Monday, September 28, 2009

“അണ്ണാ”യ്ക്ക് നൂറ് വയസ് !

ഈ സെപ്റ്റംബറിനു ഒരു പ്രത്യേകതയുണ്ട്.

ഇക്കഴിഞ്ഞ 15 ആം തീയതി ‘അണ്ണാ’യ്ക്ക് നൂറ് വയസ്സ് തികഞ്ഞു.
‘അണ്ണാ‘ എന്നു പറഞ്ഞാൽ അതു മറ്റാരുമല്ല.തമിഴകത്തിന്റെ ഒരേ ഒരു ‘അണ്ണാ’...അണ്ണാദുരൈ !
ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തൻ.

പട്ടുവ്യവസായത്തിനു പ്രസിദ്ധി നേടിയ കാഞ്ചീപുരത്തെ ഒരു നെയ്ത്തുകാരനായിരുന്ന നടരാജന്റേയും ബംഗാരു അമ്മാളുടെയും മകനായി 1909 സെപ്റ്റംബർ 15 നു ആയിരുന്നു അദ്ദേഹം ജനിച്ചത്.1969ൽ അറുപതാം വയസ്സിൽ ഈ ലോകത്തോടു വിടപറഞ്ഞ അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികം ആണ് ഇപ്പോൾ തമിഴകമാകെ കൊണ്ടാടുന്നത്.


1967 ൽ കോൺഗ്രസിന്റെ നീണ്ടു നിന്ന അധികാര കുത്തക തകർത്ത് അണ്ണാദുരൈയുടെ ‘ദ്രാവിഡ മുന്നേറ്റ കഴകം” തമിഴകത്ത് അധികാരം പിടിച്ചടക്കുമ്പോൾ പാർട്ടി രൂപീകൃതമായിട്ട് വെറും 18 വർഷങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.അണ്ണാദുരൈയുടെ ശക്തമായ നേതൃത്വത്തിൽ ഡി.എം.കെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ കോൺഗ്രസിനു പിന്നിടൊരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല എന്ന വസ്തുത വിശകലനം ചെയ്യുമ്പോളാണ് അണ്ണാദുരൈ തുടങ്ങിവച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ എത്ര ആഴത്തിലാണു തമിഴ് മനസ്സുകളിൽ ആഴ്ന്നിറങ്ങിയത് എന്ന് മനസ്സിലാകുന്നത്.

വളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്നം കൊണ്ട് നേതാവായി വളർന്ന ചരിത്രമാണു അണ്ണാദുരൈയുടേത്.പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും ആഭിമുഖ്യവും, ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ “ഏഴകളു’ടെ പ്രിയങ്കരനാക്കി.അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു.യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതിരുന്ന ഒരു പ്രസ്ഥാനമായിരുന്ന ഡി.എം.കെയ്ക്ക് , അന്നത്തെ കാലത്ത് കോൺഗ്രസിനെപ്പോലെ ഒരു വലിയ പ്രസ്ഥാനത്തെ ‘മദ്രാസ്’ പോലെ ഒരു സംസ്ഥാനത്ത്( തമിഴ് നാട് എന്ന പേരു നൽ‌കിയതും 1967 ൽ അധികാരത്തിൽ വന്ന അണ്ണാദുരൈ മന്ത്രി സഭയാണ്) അധികാരത്തിൽ നിന്നു പുറത്താക്കാൻ സാധിച്ചത് തന്നെ അണ്ണാദുരൈ എന്ന ഒരു മനുഷ്യന്റെ നേതൃപാടവമാണു.അനുകൂലമായിരുന്ന ഒട്ടനവധി സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയച്ചു.

കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽ‌കിയ സ്കോളർഷിപ്പിന്റെ പിൻ‌ബലത്തിൽ ‘പാച്ചിയപ്പാസ്” കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934 ൽ ‘ജസ്റ്റീസ് പാർട്ടി’ നേതാവായിരുന്ന ഇ.വി.രാമസാമി ( ഇ.വി.ആർ അല്ലെങ്കിൽ പെരിയാർ)യെ കണ്ടു മുട്ടിയതോടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു.1944ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം “ദ്രാവിഡർ കഴകം” ആയി മാറി.എന്നാൽ പിന്നിടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു വരികയും അതിന്റെ അനന്തര ഫലമായി അണ്ണാദുരൈ പാർട്ടി വിടുകയും 1949 “ദ്രാവിഡ മുന്നേറ്റ കഴകത്തി’നു രൂപം നൽകുകയും ചെയ്തു.

പിന്നീടുള്ള ചരിത്രം ഇൻ‌ഡ്യയിലെ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ചരിത്രമാണ്.1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം കെ മൽ‌സരിച്ചില്ല.1957 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു.1957 ൽ വിജയിച്ച അണ്ണാദുരൈ 1962 ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു.എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.

“ദ്രാവിഡ നാട്” എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിൽ ചൈനീസ് യുദ്ധത്തെ തുടർന്ന് അത്തരം വിഘടന വാദപരമായ സമീപനം അവർ ഉപേക്ഷിച്ചു.അതേ സമയത്തു തന്നെയാണു 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നത്.ശക്തമായ ‘ഹിന്ദി വിരുദ്ധ പ്രക്ഷോഭം” ആണു അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.ഇതു തമിഴ് ദേശീയ വികാരം ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി.സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവ ജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു.അണ്ണാദുരൈ തന്നെ നല്ല എഴുത്തുകാരനും വാഗ്മിയും ആയിരുന്നു.അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം പാവങ്ങൾക്കു വേണ്ടിയുള്ളവയായിരുന്നു.സിനിമയെ ഒരു പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണു.(ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും ഇതിനായി എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.).ഇതിലെല്ലാം ഉപരിയായി യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കി.കൂടാതെ 1 രൂപക്ക് 4.5 കി.ഗ്രാം അരി കൊടുക്കും എന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായപ്പോൾ 1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പൊത്തി.പിന്നീടെന്നും ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ വാലിൽ തൂങ്ങി മാത്രം നില നിൽ‌ക്കേണ്ട ഒരു ഗതികേടിലേക്കാണ് കോൺ‌ഗ്രസ് ചെന്നു ചേർന്നതെന്നത് ചരിത്രം.

1967ൽ മുഖ്യമന്ത്രിയായെങ്കിലും വെറും രണ്ടു വർഷം കൂടി മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1969ൽ അർബുദം ബാധിച്ച് അദ്ദേഹം മരണമടയുകയാണുണ്ടായത്.അന്ന് അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മറീനാ ബീച്ചിൽ എത്തിച്ചേർന്നതു പോലെയൊരു ജനാവലി പിന്നിടൊരു നേതാവിനും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇൻ‌‌ഡ്യയിൽ ഒന്നിച്ചു കൂടിയിട്ടില്ലെന്ന് ചരിത്രം പറയുന്നു.(ഇന്നവിടം “അണ്ണാ സ്ക്വയർ’ എന്നറിയപ്പെടുന്നു)

(അണ്ണായുടെ മരണം..എം.ജി.ആറിനേയും കാണാം.ചിത്രം കാണുക)

ദ്രാവിഡ രാഷ്ട്രീയം പിന്നീട് ഒട്ടേറേ കാറും കോളും നിറഞ്ഞ വഴികളിലൂടെ കടന്നു പോയി.എം.ജി ആറും, കരുണാനിധിയും ജയലളിതയും ഒക്കെ വന്നു.എന്നാൽ “അണ്ണാദുരൈ”ക്ക് സമാനനായ ഒരു നേതാവിനേയും തമിഴകം പിന്നീട് കണ്ടിട്ടില്ല.”അണ്ണാ” എന്ന പേര് ഇന്നും തമിഴന്റെ ഉള്ളിന്റെ ഉള്ളിലെ വികാരമാണ്.അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു.



മക്കളില്ലാതിരുന്നതിനാൽ സഹോദരിയുടെ പേരക്കിടാങ്ങളെയാണു അദ്ദേഹം എടുത്തു വളർത്തിയിരുന്നത്.അവരെ ആരേയും അദ്ദേഹം പിൻ‌ഗാമിയാക്കിയില്ല.അവരും എല്ലാ വെള്ളി വെളിച്ചങ്ങളിൽ നിന്നും അകന്നു നിന്നു.അവരിലൊരാളായിരുന്ന പരിമളം എന്ന വളർത്തുമകൻ കഴിഞ്ഞവർഷം സാമ്പത്തിക പരാധീനതകൾ മൂലം ആത്മഹത്യ ചെയ്തു.അപ്പോളാണു ഈ മഹാനായ നേതാവിന്റെ പിൻ‌തലമുറ എങ്ങനെ ജീവിക്കുന്നുവെന്ന് തമിഴകമറിയുന്നത്.

എന്തായിരുന്നു അണ്ണാദുരൈയുടെ വിജയമന്ത്രം?ഈ പോസ്റ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്താങ്ങുന്ന ഒന്നല്ല.മറിച്ച് സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി മരിച്ച ഒരു മനുഷ്യൻ എപ്രകാരമാണു ഇന്നും മനുഷ്യമനസ്സുകളിൽ മരിക്കാതെ ജീ‍വിക്കുന്നത് എന്നറിയാനുള്ള ഒരു ശ്രമം മാത്രമാണ്.ഒരു സാധാരണക്കാരന്റെ , ഒരു പാവപ്പെട്ടവന്റെ മനസ്സറിയാൻ കഴിഞ്ഞു എന്നതാണു അദ്ദേഹത്തിന്റെ വിജയം.മരണം വരെ അവരിലൊരാളായി കഴിയാൻ അദ്ദേഹത്തിനു സാധിച്ചു എന്നതും കൂടി ഓർക്കേണ്ടതാണ്.

അതു കൊണ്ടു തന്നെ തമിഴ് മനസ്സുകളിൽ അദ്ദേഹത്തിനു ഒരിക്കലും മരണമില്ല.

“അണ്ണാ” ഇന്നും ജീവിക്കുന്നു....എന്നും ജീവിച്ചു കൊണ്ടേയിരിക്കും....!

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)

12 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തമിഴകത്തിന്റെ ഒരേ ഒരു “അണ്ണാ’.
അണ്ണാദുരൈക്ക് നൂറ് വയസ്സ്.
ഒരു ഓർമ്മക്കുറിപ്പ്!!!

Lathika subhash said...

"സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി മരിച്ച ഒരു മനുഷ്യൻ എപ്രകാരമാണു ഇന്നും മനുഷ്യമനസ്സുകളിൽ മരിക്കാതെ ജീ‍വിക്കുന്നത് എന്നറിയാനുള്ള ഒരു ശ്രമം".
Very good.

ഹരീഷ് തൊടുപുഴ said...

അവരിലൊരാളായിരുന്ന പരിമളം എന്ന വളർത്തുമകൻ കഴിഞ്ഞവർഷം സാമ്പത്തിക പരാധീനതകൾ മൂലം ആത്മഹത്യ ചെയ്തു.അപ്പോളാണു ഈ മഹാനായ നേതാവിന്റെ പിൻ‌തലമുറ എങ്ങനെ ജീവിക്കുന്നുവെന്ന് തമിഴകമറിയുന്നത്.


നല്ലത്...
എത്ര ലാളിത്വത്തോടെയാണദ്ദേഹം ജീവിച്ചിരുന്നതെന്നും, സ്വാർത്ഥതാമനോഭാവം ഇല്ലായിരുന്നുവെന്നും മുകളിലെ വാചകങ്ങളിൽ നിന്നും മനസ്സിലാകും..

നന്ദി സുനിലേട്ടാ, ശ്രീ.അണ്ണാദുരൈയെ പരിചയപ്പെടുത്തിത്തന്നതിനു..

മൂര്‍ത്തി said...

നന്ദി സുനില്‍

മണിഷാരത്ത്‌ said...

അണ്ണാദുരൈയെപ്പറ്റി കൂടുതല്‍ അറിയാന്‍ ഈ പോസ്റ്റ്‌ സഹായിച്ചു.നന്ദി

മാണിക്യം said...

ഇന്നത്തെ പോലെ മാദ്ധ്യമങ്ങള്‍
മനുഷ്യ ജീവിതത്തെ വിചാരത്തെ ബോധത്തെ നിയന്ത്രിക്കാതിരുന്ന ഒരു കാലത്ത്
ജനഹൃദയങ്ങളേ പിടിച്ചടക്കിയ
മനുഷ്യമനസ്സുകളില്‍ ജീവിച്ച
'നേതാവ് അല്ല അണ്ണാ' ആയിരുന്നു അണ്ണാദുരൈ..
അത് തന്നെയാണ് ഇന്നത്തെ നേതാക്കന്മാരും
അണ്ണായും തമ്മിലുള്ള വിത്യാസവും ..

:: “അണ്ണാ” എന്ന പേര് ഇന്നും തമിഴന്റെ ഉള്ളിന്റെ ഉള്ളിലെ വികാരമാണ്.
തമിഴ് മനസ്സുകളിൽ അദ്ദേഹത്തിനു ഒരിക്കലും മരണമില്ല.
“അണ്ണാ” ഇന്നും ജീവിക്കുന്നു....എന്നും ജീവിച്ചു കൊണ്ടേയിരിക്കും....!"::


എന്ന് സുനില്‍ പറഞ്ഞതിനോട് 100% യോജിക്കുന്നു

Anonymous said...

വളരെ നല്ല പോസ്റ്റ്‌... ചെന്നയില്‍ ജെനിച്ചു വളര്‍ന്ന എന്റെ വക ഒരു പ്രത്യേക നന്ദി...

Pongummoodan said...

സുനിലേട്ടാ,

നന്നായി. കുറേയേറെ പുതിയകാര്യങ്ങള്‍ അറിയാനിടയായി. നന്ദി.

ചെന്നൈക്കാരാ.. എന്നാണ് നാട്ടിലേയ്ക്ക്?

നീര്‍വിളാകന്‍ said...

പുതിയ തലമുറ രാഷ്ട്രീയ നേതാക്കള്‍ ശീലമാക്കേണ്ട വ്യക്തിത്വം.... അണ്ണാമലയെ പരിചയപ്പെടുത്തിയതിനു നന്ദി!

ശാന്ത കാവുമ്പായി said...

അണ്ണായെപ്പോലെ ഒരു നേതാവിനെ നമുക്കെന്നെങ്കിലും കിട്ടുമോ?

poor-me/പാവം-ഞാന്‍ said...

അദ്ദേഹം വലിയ അറിവാളിയണെന്നു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില പേച്ചുകളേപ്പട്ടിയൊക്കെ എന്റെ പിതാവ്‌ പറഞു കേട്ടിട്ടുണ്ട്. ഇംഗ്ലിഷിലും വലിയ അവഗാഹമായിരുന്നു എന്ന് കേട്ടീട്ടുണ്ട്. അതിനേക്കുറിച്ചും കുടി അല്പ്പം എഴുതിയാല്‍ നന്നായിരുന്നു.നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നമ്മുടെ അയൽ‌പക്കത്തെ രാഷ്ട്രീയ നഭോമണ്ഡലത്തിൽ ജ്വലിച്ചു നിന്ന ഒരു വ്യക്തിത്വത്തെ പരിചയപ്പെടുത്തുകയായിരുന്നു ഈ പോസ്റ്റിന്റെ ലക്ഷ്യം.അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോ

പോസ്റ്റ് വായിക്കുകയും അതിനോടു പ്രതികരിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി