കേരളത്തെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷവും വലതു പക്ഷവും നേര്‍ക്കു നേര്‍ പോരാടുന്ന ചരിത്രമാണു തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്.കാലാകാലങ്ങളില്‍ രണ്ട് പക്ഷവും സംസ്ഥാനം മാറി മാറി ഭരിക്കുകയും ചെയ്തിട്ടുണ്ട്.( എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നും ഇടതുപക്ഷത്തിനു ഒരു മേല്‍ക്കൈ ഉണ്ടായിരുന്നു)
ഇങ്ങനെ മാറി മാറിയുള്ള ഭരണം യഥാര്‍ത്ഥത്തില്‍ കേരളത്തിനു നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ?എന്താണു രണ്ടു മുന്നണികളും തമ്മിലുള്ള വികസന കാഴ്ചപ്പാടിലുള്ള വ്യത്യാസം? ആരാണു രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേരളത്തിന്റെ വികസനവും ഭാവിയും മുന്‍കൂട്ടി കണ്ട് നയപരിപാടികള്‍ നടപ്പിലാക്കിയിട്ടുള്ളത്?
ഈ ഒരു ചിന്ത ഈ അവസാന നിമിഷത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ ഒരു വിശകലനത്തിലേക്ക് കടന്നാല്‍ 1957 മുതല്‍ ഇന്നു വരെ കേരളത്തിന്റെ വികസനത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനു മാത്രമായിരുന്നു എന്ന് കാണാം
1957 മുതലുള്ള സര്‍ക്കാരുകളെ എടുത്താല്‍ ഇടതു പക്ഷം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്കാന്‍ മറ്റൊന്നില്ല.1957 ലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സംഭാവനയായ ഭൂപരിഷ്കരണ നിയമം , 25 ലക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ ആണു മണ്ണിന്റെ അവകാശികളാക്കിയത്.അതുപോലെ തന്നെ സമഗ്രമായ വിദ്യാഭ്യാസ നിയമം, ഭരണപരിഷ്കരണ നടപടികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ സംഭാവനയാണ്.
ജനാധിപത്യത്തെ കശാപ്പു ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1959 ല്‍ തന്നെ കേരളം കണ്ട മികച്ച പുരോഗമന സര്‍ക്കാരിനെ പിരിച്ചു വിട്ടാണു വികസനത്തോടും ജനാധിപത്യത്തോടുമുള്ള കൂറ് വ്യക്തമാക്കിയത്.
1987 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ് “സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി” തുടര്‍ന്നു വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയുടെ “തുടര്‍ വിദ്യാഭ്യാസ പദ്ധതി”യേയും മുക്കിക്കൊന്നു.
അധികാരവികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റം ആയിരുന്നു അതേ സര്‍ക്കാര്‍ കൊണ്ടു വന്ന “ജില്ലാകൌണ്‍സിലുകള്‍”.പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജില്ലാകൌണ്‍സിലുകളെ അകാലത്തില്‍ പിരിച്ചു വിട്ടുകൊണ്ടാണ് ഒരിക്കല്‍ കൂടി ജനാധിപത്യത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള അവരുടെ ‘കൂറ് ‘വ്യക്തമാക്കിയത്.
പഞ്ചായത്തീരാജ് സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇന്‍ഡ്യയില്‍ നടപ്പിലാക്കിയത് ഇടതു സര്‍ക്കാരുകള്‍ ആണു 1978 ല്‍ തന്നെ പശ്ചിമ ബംഗാളില്‍ അത് നിലവില്‍ വന്നു.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.അതാകട്ടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ പാസായതുമില്ല.വികേന്ദ്രീകരണത്തിന്റെ മറവില്‍ കേന്ദ്രീകരണം കൊണ്ടുവരികയായിരുന്നു ആ ബില്ലിലെ വ്യവസ്ഥ എന്നു കാണാം.
വികേന്ദ്രീകരണം എങ്ങനെ?
താഴേത്തട്ടിലേക്കു ജനാധിപത്യവും വികസനവും രാഷ്ട്രീയ അധികാരവും എത്തിക്കുന്നതിനുള്ള അതീവ സുപ്രധാനമായ നയപരിപാടി ആയിരുന്നു 1996 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ “ജനകീയാസൂത്രണം” വികേന്ദ്രീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതി വിഹിതത്തിന്റെ 40% തുക പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയാണു ഇടതു പക്ഷം സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചത്.ചരിത്രത്തിലാദ്യമായി ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം തീരുമാനിച്ചു.ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍,സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍മ്മ സമിതികള്‍ എന്നിവ വഴി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന വികസന അജണ്ട ജനങ്ങള്‍ തനിയെ കൈകാര്യം ചെയ്തു.ജനകീയാസൂത്രണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ തന്നെ 3 ലക്ഷത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ കക്കൂസുകളും 4873 കി.മീ ജില്ലാറോഡുകളും 11863 കി.മീ പ്രാദേശിക റോഡുകളും നിര്‍മ്മിക്കപ്പെട്ടു.ഇതൊക്കെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതാണ്.
ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുടുംബശ്രീ..1998 ല്‍ തുടങ്ങിയ കുടുംബശ്രീ ഇന്നിപ്പോള്‍ ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ്..37 ലക്ഷം കുടുംബങ്ങളുടെ അത്താണിയാണു ഇന്ന് കുടുംബശ്രീ.കുടുംബശ്രീയുടെ ചില കണക്കുകള്‍ നോക്കൂ
അംഗങ്ങള്‍ - 37 ലക്ഷം
അയല്‍ക്കൂട്ടങ്ങള്‍ - 1.94 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 27853
പാട്ടകൃഷി - 46,444 കുടുംബങ്ങള്‍
കൃഷി ചെയ്യുന്ന സ്ഥലം,- 6,26,552 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 69,121
സ്പെഷല്‍ സ്കൂളുകള്‍ - 31
ബാല സഭകള്‍ - 52736
ആകെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 3958.43 കോടി രൂപ.......
ഇന്നു ഏറ്റവും വലിയ സ്വയം സഹായ സംഘമായി ഇതു വളര്‍ന്നിരിക്കുന്നു.അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ താങ്ങ് ഇന്നു “കുടുംബശ്രീ” ആണെന്ന് നിസംശയം പറയാം.ഇടതു പക്ഷ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇത്.വീകേന്ദ്രീകരണത്തെയും വികസനത്തെയും ഇടതു കക്ഷികള്‍ എങ്ങനെ സമീപിക്കുന്നു എന്നത് വിശദമാക്കാന്‍ വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.
ഈ വികേന്ദ്രീകരണപ്രക്രിയ നേടിത്തന്നത് വമ്പിച്ച സ്ത്രീ ശാക്തീകരണമാണ്.വീട്ടിനുള്ളില്‍ തളക്കപ്പെട്ടിരുന്ന പതിനായിരക്കണക്കിനു സ്ത്രീകളാണു അധികാരത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്.കുടുംബശ്രീ അവരുടെ സന്തതിയാണ്..ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?
ഇങ്ങനെ അര്‍പ്പണബോധത്തോടെ ജനപക്ഷത്തുനിന്നുള്ള വികസന പരിപാടികളാണു ഇടതു പക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പെടുക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടു വയ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ചെയ്ത ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതു മനസ്സിലാവും
നിരന്തരമായി ട്രഷറികള്‍ അടച്ചിട്ടിരുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലാണു യു ഡി എഫില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരം നേടിയെടുക്കുന്നത്..കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉണ്ടായ പ്രധാനമായ മാറ്റവും സാമ്പത്തിക രംഗത്തുതന്നെ.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തുപോലും പിടിച്ചു നില്‍ക്കുക മാത്രമല്ല ഒരൊറ്റ ദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിയും വന്നിട്ടില്ല..
നികുതി പിരിവിലെ സര്‍വകാല റെക്കോഡാണു.അഖിലേന്ത്യാ തലത്തില്‍ 8% മാത്രം നികുതി പിരിവില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 32% ശതമാനമാണ്.ദേശീയ ശരാശരിയുടെ നാലുമടങ്ങ്.കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിശദമായ ഒരു അഭിമുഖം ‘കലാകൌമുദി’യിലെ വി.ഡി ശെല്‍വരാജ് ധനമന്ത്രിയുമായി നടത്തിയിരുന്നു.അത് ഇവിടെ കാണാം.
നാലരവര്‍ഷക്കാലത്തെ ചില പ്രധാന നേട്ടങ്ങള്‍ കാണൂ
- 36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം ജോലിചെയ്തവര്‍ക്കും 2 രൂപക്ക് അരി..അങ്ങനെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സഹായം.
- 25ലക്ഷം വരുന്ന പ്രവാസികള്‍ക്ക് ( കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കും ഭാരതത്തിനു വെളിയില്‍ ഉള്ളവര്‍ക്കും) ക്ഷേമനിധി.
- 2011 ഓടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി
- ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കര്‍ഷക ആതമഹത്യ് നിത്യ സംഭവമായിരുന്നു.കര്‍ഷകര്‍ക്കായി “കാര്‍ഷിക കടാശ്വാസ നിയമം”.ഒട്ടനവധി ക്ഷേമ പദ്ധതികള്‍.കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ പഴങ്കഥകള്‍
- 2011 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം.പാലക്കാട് ജില്ല ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല ആയിക്കഴിഞ്ഞിരിക്കുന്നു.തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകള്‍ തൊട്ടു പിന്നാലെ
- 40,000 കോടി രൂപയ്കുള്ള പൊതുമേഖലാ കമ്പനി ഓഹരികള്‍ വിറ്റു കാശാക്കി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളത്തില്‍ ആകെയുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു..ഭാരതത്തിനു തന്നെ ഇത് മാതൃകയാവുന്നു.( ലിങ്ക് കാണുക).
- പൊതുമേഖലയിലെ ലാഭം കൊണ്ട് പുതിയ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍
- മികച്ചക്രമസമാധാനപാലനത്തിനു കേരളത്തിനു ദേശീയതലത്തില്‍ അവാര്‍ഡ്
- സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തി.
- ആദ്യമായി ഹെല്‍ത്ത് യൂണിവേര്‍സിറ്റി.ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി
- 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
- സമസ്ത മേഖലയിലേയും ക്ഷേമനിധി തുക വര്‍ദ്ധിപ്പിച്ചു.കുറഞ്ഞത് 300രൂ.എല്ലാ കുടിശിഖകളും കൊടുത്തു തീര്‍ത്തു
- മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിച്ചു.മദ്രസകളിലെ മുല്ലാമാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചു.
- സഹകരണമേഖലയിലെ നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്നും അറുപതിനായിരം കോടിയായി.
- പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുത്തു.
കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.മികച്ച സംസ്ഥാനത്തിനുള്ളതടക്കം ഒട്ടനവധി അവാര്‍ഡുകളാണു ഈ സര്‍ക്കാര്‍ നേടിയെടുത്തത്.
( ഫോട്ടോയില്‍ ഞെക്കിയാല്‍ വലുതായി കാണാം)
ആഗോളവല്‍ക്കരണ നയങ്ങളും ആസിയാന്‍ കരാറുകളും നടുവൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനു കീഴില്‍ , അതിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി മാത്രം ഭരിക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതില്‍പ്പരം എന്താണു പ്രതീക്ഷിക്കാനുള്ളത്? ഈ നേട്ടങ്ങള്‍ കടന്നു വന്നത് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് കാണാം.ഇതിനു ഒരു തുടര്‍ച്ച ആവശ്യമില്ലേ? ജനങ്ങളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സര്‍ക്കാരിനു കീഴില്‍ മികച്ച സേവനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതികളല്ലേ നമുക്കാവശ്യം?
അതുകൊണ്ടു തന്നെ“ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം” എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ.. എന്റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?
ചിന്തിക്കൂ..ഇനിയും സമയം വൈകിയിട്ടില്ല..ഓരോ വിലയേറിയ സമ്മതിദാനാവകാശവും ഇത്തവണയും ഇടതുപക്ഷത്തിനാകട്ടെ ...!!!