
മുംബൈയിലെ ‘മാട്ടുംഗ‘യിൽ യൂണിവേർസിറ്റി ക്യാമ്പസിനുള്ളിലായിരുന്നു കോളേജും ഹോസ്റ്റലും.യൂണിവേര്‍സിറ്റി ഹോസ്റ്റൽ കോളേജിനു തൊട്ടു പുറകിൽ തന്നെ.ആ ജീവിതം ഞങ്ങൾ നന്നായി ആസ്വദിച്ചു.യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും അവിടെ ഇല്ലായിരുന്നു.എപ്പോൾ വേണമെങ്കിലും വെളിയിൽ പോകാം, വരാം.അവിടുത്തെ പതിവനുസരിച്ച് രാത്രിഭക്ഷണം വൈകിട്ട് 7 മുതൽ 8.30 വരെ ആയിരുന്നു.ഭക്ഷണം കഴിഞ്ഞ് മെസ് ഹാളിനു മുന്നിലും അതിന്റെ പരിസരങ്ങളിലുമായി ചെറിയ ചെറിയ കൂട്ടങ്ങളായി കൊച്ചു വർത്തമാനം പറയുന്നവരുടെ ഇടയിളേക്ക് ആരെങ്കിലും വന്ന് ചോദിക്കുകയായി
“ ഫിലിം ദേഖ്‌നേ കേ ലിയേ കോയി ആ രഹാ ഹേ ക്യാ?”
“അരേ ഭായി കോൻസാ ഫിലിം ഹേ? വി.ടി ജായേംഗേ ക്യാ?” ആരോ തിരിച്ചു ചോദിക്കുന്നു.
പിന്നെ ഒറ്റപ്പോക്കാണ്.ഒരു ചെറു സംഘം.ഞങ്ങള്‍ മലയാളികള്‍ എപ്പോളും മുന്നില്‍ നിന്നിരുന്നു.
ഹോസ്റ്റലിന്റെ പുറകിലൂടെ കിടക്കുന്ന റോഡിൽ കൂടി ഒരു 6-7 മിനിട്ട് നടന്നാൽ വഡാല റോഡ് സ്റ്റേഷനായി.വഡാല സ്റ്റേഷനില്‍ നിന്നു 2 രൂ കൊടുത്താൽ അന്നത്തെ വി.ടി യില്‍ ( ഇന്ന് സി എസ് ടി) വരെ ലോക്കൽ ട്രയിനിൽ സഞ്ചരിയ്ക്കാം.വി.ടി സ്റ്റേഷനിൽ നിന്ന് അല്പം മാറി കുറെ തീയേറ്ററുകൾ ഉണ്ട്.അവിടെ എവിടെ നിന്നെങ്കിലും സിനിമ കാണും.
ഫിലിം കഴിയുമ്പോള്‍ തിരികെ വരുന്നത് ബസിലാണ്.അവിടെ നിന്നു തന്നെ ബസ് നമ്പര്‍ 65 കിട്ടും.കൊളാബയില്‍ നിന്നു കുര്‍ളക്കടുത്തുള്ള അണിക് ഡിപ്പോ വരെ പോകുന്ന ഡബിള്‍ ഡക്കര്‍.അതിന്റെ റൂട്ട് ആണു പ്രധാനം.’കാമാത്തിപ്പുര’ തെരുവിനുള്ളിൽ കൂടി പോകുന്ന ബസുകളിലൊന്നാണു അത്.അതിന്റെ മുകളിലത്തെ തട്ടില്‍ എല്ലാവരും ഇരുപ്പുറപ്പിക്കും.ഗ്രാൻഡ് റോഡ് എത്തിയാല്‍ വണ്ടി പെട്ടെന്ന് ഒന്നു തിരിഞ്ഞു വീതികുറഞ്ഞ ഗള്ളിയില്‍ പ്രവേശിക്കുകയായി...അതാണു കാമാത്തിപ്പുര.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘റെഡ് ലൈറ്റ്’ ഏരിയ.പാതിരാത്രിക്കും ഉണര്‍ന്നിരിക്കുന്ന നഗരഭാഗം.ചുണ്ടില്‍ ചെഞ്ചായം പൂശി കസ്റ്റമേര്‍സിനെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്ന യുവതികള്‍...മറാത്തികള്‍, മലയാളികള്‍, നേപ്പാളികള്‍, തമിഴര്‍.....അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു കൂട്ടിക്കൊടുപ്പുകാര്‍...പല വർണ്ണങ്ങളിലുള്ള വെളിച്ചത്തിന്റെ പ്രളയം.എങ്ങു നിന്നൊക്കെയോ ഉയർന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ.തലങ്ങനെയും വിലങ്ങനെയും ഓടുന്ന ടാക്സിക്കാറുകള്‍.മിക്കവാറും കെട്ടിടങ്ങളെല്ലാം രണ്ടോ മൂന്നോ നിലകൾ മാത്രമുള്ള പഴയ രീതിയിലുള്ളവയാണു.ഇടുങ്ങിയ മുടികൾ.രണ്ടാം നിലയുടെ മട്ടുപ്പാവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാർ. മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍!!.എന്തൊരു ബഹളമാണു ! ഇത്രമാത്രം സ്ത്രീകളുടെ കൂട്ടത്തെ ഇങ്ങനെ ഒരു സമയത്ത് മറ്റൊരിടത്തും കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.പല പ്രായക്കാര്‍,ദേശക്കാർ..തിരക്കുകാരണം ആ പാതിരാത്രിക്കും ബസ് പതിയേ മാത്രമേ നീങ്ങുന്നുള്ളൂ...അവരില്‍ ചിലര്‍ മട്ടുപ്പാവുകളില്‍ നിന്നു ഞങ്ങളുടെ നേരെയും കണ്ണെറിഞ്ഞു !ആകാംക്ഷയോടെയും കൌതുകത്തോടെയും ബസിലിരുന്നു ഞങ്ങള്‍ എല്ലാം കണ്ടു.ചിലപ്പോള്‍ ഈ ദൈന്യതയോര്‍ത്ത് ഒരു നിമിഷം മനസ്സ് വിഷമിച്ചു.....കാമാത്തിപ്പുരയിലെ ഓരോ തെരുവും ചുറ്റിക്കറങ്ങി സമയമെടുത്ത് ബസ് നമ്പര്‍ 63 വെളിയില്‍ വരുമ്പോൾ ഏതോ ഭ്രമാത്മക ലോകത്തു നിന്നും പുറത്തിറങ്ങിയതു പോലെ തോന്നും.
കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച

ആന്ധ്രയിൽ നിന്ന് വന്ന തൊഴിലാളികളുടെ സെറ്റിൽമെന്റാണു പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ
സൈന്യത്തിന്റെ ‘സുഖസംതൃപ്തി’കൾക്ക് വേണ്ടി ഔദ്യോഗികമായി നിർമ്മിച്ച കാമാത്തിപ്പുര ആയത്..പിന്നീട് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതിനു ഇന്നത്തെ മുഖം കൈവന്നു.ഒട്ടനവധി സാമൂഹിക പ്രവർത്തകരുടെ പരിശ്രമഫലമായാണു വെള്ളം, വെളിച്ചം പോലുള്ള പല സൌകര്യങ്ങളും ഈ ഇടുങ്ങിയ തെരുവിനുള്ളിൽ ശരീരം വിറ്റ് ജീവിതം തള്ളി നീക്കുന്നവർക്ക് ലഭിച്ച് തുടങ്ങിയത്. ഇങ്ങനെയും ജീവിതങ്ങൾ!!
ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ പലതും കണ്ടത് മുംബൈയില്‍ വച്ചാണ് അത്തരം കഥകൾ പിന്നാലെ...
അനുബന്ധം: മുംബൈ കഥകളുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക :“ഹിജഡയുടെ തലോടൽ”
(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും രണ്ടാമത്തെ ചിത്രത്തിന് www.netphotograph.com സൈറ്റിനോടും)