Monday, October 19, 2009

യേശുദാസ് പറയുന്ന ‘റിയാലിറ്റി‘

നമുക്കാദ്യം ഈ പാട്ടു കേൾക്കാം.

വടക്കുംനാഥൻ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ഗാനഗന്ധർവൻ ശ്രീ യേശുദാസ് പാടിയ പാട്ട്.




ഈ പാട്ടിന്റെ തുടക്കത്തിലുള്ള, പതിനേഴു സെക്കന്റ് നീണ്ടുനിൽക്കുന്ന “ഗംഗേ.....” എന്ന ആലാപനമാണു ഈ പാട്ടിന്റെ മുഖ്യമായ ആകർഷണം.ഗാനമേളകളിലും , മത്സരങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം പാട്ടുകാർക്കും മത്സരാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ഈ പാട്ട് നിലനിൽക്കാനുള്ള പ്രധാന കാരണവും ശ്വാസം പിടിച്ച് പാടേണ്ടുന്ന ഈ പതിനേഴ് സെക്കന്റുകളായിരുന്നു.

കലാകൌമുദി വാരികയുടെ 1780 ആ‍ം ലക്കത്തിൽ വി.ഡി ശെൽ‌വരാജിനു അദ്ദേഹം കൊടുത്ത അഭിമുഖം അച്ചടിച്ചു വന്നിരിക്കുന്നു.അതിൽ ഈ പതിനേഴു സെക്കന്റുകൾ എങ്ങനെ ‘മാനേജ്” ചെയ്തു എന്നതിന്റെ രഹസ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.ആ ചോദ്യവും ഉത്തരവും ഇങ്ങനെ:

  • പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.
  • ‘ഗംഗേ..’ എന്നു അത്രയും നീണ്ട നേരം ഞാൻ ശ്വാസം പിടിച്ച് ആലപിച്ചിട്ടില്ല.അമേരിക്കൻ എഞ്ചിനീയറുടെ മിടുക്കാണത്.ഒരിക്കലും അത്രയും നേരം ശ്വാസം പിടിച്ചു നിർത്താനുമാവില്ല.റിയാലിറ്റി ഷോകളിൽ ചെറുപ്പക്കാരൊക്കെ ശ്വാസം മുട്ടി ചാകാതിരിക്കാനാണു ഞാനിത് തുറന്ന് പറയുന്നത്.ഇതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല,വെറുതെ ശ്വാസം പീടിച്ച് പിള്ളാരൊക്കെ ബോധക്കേടുണ്ടാക്കരുത്.

  • നീട്ടിപ്പാടുന്നതിനെപ്പറ്റി രവീന്ദ്രൻ മാഷിനോട് പറഞ്ഞിരുന്നോ?
  • ഗംഗേ എന്ന വിളിക്ക് ഇത്ര നീളം വേണോ എന്ന് രവിയോട് ഞാൻ ചോദിച്ചിരുന്നതാണ്.ഗംഗയുടെ നീളം നമുക്ക് അളക്കാനാവില്ല എന്നായിരുന്നു രവിയുടെ മറുപടി.അതു ശരിയാണെന്ന് എനിക്കു തോന്നി.ഗംഗാനദി അത്രക്ക് നീണ്ടു പ്രവഹിക്കുകയല്ലേ.ഗംഗേ വിളിയുടെ പകുതിക്കു വച്ച് ഞാൻ നിർത്തിയതാണ്.ബാക്കി എഡിറ്റ് ചെയ്തു ചേർത്തതാണ്.ഒരു പൊടി പോലും അറിയാത്ത വിധമാണു അതു എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.അത് എഞ്ചിനീയറുടെ സാങ്കേതിക മികവാണ്.അമേരിക്കയിലെ ഡാലസിൽ ഞങ്ങളുടെ വീടിനു അടുത്താണ് ഇതു റെക്കാർഡ് ചെയ്ത സ്റ്റുഡിയോ.
യേശുദാസ് വെളിപ്പെടുത്തുന്ന ഈ ‘റിയാലിറ്റി’ നമ്മുടെ മ്യൂസിക് റിയാലിറ്റി ഷോകളുടെ ഒരു പ്രധാന ന്യൂനതയിലേക്കാണു വിരൽ ചൂണ്ടുന്നത്.ഒരു പുനർ വിചിന്തനം ആവശ്യമായെന്നു വരാം.ഇന്ന് റിയാലിറ്റി ഷോകൾ ഒരു പ്രധാന ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.’വിനോദ വ്യവസായം” എന്ന ആ വ്യവസായം നില നിൽക്കുന്നത് തന്നെ അവർ നൽകുന്ന മോഹന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്.പാട്ടു പാടി വിജയിച്ചാൽ രണ്ടു കോടിയുടെ ഫ്ലാറ്റ് കിട്ടുമെന്ന് വരുമ്പോൾ പാട്ട് ഒരു വിൽ‌പ്പന ചരക്കായി മാറിക്കഴിഞ്ഞു.അപ്പോൾ പിന്നെ മൂല്യം കൂടിയ പാട്ടുകൾ ആലപിച്ച് കൂടുതൽ മൂല്യം തങ്ങൾക്ക് വരുത്തി ഫ്ലാറ്റിന്റെ പടികൾ നടന്നു കയറാനാണു ഓരോ മത്സരാർത്ഥിയും ശ്രമിക്കുന്നത്.അങ്ങനെ, യേശുദാസ് പറയുന്നത് പോലെ ,‘മനുഷ്യനാൽ അസാദ്ധ്യമായ’ പലതും ചെയ്യാൻ കുട്ടികൾ മുതൽ യുവാക്കളും യുവതികളും വരെ തുനിഞ്ഞിറങ്ങുന്നു.ഫലമോ ശ്വാസം കിട്ടാതെയുള്ള മരണവും.‘മലയാളിയുടെ നൂറ്റാണ്ടിന്റെ ശബ്ദം” ആയി വിശേഷിപ്പിക്കപ്പെടുന്ന യേശുദാസിനു പോലും ഒറ്റയിരുപ്പിൽ പാടാൻ പറ്റാത്ത ഗാനങ്ങൾ വരെ മത്സരങ്ങളിൽ കൊണ്ടു വന്നു പാടുന്ന യുവാക്കളെയും അവരുടെ പരാജയവും നമുക്ക് കാണാവുന്നതാണ്.

ഒരു ഉദാഹരണം താഴെ.



ഇതിനു വിധികർത്താക്കൾ നൽകുന്ന കമന്റുകൾ കൂടി കാണൂ..



റിയാലിറ്റി ഷോ നടത്തിപ്പുകാർക്ക് ഇതിൽ‌പ്പരം ഒരു ‘ഷോക് ട്രീറ്റ്മെന്റ്’ കിട്ടാനില്ല.എടുത്താൽ പൊങ്ങാത്ത പാട്ടുകളെടുത്ത് വേദിയിൽ ‘മരണം’ വരിക്കുന്നവർ ഒരു നിത്യ കാഴ്ചയാണിന്ന്. ഇത്തരം പാട്ടുകൾ പാടുമ്പോലുള്ള ശ്രുതിയില്ലായ്മയും സംഗതിയില്ലായമയും ഒക്കെ എടുത്തെടുത്ത് പറയുന്നവർ രഹസ്യമായെങ്കിലും സമ്മതിക്കും ഇതുപോലൊന്നു പാടാൻ തങ്ങളെക്കൊണ്ടും സാ‍ധിക്കില്ല എന്ന്.

എങ്കിലും റിയാലിറ്റി ഷോകൾ തകർത്താടിക്കൊണ്ടേയിരിക്കുന്നു.കഴിവുള്ളവർക്ക് ഒരു വേദി കിട്ടുന്നു എന്ന ഒരു നല്ല വശം ഇതിനുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ദിവസേന ലക്ഷോപലക്ഷം എസ്.എം.എസുകളാണു ഇത്തരം റിയാലിറ്റി ഷോകളുടെ പേരിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇതിനാവട്ടെ 3 മുതൽ 5 രൂപവരെ ഈടാക്കുന്നു കമ്പനികൾ.കോടിക്കണക്കിനു വരുന്ന ഈ വരുമാനം മൊബൈൽ കമ്പനികളും ചാനലുകളും തമ്മിൽ വീതിച്ചെടുക്കുന്നു.ആരും കയറാനില്ലാതിരുന്ന തുണിക്കടകൾ വരെ ഇന്നിപ്പോൾ വൻ ബിസിനസ് കേന്ദ്രങ്ങൾ ആയിമാറിക്കഴിയുന്നു.മാത്രമോ റിയാലിറ്റി ഷോ എന്ന ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കഴിയുന്ന എല്ലാ അനുബന്ധ ബിസിനസുകളും പുഷ്ടിപ്രാപിക്കുന്നു.ആയിക്കോട്ടെ, അതൊക്കെ ഉണ്ടാകട്ടെ.ഇതിനിടയിൽ നഷ്ടപ്പെടുന്ന ചിലതില്ലേ?

യേശുദാസ് തന്നെ ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

നമ്മളൊക്കെ വീടിനു വേണ്ടി തന്നെയാണു പാടിയത്.എന്നാൽ ഒരു ലോട്ടറി ടിക്കറ്റു പോലെ ആശ കൊടുത്ത് പാടിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.പാട്ടുകഴിഞ്ഞു ഗായകർ തന്റെ എസ്.എം.എസ് വിലാസം പറഞ്ഞ് വോട്ടു ചെയ്യാൻ യാചിക്കുന്നു.ഗായകൻ തെണ്ടിയല്ല............അല്ലാതെ സഹകായകനെ താഴ്ത്തിക്കെട്ടി അവനെ നശിപ്പിച്ചാലേ നമുക്ക് നില‌നിൽ‌പ്പുള്ളൂ എന്നത് നിന്ദ്യമാണ്.ഈ പ്രവണതയാണു ഇപ്പോൾ പ്രചരിച്ചു വരുന്നത്.”

ഇതൊരു മോഹന ലോകമാണ്.ഇവിടെ വിജയിക്കാൻ കുട്ടികൾ എന്തും ചെയ്യും.കയ്യെത്തും ദൂരത്ത് സ്വപ്ന കാണാൻ പറ്റാത്ത സൌഭാഗ്യങ്ങൾ തേടിയെത്തിയിരിക്കുന്നു എന്ന ഓർമ്മ പോലും അവരെ മത്സരങ്ങളുടെ അടിമകളാക്കുന്നു.മത്സരങ്ങളിൽ നിന്നു പല ഘട്ടങ്ങളിലായി പുറത്താകുന്നവരുടെ കണ്ണീരു വരെ ചാനലുകൾ വിറ്റു കാശാക്കുന്നു.ഇപ്പോൾ “എലിമിനേഷൻ ഘട്ടങ്ങളിൽ” കരയുന്നവരുടെ എണ്ണം പൊതുവേ കുറവായി കാണുന്നു.തീക്ഷ്ണമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോൾ ഇത്തരം കരച്ചിൽ സീനുകൾ ചാനലുകൾ തന്നെ ഒഴിവാക്കിയതാവാനേ വഴിയുള്ളൂ.മരണ വീട്ടിലുള്ളതിനേക്കാൾ ശോകമൂകമായ അന്തരീക്ഷമാണ് ‘എലിമിനേഷൻ റൌണ്ടു’കളിൽ കാണുന്നത്.

കഴിഞ്ഞ 32 വർഷമായി സൂര്യ ഫെസ്റ്റിവലിൽ കച്ചേരി അവതരിപ്പിക്കുന്ന ശ്രീ യേശുദാസ് ഇത്തവണ അവതരിപ്പിച്ച ‘കനകാംഗി’ രാഗത്തിനുവേണ്ടി നാലുവർഷത്തോളമാണു പ്രാക്ടീസ് ചെയ്തത് എന്ന് ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് അദ്ദേഹം വെളിപ്പെടുത്തുന്നു.ഈ എഴുപതാം വയസ്സിലും അദ്ദേഹത്തിനു സംഗീതം ഒരു തപസ്യയാണ്,നിരന്തരമായ വിദ്യാഭ്യാസമാണ്.റിയാലിറ്റി ഷോകൾ ഇത്തരമൊരു സാദ്ധ്യത തുറന്നിടുന്നുണ്ടോ?ഇല്ലെന്നാണു എനിക്ക് തോന്നുന്നത്.റിയാലിറ്റി ഷോകളുടെ ബാക്കിപത്രം എന്താവും എന്ന് വരും കാലങ്ങൾ തെളിയിക്കാനിരിക്കുന്നതേയുള്ളൂ.

അതു വരെ എസ്.എം.എസ് അയച്ചും, സിനിമാ താരങ്ങളുടെ മാർക്കിടീൽ കണ്ടും,അവതാരകരുടെ ‘മലയാലം’ കേട്ടും, അവരുടെ വേഷങ്ങൾ അനുകരിച്ചും നമുക്ക് കാലം കഴിക്കാം.പഞ്ചു ചെയ്ത് റിക്കാർഡ് ചെയ്ത പാട്ടുകളിൽ ശ്രുതിയും സംഗതിയും വരുത്താനാവാതെ കുഴങ്ങുന്ന മത്സരാർത്ഥികളുടെ ഫ്ലാറ്റ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴുമ്പോൾ നമുക്കവരെയോർത്ത് വിലപിക്കാം.

യേശുദാസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ഇവിടെ ക്ലിക്ക് ചെയ്ത് കേൾക്കാവുന്നതാണ്.

(കടപ്പാട്:യു.ട്യൂബിൽ ഈ വീഡിയോസ് ഇട്ട മാന്യവ്യക്തികളോട്)

76 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അതു വരെ എസ്.എം.എസ് അയച്ചും, സിനിമാ താരങ്ങളുടെ മാർക്കിടീൽ കണ്ടും,അവതാരികമാരുടെ ‘മലയാലം’ കേട്ടും, അവരുടെ വേഷങ്ങൾ അനുകരിച്ചും നമുക്ക് കാലം കഴിക്കാം.പഞ്ചു ചെയ്ത് റിക്കാർഡ് ചെയ്ത പാട്ടുകളിൽ ശ്രുതിയും സംഗതിയും വരുത്താനാവാതെ കുഴങ്ങുന്ന മത്സരാർത്ഥികളുടെ ഫ്ലാറ്റ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴുമ്പോൾ നമുക്കവരെയോർത്ത് വിലപിക്കാം....!

Ziya said...

അപ്പന്‍ പാട്ടുകാരനായിരുന്നു.
ഉവ്വോ? ഇപ്പോഴും പാടാറുണ്ടോ?
ഇല്ല. അപ്പന്‍ മരിച്ചു.
അയ്യോ? എങ്ങനെയായിരുന്നു?
ഗാനമേളക്ക് പാടിക്കൊണ്ടിരിക്കുമ്പോ ശ്വാസം മുട്ടല്‍ വന്നാണ് അപ്പന്‍ മരിച്ചത്.
അതെങ്ങനെ?
ഗംഗേന്ന പാട്ട് പാടിത്തുടങ്ങീതാര്‍ന്ന് അപ്പന്‍...ശ്വാസം മുട്ടിച്ചത്തു...

മുമ്പ് കേട്ടൊരു കോമഡിയാണ്.
പലരും പറഞ്ഞവിഷയമെങ്കിലും സുനിലിന്റെ അവതരണം ഒന്നാന്തരം തന്നെ. വളരെ നല്ല പോസ്റ്റ്.

ചാനലുകാരെപ്പോലെ സുനിലും അവതാരകയെ അവതാരിക ആക്കരുതേ എന്നൊരു അപേക്ഷയുണ്ട് :)

ഉസ്മാന്‍ പള്ളിക്കരയില്‍ said...

Thank you for this post.

Unknown said...

Good Post

amruthcd said...

oru reality thurannu kaattiyathinu sunil abhinandhanam arhikkunnu

മൂര്‍ത്തി said...

"അതിൽ ഈ പതിനേഴു നിമിഷങ്ങൾ" ഇതും സെക്കന്റ് എന്നാക്കുമോ സുനില്‍?

Patchikutty said...

ഇതു കലക്കിട്ടോ:-)

വിജി പിണറായി said...

ഒരു ‘റിയാലിറ്റി’ക്കാരനും തള്ളിപ്പറയാനാവാത്ത സാക്ഷാല്‍ യേശുദാസിന്റെ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ: ‘ഒരു ലോട്ടറി ടിക്കറ്റു പോലെ ആശ കൊടുത്ത് പാടിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.പാട്ടുകഴിഞ്ഞു ഗായകന്‍ തന്റെ എസ്.എം.എസ് വിലാസം പറഞ്ഞ് വോട്ടു ചെയ്യാന്‍ യാചിക്കുന്നു.ഗായകന്‍ തെണ്ടിയല്ല...’ ഗായകനെ യാചകനാക്കുന്ന ‘റിയാലിറ്റി’ തിരിച്ചറിയുന്നില്ല ഈ മത്സരങ്ങളില്‍ സ്വയം ഹോമിക്കുന്നവര്‍. ഇവിടെ പരാമര്‍ശ വിഷയമായ പാട്ടിനെക്കുറിച്ച് ശ്രീമതി ചിത്രയും അത് പാടിയ യേശുദാസ് തന്നെയും സമ്മതിച്ചതു പോലെ തങ്ങളേക്കാള്‍ പതിന്മടങ്ങ് പ്രഗത്ഭരായ ഗായകര്‍ക്കു പോലും സ്റ്റേജില്‍ ഒറ്റയടിക്ക് പാടി ഫലിപ്പിക്കാന്‍ കഴിയാത്ത ‘കടുകട്ടി’യായ ഗാനങ്ങള്‍ ‘ശ്രുതി’യും ‘പിച്ചും’ ‘സംഗതി’യും ഒക്കെ ഒപ്പിച്ച് പാടിയെന്നു വരുത്താന്‍ ബദ്ധപ്പെടുന്ന ‘മത്സരാര്‍ഥി’കള്‍ (ഇത് ഏതു ഭാഷയാണോ ആവോ? മത്സരത്തിനു വേണ്ടിയും അര്‍ഥനയോ?) തങ്ങള്‍ ഗായകര്‍ എന്ന നിലയില്‍ നിന്ന് കേവലം ‘ഫ്ലാറ്റാര്‍ഥികള്‍’(!) മാത്രമായി ചുരുക്കപ്പെടുകയാണ് എന്ന ‘റിയാലിറ്റി’ തിരിച്ചറിയുന്നതു വരെ നമുക്ക് എസ് എം എസുകള്‍ അയച്ചുകൊണ്ടേയിരിക്കാം, പാവം ഗായകരുടെ കണ്ണീരിനെ കച്ചവടമാക്കി മൊബൈല്‍ കമ്പനിക്കാര്‍ നമ്മുടെ കീശ ചോര്‍ത്തുകയാണെന്ന റിയാലിറ്റി അറിയാമെങ്കിലും കണ്ടില്ലെന്നു നടിച്ച് അടുത്ത ‘എപ്പിസോഡി’നായി കാത്തിരിക്കാം...!

ശ്രീ said...

ഈ കാര്യം ഇപ്പോഴാണറിയുന്നത്.

മനോഹര്‍ കെവി said...

വളരെ നന്ദി സുനില്‍. ഈ പോസ്റ്റ് വായിക്കുന്നതിനു മുന്പു തന്നെ ഇന്നലെ ഞാന്‍ ഈ വിഷയം ഭാര്യയുമായി സംസാരിച്ചതേയുള്ളൂ.. മനോരമയിലെ "വാചകമേള"യില്‍ , യേസുദാസിന്റെ ഈ അഭിപ്രായം വായിച്ചു ഞെട്ടിയവരില്‍ ഞാനും പെടുമല്ലൊ. "ഗംഗേ......" എന്ന രവീന്ദ്രന്‍മാഷിന്റെ ഈ composition മലയാളി അല്‍ഭുതത്തോടെയാണു നോക്കിയിരുന്നതു. Reality Shows-ഇല്‍ ജഡ്ജിമാരായി വിലസിക്കുന്നവരുടെ വിവരക്കേടും ഇതോടെ പുറത്തു വന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട് said...

കലയുടെ മത്സരമല്ല, സാക്ഷാത്കാരമാണ് കലാകാരന്റെ ലക്ഷ്‌യമെന്ന് കലാകാരന്മാരെങ്കിലും തിരിച്ചറിയണം. വളരെ നന്നായി സുനിൽ.

അഗ്രജന്‍ said...

നല്ല ലേഖനം സുനിൽ... (നന്ദി)

പകല്‍കിനാവന്‍ | daYdreaMer said...

അഭിനന്ദനങ്ങള്‍ സുനില്‍..വളരെ നന്നായി

സജി said...

എനിക്കിപ്പോഴും മനസിലാകാത്ത കാര്യം,ഈ എലിമിനേഷന്‍ റൌന്‍ഡില്‍, റിസള്‍ട്ടു പറയാന്‍, നീട്ടി നീട്ടി കൊണ്ടു പോകുന്നത് എന്തിനാണെന്നാണ്!

ഓരോ ജഡ്ജും കുറെ സംസാരിക്കും, പിന്നെ സെലി‘ഡേര്‍ട്ടി’ ഗസ്റ്റ് സംസാരിക്കും, പിന്നെ അവതാരകയെന്ന അവതാരം കൊഞ്ചിക്കുഴയം, അപ്പോഴെല്ലാം മത്സരാര്‍ത്ഥിയുടെ തലക്കു മുകളില്‍ ഒരുകോടിയുടെ ഫ്ലാറ്റു തൂങ്ങിക്കിടക്കുകയല്ലേ?? അത്രയും ടെന്‍ഷന്‍ അവര്‍ക്കു താങ്ങാനാവുമോ, അതും ഇത്ര പരസ്യമായി?

പൂച്ചകുഞ്ഞുങ്ങള്‍ എലിയെ അര്‍ധപ്രാണനാക്കിയിട്ടു കളിച്ചു രസിക്കുന്നതു ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട് .
(ഇപ്പോഴത്തെ എലികളുടെ അടുത്തു ഈ വേല ചെലവാകാന്‍ സാദ്ധ്യതയില്ല)

അതോ അവരോടു റിസള്‍ട്ടെല്ലാം നേരത്തേ പറഞ്ഞിട്ടുണ്ടോ?

Joker said...

നല്ല ലേഖനം, ശ്രീ.യേശുദാസിന്റെ മറുപടി കേട്ടപ്പോള്‍ ചിരിയും. കണ്സ്റ്റന്റുകളുട്റ്റെ കര്യം ഓര്‍ത്തപ്പോള്‍ സങ്കടവും തോന്നി.

ഈ പോസ്റ്റിന്‌ ഒരായിരം നന്ദി

മണിഷാരത്ത്‌ said...

സുനില്‍
വളരേ അവസരോചിതമായ പോസ്റ്റ്‌.ഇന്നത്തെ റിയാലിറ്റി ഷൊയുമായി ചേര്‍ത്ത്‌ യേശുദാസിന്റെ വെളിപ്പെടുത്തലിനെ കൂട്ടിച്ചേര്‍ത്ത്‌ ഈ പോസ്റ്റ്‌ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ഇവിടെ പുതിയ സാങ്കേതിക വിദ്യകള്‍ നമ്മുടെ ചലചിത്രഗാന രംഗത്ത്‌ ഇനിയും അറിയാത്ത ധാരാളം നമ്പറുകള്‍ നടത്തിയിട്ടുണ്ട്‌.പാവം ആരാധകര്‍..ഇതൊന്നും അറിയുന്നില്ല എന്നത്‌ വളരേ സത്യമാണ്‌.യേശുദാസിന്റെ പഴയ ഗാനങ്ങളും പുതിയ ഗാനങ്ങളും തമ്മില്‍ തിരിച്ചറിയാനാകും വിധം ഒരു ..ഒരു...സംഗതിയില്‍ വ്യത്യാസം കാണുന്നതായി തോന്നാറുണ്ട്‌.ശബ്ദത്തിന്റെ തനിമയില്‍ ഇന്ന് എന്തു മാറ്റം വരുത്താനും സാങ്കേതിക വിദ്യക്കു കഴിയും.ആശംസകള്‍...തുടരുക

Retheesh said...

യേശുദാസും ചിത്രയും സത്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇനിയെങ്കിലും ഒരു 'ശ്വാസം മുട്ടിയുള്ള' മരണം ഉണ്ടാവില്ലെന്നു നമുക്കു പ്രത്യാശിക്കാം... :)

Anonymous said...

മത്സരിക്കുന്നവര്‍ വോട്ട് യാചിക്കുമ്പോള്‍ പലപ്പോഴും കുടുംബത്തിണ്ടേ ചുറ്റുപാട് പറഞ്ഞു സിമ്പതി ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ ഒരു തരം വെറുപ്പ്‌ തോന്നിയിരുന്നു.... ഇനിയെങ്കിലും ഈ വക കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരുനെങ്കില്‍....
ഏതായാലും വ്യത്യസ്തമായ പോസ്റ്റുകള്‍ ഇട്ടു കലക്കുന്ന സുനിലിന്‌ അഭിനന്ദനങ്ങള്‍...

പ്രിയ said...

ദുബായിലെ ഹിറ്റ് എഫ് എമിന്റെ ഒരു ഇന്റെര്‍‌വ്യൂവില്‍ കെ എസ് ചിത്ര പറഞ്ഞത് 'കുട്ടികളെ ഇങ്ങനെ ഡാന്‍സ് ചെയ്യിച്ച് പാട്ട് പാടിക്കരുത്, അതവരുടെ ശബ്ദത്തിനെ ബാധിക്കും' എന്നൊക്കെയാ. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍, അതാ ചിത്ര തന്നെ, അതെ പരിപാടിയുടെ ജഡ്ജ്. ഇപ്പോഴും പെര്‍ഫോമന്‍സ് റൗണ്ട് ഒക്കെ ഉണ്ടായിരിക്കുമല്ലോ :) അത്രെ ഉള്ളൂ

ന്നാലും ഗംഗേ ...

Sandhya said...

റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതേണ്ട വരികള്‍. കഴിവുള്ള ഒരുപാടു കുട്ടികള്‍ക്ക്, നല്ലനല്ല അവസരങ്ങള്‍ നല്‍ക്കുന്നുവെന്നതിനെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, ഈ റിയാലിറ്റി ഷോകള്‍ എല്ലാം തന്നെ അവതരണം കോണ്ടും ജഡ്ജസിന്റെ കമന്റുകള്‍ കോണ്ടും അറപ്പുംവെറുപ്പുമുളവാക്കുന്നു!

എത്ര ഗാനഗന്ധര്‍വ്വനായാലും , ‘ഡപ്പാം കൂത്ത്’ കളിക്കാനറിയില്ലെങ്കില്‍ , ഭിക്ഷക്കാരെപ്പോലെ വോട്ടിനുവേണ്ടി തെണ്ടാനറിയില്ലെങ്കില്‍ ഏറ്റവും ‘നല്ല ഗായകനായി’ തിരഞ്ഞെടുക്കപ്പെടില്ല! എന്നാണോ മലയാളി സമൂഹവും റ്റ്വി ചാനലുകളും ഇതില്‍നിന്നും രക്ഷപെടുന്നത്?!

നന്നായി സുനില്‍, അവസരോചിതമായ പോസ്റ്റ്!

- ആശംസകളോടേ, സന്ധ്യ!

മീര അനിരുദ്ധൻ said...

യേശുദാസ് പറഞ്ഞ ഈ കാര്യം വളരെ ഞെട്ടലോടെയാണു കേട്ടത്.ഗംഗേ.... പാടി ഇനിയെങ്കിലും ആരും തന്നെ മരിക്കാതിരിക്കട്ടെ.നല്ല പോസ്റ്റ്

പാവത്താൻ said...

വളരെ ശരി.ഗംഗേ എന്ന പാട്ടിന്റെ തുറ്റക്കം ഒറ്റ ശ്വാസത്തില്‍ പാടിയതല്ല എന്നു നേരത്തെ തന്നെ കേട്ടിരുന്നു.

ദീപക് രാജ്|Deepak Raj said...

പ്രിയ സുനില്‍ ചേട്ടാ,

ആദ്യം വിജി പിണറായിയുടെ കമന്റിനു ഒരു ഒപ്പ്.. സത്യമാണ്.. ഗായകന്‍ സാഹചര്യവശാല്‍ തെണ്ടിയായാല്‍ പോട്ടെ, ഇത് അറിഞ്ഞുകൊണ്ട് തന്നെ തെണ്ടണോ..

മുമ്പ് (പടത്തിന്റെ പേര് ഓര്‍മ്മയില്ല) ഏഴു സ്വരങ്ങളും തഴുകി.. എന്നൊരു ഗാനം പാടിയപ്പോഴും ഒറ്റശ്വാസത്തില്‍ പാടിയതിന്റെ കാര്യം ശ്രീ.കെ.ജെ.യേശുദാസ്‌ റേഡിയോ/ടി.വി. യിലൊക്കെ പറഞ്ഞിരുന്നു. പല ഗാനമേളക്കാരും (അന്നിത്ര റിയാല്‍റ്റി ഉള്ളവര്‍(?) ഇല്ല) സ്റ്റേജില്‍ മരിച്ചു കിടന്നു ഈ പാട്ട് ഒറ്റശ്വാസത്തില്‍ പാടുന്നത് കണ്ടിട്ടുണ്ട്. അതിന്റെ പിന്നിലെ കഥകള്‍ ഇവര്‍ അറിയാതെ പോവുന്നത് കഷ്ടം.

ശ്രീ.യേശുദാസ്‌ ഒരു സ്വരസിദ്ധിയുള്ള ഗായകനാണ്. അതോടൊപ്പം തന്നെ വര്‍ഷങ്ങള്‍ നീണ്ട ശ്രമത്തിന്റെയും പരിശീലനത്തിന്റെയും കാര്യവും നമ്മള്‍ ഓര്‍ക്കണം. കുട്ടികളെ കൊണ്ടു കഷ്ടപ്പെടുത്തി അവരെ വെറും എസ്.എം.എസ്. തെണ്ടികള്‍ ആക്കുന്ന മാതാപിതാക്കള്‍, കുട്ടികളെ തങ്ങളുടെ വരുമാനത്തിന് വേണ്ടി തട്ടിക്കളിക്കുന്ന ചാനല്‍ / ജഡ്ജ്മാര്‍, ഇതിനിടയില്‍ എല്ലാവരും മറക്കുന്ന ഒന്നുണ്ട്, ഈ മത്സരം കുട്ടികളുടെ മനോനിലയില്‍ വരുത്തുന്ന മാറ്റങ്ങള്‍, ദൂരെ വ്യാപകമായി ഉണ്ടായേക്കാവുന്ന ദോഷങ്ങള്‍ എല്ലാം മനസ്സിലാക്കണം. ചില കുട്ടികള്‍ ഇതിന്റെ ടെന്‍ഷന്‍ മൂലം ഭ്രാന്തിന്റെ വക്കിലെത്തിയ കഥയുമുണ്ട്.
അമേരിക്കയിലെ അടുത്ത സൂപ്പര്‍ മോഡല്‍/സ്റ്റാര്‍ എന്നൊരു റിയാല്‍റ്റി ഷോയുണ്ട്. അതില്‍ പങ്കെടുത്ത ചിലരുടെ ജീവിതം ഡിപ്രഷന് അടിമയാക്കപ്പെട്ടു എന്ന് വായിച്ചിരുന്നു.

എന്തായാലും ചാനലുകാരോ ജഡ്ജ്മാരോ ഇതൊന്നും നോക്കില്ല. കുറഞ്ഞപക്ഷം മാതാപിതക്കാന്‍മാരെങ്കിലും ഒന്നോര്‍ത്താല്‍ മതിയായിരുന്നു.

സ്നേഹത്തോടെ
(ദീപക് രാജ്)

Typist | എഴുത്തുകാരി said...

സുനില്‍ വളരെ നന്നായി. ഇത്ര നന്നായി ഇത്ര വിശദമായി ഈ പോസ്റ്റിട്ടതിനു്. ശരിക്കും ഞെട്ടി, യേശുദാസ് പറഞ്ഞതു കേട്ട്.

രഞ്ജിത് വിശ്വം I ranji said...

പ്രിയ സുനില്‍
തികച്ചും അവസരോചിതമായ പോസ്റ്റ്. ഇതാണ് റിയാലിറ്റി എന്ന് ജഡ്ജിങ്ങ് പാനലിലെ സിംഹങ്ങള്‍ എന്നു തിരിച്ചറിയുമോ ആവോ

കണ്ണനുണ്ണി said...

നല്ല ലേഖനം സുനിലേ

അനില്‍@ബ്ലോഗ് // anil said...

അവസരോചിതമായ പോസ്റ്റ്, സുനില്‍.
ഗംഗയുടെ നീളം പണ്ടേ എനിക്ക് ദഹിച്ചിരുന്നില്ല, അതിനാല്‍ എം.പി.ത്രീ കട്ടറില്‍ ഇട്ട് നീളം കുറച്ച ഗംഗയാണ് എന്റെ കമ്പ്യൂട്ടറില്‍ അന്നു തൊട്ട്.
യേശുദാസിനോട് ആദരവ് കൂടുന്നു.
ഒപ്പം ചാനലിലെ “സംഗതി” തപ്പുന്നവരോടുള്ള പുച്ഛവും.
ഈ പോസ്റ്റിന് നന്ദി.

chithrakaran:ചിത്രകാരന്‍ said...

പോസ്റ്റ് ഉചിതമായി.
സത്യം മാത്രമേ സമൂഹത്തെ വഴിപിഴക്കാതെ രക്ഷിക്കു !

വികടശിരോമണി said...

സമയോചിതമായ പോസ്റ്റ്,ആശംസകൾ.
റിയാലിറ്റി ഷോ പോലെ സമീപകാലം മറ്റൊരശ്ലീലവും ടി.വി.യിൽ കണ്ടിട്ടില്ല.ഏതു കലയും വളരുന്നത്,വികസിക്കുന്നത് ഒക്കെ ഒരു സവിശേഷപശ്ചാത്തലത്തിലാണ്.നാം മുൻപു മുതലേ ശ്രദ്ധിച്ചത്,കലയുടെ സൂക്ഷ്മതലത്തിലുള്ള സൌന്ദര്യവൽക്കരണത്തിലായിരുന്നു.അതുകൊണ്ടാണ് ഒട്ടും സുന്ദരമല്ലാത്ത രൂപവും ആംഗികഭാഷയുമുള്ള എം.ഡി.ആർ നമ്മുടെ മഹാഗായകനായത്.നിന്നിടത്തു നിന്നനങ്ങാതെ പാടുന്ന ജാനകി മഹാഗായികയായത്.സൂക്ഷ്മതലത്തിലുള്ള അവരുടെ പെർ‌ഫെൿഷൻ ആണ് നാം ആരാധിച്ചത്.റിയാലിറ്റിയിൽ നടക്കുന്നത് അതല്ല.പാടുന്ന കുട്ടികളോട് കയ്യും കാലും ഇളക്കാൻ പറയുന്നു.(അതിനെ നൃത്തം എന്നു പറഞ്ഞുകൂടാ,നൃത്തം വേറെയാണ്)ഒരിക്കലും ഒരു പാട്ടുകാരന്/കാരിക്ക് പാടില്ലാത്ത വിധം ശരീരചലനങ്ങൾ നടത്തി,അവർ കാണിക്കുന്ന അഭ്യാസം ഈ ലോട്ടറിക്കായാണ്.എന്നിട്ട് അവരെ പരിഹസിച്ചും,ഔദാര്യം പോലെ കുറേ പ്രശാംസിച്ചും ജഡ്ജസ് എന്ന പേരിലിരിക്കുന്ന സുന്ദരവിഡ്ഡികൾ രസിക്കുന്നു.നാണം കെട്ട പരിപാടി.

ചോപ്പായി said...

ചലിക്കാതെ നിന്നു പാടുന്നതാണ് നല്ല ഗായകന്റെ ലക്ഷണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. എങ്കില്‍ പഴയ ഗായകരെല്ലാം പൊട്ട ഗായകരാകും. അന്നൊക്കെ ഗായകര്‍ തന്നെയായിരുന്നല്ലോ അഭിനേതാവും. പിന്നെ നമ്മുടെ പല ശാസ്ത്രീയ സംഗീതജ്നരും ശരീരം മൊത്തവും ഇളക്കിയാണ് പാടൂന്നതെന്നും ഓര്‍ക്കുക. അവര്‍ ഇരുന്നു പാടുന്നു, ഇപ്പോഴത്തെ ഗായകര്‍ നിന്നു പാടുന്നു. അത്ര വ്യത്യാസമേയുള്ളൂ. ചിലര്‍ക്ക് അനങ്ങിപാടാന്‍ കഴിയില്ല, ചിലര്‍ പാടുമ്പോള്‍ അറിയാതെ ഇളകും. ഇത് ഓരോരുത്തരുടേറ്യും പ്രത്യേകതയാണ്. അത് കഴിവോ കഴിവുകേടോ ആകാം. ജാനകിയുടെ പാട്ട് മനോഹരമാണ്, പക്ഷേ അവര്‍ പാടുന്നത് കാണാന്‍ മോശമാണ്. അന്നേരങ്ങളില്‍ കണ്ണടച്ചിരുന്ന് കേള്‍ക്കാണാണ് ഞാനിഷ്ടപ്പെടുക. ഭാവഗായകനാണേങ്കിലും ജയചന്ദ്രന്‍ പാടുന്നതിനേക്കാള്‍ കാണാന്‍ സുഖം യേശുദാസിന്റേതാണ്, പാട്ടിന്റെ ഭാവം അദ്ദേഹത്തിന്റെ മുഖത്തും ചലനങ്ങളിലും നമുക്ക് കാണാം.

പിന്നെ ഓരോ റിയാലിറ്റി ഷോയ്ക്കും ഓരോ മാനദണ്ഡമുണ്ട്. അതനുസരിച്ചായിരിക്കും അതില്‍ പങ്കെടുക്കുന്നവര്‍ ഗാനം അവതരിപ്പിക്കേണ്ടത്. പ്രകടാനത്തിന് മുന്തൂക്കം കൊടുക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുന്നയാള്‍ അതിനനുസരിച്ച് തയ്യാറെടുത്തേ തീരൂ. പറ്റില്ലെങ്കില്‍ ഗാന പ്രാധാന്യമുള്ള മത്സരത്തില്‍ പോകാമല്ലോ. സ്റ്റേജ് ഷോകളില്‍ കാഴ്ച്ചക്കാണ് പ്രധാന്യം. അതിനനുസരിച്ച് പറ്റിയ ആള്‍ക്കാര്‍ക്ക് അവസരം കൂടുതല്‍ കിട്ടുന്നു. പാടാന്‍ കഴിയാത്തവര്‍ക്ക് ഒരുകാലത്ത് നായകനാകാന്‍ കഴിയാതിരുന്നതുപോലെ. ഒരു ഗായകന് പാടാന്‍ പ്രയാസമുള്ള ഭാഗം ഇനിയൊരാള്‍ ശ്രമിക്കുന്നതുകൊണ്ട് ദോഷമൊന്നും വരാന്‍ പോകുന്നില്ല്ല്ലോ. ഇപ്പോഴത്തെ ഗായകര്‍ക്ക് പ്രതിഭയില്ല, അവര്‍ പഞ്ചിംഗ് ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നു പറയുന്നവര്‍ തന്നെയാണ് ഒറ്റടേക്കില്‍ പാടി വിജയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കുറ്റവും പറയുന്നത്.
ചാനലുകാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ, വന്നു നിന്ന് എരിപിരികൊള്ളാന്‍. പരിപാടി ഉപേക്ഷിച്ച് പോകാന്‍ ആര്‍ക്കും അവകാശമുണ്ട്.

മത്സരാര്‍ത്ഥികള്‍ വോട്ടു ചോദിക്കുന്നത്- നമ്മുടെ സിനിമാതാരങ്ങള്‍ അവരുടെ പടം റിലീസായ ശേഷം “പ്രിയപ്പെട്ട പ്രേക്ഷകരോട്” കെഞ്ചുന്നതിനേക്കാള്‍ എത്രയോ ഭേദം. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയക്കാര്‍ ജങ്ങളുടെ കാലുപിടിക്കുന്നത് മോശമായി പറയാത്തതെന്തേ?

Priya said...

പണ്ട് 'ഹരിമുരളീരവം' കേട്ടപ്പോള്‍ തോന്നിയ അത്ഭുതവും ആരാധനയും 'ഗംഗേ' കേട്ടപ്പോള്‍ ഇരട്ടിയായിരുന്നു. കഴിഞ്ഞ ദിവസം യേശുദാസിന്റെ പ്രസ്താവന വായിച്ചപ്പോള്‍ ഉണ്ടായ താപകോപങ്ങള്‍ക്ക് അളവില്ല. എ ആര്‍ റഹ്മാന്‍ സ്വന്തം പാട്ടുകള്‍ സ്റ്റേജില്‍ പാടുമ്പോള്‍ എത്ര വ്യത്യസ്തമാണെന്ന് കണ്ടിട്ടുണ്ടോ? അപ്പോഴൊക്കെ നമ്മുടെ ഗന്ധര്‍വനെ വാനോളം പുകഴ്ത്തിയിരുന്നു. എന്തായാലും അദ്ദേഹം സത്യം പറഞ്ഞു എന്ന് ആശ്വസിക്കാം , അല്ലെ?

mizhineerppookkal said...

നല്ല പോസ്റ്റ് സുനില്‍..ഉചിതം തന്നെ...
ആശംസകളോടെ...ലതാ

yousufpa said...

അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട്..

ചന്തു said...

എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു

+1

Micky Mathew said...

വളരെ നല്ല പോസ്റ്റ്.

Jijo said...

പണ്ട്‌ ദാസേട്ടന്റെ ഒരു ഇണ്റ്റര്‍വ്യൂ ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു. അന്ന്‌ അദ്ദേഹം പറഞ്ഞ ഒരു ചെറിയ കാര്യം പങ്കു വയ്ക്കാം.

വളരെ കൊല്ലങ്ങള്‍ക്ക്‌ മുന്‍പ്‌, "എണ്റ്റെ സ്വപ്നത്തിന്‍ താമരപൊയ്കയില്‍..." എന്ന്‌ തുടങ്ങുന്ന ഗാനം ഹിറ്റായിരിക്കുന്ന സമയം. ചാന്‍സ്‌ തേടി വന്ന ഒരു ചെറുപ്പക്കാരന്‍ ഗായകന്‍ ഒരു സംഗീത സംവിധായകണ്റ്റെ അടുത്ത്‌ വന്നു തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ദാസേട്ടന്‍ പാടുന്ന പോലെ പാടാമെന്ന്‌ പറഞ്ഞ്‌ അദ്ദേഹം "എന്റെ സ്വപ്നത്തിന്‍..." ആലപിച്ചു. കണ്ഠനാളത്തില്‍ ഒരു സര്‍ക്കസൊക്കെ കാട്ടി 'എക്കോ' ചേര്‍ത്ത്‌ ആയിരുന്നു ആലാപനം. ചെറുപ്പക്കാരന്റെ കഴിവില്‍ മതിപ്പു തോന്നിയെങ്കിലും പാട്ട്‌ കുളമാകുന്നത്‌ കണ്ട്‌ സംഗീത സംവിധായകന്‍ ചോദിച്ചത്രേ "എന്തിനാണു താങ്കള്‍ ഇത്ര കഷ്ടപ്പെട്ട്‌ എക്കോ ഇടുന്നത്‌?" എന്ന്‌. ഒറിജിനാലിറ്റിക്ക്‌ വേണ്ടിയെന്നായിരുന്നു ഉത്തരം. മലയാളത്തില്‍ ആദ്യമായി കൃത്രിമമായി എക്കോ ചേര്‍ത്ത്‌ റെക്കൊറ്‍ഡ്‌ ചെയ്യപ്പെട്ട ഗാനമായിരുന്നു അത്‌. ഇതു കൃത്രിമമായ ഒരു സാങ്കേതിക വിദ്യയായിരുന്നു എന്ന് ആ ചെറുപ്പക്കാരന്‌ അറിയില്ലായിരുന്നു. ഇനി ഇത്തരം സര്‍ക്കസുകള്‍ കാട്ടി തൊണ്ട കേടാകരുതെന്ന് ഉപദേശിച്ചത്രേ നമ്മുടെ സംഗീത സവിധായകന്‍.

അന്നത്തെ ആ ചെറുപ്പക്കാരനെ നമുക്ക്‌ വെറുതെ വിടാം. ഇത്തരം സാങ്കേതിക വിദ്യകള്‍ ഒട്ടും തന്നെ പ്രചാരത്തില്‍ ഉണ്ടാകാതിരുന്ന ഒരു കാലമായിരുന്നു അത്‌. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഒരു കമ്പ്യൂട്ടറും ഒരു സോഫ്റ്റ്‌വേറും ഉണ്ടെങ്കില്‍ പതിനേഴ്‌ സെക്കന്‌റ്റ്‌ അല്ല പതിനേഴു മണിക്കൂറ്‍ സസ്റ്റെയിന്‍ ചെയ്യിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബിറ്റ്‌ ബൈ ബിറ്റ്‌ ആയിട്ട്‌ റെക്കോര്‍ഡ്‌ ചെയ്ത്‌ തീര്‍ത്തും കുറ്റമറ്റ ഒരു ഗാനം തീര്‍ക്കാം. പിന്നേയും പാകപിഴവുണ്ടെങ്കില്‍ അതും ക്ളീന്‍ അപ്‌ ചെയ്യാം. ഹാറ്‍ഡ്‌വേറിന്‌റ്റേയും സോഫ്റ്റ്‌വേറിന്‌റ്റേയും, ടെക്നീഷ്യന്‌റ്റേയും മിടുക്ക്‌ പോലിരിക്കും കാര്യങ്ങള്‍. സമയവും കുറച്ചു കൂടുതല്‍ എടുക്കുമായിരിക്കും.

ഇങ്ങനെ കൃത്രിമ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കുറ്റമറ്റതാക്കിയ ഗാനങ്ങളാണ്‌ ഈ ചെറുപ്പക്കാര്‍ വേദികളില്‍ അവതരിപ്പിക്കേണ്ടത്‌. ഒരു പരിധി വരെ അതില്‍ തെറ്റില്ല. മത്സരങ്ങള്‍, അത്‌ കമ്പ്യൂട്ടറിനോടായാലും, കഴിവുകള്‍ വളര്‍ത്താന്‍ ഉപകരിക്കും. പതിനേഴു സെക്കന്‌റ്റ്‌ ശ്വാസം നിയന്ത്രിക്കുന്നത്‌ ഒരുകണക്കില്‍ നല്ലതാണ്‌. പക്ഷേ അതു കഴിഞ്ഞ്‌ വിശ്രമം കൊടുക്കാതെ ആ ഗാനം പൂര്‍ത്തിയാക്കുന്നത്‌ നല്ലതല്ല. ഒന്നാം സ്ഥാനത്ത്‌ എത്താന്‍ വേണ്ടി ശബ്ദം തന്നെ ബലി കൊടുക്കേണ്ടി വരുന്നത്‌ ക്രൂരമാണ്‌. ഇത്രയും കഷ്ടപ്പെട്ട്‌ പാടിയിട്ട്‌ അനിലിന്‌ കിട്ടിയ കമന്‌റ്റുകള്‍ കണ്ടില്ലേ? എം ജി ശ്രീകുമാറിന്‌റ്റെ മുഖത്തും ശബ്ദത്തിലും നിഴലിക്കുന്ന പുഛവും ധാര്‍ഷ്ട്യവും കണ്ടോ? വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളും. ഏറ്റവും സൌമ്യയായ ചിത്ര പോലും അപൂര്‍വമായിട്ടെങ്കിലും (ഞാനിത്‌ സ്ഥിരം കാണാറില്ല കേട്ടോ) ചിലപ്പോള്‍ വേദനിപ്പിക്കുന്ന കമന്‌റ്റുകള്‍ പറയുന്നു.

മത്സരങ്ങള്‍ ഉണ്ടാകട്ടെ. പാട്ടിനെ പറ്റി വിശകലനങ്ങളും. പക്ഷെ എക്സ്പെറ്റേഷന്‍സ്‌ റിയലിസ്റ്റിക്കായിരിക്കണം. കഴിവുകള്‍ വളര്‍ത്താനായിരിക്കണം ശ്രമിക്കേണ്ടത്‌ ആളിക്കത്തിക്കാനല്ല. ടെക്നോളജിയോട്‌ മത്സരിച്ച്‌ സ്വന്തം ശബ്ദം കളയരുത്‌.

നിരക്ഷരൻ said...

ഗാനഗന്ധര്‍വ്വന്റെ ഹരിമുരളീരവവും ഇതുപോലൊരു പരിപാടിയാണെന്ന് കേട്ടിട്ടുണ്ട് പാട്ടിറങ്ങിയ കാലത്ത്. സത്യാവസ്ഥ എന്താണോ എന്തോ ? എന്തായാലും ഇത്തരം വെളിപ്പെടുത്തലുകള്‍ എല്ലാവരില്‍ നിന്നും വല്ലപ്പോഴുമൊക്കെ ഉണ്ടാകുന്നത് നല്ലതു തന്നെ. പിള്ളാര് ചങ്കുപൊട്ടി മരിക്കുന്നത് കാണാതെ കഴിയുമല്ലോ.

മുരളി I Murali Nair said...
This comment has been removed by the author.
മുരളി I Murali Mudra said...

വളരെ നന്നായി സുനില്‍....റിയാലിറ്റി ഷോകള്‍ക്ക് പിന്നിലുള്ളവര്‍ ഇതൊക്കെ കാണുന്നുണ്ടോ ആവൊ..ദാസേട്ടന്‍ ഇത് തുറന്നു പറഞ്ഞത് കൊണ്ടെങ്കിലും കുറെ കുട്ടികള്‍ രക്ഷപ്പെടുമെന്നു കരുതാം...കൂട്ടത്തില്‍ നാളെ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അദ്ദേഹം ജഡ് ജസ് ആയി വരില്ല എന്നും പ്രത്യാശിക്കാം...ഏതാണ്ടിതുപോലെ ഒക്കെ പറഞ്ഞിരുന്ന ചിത്ര ഇന്നെവിടെയാനെന്നരിയാമല്ലോ....
എന്റെ ഒരു കഥയുണ്ട്..ഇതേ പ്രമേയം....
എലിമിനേഷന്‍ റൌണ്ട് - ആതിര, ഏജ് ഫോര്‍ട്ടീന്‍
നമ്മള്‍ ഒരേ രീതിയില്‍ ചിന്തിക്കുന്നവരാണെന്ന് തോന്നുന്നു..

ബിന്ദു കെ പി said...

ഇതൊരു പുതിയ അറിവാണ്. ഏതായാലും യേശുദാസ് സത്യം തുറന്നുപറഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. പണ്ട് ചിത്രയും വേണുഗോപാലുമൊക്കെ റിയാലിറ്റി ഷോകൾക്ക് എതിരായി പറഞ്ഞവരായിരുന്നു. പിന്നീട് അവരെയൊക്കെ ജഡ്ജിംഗ് സീറ്റിൽ കണ്ട് നമ്മൾ അന്തം‌വിട്ടിട്ടുമുണ്ട്. യേശുദാസിനെയെങ്കിലും അവിടെ കാണേണ്ടി വരില്ലെന്നു പ്രതീക്ഷിക്കാം അല്ലെ..?

പറയാൻ വിട്ടു: സുനിൽ, പോസ്റ്റ് ഗംഭിരമായി കേട്ടോ..

Zebu Bull::മാണിക്കൻ said...

ചോപ്പായിയുടെ കമന്റിനു ഞാനൊരടിയൊപ്പായി.

വേണമെന്നുണ്ടെങ്കില്‍ മാത്രം പങ്കെടുക്കുക. വേണമെന്നുള്ളവര്‍ മാത്രം കാണുക. അത്രയല്ലേയുള്ളൂ ഓരോ റിയാലിറ്റി പരിപാടിയും. ആരും നിര്‍‌ബ്ബന്ധിക്കപ്പെടുന്നില്ലല്ലോ. ഫ്ലാറ്റുവേണമെന്നുള്ളവര്‍ പങ്കെടുത്തോട്ടേന്ന്.

റിയാലിറ്റിപരിപാടികളെ വെറുക്കുന്നവര്‍ ഇനി കുളിമുറിപ്പാട്ടിനും (bathroom singing) എതിരാകുമോ?

കുഴപ്പം മത്സരാര്‍‌ത്ഥികളെ ഉന്തിത്തള്ളി പങ്കെടുപ്പിക്കുന്ന മാതാപിതാക്കളിലാണ്‌‌. അതാണെങ്കില്‍ റിയാലിറ്റിഷോകളില്‍ മാത്രം ഒതുങ്ങിക്കൂടാത്തതുമാണ്‌. സ്വാതന്ത്ര്യം കുട്ടികളുടെ ജന്മാവകാശമാകുമ്പോള്‍ മാത്രം തീരുന്നതുമാണ്‌.

Kiranz..!! said...

ഒരു കമന്റുമായി ഇന്നലെമുതൽ ഇവിടെ കറങ്ങി നടക്കുകയാ സുനിലച്ചായോ.ഇപ്പോഴാ ഈ കമന്റ് ബോക്സ് കാണുന്നത് :). ജിജോയുടെ 3,4,5 പാരഗ്രാഫുകളിൽ പറഞ്ഞിരിക്കുന്നത് തന്നെയാണെന്റേയും അഭിപ്രായം.

1.ഒത്തിരി കലാകാരന്മാർ മുന്നോട്ട് വരുന്നുണ്ട്.എത്രപേർ സർവൈവ് ചെയ്യുന്നു എന്നുള്ളത് രണ്ടാമത്തെ കാര്യം.ഒരു പക്ഷേ ഈ ഗേറ്റ് വേ പണ്ട് കാലത്ത് ഉണ്ടായിരുന്നുവെങ്കിൽ നമുക്കൊന്നിൽക്കൂടുതൽ യേശുദാസോ,ചിത്രയുമോ ഉണ്ടാവാനുള്ള “അവസര“മൊരുങ്ങുമായിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ ഈ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവർ ഒരോന്നും മികച്ചവർ തന്നെയായിരുന്നു എന്നതിൽ ആർക്കും സംശയമുണ്ടാവുമെന്ന് തോന്നുന്നില്ല.പക്ഷേ ഈ ഇൻഡസ്ട്രിയുടെ രീതികൾ മനസിലാക്കുകയും വളരെക്കാലം നിലനിൽക്കാൻ വേണ്ടി തുനിഞ്ഞിറങ്ങുകയും ചെയ്യാനുള്ള ഒരു കഠിനാധ്വാനം ഇവർ നടത്തുമോ എന്നുള്ളതാണ് ഇവർക്ക് ചിത്രയിൽ നിന്നും ദാസേട്ടനിൽ നിന്നുമൊക്കെയുള്ള ദൂരം.

2. ശ്വാസത്തിന്റെ നീളം കൂട്ടാനും കുറക്കാനും അനേകായിരം റെക്കോർഡിംഗ് സോഫ്റ്റ്യെർ നിലവിലുണ്ട്.ഒരു പാട്ടമൈക്കും റെക്കോർഡിംഗ് സോഫ്റ്റെയറുമുണ്ടെങ്കിൽ ആരെയും ഇന്ന് ഗായകരാക്കാൻ കഴിയുന്ന സമയത്ത് യേശുദാസിന്റെ ഈ തുറന്ന് പറച്ചിലിൽ ഒട്ടും തന്നെ അതിശയോക്തി തോന്നേണ്ടതില്ല.കഴിഞ്ഞ പത്ത് വർഷക്കാലമായി ഡിജിറ്റൽ റെക്കോർഡിംഗ് രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്.ഇതൊന്നും അറിയാതെ പോകുമ്പോഴാണ് ഇത്തരം സംഗതികൾ വാർത്തയാകുന്നത്.

3.ഗംഗേ എന്ന ഗാനം യേശുദാസിന്റെ തന്നെ നല്ല പാട്ടുകളിൽ ഒരു സ്ഥാനം പിടിക്കേണ്ട പാട്ടാണെന്ന് വ്യക്തിപരമായി അഭിപ്രായമില്ല.യേശുദാസ് തന്നെ എത്ര പെർഫക്ഷൻ കൊടുത്ത് പാടിയിട്ടും ദാസേട്ടൻ യുഗം അവസാനിക്കുകയാണോ എന്ന് തോന്നുന്ന രീതിയിലുള്ള വികലമായ ഒരു ആലാപനം ആയി അതിനെ പല സംഗീത സുഹൃത്തുക്കളും പരാമർശിച്ചിരുന്നു.നീളം,ശ്വാസം എന്നൊക്കെപറഞ്ഞാൽ പാട്ടാകുമോ ? അങ്ങനെ വരുമ്പോൾ അതിനെ അനുകരിച്ചു പെർഫക്ഷൻ ഇല്ലാതെ വരുന്നൊരു വേർഷന്റെ ഭീകരത ചിന്തിക്കാവുന്നതേയുള്ളു.ഇവിടെ എം ജി ശ്രീകുമാർ പറഞ്ഞത് ശ്രദ്ധിക്കുക.കൊക്കിലൊതുങ്ങിയ പാട്ട് നന്നായി പെർഫക്ഷനോടെ പാടിയിരുന്നെങ്കിൽ അനിൽകുമാറിന് അല്പം കൂടി മാർക്ക് ലഭിച്ചിരുന്നേനെ..!

4.റിയാലിറ്റി ഷോകൾ അൺ‌റിയാലിറ്റി ഷോകളായി മാറാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഏറ്റവും അൺസഹിക്കബിൾ ആയിത്തോന്നുന്നത് എലിമിനേഷൻ എപ്പിഡോസുകളും, പിന്നെ സെലിബ്രറ്റി ഗസ്റ്റുകളുടെ “സംഗീത വിശകലനവുമാണ് “.വസ്ത്രാ‍ലങ്കാരമോ/തീമോ ഒക്കെ മാർക്കിടാൻ വരുന്നവർ അതേൽ പിടിച്ചാപ്പോരെ ?

മുൻപ് ആരോ പരാമർശിച്ചതു പോലെ വേണുഗോപാൽ,ചിത്ര ഒക്കെ ഈ കൂത്ത് പാട്ടിനെ ആദ്യകാലത്ത് നല്ല രീതിയിൽ വിമർശിച്ചിരുന്നവരാണ്.ഇപ്പോൾ എന്തായി സ്ഥിതി ?.അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ഒരേ ലക്ഷ്യത്തിനു വേണ്ടിയാണു നിലകൊള്ളുന്നതെന്നുള്ളതിനാൽ മോരിലെ പുളി പോയ ഈ തുറന്ന് പറച്ചിലിന്റെ ഏറ്റവും നല്ല വശം മാത്രം സംഗീതപ്രേമികൾ ഉൾക്കൊള്ളുമെന്ന് കരുതാം :)

K C G said...

ഐഡിയ സ്റ്റാര്‍ സിംഗര്‍ മടുത്തിരിക്കുന്നു ഇപ്പോള്‍. എല്ലാമൊന്നും കാണാറില്ല. എസ്, എം.എസ്. ചെയ്യാറേ ഇല്ല. തീര്‍ച്ചയായും പ്രതിഭയുള്ളവര്‍ക്ക് ഒരു വേദി തന്നെയാണ് ഇത്. എന്നാലും മടുത്തു.

പിന്നെ ആ എലിമിനേഷന്‍ റൌണ്ട് കാണാറേ ഇല്ല. കണ്ണീരു കാണാന്‍ വയ്യാത്തതുകൊണ്ടല്ല. ആ റിസല്‍റ്റ് പറച്ചിലിന്റെ അതിനാടകീയത സഹിക്കാന്‍ മേലാഞ്ഞിട്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ പോസ്റ്റ് ഇടുമ്പോൾ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന നല്ല പ്രതികരണമാണു എല്ലാവരിൽ നിന്നും ഉണ്ടായത്.ഏതാണ്ട് 1200 പേർ രണ്ടു ദിവസം കൊണ്ട് ഈ പോസ്റ്റ് സന്ദർശിച്ചതായി കാണുന്നു.ഇതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയം തന്നെയാണു അതിന്റെ അടിസ്ഥാനകാരണം എന്ന് ഞാൻ കരുതുന്നു.

ഈ പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി.പ്രതികരണം ഇവിടെ എഴുതിയ
::സിയ↔Ziya
പള്ളിക്കരയില്‍
നമ്മുടെ ബൂലോകം
amruthcd
മൂര്‍ത്തി
Patchikutty
വിജി പിണറായി
ശ്രീ
മനോവിഭ്രാന്തികള്‍
ബാലചന്ദ്രൻ ചുള്ളിക്കാട്
അഗ്രജൻ
പകല്‍കിനാവന്‍ | daYdreaMer
സജി
Joker
മണി ഷാരത്ത്
Retheesh
Sheela john
Sandhya
പ്രിയ
മീര അനിരുദ്ധൻ
പാവത്താൻ
ദീപക് രാജ്|Deepak Raj
Typist | എഴുത്തുകാരി
രഞ്ജിത് വിശ്വം I ranji
കണ്ണനുണ്ണി
അനിൽ@ബ്ലോഗ്
chithrakaran:ചിത്രകാരന്‍
രാമചന്ദ്രൻ വെട്ടിക്കാട്
വികടശിരോമണി
ചോപ്പായി
Priya
mizhineerppookkal
യൂസുഫ്പ
Micky Mathew
Jijo
നിരക്ഷരൻ
Murali Nair I മുരളി നായര്‍
ബിന്ദു.കെ.പി
Zebu Bull::മാണിക്കന്‍
ഗീത്

എന്നിവർക്ക് പ്രത്യേകം നന്ദി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇവിടെ പൊതുവായി വന്ന ചില അഭിപ്രായങ്ങളോട് ഒന്നു പ്രതികരിക്കട്ടെ.

എന്റെ പോസ്റ്റിൽ തന്നെ പറഞ്ഞിട്ടുണ്ട് ഇത്തരം റിയാലിറ്റി ഷോകൾ ചില നല്ല കഴിവുള്ള ഗായകരെ കണ്ടെത്തുന്നുവെന്ന്.എന്നാൽ അതൊരു ഘട്ടം മാത്രമാണു.അതിലുപരിയായി റിയാലിറ്റി ഷോ എങ്ങനെ ഒരു ബിസിനസ് തന്ത്രത്തിന്റെ ഭാഗം ആകുന്നു എന്ന് വിശദീകരിക്കാനാണു ഞാൻ പോസ്റ്റ് ഉപയോഗിച്ചത്.ചിത്രയും വേണു ഗോപാലും ഒക്കെ ഇതിനെ എതിർത്തിരുന്നവർ ആണെന്ന് ഇവിടെ പലരും പറഞ്ഞു കണ്ടു.ഇന്നിപ്പോൾ അവർ വിധികർത്താക്കൾ ആയി എത്തിയെങ്കിൽ എന്താവാം അതിനു കാരണം.അതിന്റെ ഒന്നാമത്തെ കാരണം ഇതിനു കിട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം തന്നെയായിരിക്കും.ചിത്രക്കും മറ്റും എന്തായാലും ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്ത് പബ്ലിസിറ്റി ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ.കേരളത്തിലെ ചില റ്റി.വി.ചാനലുകൾ ചില അന്താരാഷ്ട്ര മാധ്യമ കുത്തകകളുടെ കൈയിൽ എത്തിയതിന്റെ കൂടി പരിണതഫലമാണിത്.അര മണിക്കൂരും ഒരു മണിക്കൂറുമൊക്കെ ആയിരുന്ന പരിപാടികൾ വീണ്ടും നീളുമ്പോൾ അതിനൊക്കെ പിന്നിൽ കലയുടെ ഉദ്ധാരണം എന്നതിലുപരി ബിസിനസ് തന്ത്രങ്ങൾ ആണു മുന്നിട്ടു നിൽക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കണം.ഇന്നത്തെ കുട്ടികൾ അതി പ്രഗത്ഭരാണു.ഇതൊരു മായിക വലയമാണു.അതിന്റെ പ്രഭയിൽ ചിലർ പിടിച്ചു നിൽക്കുന്നു.പിടിച്ചു നിൽക്കാൻ പറ്റാത്തവരിൽ ഉണ്ടായേക്കാവുന്ന മാനസിക ആഘാതങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.റിയാലിറ്റി ഷോ നൽകുന്ന സാമൂഹിക ആഘാതങ്ങളെക്കുറിച്ചാണു ചിന്തിക്കേണ്ടത്.ഇഷ്ടമുള്ളവർ മത്സരിച്ചാൽ മതിയല്ലൊ എന്നൊരു ലളിതമായ സമവാക്യം അല്ല അത്.ഇഷ്ടമില്ലെങ്കിലും മത്സരിക്കേണ്ടി വരുന്ന അവസ്ഥയാണു ഉണ്ടാകാൻ പോകുന്നതും.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന അനിൽ കുമാർ തന്നെ സുഖമില്ലാതിരുന്നിട്ടും ആ പാട്ട് പാടേണ്ടി വരുന്ന ഒരു അവസ്ഥയിലായിരുന്നു.കാരണം ബുദ്ധിമുട്ടുള്ള പാട്ടുകൾ കൂടുതൽ മാർക്കുകൾ നേടിത്തരുമെന്ന വിശ്വാസം.സാമാന്യം നന്നായി പാടുന്ന അയാൾ അതിൽ ‘വീര ചരമം’ പ്രാപിക്കുകയും പുറത്താവുകയും ചെയ്തു.യേശുദാസിനെ വെളിപ്പെടുത്തലിന്റെ പ്രസക്തിയും അതു തന്നെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

kiranz!

പഠിച്ചെഴുതിയ പ്രതികരണത്തിനു നന്ദി.മുകളിൽ പേരു വിട്ടുപോയി

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

റിയാലിറ്റി ഷോകളിലെ റിയാലിറ്റികൾ വായിക്കുക

1:റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ശരീരം തളർന്നു പോയ ഷിൻ‌ജിനി.

2:റിയാലിറ്റി ഷോ കണ്ട് തൂങ്ങി മരിച്ച സ്ത്രീ.

kaalidaasan said...

സുനില്‍,

നല്ല ലേഖനം.

ഈ ആഭാസത്തരത്തിന്റെ ഭീകരത തുറന്നു കാണിച്ചതിനു നന്ദി.

Idea Star Singer പോലുള്ളത് ഗാന മത്സരമായിട്ട് എനിക്ക് തോന്നിയിട്ടില്ല ഇതു വരെ. ഇത് ഒരു മിമിക്രി മത്സരമായിട്ടണെനിക്ക് തോന്നിയിട്ടുള്ളത്. ഗംഗേ എന്ന പാട്ടില്‍ അളക്കുന്നത് യേശുദാസ് പാടിയതിനോട് എത്ര അടുത്തു വരുന്നു എന്നതു മാത്രമാണ്. എന്നു വച്ചാല്‍ യേശുദാസിനെ എത്ര നന്നായി അനുകരിക്കുന്നു എന്നാണവിടെ മാറ്റുരയ്ക്കപ്പെടുന്നത്. അതിനാണു മാര്‍ക്ക് നല്‍കപ്പെടുന്നതും.

ഹരീഷ് തൊടുപുഴ said...

ഈ റിയാലിറ്റി ഷോകളോടു പണ്ടും താല്പര്യമില്ല..ഇന്നും
ഈ സംഭവം (സ്റ്റാർ സിങ്ങെർ) ഞാനിതു വരെ കണ്ടിട്ടുപോലുമില്ല..
കുറെ നാളുകളായി ന്യൂസുകൾ മാത്രമേ ശ്രദ്ധിക്കാറുള്ളു..
പിന്നെ വല്ലപ്പോഴും ക്രിക്കെറ്റ് മാച്ചുകളും..


ഈ പാട്ടിറങ്ങിയപ്പോൾ മനസ്സിലുണ്ടായിരുന്ന ഒരു സംശയമാണു ഇപ്പോൾ നിവാരണം ചെയ്തു തന്നിരിക്കുന്നതു.
അന്നും വിചാരിച്ചിരുന്നതു ദാസേട്ടനാണല്ലോ പാടിയിരിക്കുന്നതു...
അദ്ദേഹമായതു കൊണ്ടു മാത്രമാണു അന്നും വിശ്വസിച്ചിരുന്നതു; സംശയമുണ്ടായിരിന്നിട്ടു പോലും..

ഏതായാലും റിയാലിറ്റി ഷോകളോടു ഒരു മമതയും ഇല്ല..
ഒരു തരം മുഴുത്ത ഭ്രാന്ത് എന്നേ എനിക്കു പറയാനുള്ളു..
നമ്മുടെയെങ്കിലും കുട്ടികളെ അതിനൊന്നും വിടാണ്ടിരിക്കാം..
വെറുതെയെന്തിനാ പിള്ളെരെ മാനസ്സികപ്രശ്നങ്ങൾക്കടിമപ്പെടുത്തുന്നത്..

.. said...

ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ...യേശുദാസിന്റെ ഈ വെളിപെടുത്തല്‍ സത്യത്തില്‍ ആശ്ചര്യം ഉളവാക്കി.......വര്‍ണാഭമായ വേദിയും , ഇതു വരേക്കും കാണാത്ത വേഷവിധാനങ്ങളും ,മലയാളമറിയാത്ത കുറെ 'വിദേശി' വിധികര്‍ത്താക്കളും അവരുടെ കുറേ സംഭാഷണങ്ങള്‍ .............ഇവയല്ലേ എന്നും നാം സന്ധ്യക്ക്‌ ടി വിയില്‍ റിയാലിറ്റി ഷോ എന്ന ഓമന പേരില്‍ അറിയപെടുന്ന പേകൂത്തില്‍ അരങ്ങേറുന്നത് .......സത്യത്തില്‍ മലയാളത്തെയും ഇന്ത്യയുടെ പരിപാവനമായ സംസ്കാരത്തിനും വന്‍ ഭീഷണി ഉയര്‍ത്തുകയാണ് .....പുതുതലമുറയെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടികള്‍ പലതും കേരള സമൂഹത്തെ തന്നെ തകര്‍ക്കുക്കയാണ് .......ഒരു ദേശത്തിന്റെ ഏറ്റവും വല്യ സ്വത്താണ് അതിന്റെ ഭാഷയും അതിന്റെ സംസ്കാരവും ആണ് അതിനാല്‍ ഇങ്ങനെയുള്ള പരിപാടികള്‍ ഇതിനെ ചൂഷണം ചെയ്യുകയാണ് ...........കേരളത്തില്‍ ആണെന്കിലും ഭൂരിപക്ഷം പാട്ടുകളും തമിള്‍ ,ഹിന്ദി എന്നിവയനെനത്തില്‍ വളരെ വിഷമമുണ്ട് ......ഒപ്പം കുറേ മറുനാടന്‍ വിധികര്‍ത്താക്കള്‍ മലയാളത്തെ വധിക്കുകയും ചെയ്യുമ്പോള്‍ ഒരു ഉത്തമ മലയാളിക്ക് സഹിക്കാവുന്നതില്‍ അപ്പുറം ആയ കാര്യമാണ് .......മലയാളം ഒരു താഴെക്കിടയില്ലുള്ള ഭാഷയാണെന്നാണ് ഈ ആളുകളുടെ കണ്ടെത്തല്‍ അതിനെ എല്ലാ മലയാളികളും പരിപോഷിപ്പിക്കുനത് അത്ഭുതം പകരുന്ന കാഴ്ചയാണ്‌ ........മലയാളത്തെ പോലെ ഇത്രയും മഹത്വമുള്ള ഒരു ഭാഷ ലോകത്തില്‍ ഉണ്ടോയെന്നു തന്നെ സംശയം ........അതിനാല്‍ പ്രിയ സുഹൃത്തുകളെ ഇത്തരം പ്രവര്‍ത്തനങ്ങളെ ഉന്മൂല നാശം ചെയ്യുക .......ഇതു കൊണ്ടു നമ്മളുടെ പ്രശ്നം തീരുന്നില്ല ...സംസ്കാരത്തെയും ഈ പരിപാടികള്‍ തകര്‍കുകയാണ് അല്പവസ്ത്രധാരികളായി വന്നു പേകൂത് നടത്തുന്ന യുവതി -യുവാക്കള്‍ സഭ്യതയെ തന്നെ തകര്‍ക്കുന്നു ....ഒന്നാലോചിക്കുക ഈ പരിപാടി പങ്കെടുക്കുന്ന ആളുകളിലുണ്ടാകുന്ന മാനസിക സംഘര്‍ഷത്തിന് അളവില്ല ബാലവേലയും രൂക്ഷമാണ് .......കലയെ കച്ചവടമാക്കുന്ന ഏഷ്യാനെറ്റ് ,സൂര്യ,കൈരളി, അങ്ങനെ നീളുന്ന ചനെലുകളുടെ മെഗാ സീരിയല്‍ എന്ന പരിപാടിക്ക്‌ ശേഷം ഈ പരീക്ഷണം എത്രയോ വീട്ടുകാരെ മടിയന്മാരക്കി മാറ്റുന്നു ,എത്ര കുട്ടികളുടെ വിദ്യാഭാസം വെള്ളത്തിലക്കുന്നു ............എങ്ങനെ എത്രയോ കുഴപ്പങ്ങള്‍ അവസാനം ഒന്നു മാത്രം പറയാന്‍ ആഗ്രഹിക്കുന്നു ....എന്തുമാകാം പക്ഷെ സ്വന്തം സംസ്കാരത്തെയും ഭാഷയേയും സഭ്യതെയും മറകാതെ പ്രവര്‍ത്തിക്കുക ..............നിര്‍ത്തുന്നു ...............

ചാർ‌വാകൻ‌ said...

സുനില്‍,മൈക്കിള്‍ ജാകസന്റെ വിയോഗത്തിന്‌ പച്ചകുതിര മാസികയില്‍ ഷഹബാസ് അമന്‍ ഒരു ലേഖനമെഴുതിയിരുന്നു.ടേപ്പുറിക്കാര്‍ഡര്‍ സം സ്കാരം ,സത്യമായും സം ഗീതവുമായി ബന്ധപ്പെട്ടുള്ളതല്ല.സം ഗീതം മനുഷ്യന്റെ സ്വാഭാവീക ചോദനയാണന്ന പ്രാധമിക പാഠം റദ്ദാവുന്ന മത്സരവേദിയില്‍ ഇതൊക്കെ കാണുന്നത് ,ഈ സമൂഹത്തിന്റെ ഗതികേടുതന്നെ.

Seema Menon said...

നല്ല പോസ്റ്റ്. പക്ഷെ ഇതു ചാനൽകാരുടെ പ്രശ്നമാണോ? For them it is a matter of survival.
എന്ത് കോമാളിത്തവും കാണാൻ പ്രേക്ഷകനും, ഒരിത്തിരി പ്രശസ്തിക്കു വേണ്ടി മക്കളെ എന്തു വേഷവും കെട്ടിക്കുന്ന മാതാപിതാക്കളും ഉള്ളതു കൊണ്ടല്ലേ ഇതെല്ലാം ഇപ്പോളും നിലനിൽക്കുന്നത്?

A.K.Saiber said...

ഹരീഷ് തൊടുപുഴ said...
“ഈ റിയാലിറ്റി ഷോകളോടു പണ്ടും താല്പര്യമില്ല..ഇന്നും
ഈ സംഭവം (സ്റ്റാർ സിങ്ങെർ) ഞാനിതു വരെ കണ്ടിട്ടുപോലുമില്ല..
കുറെ നാളുകളായി ന്യൂസുകൾ മാത്രമേ ശ്രദ്ധിക്കാറുള്ളു..
പിന്നെ വല്ലപ്പോഴും ക്രിക്കെറ്റ് മാച്ചുകളും..

ഏതായാലും റിയാലിറ്റി ഷോകളോടു ഒരു മമതയും ഇല്ല..
ഒരു തരം മുഴുത്ത ഭ്രാന്ത് എന്നേ എനിക്കു പറയാനുള്ളു..“

ക്രിക്കറ്റിനെക്കുറിച്ചും ഇങ്ങനെയൊക്കെ തന്നെയല്ലേ പറഞ്ഞ് കേട്ടിരുന്നത്!

ഈ സംവാദത്തിന്റെ ശേഷിപ്പുകള്‍ ഇവിടെ നടക്കുന്നുണ്ട്.

raadha said...

കൊള്ളാം... ഇപ്പോഴല്ലേ ഗംഗ യുടെ ഗുടന്‍സ്‌ പിടി കിട്ടിയത്‌...താങ്ക്സ് !!
ഞാനും ആ പാട്ടിലെ ഗംഗ കേട്ട് കണ്ണും തള്ളിയിരുന്ന കൂട്ടത്തില്‍ പെട്ട ഒരാള്‍ ആണ്. :)

kichu / കിച്ചു said...

കണ്ടത് വൈകിപ്പോയി സുനില്‍..
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്ന ഒരു പോസ്റ്റ്. ആശംസകള്‍

ഇത്തരം വെളിപ്പെടുത്തലുകള്‍ നമ്മുടെ കുട്ടികളെ രക്ഷിച്ചെങ്കില്‍ എത നന്നായേനെ.
റിയാലിറ്റി ഷോകള്‍ ഒരു പരിധിവരെ നല്ലതു തന്നെ. കുട്ടികള്‍ക്കു കിട്ടുന്ന എക്സ്പോഷര്‍ അതു കുറച്ചു കാണാനാവില്ല, പക്ഷേ... നടത്തിപ്പുകാരുടെ ആര്‍ത്തി മൂക്കുമ്പോഴാണ് പ്രശ്നം.... ചുരുക്കത്തില്‍, ഒരു ഭ്രാന്തിലേക്ക് വഴി മാറുന്നത്.

Unknown said...

I am not a regular viewer of reality shows but music is my passion and is a part of my life. Let me make some comments.

My immediate thinking is that it is probably not beyond the capacity of Yesu annan to continue eeeeeeeeee for 17 secs at a flat pitch. SP Balasubramanyam had done and Shankar Mahadevan have done breathless singing which was also astonishing. Recently in a movie called Meghatheertham, Sarath did a long stretch as well. I think, Yesu annan probably have done more complicated and critical manoeuvres which demands upheavals in and therefore more strenuous than Gange , which is flat – of course he was younger. Wonder what Chithra did with that sequence-she will not compromise, I am sure.

Yesu annan is now trying to bewilder people. Where was he until today if this was the truth? I have seen Chithra, Madu Balakrishnan - Biju Narayanan singing gange live on TV many times. I am sure Chitra would never make such imprudent statements. Yesu annan's son, Vijay, is in judging panel in Amrita and Kairali reality shows. I think Yesu annan should first make his son understand the ramifications of this can have on youngsters rather than public statements. We can also consider this as Yesu annan’s frustration since he could not brought up his brood as his successor in Malayalam film industry.

I feel those people don’t want to entertain such shows should not participate or view it. This is the way how world work and is the bread and butter for 1000's of people.

There is an oldage saying “ Kittatha Munthiri Pulikkum ”

Pongummoodan said...

സുനിലേട്ടാ,

കലാകൌമുദിയില്‍ വായിച്ചിരുന്നു. നന്നായി ഇങ്ങനൊന്ന് കുറിച്ചതില്‍. പുതിയ ലക്കം (1781 - ഒക്ടോബര്‍ 25) കലാകൌമുദിയില്‍ ‘വയലാറിനെ കൊന്നവര്‍‘ എന്ന പേരില്‍ ഡോ.പി.കെ.ആര്‍ വാര്യരുടെ ഒരു ‘ചികിത്സാനുഭവം’ ഉണ്ട്. ചേട്ടന്റേതായ രീതിയില്‍ അതുകൂടിയൊന്ന് കുറിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിക്കുന്നു.

പോങ്ങു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കാളിദാസൻ,
ഹരീഷ് - അഭിപ്രായങ്ങൾക്ക് വളരെ നന്ദി

ജിക്കൂസ്- വളരെ നല്ല പ്രതികരണം

ചാർവാകൻ- ആ ലേഖനം ഞാൻ വായിച്ചിരുന്നു.ഈ സംഭവവുമായി ബന്ധിപ്പിച്ചതിനു നന്ദി

സീമാ- തീർച്ചയായും മാതാപിതാക്കൾ തന്നെ.ആത്യന്തികമായി ഇതൊരു സാമൂഹിക പ്രശനം ആകുന്നതും അതുകൊണ്ടാണ്.

A.K.Saiber - വന്നതിനും പ്രതികരിച്ചതിനും നന്ദി.ലിങ്ക് തന്നതിനും പ്രത്യേകം നന്ദി.ഞാൻ കണ്ടിരുന്നില്ല ആ ചർച്ച.

രാധാ
കിച്ചൂസ് - പ്രതികരണങ്ങൾക്ക് നന്ദി

tinku-- താങ്കളുടെ വീക്ഷണം അറിയാൻ കഴിഞ്ഞതിൽ നന്ദി.യേശുദാസിനു കഴിയാത്തതു കൊണ്ട് പാടാൻ കഴിഞ്ഞില്ല എന്നതല്ല ഇവിടുത്തെ പ്രശ്നം.യേശുദാസിനു പാടാൻ കഴിയാതിരുന്ന ഒരു പാട്ട്, സാങ്കേതിക വിദ്യാ സഹായം ലഭിച്ച ഒരു പാട്ട്, ആ പാട്ട് മത്സരാർത്ഥികൾ അവരുടെ കഴിവിന്റെ പരമാവധി എടുത്തു പാടുമ്പൊൾ ഒറിജിനൽ പാട്ടുമായി എങ്ങനെ താരതമ്മ്യം ചെയ്യുന്നു എന്നതാണു പ്രസക്തമായ ഭാഗം.താങ്കൾ അതു ശ്രദ്ധിച്ചു കാണുമല്ലോ.

പോങ്ങൂ-- നന്ദി.ആ ലേഖനം ഇന്നലെയാണു വായിച്ചത്.മറ്റൊരു പ്രസക്തമായ വിഷയമാണത്.ഒരു കൈ പോങ്ങു നോക്കുന്നോ?

abhilash attelil said...

സുനിലേട്ടാ,
വളരെ നല്ല പോസ്റ്റ്.ഷോകള്‍ എല്ലാം ഒരു നാടകം അല്ലെ ?

നിഷാർ ആലാട്ട് said...

നല്ല ലേഖനം


ആശംസകള്‍...


തുടരുക

.

Rejeesh Sanathanan said...

സ്റ്റാര്‍ സിങ്ങര്‍ ജൂനിയറില്‍ ആണെന്ന് തോന്നുന്നു.ഒരു മത്സരാര്‍ത്ഥിയുടെ പെര്‍ഫോര്‍മന്‍സ് കണ്ട് സുജാത കരഞ്ഞ് പൊടിക്കുന്നത് കണ്ടു. കൂടെ വേണു ഗോപാല്‍ സാറിന്‍റെ കമന്‍റും ഈ പ്രതിഭയ്ക്ക് മാര്‍ക്കിടാന്‍ അവരൊന്നും അര്‍ഹരല്ല അത്രെ.........പിന്നെ എന്തിനാണ് ഈ പുല്ലന്മാരൊക്കെ അവിടെ കയറി ഞെളിഞ്ഞിരിക്കുന്നത് എന്നാണ് അറിയാത്തത്.

Areekkodan | അരീക്കോടന്‍ said...

സുനില്‍,
വായിക്കാന്‍ ഇപ്പോഴാണ് അവസരം കിട്ടിയത്.വളരെ നന്നായി.വീട്ടില്‍ ടി.വി ഇല്ലാത്തതിനാല്‍ ഞാന്‍ ഇതുവരെ ഒരു റിയാലിറ്റി ഷോയും കണ്ടിട്ടില്ല.പക്ഷേ മക്കള്‍ക്ക് ഡ്രെസ്സ് എടുക്കാന്‍ പോകുമ്പോഴും മറ്റും കേട്ടിട്ടുണ്ട് - ഐഡിയ സ്റ്റാര്‍ സിങെര്‍ ആണ്,,വേറെ കുന്തമാണ് എന്നൊക്കെ.പിന്നെ ബി.എസ്.എന്‍.എല്‍ - ല്‍ വര്‍ക്ക് ചെയ്യുന്ന കസിന്‍ പറഞ് എസ്.എം.എസ് തട്ടിപ്പും അറിഞു.പക്ഷേ എസ്.എം.എസ് ന് വേണ്ടി ഇവര്‍ കെഞ്ചുന്ന വിവരം അറിഞത് നാടു നീളെയുള്ള ഫ്ലെക്സ്ബോര്‍ഡുകള്‍ കണ്ടപ്പോഴാണ്.നന്ദി,ഈ പൊള്ളത്തരം ഇവിടെ പൊളിച്ചുകാട്ടിയതിന്.

Jijo said...

Really!?? Do they have flex boards requesting SMS? I find it very hard to believe. Can some one post any pictures, please?

Anonymous said...

വളരെ നല്ല ഒരു പോസ്ടയിരുന്നു അത്.താങ്കള്‍ക്ക്എന്റെ അഭിനന്ദനങ്ങള്‍
from:manojplan@blogspot.com

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിലാഷ്,
നിഷാർ,
മാറുന്ന മലയാളി
അരീക്കോടൻ
ജിജോ
manojplan

ഓരോരുത്തർക്കും എന്റെ നന്ദി

ലേഖാവിജയ് said...

വായിച്ചിട്ട് ഒരു അമ്പരപ്പ്.എന്തൊക്കെയാ നടക്കുന്നത്?

അവസരോചിതമായ ലേഖനം.

Unknown said...

Dear Sunil
Thanks for the post as this topic have more relevance in the present scenario.
To what extend I agree or disagree with other members of this blog is immaterial.
This programme 'IDEA STAR SINGER' has lost all the respect that it demands. Sometimes it is worse than a drama and the unhealthy comments by MGS & Sharath makes us uncomfortable. Time has crossed to clear that ugly lady 'Renjini'. Some of you might have seen the pictures that is getting circulated among email groups/community about this lady. Not sure that any one have noticed her physique now a days....when compared to one or two years back.... The honourable judges distributing money(s) after every 'dappankooothu' round is too much to tolerate.....Out of the total contestants how many of them have a potential to be on the top? Can hardly rate 3-5 of them the best...the rest are all an average, just surviving because of their 'good time'. The only plus I see in this show is every contestant is getting a good mileage irrespective if he/she is a good/bad singer. The contestant who is reaching danger zone gets more mileage than anyone else and will be longly remembered in the hearts of viewers through their 'mind blowing' performance duly supported by that 'lady' & celebrity guest. Won't you remember how horrible was that the episode of Jayasurya with his nasty comments!!! The stage has become a place for any idiots to come & do anything they want..... I had sent numerous mail notifying this to Asianet too. Later I realized that, Asianet cannot interfere into that as this is the main source of income for them.....Have you noticed how many programmes are lined up with the star singers.....anchoring of hridayaraagam, star singers ivideyaanu, various stage shows, campus shows, mamooty the best actor, sarigamapa,film news and the list goes on..... Just by giving a meager pay to the contestants, as they have an agreement with Asianet for a period of one year, channels are keeping their high profit.
Remember,last season's winner Vivek. While admitting the fact that he is a class singer with lot of potential he has been given a chance to the next round though he failed to deliver a song!!! Hard to believe he came up with the only support of SMS!!! The people who watch this remains to be 'fool'.
Though I know that just by leaving a protest in this column cannot change anything,only being a part of those who strongly protest on these so called reality shows!!!

ഷൈജൻ കാക്കര said...

ഐഡിയ സ്റ്റാർ സ്റ്റിംഗർ ഒരു തരികിട പരിപാടി തന്നെ, സംഗീതത്തിന്റെ അവസാന വാക്ക്‌ ഒന്നും അല്ലല്ലോ? അതുപോലെ യേശുദാസും!

മലയാള സംഗീതത്തിന്റെ നെറുകയിൽ ഇരിക്കുന്ന യേശുദാസ്‌, സന്നിധാനന്ദനെ പോലെയുള്ളവരുടെ അപേക്ഷ തെണ്ടൽ ആയി കാണാതെ, സമയവും സാഹചര്യവും ഒക്കുകയാണെങ്ങിൽ വളർന്നു വരുന്ന പാട്ടുകാർക്ക്‌ കൂകി തെളിയാൻ പറ്റിയ ഒരു വീക്കിലി പരിപാടി ടി.വി യിൽ.. കുറഞ്ഞ പക്ഷം, നല്ല ഗായകരെ തിരിച്ചറിയാനെങ്ങിലും.

എസ്‌.എം.എസ്സിനു അപേഷിക്കുന്നതു "തെണ്ടൽ" ആയി കണുന്ന യേശുദാസിന്റെ എസ്‌.അർ.കെ പരസ്യവും ഒരു തരത്തിൽ തെണ്ടൽ തന്നെ അല്ലേ? താങ്ങളൊടുല്ല അസ്സൂയ കൊണ്ട്‌ ചോദിച്ചതാണെ.

ഗ്രീഷ്മയുടെ ലോകം said...

വല്ലപ്പോഴുമൊക്കെ നിവൃത്തികേടുകൊണ്ട് ഇത്തരം റിയാലിറ്റി ഷോ കാണേണ്ടി വന്നിട്ടുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട വിവേക് എന്റെ കോളേജിലും ഒരു പരിപാടിയില്‍ മുഖ്യ അതിഥി ആയി പന്കെടുത്തിട്ടുമുണ്ട്.

എസ് എം എസിനുള്ള മത്സരാര്‍ഥികളുടെ അപേക്ഷ ഒരു തരം തെണ്ടല്‍ തന്നെ ആയിട്ടാണ് അനുഭവപെട്ടിട്ടുള്ളത്.
എസ് എം എസിന്റെ സാമ്പത്തികശാസ്ത്രമാണ് ഇത്തരം പരിപാടികള്‍ നടത്താന്‍ ചാനലുകള്‍ക്ക് പ്രേരകമാവുന്നതെന്നു തോന്നുന്നു.
ഈ പോസ്റ്റിനു നന്ദി സുനില്‍. സുനിലില്‍ നിന്നും ഇത്തരം നല്ല പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

ask@R said...

ആദ്യം വളരെ ആകാംക്ഷയോടെ കുടുംബാംഗങ്ങൾ മുഴുവനായി ഇരുന്ന് കണ്ടിരുന്നതായിരുന്നു ഇത്തരം റിയാലിറ്റി ഷോകൾ..കഴിവുള്ളവർക്ക്‌ അവസരം കൊടുക്കുക എന്ന നല്ല ലക്ഷ്യത്തെ ഇങ്ങനെ വാണിജ്യവൽക്കരിച്ച്‌, ഒട്ടും തന്നെ റിയാലിറ്റി ഇല്ലാത്ത (non)റിയലിറ്റി ഷോകൾ ആയി അധഃപ്പതിച്ചു. പിന്നീട്‌, ട്രെയിനിൽ പാട്ടു പാടി ചില്ലറയ്ക്ക്‌ യാചിക്കുന്നവരെ പോലെ sms നു വേണ്ടി ഇരക്കുന്നതും ജഡ്ജസിന്റെ പുളിച്ച കമന്റ്സും കേട്ട്‌ മടുത്ത്‌ പുരുഷ വർഗ്ഗം പതുക്കെ TV ക്ക്‌ മുംബിൽ നിന്നും വലിഞ്ഞു. ഇപ്പോൾ സീരിയൽ കാണാനിരിക്കുന്നവർ മാത്രമേ പ്രേക്ഷകരായിട്ടുള്ളൂ.. സിനിമാ സീരിയൽ നടീ നടന്മാരെ തോൽപ്പിക്കുന്ന ഇവന്മാരുടെ 'അഭിനയം' കണ്ടുമടുക്കുംബോൾ അമ്മചിമാർ കൂടി ഇവരെ കൈ വെടിയും.. . അന്നെങ്കിലും നമുക്ക്‌ ഇതിൽ നിന്നും മോചനം ലഭിക്കുമായിരിക്കും

സുനിലിന്റെ ഫീച്ചർ വളരെ നന്നായിട്ടുണ്ട്‌. തെളിവ്‌ സഹിതം ഇത്തരം പരിപാടികളുടെ പൊള്ളത്തരങ്ങളും 'സംഗതി' പോരാത്തവൻമാരുടെ 'കഴിവും' തുറന്നു കാണിച്ചത്‌ അസ്സലായിട്ടുണ്ട്‌.
അഭിനന്ദനങ്ങൾ...

Expert Notes said...

I'm sort of surprised that you have not mentioned the trend that are being copied from the western world.

American Idol, Briton got talent etc etc made them copy cats.

Unfortunate where this world is headed to...

RK said...

വളരെ നല്ല പോസ്റ്റ്‌ . നോര്‍ത്ത് ഇന്ത്യ യില്‍ എവിടെയോ യില്‍ ജഡ്ജെസ് കുറ്റം പറയുന്നത് കേട്ട് മാനസിക നില തെറ്റിയ ഒരു പെണ്ണിനെ കുറിച്ച് റിപ്പോര്‍ട്ട്‌ (മാതൃഭൂമി ആണെന്ന് തോന്നുന്നു ) വായിച്ചത് ഓര്‍മ വരുന്നു . ഇത് പോലെ ഉള്ള പേക്കൂത്തുകള്‍ കാണുന്നവരെ പറഞ്ഞാല്‍ മതി . ഞാന്‍ ഇത് എഴുതുമ്പോള്‍ ടീവിയില്‍ ജഡ്ജെസ് തത്തയെ പറയിപ്പിക്കുന്നത് പോലെ പറയിപ്പിക്കുന്നത് കേള്‍ക്കുന്നുണ്ട് . എന്ത് ചെയ്യാം tv അടിച്ചു പൊളിക്കേണ്ടി വരും . ചിത്രയെ പോലുള്ളവര്‍ ഇതൊക്കെ കണ്ടിരിക്കുന്നതാണ് സങ്കടം . യേശുദാസ് പോലും വേഷം മാറി വന്നാല്‍ ഇവറ്റകള്‍ പറയും സാധനമില്ല ,തേങ്ങയില്ല എന്നൊക്കെ . ദൈവത്തിന്റെ സ്വന്തം നാടേ

നീലാഭം said...
This comment has been removed by the author.
നീലാഭം said...
This comment has been removed by the author.
Sindhu Sathya said...

ഈ പറഞ്ഞ അഭിപ്രായത്തോട് പല തവണ യോജിക്കുന്നു..

rvktvm said...

നേരിട്ടു അദ്ദേഹം സൂര്യയിലെ കച്ചേരിക്ക് ഹരിമുരളീരവം പാടുന്നത് കേൾക്കാൻ പല പ്രാവശ്യം ഭാഗ്യം ഉണ്ടായിട്ടുണ്ട്.
അതുകൊണ്ട് ഈ പാട്ടിന്റെ കാര്യത്തിൽ സംശയ രോഗം വേണ്ടാ.