Wednesday, December 9, 2009

“കേരളാ കഫേ”യിലെ മെനു


റയില്‍‌വേ സ്റ്റേഷനുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ്.ജീവിതം തന്നെ ഒരു തീവണ്ടി യാത്ര പോലെ ആണെന്ന് പറയാറുണ്ട്.കാലത്തിനേയും ദേശത്തിനേയും അതിജീവിച്ചു കടന്നു പോകുന്ന വണ്ടിയിലെ യാത്രക്കാര്‍ നമ്മള്‍.ഏതൊക്കെയോ സ്റ്റേഷനുകളില്‍ നാം കയറുന്നു.ഇറങ്ങാനുള്ള സമയത്ത് ഇറങ്ങിപ്പോകുന്നു.വണ്ടി അനുസ്യൂതമായ യാത്ര തുടരുന്നു.ഈ യാത്രകളില്‍ നാം കണ്ടുമുട്ടുന്ന മുഖങ്ങള്‍ നിരവധിയാണ്.ഓരോരുത്തര്‍ക്കും അവനവന്റെ കഥയും കടമകളും ഉണ്ട്.റയില്‍‌വേ സ്റ്റേഷനുകളിലെ കഫേകള്‍ ആയാലോ?അവിടെയും നാം കണ്ടുമുട്ടുന്നത് ഇങ്ങനെ പലരേയും.ജീവിതമെന്ന ട്രയിന്‍ യാത്രയിലെ വിശ്രമവേളകളില്‍ കഫേകളില്‍ നാം കണ്ടുമുട്ടാനിടയുള്ള ഒരു പിടി മനുഷ്യരുടെ കഥയാണു “കേരളാ കഫേ”എന്ന ചിത്രം.


മുഖ്യധാരാ സിനിമകളില്‍ നിന്ന് അല്പം വഴിമാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രഞ്ജിത്ത് സാക്ഷാല്‍‌ക്കാരവും നിര്‍മ്മാണവും നിരവഹിച്ചിരിക്കുന്ന ഈ സിനിമയുടെ പ്രത്യേകത , ഇത് പത്തു ചെറിയ സിനിമകളുടെ ഒരു കൂട്ടായ്മ ആണു എന്നതാണ്.പത്തു സംവിധായകര്‍ ആണു ഈ ചെറു സിനിമകള്‍ ഓരോന്നു സംവിധാനം ചെയ്തിരിക്കുന്നത്.


‘കേരളാ കഫേ’യിലെ ചെറുചിത്രങ്ങളും അവയുടെ സംവിധായകരും താഴെപ്പറയുന്ന ക്രമത്തിലാണ്.


നൊസ്റ്റാള്‍ജിയ-പത്മകുമാര്‍

ഐലന്റ് എക്സ്‌പ്രസ്-ശങ്കര്‍ രാമകൃഷ്ണന്‍

ലളിതം ഹിരണ്‍‌മയം-ഷാജി കൈലാസ്

മൃത്യുഞ്ജയം-ഉദയ് അനന്തന്‍

ഹാപ്പി ജേണി-അഞ്ജലി മേനോന്‍

അവിരാമം-ബി.ഉണ്ണികൃഷ്ണന്‍

ഓഫ് സീസണ്‍-ശ്യാമ പ്രസാദ്

ബ്രിഡ്ജ്- അന്‍‌വര്‍ റഷീദ്

മകള്‍-രേവതി

പുറം കാഴ്ചകള്‍- ലാല്‍ ജോസ്

കേരള കഫേ എന്ന ഈ സങ്കലന ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.ഇഷ്ടപ്പെടാന്‍ ഉള്ള പ്രധാന കാരണം ഇതിന്റെ വ്യത്യസ്തത തന്നെയാണ്.ഇത്തരം ചില പരീക്ഷണങ്ങളാണു മലയാള സിനിമക്ക് ആവശ്യം.”പരുന്തും, മാടമ്പിയും” തകര്‍ത്താടുന്ന മലയാള സിനിമക്ക് നഷ്ടപ്പെട്ടു പോയ ഒരു സിനിമാ സംസ്കാരം തിരിച്ചു പിടിക്കാന്‍ ഉണ്ടാകുന്ന ഏതു ചെറിയ ശ്രമവും തിര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.ഇതിലെ ഓരോ സിനിമയും മനുഷ്യന്റെ വിവിധ അവസ്ഥകളെ നമുക്ക് കാട്ടിത്തരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ചും ഇന്നത്തെ ആഗോള സാമുഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ ജീവിക്കുന്ന മനുഷ്യന്റെ ആകുലതകളും, പ്രശ്നങ്ങളും, ചിന്തകളും, ജീവിതാവസ്ഥകളും ഓരോ ചിത്രത്തിലും ഉണ്ട്.

പ്രവാസി ആയിരിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ പ്രസംഗിക്കുകയും നാട്ടിലാകുമ്പോള്‍ നാടിനേയും വീടിനെയും വീട്ടുകാരേയും വില്‍‌ക്കാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയുടെ ദ്വന്ദ്വഭാവത്തിന്റെ നേര്‍ക്കാഴ്ചയുമായിട്ടാണു ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യ ചിത്രമായ ‘നൊസ്റ്റാള്‍ജിയാ”യില്‍ നമ്മുടെ മുന്നിലെത്തുന്നതെങ്കില്‍ , അവസാന ചിത്രമായ “പുറം കാഴ്ചകളി’ലെ ശ്രീനിവാസ കഥാപാത്രം നഷ്ടപ്രണയത്തിന്റെ ‘നൊസ്റ്റാള്‍ജിയ’മനസ്സിലേറ്റി നീറിക്കഴിയുന്ന പച്ച മനുഷ്യനാണ്.

ഈ നവസിനിമയിലെ എല്ലാ ചിത്രങ്ങളും അത്യുന്നത നിലവാരം ഉള്ളവയാണെന്ന് ഞാന്‍ പറയുന്നില്ല.ശങ്കര്‍ രാമകൃഷ്ണന്റെ “ഐലന്റ് എക്സ്‌പ്രസ് ‘ ഒരു ഡോക്കുമെന്ററിയുടെ നിലവാരത്തില്‍ നിന്നു മാറിയിട്ടില്ല എന്നു വേണം പറയാന്‍.അതുപോലെ ഫാന്റസിയും, ഫാന്റസി യുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന പുതുതലമുറയുടേയും കഥ പറയുന്ന ‘മൃത്യുഞ്ജയം’മുന്നോട്ടു വക്കുന്ന ആശയവും എനിക്ക് ഇഷ്ടപ്പെട്ടുമില്ല.എങ്കിലും മനുഷ്യന്റെ അജ്ഞതയെ ചൂഴ്ന്ന് തിന്ന് ജീവിക്കുന്ന പ്രബലമായ ഒരു വിഭാഗത്തെക്കൂടി, വ്യത്യസ്ത മനുഷ്യരിലൊരാളായി അവതരിപ്പിച്ചതില്‍ സംവിധായകനും രഞ്ജിത്തിനും അഭിമാനിക്കാം.

ഈ പത്തു ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി എനിക്കു തോന്നിയത് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത “ബ്രിഡ്ജ്’ ആണ്.

ആരും അനാഥരായി ജനിക്കുന്നില്ല.ജീവിതപ്പാതകളില്‍ ഒരു വേളയില്‍ അവര്‍ മറ്റുള്ളവരാല്‍ അനാഥരാക്കപ്പെടുകയാണ്.തെരുവില്‍ വലിച്ചെറിയപ്പെടുന്ന ഒരു പൂച്ചക്കുട്ടി ആയാലും, ഒരു മനുഷ്യ സ്ത്രീ‍ ആയാലും അവരുടെ അവസ്ഥ ഒന്നു തന്നെആയി മാറുന്നു.സ്നേഹം മാത്രമാണു അവരെന്നും കൊതിക്കുന്നത്.ഒന്നിനും വേണ്ടിയല്ലാതെ പൂച്ചക്കുട്ടിയെ സ്നേഹിക്കുന്ന കൊച്ചുകുട്ടി.പൂച്ചകളെ വെറുക്കുന്ന പിതാവു അവനില്‍ നിന്നു പൂച്ചക്കുട്ടിയെ അടര്‍ത്തിമാറ്റുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന അവനറിയുന്നു.പടികള്‍ കയറി തിരികെ വരുന്ന പൂച്ചക്കുട്ടിയുടെ ഉള്ളിലും സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടാവില്ലേ? ചോട്ടാമുംബൈയും, രാജമാണിക്യവും ഒക്കെ എടുത്ത അന്‍‌വര്‍ റഷീദ് തന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകും.അത്ര മനോഹരമായിട്ടുണ്ട് ഇതിലെ ഓരോ ഇമേജറിയും.സലിംകുമാറിനേയും ശാന്താ ദേവിയേയും വച്ച് അന്‍‌വര്‍ റഷീദ് എടുത്ത ഈ ചിത്രം അതി മനോഹരമായ ഒരു ചെറുകഥ വായിക്കുന്ന സുഖം നല്‍കുന്നതാണ്.ജീവിത പ്രാരാബ്ധങ്ങളാണു സലീംകുമാറിന്റെ കഥാപാത്രത്തെക്കൊണ്ട് സ്വന്തം അമ്മയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.അതിനെ വേദന മുഴുവന്‍ പ്രതിഫലിപ്പിപ്പിക്കാന്‍ സലിംകുമാറിനു കഴിഞ്ഞിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.മഴയുടെ ഈറനും മനുഷ്യന്റെ കണ്ണു നീരിന്റെ നനവും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണിത്.

അതുപോലെ മറ്റൊരു വ്യത്യസ്തമായ ചിത്രമാണു ലാല്‍ജോസിന്റെ “പുറംകാഴ്ചകള്‍”.നേരത്തെ പറഞ്ഞ പോലെ നഷ്ടപ്രണയത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്ന ശ്രീനികഥാപാത്രത്തിനും,ജീവിതം ആസ്വദിക്കുന്ന പുതു തലമുറയുടെ അടിപൊളി ജീവിതത്തിനും ഇടയിലെവിടെയോ ആണു യഥാര്‍ത്ഥജീവിതം എന്ന സത്യം ഒരു ചെറിയ ബസ് യാത്രയിലെ സംഭവങ്ങളിലൂടെ ലാല്‍ജോസ് നമുക്ക് കാട്ടിത്തരുന്നു.മമ്മൂട്ടിയുടെ ശക്തമായ ഒരു കഥാപാത്രമാണു ഈ സിനിമയിലുള്ളത്.അതിന്റെ മുഴുവന്‍ വികാരങ്ങളും ഉള്‍ക്കൊണ്ട് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു.കേരളാ കഫേയിലെ അവസാന ചിത്രം ഇതാണ്.ഒരു പക്ഷേ അതു വരെ സിനിമയുടെ മായാ ലോകത്ത് ഇരിക്കുന്ന പ്രേക്ഷകരെ തിയേറ്ററിനു വെളിയിലുള്ള യഥാര്‍ത്ഥമായ ‘പുറംകാഴ്ചകളി’ലേക്കു നയിക്കുക കൂടിയാണു അബോധമായിട്ടെങ്കിലും രഞ്ജിത് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

പ്രസക്തമായ മറ്റു രണ്ട് ചിത്രങ്ങളാണു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത “ഹാപ്പി ജേണി’യും, രേവതി സംവിധാനം ചെയ്ത “മകള്‍” എന്ന സിനിമയും.രണ്ടും സ്ത്രീപക്ഷത്തു നിന്നു ചെയ്തിട്ടുള്ള സിനിമകളാണ്.ഇതില്‍ ‘ഹാപ്പി ജേണി‘ ജഗതിയുടെ അഭിനയമികവുമൂലം കൂടിയാണു ശ്രദ്ധ ആകര്‍ഷിക്കുന്നത്.സാധാരണയായി സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മള്‍ സിനിമയില്‍ കാണാറുണ്ടെങ്കിലും അതിനൊരു പ്രതിവിധി എന്തെന്ന് ആരും തിരയാറില്ല.പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഞ്ജലി മേനോനും അതു മുന്നോട്ടു വയ്ക്കുന്നില്ലെങ്കിലും ഈ ചിത്രത്തിലെ നായിക പരാജയപ്പെടുന്നവളല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളെ സ്വന്തം വിവേചന‍ ബുദ്ധി ഉപയോഗിച്ച് നേരിടുന്നവളാണ്.അതിലവള്‍ വിജയിക്കുമ്പോള്‍ ദൃംഷ്ടകള്‍ നീട്ടി നില്‍ക്കുന്ന പുരുഷാധിപത്യം അവള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.ഇത്തരം സ്ത്രീകളെ ആണു നമുക്ക് ആവശ്യം.രേവതിയുടെ ‘മകളും’ പ്രമേയത്തിലെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായെങ്കിലും അവതരണത്തിലെ പുതുമയില്ലായ്‌മയും സ്ഥിരം കാണുന്ന ഇമേജറികളും കൊണ്ട് വ്യത്യസ്തമായ ഒരു അനുഭവ തലം സമ്മാനിച്ചില്ല.ഈ ചിത്രത്തില്‍ “സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ” എന്നൊരു പരോക്ഷമായ സന്ദേശവും സംവിധായക നല്‍കുന്നു.

ബി.ഉണ്ണികൃഷ്ണന്റെ ‘അവിരാമം” മുതലാളിത്തം അല്പാല്പമായി കടിച്ചുകീറി തിന്നു കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്.സാമ്പത്തിക മാന്ദ്യം തകത്തെറിയുന്ന കുടുംബങ്ങളുടെ ഒരു നഖചിത്രം ഇതില്‍ കാണാം.

തട്ടുപൊളിപ്പന്‍ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസിന്റെ ‘ലളിതം ഹിരണ്‍‌മയം’മറ്റൊരു മനുഷ്യാവസ്ഥയെ കാട്ടിത്തരുന്നു.അദ്ദേഹത്തിന്റെ ഉള്ളിലും ചില സ്പാര്‍ക്കുകള്‍ ഉണ്ടെന്ന് ഈ ചിത്രം ബോധ്യപ്പെടുത്തുന്നു.സ്നേഹിക്കുന്നത് തെറ്റാണോ? വെറുക്കുന്നതല്ലേ തെറ്റ് “ എന്നൊരു ചോദ്യം പ്രേഷകരുടെ മുന്നില്‍ ഉയര്‍ത്തിയാണു ഈ ചിത്രവും അവസാനിക്കുന്നത്.

ശ്യാമപ്രസാദിന്റെ “ഓഫ് സീസണ്‍’ കാട്ടിത്തരുന്നത് ലോകത്തെല്ലാം മനുഷ്യന്റെ അവസ്ഥ ഒന്നു തന്നെ എന്നതാണ്.സഹവര്‍ത്തിത്വം എങ്ങനെ പുരോഗതിയുടെ ചുണ്ടുപലകയാകുമെന്നും ഈ ചെറിയ ചിത്രം സൂചന നല്‍‌കുന്നു.

കേരളാകഫേയിലെ മെനു തീര്‍ച്ചയായും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസദായകമാണ്.പ്രതിഭയുടെ ഒരു മിന്നലാട്ടം.അതു മതി.ബാക്കി പുറകേ വന്നുകൊള്ളും.രഞ്ജിത്തിനും, അന്‍‌വര്‍ റഷീദിനും,ലാല്‍ ജോസിനും ഒക്കെ വന്നിരിക്കുന്ന മാറ്റങ്ങള്‍ പോലും ശുഭസൂചകങ്ങളാണ്.സാധാരണ സിനിമ ഒരു വലിയ നോവലാണെങ്കില്‍ കേരള കഫേ ചെറുകഥകളുടെ ഒരു സമാഹാരമാണു.ഓരോന്നിലും ഓരോ വികാരങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടുന്നു. ജിവിത സത്യങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെടുന്നു.മനുഷ്യജീവിതത്തിലെ വിഹ്വലതകളും, പ്രത്യാശകളും ,അനിശ്ചിതത്വങ്ങളും പ്രേക്ഷകമനസ്സുകളിലെത്തിക്കുന്നതില്‍ ഈ നല്ല ചിത്രം വിജയിച്ചിരിക്കുന്നു എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍.

രഞ്ജിത്തിനും കൂട്ടുകാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!നിങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു!(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

26 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കേരളാകഫേയിലെ മെനു തീര്‍ച്ചയായും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസദായകമാണ്.പ്രതിഭയുടെ ഒരു മിന്നലാട്ടം.അതു മതി.ബാക്കി പുറകേ വന്നുകൊള്ളും.

ഒരു സാദാ പ്രേക്ഷകന്റെ വിലയിരുത്തല്‍ !

ബിലാത്തിപട്ടണം / Bilatthipattanam said...

സുനിൽ വളരെ നല്ലവിലയിരുത്തലുകൾ....
വീണ്ടും മലയാളസിനിമയുടെ ഉയർത്തെഴുന്നേൽ‌പ്പുകളുടെ കാലൊച്ചകൾ ഈ കേരളാ കഫേ യിൽ കൂടി കേൾക്കുന്നൂ...

ഹരീഷ് തൊടുപുഴ said...

സുനിലേട്ടാ,
വസ്തുനിഷ്ഠമായ ഈ വിശകലനം ഉചിതമായി.
ഈ സിനിമ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധം ഇപ്പോള്‍ പിടികൂടിയിരിക്കുന്നു.
ഏതായാലും മലയാള സിനിമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ഇതു നാന്ദികുറിക്കുമെന്നു പ്രത്യാശിക്കാം അല്ലേ..

ആശംസകളോടെ..

ശ്രീ said...

നന്നായി, മാഷേ.

ചിത്രം കണ്ടില്ല.

kathayillaaththaval said...

'ഒരു സാദാ പ്രേക്ഷകന്റെ വിലയിരുത്തല്‍ ' വളരെ നന്നായിട്ടുണ്ട്‌ .
ചിത്രം കാണാന്‍ സാധിച്ചില്ലല്ലോ എന്ന വിഷമം അവശേഷിക്കുന്നു
അവലോകനം വായിച്ചപ്പോള്‍ ......

നിരക്ഷരന്‍ said...

മൃത്യുജ്ഞയം പോക്കാണല്ലേ ? ഉദയന്റെ രണ്ടാമത്തെ സംരംഭവും പൊളിഞ്ഞോ ? ഇനിയന്താ ചെയ്ക? എനിക്കല്‍പ്പം അടുപ്പമുള്ള കക്ഷിയായിരുന്നു.

എന്തായാലും പോയി കാണട്ടെ.

ജെ പി വെട്ടിയാട്ടില്‍ said...

ഞാന്‍ തിയേറ്ററില്‍ സിനിമ കണ്ടിട്ട് ഒരു പാട് നാളുകളായി.

താങ്കളുടെ ഈ പോസ്റ്റ് കണ്ടപ്പോള്‍,എനിക്ക് കേരള കെഫെ കാണണമെന്നു തോന്നിയിട്ടുണ്ട്.
മനോഹരമായി വിവരിച്ചിരിക്കുന്നു.

താങ്കള്‍ ഇങ്ങിനെയും എഴുതുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കൂടെ കൂടെ പുതിയ ലിങ്കുകള്‍ അയക്കുമല്ലോ?

“എന്റെ പാറുകുട്ടീ” എന്ന ബ്ലൊഗ് നോവല്‍ സിനിമയാക്കിയാ‍ലോ എന്ന് എന്റെ ഒരു കുടുംബസുഹൃത്ത് ചോദിച്ചിരുന്നു.

ഒരു സിനിമയാക്കാന്‍ മാത്രം എന്തെങ്കിലും ആ നോവലിനുണ്ടോ എന്ന് ദയവായി പരിശോധിച്ച് പറയാമോ?

പുസ്തക രൂപത്തില്‍ അടുത്ത് പ്രസിദ്ധീകരിക്കാനിടയുണ്ട്. കേരളത്തിലെ പ്രമുഖ പബ്ലീഷറില്‍ ഒരാള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

സ്നേഹത്തോടെ
ജെ പി അങ്കിള്‍
തൃശ്ശൂര്‍

Ignited Words said...

അമ്മാവാ ഉപദ്രവിക്കരുത്.
പൊത്തകമായിട്ടും ഇത് പൊറത്തിങ്ങുന്നെന്നൊ? എന്നാലത് ബൾക്കായി മേടിച്ചങ്ങ് ചുട്ട് കളഞ്ഞാലൊന്നൊരാലോചന. പുണ്യമെങ്കിലും കിട്ടും.

ബ്ലോഗിലിട്ട് ഈ പാവങ്ങളെയൊക്കെ ദ്രോഹിച്ചതും പോരാ അത് സിനിമയാക്കി നാട്ടുകാരെ മുഴുവൻ ഒരു മുഴം കയറിൽ ജീവനൊടുക്കിപ്പിച്ചിട്ടെ അടങ്ങുള്ളൂ എന്ന വാശിയിലാണൊ.

രു ബഹുജനമുന്നേറ്റം സംഘടിപ്പിച്ചാലോന്ന് ഒരു ചിന്ത..

Typist | എഴുത്തുകാരി said...

ഒരു സാദാ പ്രേക്ഷകന്റെ വിലയിരു‍ത്തല്‍ തന്നെയാണ് എനിക്കു വേണ്ടതും, ഞാനും ഒരു സാദാ പ്രേക്ഷകയായതുകൊണ്ട്.

എന്തായാലും കാണാന്‍ പറ്റിയില്ല.കാണണമെന്നുണ്ട്.

lakshmy said...

നന്നായിരിക്കുന്നു അവലോകനം

അനില്‍ കൃഷ്ണൻ said...

ഇവിടെ ഈ പടം വരും പൊല് കാണണം

Sandhya said...

ഈ സിനിമയെക്കുറിച്ചറീഞ്ഞതു മുതല്‍ കാണണമെന്നുണ്ട്. എന്നാണോ അത് സാധിക്കുക!

മലയാള സിനിമയില്‍ ഇത്തരം പരീക്ഷണങ്ങളും പുതിയ സംരഭങ്ങളും ആവശ്യമാണ്.ഈ പ്രതിഭയുടെ മിന്നലാട്ടം മലയാളസിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസം തരുന്നു

- സന്ധ്യ :)

നന്ദകുമാര്‍ said...

ആദ്യ ദിവസം തന്നെ ആ സിനിമ കണ്ട ഒരു പ്രേക്ഷകനാണ് ഞാന്‍.
തികച്ചും പുതുമയുള്ളതും വ്യത്യസ്ഥതയുമാര്‍ന്ന അവതരണമായിരുന്നു കേരള കഫേയുടേത്. 10 ഖണ്ഡങ്ങളുള്ള സിനിമയില്‍ ഇഷ്ടപ്പെടാത്തതു ചിലതുണ്ടെങ്കിലും ബ്രിഡ്ജ്, പുറംകാഴ്ചകള്‍ ഒക്കെ അവിസ്മരണീയമായി. തെരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമല്ല അവ അവതരിപ്പിച്ച രീതിയും പുതുമയുള്ളതാണ്. മമ്മൂട്ടിയൊക്കെ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തില്‍ നിന്നിറങ്ങി വന്നതും സലിംകുമാറിന്റേയും കല്‍പ്പനയുടേയും ഇതുവരെ കാണാത്ത പ്രകടനവും പതിവിനു വിപരീതമായി പല ചിത്രങ്ങളിലും നിശ്ശബ്ദത സജീവമാകുന്നതുമൊക്കെ.
കേരള കഫേ ഒരു സിനിമയല്ല...ഒരു അനുഭവമാണ്.

നന്ദകുമാര്‍ said...

പറയാന്‍ വിട്ടു സുനില്‍. വിശകലനം വളരെ നന്നായിരിക്കുന്നു. ഊര്‍ദ്ധശ്വാസം വലിക്കുന്ന മലയാള സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം നല്ല പരീക്ഷണങ്ങളെ കാണാതെ പോകരുത്.

siva // ശിവ said...

അനന്തപുരിയിലെ ഫിലിംഫെസ്റ്റിന് നല്ല കുറേ ചിത്രങ്ങള്‍ കാണാനൊരുങ്ങി ഇരിക്കുകയാണ്. നല്ല വിലയിരുത്തലുകള്‍.

തെച്ചിക്കോടന്‍ said...

നല്ല വിലയിരുത്തലുകള്‍

lally said...

സുനില്‍....
തനിക്ക് മൃത്യുഞ്ജയം മനസ്സിലായില്ല എന്ന് പറയൂ.. ആ സിനിം ആ പേരിനോട് അങ്ങേയറ്റം നീതി പുലര്‍ത്തി എന്നതാണ് സത്യം... മൃത്യുവിനെപ്പോലും ജയിക്കുന്ന പ്രണയത്തെക്കുറിച്ചായിരുന്നു സിനിമ..... അതില്‍ ആ സിനിം സ്വാഭാവികമായും വിജയിച്ചു..മറ്റെല്ലാം ഫാന്റസി എന്ന് കരുതി സമാധാനിക്കു...
പുറം കാഴ്ചകളിലെ മമ്മൂട്ടിക്ക് എന്തെങ്കിലും പ്രത്യെകത ഉള്ളതായിത്തോന്നിയില്ല.സൌന്ദര്യത്തിലൊഴികെ. മമ്മൂട്ടിയെക്കാണുമ്പോള്‍ നിങ്ങളൊക്കെ കവാത്ത് മറക്കുന്നതെന്തിനാണെന്നെനിക്ക് മനസ്സിലാകുന്നില്ല.മറ്റാരായാലും ചെയ്യുന്നതേ മമ്മൂട്ടിയും ചെയ്തുള്ളു.. ശ്രീനിവാസനാണെങ്കില്‍ ആരെങ്കിലുമൊന്ന് കബളിപ്പിക്കാന്‍ മറ്റെല്ലാസിനിമയിലുമെന്നത് പോലെ കാത്തിരിക്കുന്ന കഥാപാത്രം.....
അഭിനയത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ മകളിലെ അമ്മയെ നീ ഒരിക്കലും വിട്ട് കളയരുതായിരുന്നു...
എടുത്തു പറയാമായിരുന്ന് മറ്റൊരു കാര്യം പൃഥ്വിരാജ് എന്ന നടന്റെ മുഖശ്രീയിലും ആകാരത്തിലും ശബ്ദത്തിലുമുള്ള ആ grace ആയിരുന്നു....
നന്നായി സുനില്‍... നിന്റെ പോസ്റ്റ് നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു എന്നറിയുന്നതില്‍.... എല്ലാവരും കാണട്ടെ.. അറിയട്ടെ മലയാളത്തില്‍ നല്ല സിനിമകളും മിടുക്കരായ സംവിധായകരും കഴിവുള്ള അഭിനേതാക്കളും അന്യം നിന്നിട്ടില്ലെന്നു.....

മുരളി I Murali Nair said...

കേരള കഫെ കണ്ടിട്ടില്ല...ഞങ്ങള്‍ പ്രവാസികള്‍ക്ക് dvd ഇറങ്ങും വരെ കാത്തിരിക്കണം ഇതുപോലുള്ള സിനിമകള്‍ കാണാന്‍..സുഹൃത്തുക്കളില്‍ നിന്നും സിനിമയെ കുറിച്ച് ഏറെ കേട്ടിരുന്നു...
എല്ലാവരും പറഞ്ഞത് bridge നെ പറ്റി തന്നെ..
മലയാള സിനിമയില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട് എന്ന് വേണം പറയാന്‍..കേരള കഫെ അതിനു ഒരു തുടക്കമാവും എന്ന് പ്രതീക്ഷിക്കാം..

ബാബുരാജ് said...

കേരള കഫേ കണ്ടിരുന്നു. താങ്കളുടെ അഭിപ്രായം തന്നെ എനിക്കും. അതി മനോഹരം. ബ്രിഡ്ജ്‌ ആണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌. അത്ര ഭംഗി തോന്നാതിരുന്നത്‌ മൃത്യുജ്ഞയവും സീസണും മാത്രം.

Retheesh said...

ഇവിടെ വന്നാല്‍ എന്തായാലും പോകണമെന്നു കരുതിയിരിക്കുകയായിരുന്നു.. അപ്പോഴാവലിച്ചു നീട്ടാതെ മനസ്സിലാകുന്ന തരത്തില്‍ സുനിലിന്‍റെ വിശകലനം..

സ്വപ്നാടകന്‍ said...

അതെ!തീര്‍ച്ചയായും രഞ്ജിത്തും കൂട്ടരും അഭിനന്ദനമര്‍ഹിക്കുന്നു..ബ്രിഡ്ജ് നമ്മെ വേട്ടയാടുന്ന ഒരനുഭവം തന്നെയാണ്.
മൃത്യുഞ്ജയം എനിക്കും മനസ്സിലായില്ല..ഭൂരിപക്ഷം പേര്‍ക്കും എന്നുതന്നെ കരുതുന്നു.അനാവശ്യമായി ദുര്‍ഗ്രാഹ്യമാക്കി അലമ്പാക്കി എന്നാണു തോന്നിയത്."മൃത്യുവിനെപ്പോലും ജയിക്കുന്ന പ്രണയത്തെക്കുറിച്ചൊന്നും" സിനിമ ഫീല്‍ ചെയ്യിക്കുന്നു പോലുമില്ല.സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസിലിന്റെ പുതിയ രൂപത്തിലുള്ള തിരിച്ചുവരവ് മാത്രമാണ് ആകെ പുതുമ.
നൊസ്ടാള്‍ജിയയും പറഞ്ഞു പഴകിയ തീം തന്നെ.ദിലീപിന്റെ വളരെ അമേച്വറിഷ് അഭിനയം ഇത്തിരി മടുപ്പുണ്ടാക്കുന്നുണ്ട് താനും.
പൃഥ്വിരാജിന്റെ അസാധ്യ ഭംഗിയും ശബ്ദവുമല്ലാതെ,ഐലന്റ് എക്സ്‌പ്രസ് പ്രേക്ഷകരുടെ മനസ്സിനെ സ്പര്‍ശിക്കുന്നില്ല,ഒരുപാട് താരങ്ങളുണ്ടെങ്കിലും.
കോമഡി ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ളത് ഹാപ്പി ജേണിയിലാണെന്നും തോന്നി.
നന്നായി അവലോകനം ചെയ്തു സുനിലേട്ടന്‍..:)

കാന്താരിക്കുട്ടി said...

അവലോകനം മികച്ചതായി.പക്ഷേ ഈ സിനിമ കാണാനൊത്തില്ല.പഴശ്ശിരാജ പോയിക്കണ്ടതിനാൽ ഇത് കാണാൻ ഉടനെ ചാൻസ് ഇല്ല. ഇനി ടീവി യിൽ വരുമ്പോ കാണാം ന്നു കരുതണു.

ദൃശ്യന്‍ | Drishyan said...

നല്ല വിലയിരുത്തലുകല്‍ സുനില്‍. വൈകിയാണെങ്കിലും ഞാനും സിനിമ കണ്ടു... എനിക്കിഷ്ടപ്പെട്ട ഓര്‍ഡര്‍..
Bridge
Happy Journey
Makal
Puram Kazhchakal
Nostalgia
Aviramam
Island Express
Lalitham Hiranmayam
Mrityunjayam
Off Season

സസ്നേഹം
ദൃശ്യന്‍
സിനിമാക്കാഴ്ച

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“കേരളാ കഫേയില്‍ “ വന്ന എല്ലാവര്‍ക്കും നന്ദി.
അഭിപ്രായങ്ങള്‍ അറിയിച്ച
ബിലാത്തിപട്ടണം / Bilatthipattanam
ഹരീഷ് തൊടുപുഴ
ശ്രീ
kathayillaaththaval
നിരക്ഷരന്‍
ജെ.പി.വെട്ടിയാട്ടില്‍
Ignited Words
Typist | എഴുത്തുകാരി
lakshmy
അനില്‍
Sandhya
നന്ദകുമാര്‍
ശിവ
തെച്ചിക്കോടന്‍
lally
മുരളി
ബാബുരാജ്
സ്വപ്നാടകന്‍
കാന്താരിക്കുട്ടി
ദൃശ്യന്‍ -- എല്ലാവര്‍ക്കും നന്ദി

ലാലിയുടെ ഭിന്നാഭിപ്രായങ്ങളെ മാനിക്കുന്നു.നന്ദി
ദൃശ്യന്‍- താങ്കളുടെ സിനിമാ അവലോകനങ്ങള്‍ വായിക്കാറുണ്ട്.

Pyari K said...

പോയ വര്ഷം മലയാള സിനിമയ്ക്കു ഒരു പുനര്‍ജ്ജന്മം തന്നെ നല്‍കിയെന്ന് തോന്നുന്നു. തികച്ചും വ്യത്യസ്തമായി നിന്ന ഒരു cinema തന്നെയായിരുന്നു കേരള cafe.

എനിക്കേറ്റവും പ്രിയപ്പെട്ടത് "പുറം കാഴ്ചകള്‍" ആയിരുന്നു.

പുതുവത്സരാശംസകള്‍!

Pyari K said...

theatre ഇല്‍ തന്നെ പോയി കണ്ടു . (എപ്പോഴത്തെയും പോലെ.)

ഈ വരികള്‍ ആര്‍ക്കെങ്കിലും പ്രോത്സാഹനമാകുമെങ്കില്‍ ആവട്ടെ എന്ന് കരുതി തന്നെ എഴുതി ചേര്‍ത്തതാണ്.