Tuesday, October 25, 2011

മുംബൈ കഥകള്‍ -2 :ബസ് നമ്പര്‍ 65, അണിക് ഡിപ്പോ

മുംബൈ ( അന്നത്തെ ബോംബെ)യില്‍ പഠിക്കാന്‍ പോയ സമയത്തു തന്നെ വിചാരിച്ചിരുന്നതാണു സു(കു)പ്രസിദ്ധമായ “കാമാത്തിപ്പുര” എങ്ങനെയെന്ന് ഒന്നു കാണണമെന്ന്.അതിനു മുന്‍പ് മീരാനായരുടെ ‘സലാം ബോംബെ’ കണ്ടിരുന്നതിന്റെ ഓര്‍മ്മയും ഉണ്ട്. കൂടാതെ ‘കാമാത്തിപ്പുര’യെപറ്റി നാട്ടിൽ വച്ച് കേട്ടിട്ടുള്ള നിറം പിടിപ്പിച്ച കഥകളും.

മുംബൈയിലെ ‘മാട്ടുംഗ‘യിൽ യൂണിവേർസിറ്റി ക്യാമ്പസിനുള്ളിലായിരുന്നു കോളേജും ഹോസ്റ്റലും.യൂണിവേര്‍സിറ്റി ഹോസ്റ്റൽ കോളേജിനു തൊട്ടു പുറകിൽ തന്നെ.ആ ജീവിതം ഞങ്ങൾ നന്നായി ആസ്വദിച്ചു.യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളും അവിടെ ഇല്ലായിരുന്നു.എപ്പോൾ വേണമെങ്കിലും വെളിയിൽ പോകാം, വരാം.അവിടുത്തെ പതിവനുസരിച്ച് രാത്രിഭക്ഷണം വൈകിട്ട് 7 മുതൽ 8.30 വരെ ആയിരുന്നു.ഭക്ഷണം കഴിഞ്ഞ് മെസ് ഹാളിനു മുന്നിലും അതിന്റെ പരിസരങ്ങളിലുമായി ചെറിയ ചെറിയ കൂട്ടങ്ങളായി കൊച്ചു വർത്തമാനം പറയുന്നവരുടെ ഇടയിളേക്ക് ആരെങ്കിലും വന്ന് ചോദിക്കുകയായി

“ ഫിലിം ദേഖ്‌നേ കേ ലിയേ കോയി ആ രഹാ ഹേ ക്യാ?”

“അരേ ഭായി കോൻസാ ഫിലിം ഹേ? വി.ടി ജായേംഗേ ക്യാ?” ആരോ തിരിച്ചു ചോദിക്കുന്നു.

പിന്നെ ഒറ്റപ്പോക്കാണ്.ഒരു ചെറു സംഘം.ഞങ്ങള്‍ മലയാളികള്‍ എപ്പോളും മുന്നില്‍ നിന്നിരുന്നു.

ഹോസ്റ്റലിന്റെ പുറകിലൂടെ കിടക്കുന്ന റോഡിൽ കൂടി ഒരു 6-7 മിനിട്ട് നടന്നാൽ വഡാല റോഡ് സ്റ്റേഷനായി.വഡാല സ്റ്റേഷനില്‍ നിന്നു 2 രൂ കൊടുത്താൽ അന്നത്തെ വി.ടി യില്‍ ( ഇന്ന് സി എസ് ടി) വരെ ലോക്കൽ ട്രയിനിൽ സഞ്ചരിയ്ക്കാം.വി.ടി സ്റ്റേഷനിൽ നിന്ന് അല്പം മാറി കുറെ തീയേറ്ററുകൾ ഉണ്ട്.അവിടെ എവിടെ നിന്നെങ്കിലും സിനിമ കാണും.

ഫിലിം കഴിയുമ്പോള്‍ തിരികെ വരുന്നത് ബസിലാണ്.അവിടെ നിന്നു തന്നെ ബസ് നമ്പര്‍ 65 കിട്ടും.കൊളാബയില്‍ നിന്നു കുര്‍ളക്കടുത്തുള്ള അണിക് ഡിപ്പോ വരെ പോകുന്ന ഡബിള്‍ ഡക്കര്‍.അതിന്റെ റൂട്ട് ആണു പ്രധാനം.’കാമാത്തിപ്പുര’ തെരുവിനുള്ളിൽ കൂടി പോകുന്ന ബസുകളിലൊന്നാണു അത്.അതിന്റെ മുകളിലത്തെ തട്ടില്‍ എല്ലാവരും ഇരുപ്പുറപ്പിക്കും.ഗ്രാൻ‌ഡ് റോഡ് എത്തിയാല്‍ വണ്ടി പെട്ടെന്ന് ഒന്നു തിരിഞ്ഞു വീതികുറഞ്ഞ ഗള്ളിയില്‍ പ്രവേശിക്കുകയായി...അതാണു കാമാത്തിപ്പുര.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ‘റെഡ് ലൈറ്റ്’ ഏരിയ.പാതിരാത്രിക്കും ഉണര്‍ന്നിരിക്കുന്ന നഗരഭാഗം.ചുണ്ടില്‍ ചെഞ്ചായം പൂശി കസ്റ്റമേര്‍‌സിനെ ആകര്‍ഷിക്കാന്‍ നില്‍ക്കുന്ന യുവതികള്‍...മറാത്തികള്‍, മലയാളികള്‍, നേപ്പാളികള്‍, തമിഴര്‍.....അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു കൂട്ടിക്കൊടുപ്പുകാര്‍...പല വർണ്ണങ്ങളിലുള്ള വെളിച്ചത്തിന്റെ പ്രളയം.എങ്ങു നിന്നൊക്കെയോ ഉയർന്നു കേൾക്കുന്ന ഹിന്ദിപ്പാട്ടുകൾ.തലങ്ങനെയും വിലങ്ങനെയും ഓടുന്ന ടാക്സിക്കാറുകള്‍.മിക്കവാറും കെട്ടിടങ്ങളെല്ലാം രണ്ടോ മൂന്നോ നിലകൾ മാത്രമുള്ള പഴയ രീതിയിലുള്ളവയാണു.ഇടുങ്ങിയ മുടികൾ.രണ്ടാം നിലയുടെ മട്ടുപ്പാവിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന സുന്ദരിമാർ. മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍!!.എന്തൊരു ബഹളമാണു ! ഇത്രമാത്രം സ്ത്രീകളുടെ കൂട്ടത്തെ ഇങ്ങനെ ഒരു സമയത്ത് മറ്റൊരിടത്തും കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.പല പ്രായക്കാര്‍,ദേശക്കാർ..തിരക്കുകാരണം ആ പാതിരാത്രിക്കും ബസ് പതിയേ മാത്രമേ നീങ്ങുന്നുള്ളൂ...അവരില്‍ ചിലര്‍ മട്ടുപ്പാവുകളില്‍ നിന്നു ഞങ്ങളുടെ നേരെയും കണ്ണെറിഞ്ഞു !ആകാംക്ഷയോടെയും കൌതുകത്തോടെയും ബസിലിരുന്നു ഞങ്ങള്‍ എല്ലാം കണ്ടു.ചിലപ്പോള്‍ ഈ ദൈന്യതയോര്‍ത്ത് ഒരു നിമിഷം മനസ്സ് വിഷമിച്ചു.....കാമാത്തിപ്പുരയിലെ ഓരോ തെരുവും ചുറ്റിക്കറങ്ങി സമയമെടുത്ത് ബസ് നമ്പര്‍ 63 വെളിയില്‍ വരുമ്പോൾ ഏതോ ഭ്രമാത്മക ലോകത്തു നിന്നും പുറത്തിറങ്ങിയതു പോലെ തോന്നും.

കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച ഞങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ മറ്റൊരു മുഖമാണു യഥാർത്ഥത്തിൽ കാമാത്തിപ്പുര കാണിച്ചു തന്നിരുന്നത്.ഇത്രമാത്രം ഇടുങ്ങിയ തെരുവുകൾക്കുള്ളിൽ ഇത്രമാത്രം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നതായിരുന്നു ഓരോരുത്തരുടേയും മനസ്സിൽ..

ആന്ധ്രയിൽ നിന്ന് വന്ന തൊഴിലാളികളുടെ സെറ്റിൽ‌മെന്റാണു പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ
സൈന്യത്തിന്റെ ‘സുഖസംതൃപ്തി’കൾക്ക് വേണ്ടി ഔദ്യോഗികമായി നിർമ്മിച്ച കാമാത്തിപ്പുര ആയത്..പിന്നീട് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം അതിനു ഇന്നത്തെ മുഖം കൈവന്നു.ഒട്ടനവധി സാമൂഹിക പ്രവർത്തകരുടെ പരിശ്രമഫലമായാണു വെള്ളം, വെളിച്ചം പോലുള്ള പല സൌകര്യങ്ങളും ഈ ഇടുങ്ങിയ തെരുവിനുള്ളിൽ ശരീരം വിറ്റ് ജീവിതം തള്ളി നീക്കുന്നവർക്ക് ലഭിച്ച് തുടങ്ങിയത്. ഇങ്ങനെയും ജീവിതങ്ങൾ!!

ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ പലതും കണ്ടത് മുംബൈയില്‍ വച്ചാണ് അത്തരം കഥകൾ പിന്നാലെ...

അനുബന്ധം: മുംബൈ കഥകളുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ഞെക്കുക :“ഹിജഡയുടെ തലോടൽ

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും രണ്ടാമത്തെ ചിത്രത്തിന് www.netphotograph.com സൈറ്റിനോടും)

22 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാമാത്തിപ്പുരയിൽ എന്ത് നടക്കുന്നു എന്നറിയാനുള്ള കൌതുകത്തോടെ ബസിന്റെ മുകൾ തട്ടിൽ ഇരിപ്പുറപ്പിച്ച ഞങ്ങളിലെല്ലാം മനുഷ്യജീവിതത്തിന്റെ മറ്റൊരു മുഖമാണു യഥാർത്ഥത്തിൽ കാമാത്തിപ്പുര കാണിച്ചു തന്നിരുന്നത്.ഇത്രമാത്രം ഇടുങ്ങിയ തെരുവുകൾക്കുള്ളിൽ ഇത്രമാത്രം മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നതായിരുന്നു ഓരോരുത്തരുടേയും മനസ്സിൽ..

വേണുഗോപാല്‍ said...

വളരെ ആകാംക്ഷയോടെ കാണാന്‍ കൂടുകാരുമോത്തു എത്തിയ ഈ സ്ഥലം എനിക്ക് ഒരു തരം നിര്‍വികാരതയാണ്‌ സമ്മാനിച്ചത്‌ . എത്രയും പെട്ടെന്ന് അവിടെ നിന്നും തിരികെ പോരുമ്പോള്‍ ചിരിയോടൊപ്പം ചിലരുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ഞാന്‍ കണ്ടിരുന്നു . പിന്നീടൊരിക്കലും കാണാനായി പോലും ഞാന്‍ അവിടേക്ക് എത്തി നോക്കിയിട്ടില്ല ....

mini//മിനി said...

അറിയപ്പെടാത്ത വിശേഷങ്ങൾ,,, വായിക്കുന്നു,,,

prabha said...

ഒരു വട്ടം ആ തെരുവിലൂടെ കാറില്‍ സഞ്ചരിക്കാന്‍ ഒരു അവസരം എനിക്കും കിട്ടി.
എത്ര ശോചനീയമായ അവസ്ഥ
ഇടുങ്ങിയ തെരുവുകളും വൃത്തി ഹീനമായ് കെട്ടിടങ്ങളും തെരുവുകളും ഉള്ള ഒരിടം
സുനില്‍ പറഞ്ഞ ജീവിതത്തിന്റെ മറ്റൊരു മുഖം
ഏറ്റവും പരിതാപകരമായ അവസ്ഥ.

ശിഖണ്ഡി said...

ഹോ.. ഇതെന്തു ജീവിതം.... ഒരു നേരത്തെ വയറിനു വേണ്ടിയോ?
കപളിക്കപെട്ട ജീവിതങ്ങള്‍...

Typist | എഴുത്തുകാരി said...

മുംബൈ കഥ ഒന്നും രണ്ടും വായിച്ചു.

ജീവിതത്തിന്റെ ഒരോ മുഖങ്ങൾ!

Basheer Vallikkunnu said...

വല്ലാതെ വേദനിക്കുന്ന ജീവിത ചിത്രങ്ങള്‍. നന്നായി എഴുതി.

M. Ashraf said...

ഹേ മലബാരി ഇദര്‍ ആവോ. പാഞ്ച് റുപ്പയ്.. അതിലൂടെ നടന്നപ്പോള്‍ ഇങ്ങനെ വിളി കേട്ടിട്ടുണ്ട്. നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

പച്ച മാംസത്തിന്റെ മണം...

kunhammed koorachund said...

ഞാന്‍ നേരില്‍ തന്നെ ഇവിടം പോയിട്ടുണ്ട് ;പ്രവാസം തേടിയുള്ള ആദ്യ മുംബൈ യാത്രയില്‍ ;ചുകപ്പ് തെരുവ് കാണാനുള്ള ജിജ്ഞാസ തന്നെ കാരണം ;മുംബൈ യില്‍ ജോലിയുള്ള എന്റെ നാട്ടുകാരനും എന്നെ യാത്രയാക്കാന്‍ വന്ന സുഹൃത്തും അങ്ങനെ ഞങ്ങള്‍ മുന്ന് പേര് തെരുവില്‍ പോയി ;മുംബയിലെ സുഹൃത്ത്‌ വര്‍ഷങ്ങളോളം അവിടെ ജിവിച്ച ആളെന്ന നിലയില്‍ വളരെ ധയ്ര്യതോടെയാണ് നടന്നു നിങ്ങിയത് ;പക്ഷെ അദേഹം ഞങ്ങളെ ഉപദേശിച്ചു ഒരു നോട്ടം നോക്കി വേഗം നടക്കണം ;തിരിഞ്ഞു നോക്കരുത് ;തിരിഞ്ഞു നോക്കിയാല്‍ അവര്‍ അതിനു കാണുന്ന അര്‍ഥം നമ്മള്‍ അവിടത്തെ ആവശ്യകര്‍ ആയി വന്നത് എന്നാണ് ;അപ്പോള്‍ സ്ത്രികാലോ അവരുടെ കൂട്ടിരിപ്പുകാരോ നമ്മളെ വലിച്ചു അകത്തു കൊണ്ട് പോവും ;അപകടകരമായ ഒരു യാത്രപോലെ തോന്നി ;വളരെ ദുരം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാന്‍ ഭയം തോന്നി ;ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍മയിലേക്ക് ഇരുപതു കൊല്ലം മുമ്പുള്ള ഒരു മാധയ്ഹ്നം ;;

SHANAVAS said...

ഈ വഴിക്ക് പല പ്രാവശ്യം കടന്നു പോയിട്ടുണ്ട്..പക്ഷെ സുനില്‍ പറഞ്ഞ കാഴ്ച കാണാന്‍ മനസ്സ് അനുവദിച്ചില്ല...അത്ര ദയനീയം ആണ് സ്ഥിതി എന്ന കേട്ടറിവ് എന്നെ അത്ര വിഷമിപ്പിച്ചിട്ടുണ്ട്...ആശംസകള്‍..

Priya said...

alla, katha muzhuvan paranjillallo
kazhinja varsham bombay central area yil pokan vanna njangal vazhi thetti kamathipurayil chennu pettu. oru sudden atmosphere change ennu parayille. vazhi chodichittu aarum parayunnilla. aarodu chodichittum avar nammude nottam thenne avoid cheyyunnu.
mobilil route thiranju.appozhanu ariyunnathu kamathipurayil aanu njangal karangunnathu ennu.vegam thanne avide ninnu purathu kadannu. pakshe chuttupadum nokkaan onnum kazhinjilla.

ippol officile oru senior officer (lady) parayunnu "mumbai yil ettavum nalla rice kittunna sthalam aanathre kamathi pura. (avide etho shop)i go there regularly ennu."

PARVATHY said...

I have visited mumbai many times but have never gone through this place.. but after reading this i felt as if iam witnessing the plight of those ladies and the children... we can't never except such un higenic and un worthy lively conditions. thanks for sharing sunil

Asha Iyer

കുഞ്ഞൂസ്(Kunjuss) said...

പുരുഷന്റെ സ്വാര്‍ത്ഥതയല്ലേ ഈ കാമാത്തിപ്പുര....? എന്നിട്ടും അറപ്പും വെറുപ്പും മാത്രം ബാക്കി...

അവിടെയുള്ളവര്‍ വെറും ജീവികള്‍ മാത്രമോ, ജനിച്ചു പോയതിന്റെ പേരില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ മാത്രമോ... ?

ഉറക്കം കെടുത്തിയ ഈ വായന സമ്മാനിച്ചത് ഒരു പറ്റം മനുഷ്യരെക്കുറിച്ചുള്ള വേദനകള്‍ ...!

ശ്രീനാഥന്‍ said...

കാമാത്തിപ്പുര ഉള്ളിടത്തോളം കാലം ഇന്ത്യയിലെ പുരുഷന്മാർ ലജ്ജ കൊണ്ട് തലതാഴ്ത്തി നടക്കണം. നന്നായി സുനിൽ ഈ കുറിപ്പ്.

ഭാനു കളരിക്കല്‍ said...

ഒരിക്കല്‍ എനിക്കും ഈ വഴി ബസ്സില്‍ പോകേണ്ടി വന്നിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റില്‍ പഴവും പച്ചക്കറിയും വില്‍ക്കുന്ന ലാഘവത്തോടെ സ്വന്തം ശരീരം വില്കുന്നവര്‍ !!! ഭീകരമാണ് ആ കാഴ്ച.

Prasanna Raghavan said...

അതെ ബ്രിട്ടിഷുകാരന് ഇന്ത്യയിലെ പ്രഭു/ആഡ്ഡ്യ കുടുംബങ്ങളില്‍ ഫ്രീ എന്റ്രി ഉണ്ടായിരുന്നത് വേശ്യവൃത്തിയായി കണക്കാക്കിയിരുന്നില്ല. പെട്ടെന്നു ബ്രിട്ടീഷു കാരന് ഇന്ത്യാക്കാരില്‍ നിന്ന് വേറിട്ട ഒരു ക്ലാസ് സ്റ്റാറ്റസ് ഉണ്ടാക്കേണ്ടി വന്നപ്പോള്‍, ആ ഫ്രീ എര്‍ന്റീ നിര്‍ത്തി. ആംഗ്ലൊ ഇന്ത്യന്‍ സന്തതികള്‍ ക്ലാസ് പ്രശ്നം രൂക്ഷമാക്കി. അതോടെ ആണിന്റെ ആവശ്യത്തിനായി പെണ്ണിനെ ഹയറ് ചെയ്താല്‍ മതി എന്നു ബ്രിട്ടീഷ് രാജ് തീരുമാനിച്ചു. ബ്രിട്ടീഷുകാരനു കുഴലൂതുന്നത് തങ്ങളുടെ വര്‍ഗ ധര്‍മ്മമാണെന്നു പാടുന്ന ഇന്ത്യക്കാരനു വീട്ടിനകത്തായാലും പുറത്തായാലും പെണ്ണിനെ വില്ക്കാന്‍ എന്തു മടി?

chithrakaran:ചിത്രകാരന്‍ said...

Great post.

Madhavikutty said...

nannayi sunil. prathyekich ith oru purushan ezhuthiyath akumpol.

Manoraj said...

ഈ ഓര്‍മ്മക്കുറിപ്പികള്‍ക്ക് പച്ച ജീവിതത്തിന്റെ നനുത്ത ഗന്ധം. തുടരുക. വിട്ടുപോകാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുത്ത് തല്‍കാലം തിരികെ പോകുന്നു.

Villagemaan/വില്ലേജ്മാന്‍ said...

>>മുറികൾക്കുള്ളിൽ അന്നത്തെ വയറിനുള്ള പായ വിരിക്കുന്നവര്‍<<

വളരെ വേദന ഉളവാക്കിയ വാക്കുകള്‍. നല്ല പോസ്റ്റ്‌ മാഷെ..

ഈ തെരുവിനെ ആസ്പദമാക്കിയ " മഹാനദി" എന്ന ചിത്രം മനസ്സില്‍ ഉണ്ടാക്കിയ വേദന ഇന്നും മാഞ്ഞിട്ടില്ല. ആ ചിത്രം എന്തിനു കണ്ടു എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥമുഖങ്ങള്‍ നേരിട്ടു കണ്ട അനുഭവങ്ങൾ വിവരിച്ചത് അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്