Friday, September 25, 2009

സാധാരണക്കാരനായ പ്രവാസി - ചില ഓർമ്മച്ചിത്രങ്ങൾ!

ഇതൊരു ഓർമ്മക്കുറിപ്പാണ്.വെറും സാധാരണക്കാരനായ ഒരു പ്രവാസിയെക്കുറിച്ച്, എന്നാൽ അടുത്തറിയാവുന്നവരുടെ ആത്മ മിത്രമായിരുന്ന ഒരു നാട്ടിൻ പുറത്തുകാരനെക്കുറിച്ച്......

ചന്നം പിന്നം മഴപെയ്തു കൊണ്ടിരിക്കുന്ന ഒരു സായാഹ്നം.ഓഫീസിലെ തിരക്കിട്ട ജോലിക്കിടയിൽ ഇടക്കിടെ ചൂടുചായയിൽ നിന്നു ഓരോ കവിൾ വീതം കുടിച്ചു കൊണ്ടിരിക്കുമ്പോളാണു മൊബൈൽ ശബ്ദിച്ചത്.നോക്കിയപ്പോൾ നാട്ടിൽ നിന്നു അച്ഛന്റെ ഫോൺ.

“എന്താ അച്ഛാ ഇപ്പോൾ വിളിച്ചത്?”
“അത് ഞാനൊരു കാര്യം പറയാൻ വിളിച്ചതാ..നമ്മുടെ വാസുദേവൻസാർ കുറച്ചു മുൻ‌പ് മരിച്ചു പോയി”

ഒരു നിമിഷം ഞാൻ മൌനമായിപ്പോയി.ഇതെന്തൊരു ദുരന്ത വാർത്ത !

“മരിക്കുകയോ?വാസുദേവൻ സാറോ?അതെങ്ങനെ പെട്ടെന്ന്?” എന്റെ ചോദ്യത്തിൽ തികച്ചും അവിശ്വസനീയത കലർന്നിരുന്നു.

“ഒന്നും പറയേണ്ട.സാറിനു ഒന്നു രണ്ടു ദിവസമായി അത്ര സുഖമില്ലാതെ ഇരിക്കുവായിരുന്നു.മുന്നിലത്തെ റൂമിൽ ടി.വി.കണ്ടു കൊണ്ടിരിക്കുകയായിരുന്നു.ടീച്ചറും ( സാറിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി ടീച്ചർ) മോളും അടുക്കളയിലായിരുന്നു.വിളിച്ചിട്ട് കേൾക്കാത്തപ്പോൾ അവർ ചെന്നു നോക്കിയപ്പോൾ കസേരയിൽ നിന്നു വീണുകിടക്കുന്നു.വായിൽ നിന്നു രക്തം.ബോധമില്ല.ഉടനെ അടുത്തുള്ളവരെ വിളിച്ച് ആശുപത്രിയിൽ കൊണ്ടുപോയി.പക്ഷേ ഇവിടെ നിന്നു പോകുമ്പോൾ തന്നെ എല്ലാം കഴിഞ്ഞിരുന്നു”

അച്ഛൻ പറഞ്ഞു നിർത്തി.

എനിക്കൊന്നും സംസാരിക്കാൻ തോന്നിയില്ല.സാറിനെ കണ്ടിട്ട് കുറെ നാളായിരുന്നു.മോളുടെ കല്ല്യാണമൊക്കെ നിശ്ചയിച്ചു വച്ചിരിക്കുകയായിരുന്നു.ഇത്രെ പെട്ടെന്ന്...മരിക്കാനുള്ള പ്രായം ആയോ...നൂറു ചിന്തകൾ മനസ്സിലൂടെ കടന്നു പോയി.

“ശരി..ഞാൻ വൈകിട്ടു വിളിക്കാം” എന്ന് പറഞ്ഞ് ഫോൺ വച്ചു.

ജോലി ചെയ്യാൻ തോന്നിയില്ല.വെളിയിൽ മഴയുടെ ശക്തി കൂടി.വല്ലാത്ത കാറ്റ് വാതിൽ പാളികളെ മുറിച്ച കടന്നു വന്നുകൊണ്ടിരിക്കുന്നു.ചായ ഗ്ലാസിൽ വെറുതെ പിടിച്ച് തിരുമ്മിക്കൊണ്ട് ഞാനിരുന്നു.ഓർമ്മകൾ കാലങ്ങൾക്കു പിറകിലേക്ക് സഞ്ചരിച്ചു.

സ്നേഹത്തിന്റെ പ്രതി രൂപമായിരുന്നു വാസുദേവന്‍ സാര്‍...എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സാറിനെ ആദ്യമായി കാണുന്നത്.സാറിന്റെ ഭാര്യയായിരുന്ന ലക്ഷ്മിക്കുട്ടി ടീച്ചര്‍ എന്നെ ‍പഠിപ്പിച്ചത് മൂന്നാം ക്ലാസില്‍ ആയിരുന്നു.അതിനും മുന്‍പ് അവരെ പരിചയമായിക്കഴിഞ്ഞിരുന്നു.എന്റെ മാതാപിതാക്കളും അദ്ധ്യാപകർ ആയിരുന്നതിനാൽ കുടുംബ സുഹൃത്തുക്കളായിരുന്നു.ടീച്ചറിനു ജോലി ഞങ്ങളുടെ നാട്ടിലെ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയതു കാരണമാണു അവർ ഞങ്ങളുടെ നാട്ടിൽ എത്തിപ്പെട്ടത്.

സാറന്ന് ദുബായില്‍ ആയിരുന്നു.സാർ ‘പേർഷ്യ’യിലാണെന്നാണു അമ്മയൊക്കെ പറഞ്ഞിരുന്നത്.വര്‍ഷത്തിലൊരിയ്ക്കല്‍ അവധിയ്ക്കു നാട്ടില്‍ വരുമ്പോള്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ ആരംഭിയ്ക്കുകയായി.സാര്‍ തന്നിരുന്ന ബബിള്‍ഗം പോലുള്ള ഒരു തരം മിഠാ‍യിയുടെ മധുരം, ദാ ഇപ്പോളും ഈ നാവിന്‍ തുമ്പത്തുണ്ട്.അവര്‍ക്കു കുട്ടികളില്ലായിരുന്നു.അനപത്യ ദു:ഖം അലട്ടിയിരുന്ന അവര്‍ എത്രമാത്രം എന്നേയും എന്റെ അനിയനെയും സ്നേഹിച്ചിരുന്നോ?സ്വന്തം കുട്ടികളായി അവര്‍ ഞങ്ങളെ കരുതി. ടീച്ചർ എന്റെ അദ്ധ്യാപിക ആകുന്നതിനും എത്രയോ മുന്നേ ഞാനും അനിയനും അവരുടെ വീട്ടിലെ നിത്യ സന്ദർശകർ ആയി മാറിയിരുന്നു.എല്ലാ കുട്ടികളേയും "മോനേ" എന്നായിരുന്നു ടീച്ചര്‍ വിളിച്ചിരുന്നത്.എല്ലാ സംസാരത്തിലും ആത്മാര്‍ഥത പുലര്‍ത്തിയിരുന്നു സാര്‍.സാറിന്റെ വീട്ടില്‍ നിന്നാണ് ടേപ് റിക്കാര്‍ഡര്‍ ആദ്യമായി കാണുന്നത്. കാസറ്റ് ഇടുമ്പോൾ അതു ടേപ്പ് റിക്കാർ‌ഡറിനുള്ളിൽ കറങ്ങുന്നത് ഞാനും അനിയനും സാകൂതം വീക്ഷിച്ചു നിന്നു.ഒരു ഭാഗത്തെ ടേപ്പ് അയഞ്ഞയഞ്ഞ് മറുഭാഗത്ത് ചുറ്റി വരുന്നത് എങ്ങനെയെന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു.അതിലെവിടെയാണു പാട്ടുകൾ പിടിച്ചു വച്ചിരിക്കുന്നതെന്ന് ഓർത്ത് ഞങ്ങൾ തല പുകച്ചു.അന്നു ചെറിയ കുട്ടികളായിരുന്ന ഞങ്ങളുടെ സംസാരം ഒരു ദിവസം സാർ ടേപ്പ് റിക്കാർഡറിൽ പിടിച്ചു.ഞങ്ങളറിയാതെയാണു അതു ചെയ്തത്.കുറെ കഴിഞ്ഞു ടേപ്പ് റിക്കാർഡറിൽ നിന്നു ഞങ്ങളുടെ തന്നെ ശബ്ദം കേട്ടപ്പോൾ ഉണ്ടായത്ര അത്ഭുതം പിന്നീട് എത്രയോ വില കൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചപ്പോളൊന്നും അനുഭവിച്ചിട്ടില്ല.ഇന്നിപ്പോൾ ഈ കുറിപ്പ് എഴുതുമ്പോളും ഒരു ആറു വയസ്സുകാരന്റെ മനസ്സിൽ ഓരായിരം നക്ഷത്രങ്ങൾ പൊട്ടിച്ചിതറിയ ആ അത്ഭുത നിമിഷം ഞാൻ വ്യക്തമായി ഓർക്കുന്നു.

പിന്നീട് എത്രയോ വർഷങ്ങൾ കഴിഞ്ഞാണു സ്വന്തമായി ഒരു ടേപ്പ് റിക്കാർഡർ ഉണ്ടാകുന്നത്.ഞങ്ങൾ മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോളൊക്കെ ആ പഴയ സംഭാഷണങ്ങളുടെ കാസറ്റ് ഇട്ടു കേൾപ്പിക്കുമായിരുന്നു.ആ ആഹ്ലാദ നിമിഷങ്ങളെ വാക്കുകൾ വിവരിക്കാൻ എന്റെ ഭാഷക്ക് ശക്തി പോരാ.

സാർ നാട്ടിലുണ്ടാവുന്ന നാളുകൾ ഞങ്ങൾക്ക് സന്തോഷത്തിന്റേതായിരുന്നു.സാർ ഇട്ടിരുന്ന ഷർട്ടിനു ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.അറ്റത്ത് സ്പോഞ്ച് വച്ച സിഗരറ്റ് ( ഫിൽറ്റർ സിഗരറ്റ്) ആദ്യമായി കണ്ടു.അക്കാലങ്ങളിലൊരിക്കൽ സാറാണു ഞങ്ങൾക്ക് ആദ്യമായി ടി.ഷർട്ട് കൊണ്ടു വന്നു തന്നത്.ആ പുത്തർ ടീ ഷർട്ടുകൾ തിളങ്ങിരുന്നു.അവയുടെ പ്രത്യേക പുത്തൻ സുഗന്ധം ഇപ്പോളും മനസ്സിൽ ഓടിയെത്തുന്നു.അതിട്ട് ഞങ്ങൾ ക്ലാസിൽ മിടുക്കന്മാരായി.


കേരളത്തിനു പുറത്തുള്ള ഒരു ലോകത്തെക്കുറിച്ചു ഞാനാദ്യം അറിയുന്നത് സാര്‍ പറഞ്ഞാണ്.അല്പം കൂടി ഞങ്ങൾ മുതിർന്നപ്പോൾ അത്തരം കഥകൾ പറഞ്ഞു തന്നു.ജോലി തേടി മുംബൈയില്‍ പോയതു മുതലുള്ള കഥകള്‍.ദുരിത പൂര്‍ണ്ണമായ അവിടുത്തെ ജിവിതം.അന്നു കുര്‍ള പൈപ് ലൈന്‍( കുർള - സാക്കിനാക്ക പൈപ്പ ലൈൻ) വഴി നടന്നു ജോലിയ്ക്കു പോയിരുന്നതും,മുംബൈയിലെ ലോക്കല്‍ ട്രയിന്‍ യാത്രകളും, ഒറ്റ മുറിയിലെ താമസവും ഒക്കെ സാര്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നത് അത്ഭുതം വിടര്‍ന്ന മിഴികളോടെ ഇരുന്നു ഞങ്ങള്‍ കേട്ടു.മുംബൈ എന്നൊരു അത്ഭുത ലോകം എവിടെയോ ഉണ്ടെന്ന് ഞങ്ങളറിഞ്ഞു.ഹിന്ദി സിനിമകളെക്കുറിച്ചും പട്ടണത്തിന്റെ വലിപ്പത്തെക്കുറിച്ചുമൊക്കെ പറഞ്ഞതു കേട്ട് ഞങ്ങൾ അത്ഭുത പരതന്ത്രരായി.മുംബൈയിലെ ജീവിതത്തിനു ശേഷം വിസ ഇല്ലാതെ "നാടോടിക്കാറ്റിലെ" പോലെ ഉരു വഴി ദുബായില്‍ എത്തിയ വിസ്മയിപ്പിയ്ക്കുന്ന കഥ. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ദുബായുടേയും ഷാര്‍ജയുടെയും ഒക്കെ കഥകള്‍......രണ്ടു കുഞ്ഞു മനസ്സുകളിൽ വിസ്മയങ്ങൾ നിറക്കാൻ മറ്റെന്തു വേണം !


നാട്ടിലന്ന് ക്രിക്കറ്റ് കളി പ്രചരിച്ചു വരുന്നതേ ഉള്ളൂ.ക്രിക്കറ്റ് മനസ്സിൽ ഒരു ജ്വരമായി മാറി.എന്നാൽ ഇന്നത്തെ പ്പോലെ ടി.വി.യോ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് ക്രിക്കറ്റ് കളിയുടെ ബാലപാഠങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് സാറായിരുന്നു.എണ്ണക്കപ്പലില്‍ ജോലി ചെയ്തിരുന്ന സാര്‍ ക്രിക്കറ്റ് ക
ളി ടി.വി യില്‍ കണ്ടിട്ടുണ്ട് എന്നു അറിഞ്ഞപ്പോള്‍ മുതല്‍ ക്രിക്കറ്റ് കളിയെക്കുറിച്ചു ഉള്ള സംശയങ്ങളെല്ലാം സാറിനോടായി പിന്നെ.മുംബൈയിലെ ഒരു പാര്‍ക്കില്‍ വച്ചു അവിചാരിതമായി സുനില്‍ ഗാവസ്കറെ കണ്ടിട്ടൂണ്ട് എന്ന് സാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അസൂയ തെല്ലൊന്നുമല്ലായിരുന്നു,കൂടെ അല്‍‌പം ആരാധനയും.


എല്ലാം സുഖങ്ങള്‍ക്കിടയിലും അലട്ടിയിരുന്ന ഒടുങ്ങാത്ത അനപത്യദു:ഖം ഇല്ലാതാക്കാന്‍ ആ നല്ല ജോലി വിട്ടെറിഞ്ഞു സാര്‍ നാട്ടില്‍ വന്നു.ഞങ്ങളുടെ നാട്ടിൽക്കൂടീ ഒഴുകുന്ന രണ്ടു പുഴകളിൽ ഒന്നായ ‘പന്നിക്കാടൻ തോടിന്റെ” അരികിലായി അല്പം സ്ഥലവും ഒരു ചെറിയ വീടും വാങ്ങി താമസ്സമായി.


വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവര്‍ക്കും സന്തോഷത്തിന്റേതായി.കുഞ്ഞു പിറന്നു.പക്ഷേ പിന്നിടൊരിയ്ക്കലും സാര്‍ തിരിച്ചു ഗൾഫിൽ പോയില്ല
.അതിൽ അദ്ദേഹം ദു:ഖിച്ചു കണ്ടിട്ടുമില്ല.നഷ്ടമായിപ്പോയ ആ സുഖ സൌകര്യങ്ങളേക്കാളേറെ നമ്മുടെ കൊച്ചു നാടിന്റെ പരിമിതികളികളില്‍ അദ്ദേഹം ആനന്ദം കണ്ടെത്തി.നാടിന്റെ ശുദ്ധവായുവും, ശുദ്ധജലവും തരുന്ന ആനന്ദം ലോകത്തൊരിടത്തും കിട്ടില്ല എന്ന് എന്നെ കാണുമ്പോളൊക്കെ പറയുമായിരുന്നു.നാറ്റു വിട്ടതിനു ശേഷം സാറിനെ കാണാൻ അവധിക്കാലത്ത് ചെല്ലുമ്പോളൊക്കെ അതിമോഹങ്ങളുടെ പുറകേ മനസ്സിനെ സഞ്ചരിയ്ക്കാന്‍ വിടരുതെന്നും അപ്പോള്‍ നാം ജീവിയ്ക്കാന്‍ മറന്നു പോകുമെന്നും ഉപദേശിച്ചു.ഒരു പ്രവാസിയുടെ ജീവിത വ്യഥകള്‍ ആ ജീവിതം കണ്ട് ഞാൻ പഠിച്ചു.




ഒരിക്കൽ ബസ്സിൽ വച്ചു സാറിനെ കണ്ടു.വളരെ ദു:ഖിതനായി കാണപ്പെട്ടു.ചോദിച്ചപ്പോൾ പറഞ്ഞു.”ഇന്നു കേസിന്റെ ദിവസമായിരുന്നു.വസ്തു ഭാഗം വയ്ക്കലുമായി ബന്ധപ്പെട്ട് അനുജൻ കേസ് കൊടുത്തിരിക്കുന്നു”.അല്പം കഴിഞ്ഞു സാർ പറഞ്ഞു:‘ഞാനിന്ന് ആരുമല്ല.മണ്ണിനോടടുക്കുമ്പോൾ അറിയാം സഹോദര സ്നേഹം”..ആ വാക്കുകളുടെ മൂർച്ച എന്റെ ഹൃദയത്തിൽ തുളച്ചു കയറി.


ഞാനും എന്റെ സുഹൃത്തു മോഹനനും എന്നും വൈകിട്ട് നടക്കാനിറങ്ങും.സാഹിത്യവും, രാഷ്ട്രീയവും നിറഞ്ഞ സംഭാഷണങ്ങള്‍ക്കിടയില്‍ പുഴയരികിലൂടെ സുന്ദരിമാരേയും കണ്ടു നടന്നു നടന്നു ഞങ്ങള്‍ സാറിന്റെ വീട്ടു പടിക്കല്‍ എത്തും.പിന്നെ അവിടെക്കയറി നീണ്ട സംഭാഷണങ്ങൾ.അന്നു എന്നെയും മോഹനനേയും അത്ഭുതപ്പെടുത്തിയിരുന്ന ഒരു കാര്യം സാര്‍ അജ്ഞാതനായ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു എന്നതാണ്.ഞങ്ങളുടെ നാട്ടില്‍ ദേശാഭിമാനി സ്ഥിരമായി വരുത്തുന്ന അപൂരവം ഒരാളായിരുന്നു സാര്‍, മാത്രവുമല്ല രാഷ്ട്രീയകാര്യങ്ങളില്‍ നല്ല പരിജ്ഞാനവും ആയിരുന്നു.രാഷ്ട്രീയ സംബന്ധമായി പല കാര്യങ്ങളും വളരെ വ്യക്തതയോടെ ഞങ്ങൾക്ക് സാർ പറഞ്ഞു തന്നിട്ടുണ്ട്.

ആരാലും അറിയപ്പെടാതെ ഒതുങ്ങി അദ്ദേഹം ജീവിച്ചു. എന്നാല്‍ അറിയുന്നവര്‍ക്കൊക്കെ സ്നേഹം വാരിക്കോരി കൊടുത്തു.അങ്ങനെ അദ്ദേഹവും നിശബ്ദനായി കടന്നു പോയി.മരണം രംഗബോധധമില്ലാത്ത ഒരു കോമാളി എന്നു പറയുന്നത് എത്ര ശരിയാണ്.എത്രയോ കാലങ്ങൾ കാത്തിരുന്നുണ്ടായ കുട്ടിയുടെ വിവാഹത്തിനു തൊട്ടു മുൻപുള്ള മരണം.ഒരു ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കായി ജിവിച്ചു തീര്‍ക്കുന്ന പ്രവാസി പരമ്പരയിലെ ഒരു കണ്ണി കൂടി ഇല്ലാതാവുന്നു.ഒരിയ്ക്കല്‍ കൂടി ഒന്നു സംസാരിയ്ക്കാന്‍ പോലും അവസരം തരാതെ പോയി എന്നറിഞ്ഞപ്പോള്‍ , കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ സാറിനെ കാണാന്‍ പറ്റിയിരുന്നില്ലല്ലോ എന്നോര്‍ത്തു കുറ്റ ബോധവും തോന്നിപ്പോയി...

കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ട് കുതിച്ചു പായുന്നു.എന്താണിതിന്റെ ഒക്കെ ബാക്കി പത്രം? വാസുദേവന്‍ സാറിനെപ്പോലെ ഞാന്‍ കണ്ടിരുന്നതും, എന്നെ സ്നേഹിച്ചിരുന്നതുമായ ഒട്ടനവധി മുഖങ്ങള്‍ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്നു..പതിനെട്ടു വര്‍ഷത്തെ പ്രവാസ ജിവിതം ഉണ്ടാക്കിയ നേട്ടങ്ങളോടൊപ്പം ഇത്തരം നഷ്ടങ്ങളാണ് ഒരിയ്ക്കലും തിരിച്ചു കിട്ടാനാവാത്തവ...എന്നെങ്കിലും നാം തിരിച്ചു ചെല്ലുമ്പോള്‍ നമ്മേ അറിയുന്ന ആരുണ്ടാവും?നമ്മേ സ്നേഹിയ്ക്കാന്‍, നമ്മളെ വഴക്കു പറയാന്‍ ,നമ്മെ ഉപദേശിക്കാൻ ആരുണ്ടാവും? തികച്ചും അപരിചിതമായ ഒരു ലോകത്തേയ്കല്ലേ നമ്മളെല്ലാം തിരിച്ചു പോകും എന്നു കരുതുന്നത്?പ്രവാസികളുടെ ജീവിത ദു:ഖമാണിത്.എന്തിനൊക്കെയോ വേണ്ടി, എവിടെയൊക്കെയോ ജീവിതം മുഴുവന്‍ ഹോമിയ്ക്കുന്നു..എന്തിനു വേണ്ടി?സ്നേഹത്തോടെ നമ്മെ നോക്കുന്ന ആരെയെങ്കിലും കാണാത്ത ഒരു ലോകത്തു നമ്മളെങ്ങനെ ജീവിയ്ക്കും?നമുക്കെതിരേ വരുന്ന മുഖങ്ങളില്‍ മുഴുവന്‍ ‘ഇവനാര് ‘എന്ന അപരിചിതത്വം നിറഞ്ഞു നിന്നാല്‍?

സാറിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തു പറഞ്ഞ പോലെ , സ്നേഹമില്ലാത്ത കണ്ണുകളോടെ നമ്മെ നോക്കുന്നവരുടെ മുന്നില്‍ കിടന്നു മരിയ്ക്കുക എന്നതിനോളം ഭീതിതമായ ഒരവസ്ഥ വേറേയില്ല....ചിലപ്പോള്‍ തോന്നിപ്പോകുന്നു. എന്തിനിതെല്ലാം..?
അവശേഷിയ്ക്കുന്ന സ്നേഹത്തിന്റെ മുഖങ്ങളും കൂടി ഇല്ലാതാവുന്നതിനു മുന്‍പ് നമുക്ക് തിരിച്ചു പോകാം !!!

അതു വരെ?

അതു വരെ?

ഈ മണ്ണിൽ, അതെവിടെയായാലും, പരസ്പരം സ്നേഹിച്ചു മാത്രം കഴിയാം !!!!

23 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതൊരു ഓർമ്മക്കുറിപ്പാണ്.വെറും സാധാരണക്കാരനായ ഒരു പ്രവാസിയെക്കുറിച്ച്, എന്നാൽ അടുത്തറിയാവുന്നവരുടെ ആത്മ മിത്രമായിരുന്ന ഒരു നാട്ടിൻ പുറത്തുകാരനെക്കുറിച്ച്......

പാവപ്പെട്ടവൻ said...

എന്നെങ്കിലും നാം തിരിച്ചു ചെല്ലുമ്പോള്‍ നമ്മേ അറിയുന്ന ആരുണ്ടാവും?നമ്മേ സ്നേഹിയ്ക്കാന്‍, നമ്മളെ വഴക്കു പറയാന്‍ ,നമ്മെ ഉപദേശിക്കാൻ ആരുണ്ടാവും.

ശരിയാണ് എല്ലാം കാലമെടുത്തു മറയുന്നു സ്വദേശത്തേക്ക് അപരിചിതനായി ഒരു മടങ്ങിപോക്ക്

Anonymous said...

പണ്ടത്തെ ആളുകള്‍ക്ക് ഗള്‍ഫ്‌ രാജ്യം പേര്‍ഷ്യ ആയിരുനല്ലോ?.... പിന്നെ ടേപ്പ് ചുറ്റുമ്പോള്‍ ഒരു ഭാകത്തില്‍ നിന്നും അയഞ്ഞു മരുഭാഗത്തില്‍ ചുറ്റുന്നത്‌ കാണാനുള്ള കൗതുകം.... കുട്ടിക്കാലത്തേക്ക് തിരിച്ചു പോയ നിമിഷങ്ങള്‍.....നല്ല പോസ്റ്റ്‌....

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ഓര്‍മ്മിക്കുന്ന ഓര്‍മ്മ

Typist | എഴുത്തുകാരി said...

സുനില്‍, അങ്ങനെയങ്ങ് പേടിക്കല്ലേ, ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്നേ.

സംഭവം ശരിയാണു്, കുറച്ചുകാ‍ലം പുറത്തുപോയി തിരിച്ചുവരുമ്പോള്‍ നമുക്കും നമ്മളേയും മനസ്സിലാവുന്ന ചുരുക്കം പേരെ ഉണ്ടാവൂ‍.അധികവും പുതുമുഖങ്ങളായിരിക്കും.

manoj said...
This comment has been removed by the author.
manoj said...

സാധാരണ താന്‍ എഴുതുന്ന ബ്ലോഗ് രാഷ്ട്രിയം എന്നെ ഇവിടേക്ക് അധികം അടുപ്പിക്കാറില്ലായിരുന്നു. എന്നാല്‍ ഇത് നമ്മുടെ വാസുദേവന്‍ സാറിനെക്കുറിച്ചും ലക്ഷ്മിക്കുട്ടി റ്റീച്ചറിനെക്കുറിച്ചും ആവുമ്പോള്‍ വന്ന് എന്തെങ്കിലും പറയാതിരിക്കാന്‍ ആവുന്നില്ല.
വളരെ സന്തോഷം തോന്നി. നന്മ നിറഞ്ഞ ആ മനുഷ്യനെ താന്‍ അവതരിപ്പിച്ചപ്പോള്‍. ചിലര്‍ അടുത്തുവരുമ്പോള്‍ നമുക്ക് ഒരു ആശ്വാസവും ആനന്ദവും തോന്നും. സാര്‍ അത്തരമൊരാളായിരുന്നു. ഒരു മനുഷ്യന്‍ ഒരു പൂവാണെങ്കില്‍, അയാളില്‍ നിന്നും വമിക്കുന്ന സുഗന്ധമാണു അയാളുടെ വാക്കുകള്‍. സാര്‍ അത്തരമൊരു അസര്‍മുല്ലപ്പൂവായിരുന്നു. മെല്ലെ മെല്ലെ സംസാരിച്ചിരുന്ന, സംസാരിക്കുമ്പോള്‍ കൈയില്‍ ഇറുകെ പിടിച്ചിരുന്ന, സ്നേഹത്തിന്റെ പകര്‍ന്നു തരല്‍. അത് എത്രക്ക് സൗമ്യവും ആത്മാര്‍ത്ഥവുമായിരുന്നു. ഒരു തവണ ലീവിനു വന്നപ്പോള്‍ സാര്‍, നമ്മുടെ 'ടൗണ്‍ മര'ത്തിന്റെ ചോട്ടില്‍ വെച്ച് എന്നോട് അങ്ങനെ സംസാരിച്ചിരുന്നു. മോളുടെ വിവാഹക്കാര്യം പറഞ്ഞിരുന്നു. പിന്നീട് സാര്‍ മരിച്ച വിവരം താന്‍ വിളിച്ചു പറഞ്ഞപ്പോള്‍...... എന്റെ കൈയില്‍ സാറിന്റെ സ്നേഹസ്പര്‍ശം ഞാന്‍ അനുഭവിച്ചു.

പ്രവാസികള്‍ പലരും ഇങ്ങനെയാണു. നഷ്ടങ്ങള്‍ അവനു വേദനയല്ല, അതൊരു കൊടുക്കലിന്റെ നിറവാണു. സ്നേഹം എന്നത് മനസ്സില്‍ കെടാവിളക്കായ് അവന്‍ കൊണ്ടു നടക്കും. ഒരു കാറ്റിലും അതു കെട്ടുപോകാതിരിക്കാന്‍ അവന്‍ അതിനെ അവന്റെ ജീവിതം കൊണ്ട് മറച്ചു പിടിക്കും.

സ്വാര്‍ത്ഥലോകത്തിനു അത് പലപ്പോഴും മനസ്സിലാവില്ല. അവര്‍ വിചാരിക്കും പ്രവാസികള്‍ മണ്ടന്മാരാണെന്നു. സ്വന്തം കാര്യം നോക്കാന്‍ അറിയാത്ത ബുദ്ദൂസുകള്‍.!. ഈ ബുദ്ദൂസുകള്‍ക്ക് എല്ലാം അറിയാം.. അവരെ പറ്റിക്കുന്നവരെയും അവരെ സ്നേഹിക്കുന്നവരെയും എല്ലാം..... ഒപ്പം ജീവിതം വളരെ ചെറുതെന്നും അത് മല്‍സരിക്കാനുള്ളതല്ല , മന്ദഹാസമധുരിമയോടെ ആസ്വദിക്കാനുള്ളതാനെന്നും.. അതിനാല്‍ അവന്‍ അവന്റെ കണ്ണുകള്‍ അടച്ചുവെക്കുന്നു. ചെവികള്‍ ദുഷ്ഭാഷണങ്ങള്‍ക്കു നേരെ അടച്ചുവെക്കുന്നു. നാവ് നല്ലതു പറയാന്‍ മാത്രം ഉപയോഗിക്കുന്നു... അതിനാല്‍ പ്രവാസിക്ക് ഏറ്റവും ആയാസരഹിതമായ മരണം പ്രകൃതി കാത്തുവെച്ചിരിക്കുന്നു.പ്രകൃതിയുടെ കനിവ്..!

പണ്ട് പണ്ട് ഒരിക്കല്‍ ക്ലാസില്‍ വര്‍ത്തമാനം പറഞ്ഞതിനു ലക്ഷ്മിക്കുട്ടി റ്റീച്ചര്‍ എന്നെയും ബാബുവിനെയും ക്ലാസില്‍ എല്ലാവരുടെയും മുന്നില്‍ കൊണ്ടുവന്ന് ഇരുത്തി, മേശക്കിരുപുറവും നിലത്ത്, എന്നിട്ട് റ്റീച്ചര്‍ പറഞ്ഞു ദ്വാരപാലകര്‍ എന്ന്........ ക്ലാസ്സുകഴിഞ്ഞപ്പോള്‍ റ്റീച്ചര്‍ 'മോനേ, ഇനി ക്ലാസില്‍ സംസാരിക്കരുതേ' എന്നു പറഞ്ഞ് നടന്നു നീങ്ങി..വാക്കുകളില്‍ ഇത്രയും സ്നേഹം റ്റീച്ചര്‍ എങ്ങനെയാണു അലിയിക്കുന്നത്..ഹോ ! വാസുദേവന്‍ സാറിനൊപ്പം ജീവിച്ചൊരാള്‍ക്ക് അങ്ങനെയല്ലേ സാധിക്കൂ..

മരണം കടന്നു വരാതിരിക്കാന്‍ ഏതു ദ്വാരപാലകനാണു തടയാനാവുക..?


വാസുദേവന്‍ സാര്‍ ലോകത്തിന്റെ നേരറിവുകള്‍ മനസ്സില്‍ നിറഞ്ഞൊരു പ്രവാസി.!. എനിക്ക് അഭിമാനമുണ്ട്. ഞാനും ഒരു പ്രവാസിയെന്നു പറയുന്നതില്‍..( സാറിന്റെ സുന്ദരമായ ചിന്തകള്‍ക്കും സൗമ്യ ജീവിത സുഗന്ധത്തിനു മുന്നിലും ഞാനൊരു ശിശുവെന്നു അറിഞ്ഞുകൊണ്ടു തന്നെ)

പ്രിയ സുനില്‍ തന്നില്‍ നിന്നും ഇത്തരം വാക്കുകള്‍ വരുമ്പോള്‍ , എനിക്കിവിടേക്ക് പാഞ്ഞു വരാതിരിക്കാനും എഴുതാതിരിക്കാനും ആവുന്നില്ല..( വ്യത്യസ്തനാമൊരു ബ്ലോഗറും ഇങ്ങനെ എന്നെ കാന്തികാകര്‍ഷണം നടത്തിയ എഴുത്താണു.)

തീര്‍ച്ചയായും നമുക്ക് നാട്ടിലേക്ക് പോകാം...... അവിടെയുള്ള സ്നേഹത്തിന്റെ ഒരു തരിയെങ്കില്‍ അത് നമുക്ക് വാരിയെടുക്കാം.... എനിക്കും ശകിലിച്ചേ ആകുലത തുടങ്ങിയടോ..!

Unknown said...

sunil.....
nee vishamikkenda ketto...
ithiri snehathinteum, upadeshathinteum, vazhakkinteum
prasnamalle????????

adyathethu alpam kuranjalum,....
upadeshathinteum vazhakkinteum
kaaryathil ninakkoru kuravundaakathe njan nokkikkollam..
samadhanamairikkooooonnu.

മീര അനിരുദ്ധൻ said...

ആരാലും അറിയപ്പെടാതെ ഒതുങ്ങി അദ്ദേഹം ജീവിച്ചു. എന്നാല്‍ അറിയുന്നവര്‍ക്കൊക്കെ സ്നേഹം വാരിക്കോരി കൊടുത്തു.അങ്ങനെ അദ്ദേഹവും നിശബ്ദനായി കടന്നു പോയി


ആ വാത്സല്യനിധിയെ പറ്റി വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ.വാസുദേവൻ സാറിനു ആദരാഞ്ജലികൾ.

ബാബുരാജ് said...

സുനില്‍,
ഹൃദയസ്പര്‍ശിയായിരിക്കുന്നു. വാസുദേവന്‍ സാറിന്‌ ആദരാഞ്ജലികള്‍.

KUTTAN GOPURATHINKAL said...

സുനില്‍, കണ്ടു, വായിച്ചു..
ഒന്നു, പക്ഷേ, മനസ്സിലാക്കൂ സുനില്‍, ആരും ഒരു ദ്വീപല്ല; ആരും അന്യരുമല്ല. ഓരോരുത്തര്‍ക്കും ഓരോരോ നിയോഗങ്ങളുണ്ട്. അത് നിര്‍വഹിച്ചു മടങ്ങിപ്പോവുക. ഒരു പക്ഷേ, ഇനിയും തിരിച്ചു വരാനായി. ചിലപ്പോല്‍ ഇതും അങ്ങിനെയുള്ള ഒന്നായിരുന്നേക്കാം..നമുക്കത് അറിയില്ലല്ലോ..
കൊടുക്കുന്നതു കിട്ടും..
സ്നേഹമാണെങ്കില്‍പ്പോലും..

പാവത്താൻ said...

അതിമോഹമില്ലാതെ ജീവിച്ച ഒരു മനുഷ്യന്‍..
ഇപ്പോ നാട്ടില്‍ മിക്കവാറുമെല്ലാവരും പരസ്പരം അപരിചിതരായിക്കഴിഞ്ഞിരിക്കുന്നു.. എങ്കിലും അപിരിചിതത്വത്തിന്റെ ഈ പൊള്ളുന്ന ചൂടില്‍ തണലാകുന്ന ചില പച്ചത്തുരുത്തുകളെങ്കിലും ഉണ്ടാവാതിരിക്കില്ല . .ഉണ്ടാകുമായിരിക്കും. ..അല്ലേ....

രഞ്ജിത് വിശ്വം I ranji said...

എന്നെങ്കിലും നാം തിരിച്ചു ചെല്ലുമ്പോള്‍ നമ്മേ അറിയുന്ന ആരുണ്ടാവും?നമ്മേ സ്നേഹിയ്ക്കാന്‍, നമ്മളെ വഴക്കു പറയാന്‍ ,നമ്മെ ഉപദേശിക്കാൻ ആരുണ്ടാവും? തികച്ചും അപരിചിതമായ ഒരു ലോകത്തേയ്കല്ലേ നമ്മളെല്ലാം തിരിച്ചു പോകും എന്നു കരുതുന്നത്?പ്രവാസികളുടെ ജീവിത ദു:ഖമാണിത്

സുനില്‍.. വല്യ്ച്ഛന്‍ മരിച്ച ദുഖത്തില്‍ ഇര്‍ക്കുമ്പോഴാണ് ഈ പോസ്റ്റ് വായിച്ചത് . സത്യത്തില്‍ കണ്ണ് നിറഞ്ഞു.. തിരികെ നാട്ടിലെത്തുമ്പോള്‍ ആരുണ്ടാവും എന്ന ചോദ്യം.. ഹോ.. അതോര്‍ക്കുമ്പോള്‍ ...

മാണിക്യം said...

നമ്മുടെ വാസുദേവൻസാർ കുറച്ചു മുൻ‌പ് മരിച്ചു പോയി”
ഒരു കാലഘട്ടത്തിന്റെ തന്നെ കഥയാണിത് .. ഈ കഥ ആദ്യം എഴുതിയപ്പോള്‍ വായിച്ചു അന്നുമുതല്‍ ഈ വാസുദേവൻസാർ മനസ്സിലുണ്ട്, സാറിനേപ്പൊലെ പലരും, എല്ലാ അവധിക്കും ബന്ധുക്കളെ ചെന്നു കാണുകയും കൈ അയച്ചു സഹായിക്കുകയും ചെയ്തു നല്ലവനായ ഒരു പ്രവാസി ഒടുവില്‍ പെട്ടന്ന് അസുഖമായി നാട്ടിലെത്തി, അദ്ദെഹത്തിന്റെ പക്കല്‍ നിന്ന് കടം വാങ്ങിയവരും ധാരളം ചില തുകകള്‍ തിരികെ ചോദിച്ചപ്പോള്‍ അവരൊക്കെ പിന്നെ അതു വഴി പോകാതായി ബണ്ഡ്ഃഉക്കള്‍ വളരെ നല്ല ഒരു ചോദ്യം ചോദിച്ചു ഇയാളിതു വരെ സമ്പാതിച്ചതൊക്കെ എങ്ങോട്ട് പോയി എന്ന്...

:‘ഞാനിന്ന് ആരുമല്ല.മണ്ണിനോടടുക്കുമ്പോൾ അറിയാം സഹോദര സ്നേഹം”..:

ഈ പറഞ്ഞത് ആണിന്നത്തെ ലോകം പക്ഷെ വെട്ടി പിടിക്കുന്നത് ഒന്നും എങ്ങും കൊണ്ടു പോകുന്നില്ല എന്നത് ആണു സത്യം ...

പണ്ട് എതു ഗള്‍ഫില്‍ ആയിരുന്നാലും അതു പേര്‍ഷ്യ ആയിരുന്നു.. :)
അതു പോലെ ഹീറൊ പെന്നും മണമുള്ള റബ്ബര്‍
ഒത്തിരി ഓര്‍മ്മകള്‍ എത്തുന്നു ....
സുനില്‍ നല്ല പോസ്റ്റിനു നന്ദി ..

chery said...

സ്നേഹശൂനിയമായ ലോകത്ത്‌ നമ്മെ തനിച്ചാക്കി നമുക്ക് പ്രിയപ്പെടവരെല്ലാം ഇത്ര തിടുക്കത്തില്‍ ഒന്ന് യാത്രപോലും പറയാതെ എങ്ങോട്ടാണ് പോകുന്നത്?

ശാന്ത കാവുമ്പായി said...

മനസ്സിൽ വല്ലാത്ത വിങ്ങൽ.എല്ലാമെന്തിനുവേണ്ടി.വെറുതെ വെറും വെറുതെ.

അനില്‍@ബ്ലോഗ് // anil said...

സുനിലെ,
ഹൃദയ സ്പര്‍ശിയായ കുറിപ്പ്.
മരണത്തെക്കുറിച്ച് ആര്‍ക്ക് പ്രവചിക്കാനാവും? !!

വിജി പിണറായി said...

വാക്കുകള്‍ കൊണ്ട് അമ്മാനമാടാന്‍ കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന എനിക്ക് സുനിലേട്ടന്‍ വാക്കുകളാല്‍ തീര്‍ത്ത ഈ ‘മഹാത്ഭുത’ത്തിനു മുന്‍പില്‍ വാക്കുകള്‍ നഷ്ടമാകുന്നു. ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളിലേക്കൊരു മടക്കയാത്ര... അവിടെ എനിക്കൊരു ‘അമ്മ’യുണ്ട് - എന്റെ പ്രിയപ്പെട്ട കല്യാണിക്കുട്ടി ടീച്ചര്‍. (ഞാന്‍ പണ്ടൊരിക്കല്‍ എഴുതിയിട്ടുണ്ട് ആ ‘ടീച്ചറമ്മ’യെപ്പറ്റി.) ഞാന്‍ അവിടേക്കു പോകുന്നു...

വാഴക്കോടന്‍ ‍// vazhakodan said...

മനസ്സില്‍ തട്ടുന്ന വളരെ നല്ല കുറിപ്പ്.
മരണത്തെ ആര്‍ക്ക് പ്രവചിക്കാനാകും?

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സാധാരണക്കാരനായ പ്രവാസിയുടെ ജീവിതകഥ വായിച്ചവർക്കും പ്രതികരണമറിയിച്ച

പാവപ്പെട്ടവൻ
sheelajohn
സുനില്‍ കൃഷ്ണന്‍ISunil Krishnan
Typist | എഴുത്തുകാരി
manoj
lally
മീര അനിരുദ്ധൻ
ബാബുരാജ്
KUTTAN GOPURATHINKAL
പാവത്താൻ
രഞ്ജിത്‌ വിശ്വം I ranjith viswa
മാണിക്യം
chery
ശാന്ത കാവുമ്പായി
അനിൽ@ബ്ലോഗ്
വിജി പിണറായി
വാഴക്കോടന്‍ ‍// vazhakodan

നിങ്ങളോരോരുത്തരും പ്രകടിപ്പിച്ച വികാര വിചാരങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി!

മുക്കുവന്‍ said...

മനസ്സില്‍ തട്ടുന്ന വളരെ നല്ല കുറിപ്പ്.
വാസുദേവന്‍ സാറിന്‌ ആദരാഞ്ജലികള്‍.

അനിൽ കൃഷ്ണൻ (Anil Krishnan) said...

നല്ല പൊസ്റ്റ്! വാസുദെവന്‍ സാറിനെ ക്കുറിച്ചു കുറെ എഴുതാനൂന്ട്. ഞാന്‍ മലയാളം റ്റ്യ്പെ ചെയ്യാന്‍ ശീലീക്കട്ടെ..

കൂതറHashimܓ said...

വാസുദേവന്‍ സാറിനെ കൂതറക്കിഷ്ട്ടായി.....
നല്ല പോസ്റ്റ്.....
“ആ പഴയ സംഭാഷണങ്ങളുടെ കാസറ്റ് ഇട്ടു കേൾപ്പിക്കുമായിരുന്നു.ആ ആഹ്ലാദ നിമിഷങ്ങളെ വാക്കുകൾ വിവരിക്കാൻ എന്റെ ഭാഷക്ക് ശക്തി പോരാ...“ :)