Thursday, December 31, 2009

എനിക്കും ഒരു വയസ്സ്!!!

പ്രത്യാശയുടെ ഒരു നവ വല്‍‌സരം കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാ‍വര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

ഈ പുതുവത്സരത്തോടൊപ്പം “കാണാമറയത്ത് ‘ എന്ന ഈ ബ്ലോഗിനും ഒരു വയസ് പൂര്‍ത്തിയാവുകയാണ്.ഈ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്നാലാവും വിധം ബ്ലോഗിംഗ് രംഗത്ത് ചില ഇടപെടലുകള്‍ നടത്താനായിട്ടുണ്ടെന്നാണു എന്റെ എളിയ വിശ്വാസം.അത് വിലയിരുത്തേണ്ടത് നിങ്ങളാണ്.ഈ ഒരു വര്‍ഷം എന്നെ വായിക്കുകയും വിമര്‍ശനങ്ങള്‍ അറിയിക്കുകയും ചെയ്ത് എന്നെ പിന്തുണച്ച എല്ലാ നല്ല വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഓരായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നും.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി !

Saturday, December 26, 2009

എഴുപതിന്റെ നിറവില്‍ പിണറായി....!

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഔദ്യോഗികമായി എഴുപത് വയസ്സ് തികയുകയാണു ഈ ഡിസംബറില്‍.1939 ഡിസംബറില്‍ ഇപ്പോളത്തെ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ വച്ച് നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ച അന്നത്തെ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ ഒന്നാകെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’യായി മാറിയതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

ഒരു പിണറായി യാത്രയുടെ ഓര്‍മ്മക്ക്

കോളേജ് വിദ്യാഭ്യാസത്തിന്റെ നാളുകളിലാണു ഞാന്‍ കണ്ണൂരിന്റെ മണ്ണിനെ ആദ്യമായി തിരിച്ചറിയുന്നത്.അക്കാലത്ത് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം അത്ര ശക്തമല്ലാതിരുന്ന ഒരു കോളേജിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.എങ്കിലും അന്നു ക്യാമ്പ‍സില്‍ മുഴങ്ങിക്കേട്ടിരുന്ന ഒരു മുദ്രാവാക്യം എന്നെ ആകര്‍ഷിച്ചിരുന്നു.
“കയ്യൂരും, കരിവെള്ളൂരും,
മുനയന്‍ കുന്നിലും, കാവുമ്പായിയിലും
പൊരുതി മരിച്ചൊരു ധീരന്മാരെ
നിങ്ങള്‍ക്കായിരം അഭിവാദനങ്ങള്‍’

അങ്ങനെയാണു ഈ സ്ഥലനാമങ്ങള്‍ എനിക്ക് പരിചിതമായത്.പിന്നീട് എന്താണു ഈ സ്ഥലങ്ങളിലൊക്കെ നടന്നത് എന്ന് ഞാന്‍ പുസ്തകങ്ങളിലൂടെയും അറിവുകള്‍ പങ്കുവക്കുന്നതിലൂടെയുമൊക്കെ തിരിച്ചറിഞ്ഞു.അന്നുമുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു കര്‍ഷക സമരങ്ങള്‍ നടന്ന ഈ സ്ഥലങ്ങള്‍ പോയി കാണണമെന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷമാദ്യം മാര്‍ച്ച് മാസത്തിലാണു അത് സാധിച്ചത്.ജോലിയുടെ ഭാഗമായി മംഗലാപുരത്ത് താമസിക്കുന്നതിനിടയില്‍ ഒരു ദിവസം കണ്ണൂരില്‍ ഉള്ള എന്റെ സഹപാഠിയും സുഹൃത്തുമായ മധുവിനോടൊപ്പം ഈ സ്ഥലങ്ങളിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയത്.കണ്ണൂര്‍ ജില്ല എനിക്ക് അത്ര പരിചിതമല്ല.ഈ യാത്രയിലൂടെ കണ്ണൂരിന്റെ മുക്കിലും മുലയിലും പോകാനും ആ സുന്ദരപ്രദേശങ്ങളൊക്കെ കാണാനും സാധിച്ചു.കോട്ടയവും കണ്ണൂരും തമ്മിലുള്ള ഒരു വ്യത്യാസമെന്നത് കണ്ണൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എല്ലാം വരണ്ട ഭൂപ്രകൃതിയുള്ളവയാണെന്നതാണ്.എന്നാല്‍ അതേ സമയം താഴ്വാരങ്ങള്‍ കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളെക്കാള്‍ മനോഹരവുമാണു.

ഒരു പുലര്‍കാലത്ത് പയ്യന്നൂരില്‍ നിന്നു ആരംഭിച്ച് പെരിങ്ങോം, പാടിച്ചാല്‍(മുനയന്‍‌കുന്ന്),ചീമേനി, കയ്യൂര്‍, ചെറുവത്തൂര്‍, കരിവെള്ളൂര്‍,കല്യശേരി,പറശ്ശിനിക്കടവ്, എന്നീ സ്ഥലങ്ങളിലൂടെ കറങ്ങി കണ്ണൂരിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു.പിണറായി കൂടി കണ്ടിട്ട് മംഗലാപുരത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു.മധു കാര്‍ തലശേരി -കൂത്തു പറമ്പ് റോഡിലേക്ക് തിരിച്ചു.

മധുവിനോടൊപ്പമുള്ള യാത്ര എന്നും ഓര്‍മ്മിക്കത്തക്കതാണു.കഥകളും കവിതകളും സ്ഥലവിവരണങ്ങളും മുത്തപ്പന്‍ കഥകളും തെയ്യക്കഥകളും ഒക്കെ പറയുന്നത് കേട്ടാല്‍ സമയം പോകുന്നത് അറിയുകയേ ഇല്ല.കണ്ണൂരില്‍ നിന്നു കൂത്തു പറമ്പ് റൂട്ടിലാണു മമ്പറം എന്ന സ്ഥലം"
(ചിത്രത്തില്‍ മമ്പറം എന്ന കൊച്ചു സ്ഥലം)

അവിടെ നിന്നു ഒരു ഇരുപത് മിനിട്ട് കൂടി സഞ്ചരിച്ചാല്‍ പിണറായി എന്ന ഗ്രാമീണ ഛായ തുളുമ്പി നില്‍ക്കുന്ന ചെറിയ ഒരു സിറ്റി എത്തും.ഇതേ റോഡില്‍ മമ്പറത്തിനു മുന്നെയാണു, ‘പാവങ്ങളുടെ പടത്തലവന്‍” സ: എ.കെ.ജിയുടെ ജന്മദേശമായ പെരളശേരി.

സന്ധ്യയില്‍ കുളിച്ചു നില്‍ക്കുന്ന പെരളശേരി

ഏതാണ്ട് നാലുമണി കഴിഞ്ഞ സമയത്താണു ഞങ്ങള്‍ പിണറായിയില്‍ എത്തിയത്.അവിടെ വണ്ടി നിര്‍ത്തി ഒരു ചായ കുടിച്ചു.അപ്പോള്‍ തൊട്ടടുത്തുള്ള സി.പി.എം ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന ആളിനോട് പാറപ്രം സ്മാരകത്തിലേക്ക് പോകാനുള്ള വഴി ചോദിച്ചു.

(പിണറായിയിലേക്ക് ചെല്ലുമ്പോള്‍)

അദ്ദേഹം പറഞ്ഞു തന്ന റോഡിലൂടെ പോകുമ്പോളാണു പിണറായിയുടെ ഗ്രാമീണ സൌന്ദര്യം കണു കുളിര്‍ക്കെ കാണാന്‍ കഴിയുന്നത്.അത്രക്ക് മനോഹരമായ പ്രകൃതി.കാര്‍ഷിക വിളകള്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങള്‍.തെങ്ങും,നെല്ലും,വാഴയും എല്ലാം ഇടകലര്‍ന്ന് കാണാം.കുറച്ച് ചെന്നപ്പോള്‍ വീണ്ടും വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ അവരിലൊരാള്‍ ഞങ്ങളുടെ കൂടെ വന്നു സ്നേഹം കാണിച്ചു.

(പിണറായി-പാറപ്രം റോഡ്)

പിണറായി-പാറപ്രം റോഡില്‍ ഒരല്പം ഉയര്‍ന്ന പ്രദേശത്താണു സ്മാരകം സ്ഥിതിചെയ്യുന്നത്.അതു ഞങ്ങള്‍ക്ക് കാട്ടിത്തന്ന ശേഷം , നിങ്ങള്‍ വായനശാലയിലേക്ക് വന്നിട്ട് പോകൂ എന്ന് പറഞ്ഞ് അദ്ദേഹം പോയി.


അങ്ങനെ ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്മാരകത്തിലേക്ക് കയറി.ജീവനെപ്പോലും തൃണവല്‍ഗണിച്ച് ആ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവരെ ഒരു നിമിഷം ഞാനോര്‍ത്തു.എന്നെപ്പോലെയുള്ളവര്‍ ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ക്ക് ആ ധീരന്മാര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
(പിണറായി സമ്മേളന സ്മാരകം)

വളരെ മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ള ഈ കൊച്ചു സ്മാരകത്തില്‍ അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ എഴുതി വച്ചിട്ടുള്ള ഒരു ഫലകവുമുണ്ട്.

ഒരല്പം ചരിത്രം
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ തുടക്കമല്ല അന്ന് പിണറായിയില്‍ തുടങ്ങിയത്.ഇടതു ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതിയുമൊക്കെ അതിനും എത്രയോ മുന്‍‌പ് തന്നെ അന്നു മൂന്നു നാട്ടുരാജ്യങ്ങളായിരുന്ന കേരളത്തില്‍ വേരൂന്നി തുടങ്ങിയിരുന്നു.കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയ ‘സ്വദേശാഭിമാനി ‘രാമകൃഷ്ണപിള്ളയില്‍ നിന്നായിരുന്നു ഒരു തുടക്കം എന്നു വേണമെങ്കില്‍ പറയാം.പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ ‘കമ്യൂണിസ്റ്റ് ലീഗ്’ എന്നൊരു സംഘടനയും നേരത്തെ നിലവില്‍ വന്നിരുന്നു.അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കേരളത്തില്‍ സോഷ്യലിസ്റ്റ് ആശയഗതികളോടു താല്പര്യമുള്ളവരായിരുന്നു.കേരളത്തിനു വെളിയില്‍ പഠനം നടത്തി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ സ്വാധീനപ്പെട്ട കെ.ദാമോദരന്‍,എന്‍.ഇ ബാലറാം,പൊന്നറ ശ്രീധര്‍ തുടങ്ങിയവരും പി.കൃഷ്ണപിള്ളയേപ്പോലെയുള്ള ഉറച്ച കമ്യൂണിസ്റ്റുകളുടേയും സ്വാധീനം കോണ്‍ഗ്രസില്‍ വേരൂന്നി തുടങ്ങിയിരുന്നു.സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലായ ഇ.എം എസ് അവിടെ വച്ചാണു സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുന്നത്.അങ്ങനെ കെ.പി.സി.സിയിലെ നല്ലൊരു പങ്ക് നേതാക്കളും സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുകയും അതു 1934 ല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ക്ക് രൂപം നല്‍കുകയും ചെയ്തു.എന്നാല്‍ ഇങ്ങനെ പുതിയതായി രൂപം കൊണ്ട പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ തുടരുകയും അവിടെ നിന്നു കൊണ്ടു തന്നെ വലതു പക്ഷ ചിന്താഗതിക്കെതിരെ പോരാട്ടം തുടരുകയുമാണു ചെയ്തത്.

കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സോഷ്യലിസ്റ്റ് ആശയഗതിക്കാര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.ഇവരില്‍ തന്നെ കമ്യൂണിസ്റ്റുകാരായ ആള്‍ക്കാര്‍ ഉണ്ടായിരുന്നു.അവര്‍ പ്രത്യേകം ഗ്രൂപ്പുകളായി ആന്ധ്രയിലും മറ്റും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.സാമ്രാജ്യവിരുദ്ധ മുന്നണിയുടെ ഭാഗമായി അഖിലേന്ത്യാ തലത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.ഇരു പാര്‍ട്ടികളുടേയുംജനറല്‍ സെക്രട്ടറിമാരായിരുന്ന ജയപ്രകാശ് നാരായണനും ,പി.സി ജോഷിയും തമ്മില്‍ 1936ല്‍ ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു.കമ്യൂണിസ്റ്റുകാര്‍ കോണ്‍‌ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നു.ഈ സ്ഥിതിക്കാണു 1939ല്‍ പിണറായി സമ്മേളനത്തോടെ മാറ്റം വന്നത്.കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും അഖിലേന്ത്യാ കമ്യുണിസ്റ്റ് നേതാക്കന്മാരും തമ്മിലുണ്ടായിരുന്ന നിരന്തരര സമ്പര്‍ക്കം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള പിന്തുണ കേരളത്തില്‍ ഉണ്ടാക്കാനിടയായി.അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അവരില്‍ തന്നെ പ്രമുഖര്‍ കമ്യൂണിസ്റ്റുകാരുമായിരുന്നു.

അങ്ങനെ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ് 1937ല്‍ രൂപം കൊള്ളുന്നത്.അന്നത്തെ പാര്‍ട്ടിയുടെ കേന്ദ്രകമിറ്റി അംഗമായിരുന്നു എസ്.വി ഘാട്ടേയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത് നാലു പേരായിരുന്നു.പി.കൃഷ്ണപിള്ള, ഇ.എം.എസ്,കെ.ദാമോദരന്‍, എന്‍.സി.ശേഖര്‍.അങ്ങനെ ഔദ്യോഗികമായി ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് നിലവില്‍ വന്നെങ്കിലും ഇവരെല്ലാം തന്നെ കോണ്‍ഗ്രസിലും , കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്നു വന്നു.കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനാണു അങ്ങനെ ചെയ്തിരുന്നത്. കോഴിക്കോടു നിന്ന് ‘പ്രഭാതം’ പത്രം വീണ്ടും തുടങ്ങിയത് ഇങ്ങനെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഇടതുപക്ഷക്കാരാണ്.

(സ്മാരകത്തിനു മുന്നില്‍ ഞാന്‍)

അക്കാലത്താണു 1937 ല്‍ പ്രവിശ്യാ അസംബ്ലിയിലേക്ക തിരഞ്ഞെടുപ്പു നടക്കുകയും അന്നത്തെ മദ്രാസ് അടക്കമുള്ള അര ഡസനിലേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ ഉണ്ടാവുകയും ചെയ്തു.ഇ.എം.എസ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഇടതു ചായ്‌വുള്ള ഒരു പ്രകടന പത്രിക കോണ്‍ഗ്രസിനുണ്ടാകുന്നതില്‍ അക്കാലത്ത് കോണ്‍ഗ്രസിലെ ഇടതു പക്ഷക്കാര്‍ വിജയിച്ചു,എന്നാല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ നേതൃത്വം ഇടതു പക്ഷക്കാര്‍ക്ക അല്ലായിരുന്നു.അങ്ങനെ ഇടതു പക്ഷക്കാരും അല്ലാത്തവരുമായി നിരന്തരം ആശയ സമരങ്ങള്‍ ഉണ്ടാകാനിടയായി.കേരളത്തില്‍ അക്കാലത്ത് സജീവമായിരുന്ന കര്‍ഷക സംഘത്തിന്റെ ആവശ്യപ്രകാരം നിരന്തര ആവശ്യപ്രകാരം അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കുടിയാന്മ നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമിച്ച കുട്ടികൃഷ്ണന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഇ.എം.എസ് തന്റെ 28 ആമത്തെ വയസ്സില്‍ ആ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എഴുതിയ വിയോജനക്കുറിപ്പ് ഇന്നും ഒരു ചരിത്ര രേഖയാണു.അതിന്റെ കൂടി അടിസ്ഥാനത്തിലാണു പില്‍‌ക്കാലത്ത് ഭൂപരിഷകരണ നിയമം വന്നത്.

അങ്ങനെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്തു തന്നെ വ്യക്തമായ ഭിന്നതകള്‍ ഉണ്ടാവുകയും കമ്യൂണിസ്റ്റ് കാരായവര്‍ക്ക് മറ്റുള്ളവരുമായി യോജിച്ചു പോകാന്‍ സാധിക്കാതെ വരികയും ചെയ്തു.മറ്റു സംസ്ഥാനങ്ങള്‍ അത്തരക്കാര്‍ നേരത്തെ തന്നെ കമ്മ്യൂണിസ്റ്റുകാരായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ കേരളത്തില്‍ വിചിത്രമായ സംഗതിയാണു ഉണ്ടായത്.ഇവിടെ ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നതിനാല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ഒന്നാകെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറുകയാണു ഉണ്ടായത്.ആ പ്രഖ്യാപനമാണു 1939 ഡിസംബറില്‍ പിണറായിയിലെ പാറപ്രത്ത് ഉണ്ടായത്.അങ്ങനെ രൂപം കൊണ്ട കേരളത്തിലെ പാര്‍ട്ടിക്ക് ഈ വര്‍ഷം 70 വര്‍ഷം തികയുകയാണ്.

എന്തുകൊണ്ട് പിണറായി? ഒന്ന്, അക്കാലത്തെ പ്രമുഖ നേതാവായിരുന്ന എന്‍.ഇ ബാലറാം പിണറായിക്കാരനായിരുന്നു എന്നത്.കര്‍ഷക സംഘത്തിനും പാര്‍ട്ടിക്കും നല്ല സ്വാധീനമുള്ള പ്രദേശം.പിന്നെ ഉള്‍നാടന്‍ ഗ്രാമമായിരുന്നതിനാല്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് സമ്മേളനം നടത്താനുള്ള സൌകര്യം.ഇതൊക്കെയാവാം അത്തരമൊരു കുഗ്രാമത്തില്‍ തന്നെ രഹസ്യ സമ്മേളനം നടത്താന്‍ കാരണം.

പാറപ്രത്തെ ‘വിവേകാനന്ദാ വായനശാല’യിലാണു അന്നവിടെ വന്നവര്‍ ആദ്യം എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് അതീവ രഹസ്യമായി വടവതി അമ്പുക്കുട്ടി എന്ന കര്‍ഷകന്റെ വീട്ടിലേക്ക് അംഗങ്ങളെ എത്തിച്ചു.ആ വീട്ടുമുറ്റത്താണു കേരളത്തിന്റെ പില്‍‌ക്കാല ചരിത്രം മാറ്റി മറിച്ച അതി പ്രധാനമായ സമ്മേളനം നടന്നത്.അന്നതില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കു പോലും എന്തു സമ്മേളനം ആണു നടക്കുന്നത് എന്നറിയില്ലായിരുന്നു.ഭാരതമൊട്ടാകെ കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്.

അതോടു കൂടി ഫലത്തില്‍ ഇടതുപക്ഷത്തിനു വന്‍ മേധാവിത്വം ഉണ്ടായിരുന്ന കെ.പി.സി.സിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തില്‍ ദുര്‍ബലമായിത്തീരുകയാണുണ്ടായത്.

സമ്മേളനത്തിന്റെ തീയതി എന്നായിരുന്നു എന്നതിനു കൃത്യമായ രേഖകള്‍ ഇല്ല. ഡിസംബര്‍ മാസത്തിലെ 20 നും 30 നും ഇടക്കൊരു ദിവസമെന്നാണു പ്രമുഖ ചരിത്രകാരനായ കെ.കെ.എന്‍ കുറുപ്പ് എനിക്കു തന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.സമ്മേളന സ്മാരകത്തിലും 1939 ഡിസംബറില്‍ എന്നു മാത്രമേ കാണാനാവൂ.

മടക്കം
(വായനശാല-പുതിയ കെട്ടിടം)

സ്മാരകം കണ്ടശേഷം ഞങ്ങള്‍ കുന്നിറങ്ങി താഴെയുള്ള ‘എ.കെ.ജി.സ്മാരക വായനശാല’യുടെ പുതിയ കെട്ടിടത്തില്‍ ചെന്നു.തൊട്ടടുത്ത് തന്നെ പഴയ കെട്ടിടം.എത്രയോ കഥകള്‍ പറയാനുണ്ടാവും ഈ വായനശാലക്ക്.ഒന്നിനും വേണ്ടിയല്ലാതെ ഇറങ്ങിത്തിരിച്ച ഒരു പിടി നല്ല ആള്‍ക്കാരുടെ പാദസ്പര്‍ശം ഏറ്റ മണ്ണാണു.ചരിത്രം ഇവിടെ ഉയിര്‍ത്തെഴുനേല്‍ക്കുന്നു.പുതിയ തലമുറക്കു നല്‍‌കാന്‍ ഒരു പിടി പോരാട്ടങ്ങളുടെ കഥകളുമായി.

അവിടെ കണ്ട പിണറായിക്കാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറി.അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.പിണറായി എത്തി എന്റെ സുഹൃത്തും ബ്ലോഗറുമായി വിജി പിണറായിയുടെ വീട്ടില്‍ കയറി.ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം നിറഞ്ഞ ആഥിത്യം ഞങ്ങള്‍ സ്വീകരിച്ചു.

‘പിണറായി വിജയന്‍ സഖാവിന്റെ വീടു കാണാന്‍ പോയാല്‍ തല്ലു കിട്ടുമോ?” എന്റെ ചോദ്യം കേട്ട് വിജിയുടെ അച്ഛന്‍ ഉറക്കെ ചിരിച്ചു.പിണറായി വിജയന്റെ വീട്ടിലേക്കുള്ള വഴി അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു.ഞങ്ങള്‍ മടങ്ങി.തൊട്ടടുത്ത ബസ്‌സ്റ്റോപ്പില്‍ നിന്നു അല്പം വലത്തേക്ക് കയറി പിണറായി വിജയന്റെ വീട് “ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

(പിണറായിയോട് വിട)

തിരികെ മടങ്ങുമ്പോള്‍ സന്ധ്യയായിരുന്നു.പോരാട്ടാത്തിന്റെ നാള്‍വഴികളിലെ ഒരു പ്രമുഖസ്ഥലം കണ്ട് മടങ്ങുമ്പോള്‍ നമുക്കു മുന്നേ പറന്നു പോയ ആ പക്ഷികളെ ഞാനോര്‍ത്തു.കൂടണയാന്‍ വെമ്പലുകൂട്ടുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ഞാന്‍ മധുവിനോട് പറഞ്ഞൂ;

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ”
*********

(നന്ദി:എന്റെ സുഹൃത്ത് വിജി പിണറായി എടുത്ത ചില ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍ അനുവാദം തന്ന ആ നല്ല മനസ്സിനു)

അവലംബം:1:“ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം (1920-1998)“ - ഇ.എം.എസ്

2:മറ്റു പ്രസിദ്ധികരണങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍ പലപ്പോളായി വന്ന കുറിപ്പുകള്‍.

Sunday, December 20, 2009

സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!


ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.

മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂ‍ടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..

മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.

മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍ കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍‌പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍‌ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്‍കുന്നതില്‍ ഏറ്റവും മുന്‍‌പതിയില്‍ നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍‌കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോ‍ര്‍ക്കിന്റേയും വ്യവസായ പ്രമുഖന്‍ രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്‍‌ഡ്യാവിഷന്‍ വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്‍‌പര്യങ്ങള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.

സി.പി.ഐ എം തമിഴ്‌നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര്‍ വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.


ഇടത്ത് : ഡബ്ല്യൂ.ആര്‍ വരദരാജന്‍

ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍‌വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വ‌കലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില്‍ ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന്‍ കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്‍,സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)

ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കാ‍യി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.


(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)

സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി

ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍

----------------------------------


(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍‌കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്‍)

സദസ്സിന്റെ ഒരു ഭാഗം

ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാ‍ധ്യമപ്പട വളഞ്ഞപ്പോള്‍

എ.കെജിയും ഇ.എം.എസും

ചിത്രപ്രദര്‍‌ശനത്തിലെ ചില ചിത്രങ്ങള്‍ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം

വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി

സ:ഇ.എം എസും സ:പിണറായി വിജയനും


കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.

(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)

Thursday, December 17, 2009

ഈ മനുഷ്യനെ മറന്നുവോ?


അങ്ങനെ ഒരു ഡിസംബര്‍ 16 കൂടി കടന്നു പോയി.ഇന്നേക്ക് 57 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡിസംബര്‍ 16 നു, കൃത്യമായി പറഞ്ഞാല്‍ 1952, ഡിസംബര്‍ 15 പാതിരാത്രി കഴിഞ്ഞ് ,ആണു ഈ ഫോട്ടോയില്‍ കാണുന്ന മനുഷ്യന്‍ മരണമടഞ്ഞത്.അതു വെറുമൊരു മരണമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന്റെ ഭാഗമായി 58 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴ്പ്പെടുകയായിരുന്നു.തെലുഗു സംസാരിക്കുന്ന ആള്‍ക്കാര്‍ക്കു വേണ്ടി അവര്‍ ജീവിക്കുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത് ആന്ധ്രാ സംസ്ഥാനം രൂപികരിക്കണം എന്ന ആവശ്യമുന്നയിച്ച് അന്നത്തെ മദ്രാസില്‍ നിരാഹാരം അനുഷ്ഠിച്ച് മരണത്തെ പുല്‍‌കിയ പോറ്റി ശ്രീരാമുലു ആണു ഈ മഹാനായ പോരാളി.

ഭാരതത്തിന്റെ പൊളിറ്റിക്കല്‍ മാപ്പ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ ആയതിനു പിന്നില്‍ പോറ്റി ശ്രീരാമുലുവിന്റെ നിശ്ചയ ദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു എന്ന് തീര്‍ച്ചയായും പറയാം.1952 ഒക്ടോബര്‍ 19 നു മദ്രാസില്‍ തുടങ്ങിയ നിരാഹാരം ജവഹര്‍ലാല്‍ നെഹൃവിനെപ്പോലെയുള്ളവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.തുടര്‍ച്ചയായി 58 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.മഹത്തായ ഒരു ആത്മത്യാഗത്തിന്റെ കഥയാണത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനു ഏറ്റവും പ്രയത്നിച്ചത് സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ ആയിരുന്നു.’ഉരുക്കു മനുഷ്യന്‍ “ എന്നദ്ദേഹം അറിയപ്പെടാന്‍ കാരണവും അതുതന്നെ.എന്നാല്‍ 1950 ല്‍ പട്ടേലിന്റെ മരണത്തിനു ശേഷം ഭാരതത്തിന്റെ പുന:സംഘടന എപ്രകാരമായിരിക്കണമെന്നതിനെ പറ്റി പൊതുവായ അഭിപ്രായം രൂപപ്പെട്ടിരുന്നില്ല.1920 കളില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് ഭാഷയുടെ അടിസ്ഥാനത്തിലുള്ള നാട്ടുരാജ്യങ്ങളുടെ ഏകീകരണം ആയിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം നെഹൃ അതിനോട് മനസ്സുകൊണ്ട് യോജിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകാം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.അതേ സമയം പല പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടണമെന്ന ആഗ്രഹക്കാരായിരുന്നു.

അതില്‍ തന്നെ ഏറ്റവും പ്രബലം തെലുഗു സംസാരിക്കുന്നവരുടെ ഇടയില്‍ നിന്നായിരുന്നു.അതിനു ശക്തി കൂടുതലുണ്ടായി.കാരണം ഹിന്ദി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു.ബ്രിട്ടീഷ് കാലത്തു തന്നെ തെലുഗു ആള്‍ക്കാര്‍ അവരുടെ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കുന്നതിലും തെലുഗു സംസാരിക്കുന്നവരെ ഒന്നിച്ചു നിര്‍ത്തുന്നതിലും മുന്നിലായിരുന്നു.‘ആന്ധ്രാ മഹാസഭ’യുടെ നേതൃത്വത്തില്‍ നടന്ന വിവിധങ്ങളായ സമര മുറകള്‍ ഫലിക്കാതെ വന്നപ്പോളാണു അവസാനം പോറ്റിശ്രീരാമുലു നിരാഹാരം തുടങ്ങിയത്.നെഹൃവും , അതുപോലെ മദ്രാസില്‍ സി.രാജഗോപാലാചാരിയും ഈ ആവശ്യത്തെ ആദ്യം മുതല്‍ അവഗണിച്ചതുകൊണ്ടാണു സമരം നീണ്ടു പോയതും അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതും.മദ്രാസ് കേന്ദ്രമായി ആന്ധ്ര രൂപികരിക്കണം എന്നതായിരുന്നു അവരുടെ വാദം.

റയില്‍‌വേയില്‍ സാനിട്ടേഷന്‍ എഞ്ചിനീയറായിരുന്ന പോറ്റി ശ്രീരമുലു,ആദ്യം മുതലേ പൊതു പ്രവര്‍ത്തന തല്പരനായിരുന്നു.ഉപ്പു സത്യാഗ്രത്തില്‍ പങ്കെടുക്കാനായി ജോലി രാജി വച്ച അദ്ദേഹം ഗാന്ധിജിയുടെ ശിഷ്യനായി മാറി.സബര്‍മതിയില്‍ ഏറെ നാള്‍ കഴിച്ചു കൂട്ടിയ അദ്ദേഹം ഗാന്ധിജിയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു.മദ്രാസിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1946ല്‍ അദ്ദേഹം ഒരു സത്യാഗ്രഹം നടത്തിയിരുന്നത് ഗാന്ധിജിയുടെ ഉപദേശപ്രകാരം പിന്‍‌വലിക്കുകയായിരുന്നു.

ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടിയുള്ള പോറ്റി ശ്രീരാമുലുവിന്റെ രക്ത സാക്ഷിത്വം മദ്രാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്‍ ജനമുന്നേറ്റത്തിനു കാരണമായി.ഇന്നത്തെ ആന്ധ്രയില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പട്ടണങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.അദ്ദേഹം മരിച്ച ദിവസം മുതല്‍ തുടര്‍ച്ചയായി പ്രക്ഷോഭങ്ങള്‍ ഉണ്ടായി.ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണു സമരങ്ങളില്‍ ഉണ്ടായത്.1952 ഡിസം.3 വരെ ഈ സമരത്തെ അവഗണിക്കുന്നു എന്ന് രാജഗോപാലാചാരിക്ക് കത്തെഴുതിയ നെഹൃവിനു ജനരോഷം കണ്ട് അനങ്ങാതിരിക്കാനായില്ല.അങ്ങനെ പോറ്റി ശ്രീരാമുലു മരിച്ച് 3 ദിവസം കഴിഞ്ഞ് ഡിസം 19 നു ആന്ധ്രാ സംസ്ഥാനം നിലവില്‍ വരുന്നതായി നെഹൃ പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് 1953 ഒക്ടോബര്‍ 1 നു കര്‍ണ്ണൂല്‍ തലസ്ഥാനമായി ആന്ധ്രാ എന്ന ആദ്യ ഇന്‍‌ഡ്യന്‍ സംസ്ഥാനം ഉണ്ടാകുകയും ചെയ്തു.പിന്നീട് തെലുഗു സംസാരിക്കുന്ന തെലുങ്കാന പ്രദേശങ്ങളും കൂടി ചേര്‍ത്ത് 1956 നവമ്പര്‍ 1 നു ഹൈദരാബാദ് തലസ്ഥാനമായി ഇപ്പോളത്തെ ആന്ധ്ര നിലവില്‍ വരികയും ചെയ്തു.അന്നേ ദിവസം തന്നെയാണു മലയാളികള്‍ക്ക് കേരളവും കന്നഡക്കാര്‍ക്ക് കര്‍ണ്ണാടകവും ഉണ്ടായത്.

ഭാഷ എന്നത് ഒരു സംസ്കാരമാണ്.തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നത് ഭാഷയിലൂടെയാണ്.പൂക്കളെ കൊരുത്ത് മാലയുണ്ടാക്കുന്ന ഒരു വള്ളിയുടെ റോളാണു ഭാഷക്കും ഉള്ളത്.സംസാരിക്കുന്നതു മാത്രമല്ല ഭാഷ.നമ്മുടെ ചിന്തകള്‍ക്കും ഭാഷയുണ്ട്.അതുകൊണ്ടാണു ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കാണുമ്പോള്‍ നമുക്ക് അത്യതികമായ ഒരു സന്തോഷം തോന്നുന്നത്.( അങ്ങനെ അല്ലാത്തവരും ഉണ്ടാകാം).ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്.
(തെലുങ്കാന, റായല്‍ സീമ,കോസ്റ്റല്‍ ആന്ധ്രാ-- ആന്ധ്രാപ്രദേശിന്റെ വിവിധ മേഖലകള്‍)

ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം എന്നത് മനസ്സുകളുടെ കൂടിച്ചേരലാണ്.ഒരേ സംസ്കാരം പേറുന്നവരുടെ യോജിപ്പ്.പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവര്‍ ശ്രമിച്ചത് അതിനായിട്ടായിരുന്നു. കേരളപ്പിറവിക്ക് എത്രയോ മുന്‍‌പ് തന്നെ “കേരളം - മലയാളികളുടെ മാതൃഭുമി” എന്നൊരു പുസ്തകം ദീര്‍ഘദര്‍ശിയായ ഇ.എം.എസ് രചിക്കുകയുണ്ടായി.അങ്ങനെയുള്ള എത്രയോ ആള്‍ക്കാരുടെ പരിശ്രമ ഫലമാണു ഇന്നു കാണുന്ന ഭാരതം. എന്നാല്‍ ഇന്നിപ്പോള്‍ ഒന്നായ മനസ്സുകളെ വേര്‍പെടുത്താനുള്ള ശ്രമങ്ങളാണു നടന്നു വരുന്നത്.കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി ഭരണം നടത്തുന്ന രാഷ്ടീയ നേതൃത്വങ്ങളുടെ പിടിപ്പുകേടുകളാണു ഇത്തരം പ്രാദേശിക പിന്നോക്കാവസ്ഥകള്‍ക്കും അതു വഴി ഉയര്‍ന്നു വരുന്ന വിഭജന വാദങ്ങള്‍ക്കും അടിസ്ഥാനം.ആദ്യകാലത്ത് ആന്ധ്രായുടെ ഭാഗമല്ലായിരുന്ന തെലങ്കാന പിന്നീട് അതിനോട് കൂട്ടി യോജിപ്പിക്കപ്പെട്ടത്,അന്നു തന്നെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ആ പ്രദേശത്തിന് പ്രത്യേക പരിഗണനകളും വികസന പദ്ധതികളും നല്‍കും എന്ന വാഗ്ദാനത്തിന്റെ പുറത്താണു.ആന്ധ്രായില്‍ ഏഴു വര്‍ഷം താമസിക്കുകയും ഗുണ്ടൂര്‍, ഹൈദരാബാദ്, കാക്കിനാഡ, തനുകു, സഹീറാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയും,അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും ചെയ്ത ഒരാളെന്ന നിലക്ക് തെലുങ്കാന പ്രദേശങ്ങളുടെ അതീവ ദയനീയമായ പിന്നോക്കാവസ്ഥ നേരില്‍ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്.ആന്ധ്രായിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അജഗജാന്തരമുണ്ട് പ്രദേശങ്ങള്‍ തമ്മില്‍. അന്നത്തെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നു തന്നെ നമുക്കു കാണാന്‍ കഴിയും.ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ നടപടികളാണു വിഭജന വാദത്തെ ക്ഷണിച്ചു വരുത്തുന്നത്.

എന്നാല്‍ വിഭജനം അതിനുള്ള പ്രതിവിധി ആണോ? മുതലെടുപ്പു രാഷ്ട്രീയത്തിന്റെ നാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.1950 കളില്‍ നെഹൃ കാണിച്ച അലംഭാവം ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടുമാറിയിട്ടില്ല.ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ ആറു പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങളാണോ ഇതൊക്കെ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരുന്ന ഭരണ വര്‍ഗം ഇന്നിപ്പോള്‍, മുട്ടനാടുകള്‍ ഇടി കൂടുമ്പോള്‍ ചോരകുടിക്കാന്‍ ചെന്ന കുറുക്കന്റെ അവസ്ഥയില്‍ എത്തിയിരിക്കുന്നു.രാജ്യമൊട്ടാകെ വിഭജന വാദം കൊടുമ്പിരി കൊള്ളുന്നു.

പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !

( ചിത്രങ്ങള്‍ക്ക് ഗൂഗിളിനു നന്ദി)

Wednesday, December 9, 2009

“കേരളാ കഫേ”യിലെ മെനു


റയില്‍‌വേ സ്റ്റേഷനുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ്.ജീവിതം തന്നെ ഒരു തീവണ്ടി യാത്ര പോലെ ആണെന്ന് പറയാറുണ്ട്.കാലത്തിനേയും ദേശത്തിനേയും അതിജീവിച്ചു കടന്നു പോകുന്ന വണ്ടിയിലെ യാത്രക്കാര്‍ നമ്മള്‍.ഏതൊക്കെയോ സ്റ്റേഷനുകളില്‍ നാം കയറുന്നു.ഇറങ്ങാനുള്ള സമയത്ത് ഇറങ്ങിപ്പോകുന്നു.വണ്ടി അനുസ്യൂതമായ യാത്ര തുടരുന്നു.ഈ യാത്രകളില്‍ നാം കണ്ടുമുട്ടുന്ന മുഖങ്ങള്‍ നിരവധിയാണ്.ഓരോരുത്തര്‍ക്കും അവനവന്റെ കഥയും കടമകളും ഉണ്ട്.റയില്‍‌വേ സ്റ്റേഷനുകളിലെ കഫേകള്‍ ആയാലോ?അവിടെയും നാം കണ്ടുമുട്ടുന്നത് ഇങ്ങനെ പലരേയും.ജീവിതമെന്ന ട്രയിന്‍ യാത്രയിലെ വിശ്രമവേളകളില്‍ കഫേകളില്‍ നാം കണ്ടുമുട്ടാനിടയുള്ള ഒരു പിടി മനുഷ്യരുടെ കഥയാണു “കേരളാ കഫേ”എന്ന ചിത്രം.


മുഖ്യധാരാ സിനിമകളില്‍ നിന്ന് അല്പം വഴിമാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രഞ്ജിത്ത് സാക്ഷാല്‍‌ക്കാരവും നിര്‍മ്മാണവും നിരവഹിച്ചിരിക്കുന്ന ഈ സിനിമയുടെ പ്രത്യേകത , ഇത് പത്തു ചെറിയ സിനിമകളുടെ ഒരു കൂട്ടായ്മ ആണു എന്നതാണ്.പത്തു സംവിധായകര്‍ ആണു ഈ ചെറു സിനിമകള്‍ ഓരോന്നു സംവിധാനം ചെയ്തിരിക്കുന്നത്.


‘കേരളാ കഫേ’യിലെ ചെറുചിത്രങ്ങളും അവയുടെ സംവിധായകരും താഴെപ്പറയുന്ന ക്രമത്തിലാണ്.


നൊസ്റ്റാള്‍ജിയ-പത്മകുമാര്‍

ഐലന്റ് എക്സ്‌പ്രസ്-ശങ്കര്‍ രാമകൃഷ്ണന്‍

ലളിതം ഹിരണ്‍‌മയം-ഷാജി കൈലാസ്

മൃത്യുഞ്ജയം-ഉദയ് അനന്തന്‍

ഹാപ്പി ജേണി-അഞ്ജലി മേനോന്‍

അവിരാമം-ബി.ഉണ്ണികൃഷ്ണന്‍

ഓഫ് സീസണ്‍-ശ്യാമ പ്രസാദ്

ബ്രിഡ്ജ്- അന്‍‌വര്‍ റഷീദ്

മകള്‍-രേവതി

പുറം കാഴ്ചകള്‍- ലാല്‍ ജോസ്

കേരള കഫേ എന്ന ഈ സങ്കലന ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.ഇഷ്ടപ്പെടാന്‍ ഉള്ള പ്രധാന കാരണം ഇതിന്റെ വ്യത്യസ്തത തന്നെയാണ്.ഇത്തരം ചില പരീക്ഷണങ്ങളാണു മലയാള സിനിമക്ക് ആവശ്യം.”പരുന്തും, മാടമ്പിയും” തകര്‍ത്താടുന്ന മലയാള സിനിമക്ക് നഷ്ടപ്പെട്ടു പോയ ഒരു സിനിമാ സംസ്കാരം തിരിച്ചു പിടിക്കാന്‍ ഉണ്ടാകുന്ന ഏതു ചെറിയ ശ്രമവും തിര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.ഇതിലെ ഓരോ സിനിമയും മനുഷ്യന്റെ വിവിധ അവസ്ഥകളെ നമുക്ക് കാട്ടിത്തരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ചും ഇന്നത്തെ ആഗോള സാമുഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ ജീവിക്കുന്ന മനുഷ്യന്റെ ആകുലതകളും, പ്രശ്നങ്ങളും, ചിന്തകളും, ജീവിതാവസ്ഥകളും ഓരോ ചിത്രത്തിലും ഉണ്ട്.

പ്രവാസി ആയിരിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ പ്രസംഗിക്കുകയും നാട്ടിലാകുമ്പോള്‍ നാടിനേയും വീടിനെയും വീട്ടുകാരേയും വില്‍‌ക്കാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയുടെ ദ്വന്ദ്വഭാവത്തിന്റെ നേര്‍ക്കാഴ്ചയുമായിട്ടാണു ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യ ചിത്രമായ ‘നൊസ്റ്റാള്‍ജിയാ”യില്‍ നമ്മുടെ മുന്നിലെത്തുന്നതെങ്കില്‍ , അവസാന ചിത്രമായ “പുറം കാഴ്ചകളി’ലെ ശ്രീനിവാസ കഥാപാത്രം നഷ്ടപ്രണയത്തിന്റെ ‘നൊസ്റ്റാള്‍ജിയ’മനസ്സിലേറ്റി നീറിക്കഴിയുന്ന പച്ച മനുഷ്യനാണ്.

ഈ നവസിനിമയിലെ എല്ലാ ചിത്രങ്ങളും അത്യുന്നത നിലവാരം ഉള്ളവയാണെന്ന് ഞാന്‍ പറയുന്നില്ല.ശങ്കര്‍ രാമകൃഷ്ണന്റെ “ഐലന്റ് എക്സ്‌പ്രസ് ‘ ഒരു ഡോക്കുമെന്ററിയുടെ നിലവാരത്തില്‍ നിന്നു മാറിയിട്ടില്ല എന്നു വേണം പറയാന്‍.അതുപോലെ ഫാന്റസിയും, ഫാന്റസി യുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന പുതുതലമുറയുടേയും കഥ പറയുന്ന ‘മൃത്യുഞ്ജയം’മുന്നോട്ടു വക്കുന്ന ആശയവും എനിക്ക് ഇഷ്ടപ്പെട്ടുമില്ല.എങ്കിലും മനുഷ്യന്റെ അജ്ഞതയെ ചൂഴ്ന്ന് തിന്ന് ജീവിക്കുന്ന പ്രബലമായ ഒരു വിഭാഗത്തെക്കൂടി, വ്യത്യസ്ത മനുഷ്യരിലൊരാളായി അവതരിപ്പിച്ചതില്‍ സംവിധായകനും രഞ്ജിത്തിനും അഭിമാനിക്കാം.

ഈ പത്തു ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി എനിക്കു തോന്നിയത് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത “ബ്രിഡ്ജ്’ ആണ്.

ആരും അനാഥരായി ജനിക്കുന്നില്ല.ജീവിതപ്പാതകളില്‍ ഒരു വേളയില്‍ അവര്‍ മറ്റുള്ളവരാല്‍ അനാഥരാക്കപ്പെടുകയാണ്.തെരുവില്‍ വലിച്ചെറിയപ്പെടുന്ന ഒരു പൂച്ചക്കുട്ടി ആയാലും, ഒരു മനുഷ്യ സ്ത്രീ‍ ആയാലും അവരുടെ അവസ്ഥ ഒന്നു തന്നെആയി മാറുന്നു.സ്നേഹം മാത്രമാണു അവരെന്നും കൊതിക്കുന്നത്.ഒന്നിനും വേണ്ടിയല്ലാതെ പൂച്ചക്കുട്ടിയെ സ്നേഹിക്കുന്ന കൊച്ചുകുട്ടി.പൂച്ചകളെ വെറുക്കുന്ന പിതാവു അവനില്‍ നിന്നു പൂച്ചക്കുട്ടിയെ അടര്‍ത്തിമാറ്റുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന അവനറിയുന്നു.പടികള്‍ കയറി തിരികെ വരുന്ന പൂച്ചക്കുട്ടിയുടെ ഉള്ളിലും സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടാവില്ലേ? ചോട്ടാമുംബൈയും, രാജമാണിക്യവും ഒക്കെ എടുത്ത അന്‍‌വര്‍ റഷീദ് തന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകും.അത്ര മനോഹരമായിട്ടുണ്ട് ഇതിലെ ഓരോ ഇമേജറിയും.സലിംകുമാറിനേയും ശാന്താ ദേവിയേയും വച്ച് അന്‍‌വര്‍ റഷീദ് എടുത്ത ഈ ചിത്രം അതി മനോഹരമായ ഒരു ചെറുകഥ വായിക്കുന്ന സുഖം നല്‍കുന്നതാണ്.ജീവിത പ്രാരാബ്ധങ്ങളാണു സലീംകുമാറിന്റെ കഥാപാത്രത്തെക്കൊണ്ട് സ്വന്തം അമ്മയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.അതിനെ വേദന മുഴുവന്‍ പ്രതിഫലിപ്പിപ്പിക്കാന്‍ സലിംകുമാറിനു കഴിഞ്ഞിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.മഴയുടെ ഈറനും മനുഷ്യന്റെ കണ്ണു നീരിന്റെ നനവും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണിത്.

അതുപോലെ മറ്റൊരു വ്യത്യസ്തമായ ചിത്രമാണു ലാല്‍ജോസിന്റെ “പുറംകാഴ്ചകള്‍”.നേരത്തെ പറഞ്ഞ പോലെ നഷ്ടപ്രണയത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്ന ശ്രീനികഥാപാത്രത്തിനും,ജീവിതം ആസ്വദിക്കുന്ന പുതു തലമുറയുടെ അടിപൊളി ജീവിതത്തിനും ഇടയിലെവിടെയോ ആണു യഥാര്‍ത്ഥജീവിതം എന്ന സത്യം ഒരു ചെറിയ ബസ് യാത്രയിലെ സംഭവങ്ങളിലൂടെ ലാല്‍ജോസ് നമുക്ക് കാട്ടിത്തരുന്നു.മമ്മൂട്ടിയുടെ ശക്തമായ ഒരു കഥാപാത്രമാണു ഈ സിനിമയിലുള്ളത്.അതിന്റെ മുഴുവന്‍ വികാരങ്ങളും ഉള്‍ക്കൊണ്ട് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു.കേരളാ കഫേയിലെ അവസാന ചിത്രം ഇതാണ്.ഒരു പക്ഷേ അതു വരെ സിനിമയുടെ മായാ ലോകത്ത് ഇരിക്കുന്ന പ്രേക്ഷകരെ തിയേറ്ററിനു വെളിയിലുള്ള യഥാര്‍ത്ഥമായ ‘പുറംകാഴ്ചകളി’ലേക്കു നയിക്കുക കൂടിയാണു അബോധമായിട്ടെങ്കിലും രഞ്ജിത് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

പ്രസക്തമായ മറ്റു രണ്ട് ചിത്രങ്ങളാണു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത “ഹാപ്പി ജേണി’യും, രേവതി സംവിധാനം ചെയ്ത “മകള്‍” എന്ന സിനിമയും.രണ്ടും സ്ത്രീപക്ഷത്തു നിന്നു ചെയ്തിട്ടുള്ള സിനിമകളാണ്.ഇതില്‍ ‘ഹാപ്പി ജേണി‘ ജഗതിയുടെ അഭിനയമികവുമൂലം കൂടിയാണു ശ്രദ്ധ ആകര്‍ഷിക്കുന്നത്.സാധാരണയായി സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മള്‍ സിനിമയില്‍ കാണാറുണ്ടെങ്കിലും അതിനൊരു പ്രതിവിധി എന്തെന്ന് ആരും തിരയാറില്ല.പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഞ്ജലി മേനോനും അതു മുന്നോട്ടു വയ്ക്കുന്നില്ലെങ്കിലും ഈ ചിത്രത്തിലെ നായിക പരാജയപ്പെടുന്നവളല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളെ സ്വന്തം വിവേചന‍ ബുദ്ധി ഉപയോഗിച്ച് നേരിടുന്നവളാണ്.അതിലവള്‍ വിജയിക്കുമ്പോള്‍ ദൃംഷ്ടകള്‍ നീട്ടി നില്‍ക്കുന്ന പുരുഷാധിപത്യം അവള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.ഇത്തരം സ്ത്രീകളെ ആണു നമുക്ക് ആവശ്യം.രേവതിയുടെ ‘മകളും’ പ്രമേയത്തിലെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായെങ്കിലും അവതരണത്തിലെ പുതുമയില്ലായ്‌മയും സ്ഥിരം കാണുന്ന ഇമേജറികളും കൊണ്ട് വ്യത്യസ്തമായ ഒരു അനുഭവ തലം സമ്മാനിച്ചില്ല.ഈ ചിത്രത്തില്‍ “സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ” എന്നൊരു പരോക്ഷമായ സന്ദേശവും സംവിധായക നല്‍കുന്നു.

ബി.ഉണ്ണികൃഷ്ണന്റെ ‘അവിരാമം” മുതലാളിത്തം അല്പാല്പമായി കടിച്ചുകീറി തിന്നു കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്.സാമ്പത്തിക മാന്ദ്യം തകത്തെറിയുന്ന കുടുംബങ്ങളുടെ ഒരു നഖചിത്രം ഇതില്‍ കാണാം.

തട്ടുപൊളിപ്പന്‍ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസിന്റെ ‘ലളിതം ഹിരണ്‍‌മയം’മറ്റൊരു മനുഷ്യാവസ്ഥയെ കാട്ടിത്തരുന്നു.അദ്ദേഹത്തിന്റെ ഉള്ളിലും ചില സ്പാര്‍ക്കുകള്‍ ഉണ്ടെന്ന് ഈ ചിത്രം ബോധ്യപ്പെടുത്തുന്നു.സ്നേഹിക്കുന്നത് തെറ്റാണോ? വെറുക്കുന്നതല്ലേ തെറ്റ് “ എന്നൊരു ചോദ്യം പ്രേഷകരുടെ മുന്നില്‍ ഉയര്‍ത്തിയാണു ഈ ചിത്രവും അവസാനിക്കുന്നത്.

ശ്യാമപ്രസാദിന്റെ “ഓഫ് സീസണ്‍’ കാട്ടിത്തരുന്നത് ലോകത്തെല്ലാം മനുഷ്യന്റെ അവസ്ഥ ഒന്നു തന്നെ എന്നതാണ്.സഹവര്‍ത്തിത്വം എങ്ങനെ പുരോഗതിയുടെ ചുണ്ടുപലകയാകുമെന്നും ഈ ചെറിയ ചിത്രം സൂചന നല്‍‌കുന്നു.

കേരളാകഫേയിലെ മെനു തീര്‍ച്ചയായും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസദായകമാണ്.പ്രതിഭയുടെ ഒരു മിന്നലാട്ടം.അതു മതി.ബാക്കി പുറകേ വന്നുകൊള്ളും.രഞ്ജിത്തിനും, അന്‍‌വര്‍ റഷീദിനും,ലാല്‍ ജോസിനും ഒക്കെ വന്നിരിക്കുന്ന മാറ്റങ്ങള്‍ പോലും ശുഭസൂചകങ്ങളാണ്.സാധാരണ സിനിമ ഒരു വലിയ നോവലാണെങ്കില്‍ കേരള കഫേ ചെറുകഥകളുടെ ഒരു സമാഹാരമാണു.ഓരോന്നിലും ഓരോ വികാരങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടുന്നു. ജിവിത സത്യങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെടുന്നു.മനുഷ്യജീവിതത്തിലെ വിഹ്വലതകളും, പ്രത്യാശകളും ,അനിശ്ചിതത്വങ്ങളും പ്രേക്ഷകമനസ്സുകളിലെത്തിക്കുന്നതില്‍ ഈ നല്ല ചിത്രം വിജയിച്ചിരിക്കുന്നു എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍.

രഞ്ജിത്തിനും കൂട്ടുകാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!നിങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു!(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

Thursday, November 19, 2009

ആഗോളവൽ‌ക്കരണം!!!മഹാബലിപുരത്തു നിന്നുള്ള ഒരു കാഴ്ച

Friday, October 30, 2009

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.

അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘വെല്ലുവിളി’കളെ എറ്റെടുക്കാൻ യുദ്ധസജ്ജരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.പുരോഗതിയിൽ നിന്നു പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നു.

“ഇൻ‌ഡ്യ തിളങ്ങുന്നു”.....എവിടെ?

ഇതാ ഈ തമിഴകത്ത്....നമ്മുടെ തൊട്ടയൽ‌പക്കത്ത്..

എങ്ങനെ?

ദാ, ഈ വാർത്ത കാണൂ.ഒക്ടോബർ 29ലെ മലയാള മനോരമയുടെ ചെന്നൈ എഡിഷനിൽ വന്ന വന്നത് ഇതാണ്.
വാർത്ത മുഴുവനായി വായിക്കാൻ ഈ ലിങ്ക് നോക്കുക.

ഇതേ വാർത്ത “ദി ഹിന്ദു ‘ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഇവിടെ കാണാം.


തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ചെട്ടികുളം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 27 നു ദളിതർ ആദ്യമായി പ്രവേശിച്ച വാർത്തയാണു ഇത്.നൂറോളം വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ ക്ഷേത്രത്തിൽ പ്രവേശനത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.സെപ്റ്റംബർ 30 നും ഒക്ടോബർ 14 നും ക്ഷേത്രപ്രവേശനം നടത്താനുള്ള “തീണ്ടാമൈ ഒഴിപ്പ് മുന്നണി’യുടെ ശ്രമങ്ങൾ പോലീസ് വെടിവയ്പ്പിലായിരുന്നു കലാശിച്ചത്.മുന്നോക്ക ജാതിക്കാരുടെ എതിർപ്പായിരുന്നു അതിനു പ്രധാന കാരണം.(‘ഹിന്ദു’വിൽ വന്ന ആ വാർത്ത ഇവിടെ കാണുക).സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ക്ഷേത്ര പ്രവേശനം.

കേരളത്തിനോട് അല്പം കൂടി അടുത്ത മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിൽ രണ്ടു സമുദയങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുണ്ടായിരുന്ന വാർത്ത പലരും അറിഞ്ഞിരിക്കാൻ ഇടയുണ്ട്.ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിലുണ്ടായിരുന്ന മതിൽ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ തകർക്കപ്പെടുകയായിരുന്നു.അന്നും അതിനു നേതൃത്വം കൊടുത്തത് സി.പി.എം ആയിരുന്നു.ആ സംഭവത്തെ പറ്റിയുള്ള വിശദമായ വാർത്ത വായിക്കാൻ ഈ ലിങ്ക് കാണുക.

കോൺഗ്രസും ദ്രാവിഡ കക്ഷികളും മാറി മാറി ഭരിച്ച തമിഴ്‌നാടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.

ആന്ധ്രാപ്രദേശിലും ഇതു തന്നെ സ്ഥിതി.അവിടെ ഇപ്പൊളും പിന്നോക്ക ദളിത് ജാതിക്കാരുടെ വീടുകൾ ഗ്രാമത്തിനു പുറത്തോ അല്ലെങ്കിൽ ഗ്രാമത്തിന്റെ ഏറ്റവും അവസാന ഭാഗത്തോ ആണ്.ഞാൻ ആന്ധ്രയിലുണ്ടായിരുന്ന കാലത്ത് വിശാഖപട്ടണം ജില്ലയിൽ പൊതു കിണറിൽ നിന്ന് വെള്ളമെടുത്തതിനു ഒരു താഴ്ന്ന ജാതിക്കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.അന്നു വിവരസാങ്കേതിക വിദ്വാൻ ശ്രീ ചന്ദ്രബാബു നായിഡു ആയിരുന്നു മുഖ്യ മന്ത്രി.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ‘കൊട്ടിഘോഷിക്കപ്പെടുന്ന” നേട്ടങ്ങളുടെ മറുപുറമാണു ഇവിടെ കൊടുത്ത പത്രവാർത്തകളിൽ കാണുന്നത്.സ്വാതന്ത്ര്യം കിട്ടിയിട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.രാജ്യം വൻ‌ശക്തിയാകാൻ തയാറായിക്കഴിഞ്ഞു എന്ന് മാറി മാറി വന്ന ഭാരത സർക്കാരുകൾ നമ്മെ അനുദിനം ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പോളൂം ഇരുളടഞ്ഞ ഇൻഡ്യൻ ഗ്രാമങ്ങളിൽ എന്തു നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണു നാഗപട്ടണം സംഭവം നമുക്ക് കാട്ടിത്തരുന്നത്.ജാതിയുടെയും മതത്തിന്റേയും പേരിലുള്ള തീണ്ടലും തൊടീലും ഇപ്പോളും ഒരു യാഥാർത്ഥ്യം തന്നെയായി അവശേഷിക്കുന്നു.മനുഷ്യനായി ജനിച്ചെങ്കിലും മൃഗമായി, അടിമയായി ജീവിക്കേണ്ടി വരുന്ന നഗ്ന യാഥാർത്ഥ്യം.ഇവരുടെ മുന്നിലാണു നാം വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പങ്കു വയ്ക്കുന്നത്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു സമൂഹം എന്നാണു നമുക്കുണ്ടാവുക?വിവേകാനന്ദൻ ഒരിക്കൽ കേരളത്തെ വിശേഷിപ്പിച്ചത് “ഭ്രാന്താലയം “ എന്നായിരുന്നെങ്കിൽ വീണ്ടും അത്തരം ഒരു ഭ്രാന്താലയം സൃഷ്ടിക്കാൻ ജാതി മത ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.അന്നു ജാതി മത സവണ്ണ മേധാവിത്വത്തിന്റെ മുഖത്തു നോക്കി “ഞാനൊരു ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത്” എന്നു പറയാൻ നമുക്കൊരു ശ്രീനാരായണ ഗുരു ഉണ്ടായി.ജാതി വ്യവസ്ഥയുടെ അടിവേരാണ് ആ ഒറ്റ ഉത്തരത്തിലൂടെ നാരായണ ഗുരു പിഴുതെടുത്തത്.പിന്നീട് ഇടതു പക്ഷം അതിന്റെ തുടർച്ച ഏറ്റെടുത്തു.ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനു മുന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിച്ച് മണിയടിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ ചില്ലറയല്ല.എന്തിനധികം, വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഒത്തു തീർപ്പിനായി എത്തിയ ഗാന്ധിജിയെ അന്നത്തെ ജന്മിയായിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ പടിപ്പുരക്കു വെളിയിൽ മുറ്റത്താണു ഇരുത്തിയത്.എന്നിട്ട് സ്വയം പടിപ്പുരയിൽ കസേരയിലും ഉപവിഷ്ടനായി.ഗാന്ധിജി താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതായിരുന്നു കാരണം.ഇണ്ടന്തുരുത്തി മന ഇരുന്ന സ്ഥലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആഫീസ് ആണെന്നത് ചരിത്രത്തിന്റെ തമാശകളിൽ ഒന്ന്!ഇത്തരം കയ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണു ഇന്നത്തെ കേരളം ഉണ്ടായത്.ഈ ചരിത്രത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണു നമ്മൾ ജാഗരൂകരാകേണ്ടത്!

കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇപ്പോളും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കേണ്ടി വരുന്ന ഒരു സമൂഹവും എല്ലാം കൈയടക്കി വച്ചിരിക്കുന്ന ഒരു ചെറു വിഭാഗവും.ഈ അസമത്വങ്ങൾ മാറാതെ എന്തു നേട്ടങ്ങൾ ഉണ്ടായിട്ട് എന്ത് ഫലം?സിരകളിൽ ഒരേ ചോര ഒഴുകുന്ന ഒരേ വികാര വിചാരങ്ങൾ ഉള്ള ജീവി വർഗ്ഗങ്ങളിൽ, തമ്മിൽ തമ്മിൽ അകറ്റി നിർത്തുന്നത് മനുഷ്യൻ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.അറുപതാണ്ടുകൾ മാറി മാ‍റി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!

ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസക്തമായ രണ്ടു പോസ്റ്റുകൾ കൂടി കാണുക

1:തമിഴകം വാഴും ജാതിപിശാച്
2:അയിത്ത ഗ്രാമം സമരം അറസ്റ്റ്

Sunday, October 25, 2009

‘ബൂലോക‘ത്തിനു ഒരു അംഗീകാരം

കലാകൌമുദിയുടെ 1780ആം ലക്കത്തിലൂടെ ശ്രീ യേശുദാസ് നടത്തിയ ഒരു വെളിപ്പെടുത്തലിനെ അധികരിച്ച് “യേശുദാസ് പറഞ്ഞ റിയാലിറ്റി” എന്നൊരു പോസ്റ്റ് ഞാൻ പ്രസിദ്ധീകരിച്ചിരുന്നു.

ആ പോസ്റ്റ് പ്രസിദ്ധികരിക്കുമ്പോൾ ഞാൻ മനസ്സിൽ പോലും വിചാരിക്കാതിരുന്നത്ര വായനയും പ്രതികരണങ്ങളുമാണു അതിനു ലഭിച്ചത്.ഏതാണ്ട് രണ്ടായിരത്തോളം പേർ ഇതിനകം ആ ലേഖനം വായിച്ചു കഴിഞ്ഞതായാണ് എനിക്ക് മനസ്സിലാവുന്നത്.നല്ല രീതിയിലുള്ള പ്രതികരണങ്ങളും പലരും നടത്തി.

ആ ചർച്ചയെക്കുറിച്ച് കേരള കൌമുദി പ്രസിദ്ധീകരണമായ കൌമുദി പ്ലസിൽ ഇന്ന് ഒരു വാർത്ത വന്നിട്ടുണ്ട്.

അത് താഴെ കൊടുക്കുന്നു.
ഇത് ബൂലോകത്തിനു കിട്ടുന്ന അംഗീകാരമായി ഞാൻ കരുതുന്നു.എഴുത്തുകാരനും പ്രസാധകനും എഡിറ്ററും എല്ലാം ഒരാളാകുന്ന ബ്ലോഗിന്റെ ലോകത്ത് വായനക്കാരന് അനല്പമായ പ്രസക്തിയാണുള്ളത്.പ്രതികരണങ്ങൾ അപ്പപ്പോൾ ലഭിക്കുന്ന മറ്റൊരു മാധ്യമവുമില്ല.ഒരു പക്ഷേ യേശുദാസുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കലാകൌമുദിക്കുപോലും വായനക്കാരുടെ പ്രതികരണമറിയാൻ കാത്തിരിക്കേണ്ടി വരുന്നു എന്നിടത്താണു ബ്ലോഗ് വിജയിക്കുന്നത്.അതുകൊണ്ടാണു ബ്ലോഗ് നാളെയുടെ മാധ്യമം എന്ന് പറയുന്നതും.


ബ്ലോഗിന്റെ സാധ്യതകൾ അനന്തമാണ്.സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ രൂപമായി മലയാളം ബ്ലോഗുകൾ മാറണമെന്നാനു എന്റെ ആഗ്രഹം.പല വിഷയങ്ങളെക്കുറിച്ചും ഇപ്പോൾ തന്നെ ഗൌരവമായ ചർച്ചകൾ ബൂലോകത്തു നടക്കുന്നുണ്ട്.ചിലതൊക്കെ മറ്റു പ്രിന്റ്-വിഷ്വൽ മീഡിയാകളിൽ വരുന്നതിലും ഭംഗിയായിത്തന്നെ.ഉദാഹരണത്തിനു ലാവ്‌ലിൻ വിഷയത്തിൽ അങ്കിളിന്റെ ബ്ലോഗിൽ നടന്ന ചർച്ച.അതു പോലൊരെണ്ണം നമ്മുടെ പ്രിന്റ് മീഡിയായിൽ ഒന്നും വന്നു കണ്ടില്ല.

ഈ ചെറിയ വാർത്ത ബൂലോകത്ത് ഉള്ളവർക്കെല്ലാമുള്ള ഒരു അംഗീകാരമാണ്.സാർത്ഥകമായ ചർച്ചകളിലൂടെ ഓരോ വിഷയത്തിലും ഇടപെടുന്ന ഓരോരുത്തർക്കും അതിനുള്ള അവകാശമുണ്ട്.ഈ സന്തോഷം എല്ലാവരുമായി ഞാൻ പങ്കു വക്കുന്നു.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ
കൌമുദി പ്ലസിൽ വന്ന വാർത്ത കാണാവുന്നതാണ്.

(നന്ദി : ഈ വാർത്ത എന്നെ ആദ്യം അറിയിച്ച ബ്ലോഗർ ‘നട്ടപ്പിരാന്തനും‘, മറ്റൊരു സുഹൃത്ത് ഷിബുവിനും)

Friday, October 23, 2009

കണ്ടിട്ടും കാണാതെ പോയ തിരഞ്ഞെടുപ്പ് വാർത്തകൾ...!

കഴിഞ്ഞ വേനൽക്കാലത്ത് ഭാരതത്തിലും അതിനു ശേഷം ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടന്ന ചില തിരഞ്ഞടുപ്പ് ഫലങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു.

തൽക്കാലം ഭാരതത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തെ വിടാം.അതു വഴിയെ പരാമർശിക്കുന്നുണ്ട്.നമ്മുടെ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മൂന്നു പ്രധാനപ്പെട്ട രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു.അവയെ അല്പം വിശദമായി ഒന്നു നോക്കിക്കാണാം

1:ജപ്പാൻ

ഏഷ്യയിലെ എന്നല്ല, ലോകസാമ്പത്തികശക്തികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണു ജപ്പാൻ.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നു ആണവിടെ തിരഞ്ഞെടുപ്പു നടന്നത്.വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണു അവിടെ ഉണ്ടായിട്ടുള്ളത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ നാശങ്ങളിൽ നിന്ന് ഒരു ഫീനിക്സു പക്ഷിയെപ്പോലെ ഉയിർത്തെഴുനേറ്റ ജപ്പാനിൽ 1955 നു ശേഷം ഇന്നു വരെ ( ഇടക്ക് 1993-1994 കാലഘട്ടത്തിലെ 11 മാസം ഒഴികെ) ഭരണം കൈയ്യാളിയിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയെ അക്ഷരാർത്ഥത്തിൽ നിലം‌പരിശാക്കി പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ അധികാരത്തിൽ വന്നിരിക്കുന്നു.തിരഞ്ഞെടുപ്പിൽ 42.3% വോട്ട് നേടുകയും പാർലിമെന്റിൽ ആകെയുള്ള 480 സീറ്റുകളിം 308 എണ്ണവും കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണു ഡമോക്രാറ്റിക് പാർട്ടി ഏതാണ്ട് ആറു പതിറ്റാണ്ടോളം നീണ്ട ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിനു അറുതി വരുത്തിയത്.

എന്താണു ഈ വിജയത്തിന്റെ അടിസ്ഥാനവും പ്രത്യേകതയും?ലോകസാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണു ജപ്പാൻ.വളരെ പ്രത്യക്ഷമായും മുതലാളിത്ത നയങ്ങൾ പിന്തുടർന്നിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ കീഴിൽ തൊഴിലില്ലായ്മ സർ‌വകാല റെക്കോർഡ് ആയ 5.7% ആയിത്തീർന്നു.ജപ്പാനിലെ സാമൂഹിക ജീവിതത്തെ കുറച്ചൊന്നുമല്ല അത് ബാധിച്ചത്.കയറ്റുമതിയിൽ ഉണ്ടായ വൻ ഇടിവ് സാമ്പത്തിക രംഗത്തെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.യുവാക്കൾക്കിടയിലും ജപ്പാനിലെ ഭവനങ്ങളിലും അരക്ഷിതാവസ്ഥ വളർന്നു വന്നു.കൂടാതെ വർദ്ധിച്ചു വരുന്ന ആയുർ‌ദൈർഘ്യം കൂടുതൽ പെൻഷൻ‌കാരെ സൃഷ്ടിക്കുകയും അവരെ താങ്ങി നിർത്താനുള്ള വരുമാനശേഷിയുള്ള മറ്റു കുടുംബാഗംങ്ങാൾ കുരഞ്ഞു വരികയും ചെയ്തു.പരമ്പരാഗതമായി വൻ വ്യവസായികൾക്കും യാഥാസ്ഥിതികർക്കും മുൻ‌തൂക്കമുള്ള പ്രസ്ഥാനമായിരുന്നു ലിബറൽ ഡമോക്രാറ്റിക് പാർട്ടി.

എന്നാൽ അവരിൽ നിന്നു വ്യത്യസ്തമായി വ്യക്തമായും ഇടതു പക്ഷ നയങ്ങളെ പിന്തുണക്കുന്ന പ്രസ്ഥാനമാണു ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ.മാധ്യമ കുത്തകയായ ബനറ്റ് & കോൾമാന്റെ പത്രമായ “ടൈംസ് ഓഫ് ഇൻ‌ഡ്യ”യുടെ മറ്റൊരു പ്രസിദ്ധീകരണമായ “മുംബൈ മിററി”ൽ വന്ന ഈ ലേഖനത്തിൽ പോലും ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് കാണാവുന്നതാണ്.

വ്യക്തമായ നയവ്യതിയാനങ്ങളാണു സാമ്പത്തിക വിദേശ രംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി മുന്നോട്ട് വച്ചിട്ടുള്ളത്.ടോൾ ഫ്രീ ഹൈ വേ, കർഷകർക്ക് സാമ്പത്തിക ഉദ്ദാരണ പദ്ധതികൾ, സൌജന്യ വിദ്യാഭ്യാസം,തൊഴിൽ തേടുകയും പരിശീലനത്തിലിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് അലവൻസ്, തൊഴിലാളികൾക്കുള്ള മിനിമം അടിസ്ഥാനശമ്പളത്തിലുള്ള വർദ്ധനവ് എന്നിങ്ങനെ ഒട്ടനവധിയായ പദ്ധതികളാണു അവർ വിഭാവനം ചെയ്തിരിക്കുന്നത്.അതിലെല്ലാം ഉപരി അമേരിക്കയുമായുള്ള സൌഹൃദം നിലനിർത്തുമെങ്കിലും അവരിൽ നിന്നും കൂടുതൽ “സ്വാതന്ത്ര്യം” നേടുമെന്നും അവർ പറയുന്നു.ഏഷ്യയിലെ അയൽ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാണവർ ആഗ്രഹിക്കുന്നത്.

2:ഗ്രീസ്
ഇക്കഴിഞ്ഞ ഒക്ടോബർ 4 നു നടന്ന ഗ്രീസ്‌ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് പാപെന്‍ഡ്ര്യൂവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയമാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയും ഭരണ കക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെ അഴിമതിയുമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത്.ആധുനിക ഗ്രീക്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായിരുന്ന കോസ്റ്റാസ് കരാമാൻലിസിന്റെ നേത്രത്വത്തിലുള്ള സർക്കാരിനെയാണു സോഷ്യലിസ്റ്റ് പാർട്ടി അധികാര ഭൃഷ്ടരാക്കിയത്.ഇക്കഴിഞ്ഞ വർഷം വരെ ശക്തമെന്ന് തോന്നിച്ചിരുന്ന ഗ്രീക്ക് സാമ്പത്തിക രംഗം സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞപ്പോൾ ശമ്പളം വെട്ടിക്കുറക്കൽ ,പെൻഷനുകൾ നിർത്തി വയ്കൽ തുടങ്ങിയ ജനദ്രോഹ നടപടികളായിരുന്നു നിലവിലുള്ള ഭരണകക്ഷി ചെയ്തിരുന്നെങ്കിൽ ഇടതു ബദൽ നയങ്ങൾ മുന്നോട്ടു വച്ചാണു സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്.ഗ്രീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും നിലവിലുള്ള മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഗ്രീസിലെ ഭരണമാറ്റത്തെക്കുറിച്ച് ‘ദ ഹിന്ദു’ എഴുതിയ എഡിറ്റോറിയൽ ഈ ലിങ്ക് വഴി വായിക്കാവുന്നതാണ്.

3:പോർട്ടുഗൽ

ജപ്പാനിലും ഗ്രീസിലും നിലവിലുള്ള ഭരണകക്ഷികൾ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ,ഗ്രീസിനോടു ചേർന്നു കിടക്കുന്ന പോർട്ടുഗലിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 27 നു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി,നിലവിലുള്ള പ്രധാന മന്ത്രി ജോസ് സോക്രട്ടീസിന്റെ കീഴിൽ അധികാരം നില നിർത്തുക കൂടി ചെയ്തിരിക്കുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്.2005 ൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള 3 വർഷങ്ങളിൽ 3 സർക്കാരുകൾ മാറി മറിഞ്ഞു വന്നിരിന്നു.കഴിഞ്ഞ 33 വർഷത്തെ ജനാധിപത്യ ചരിത്രത്തിൽ ഇതിനു മുൻപ് ഒരേ ഒരു സർക്കാർ മാത്രമേ അവിടെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ.അങ്ങനെ നോക്കുമ്പോൾ പോർട്ടുഗീസിൽ ഒരു ഭരണ സ്ഥിരത ഉണ്ടാക്കാൻ കൂടി ഇടതു സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

സോഷ്യലിസ്റ്റുകളും, മറ്റു ഇടതു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് 55% വോട്ടാണു തെരഞ്ഞെടുപ്പിൽ നേടിയെടുത്തത്.സാമ്പത്തിക പ്രതിസന്ധി പോർട്ടുഗലിനേയും ബാധിച്ചിരുന്നുവെങ്കിലും, അതിനെ മറികടക്കാൻ സ്വകാര്യ നിക്ഷേപം വൻ‌തോതിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ സോഷ്യൽ ഡമോക്രാ‍റ്റിക് പാർട്ടിയുടെ പരാ‍ജയം നവ ലിബറൽ നയങ്ങളെ പോർട്ടുഗീസ് ജനത തള്ളിക്കളഞ്ഞു എന്നതിന്റെ കൂടി തെളിവാണ്.എന്താണു ഈ തിരഞ്ഞെടുപ്പുകൾ നമുക്ക് നൽ‌കുന്ന സന്ദേശം? ലോകമാസകലം ഒരു ബദൽ നയത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണു മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾ.അതാവട്ടെ നിലവിലുള്ള സാമ്പത്തിക സംവിധാനത്തിനു മാത്രമായുള്ള ബദലല്ല, സാമ്രാജ്യത്വ വിരുദ്ധ ബദലന്വേഷണങ്ങൾ കൂടിയാണ്.ഇക്കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി 11 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണു ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നത്.നമ്മുടെ ഭാരതത്തെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥ നില നിൽക്കുന്ന രാജ്യങ്ങളായിരുന്നു അവയിൽ പലതും.എൽ‌സാൽ‌വദോറിലെ ഈ മാറ്റത്തെക്കുറിച്ച് മുൻ‌പൊരിക്കൽ ഞാൻ കുറിച്ചിട്ടുമുണ്ട്.( ഈ ലിങ്ക് കാണുക).

ജപ്പാനിലും ഗ്രീസിലും ഉണ്ടായ ഭരണമാറ്റങ്ങൾ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.മുതലാളിത്ത സാമ്പത്തിക രംഗം അനിവാര്യമായ അതിന്റെ തകർച്ചയെ നേരിടുന്ന കാലഘട്ടമാണിത്.യു.എസ് തെരഞ്ഞെടുപ്പിൽ ഒബാമക്കുണ്ടായ വിജയം പോലും ഒരു ബദലന്വേഷണത്തിനായുള്ള അവിടുത്തെ ജനങ്ങളുടെ ത്വരയാണു കാണിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും പെൻഷൻ സംരക്ഷണത്തിനും ഉയർന്ന മിനിമം വേതനത്തിനുമായി സമരങ്ങൾ നടക്കുന്നു.അതു കൊണ്ടൊക്കെയാണു ഫ്രാൻസിലും ഹോളണ്ടിലും യൂറോപ്യൻ യൂണിയന്റെ ഭരണഘടനാ ഹിത പരിശോധന പരാജയപ്പെട്ടതും.നവ ലിബറൽ നയങ്ങൾക്കെതിരായുള്ള പോരാട്ടം വളരെ ശക്തമായി പല രാജ്യങ്ങളിലും ഉയർന്നു വരുന്നു.അഗാധമായ സാമ്പത്തിക പ്രതി സന്ധി അതിന്റെ ആക്കം കൂട്ടുന്നു.

ഇവീടെയെല്ലാം പൊതുവായി കാണുന്ന ഒരു കാര്യമെന്നത് അതി തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന തിരിച്ചടിയാണ്.ഇൻ‌ഡ്യയിൽ പോലും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും ഇപ്പോൾ കഴിഞ്ഞ മഹാരാഷ്ട്രാ, ഹരിയാന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും ഈ സവിശേഷത കാണാവുന്നതാണ്.നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തീവ്ര വലതു പക്ഷ പ്രസ്ഥാനങ്ങളായ സംഘ പരിവാർ സംഘടനകൾക്കും ശിവസേനക്കുമൊക്കെ ഇനിയൊരു തിരിച്ചു വരവു പോലും അസാദ്ധ്യമാകുന്ന രീതിയിലുള്ള തിരിച്ചടികളാണു നേരിട്ടിട്ടുള്ളത്.ഇതു മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അത്യതിയായ സന്തോഷമുളവാക്കുന്ന വസ്തുതയാണ്.എന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനു പോലും താലിബാൻ പോലുള്ള പ്രസ്ഥാനങ്ങളോട് ഏറ്റു മുട്ടേണ്ടതായി വന്നിരിക്കുന്നു.പാക്കിസ്ഥാന്റെ കൈയിൽ നിന്നാണെങ്കിലും താലിബാനും അസ്തമയത്തോട് അടുക്കുകയാണെന്ന് നമുക്ക് പ്രത്യാശിക്കാം.

എന്നാൽ മതേതരമെങ്കിലും സാമ്രാജ്യത്വത്തിനു കുടപിടിക്കുന്ന നടപടികളാണു ഭാരതത്തിലെ സർക്കാർ ചെയ്യുന്നത്.മറ്റു പല ലോക രാഷ്ട്രങ്ങളും ബദൽ നയങ്ങൾക്കായി ചുവടു മാറ്റിക്കഴിയുമ്പോളും സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ കളിത്തോഴനായിരിക്കുന്നു നമ്മുടെ സർക്കാർ.നവ ലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം നയിക്കുന്നവരും ഇടതു പക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരുമായിട്ടുള്ളവരുടെ മുന്നിലെ വെല്ലു വിളി എന്നത് ലോകമാസകലം ഉണ്ടാകുന്ന പുരോഗമന കൊടുങ്കാറ്റിനെ ഭാരതത്തിൽ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ്.

അത്യന്തികമായി ലോകം എന്നും പുരോഗമനചിന്തകളിലേക്കും അതു വഴി പുരോഗതിയിലേക്കും മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.മനുഷ്യന്റെ ഇന്നേ വരെയുള്ള ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.അതിന്റെ വേഗത എത്രമാത്രം വർദ്ധിപ്പിക്കാൻ നമുക്കു കഴിയുന്നു എന്നതാണു വിജയത്തിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.

(നന്ദി:മുംബൈ മിറർ ലിങ്ക് തന്ന് സഹായിച്ച സുഹൃത്ത് വിജി പിണറായിക്കും, ചിത്രങ്ങൾ തന്ന് സഹായിച്ച ഗൂഗിളിനും)

Monday, October 19, 2009

യേശുദാസ് പറയുന്ന ‘റിയാലിറ്റി‘

നമുക്കാദ്യം ഈ പാട്ടു കേൾക്കാം.

വടക്കുംനാഥൻ എന്ന ചിത്രത്തിനു വേണ്ടി രവീന്ദ്രൻ മാഷ് ചിട്ടപ്പെടുത്തി ഗാനഗന്ധർവൻ ശ്രീ യേശുദാസ് പാടിയ പാട്ട്.
ഈ പാട്ടിന്റെ തുടക്കത്തിലുള്ള, പതിനേഴു സെക്കന്റ് നീണ്ടുനിൽക്കുന്ന “ഗംഗേ.....” എന്ന ആലാപനമാണു ഈ പാട്ടിന്റെ മുഖ്യമായ ആകർഷണം.ഗാനമേളകളിലും , മത്സരങ്ങളിലും റിയാലിറ്റി ഷോകളിലുമെല്ലാം പാട്ടുകാർക്കും മത്സരാർത്ഥികൾക്കും ഒരു വെല്ലുവിളിയായി ഈ പാട്ട് നിലനിൽക്കാനുള്ള പ്രധാന കാരണവും ശ്വാസം പിടിച്ച് പാടേണ്ടുന്ന ഈ പതിനേഴ് സെക്കന്റുകളായിരുന്നു.

കലാകൌമുദി വാരികയുടെ 1780 ആ‍ം ലക്കത്തിൽ വി.ഡി ശെൽ‌വരാജിനു അദ്ദേഹം കൊടുത്ത അഭിമുഖം അച്ചടിച്ചു വന്നിരിക്കുന്നു.അതിൽ ഈ പതിനേഴു സെക്കന്റുകൾ എങ്ങനെ ‘മാനേജ്” ചെയ്തു എന്നതിന്റെ രഹസ്യം അദ്ദേഹം വെളിവാക്കുന്നുണ്ട്.ആ ചോദ്യവും ഉത്തരവും ഇങ്ങനെ:

  • പാട്ടിൽ ‘ഗംഗേ....’ എന്ന് 18 സെക്കന്റോളം നീട്ടി ആലപിക്കുന്നത് മറ്റു ഗായകർക്കും പ്രേക്ഷകർക്കും വിസ്മയമായി ഇന്നും ശേഷിക്കുന്നു.
  • ‘ഗംഗേ..’ എന്നു അത്രയും നീണ്ട നേരം ഞാൻ ശ്വാസം പിടിച്ച് ആലപിച്ചിട്ടില്ല.അമേരിക്കൻ എഞ്ചിനീയറുടെ മിടുക്കാണത്.ഒരിക്കലും അത്രയും നേരം ശ്വാസം പിടിച്ചു നിർത്താനുമാവില്ല.റിയാലിറ്റി ഷോകളിൽ ചെറുപ്പക്കാരൊക്കെ ശ്വാസം മുട്ടി ചാകാതിരിക്കാനാണു ഞാനിത് തുറന്ന് പറയുന്നത്.ഇതു തുറന്നു പറയുന്നതിൽ ഒരു നാണക്കേടുമില്ല,വെറുതെ ശ്വാസം പീടിച്ച് പിള്ളാരൊക്കെ ബോധക്കേടുണ്ടാക്കരുത്.

  • നീട്ടിപ്പാടുന്നതിനെപ്പറ്റി രവീന്ദ്രൻ മാഷിനോട് പറഞ്ഞിരുന്നോ?
  • ഗംഗേ എന്ന വിളിക്ക് ഇത്ര നീളം വേണോ എന്ന് രവിയോട് ഞാൻ ചോദിച്ചിരുന്നതാണ്.ഗംഗയുടെ നീളം നമുക്ക് അളക്കാനാവില്ല എന്നായിരുന്നു രവിയുടെ മറുപടി.അതു ശരിയാണെന്ന് എനിക്കു തോന്നി.ഗംഗാനദി അത്രക്ക് നീണ്ടു പ്രവഹിക്കുകയല്ലേ.ഗംഗേ വിളിയുടെ പകുതിക്കു വച്ച് ഞാൻ നിർത്തിയതാണ്.ബാക്കി എഡിറ്റ് ചെയ്തു ചേർത്തതാണ്.ഒരു പൊടി പോലും അറിയാത്ത വിധമാണു അതു എഡിറ്റ് ചെയ്തു ചേർത്തിരിക്കുന്നത്.അത് എഞ്ചിനീയറുടെ സാങ്കേതിക മികവാണ്.അമേരിക്കയിലെ ഡാലസിൽ ഞങ്ങളുടെ വീടിനു അടുത്താണ് ഇതു റെക്കാർഡ് ചെയ്ത സ്റ്റുഡിയോ.
യേശുദാസ് വെളിപ്പെടുത്തുന്ന ഈ ‘റിയാലിറ്റി’ നമ്മുടെ മ്യൂസിക് റിയാലിറ്റി ഷോകളുടെ ഒരു പ്രധാന ന്യൂനതയിലേക്കാണു വിരൽ ചൂണ്ടുന്നത്.ഒരു പുനർ വിചിന്തനം ആവശ്യമായെന്നു വരാം.ഇന്ന് റിയാലിറ്റി ഷോകൾ ഒരു പ്രധാന ബിസിനസ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.’വിനോദ വ്യവസായം” എന്ന ആ വ്യവസായം നില നിൽക്കുന്നത് തന്നെ അവർ നൽകുന്ന മോഹന വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലാണ്.പാട്ടു പാടി വിജയിച്ചാൽ രണ്ടു കോടിയുടെ ഫ്ലാറ്റ് കിട്ടുമെന്ന് വരുമ്പോൾ പാട്ട് ഒരു വിൽ‌പ്പന ചരക്കായി മാറിക്കഴിഞ്ഞു.അപ്പോൾ പിന്നെ മൂല്യം കൂടിയ പാട്ടുകൾ ആലപിച്ച് കൂടുതൽ മൂല്യം തങ്ങൾക്ക് വരുത്തി ഫ്ലാറ്റിന്റെ പടികൾ നടന്നു കയറാനാണു ഓരോ മത്സരാർത്ഥിയും ശ്രമിക്കുന്നത്.അങ്ങനെ, യേശുദാസ് പറയുന്നത് പോലെ ,‘മനുഷ്യനാൽ അസാദ്ധ്യമായ’ പലതും ചെയ്യാൻ കുട്ടികൾ മുതൽ യുവാക്കളും യുവതികളും വരെ തുനിഞ്ഞിറങ്ങുന്നു.ഫലമോ ശ്വാസം കിട്ടാതെയുള്ള മരണവും.‘മലയാളിയുടെ നൂറ്റാണ്ടിന്റെ ശബ്ദം” ആയി വിശേഷിപ്പിക്കപ്പെടുന്ന യേശുദാസിനു പോലും ഒറ്റയിരുപ്പിൽ പാടാൻ പറ്റാത്ത ഗാനങ്ങൾ വരെ മത്സരങ്ങളിൽ കൊണ്ടു വന്നു പാടുന്ന യുവാക്കളെയും അവരുടെ പരാജയവും നമുക്ക് കാണാവുന്നതാണ്.

ഒരു ഉദാഹരണം താഴെ.ഇതിനു വിധികർത്താക്കൾ നൽകുന്ന കമന്റുകൾ കൂടി കാണൂ..റിയാലിറ്റി ഷോ നടത്തിപ്പുകാർക്ക് ഇതിൽ‌പ്പരം ഒരു ‘ഷോക് ട്രീറ്റ്മെന്റ്’ കിട്ടാനില്ല.എടുത്താൽ പൊങ്ങാത്ത പാട്ടുകളെടുത്ത് വേദിയിൽ ‘മരണം’ വരിക്കുന്നവർ ഒരു നിത്യ കാഴ്ചയാണിന്ന്. ഇത്തരം പാട്ടുകൾ പാടുമ്പോലുള്ള ശ്രുതിയില്ലായ്മയും സംഗതിയില്ലായമയും ഒക്കെ എടുത്തെടുത്ത് പറയുന്നവർ രഹസ്യമായെങ്കിലും സമ്മതിക്കും ഇതുപോലൊന്നു പാടാൻ തങ്ങളെക്കൊണ്ടും സാ‍ധിക്കില്ല എന്ന്.

എങ്കിലും റിയാലിറ്റി ഷോകൾ തകർത്താടിക്കൊണ്ടേയിരിക്കുന്നു.കഴിവുള്ളവർക്ക് ഒരു വേദി കിട്ടുന്നു എന്ന ഒരു നല്ല വശം ഇതിനുണ്ടെന്ന് ഞാനും സമ്മതിക്കുന്നു.എന്നാൽ മറ്റുള്ളവർക്ക് വേദിയൊരുക്കി സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതിലുപരി ഇന്നത് ചാനലുകളുടേയും മൊബൈൽ കമ്പനികളുടേയും എന്തിനു ഡ്രസ് സ്പോൺസർ ചെയ്യുന്ന തുണിക്കടകളുടെ വരെ പ്രധാന വരുമാന മാർഗവും ബിസിനസ് തന്ത്രവുമായി മാറിക്കഴിഞ്ഞിരിക്കുന്നു.ദിവസേന ലക്ഷോപലക്ഷം എസ്.എം.എസുകളാണു ഇത്തരം റിയാലിറ്റി ഷോകളുടെ പേരിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.ഇതിനാവട്ടെ 3 മുതൽ 5 രൂപവരെ ഈടാക്കുന്നു കമ്പനികൾ.കോടിക്കണക്കിനു വരുന്ന ഈ വരുമാനം മൊബൈൽ കമ്പനികളും ചാനലുകളും തമ്മിൽ വീതിച്ചെടുക്കുന്നു.ആരും കയറാനില്ലാതിരുന്ന തുണിക്കടകൾ വരെ ഇന്നിപ്പോൾ വൻ ബിസിനസ് കേന്ദ്രങ്ങൾ ആയിമാറിക്കഴിയുന്നു.മാത്രമോ റിയാലിറ്റി ഷോ എന്ന ഇവന്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് കഴിയുന്ന എല്ലാ അനുബന്ധ ബിസിനസുകളും പുഷ്ടിപ്രാപിക്കുന്നു.ആയിക്കോട്ടെ, അതൊക്കെ ഉണ്ടാകട്ടെ.ഇതിനിടയിൽ നഷ്ടപ്പെടുന്ന ചിലതില്ലേ?

യേശുദാസ് തന്നെ ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:

നമ്മളൊക്കെ വീടിനു വേണ്ടി തന്നെയാണു പാടിയത്.എന്നാൽ ഒരു ലോട്ടറി ടിക്കറ്റു പോലെ ആശ കൊടുത്ത് പാടിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.പാട്ടുകഴിഞ്ഞു ഗായകർ തന്റെ എസ്.എം.എസ് വിലാസം പറഞ്ഞ് വോട്ടു ചെയ്യാൻ യാചിക്കുന്നു.ഗായകൻ തെണ്ടിയല്ല............അല്ലാതെ സഹകായകനെ താഴ്ത്തിക്കെട്ടി അവനെ നശിപ്പിച്ചാലേ നമുക്ക് നില‌നിൽ‌പ്പുള്ളൂ എന്നത് നിന്ദ്യമാണ്.ഈ പ്രവണതയാണു ഇപ്പോൾ പ്രചരിച്ചു വരുന്നത്.”

ഇതൊരു മോഹന ലോകമാണ്.ഇവിടെ വിജയിക്കാൻ കുട്ടികൾ എന്തും ചെയ്യും.കയ്യെത്തും ദൂരത്ത് സ്വപ്ന കാണാൻ പറ്റാത്ത സൌഭാഗ്യങ്ങൾ തേടിയെത്തിയിരിക്കുന്നു എന്ന ഓർമ്മ പോലും അവരെ മത്സരങ്ങളുടെ അടിമകളാക്കുന്നു.മത്സരങ്ങളിൽ നിന്നു പല ഘട്ടങ്ങളിലായി പുറത്താകുന്നവരുടെ കണ്ണീരു വരെ ചാനലുകൾ വിറ്റു കാശാക്കുന്നു.ഇപ്പോൾ “എലിമിനേഷൻ ഘട്ടങ്ങളിൽ” കരയുന്നവരുടെ എണ്ണം പൊതുവേ കുറവായി കാണുന്നു.തീക്ഷ്ണമായ വിമർശനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നപ്പോൾ ഇത്തരം കരച്ചിൽ സീനുകൾ ചാനലുകൾ തന്നെ ഒഴിവാക്കിയതാവാനേ വഴിയുള്ളൂ.മരണ വീട്ടിലുള്ളതിനേക്കാൾ ശോകമൂകമായ അന്തരീക്ഷമാണ് ‘എലിമിനേഷൻ റൌണ്ടു’കളിൽ കാണുന്നത്.

കഴിഞ്ഞ 32 വർഷമായി സൂര്യ ഫെസ്റ്റിവലിൽ കച്ചേരി അവതരിപ്പിക്കുന്ന ശ്രീ യേശുദാസ് ഇത്തവണ അവതരിപ്പിച്ച ‘കനകാംഗി’ രാഗത്തിനുവേണ്ടി നാലുവർഷത്തോളമാണു പ്രാക്ടീസ് ചെയ്തത് എന്ന് ഈ അഭിമുഖത്തിൽ മറ്റൊരിടത്ത് അദ്ദേഹം വെളിപ്പെടുത്തുന്നു.ഈ എഴുപതാം വയസ്സിലും അദ്ദേഹത്തിനു സംഗീതം ഒരു തപസ്യയാണ്,നിരന്തരമായ വിദ്യാഭ്യാസമാണ്.റിയാലിറ്റി ഷോകൾ ഇത്തരമൊരു സാദ്ധ്യത തുറന്നിടുന്നുണ്ടോ?ഇല്ലെന്നാണു എനിക്ക് തോന്നുന്നത്.റിയാലിറ്റി ഷോകളുടെ ബാക്കിപത്രം എന്താവും എന്ന് വരും കാലങ്ങൾ തെളിയിക്കാനിരിക്കുന്നതേയുള്ളൂ.

അതു വരെ എസ്.എം.എസ് അയച്ചും, സിനിമാ താരങ്ങളുടെ മാർക്കിടീൽ കണ്ടും,അവതാരകരുടെ ‘മലയാലം’ കേട്ടും, അവരുടെ വേഷങ്ങൾ അനുകരിച്ചും നമുക്ക് കാലം കഴിക്കാം.പഞ്ചു ചെയ്ത് റിക്കാർഡ് ചെയ്ത പാട്ടുകളിൽ ശ്രുതിയും സംഗതിയും വരുത്താനാവാതെ കുഴങ്ങുന്ന മത്സരാർത്ഥികളുടെ ഫ്ലാറ്റ് സ്വപ്നങ്ങളിൽ കരിനിഴൽ വീഴുമ്പോൾ നമുക്കവരെയോർത്ത് വിലപിക്കാം.

യേശുദാസുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ ഇവിടെ ക്ലിക്ക് ചെയ്ത് കേൾക്കാവുന്നതാണ്.

(കടപ്പാട്:യു.ട്യൂബിൽ ഈ വീഡിയോസ് ഇട്ട മാന്യവ്യക്തികളോട്)

Saturday, October 10, 2009

ഒരു പ്രണയ കഥ കൂടി.....!

പത്തിരുപത് വര്‍ഷം മുന്‍‌പുള്ള ഒരു ട്രയിന്‍ യാത്ര..കേരളത്തിനു പുറത്തേക്ക് ആദ്യമായി പോകുകയാണ്.നീണ്ട പകലിന്റെ അവസാനം...ജനലിനടുത്തുള്ള സീറ്റിലിരുന്നു അലസമായി വെളിയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു.വള്ളുവനാടൻ ഗ്രാമങ്ങളുടെ സൌന്ദര്യം കാണായിത്തുടങ്ങി.പെട്ടെന്നാണു ഞാനത് ശ്രദ്ധിക്കുന്നത്.അതിസുന്ദരിയായ അവൾ....!ഇതവൾ തന്നെയല്ലേ? അതേ..അതേ..ചിത്രങ്ങളിൽ പണ്ടേ കണ്ടു പരിചയിച്ച് ഇഷ്ടപ്പെട്ട മുഖം.. റയിൽ‌പ്പാതയുടെ വെളിയിലൂടെ അവൾ മന്ദമായി സഞ്ചരിക്കുന്നത് ഞാൻ കാണുന്നത് ഷൊര്‍ണ്ണൂര്‍ വച്ചാണ് .എന്റെ ഹൃദയത്തിൽ ഒരു കുളിർകാറ്റു വീശി.ആ മിഴികളിൽ ആർദ്രത നിറഞ്ഞു നിൽക്കുന്നതു പോലെ തോന്നി.വല്ലാത്ത ഒരു മായിക സൌന്ദര്യം തന്നെ!.സ്റ്റേഷനടുത്തതു കൊണ്ട് വളരെ വേഗം കുറഞ്ഞായിരുന്നു തീവണ്ടി നീങ്ങിയിരുന്നത്.അണച്ചും കിതച്ചും അതു ഷൊർണ്ണൂർ സ്റ്റേഷനിൽ വന്നു നിന്നു.

തീവണ്ടിയിൽ നിന്നുംഞാനിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നു...കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്ക്...ചായ, കാപ്പി, വട....കച്ചവടക്കാരുടെ നീട്ടിയുള്ള വിളി.

ഞാൻ ദൂരേക്ക് നോക്കി..അവൾ അവിടെയെങ്ങാനുമുണ്ടോ?എന്തോ ഒറ്റ നോട്ടത്തിൽ തന്നെ ആ വശ്യതയിൽ ഞാൻ മയങ്ങിപ്പോയിരുന്നു.ഇല്ല അവളെ കാണാനില്ല..നീയെങ്ങു പോയി മറഞ്ഞു?ഒരു നിരാശ എന്നിൽ പടർന്നുവോ?ഒന്നുകൂടി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഞാനൊരു ചായ വാങ്ങി.അപ്പോളെക്കും ട്രയിൻ വിടാനുള്ള ബെൽ മുഴങ്ങി.അത്യുച്ചത്തിൽ ചൂളം വിളിയുയർന്നു.ഞാൻ ചായയുമായി വേഗം കയറി സീറ്റിലിരുന്നു.ഓടിക്കയറിയവർ ഇരിക്കാൻ തത്രപ്പെടുന്നു.വണ്ടി മെല്ലെ മെല്ലെ സ്റ്റേഷൻ വിട്ടു.

പെട്ടെന്നതാ...എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുമോ? അവളിതാ എന്റെ തൊട്ടുമുന്നിൽ...!മുന്നിൽ ആരുമില്ലാതിരുന്ന സീറ്റിലൊന്നിൽ അവളെന്റെ സഹയാത്രികയായിരിക്കുന്നു!

ആരോ എന്നെ ആകാശത്തേക്ക് പിടിച്ചുയർത്തുന്നപോലെ എനിക്കു തോന്നി.ഭാരമില്ലാത്ത ഒരു തൂവലായി അങ്ങനെ ഒഴുകി നടക്കുന്നതുപോലെ അനുഭൂതി എന്നിൽ ഉണർന്നു.അവളിൽ നിന്ന് കണ്ണെടുക്കാനായില്ല.

എന്റെ സഹയാത്രികയായി വന്ന അവളോട് ആദ്യദര്‍ശനത്തില്‍ തന്നെ അനുരാഗം തോന്നി എന്ന് പറയുന്നതാവും ശരി.അവളുടെ ചിത്രങ്ങള്‍ ഞാന്‍ നേരത്തേയും കണ്ടിരുന്നു. കണങ്കാലോളമെത്തുന്ന നീണ്ടമുടി അഴിച്ചിട്ടിരിക്കുന്നു.അവളുടെ ശരീര വടിവു ഒരു ശില്പിയ്ക്കും കൊത്തിയുണ്ടാക്കാനാവാത്ത വണ്ണം മനോഹരമായിരുന്നു. ശാന്തമായ നടത്തം.ഇരിപ്പിലും എടുപ്പിലും ഒരു ഗാംഭീര്യവും എന്നാൽ അതേ സമയം ലാളിത്യവും നിറഞ്ഞു നിന്നു. ആ സാമീപ്യം ഞാന്‍ ഇഷ്ടപ്പെട്ടു.മുത്തുമണികള്‍ നിലത്തു വീണു ചിതറുമ്പോലുള്ള ആ ചിരിയിൽ എന്റെ മനസ്സിലുള്ളിൽ ഒരായിരം നക്ഷത്രങ്ങൾ വീണു പൊട്ടിച്ചിതറി.

“എങ്ങോട്ടാണു യാത്ര?” മൌനം വെടിയാതിരിക്കാൻ എനിക്കായില്ല.
“ഇപ്പോ പാലക്കാട് വരെയേ ഉള്ളൂ..അവിടെ നിന്നു അച്ഛന്റെ വീട്ടിൽ പോകണം”പൂത്തിരി കത്തിച്ച പോലെയുള്ള സംസാരം.

“അപ്പോൾ ഇവിടെ നിന്നു കയറിയത്?”

“അതു ഞാൻ അമ്മയുടെ അടുത്ത് പോയി വന്നതാ..അങ്ങു ദൂരെ പൊന്നാനിയിൽ..”

“അതു ശരി..”..ഞാൻ തലകുലുക്കി.

അങ്ങനെ ഞങ്ങൾ മെല്ലെ പരിചയക്കാരായി.നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ചു.വാ തോരാതെ വർത്തമാനം പറയുന്ന ആ സുന്ദരിക്കുട്ടി എന്റെ ഹൃദയം കവർന്നെടുത്തു.സമയം എത്ര വേഗമാണു പോകുന്നത്.വണ്ടി വീണ്ടും വേഗത കുറച്ചു.കിതച്ചു കിതച്ച് പാലക്കാടു സ്റ്റേഷനിലെത്തി നിന്നു.

“അയ്യോ എനിക്കിറങ്ങണം...ഇനി പിന്നെ ഒരിക്കൽ കാണാം”...അവൾ ചാടിയെഴുനേറ്റു.

അവളെ വിടാൻ എന്റെ മനസ്സ് അനുവദിച്ചില്ല.പെട്ടെന്ന് ഞാനവളുടെ കരം ഗ്രഹിച്ചു.തളിരുപോലെയുള്ള വിരലുകൾ....അവൾക്ക് പോകാനായിരിക്കുന്നു.

“ഞാൻ പോട്ടെ“...മൃദുവായി എന്റെ കരങ്ങൾ ഒഴിവാക്കി അവൾ തീവണ്ടിയുടെ പടികളിറങ്ങി.വണ്ടി നീങ്ങിത്തുടങ്ങി..അവളും തിരിഞ്ഞു നടന്നു..ഇടക്കിടെ എന്നെ നോക്കിക്കൊണ്ട്..ഞാനും വാതിൽക്കൽ നിന്നു പുറകിലേക്ക് നോക്കി..അവൾ കണ്ണിൽ നിന്നു മറയുംവരെ...ഏതോ വിഷാദം എന്റെ ഉള്ളിൽ വിതുമ്പി.എവിടെയോ രണ്ടു തുള്ളി കണ്ണു നീർ വീണു പൊട്ടിച്ചിതറിയപോലെ !

**********************************************************************************
പിന്നെ എത്രയോ യാത്രകളില്‍ അവളെന്നോടൊപ്പം വന്നു.ഒന്നല്ല.ഒത്തിരിവട്ടം.ഷൊർണ്ണൂർ ആയാലും പാലക്കാട് ആയാലും അവളെത്തും.ആ യാത്രകളിൽ എന്തൊക്കെ ഞങ്ങൾ സംസാരിച്ചില്ല! ഹൃദയം ഹൃദയത്തോട് സംവദിച്ചു.അവാച്യമായ ഒരു അനുഭൂതിയാണു അവളെനിക്കേകിയത്. ആ സാമീപ്യം എപ്പോളും ഉണ്ടാകാൻ ഞാന്‍ ആഗ്രഹിച്ചു. എന്നും എപ്പോളും അവളുടെ അടുത്തായിരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.അവൽ എന്നിൽ ഒരു ആവേശമായി പടർന്നു കയറി.ഒരു മധ്യതിരുവിതാംകൂറുകാരനു വള്ളുവനാടിന്റെ മണ്ണിൽ പ്രണയം പൊട്ടിമുളച്ചു.അവളുടെ ഓരോ നോട്ടവും എന്നെ ആ മണ്ണിലേക്ക് ക്ഷണിച്ചു.ജോലി സംബന്ധമായി നാടു വിട്ടു പോരേണ്ടി വരുമ്പോളെല്ലാം മനസ്സിന്റെ കോണിൽ ഒരിക്കലും അണയാത്ത ഒരു നെയ്ത്തിരിനാളമായി അവൾ കത്തി നിന്നു.എന്നെങ്കിലും കേരളത്തിലേയ്ക്കു മടങ്ങിയാല്‍ താമസം തന്നെ അവളുടെ നാട്ടിലേയ്ക്കാക്കിയാലോ എന്ന് ആലോചിച്ചു..നീയെന്നോടൊപ്പം വരില്ലേ എന്ന ചോദ്യത്തിനു മുന്നില്‍ നാണത്തില്‍ പൊതിഞ്ഞ ഒരു കള്ള നോട്ടത്തോടെ , പഞ്ചാരമണലില്‍ കാലടികള്‍ കൊണ്ട് കളം വരച്ചു മൌനമായി അവള്‍ നിന്നു.

വണ്ടിയോടൊപ്പം കാലവും കുതിച്ചു പാഞ്ഞു .
************************************************************************************
ജിവിയ്ക്കാനായി മഹാനഗരങ്ങളിലൂടെയുള്ള വർഷങ്ങളോളമുള്ള അലച്ചില്‍...അക്കാലത്തൊന്നും ഒരിക്കൽ പോലും നാട്ടില്‍ വരാന്‍ കഴിഞ്ഞില്ല.ജീവിതം എങ്ങനെയൊക്കെയോ ഒന്നു കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ കാലം അതിവേഗം മുന്നോട്ട് പാഞ്ഞു പോയതൊന്നും ഞാനറിഞ്ഞതേയില്ല.

ഒന്നു പിടിച്ചു നിൽക്കാമെന്നായപ്പോളാണു വീണ്ടും നാട്ടിലേക്ക് വണ്ടി കയറുന്നത്.ഒരു വർഷം മുൻപ്...ഇക്കാലമത്രയും മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന ആ പഴയ സൌന്ദര്യം പെട്ടെന്നെന്റെ സിരകളിൽ ആവേശമായി പടർന്നു കയറി.ആ ഓർമ്മകൾ പോലും എന്നെ പുളകമണിയിച്ചു.എന്റെ മനസ്സിൽ ആയിരം തുടികൾ താളമിട്ടു.

നേരം പരപരാ വെളുക്കുന്ന ഒരു പ്രഭാതത്തിൽ “വെള്ളം വെള്ളം” എന്ന വിളികേട്ട് ഞാനുണർന്നു.വണ്ടി പാലക്കാട് എത്തിയിരിക്കുന്നു.എന്റെ നാട് ..എന്റെ മണ്ണ്..എന്നിൽ സന്തോഹം നിറഞ്ഞു തുളുമ്പി..എന്റെ സുന്ദരി എവിടെയാണാവോ?
അവൾക്കായി എന്റെ മനം തുടിച്ചു. വളരെ ദൂരെ നിന്നു പോലും ഞാന്‍ തിരിച്ചറിഞ്ഞിരുന്ന അവള്‍ എവിടെ? നിരാശയില്‍ ഞാന്‍ മുങ്ങി.എന്താണവൾ വരാൻ വൈകുന്നത്? ഈ തിരക്കിലെവിടെ ഒളിച്ചിരിക്കുകയാണവൾ? ഒരു പക്ഷേ പരിഭവമായിരിക്കാം..ഇത്രയും നാൾ ഒന്നു തിരിഞ്ഞു നോക്കാൻ പോലും കഴിയാതിരുന്ന എന്നോട് എനിക്കു തന്നെ അവജ്ഞ തോന്നി.

വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി.എനിക്കാണെങ്കിൽ എന്തു ചെയ്യണെമെന്ന് ഒരു എത്തും പിടിയുമില്ല.

സ്റ്റേഷന്‍ വിട്ടു വണ്ടി പുറത്തു കടന്നു കുറെ ദൂരം വന്നു.

ഒരു നിമിഷം !!

“അതവൾ അല്ലേ?”

അതെ..ഞാനവളെ കണ്ടു,.അങ്ങു ദൂരെ..ഞാൻ ഞെട്ടിപ്പോയി..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.എതൊരു മാറ്റമാണവൾക്ക്..ഈ കാലം കൊണ്ട് അവളെങ്ങനെ ഇത്ര വിരൂപയെപ്പോലെ ആയി മാറി? എന്തൊരു കോലം ! ഉണങ്ങി വരണ്ടു പോയപോലെ! അസ്ഥി പഞ്ജരം മാത്രം ശേഷിക്കുന്നതു പോലെ .....എന്റെ സ്വപ്നങ്ങളിലെ രാജകുമാരീ..നിനെക്കെന്തു പറ്റി?
സ്വന്തം നഗ്നത മറയ്കാൻ തക്കവണ്ണം നീളമുണ്ടായിരുന്ന ആ കേശഭാരം എവിടെപ്പോയി?എത്രയോ ആൾക്കാ‍രെ എന്നും മോഹിപ്പിച്ചിരുന്ന നിന്റെ രൂപം എങ്ങനെ ഇത്രമാത്രം മാറിപ്പോയി?

എപ്പോൾ വേണമെങ്കിലും മരിച്ചേക്കാം എന്ന അവസ്ഥപോലെ..ദേഹമാസകലം വരഞ്ഞു കീറലുകൾ! ആരാണിവളെ ഈ കോലത്തിലാക്കിയത്?ആരൊക്കെയോ ഇവളെ ചവിട്ടി മെതിക്കുന്നുവോ? വേച്ചു വേച്ചുള്ള ആ നടത്തം കണ്ട് ഒരു നിമിഷം ഞാൻ മുഖം തിരിച്ചു പോയി.

“എല്ലാവരും കൂടി അവളെ നശിപ്പിച്ചു എന്നാ തോന്നുന്നത്” എന്നോടൊപ്പം വണ്ടിയിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ കമന്റ്.

ആ വാക്കുകൾ എന്റെ നെഞ്ചിൽ തറച്ചു..നശിപ്പിക്കുകയോ? അതും അവളെ?എനിക്ക് സഹിച്ചില്ല.ഞാനോടി വാതിൽക്കലെത്തി....അവളുടെ അടുത്തെത്താൻ ഞാനാഗ്രഹിച്ചു..

വണ്ടിക്ക് വേഗത കൂടിക്കൊണ്ടേയിരുന്നു.ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ അത് കുതിച്ചു പാഞ്ഞു.അവളതാ അകന്നകന്നു പോകുന്നു..

നിലവിളിക്കണമെന്ന് തോന്നിപ്പോയി....ശബ്ദം പുറത്തു വരാതെ തൊണ്ടയിൽ കുരുങ്ങിയോ?

സർവശക്തിയും സംഭരിച്ച് ഞാനവളെ ഉറക്കെ വിളിച്ചു ..

“ നിളാ....എന്റെ പ്രിയപ്പെട്ട നിളാ........!“

വണ്ടി അത്യുച്ചത്തിൽ ചൂളം വിളിച്ചു കുതിച്ചു പാഞ്ഞു.ആ ശബ്ദ പ്രപഞ്ചത്തിൽ എന്റെ വാക്കുകൾ അലിഞ്ഞില്ലാതെയായി...അവൾ എന്നെ കേട്ടില്ലയോ? എന്നിൽ നിന്നും നീ അകന്നു പോകുന്നുവോ?

‘എങ്കിലും എന്റെ നിളാ എനിക്ക് നിന്നെ ഈ കോലത്തിൽ കാണേണ്ടി വന്നല്ലോ...ഇതു കാണാനുള്ള കരുത്തെനിക്കില്ല..”

എന്റെ കൈകാലുകൾ തളരുന്നുവോ?ഉമിനീരില്ലാതെ വായ ഉണങ്ങിപ്പോയോ?അവളെ സംരക്ഷിക്കാനാവത്തതിന്റെ കുറ്റബോധം എന്നി നിറയുന്നുവോ?

ശരീരത്തിന്റെ ശക്തി നഷ്ടപ്പെടുന്നപോലെ..കണ്ണൂകളിൽ ഇരുട്ട് നിറയുന്നു..ഞാനൊരിക്കൽ കൂടി ഭാരമില്ലാത്ത തൂവലായി മാറുന്നുവോ?

ആരാണെന്നെ താങ്ങുന്നത്?

ആരുടെ കൈകളാണ് എന്നെ വീണ്ടും ഉയർത്തുന്നത്?

ആ മൃദുസ്പർശം ഇന്നും അതു പോലെ തന്നെ..ഞാനത് തിരിച്ചറിഞ്ഞു.അവൾ തന്നെ..എന്റെ പ്രിയപ്പട്ട സുന്ദരിക്കോത..അതേ രൂപത്തിൽ..ആദ്യം കണ്ടപോലെ തന്നെ......ആ കൈകളിലേക്ക് ഞാൻ വീണുവോ?

അവളെന്നെ താങ്ങി !

അങ്ങിങ്ങ് വെള്ളാരം കല്ലുകൾ നിറഞ്ഞ വിശാലമായ പഞ്ചാരമണൽത്തിട്ടയിൽ അവളിരുന്നു..ആ മടിയിൽ തലചായ്ച് ഞാൻ കിടന്നു.ആ വിരലുകൾ എന്റെ നെറ്റിയിലും മുടിയിലും തലോടിക്കൊണ്ടേയിരുന്നു....പ്രഭാ‍തത്തിൽ കിഴക്കു നിന്നും വരുന്ന കുളിർതെന്നലിൽ എന്റെ മനം കുളിർത്തു...

എനിക്കായി ഒരിക്കൽ കൂടി മനോഹരമായി അവൾ പാടി..

“നിളാ നദിയുടെ നിർമ്മല തീരം..
അനുപമ സായൂജ്യ തീരം..”

ഞാൻ ആ ശാന്തതയിൽ ലയിച്ചു.....ഒരിക്കലും മറക്കാത്ത ഓർമ്മകളിൽ മയങ്ങി ! ഉണരാതെ..........!
**********************************************************************************

Monday, September 28, 2009

“അണ്ണാ”യ്ക്ക് നൂറ് വയസ് !

ഈ സെപ്റ്റംബറിനു ഒരു പ്രത്യേകതയുണ്ട്.

ഇക്കഴിഞ്ഞ 15 ആം തീയതി ‘അണ്ണാ’യ്ക്ക് നൂറ് വയസ്സ് തികഞ്ഞു.
‘അണ്ണാ‘ എന്നു പറഞ്ഞാൽ അതു മറ്റാരുമല്ല.തമിഴകത്തിന്റെ ഒരേ ഒരു ‘അണ്ണാ’...അണ്ണാദുരൈ !
ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തൻ.

പട്ടുവ്യവസായത്തിനു പ്രസിദ്ധി നേടിയ കാഞ്ചീപുരത്തെ ഒരു നെയ്ത്തുകാരനായിരുന്ന നടരാജന്റേയും ബംഗാരു അമ്മാളുടെയും മകനായി 1909 സെപ്റ്റംബർ 15 നു ആയിരുന്നു അദ്ദേഹം ജനിച്ചത്.1969ൽ അറുപതാം വയസ്സിൽ ഈ ലോകത്തോടു വിടപറഞ്ഞ അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികം ആണ് ഇപ്പോൾ തമിഴകമാകെ കൊണ്ടാടുന്നത്.


1967 ൽ കോൺഗ്രസിന്റെ നീണ്ടു നിന്ന അധികാര കുത്തക തകർത്ത് അണ്ണാദുരൈയുടെ ‘ദ്രാവിഡ മുന്നേറ്റ കഴകം” തമിഴകത്ത് അധികാരം പിടിച്ചടക്കുമ്പോൾ പാർട്ടി രൂപീകൃതമായിട്ട് വെറും 18 വർഷങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.അണ്ണാദുരൈയുടെ ശക്തമായ നേതൃത്വത്തിൽ ഡി.എം.കെ കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ കടപുഴകി വീണ കോൺഗ്രസിനു പിന്നിടൊരിക്കലും തമിഴ്‌നാട്ടിൽ അധികാരത്തിൽ വരാൻ സാധിച്ചിട്ടില്ല എന്ന വസ്തുത വിശകലനം ചെയ്യുമ്പോളാണ് അണ്ണാദുരൈ തുടങ്ങിവച്ച ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകൾ എത്ര ആഴത്തിലാണു തമിഴ് മനസ്സുകളിൽ ആഴ്ന്നിറങ്ങിയത് എന്ന് മനസ്സിലാകുന്നത്.

വളരെ സാധാരണക്കാരുടെ കുടുംബത്തിൽ പിറന്ന് സ്വന്തം പ്രയത്നം കൊണ്ട് നേതാവായി വളർന്ന ചരിത്രമാണു അണ്ണാദുരൈയുടേത്.പാവങ്ങളോടുള്ള അടങ്ങാത്ത അനുകമ്പയും ആഭിമുഖ്യവും, ഏറ്റവും ലളിതമായ ജീവിത ശൈലിയും അദ്ദേഹത്തെ “ഏഴകളു’ടെ പ്രിയങ്കരനാക്കി.അവരുടെ ഹൃദയങ്ങളിൽ അദ്ദേഹം ജീവിച്ചു.യാതൊരു സാമ്പത്തിക അടിത്തറയുമില്ലാതിരുന്ന ഒരു പ്രസ്ഥാനമായിരുന്ന ഡി.എം.കെയ്ക്ക് , അന്നത്തെ കാലത്ത് കോൺഗ്രസിനെപ്പോലെ ഒരു വലിയ പ്രസ്ഥാനത്തെ ‘മദ്രാസ്’ പോലെ ഒരു സംസ്ഥാനത്ത്( തമിഴ് നാട് എന്ന പേരു നൽ‌കിയതും 1967 ൽ അധികാരത്തിൽ വന്ന അണ്ണാദുരൈ മന്ത്രി സഭയാണ്) അധികാരത്തിൽ നിന്നു പുറത്താക്കാൻ സാധിച്ചത് തന്നെ അണ്ണാദുരൈ എന്ന ഒരു മനുഷ്യന്റെ നേതൃപാടവമാണു.അനുകൂലമായിരുന്ന ഒട്ടനവധി സാഹചര്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റുന്നതിൽ അദ്ദേഹം വിജയച്ചു.

കോളേജ് പ്രിൻസിപ്പൽ കനിഞ്ഞു നൽ‌കിയ സ്കോളർഷിപ്പിന്റെ പിൻ‌ബലത്തിൽ ‘പാച്ചിയപ്പാസ്” കോളേജിൽ നിന്നും ബി.എ ബിരുദം നേടിയ അദ്ദേഹം 1934 ൽ ‘ജസ്റ്റീസ് പാർട്ടി’ നേതാവായിരുന്ന ഇ.വി.രാമസാമി ( ഇ.വി.ആർ അല്ലെങ്കിൽ പെരിയാർ)യെ കണ്ടു മുട്ടിയതോടെയാണു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.വളരെ പെട്ടെന്നു തന്നെ അദ്ദേഹം പാർട്ടിയിൽ വളർന്നു.1944ൽ ജസ്റ്റീസ് പാർട്ടി ഒന്നടങ്കം “ദ്രാവിഡർ കഴകം” ആയി മാറി.എന്നാൽ പിന്നിടു വന്ന വർഷങ്ങളിൽ ഇ.വി.ആറും അണ്ണാദുരൈയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിച്ചു വരികയും അതിന്റെ അനന്തര ഫലമായി അണ്ണാദുരൈ പാർട്ടി വിടുകയും 1949 “ദ്രാവിഡ മുന്നേറ്റ കഴകത്തി’നു രൂപം നൽകുകയും ചെയ്തു.

പിന്നീടുള്ള ചരിത്രം ഇൻ‌ഡ്യയിലെ ദ്രാവിഡ രാഷ്ട്രിയത്തിന്റെ ചരിത്രമാണ്.1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഡി.എം കെ മൽ‌സരിച്ചില്ല.1957 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും 15 സീറ്റുകൾ മാത്രം ലഭിക്കുകയും ചെയ്തു.1957 ൽ വിജയിച്ച അണ്ണാദുരൈ 1962 ലെ തെരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് പരാജയപ്പെട്ടു.എന്നാൽ അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.

“ദ്രാവിഡ നാട്” എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു ആദ്യകാലത്ത് ഡി.എം.കെ ഉയർന്നു വന്നതെങ്കിൽ ചൈനീസ് യുദ്ധത്തെ തുടർന്ന് അത്തരം വിഘടന വാദപരമായ സമീപനം അവർ ഉപേക്ഷിച്ചു.അതേ സമയത്തു തന്നെയാണു 1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നത്.ശക്തമായ ‘ഹിന്ദി വിരുദ്ധ പ്രക്ഷോഭം” ആണു അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.ഇതു തമിഴ് ദേശീയ വികാരം ആളിക്കത്തിക്കാനും ഡി.എം.കെയെ കൂടുതൽ ജനങ്ങളിൽ എത്തിക്കാനും ഇടയാക്കി.സിനിമയിലും നാടകത്തിലും മറ്റു പ്രസിദ്ധികരണങ്ങളിലൂടെയും യുവ ജനങ്ങളിലേക്ക് അവർ കൂടുതൽ അടുത്തു.അണ്ണാദുരൈ തന്നെ നല്ല എഴുത്തുകാരനും വാഗ്മിയും ആയിരുന്നു.അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം പാവങ്ങൾക്കു വേണ്ടിയുള്ളവയായിരുന്നു.സിനിമയെ ഒരു പ്രധാന പ്രചാരണ ആയുധമാക്കി മാറ്റിയത് അദ്ദേഹമാണു.(ഒട്ടനവധി പുസ്തകങ്ങളും നാടകങ്ങളും ഇതിനായി എഴുതിയ അദ്ദേഹം ആറു സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.).ഇതിലെല്ലാം ഉപരിയായി യുദ്ധവും വരൾച്ചയും സമ്മാനിച്ച ക്ഷാമകാലം ജനങ്ങളെ നിലവിലിരുന്ന കോൺഗ്രസ് സർക്കാരിനെതിരാക്കി.കൂടാതെ 1 രൂപക്ക് 4.5 കി.ഗ്രാം അരി കൊടുക്കും എന്ന ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായപ്പോൾ 1967 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിലം പൊത്തി.പിന്നീടെന്നും ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ വാലിൽ തൂങ്ങി മാത്രം നില നിൽ‌ക്കേണ്ട ഒരു ഗതികേടിലേക്കാണ് കോൺ‌ഗ്രസ് ചെന്നു ചേർന്നതെന്നത് ചരിത്രം.

1967ൽ മുഖ്യമന്ത്രിയായെങ്കിലും വെറും രണ്ടു വർഷം കൂടി മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1969ൽ അർബുദം ബാധിച്ച് അദ്ദേഹം മരണമടയുകയാണുണ്ടായത്.അന്ന് അദ്ദേഹത്തിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മറീനാ ബീച്ചിൽ എത്തിച്ചേർന്നതു പോലെയൊരു ജനാവലി പിന്നിടൊരു നേതാവിനും അന്ത്യാഞ്ജലി അർപ്പിക്കാൻ ഇൻ‌‌ഡ്യയിൽ ഒന്നിച്ചു കൂടിയിട്ടില്ലെന്ന് ചരിത്രം പറയുന്നു.(ഇന്നവിടം “അണ്ണാ സ്ക്വയർ’ എന്നറിയപ്പെടുന്നു)

(അണ്ണായുടെ മരണം..എം.ജി.ആറിനേയും കാണാം.ചിത്രം കാണുക)

ദ്രാവിഡ രാഷ്ട്രീയം പിന്നീട് ഒട്ടേറേ കാറും കോളും നിറഞ്ഞ വഴികളിലൂടെ കടന്നു പോയി.എം.ജി ആറും, കരുണാനിധിയും ജയലളിതയും ഒക്കെ വന്നു.എന്നാൽ “അണ്ണാദുരൈ”ക്ക് സമാനനായ ഒരു നേതാവിനേയും തമിഴകം പിന്നീട് കണ്ടിട്ടില്ല.”അണ്ണാ” എന്ന പേര് ഇന്നും തമിഴന്റെ ഉള്ളിന്റെ ഉള്ളിലെ വികാരമാണ്.അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ ആയിരുന്നു.മക്കളില്ലാതിരുന്നതിനാൽ സഹോദരിയുടെ പേരക്കിടാങ്ങളെയാണു അദ്ദേഹം എടുത്തു വളർത്തിയിരുന്നത്.അവരെ ആരേയും അദ്ദേഹം പിൻ‌ഗാമിയാക്കിയില്ല.അവരും എല്ലാ വെള്ളി വെളിച്ചങ്ങളിൽ നിന്നും അകന്നു നിന്നു.അവരിലൊരാളായിരുന്ന പരിമളം എന്ന വളർത്തുമകൻ കഴിഞ്ഞവർഷം സാമ്പത്തിക പരാധീനതകൾ മൂലം ആത്മഹത്യ ചെയ്തു.അപ്പോളാണു ഈ മഹാനായ നേതാവിന്റെ പിൻ‌തലമുറ എങ്ങനെ ജീവിക്കുന്നുവെന്ന് തമിഴകമറിയുന്നത്.

എന്തായിരുന്നു അണ്ണാദുരൈയുടെ വിജയമന്ത്രം?ഈ പോസ്റ്റ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ പിന്താങ്ങുന്ന ഒന്നല്ല.മറിച്ച് സാധാരണക്കാരനായി ജനിച്ച് സാധാരണക്കാരനായി മരിച്ച ഒരു മനുഷ്യൻ എപ്രകാരമാണു ഇന്നും മനുഷ്യമനസ്സുകളിൽ മരിക്കാതെ ജീ‍വിക്കുന്നത് എന്നറിയാനുള്ള ഒരു ശ്രമം മാത്രമാണ്.ഒരു സാധാരണക്കാരന്റെ , ഒരു പാവപ്പെട്ടവന്റെ മനസ്സറിയാൻ കഴിഞ്ഞു എന്നതാണു അദ്ദേഹത്തിന്റെ വിജയം.മരണം വരെ അവരിലൊരാളായി കഴിയാൻ അദ്ദേഹത്തിനു സാധിച്ചു എന്നതും കൂടി ഓർക്കേണ്ടതാണ്.

അതു കൊണ്ടു തന്നെ തമിഴ് മനസ്സുകളിൽ അദ്ദേഹത്തിനു ഒരിക്കലും മരണമില്ല.

“അണ്ണാ” ഇന്നും ജീവിക്കുന്നു....എന്നും ജീവിച്ചു കൊണ്ടേയിരിക്കും....!

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)