Sunday, December 25, 2011

കിലുക്കിക്കുത്ത് -മുംബൈ കഥകള്‍ (ഭാഗം 4)

മുംബൈയിലെ ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ അസ്വാദ്യകരമായ നിമിഷങ്ങളായിരുന്നു മുംബൈ സിറ്റിയിലെ കറക്കം.എത്ര കണ്ടാലും പിന്നെയും എന്തെങ്കിലും കാണാൻ ബാക്കിയുള്ള സിറ്റിയാണു മുംബൈ.അതു മുഴുവൻ ആർക്കെങ്കിലും കണ്ടു തീർക്കാനാവുമെന്ന് തോന്നുന്നില്ല.വിദ്യാർത്ഥികൾ എന്നൊരു മുൻ‌തൂക്കം ഞങ്ങൾക്കുണ്ടായിരുന്നു.പഠനം എന്നതൊഴികെ പ്രത്യേകം ചുമതലകളൊന്നുമില്ല.മുംബൈയിലെ മലയാളികളിലെ ബഹുഭൂരിപക്ഷവും ജോലി അന്വേഷിച്ച് നാടുവിട്ട് താമസിക്കുന്നവരായിരുന്നു.ഞങ്ങൾക്കാവട്ടെ അവധി ദിനങ്ങളൊക്കെ സിറ്റി കണ്ടു തീർക്കാനും വെറുതെ കറങ്ങാനുമുള്ള അവസരമായിരുന്നു.

മുംബൈയിലെത്തി രണ്ടാം വര്‍ഷമായിരുന്നു എന്നാണു ഓര്‍മ്മ.ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച് ഗേറ്റിലുള്ള ഫാഷന്‍ സ്ട്രീറ്റില്‍ പോയി.അതു ശരിക്കും ഫാഷന്റെ ലോകം തന്നെ.ഒരു തെരുവു മുഴുവന്‍ ഫാഷന്‍ വസ്ത്രക്കടകള്‍.ഏതു തരം ഫാഷൻ വസ്ത്രങ്ങളും മിതമായ നിരക്കിൽ വാങ്ങാം.ഞങ്ങളും അവിടെ കുറെ കറങ്ങി നടന്നു.പലരും പലതും വാങ്ങി.ഷോര്‍ട്സ് മുതല്‍ ടീഷര്‍ട്ട് വരെ.ചിലര്‍ കൌബോയി സ്റ്റൈല്‍ വസ്ത്രങ്ങള്‍ വാങ്ങി..

( അവരില്‍ ഒന്നു രണ്ടു പേര്‍ വാങ്ങിയ ഷോര്‍ട്സ് വലിപ്പം കുറഞ്ഞു പോയി.ഹോസ്റ്റലില്‍ വന്നു ഇട്ടു നോക്കിയപ്പോള്‍ ഇറുകിപ്പിടിച്ചിരിക്കുന്നതു കണ്ട് ചില വിരുതന്മാര്‍ “മുന്നിലുള്ള മുഴ ഷോര്‍ട്‌സ് വാങ്ങിയപ്പോള്‍ ഫ്രീ ആയി കിട്യതാണോ“ എന്ന് ചോദിക്കുകയും ചെയ്തു.അതോടെ അവര്‍ അതിടുന്നത് നിര്‍ത്തി)

അങ്ങനെ ഫാഷന്‍ സ്ട്രീറ്റിലെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ചര്‍ച്ച് ഗേറ്റ് സ്റ്റേഷനടുത്തേക്ക് നടക്കുകയായിരുന്നു.ഷോപ്പിംഗ് എന്നൊക്കെ പറഞ്ഞാല്‍ അത്രയധികം പണം ചിലവാക്കി എന്നൊന്നും കരുതേണ്ട.ഒരു ടീ ഷര്‍ട്ട് 20-25 രൂ ആയിരുന്നു വില എന്നു പറയുമ്പോള്‍ ഒരു ഐഡിയ കിട്ടിക്കാണും.അന്ന് മെസ് ഫീസ് മാസം വരുന്നത് പരമാവധി 300 രൂ ആയിരുന്നു.അങ്ങനെ രൂപക്ക് വിലയുള്ള കാലം !പണം ശ്രദ്ധിച്ച് മാത്രം ചിലവാക്കിയിരുന്ന സമയം.
(ചർച്ച്ഗേറ്റിലെ ഫാഷൻ സ്ട്രീറ്റ്)

പെട്ടെന്നാണു ശ്രദ്ധിച്ചത് ! റോഡരുകില്‍ ചെറിയൊരു ആള്‍ക്കൂട്ടം! ആകാംക്ഷയോടെ ഞങ്ങള്‍ ചെന്നു നോക്കി.രണ്ടു മൂന്നു പേരുള്ള ഒരു ചെറിയ സംഘം റോഡരികിൽ ഇരിക്കുന്നു.അവർക്കു ചുറ്റുമാണു ഈ ആൾക്കൂട്ടം.അവരിലെ പ്രധാനി എന്ന് തോന്നിക്കുന്ന ഒരാള്‍ അവിടെ നടുവിലായി ആൾക്കൂട്ടത്തിനു അഭിമുഖമായി ഇരിക്കുന്നു. മറ്റു രണ്ടു പേർ ഇരിക്കുന്ന ആളിനു അഭിമുഖവും ആൾക്കൂട്ടത്തിനു പുറം തിരിഞ്ഞുമാണു ഇരിക്കുന്നത്. പ്രധാനിക്ക് മുന്നില്‍ ഒരു വശം തുറന്ന മൂന്നു ചെറിയ ചതുരപ്പെട്ടികള്‍.തുറന്നിരിക്കുന്ന വശം വച്ച് എന്തോ മൂടി വച്ച് അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നുണ്ട്.ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്..

‍ “ആവോ ഭായി...ദസ് രഖേഗാ തോ ബീസ്..ബീസ് രഖേഗാ തോ ചാലീസ്” ( വരൂ സഹോദരന്മാരെ, പത്തു വച്ചാൽ ഇരുപത്, ഇരുപത് വച്ചാൽ നാല്പത്..)

ഓ. മനസ്സിലായി.. കിലുക്കിക്കുത്താണു സംഗതി.ചുറ്റില്‍ നില്‍ക്കുന്ന ചിലര്‍ നൂറു രൂപയുടെ നോട്ടുകള്‍ വയ്കുന്നു..അവരില്‍ ചിലര്‍ക്ക് ഇരുനൂറ് അടിക്കുന്നു.കുറെ കണ്ടു നിന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള റജിക്ക് ആവേശമായി.വല്ലാത്ത ആഗ്രഹം.ഒന്നു വച്ചു നോക്കിയാലോ? ഞാനും രമേശും ( നേരത്തെ ഹിജഡ പിടിച്ചവന്‍) എതിര്‍ത്തു.ഇക്കളിക്ക് ഞങ്ങളില്ല എന്നു പറഞ്ഞു.വേറെ രണ്ടു പേര്‍ മൌനം പാലിച്ചു.ഞങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് റജി പൊക്കറ്റില്‍ നിന്ന് ഒരു അഞ്ഞൂറു രൂപാ നോട്ടെടുത്ത് കിലുക്കികുത്തുകാരനു കൊടുത്തു കഴിഞ്ഞിരുന്നു.ഒരു സാമ്പിള്‍ എന്ന നിലയില്‍ അയാള്‍ ആദ്യം രൂപ ചതുരപ്പെട്ടികളില്‍ ഒന്നു വച്ചു മൂടി..മറ്റു രണ്ടെണ്ണവും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും കശക്കി.ഏതിലാണെന്ന് റജിയോട് ചോദിച്ചു..റജി ഒരെണ്ണം ചൂണ്ടിക്കാണിച്ചു.അയാള്‍ അതു തുറന്നപ്പോള്‍ അതാ അതില്‍ തന്നെ ഉണ്ട് അഞ്ഞൂറ്...

റജിയുടെ മുഖത്ത് ആത്മവിശ്വാസം കൂടുതല്‍ ദൃശ്യമായി.

വീണ്ടും അയാള്‍ രൂപയെ പെട്ടി വച്ചു മൂടി.മറ്റു രണ്ടു പെട്ടികളും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കശക്കി.ആ കശക്കല്‍ റജി ശ്രദ്ധയോടെ നിരീക്ഷിച്ചു.അല്പ സമയത്തെ ഈ പ്രക്രിയയ്ക്ക് ശേഷം തോറ്റവനെപ്പോലെ അയാളുടെ ചോദ്യം

“ കിസ്‌മേം ഹേ ഭായിസാബ്?” ( രൂപ ഏതിലാണെന്ന് പറയൂ ഭായി സാബ്)

റജി വളരെ ആലോചിച്ച് അത്മവിശ്വാസത്തോടെ ഒരു പെട്ടി ചൂണ്ടിക്കാണിച്ചു.അയാള്‍ അതു പൊക്കി കാണിച്ചു...ഒരു നിമിഷം റജി തലകറങ്ങിയോ ആവോ? ആ പെട്ടിയുടെ അടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല..ശൂന്യത മാത്രം..

“ഹാർ ഗയാ ഭായി സാബ്..”

ഒരു ചിരി അവിടെ മുഴങ്ങി ! ഞങ്ങളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

അഞ്ഞൂറു രൂപാ!!ഒന്നരമാസത്തെ മെസ് ഫീ....! ഞങ്ങളെല്ലാവരും പെട്ടെന്ന് മൌനത്തിലാണ്ടു.മരണവീട്ടില്‍ പോയി മടങ്ങുന്നവരെപ്പോലെ തലതാഴ്ത്തി വി ടി സ്റ്റേഷനിലേക്ക് നടന്നു.ആരും ഒന്നും സംസാരിച്ചില്ല.അടുത്ത ട്രയിനിനു കയറി ഹോസ്റ്റലിലേക്ക്...

ഈ നഷ്ടം നികത്താന്‍ കൂടെ വന്നവര്‍ എല്ലാവരും സഹായിക്കണം എന്ന് ഹോസ്റ്റലിലെത്തിയപ്പോൾ റജി പറഞ്ഞു.ഞാനും രമേശും അപ്പോളും ഉറച്ചു നിന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനോട് സഹതാപം തോന്നിയിരുന്നുവെങ്കിലും അതൊരു പോളിസിയുടെ പ്രശ്നമായിരുന്നു.ഇത്തരം കിലുക്കിക്കുത്ത് മാർഗത്തിലൂടെ പണം ഉണ്ടാക്കരുത് എന്നൊരു ചിന്താഗതി.റജിയും അപ്പോളത്തെ ഒരു ആവേശത്തിൽ ചെയ്തതാണ് എന്ന് എനിക്കറിയാമായിരുന്നു.എങ്കിലും അന്നത്തെ സാഹചര്യങ്ങളിൽ എന്തോ യോജിക്കാനായില്ല. ചിലര്‍ കൊടുത്തു.

അതൊരു വലിയ അനുഭവമായി.അന്ന് കണ്ട ആൾക്കൂട്ടത്തിൽ അയാളുടെ മുന്നിൽ നോട്ടുകൾ കൊടുത്തിരുന്ന പലരും ഈ മുച്ചീട്ട് കളിക്കാരന്റെ തന്നെ സഹായികൾ ആയിരുന്നു എന്നൊക്കെ പിന്നീടാണു ചിന്തിക്കുന്നത്.അവർ തന്നെ ആദ്യം പണം നൽകും.അവരിൽ പലർക്കും പണം ഇരട്ടിക്കുന്നതായി നമ്മെ കാണിയ്കും.പണം ഇരട്ടിച്ചവർ സന്തോഷം പ്രകടിപ്പിക്കും.വീണ്ടും വയ്ക്കും.വീണ്ടും നേടും.ഇത് കണ്ടു നിൽക്കുന്ന ആരിലും ഒരിയ്ക്കൽ ഒന്നു പരീക്ഷിച്ചാലെന്ത് എന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്.അത്ര വലിയ ഒരു സ്വാധീന വലയത്തിലാണു നമ്മൾ പെട്ടു പോകുന്നത്.റജിയ്ക്ക് അന്ന് സംഭവിച്ചതും അതു തന്നെയാണ്.ഇത് മുംബൈയുടെ മറ്റൊരു മുഖമാണ്.ജീവിയ്ക്കാൻ വേണ്ടി മനുഷ്യർ കെട്ടുന്ന വേഷങ്ങളിൽ ഒന്ന് മാത്രം !

ഇന്നും മുംബൈയില്‍ ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ കാണുമ്പോള്‍ ഈ സംഭവം ഓര്‍മ്മവരും !റജി ഇന്ന് ഇന്‍‌ഡോനേഷ്യയിലാണ്...രമേശ് ബാംഗ്ലൂരില്‍..അന്നുണ്ടായിരുന്നവരില്‍ ഒരാള്‍ ഇവിടെ ചെന്നൈയില്‍.ഒരാള്‍ ദുബായില്‍..ഒരാള്‍ സ്പെയിനില്‍...പലരും പല വഴിക്കായി. പലരും ജോലികൊണ്ട് ഇഷ്ടം പോലെ പണം ഉണ്ടാകിയിട്ടുണ്ട്.അഞ്ഞൂറു രൂപ ഇന്നത്തെ കണക്കിൽ ഒന്നുമല്ലായിരിക്കാം.എങ്കിലും എല്ലാവരുടെയും മനസ്സിലെ അന്നത്തെ ഭീതി ഇന്നും ഉണ്ടായിരിയ്ക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.പറ്റിയ്ക്കപ്പെടലിലൂടെ പരാജയം ഏറ്റുവാങ്ങുന്നവന്റെ മാത്രം മനോവികാരം.അത് ഒന്ന് വേറേ തന്നെയാണ് എന്ന് ആ സംഭവം പഠിപ്പിച്ചു തന്നു..

(മുംബൈ കഥകളുടെ മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക - മുംബൈയിലെ അന്നത്തെ ഡിസംബർ 6)

കടപ്പാട്:: ചിത്രത്തിന് ഗൂഗിളിന്.

Sunday, December 11, 2011

ഇവരല്ലേ മാലാഖമാർ ?

കൽക്കത്തയിലെ എ എം ആർ ഐ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ തീപിടുത്തം ഉണ്ടാകുമ്പോൾ മലയാളികളായ രമ്യയും വിനീതയും വനിതാവാർഡിൽ ജോലിയിലായിരുന്നു.തീപിടിച്ചതറിഞ്ഞ് രമ്യ നാട്ടിലുള്ള അമ്മയെ ഫോണിൽ വിളിച്ച് വിവരം പറയുകയും ചെയ്തു.അതിനു ശേഷം അവർ ഇരുവരും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി.തങ്ങളുടെ വാർഡിൽ ഉണ്ടായിരുന്ന ഒൻപതിൽ എട്ട് രോഗികളേയും അവർ സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ ഒടിവ് പറ്റി കിടന്നിരുന്ന ഒൻപതാമത്തെ രോഗിയേയും രക്ഷിക്കാൻ പോയ ഇരുവരും പിന്നെ തിരിച്ചു വന്നില്ല.ഇനിയൊരിക്കലും വരികയുമില്ല.

മരണം കണ്മുമ്പിൽ വന്നു നിൽക്കുമ്പോളും അതിനെ തൃണവൽഗണിച്ച് അവശരായി കിടക്കുന്ന രോഗികളെ രക്ഷിച്ച് തങ്ങളുടെ ജോലിയോട് നൂറു ശതമാനവും ആത്മാർത്ഥത കാട്ടിയ ആ കൊച്ചു മിടുക്കികൾ ആളിപ്പടർന്ന തീനാളങ്ങളിൽ പെട്ട് വീരമൃത്യു വരിച്ചു.തീപിടുത്തമുണ്ടായപ്പോൾ ഡോക്ടർ മാർ വരെ ഓടി രക്ഷപെട്ടു എന്ന ആക്ഷേപം നില നിൽക്കുമ്പോളാണു രമ്യയും വിനീതയും ചെയ്ത കാരുണ്യപ്രവൃത്തിയുടെ മഹത്വമറിയുന്നത്.മരണം മുന്നിൽ വന്നു എന്ന് ഈ കുട്ടികൾ അറിഞ്ഞിരുന്നുവോ ആവോ? എന്തായിരിയ്ക്കും അവസാനരോഗിയെയും രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ അഗ്നിക്കിരയാകുമ്പോൾ ഈ കുട്ടികളുടെ മനസ്സിൽ ഉണ്ടായിട്ടുള്ള ചിന്തകൾ? എന്തെല്ലാം മോഹങ്ങൾ, സ്വപ്നങ്ങൾ അവരോടൊപ്പം ഇല്ലാതായി ?

രമ്യയുടേയും വിനീതയുടേയും മരണം ഇരു കുടുംബങ്ങൾക്കും കനത്ത ആഘാതമാണു നൽകിയിരിക്കുന്നതെന്നാണു മാധ്യമങ്ങളിലൂടെ അറിയാൻ കഴിയുന്നത്.( “ദ ഹിന്ദു’ വിൽ വന്ന വിശദമായ വാർത്തയും ചിത്രവും കാണാൻ ഈ ലിങ്കിൽ ഞെക്കുക)സാമ്പത്തികമായി അതീവ പിന്നോക്കം നിൽക്കുന്ന രണ്ടു കുടുംബങ്ങളിൽ നിന്നുള്ള ഈ പെൺകുട്ടികൾ തങ്ങളുടെ കുടുംബങ്ങളുടെ താങ്ങും തണലുമായി മാറാമെന്ന് കരുതിയിരുന്നവരാണ്.നഴ്സിംഗ് പഠനത്തിനായി എടുത്ത ലോൺ അടച്ചു തീർക്കുക എന്ന ഉത്തരവാദിത്വവും കൂടി പേറിയാണു ഇത്രയും ദൂരെ അന്യ നാട്ടിൽ അവർ കഷ്ടപ്പെട്ടത്.പക്ഷേ എല്ലാം ആ അഭിശപ്ത നിമിഷങ്ങളിൽ അവസാനിച്ചു...മരണത്തിന്റെ മുഖത്തു ചവിട്ടി നിന്ന് തങ്ങളുടെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും പ്രകടിപ്പിച്ച ഈ കൊച്ചു സഹോദരിമാരുടെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഒരു നിമിഷം മൌനമാകുന്നു.

രമ്യയുടേയും വിനീതയുടേയും കഥ ഒറ്റപ്പെട്ടതല്ല.നഴ്സിംഗ് രംഗം എന്നത് ലോകമാസകലം മലയാളികളുടെ കുത്തകയെന്നു തന്നെ പറയാം.ഏതു നാട്ടിലും ഏതു സാഹചര്യങ്ങളിലും പെട്ടെന്ന് ഇണങ്ങിച്ചേരുകയും ജോലിയിൽ കാണിക്കുന്ന നിസ്വാർത്ഥ മനോഭാവവുമാണു ഈ രംഗത്ത് മലയാളികൾ ശോഭിയ്ക്കാൻ ഇടയാക്കിയതെന്ന് പറയാം.വ്യക്തിപരമായ ഏതു ജീവിത വിഷമങ്ങൾക്കിടയിലും ചുണ്ടിൽ എപ്പോളും ഒരു പുഞ്ചിരിയോടെ സേവനം ചെയ്യുന്നവരാണു ഈ നഴ്സുമാർ.അവരുടെ യഥാർത്ഥ പ്രതിനിധികളാണു രമ്യയും വിനീതയും.
(The Hindu പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന്)
യഥാർത്ഥ പ്രതിനിധികൾ എന്ന് ഞാൻ പറഞ്ഞത് എല്ലാ അർത്ഥത്തിലുമാണ്.ഈ രംഗത്തേക്ക് കടന്നു വരുന്ന ഭൂരിഭാഗം കുട്ടികളും അധികം സാമ്പത്തിക സ്ഥിതിയുള്ള കുടുംബങ്ങളിൽ നിന്നല്ല.മറിച്ച് പലപ്പോളും ഒരു ജോലി സമ്പാദിച്ച് എത്രയും വേഗം കുടുംബത്തിനു ഒരു അത്താണിയാകുക എന്നു കൂടി ആഗ്രഹിച്ചാണു പലരും ഈ വഴിയിൽ എത്തിപ്പെടുന്നത്.കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതിൽ ഒരു നല്ല പങ്കും ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്നവരാണു.വിദേശത്തു പോവുക എന്നതിനുള്ള ഒരു എളുപ്പ മാർഗം എന്നതും നഴ്സിംഗ് രംഗത്ത് വരാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിയ്ക്കുന്നത്? ഇവരിൽ ഭൂരിഭാഗം പേർക്കും വിദേശങ്ങളിലൊന്നും എത്തിപ്പെടാൻ സാധിക്കുന്നില്ല.സാമ്പത്തിക മാന്ദ്യം കൂടി വന്നതോടെ പല രാജ്യങ്ങളും ഇത്തരം നിയമനങ്ങൾ തന്നെ നടത്തുന്നില്ല.അവർക്കൊക്കെ ഇൻഡ്യയിൽ തന്നെ ജോലി തേടേണ്ടി വരുന്നു.

എന്നാൽ നമ്മുടെ നാട്ടിൽ നിയോ ലിബറൽ പോളിസികളുടെ കാലത്ത് സേവന രംഗം എന്നത് മാറി വ്യവസായമായ രണ്ടു മേഖലകളാണു വിദ്യാഭ്യാസവും ആരോഗ്യവും.വിദ്യാഭ്യാസരംഗത്തെ തൽക്കാലം വിടാം.എന്നാൽ അതിലൊന്നായ നഴ്സിംഗ് വിദ്യാഭ്യാസ മേഖലയും ഇന്ന് സ്വാശ്രയ മേഖലയുടെ പിടിയിലാണ്.ആരോഗ്യരംഗമാകട്ടെ “മെഡിക്കൽ ഇൻ‌ഡസ്ട്രി”ആയി മാറിയിരിക്കുന്നു.അപ്പോൽ പിന്നെ ലാഭം മാത്രമായി അതിന്റെ ലക്ഷ്യവും.ലാഭെച്ഛ മാത്രമുള്ള ഏത് രംഗവും ചൂഷണത്തിന്റെ കൂടി രംഗമായി മാറിയിരിയ്ക്കും.അതു തന്നെയാണു ഇന്ന് നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർ അനുഭവിയ്ക്കുന്ന ദുരിതവും.

രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , സമയ ക്ലിപ്തത ഇല്ലാതെ അവർ ജോലി ചെയ്യുന്നു. എട്ടു മണിക്കൂർ ജോലി എന്നത് ഇവർക്ക് ഇന്നും ഒരു മരീചിക തന്നെ.സ്വകാര്യ മേഖലയിൽ ഏറ്റവുമധികം തൊഴിൽ ചൂഷണത്തിനു വിധേയരാകുന്ന ഒരു വിഭാഗമാണു ഇവർ.ഇൻഡ്യയിലെ ഏത് സ്ഥലത്തുള്ള ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മലയാളി നഴ്സിനെ എങ്കിലും കണ്ടെത്താൻ കഴിയും.കാരുണ്യത്തോടെ രോഗികളോട് ഇടപഴകുമ്പോളും അവരിൽ പലരും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ ആണെന്നത് ആരറിയുന്നു?നമ്മെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ഹൃദയവേദനകൾ ആരറിയുന്നു?


ചെന്നൈ പോലെ വൻ നഗരങ്ങളിൽ വളരെ പ്രശസ്തമായ ആശുപത്രികളിൽ ജോലി ചെയ്യുന്ന പല നഴ്സു മാരേയും നേരിട്ടു പരിചയമുണ്ട്.അവരെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരം ചൂഷണത്തിനു വിധേയരാകുന്നു.പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന ഇത്തരം പല ആശുപത്രികളിലും നഴ്സുമാർ ദുരിതക്കയത്തിലാണെന്നതാണു സത്യം.താമസ സൌകര്യങ്ങൾ നൽകുമെന്ന് ആദ്യം പറയും.എന്നാൽ പിന്നീട് നൽകുന്നതോ വളരെ അസൌകര്യങ്ങൾ നിറഞ്ഞ ചുറ്റുപാടുകളിലും.ആഹാരം എന്നത് ഏതോ ദാനം നൽകുന്നതു പോലെ.മണിക്കൂറുകൾ നീണ്ട ജോലി സമയം.പലപ്പോളും പതിനാറും പതിനെട്ടും മണിക്കൂറുകൾ വരെ ജോലി ഒറ്റയടിക്ക് ജോലി ചെയ്യേണ്ടി വരുന്നു.ജോലി സ്ഥലത്ത് ഒന്ന് ഇരിക്കാനുള്ള സൌകര്യം പോലും പലരും നൽകുന്നില്ല.


“മെഡിക്കൽ ടൂറിസം” ഇന്ന് വർദ്ധിച്ചു വരുന്നു.മറ്റു രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ നമ്മുടെ നാട്ടിൽ ചികിത്സാ ചിലവുകൾ കുറവാ‍യതുകൊണ്ട് പല എഷ്യൻ രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിൽ വന്ന് ചികിത്സ തേടുന്നവരുണ്ട്.അങ്ങനെ വരുന്ന വിദേശരോഗികളുടെ മുന്നിൽ പ്രദർശിപ്പിക്കപ്പെടാനുള്ള ചില “ആഹ്ലാദ വസ്തുക്കൾ” കൂടിയാണു ഇന്ന് നമ്മുടെ കൊച്ചു സഹോദരിമാർ.അവരിൽ നിന്നു പലപ്പോളും ഉണ്ടാകേണ്ടി വരുന്ന മോശമായ പെരുമാറ്റവും അപമാനിക്കപ്പെടലും കണ്ണടച്ചു വിടേണ്ട ഗതികേടിലാണു ഇവർ.ഏതാണ്ട് അടിമപ്പണിയ്ക്ക് തുല്യമായ ജോലി എന്ന് പറയാം. എല്ലാറ്റിനും ശേഷമോ എണ്ണിച്ചുട്ട അപ്പം പോലെ ശമ്പളവും..! വിദേശ രാജ്യങ്ങളിൽ ഒഴികെ മറ്റൊരിടത്തും ഇവർക്ക് മാന്യമായ വേതനം ലഭിയ്ക്കുന്നില്ല.

നമ്മുടെ നഴ്സുമാർ അനുഭവിയ്ക്കുന്ന ദുരിതകഥകളുടെ ഈ വീഡിയോ (താഴെ കൊടുത്തിരിക്കുന്നത്) മറക്കാതെ കാണുക.( ഒറിജിനൽ ലിങ്ക് ഇവിടെ കിട്ടും)ഇന്നു വരെ ഒരു സംഘടിത പ്രസ്ഥാനവും ഇവർക്കായി ഉണ്ടാകാത്തതെന്ത് എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ അസംതൃപ്തി അണ പൊട്ടി ഒഴുകാൻ തുടങ്ങിയിരിക്കുന്നു.ഏതാണ്ട് ഒരു വർഷം മുൻപ് ഡൽഹിയിലും പിന്നീട് കഴിഞ്ഞ മാസം മുംബൈയിലും നഴ്സുമാർ സമര രംഗത്തേക്ക് സ്വയം ഇറങ്ങേണ്ടി വന്നു.കഴിഞ്ഞ മാസം മുംബൈയിൽ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നമ്മുടെ ഈ സഹോദരിമാർ ജീവിക്കാനായി സമരം ചെയ്തു.അതിന്റെ പേരിൽ ആശുപത്രി അധികൃതരുടെ ഒത്താശയോടെ മഹാരാഷ്ട്രാ പോലീസിന്റെ ക്രൂരമായ അടി വാങ്ങിക്കൂട്ടി.അവസാനം സമരം വിജയിച്ചു.ഇപ്പോളിതാ നമ്മൂടെ സ്വന്തം നാട്ടിലും അവർ സമരമുഖത്തെത്തി കഴിഞ്ഞിരിയ്ക്കുന്നു.എന്നാൽ ഇത്തരത്തിൽ സമരം ചെയ്യുന്നവരെ അതിക്രൂരമായി കൈകാര്യം ചെയ്യുന്ന രീതിയാണു അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്.


(മുംബൈയിലെ എഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം)


കാരുണ്യത്തിന്റെ നിറകുടമെന്നറിയപ്പെടുന്ന “അമ്മ’യുടെ അമൃതാ അശുപത്രിയിൽ സമരം ചെയ്തവരുടെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചാണു അവർ കാരുണ്യം പ്രകടിപ്പിച്ചത്.സ്വന്തം മക്കളെ തല്ലാൻ ഗുണ്ടകളെ വിടുന്ന ഒരേ ഒരു “അമ്മ” അവർ ആയിരിയ്ക്കും. ലോകം മുഴുവൻ കെട്ടിപ്പിടിക്കുമ്പോളും സ്വന്തം ജീവനക്കാർക്ക് ജീവിക്കാനുള്ള ശമ്പളം കൊടുക്കാൻ അവർ തയ്യാറല്ല.

ലക്ഷങ്ങള്‍ മുടക്കി കോഴ്സ് പാസാകുന്ന നേഴ്സിന് 1500 രൂപയാണ് അമൃതയിലെ ശമ്പളമെന്ന് നഴ്സസ് യൂണിയൻ നേതാക്കൾ പറയുന്നു. ടിഎ, ഡിഎ ഉള്‍പ്പെടെ 6000 രൂപ. ഇതില്‍നിന്ന് ആനുകൂല്യങ്ങള്‍ക്കുള്ള വിഹിതം പിടിച്ചശേഷം കിട്ടുന്നത് നാലായിരത്തോളം രൂപ. മറ്റു ജില്ലകളില്‍നിന്നെല്ലാമുള്ളവര്‍ ഈ തുച്ഛ വേതനത്തില്‍നിന്നു വേണം താമസത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസവായ്പയടവിനും പണം കണ്ടെത്താന്‍ . ഇതിനെല്ലാംപുറമെയാണ് ബോണ്ട് വ്യവസ്ഥ. മാനേജ്മെന്റിന് തോന്നുന്ന വ്യവസ്ഥയിലാണ് ബോണ്ട്. എവിടേക്കും എപ്പോള്‍വേണമെങ്കിലും സ്ഥലംമാറ്റാം, ഉപാധികളില്ലാതെ പണിയെടുക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍ . രണ്ടു മുതല്‍ മൂന്നുവര്‍ഷംവരെയാണ് ബോണ്ട്. കാലാവധി പൂര്‍ത്തിയാക്കാത്തപക്ഷം 50,000 രൂപവരെ നല്‍കണം. അല്ലാത്തപക്ഷം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ജോലിഭാരവും മറ്റിടത്തെക്കാള്‍ കൂടുതലാണെന്ന് പരാതിയുണ്ട്.

അമൃതയിലെ ചൂഷണത്തിന്റെ കൂടുതൽ കഥകൾ ഈ ലിങ്കിൽ ഞെക്കി വായിക്കാം.

കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിൽ സമരത്തിനിടെ ഗർഭിണിയായ ഒരു നഴ്സിനെ ഗുണ്ടകൾ മർദ്ദിക്കുന്ന വീഡിയോ ചില ചാനലുകാർ കാണിച്ചത് മുല്ലപ്പെരിയാറിൽ മുങ്ങിപ്പോയി.നമ്മുടെ സമൂഹ മന:സാക്ഷിയെ കാലത്തോളം വേട്ടയാടപ്പെടേണ്ടിയിരുന്ന ഒരു ദൃശ്യമായിരുന്നു അത്. ആ വീഡിയോ താഴെ കാണാം


(ഒറിജിനൽ ലിങ്ക് ഇവിടെ കാണാം)


ഇങ്ങനെ അത്യന്തം ദുരിതപൂർണ്ണമായ ഒരു അന്തരീക്ഷത്തിലാണു ഈ നഴ്സുമാർ ജോലി ചെയ്യുന്നത്.കേരളത്തിനു വെളിയിൽ ഏജന്റുമാരാലും ഇവർ കബളിപ്പിക്കപ്പെടുന്നു.ബോണ്ട് വ്യവസ്ഥയും സർട്ടിഫിക്കറ്റുകൾ വാങ്ങി വയ്ക്കുന്നതും ഗുരുതരമായ സാമൂഹ്യപ്രശ്നമാണെന്നാണു കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ സുപ്രീം കോടതി പറഞ്ഞത്.നഴ്സുമാരുടെ പ്രശ്നങ്ങളിൽ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാൻ കോടതി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും കടുത്ത പോരാട്ടം തന്നെ ഈ രംഗത്ത് നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു.അത് ഏറ്റെടുക്കാൻ കേരളത്തിലേയും ഇൻഡ്യയിലേയും ഇടതു പക്ഷപ്രസ്ഥാനങ്ങൾ മുന്നോട്ട് വരണമെന്നാണു എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.ഇടതു പക്ഷത്തിനു മാത്രമേ അതേറ്റെടുക്കാൻ സാധിക്കൂ.ചരിത്രപരമായ ആ കടമ അവർ നിർവഹിയ്ക്കും എന്ന് എനിക്ക്ക് ഉറപ്പുണ്ട്.കഴിഞ്ഞ ദിവസം ഈ വിഷയം നമ്മുടെ എം പി ഡോ. ടി എൻ സീമയുമായി സംസാരിക്കുമ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈ വിഷയം ഗൌരവമായി എടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞു.അതുപോലെ പാർലിമെന്റു വഴി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഈ രംഗത്ത് ആവശ്യമായ നിയമ നിർമ്മാണം നടപ്പിലാക്കാനും ഇടതു പക്ഷം ശ്രമിയ്ക്കുന്നുണ്ട് എന്നറിയാൻ സാധിച്ചതും ആശാവഹമാണ്.

അസംഘടിത മേഖലയിൽ അടിമകളെപ്പോലെ ജോലി ചെയ്യുന്ന ഈ സഹോദരിമാരുടെ സമരം ലോകത്തെവിടെയും വിജയിപ്പിക്കേണ്ടത് ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയിട്ടുള്ള നമ്മളേവരുടേയും കടമയാണു..ഉത്തരവാദിത്വമാണ്, എന്ന് ഞാൻ കരുതുന്നു.സമര രംഗത്തുള്ളവർക്ക് പോരാട്ട വീഥിയിൽ എല്ലാ വിജയങ്ങളും ഞാൻ ആശംസിയ്ക്കുന്നു.

അനുബന്ധം::(1)ബന്ധപ്പെട്ട മറ്റൊരു വീഡിയോ.”അമൃതയിലെ കരുണയും സമരവും” റിപ്പോർട്ടർ ചാനൽ അവതരിപ്പിച്ച പരിപാടി ഈ ലിങ്കിൽ ഞെക്കി കാണാം.

(2) ഈ വിഷയത്തിൽ ഡോ.ബി ഇൿബാൽ എഴുതിയ ലേഖനം : വെള്ള വസന്തത്തിന്റെ കാഹളം മുഴങ്ങുന്നു.

(3) മുംബൈയിലെ നഴ്സസ് സമരത്തെക്കുറിച്ച് പ്രീതി ശേഖർ എഴുതിയ ലേഖനം:മുംബൈയിലെ നഴ്സിംഗ് സമരം തകർത്തതാര്?

( കടപ്പാട് : ചിത്രങ്ങൾക്ക് ഫേസ്‌ബുക്ക്, ഗൂഗിൾ..വീഡിയോകൾ : യു ട്യൂബ്)

Tuesday, December 6, 2011

മുംബൈയിലെ അന്നത്തെ ഡിസംബര്‍ 6 --( മുംബൈ കഥകള്‍ -3)

ആ ഞായര്‍ ഇന്നും മറക്കാനാവില്ല...1992 ഡിസംബര്‍ 6....തിരിഞ്ഞു നോക്കുമ്പോള്‍ സങ്കടവും വേദനയും അതിലുപരി സന്തോഷവും നിറഞ്ഞ ഒരു ഞായറാഴ്ചയായിരുന്നു.19 നീണ്ട വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.എങ്കിലും മനസ്സിന്റെ കോണില്‍ ഇന്നും ആ ദിവസം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുന്നു...

മുംബൈ യൂണിവേര്‍സിറ്റിയിലെ രണ്ടാം വര്‍ഷം.ഡിസംബര്‍ മാസങ്ങള്‍ മുംബൈയില്‍ നല്ല സമയമാണു.തണുപ്പുകാലം തുടങ്ങും.പകല്‍ പതിവുപോലുള്ള കാഠിന്യമില്ല വെയിലിന്.മാത്രവുമല്ല ഡിസംബര്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവധിയുടെ സമയവുമാണ്.ഡിസംബര്‍ അവസാന രണ്ടാഴ്ച അവധിയായതിനാല്‍ എല്ലാവരും നാട്ടില്‍ പോകാനുള്ള ടിക്കറ്റുകള്‍ ഒക്കെ ബുക്ക് ചെയ്ത് ദിവസം കാത്തിരിക്കുന്നു.

അങ്ങനെ സന്തോഷത്തിന്റെ ആ‍ ദിനങ്ങളിലാണു ഞങ്ങള്‍ ഒരു പിക്‍നിക് പ്ലാന്‍ ചെയ്തത്.ഒന്നാം വര്‍ഷം പുതിയതായി വന്ന മലയാളികളും രണ്ടാം വര്‍ഷത്തില്‍ പഠിക്കുന്ന ഞങ്ങളും ചേര്‍ന്ന് മുംബൈയില്‍ നിന്നു ഏകദേശം 10 കി മീ ദൂരെയുള്ള “എലിഫന്റാ ഗുഹകളി”ലേക്കായിരുന്നു പിക്‍നിക്. ഭീകരാക്രമണം നടന്ന “താജി”ന്റെ മുന്നിലുള്ള “ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യ”യില്‍ നിന്നും ബോട്ട് സര്‍വീസ് തുടങ്ങുന്നു. 1 മണിക്കൂര്‍ യാത്രയുണ്ട്.എലിഫന്റാ കേവ്‌സിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരിക്കുന്നില്ല.ചില വിവരങ്ങള്‍ ഇവിടെ കാണാം

ഞായറാഴ്ചയുടെ ആലസ്യം ഒഴിവാക്കി എല്ലാവരും അതിരാവിലെ തന്നെ തയ്യാറായി.ഹോസ്റ്റലില്‍ നിന്ന് നടന്ന് പോയാല്‍ ഒരു 10 മിനിട്ടിൽ “വഡാല റോഡ്” സ്റ്റേഷന്‍.അവിടെ നിന്നും 2 രൂ ടിക്കറ്റെടുത്ത് ട്രയിന്‍ കയറിയാല്‍ വി.ടി ( ഇന്ന് സി എസ് ടി) സ്റ്റേഷനില്‍ എത്താം.അന്നത്തെ മിനിമം ചാർജ്ജ് 2 രൂപ ആയിരുന്നു.ഉറക്കെ വര്‍ത്തമാനം പറഞ്ഞും, സന്തോഷം പങ്കു വച്ചും വി ടി സ്റ്റേഷനില്‍ എത്തി.സ്റ്റേഷനില്‍ നിന്നും ‘ടൈംസ് ഓഫ് ഇൻഡ്യ’ യുടെ ഭാഗത്തേയ്ക്ക് പോകുന്ന വഴിയിലെ പടികളില്‍ കൂടി നിന്ന് എല്ലാവരും സംസാരിക്കുന്നു.ഗേറ്റ് വേ ഓഫ് ഇന്‍‌ഡ്യവരെ ബസിനു പോകണോ ടാക്സിക്ക് പോകണോ എന്നാണു ചര്‍ച്ച.തൊട്ടു മുന്നില്‍ “ടൈംസ് ഓഫ് ഇന്‍‌ഡ്യാ” ബില്‍‌ഡിംഗ് .

പെട്ടെന്ന് ഞാന്‍ പത്രത്തിന്റെ കാര്യം ഓര്‍ത്തു.മുംബൈയില്‍ അന്നു ഒരു മലയാളപത്രം മാത്രമേ കാലത്തു ലഭിക്കൂ.അവിടെ നിന്ന് തന്നെ ഇറങ്ങുന്ന ‘കലാകൌമുദി‘ പത്രം.കേരളകൌമുദി ഗ്രൂപ്പിന്റെ പത്രം.ശരിക്കു പറഞ്ഞാല്‍ അന്ന് ഞങ്ങളെ നാടിനോട് ചേര്‍ത്തു നിര്‍ത്തിയിരുന്നത് ഈ പത്രം ആയിരുന്നു.ഇന്നത്തെ പോലെ മലയാളം ചാനലുകളോ, മൊബൈൽ ഫോണോ ഇന്റർനെറ്റോ ഒന്നും ഇല്ലാതിരുന്ന ഒരു കാലം.പത്രത്തിലൂടെയും നാട്ടിൽ നിന്ന് വരുന്ന കത്തുകളിലൂടെയും മാത്രമായിരുന്നു ശരിയ്ക്കും കേരളവുമായുള്ള ബന്ധം.ഇപ്പോൾ ഓർക്കുമ്പോൾ അക്കാലമൊക്കെ എത്രയോ വിദൂരതയിൽ ആണെന്ന് തോന്നിപ്പോകുന്നു.ഞാന്‍ പത്രം അത് വാങ്ങാനായി വീണ്ടും സ്റ്റേഷനുള്ളിലേക്ക് പോയി. അവിടെ ഉള്ള ഒരു സ്റ്റാളിൽ നിന്ന് പത്രം വാങ്ങി ഒന്നു നിവര്‍ത്തി നോക്കി..മുന്‍പേജിലെ ആ വാര്‍ത്ത കണ്ട് ഒന്ന് ഞെട്ടി

സിനിമാതാരം മോനിഷാ ഉണ്ണി കാറപകടത്തില്‍ മരിച്ചു എന്നായിരുന്നു ആ വാര്‍ത്ത.കൂടെ മോനിഷ പുഞ്ചിരി തൂകി നില്‍ക്കുന്ന ഒരു ഫോട്ടോയും.“ചെപ്പടി വിദ്യ” എന്ന ന്സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ മടങ്ങുമ്പോള്‍ രാത്രി ഉണ്ടായ കാറപകടത്തില്‍ ( ഡിസ്ം 5)ആണു അത് സംഭവിച്ചത്.ഞാന്‍ വേഗം കൂട്ടുകാരുടെ അടുത്തേയ്ക്ക് ഓടി. കഴിഞ്ഞ രാത്രി നടന്ന സംഭവം. ആരും തന്നെ അറിഞ്ഞിരുന്നില്ല

“അറിഞ്ഞോ മോനിഷ മരിച്ചു” ഞാനത് പറഞ്ഞ പാതി പത്രത്തിനു വേണ്ടി പിടിവലി ആയി..ഒരു നിമിഷം...എല്ലാ മുഖങ്ങളും വിവര്‍ണ്ണമായതുപോലെ.വിഷാദച്ഛായ ഞങ്ങള്‍ക്കിടയില്‍ പടര്‍ന്നു.അക്കാലത്തെ നായികയായിരുന്ന മോനിഷയെ സ്വപ്നം കണ്ടിരുന്നവര്‍ ആ ഓര്‍മ്മകളില്‍ മുഴുകി.മുല്ലപ്പൂച്ചിരിയും, ചന്തി വരെ നീണ്ട മുടിയും എല്ലാം എന്നത്തെ സൌന്ദര്യ സങ്കല്പങ്ങളില്‍ നിറഞ്ഞു നിന്നു....“മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി” മോനിഷ ആദ്യമായി സിനിമയില്‍ വരുമ്പോള്‍ ഞങ്ങളില്‍ മിക്കവരും പത്താംക്ലാസില്‍ ആയിരുന്നു.പ്രണയത്തിന്റെ അമൂര്‍ത്ത സങ്കല്പങ്ങള്‍ വിരിയുന്ന അക്കാലങ്ങളില്‍ സ്വാഭാവികമായും അവള്‍ നായിക ആയി.ആ സുന്ദരിക്കുട്ടി പോയതില്‍ ഓരോരുത്തരും വേദനപ്പെട്ടു...

അതേ പേജില്‍ മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു “അയോധ്യയില്‍ ഇന്ന് കര്‍സേവ” എന്നതായിരുന്നു അത്..!

അല്പ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ആ ദു:ഖത്തിനു അവധി കൊടുത്ത് ഞങ്ങള്‍ പി‌ക്നിക്കിലേക്ക് പോയി....ബോട്ടുയാത്രയില്‍ തുടങ്ങി അന്നത്തെ പകല്‍ ആനന്ദത്തിന്റേതായിരുന്നു..എലിഫന്റയിലെ അന്നത്തെ പകല്‍ ഞങ്ങള്‍ മതിമറന്നാഘോഷിച്ചു.ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും തമ്മില്‍ നല്ലൊരു ഹൃദയ ബന്ധം അന്നാണുണ്ടാകുന്നത്.യാത്രയുടെ ഉദ്ദേശവും അതു തന്നെ ആയിരുന്നു.
തിരിച്ചു വരുമ്പോള്‍ താജ് എന്ന പഞ്ച നക്ഷത്ര ഹോട്ടലില്‍ കയറി അതിന്റെ ടോയ്‌ലറ്റില്‍ ഒന്നു മൂത്രമൊഴിച്ചു വരാന്‍ ഞങ്ങള്‍ മറന്നില്ല!( താജില്‍ ഒന്നു കയറുക അന്നൊരു സ്വപ്നം ആയിരുന്നു)

വൈകിട്ട് ക്ഷീണിതരായി ഹോസ്റ്റലില്‍ എത്തുമ്പോള്‍ ആ വാര്‍ത്ത ഒരു കൂട്ടുകാരന്‍ പറഞ്ഞു...
ബാബറി മസ്‌ജിദ് തകര്‍ത്തിരിക്കുന്നു!!!നാ‍ഷണല്‍ ചാനലില്‍ വന്ന വാര്‍ത്തയാണ്...മലയാളികളായ ഞങ്ങള്‍ക്കിടയില്‍ പിന്നേയും ഒരു മൌനം വന്നു ചേര്‍ന്നു...ഞങ്ങളില്‍ കൂടുതല്‍ പേരും നാട്ടിലെ കോളേജില്‍ ഇടതു രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരായിരുന്നു.അക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓരോരുത്തരും ഒരിക്കല്‍ കൂടി പങ്കു വച്ചു..1989 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തത്, അദ്വാനിയുടെ രഥയാത്ര...രാജീവ് ഗാന്ധിയുടെ മരണം...

അതേപറ്റി പിന്നീട് ചര്‍ച്ചയുമായി..എന്നാല്‍ മറ്റു പല ഉത്തരേന്ത്യന്‍ സുഹൃത്തുക്കളും മസ്‌ജിദ് നിലം പൊത്തിയതില്‍ സന്തോഷിക്കുന്നതായി തോന്നി.ചിലത് പ്രകടിപ്പിക്കുകയും ചെയ്തു.പലരിലേയും വർഗീയ മുഖം അന്ന് കാണാൻ പറ്റി.....ഞങ്ങള്‍ പിറ്റേ ദിവസത്തെ പത്രങ്ങള്‍ക്കായി കാത്തു...

തിരിഞ്ഞു നോക്കുമ്പോള്‍ ദു:ഖം നിറഞ്ഞ ഒരു ദിവസമായിരുന്നു ഡിസംബര്‍ 6..രാവിലെ മോനിഷയുടെ മരണം അറിഞ്ഞു.വൈകിട്ട് ബാബറിപ്പള്ളിയുടെ തകര്‍ച്ചയും !

ഭാരതത്തിന്റെ ഹൃദയ രക്തം തെരുവുകളില്‍ ഒഴുകിയ നാളുകള്‍....!

ഇൻഡ്യയുടെ ചരിത്രത്തെ തന്നെ രണ്ടായി കീറി മുറിച്ച ഒരു ദിവസമാണു കഴിഞ്ഞു പോയതെന്ന് അക്കാലത്ത് അത്ര ചിന്തിച്ചില്ല.എന്നാൽ മുംബൈ അടക്കം പല നഗരങ്ങളിലും അശാന്തിയുടെ വിത്തുകൾ പാകിയ സംഭവമായിരുന്നു ബാബറി മസ്‌ജിദ് തകർച്ച.സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ ( അന്നത്തെ ബോംബെ) നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.ഏതാണ്ട് ആയിരത്തോളം ആളുകൾ മുംബൈയിൽ മാത്രം കലാപങ്ങളിൽ ജീവൻ വെടിഞ്ഞു.ഭീതിയുടെ നാളുകൾ ആയിരുന്നു അവ.ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.പലയിടത്തും അക്രമങ്ങൾ അരങ്ങേറി.ഞങ്ങളുടെ ഹോസ്റ്റലിന്റെ പുറകുവശത്തെ ജനലിലൂടെ നോക്കിയാൽ ദൂരെ “ആന്റോപ് ഹിൽ”കാണാം.അതിനു മുന്നിൽ വഡാലയിലെ ചേരി പ്രദേശങ്ങൾ.ഒരു ദിവസം വെടിയൊച്ചകൾ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു.ജനലിലൂടെ നോക്കുമ്പോൾ ദൂരെ ആന്റോപ് ഹില്ലിനു മുന്നിലെ ചേരിപ്രദേശത്തെ വെളിമ്പ്രദേശത്തെ അക്രമം നടക്കുന്നും.പോലീസ് തുരു തുരെ വെടി വയ്കുന്നു.ആരൊക്കെയോ വീഴുന്നു...മനസ്സ് മരവിച്ചു പോയ ദിനങ്ങൾ..ഹോസ്റ്റലിൽ നിന്ന് വെളിയിലിറങ്ങാതെ കഴിച്ചു കൂട്ടി.സൌഹൃദങ്ങൾ ജാതിക്കും മതത്തിനും വഴിമാറി.

മനുഷ്യ രക്തം തെരുവുകളിൽ ചാലു കീറി...!

മുംബൈ നഗരം ആദ്യമായി ബോംബ് സ്ഫോടനങ്ങൾക്ക് സാക്ഷ്യം വഹിച്ചത് അതിനടുത്ത മാർച്ചിലാണ്.സ്റ്റോക്ക് എക്സ്‌ചേഞ്ചിലും എയർ ഇൻ‌ഡ്യാ കെട്ടിടത്തിലും പാസ്‌പോർട്ട് ഓഫീസിലും ഒക്കെ യായി നടന്ന ബോബ്‌സ്ഫോടന പരമ്പരക്കാലവും മറക്കാനാവുന്നില്ല.

ഇതിനെല്ലാം തുടക്കമായത് പുകഞ്ഞ് നീറിക്കൊണ്ടിരുന്ന അയോധ്യാ പ്രശ്നവും പിന്നീട് ഉണ്ടായ ബാബ്‌റി മസ്‌ജിദ് തകർച്ചയുമാണ്.അതിന്റെ തിരുശേഷിപ്പുകളുടെ ദുരന്തം ഇന്നും ഭാരതം അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നു..വർഗീയതയോട് സന്ധി ചെയ്യുന്ന ഇൻഡ്യൻ ഭരണ വർഗത്തിന്റെ ദീർഘവീക്ഷണക്കുറവിന്റെ പരിണത ഫലം !

കാലമെത്ര കഴിഞ്ഞിരിയ്ക്കുന്നു..എങ്കിലും ഇന്നലത്തെ പോലെ 19 വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഓര്‍മ്മകള്‍ കെടാതെ നില്‍ക്കുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലെ കറുത്ത പാടുകളായി ഈ സംഭവങ്ങൾ എന്നും മനസ്സിൽ അവശേഷിയ്ക്കും. മരിയ്കും വരെ !!!

അനുബന്ധം:: മുംബൈ കഥകളുടെ രണ്ടാം ഭാഗം ഇവിടെ വായിയ്ക്കാം - ബസ് നമ്പർ 65,അണിക് ഡിപ്പോ

(കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിളിനോട്)