Friday, January 9, 2009

“കൃഷ്ണാ നദിയിലെ പാലം”

ട്രയിന്‍ നെല്ലൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയപ്പോള്‍ ആണ് അവള്‍ അവനെ ശ്രദ്ധിച്ചത്.ഇതു അവന്‍ തന്നെയല്ലേ?ഒരു നിമിഷം അവള്‍ സംശയിച്ചു പോയി....അതെ ഇതു ജോണ്‍ തന്നെ.

"ജോണ്‍..." തൊട്ടടുത്ത ക്യാബിനില്‍ ഇരുന്ന ചെറുപ്പക്കാരനെ നോക്കി അവൾ വിളിച്ചു.മെലിഞ്ഞ ശരീരം.താടിയുള്ള മുഖം..ഇടയ്ക്കിടെ നര വീണു തുടങ്ങിയിരിയ്ക്കുന്നു.ഉറക്കത്തിലെയ്ക്കു വഴുതി വീഴുന്ന കണ്ണുകള്‍.വിളികേട്ട് അയാള്‍ തല ഉയര്‍ത്തി നോക്കി.കാണാനാഗ്രഹിച്ചയാരെയോ കണ്ട പോലെ ഒരു പ്രകാശം ആ കണ്ണുകളിൽ മിന്നിമറഞ്ഞു.ഒരു നിമിഷം അയാള്‍ക്കു വാക്കുകള്‍ തൊണ്ടയില്‍ ഉടക്കിയതു പോലെ....'ഉമാ......"അയാളുടെ വായില്‍ നിന്നു വന്ന ആ വാക്കുകളെ തീവണ്ടിയുടെ ചൂളം വിളി മുക്കിക്കളഞ്ഞു.

"എന്താണിവിടെ? എവിടെ പോകുന്നു.." അവളാണു ചോദിച്ചത്...

"ഞാന്‍ ..ഞാനിപ്പോള്‍ ആന്ധ്രയിലാണ്...വിജയവാഡയില്‍ ഇറങ്ങും"
"അവിടെ എന്തു ചെയ്യുന്നു?"
"കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഇവിടെയാണ്.വിജയവാഡയ്ക്കടുത്തുള്ള ഒരു സ്കൂളില്‍ ജോലി ചെയ്യുന്നു....ഉമാ‍ നീയിവിടെ?"

"ഞാന്‍ ഡല്‍ഹിയിലാണ് ഇപ്പോള്‍ ..അവിടെ ഒരു സര്‍ക്കാര്‍ ജോലി ഉണ്ട്.നാട്ടില്‍ പോയിട്ടു വരുന്ന വഴിയാണ്.അമ്മയ്ക്കു സുഖമില്ലായിരുന്നു.കാണാന്‍ പോയതാ..അതുകൊണ്ട് ഫാമിലി വന്നില്ല..ഭര്‍ത്താവും മോനും മാത്രമേ ഇപ്പോള്‍ ഡല്‍‌ഹിയില്‍ ഉള്ളൂ"

"ഓ.....അപ്പോള്‍ നിന്റെ വിവാഹം കഴിഞ്ഞു അല്ലേ? ...എന്തു ചെയ്യുന്നു ഭര്‍‌ത്താവ്"

"അദ്ദേഹം ഒരു സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തില്‍ ആണ്.ഞങ്ങള്‍ ഒരു കോണ്‍ഫെറെന്‍‌സില്‍ വച്ച് കണ്ടതാ..അങ്ങനെ പരിചയപ്പെട്ടു..."
"അതു ശരി.......അങ്ങനെയാണോ"...ഒരു നെടുവീര്‍പ്പോടെ അവന്‍ മൊഴിഞ്ഞു.

'ജോണ്‍ എത്ര വര്‍ഷങ്ങളായി കണ്ടിട്ട്..?എന്താണ് ഒരിയ്ക്കല്‍ പോലും കത്തുകള്‍ അയയ്കാതിരുന്നത്...ഞാന്‍ എത്ര കത്തുകള്‍ എഴുതി, നമ്മള്‍ അന്നു കോളേജില്‍ നിന്നു പിരിഞ്ഞ ശേഷം.."ഉമ ചോദിച്ചു.

"ശരിയാണ്...ഞാന്‍ ഒന്നും എഴുതിയില്ല.."അവന്‍ എഴുനേറ്റു..എന്നിട്ടു അവളോടു പറഞ്ഞു..
"വരൂ നമുക്കു വാതില്‍‌ക്കല്‍ നിന്നു സംസാരിയ്ക്കാം." അവന്‍ നടന്നു,..അവള്‍ പുറകേ..അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം വ്യക്തമായിരുന്നു.ആയിരം നക്ഷത്രങ്ങള്‍ പൊട്ടിച്ചിതറുമ്പോലെ ആ മുഖം പ്രകാശിച്ചു.എന്തൊക്കെയോ അവനോടു പറയാൻ വന്ന വാക്കുകൾ അവളിൽ വീർപ്പുമുട്ടി.

വാതില്‍‌ക്കല്‍ അവര്‍ മുഖത്തോടു മുഖം നോക്കി നിന്നു.ആരും ഒന്നും സംസാരിച്ചില്ല.രണ്ടു പേരും ഏതോ സ്വപനലോകത്തു ആയതു പോലെ.ആയിരക്കണക്കിനു ആൾക്കാരുടെ സ്വപ്നങ്ങളും പേറി വണ്ടി ചൂളം വിളിച്ചു പാഞ്ഞു.വെളിയിൽ വയലുകളും, മാന്തോപ്പുകളും അവർക്കു മുന്നിലൂടെ പുറകിലേയ്ക്ക്പാഞ്ഞുപൊയ്ക്കൊണ്ടിരുന്നു...

വര്‍ഷങ്ങള്‍ എത്രയോ പിന്നിലായിരിയ്ക്കുന്നു.
അന്നു കോളേജിലെ വിപ്ലവ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു ജോണ്‍.ആ വാഗ്‌ധോരണിയില്‍ ആകര്‍ഷിയ്ക്കപ്പെടാത്തവരായി ആരും ഉണ്ടായിരുന്നില്ല.എന്നാല്‍ അതിലേറെയായി അവര്‍ തമ്മില്‍ അടുത്തത് പുസ്തകങ്ങള്‍ വഴിയാണ്.ലൈബ്രറിയില്‍ സ്ഥിരമായി വരുന്ന ആ പെണ്‍കുട്ടിയെ അവന്‍ ശ്രദ്ധിച്ചിരുന്നു.ആ പരന്നവായന അവരെ തമ്മില്‍ അടുപ്പിച്ചു.അവര്‍ വായിച്ച പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു.എം.ടിയും, ഒ.വി.വിജയനും,മാര്‍ക്കേസുമൊക്കെ അവരുടെ ചര്‍ച്ചകളില്‍ ഓടി വന്നു.ആ ബന്ധം ഒരു നല്ല സുഹൃത്ത് ബന്ധമായി പരിണമിയ്ക്കാന്‍ പിന്നെ അധികം താമസമുണ്ടായില്ല.കമിതാക്കളെപ്പോലെ അവര്‍ അലഞ്ഞു തിരിഞ്ഞില്ല.ഐസ്ക്രീം പാര്‍ലറുകളില്‍ അവരെ കണ്ടില്ല.എങ്കിലും ഹൃദയം ഹൃദയത്തെ അറിയുന്ന ഒരു ബന്ധമായി അതു വളര്‍ന്നു.എന്നാല്‍ പരസ്പരം എനിയ്ക്കു നിന്നെ ഇഷ്ടമാണെന്ന് ഒരിയ്ക്കലും അവര്‍ പറഞ്ഞില്ല,ജോണ്‍ എന്നെങ്കിലും അതു പറയുമെന്നു ഉമ വിചാരിച്ചു.അങ്ങോട്ടു ചെന്നു പറയാന്‍ ഒരിയ്ക്കലും അവള്‍ക്ക് സാധിച്ചതുമില്ല.ആ സങ്കോചം, ഇനി അവനു ഇഷ്ടമായില്ലെങ്കിലോ എന്ന വിചാരം അവളെ അതില്‍ നിന്ന് അകറ്റി നിര്‍ത്തി.

ജോണിനാകട്ടെ വീട്ടിലെ കാര്യം ഓര്‍ക്കുമ്പോള്‍ അങ്ങനെ ഒന്നു ചിന്തിയ്ക്കാന്‍ പോലും ആവുമായിരുന്നില്ല.തികഞ്ഞ യാഥാസ്ഥിതികര്‍ ആയിരുന്ന സ്വന്തം വീട്ടുകാര്‍.തനിക്കു താഴെയുള്ള നാല് പെങ്ങന്മാര്‍.അവരുടെ ഇടയില്‍ അന്യമതസ്ഥയായ ഒരു പെണ്‍കുട്ടിയെ കൊണ്ടു വന്നാല്‍..........! അതിന്റെ വരുംവരായ്കകള്വന്‍ എന്നും മനസ്സില്‍ ഓര്‍ത്തു...ഒരിയ്ക്കലും ഒരിയ്ക്കലും അത്തരമൊരു സൂചനപോലും ഉണ്ടാകാതിരിയ്ക്കാന്‍ അവന്‍ ശ്രമിച്ചു.എന്നിട്ടും അവളെക്കുറിച്ചു ഓർക്കുമ്പോളൊക്കെ അവന്റെ മനസ്സ് ആർദ്രമായി മാറി.

അവന്റെ വിഷമങ്ങളില്‍, അവന്റെ സന്തോഷങ്ങളില്‍ അവൾ ഒരു പുഷ്പ വല്ലരി തീര്‍ത്തിരുന്നു.ആ സന്തോഷം, ആ പ്രണയം അവന്‍ ഏകാന്തതകളില്‍ ഉള്ളുനിറയെ ആസ്വദിച്ചു.

"എന്താണു ജോണ്‍ , എന്റെ കത്തുകള്‍ക്കൊന്നും മറുപടി എഴുതാതിരുന്നത്? "ഉമയുടെ ചോദ്യം അവനെ വീണ്ടും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കൊണ്ടുവന്നു.

"ഒന്നുമെനിയ്ക്കു സാധിച്ചില്ല ഉമാ....എന്നെ ശപിയ്ക്കരുത്.."

"എത്ര കത്തുകള്‍,ഇന്നത്തെപ്പോലെ ഫോണ്‍ ഇല്ലായിരുന്നുവല്ലോ...ഞാന്‍ എല്ലാം നിന്നെ അറിയിച്ചിരുന്നില്ലേ ജോണ്‍..ഞാന്‍ ദൂരെ പഠിയ്ക്കാന്‍ പോയതു മുതല്‍ എന്റെ ജീവിതതിലെ എല്ലാ പ്രധാന സംഭവങ്ങളും ഞാന്‍ നിന്നെ എഴുതി അറിയിച്ചില്ലേ..പഠനം, ഹോസ്റ്റല്‍ ജീവിതം, എന്റെ റിസള്‍ട്ടുകള്‍..എല്ലാം....എന്നിട്ടും..എന്നിട്ടും........"അവളുടെ മനസ്സിന്റെ തേങ്ങലുകൾ വിങ്ങലുകളായി പുറത്തുവന്നു..പുറത്തു നിന്നു ആഞ്ഞു വീശിയ കാറ്റിന്റെ ശീൽ‌ക്കാര ശബ്ദത്തിൽ അത് അലിഞ്ഞു പോയി.

"എല്ലാം എന്റെ തെറ്റ് ഉമാ..ഞാന്‍ നട്ടെല്ലില്ലാത്തവനായിരുന്നു എന്നു മാത്രം പറയരുതു..എന്റെ സാഹചര്യങ്ങള്‍, എന്റെ അച്ഛന്റെ മരണം..പിന്നെ തൊഴിലിനായുള്ള അലച്ചില്‍..എന്റെ സഹോദരിമാര്‍..ഒരു പക്ഷേ മന:പൂര്‍വം ആയിരുന്നേക്കാം..നിന്റെ ഒരു ബര്‍ത്ത് ഡേയ്ക്കു കാര്‍ഡ് അയച്ചതിനു ശേഷം പിന്നെ ഒന്നും എഴുതാതിരുന്നത് ....എനിയ്ക്കറിയാമായിരുന്നു..ഇതൊരിയ്ക്കലും നടക്കില്ല..പിന്നെ ഞാന്‍ ഒരു മറുപടി എഴുതിയാല്‍ അതു പിന്നേയും എല്ലാം ആളിക്കത്തിയ്ക്കും..അതുകൊണ്ടു ..അതുകൊണ്ടു മാത്രം....."

അവന്‍ തളര്‍ന്നവനേപ്പോലെ തോന്നിച്ചു..

"എന്തിനു ജോണ്‍...നീയെന്നുമുതലാണ് അങ്ങനെ ഒക്കെ കാണാന്‍ തുടങ്ങിയത് എന്നെ....?ക്യാമ്പസിന്റെ ഹരമായിരുന്ന ജോണ്‍ തന്നെയാണൊ ഈ പറയുന്നത്..."

ഇടയ്ക്കിടെ കനത്ത മൌനങ്ങളും കുറച്ചു വാക്കുകളും മാത്രം അവർക്കിടയിൽ അടർന്നു വീണു.

ട്രയിൻ സ്റ്റേഷനുകൾ താണ്ടി പാഞ്ഞുകൊണ്ടേയിരുന്നു.

"ജോണ്‍ നീ വിവാഹം....?"

"ഇല്ല ഉമാ..ഇല്ല..അതിനി ഉണ്ടാവില്ല......എന്റെ ജീവിതത്തിൽ ഞാൻ...” ആ വാക്കുകൾ അവൻ മുഴുമിപ്പിച്ചില്ല.

പക്ഷേ ആ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ വീണു ചിതറി...ഒരു നിമിഷം..അവള്‍ക്കു തേങ്ങല്‍ സഹിയ്ക്കാനായില്ല...അവള്‍ അവനിലേയ്ക്കു വീണു.

അവളവനെ കൈകളില്‍ കോരി...ഒരു നിമിഷം എല്ലാം മറന്നു അവര്‍ ആലിംഗന ബദ്ധരായി..ആ നെറുകയില്‍ അവന്‍ ചുംബിച്ചു..അവൾ ഏങ്ങലടിച്ചു കരഞ്ഞു.

വണ്ടി ചൂളം വിളിച്ചുകൊണ്ടു ഒരു പാലത്തില്‍ കയറി.താഴെ കൃഷ്ണാ നദി ശാന്തമായി ഒഴുകുന്നു.എല്ലാറ്റിനും മൂക സാക്ഷിയായി.....നദിയിലെ കുഞ്ഞോളങ്ങളെ തഴുകി വരുന്ന കുളിര്‍ തെന്നലില്‍ അവര്‍ വേര്‍പെടാതെ നിന്നു.

പാലം കടന്നതും വണ്ടി വിജയവാഡയില്‍ എത്തി....പെട്ടെന്നു അവര്‍ രണ്ടായി.."എനിക്കിറങ്ങണം"അവൻ പറഞ്ഞു.

വണ്ടി പ്ലാറ്റ് ഫോമില്‍ വന്നു നിന്നു.കച്ചവടക്കാരുടെ ബഹളം.ഇറങ്ങുന്നവരും കയറുന്നവരും.വണ്ടി വന്നു നിന്നതിനെക്കുറിച്ചുള്ള അനൌൺസ്‌മെന്റ്.ചിലർ ഓടി വന്നു കയറുന്നു.സ്വന്തം സീറ്റിൽ പോയി എന്തൊക്കെയോ കുത്തി നിറച്ചതു പോലെയുള്ള രണ്ടു ബാഗുകളുമെടുത്ത് ജോൺ തിരിച്ചെത്തി.വാതിൽ‌ക്കൽ തന്നെ നിന്ന അവളുടെ കൈകളിൽ തഴുകിക്കൊണ്ട് അവനിറങ്ങി...അവളുടെ നിറഞ്ഞ മിഴികള്‍ സാക്ഷിയായി...

"അപ്പോള്‍ ഇനി....."ഉമ

"ഇനി....." മൌനം അല്പസമയം വീണ്ടും അവിടെ തളം കെട്ടി.

"ഇനി എനിയ്ക്കൊന്നും വേണ്ടാ..ഈ ഓര്‍മ്മകള്‍ മാത്രം മതി.."

'പോട്ടെ "...അവന്‍ തിരിഞ്ഞു നടന്നു....ഒരു യുഗം കഴിഞ്ഞു പോയപോലെ അവള്‍ക്കു തോന്നി....

വണ്ടി പോകുന്നതായുള്ള വിവരം മൈക്കിൽ മുഴങ്ങി.പച്ച ലൈറ്റുകൾ തെളിഞ്ഞു.ചൂളം വിളി മുഴങ്ങി.ഇനിയും കയറാത്തവർ തിക്കും തിരക്കും കൂട്ടി.

വണ്ടി അനങ്ങി തുടങ്ങി.

അവളുടെ വിങ്ങുന്ന ഹൃദയം നീങ്ങി നീങ്ങി പ്പോകുന്നതും നോക്കി അവന്‍ അവിടെ തന്നെ നിന്നു

പിന്നെ തിരികെ നടന്നു ..വെളിയില്‍ വന്നു.സ്റ്റേഷനു വെളിയിൽ ഓട്ടോറിക്ഷക്കാരുടെ ബഹളം.ആരേയും ഗൌനിയ്ക്കാതെ തീവണ്ടിപ്പാതയ്ക്കു സമാന്തരമായ നാലുവരിപ്പാതയിലൂടെ അവൻ ഓരം ചേർന്നു നടന്നു.തീവണ്ടി പോയതിനു നേരേ എതിർ വശത്തേയ്ക്കു.നടന്നു നടന്നു അല്പം മുൻപ്പ് അവർ കടന്നു വന്ന റയിൽ‌വേ പാലത്തിനു തൊട്ടടുത്തുള്ള പ്രകാശം ബാരേജിൽ എത്തി.അതു വഴിയാണു മറ്റു വാഹനങ്ങൾ നഗരത്തിൽ പ്രവേശിയ്ക്കുന്നത്.കൃശഗാത്രിയായ കൃഷ്ണയെ രണ്ടായി മുറിയ്ക്കുന്ന പാലം.അവിടെ നിന്നു നോക്കിയാൽ ദൂരെ കുന്നിനു മുകളിൽ കനക ദുരഗയുടെ ക്ഷേത്രം കാണാം.അവിടെ നിന്നു ഒഴുകി വരുന്ന തെലുഗു ഭജനുകൾ.പാലത്തിനു മുകളില്‍ അവൻ നിന്നു.പാലത്തിനു താഴെ സ്നാൻ ഘട്ട് ആണു.കനകദുർഗയിൽ പോകാനെത്തുന്നവർ ശരീര ശുദ്ധി വരുത്തുന്ന സ്ഥലം.അവൻ താഴോട്ടു നോക്കി.കൃഷ്ണ അപ്പോളും ശാന്തമായി ഒഴുകി..ആ അലകളില്‍ അവന്‍ ഉമയെ കണ്ടു.കൃഷ്ണയുടെ ഓളങ്ങൾക്കു മുകളിൽ അവൾ പൊട്ടിച്ചിരിച്ചു.”വരൂന്നേ” എന്നവൾ മൊഴിഞ്ഞു.അവൻ ആ കൽ‌പ്പടവുകൾ ഇറങ്ങി.ഇറങ്ങി ഇറങ്ങി കൃഷ്ണയിൽ ചെന്നു നിന്നു .പെട്ടെന്ന് അവന്‍ ബാഗ് തുറന്നു.അതിൽ നിന്നും ഒരു ചെറിയ കെട്ട് എടുത്തു തുറന്നു....അവളുടെ കൈപ്പടയിലുള്ള നൂറോളം കത്തുകള്‍............പെട്ടെന്നവന്‍ ആ കത്തുകള്‍ ഓരോന്നായി എടുത്തു നോക്കി.കണ്ണുനീർത്തുള്ളികൾ അവയിൽ വീണു പൊട്ടിച്ചിതറി കൃഷ്ണയിൽ അലഞ്ഞു ചേർന്നു.

“ജോൺ..നോക്കൂ ഞാനിവിടെ..”..അവൻ തിരിഞ്ഞു നോക്കി..ഓളപ്പടർപ്പുകളിൽ ഉമ.

അവൻ കത്തുകൾ നിറഞ്ഞ കെട്ടുമായ് കൃഷ്ണയിലേയ്ക്കിറങ്ങി..ആ കത്തുകൾ കൃഷ്ണയുടെ മാറിലേയ്ക്കു എറിഞ്ഞു...

“ഉമാ...ഇതാ നിന്റെ കത്തുകള്‍........നിനക്കായി മാത്രം“

അതു കേട്ട് ഉമ വീണ്ടും പൊട്ടിച്ചിരിച്ചുവോ?

അവൻ നിന്നില്ല.വെള്ളത്താൽ മൂടിക്കിടക്കുന്ന പടവുകളിലൂടെ താഴേയ്ക്ക് വീണ്ടുമിറങ്ങി.പൊട്ടിച്ചിരിച്ചു കുതറിമാറുന്ന ഉമയെ പിടിയ്ക്കാൻ ഉള്ളിലേയ്ക്കു പൊയ്ക്കൊണ്ടേയിരുന്നു......!