Monday, June 8, 2009

“കാല്പനിക ഭാവങ്ങളുമായി ബേക്കൽ”-(ഒരു തിരുവിതാംകൂറുകാരന്റെ മലബാർ യാത്രകൾ ! -ഭാഗം -2)

(ഇതിന്റെ ആദ്യഭാഗം വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. )

അങ്ങനെ ഞാൻ 28 ആം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി.അധികം വൈകാതെ തന്നെ കാഞ്ഞങ്ങാട് പോകുന്ന ഒരു പ്രൈവറ്റ് ബസ് അവിടെ എത്തി.ബോർഡിൽ “ബേക്കൽ” എന്ന് എഴുതിയിരുന്നെങ്കിലും കണ്ടക്ടറോട് ഒന്നു കൂടി ചോദിച്ച് ഉറപ്പിച്ച ശേഷം അതിൽ കയറിയിരുന്നു.കുറച്ച് ആൾക്കാർ കയറിയപ്പോൾ വണ്ടി പുറപ്പെട്ടു.കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ വെറും 15 കി.മീ ചെന്നാൽ ബേക്കൽ ആകും എന്നായിരുന്നു ഞാൻ അന്വേഷിച്ച് അറിഞ്ഞു വച്ചിരുന്നത്.എന്നാൽ അര മണിയ്ക്കൂർ കഴിഞ്ഞിട്ടും സ്ഥലം എത്തുന്നില്ല.അപ്പൊൾ അടുത്തിരുന്ന ആളിനോട് അന്വേഷിച്ചപ്പോളാണു മനസ്സിലാകുന്നത് ആ ബസ് നേരെയുള്ള വഴിയിലല്ല പോകുന്നത് എന്ന്.ബേക്കലിൽ ചെല്ലാൻ ഒരു മണിക്കൂറിൽ കൂടുതൽ എടുക്കുമത്രേ.അബദ്ധം പറ്റിയല്ലോ എന്നോർത്തപ്പോൾ ഒരു നിരാശ സ്വയം തോന്നി.പക്ഷേ ഇനിയിപ്പോൾ ഒന്നും ചെയ്യാനാവില്ലല്ലോ എന്നോർത്തപ്പോൾ അങ്ങനെ ഇരുന്നു ഒന്നു മയങ്ങിപ്പോയി.ഉണർന്നപ്പോൾ ബസ് ഉദുമ എത്തിയിരുന്നു.സമയം 12.30 ആയി.വിശക്കുന്നുണ്ടായിരുന്നു.എന്തായാലും കാസറഗോഡു നിന്നു കഴിയ്ക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.ബേക്കലിനു സമീപം ചെറിയ വല്ല ഹോട്ടലും ഉണ്ടാവും എന്ന വെറുമൊരു തോന്നലായിരുന്നു അതിന് കാരണം.പത്തു ദിവസമായി മംഗലാപുരത്തെ ഉയർന്ന ഗ്രേഡിലുള്ള ഹോട്ടലിലെ ഭക്ഷണം അത്ര മടുപ്പിച്ചിരുന്നു.



നീണ്ട കാത്തിരിപ്പിന് ശേഷം ബസ് 12.40 ആയപ്പോൾ ബേക്കലിൽ എത്തി.ബേക്കൽ കോട്ടയും അതിനു തൊട്ടടുത്തുള്ള ബീച്ചുമാണു പ്രധാന ആകർഷണം ഇവിടെ.ബേക്കൽ കോട്ടയിലേയ്ക്ക് പോകുന്നതിനുള്ള ബസ്‌സ്റ്റോപ് വളരെ ചെറിയ ഒന്നാണ്.പഴകി ദ്രവിച്ച ഒന്നു രണ്ടു ബോർഡുകൾ മാത്രമേ അവിടെ കാണാനായുള്ളൂ.ബേക്കലിലെ ടൂറിസം വികസനം ഇനിയും എത്രയോ ദുരം പോകാനുണ്ടെന്ന് ഈ പഴകി ദ്രവിച്ച ബോർഡുകൾ സാക്ഷ്യപ്പെടുത്തുന്നു!

(കാസറഗോഡ് - കാഞ്ഞങ്ങാട് റൂട്ടിൽ 15 കി.മീ ചെല്ലുമ്പോളുള്ള ബേക്കൽ സ്റ്റോപ്-പഴകിയ ബോർഡുകൾ)



കേരളത്തിൽ ഇന്ന് അവശേഷിയ്ക്കുന്ന കോട്ടകളിൽ വലിപ്പം കൊണ്ട് ഒന്നാം സ്ഥാനത്താണു ബേക്കൽ.ഏതാണ്ട് 40 ഏക്കർ സ്ഥലത്തായി അതു പരന്നു കിടക്കുന്നു.ഇതിലും വലിയ ഒരു കോട്ട ഞാൻ കണ്ടത് കർണ്ണാടകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ ജില്ലയായ ബീദറിലാണ്.അവിടെ പഴയ ബീദർ പട്ടണം മുഴുവനായി കോട്ടയാൽ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഏതാണ്ട് 5 കി.മീ ചുറ്റളവ് ഉണ്ട് ആ കോട്ടയ്ക്.

കാസറഗോഡ്- കാഞ്ഞങ്ങാട് റെയിൽ ‌റൂട്ടിലും “ബേക്കൽ ഫോർട്ട്” സ്റ്റേഷൻ ഉണ്ട്.ഇവിടെ എക്സ്പ്രസ് ട്രയിനുകൾ നിർത്താറില്ല.ആ സ്റ്റേഷനിൽ നിന്നാൽ കാണുന്ന ബേക്കൽ കോട്ടയുടെ വിദൂര ദൃശ്യം അതീവ സുന്ദരമാണ്.
(ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ നിന്നുള്ള കോട്ടയുടെ വിദൂര കാഴ്ച-ട്രയിനിൽ വച്ച് എടുത്തത്)




ബേക്കലിൽ ഇറങ്ങിയപ്പോൾ വിശപ്പ് കലശലായി.നല്ല ചൂടും.എന്തായാലും ഭക്ഷണം കഴിച്ചിട്ട് കോട്ടകാണാം എന്ന് കരുതി ബസ്‌സ്റ്റോപ്പിന്റെ പരിസരം മുഴുവൻ നോക്കിയിട്ടും ഒരു ഹോട്ടൽ കാണാൻ കഴിഞ്ഞില്ല.എന്തായാലും റോഡ് മുറിച്ചു കടന്ന് കോട്ടയിലേയ്ക്കുള്ള വഴിയിലൂടെ നടന്നു.ഏകദേശം 100-150 മീ നടന്നപ്പോൾ തന്നെ പ്രൌഢഗംഭീരമായ് കോട്ടയുടെ മുൻ‌ഭാഗം പ്രത്യക്ഷപ്പെട്ടു.
(ബേക്കൽ കോട്ടയിലേയ്ക്ക് എത്തിച്ചേരുന്ന വഴി)




ഭാഗ്യം, കോട്ടയുടെ പ്രധാനകവാടത്തിനു എതിരായി തന്നെ ഒന്നു രണ്ട് കടകൾ.അതിലൊന്നു ഒരു നാടൻ ഹോട്ടൽ.ഒട്ടും താമസ്സിയ്ക്കാതെ അങ്ങോട്ട് ചെന്നു.ഒരു കുടുംബം നടത്തുന്ന വളരെ ചെറിയ ഹോട്ടൽ.ഒരു ചേച്ചിയാണവിടുത്തെ പ്രധാനി.അകത്തുള്ള സീറ്റുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു “ഊണു”പറഞ്ഞു.ഊണു വരാനെടുത്ത സമയത്ത്, ബേക്കൽ കാണാൻ വന്ന മറ്റു ചില കുടുംബങ്ങളെ ചുമ്മാ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവരുടെ ഒക്കെ തൊലിനിറവും ഭാഷയുടെ വ്യത്യാസങ്ങളും ഒക്കെ എന്നെ വല്ലാതെ ആകർഷിച്ചു.തുളുനാടിന്റെ സ്വാധീനമാകാം അതിനു പിന്നിൽ എന്നു തോന്നുന്നു.അവരുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീകളുടെ സൌന്ദര്യം പ്രത്യേകം ഞാൻ ശ്രദ്ധിച്ചു.ശരിയ്ക്കും മലയാളി സുന്ദരി എന്ന് പറയേണ്ടത് ഇവരെയല്ലേ എന്ന് തോന്നാതിരുന്നില്ല !



ഇത്തരം ചെറിയ ഹോട്ടലുകൾ പണ്ടെ എനിയ്ക്കു ഇഷ്ടമാണ്.നഗര വൽ‌ക്കരണത്തിനിടയിൽ നമുക്ക് നഷ്ടമാകുന്നവയാണു ഇത്തരം ഇടത്തരം ഭക്ഷണശാലകൾ.ഇതിനിടയിൽ വന്ന ഊണും കഴിച്ച് ഞാൻ വെളിയിലിറങ്ങി.ചൂട് കാരണം തൊട്ടടുത്തുള്ള കടയിൽ നിന്നു വെള്ളവും വാങ്ങി കോട്ടയുടെ കവാടത്തിലേയ്ക്ക് നടന്നു. (കോട്ടയുടെ മുൻഭാഗം)



(മുൻ‌വശത്തെ ദൃശ്യങ്ങൾ)






തൊട്ടു മുന്നിൽ ശാന്ത സുന്ദരമായ അറബിക്കടൽ കാണാം.അറബിക്കടലിലേയ്ക്കു തള്ളി നിൽക്കുന്ന രീതിയിലാണു കോട്ട പണിതിരിയ്ക്കുന്നത്.ആർക്കിയോളജിയ്ക്കൽ സർവേയുടെ കീഴിലുള്ള സംരക്ഷിത സ്മാരകം ആണു ഇപ്പോൾ കോട്ട.എന്നാൽ ഈ കോട്ടയുടെ ചരിത്രമോ മറ്റു വിവരങ്ങളോ വിശദീകരിയ്ക്കുന്ന ഒരു ബോർ‌ഡ് പോലും അവിടെ ഇല്ലാത്തതിൽ എനിയ്ക്ക് നിരാശ തോന്നി.ടിക്കറ്റെടുത്ത് ഞാൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.

(സന്ദർശകർക്കുള്ള അറിയിപ്പ്)




ബേക്കലിന്റെ ചരിത്രം

16 ആം നൂറ്റാണ്ടിലെ തളിക്കോട്ട യുദ്ധത്തിനു ശേഷം തുളുനാട്ടിൽ ആധിപത്യം സ്ഥാപിച്ചിരുന്ന “കേലാടി നായക” രാജാക്കന്മാരാണു ബേക്കൽ കോട്ട പണി കഴിപ്പിച്ചത്.കേരളത്തിലെ മറ്റു കോട്ടകളിൽ നിന്നു വ്യത്യസ്തമായി ഭരണ പരമായ കാര്യങ്ങളൊന്നും തന്നെ ഈ കോട്ടയ്ക്കുള്ളിൽ നിന്നു നടത്തിയിരുന്നില്ല.അധികാര സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.അതിനർഥം പ്രതിരോധാവശ്യങ്ങൾക്കായി മാത്രമായിരുന്നു ഈ കോട്ട പണികഴിപ്പിച്ചത് എന്നാണ്.അറബിക്കടലിൽ ആധിപത്യം സ്ഥാപിയ്ക്കുക എന്നത് അക്കാലത്ത് സ്വന്തം സാമ്രാജ്യം നില നിർത്താൻ ആഗ്രഹമുള്ള ഏതൊരു രാജാവും സ്വീകരിച്ചു വന്നിരുന്ന മാർഗമാണ്.കേരളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള എല്ലാ കോട്ടകളും ഈ ഒരു ലക്ഷ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളവയാണ്.വളരെക്കാലം കേലാടി നായകന്മാരുടെ കൈവശം ഉണ്ടായിരുന്ന ഈ കോട്ട പിന്നീട് മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലി പിടിച്ചടക്കി.പിന്നീട് ഇത് ടിപ്പു സുൽത്താന്റെ കീഴിലായിരുന്നു.ടിപ്പു സുൽത്താന്റെ കൊലപാതകത്തിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കൈവശം വന്നു ചേർന്നു.



പ്രൌഢഗംഭീരവും അന്യൂനമായ നിർമ്മാണ വൈദദ്ധ്യം കൊണ്ട് അതി മനോഹരവുമാണു ബേക്കൽ കോട്ട.കോട്ട നല്ല രീതിയിൽ സംരക്ഷിയ്ക്കാൻ ഇപ്പോൾ സർക്കാർ തലത്തിൽ തന്നെ ഒട്ടനവധി നടപടികൾ എടുത്തു വരുന്നുണ്ട്.കോട്ടയ്ക്കുള്ളിൽ കടക്കുമ്പോൾ തന്നെ കാണുന്ന മനോഹരമായ ഉദ്യാനവും മറ്റും ഇതിന്റെ ഭാഗമാണ്.കോട്ടഭിത്തികളൊക്കെയും പായലും ചെടികളും ഒക്കെ മാറ്റി വളരെ മനോഹരമാക്കിയിരിയ്ക്കുന്ന കാഴ്ചയാണു കാണാനാവുന്നത്.കോട്ടയിൽ കയറുമ്പോൾ തന്നെ “മുഖ്യപ്രാണ’ന്റെ ( ഹനുമാൻ) ക്ഷേത്രം കാണാം.കന്നഡയിലും കൂടിയുള്ള ബോർഡ് തുളു രാജാക്കന്മാരായിരുന്ന കേലാടി നായകന്മാരുടെ അന്നത്തെ സ്വാധീനം വെളിപ്പെടുത്തുന്നു.
(മുഖ്യപ്രാണ ക്ഷേത്രം)


(കോട്ടയിൽ കടക്കുമ്പോൾ)



കോട്ടയ്ക്കുള്ളിൽ കടന്നാൽ വലതു വശത്താണു അറബിക്കടൽ.ഞാ‍ൻ വലതു വശം വഴി കോട്ട ചുറ്റി കാണാൻ തുടങ്ങി.കോട്ട കാണാൻ വന്ന അനവധി സംഘങ്ങൾ ഉണ്ടായിരുന്നു.അവരിൽ ഒരു കൂട്ടരോടൊപ്പം അവരറിയാതെ ഞാനും കൂടി..കോട്ട കൊത്തളങ്ങളും അവിടെ ഒക്കെ കാണുന്ന പട്ടാള നിരീക്ഷണ കേന്ദ്രങ്ങളുമൊക്കെ സൂചിപ്പിയ്ക്കുന്നത് അക്കാലത്ത് കോട്ടയ്ക്കുണ്ടായിരുന്ന തന്ത്രപരമായ സ്ഥാനമാണ്.


( ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ?)



വലതു വശത്തേയ്ക്കു കുടുതൽ ചെല്ലുമ്പോൾ അനന്തമായ സമുദ്ര നീലിമയിലേയ്ക്ക് തള്ളി നിൽക്കുന്ന കോട്ടയുടെ കാഴ്ച കാണാം. ഒരിയ്ക്കൽ കണ്ടാൽ പിന്നെ ജീവിതത്തിൽ ഒരിയ്ക്കലും മറക്കില്ല.അറബിക്കടലിലെ ശാന്തമായ തിരമാലകൾ കോട്ടയിലും കോട്ടയോടു ചേർന്നുള്ള പാറക്കെട്ടുകളിലും വന്നടിയ്ക്കുന്നതിന്റെ താളാത്മകമായ ശബ്ദം കൂടിയാകുമ്പോൾ ഏതു കഠിന ഹൃദയനും ഒരു നിമിഷം വികാര തരളിതനാകുമെന്ന് ഉറപ്പാണ്.കാല്പനിക സൌന്ദര്യത്തിന്റെ പ്രൊജ്ജ്വലമായ മാതൃകയാണു ബേക്കൽ കോട്ട.മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന ഏതൊരാളിന്റെ മനസ്സിലും അതു ആലിപ്പഴം പൊഴിയ്ക്കും.
(തിരയും തീരവും ചുംബിച്ചുറങ്ങീ...)


ബേക്കൽ കോട്ടയുടെ മുകളിൽ നിന്ന് അറബിക്കടലിന്റെ വിശാലതയിലേയ്ക്കു മിഴി നീട്ടുമ്പോൾ അന്തരീക്ഷത്തിൽ ഒരു ഗാനം അലയടിച്ചു കാതുകളിൽ പതിച്ചു.



“ഉയിരേ..ഉയിരേ......വന്തു എന്നോട് കലന്തിവിട്” മണിരത്നത്തിന്റെ പ്രസിദ്ധമായ “ബോംബെ” എന്ന സിനിമയിൽ റഹ്‌മാന്റെ അനശ്വരമായ പ്രണയഗീതം.അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും തകർത്തഭിനയിച്ചത് ഈ ബേക്കൽ കോട്ടയുടെ മുകളിലാണ്.അക്കാലത്ത് കോട്ട ഇന്നുള്ള അത്രയും ഭംഗിയിൽ അല്ലായിരുന്നു എന്ന് വീഡിയോ കാണുമ്പോൾ അറിയാം.അന്നു അവഗണിയ്ക്കപ്പെട്ടു കിടക്കുകയായിരുന്ന ബേക്കലിന്റെ ഉയിർത്തെഴുനേൽ‌പ്പിന് മണിരത്നവും ഒരു പങ്കു വഹിച്ചു എന്ന് പറയുന്നതാവും ശരി.



പടിഞ്ഞാറു ഭാഗത്ത് ഒരു ചെറിയ വാതിലുണ്ട്.അതു വഴി ഇറങ്ങിയാൽ അറബിക്കടലായി.അവിടെ അറബിക്കടലിലേയ്ക് തള്ളി നിൽക്കുന്ന കോട്ടയുടെ ഒരു ഭാഗമുണ്ട്.അതിനോടു ചുറ്റുമുള്ള പാറക്കെട്ടുകളിൽ തിരമാലകൾ വന്ന് അടിച്ചു ചിതറുന്ന കാഴ്ച അതി മനോഹരം എന്നു മാത്രമേ വിശേഷിപ്പിയ്ക്കാനാവൂ.
(കടലിന്നഗാധമാം നീലിമയിൽ..)

ഞാൻ ആ വാതിൽ വഴി ഇറങ്ങി കോട്ടയുടെ ആ ഭാഗത്തേയ്ക്കു പോയി.അവിടെ കുറെ സംഘങ്ങൾ ഉണ്ടായിരുന്നു.കൂട്ടത്തിൽ ഏതോ സ്കൂളിൽ നിന്നു വന്ന കുട്ടികളും.അവരുടെ കളിയും ചിരിയും കൊണ്ട് അന്തരീക്ഷം വളരെ സജീവമായതു പോലെ തോന്നി.നല്ല ചൂടുള്ള വെയിലിലും കടലിൽ നിന്നു വരുന്ന കാറ്റിൽ കുളിർമ്മ തോന്നി.കടലിലുള്ള കോട്ടയുടെ ഈ ഭാഗത്തു നിന്നു തിരിഞ്ഞു നിന്നു കോട്ടയെ നോക്കുമ്പോളാണു അതിന്റെ ഗാംഭീര്യം മനസ്സിലാവുക.അറബിക്കടലിലെ ആധിപത്യത്തിനായുള്ള എത്ര എത്ര പോരാട്ടങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ടാവും..കാലത്തിനും ചരിത്രത്തിനും നിശ്ശബ്ദ സാക്ഷിയായി ബേക്കൽ കോട്ട തലയുയർത്തി നിൽക്കുന്നു.


(അറബിക്കടലിൽ നിന്നുള്ള കാഴ്ച)


തിരികെ കോട്ടയിൽ കടന്ന് ഞാൻ വീണ്ടും കോട്ടയെ വലം വയ്ക്കാൻ തുടങ്ങി.പട്ടാളക്കാർ കാവൽ നിന്നിരുന്ന കോട്ട കൊത്തളങ്ങൾ.ഇപ്പോൾ പുതിയതായി ഉണ്ടാക്കിയിരിയ്ക്കുന്ന ഉദ്യാനത്തിലെ മനോഹര പുഷ്പങ്ങൾ.കോട്ടയുടെ ഒതുങ്ങിയ ഭാഗങ്ങളിൽ തങ്ങളുടേതായ നിമിഷങ്ങളിൽ മുഴുകിയിരിയ്ക്കുന്ന പ്രണയിനികൾ.അനന്തമായ സമുദ്രത്തിന്റെ നീലിമ.ഇത്ര മനോഹരമായ ഒരു കാഴ്ച മറ്റെവിടെയാണു ഉണ്ടാവുക.

നടന്ന് നടന്ന് ബ്രിട്ടീഷ് കാർ പണിത ഒരു “റെസ്റ്റ് ഹൌസി”ന്റെ അടുത്തെത്തി.അതു പൂട്ടിയിട്ടിരുന്നു.ആ ഭാഗത്ത് നിന്നു നോക്കിയാൽ അങ്ങു ദൂരെ ബേക്കൽ ഫോർട്ട് ബീച്ച് കാണാം.ആ ദൃശ്യം ഞാൻ ക്യാമറയിൽ പകർത്തി.ബീച്ചിൽ പോകേണ്ടതില്ലെന്ന് ഞാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.



(ബേക്കൽ ഫോർട്ട് ബീച്ചിന്റെ വിദൂര ദൃശ്യം)

അല്പം കൂടി മദ്ധ്യഭാഗത്തേയ്ക്കു മാറിയാൽ പഴയ തുരങ്കത്തിന്റെ അവശിഷ്ടഭാഗങ്ങൾ കാണാം.ഉള്ളിലേയ്ക്ക് കുറച്ചൊന്നു ഇറങ്ങിയ ശേഷം ഞാൻ തിരികെ പോന്നു.

കോട്ടയുടെ മദ്ധ്യഭാഗത്തായിട്ടാണു പ്രധാന ആകർഷണമായ “നിരീക്ഷണ ഗോപുരം”(Observation Tower).ഇതു ടിപ്പു സുൽത്താനാണു പണി കഴിപ്പിച്ചത്.വളരെ മനോഹരമായി പ്രത്യേക ആകൃതിയിൽ നിർമ്മിച്ചിരിയ്ക്കുന്ന ഗോപുരത്തിന്റെ മുകളിൽ ഞാൻ കയറി.ഒരു നിമിഷം! ഇതു തന്നെ ദൈവത്തിന്റെ സ്വന്തം നാടു എന്ന് ഞാൻ പറഞ്ഞു പോയി.പടിഞ്ഞാറു ഭാഗത്തെ അഗാധ നീലിമ! കിഴക്കു ഭാഗത്ത് വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി മുഴുവൻ വിളിച്ചോതുന്ന ഗ്രാമീണ ഭംഗി.സമുദ്രവും കരയും ഒരുമിച്ച് സമ്മാനിയ്ക്കുന്ന ആ മനോഹരദൃശ്യം ജീവിതത്തിലൊരിയ്ക്കലും ഞാൻ മറക്കില്ല !
(നിരീക്ഷണ ഗോപുരം)

( വടക്കേ മലബാറിന്റെ ഗ്രാമീണ ഭംഗി- ദൈവത്തിന്റെ സ്വന്തം നാട്)


ഗോപുരത്തിന്റെ മുകളിൽ നിന്നു ചില ചിത്രങ്ങൾ കൂടി എടുത്ത ശേഷം ഞാൻ തിരികെ പോന്നു.പിന്നെ നേരെ നടന്ന് പ്രധാന വാതിലിനു മുകളിലുള്ള ഭാഗങ്ങളിൽ കയറി.അവിടെ നിന്നു നോക്കിയാൽ അല്പം ദൂരെയായി കോട്ട വാതിലിനു മുന്നിലായി ഒരു മോസ്ക് കാണാം.കോട്ടയ്ക്കുള്ളിലെ ഹനുമാൻ ക്ഷേത്രവും ഈ മോസ്കും അക്കാലങ്ങളിൽ നിലനിന്നിരുന്ന മത സൌഹാർദ്ദത്തിന്റെ പ്രതീകമാണെന്ന് നിസംശയം പറയാം.
(ദൂരെ മോസ്ക് കാണാം)

(ചില കിടങ്ങുകൾ)


കോട്ടയുടെ മുകളിൽ നിന്നുള്ള ഭംഗി ഒന്നു കൂടി ആസ്വദിച്ച ശേഷം ഞാൻ തിരികെയിറങ്ങി.കവാടം കടന്ന് വെളിയിൽ വന്നു.ഒരിയ്ക്കൽ കൂടി അതി മനോഹരമായ ബേക്കൽ കോട്ടയെ നോക്കിക്കണ്ടു.ചില ചിത്രങ്ങൾ കൂടി ഓർമ്മയ്ക്കായി എടുത്തു.കോട്ടയിലെയ്ക്ക് ആളുകൾ വരികയും പോവുകയും ചെയ്യുന്നു. ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി ഞാൻ ബേക്കലിനോടു വിട പറഞ്ഞു.ഒരായിരം പട്ടാളക്കാരുടെ ആരവങ്ങൾ എങ്ങു നിന്നോ മുഴങ്ങുന്നതു പോലെ തോന്നി.അതിനും മുകളിൽ പ്രണയാതുരമായ ആ ഗാനം അലയടിച്ചു...”ഉയിരേ..ഉയിരേ......”

കണ്ടില്ലെങ്കിൽ നഷ്ടമെന്ന് നിസംശയം പറയാവുന്ന ഒന്നാണു ബേക്കൽ കോട്ട.ഓരോ മലയാളിയും അതു കണ്ടിരിയ്ക്കണം എന്നാണ് എനിയ്ക്കു പറയാനുള്ളത്.ഗതകാലം നമുക്കു സമ്മാനിച്ച അമൂല്യമായ ഒരു സമ്മാനം തന്നെയാണു അതി മനോഹരമായ ഈ കോട്ട.

ബസ്‌സ്റ്റോപ്പിൽ നിന്ന് തിരികെ കാസറഗോഡ് ബസ് പിടിച്ചു.വെറും അര മണിയ്ക്കൂർ കൊണ്ട് കാസറഗോഡ് എത്തിയപ്പോളാണു രാവിലെ പറ്റിയ അബദ്ധം എന്തായിരുന്നു എന്ന് കൂടുതല മനസ്സിലായത്.കാസറഗോഡിനു വരുന്ന വഴിയിലാണു ചന്ദ്രഗിരി കോട്ടയും ഉള്ളത്.അതു മറ്റൊരിയ്ക്കൽ കാണാമെന്ന് വച്ചു.കാസറഗോഡ് അടുക്കുമ്പോൽ ബസ് ചന്ദ്രഗിരിപ്പുഴയുടെ മുകളിലൂടെയാണു പോകുന്നത്.അതിനു വടക്ക് തുളുനാട് എന്നാണു സങ്കല്പം.ചന്ദ്രഗിരിയുടെ ഫോട്ടോ ആദ്യ ഭാഗത്ത് ഞാൻ കൊടുത്തിരുന്നു.

കാസറഗോഡ് ബസ്സിറങ്ങി ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി.അവിടെ നിന്നും “മധൂർ” എന്ന സ്ഥലത്തെ പുരാതനമായ ക്ഷേത്രം കാണാൻ പോയി.അതിനെക്കുറിച്ചു പിനീടൊരിയ്ക്കൽ എഴുതാം.

തിരികെ കാസറഗോഡ് വന്ന് മംഗലാപുരത്തിനു ബസ് പിടിച്ചു.എപ്പോളൊ ഞാനൊന്നു മയങ്ങിപ്പോയി.കണ്ണു തുറന്നപ്പോൾ ബസ് മംഗലാപുരത്തായി എന്ന് അറിയിച്ചു കൊണ്ട് നേത്രാവതിപ്പുഴയുടെ മുകളിൽക്കൂടിയുള്ള പാലത്തിൽ എത്തിയിരുന്നു.ദൂരെ കടലിൽ താഴാൻ പോകുന്ന അസ്തമനസൂര്യന്റെ മനോഹര ദൃശ്യം.അതു ഞാൻ ക്യാമറയിൽ ഒപ്പിയെടുത്തു.



രാവിലെ വരുമ്പോൾ പ്രഭാത സൂര്യനെ കണ്ട്, തിരികെ പോകുമ്പോൾ അസ്തമന സൂര്യൻ കടലിൽ മറയുന്നതും കണ്ട് ഞാൻ മംഗലാപുരം ബസ്‌സ്റ്റാൻഡിൽ ബസ്സിറങ്ങി ഹോട്ടലിലേയ്ക്ക് ഓട്ടോ പിടിച്ചു.

( അടുത്തത്: “വിപ്ലവം പിറന്ന മണ്ണിലൂടെ “- കണ്ണൂരിന്റെ മണ്ണിലൂടെയുള്ള യാത്രകൾ)