Monday, June 28, 2010

‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ

ചെന്നൈയിലെ ദക്ഷിണേന്ത്യ.അതാണു ദക്ഷിണ ചിത്ര.

കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളുടെ ജന ജീവിതത്തിന്റെ ഒരു സാംസ്കാരിക പരിച്ഛേദമാണു ‘ദക്ഷിണ ചിത്ര’ എന്നു വേണമെങ്കില്‍ പറയാം.ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ് ജീവിത ശൈലിയുടെ ഒരു പുനരാഖ്യാനമാണ് ദക്ഷിണ ചിത്ര.

വളരെ നാളായി ‘ദക്ഷിണ ചിത്ര’യെക്കുറിച്ച് കേട്ടറിഞ്ഞിരുന്നുവെങ്കിലും ഈ അടുത്ത കാലത്താണു അവിടെ പോകാന്‍ സാധിച്ചത്.നാട്ടില്‍ നിന്നു അച്ഛനും അമ്മയും അനിയനും വന്നപ്പോള്‍ ഒരു ഞായറാഴ്ച ദക്ഷിണചിത്രയില്‍ ചെലവിടാമെന്നു തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്നു 25 കി.മീറ്ററോളം മാറി ചെന്നൈ - പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡി(ECR)ലാണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്.കൃത്യമായി പറഞ്ഞാല്‍ ചെന്നൈ സിറ്റിയുടെ തെക്ക് വശത്തെ അവസാന ഭാ‍ഗമായ തിരുവാണ്‍‌മിയൂര്‍ കഴിഞ്ഞ് മഹാബലിപുരം റോഡിലൂടെ പോയി MGM ബീച്ച് റിസോര്‍ട്ട് കഴിഞ്ഞാലുടന്‍ ഇടതു വശത്ത് കാണുന്ന റോഡിലൂടെ ഒരു 200 മീറ്റര്‍ പോയാല്‍ ദക്ഷിണ ചിത്ര എത്തും. റോഡരികില്‍ തന്നെ ദക്ഷിണചിത്രയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള വലിയ ബോര്‍ഡ് കാണാം.

(ദക്ഷിണ ചിത്രയിലേക്ക് സ്വാഗതം)

ഞങ്ങള്‍ എത്തുമ്പോള്‍ 11 മണി ആയിരുന്നു.ദക്ഷിണ ചിത്രയുടെ പ്രവേശന കവാടത്തിനടുത്തു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്.വണ്ടി അവിടെ പാര്‍ക്ക് ചെയ്ത് കുട്ടികള്‍ക്ക് ലഘു ഭക്ഷണവും കൊടുത്ത് ഞങ്ങള്‍ ടിക്കറ്റ് കൊണ്ടറില്‍ എത്തി.ഞങ്ങള്‍ എത്തുമ്പോള്‍ പൊതുവെ തിരക്കു കുറവായിരുന്നു.ചില വിദേശികളേയും അവിടെ കണ്ടു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണു സന്ദര്‍ശക സമയം.എല്ലാ ചൊവ്വാഴ്ചയും അവധിയാണ്.ക്യാമറയും മറ്റും ഉണ്ടെങ്കില്‍ പ്രത്യേകം പാസ് എടുക്കണം.റിസപ്ഷനോട് ചേര്‍ന്നു തന്നെ ഒരു “ക്രാഫ്റ്റ് സെന്ററും” ഉണ്ട്.



അവിടെ നിന്നു ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു.

(ദക്ഷിണ ചിത്രയുടെ രൂപരേഖ)



ദക്ഷിണചിത്ര

ദക്ഷിണേന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ - കല, നാടോടി കലാരൂപങ്ങള്‍, വാസ്തുവിദ്യാ,ക്രാഫ്റ്റ്- സംരക്ഷിക്കുകയും പുതു തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ദക്ഷിണ ചിത്രക്ക് രൂപം കൊടുത്തത്. ഗ്രാമീണരായ കലാകാരന്മാരുടെ കഴിവുകളില്‍ ആകൃഷ്ടനായി ഡോ.ഡി ത്യാഗരാജന്‍ 1984 ല്‍ രൂപം കൊടുത്ത എന്‍.ജി ഒ ആണു ‘മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍”.കലയേയും സംസ്കാരത്തേയും സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു.സര്‍ക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും ഫോര്‍ഡ് ഫൌണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയും കൂടി മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍ ആദ്യം നടപ്പിലാക്കിയ പദ്ധതി ആണു ദക്ഷിണ ചിത്ര എന്ന ഈ സാംസ്കാരിക കേന്ദ്രം.വിശ്വ പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറാണു ഈ സാംസ്കാരിക ഗ്രാമം രൂപകല്പന ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഇവിടെ ഉണ്ട്.ഓരോ വിഭാഗത്തിലും അതാതു സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക- കലാ രൂപങ്ങളെയും വാസ്തുവിദ്യാരീതികളേയും തനതായ രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

തമിഴ്‌നാട്

ഞങ്ങള്‍ ആദ്യം പോയത് തമിഴ്‌നാടിന്റെ വിഭാഗത്തിലേക്കാണ്.അവിടെ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മള്‍ തമിഴ്‌നാട്ടിലെ ഏതോ ഒരു ഗ്രാമത്തില്‍ എത്തിയ പ്രതീതി ആണു ഉണ്ടാവുക.തമിഴ്‌നാടിലെ വിവിധ ജനവിഭാഗങ്ങളുടെ ( ജാതി, തൊഴില്‍ അടിസ്ഥാനത്തില്‍) വീടുകള്‍ അതേപടി അവിടെ പുനസൃഷ്ടിച്ചിരിക്കുന്നത് കാണാം.
  • വ്യാപാരികള്‍
  • കൃഷിക്കാര്‍
  • കുശവന്മാര്‍
  • കുട്ടനെയ്ത്തുകാര്‍
  • അയ്യനാര്‍ അഗ്രഹാരം
  • നെയ്ത്തുകാര്‍
എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളുടെ പരമ്പരാഗതമായ വീടുകള്‍ അതേ പടി പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു.അത്തരം സ്ഥലങ്ങളില്‍ നിന്നു വീടുകള്‍ കൊണ്ടു വന്ന് ഇവിടെ അതു പോലെ തന്നെ തിരികെ ഉണ്ടാക്കിയെടുക്കുന്ന രീതിയാണു ഉപയോഗിച്ചിരിക്കുന്നത്.ഇവയ്കുള്ളില്‍ ഓരോന്നിലും അതാതു കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.സ്വീകരണമുറി, കിടപ്പുമുറി എന്നിവ ക്രമീകരിച്ചിരിക്കുന്നതും അന്നത്തെ പോലെ തന്നെ.ഞങ്ങള്‍ ഇവയില്‍ ഓരോന്നിലും കയറി വിശദമായി കണ്ടു.

(വ്യാപാരി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെട്ടിനാട് വീട്)

(ചെട്ടിനാട് വീടിന്റെ പൂമുഖത്തെ ചിത്രത്തൂണുകള്‍)

(തമിഴ് പഴക്കവും വികാസവും വിളിച്ചറിയിക്കുന്ന ഒരു ബോര്‍ഡ്)

അപ്പോളെക്കും 12 മണിയായി.ദക്ഷിണചിത്രയില്‍ എല്ലാദിവസവും 6 തവണ തോല്‍പ്പാവ കൂത്ത് കാണിക്കുന്നുണ്ട്.തമിഴ്നാട് വിഭാഗത്തിന്റെ “അയ്യനാര്‍” വീട്ടിലെ ഒരു ഹാളിലാണു ഈ പ്രദര്‍ശനം.ഒരു 2 മണിക്കൂറെങ്കിലും ദക്ഷിണ ചിത്രയില്‍ ചെലവഴിക്കുന്ന ഓരോ ആളിനും ഇതു കാണാന്‍ സാധിക്കുന്ന രീതിയിലാണു സമയ ക്രമീകരണം.തോല്‍പ്പാവക്കൂത്ത് കളി കാണാന്‍ ഞങ്ങള്‍ അങ്ങോട്ട് പോയി.

ഹാളില്‍ 25 ഓളം ആള്‍ക്കാര്‍ ഉണ്ട്.നല്ലൊരു പങ്ക് വിദേശികളും ഉണ്ട്.രാമായണം കഥയായിരുന്നു തോല്‍പ്പാവക്കൂത്തില്‍ കാണിച്ചത്.പ്രദര്‍ശനം 15 മിനിട്ട് മാത്രമേ ഉള്ളൂ.അതിനു ശേഷം അവരിലൊരാള്‍ തോല്‍പ്പാവയെ വെളിയില്‍ കൊണ്ടുവന്ന് ആള്‍ക്കാരെ കാണിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

(തോല്‍പ്പാവകളെക്കുറിച്ച് വിശദീകരിക്കുന്നു)

ഇത്തരം കലാസാസ്കാരിക പരിപാടികള്‍ ‘ദക്ഷിണചിത്ര’യിലെ പ്രത്യേകതയാണ്.കേരളത്തില്‍ നിന്നുള്ള നാടോടി നൃത്ത രൂപങ്ങളും മറ്റും എല്ലാ ആഴ്ചയിലും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.
(ഇടികല്ല്, ആട്ടുകല്ല്,ഉരല്‍)

ഇതുകൂടാതെ മണ്‍പാത്ര നിര്‍മ്മാണം കാണിച്ചു തരുന്ന ഒരു വിഭാഗം കുശവന്മാരുടെ വീടിനോട് ചേര്‍ന്നുണ്ട്.ചെറിയ പാത്രങ്ങള്‍ നമ്മളെക്കൊണ്ടു തന്നെ അവര്‍ ചെയ്യിക്കും.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ അതൊന്നു പരീക്ഷിച്ചു നോക്കുന്നതാണു കണ്ടത്.മണ്‍പാത്ര നിര്‍മ്മാണം കൂടാതെ ഓല മെടയല്‍,കോലം വരക്കല്‍,പാവ നിര്‍മ്മാണം,പമ്പര നിര്‍മ്മാണം,മുത്തുമാല നിര്‍മ്മാണം,കുട്ട നെയ്ത്ത്,മുഖമ്മൂടി നിര്‍മ്മാണം,കലംകാരി ചിത്ര രചന,കുടത്തിലും ഗ്ലാസിലുമുള്ള ചിത്രപ്പണികള്‍ തുടങ്ങിയവയും ദക്ഷിണ ചിത്രയില്‍ കാണാനാവും.സന്ദര്‍ശകര്‍ക്കും ഇവയിലൊക്കെ പങ്കെടുക്കാമെന്നതാണു വലിയ പ്രത്യേകത.

(പാത്രനിര്‍മ്മാണം പഠിക്കുന്നവര്‍)


(നെയ്ത്തു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാള്‍)


കേരളാ വിഭാഗം

കേരള വിഭാഗത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പഴയൊരു പടിപ്പുരയാണ്.അതു കടന്നു ചെന്നാല്‍ ഒരു 50 വര്‍ഷം മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ്.അന്നത്തെ രീതിയിലുള്ള കേരളീയ വാസ്തു വിദ്യയുടെ മാതൃകകളാണു ഇവിടെ പുന:സൃഷ്ടിച്ചിരിക്കുന്നത്.



കേരള വിഭാഗത്തില്‍ പ്രധാനമായും നാലു വിഭാഗങ്ങളിലുള്ള വീടുകളാണു

1:തിരുവനന്തപുരം ഹൌസ് : തിരുവിതാംകൂര്‍ ഭാഗത്തെ പഴയ നായര്‍ ഭവനം


2:കോഴിക്കോട് ഹൌസ്: മലബാര്‍ ഭാഗത്തെ ഹിന്ദു ഭവനം


3:പുതുപ്പള്ളി ഹൌസ് : കോട്ടയത്തെ സിറിയന്‍ ക്രിസ്റ്റ്യന്‍ ഭവനം

4:കൂത്താട്ടുകുളം ഹൌസ്:കൂത്താട്ടുകുളം ഭാഗത്തെ ഒരു പഴയ മുസ്ലീം ഭവനം


തമിഴ് നാട് വിഭാഗത്തില്‍ നിന്നു വിഭിന്നമായി താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങള്‍, ആദിവാസി ഗൃഹങ്ങള്‍ എന്നിവയൊന്നും കേരളാ വിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്.കേരളീയ വാസ്തുവിദ്യയുടെ മാതൃകകള്‍ എന്നു പറയാമെങ്കിലും ഇവിടെ ഉള്ള നാലു വീടുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന മറ്റു ജനവിഭാഗങ്ങളുടെ വീടുകള്‍ എന്നത് നാം കാണേണ്ടതുണ്ട്.ഒരു പക്ഷേ അതേ മാതൃകയിലുള്ള അന്നത്തെ പഴയ വീടുകള്‍ ഇന്നു ലഭിക്കാനുള്ള പ്രയാസമായിരിക്കാം അത്തരം ഭവനങ്ങള്‍ അവിടെ ഇല്ലാതെ പോയതിനു പ്രധാന കാരണമെന്ന് ഞാന്‍ കരുതുന്നു.


എങ്കിലും കേരള വിഭാഗത്തിലെ വീടുകള്‍ വലിയൊരു ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോയി.എന്റെ ചെറുപ്പകാലത്തെങ്കിലും ഇത്തരം ചില വീടുകള്‍ നാട്ടിന്‍ പുറത്തൊക്കെ ഉണ്ടായിരുന്നു.ഇന്നിപ്പോള്‍ എല്ലാം രണ്ടു മൂന്നും നിലയുള്ള കോണ്‍‌ക്രീറ്റ് ഭവനങ്ങള്‍ ആയി മാറിയിരിക്കുന്നു.ഈ വീടുകളുടെ ഉള്ളില്‍ കയറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു വീട്ടില്‍ ചെന്ന പ്രതീതി ആണു ഉണ്ടാവുന്നത്.ഒരു ഗൃഹനാഥന്റേയോ ഗൃഹനാഥയുടേയോ അഭാവം മാത്രം.ബാക്കി എല്ലാം, പാത്രങ്ങള്‍, പഴയ പത്തായങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കട്ടിലുകള്‍ ,അടുക്കള എല്ലാം പഴയതു പോലെ തന്നെ ക്രമീകരിച്ചിരിക്കുന്നു.ഇന്നത്തെ തലമുറക്ക് തികച്ചും അന്യമായ പല വസ്തുക്കളും നമുക്ക് ഇവിടെ കാണാവുന്നതാണ്.അതില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒന്നാണു തിരുവിതാംകൂര്‍ ഭാഗത്തെ വീട്ടില്‍ കണ്ട വലിയ മരം തുറന്നുള്ള സംഭരണ പെട്ടി.



(മരത്തടിയിലെ സംഭരണം)
മറ്റു വീടുകളില്‍ കണ്ടവയില്‍ എന്നെ ആകര്‍ഷിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

(കോഴിക്കോടു ഭാഗത്തെ ചുമര്‍ ചിത്രകല)


(ഖുര്‍-ആന്‍)

(ക്രിസ്റ്റ്യന്‍ ഭവനങ്ങളിലെ സ്വീകരണ മുറി)


(പഴയകാല അടുക്കള)
കേരളത്തിന്റെ ഭാഗം കണ്ടു കഴിഞ്ഞപ്പോളേക്ക് വല്ലാതെ തളര്‍ന്നിരുന്നു.ഏപ്രില്‍ മാസത്തെ സൂര്യന്‍ ചെന്നൈക്ക് മുകളില്‍ കത്തി ജ്വലിക്കുന്നു.പടിപ്പുരയോടു ചേര്‍ന്ന് ഒരു കരിക്കു കച്ചവടക്കാരനെ കണ്ടു.പിന്നെ അമാന്തിച്ചില്ല, എല്ലാവരും ഓരോ കരിക്കു വാങ്ങി കുടിച്ചു.

(ശരീരത്തില്‍ പച്ച കുത്തുന്നവര്‍)

അതിനുശേഷം കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും വിഭാഗങ്ങളിലേക്ക് പോയി.ഈ രണ്ട് വിഭാഗത്തിലും അധികമായി ഒന്നുമില്ല.അവ രണ്ടും ഇപ്പോളും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

കര്‍ണ്ണാടകയുടെ വിഭാഗത്തില്‍ ബാഗല്‍ക്കോട്ട് ജില്ലയിലെ നെയ്ത്തുകാരുടെ ഒരു ഭവനം മാത്രമേ ഉള്ളൂ.അവരുടെ പരമ്പരാഗതമായ വീടിനുള്ളില്‍ അവര്‍ നെയ്ത വസ്ത്രങ്ങള്‍ ചിത്രപ്പണികളോടെ കാണാന്‍ സാധിക്കും.അവരുടെ വീട്ടുപകരണങ്ങളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു

(കര്‍ണ്ണാടകയിലെ നെയ്ത്തു വിദ്യ)

ആന്ധ്രയുടെ വിഭാഗത്തില്‍ നല്‍‌ഗോണ്ട ജില്ലയിലെ ‘ഇക്കാട്ട് ‘ നെയ്ത്തുകാരുടെ ഭവനം കാണാം.ഇത് നല്‍‌ഗോണ്ട, വാറങ്കല്‍ ജില്ലകളിലെ നെയ്ത്തു, കര്‍ഷക വിഭാഗങ്ങളുടെ വീടുകളുടെ പ്രാതിനിധ്യ സ്വഭാവം ഉള്ള ഒന്നാണ്.വീടിനുള്ളിലെ വിശാലമായ ഹാള്‍ ഇതിലെ പ്രത്യേകതയാണ്.നമ്മുടെ കേരളീയ മാതൃകകളില്‍ നിന്നു തുലോം വിഭിന്നമാണു ആന്ധ്രയിലെ വീടുകള്‍.

(ആന്ധ്രാ ഭവനം)

ഇതു കൂടാതെ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലയിലെ (Coastal Andhra) ഗ്രാമീണ ഭവനങ്ങളുടെ മാതൃകയും ഇവിടെ കാണാം.പലപ്പോളും കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടതുകൊണ്ട് വൃത്താകൃതിയിലുള്ള ഭവനങ്ങളാണു ഇവിടങ്ങളില്‍ കൂടുതലും.ഇതിന്റെ ഒരു പ്രത്യേകത എന്നത് അടുക്കള പ്രധാന വീട്ടില്‍ നിന്നു വിട്ടാണ് എന്നതാണ്.അതുപോലെ പ്രത്യേക രീതിയിലുള്ള ധാന്യപ്പുരകളും ഈ വീടുകളുടെ പ്രത്യേകതയാണ്.നമ്മെ നന്നായി ആകര്‍ഷിക്കുന്ന രീതിയിലുള്ളവയാണു ഈ ഗ്രാമീണ ഭവനങ്ങള്‍.



ഇത്രയുമായപ്പോളേക്കും ഉച്ച ഭക്ഷണത്തെക്കുറിച്ച് എല്ലാവരും ഓര്‍ത്തു തുടങ്ങി.ദക്ഷിണ ചിത്രയില്‍ “കനാലി റസ്റ്റോറന്റ്” എന്ന പേരില്‍ നല്ലൊരു സസ്യ ഭക്ഷണ ശാല ഉണ്ട്.അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്.എന്നാല്‍ പിന്നെ ഉച്ച ഭക്ഷണം തിരികെ പോകുന്ന വഴിയില്‍ ആക്കാം എന്നു തീരുമാനിച്ച് തൊട്ടടുത്തുള്ള മരത്തണലില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു.

അപ്പോളതാ പരിചയമുള്ള ഒരു മുഖം , കൂടെ രണ്ടു സുഹൃത്തുക്കളുമുണ്ട്, കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍.നന്നായി വിയര്‍ത്തിരിക്കുന്നു.അതെ , അതു മറ്റാരുമല്ലായിരുന്നു , പ്രശസ്തനായ സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തെ പരിചയപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ പരിചയമുള്ള ഒരു ചേട്ടന്‍ സംസാരിക്കുന്നതു പോലെ സൌമ്യമായി അദ്ദേഹം സംസാരിച്ചു.”കഥ തുടരുന്നു “ എന്ന ചിത്രത്തിന്റെ അവസാന പണികള്‍ക്കായി ചെന്നൈയില്‍ വന്നതായിരുന്നു അദ്ദേഹം.അപ്പോള്‍ ദക്ഷിണ ചിത്ര കാണാന്‍ വന്നതാണ്.

ചെറിയ കുശല പ്രശ്നത്തിനു ശേഷം അദ്ദേഹം യാത്രപറഞ്ഞു.

(സത്യന്‍ അന്തിക്കാടിനൊപ്പം ഞാന്‍)

ഞങ്ങള്‍ അല്പ സമയം കൂടി അവിടെ വിശ്രമിച്ചു.ദക്ഷിണചിത്ര മനോഹരമായ ഒരു പദ്ധതിയാണ്.വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഒരേ സ്ഥലത്ത് പരിരക്ഷിക്കുക എന്ന ആശയം നടപ്പിലാക്കിയവര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.നമ്മുടെ കേരളത്തിലും ഇതിനു സമാനമായ ചില പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പ്രൊഫ.കെ .കെ എന്‍ കുറുപ്പ് വന്നപ്പോള്‍ അദ്ദേഹം ദക്ഷിണ ചിത്ര സന്ദര്‍ശിച്ചിരുന്നു.അദ്ദേഹം ഇപ്പോള്‍ ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി”ന്റെ അദ്ധ്യക്ഷന്‍ ആണല്ലോ.ഇത്തരം ചില പദ്ധതികള്‍ ആലോചനയിലുണ്ട് എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഒന്നര മണിയോടെ ദക്ഷിണ ചിത്രയോട് വിടപറയുമ്പോള്‍ ഒരു ടൈം മെഷീനില്‍ കയറി പഴയ കാലങ്ങളിലൂടെ ഒക്കെ സഞ്ചരിച്ചു വന്ന ഒരു പ്രതീതി ആയിരുന്നു മനസ്സില്‍....

ചെന്നൈയില്‍ വരുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണു ദക്ഷിണചിത്ര.ഒരു പക്ഷേ നമ്മുടെ സ്വന്തം കേരളത്തില്‍ പോലും ഈ പഴയ കാല ഭവനങ്ങള്‍ നമുക്ക് കണ്ടെത്താനായില്ലെന്നു വരും.പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിയോട് എത്രമാത്രം ഇണങ്ങുന്ന രീതിയിലായിരുന്നു അന്നത്തെ വാസ്തു വിദ്യയും ഗൃഹോപകരണങ്ങളും ജീവിതരീതിയുമെന്ന് ഇവ കാണുമ്പോള്‍ നമുക്കു മനസ്സിലാകും.വീടു വയ്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു മുന്‍പ് ദക്ഷിണ ചിത്ര കണ്ടാല്‍ ഭവന നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ തീര്‍ച്ചയായും ഒരു വ്യതിചലനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.മാത്രവുമല്ല നാലു സംസ്ഥാനങ്ങളിലെ ജനജീവിതത്തിന്റെയും അവരുടെ സംസ്കാരത്തിന്റെയും ഒരു നേര്‍ചിത്രം നമുക്ക് ഇവിടെ നിന്നു ലഭിക്കുന്നതാണ്.

വിജ്ഞാനപ്രദമായ ഒരു ചെറിയ പിക്‍നിക് ...അതാണു ദക്ഷിണ ചിത്ര യാത്ര....ഞങ്ങള്‍ മടങ്ങി.വീണ്ടും വരാനായി........

61 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ചെന്നൈയിലെ ദക്ഷിണേന്ത്യ.അതാണു ദക്ഷിണ ചിത്ര.

കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളുടെ ജന ജീവിതത്തിന്റെ ഒരു സാംസ്കാരിക പരിച്ഛേദമാണു ‘ദക്ഷിണ ചിത്ര’ എന്നു വേണമെങ്കില്‍ പറയാം.ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ് ജീവിത ശൈലിയുടെ ഒരു പുനരാഖ്യാനമാണ് ദക്ഷിണ ചിത്ര.

ദക്ഷിണ ചിത്രയിലേക്കുള്ള ഒരു യാത്ര തികച്ചും ആനന്ദപ്രദവും വിജ്ഞാനദായകവുമാണെന്ന് നിസംശയം പറയാം.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വിഞ്ജാനപ്രദം .
ആശംസകള്‍!

Vayady said...

"ദക്ഷിണചിത്ര" യാത്രയിലൂടെ പുതിയ അറിവ് പകര്‍‌ന്നു തന്നതിന്‌ ഒരുപാട് നന്ദി. ഈ ചെറിയ പിക്‌നിക്‌, മനോഹരമായ വിവരണത്തിലൂടെ വലിയ പിക്‌നിക്കായി മാറ്റിയിരിക്കുന്നു. ഈ വിവരണം വിജ്ഞാനപ്രദവും രസകരവുമായിരുന്നു. താങ്ക്സ്.

മൂര്‍ത്തി said...

നന്ദി സുനില്‍..

നിരക്ഷരൻ said...

വലിയ സന്തോഷമായി പോസ്റ്റ് കണ്ടപ്പോള്‍.
9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നയില്‍ ജീവിക്കുന്ന കാലത്ത് പോയിട്ടുണ്ട് ദക്ഷിണചിത്രയില്‍. വല്ലാതെ ആകര്‍ഷിച്ച ഒരു സ്ഥലമാണത്. എന്നെപ്പോലെ പഴമ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടമാകാതെ വരില്ല. ഒരു വീട് പണിയാന്‍ പോകുന്നവര്‍ എല്ലാവരും ആ കര്‍മ്മം ആരംഭിക്കുന്നതിന് മുന്നേ പോയി കാണേണ്ട ഒരു സ്ഥലമാണ് ദക്ഷിണ ചിത്ര എന്ന് ഞാന്‍ പറയും.

നിരക്ഷരൻ said...

എവിടെ എനിക്ക് കാണാന്‍ പറ്റാതെ പോയത് പാവക്കൂത്താണ്. ചെന്നപ്പോഴേക്കും ഷോ കഴിഞ്ഞിരുന്നു. അടുത്ത ഷോ വീണ്ടും കുറേ നേരം കഴിഞ്ഞിട്ടായിരുന്നു. അതിന് പകരം ഗ്ലാസ്സില്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്ന കലാകാരന്റെ പ്രകടനം കണ്ടുനിന്നു. പിന്നെ എനിക്ക് കാണാന്‍ പറ്റാതെ പോയ ഒന്ന് സത്യന്‍ അന്തിക്കാടിനെയാണ് :) :)

നിരക്ഷരൻ said...

ഒരു കാര്യം സുനില്‍ വിട്ടുപോയെന്ന് തോന്നുന്നു.
വീടുകള്‍ക്കെല്ലാം സാധാരണ വീടിന്റെ അത്രയും വലിപ്പമില്ല. വാതിലുകളിലൂടെ കടക്കുമ്പോള്‍ തല ഇടിച്ചെന്ന് വരും. ഒരു തരം മിനിയേച്ചര്‍ (പൂര്‍ണ്ണമായും മിനിയേച്ചര്‍ എന്ന് പറയാന്‍ ആവില്ല.) സംവിധാനമാണ് വീടുകളുടെ നിര്‍മ്മിതിക്ക്.

പോസ്റ്റില്‍ ഇക്കാര്യം എഡിറ്റ് ചെയ്യുന്നുണ്ടെങ്കില്‍ അതിനുശേഷം ഈ കമന്റ് ഡിലീറ്റിയേക്ക്.

krishnakumar513 said...

വിജ്ഞാനപ്രദമായ ഒരു ചെറിയ പിക്‍നിക്

ഞങ്ങള്‍ക്ക് ഇത് വലിയ പിക്നിക്ക് തന്നെ ആയി.
നന്ദി സുനില്‍.കൂത്താട്ടുകുളം ഭാഗത്ത് ഈ ശൈലിയിലുള്ള നിര്‍മ്മാണരീതിയാണോ എന്നൊരു സംശയമുണ്ട് കേട്ടോ?.

അലി said...

ദക്ഷിണ ചിത്രയിലേക്കുള്ള യാത്ര വളരെ ഇഷ്ടപ്പെട്ടു. ഇനി നമ്മുടെ പഴയ വീടുകളും വീട്ടുപകരണങ്ങളും ഇതുപോലെ അടുത്ത തലമുറക്കുവേണ്ടി കേരളത്തിലും നിർമ്മിച്ച് സൂക്ഷിക്കേണ്ടി വരും.
നന്ദി, ഈ വിവരങ്ങൾക്ക്.

Anonymous said...

ചെന്നയില്‍ ജനിച്ചു വളര്‍ന്നിട്ടു ഇതു വരെ അതിനെ കുറിച്ച് അറിയാതെ പോയതില്‍ സങ്കടം തോന്നുന്നു.. വിവരങ്ങള്‍ക്ക് നന്ദി..

Rajeeve Chelanat said...

നന്ദി സുനില്‍..

ഗോവക്കടുത്ത് ഒരു ആഗോളഗ്രാമം ഉണ്ടെന്ന് കേട്ടിട്ടുണ്ട്..എല്ലാ നാട്ടുകാര്‍ക്കും സ്ഥലം വാങ്ങാനും വീടു കെട്ടാനും സാധിക്കുന്ന ഒരു ഗ്രാമം. ഒരേ ഒരു നിബന്ധന മാത്രം..എന്തെങ്കിലും ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കണം എല്ലാവരും..വെറുതെ സുഖചികിത്സക്കും, അലസജീവിതത്തിനും ആയിരിക്കരുത് എന്ന് അര്‍ത്ഥം. ജപ്പാനിലും ഒരു ആഗോളഗ്രാമം നിര്‍മ്മിച്ചിട്ടുണ്ട് എന്ന് അറിയാം. ലോകത്തിന്റെ ഒരു ക്രോസ്സ് സെക്ഷന്‍..

പിന്നെ, ഇവിടെ കേരള വിഭാഗത്തില്‍ കാണിച്ചിട്ടുള്ള ആ മരം കൊണ്ടുള്ള സംഭരണപ്പെട്ടിക്ക്, മഞ്ച എന്നാണ് വള്ളുവനാട്ടിലും ഏറനാട്ടിലും പറയുക. സാധാരണയായി വടക്കണിയിലാണ് അതിന്റെ കിടപ്പ്.

അഭിവാദ്യങ്ങളോടെ

kichu / കിച്ചു said...

ദക്ഷിണ ചിത്രയെ പരിചയപ്പെടുത്തിയതിന് നന്ദി..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

@നിരക്ഷരന്‍

വീടുകളുടെ മിനിയേച്ചര്‍ രൂപം അല്ല.യഥാര്‍ത്ഥ വീടുകള്‍ അതേപടി കൊണ്ടു വന്നു പുന:സൃഷ്ടി നടത്തിയിരിക്കുകയാണു.പഴയ കാല വീടുകള്‍ക്ക് പൊക്കം കുറവായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം.ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുവിന്റെ വീടോ അല്ലെങ്കില്‍ കുടമാളൂരില്‍ അല്‍‌ഫോണ്‍‌സാമ്മയുടെ വീടോ കണ്ടിട്ടുണ്ടെങ്കില്‍ അതു മനസ്സിലാകും.അതിനുള്ളില്‍ കയറിയാല്‍ തല മുട്ടും.പഴയ കാല വീടുകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതാണു വലിയ ന്യൂനത.നാട്ടിലെ എന്റെ വീടു തന്നെ പൊക്കം തീരെ കുറഞ്ഞതായിരുന്നു ആദ്യം.

ദക്ഷിണ ചിത്രയിലെ വീടുകള്‍ അതാത് സ്ഥലങ്ങളില്‍ നിന്ന് വാ‍ങ്ങിക്കൊണ്ട് വന്നു വച്ചതാണ്.തിരുവനന്തപുരം വീട് അവിടെ നിന്നും വന്നതാണ്.

ദക്ഷിണ ചിത്രയുടെവെബ് സൈറ്റിലും ഇതു വ്യക്തമായി പറയുന്നുണ്ട്.

നന്ദി നിരക്ഷരന്‍...

സ്വപ്നാടകന്‍ said...

വളരെ നല്ല പോസ്റ്റ്..വളരെയധികം വിജ്ഞാനപ്രദവും..അടുത്ത തവന ചെന്നൈയില്‍ വരുമ്പോള്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കും.

ചിത്രങ്ങളും നന്നായി..രാജീവ് ചേല്‍നാട്ട് പറഞ്ഞപോലെ ആ മരസംഭരണിയ്ക് മഞ്ച എന്നാണു പറയുക..മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ വീടുകളില്‍ ഇപ്പോഴും ഉള്ള ഒന്നാണത്.(എന്റെ വീട്ടിലും തറവാട്ടിലുമുണ്ട്, പക്ഷേ ഇങ്ങനെ സിലിന്‍ഡറാകൃതിയിലുള്ളത് ആദ്യമായിട്ടാണു കാണുന്നത്)

നന്ദി.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നൊസ്റ്റാള്‍ജിക് ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഈ പോസ്റ്റിന് നന്ദി....

ഹരീഷ് തൊടുപുഴ said...

ദക്ഷിണചിത്ര എനിക്കു പുതിയൊരു അനുഭവം തന്നെ.
കൂടെ വിസ്മയകരവും..!!
ഇവിടെ പരിചയപ്പെടുത്തിയതിനു ആദ്യം നന്ദി പറയട്ടെ..
ഈ യാത്രാവിവരണം പൂര്‍ണ്ണമല്ല എന്നൊരു തോന്നല്‍ എനിക്കുണ്ട്..
കുറഞ്ഞത് 4 ഭാഗത്തിലെങ്കിലും കൂടുതല്‍ ചിത്രങ്ങള്‍ സഹിതം വിശദമായി വിവരിക്കേണ്ടതായിരുന്നു..
ഒറ്റഭാഗത്തിലായി ഓട്ടപ്രദക്ഷിണം നടത്തിയ പോലെ..
ഇത്തിരി കൂടി ക്ഷമയെടുത്ത് കൂടുതല്‍ വിശദാംശങ്ങളോടെ പോസ്റ്റാമായിരുന്നു..
എങ്കില്‍ എനിക്കൊരു യാത്ര ഒഴിവാക്കാമായിരുന്നു..
മിക്കവാറും ഓണത്തിനു ഒരു തമിഴ്നാട് ട്രിപ്പ് കൂടിയൂണ്ട്..
അതു ചെണ്ണൈ, പോണ്ടി ആക്കിയാലോ എന്നൊരാലോചനയുമുണ്ട്..
ഈ പോസ്റ്റ് കാണുമ്പോള്‍ ദക്ഷിണചിത്ര ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ തീരാനഷ്ടമാകും എന്നു തോന്നുന്നുണ്ട്..

ആശംസകളോടെ..

Unknown said...

പോസ്റ്റ് നന്നായിട്ടുണ്ട്. ജനവരിയില്‍ വീണ്ടും മദ്രാസില്‍ (എനിക്കെന്തോ ചെന്നൈ ഇപ്പോഴും വഴങ്ങുന്നില്ല) വരണം. അപ്പോള്‍ ആദ്യത്തെ ട്രിപ്പ് ദക്ഷിണചിത്രയിലേക്ക് തന്നെ :)

എറക്കാടൻ / Erakkadan said...

അമ്മിയും ആട്ടുകല്ലും ഒക്കെ പ്രദര്സന വസ്തുക്കള്‍ ആയി മാറി അല്ലെ ..കലി കാലം ...
പിന്നേ സത്യന്‍ അന്തിക്കടിനോട് ബ്ലോഗ്‌ ഉണ്ട് എന്നൊന്നും പറയണ്ട ചിലപ്പോള്‍ പോസ്റ്റ്‌ എടുത്ത് സിനിമ ആക്കി കളയും..പറഞ്ഞില്ലെന്നു വേണ്ട

ഗീതാരവിശങ്കർ said...

ദക്ഷിണ ചിത്ര വല്ലാതെ ആകര്ഷിച്ചു ,
സുനിലിന് തോന്നിയപോലെ തന്നെ 'ഒരു ടൈം മെഷീനില്
കയറി പഴയ കാലത്തിലൂടെ ഒക്കെ സഞ്ചരിച്ചു വന്ന ഒരു
പ്രതീതി '. നന്നായിട്ടുണ്ട് ,ചിത്രങ്ങളും വിവരണവും .
അഭിനന്ദനങ്ങളും ആശംസകളും .

ഗീതാരവിശങ്കർ said...
This comment has been removed by the author.
സ്മിത മീനാക്ഷി said...

ചെറിയൊരു കേട്ടൂകേള്‍വി മാത്രമേ ഉണ്ടായിരുന്നുള്ളു, സുനിലിന്റെ വിവരണം നല്ലൊരു ചിത്രം തന്നു, നന്ദി...

Kalavallabhan said...

ദക്ഷിണ ചിത്രയെ പരിചയപ്പെടുത്തിയതിനു നന്ദി.

Unknown said...

As always, an informative and interesting post.
Vayichu kazhinjappol, dakshina chitrayil oru picnic nu poyittu vannapole.
Nannayi ezuthiyirikkunnu.

Keraliya vibhagathil mattu janavibhagangulude veedukal kudi ulpeduthendathanu enna abhiprayathodu yojikkunnu.
(gunapatam : veruthe sthalangal poyi kandal pora, ingane manoharamayi ezuthiyal vayikkunnavarkkum avide okke poyennu thonnum)
ashamsakal!!!

നിരക്ഷരൻ said...

@ ആ മിനിയേച്ചര്‍ കേസ് ...അതപ്പോള്‍ എന്റെ നിരക്ഷരത്വം ആയിരുന്നു അല്ലേ ? :)

രാജേഷ്‌ ചിത്തിര said...

Very good.
Informative and interesting.

Thanks a lot.

ജിജ സുബ്രഹ്മണ്യൻ said...

ദക്ഷിണ ചിത്രയെപ്പറ്റി ഇപ്പോഴാണു ഞാൻ കേട്ടത്.ഇങ്ങനെ ഒരു സ്ഥലത്തെ പരിചയപ്പെടുത്തിയതിൽ സുനിലിനു നന്ദി.

Manoraj said...

ആദ്യമായാണ് ഇങ്ങിനെയൊരു സ്ഥലത്തെ പറ്റി കേൾക്കുന്നത്. നല്ല വിവരണം. നന്ദി സുഹൃത്തേ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സുനിൽ ചേട്ടാ..

ആദ്യമായിട്ടാണു ദക്ഷിണ ചിത്രയെക്കുറിച്ച് കേൾക്കുന്നതു. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ് .. നന്ദി

ബിനോയ്//HariNav said...

Thanks :)

സമാന്തരന്‍ said...

വൈകിയാലും അഭിനന്ദനത്തിന്റെ മാറ്റ് കുറയില്ലാ ട്ടോ..

SUNIL V S സുനിൽ വി എസ്‌ said...

ഗലക്കൻ വിവരണം..

അനില്‍@ബ്ലോഗ് // anil said...

അങ്ങോട്ടും ഒന്ന് പോകണം.
വളരെ നന്ദി, സുനില്‍.

ഉപാസന || Upasana said...

വായിച്ചിരുന്നു ഭായ്
ചെന്നൈയില്‍ വന്നിട്ടു വേണ്ടെ ദക്ഷിണ ചിത്ര യിലേക്ക്
:-)

saju john said...

പതിവു പോലെ സുനിലിന്റെ കയ്യൊപ്പ് പതിഞ്ഞ മനോഹരമായ വിവരണം.

മനോഹരമായ ഭാഷ.... അത് പറയാതെ വയ്യ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതു വരെ ദക്ഷിണ ചിത്ര കാണാന്‍ എത്തിച്ചേര്‍ന്ന

ഇസ്മായില്‍ കുറുമ്പടി,
വായാടി
മൂര്‍ത്തി
നിരക്ഷരന്‍
കൃഷ്ണകുമാര്‍( അവിടുത്തെ നിര്‍മ്മാണ രീതി എന്നല്ല..അവിടെ നിന്നു കൊണ്ടുവന്ന വീട് എന്ന അര്‍ത്ഥത്തില്‍)
അലി
ഷീലാജോണ്‍
രാജീവ് ചേലനാട്ട് ( ആ പേരു പറഞ്ഞതിനു പ്രത്യേകം നന്ദി)
കിച്ചു
സ്വപ്നാടകന്‍
വെള്ളായണി വിജയന്‍
ഹരീഷ് തൊടുപുഴ
കെ.പി.എസ്
ഏറക്കാടന്‍
കഥയില്ലാത്തവള്‍
സ്മിത മീനാക്ഷി
കലാവല്ലഭന്‍
ബിനു
രാജേഷ് ചിത്തിര
മനോരാജ്
കാന്താരിക്കുട്ടി
പ്രവീണ്‍ വട്ടപ്പറമ്പത്ത്
ബിനോയ്
സമാന്തരന്‍
അനില്‍@ബ്ലോഗ്
നട്ടപ്പിരാന്തന്‍
സുനില്‍ പണിക്കര്‍
ഉപാസന

എന്നിവര്‍ക്കും, ദക്ഷിണചിത്ര കാണാന്‍ വന്ന് മിണ്ടാതെ പോയ മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും ഓരായിരം നന്ദി........

ശ്രീ said...

ചിത്രങ്ങളും വിവരണങ്ങളും നന്നായി മാഷേ. മാത്രമല്ല, സത്യന്‍ അന്തിക്കാഠിനെ കാണാനും പരിചയപ്പെടാനുമായല്ലോ. അതുമൊരു ഭാഗ്യം

ദീപു said...

നന്ദി..
ദക്ഷിണചിത്ര സന്ദർശിക്കണമെന്ന് വളരെനാളുകളായുള്ള ആഗ്രഹമാണ്‌.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ശ്രീ, ദീപു...

രണ്ടു പേര്‍ക്കും നന്ദി...ഒരിക്കല്‍ ചെന്നൈയില്‍ വന്ന് ദക്ഷിണ ചിത്ര കാണൂ...

Faisal Alimuth said...

നല്ല വിവരണം..!!
പുതിയ അറിവുകള്‍.

ഒരു യാത്രികന്‍ said...

സുനില്‍ വളരെ വളരെ ഇഷ്ടമായി..നിരക്ഷരനോടുള്ള സുനിലിന്റെ മറുപടിയില്‍ ഒരു ചെറിയ കൂട്ടിചെര്‍പ്പ്. എന്‍റെ അച്ചാച്ചനില്‍ ഇന്നും കിട്ടിയ അറിവാണ്. നാട്ടില്‍ ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന വീടും ഉയരം കുറഞ്ഞ കട്ടിലയോട് കൂടിയ പഴയ വീടാണ്. അതിനു കാരണം അച്ചാച്ചന്‍ പറഞ്ഞത് (കുഞ്ഞുനാളില്‍ കേട്ടതാണ് ) ഇപ്പോഴും ഓര്‍ക്കുന്നു. വീട് ക്ഷേത്രം പോലെ പാവനമാണെന്നും അതുകൊണ്ട് തന്നെ അതില്‍ കയറുമ്പോള്‍ തല കുനിച്ചുകൊണ്ട് കയരണമത്രെ. അങ്ങനെ തല കുനിപ്പിക്കാനാണത്രെ കട്ടിലയ്ക് ഉയരം കുറച്ചു വച്ചിരിക്കുന്നത്. what an idea sirji......സസ്നേഹം

poor-me/പാവം-ഞാന്‍ said...

ഈ വിവരനങള്‍ക്ക് നന്ദി.മദിരാശിയില്‍ പോകുമ്പോള്‍ ഇത് സദറ്ശിച്ചിരിക്കും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഫൈസല്‍- വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..

യാത്രികന്‍:വന്നതിനും പുതിയ ഒരു നാട്ടറിവ് പങ്ക് വച്ചതിനു നന്ദി.

പാവം ഞാന്‍:അഭിപ്രായത്തിനു നന്ദി..ആ ലിങ്ക് കിട്ടുന്നില്ല

poor-me/പാവം-ഞാന്‍ said...

sunil..It was your Luck!!!

സജി said...

പല പ്രാവശ്യം പകുതി വായിച്ച് നിര്‍ത്തി പ്പോകേണ്ടി വന്നു. ഇന്നാണ് തീര്‍ത്തത്.
ഇനി ഇതൊന്നു കാണാതെ വയ്യ

ആഗസ്റ്റ് രണ്ടാമത്തെ ആഴ്ച ചെന്നെയ്ക്കു വരുന്നുണ്ട്. അപ്പോള്‍ പോയി കാണാന്‍ ശ്രമിക്കണം
വേണ്ട നിര്‍ദ്ദേശങ്ങള്‍ സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.

പരിചയപ്പെടുത്തലിനു നന്ദി.

Anil cheleri kumaran said...

ആദ്യമായാണ്‌ ഇങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് കേള്‍ക്കുന്നത്. ചിത്രങ്ങള്‍ വിജ്ജ്ഞാനപ്രദവും നൊസ്റ്റാള്‍ജിക്കുമായിരുന്നു. പറ്റുമെങ്കില്‍ ഇത് മാത്രുഭൂമിയുടെ 'യാത്ര' മാഗസിനിലേക്ക് അയച്ചു കൊടുക്കു.

മാണിക്യം said...

പതിവ് പോലെ സുനിലിന്റെ വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനം ദക്ഷിണ ചിത്രയെ പറ്റി അറിയില്ലായിരുന്നു വളരെ മനോഹരമായി വിവരിച്ചു

ബിന്ദു കെ പി said...

ഈ പോസ്റ്റ് ബുക്ക്മാർക്ക് ചെയ്തുവച്ചിട്ട് ഇന്നാണ് വായിക്കാൻ പറ്റിയത്. ദക്ഷിണചിത്രയെപ്പറ്റി മുൻപ് കേട്ടിട്ടുണ്ട്. ചെന്നൈയിൽ നിരവധി തവണ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ സ്ഥലത്ത് പോകാൻ സാധിച്ചിട്ടില്ല. ഏതായാലും ഈ പോസ്റ്റ് നല്ലൊരു മാർഗ്ഗദർശിയായി...നന്ദി സുനിൽ..

lekshmi. lachu said...

വളരെ നല്ല പോസ്റ്റ്..വളരെയധികം വിജ്ഞാനപ്രദവും.

Jishad Cronic said...

വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനം...

saju john said...

http://www.kanikkonna.com/index.php/component/content/article/36-2008-09-29-07-38-30/849-2010-07-11-09-33-37

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സജീ--നീളം കൂടിയതുകൊണ്ടാണു വായിക്കാന്‍ വൈകിയത്...നന്ദി

കുമാരന്‍- നന്ദി..”യാത്ര”യിലൊന്നും വരാന്‍ മാത്രം ഉള്ള ഒന്നാണു എന്റെ വിവരണം എന്ന് തോന്നുന്നില്ല

മാണിക്യം- നല്ല വാക്കുകള്‍ക്ക് നന്ദി

ബിന്ദു: മറക്കാതെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.

ലക്ഷ്മി- അഭിപ്രായത്തിനു നന്ദി
ജിഷാദ്- നന്ദി

നട്ടപ്പിരാന്തന്‍‌- കണിക്കൊന്ന വായിച്ചു അല്ലേ? ആ ലിങ്ക് കൊടുക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി

വന്നവര്‍ക്കും വായിച്ചവര്‍ക്കും എല്ലാം ഒരിക്കല്‍ കൂടി നന്ദി.

Sandhya said...

സുനിൽ

ഒരല്പം വൈകിയാണിത് വായിച്ചത്. വളരെ വിജ്ഞാന്പ്രദവും രസകരവും.

ഏപ്രിൽ മാസത്തിലെ ചെന്നെ സൂര്യന്റെ തീവ്രത അവസാനത്തെ ഫോട്ടോയിൽ വ്യക്തമാൺ.

- സന്ധ്യ

ഒഴാക്കന്‍. said...

ഒരല്‍പം വയ്കി എത്താന്‍ എങ്കിലും വിവരണം ഇഷ്ട്ടായി

Anil cheleri kumaran said...

ഹായ്...

‘യാത്ര’യിൽ വരാൻ നിലവാരമില്ല എന്നല്ലേ പറനഞ്ഞത്... ഇതാ ഇപ്പോ ‘ബ്ലോഗന’യിൽ വന്നല്ലോ...

അഭിനന്ദനങ്ങൾ..!

perooran said...

bloganayil vayichu.........

smitha adharsh said...

ദക്ഷിണചിത്ര യാത്ര തികച്ചും അസൂയപ്പെടുത്തിക്കളഞ്ഞു.
അസ്സല്‍ പോസ്റ്റ്‌.
പിന്നെ,സത്യന്‍ അന്തിക്കാടിനെ കണ്ടത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
ചുമ്മാ അസൂയ..
ഭാഗ്യവാന്‍..ദക്ഷിണ ചിത്രയിലെ കേരള വിഭാഗം ശരിക്കും കിടിലന്‍..

Unknown said...

Good one...

വിജയലക്ഷ്മി said...

അനിയാ , ദക്ഷിണ ചിത്ര ചുറ്റി കണ്ടൂ എന്നാ തോന്നി ...നല്ല വിവരണം ,പഴമയുടെ അറിവുപകരുന്ന ഫോട്ടോസും ...എല്ലാം കൂടി അതിമനോഹരം ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Thank u very much for this nice information

Lakshmi Nair said...

Nannaayittundu... Nalla bhasha. Ellarudem koodi oru photo aavaamaayirunnu..

Lakshmi Nair said...

Nannaayittundu... Nalla bhasha. Ellarudem koodi oru photo aavaamaayirunnu..