( എൽസാൽവദോർ ചെങ്കടലായപ്പോൾ :നിയുക്ത പ്രസിഡണ്ട് മൌറീഷ്യോ ഫ്യൂൺസ്)
വടക്കേ അമേരിയ്ക്കയുടെ ഏറ്റവും തെക്കേ അറ്റത്ത് ,ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും ഇടയിലായി സ്ഥിതിചെയ്യുന്ന ‘എൽസാൽവദോറി’ൽ മാർച്ച് 15 നു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ എഫ്.എം.എൻ.എൽ(Farabundo Marti Natioanal Liberation Front) ന്റെ നേതാവായ ‘മൌറീഷ്യോ ഫ്യൂൺസ്’(Mouricio Funes), 51% വോട്ട് നേടി പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു.
ഈ വിജയം കഴിഞ്ഞ 20 വർഷമായി തുടർന്നു വന്നിരുന്ന ,യാഥാസ്ഥിതിക പാർട്ടിയായ ‘അറീനാ പാർട്ടി’യുടെ രക്ത രൂഷിതമായ ഭരണത്തിനാണു അറുതി വരുത്തിയിരിക്കുന്നത്.എൽസാൽവദോറിനെ പിടിച്ചു കുലുക്കിയ ,12 വർഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ 75,000 ത്തോളം ആൾക്കാർക്ക് ആയിരുന്നു ജീവൻ നഷ്ടപ്പെട്ടിരുന്നത്.ഈ യുദ്ധത്തിൽ ഉടനീളം യു.എസ് സർക്കാരിന്റെ നിർലോഭമായ പിന്തുണയായിരുന്നു അറീനാ പാർട്ടിയ്ക്കു കിട്ടിയിരുന്നത്.അതിന്റെ പ്രതിഫലമായി ഇറാക്കിലേയ്ക് സൈന്യത്തെ അയച്ച എൽസാൽവദോർ, ഏറ്റവും അവസാനം മാത്രം സൈന്യത്തെ ഇറാക്കിൽ നിന്നു പിൻ വലിച്ച ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമായിരുന്നു.
കേരളത്തെപ്പോലെ തന്നെ പ്രവാസികളിൽ നിന്നുള്ള വരുമാനമാണു എൽസാൽവദോറിലും മുഖ്യമായുള്ളത്.2.5 മില്യൺ ആൾക്കാരാണു യു.എസിൽ മാത്രം ഉള്ളത്.അവർ അയക്കുന്ന ഡോളറുകളാണു എൽസാൽവദോറിന്റെ ശക്തി.അവിടുത്തെ മൊത്തം ജനസംഖ്യ എന്നത് 5.7 മില്യൺ മാത്രം ആണെന്നറിയുമ്പോളാണു പ്രവാസികളുടെ വലിപ്പം മനസ്സിലാവുന്നത്.2008 ൽ മാത്രം 3.8 ബില്യൺ യു.എസ് ഡോളറാണി ഇപ്രകാരം ഈ രാജ്യത്ത് എത്തിച്ചേർന്നിരുന്നത്.
ഇരുപത് വർഷം നീണ്ട അറീനാ ഭരണത്തിൽ രാജ്യത്ത് സാമ്പത്തിക-സാമൂഹിക അസമത്വം വളർന്നു വന്നു.അതുകൊണ്ട് തന്നെ അവരുടെ ജന സമ്മതി നാൾക്കു നാൾ കുറഞ്ഞു വന്നു.എന്നിട്ടും അമേരിയ്ക്കയുടെ നിർലോഭമായ സഹായത്താലും സഹകരണത്താലും ഇത്രയും നാൾ ഭരണം നില നിർത്താൻ അവർക്ക് സാധിച്ചു.അഞ്ചു വർഷത്തിലൊരിയ്ക്കലാണു അവിടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനു മുൻപ് തെരഞ്ഞെടുപ്പ് നടന്ന 2004 -ൽ ,എഫ്.എം.എൻ.എൽ തെരഞ്ഞെടുക്കപ്പെട്ടാൽ എൽസാവദോറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിയ്ക്കുമെന്ന് അന്നത്തെ യു.എസ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, ഇത്തവണ, എൽസാവദോറിൽ ആരു ഭരണത്തിലെത്തിയാലും അവരുമായി സഹകരിയ്ക്കുമെന്ന് പ്രഖ്യാപിച്ച പ്രസിഡണ്ട് ഒബാമാ യു.എസിന്റെ സമീപനത്തിലെ അടിസ്ഥാനപരമായ ഒരു വ്യതിചലനമാണു വ്യക്തമാക്കിയത്.വർദ്ധിച്ചു വന്നിരുന്ന ഇടതു പക്ഷ സ്വാധീനത്തിനു മേൽകൈ നേടാൻ ഈ അവസരത്തിൽ സാധിച്ചു.എഫ്.എം.എൻ.എൽ ജയിച്ചാൽ എൽസാൽവദോർ കമ്മ്യൂണിസത്തിന്റെ മാർഗത്തിലേയ്ക്ക് പോകുമെന്നായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ പ്രചാരണം.അതിനാൽ എഫ്.എം.എൻ.എലിനു വോട്ടു ചെയ്യരുതെന്ന് അവർ അഭ്യർത്ഥിച്ചു.എന്നാൽ ഈ അഭ്യർത്ഥന ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിലൂടെ തള്ളിക്കളഞ്ഞിരിയ്ക്കുകയാണ്.
അങ്ങനെ വെനിസ്വലയിലും, നിക്കരാഗ്വയിലും ആഞ്ഞടിച്ച ഇടതു പക്ഷക്കാറ്റ് ഒരു കുളിർ തെന്നലായി വടക്കേ അമേരിയ്ക്കൻ നാടുകളിലേയ്ക്കു നീങ്ങിയിരിയ്ക്കുകയാണ്.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന പതിനൊന്നാമത്തെ ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണു എൽസാൽവദോർ .വെനിസ്വേല,നിക്കറാഗ്വേ,അർജന്റീന,ബ്രസീൽ,ബൊളീവിയ,ചിലി,ഇക്ക്വഡോർ,ഗ്വാട്ടിമാല,ഉറുഗ്വേ,പരാഗ്വേ തുടങ്ങിയവയാണു മറ്റുള്ള പത്ത് രാജ്യങ്ങൾ.
സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് ലോകം എങ്ങോട്ടാണു ഉറ്റു നോക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കി തരുന്നു. യു.എസിൽ പോലും ഒബാമയുടെ വിജയം എന്നത് നിലവിലുള്ള സാമ്പത്തിക ക്രമത്തിനു ഏറ്റ പരാജയം തന്നെയെന്ന് ഈ രാജ്യങ്ങളിൽ ഇടതുപക്ഷം നേടിയ വിജയം വ്യക്തമാക്കുന്നു.അതുകൊണ്ടാണു പനാമ കടലിടുക്ക് കടന്ന് ഇടതു പക്ഷം നേടിയ ഈ വിജയം വലിയേട്ടനായ യു.എസിനെ തഴുകിപ്പോകുന്ന ഒരു കുളിർ തെന്നലായി മാറുന്നത്.അത്യഗാധമായ പ്രതിസന്ധിയിൽ വിയർത്തു കുളിച്ചിരിയ്ക്കുന്നവർക്ക് മുന്നിൽ ഈ കുളിർ തെന്നൽ പ്രതീക്ഷയുടെ ആശ്വാസവുമായിട്ടാണു എത്തുന്നത്.എന്താണു ചെയ്യേണ്ടത് എന്നോർത്ത് വിഷാദിച്ചിരിയ്ക്കുന്ന മുതലാളിത്ത ലോകത്തിനും അതിന്റെ പിണിയാളുകളായ ഭാരതത്തിലെയടക്കമുള്ള വികസ്വര രാജ്യ സർക്കാരുകൾക്കും ഈ വിജയം ഒരു വഴികാട്ടിയാകട്ടെ എന്ന് നമുക്കു പ്രത്യാശിയ്ക്കാം.മുന്നോട്ടുള്ള ലോകത്തിന്റെ പാത ഏതു വഴിയാകണം എന്നതിന്റെ ഒരു ദിശാസൂചിയാണു ഈ തെരഞ്ഞെടുപ്പ് ഫലം.
ജനതയുടെ 52% പേരും റോമൻ കാത്തലിക് വിഭാഗത്തിൽ പെടുന്ന എൽസാൽവദോറിലാണു ഈ രാഷ്ട്രീയ മാറ്റം എന്നത് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ജീവിയ്ക്കുന്ന നമ്മളോരോരുത്തരും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട വസ്തുതയാണ്.ഇടതുപക്ഷത്തെ തകർക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിയ്ക്കുന്ന ഇവിടുത്തെ സഭാ നേതൃത്വം ഈ വാർത്തകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ ആവോ?
മറ്റൊരു പ്രധാന മായ വിഷയം ഈ തെരഞ്ഞെടുപ്പിൽ ബ്ലോഗർമാർ ചെലുത്തിയ സ്വാധീനമാണ്.എൽസാൽവദോർ തെരഞ്ഞെടുപ്പിലെ ബ്ലോഗർമാരുടെ പങ്കിനെക്കുറിച്ചു വന്ന ഒരു ലേഖനം ഇവിടെ വായിയ്ക്കാവുന്നതാണ്.നമ്മുടെ രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയിൽ ബ്ലോഗർമാർക്കും ഒരു നല്ല പങ്കു വഹിയ്ക്കാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു.എൽസാൽവദോറിലെ പോലെ ഇന്റർനെറ്റിന്റെ വ്യാപകമായ ഉപയോഗം ഇവിടെ ഇല്ല എന്നതാണു ഒരു പ്രധാന പരിമിതി.
25 comments:
അങ്ങനെ വെനിസ്വലയിലും, നിക്വരാഗ്വയിലും ആഞ്ഞടിച്ച ഇടതു പക്ഷക്കാറ്റ് ഒരു കുളിർ തെന്നലായി വടക്കേ അമേരിയ്ക്കൻ നാടുകളിലേയ്ക്കു നീങ്ങിയിരിയ്ക്കുകയാണ്.സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് ലോകം എങ്ങോട്ടാണു ഉറ്റു നോക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കി തരുന്നു.
മറ്റൊരു പ്രധാന മായ വിഷയം ഈ തെരഞ്ഞെടുപ്പിൽ ബ്ലോഗർമാർ ചെലുത്തിയ സ്വാധീനമാണ്.എൽസാൽവദോർ തെരഞ്ഞെടുപ്പിലെ ബ്ലോഗർമാരുടെ പങ്ക് എടുത്തു പറയേണ്ടതാണ്.നമ്മുടെ രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയിൽ ബ്ലോഗർമാർക്കും ഒരു നല്ല പങ്കു വഹിയ്ക്കാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു.
സാമ്പത്തിക ഭദ്രതയുള്ള
ഒരു രാജ്യത്തിന്റെ ഭരണകൂടം ശക്തമക്കുകതന്നെ ചെയ്യും, ഇന്ന് അമേരിക്കയുടെ ഭരണകൂടത്തിന്റെ വൈധമ്യവും അതു തന്നെ...
ബ്ലോഗ് ഒരു ശക്തമായാ മീഡിയാ ആയി വളര്‍ന്നിരിക്കുന്നു എന്നത് സംശയമില്ലാ.
കാമ്പുള്ള ഒരു ലേഖനം തന്നതിനു നന്ദി സുനില്‍!
എങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അച്ചുതാനന്ദനുവേണ്ടി ഇന്റെറ്നെറ്റ് കമ്യൂണിറ്റ് ആവതുചെയ്തിരുന്നു എന്നത് മറന്നുകൂടാ എന്നു തോന്നുന്നു.
നല്ല ലേഖനം
good one.. its good to know such informations..
നന്നായി സുനിലേ. നമുക്കും ഒരു പിടി പിടിക്കാം ലോകസഭാ തെരഞ്ഞെടുപ്പിനായി.
ബ്ലോഗിന് അഭിപ്രായ രൂപികരണത്തില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ണെന്ന് അറിഞ്ഞതില്‍ സന്തോഷം .
അങ്ങനെ യാണെങ്കില്‍ ഇവിടെയും ബ്ലോഗിനെ ഉപയോഗ പ്പെടുതെണ്ടാതാണ് .
സോഷ്യലിസം തകര്‍ന്നപ്പോള്‍ മുതലാളിത്തം കേമമെന്ന് കൊട്ടിഘോഷിച്ചവര്‍ ഏറെ.പക്ഷെ മുതലാളിത്തം ചിലപ്പോള്‍ പാവങ്ങളുടെ മേല്‍ കുതിരകേറാനും ഉപയൊഗിക്കാമെന്നതു അമേരിക്ക നല്ലവണ്ണം കാട്ടിത്തന്നു. അതുപോലെ അതിന്റെ ദോഷവശങ്ങള്‍ നല്ലവണ്ണം അടുത്തറിയാവുന്നതുകൊണ്ട് തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും ഇടതുപക്ഷം ഭരിയ്ക്കുന്നു. പ്രസക്തമായ ലേഖനം.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന പതിനൊന്നാമത്തെ ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണു എൽസാൽവദോർ .വെനിസ്വേല,നിക്കറാഗ്വേ,അർജന്റീന,ബ്രസീൽ,ബൊളീവിയ,ചിലി,ഇക്ക്വഡോർ,ഗ്വാട്ടിമാല,ഉറുഗ്വേ,പരാഗ്വേ തുടങ്ങിയവയാണു മറ്റുള്ള പത്ത് രാജ്യങ്ങൾ.
നല്ല ലേഖനം സുനില്‍ കൃഷ്ണന് .
ഒരു രാജ്യത്തിന്റെ കാര്യം പരാമര്‍ശിക്കാതിരുന്നത് ശരിയായില്ല. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി എല്ലാ അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സര്‍വ്വ കുതന്ത്രങ്ങളും അതിജീവിച്ച ക്യൂബ.
ക്യൂബയെ വിട്ടുകളഞ്ഞുള്ള ഒരു അമേരിക്കന്‍ കമ്യൂണിസവും പൂര്‍ണ്ണമാകില്ല.
ലോകമെങ്ങും ഇടതുപക്ഷരാഷ്റ്റ്രീയം ശക്തിപ്പെടട്ടെ. ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ ഒന്നു പറഞ്ഞുപോയി എന്നുമാത്രം. വിശദാംശങ്ങള്‍ക്ക് നന്ദി.
കാളിദാസൻ,
ക്യൂബയെ വിട്ടുകളഞ്ഞതല്ല.ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രങ്ങൾ എന്നറിയപ്പെടുന്ന 30 രാജ്യങ്ങളിൽ ക്യൂബയിൽ 1959 മുതൽ കമ്മ്യൂണിസ്റ്റ് ഭരണമാണ്.ഇവിടെ പരാമർശിച്ച 11 രാജ്യങ്ങളിൽ ഇക്കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഉണ്ടായ ഭരണ മാറ്റങ്ങളാണ്.അതും തെരഞ്ഞെടുപ്പുകളിൽക്കൂടി തന്നെ.അതുകൊണ്ട് അവയെ പ്രത്യേകം പരാമർശിച്ചു എന്നേയുള്ളൂ.
താങ്കൾ പറഞ്ഞപോലെ കാസ്ട്രോയേയും,ചെ ഗുവേരയേയും മറക്കാനാവുമോ? നന്ദി !
ഹായ് സുനില്‍,
നന്നായിട്ടുണ്ട്.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കത്തോലിക്കാ ബിഷപ്പുമാരും,പുരോഹിതരും,കന്യാസ്ത്രീകളും വ്യാപകമായി ഇടതുപക്ഷ ജയത്തിനായി പ്രവര്‍ത്തിക്കുന്നത് ഇവിടെ കേരളത്തിലെ ഇടയന്മ്മാര് കണ്ടിരുന്നെങ്കില്‍ നന്നായിരുന്നു.
നല്ല കുറിപ്പ്..അഭിനന്ദനങ്ങൾ
ഒരു സംശയം..ഈ എൽ സാൽവഡോർ എവിടെയാ?
ലാറ്റിൻ അമേരിക്ക? മദ്ധ്യ അമേരിക്ക അതോ വടക്കൻ അമേരിക്കയോ?
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
മനസിന് സന്തോഷം നല്കുന്ന ഒരു വാര്‍ത്ത തന്നെ. നന്ദി.....
പോസ്റ്റ് വായിച്ച് അഭിപ്രായം അറിയിച്ച
മാണിക്യം,
ചങ്കരൻ
Malayalam Songs
മൂർത്തി
ഉല്ലാസ്,
ദീപക് രാജ്
കാളിദാസൻ
ജിവി
അഭിലാഷ്
പാവപ്പെട്ടവൻ,
മരത്തലയൻ,
അജിത്ത്
നന്ദി....
അഭിപ്രായം എഴുതാതെ പോയവർക്കും നന്ദി
മരത്തയലൻ--വടക്കേ അമേരിയ്ക്കാ, തെക്കേ അമേരിയ്ക്കാ എന്നീ ഭൂഖണ്ഡങ്ങളിലായി പരന്നു കിടക്കുന്ന 30 രാജ്യങ്ങളെയാണു ലാറ്റിൻ അമേരിയ്ക്കാ എന്ന് വിശേഷിപ്പിയ്ക്കുന്നത്.ഇംഗ്ലീഷ് അല്ലാതെ , ലാറ്റിൻ ഭാഷയിൽ നിന്നു ഉത്ഭവിച്ചിട്ടുള്ള ഭാഷകളായ പോർട്ടുഗീസ്, സ്പാനീഷ്, ഫ്രഞ്ച്, പിന്നെ ഇവയുടെ ഉപ ഭാഷകൾ എന്നിവ സംസാരിയ്ക്കുന്ന പ്രദേശങ്ങളാണിവ.തെക്കേ അമേരിയ്ക്കയിലെ ഒട്ടു മിക്ക രാജ്യങ്ങളും ലാറ്റിൻ അമേരിയ്ക്കൻ വിഭാഗത്തിൽ പെടുമ്പോൾ , വടക്കേ അമേരിയ്ക്കയിൽ മെക്സിക്കോ മുതൽ തെക്കോട്ടുള്ള ചില രാജ്യങ്ങളും ഈ വിഭാഗത്തിൽ പെടുന്നു.മറ്റൊരു പ്രത്യേകത അമേരിയ്ക്കയിലെ ഇംഗ്ലീഷ് ഭൂരിപക്ഷ പ്രദേശങ്ങളിൽ ‘പ്രോട്ടസ്റ്റന്റ് “ വിഭാഗക്കാർ കൂടുതലുള്ളപ്പോൾ, ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിലെ ഭൂരിപക്ഷവും “റോമൻ കാത്തലിക്” വിഭാഗം ആണ്.ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ റോമൻ കാത്തലിക് ഉള്ള രാജ്യമാണു ബ്രസീൽ.
എൽസാൽവദോർ , വടക്കേ അമേരിയ്ക്കയിൽ പെടുന്ന ഒരു ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണ്.
സുനിലെ,
നേരത്തെ വരണം എന്ന് കരുതിയെങ്കിലും ഇപ്പോഴാ ഒത്തത്.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ലോകത്തിനാകമാനം മാര്‍ഗ്ഗ ദര്ശികളാവുകയാണ്. യൂറോപ്പിലേക്കും അനുരണങ്ങള്‍ കാണാം എന്ന് തോന്നുന്നു.
ബ്ലോഗ്ഗ് എന്ന മാദ്ധ്യമം ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ എത്രത്തോളം പ്രയോജനപ്പെടും എന്ന് സംശയമാണ്. ഇത് എത്തിപ്പെടുന്നത് ഒരു ചെറുവിഭാഗമായ, കമ്പ്യൂട്ടര്‍ ബാന്ധവക്കാരില് മാത്രമാണ്. അവരാകട്ടെ കൃത്യമായ കാഴ്ചപ്പാടുകള്‍ (വ്യക്തമോ അവ്യക്തമോ) കൊണ്ടു നടക്കുന്നവരുമാവും. നിഷ്പക്ഷമതികള്‍ എന്നൊരു വിഭാഗമുണ്ടെങ്കില്‍ അത് നാട്യക്കാര്‍ മാത്രമാവും. ഇന്ത്യ തിളങ്ങുന്നു എന്ന് ഘോഷിച്ച് മീഡിയാ പ്രചരണം നടത്തിയ എന്‍.ഡി.എ ക്ക് സംഭവിച്ചത് നമ്മുടെ മുമ്പില്‍ ഉണ്ടല്ലോ. പാടത്തും പറമ്പിലുമുള്ളവനാണ് കൂടുതല്‍ , അവനാണ് നിര്‍ണ്ണായക ശക്തി.
അനിൽ,
താങ്കൾ പറഞ്ഞ കാര്യങ്ങളോട് ഞാനും യോജിയ്ക്കുന്നു.എൽസാവദോർ പോലെയുള്ള ഒരു മൂന്നാം ലോക രാജ്യത്ത് ബ്ലോഗുകൾ ചെലുത്തിയ സ്വാധീനം ഒന്നു പരാമർശിയ്ക്കുക മാത്രമെ ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ.നമ്മുടെ സാമൂഹികാന്തരീക്ഷവും, ജന സംഖ്യയുമൊന്നുമല്ല അവിടെയുള്ളത്.വളർന്നു വരുന്ന ഒരു മാധ്യമം എന്ന നിലയിൽ നമുക്കു എങ്ങനെ ബ്ലോഗിനെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താം എന്നൊരു ഓർമ്മപ്പെടുത്തൽ മാത്രം..അത്രേയുള്ളൂ.
സുനില്‍,
വെനീസ്വലയിലെ യൂഗോ ഷാവെസിനെയും ബ്രസീലിലെ ലൂയിസ് ഡ സില്‍വയെയും ഒരേ തോഴുത്തില്ക്കെട്ടി ഇടതുപക്ഷക്കാരെന്നു പറഞ്ഞ് ഘോഷിക്കുന്നതില്‍ കാര്യമൊന്നുമില്ല. ഓയില്‍ പണത്തിന്റെ പുളപ്പില്‍, ലാറ്റിനമേരിക്കയില്‍ മുഴുവന്‍ കമ്യൂണിസം കയറ്റുമതി ചെയ്ത് കാസ്ട്രോയുടെ പിന്‍ഗാമി സ്ഥാനം വിലക്കു വാങ്ങാന്‍ നോക്കുന്ന; സ്വന്തം രാജ്യത്തെ ജനാധിപത്യക്രമങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് ഏകാധിപതിയാകാന്‍ നോക്കുന്ന ഒരാളാണ് ഷാവെസ്. ഇടതുപക്ഷാഭിമുഖ്യമുള്ള തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ് ഡ സില്‍വ. അവരെല്ലാം ഒരേ ഗണത്തില്‍ പെട്ടവരാണെന്ന് പറയുന്നത് തികഞ്ഞ രാഷ്ട്രീയാജ്ഞതയോ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കലോ ആണ്.
ഡ സില്‍വയുടെ കാറ്റഗറിയില്‍ പെട്ടയാളാണ് മൌറീസിയോ ഫ്യൂണെസ്. ജയിച്ച ഉടനെ അദ്ദേഹം അമേരിക്കയുമായി സഹകരിച്ച് പ്രവ്രൃത്തിക്കുമെന്ന് പ്രഖ്യാപിച്ചതും; പ്രചരണത്തിലുടനീളം സ്വന്തം പാര്ട്ടിക്കാര് സാധാരണ ധരിക്കാറുള്ള ചുവപ്പിന് പകരം മനപ്പൂര്‍വ്വം വെള്ള ഗ്വായാബെറാ ഷര്‍ട്ട് ധരിച്ചതുമൊന്നും സുനില്‍ പറയാതിരുന്നതെന്താണ്?
ജനാധിപത്യം അത് പ്രയോഗത്തിലിരിക്കുന്നയിടങ്ങളില് പലനിറത്തിലും രൂപത്തിലും കാണും. അമേരിക്കയില്‍ തന്നെ ഒബാമയുടെ ജനാധിപത്യമല്ലല്ലോ ബുഷിന്റേത്. പക്ഷേ,ഇതിനെയെല്ലാം ബന്ധിപ്പിക്കുന്ന ഏകഘടകം ജനങ്ങള്‍ക്ക് അവരുടെ അവസരം വരുമ്പോള്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നുള്ളതാണ്. അതാണ് എല്‍ സാല്വഡോറില് സംഭവിച്ചത്. അല്ലാതെ കമ്യൂണിസ്റ്റ് മുന്നേറ്റമൊന്നുമല്ല. യഥാര്‍ഥത്തില്‍ സ്ഥാനാര്‍ഥികള്‍ കടുത്ത കമ്യൂണിസ്റ്റ് അനുഭാവികള്‍ ആയിരുന്നതുകൊണ്ടാണ്, പണ്ട് ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് ആയിരുന്ന, FMLN പാര്‍ട്ടിക്ക് ഇതുവരെ വലതുപക്ഷക്കാരെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നത്; അല്ലാതെ അമേരിക്ക ഇടപെട്ടിട്ടല്ല. 1992-ല്‍ അവസാനിച്ച അഭ്യന്തരയുദ്ധത്തിന്റെ സമയത്തുമാത്രമാണ് അമേരിക്ക വലതുപക്ഷ സര്‍ക്കാറിനെ സഹായിച്ചിരുന്നത്; ക്യൂബയും USSR-ഉം ഇടതുപക്ഷ ഗറില്ലകള്‍ക്ക് കൊടുത്തിരുന്ന സഹായത്തെ നിര്‍വീര്യമാക്കാന്‍. ഇന്റര്‍നെറ്റിലൊക്കെ വാര്‍ത്തകള്‍ വിവരങ്ങള്‍ കൃത്യമായി ഉള്ളപ്പോള്‍ കാര്യങ്ങള്‍ വളച്ചൊടിച്ചെഴുതുന്നത് പോസ്റ്റിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.
കമ്യൂണിസ്റ്റ്/ഉട്ടോപ്യന്‍ അജണ്ഡകളും ചിഹ്നങ്ങളും പെട്ടിയിലാക്കി, ജനാധിപത്യരാഷ്ട്രീയത്തിന്റെ മൂഖ്യധാരയിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പ്രവേശിക്കേണ്ടതിന്റെ ആവശ്യകതയും അത് സാധാരണക്കാരന് കൊടുത്തേക്കാവുന്ന സാധ്യതകളുമാണ് എല്‍ സാല്‍വഡോറിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. അത്തരം അവസരങ്ങള്‍ ഷാവേസിനെപ്പോലെയുള്ളവരുടെ സ്വാധീനത്തില്‍, പണ്ട് ചിലെയില്‍ അലന്‍ഡെ ചെയ്തതുപോലെ, പുതിയ ഭരണാധികാരികള്‍ നഷ്ടപ്പെടുത്താതിരുന്നാല്‍ മതി.
ഹലോ ടി.കെ സാറേ,
ഞാൻ എന്റെ ബ്ലോഗിൽ എഴുതുന്ന കാര്യങ്ങൾ കഴിയുന്നിടത്തോളം വസ്തുതകളെ ആധാരമാക്കി തന്നെയാണ്.ഈ പോസ്റ്റ് തന്നെ ഏതാണ്ട് ആറോളം വെബ് സൈറ്റുകളും, ഇവീടെ ഇറങ്ങുന്ന 2-3 പത്രങ്ങളും പിന്നെ എന്റെ കൈയിലുള്ള ചില പുസ്തകങ്ങളും നോക്കിയ ശേഷം മാത്രമാണു എഴുത്തിയത്.ഇതിൽ എന്താണു വസ്തുതാപരമായി തെറ്റെന്നു വ്യക്തമായി ചൂണ്ടിക്കാണിച്ചാൽ തിരുത്താം.
ആദ്യമായി, ഈ പോസ്റ്റിനു ഞാൻ ഇട്ട തലക്കെട്ടു തന്നെ ശ്രദ്ധിയ്ക്കുക.’ഇടതു പക്ഷ മുന്നേറ്റം “ എന്നോ “കമ്മ്യൂണിസ്റ്റ് കൊടുങ്കാറ്റ്” എന്നോ ഒന്നും ഞാൻ എഴുതിയില്ല.”“ഇടതു പക്ഷ കുളിർ തെന്നൽ” എന്നതു ആലോചിച്ചു തന്നെ ഇട്ട പേരാണ്.കാരണം ഇതൊരു മാറ്റത്തിന്റെ ചെറിയ തുടക്കം മാത്രമാണ്.ലാറ്റിൻ അമേരിയ്ക്കയിലെ പത്തു പതിനൊന്നു രാജ്യങ്ങളിൽ ഇക്കഴിഞ്ഞ നാലഞ്ചു വർഷങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം കമ്മ്യുണിസ്റ്റ് പാർട്ടി നയിയ്ക്കുന്നവയാണെന്ന ധാരണയൊന്നും എനിയ്ക്കില്ല.എന്നാൽ അതേ സമയം ഇവയ്കെല്ലാം പൊതുവായ ഒരു ഇടതു പക്ഷ സ്വഭാവം ഉണ്ട് താനും.അതു സാമ്രാജ്യത്ത്വ വിരുദ്ധതയിൽ ഉറച്ചു നിൽക്കുന്നതും മുതലാളിത്ത വിരുദ്ധവുമാണെന്ന കാര്യം അനുഭവങ്ങളിൽ നിന്നു തന്നെ എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.ഓരോ രാജ്യങ്ങളിലും അധികാരത്തിൽ വന്ന സർക്കാരുകൾ എല്ലാം ഒരു പോലെ ആണെന്നൊന്നും ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിട്ടുമില്ല.അതാതു രാജ്യങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിയ്ക്കുക എന്നതായിരുന്നല്ലോ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ പിരിച്ചു വിടാൻ തന്നെ കാരണം.ഇതൊക്കെ താങ്കളെപ്പോലെ വായന ശീലമുള്ള ഒരാൾക്ക് അറിയാവുന്ന കാര്യമാണെന്നാണു എന്റെ ഉറച്ച വിശ്വാസം.ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ നിന്നടിച്ച ഈ കുളിർക്കാറ്റിന്റെ അനന്തരഫലമാണു യു.എസിൽ പോലും ഒബാമയെപ്പോലെ ഒരാളുടെ വിജയത്തിനു അടിത്തറപാകിയത് എന്നു പറഞ്ഞാൽ നിഷേധിയ്ക്കാനാവുമോ?
ഹ്യൂഗോ ഷാവേസ് , താങ്കളെപ്പോലെയുള്ളവർക്ക് ഏകാധിപതി ആയേക്കാം.എന്നാൽ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നവരുടെ നേതൃനിരയിലാണു അദ്ദേഹത്തെ പോലെയുള്ളവരുടെ സ്ഥാനം.ഇറാക്ക് ആക്രമണത്തിൽ കലാശിച്ച “പെട്രോ ഡോളർ സ്കാം” അമേരിയ്ക്കൻ സാമ്രാജ്യത്വത്തിന്റെ നടുവൊടിച്ചത് എങ്ങനെയായിരുന്നു എന്ന് ഇവിടെ വായിച്ചു മനസ്സിലാക്കുക.
എൽസാലവദോറിലെ തെരഞ്ഞെടുപ്പിൽ ഒന്നും അമേരിയ്ക്ക ഇടപെട്ടിട്ടേ ഇല്ല എന്നു ബുഷിന്റെ അടുത്ത ആളിനെപ്പോലെ പറഞ്ഞു കളയല്ലേ.ഇവിടെഒന്നു നോക്കൂ 2004 ൽ എന്തായിരുന്നു സംഭവിച്ചത് എന്ന് താങ്കൾ തന്നെ വായിച്ചു മനസ്സിലാക്കൂ.അമേരിയ്ക്കൻ ഇടപെടലിനു എൽസാൽവദോറിൽ ഉള്ള പ്രധാന്യം എന്റെ പോസ്റ്റ് വായിച്ചാൽ തന്നെ മനസ്സിലാവും.കാരണം അമേരിയ്ക്കയിൽ ജീവിയ്ക്കുന്ന പ്രവാസികളിൽ നിന്നൊഴുകുന്ന ഏതാണു 400 കോടി ഡോളർ ,അതു എൽസാൽവദോറിന്റെ ജി.ഡി.പി യുടെ 17% ശതമാനം വരും, ആണു അന്നാട്ടിലെ സാമ്പത്തിക സംവിധാനത്തെ പിടിച്ചു നിർത്തുന്നത്.അതുകൊണ്ടു തന്നെ അവർക്ക് യു.എസിനോടു സാമ്പത്തിക ആശ്രിതത്വം ഏറെയുണ്ട്.അതു മുതലെടുക്കാനാണു ബുഷ് ഭരണകൂടം ശ്രമിച്ചിരുന്നത്.
എന്നാൽ ഒബാമ വന്ന ശേഷം,വിദേശ നയം വ്യക്തമാക്കി നടത്തിയ പ്രസംഗവും, അതിനു ശേഷം എൽസാൽവദോറിലെ തെരഞ്ഞെടുപ്പിൽ ഇടപെടില്ല എന്ന പ്രസ്താവനയും ഇത്തരമൊരു ഇടതു പക്ഷ മുന്നേറ്റത്തിനു ഏറെ സഹായിച്ചു.ജനങ്ങൾക്കു ഭീതി കൂടാതെ സ്വന്തം തീരുമാനത്തിൽ എത്താൻ കഴിഞ്ഞു.
ഇതൊക്കെയാണു സത്യമാണെന്നിരിയ്ക്കെ താങ്കൾ പറഞ്ഞ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് എനിയ്ക്കു പറയേണ്ടി വന്നിരിയ്ക്കുന്നു.കൂടുതൽ വായനയിലൂടെ താങ്കൾ അതു പരിഹരിയ്ക്കുമെന്ന് കരുതുന്നു.
ഇതു കൂടി വായിയ്ക്കാൻ സമയം കണ്ടെത്തുമോ?
2004 ലെ എൽസാൽവദോർ തെരഞ്ഞെടുപ്പിലെ അമേരിയ്ക്കൻ നിലപാടു ഇവിടെ വായിയ്ക്കുക...മുകളിലത്തെ കമന്റിൽ ലിങ്ക് വന്നില്ല.
എന്റെ കൃഷ്ണാ....ഇത്രമാത്രം മെനക്കട്ടു മനസ്സിലാക്കി,എഴുതിഫലിപ്പിക്കാന്‍ പോന്ന സംസ്കാരവും മറ്റൂം അമേരിക്കക്കുണ്ടോ!!! ഇത്രമാത്രം,അപഗ്രഥന,വിശകലന പാഠവം നമ്മുടെ നാട്ടിലെ പ്രശനങ്ങള്ക്കായുപയോഗിക്കൂ!!
സപ്നാ,
ഇതു അമേരിയ്ക്കയുടെ സംസ്കാരം വിശകലനം ചെയ്യുന്ന ഒരു പോസ്റ്റ് അല്ല.രാഷ്ട്രീയ -ഭരണ രംഗങ്ങളിൽ ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിശകലനമാണ്.നമ്മുടെ കേരളത്തിനോട് പല തരത്തിലും സാമ്യമുള്ള എൽസാല്‍വദോറിലെ ആ മാറ്റങ്ങൾ ബൂലോകവുമായി പങ്കു വയ്ക്കുകയാണു ഇവിടെ ചെയ്തത്.
ഇടതു പക്ഷ്ത്തെ തോൽപ്പിയ്ക്കാൻ ഇടയലേഖനങ്ങൾ ഇറങ്ങുന്ന നമ്മുടെ നാട്ടിൽ അൻപത് ശതമാനത്തിലേറെ റോമൻ കാത്തലിക് വിഭാഗങ്ങൾ ഉള്ള ലാറ്റിൻ അമേരിയ്ക്കൻ രാജ്യങ്ങളിൽ ഇടതു പക്ഷം നേടുന്ന വിജയം ഇവിടേയും പ്രസക്തമാണ്.അവിടെ സഭ വിമോചന പോരാട്ടങ്ങളിൽ ഇടതു പക്ഷത്തോടൊപ്പമാണെങ്കിൽ ഇവിടെ ചില സ്ഥാപിത താൽപര്യക്കാരോടൊപ്പമാണ്.
സുനില്‍,
അപ്പോള്‍ ഈ ഇടതുപക്ഷ കുളിര്‍തെന്നല്‍ ഒരു തുടക്കം മാത്രമാണെങ്ങില് അതിന്റെ അവസാനം എന്തായിരിക്കുമെന്നാണ് താങ്കളുടെ നിഗമനം? ഒബാമയ്ക്ക് മനംമാറ്റം ഉണ്ടാവുമെന്ന് നമുക്ക് കരുതാം; റിപ്പബ്ലിക്കന്മാര് പണ്ടുമുതല്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് എന്നാണ് വിളിക്കുന്നത്. കാനഡയില്‍ എന്താണ് പുരോഗതി?
യൂഗോ ഷാവസിനെപ്പോലെയൊരു കോമാളിയെ (മിക്കവാറും മറ്റെല്ലാ ഏകാധിപതികളെയും പോലെ) നേതാവായി അംഗീകരിക്കുന്ന വൈചിത്ര്യങ്ങള്‍ നമ്മുടെ കേരളത്തില്‍ മാത്രമേ കാണൂ.
ടി.കെ മാഷേ,
ധൃതി കൂട്ടാതെ ...ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ വിശകലനം ചെയ്തിട്ട് ഭാവിയിലേയ്ക് പോകാം.മനുഷ്യ സമൂഹത്തിന്റെ ചരിത്രം എന്നത് എപ്പോളും പുരോഗതിയിലേയ്ക്കു മാത്രമേ അത്യന്തികമായി സഞ്ചരിച്ചിട്ടുള്ളൂ..പുരോഗതി എന്ന് പറയുമ്പോൾ ഞാൻ ഉദ്ദേശിയ്ക്കുന്നത് സാമൂഹിക മായ പുരോഗതിയാണ്.അങ്ങനെയാണല്ലൊ നായാടി പ്രാകൃത കമ്മ്യൂണിസത്തിൽ നിന്ന് ഇതു വരെ മനുഷ്യൻ വികസിച്ചത്.അടിമത്ത വ്യവസ്ഥയേക്കാൾ മികച്ചതായിരുന്നു ഫ്യൂഡലിസം.മുതലാളിത്തം അതിലും മെച്ചമായി.അപ്പോൾ ഇനിയങ്ങോട്ട് ഇപ്പോളുള്ള മുതലാളിത്ത വ്യവസ്ഥയേക്കാൾ മികച്ച ഒരു ലോക ക്രമം ആകും ഉണ്ടാകും എന്ന് ഞാൻ കരുതുന്നു.താൽക്കാലികമായ തിരിച്ചടികൾ മൊത്തത്തിലുള്ള മുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിയ്ക്കില്ല.അങ്ങനെ അല്ല എന്ന് വിശ്വസിയ്ക്കാനുള്ള സ്വാതന്ത്ര്യം താങ്കൾക്കുമുണ്ട്.
ക്യാനഡയെക്കുറിച്ച് പഠിച്ചില്ല.പഠിയ്ക്കാത്ത കാര്യം എങ്ങനെ പറയാൻ?
എന്റേ നേരത്തേയുള്ള കമന്റിൽ പറഞ്ഞ പോലെ ഹ്യൂഗോ ഷാവേസ് കോമാളി ആണോ എന്നതൊക്കെ വീക്ഷണത്തിന്റെ പ്രശ്നമാണ്.ഞാൻ ആദ്യം സൂചിപ്പിച്ച പെട്രോ ഡോള്ളർ സ്കാമിൽ അമേരിയ്ക്കയ്ക് ആദ്യ അടി കൊടുത്തത് ഷാവേസ് ആയിരുന്നു.അദ്ദേഹത്തിന്റെ ഇതു വരെ ഉള്ള എല്ലാ നിലപാടുകളും സാമ്രാജ്യത്ത്വ - മുതലാളിത്ത വിരുദ്ധം തന്നെയാണ്.അങ്ങനെ അല്ലാത്ത ഒന്ന് ചൂണ്ടിക്കാണിയ്ക്കുക.
ലല്ലുപ്രസാദിനെ ചിലർ കോമാളിയായി കാണുന്നു.ചിലർ അദ്ദേഹത്തെ മാനേജ് മെന്റ് സ്കൂളിൽ ക്ലാസ് എടുക്കാൻ കൊണ്ടു പോകുന്നു.ഇതാണു വീക്ഷണത്തിലെ വ്യത്യാസം.
സുനില്‍,
കമ്യൂണിസത്തെക്കുറിച്ചുള്ള അധികവായനക്കുമുമ്പ് ഈ പോസ്റ്റില്‍ അതിനെക്കുറീച്ച് പറയുന്ന അപാകതകളെക്കുറിച്ച് ഒന്നാലോചിക്കുന്നത് നല്ലതാണ്.
Post a Comment