Thursday, May 5, 2011

‘ചിക്കാഗോ’യിലെ വിശേഷങ്ങള്‍ !

ഹോട്ടല്‍ ചിക്കാഗോ’യിലെ മെയ് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ നാളെ വരുന്നോ സുനിലേ?” എന്ന് മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറിയും കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ സാര്‍ തലേ ദിവസം എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ പെട്ടെന്ന് അതിശയിച്ചു.

ഹോട്ടല്‍ ചിക്കാഗോയോ? ഇങ്ങനെ ഒരു പേരു ഞാനാദ്യം കേള്‍ക്കുകയാണല്ലോ എന്ന് അത്ഭുതം കൂറി.

“അങ്ങനെ ഒരു ഹോട്ടല്‍ ഉണ്ട് ഇവിടെ.ഇത് അമേരിക്കയിലെ ചിക്കാഗോ അല്ല..ചെന്നൈയിലെ ‘ചിക്കാഗോ’ ആണ്.ചെന്നൈ അഡയാറിലെ കാമരാജ് അവന്യൂവിലുള്ള “ചിക്കാഗോ ഹോട്ടല്‍.
കണ്ണൂര്‍ പാട്യം സ്വദേശി ടി ടി സുകുമാരന്റെ സ്വന്തം ഹോട്ടല്‍...

മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ബോണസ് നല്‍കുന്ന ഹോട്ടലിനെ പറ്റി സുനില്‍ കേട്ടിട്ടുണ്ടോ എന്നു കൂടി ഉണ്ണികൃഷ്ണന്‍ സാര്‍ ചോദിച്ചപ്പോള്‍ അതില്‍ പങ്കെടുക്കാനും വ്യത്യസ്തനായ ഈ ഹോട്ടലുടമയെ കാണാനും ഒരു ആഗ്രഹം തോന്നി.

അങ്ങനെയാണു ഞാനും എന്റെ സുഹൃത്ത് പ്രതീഷും കൂടി ആഘോഷപരിപാടികള്‍ നടക്കുന്ന പള്ളിപ്പേട്ടയില്‍ എത്തിയത്.അങ്ങനെ ഇത്തവണത്തെ മെയ് ദിനം തികച്ചു വ്യത്യസ്തതയുള്ള ഒന്നായി മാറി എന്നെ സംബന്ധിച്ചിടത്തോളം.ആഘോഷപരിപാടികള്‍ നടക്കുന്ന സ്ഥലം കൊടി തോരണങ്ങളാല്‍ അലം‌കൃതമായിരുന്നു.തൊഴിലാളീകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒക്കെ അവിടെ ഒത്തു കൂടിയിരുന്നു.ഉണ്ണികൃഷ്ണന്‍ സാര്‍ ഞങ്ങള്‍ക്ക് ശ്രീ സുകുമാരനെ പരിചയപ്പെടുത്തി.

വെള്ളമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് തലമുടി മുഴുവന്‍ നരച്ച ഒരു സാധാരണക്കാരന്‍.അദ്ദേഹം ഞങ്ങളെ സ്നേഹപുരസരം ഹാളിലേക്ക് ക്ഷണിച്ചു.അവിടെ ഒരു ചെറിയ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.അതിന്റെ സ്റ്റേജിനോട് ചേര്‍ന്നിരുന്നു ഞങ്ങള്‍ അദ്ദേഹവുമായി സംസാരിച്ചു.

മെയ് ദിനത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ശ്രീ സുകുമാരന്‍ തന്റെ ആദ്യത്തെ ഹോട്ടല്‍ സംരഭത്തിനു “ചിക്കാഗോ”യുടെ സ്മരണ നിലനിര്‍ത്തുന്ന പേരു നല്‍കിയത്.

തീരുന്നില്ല ഈ കൊച്ചു ഹോട്ടലിലെ വിശേഷങ്ങള്‍!

  • മെയ് 1 തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി
  • വളരെ കൃത്യമായി കഴിഞ്ഞ 25 വര്‍ഷങ്ങളായി മെയ് ദിനത്തില്‍ തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി വിതരണം ചെയ്യുന്നു
  • വര്‍ഷത്തില്‍ 300 ദിവസം ജോലി ചെയ്ത എല്ലാ തൊഴിലാളികള്‍ക്കും സ്വര്‍ണ്ണ മോതിരം
  • എല്ലാ തൊഴിലാളികള്‍ക്കും1500 രൂ വസ്ത്രത്തിനായി ഒരു വര്‍ഷം കൊടുക്കുന്നു.
  • എല്ലാ വര്‍ഷവും ദീപാവലിക്കും മെയ് ദിനത്തിനും ശമ്പള വര്‍ദ്ധനവ്.
ഈ ആനുകൂല്യങ്ങളെല്ലാം നല്‍കുന്ന ഈ ഹോട്ടല്‍ ഒരു ത്രീ സ്റ്റാറോ ഫൈവ് സ്റ്റാറോ ഒന്നുമല്ല.ഒരു ചെറിയ സംരഭമാണു “ഹോട്ടല്‍ ചിക്കാഗോ” എന്നറിയുമ്പോളാണ് അതിലെ വ്യത്യസ്തത നമ്മളെ ഏറെ ആകര്‍ഷിക്കുന്നത്.

ഹോട്ടല്‍ ചിക്കാഗോയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 25 വര്‍ഷമായി മെയ് ദിനം സമുചിതമായി കൊണ്ടാടപ്പെടുന്നു.കൊടിതോരണങ്ങളാല്‍ അന്നേ ദിവസം ഹോട്ടലും പരിസരവും അലംകൃതമാകും.അന്ന് കടയില്‍ വരുന്നവര്‍ക്കൊക്കെ രാവിലെ ചായയും പ്രഭാത ഭക്ഷണവുമൊക്കെ സൌജന്യമായിരിക്കും..പിന്നിട് ആഘോഷങ്ങളാണ്.ഹോട്ടലിലെ തൊഴിലാളികളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്ഷണിച്ചു വരുത്തിയ അതിഥികളും ചേര്‍ന്നുള്ള മെയ് ദിന ആഘോഷങ്ങള്‍. ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ്.
(ശ്രീ സുകുമാരനോടൊപ്പം)

“എങ്ങനെയാണു ഈ ഹോട്ടല്‍ രംഗത്തേക്ക് കടന്നു വന്നത് ?” എന്റെ ചോദ്യം കേട്ടപ്പോള്‍ അദ്ദേഹം പഴയകാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

1971 ലാണു ചെന്നൈയില്‍ എത്തുന്നത്.ചെന്നൈയില്‍ വരുന്നതിനു മുന്‍പു തന്നെ പാട്യത്ത് പഠനസമയത്ത് തന്നെ ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ( അന്നത്തെ കെ എസ് എഫ്) ബന്ധപ്പെട്ട സജീവ പ്രവര്‍ത്തനം നടത്തിയിരുന്നു.സജീവ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടനവധി കേസുകളിലും ഉള്‍പ്പെട്ടു.പഠനം ശരിയായി നടന്നില്ല.എസ് എസ് എല്‍ സി പാസാകാന്‍ പറ്റാതെ വന്നപ്പോള്‍ ചെന്നൈയിലേക്ക് വണ്ടി കയറി.അവിടെ മാമനു ജേഷ്ഠനും ഉണ്ടായിരുന്നു.അങ്ങനെ ചെന്നൈയിലെത്തി.പലവിധത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടു.അതില്‍ തന്നെ ചായക്കടകളില്‍ ആയിരുന്നു കൂടുതലും ജോലി ചെയ്തിരുന്നത്.ഒന്നര രൂപയോ രണ്ടു രൂപയോ ഒക്കെ ആ‍യിരുന്നു അക്കാലത്ത് ശമ്പളം.ചായക്കടകളില്‍ ജോലി ചെയ്തിരുന്നവരുടെ ദയനീയ സ്ഥിതി കണ്ടപ്പോള്‍ തന്നിലെ ഇടതു പക്ഷക്കാരന്‍ ഉണര്‍ന്നു.അങ്ങനെ ഒരു “ചായക്കട തൊഴിലാളി സംഘം” 1979 ല്‍ രൂപീകരിച്ചു.ഏതാണ്ട് 2000 ഓളം അംഗങ്ങള്‍ അതില്‍ ഉണ്ടായിരുന്നു.ഇതേ സമയം തന്നെ ചെന്നൈയിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി.സി പി ഐ എം ല്‍ സജീവമായി.ചായക്കട തൊഴിലാളി യൂണിയനെ സി ഐ ടിയുമായി ബന്ധപ്പെടുത്തി.ഈ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും കുറെ കേസുകള്‍ നിലവിലിരുന്നു.“

“അങ്ങനെയിരിക്കെ ഒരു കേസില്‍ വന്ന വിധിയിലൂടെ കോടതി വിധിച്ചതനുസരിച്ച് 60,000 രൂ ഒരു ഹോട്ടലുടമ നല്‍കേണ്ടി വന്നു.അയാള്‍ ആ തുക ഒന്നിച്ചു നല്‍കാതെ പല തവണകളായിട്ടാണ് നല്‍കിയത്.അങ്ങനെ കിട്ടിയ ആ തുക കൊണ്ടാണ് 1986 ല്‍ ആദ്യത്തെ ചായക്കട കാമരാജ് അവന്യൂവില്‍ തുടങ്ങിയത്.അത് തുടങ്ങുമ്പോള്‍ പേരിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നതേയില്ല.ചെറുപ്പം മുതല്‍ മനസ്സില്‍ ചുവന്ന സ്വപ്നങ്ങള്‍ കോറിയിട്ട മെയ് ദിനത്തിന്റെ ഓര്‍മ്മയ്ക്കായി “ഹോട്ടല്‍ ചിക്കാഗോ” തുടങ്ങി.ഒറ്റക്കായിരുന്നു ആദ്യം എല്ലാ ജോലിയും ചെയ്തിരുന്നത്.പതിയെ പതിയെ ഹോട്ടല്‍ വിപുലമാക്കി.ഇന്നിപ്പോള്‍ മൂന്ന് ഹോട്ടലുകള്‍ ഉണ്ട്.അതിലൊന്നു ബന്ധുവാണു നടത്തുന്നത്. ഇരുപത്തി രണ്ട് ( 22) തൊഴിലാളികള്‍ ഈ കൊച്ചു ഹോട്ടലില്‍ ഇന്ന് ജോലി ചെയ്യുന്നുണ്ട്.”

“ഞാന്‍ ഒരു ഹോട്ടല്‍ നടത്തുമ്പോള്‍ ഒരിക്കലും തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ എടുക്കാന്‍ എനിക്ക് സാധ്യമല്ല.അതുകൊണ്ടു തന്നെ തൊഴിലാളികളേയും ഹോട്ടലിന്റെ ഭാഗമായി കണ്ട് അവരുടെ ക്ഷേമത്തിനു കൂടുതല്‍ മുന്‍‌ഗണന നല്‍കുന്നു.അവരുടെ ഇന്‍ഷ്വറന്‍സ് , ക്ഷേമനിധി എന്നിവയില്‍ നിന്നുള്ള ആനുകൂല്യങ്ങളെല്ലാം ലഭിക്കാന്‍ ഞാന്‍ തന്നെയാണു മുന്നിട്ടിറങ്ങുന്നത്.” ശ്രീ സുകുമാരന്‍ പറഞ്ഞു നിര്‍ത്തി.


(സമ്മേളനത്തില്‍ നിന്ന്)
ഇത്രയും സംസാരിക്കുമ്പോളേക്ക് ആ ചെറിയ സമ്മേളനം തുടങ്ങാറായി.ക്ഷണിക്കപ്പെട്ട അതിഥികളായിരുന്ന സി പി ഐ എം ജില്ലാ സെക്രട്ടറി ബീമാറാവു, മദിരാശി കേരള സമാജം സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡണ്ട് കെ വി വി മോഹനന്‍, ഡി വൈ എഫ് ഐ ജില്ലാ നേതാക്കള്‍, കൂടാതെ കണ്ണൂരില്‍ നിന്നെത്തിയ സഖാക്കള്‍ എന്നിവര്‍ വേദിയെ അലങ്കരിച്ചു.സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇവരെ കൂടാതെ സംസാരിച്ചു.എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നിവ നേടിയെടുക്കാനായി ചിക്കാഗോ തെരുവീഥികളില്‍ സമരം നടത്തിയവരെ ആ സമ്മേളനം സ്മരിച്ചു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലെ തൊഴിലാളി വിരുദ്ധസമീപനങ്ങളെക്കുറിച്ചും മുതലാളിത്ത പ്രതിസന്ധികളെക്കുറിച്ചും യോഗത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.

(മെയ് ദിനം ആഘോഷിക്കാന്‍ ഒത്തു കൂടിയവര്‍)

“ഹോട്ടല്‍ ചിക്കാഗോ”ആരംഭിച്ചതിന്റെ 25 ആം വാര്‍ഷികം പ്രമാണിച്ച് എല്ലാ തൊഴിലാളികള്‍ക്കും ഈ വര്‍ഷത്തെ സ്പെഷല്‍ സമ്മാനമായി ഓരോ ടൈറ്റാന്‍ വാച്ച് സമ്മാനിക്കപ്പെട്ടു.ഇതു കൂടാതെ തൊഴിലാളികള്‍ക്കുള്ള ബോണസും മോതിരവും ചടങ്ങില്‍ വച്ച് ശ്രീ സുകുമാരന്‍ വിതരണം നടത്തി.


(ബോണസ് വിതരണം)
ഒരു ഉത്സവഛായ അവിടെയെങ്ങും നിറഞ്ഞു നിന്നിരുന്നു.ഓരോ തൊഴിലാളിയുടെ മുഖത്തും സന്തോഷം കളിയാടി.അവരില്‍ ചിലരോടും ഞങ്ങള്‍ സംസാരിച്ചു.

“സ്വന്തം സ്ഥാപനം പോലെ ജോലി ചെയ്യാന്‍ തോന്നുന്നു “ എന്നാണു കഴിഞ്ഞ 11 വര്‍ഷമായി ഈ ഹോട്ടലില്‍ ജോലി ചെയ്യുന്ന പെരിയസ്വാമി പറയുന്നു.യാതൊരു വിധമായ തൊഴില്‍ പ്രശ്നങ്ങളും ഇതു വരെ ഇവിടെ ഉണ്ടായി കണ്ടിട്ടില്ല.എല്ലാ മാസവും തൊഴിലാളികളുമായി മീറ്റിംഗ് ഉണ്ടാവും.ഇത്തരം മീറ്റിംഗുകളില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കും.കൂടാതെ കടയില്‍ വരുന്ന ആള്‍ക്കാരുടെ അഭിപ്രായങ്ങളും ചോദിച്ചറിയാറുണ്ട്, പെരിയസ്വാമി പറഞ്ഞു.

കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ഇരുപതുകാരന്‍ ബീഹാര്‍ സ്വദേശി ബബ്‌ലുവിനെ കണ്ടാല്‍ ഒരു കൊച്ചു കുട്ടിയാണെന്ന് തോന്നും.തിളങ്ങുന്ന ചിത്രപ്പണികളുള്ള ഷര്‍ട്ടും പാന്‍‌സുമൊക്കെ ധരിച്ചാണു ബബ്‌ലുവിനെ കണ്ടത്.ഇതും ശ്രീ സുകുമാരന്‍ എടുത്തു തന്നതാണെന്ന് ബബ്‌ലു പറഞ്ഞു.സന്തുഷ്ടനാണു ബബ്‌ലു.നല്ലൊരു തുക എല്ലാ മാസവും കൃത്യമായി നാട്ടിലേക്കയക്കാന്‍ സാധിയ്ക്കുന്നുണ്ടെന്ന് ബബ്‌ലു പറഞ്ഞു.ശ്രീ സുകുമാരന്റെ സമീപനത്തിലും പെരുമാറ്റത്തിലുമെല്ലാം ബബ്‌ലു വളരെ സംതൃപ്തനാണ്.

ഇതുകൂടാതെ സാമൂഹിക സേവന രംഗത്തും ഹോട്ടല്‍ ചിക്കാഗോ മുന്‍‌പന്തിയില്‍ തന്നെ.ശ്രീ സുകുമാ‍രന്റെ നേതൃത്വത്തില്‍ ചിക്കാഗോ ഹോട്ടല്‍ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു രക്തദാന ക്യാമ്പ് തന്നെ നടത്തി.തൊഴിലാളികളടക്കം നാല്പത്തഞ്ചോളം ആള്‍ക്കാരുടെ രക്തഗ്രൂപ്പുകള്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നിര്‍ണ്ണയിച്ച് ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കിയിട്ടുണ്ട്.ഏതു സമയത്തും അത്യാവശ്യക്കാര്‍ക്ക് രക്തദാനം ചെയ്യാന്‍ ഇവര്‍ സ്വയം സന്നദ്ധരായിരിക്കുന്നു.

ചെന്നൈ പോലെയുള്ള മെട്രൊസിറ്റിയില്‍ ഒട്ടനവധി ചെറിയ ചായക്കടകളും ഹോട്ടലുകകളും ഉണ്ട്.വളരെ ദയനീയമായ സാഹചര്യങ്ങളിലാണു മിക്കയിടങ്ങളിലും ആള്‍ക്കാര്‍ ജോലി ചെയ്യുന്നത്.കഠിനമായ ജോലിക്ക് തുച്ഛമായ കൂലിയാണു എല്ലായിടങ്ങളിലും.ശ്രീ സുകുമാരന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്.പിന്നിട്ട് വന്ന പാതകളെ അദ്ദേഹം മറക്കുന്നില്ല.തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വരുന്നതിന്റെ കാരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കിടയില്‍ കഴിഞ്ഞ 25 വര്‍ഷമായി ഹോട്ടല്‍ ചിക്കാഗോയും സുകുമാരനും തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.വന്‍‌കിട കമ്പനികള്‍ പോലും പരമാവധി ചൂഷണം ചെയ്ത് തൊഴിലും ആനുക്കൂല്യങ്ങളും വെട്ടിക്കുറക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.എന്നാല്‍ എങ്ങനെയാണു ഒരു സ്ഥാപനത്തെ സ്വന്തം സ്ഥാപനമെന്ന് കരുതി തൊഴിലാളികള്‍ സ്നേഹിക്കുന്നതെന്ന് അറിയാന്‍ ഹോട്ടല്‍ ചിക്കാഗോയില്‍ വന്നാല്‍ മതി. (മെയ് ദിനം പ്രമാണിച്ച് അടഞ്ഞു കിടന്നിരുന്ന ചിക്കാഗോ ഹോട്ടല്‍)
ഇവിടെ മുതലാളിയും തൊഴിലാളിയുമില്ല.പകരം എല്ലാവരും തൊഴിലാളികളും എല്ലാവരും നടത്തിപ്പുകാരും ആകുന്നു.അതുകൊണ്ട് തന്നെയാണു ഓരോ തൊഴിലാളിക്കും ഇദ്ദേഹം മുതലാളിയല്ലാതെ “തോഴര്‍” സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം..അത് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ വെളിച്ചമാകാന്‍ കാത്തിരിയ്ക്കുകയാണു സി പി ഐ എം ഏരിയാ കമിറ്റി മെമ്പര്‍ കൂടിയായ സ:സുകുമാരന്‍.

ബിരിയാണി സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

( കടപ്പാട്:: എന്നോടൊപ്പം മുഴുവന്‍ സമയം ഉണ്ടാവുകയും ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്ത പ്രതീഷിനും ഈ പരിപാടിക്ക് ക്ഷണിച്ച ശ്രീ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും)

40 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.

സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!

ശ്രീവല്ലഭന്‍. said...

Excellent! Thanks for sharing.

അലി said...

നല്ല പോസ്റ്റ്...
ആശംസകൾ!

ശ്രീനാഥന്‍ said...

സഖാവിന്റെ ഹോട്ടൽ വിശേഷം കൌതുകകരമായി. അപൂർവ്വമാണ് ഇത്തരം മനുഷ്യർ.

SHANAVAS said...

വ്യത്യസ്തനായ ഒരു "മുതലാളിയെ" പരിചയപ്പെടുത്തിയതിനു നന്ദിയുണ്ട്.നല്ല പോസ്റ്റ്‌.ആശംസകള്‍.

Rajeeve Chelanat said...

ഈ പരിചയപ്പെടുത്തലിനു നന്ദി സുനിൽ.
സ.സുകുമാരനും, താങ്കൾക്കും
അഭിവാദ്യങ്ങളോടെ

Cartoonist said...

സഖാവ് സുകുമാരന്റെ ഒരു
വര ഞാൻ സ്പോൻസർ ചെയ്തിരിക്കുന്നു :)

ഭംഗിയായി എഴുതിയിരിക്കുന്നു, സുനിലെ :))

Radheyan said...

തെളിമയുള്ള ചിത്രം, വായിച്ചിട്ട് സന്തോഷം....

അനിൽ കൃഷ്ണൻ (Anil Krishnan) said...

Da, One of youe best Posts!..

Biju Davis said...

"വ്യത്യസ്തനാമൊരു ഓണറാം സുകുമാരൻ
സത്യത്തിലാരും തിരിച്ചറിഞ്ഞീല..."

സുനിൽ പരിചയപ്പെടുത്തൂന്നതു വരെ...

നന്നായിട്ടുണ്ട്‌!

.. said...

Kudos!!!!
PERFECT COMMUNISM.
Thanks for sharing.
Orikkalenkil iddehathe onnu parichayappedanam

.. said...

Kudos!!!!
PERFECT COMMUNISM.
Thanks for sharing.
Orikkalenkil iddehathe onnu parichayappedanam

Musthu Kuttippuram said...

അവതരണം നന്നായിട്ടുണ്ട്,,,,,,,,,,സഖാവിന് ഒരായിരം വിപ്ലവാഭിവാദ്യങ്ങള്‍,,,

പാപ്പാത്തി said...

ith evidyaaa sunile? njaan kandittillalo...!!

anyway nalla lekhanam...!!

K.P.Sukumaran said...

നന്നായിട്ടുണ്ട്, നല്ല പോസ്റ്റ്. ഹോട്ടല്‍ ബിസിനസ്സില്‍ ശ്രീ.സുകുമാരന്‍ നല്ലൊരു മാതൃക തന്നെ.

നൗഷാദ് അകമ്പാടം said...

ഈ മനുഷ്യന്‍ സമൂഹത്തിനു നല്‍കുന്നത് മഹത്തായ ഒരു സന്ദേശമാണു.
തനിക്കു ചുറ്റുമുള്ള കൊച്ചു ലോകത്തില്‍ മഹത്തായ ഒരു ആശയ-വിപ്ലവം എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു.
സാര്‍ത്ഥകമായ "ഇരുപത്തിരണ്ട്" എന്നുള്ളത് പ്രതിരൂപമാണു.
സ.സുകുമാരനില്‍ നിന്നും നിസ്വാര്‍ത്ഥമായ, നിഷ് കളങ്കമായ പകര്‍പ്പുകള്‍ രൂപപ്പെടുമ്പോള്‍
ഇരുന്നൂറ്റി ഇരുപതിലേക്കും രണ്ടായിരത്തി ഇരുന്നൂറിലേക്കും അനുക്രമം മാറ്റപ്പെടുന്ന ഒരു അവസ്ഥ സമത്വവും ഐക്യവും കാംക്ഷിക്കുന്ന ഒരു നവ തൊഴിലാളി-മുതലാളി സംസ്ക്കാരമായി രൂപപ്പെട്ട് വരുന്നു.
അതാവും തീര്‍ച്ചയായും സഖാവിന്റെ സ്വപ്നവും.

ഒരു പക്ഷേ മുതലാളിമാര്‍ക്കിടയില്‍ നന്നായുറങ്ങുന്ന ഒരാളാവാം സ.സുകുമാരന്‍.
ഉറക്കം കിട്ടാത്തവര്‍ക്ക് ഈ മനുഷ്യന്‍ ഒരു പാഠപുസ്തകമാവട്ടെ...

സഖാവേ നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍!

dileep kumar said...

ആര്‍ത്തി പൂണ്ട മുതലാളിത രൂപങ്ങള്‍ക്ക്‌ ഒരു ബദല്‍ പടുതുയര്ത്താനുള്ള ഇച്ചാ ശക്തിക്ക് മുന്നില്‍ ഭാവുകങ്ങള്‍!, മഹാനായ എ കെ ജി പടുത്തുയര്‍ത്തിയ സഹകരണ ബദലുകളുടെ പിന്തുടര്ച്ചയി ഇതിനെ കാണണം, സാമൂഹിയ പ്രടിബദ്ദത ജീവ വായുവായി കൊണ്ട് നടക്കുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എളിയ ശ്രമങ്ങളാണ് സ; സുകുമാരന്റെത് , സ; പാടിയം ഗോപാലന്റെ മണ്ണില്‍ ജനിച്ച ഈ മനുഷിയനു ഇങ്ങനെയേ ജീവിക്കാന്‍ കഴിയൂ ..അഭിവാദ്യങ്ങള്‍ ......

kichu / കിച്ചു said...

ഒരിക്കല്‍ എന്റെ ബസ്സില്‍ സുനിലിനോട് ചോദിച്ച ചോദ്യത്തിന് ഉത്തരമായി സഖാവ് സുകുമാരന്‍ ...
അദ്ദേഹത്തിന് എല്ലാ ആശംസകളും..
നല്ല പോസ്റ്റ് ..നല്ല മെയ് ദിനാഘോഷവും :)

binu said...

As your brother said, one of the best posts in 'kanamarayathu'

congrats!!!

Dr.Biji Anie Thomas said...

ഇതു മനൊഹരമായ കാഴ്ച..ഇനി ചെന്നൈയിൽ വരുമ്പോഴാകട്ടെ ഹോട്ടൽ ചിക്കാഗോയിൽ പോകാം..

Raghunath said...

സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.

സദ്യകഴിഞ്ഞ് പ്രതീഷിനോടൊപ്പം മടങ്ങുമ്പോള്‍ മനസ്സു നിറഞ്ഞു നിന്നത് ഈ നന്മ മാത്രമായിരുന്നു.ഈ മെയ്‌ദിനം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല !!!
............
Thank You Comred.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ചെന്നൈ ചിക്കാഗോയിലെ അനുഭവക്കാഴ്ച്ചകളിലൂടെ നല്ലൊരു മെയ്ദിനം..!

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

നന്മ മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന മനുഷ്യര്‍ ലോകത്ത് ഇപ്പോഴും ഉണ്ട് എന്നറിയുന്നതില്‍ വളരെ സന്തോഷം ഉണ്ട് .. കൂടെ അദ്ദേഹത്തെ പരിചയപെടുത്തിയ സുനിലിനു നന്ദി ..

jayanEvoor said...

ഈ ലോകത്ത് ഇങ്ങനെയും ആളുകൾ ഉണ്ടെന്ന ഓരോ തിരിച്ചറിവും ആവേശകരമാണ്.

സ: സുകുമാരനും അദ്ദേഹത്തോടൊപ്പമുള്ള തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ!

അനില്‍@ബ്ലോഗ് // anil said...

നല്ല കാര്യങ്ങള്‍ വായിക്കാന്‍ സുഖം തോന്നുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും.

ramachandran said...

Lal Salam Comrade Sukumaran

Best wishes Sunil and Prateesh

ഭാനു കളരിക്കല്‍ said...

അഭിവാദ്യങ്ങള്‍ സഖാവേ ...

മാണിക്യം said...

"സ: സുകുമാരന്‍ മാത്രമാകുന്നത്.സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം...."

അഭിവാദ്യങ്ങള്‍ ......

പാവപ്പെട്ടവൻ said...

എന്തയാലും മെയ് ദിനത്തിന്റെ യഥാർത്ഥസ്വഭാവം സൂക്ഷിക്കുന്ന പ്രിയതൊഴിലാളി സഖാക്കൾക്ക് ആയിരമായിരം വിപ്ലവ അഭിവാദ്യങ്ങൾ ..
ഇവിടെ ഒരു അഭിപ്രായം രേഖപ്പെടുത്താൻ കുറെ ശ്രമിക്കണ്ടിവന്ന് പേജ് തുറക്കുന്നതിനു ഇറർ കാണിച്ചതാണ് കാരണം .

Anonymous said...

കള്ള സഖാക്കന്‍മാരെ എനിക്ക്‌ തീരെ തത്പര്യമില്ല.... പക്ഷെ ഈ മുതലാളിയെ എനിക്ക്‌ ശരിക്കിഷ്ടപ്പെട്ടുട്ടാാ !

Unknown said...

സുകുമാരൻ വെളിച്ചമാകട്ടെ .. കാപട്യത്തിന്റെ അന്ധകാരത്തിലാഴ്ന്നു പോയ ചൂഷക മുതലാളിവർഗ്ഗത്തിന്റെ തൊഴിലാളി സ്നേഹത്തിനോടുള്ള തിമിരം ബാധിച്ച കണ്ണുകൾക്ക് സുകുമാരൻ തന്നെയാണു ഒരായിരം സൂര്യതേജസ്സുള്ള വെളിച്ചം. അതണയാതെ വരും തലമുറകൾ ഉയർത്തിപ്പിടിക്കട്ടെ എല്ലാവിധ ആശംസകളും .

ജിജ സുബ്രഹ്മണ്യൻ said...

മനസ്സിൽ നന്മ കൈമോശം വരാത്ത നല്ല മനുഷ്യർ ഇപ്പോഴും ഉണ്ടല്ലോ.സ്വന്തം കാര്യം സിന്ദാബാദ് വിളിച്ചു നടക്കുന്ന ഇന്നത്തെ തലമുറയിലെ മനുഷ്യർക്കിടയിലെ വളരെ വ്യത്യസ്തനായ ഒരു സഖാവ്.ഇദ്ദേഹത്തെക്കുറിച്ച് അറിയാനിടയായതിൽ സന്തോഷം.

A Cunning Linguist said...

ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബോധിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ളവര്‍ ഇവിടെ പോയി അത് വായിക്കുമല്ലോ?

പുനഃപ്രസിദ്ധീകരണാനുമതിക്ക് സുനിലേട്ടന് ബോധിയുടെ പേരില്‍ നന്ദി രേഖപ്പെടുത്തുന്നു.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

അഭിവാദ്യങ്ങള്‍...

indrasena indu said...

സ:സുകുമാരന്‍ കാണിച്ചു തരുന്നത് ഒരു ഇത്തിരി വെട്ടമാണ്.ഒരു കമ്യൂണിസ്റ്റുകാരന്‍ സമൂഹത്തിനു കാട്ടിക്കൊടുക്കുന്ന വെളിച്ചം.

Kattil Abdul Nissar said...

ഈ അപൂര്‍വമായ കാഴ്ച പങ്കു വച്ചതിനു നന്ദി.

Thommy said...

Enjoyed my visit...to Hotel Chicago...Yes, very rare these days

madhu said...

വാക്കും പ്രവർത്തിയുമൊന്നാകുമ്പോഴുള്ള സൗന്ദര്യം. മെയ് ദിനാശംസകൾ സഖാക്കളേ...