Friday, October 30, 2009

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.

അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘വെല്ലുവിളി’കളെ എറ്റെടുക്കാൻ യുദ്ധസജ്ജരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.പുരോഗതിയിൽ നിന്നു പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നു.

“ഇൻ‌ഡ്യ തിളങ്ങുന്നു”.....എവിടെ?

ഇതാ ഈ തമിഴകത്ത്....നമ്മുടെ തൊട്ടയൽ‌പക്കത്ത്..

എങ്ങനെ?

ദാ, ഈ വാർത്ത കാണൂ.ഒക്ടോബർ 29ലെ മലയാള മനോരമയുടെ ചെന്നൈ എഡിഷനിൽ വന്ന വന്നത് ഇതാണ്.
വാർത്ത മുഴുവനായി വായിക്കാൻ ഈ ലിങ്ക് നോക്കുക.

ഇതേ വാർത്ത “ദി ഹിന്ദു ‘ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഇവിടെ കാണാം.


തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ചെട്ടികുളം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 27 നു ദളിതർ ആദ്യമായി പ്രവേശിച്ച വാർത്തയാണു ഇത്.നൂറോളം വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ ക്ഷേത്രത്തിൽ പ്രവേശനത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.സെപ്റ്റംബർ 30 നും ഒക്ടോബർ 14 നും ക്ഷേത്രപ്രവേശനം നടത്താനുള്ള “തീണ്ടാമൈ ഒഴിപ്പ് മുന്നണി’യുടെ ശ്രമങ്ങൾ പോലീസ് വെടിവയ്പ്പിലായിരുന്നു കലാശിച്ചത്.മുന്നോക്ക ജാതിക്കാരുടെ എതിർപ്പായിരുന്നു അതിനു പ്രധാന കാരണം.(‘ഹിന്ദു’വിൽ വന്ന ആ വാർത്ത ഇവിടെ കാണുക).സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ക്ഷേത്ര പ്രവേശനം.

കേരളത്തിനോട് അല്പം കൂടി അടുത്ത മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിൽ രണ്ടു സമുദയങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുണ്ടായിരുന്ന വാർത്ത പലരും അറിഞ്ഞിരിക്കാൻ ഇടയുണ്ട്.ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിലുണ്ടായിരുന്ന മതിൽ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ തകർക്കപ്പെടുകയായിരുന്നു.അന്നും അതിനു നേതൃത്വം കൊടുത്തത് സി.പി.എം ആയിരുന്നു.ആ സംഭവത്തെ പറ്റിയുള്ള വിശദമായ വാർത്ത വായിക്കാൻ ഈ ലിങ്ക് കാണുക.

കോൺഗ്രസും ദ്രാവിഡ കക്ഷികളും മാറി മാറി ഭരിച്ച തമിഴ്‌നാടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.

ആന്ധ്രാപ്രദേശിലും ഇതു തന്നെ സ്ഥിതി.അവിടെ ഇപ്പൊളും പിന്നോക്ക ദളിത് ജാതിക്കാരുടെ വീടുകൾ ഗ്രാമത്തിനു പുറത്തോ അല്ലെങ്കിൽ ഗ്രാമത്തിന്റെ ഏറ്റവും അവസാന ഭാഗത്തോ ആണ്.ഞാൻ ആന്ധ്രയിലുണ്ടായിരുന്ന കാലത്ത് വിശാഖപട്ടണം ജില്ലയിൽ പൊതു കിണറിൽ നിന്ന് വെള്ളമെടുത്തതിനു ഒരു താഴ്ന്ന ജാതിക്കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.അന്നു വിവരസാങ്കേതിക വിദ്വാൻ ശ്രീ ചന്ദ്രബാബു നായിഡു ആയിരുന്നു മുഖ്യ മന്ത്രി.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ‘കൊട്ടിഘോഷിക്കപ്പെടുന്ന” നേട്ടങ്ങളുടെ മറുപുറമാണു ഇവിടെ കൊടുത്ത പത്രവാർത്തകളിൽ കാണുന്നത്.സ്വാതന്ത്ര്യം കിട്ടിയിട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.രാജ്യം വൻ‌ശക്തിയാകാൻ തയാറായിക്കഴിഞ്ഞു എന്ന് മാറി മാറി വന്ന ഭാരത സർക്കാരുകൾ നമ്മെ അനുദിനം ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പോളൂം ഇരുളടഞ്ഞ ഇൻഡ്യൻ ഗ്രാമങ്ങളിൽ എന്തു നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണു നാഗപട്ടണം സംഭവം നമുക്ക് കാട്ടിത്തരുന്നത്.ജാതിയുടെയും മതത്തിന്റേയും പേരിലുള്ള തീണ്ടലും തൊടീലും ഇപ്പോളും ഒരു യാഥാർത്ഥ്യം തന്നെയായി അവശേഷിക്കുന്നു.മനുഷ്യനായി ജനിച്ചെങ്കിലും മൃഗമായി, അടിമയായി ജീവിക്കേണ്ടി വരുന്ന നഗ്ന യാഥാർത്ഥ്യം.ഇവരുടെ മുന്നിലാണു നാം വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പങ്കു വയ്ക്കുന്നത്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു സമൂഹം എന്നാണു നമുക്കുണ്ടാവുക?വിവേകാനന്ദൻ ഒരിക്കൽ കേരളത്തെ വിശേഷിപ്പിച്ചത് “ഭ്രാന്താലയം “ എന്നായിരുന്നെങ്കിൽ വീണ്ടും അത്തരം ഒരു ഭ്രാന്താലയം സൃഷ്ടിക്കാൻ ജാതി മത ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.അന്നു ജാതി മത സവണ്ണ മേധാവിത്വത്തിന്റെ മുഖത്തു നോക്കി “ഞാനൊരു ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത്” എന്നു പറയാൻ നമുക്കൊരു ശ്രീനാരായണ ഗുരു ഉണ്ടായി.ജാതി വ്യവസ്ഥയുടെ അടിവേരാണ് ആ ഒറ്റ ഉത്തരത്തിലൂടെ നാരായണ ഗുരു പിഴുതെടുത്തത്.പിന്നീട് ഇടതു പക്ഷം അതിന്റെ തുടർച്ച ഏറ്റെടുത്തു.ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനു മുന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിച്ച് മണിയടിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ ചില്ലറയല്ല.എന്തിനധികം, വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഒത്തു തീർപ്പിനായി എത്തിയ ഗാന്ധിജിയെ അന്നത്തെ ജന്മിയായിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ പടിപ്പുരക്കു വെളിയിൽ മുറ്റത്താണു ഇരുത്തിയത്.എന്നിട്ട് സ്വയം പടിപ്പുരയിൽ കസേരയിലും ഉപവിഷ്ടനായി.ഗാന്ധിജി താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതായിരുന്നു കാരണം.ഇണ്ടന്തുരുത്തി മന ഇരുന്ന സ്ഥലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആഫീസ് ആണെന്നത് ചരിത്രത്തിന്റെ തമാശകളിൽ ഒന്ന്!ഇത്തരം കയ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണു ഇന്നത്തെ കേരളം ഉണ്ടായത്.ഈ ചരിത്രത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണു നമ്മൾ ജാഗരൂകരാകേണ്ടത്!

കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇപ്പോളും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കേണ്ടി വരുന്ന ഒരു സമൂഹവും എല്ലാം കൈയടക്കി വച്ചിരിക്കുന്ന ഒരു ചെറു വിഭാഗവും.ഈ അസമത്വങ്ങൾ മാറാതെ എന്തു നേട്ടങ്ങൾ ഉണ്ടായിട്ട് എന്ത് ഫലം?സിരകളിൽ ഒരേ ചോര ഒഴുകുന്ന ഒരേ വികാര വിചാരങ്ങൾ ഉള്ള ജീവി വർഗ്ഗങ്ങളിൽ, തമ്മിൽ തമ്മിൽ അകറ്റി നിർത്തുന്നത് മനുഷ്യൻ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.അറുപതാണ്ടുകൾ മാറി മാ‍റി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!

ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസക്തമായ രണ്ടു പോസ്റ്റുകൾ കൂടി കാണുക

1:തമിഴകം വാഴും ജാതിപിശാച്
2:അയിത്ത ഗ്രാമം സമരം അറസ്റ്റ്

20 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അറുപതാണ്ടുകൾ മാറി മാ‍റി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!

മാണിക്യം said...

ഇവിടെ ആണ് സാക്ഷരകേരളം എന്ന സത്യത്തിന്റെ നേര്‍‌ക്കാഴച
കേരളത്തില്‍ വിദ്യാഭ്യാസം ഒന്നു കൊണ്ടു മാത്രമാണ് ഈ വക ദുരാചാരങ്ങളൂം ഉച്ചനീചത്വവും ഇല്ലാതാക്കാന്‍ സാധിച്ചത്, പട്ടിണി കിടന്നാലും മക്കളെ പഠിപ്പിക്കണം ശ്രീ പത്മനാഭന്റെ പത്ത് ചക്രം വാങ്ങണം എന്ന് കരുതിയ തലമുറക്ക് മുന്നില്‍ ശിരസുകുനിക്കുന്നു.
ആ വിദ്യാഭ്യാസം ഉണ്ടായതു കൊണ്ട് ഏതൊരു അനാചാരത്തെയും അസമത്വത്തേയും തിരിച്ചറിയാനും അവ സധൈര്യം എതിര്‍ക്കാനും മലയാളിക്ക് ആയി.
"അയ്യ ശൊന്നാ അപ്പടിയെ താന്‍" എന്ന് ഇന്നും വിശ്വസിക്കുന്ന വിശ്വസിപ്പിക്കുന്ന തമിഴ് മുതലാളീ തിരുവായ്ക്ക് എതിര്‍ വാക്കുച്ചരിക്കാന്‍ ആവുമെന്ന് പാവം അടിയാന്‍മാര്‍‌ ഇന്നും കരുതുന്നില്ല, ആദ്യം വേണ്ടത് വിദ്യാഭ്യാസം അതോടേ സമൂഹം നന്നാവും . ഇന്ന് കേരളം ലോകത്തിലെ തന്നെ ഏതൊരു ജനതയെക്കാള്‍ മികച്ച ജീവിത നിലവാരം പുലര്‍‌ത്തുന്നവരാണ്.. സുനില്‍ തന്നെ ഈ നിലയില്‍ ഈ വാര്‍ത്ത അവതരിപ്പിച്ചു മനുഷ്യരുടെ നേരെയുള്ള അനീതി അതിനെതിരെ പ്രതികരിക്കാനായി. മലയാളിയുടെ മുഖമുദ്ര!!

വര്‍ക്കേഴ്സ് ഫോറം said...

പ്രസക്തമായ പോസ്റ്റ്.

ഈ വിഷയവുമായി ബന്ധപ്പെട്ട തമിഴകം വാഴും ജാതിപ്പിശാച്

അയിത്തഗ്രാമം സമരം, അറസ്റ്റ് എന്നീ പോസ്റ്റുകള്‍ കൂടി നോക്കുമല്ലോ.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

നമ്മുടെ നാട്ടിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും കല്പിക്കുന്ന ‘ഊരുവിലക്കുകള്‍’ കാണാതിരുന്നു കൂടാ ... സമൂഹമോ മനുഷ്യനോ സംഘടനകളോ വലുത് ??

ജിവി/JiVi said...

എന്തിനും ഏതിനും തമിഴ്നാടിനെയും ആന്ധ്രയേയും കര്‍ണ്ണാടകത്തെയും മാതൃകയാക്കണം എന്ന വാദം കേരളത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇടത് ആഭിമുഖ്യം കേരളത്തെ നശിപ്പിച്ചു എന്നാണിവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അവര്‍ക്കുള്ള മുഖമടച്ചുള്ള അടിയാണ്.

jayanEvoor said...

ജാതീയമായ അസമത്വം ഇന്നും ഏറിയും കുറഞ്ഞും ഭാരതത്തില്‍ നിലനില്‍ക്കുന്നു...

വൃത്തികെട്ട ജാതീയതയുടെ കാര്യത്തില്‍ മാത്രമല്ല, വികസനത്തിന്റെ കാര്യത്തിലും മറ്റു സം സ്ഥാ നങ്ങള്‍ എത്രയോ ശോചനീയമായ നിലയിലാണെന്ന് അവിടങ്ങളില്‍ താമസിച്ച്ചിട്ടുള്ളവര്‍ക്കറിയാം...

ഐ.ടി. വിപ്ലവം നടത്തുന്ന കര്‍ണാടകത്തിലെ ഗ്രാമങ്ങള്‍ ഇന്നും ഇരുപത്തഞ്ചു വര്ഷം മുന്‍പത്തെ കേരള ഗ്രാമങ്ങലെക്കാള്‍ പിന്നിലാണ്....

പ്ലസും മൈനസും തട്ടിക്കിഴിച്ചാല്‍ കേരളം തന്നെ ഭേദം.

അനില്‍@ബ്ലോഗ് // anil said...

തമിഴ്നാട് മാത്രമല്ല പല സ,സംസ്ഥാനങ്ങളിലെയും സ്ഥിതി ഇങ്ങനെ ഒക്കെ തന്നെ.
എന്നാലും ലോകത്തെ ഏറ്റവും മോശപ്പെട്ട സ്ഥലം കേരളമായിത്തന്നെ തുടരും.:)

പട്ടേപ്പാടം റാംജി said...

നമ്മളാര്‍ജ്ജിച്ച ഉയര്‍ന്ന രാഷ്ട്രീയ ചിന്തകള്‍ തന്നെയാണ്‌ നമ്മളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അതിണ്റ്റെ കരണക്കാരായവരെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.

Typist | എഴുത്തുകാരി said...

ഇപ്പഴും ദളിതര്‍ക്കു് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിലക്കോ? ജാതിചിന്തകള്‍ ഇവിടേയും ഇപ്പോഴും ധാരാളമായിട്ടുണ്ട്. എന്നാലും കേരളത്തില്‍ ഇതു ചിന്തിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. മാണിക്യം പറഞ്ഞതുപോലെ വിദ്യാഭാസം തന്നെയാണു് അതിനു കാരണവും. ഉത്തരേന്ത്യയില്‍, ബിഹാറിലൊക്കെ വളരെ മോശമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു കേട്ടിട്ടുണ്ട്.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

സുനില്‍, നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍....
നമ്മുടെ രാജ്യത്തിന്റെ ദുര്യോഗം എന്നല്ലാതെ എന്ത് പറയാന്‍.

Unknown said...

"സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു... ഈ ക്ഷേത്ര പ്രവേശനം.."

സുനില്‍,ഈ രീതി ശരിയല്ല,നിങ്ങളെ നോട്ടു ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള 'ജനപക്ഷ'പരവും, സാമൂഹ്യനീതി സംബന്ധവും ആയ വിഷയങ്ങള്‍ ആവുമ്പോ മുകളില്‍ എഴുതിയ പോലെ പച്ചയായി," സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും...." എന്നൊന്നും എഴുതരുത്.അത് ഈ കാലത്തിലെ ഫാഷനേ അല്ല.വെറുതെ ഒഴുക്കിനെതിരെ നീന്തി സമയം കളയണ്ട. ഈ ജാതിപ്രശ്നം,ആന്ദ്രയില് രണ്ടു വര്ഷം മുമ്പ്‌ നടന്ന കഷകര്‍ക്ക് നേരെയുള്ള വെടിവെപ്പും16 പേരുടെ മരണവും ഒക്കെ വാര്‍ത്ത ആക്കരുത്.പ്രത്യേകിച്ചും സീ.p.എം ഇടപെട്ട് ക്ഷേത്ര പ്രവേശനം എന്നൊന്നും ഇത്ര പരസ്യമായി എഴുതരുത്.വല്ല കുഞ്ഞമ്ബു വിസ്മയ കാഴ്ച്ചകളോ (ആ വിസ്മയ സ്ഥലത്ത്, ആന്തൂരില്‍ ജനങ്ങള്‍ക്ക്‌ ഒരു പ്രശ്നവുമില്ലാ,എന്നല്ല തൊരപ്പന്മാരെ ജനം -അതേ ജനം തന്നെ-അങ്ങോട്ട്‌ അടുപ്പിക്കുന്നുമില്ല, എന്നത് വേറെ കാര്യം)
,ഓലയംപുരം(?) ബാസ്സാറിലെ 'ഭീകരതയോ"(ചക്കരക്കില് ‍ രണ്ടുദിവസം മുമ്പ്‌ നടന്ന തദ്ദേശഭരണ ഇലക്ഷനില്‍ 'ഭീകര'ന്മാര്‍ സീറ്റ് കൊണ്ഗ്രെസ്സില്‍ നിന്ന് പിടിച്ചെടുത്തു എന്നത് മറ്റൊരു കാര്യം)ഒക്കെ വര്ണിക്കെന്നേ.

paltalk said...

Dear Brother Sunil,
Thankalude Blogging Mechapeduthanundu.Swthanthramayi Chinthikkoo,,Aruteyum Valakathe Swathanthramayi Ezhuthoo.. Athayirikkum Nammute Natinu Nallathu.
Athu Mathramayirikkum Nammute Natinu Nallathu...Nammutte Nettangalil Abhimanam Kollooo. Nammute Munnottulla Mattangalil Santhoshikkoo

Regards
Venu

Sabu Kottotty said...

സാംസ്കാരികമായി വളരെ ഉയര്‍ന്ന തട്ടില്‍ത്തന്നെയാണു ഭാരതമക്കള്‍ ! പക്ഷേ വിവിധ ദേശങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ നേരേ വിപരീദ അനുഭവമായിരിയ്ക്കും കൂടുതല്‍ കാണുന്നത്. കുറച്ചെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിലും തുടരുന്നു. നന്നാവില്ല..., മാറിയെന്നു പറഞ്ഞതുകൊണ്ടായില്ല, മാറാതെ ഒരു രക്ഷയും കാണില്ല...

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ജാതിപിശാചുകൾ ലോകം മുഴുവൻ ഇപ്പോഴൂം ഉണ്ട് കേട്ടൊ /ഇവിടങ്ങളീൽ “റേസിസം” എന്നുപറയും..
നമ്മുടെ കേരളത്തിൽ ഇപ്പോഴും ജാതിക്കളികളല്ലാതെ എന്താണ് നടക്കുന്നത് ?

തൃശൂര്‍കാരന്‍ ..... said...

കേരളത്തില്‍ ഈ ജാതികളികള്‍ അല്പമെങ്കിലും കുറവ് വരാന്‍ കാരണം വിദ്യാഭ്യാസം ഒന്ന് മാത്രമാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതുവഴി വന്നവർക്കും വായിച്ചവർക്കും അഭിപ്രായങ്ങൾ പറഞ്ഞ
മാണിക്യം
വര്‍ക്കേഴ്സ് ഫോറം
തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേട
ജിവി/JiVi
jayanEvoor
അനില്‍@ബ്ലൊഗ്
pattepadamramji
Typist | എഴുത്തുകാരി
Vellayani Vijayan/വെള്ളായണിവിജയൻ
freeeevoice
കൊട്ടോട്ടിക്കാരന്‍.
bilatthipattanam
തൃശൂര്‍കാരന്‍..... എന്നിവർക്കും നന്ദി

paltalk--നന്ദി..താങ്കൾ പറഞ്ഞതിനോട് വിയോജിക്കുന്നു.എന്റെ പൊസ്റ്റുകളിലെ അഭിപ്രായങ്ങൾ എന്റേതു മാത്രമാണ്

ചായപ്പൊടി ചാക്കോ said...

excellent article sunil

cngrats

വീകെ said...

“ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!“
വളരെ നല്ല പോസ്റ്റ്..
ആശംസകൾ...

Pongummoodan said...

സുനിലേട്ടാ,

ആത്മാര്‍ത്ഥതയും നന്മയും നിറഞ്ഞ വരികള്‍കൊണ്ട് സമ്പന്നമാണീ പോസ്റ്റ്. സന്തോഷം സഖാവേ..

പോങ്ങു

ഷാ said...

കേരളത്തെ തമിഴ്‍നാടുമായി ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എന്നാലും പന്തിഭോജനം എന്ന ഷോര്‍ട്ട് ഫിലിം (സന്തോഷ് ഏച്ചിക്കാനത്തിന്റെ 'പന്തിഭോജനം' എന്ന ചെറുകഥക്ക് ശ്രീബാല കെ. മേനോന്‍ അതേപേരില്‍ ഒരുക്കിയ ചലച്ചിത്രഭാഷ്യം) സാക്ഷരകേരളത്തിന്റെ മറ്റൊരു മുഖമാണ് വരച്ചുകാട്ടുന്നത്.