Sunday, January 9, 2011

അടിമച്ചന്ത അഥവാ വികസനം

അടിമച്ചന്തയുടെ ദിനം...

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അടിമലേലത്തില്‍ പങ്കെടുക്കാനും ലേലം കാണാനും രാവിലെ മുതല്‍ ജനത്തിരക്കു തുടങ്ങിയിരുന്നു..ജനുവരിയിലെ തണുത്ത് വിറങ്ങലിച്ച പ്രഭാതത്തിനു പോലും അവരെ തടയാന്‍ സാധിച്ചില്ല.

മല്ലയുദ്ധങ്ങള്‍ക്കു വേണ്ടിയാണു ഈ അടിമകളെ ലേലത്തില്‍ പിടിക്കുന്നത്.ലക്ഷക്കണക്കിനു ആള്‍ക്കാരാണു ഈ മല്ലയുദ്ധം കാണാന്‍ കാത്തിരിക്കുന്നത്.അതുകൊണ്ടു തന്നെ ഏറ്റവും വരുമാനം കൂടിയ ഒരു കായിക വിനോദമായി അത് മാറിക്കഴിഞ്ഞിരുന്നു.ഉറച്ച പേശീബലമുള്ള മല്ലന്മാരെ സ്വന്തമാക്കാന്‍ രാജ്യത്തെ മുഴുവന്‍ കോടീശ്വരന്മാരും അന്നവിടെ എത്തിച്ചേരും.

സ്വന്തമാക്കിക്കഴിയുന്ന നല്ല യോദ്ധാക്കളുടെ പേരുകള്‍ പറഞ്ഞ് അവര്‍ സ്വയം അഭിമാനം കൊണ്ടു.

എത്തിപ്പെടാന്‍ പറ്റാത്തവര്‍ സ്വന്തം വീട്ടിലെ വിഡ്ഡിപ്പെട്ടികള്‍ തുറന്നുവച്ച് സാകൂതം വീക്ഷിച്ചിരുന്നു.

ലേലം തുടങ്ങി...സ്വയം വില്‍ക്കാന്‍ തയ്യാറായി വന്ന അടിമകള്‍ ചന്തയുടെ പല ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു..തങ്ങളെ വിറ്റുകിട്ടുന്ന പണം കൊണ്ടു പോകാന്‍ അവരില്‍ ചിലര്‍ വലിയ ചാക്കുകള്‍ കൈയില്‍ കരുതിയിരുന്നു.

അവരില്‍ പല തരക്കാര്‍, പല രാജ്യക്കാര്‍..പല പ്രായക്കാര്‍..ചില അടിമകളെ കണ്ട് നാട്ടുകാര്‍ സന്തോഷഭരിതരായി..

പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്‍‌ക്കാന്‍ വച്ചിരുന്നു...

പണ്ട് പറമ്പില്‍ കിളച്ചതിന്റേയും വെള്ളം കോരിയതിന്റേയും പല പല മല്ലയുദ്ധങ്ങളില്‍ പങ്കെടുത്തതിന്റേയും ഫോട്ടോകള്‍ അവരില്‍ ചിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു..അക്കാലത്ത് അവരില്‍ നല്ല മസിലുകള്‍ വളര്‍ന്നു നിന്നിരുന്നു....അന്ന് അടിമക്കച്ചവടം ഇല്ലാതിരുന്നതിനാല്‍ സ്വയം വിറ്റ് പണം സമ്പാദിക്കാന്‍ പറ്റാത്തവരായിരുന്നു അവര്‍....ഒരു കാലത്ത് അവരെ കണ്ടാല്‍ ആര്‍ത്തുല്ലസിച്ചിരുന്ന നാട്ടുകാരില്‍ പലരും അവരെ ശ്രദ്ധിച്ചതേ ഇല്ല.

ഇനിയവരെ ആര്‍ക്ക് വേണം.....

കാലം മാറി..ഇന്നലെ വരെ തങ്ങള്‍ക്കായി കാത്തു കെട്ടിക്കിടന്നവര്‍ അവരെ കണ്ടഭാവം നടിച്ചില്ല..

പുതിയ യജമാനന്മാര്‍ക്ക് നല്ല പുളപ്പന്‍ അടിമകളോടായി താല്‍‌പര്യം...പണം അവര്‍ക്കൊരു പ്രശ്നവുമല്ല....ഉള്ളി വാങ്ങാനല്ലേ പണം തികയാത്തതുള്ളൂ.....ഇതിനൊക്കെ പണത്തിനാണോ പഞ്ഞം ?

ലേലം തുടങ്ങി...

അവര്‍ കോടികള്‍ വാരിയെറിഞ്ഞു .

ആ പണം കണ്ട് കച്ചവടം കണ്ടു നിന്ന നാട്ടുകാര്‍ “ഹുറേ ഹുറേ” എന്നാര്‍ത്തു വിളിച്ചു..അവരില്‍ ഭൂരിപക്ഷവും നാളുകളായി ഒരു നോട്ടു കെട്ട് പോലും കണ്ടിട്ടില്ലാത്തവരായിരുന്നു..കൊടീശ്വരന്മാരുടെ പണ സഞ്ചിയില്‍ നിന്ന് ഇറങ്ങുന്ന പണക്കിഴികള്‍ കണ്ട് അവരില്‍ പലരും ഹര്‍ഷോന്മാദത്തിലായി.ഒരു കഷണം ഉള്ളിയോ ഒരു തുള്ളി എണ്ണയോ ഇല്ലാത്തതുകൊണ്ട് വീട്ടിലെ അടുപ്പ് പുകഞ്ഞിട്ട് ദിവസങ്ങളായി എന്ന ചിന്ത അവരില്‍ ഉണ്ടായതേ ഇല്ല......

ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് പണമില്ലാത്തതെന്നും പട്ടിണി കിടക്കേണ്ടി വന്നതെന്നും അവരില്‍ ചില ദുഷ്ടന്മാര്‍ അടക്കം പറഞ്ഞു...അവരെ ലേലക്കാരുടെ പിണിയാളുകള്‍ കൈകാര്യം ചെയ്തു ..പ്രതിഷേധക്കാരുടെ പ്രധാന അവയവങ്ങള്‍ അവര്‍ വൃത്തിയായി അരിഞ്ഞെടുത്തു സഞ്ചികളില്‍ സൂക്ഷിച്ചു.

ലേലം പൊടി പൊടിച്ചു.സ്വന്തമാക്കപ്പെട്ട അടിമകളുമായി യജമാനന്മാര്‍ ചന്തക്ക് വലം വച്ചു.മല്ലയുദ്ധം കൊണ്ടുവരാന്‍ പോകുന്ന വികസന സാധ്യതകളെ പറ്റി അവിടെ എത്തിച്ചേര്‍ന്നിരുന്ന ഭരണാധികാരികള്‍ വാചാലരായി.കിട്ടിയ പണം ചാക്കുകളിലാക്കി അടിമകള്‍ തലയില്‍ ചുമന്നു നടന്നു.

സന്ധ്യയായി.

അപ്പോളും ആര്‍ക്കു വേണ്ടാത്തവര്‍ കാത്തിരുന്നു.അവരുടെ കണ്ണുകളില്‍ നനവിന്റെ ആര്‍ദ്രത.ഗതകാല സ്മരണകളില്‍ അവര്‍ മുഴുകി.ഒട്ടനവധി മല്ലയുദ്ധങ്ങളില്‍ യജമാനന്മാര്‍ക്ക് വേണ്ടി പോരാടിയതിന്റെ ഓര്‍മ്മകള്‍ ദു:ഖങ്ങള്‍ക്കിടയിലും ഒരു ചെറു പുഞ്ചിരി അവരുടെ ചുണ്ടുകളില്‍ വിടര്‍ത്തി

ആളുകള്‍ പിരിഞ്ഞു തുടങ്ങി..നാടിന്റെ പുരോഗതി ഓര്‍ത്ത് അവര്‍ അഭിമാനിച്ചു.

ചന്ത നാളെയും ഉണ്ടാവും..വ്യാപാരം പൊടി പൊടിച്ചേക്കാം...തങ്ങള്‍ക്കും ഒരു യജമാനന്‍ വരാതിരിക്കില്ല എന്നവര്‍ ആശ്വാസം കൊണ്ടു.........

നിങ്ങള്‍ക്ക് വേണ്ടിയാണ് ഇതെല്ലാം ഞങ്ങള്‍ ചെയ്യുന്നതെന്ന് ഭരണാധിപന്മാര്‍ ജനങ്ങളോട് പറഞ്ഞു.അവര്‍ സന്തോഷപൂര്‍വം വീടുകളിലേക്ക് മടങ്ങി....!

(ചിത്രം മാത്രം ഗൂഗിളിനു സ്വന്തം)

14 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇത്രേം പണം നമ്മുടെ നാട്ടിലുണ്ടായിട്ടാണോ ഈ നമുക്ക് പണമില്ലാത്തതെന്നും പട്ടിണി കിടക്കേണ്ടി വന്നതെന്നും അവരില്‍ ചില ദുഷ്ടന്മാര്‍ അടക്കം പറഞ്ഞു...അവരെ ലേലക്കാരുടെ പിണിയാളുകള്‍ കൈകാര്യം ചെയ്തു ..പ്രതിഷേധക്കാരുടെ പ്രധാന അവയവങ്ങള്‍ അവര്‍ വൃത്തിയായി അരിഞ്ഞെടുത്തു സഞ്ചികളില്‍ സൂക്ഷിച്ചു.

അടിമച്ചന്തയില്‍ നടന്നത്...

പാപ്പാത്തി said...

oho..ippaneemundo...> kollallo vedeon...!!

അനിൽ കൃഷ്ണൻ (Anil Krishnan) said...

Enikkishtapettu.

നാട്ടുകാരന്‍ said...

Very Good....

Keep the spirit up....

lekshmi. lachu said...

enganeyum chantha undaakumo??kadha kollaam..

വേണു venu said...

മനുഷ്യ ചന്തയാണു്.ഇതു തുടങ്ങി ഒരുപാടു നാളായല്ലോ.:)
http://nizhalkuth.blogspot.com/2010/01/blog-post_21.html

മഹേഷ്‌ വിജയന്‍ said...

ആക്ഷേപ ഹാസ്യം കലക്കി... സൂപ്പര്‍

കുഞ്ഞൂസ് (Kunjuss) said...

ഏതു രീതിയിൽ പറഞ്ഞു കൊടുത്താലും, കാണിച്ചു കൊടുത്താലും നമ്മുടെ ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല സുനിലേ... അതോ മനസ്സിലായില്ല എന്നു നടിക്കുന്നതോ...?എന്നാണ് നമുക്കു തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുക?ഒറ്റപ്പെട്ട ശ്രമങ്ങൾ പാഴായിപോകുന്നതു അറിയാതെയല്ല.എങ്കിലും മുഷ്ടി ചുരുട്ടിപ്പോകുന്നു !
കുറിക്കു കൊള്ളുന്ന ഹാസ്യം നന്നായിരിക്കുന്നു ട്ടോ...

Vivek said...

നന്നായി !! കേഴുക പ്രീയനാടെ കേഴുക ..

മുക്കുവന്‍ said...

പല്ലു കൊഴിഞ്ഞ ചില അടിമകള്‍ ചന്തയില്‍ സ്വയം വില്‍‌ക്കാന്‍ വച്ചിരുന്നു... വയസ്സായിട്ടും ഇല്ലെന്ന് നടിച്ച് എനിക്കിനിയുമുണ്ടൊരു ബാല്യമെന്നൊക്കെ വീശാന്‍ ഇത് 90കളിലെ ഇന്ത്യയല്ലാ‍ാ‍ാ മാഷെ!

Anonymous said...

കോടികള്‍ കൊണ്ടംമാനമാടുന്നവരുടെ രാസകേളികള്‍ നമ്മുടെ ചാനലുകളില്‍ പൊടിപൊടിക്കുകയാണ്.
ഐ പീ എല്‍ മഹാമഹം ദരിദ്ര ഇന്ത്യയുടെ അഭിമാനമാവുന്നു...! ശശി തരൂരും സുനന്ദ പുഷ്കരനും പ്രീതി ശിന്ടയും ടീന അംബാനിയും ദരിദ്ര ജനകോടികളുടെ കാണപ്പെട്ട
ദയിവങ്ങലാകുന്നു.....!
20 രൂപ പോലും വരുമാനമില്ലാത്ത 80 കോടി ജനങ്ങളുടെ നെഞ്ചില്‍ ചവിട്ടി കോടികള്‍ വിലമതിക്കുന്ന താരങ്ങള്‍ സെഞ്ചുറികള്‍ അടിക്കട്ടെ..! നാടിന്‍റെ വികസനത്തിന്നായി അതമാര്തമായി ആഗ്രഹിച്ചു കൊണ്ട് പഠനങ്ങളും സമ്മേളനഗലും നടത്തുന്ന ജനപക്ഷത്തെ,വിവാദം സൃഷ്ട്ടിച്ചുകൊണ്ട് കരിവാരിതെക്കുന്നമാധ്യമതമ്പുരാക്കന്മാര്‍,
മറുവശത്ത് കള്ളപ്പണം വെളുപ്പിക്കാം ഐ പീ എല്‍ ചൂതാട്ടം നടത്തുന്ന ജനവിരുദ്ദരെ വെള്ളപൂശാന്‍ കുഴലൂതുമായി നിരന്തരം നിര്‍ഭയം വിടുപണി ചെയ്ത കൊണ്ടേയിരിക്കുന്നു...!
അഴിമതിയും ചൂതാട്ടവും വിലകയറ്റവും ഭക്ഷ്യക്ഷാമവും തൊഴിലില്ലായ്മയും ഒരു നാടിന്‍റെ ശാപങ്ങളായി അരങ്ങു തകര്‍ക്കുമ്പോള്‍ നമുക്ക് ഇങ്ങനെ ഇരുപത്തിനാല് മണിക്കുറും സീ പീ എം പിണറായി അച്ചുധനന്ത ചന്ദ്രപ്പ വിവാദങ്ങള്‍ പടച്ചുണ്ടാക്കി ആനന്ത ലബ്ധിയില്‍ ആരാടം..!

ഓം നാലാംതൂണായ നമഹ ......

Kalavallabhan said...

കുറിക്ക് കൊണ്ടു.
ഇവിടെ ഇപ്പോൾ എന്തും വിലയ്ക്ക് കിട്ടും.

ചാർ‌വാകൻ‌ said...

അടിമച്ചങ്ങല ആഭരണമായി കരുതുകയും,അതുതലോടി നിർവൃതി കൊള്ളുകയും ചെയ്യുന്ന ജനത്തിന്,സ്പോട്സ് എന്താ,കച്ചവടം എന്താ ,എന്നെങ്ങനയാണ് പറഞ്ഞുകൊടുക്കുക.?
സുനിൽ,നന്നായി.

Sarin said...

hey sunil, good one..

njan link facebookil koduthintundu..