്നും ഒരു നല്ല റോഡോ, നല്ല ജീവിത സാഹചര്യങ്ങളോ , വിദ്യാഭ്യാസമോ ഒന്നും ലഭിക്കാതെ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ജനത ഇപ്പോളും ഇവിടെ ജീവിക്കുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മാത്രം ഉയര്‍ന്നു വന്നുകൊണ്ടേയിരിക്കുന്നു.അവരെ മറയാക്കി നിര്‍ത്തി അക്രമങ്ങള്‍ അഴിച്ചു വിടുന്ന മാവോയിസ്റ്റുകള്‍ക്കും,വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ സ്ഥിതി ഇങ്ങനെ തന്നെ തുടരുന്നതു തന്നെയാണു താല്‍‌പര്യവും.

മാവോയിസ്റ്റുകളെ തുറന്നു പിന്തുണക്കുന്ന മമതാ ബാനര്‍ജിയെപ്പോലുള്ളവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലുമുള്ള ധൈര്യം മന്‍‌മോഹന്‍ സിംഗ് കാണിക്കുമോ?


(കടപ്പാട്: പത്രവാര്‍ത്തകളോടും ചിത്രങ്ങള്‍ അയച്ചു തന്നെ ബാലകൃഷ്ണന്‍ എന്ന സുഹൃത്തിനോടും)

26 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആരാണു മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നത്?

മൂര്‍ത്തി said...

പ്രസക്തം.

വിജി പിണറായി said...

'മാവോയിസ്റ്റുകളെ തുറന്നു പിന്തുണക്കുന്ന മമതാ ബാനര്‍ജിയെപ്പോലുള്ളവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലുമുള്ള ധൈര്യം മന്‍‌മോഹന്‍ സിംഗ് കാണിക്കുമോ?'

എന്താ സുനിലേട്ടാ ഇമ്മാതിരി ‘മണ്ടന്‍ ചോദ്യ’ങ്ങള്‍ ചോദിക്കുന്നത്? മന്‍‌മോഹന്‍ മമതാമ്മയെ പുറത്താക്കാനോ? ഇരിക്കുന്ന കൊമ്പ് വെട്ടാന്‍ മാത്രമുള്ള ‘വിഡ്ഡിത്തം’ മന്‍‌മോഹന് ഉണ്ടാകുമോ? രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിക്കു മാത്രമല്ല, സര്‍ക്കാരിനെ നയിക്കുന്ന തനിക്കു പോലും മാവോയിസ്റ്റ് വിഷയത്തില്‍ ‘പരിമിതമായ അധികാര’മേ ഉള്ളൂ (കടപ്പാട് ചിദംബരം സാറിനോട്) എന്ന് അറിയാവുന്ന പാവം മന്‍‌മോഹന്‍‌ജി എന്തു ചെയ്യാന്‍? ‘മമത’ ഇല്ലാതായാല്‍ ആ നിമിഷം മമത തന്റെ മന്ത്രിസഭയെ തന്നെ പുറത്താക്കുമെന്ന് അറിയാവുന്ന മന്‍‌മോഹന്‍ മമതയെ പുറത്തും ആക്കില്ല, ‘അകത്തും’ ആക്കില്ല!

ഷൈജൻ കാക്കര said...

എന്റെ പോസ്റ്റിൽ നിന്ന്‌

"വയനാടൻ കാടുകളിൽ കേട്ട നക്സൽ ഗാഥകളും പോലിസിന്റെ വേട്ടകളും കേരളം ഓർക്കാൻ ഇഷ്ടപ്പെടാത്ത കാലത്തിന്റെ ഏടുകൾ... കാലത്തിന്റെ നിശ്ച്ചയംപോലെ ദന്തേവാഡയിലെ ദുരന്തം മാധ്യമങ്ങളിൽ നിറയുന്ന സമയത്ത്‌ തന്നെ നക്സൽ വർഗീസിന്റെ മരണം ഏറ്റുമുട്ടലിലാണൊ അതോ രാമചന്ദ്രൻ നായർ പറയുന്നതുപോലെ ലക്ഷ്മണയുടെ ഭീക്ഷണിക്ക്‌ വഴങ്ങി നിറയൊഴിച്ചതാണോ? നമുക്ക്‌ അല്പം കാത്തിരിക്കം, സത്യം പുറത്ത്‌ വരട്ടെ. കേരളം കണ്ട “ഏറ്റവും നല്ല മുഖ്യമന്ത്രിയായി” അച്യുതമേനോൻ വിലസുമ്പോൽ അദ്ധേഹത്തിന്റെ കീഴിൽ എങ്ങനെ കരുണാകരൻ “ഭീകരനായ ആഭ്യന്തമന്ത്രിയായി”? ചരിത്രം ഒരിക്കലും പൂർണസത്യമല്ലായെന്ന്‌ ഒരിക്കൽകൂടി തെളിയിക്കുന്നു!"

kanamarayath.blogspot.com said...

Dear Sunil, Each and every blog like yours is very importan, which is candle light in the darkness created by the main medias. First they killed communists, now the common peoples, finally they will turn to their present guardians, at that time no body will be there to save them. My poem 'pachakavitha' points finger to this. Actually, the maoists at present not the friends of common people but the ghosts of the Rich and their MP producing Political parties.

jayanEvoor said...

മാവോയിസ്റ്റുകൾ സ്വന്തം ശവക്കുഴി തോണ്ടിക്കഴിഞ്ഞു. ഇനി ആരുടെ മമതയുണ്ടായാലും അവർക്കു രക്ഷയില്ല. അത് ഇതുവരെ മനസ്സിലാകാത്തവർക്കു കൂടി ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും...!

പാവത്താൻ said...

അക്രമവും കൊലയും എവിടെയായാലും എത്ര പേരുടെയായാലും നിന്ദ്യവും ഭീരുത്വവുമാണ്. അതു കണ്ണൂരില്‍ സീ പി എമ്മു കാര്‍ ബി ജെ പി കാരെ കൊന്നാലും മാവോയിസ്റ്റുകള്‍ സാധാരണക്കാരെ കൊന്നാലും.

നാടകക്കാരന്‍ said...

കാക്കരയോട് ഒരു വാക്ക് വയനാട്ടിൽ നടന്നത് അന്നത്തെ ജന്മ്മി സായ്‌വർ വാഴ്ച്ചക്കെതിരെയുള്ള സമരമാണ്. അതിൽ ഒരു സാധാരണക്കാരൻ പോലും മാവോയിസ്റ്റുകളാൽ കൊലചെയ്യപ്പെട്ടിട്ടില്ല
ഇത്തരം ജന്മ്മിമാരുടെ ശിങ്കിടികളായാണ് അന്നത്തെ ഭരണകൂടം പ്രവർത്തിച്ചത് അതിൽ കരുണാകരനെ ന്യായീകരിക്കാനുള്ള ഒരു കാരണവും കാണുന്നില്ല. എന്നാൽ ബംഗാളിൽ നടക്കുന്നതോ..ഗ്രാമീണരെ നിർബന്ധപൂർവ്വം റിക്രൂട്ട് ചെയലും ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് അക്രമം നടത്തുകയും ചെയ്യുക എന്ന പ്രതിഭാസമാണ്. ഇവരെ പിടികൂടുക എന്നത് തികച്ചും ക്ലേശകരമായ കാര്യവും ആണ് കാരണം പകൽ സിവിലിയൻസിന്റെ വേഷത്തിൽ ഗ്രാമത്തിൽ സാധാരണക്കാരെപ്പോലെ നടക്കുകയും രാത്രി ആക്രമണോത്സുകരായി സംഘം ചേരുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി .അതെങ്ങാൻ ആരെങ്കിലും ഒറ്റു കൊടുത്താൽ അവൻ കുടുംബത്തോടെ ഇല്ലാതാകും .ഇതു പേടിച്ച് ഗ്രാമീണരും പോലീസും അവർക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കില്ല ഈ പ്രോബ്ലങ്ങൾ ക്കെല്ലാം ഇടയിൽ ഇവർക്കെതിരെ പോരാടുന്ന സി ആർ പി എഫ് ജവാന്മാരെകുറിച്ച് ആരും ആലോചിക്കുന്നില്ല അപ്രതീക്ഷിത ആക്രമണം ഉണ്ടായിട്ടും പഴി പിന്നെയും സി ആർ പി എഫിനു തന്നെ ഭർണാർത്ഥി വർഗ്ഗങ്ങൾ എല്ലാം കയ്യൊഴിഞ്ഞിരിക്കുന്നു . പിന്നെ സി ആർ പി എഫിൽ ഏടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ ഭരണവർഗ്ഗത്തിൽ നിന്നും മാവോയിസ്റ്റുകൾക്ക് അപ്പപ്പോൾ വിവരം ലഭിക്കുന്നു എന്നുള്ളതും ഒരു നഗ്ന സത്യം മാത്രം. ഉദാഹരണത്തിന്. മാവോയിസ്റ്റുകളൂടെ കേന്ദ്രം കണ്ടെത്തിയ ഒരു രഹസ്യ വിവരത്തെ തുടർന്ന് അറ്റാക്കിങ്ങിനായി മൂന്നു യൂണിറ്റ് സി ആർ പി എഫ് ജവാന്മരെ നിയോഗിച്ചു കേന്ദ്രത്തിൽ നിന്നും ഓർഡർ വാങ്ങി സ്ഥലത്തെത്തിയ ജവാന്മാർക്ക് മാവോയിസ്റ്റുകളുടെ പൂടപോലും കിട്ടിയില്ല ഒരു മണിക്കൂർ മുൻപ് അവിടെ നിന്നും ആളുകൾ പോയതിന്റെ തെളിവുകൾ ജവാന്മാർക്ക് ലഭിച്ചു അത് 3 ഭാഗത്തു നിന്നും ഉള്ള അറ്റാക്കിങ്ങ് ആയിരുന്നു പ്ലാൻ ചെയ്തിരുന്നത് ജവാന്മാർ വരുന്നത് കണ്ട് ആരേലും വിവരം കൊടുത്താൽ തന്നെ അവർക്ക് രക്ഷപ്പെടാനാകുമായിരുന്നില്ല കാരണം വേറെ വഴിയില്ലായിരുന്നു അവർക്ക് രക്ഷപ്പേടാൻ ഏതു വശത്തൂടേ പോയാലും അവർ പിടിക്കപ്പെടുമായിരുന്നു . ഇത്രയും വേഗം ഈ ഓപ്പറേഷന്റെ വിവരം എങ്ങിനെ മാവോയിസ്റ്റുകൾക്കു കിട്ടി. അതെവിടുന്ന്. കാട്ടിൽ നരകയാതന അനുഭവിക്കുന്ന ഒരു ജവാനും അത്തരം ഒരു ന്യൂസ് കൊടുക്കാൻ തയ്യാറാകില്ല .
പിന്നെ എവിടുന്ന്. ? ഈ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നതല്ല ഛത്തീസ് ഗ്ഡിൽ സി ആർ പി എഫിൽ ജോലി ചെയ്യുന്ന എന്റെ അനിയന്റെ വാക്കുകളാണ്. ഏതു നിമിഷവും മരണവും കാത്ത് കഴിയുന്ന അവരുടെ ചോദ്യങ്ങൾക്ക് ഒരു വിലയും ഇല്ല എന്നോർക്കുമ്പോൾ സങ്കടപ്പെടാതെ പിന്നെന്തു ചെയ്യും

ഷൈജൻ കാക്കര said...

നാടകക്കാരൻ... വയനാട്ടിൽ നടന്നിരുന്നതോ അല്ലെങ്ങിൽ അതിൽ കൂടുതൽ ഭീകരമാണ്‌ മാവോവാദികൾ ശക്തമായ സ്ഥലങ്ങളിൽ ഇന്നും നടക്കുന്നത്‌. വയനാട്ടിൽ ജന്മിയായിരുന്നുവെങ്ങിൽ ഇന്ന്‌ ജന്മിയും കോർപ്പൊറേറ്റുകളുമുണ്ട്‌.

താങ്ങളുടെ സഹോദരൻ ചോദിച്ച ചോദ്യങ്ങൾ ഒരെണ്ണംപോലും നിഷേധിക്കുന്നില്ല. മാവോവാദികളെ അടിച്ചമർത്തണമെന്ന്‌ തന്നെയാണ്‌ കാക്കരയും ആവശ്യപ്പെടുന്നത്‌. ജാനാധിപത്യത്തിൽ ആയുദ്ധമെടുത്തുള്ള യുദ്ധം അടിച്ചമർത്തണം, അത്‌ തന്നെയാണ്‌ കരുണാകരൻ ചെയ്തത്‌. നക്സലൂകളെ അടിച്ചമർത്തുന്നത്‌ കരുണാകരനായാലും ബുദ്ധദേവായാലും, ചിദംബരമായലും കാക്കര അംഗീകരിക്കും, അതോടൊപ്പം നക്സലുകളുടെ ആവശ്യങ്ങൾ ന്യായമാണെങ്ങിൽ അതിനെ അഭിമുഖികരിക്കണം, പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി. അതാണ്‌ “ജനാധിപത്യനീതി”.

നക്സ്ലലുകളെ അടിച്ചമർത്തിയ സമയത്ത്‌ മുഖ്യമന്ത്രികസേരയിലിരുന്ന അച്യുതമേനോൻ “ഏറ്റവും നല്ല” മുഖ്യമന്ത്രിയും കരുണാകരൻ “ഏറ്റവും മോശം” ആഭ്യന്തരമന്ത്രിയും, ഇത്‌ ശരിയാവില്ലല്ലോ? അതാണ്‌ മുൻകമന്റിൽ ചുണ്ടികാണിച്ചത്‌.

വിജി പിണറായി said...

'അക്രമവും കൊലയും എവിടെയായാലും എത്ര പേരുടെയായാലും നിന്ദ്യവും ഭീരുത്വവുമാണ്.' ഉറപ്പാണല്ലോ ‘പാവത്താനേ’? എന്നാല്‍പ്പിന്നെ എന്തേ '...സീ പി എമ്മു കാര്‍ ബി ജെ പി കാരെ കൊന്നാലും...' എന്നു മാത്രം പറഞ്ഞ് നിര്‍ത്തിയത്? ബാക്കി കൂടി പറയണ്ടേ? സിപി‌എമ്മുകാരെ ബിജെപിക്കാരും കോണ്‍ഗ്രസ്സുകാരും ലീഗുകാരും ഒക്കെ കൊല്ലുന്നതും കോണ്‍ഗ്രസ്സുകാരെയും ലീഗുകാരെയും അല്ലാത്തവരെയും ബിജെപിക്കാര്‍ കൊല്ലുന്നതും രാഷ്ട്രീയം എന്തെന്ന് അറിയാന്‍ പോലും പ്രായമായിട്ടില്ലാത്ത കുട്ടിയുടെ നേരെ ബോം‌ബെറിയുന്നതും... ഒക്കെ ‘നിന്ദ്യവും ഭീരുത്വവു’മാണെന്ന് പറയാന്‍ എന്തേ മടി? ഒക്കെ കണ്ണൂരില്‍ത്തന്നെ നടന്നിട്ടുള്ളതാണേയ്!

Manoraj said...

വിജി പിണറായിയുടേ ചോദ്യം പ്രസക്തം തന്നെ. .അതിനേക്കാളുപരി എന്തിനു വേണ്ടി ഇത് തുടരുന്നു എന്നതല്ലേ ചിന്തിക്കേണ്ടിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ അവരുടെ നിലനിൽ‌പ്പിനു വേണ്ടി ചിലരെ ഹോമിക്കുമ്പോൾ നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്കും കുട്ടികൾക്കും അവരെ മാത്രം പ്രതീക്ഷിച്ച് കഴിയുന്ന ഭാര്യമാർക്കുമല്ലേ? പിന്നെ ഡോക്ടർ ജയൻ പറഞ്ഞപോലെ മാവോയിസ്റ്റുകൾ സ്വയം കുഴി തോണ്ടിക്കഴിഞ്ഞു. ആരുടേയും മമതക്കവരെ രക്ഷിക്കാൻ കഴിയില്ല

അനില്‍@ബ്ലൊഗ് said...

ഗൗരവമായി കാണേണ്ട ഒന്നായി മാവോയിസ്റ്റ് ആക്രമണങ്ങള്‍ മാറിയിരിക്കുന്നു.അതിനു തുനിയാതെ മമതയുടെ കൂടെ ചേര്‍ന്ന് അവര്‍ക്ക് കൂട്ടുപിടിച്ച് കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ഒരു സംശയം,
ആദിവാസികളെ മുഴുവന്‍ ഉദ്ധരിച്ച് മാവോയിസ്റ്റുകളെ ഒതുക്കാമെന്ന പദ്ധതി അത്ര പ്രായോഗികമാവുമോ‌ ?
സൈനിക നടപടി ഒഴിച്ചുകൂടാനാവാത്ത സാഹചര്യമാണ് ഇപ്പോള്‌ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ആദിവാസികളായാല്‍ മാത്രമെ മാനുഷിക പരിഗണന വേണ്ടൂ എന്നു തോന്നും വിധമാണ് ഈ വിഷയത്തില്‍ പല കോണുകളിലും ചര്‍ച്ച ഉയര്‍ന്നു വരുന്നത്.

അശോക് കർത്താ said...

തീവണ്ടികൾ മറിയുന്നതെങ്ങനെ എന്ന് സി.ആർ.നീലകണ്ഠൻ വിശദീകരിക്കട്ടെ.

chithrakaran:ചിത്രകാരന്‍ said...

ആദിവാസികള്‍ക്കും അധസ്ഥിതര്‍ക്കും അത്താണിയാകേണ്ടിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
തങ്ങളെ നയിക്കുന്ന ബ്രാഹ്മണ്യത്തിന്റേയും സവണ്ണ സാംസ്ക്കാരികതായുടേയും ഭക്തന്മാരായപ്പോള്‍ സംഭവിച്ച സ്ഥിതിവിശേഷമാണ് മാവോയിസ്റ്റ് തീവ്രവാദിപ്രശ്നം. മാവോവാദികളെ ഗുണദോഷിച്ച് നന്നാക്കാനൊന്നും സവര്‍ണ്ണ കമ്മ്യൂണിസ്ദ്റ്റ് അണികള്‍ക്ക് യോഗ്യതയില്ല. കഴിയുമെങ്കില്‍ ആ ചത്ത പാര്‍ട്ടിയുടെ ശവം പൊതുസ്ഥലത്ത് തുറന്നു വച്ച് നാറ്റിക്കാതെ പാര്‍ട്ടി പിരിച്ചുവിട്ട് വല്ല ബിജെപിയിലോ, ആര്‍.എസ്.എസ് ലോ ചേര്‍ന്ന് സത്യസന്ധത പുലര്‍ത്തുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് ചെയ്യാനുള്ളത്.
മാവോ വാദികളെ കോണ്‍ഗ്രസ്സോ, മമതയോ, സൈന്യമോ കൈകാര്യം ചെയ്യട്ടെ.
ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാകാത്ത,വളരാനാകാത്ത രാഷ്ട്രീയ വഞ്ചകരും,അവസരവാദികളുമായി ഞണ്ണി ജീവിക്കുന്ന സി.പി.എം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുഴിച്ചുമൂടപ്പെടേണ്ട മാലിന്യമാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക :)

അനില്‍@ബ്ലൊഗ് said...

വെറുതെ കിടന്ന് പിച്ചും പേയും പറയാതെ ചിത്രകാരാ .
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചുമൂടിയിട്ട് പിന്നെ ആരെയാണ് നിങ്ങള്‍ വളര്‍ത്താന്‍ പോകുന്നത് ?

ജിവി/JiVi said...

ആദിവാസികള്‍ക്കും അധസ്ഥിതര്‍ക്കും അത്താണിയാകേണ്ടിയിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍
തങ്ങളെ നയിക്കുന്ന ബ്രാഹ്മണ്യത്തിന്റേയും സവണ്ണ സാംസ്ക്കാരികതായുടേയും ഭക്തന്മാരായി. കാരണക്കാരന്‍ ഇ എം എസ് എന്ന നമ്പൂതിരിയും. അല്ലേ ചിത്രകാരാ.

അങ്ങനെയെങ്കില്‍ കേരളത്തില്‍ ഇപ്പോഴത്തെ ആദിവാസി ദളിത് മുന്നേറ്റങ്ങളേയും ഹൈജാക്ക് ചെയ്യാന്‍ സവര്ണ്ണ ഏജന്റന്മാര്‍ രംഗത്തുണ്ട്. സി ആര്‍ നീലകണ്ഠന്‍ എന്ന നമ്പൂതിരിയും അങ്ങനെ പലരും. ആദ്യം അവറ്റകളെ തീണ്ടാപ്പാടകലെ നിര്തി സ്വത്വരാഷ്ട്രീയം കലര്പ്പില്ലാത്തതാക്ക്. അല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്ക്ക് പറ്റിയപോലെ ദളിത് പ്രസ്താനങ്ങള്ക്കും പറ്റിപ്പോകും. ദളിതനും ആദിവാസിയും ബ്രാഹ്മണ്യത്തിന്റെ ദാസന്മാരായിപ്പോകും. ഈഴവരെപ്പോലെ. ഇന്ന് പിണറായിയും എം വി ഗോവിന്ദനും സംസാരിക്കുന്നതുപോലെ നാളെ സി കെ ജാനുവും ളാഹ ഗോപാലനും ഗീതാനന്ദനും സംസാരിക്കും. ഹൊ! എത്ര ഭീകരമായിരിക്കും അത്!

Sudheer said...

ഈ മാവോഇസ്റ്റുകള്‍ക്കു ഏറ്റവും സപ്പോര്‍ട്ട് കൊടുക്കുന്നത് ഇവിടുതെ മത മൌലികവാദികള്‍ ആണു. പിന്നെ അവരുടെ മൂടു താങ്ങുന്ന ചില മനുഷ്യാവകാശന്മാരും .

കേരളത്തില്‍ സി പി എമ്മിനെ സവര്‍ണ്ണ പക്ഷം എന്നു മുദ്രകുത്താന്‍ കാരണം ദളിതനെ സി പി എമ്മില്‍ നിന്നും അകറ്റാന്‍ വേണ്ടിയാണു. ഇത് ജമാ അത്തും മാധ്യമവും ഇടതു പക്ഷത്തോടു ചേര്‍ന്നു നില്‍ക്കുമ്പോളും ചെയ്ത കാര്യങ്ങള്‍ തന്നെ ആണു. ചേര്‍ന്ന് നിന്നു ഊ...ക്കല്‍ ആയിരുന്നു ലക്ഷ്യം.

കമ്യൂണിസ്റ്റ് പാര്‍ട്ടി അധ്സ്ഥിതനു വേണ്ടി ചോര നീരാക്കിയതിന്റെ നൂറായിരത്തിലൊന്നു പോലും ചെയ്യാത്ത മൌദൂദിയന്മാര്‍ ഇടതു പക്ഷം ചമയുന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

സ്വന്തം ഐഡിയ നടപ്പാക്കണമെങ്കില്‍ ഒറ്റയ്ക്കു പറ്റില്ല. അപ്പോള്‍ പിന്നെ സമൂഹത്തില്‍ വിദ്വെഷം ഉണ്ടാക്കി ദളിതനെ കൂട്ടു പിടിക്കുക. അതിനു കേരളത്തിലെ പ്രതിബന്ധം മാര്‍ക്സിസ്റ്റു പാര്‍ട്ടിയും . കാരണം കേരളത്തിലെ ദളിതരില്‍ ഭൂരി ഭാഗവും ഇന്നുമ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം ആണല്ലൊ.

ഇതിനാണു മൌദൂദിയന്മാരും പിന്നെ മറ്റെ മനുഷ്യാവകാശ ഫ്രന്‍ഡന്മാരും വര്‍ക്കല പോലുള്ള സംഭവങ്ങളില്‍ കണ്ണീരു വാര്‍ത്തത്. അല്ലാതെ ദളിതനെ ഉദ്ധരിക്കാനൊന്നുമല്ല.

മാര്‍ക്സ്സിറ്റ് പാര്‍ട്ടി സത്യം തിരിച്ചറിഞ്ഞു ,ജമ അത്തിയന്‍ മാര്‍ കൂടെ നിന്നു ഊ.... ക്കാനാണു ശ്രമിക്കുന്നതെന്ന്. അത്രേ ഉള്ളൂ.

Unknown said...

ഒരു ലിങ്ക് ചുമ്മാ കിടക്കട്ടെ

അശോക് കർത്താ said...

ഒരു കാലത്ത് ബ്രിട്ടീഷ് സർക്കാരിന്റെ ഒത്താശയോടെ മതപരിവർത്തനം നടത്തിയ ‘ഇടനാഴി‘യാണു മാവോവാദികളുടെ ‘ഇടനാഴി‘. ഒരു പക്ഷെ അന്നത്തെ മതപരിവർത്തനത്തിന്റെ അടുത്ത ഘട്ടമാകാം ഇത്. വഴങ്ങാത്ത ദളിതരേയും ആദിവാസികളേയും ഉന്മൂലനം ചെയ്യുക. അവിടെ കൊല ചെയ്യപ്പെടുന്നവരുടെ പട്ടിക അതിനു ദൃഷ്ടാന്തമാണു. നവ മുതലാളിത്തം വിജയിക്കാൻ എത് ലൈനും സ്വീകരിക്കും. വിപ്ലവങ്ങൾ സ്പോൺസർ വരെ ചെയ്യും. ദളിത് ആദിവാസി മുന്നേറ്റത്തിന്റെ യാതൊരു ലക്ഷണവും ഇത്തരം അക്രമങ്ങൾക്കില്ല. ഒരു എം.ബി.എ മാനേജ്മെന്റിന്റെ സ്വഭാവമാണതിനു. ധൂർത്തടിക്കാൻ പണം, കൃത്യമായി തയ്യാറാക്കിയ അക്രമണപരമ്പരകൾ, യൂണിഫോം, ആധുനിക ആയുധങ്ങൾ, ഉന്നതങ്ങളിലുള പിടിപാട്, യൂണിവേഴ്സിറ്റി ബുദ്ധിജീവികളുടെ പിന്തുണ അങ്ങനെ പലതും.ഇന്ത്യയിലെ എൻ.ജി.ഒ/മനുഷ്യാവകാശ സംഘടനകൾക്ക് ഒരു അന്താരാഷ്ട്ര മതവുമായുള്ള ചാർച്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു. കേരളത്തിലെ ആദിവാസി സമരം നയിച്ച ഒരു നേതാവ് ദില്ലിയിൽ എത്തിയിലാൽ ഒരു മത മേലദ്ധ്യക്ഷന്റെ വസതിയിലാണു പാർപ്പ് എന്നത് പരസ്യമായ രഹസ്യം. പോരെ ഇത്തരം സംഘടനകളുടെ ഇരട്ടത്താപ്പറിയാൻ. സി.ആർ.നീലകണ്ഠനേപ്പോലുള്ളവർക്ക് അത്തരം മതങ്ങളുമായി ഇണങ്ങിച്ചേർന്ന് പ്രവർത്തിക്കാനും പ്രയാസമില്ല. ജനറ്റിക്കായിത്തന്നെ അത്തരം ഒരു മേക്കപ്പുണ്ട്. ഇന്ത്യയുടെ അന്തർധാര എവിടെ ചൂണ്ടിക്കാണിച്ചാലും അതിനെ ഹിന്ദു എന്ന പദം കൊണ്ട് വിശേഷിപ്പിച്ച് പാർശ്വവൽക്കരിക്കുക ഇത്തരക്കാരുടെ അടവാണ്. ഇന്ത്യയിൽ സെമ്മറ്റിക്ക് മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളുകൾ ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും തുടരുന്നവരെ വ്യവഹിക്കാൻ ഉദ്ദേശിച്ച് കുറിച്ച ഹിന്ദു എന്ന പദം എങ്ങനെ ഇത്ര അപകടരമായി?

ജനശക്തി said...

രാഷ്ട്രീയമായി മാവോയിസ്റ്റുകളെ തുറന്നുകാട്ടിയും മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ആഗോളവല്‍ക്കാരണ-സാമ്രാജ്യ വിധേയ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയും ഈ വിപത്തിനെ നേരിടേണ്ടതുണ്ട് എന്ന് സി.പി.എം എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ആഗോളവല്‍ക്കരണ-സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയും അതിനു ചൂട്ടുപിടിക്കുന്ന കക്ഷികള്‍ക്കെതിരെയും ചിത്രകാരനൊന്നും പറയാനില്ലാത്തത് കാര്യങ്ങള്‍ അറിയാത്തതിനാലോ? കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിനു ശേഷം മാത്രം മാവോയിസ്റ്റുകളാല്‍ കൊല ചെയ്യപ്പെട്ട സി.പി.എം സഖാക്കളുടെ എണ്ണം 200 വരും. മാവോയിസ്റ്റുകള്‍ ബംഗാളിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതെങ്ങിനെ എന്ന് സീതാറാം യെച്ചൂരി ഇവിടെ വിശദീകരിക്കുന്നുണ്ട്. 62 വര്‍ഷത്തില്‍ 50 വര്‍ഷവും ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനു ഇവിടത്തെ ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇല്ലാത്ത ഉത്തരവാദിത്വം ഇടതുപക്ഷത്തിന്റെ തലമണ്ടക്കിടുന്ന ബുദ്ധി കൊള്ളാം. ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളും, കോണ്‍ഗ്രസും, ത്രിണമൂലും, മാവോയിസ്റ്റുകളും സംഘപരിവാറും , എസ്.യു.സി.ഐയും എന്‍.ജി.ഒകളുമൊക്കെ ഇടതു പക്ഷത്തിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതും മറക്കരുത്.

ജനശക്തി said...

അരുന്ധതി റോയിയെ പെണ്ണെന്നും മറ്റും സംബോധന ചെയ്ത് പരിഹസിക്കുന്ന കെ.പി.സുകുമാരന്റെ തരം താണ നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. അവരോട് വിയോജിക്കേണ്ടത് അവരുടെ നിലപാടുകളിലെ ശരിയില്ലായ്മ തുറന്നു കാട്ടിക്കൊണ്ടാകട്ടെ.

നിസ്സഹായന്‍ said...

ജനാധിപത്യത്തെ മാനിക്കാതെ, ഭരണകൂടത്തെ നോക്കുകുത്തിയാക്കി മാവോയിസ്റ്റുകള്‍ നടത്തുന്ന ഭീകരതയെ അംഗീകരിക്കാനാവില്ല. സി.പി.എമ്മിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്സും തൃണമൂല്‍കോണ്‍ഗ്രസ്സും ഇതിനു ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നത് അപലപിക്കപ്പെടേണ്ടതാണ്. ഇതു നാളെ അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്നതിലും സംശയിമില്ല. പക്ഷെ ആത്യന്തികമായി മൂന്നു പതിറ്റാണ്ടിനടുത്ത് അധികാരത്തിലിരുന്നിട്ടും ആദിവാസികള്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിലും പരിഹരിക്കുന്നതിലും സി.പി.എം അക്ഷന്തവ്യമായ അവഗണന കാട്ടിയെന്നതല്ലേ മൂലപ്രശ്നം. തങ്ങള്‍ ഭരിക്കുന്ന പ്രദേശത്തെ ജനതയുമായി യാതൊരുവിധ ബന്ധവും സര്‍ക്കാരിനു ഉപരിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും പുലര്‍ത്തിയിരുന്നില്ല എന്നതല്ലേ മാവോയിസ്റ്റുകള്‍ ഈ ദുര്‍ബ്ബലജനതയെ ഹൈജാക്കു ചെയതിട്ടും അതൊന്നും പാര്‍ട്ടിക്കാര്‍ അറിയാഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ടത്. കൂടാതെ മാവോയിസ്റ്റുകളാല്‍ കൊലചെയ്യപ്പട്ട സ്വന്തം അണികളുടെ കണക്കു പറയുമ്പോള്‍, കേരളത്തലും മറ്റും പാര്‍ട്ടിയും ബി.ജെ.പിയും കൊലപാതക പരമ്പരകള്‍ നടത്തിയതെന്തു കൊണ്ട് ? ഇരുകൂട്ടരും ജനാധിപത്യ നാട്യക്കാരും ആത്യന്തികമായി പാസിസ്റ്റുകളും ആയതുകൊണ്ടാണ് ഇതു തുടര്‍ന്നു പോരുന്നത്.

Rajeeve Chelanat said...

“നക്സലൂകളെ അടിച്ചമർത്തുന്നത്‌ കരുണാകരനായാലും ബുദ്ധദേവായാലും, ചിദംബരമായലും കാക്കര അംഗീകരിക്കും, അതോടൊപ്പം നക്സലുകളുടെ ആവശ്യങ്ങൾ ന്യായമാണെങ്ങിൽ അതിനെ അഭിമുഖികരിക്കണം, പാവപ്പെട്ട ജനങ്ങൾക്ക്‌ വേണ്ടി. അതാണ്‌ “ജനാധിപത്യനീതി”....

ന്യായമായ ആവശ്യങ്ങള്‍ നക്സലുകള്‍ ഉയര്‍ത്തുകയും അതിനെ കരുണാകരനോ, ബുദ്ധനോ, ദിഗംബരനോ അടിച്ചൊതുക്കുകയും ചെയ്താല്‍ പിന്നെ എന്തു ചെയ്യണം സര്‍? രണ്ടാമത്തെ കൂട്ടരുടെ മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയാകുമോ? ഒന്നു തെളിച്ചുപറയൂന്നേ കാക്കരേ..

സുനില്‍, ശരിയായ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് മാവോയിസ്റ്റുകളും, ആ മേഖലയിലെ പല ഗോത്രവര്‍ഗ്ഗങ്ങളും ഇപ്പോള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. അതിന്റെ മാര്‍ഗ്ഗത്തില്‍ തെറ്റുകളും വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ടെന്നത് ശരിതന്നെ. അവിശുദ്ധസഖ്യങ്ങളിലും അവര്‍ ചെന്നു പെടുന്നുണ്ട്. ഒരിക്കലും ജയിക്കാന്‍ ഇടയില്ലാത്ത ഒരു യുദ്ധത്തിലാണ് അവര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്നും നമുക്കറിയാം. ഇതൊക്കെയാണെങ്കിലും മാവോയിസ്റ്റുകളെന്നും നക്സലുകളെന്നും കേട്ടാല്‍ ഉടനെ കാടടച്ചു വെടിവെക്കുന്നതില്‍ നമ്മള്‍ പങ്കുചേരരുത്. ജനമുന്നേറ്റത്തിന്റെ ഭാഗത്തേക്ക് അവരെ കൊണ്ടുചെന്നെത്തിക്കുക എന്ന ഒറ്റ വഴിയേ നമുക്ക് മുന്നിലുള്ളു. എളുപ്പമുള്ള പണിയല്ല അത്. അടവുനയവും, കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയവും ഒരുപോലെ (തരം‌പോലെ) പ്രയോഗിക്കേണ്ടിവരും. എന്നാല്‍, ചിദംബരാദികളോടു ചേര്‍ന്ന് അവരെ തള്ളിപ്പറഞ്ഞാല്‍, ഇനിയും പല സ്വത്വപ്രശ്നങ്ങളും പാര്‍ട്ടിക്ക് ഭാവിയില്‍ നേരിടേണ്ടിവരും എന്ന് ഓര്‍മ്മിപ്പിക്കട്ടെ.

അഭിവാദ്യങ്ങളോടെ

ഷൈജൻ കാക്കര said...

രാജിവ്...

കേരളത്തിലെ നക്സലുകളെ അടിച്ചമർത്തിയ കരുണാകരനെ എതിർക്കുകയും ബംഗാളിലാകുമ്പോൾ അടിച്ചമർത്തണമെന്ന്‌ പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ്‌ എന്റെ കമന്റിൽ ഉന്നയിച്ചത്‌.

മാവോയിസ്റ്റുകളുടെ ആവശ്യം ന്യായമാണ്‌. ഇന്ത്യ മുഴുവനും പൊതുസമൂഹം, വലതു-ഇടതു ഭേദമില്ലാതെ, കാലങ്ങളായി ആദിവാസികളെ ചൂക്ഷണം ചെയ്യുകയായിരുന്നു. അതിനെതിരെ ആദിവാസികൾ ശബ്ദം ഉയർത്തുന്നു, അവരുടെ ലക്ഷ്യം തീർച്ചയായും ശരി തന്നെയാണ്‌ പക്ഷെ മാർഗ്ഗം, അവിടെ യോജിക്കാൻ മാർഗ്ഗമില്ല. താങ്ങൾ പറഞ്ഞപോലെ ഒരിക്കലും ജയിക്കാൻ സാധ്യതയില്ലാത്ത ഒരു യുദ്ധത്തിലേക്ക്‌ മവോയിസ്റ്റുകൾ ആദിവാസികളെ ആട്ടിയോടിച്ചാൽ അതിന്റെ തിക്തഫലം ഇന്ത്യക്ക്‌ മൊത്തത്തിലും പ്രത്യേകിച്ച്‌ ആദിവാസികൾക്കും ഗുണകരമായിരിക്കില്ല.

ജനാധിപത്യമാർഗ്ഗങ്ങളിലൂടെ അവകാശവും അധികാരവും പിടിച്ചടക്കണമെന്നാണ്‌ കാക്കര ആവശ്യപ്പെടുന്നത്‌, അതും എളുപ്പമല്ല പക്ഷെ വിജയം സാവധാനത്തിലാണെങ്ങിലും നേടിയെടുക്കാം.

എന്റെ പോസ്റ്റിലേക്കുള്ള ഒരു ലിങ്ക് ഇവിടെ ഇടട്ടെ...

http://georos.blogspot.com/2010/04/blog-post.html

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കാക്കര,
കേരളത്തില്‍ അജിത,മന്ദാകിനി തുടങ്ങിയവരെ അറസ്റ്റ് ചെയ്തു പോലീസ് പീഡിപ്പിച്ചത് ഇ.എം.എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ്.

ശാന്ത കാവുമ്പായി said...

എപ്പോഴെങ്കിലും ജനങ്ങളെ ഓര്‍ക്കുന്ന ഒരു ഭരണകൂടം ഉണ്ടാവുമോ?