Saturday, August 23, 2014
ടോം ജോസഫും വോളിബോൾ കാലങ്ങളും....
Thursday, July 31, 2014
സ്വപ്നങ്ങൾ നിറയും തീവണ്ടി യാത്രകൾ !
വാചകങ്ങൾ ഇതേപോലെ അല്ല.പക്ഷേ ഇത് എസ് കെ പൊറ്റെക്കാടിന്റെ നൈൽ ഡയറിയുടെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്ന വാചകങ്ങളാണെന്നാണു എന്റെ ഓർമ്മ.ഏതാണ്ട് ഒന്നര വർഷം നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ബോംബെയിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോൾ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോൾ നാട്ടിലെത്തിയതിന്റെ സന്തോഷാധിരേക്യത്താൽ വെള്ളം വാങ്ങിക്കുടിച്ചതിന്റെ കഥയാണു ഇവിടെ പറയുന്നത്..
യാത്രകൾ..
പ്രത്യേകിച്ചും തീവണ്ടിയിലെ യാത്രകൾ..
ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ആയിരക്കണക്കിനു സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ചൂളം വിളിച്ചുള്ള അനന്തമായ യാത്രകൾ.
ഓരോ സ്റ്റേഷനിലും ചിലർ ഇറങ്ങുന്നു..ചിലർ കയറുന്നു..വണ്ടി ലക്ഷ്യസ്ഥാനം വരെ കുതിച്ചു പായുന്നു..നമ്മുടയൊക്കെ ജീവിതം പോലെ തന്നെ.
എന്നാണു ആദ്യമായി തീവണ്ടിയിൽ യാത്ര ചെയ്തതെന്ന് ഞാൻ ഓർത്തു നോക്കി !
അത് വളരെ ചെറുപ്പത്തിൽ.ഒരു ചെറിയ ദൂരം മാത്രം..അമ്മയോടും വല്യച്ഛനോടുമൊപ്പം ചെങ്ങന്നൂർ മുതൽ കോട്ടയം വരെ.അന്ന് തീവണ്ടിയിൽ കയറാനുള്ള എന്റെയും അനിയന്റേയും ആഗ്രഹം കൊണ്ട് യാത്ര ചെയ്തതാണു.അന്നത്തെ യാത്രയെപ്പറ്റി ഇന്ന് വ്യക്തമായ ഓർമ്മയില്ലെങ്കിലും കോട്ടയം സ്റ്റേഷനോട് അടുക്കുമ്പോളുള്ള രണ്ട് ചെറിയ ടണലുകൾ വഴി വണ്ടി കടന്നു പോയത് ഇപ്പോളും ഓർക്കുന്നു.ജീവിതത്തിനു മേൽ ഇരുളു വീഴുന്നത് പോലെ !
പിന്നീട് ഒന്നോ രണ്ടൊ തവണ കൂടി ചെറിയ ദൂരങ്ങളിൽ തീവണ്ടി യാത്ര ചെയ്തുവെങ്കിലും തീവണ്ടിയിൽ പാലക്കാട് കടന്ന് പോകുന്നത് 1991 ലാണു.ഞാനും എന്റെ സുഹൃത്ത് തോമസും കൂടി അന്നത്തെ മദ്രാസ് ഐ ഐ ടിയിൽ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോളായിരുന്നു അത്.സ്റ്റേഷനിൽ വന്നു നിന്ന തീവണ്ടിയിൽ എസ് 5 ബോഗി കണ്ടു പിടിച്ച് കയറിയിരുന്നു.എങ്ങനെ ബർത്ത് ശരിയാക്കണമെന്നൊന്നും അറിയില്ലായിരുന്നു.കൂടെ ഉണ്ടായിരുന്നവർ സഹായിച്ചു.അങ്ങനെ ആടിയാടി ഉറങ്ങുന്നതിന്റെ തുടക്കമായി.ട്രയിൻ സഞ്ചരിയ്ക്കുമ്പോൾ ഉറങ്ങാൻ സാധിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു.എന്നാൽ ഒരു തൊട്ടിലിൽ കിടന്ന് ശാന്തമായി ഉറങ്ങുന്നതുപോലെയാണു എനിക്ക് തോന്നിയത്.നേരം പര പരാ വെളുത്തപ്പോൾ ഞങ്ങൾ നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മദ്രാസ് നഗരത്തിലെത്തി.
പിറ്റേന്ന് തിരിച്ച് മദ്രാസിൽ നിന്നും കോട്ടയത്തും തീവണ്ടിയിൽ വന്നു.രാത്രി യാത്രകൾ ആയിരുന്നത് കൊണ്ട് ആ യാത്രകൾ ഒക്കെ പെട്ടെന്ന് തീർന്ന് പോയത് പോലെ തോന്നി.
എന്നാൽ 1991 ആഗസ്റ്റ് മാസത്തെ 'ബോംബെ'യാത്ര ഒരിയ്ക്കലും മറക്കാനാവാത്തത് ആണു.ചില യാത്രകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായിരുന്നു അത്.ബോംബെ യൂണിവേർസിറ്റിയിൽ അഡ്‌മിഷൻ ലഭിച്ച് അവിടെ ചേരാൻ പോകുമ്പോൾ അച്ഛനോടും അളിയനോടും ഒപ്പം നടത്തിയ ആ രണ്ടു ദിവസത്തെ യാത്ര നീണ്ടു നിന്ന , ഇപ്പോളും തുടരുന്ന എന്റെ തീവണ്ടി യാത്രകളുടെ തുടക്കമായിരുന്നു.പിന്നിട് എത്രയെത്രെ തീവണ്ടിയാത്രകൾ കണക്കില്ല..1991 വരെ മൂന്നോ നാലോ തീവണ്ടി യാത്രകൾ മാത്രം നടത്തിയിരുന്ന ഞാൻ 1991 നും 1994 നും ഇടയിലുള്ള മൂന്നു വർഷത്തിനിടയിൽ കോട്ടയം - ബോംബെ മാത്രമായി തന്നെ 18 യാത്രകൾ നടത്തി എന്ന് പറഞ്ഞാൽ ഇപ്പോൾ എനിക്ക് പോലും അവിശ്വസനീയമായി തോന്നുന്നു.
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു..എത്രയെത്ര മുഖങ്ങൾ, എത്രയെത്ര മനുഷ്യർ അവർക്കൊക്കെ എത്രെയെത്രെ കഥകൾ..ജീവിതത്തിന്റെ വൈചിത്ര്യങ്ങൾ, ജനങ്ങളുടെ വൈചിത്ര്യങ്ങൾ, ഭൂമിയുടെ ഭിന്ന ഭാവങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ, പ്രകൃതി ഭംഗികൾ, പ്രണയം തുളുമ്പുന്ന മിഴികളുള്ള സുന്ദരിപെൺകുട്ടികൾ, യാത്രകളിൽ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങൾ..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു കഴിഞ്ഞ 23 വർഷത്തെ തീവണ്ടിയാത്രകൾ എനിക്ക് സമ്മാനിച്ചത്..!
കേരളത്തിന്റെ പച്ചപ്പ് മാത്രം കണ്ടു വളർന്ന ഞാൻ ആദ്യമായി വരണ്ടുണങ്ങിയ പ്രദേശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയും കാണുന്നത് ആദ്യ ബോംബെ യാത്രയിൽ തീവണ്ടി ആന്ധ്രപ്രദേശിലെ റായൽ സീമയിൽ പെട്ട കടപ്പ, ഗുണ്ടക്കൽ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോളാണു.നോക്കെത്താ ദൂരത്തോളം ഒരു മനുഷ്യനെപ്പോലും കാണാനാവാതെ സൂര്യതാപമേറ്റ് കിടക്കുന്ന ഭൂമിയുടെ മാറിൽ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ.ഇങ്ങനെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണു 'റായൽ' സീമ എന്ന് പറയുന്നതു തന്നെ എന്ന് അന്ന് തീവണ്ടിയിൽ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു തന്നു.
മുംബൈയിലേക്കുള്ള യാത്രകൾ ഇന്നത്തെപ്പോലെ എളുപ്പമല്ല.രണ്ടു രാത്രിയും ഒരു പകലും ട്രയിനിൽ ഇരിക്കണം.മൂന്നാം ദിവസം രാവിലെയാണു തീവണ്ടി ദാദർ സ്റ്റേഷനിൽ എത്തുന്നത്.അപ്പോളേക്കും കൂടെയുള്ളവരുമായി നല്ല അടുപ്പത്തിലാവും.ചിലർ പോകുമ്പോൾ വിലാസവും ഫോൺ നമ്പരുമൊക്കെ തരും.അങ്ങനെ അക്കാലത്ത് സൗഹൃദം സ്ഥാപിച്ച ചിലർ ഇപ്പോളും സൗഹൃദം തുടരുന്നു.
തുടക്കത്തിൽ ഞാൻ എഴുതിയ എസ് കെ പൊറ്റെക്കാടിന്റെ അനുഭവം പോലൊന്നു തീവ്രമായി അനുഭവിച്ചത് 1991ൽ തന്നെയാണു.മുംബൈയിൽ യൂണിവേർസിറ്റിയിൽ ചേർന്നതിനു ശേഷം ആദ്യമായി നാട്ടിലേക്ക് തിരിച്ചു വന്നത് ആ വർഷം ഒക്റ്റോബറിൽ ആയിരുന്നു.ദീപാവലിയ്ക്ക് ഞങ്ങൾക്ക് 12 ദിവസം അവധി ഉണ്ടായിരുന്നു.അതിനായി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറയാം.കാരണം 13 പേർ ഉണ്ടായിരുന്ന ഞങ്ങൾ മലയാളികൾ എല്ലാവരും തന്നെ ആദ്യമായി വീടുവിട്ട് പുറത്തു താമസിക്കുകയായിരുന്നു..പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആഹാരം, പുതിയ സാഹചര്യങ്ങൾ...ഹോസ്റ്റൽ ജീവിതം..ഇതുമായൊക്കെ ആദ്യം പൊരുത്തപ്പെടാൻ ആർക്കും പറ്റിയിരുന്നില്ല. ദൂരെ ദൂരെ മൂന്നു ദിവസം മാത്രം യാത്ര ചെയ്താൽ എത്തുന്ന കേരളത്തെ ഏതു നിമിഷവും ഞങ്ങൾ സ്വപ്നം കണ്ടു.ഇന്നത്തെപ്പോലെ മൊബൈലോ , ടി വി ചാനലുകളോ, ഇന്റർ നെറ്റോ ഒന്നും ഇല്ലാതിരിന്ന അക്കാലത്ത് നാട്ടിൽ നിന്ന് വരുന്ന കത്തുകൾ മാത്രമായിരുന്നു ആശ്രയം.ഹോ..ആ കാത്തിരിപ്പുകൾ ഇപ്പൊൾ ഓർക്കാൻ കൂടി വയ്യ! പലപ്പോളും നാട്ടിലേക്ക് പോകുന്ന 'ജയന്തി ജനത എക്സ്‌പ്രസ്' സ്റ്റേഷനിൽ പോയി നോക്കി നിൽക്കുന്നത് പോലും ഒരു രസമായിരുന്നു..ഒരു തീവണ്ടിയിൽ ഞങ്ങൾ ഒരു നാടിനെ കണ്ടു..!
അങ്ങനെ നാടിന്റെ ഗന്ധമറിയാൻ ഓരോ മനസ്സും വെമ്പൽ പൂണ്ടു.ടിക്കറ്റുകൾ ഒക്കെ നേരത്തെ തന്നെ പോയി ബുക്ക് ചെയ്തു.അങ്ങനെ ഒക്ടോബറും വന്നെത്തി.അന്നത്തെപ്പോലൊരു സന്തോഷം പിന്നെ ഏതെങ്കിലും ഒരു യാത്രയിൽ ഞാൻ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണു.ഞങ്ങൾ മലയാളികൾ എല്ലാവരും അടുത്തടുത്ത ക്യാബിനുകളിലായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്.അതുകൊണ്ടു തന്നെ യാത്ര വളരെ രസകരമായിരുന്നു..പാട്ടും തമാശയും ചീട്ടുകളികളും ഒക്കെയായി നേരം പോകുന്നതേ അറിഞ്ഞില്ല..ക്യാബിനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ ആഹ്ലാദത്തിൽ പങ്കെടുത്തു.
രണ്ടാം ദിവസം വൈകുന്നേരം ഗുണ്ടക്കൽ സ്റ്റേഷനിൽ എത്തി.നാട് അടുത്തു കൊണ്ടിരിയ്ക്കുന്നു എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കി.അങ്ങനെയാണു അന്നത്തെ രാത്രി ഉറങ്ങാൻ പോയത്..
ഗിരീഷ് തട്ടിവിളിക്കുമ്പോളാണു ഞാൻ ഉണരുന്നത്.താഴത്തെ ബർത്തിൽ കിടന്നിരുന്ന അവൻ വിളിക്കുന്നു " സുനിലേ എഴുനേൽക്കു..വെളിയിലേക്ക് നോക്ക്"
ഗിരീഷ് ചില്ലു പൊക്കി വച്ച് പുറം കാഴ്ചകൾ കാണുകയാണു..ഞാൻ താഴെയിറങ്ങി അവന്റെ സീറ്റിൽ ഇരുന്നു.വെളിയിലേക്ക് നോക്കി..
വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ.....മിന്നി മറയുന്ന വീടുകൾ ചെറിയ വിളക്കുകൾ ..ദൂരെ എവിടെയൊക്കെയോ കത്തുന്നു..നേരം വെളുത്തു വരുന്നതേയുള്ളൂ...മനസ്സ് കോരിത്തരിച്ചു..വണ്ടി പാലക്കാട് സ്റ്റേഷൻ വിട്ടിരിക്കുന്നു...നാടെത്തി..! ഞാൻ അപ്പോൾ പണ്ട് വായിച്ച എസ് കെ പൊറ്റെക്കാടിന്റെ പുസ്തകത്തിലെ വരികളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി...! അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.അതൊരു വലിയ ഗൃഹാതുരത്വത്തിന്റെ അവസാനം ആയിരുന്നു.പിന്നീട് എത്രയോ വട്ടം പാലക്കാട് കടന്ന് പോയിരിക്കുന്നു..അന്നത്തെപ്പോലെയുള്ള ഒരു തീവ്രത ഒരിയ്ക്കലും തോന്നിയിട്ടില്ല.എങ്കിലുമെവിടെയോ ചില നഷ്ടബോധം ! അത് എപ്പോളും ഉണ്ടാകും..
തീവണ്ടി അനുഭവങ്ങൾ ഇനിയും ഒട്ടനവധി..ഓരോന്നായി എഴുതാം..!
Saturday, July 26, 2014
ബീഫും പോർക്കും....!
ബീഫ് കഴിയ്ക്കാൻ പഠിപ്പിച്ചത് വാസുദേവൻ സാർ ആയിരുന്നു..സാറിനും ലക്ഷ്മിക്കുട്ടി ടീച്ചറിനും കുട്ടികൾ ഇല്ലായിരുന്നു..അവർ എന്നെയും അനിയനേയും സ്വന്തം മക്കളെപ്പോലെ കരുതി. സാർ വർഷങ്ങളായി ഗൾഫിലായിരുന്നു.നാട്ടിൽ വരുമ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ വരും..' സുനിയേയും അനിയേയും ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വിടണമെന്ന്' " അച്ഛനോട് പറയും..
രണ്ടാം ക്ലാസുകാരനായ ഞാൻ അനിയനെയും കൂട്ടി പോകും..അല്പം ദൂരമേയുള്ളൂ..അമ്പലത്തിനു പിന്നിലുള്ള ഇടവഴിയിലൂടെ കാഴ്ചകൾ കണ്ടും മഴിത്തണ്ട് ചെടി പറിച്ചും ഞങ്ങൾ പോകും.ഇടക്ക് എതിരെ വല്ല പശുവോ മറ്റോ വന്നാൽ പേടിച്ചരണ്ട് ഒരു സൈഡിലേക്ക് മാറും..ടീച്ചറിന്റെ വീട്ടിൽ എത്തണമെങ്കിൽ കയ്യാലയിലെ കുത്തുകല്ലുകൾ വഴി വിഷമിച്ച് കയറണം..ഇന്നത്തെപ്പോലെ വീട്ടുമുറ്റം വരെ ആരും റോഡുണ്ടാക്കില്ലല്ലോ..ഞാൻ ആദ്യം വലിഞ്ഞുകയറിയിട്ട് അനിയനെ കൈകൊടുത്ത് വലിച്ചു കയറ്റും.ആങ്ങനെ അവിടെ ചെല്ലുമ്പോൾ സാറും ടീച്ചറും 'വരൂ മക്കളേ" എന്ന് സ്നേഹത്തോടെ വിളിച്ച് സ്വീകരിക്കും..ഞങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും..
അവിടെ ഞങ്ങൾക്കുള്ള ഭക്ഷണമുണ്ട്..അതിനു കൂട്ടാൻ പോത്തിറച്ചി ആണു..അതിങ്ങനെ ഉപ്പും മുളകുമൊക്കെ ചേർത്ത് നന്നായി വറുത്ത് വച്ചിരിക്കും..അത് മൂക്കറ്റം കഴിക്കും..സാറിനും ടീച്ചറിനും മുഖത്ത് സംതൃപ്തിയുടെ പൂക്കൾ വിടരും..ആ സ്നേഹത്തിൽ ഞങ്ങൾ അലിഞ്ഞ് ഇല്ലാതാവും...
ഊണിനു ശേഷം സാർ ഞങ്ങളെ ടേപ്പ് ടിക്കാർഡർ കേൾപ്പിക്കും..ആദ്യമായി അങ്ങനെ ഒരു സാധനം കാണുന്നത് അവിടെ വച്ചാണു..ഇപ്പറയുന്നത് 1976-77 കാലത്തെ കഥയാണു..ഞങ്ങളൂടെ ശബ്ദം ടേപ്പിൽ പിടിച്ച് കേൾപ്പിക്കും..അന്നുവരെ ജീവിതത്തിൽ കണ്ട മഹാത്ഭുതമായിരുന്നു അത്..സ്വന്തം ശബ്ദം ഒരു ഉപകരണത്തിലൂടെ കേൾക്കുന്നു..പിന്നീട് എത്രയോ വർഷങ്ങൾ ഈ കാസറ്റ് സാർ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നിരുന്നു..മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോൾ ആ പഴയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ അന്നത്തെ ചെറിയ കുട്ടികളായി മാറും...വർഷങ്ങൾക്ക് ശേഷം അവർക്ക് കുട്ടി ഉണ്ടായി.അവൾ ഇന്ന് വിവാഹമൊക്കെ കഴിഞ്ഞ് ജീവിക്കുന്നു..ഈ എഴുതുന്നത് ഒരു പക്ഷേ ഫേസ്‌ബുക്കിൽ കാണുന്നുണ്ടാവാം..സാർ ഇന്ന് ജീവിച്ചിരിപ്പില്ല..അദ്ദേഹത്തെപ്പറ്റി ഞാൻ എന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു.ടീച്ചറിനെ ഈ അടുത്ത കാലത്തും കണ്ടു..
പറഞ്ഞു വന്നത് അങ്ങനെയാണു പോത്തിറച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണു..അന്നത്തെ ആ എരിവു ഇപ്പോളും നാവിൻ തുമ്പിലുണ്ട്..പന്നിയിറച്ചി പിന്നീടെപ്പോളോ കടന്നുവന്നപ്പോൾ പോത്തിറച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു..ഏറ്റവും ഇഷ്ടമുള്ള ഒന്നായി പന്നിയിറച്ചി...! എവിടെ കിട്ടിയാലും ഒന്ന് രുചിയ്ക്കാതെ വിടില്ല...ചെന്നൈയിൽ ഇത് കിട്ടുന്ന സ്ഥലങ്ങളൊക്കെ 'നോട്ട്' ചെയ്ത് വച്ചിട്ടുണ്ട്...!
മുംബൈയിൽ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ബീഫ് കിട്ടാൻ മാർഗമില്ല.പന്നിയുടെ കാര്യം പറയാനുമില്ല.പക്ഷേ ചില മലയാളി ഹോട്ടലിൽ ബീഫ് കിട്ടും..ബീഫ് എന്ന പേരിൽ അല്ല." സുഖാ മട്ടൻ" എന്ന് പറയണം..ആ അതാണു പേരു.., 'ഉണങ്ങിയ മട്ടൻ"
അതിലൊന്ന് മാട്ടുംഗയിലെ "ചേട്ടായിയുടെ കട" ആണു..പിന്നെ ആന്റോപ്‌ഹിൽ..പിന്നെ ഫ്ലോറ ഫൗണ്ടനടുത്ത് 'ഫൗണ്ടൻ പ്ലാസ" അതൊക്കെ പിന്നീട് ഒരിക്കൽ എഴുതാം..
എഴുതാൻ വന്നത് എന്തെന്നാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?
ഈ മതഭ്രാന്തന്മാരെല്ലാം കൂടി ബീഫിനെയും പന്നിയേയും അരച്ചു കലക്കി കുടിയ്ക്കട്ടെ... ആഹാരത്തിലെ മതഭ്രാന്തുകൾ അങ്ങനെ അവസാനിയ്ക്കട്ടെ !
Tuesday, March 12, 2013
ഷാവേസ് വിടപറയുമ്പോൾ... ..
“ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് “ അമേരിക്കൻ പ്രസിഡണ്ടിനെ സൾഫർ മണക്കുന്നു” എന്നും കൂടി നട്ടെല്ലുയർത്തി നിന്ന് പ്രഖ്യാപിച്ചു.
ഇത് കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പെൻഷനുകൾ, കുടിവെള്ള പദ്ധതികൾ ,ആരോഗ്യ രംഗത്തെ പദ്ധതികൾ എന്നിവയെല്ലാം നടപ്പിലാക്കുന്നതിൽ ഷാവേസ് മുന്നിട്ട് നിന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് വെനിസ്വല കൈവരിച്ച മറ്റു ചില പ്രധാന നേട്ടങ്ങൾ ഇവയാണ്
- ഭക്ഷ്യധാന്യ ഇറക്കുമതി 90% ൽ നിന്ന് 30% ആയി കുറഞ്ഞു
- കുട്ടികളിലെ പോഷകാഹാരക്കുറവ് 7.7 % ൽ നിന്ന് 3 % ആയി കുറഞ്ഞു
- ആരോഗ്യ രംഗം മെച്ചെപ്പെടുത്തി ഓരോ 10,000 പേർക്കും 58 ഡോക്ടർമാർ ലഭിക്കുന്ന അവസ്ഥവന്നു.നേരത്തെ ഇത് 18 ആയിരുന്നു
- രാജ്യത്തെ 96% ജനങ്ങൾക്കും ശുദ്ധജലം ആവശ്യത്തിനു ലഭ്യമാക്കി
- തൊഴിലില്ലായ്മ 2003 ൽ 16% ആയിരുന്നത് 2012 ആയപ്പോളേക്കും 5% നു അടുത്തായി കുറഞ്ഞു
- സാക്ഷരത 97% ൽ
- അടിസ്ഥാനവിദ്യാഭ്യാസം നേടുന്നവരുടെ ശതമാനം 90 കളിൽ 37-38 ആയിരുന്നത് 2012 ആയപ്പോളേക്കും 73% നും മേൽ എത്തിച്ചേർന്നു
- 1999 ൽ 5 ലക്ഷം ആൾക്കാർ വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നത് 2012 ആയപ്പോളേക്കും 20 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നടപ്പിലാക്കി
- ആരോഗ്യവും വിദ്യാഭ്യാസവും സൌജന്യമാക്കി.
2012 ഒക്ടോബറിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷവും ഒന്നിച്ചു നിന്നിട്ടും 55% വോട്ട് നേടി വീണ്ടും അധികാരത്തിൽ അദ്ദേഹം തുടരാൻ സഹായിച്ചത് പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ ഇത്തരം പദ്ധതികളാണ്.
സ്വന്തം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കൈയയച്ച് സഹായിക്കുക കൂടി ചെയ്തിട്ടുണ്ട് ഷാവേസ്. ഏതാണ്ട് 36 ബില്യൺ യു എസ് ഡോളറിന്റെ സഹായം വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഒരു കോൺഫെഡറേഷൻ ഉണ്ടാക്കി അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ചു നിന്ന് പോരാടാൻ അദ്ദേഹത്തിനു സാധിച്ചു.ഐ എം എഫിനും വേൾഡ് ബാങ്കിനും ബദലായി സഹകരണ മേഖലയിൽ “വേൾഡ് ഹുമാനിറ്റേറിയൻ ബാങ്ക്” ( World humanitarian Bank) കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇറാക്കിലെ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ ഷാവേസ് വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും വിച്ഛേദിച്ചു. ധീരമായ ഇത്തരം നടപടികൾ അദ്ദേഹത്തെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റി.
ഷാവേസിന്റെ ഭരണം ഇൻഡ്യക്കും മറക്കാനാവാത്തതാണ്.ഇൻഡ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണു വെനിസ്വലക്ക് ഉള്ളത്.ഷാവേസ് അധികാരമേൽക്കുമ്പോൾ വെനിസ്വലയിലെ എണ്ണ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് ഇൻഡ്യക്കും ചൈനക്കും ക്യൂബക്കും മുൻഗണന കിട്ടി.ബാരലിനു 4 ഡോളറോളം വിലക്കുറവിലാണു ഇൻഡ്യക്ക് വെനിസ്വല എണ്ണ നൽകിയിരുന്നത്.
നിയതമായ അർത്ഥത്തിൽ അദ്ദേഹം ഒരു പക്ഷേ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല,താനൊരു സോഷ്യൽ ഡമോക്രാറ്റ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്( ഈ അഭിമുഖം കാണുക)നിലവിലുള്ള മുതലാളിത്ത ഭരണ വ്യവസ്ഥിതിയെ പൂർണ്ണമായും അട്ടിമറിക്കുകയുണ്ടായിട്ടില്ല.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാലത്തും സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുണ്ട്.അടിസ്ഥാനതലങ്ങളിൽ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അഭാവം അവിടെ ഉണ്ടായിരുന്നു എന്നും കാണാം.എന്നാൽ ഇതൊക്കെ ആണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്ന 2002 ലെ അട്ടിമറി ശ്രമത്തിനു ശേഷം സോഷ്യലിസത്തിലേക്ക് അദ്ദേഹം നടത്തിയ ചുവടു വയ്പുകൾ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്.സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല, സ്വന്തം രാജ്യത്ത് ഒരു ബദൽ മാതൃക സൃഷ്ടിച്ച് കാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാവിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!
അഭിവാദനങ്ങൾ ഷാവേസ്..!
കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിൾ
അവലംബം : Venezuelan economic and social performance under Hugo Chavez
2:Hugo Chavez- Death of a socialist
3:Invested in the Chavez Legacy
4: Venezuelan revolution after Chavez- article by Lal khan
Sunday, May 1, 2011
തുഞ്ചന്‍ പറമ്പ് --“ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍“
പിന്നീട് അതേ വര്‍ഷം തന്നെ ജൂലൈയില്‍ ചെറായില്‍ വച്ചു നടന്ന വളരെ വിപുലമായ ബ്ലോഗ് മീറ്റിലും പങ്കെടുക്കാന്‍ എനിക്ക് സാധിച്ചു.അതിനു ശേഷം“ ചെറായിമീറ്റ് -വ്യത്യസ്തനാമൊരു ബ്ലോഗറാം....’ എന്ന പേരില്‍ ഒരു പോസ്റ്റ് ഞാന്‍ “ആല്‍ത്തറ’ ബ്ലോഗില്‍ ഇട്ടിരുന്നു.തൊടുപുഴയില്‍ നിന്ന് ചെറായിയില്‍ എത്തുമ്പോള്‍ പങ്കെടുത്തവരുടെ എണ്ണം 30 ല്‍ നിന്ന് 80 ആയിരുന്നു.
പിന്നീട് നടന്ന എറണാകുളം മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.
പിന്നെ ഒരു ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കാന്‍ പറ്റിയത് ഇപ്പോളാണ്.ചെന്നൈയില്‍ നിന്ന് ടിക്കറ്റ് കിട്ടാനുള്ള വിഷമം കാരണം വന്നെത്താന്‍ സാധിക്കുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും അവസാനനിമിഷം ടിക്കറ്റ് ലഭിച്ചു.മാത്രവുമല്ല മംഗലാപുരത്ത് ഓഫീസ് ആവശ്യത്തിനായി പോകേണ്ടതുമുണ്ടായിരുന്നതുകൊണ്ട് യാത്ര “പകുതി” ഒഫീഷ്യല്‍ ആയി മാറുകയും ചെയ്തു.
അങ്ങനെയാണു 17നു രാവിലെ തിരൂര്‍ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നത്.സാബു കോട്ടോട്ടിയെ വിളിച്ച വരാനുള്ള വഴി ചോദിച്ച് ഓട്ടോ പിടിച്ച് തുഞ്ചന്‍ പറമ്പിലെത്തി.ആദ്യമായിട്ടാണു അവിടെ പോകുന്നത്.അവിടെ അപ്പോള്‍ തന്നെ പലരും എത്തിച്ചേര്‍ന്നിരുന്നു.എല്ലാവരേയും പരിചയപ്പെട്ടു. പത്തരയോടെ കൂടുതല്‍ ആളുകള്‍ വന്നെത്തി.പലരേയും നേരത്തെ പരിചയമുണ്ടായിരുന്നു.ചിലരെ ആദ്യമായി കണ്ടു പരിചയപ്പെട്ടു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.എല്ലാവരേയും നേരിട്ട് പരിചയപ്പെടാന്‍ സാധിച്ചില്ല.പങ്കാളിത്തം കൊണ്ട് ഏറ്റവും വലിയ മീറ്റായിരുന്നു തിരൂരിലേത്.
വിശദമായ വിവരണം പലരും എഴുതിയതുകൊണ്ട് വീണ്ടും എഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ക്യാമറ കൊണ്ടു പോകാതിരുന്നതുകൊണ്ട് ചിത്രങ്ങളുമെടുക്കാനും സാധിച്ചില്ല.പല നല്ല സുഹൃത്തുക്കളില്‍ നിന്നും ലഭിച്ചതും “മോഷ്ടിച്ചതും”ആയ ചില ചിത്രങ്ങള്‍ ഇടുക മാത്രമേ ഈ പോസ്റ്റില്‍ ഞാന്‍ ചെയ്യുന്നുള്ളൂ.മനോരാജ്, മുള്ളൂക്കാരന്‍, ശങ്കര്‍,ജയന്‍ ഏവൂര്‍,സജ്ജീവേട്ടന്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി.




(നിരക്ഷരന്‍, അതുല്യ)
(ശൈലന്റെ കവിതകളിലെ പ്രണയഭാവങ്ങളില്‍ മുഴുകി ഇരുന്നപ്പോള്‍)


മീറ്റിലെ ഈറ്റിനു ആദ്യ പന്തിയില്‍ തന്നെ ഇടിച്ചു കയറി.എനിക്ക് 2.45 നുള്ള പരശുരാമനെ പിടിക്കണമായിരുന്നു.ടിക്കറ്റ് നേരത്തെ തന്നെ റിസര്‍വ് ചെയ്തിട്ടുള്ളതാണ്.സജി അച്ചായനും കൂട്ടര്‍ക്കും എറണാകുളത്തിനും പോകണം.അവരെന്നെ സ്റ്റേഷനില്‍ ഇറക്കി വിടാമെന്ന് സമ്മതിച്ചു.’ഈറ്റ്” കഴിഞ്ഞപ്പോള്‍ തന്നെ 2.15. എറണാകുളത്തിനു പോകേണ്ട സജ്ജീവേട്ടന്‍ അപ്പോളും കാരിക്കേച്ചര്‍ സൃഷ്ടികളില്‍ മുഴുകി ഇരിക്കുന്നു.പിന്നെ സജി അച്ചായനും നന്ദനും കൂടി ഒരു വിധത്തില്‍ സജ്ജിവേട്ടനെ പൊക്കിയെടുത്ത് വണ്ടിയിലിട്ടു...സജിഅച്ചായന്‍, സജ്ജിവേട്ടന്‍,അതുല്യ, കിച്ചു, ഞാന്‍ പിന്നെ പുറകില്‍ പെട്ടികള്‍ക്കിടയില്‍ മത്താപ്പ് എന്ന ദിലിപ് നായരും.തമാശകളും പൊട്ടിച്ചിരികളും നിറഞ്ഞ ആ വണ്ടിയില്‍ ഇരുന്നപ്പോള്‍ സത്യത്തില്‍ മംഗലാപുരം യാത്ര വിട്ട് ഇവരോടൊപ്പം എറണാകുളത്തേക്ക് പോയാലോ എന്ന് തോന്നിപ്പോയി.പക്ഷേ എന്തു ചെയ്യാം..? സജി അച്ചായന്‍ വണ്ടി പായിച്ചു..എന്നിട്ടെന്ത് ? രണ്ടു തവണ വഴി തെറ്റിപ്പോയി..അപ്പോള്‍ സമയം 2.40..ട്രയിന്‍ വരാന്‍ അഞ്ചുമിനിട്ട് മാത്രം.ഒരു വിധത്തില്‍ ഓടിപ്പിടിച്ച് സ്റ്റേഷനില്‍ ചാടിയിറങ്ങി പ്ലാറ്റ് ഫോമില്‍ ചെന്നു..അപ്പോള്‍ അതാ അനൌണ്‍സ്‌മെന്റ്
“ തിരുവനന്തപുരത്തു നിന്നും മംഗലാപുരം വരെ പോകുന്ന പരശുറാം എക്സ്‌പ്രസ് 15 മിനിട്ട് വൈകി ഓടിക്കൊണ്ടിരിയ്കുന്നു....” ..
ഹോ...ആശ്വാസം..ഒരു കുപ്പി വെള്ളം വാങ്ങിക്കുടിച്ചു ! വെയിറ്റിംഗ് റൂമില്‍ ഇരുന്ന് മറ്റൊരു മീറ്റിന്റെ കൂടി ഓര്‍മ്മകളില്‍ മുഴുകി !
Sunday, April 3, 2011
ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍
എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അന്നത്തെ ലോകകപ്പ്.82 -83 കാലഘട്ടത്തിലാണു ക്രിക്കറ്റ് കളി ഞങ്ങളുടെ നാട്ടില്‍ അല്പാല്പം പ്രചരിക്കുന്നതും കളി പഠിക്കുന്നതും.എന്നിട്ടും നിയമങ്ങള്‍ ശരിക്ക് അറിയില്ലായിരുന്നു.രണ്ടു പേര്‍ ഒരേ സമയം ബാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും സംശയിച്ചിരുന്നു.ടി വി ഇല്ല.വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചും ക്രിക്കറ്റ് കമന്ററി കേട്ടും മാത്രമുള്ള പരിചയം.അങ്ങനെയിരിക്കെ അക്കാലത്ത് ഇറങ്ങിയിരുന്ന “പൂന്തേന്‍” എന്നൊരു കുട്ടികളുടെ വാരികയില്‍ ക്രിക്കറ്റ് കളിയെ പരിചയപ്പെടുത്തി ലേഖനങ്ങള്‍ വന്നു.അങ്ങനെ ചില കാര്യങ്ങള്‍ മനസ്സിലായി.പിന്നീട് സനില്‍ പി തോമസ് എഴുതിയ “ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍” എന്ന പുസ്തകം വായിച്ചപ്പോളാണ് എല്ലാ നിയമങ്ങളും മനസ്സിലാവുന്നത്...”തീന്‍ സ്ലിപ്പ്, ഏക് ഗള്ളി., പോയിന്റ് , കവര്‍, എക്സ്ട്രാ കവര്‍” എന്നൊക്കെ ഹിന്ദി കമന്ററിയില്‍ കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലായിരുന്നില്ല.ആ പുസ്തകത്തില്‍ ഓരോ സ്ഥാനങ്ങളും അടയാളപ്പെടുത്തിയ ഒരു ചിത്രം ഉണ്ടായിരുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു....
അങ്ങനെ കളി പഠിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു ലോക കപ്പ്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാതി രാത്രി വരെ നീളുന്ന കമന്ററി കേള്‍ക്കാന്‍ കഴിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ എഴുനേറ്റ് പത്രം നോക്കാനാണു ഓടിയത്...” ജയിച്ചൂ..ഇന്‍ഡ്യ ലോക ചാമ്പ്യന്മാര്‍” എന്നായിരുന്നു അന്ന് കണ്ട പത്രത്തിലെ തലക്കെട്ട്....അങ്ങനെ ക്രിക്കറ്റ് താരങ്ങള്‍ മനസ്സിലെ ഹീറോകളായി മാറി..കപില്‍ ദേവ്, മൊഹിന്ദര്‍ അമര്‍നാഥ്, സുനില്‍ ഗാവസ്കര്‍,കിര്‍മാണി....
അതോടെ നാട്ടിലെങ്ങും ക്രിക്കറ്റിനു പ്രചാരമേറി. ചെറിയ ടീമുകളും അവര്‍ തമ്മില്‍ ത്തമ്മിലുള്ള മാത്സരങ്ങളും തുടങ്ങി.അക്കാലത്ത് ഞങ്ങളുടെ കൊച്ചു ടീമുമായി എത്രയോ സ്ഥലങ്ങളില്‍ കളിക്കാന്‍ പോയിരിയ്കുന്നു.എന്നിട്ടും ഒരു കളി ടി വി യില്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു..ഇന്‍ഡ്യയും ശ്രീലങ്കയും തമ്മില്‍ കാന്‍ഡിയില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് ആണു ആദ്യം കാണുന്നത്. വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. 85 -86 ആണെന്നാണു ഓര്‍മ്മ.
പിന്നീട് 1992 ല്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ ആദ്യമായി വാങ്കഡേ സ്റ്റേഡിയത്തില്‍ പോയി ഇന്‍ഡ്യാ - ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു..ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു..സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കപില്‍ ദേവ് ഓടി വന്ന് എറിയുന്നതാണു ആദ്യം കാണുന്നത്..ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തില്‍ വന്ന ആ ടീമിനെ ആ ടെസ്റ്റില്‍ ഇന്‍ഡ്യ തോല്‍പ്പിച്ചു.അന്ന് ബൌണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന മൈക്ക് ഗാറ്റിംഗ് ഇടക്കുള്ള സമയങ്ങളില്‍ ഗാലറിയിലിരുന്നവരിലെ ആവശ്യക്കാര്‍ക്കെല്ലാം ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തിരുന്നതും ഓര്‍ക്കുന്നു.സചിന്‍ അന്നും ഉണ്ടായിരുന്നു..ഒരു കൊച്ചു പയ്യന്‍
പിന്നീട് ഒരിക്കല്‍ കൂടി പോയി.ഇന്‍ഡ്യയും - വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍.ലാറയുടെ ബാറ്റിംഗ് കാണാനാണു പോയത്.പക്ഷേ ലാറ അന്ന് “ഡക്കടിച്ചു”
പതിയെ പതിയെ ക്രിക്കറ്റ് വാണിജ്യവല്‍ക്കരിക്കപ്പെട്ടതോടെ ഈ ആവേശം എന്റെ ഉള്ളില്‍ ഇല്ലാതായി...വാര്‍ത്തകള്‍ ശ്രദ്ധിക്കുമെന്നുള്ളതല്ലാതെ ഓരോ പന്തും പിന്തുടരുന്ന ആ പഴയ താല്പര്യം പിന്നീട് ഉണ്ടായില്ല.എങ്കിലും ഓരോ ലോകകപ്പ് വരുമ്പോളും 1983 തന്ന സന്തോഷം ആവര്‍ത്തിക്കപ്പെടുമെന്ന് വെറുതെ മോഹിച്ചു.
2011
നീണ്ട 28 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.ഈ ലോകകപ്പ് നന്നായി “ഫോളോ” ചെയ്തു..ഇന്ന് ധോണി അടിച്ച പന്ത്
ഗ്യാലറിയിലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഒരിക്കല്‍ കൂടി ഓരായിരം പൂത്തിരികള്‍ കത്തുന്നത് പോലെ...കഴിഞ്ഞ 28-29 വര്‍ഷങ്ങളിലെ കാര്യങ്ങളെല്ലാം മനസ്സില്‍ ഓടി വരുന്നതു പോലെ....ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്ര മൈതാനത്തുണ്ടായിരുന്ന ചെറിയ സൌകര്യങ്ങളില്‍ കളിക്കുന്ന കൂട്ടുകാര്‍ തമ്മില്‍ പിരിവെടുത്ത് വാങ്ങിയിരുന്ന ബാറ്റും ബോളും ഉപയോഗിച്ച് കളിച്ചിരുന്ന ആ പഴയകാലം തിരികെ വന്നതുപോലെ. ഇന്ന് സമ്മാനദാന ചടങ്ങില്‍ രവിശാസ്ത്രിയെ കണ്ടപ്പോള്‍ 1983 ലെ ലോക കപ്പിനു ശേഷം നടന്ന ബെന്‍സണ്‍& ഹെഡ്‌ജസ് മിനി ലോകകപ്പിലെ മികച്ച താരമായി ശാസ്ത്രിയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അന്ന് “ഓഡി” കാര്‍ ലഭിച്ചതുമൊക്കെ റേഡിയോ കമന്ററിയില്‍ കേട്ട് പുളകം കൊണ്ടത് ഓര്‍മ്മവന്നു.ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ എതിരാളികളുടെ എല്ലാം പേടി സ്വപ്നമായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നായകനായിരുന്ന ക്ലൈവ് ലോയിഡിന്റെ സാന്നിധ്യം തികച്ചും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!
(ചിത്രങ്ങള്‍ക്ക് ഗൂഗിളിനും എന്റെ സുഹൃത്ത് ദേവദാസിനും നന്ദി)
Wednesday, December 29, 2010
മുംബൈ കഥകള്‍ -1 :ഹിജഡയുടെ തലോടല്‍
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടം ഞാന്‍ കഴിച്ചു കൂട്ടിയത് അന്നത്തെ ബോംബെ ( ഇന്ന് മുംബൈ)യില്‍ ആണ്.കേരളത്തില്‍ നിന്ന് ആദ്യമായി വെളിയില്‍ പോയതും മുംബൈ യൂണിവേര്‍സിറ്റിയില്‍ പഠിക്കാനായിരുന്നു.യൂണിവേര്‍സിറ്റി ഹോസ്റ്റലിലെ മൂന്നുവര്‍ഷം എന്റെ ജീവിതത്തിലെ തന്നെ മനോഹരദിനങ്ങളായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു.അതിനുശേഷം മറ്റൊരു നാലു വര്‍ഷം ജോലിയുമായി മുംബൈയിലെ ബാച്ചിലര്‍ ജീവിതം.വീട്ടില്‍ നിന്നുള്ള ആദ്യ മാറിത്താമസം, അന്യ നാട്, അറിയാത്ത ഭാഷ, ആഹാരം, രീതികള്‍..എല്ലാം പുതുമയുള്ള അനുഭവങ്ങള്‍ ആയിരുന്നു.ഏഴുവര്‍ഷം( 1991-98) നീണ്ട മുംബൈ ജീവിതത്തിലെ മറക്കാനാവാത്ത ചില ഏടുകളാണ് മുംബൈ കഥകളില്‍.ഇതെഴുതുന്നത് പ്രധാനമായും എനിക്കു തന്നെ പിന്നീട് വായിക്കാനായിട്ടാണ്..എല്ലാവര്‍ക്കും കാണാവുന്ന എന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെ.ഈ കഥകള്‍ക്ക് കാലക്രമം പാലിച്ചിട്ടില്ല.മനസ്സില്‍ ഓടി വരുന്നവ എഴുതുന്നു.സംഭവങ്ങള്‍ എല്ലാം നടന്നത് തന്നെ.ചില സ്ഥലങ്ങളില്‍ ആള്‍ക്കാരുടെ പേരുകള്‍ മാറ്റിയിരിയ്കുന്നു എന്ന് മാത്രം.അതിന്റെ ആദ്യ ഭാഗമാണു ഇത്.
ഹിജഡയുടെ തലോടല്‍
ഹിജഡകള്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവരെ ജീവനോടെ കാണാന്‍ പറ്റിയത് മുംബൈയില്‍ ചെന്നപ്പോളാണ്.യൂണിവേര്‍സിറ്റി ഹോസ്റ്റലില്‍ ചെന്ന കാലത്തു തന്നെ ഹിജഡകളെക്കുറിച്ചൊക്കെ പലരും പറഞ്ഞറിഞ്ഞിരുന്നു.എങ്കിലും അത്രവേഗം നേരിട്ട് ഒരു കണ്ടു മുട്ടല്‍ ഉണ്ടാകുമെന്ന് കരുതിയില്ല.
അന്നൊരു ശനിയാഴ്ചയായിരുന്നു.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയാണ്.ക്ലാസില്ലാത്തതിനാല്‍ ഉച്ചയൂണിനുശേഷം ഞാനും എന്റെ സുഹൃത്ത് രമേശും ( പേരു മാറ്റിയിരിക്കുന്നു)കൂടി ചുമ്മാ ഒന്നു കറങ്ങാനും ചില സാധനങ്ങള്‍ വാങ്ങാനുമായി മാട്ടുംഗ റയില്‍വേസ്റ്റേഷനടുത്ത് പോകാമെന്ന് കരുതി ഇറങ്ങി.കോളേജില്‍ നിന്ന് ഒരു 10 മിനിട്ട് നടക്കാനുണ്ട്.ഞങ്ങളാണെങ്കില്‍ മുംബൈയില്‍ വന്നിട്ട് 1 മാസം തികഞ്ഞില്ല.ഹിന്ദി പരിജ്ഞാനവും കമ്മി.എന്നാലും മുംബൈ തന്ന പുതിയ മുഖം ഞങ്ങള്‍ ഇഷ്ടപ്പെട്ടു.രമേശ് എന്റെ പഴയ കൂട്ടുകാരനാണ്.നാട്ടുകാരന്‍.പ്രീഡിഗ്രി മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു.ഇപ്പോള്‍ മുംബൈ യൂണിവേര്‍സിറ്റിയിലും ഒന്നിച്ചു തന്നെ.മുംബൈയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഗൃഹാതുരത്വം, ആദ്യമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ വിഷമം ഒക്കെ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ മറന്നു.
അങ്ങനെ നടന്ന് ഞങ്ങള്‍ കൊച്ചുഗുരുവായൂര്‍ അമ്പലത്തിനടുത്ത് എത്തി.മലയാളികളുടെ ക്ഷേത്രമാണ്.അവിടെ ഞങ്ങള്‍ നിന്നു.അവിടെ നിന്നത് ഭക്തി കൊണ്ടല്ല..മറിച്ച് അവിടെ വന്നും പോയുമിരുന്ന മലയാളികളെയും കാണാനായിരുന്നു.അവിടെയുള്ള കാസറ്റ് കടയില്‍ നിന്നും പുതിയ ചില കാസറ്റുകള്‍ ഒക്കെ എടുത്ത് ചുമ്മാ നോക്കിയിട്ട് തിരികെ വച്ചു...പിന്നെ വീണ്ടും നടന്നു..
സ്റ്റേഷനടുക്കാറായപ്പോള്‍ റോഡ് മുറിച്ചു കടക്കണമായിരുന്നു.അധികം വീതിയില്ലെങ്കിലും ഒരടി പൊക്കത്തില്‍ നടുക്ക് ‘ഡിവൈഡര്‍ ‘ ഉള്ള റോഡാണ്.രമേശ് റോഡ് മുറിച്ചു കടന്ന് ഡിവൈഡരില്‍ കയറി.ഞാന്‍ കടക്കാന്‍ തുടങ്ങിയപ്പോളേക്കും ഒരു ടാക്സി വന്ന് എന്റെ നടത്തത്തെ തടസ്സപ്പെടുത്തി.ഞാന്‍ അരികിലേക്ക് നീങ്ങിയപ്പോള്‍ പെട്ടെന്ന് “സുനിലേ” എന്നൊരു വിളികേട്ടു...
നോക്കിയപ്പോള്‍ അത് രമേശാണു.ഡിവൈഡറില്‍ തന്നെ നില്‍ക്കുന്നു കക്ഷി.പക്ഷെ ചുറ്റിലും ഒരു മൂന്നു നാലു
ഹിജഡകള്‍.അവരിലൊരാള്‍ രമേശിന്റെ ദേഹത്തെവിടെയൊക്കെയോ പിടിക്കുന്നുണ്ട്.രമേശ് ആകപ്പാടെ പേടിച്ചു വിളറിയ മുഖത്തോടെ നില്‍ക്കുന്നു.എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍പേ അവരിലൊരാള്‍ രമേശിന്റെ പാന്‍സിന്റെ പോക്കറ്റില്‍ നിന്ന് പേഴ്സ് കൈക്കലാക്കി.ഒറ്റനിമിഷം ! അതില്‍ ആകെയുണ്ടായിരുന്ന 100 രൂ കൈക്കലാക്കി.( 1991 ലെ കാര്യമാണു..അന്ന് 100 രൂപക്ക് ഇന്നത്തെ 1000 രൂപയുടെ എങ്കിലും വില ഉണ്ടായിരുന്നു).സന്തോഷത്തോടെ പേഴ്സ് തിരിച്ചു കൊടുത്തു..ഉച്ചത്തില്‍ കൈകള്‍ കൊട്ടി..എല്ലാവരും നടന്നു നീങ്ങി....ഞാനും ഒരു നിമിഷം പേടിച്ചു പോയി.അന്നാണു ഹിജഡകളെ കാണുന്നത്..എന്നു വച്ചാല്‍ ഒരു ചെറിയ കൂട്ടം..ഓടി രമേശിന്റെ അടുത്തെത്തി...അവനിപ്പോളും വിളറി നില്‍ക്കുന്നു..ഇതെങ്ങനെ പറ്റി? ഞാന്‍ ചോദിച്ചു...“ഒന്നും പറയേണ്ടടാ ..പൈസ ചോദിച്ചു..ഇല്ലെന്നു പറഞ്ഞപ്പോള്‍ അവന്മാര്‍ ചാടി മറ്റേടത്ത് പിടിച്ചെടാ..”
പൊട്ടിച്ചിരിക്കാനാണു തോന്നിയത്..പിന്നെ എങ്ങനെയോ അടക്കി.ഷോപ്പിംഗ് വേണ്ടെന്നു വച്ച് ജീവനും കൊണ്ട് തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളാണു മനസ്സിലാകുന്നത്..ഇവര്‍ കൂട്ടമായിട്ട് പണം തെണ്ടി ഇറങ്ങും.ഓരോ ഏരിയായിലും ഓരോ ദിവസം..ശനിയാഴ്ചയാണു മാട്ടുംഗയില്‍.നമ്മള്‍ ഒറ്റക്കേ ഉള്ളെങ്കില്‍ പണം കൊടുത്തില്ലെങ്കില്‍ ചാടി ജനനേന്ദ്രിയത്തിലൊക്കെ പിടിച്ചുകളയും....
പിന്നീട് എപ്പോള്‍ ശനിയാഴ്ച വെളിയിലിറങ്ങിയാലും ഇവരുടെ തലവെട്ടം ഉണ്ടോ എന്ന് നോക്കിയിട്ടേ നടക്കൂ..ശരിക്കും പാവങ്ങളാണിവര്‍.ആരും ഇവര്‍ക്ക് ജോലി കൊടുക്കുന്നില്ല.ഈ തെണ്ടല്‍ തന്നെ പണി..പക്ഷേ ഇന്നും ഓര്‍മ്മയില്‍ ഈ സംഭവം മങ്ങാതെ നില്‍ക്കുന്നു..
രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാന്‍ ചോദിക്കും...
”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”
(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)
Sunday, December 20, 2009
സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!

ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.
മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..
മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.
മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍ കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്‍കുന്നതില്‍ ഏറ്റവും മുന്‍പതിയില്‍ നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.
തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ
അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോര്‍ക്കിന്റേയും വ്യവസായ പ്രമുഖന്‍ രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്‍ഡ്യാവിഷന്‍ വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.
സി.പി.ഐ എം തമിഴ്‌നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര്‍ വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.
ഇടത്ത് : ഡബ്ല്യൂ.ആര്‍ വരദരാജന്‍
ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വകലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം
ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില്‍ ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന്‍ കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.
പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്‍,സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.
(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)
ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ
മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കായി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.
(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)
സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി
ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍
----------------------------------

(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്‍)
സദസ്സിന്റെ ഒരു ഭാഗം
ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാധ്യമപ്പട വളഞ്ഞപ്പോള്‍
എ.കെജിയും ഇ.എം.എസും
ചിത്രപ്രദര്‍ശനത്തിലെ ചില ചിത്രങ്ങള്‍

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം
വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി
സ:ഇ.എം എസും സ:പിണറായി വിജയനും
കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.
(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)
Thursday, December 17, 2009
ഈ മനുഷ്യനെ മറന്നുവോ?
അങ്ങനെ ഒരു ഡിസംബര്‍ 16 കൂടി കടന്നു പോയി.ഇന്നേക്ക് 57 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡിസംബര്‍ 16 നു, കൃത്യമായി പറഞ്ഞാല്‍ 1952, ഡിസംബര്‍ 15 പാതിരാത്രി കഴിഞ്ഞ് ,ആണു ഈ ഫോട്ടോയില്‍ കാണുന്ന മനുഷ്യന്‍ മരണമടഞ്ഞത്.അതു വെറുമൊരു മരണമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന്റെ ഭാഗമായി 58 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴ്പ്പെടുകയായിരുന്നു.തെലുഗു സംസാരിക്കുന്ന ആള്‍ക്കാര്‍ക്കു വേണ്ടി അവര്‍ ജീവിക്കുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത് ആന്ധ്രാ സംസ്ഥാനം രൂപികരിക്കണം എന്ന ആവശ്യമുന്നയിച്ച് അന്നത്തെ മദ്രാസില്‍ നിരാഹാരം അനുഷ്ഠിച്ച് മരണത്തെ പുല്‍കിയ പോറ്റി ശ്രീരാമുലു ആണു ഈ മഹാനായ പോരാളി.
ഭാരതത്തിന്റെ പൊളിറ്റിക്കല്‍ മാപ്പ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ ആയതിനു പിന്നില്‍ പോറ്റി ശ്രീരാമുലുവിന്റെ നിശ്ചയ ദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു എന്ന് തീര്‍ച്ചയായും പറയാം.1952 ഒക്ടോബര്‍ 19 നു മദ്രാസില്‍ തുടങ്ങിയ നിരാഹാരം ജവഹര്‍ലാല്‍ നെഹൃവിനെപ്പോലെയുള്ളവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.തുടര്‍ച്ചയായി 58 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.മഹത്തായ ഒരു ആത്മത്യാഗത്തിന്റെ കഥയാണത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനു ഏറ്റവും പ്രയത്നിച്ചത് സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ ആയിരുന്നു.’ഉരുക്കു മനുഷ്യന്‍ “ എന്നദ്ദേഹം അറിയപ്പെടാന്‍ കാരണവും അതുതന്നെ.എന്നാല്‍ 1950 ല്‍ പട്ടേലിന്റെ മരണത്തിനു ശേഷം ഭാരതത്തിന്റെ പുന:സംഘടന എപ്രകാരമായിരിക്കണമെന്നതിനെ പറ്റി പൊതുവായ അഭിപ്രായം രൂപപ്പെട്ടിരുന്നില്ല.1920 കളില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് ഭാഷയുടെ അടിസ്ഥാനത്തിലുള്ള നാട്ടുരാജ്യങ്ങളുടെ ഏകീകരണം ആയിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം നെഹൃ അതിനോട് മനസ്സുകൊണ്ട് യോജിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകാം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.അതേ സമയം പല പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടണമെന്ന ആഗ്രഹക്കാരായിരുന്നു.
അതില്‍ തന്നെ ഏറ്റവും പ്രബലം തെലുഗു സംസാരിക്കുന്നവരുടെ ഇടയില്‍ നിന്നായിരുന്നു.അതിനു ശക്തി കൂടുതലുണ്ടായി.കാരണം ഹിന്ദി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു.ബ്രിട്ടീഷ് കാലത്തു തന്നെ തെലുഗു ആള്‍ക്കാര്‍ അവരുടെ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കുന്നതിലും തെലുഗു സംസാരിക്കുന്നവരെ ഒന്നിച്ചു നിര്‍ത്തുന്നതിലും മുന്നിലായിരുന്നു.‘ആന്ധ്രാ മഹാസഭ’യുടെ നേതൃത്വത്തില്‍ നടന്ന വിവിധങ്ങളായ സമര മുറകള്‍ ഫലിക്കാതെ വന്നപ്പോളാണു അവസാനം പോറ്റിശ്രീരാമുലു നിരാഹാരം തുടങ്ങിയത്.നെഹൃവും , അതുപോലെ മദ്രാസില്‍ സി.രാജഗോപാലാചാരിയും ഈ ആവശ്യത്തെ ആദ്യം മുതല്‍ അവഗണിച്ചതുകൊണ്ടാണു സമരം നീണ്ടു പോയതും അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതും.മദ്രാസ് കേന്ദ്രമായി ആന്ധ്ര രൂപികരിക്കണം എന്നതായിരുന്നു അവരുടെ വാദം.
റയില്‍വേയില്‍ സാനിട്ടേഷന്‍ എഞ്ചിനീയറായിരുന്ന പോറ്റി ശ്രീരമുലു,ആദ്യം മുതലേ പൊതു പ്രവര്‍ത്തന തല്പരനായിരുന്നു.ഉപ്പു സത്യാഗ്രത്തില്‍ പങ്കെടുക്കാനായി ജോലി രാജി വച്ച അദ്ദേഹം ഗാന്ധിജിയുടെ ശിഷ്യനായി മാറി.സബര്‍മതിയില്‍ ഏറെ നാള്‍ കഴിച്ചു കൂട്ടിയ അദ്ദേഹം ഗാന്ധിജിയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു.മദ്രാസിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1946ല്‍ അദ്ദേഹം ഒരു സത്യാഗ്രഹം നടത്തിയിരുന്നത് ഗാന്ധിജിയുടെ ഉപദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു.
ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടിയുള്ള പോറ്റി ശ്രീരാമുലുവിന്റെ രക്ത സാക്ഷിത്വം മദ്രാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്‍ ജനമുന്നേറ്റത്തിനു കാരണമായി.ഇന്നത്തെ ആന്ധ്രയില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പട്ടണങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.അദ്ദേഹം മരിച്ച ദിവസം മുതല്‍ തുടര്‍ച്ചയായി പ്രക്ഷോഭങ്ങള്‍ ഉണ്ടായി.ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണു സമരങ്ങളില്‍ ഉണ്ടായത്.1952 ഡിസം.3 വരെ ഈ സമരത്തെ അവഗണിക്കുന്നു എന്ന് രാജഗോപാലാചാരിക്ക് കത്തെഴുതിയ നെഹൃവിനു ജനരോഷം കണ്ട് അനങ്ങാതിരിക്കാനായില്ല.അങ്ങനെ പോറ്റി ശ്രീരാമുലു മരിച്ച് 3 ദിവസം കഴിഞ്ഞ് ഡിസം 19 നു ആന്ധ്രാ സംസ്ഥാനം നിലവില്‍ വരുന്നതായി നെഹൃ പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് 1953 ഒക്ടോബര്‍ 1 നു കര്‍ണ്ണൂല്‍ തലസ്ഥാനമായി ആന്ധ്രാ എന്ന ആദ്യ ഇന്‍ഡ്യന്‍ സംസ്ഥാനം ഉണ്ടാകുകയും ചെയ്തു.പിന്നീട് തെലുഗു സംസാരിക്കുന്ന തെലുങ്കാന പ്രദേശങ്ങളും കൂടി ചേര്‍ത്ത് 1956 നവമ്പര്‍ 1 നു ഹൈദരാബാദ് തലസ്ഥാനമായി ഇപ്പോളത്തെ ആന്ധ്ര നിലവില്‍ വരികയും ചെയ്തു.അന്നേ ദിവസം തന്നെയാണു മലയാളികള്‍ക്ക് കേരളവും കന്നഡക്കാര്‍ക്ക് കര്‍ണ്ണാടകവും ഉണ്ടായത്.
ഭാഷ എന്നത് ഒരു സംസ്കാരമാണ്.തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നത് ഭാഷയിലൂടെയാണ്.പൂക്കളെ കൊരുത്ത് മാലയുണ്ടാക്കുന്ന ഒരു വള്ളിയുടെ റോളാണു ഭാഷക്കും ഉള്ളത്.സംസാരിക്കുന്നതു മാത്രമല്ല ഭാഷ.നമ്മുടെ ചിന്തകള്‍ക്കും ഭാഷയുണ്ട്.അതുകൊണ്ടാണു ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കാണുമ്പോള്‍ നമുക്ക് അത്യതികമായ ഒരു സന്തോഷം തോന്നുന്നത്.( അങ്ങനെ അല്ലാത്തവരും ഉണ്ടാകാം).ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്.
ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം എന്നത് മനസ്സുകളുടെ കൂടിച്ചേരലാണ്.ഒരേ സംസ്കാരം പേറുന്നവരുടെ യോജിപ്പ്.പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവര്‍ ശ്രമിച്ചത് അതിനായിട്ടായിരുന്നു. കേരളപ്പിറവിക്ക് എത്രയോ മുന്‍പ് തന്നെ “കേരളം - മലയാളികളുടെ മാതൃഭുമി” എന്നൊരു പുസ്തകം ദീര്‍ഘദര്‍ശിയായ ഇ.എം.എസ് രചിക്കുകയുണ്ടായി.അങ്ങനെയുള്ള എത്രയോ ആള്‍ക്കാരുടെ പരിശ്രമ ഫലമാണു ഇന്നു കാണുന്ന ഭാരതം. എന്നാല്‍ ഇന്നിപ്പോള്‍ ഒന്നായ മനസ്സുകളെ വേര്‍പെടുത്താനുള്ള ശ്രമങ്ങളാണു നടന്നു വരുന്നത്.കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി ഭരണം നടത്തുന്ന രാഷ്ടീയ നേതൃത്വങ്ങളുടെ പിടിപ്പുകേടുകളാണു ഇത്തരം പ്രാദേശിക പിന്നോക്കാവസ്ഥകള്‍ക്കും അതു വഴി ഉയര്‍ന്നു വരുന്ന വിഭജന വാദങ്ങള്‍ക്കും അടിസ്ഥാനം.ആദ്യകാലത്ത് ആന്ധ്രായുടെ ഭാഗമല്ലായിരുന്ന തെലങ്കാന പിന്നീട് അതിനോട് കൂട്ടി യോജിപ്പിക്കപ്പെട്ടത്,അന്നു തന്നെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ആ പ്രദേശത്തിന് പ്രത്യേക പരിഗണനകളും വികസന പദ്ധതികളും നല്‍കും എന്ന വാഗ്ദാനത്തിന്റെ പുറത്താണു.ആന്ധ്രായില്‍ ഏഴു വര്‍ഷം താമസിക്കുകയും ഗുണ്ടൂര്‍, ഹൈദരാബാദ്, കാക്കിനാഡ, തനുകു, സഹീറാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയും,അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും ചെയ്ത ഒരാളെന്ന നിലക്ക് തെലുങ്കാന പ്രദേശങ്ങളുടെ അതീവ ദയനീയമായ പിന്നോക്കാവസ്ഥ നേരില്‍ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്.ആന്ധ്രായിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അജഗജാന്തരമുണ്ട് പ്രദേശങ്ങള്‍ തമ്മില്‍. അന്നത്തെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നു തന്നെ നമുക്കു കാണാന്‍ കഴിയും.ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ നടപടികളാണു വിഭജന വാദത്തെ ക്ഷണിച്ചു വരുത്തുന്നത്.
എന്നാല്‍ വിഭജനം അതിനുള്ള പ്രതിവിധി ആണോ? മുതലെടുപ്പു രാഷ്ട്രീയത്തിന്റെ നാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.1950 കളില്‍ നെഹൃ കാണിച്ച അലംഭാവം ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടുമാറിയിട്ടില്ല.ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ ആറു പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങളാണോ ഇതൊക്കെ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരുന്ന ഭരണ വര്‍ഗം ഇന്നിപ്പോള്‍, മുട്ടനാടുകള്‍ ഇടി കൂടുമ്പോള്‍ ചോരകുടിക്കാന്‍ ചെന്ന കുറുക്കന്റെ അവസ്ഥയില്‍ എത്തിയിരിക്കുന്നു.രാജ്യമൊട്ടാകെ വിഭജന വാദം കൊടുമ്പിരി കൊള്ളുന്നു.
പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !
( ചിത്രങ്ങള്‍ക്ക് ഗൂഗിളിനു നന്ദി)


