പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻസും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർവഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.
അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘വെല്ലുവിളി’കളെ എറ്റെടുക്കാൻ യുദ്ധസജ്ജരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.പുരോഗതിയിൽ നിന്നു പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നു.
“ഇൻഡ്യ തിളങ്ങുന്നു”.....എവിടെ?
ഇതാ ഈ തമിഴകത്ത്....നമ്മുടെ തൊട്ടയൽപക്കത്ത്..
എങ്ങനെ?
ദാ, ഈ വാർത്ത കാണൂ.ഒക്ടോബർ 29ലെ മലയാള മനോരമയുടെ ചെന്നൈ എഡിഷനിൽ വന്ന വന്നത് ഇതാണ്.
ഇതേ വാർത്ത “ദി ഹിന്ദു ‘ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഇവിടെ കാണാം.
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ ചെട്ടികുളം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 27 നു ദളിതർ ആദ്യമായി പ്രവേശിച്ച വാർത്തയാണു ഇത്.നൂറോളം വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ ക്ഷേത്രത്തിൽ പ്രവേശനത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.സെപ്റ്റംബർ 30 നും ഒക്ടോബർ 14 നും ക്ഷേത്രപ്രവേശനം നടത്താനുള്ള “തീണ്ടാമൈ ഒഴിപ്പ് മുന്നണി’യുടെ ശ്രമങ്ങൾ പോലീസ് വെടിവയ്പ്പിലായിരുന്നു കലാശിച്ചത്.മുന്നോക്ക ജാതിക്കാരുടെ എതിർപ്പായിരുന്നു അതിനു പ്രധാന കാരണം.(‘ഹിന്ദു’വിൽ വന്ന ആ വാർത്ത ഇവിടെ കാണുക).സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ക്ഷേത്ര പ്രവേശനം.
കേരളത്തിനോട് അല്പം കൂടി അടുത്ത മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിൽ രണ്ടു സമുദയങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുണ്ടായിരുന്ന വാർത്ത പലരും അറിഞ്ഞിരിക്കാൻ ഇടയുണ്ട്.ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിലുണ്ടായിരുന്ന മതിൽ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ തകർക്കപ്പെടുകയായിരുന്നു.അന്നും അതിനു നേതൃത്വം കൊടുത്തത് സി.പി.എം ആയിരുന്നു.ആ സംഭവത്തെ പറ്റിയുള്ള വിശദമായ വാർത്ത വായിക്കാൻ ഈ ലിങ്ക് കാണുക.
കോൺഗ്രസും ദ്രാവിഡ കക്ഷികളും മാറി മാറി ഭരിച്ച തമിഴ്നാടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.
ആന്ധ്രാപ്രദേശിലും ഇതു തന്നെ സ്ഥിതി.അവിടെ ഇപ്പൊളും പിന്നോക്ക ദളിത് ജാതിക്കാരുടെ വീടുകൾ ഗ്രാമത്തിനു പുറത്തോ അല്ലെങ്കിൽ ഗ്രാമത്തിന്റെ ഏറ്റവും അവസാന ഭാഗത്തോ ആണ്.ഞാൻ ആന്ധ്രയിലുണ്ടായിരുന്ന കാലത്ത് വിശാഖപട്ടണം ജില്ലയിൽ പൊതു കിണറിൽ നിന്ന് വെള്ളമെടുത്തതിനു ഒരു താഴ്ന്ന ജാതിക്കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.അന്നു വിവരസാങ്കേതിക വിദ്വാൻ ശ്രീ ചന്ദ്രബാബു നായിഡു ആയിരുന്നു മുഖ്യ മന്ത്രി.
ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ‘കൊട്ടിഘോഷിക്കപ്പെടുന്ന” നേട്ടങ്ങളുടെ മറുപുറമാണു ഇവിടെ കൊടുത്ത പത്രവാർത്തകളിൽ കാണുന്നത്.സ്വാതന്ത്ര്യം കിട്ടിയിട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.രാജ്യം വൻശക്തിയാകാൻ തയാറായിക്കഴിഞ്ഞു എന്ന് മാറി മാറി വന്ന ഭാരത സർക്കാരുകൾ നമ്മെ അനുദിനം ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പോളൂം ഇരുളടഞ്ഞ ഇൻഡ്യൻ ഗ്രാമങ്ങളിൽ എന്തു നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണു നാഗപട്ടണം സംഭവം നമുക്ക് കാട്ടിത്തരുന്നത്.ജാതിയുടെയും മതത്തിന്റേയും പേരിലുള്ള തീണ്ടലും തൊടീലും ഇപ്പോളും ഒരു യാഥാർത്ഥ്യം തന്നെയായി അവശേഷിക്കുന്നു.മനുഷ്യനായി ജനിച്ചെങ്കിലും മൃഗമായി, അടിമയായി ജീവിക്കേണ്ടി വരുന്ന നഗ്ന യാഥാർത്ഥ്യം.ഇവരുടെ മുന്നിലാണു നാം വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പങ്കു വയ്ക്കുന്നത്.
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു സമൂഹം എന്നാണു നമുക്കുണ്ടാവുക?വിവേകാനന്ദൻ ഒരിക്കൽ കേരളത്തെ വിശേഷിപ്പിച്ചത് “ഭ്രാന്താലയം “ എന്നായിരുന്നെങ്കിൽ വീണ്ടും അത്തരം ഒരു ഭ്രാന്താലയം സൃഷ്ടിക്കാൻ ജാതി മത ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.അന്നു ജാതി മത സവണ്ണ മേധാവിത്വത്തിന്റെ മുഖത്തു നോക്കി “ഞാനൊരു ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത്” എന്നു പറയാൻ നമുക്കൊരു ശ്രീനാരായണ ഗുരു ഉണ്ടായി.ജാതി വ്യവസ്ഥയുടെ അടിവേരാണ് ആ ഒറ്റ ഉത്തരത്തിലൂടെ നാരായണ ഗുരു പിഴുതെടുത്തത്.പിന്നീട് ഇടതു പക്ഷം അതിന്റെ തുടർച്ച ഏറ്റെടുത്തു.ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനു മുന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിച്ച് മണിയടിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ ചില്ലറയല്ല.എന്തിനധികം, വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഒത്തു തീർപ്പിനായി എത്തിയ ഗാന്ധിജിയെ അന്നത്തെ ജന്മിയായിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ പടിപ്പുരക്കു വെളിയിൽ മുറ്റത്താണു ഇരുത്തിയത്.എന്നിട്ട് സ്വയം പടിപ്പുരയിൽ കസേരയിലും ഉപവിഷ്ടനായി.ഗാന്ധിജി താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതായിരുന്നു കാരണം.ഇണ്ടന്തുരുത്തി മന ഇരുന്ന സ്ഥലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആഫീസ് ആണെന്നത് ചരിത്രത്തിന്റെ തമാശകളിൽ ഒന്ന്!ഇത്തരം കയ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണു ഇന്നത്തെ കേരളം ഉണ്ടായത്.ഈ ചരിത്രത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണു നമ്മൾ ജാഗരൂകരാകേണ്ടത്!
കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇപ്പോളും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കേണ്ടി വരുന്ന ഒരു സമൂഹവും എല്ലാം കൈയടക്കി വച്ചിരിക്കുന്ന ഒരു ചെറു വിഭാഗവും.ഈ അസമത്വങ്ങൾ മാറാതെ എന്തു നേട്ടങ്ങൾ ഉണ്ടായിട്ട് എന്ത് ഫലം?സിരകളിൽ ഒരേ ചോര ഒഴുകുന്ന ഒരേ വികാര വിചാരങ്ങൾ ഉള്ള ജീവി വർഗ്ഗങ്ങളിൽ, തമ്മിൽ തമ്മിൽ അകറ്റി നിർത്തുന്നത് മനുഷ്യൻ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.അറുപതാണ്ടുകൾ മാറി മാറി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.
ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!
ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസക്തമായ രണ്ടു പോസ്റ്റുകൾ കൂടി കാണുക
1:തമിഴകം വാഴും ജാതിപിശാച്
2:അയിത്ത ഗ്രാമം സമരം അറസ്റ്റ്