ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.
മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..
മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.
മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്ത്തകന് എന്‍.മാധവന് കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്കുന്നതില് ഏറ്റവും മുന്പതിയില് നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.
തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോര്‍ക്കിന്റേയും വ്യവസായ പ്രമുഖന് രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്ഡ്യാവിഷന് വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്പര്യങ്ങള്ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.
സി.പി.ഐ എം തമിഴ്നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര് വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.
ഇടത്ത് : ഡബ്ല്യൂ.ആര് വരദരാജന്
ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വകലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില് ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന് കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്,സി.പി.ഐ.എമ്മിന്റെ തമിഴ്നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.
(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)
ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കായി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.
(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)
സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി
ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍
----------------------------------
(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്)
സദസ്സിന്റെ ഒരു ഭാഗം
ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാധ്യമപ്പട വളഞ്ഞപ്പോള്‍
എ.കെജിയും ഇ.എം.എസും
ചിത്രപ്രദര്‍ശനത്തിലെ ചില ചിത്രങ്ങള്‍
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം
വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി
സ:ഇ.എം എസും സ:പിണറായി വിജയനും
കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.
(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)
20 comments:
മദിരാശി കേരള സമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് അനിര്‍വചനീയമാണ്.ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മവാര്ഷിക ആഘോഷങ്ങള്‍ നടത്തുന്നതിലൂടെ സമാജം അതിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു!
സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ആകാമോ എന്നൊരു പരിശ്രമം!
മാദ്ധ്യമ സിന്റിക്കേറ്റ് എന്ന ലളിതമായ പദത്തേക്കാള്‍, അര്‍ത്ഥവത്തും വിശാലവുമായ, തേജസ് തൊട്ട് ജന്മഭൂമി വരെയുള്ള നിറക്കൂട്ടുകളും, മനോരമ തൊട്ട് മാതൃഭൂമി വരെയുള്ള വിഷക്കൂട്ടുകളാലും സമ്പന്നമായ, മഴവില്‍ മാദ്ധ്യമ സഖ്യത്തെക്കുറിച്ച് എന്‍. മാധവന്‍കുട്ടി വിവരിച്ചത്, ഇന്ന് മാദ്ധ്യമലോകത്തെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയെ തുറന്നു കാട്ടുന്ന ഒന്നായിരുന്നു. കമ്പോളവല്ക്കരണമില്ലാതെ നിലനില്ക്കുവാന് ബുദ്ധിമുട്ടുന്ന ഫോര്‍ത്ത് എസ്റ്റേറ്റിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചതുര്‍ത്ഥിയായതില്‍ അതിശയപ്പെടുവാനൊന്നുമില്ല. എന്നാല്‍, നിക്ഷ്പക്ഷത നടിച്ച്, ഇടതുപക്ഷത്തെ നന്നാക്കുവാന്‍ നടക്കുന്ന ഈ പത്രങ്ങളുടെ മുതലാളിമാരുടെ തനിനിറം മനസ്സിലാക്കുവാന്‍ നാമെല്ലാം പരാജയപ്പെട്ടിരിക്കുന്നു. ബ്ലോഗ്ഗ് പോലുള്ള സമാന്തര മാദ്ധ്യമങ്ങളുടെ പ്രസക്തി, ഇത്തരം ആട്ടിന്‍ തോലിട്ട പട്ടികളെ പൊതുജനമദ്ധ്യത്തിലെത്തികുവാനുള്ള മാര്‍ഗ്ഗം എന്ന നിലയ്ക്കാണ്.
റിപ്പോര്‍ട്ടിങ്ങ് കേമമായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ചില നല്ല പോയിന്റുകള്‍ മിസ്സായില്ലേ എന്നൊരു സംശയവുമുണ്ട്. [ഫോര്‍മാറ്റിങ്ങും അത് പോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു]
നന്ദി..ശ്രമത്തിനു എല്ലാ ഭാവുകങ്ങളും. നന്നായിട്ടുണ്ട്..ഞാനിത് പി.ഡി.എഫ് ആക്കും..
മലയാളനാടിന്റെ മഹാനായ പുത്രന്റെ ജന്മശതാബ്ദി ആഘോഷങ്ങളില്‍
ചെന്നൈയിലെ മലയാളികള്‍ക്കൊപ്പം പങ്കെടുത്ത പ്രതീതി .....
നന്നായിട്ടുണ്ട് സചിത്ര വിവരണം ...
ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും ...
'പരിശ്രമം ' സുന്ദരമായ പരിസമാപ്തിയിലെത്തട്ടെ എന്ന പ്രാര്‍ഥനയും .
സഖാവ് ഈ എം എസ്ന്റെ നൂറാം ജന്മവാര്ഷിക ആഘോഷങ്ങള്‍ക്ക് അഭിവാദനങ്ങള്‍ ആശംസകള്‍.
മഹാനായ ഒരു ജനസേവകന് മനുഷ്യസ്നേഹി എന്നി നിലകളില്‍ ഈ എം എസ് എന്നും ഓര്‍മ്മയില്‍ ജീവിക്കും.
ഫോട്ടൊയും വിവരണവും നന്നായി, സുനിലിന്റെ മറ്റൊരു നല്ല പോസ്റ്റ്.
കൊള്ളാം
:-)
സുനിലേ, പരിശ്രമം മോശമായിട്ടില്ലാട്ടോ. ലാല്‍ സലാം.
സഖാവേ..
ലേഖനം കൊള്ളാം.. അഭിനന്ദനങ്ങള്‍
വരാനൊത്തില്ലെങ്കിലും വിവരങ്ങള്‍ പങ്കു വെച്ചതിന് നന്ദി :)
"പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു."
ഹ ഹ..തമാശ തമാശ...
പക്ഷം,ഒരു കൂട്ടര്‍ക്ക് മാത്രം ആവുന്നതാണോ പ്രശ്നം?
ദേശാഭിമാനി സൃഷ്ടിക്കുന്ന വാര്ത്തകളെപ്പറ്റി എന്തെ മാധവന്‍കുട്ടി വിവരിച്ചു കണ്ടില്ല..
അവസരവാദികളുടെ തലതൊട്ടപ്പനായ ഇ എം എസ് ഇന്നും പ്രസക്തന്‍ തന്നെ!!
'പക്ഷം,ഒരു കൂട്ടര്‍ക്ക് മാത്രം ആവുന്നതാണോ പ്രശ്നം?'
അല്ലല്ലോ...! പാര്‍ട്ടിയുടെ മുഖപത്രം എന്ന നിലയില്‍ പാര്‍ട്ടിക്കു വേണ്ടി എഴുതുന്ന - എഴുതേണ്ട - പത്രമായ ‘ദേശാഭിമാനി’യെയും പാര്‍ട്ടിയുടെ എതിരാളികളുടെ ‘അനൌദ്യോഗിക ജിഹ്വ’കളായി വര്‍ത്തിക്കുന്ന ‘നിഷ്പക്ഷ’ന്മാരെയും ഒരുപോലെ അളക്കാന്‍ ശ്രമിക്കുന്നതിലാണ് പ്രശ്നം! (‘വീക്ഷണ’മോ ‘ചന്ദ്രിക’യോ ‘ജന്മഭൂമി’യോ പോലെ മറ്റു പാര്‍ട്ടികളുടെ മുഖപത്രങ്ങളുടെ കാര്യമൊന്നും ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് കാണാതെ പോയതാവില്ലല്ലോ?)
മുഖപ്പത്രമെന്നാല് പാര്‍ട്ടിയ്ക്ക് വേണ്ടി വാര്‍ത്തകള്‍ "സൃഷ്ടിക്കുന്ന" ഒന്നാണോ?അടിസ്ഥാനപരമായി അതും "പത്രം" ആണല്ലോ..പിന്നെയല്ലേ പാര്‍ട്ടിപ്പത്രം ആകുന്നുള്ളൂ..പാര്‍ട്ടിപ്പത്രത്തിന്റെ മുതലാളിയായ പാര്‍ട്ടിയ്ക്ക് താല്പര്യങ്ങള് ഉണ്ടാകുന്ന പോലെ,മറ്റു പത്രങ്ങളുടെ മുതലാളിമാര്‍ക്കും താല്പര്യമുണ്ട്.അത് സ്വാഭാവികം.മാധവന് കുട്ടിക്കും ഉണ്ടാകുമല്ലോ താല്പര്യങ്ങള്..
സുനിലേ.....
ആദ്യമേതന്നെ വിശദമായ റിപ്പോര്‍ട്ടിംഗിനു നന്ദി പറയട്ടെ,....ആവേശം ചോര്‍ന്നുപോകാത്ത വിവരണം.ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ പത്ര റിപ്പോട്ട് വളരേ കൗതുകത്തോടെയാണ് കണ്ടത്..ആശംസകള്‍....അഭിവാദനങ്ങള്‍
ഈ റിപ്പോര്‍ട്ട് വായിച്ച എല്ലാവര്ക്കും നന്ദി.അഭിപ്രായങ്ങള്‍ അറിയിച്ച ഞാന്‍,മൂര്‍ത്തി, kathayillathaval,മാണിക്യം, ഉപാസന, എഴുത്തുകാരി,കിച്ചു, ദേവദാസ്,സ്വപ്നാടകന്,വിജി പിണറായി എന്നിവര്‍ക്ക് പ്രത്യേകം നന്ദി
സ്വപ്നാടകന്- കേരളത്തിലെ മിക്ക പത്രങ്ങളും നിഷ്പക്ഷര്‍ എന്ന നാട്യേന ഇടതു പക്ഷത്തിനെതിരെ വാര്‍ത്തകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ചാണു മാധവന്‍കുട്ടി പറഞ്ഞത്.അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഇന്ന് കുത്തകകളുടെ കൈയില്‍ ആണു.അത്തരം മാധ്യമങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുന്നു.അതേ സമയം ഇടതു പക്ഷത്തെ “നന്നാക്കാന്‍” എന്ന വ്യാജേന ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതാണു അദ്ദേഹം പറഞ്ഞത്.താങ്കള്‍ക്ക് ഏതു പക്ഷത്തു വേണമെങ്കിലും നില്ക്കാം.
ഇ.എം എസ് അവസാന ശ്വാസം വരെ നാടിനും സ്വന്തം പ്രസ്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിച്ചു.അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ എതിരാളികളായ താങ്കളെപ്പോലുള്ളവര്‍ക്ക് അദ്ദേഹം അവസരവാദിയെന്നു തോന്നും.കാരണം അത്തരക്കാരുടെ ആഗ്രഹങ്ങളുടെ സംരക്ഷണം അല്ലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
വന്നതിനും അഭിപ്രായം എഴുതിയതിനുന് നന്ദി.
FREE Kerala Breaking News in your mobile inbox. From your mobile just type ON KERALAVARTHAKAL & sms to 9870807070
This is absolutely free anywhere in India. No SMS charges for receiving the news. 100% FREE!
Please tell your friends to join & forward it your close friends.
ലാല്‍ സലാം..
സുനിലേട്ടാ..
"അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഇന്ന് കുത്തകകളുടെ കൈയില്‍ ആണു.അത്തരം മാധ്യമങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുന്നു.അതേ സമയം ഇടതു പക്ഷത്തെ “നന്നാക്കാന്‍” എന്ന വ്യാജേന ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു."
[ശ്രീനിവാസന്റെ ഡയലോഗാണ് ആദ്യം ഓര്മ വന്നത് :വല്ല കുത്തക മുതലാളിയായിരിക്കുമെന്നു വിചാരിച്ചു ഞാന്‍ പേടിച്ചുപോയി..;)]
തങ്ങള്‍ "നന്നാവലിന്റെ" പരകോടിയിലെത്തിയിരിക്കുകയാണെന്ന അഹം ബോധത്തില്‍ നിന്നല്ലേ ഈ ചിന്ത ഉടലെടുക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്.ടിപ്പിക്കല്‍ ഇടതുപക്ഷ ചിന്താഗതി തന്നെ.ഞങ്ങളാണ് ഏറ്റവും മഹാന്മാര്..ഞങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങള്‍ കൈയും കെട്ടി നിന്ന് കണ്ടോളണം,അനുഭവിച്ചോളണം.അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ ആരും വരണ്ട.
ഇ എം എസ് കേരളം കണ്ട ഏറ്റവും വലിയ അവസരവാദികളിലൊരാളാണെന്നതിനു ചരിത്രം സാക്ഷിയാണ്..അദ്ദേഹത്തിന്റെ നിലപാടുകളും താത്വിക വിശകലനങ്ങളും ഒന്ന് പരിശോധിച്ചാല്‍ മതി,തെളിവ് കിട്ടും.
സുനിലേട്ടന് ഇവിടെ കൊടുത്തിരിക്കുന്ന ഡബ്ല്യൂ. ആര്. വരദരാജന്റെ ഫോട്ടോ കണ്ടിരിക്കുമല്ലോ. ഇദ്ദേഹത്തെ കാണാനില്ലെന്ന വാര്‍ത്ത ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ (ചെന്നൈ എഡിഷന്)ആദ്യ താളില്‍ തന്നെ ബോക്സില്‍ കൊടുത്തിട്ടുണ്ട്. ഇന്നലത്തെ ഓണ്‍ലൈന്‍ എഡിഷനിലും ഉണ്ടായിരുന്നു ഇതേ വാര്‍ത്ത. അതും ഫോട്ടോ സഹിതം. എന്നാല്‍ പ്രസ്തുത ഫോട്ടോ എടുത്തത് നമ്മുടെ സഹ ബ്ലോഗ്ഗര്‍ പ്രതീഷ് പ്രകാശ് ആണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്നത് പോട്ടെ, ചിത്രത്തിന്റെ ഉറവിടം എവിടെ നിന്നു, എന്നു വ്യകതമാക്കാന് പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മുതിര്‍ന്നില്ല.
സുനിലേട്ടന് ഫോട്ടോ ഉപയോഗിച്ചിരിക്കുന്നതിനു നന്ദി പറഞ്ഞത് കാണുക. ഈ മര്യാദ എന്തേ മാധ്യമ അതികായന്മാര്ക്ക് ബാധകം അല്ലേ? ഈ ഇടത്തില്‍ പതിവായി വരുന്ന എല്ലാവരും ഇതില്‍ പ്രതിഷേധിക്കാന്‍ അഭ്യര്‍ഥിക്കുന്നു.
ലിങ്ക് ഇവിടെ:
http://njaan.in/2010/02/19/mass-copyright-creative-commons-deed-violations-by-media/comment-page-1/#comment-1238
Kollam, I like your Post, Brilliant so you are qualified to become a citizen journalist, go ahead, Goodluck
Post a Comment