Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Friday, August 15, 2014

ചില സ്വാതന്ത്ര്യ ദിന ചിന്തകൾ....!

ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി.. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ നാൾവഴികളിലെ സ്വപ്നങ്ങൾ ഇന്നെവിടെ എന്ന് ചോദിയ്ക്കരുത്...ഇനിയെത്ര പോരാട്ടങ്ങൾ കൂടി വേണ്ടി വരും എന്നത് മാത്രമാണു ചോദ്യം...

മതം..

മതനിരപേക്ഷത....

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതല്ലേ?

കാരണം,

മതനിരപേക്ഷത എന്നാൽ എല്ലാ മതത്തോടും തുല്യ ബഹുമാനം എന്നൊരു നിർവചനം എങ്ങനെയോ വന്നു പോയിട്ടുണ്ട്

എന്നാൽ അതാണോ? അല്ല...

എന്താണു യഥാർത്ഥ മതനിരപേക്ഷത?

മതവും രാഷ്ട്രീയവും രണ്ടായി നിൽക്കുകയും മതം മതകാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും രാഷ്ട്രീയം ഭരണ നിർവഹണം മാത്രം നടത്തുകയും ചെയ്യുന്നതാണു ശരിയായ മതനിരപേക്ഷത.

അതായത് 'സീസറിനുള്ളത് സീസറിനും ചെകുത്താനുള്ളത് ചെകുത്താനും" എന്ന് പറഞ്ഞ പോലെ

എന്നാൽ ഇന്ന് അങ്ങനെ ഒരു പ്രതീക്ഷക്ക് വകയുണ്ടോ?

ഇല്ല തന്നെ...

മതം തന്നെ  ആവശ്യമാണോ എന്നാവും ചോദിക്കുന്നത്..ആ ചോദ്യം തൽക്കാലം അവിടെ നിൽക്കട്ടെ ..

മതനിരപേക്ഷത എന്നത് ഒരു ബൂർഷ്വാ മുദ്രാവാക്യമെന്ന് പറയുന്നത് ഈ ചോദ്യം ഉണ്ടാവുന്നത് കൊണ്ടാണു്...എന്നാൽ ഇൻഡ്യയെ സംബന്ധിച്ചിടത്തോളം അത് വിപ്ലവകരവും പുരോഗമനപരവുമാണു.  ഇവിടെ മതം ഒരു യാഥാർത്ഥ്യമാണ്.എന്നാൽ  മതം രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ അത് വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു..ഫാസിസത്ത്ലേക്കുള്ള ചുവടുവയ്പ്പിന്റെ ആദ്യപടിയാണിത്..

മതത്തെ പരിപൂർണ്ണമായും ഭരണ നിർവഹണത്തിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചിട്ടുള്ളത് കമ്യൂണീസ്റ്റ് രാഷ്ട്രങ്ങൾ മാത്രമാണെന്നത് ചരിത്രമാണു..അതുകൊണ്ട് തന്നെയാണു മതശക്തികളുടെ ഏറ്റവും വലിയ ആക്രമണവും ശത്രുതയും അവർക്കെതിരെ ആയിട്ടുള്ളതും..

ഈ മത- വർഗീയ ശക്തികളെന്നത് സാമ്പത്തിക നയങ്ങളിൽ മുതലാളിത്തവുമായി സന്ധി ചെയ്യുന്നും..അതുകൊണ്ടു തന്നെ വർഗീയതെയ്ക്കെതിരെ ഉള്ള സമരമെന്നത് മുതലാളിത്തതിനെതിരെയുള്ള അനിവാര്യമായ സമരമാകുന്നു..

മുതലാളിത്ത കോർപ്പറേറ്റ് മേഖലകൾക്ക് എന്തുകൊണ്ടാണു വർഗീയ ശക്തികൾ ഉറ്റ തോഴന്മാരായി മാറുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

കാരണം

ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ എപ്പോളും മതത്തിന്റെ ഒരു ആവരണം കൂടെയുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു.അങ്ങനെ മതശക്തികളെ കൈയിലെടുത്താൽ അവരുടെ കോർപ്പറേറ്റ് - മുതലാളിത്ത സാമ്പത്തിക നയങ്ങൾ എളുപ്പത്തിൽ ഒളിച്ചു കടത്താൻ പറ്റുന്നു.

യാഥാർത്ഥ്യമായ മനുഷ്യന്റെ   സാമൂഹ്യാവസ്ഥകളെ അവഗണിച്ച് സാമ്പത്തിക വളർച്ച എന്നതാണു കോർപ്പറേറ്റ് ലക്ഷ്യം..ഇതും വർഗീയതയും ഒന്നിച്ചു ചേരുമ്പോൾ 'മത നിരപേക്ഷത" എന്നത് കടലിൽ താഴുന്നു..

അതുകൊണ്ട് തന്നെ മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണു ഇന്നിന്റെ ആവശ്യം..അത് ആത്യന്തികമായി മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ യുള്ള പോരാട്ടം തന്നെയായിരിയ്ക്കും...

അല്ലാത്ത പക്ഷം ഓരോ സ്വാതന്ത്ര്യ ദിനത്തിലും കൊടിയുയർത്തിയും ദേശീയ ഗാനമാലപിച്ചും "അഭിമാനിച്ച്" കഴിയാം...ദാരിദ്ര്യവും തൊഴിലില്ലായ്മയും നമ്മുടെ "അഭിമാനസ്തംഭ" ങ്ങളായി തുടരുകയും ചെയ്യും..!

പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല....! ചെറുത്തു നിൽപ്പുകൾ ഉയർന്നു വരികതന്നെ ചെയ്യും !

Saturday, July 26, 2014

ബീഫും പോർക്കും....!


ബീഫ് കഴിയ്ക്കാൻ പഠിപ്പിച്ചത് വാസുദേവൻ സാർ ആയിരുന്നു..സാറിനും ലക്ഷ്മിക്കുട്ടി ടീച്ചറിനും കുട്ടികൾ ഇല്ലായിരുന്നു..അവർ എന്നെയും അനിയനേയും സ്വന്തം മക്കളെപ്പോലെ കരുതി. സാർ വർഷങ്ങളായി ഗൾഫിലായിരുന്നു.നാട്ടിൽ വരുമ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ വരും..' സുനിയേയും അനിയേയും ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വിടണമെന്ന്' " അച്ഛനോട് പറയും..

രണ്ടാം ക്ലാസുകാരനായ ഞാൻ അനിയനെയും കൂട്ടി പോകും..അല്പം ദൂരമേയുള്ളൂ..അമ്പലത്തിനു പിന്നിലുള്ള ഇടവഴിയിലൂടെ കാഴ്ചകൾ കണ്ടും മഴിത്തണ്ട് ചെടി പറിച്ചും ഞങ്ങൾ പോകും.ഇടക്ക് എതിരെ വല്ല പശുവോ മറ്റോ വന്നാൽ പേടിച്ചരണ്ട് ഒരു സൈഡിലേക്ക് മാറും..ടീച്ചറിന്റെ വീട്ടിൽ എത്തണമെങ്കിൽ കയ്യാലയിലെ കുത്തുകല്ലുകൾ വഴി വിഷമിച്ച് കയറണം..ഇന്നത്തെപ്പോലെ വീട്ടുമുറ്റം വരെ ആരും റോഡുണ്ടാക്കില്ലല്ലോ..ഞാൻ ആദ്യം വലിഞ്ഞുകയറിയിട്ട് അനിയനെ കൈകൊടുത്ത് വലിച്ചു കയറ്റും.ആങ്ങനെ അവിടെ ചെല്ലുമ്പോൾ സാറും ടീച്ചറും 'വരൂ മക്കളേ" എന്ന് സ്നേഹത്തോടെ വിളിച്ച് സ്വീകരിക്കും..ഞങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും..

അവിടെ ഞങ്ങൾക്കുള്ള ഭക്ഷണമുണ്ട്..അതിനു കൂട്ടാൻ പോത്തിറച്ചി ആണു..അതിങ്ങനെ ഉപ്പും മുളകുമൊക്കെ ചേർത്ത് നന്നായി വറുത്ത് വച്ചിരിക്കും..അത് മൂക്കറ്റം കഴിക്കും..സാറിനും ടീച്ചറിനും മുഖത്ത് സംതൃപ്തിയുടെ പൂക്കൾ വിടരും..ആ സ്നേഹത്തിൽ ഞങ്ങൾ അലിഞ്ഞ് ഇല്ലാതാവും...

ഊണിനു ശേഷം സാർ ഞങ്ങളെ ടേപ്പ് ടിക്കാർഡർ കേൾപ്പിക്കും..ആദ്യമായി അങ്ങനെ ഒരു സാധനം കാണുന്നത് അവിടെ വച്ചാണു..ഇപ്പറയുന്നത് 1976-77 കാലത്തെ കഥയാണു..ഞങ്ങളൂടെ ശബ്ദം ടേപ്പിൽ പിടിച്ച് കേൾപ്പിക്കും..അന്നുവരെ ജീവിതത്തിൽ കണ്ട മഹാത്ഭുതമായിരുന്നു അത്..സ്വന്തം ശബ്ദം ഒരു ഉപകരണത്തിലൂടെ കേൾക്കുന്നു..പിന്നീട് എത്രയോ വർഷങ്ങൾ ഈ കാസറ്റ് സാർ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നിരുന്നു..മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോൾ ആ പഴയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ അന്നത്തെ ചെറിയ കുട്ടികളായി മാറും...വർഷങ്ങൾക്ക് ശേഷം അവർക്ക് കുട്ടി ഉണ്ടായി.അവൾ ഇന്ന് വിവാഹമൊക്കെ കഴിഞ്ഞ് ജീവിക്കുന്നു..ഈ എഴുതുന്നത് ഒരു പക്ഷേ ഫേസ്‌ബുക്കിൽ കാണുന്നുണ്ടാവാം..സാർ ഇന്ന് ജീവിച്ചിരിപ്പില്ല..അദ്ദേഹത്തെപ്പറ്റി ഞാൻ എന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു.ടീച്ചറിനെ ഈ അടുത്ത കാലത്തും കണ്ടു..

പറഞ്ഞു വന്നത് അങ്ങനെയാണു പോത്തിറച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണു..അന്നത്തെ ആ എരിവു ഇപ്പോളും നാവിൻ തുമ്പിലുണ്ട്..പന്നിയിറച്ചി പിന്നീടെപ്പോളോ കടന്നുവന്നപ്പോൾ പോത്തിറച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു..ഏറ്റവും ഇഷ്ടമുള്ള ഒന്നായി പന്നിയിറച്ചി...! എവിടെ കിട്ടിയാലും ഒന്ന് രുചിയ്ക്കാതെ വിടില്ല...ചെന്നൈയിൽ ഇത് കിട്ടുന്ന സ്ഥലങ്ങളൊക്കെ 'നോട്ട്' ചെയ്ത് വച്ചിട്ടുണ്ട്...!

മുംബൈയിൽ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ബീഫ് കിട്ടാൻ മാർഗമില്ല.പന്നിയുടെ കാര്യം പറയാനുമില്ല.പക്ഷേ ചില മലയാളി ഹോട്ടലിൽ ബീഫ് കിട്ടും..ബീഫ് എന്ന പേരിൽ അല്ല." സുഖാ മട്ടൻ" എന്ന് പറയണം..ആ അതാണു പേരു.., 'ഉണങ്ങിയ മട്ടൻ" 

അതിലൊന്ന് മാട്ടുംഗയിലെ "ചേട്ടായിയുടെ കട" ആണു..പിന്നെ ആന്റോപ്‌ഹിൽ..പിന്നെ ഫ്ലോറ ഫൗണ്ടനടുത്ത് 'ഫൗണ്ടൻ പ്ലാസ" അതൊക്കെ പിന്നീട് ഒരിക്കൽ എഴുതാം..

എഴുതാൻ വന്നത് എന്തെന്നാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?

ഈ മതഭ്രാന്തന്മാരെല്ലാം കൂടി ബീഫിനെയും പന്നിയേയും അരച്ചു കലക്കി കുടിയ്ക്കട്ടെ... ആഹാരത്തിലെ മതഭ്രാന്തുകൾ അങ്ങനെ അവസാനിയ്ക്കട്ടെ !

Tuesday, March 12, 2013

ഷാവേസ് വിടപറയുമ്പോൾ... ..


2006 ലെ യു എൻ ജനറൽ അസംബ്ലിയിൽ അന്നത്തെ യു എസ് പ്രസിഡണ്ടായിരുന്ന  ജോർജ്ജ് ബുഷിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രശസ്തമായ പ്രസംഗമാണ് ആദ്യം തന്നെ മനസ്സിലോടിയെത്തുന്നത്.

 “ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് “ അമേരിക്കൻ പ്രസിഡണ്ടിനെ സൾഫർ മണക്കുന്നു” എന്നും കൂടി നട്ടെല്ലുയർത്തി നിന്ന് പ്രഖ്യാപിച്ചു.



യു എൻ ജനറൽ അസംബ്ലിയിൽ ഷാവേസ് നടത്തിയ പ്രസംഗം-കടപ്പാട് യു ട്യൂബിലെ ഈ ഒറിജിനൽ വീഡിയൊ

 ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമാണു വെനിസ്വലയ്ക്ക് ഉള്ളത്.ഇനിയും തുറന്നിട്ടില്ലാത്തെ എണ്ണപ്പാടങ്ങൾ കൂടി വന്നു കഴിയുമ്പോൾ അത് സൌദി അറേബ്യയെ മറികടക്കും..എന്നാൽ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും 1998 ൽ ഷാവേസ് അധികാരത്തിൽ വരുമ്പോൾ 70 ശതമാനം പേരും ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു രാജ്യമായിരുന്നു വെനിസ്വല. തികച്ചും ജനാധിപത്യപരമായി അധികാരത്തിൽ വന്ന അദ്ദേഹത്തിനു കടുത്ത വെല്ലുവിളികളാണു നേരിടേണ്ടി വന്നത്.അത് അവസാനം 2002 ലെ അട്ടിമറിയിലേക്ക് വരെ ചെന്നെത്തി.എന്നാൽ ജനങ്ങൾ ഷാവേസിനു അനുകൂലമായി തെരുവിൽ ഇറങ്ങിയതോടെ ആ അട്ടിമറി ശ്രമം പരാജയപ്പെടുകയാണുണ്ടായത്.അതിനു ശേഷം അദ്ദേഹം ആദ്യമായി ചെയ്ത നടപടി രാജ്യത്തെ പ്രധാന എണ്ണക്കമ്പനിയെ ദേശസാൽക്കരിയ്ക്കുക എന്നതാണ്.എന്നിട്ട് അതിൽ നിന്നുള്ള വരുമാനത്തെ സാമൂഹിക സുരക്ഷാ പദ്ധതികൾക്കും ജീവിത നിലവാരം മെച്ചെപ്പെടുത്തുന്നതിനും ഉപയോഗിച്ചു.അതിന്റെ ഒക്കെ ഫലമായി ദാരിദ്യ നിലവാരം 70 ൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. അതീവ ദരിദ്രരുടെ എണ്ണം 40 % ൽ നിന്ന് 7.3 % ആയി കുറഞ്ഞു.

 ഇത് കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പെൻഷനുകൾ, കുടിവെള്ള പദ്ധതികൾ ,ആരോഗ്യ രംഗത്തെ പദ്ധതികൾ എന്നിവയെല്ലാം നടപ്പിലാക്കുന്നതിൽ ഷാവേസ് മുന്നിട്ട് നിന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് വെനിസ്വല കൈവരിച്ച മറ്റു ചില പ്രധാന നേട്ടങ്ങൾ ഇവയാണ്
  • ഭക്ഷ്യധാന്യ ഇറക്കുമതി 90% ൽ നിന്ന് 30% ആയി കുറഞ്ഞു
  • കുട്ടികളിലെ പോഷകാഹാരക്കുറവ് 7.7 % ൽ നിന്ന് 3 % ആയി കുറഞ്ഞു
  • ആരോഗ്യ രംഗം മെച്ചെപ്പെടുത്തി ഓരോ 10,000 പേർക്കും 58 ഡോക്ടർമാർ ലഭിക്കുന്ന അവസ്ഥവന്നു.നേരത്തെ ഇത് 18 ആയിരുന്നു
  • രാജ്യത്തെ 96% ജനങ്ങൾക്കും ശുദ്ധജലം ആവശ്യത്തിനു ലഭ്യമാക്കി
  • തൊഴിലില്ലായ്മ 2003 ൽ 16% ആയിരുന്നത് 2012 ആയപ്പോളേക്കും 5% നു അടുത്തായി കുറഞ്ഞു
  • സാ‍ക്ഷരത  97% ൽ
  • അടിസ്ഥാനവിദ്യാഭ്യാസം നേടുന്നവരുടെ ശതമാനം 90 കളിൽ 37-38 ആയിരുന്നത് 2012 ആയപ്പോളേക്കും 73% നും മേൽ എത്തിച്ചേർന്നു
  • 1999 ൽ 5 ലക്ഷം ആൾക്കാർ വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നത് 2012 ആയപ്പോളേക്കും 20 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നടപ്പിലാക്കി
  •  ആരോഗ്യവും വിദ്യാഭ്യാസവും  സൌജന്യമാക്കി.
ഇതിന്റെ എല്ലാം ഫലമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് അസമത്വം നിലനിൽക്കുന്ന രാജ്യമായി ചുരുങ്ങിയ കാലയളവിനുള്ളിൽ വെനിസ്വല മാറി.പ്രത്യേകിച്ചും 2002 ലെ അട്ടിമറി ശ്രമങ്ങൾക്ക് ശേഷമുള്ള 10 വർഷത്തിനുള്ളിലാണു ഈ പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചതെന്നതാണു പ്രധാനം.
 

2012 ഒക്ടോബറിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷവും ഒന്നിച്ചു നിന്നിട്ടും 55% വോട്ട് നേടി വീണ്ടും അധികാരത്തിൽ അദ്ദേഹം തുടരാൻ സഹായിച്ചത് പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ ഇത്തരം  പദ്ധതികളാണ്.

 സ്വന്തം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കൈയയച്ച് സഹായിക്കുക കൂടി ചെയ്തിട്ടുണ്ട് ഷാവേസ്. ഏതാണ്ട് 36 ബില്യൺ യു എസ് ഡോളറിന്റെ സഹായം വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഒരു കോൺ‌ഫെഡറേഷൻ ഉണ്ടാക്കി അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ചു നിന്ന് പോരാടാൻ അദ്ദേഹത്തിനു സാധിച്ചു.ഐ എം എഫിനും വേൾഡ് ബാങ്കിനും ബദലായി സഹകരണ മേഖലയിൽ “വേൾഡ് ഹുമാനിറ്റേറിയൻ ബാങ്ക്” ( World humanitarian Bank) കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇറാക്കിലെ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ ഷാവേസ് വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും വിച്ഛേദിച്ചു. ധീരമായ ഇത്തരം നടപടികൾ അദ്ദേഹത്തെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റി.

ഷാവേസിന്റെ  ഭരണം ഇൻഡ്യക്കും മറക്കാനാവാത്തതാണ്.ഇൻഡ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണു വെനിസ്വലക്ക് ഉള്ളത്.ഷാവേസ് അധികാരമേൽക്കുമ്പോൾ വെനിസ്വലയിലെ എണ്ണ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് ഇൻഡ്യക്കും ചൈനക്കും ക്യൂബക്കും മുൻ‌ഗണന കിട്ടി.ബാരലിനു 4 ഡോളറോളം വിലക്കുറവിലാണു ഇൻഡ്യക്ക് വെനിസ്വല എണ്ണ നൽകിയിരുന്നത്. 

നിയതമായ അർത്ഥത്തിൽ അദ്ദേഹം ഒരു പക്ഷേ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല,താനൊരു സോഷ്യൽ ഡമോക്രാറ്റ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്( ഈ അഭിമുഖം കാണുക)നിലവിലുള്ള മുതലാളിത്ത ഭരണ വ്യവസ്ഥിതിയെ പൂർണ്ണമായും അട്ടിമറിക്കുകയുണ്ടായിട്ടില്ല.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാലത്തും സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുണ്ട്.അടിസ്ഥാനതലങ്ങളിൽ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അഭാവം അവിടെ ഉണ്ടായിരുന്നു എന്നും കാണാം.എന്നാൽ ഇതൊക്കെ ആണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്ന 2002 ലെ അട്ടിമറി ശ്രമത്തിനു ശേഷം   സോഷ്യലിസത്തിലേക്ക് അദ്ദേഹം നടത്തിയ ചുവടു വയ്പുകൾ ഇന്ന്  ചരിത്രത്തിന്റെ ഭാഗമാണ്.സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല, സ്വന്തം രാജ്യത്ത് ഒരു ബദൽ മാതൃക സൃഷ്ടിച്ച് കാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാ‍വിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!

അഭിവാദനങ്ങൾ ഷാവേസ്..!


കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിൾ

അവലംബം : Venezuelan economic and social performance under Hugo Chavez
2:Hugo Chavez- Death of a socialist
3:Invested in the Chavez Legacy
4: Venezuelan revolution after Chavez- article by Lal khan
5:മറ്റു ലേഖനങ്ങൾ, അഭിമുഖങ്ങൾ

Friday, October 30, 2009

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.

അങ്ങനെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ‘വെല്ലുവിളി’കളെ എറ്റെടുക്കാൻ യുദ്ധസജ്ജരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു.പുരോഗതിയിൽ നിന്നു പുരോഗതിയിലേക്ക് അനുദിനം കുതിച്ചു കൊണ്ടിരിക്കുന്നു.

“ഇൻ‌ഡ്യ തിളങ്ങുന്നു”.....എവിടെ?

ഇതാ ഈ തമിഴകത്ത്....നമ്മുടെ തൊട്ടയൽ‌പക്കത്ത്..

എങ്ങനെ?

ദാ, ഈ വാർത്ത കാണൂ.ഒക്ടോബർ 29ലെ മലയാള മനോരമയുടെ ചെന്നൈ എഡിഷനിൽ വന്ന വന്നത് ഇതാണ്.
വാർത്ത മുഴുവനായി വായിക്കാൻ ഈ ലിങ്ക് നോക്കുക.

ഇതേ വാർത്ത “ദി ഹിന്ദു ‘ ദിനപത്രം റിപ്പോർട്ട് ചെയ്തത് ഇവിടെ കാണാം.


തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ ചെട്ടികുളം ഏകാംബരേശ്വര ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ 27 നു ദളിതർ ആദ്യമായി പ്രവേശിച്ച വാർത്തയാണു ഇത്.നൂറോളം വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഈ ക്ഷേത്രത്തിൽ പ്രവേശനത്തിനായി പ്രക്ഷോഭം തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു.സെപ്റ്റംബർ 30 നും ഒക്ടോബർ 14 നും ക്ഷേത്രപ്രവേശനം നടത്താനുള്ള “തീണ്ടാമൈ ഒഴിപ്പ് മുന്നണി’യുടെ ശ്രമങ്ങൾ പോലീസ് വെടിവയ്പ്പിലായിരുന്നു കലാശിച്ചത്.മുന്നോക്ക ജാതിക്കാരുടെ എതിർപ്പായിരുന്നു അതിനു പ്രധാന കാരണം.(‘ഹിന്ദു’വിൽ വന്ന ആ വാർത്ത ഇവിടെ കാണുക).സി.പി.എമ്മിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ തീണ്ടലിനെതിരെയും ജാതി വ്യത്യാസങ്ങൾക്കെതിരായും കുറെ നാളുകളായി നടക്കുന്ന സമരങ്ങളുടെ മറ്റൊരു വിജയമാണു ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ക്ഷേത്ര പ്രവേശനം.

കേരളത്തിനോട് അല്പം കൂടി അടുത്ത മധുര ജില്ലയിലെ ഉത്തപുരം ഗ്രാമത്തിൽ രണ്ടു സമുദയങ്ങളെ തമ്മിൽ വേർതിരിക്കാൻ മതിലുണ്ടായിരുന്ന വാർത്ത പലരും അറിഞ്ഞിരിക്കാൻ ഇടയുണ്ട്.ദളിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിക്കുന്ന രീതിയിലുണ്ടായിരുന്ന മതിൽ നീണ്ടു നിന്ന പ്രക്ഷോഭങ്ങൾക്കൊടുവിൽ തകർക്കപ്പെടുകയായിരുന്നു.അന്നും അതിനു നേതൃത്വം കൊടുത്തത് സി.പി.എം ആയിരുന്നു.ആ സംഭവത്തെ പറ്റിയുള്ള വിശദമായ വാർത്ത വായിക്കാൻ ഈ ലിങ്ക് കാണുക.

കോൺഗ്രസും ദ്രാവിഡ കക്ഷികളും മാറി മാറി ഭരിച്ച തമിഴ്‌നാടിന്റെ ഇന്നത്തെ അവസ്ഥയാണ് ഇത്.

ആന്ധ്രാപ്രദേശിലും ഇതു തന്നെ സ്ഥിതി.അവിടെ ഇപ്പൊളും പിന്നോക്ക ദളിത് ജാതിക്കാരുടെ വീടുകൾ ഗ്രാമത്തിനു പുറത്തോ അല്ലെങ്കിൽ ഗ്രാമത്തിന്റെ ഏറ്റവും അവസാന ഭാഗത്തോ ആണ്.ഞാൻ ആന്ധ്രയിലുണ്ടായിരുന്ന കാലത്ത് വിശാഖപട്ടണം ജില്ലയിൽ പൊതു കിണറിൽ നിന്ന് വെള്ളമെടുത്തതിനു ഒരു താഴ്ന്ന ജാതിക്കാരൻ മർദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിരുന്നത് ഓർമ്മ വരുന്നു.അന്നു വിവരസാങ്കേതിക വിദ്വാൻ ശ്രീ ചന്ദ്രബാബു നായിഡു ആയിരുന്നു മുഖ്യ മന്ത്രി.

ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ‘കൊട്ടിഘോഷിക്കപ്പെടുന്ന” നേട്ടങ്ങളുടെ മറുപുറമാണു ഇവിടെ കൊടുത്ത പത്രവാർത്തകളിൽ കാണുന്നത്.സ്വാതന്ത്ര്യം കിട്ടിയിട്ട് ആറു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.രാജ്യം വൻ‌ശക്തിയാകാൻ തയാറായിക്കഴിഞ്ഞു എന്ന് മാറി മാറി വന്ന ഭാരത സർക്കാരുകൾ നമ്മെ അനുദിനം ഓർമ്മപ്പെടുത്തുമ്പോൾ, ഇപ്പോളൂം ഇരുളടഞ്ഞ ഇൻഡ്യൻ ഗ്രാമങ്ങളിൽ എന്തു നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണു നാഗപട്ടണം സംഭവം നമുക്ക് കാട്ടിത്തരുന്നത്.ജാതിയുടെയും മതത്തിന്റേയും പേരിലുള്ള തീണ്ടലും തൊടീലും ഇപ്പോളും ഒരു യാഥാർത്ഥ്യം തന്നെയായി അവശേഷിക്കുന്നു.മനുഷ്യനായി ജനിച്ചെങ്കിലും മൃഗമായി, അടിമയായി ജീവിക്കേണ്ടി വരുന്ന നഗ്ന യാഥാർത്ഥ്യം.ഇവരുടെ മുന്നിലാണു നാം വിവരസാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പങ്കു വയ്ക്കുന്നത്.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന ഒരു സമൂഹം എന്നാണു നമുക്കുണ്ടാവുക?വിവേകാനന്ദൻ ഒരിക്കൽ കേരളത്തെ വിശേഷിപ്പിച്ചത് “ഭ്രാന്താലയം “ എന്നായിരുന്നെങ്കിൽ വീണ്ടും അത്തരം ഒരു ഭ്രാന്താലയം സൃഷ്ടിക്കാൻ ജാതി മത ശക്തികൾ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.അന്നു ജാതി മത സവണ്ണ മേധാവിത്വത്തിന്റെ മുഖത്തു നോക്കി “ഞാനൊരു ഈഴവശിവനെയാണു പ്രതിഷ്ഠിച്ചത്” എന്നു പറയാൻ നമുക്കൊരു ശ്രീനാരായണ ഗുരു ഉണ്ടായി.ജാതി വ്യവസ്ഥയുടെ അടിവേരാണ് ആ ഒറ്റ ഉത്തരത്തിലൂടെ നാരായണ ഗുരു പിഴുതെടുത്തത്.പിന്നീട് ഇടതു പക്ഷം അതിന്റെ തുടർച്ച ഏറ്റെടുത്തു.ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനു മുന്നോടിയായി ക്ഷേത്ര മതിൽക്കെട്ടിൽ പ്രവേശിച്ച് മണിയടിച്ച സഖാവ് പി.കൃഷ്ണപിള്ളക്ക് ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ ചില്ലറയല്ല.എന്തിനധികം, വൈക്കം സത്യാഗ്രഹം നടക്കുമ്പോൾ ഒത്തു തീർപ്പിനായി എത്തിയ ഗാന്ധിജിയെ അന്നത്തെ ജന്മിയായിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ പടിപ്പുരക്കു വെളിയിൽ മുറ്റത്താണു ഇരുത്തിയത്.എന്നിട്ട് സ്വയം പടിപ്പുരയിൽ കസേരയിലും ഉപവിഷ്ടനായി.ഗാന്ധിജി താഴ്ന്ന ജാതിക്കാരനായിരുന്നു എന്നതായിരുന്നു കാരണം.ഇണ്ടന്തുരുത്തി മന ഇരുന്ന സ്ഥലം ഇന്ന് ചെത്തു തൊഴിലാളി യൂണിയൻ ആഫീസ് ആണെന്നത് ചരിത്രത്തിന്റെ തമാശകളിൽ ഒന്ന്!ഇത്തരം കയ്പേറിയ ഒട്ടനവധി അനുഭവങ്ങളിലൂടെയാണു ഇന്നത്തെ കേരളം ഉണ്ടായത്.ഈ ചരിത്രത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണു നമ്മൾ ജാഗരൂകരാകേണ്ടത്!

കാലത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ ഇപ്പോളും നൂറ്റാണ്ടുകൾ പിന്നിൽ ജീവിക്കേണ്ടി വരുന്ന ഒരു സമൂഹവും എല്ലാം കൈയടക്കി വച്ചിരിക്കുന്ന ഒരു ചെറു വിഭാഗവും.ഈ അസമത്വങ്ങൾ മാറാതെ എന്തു നേട്ടങ്ങൾ ഉണ്ടായിട്ട് എന്ത് ഫലം?സിരകളിൽ ഒരേ ചോര ഒഴുകുന്ന ഒരേ വികാര വിചാരങ്ങൾ ഉള്ള ജീവി വർഗ്ഗങ്ങളിൽ, തമ്മിൽ തമ്മിൽ അകറ്റി നിർത്തുന്നത് മനുഷ്യൻ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.അറുപതാണ്ടുകൾ മാറി മാ‍റി ഭരിച്ചവർ അടിസ്ഥാന സാമൂഹിക ഘടനയിൽ എന്തു മാറ്റമാണു ഉണ്ടാക്കിയത്? ഉപരിപ്ലവമായ ചില നേട്ടങ്ങളെ പൊക്കിപ്പിടിച്ച് ഉന്മാദം കൊള്ളുമ്പോൾ ഇവിടെയൊരു സമൂഹം ഇപ്പോളും പൊതുവഴിയിൽ ഇറങ്ങി നടക്കാൻ പോലുമാവാതെ കാലത്തിന്റെ ഇരുളടഞ്ഞ മൂലകളിൽ അപ്രത്യക്ഷരായി കഴിയുന്നു.

ലജ്ജിക്കൂ ഭാരത മാതാവേ....നാണിച്ചു തല താഴ്ത്തി കേഴുക മാതാവേ കേഴുക !!!

ഇതുമായി ബന്ധപ്പെട്ട് വന്ന പ്രസക്തമായ രണ്ടു പോസ്റ്റുകൾ കൂടി കാണുക

1:തമിഴകം വാഴും ജാതിപിശാച്
2:അയിത്ത ഗ്രാമം സമരം അറസ്റ്റ്

Friday, October 23, 2009

കണ്ടിട്ടും കാണാതെ പോയ തിരഞ്ഞെടുപ്പ് വാർത്തകൾ...!

കഴിഞ്ഞ വേനൽക്കാലത്ത് ഭാരതത്തിലും അതിനു ശേഷം ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടന്ന ചില തിരഞ്ഞടുപ്പ് ഫലങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു.

തൽക്കാലം ഭാരതത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തെ വിടാം.അതു വഴിയെ പരാമർശിക്കുന്നുണ്ട്.നമ്മുടെ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മൂന്നു പ്രധാനപ്പെട്ട രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു.അവയെ അല്പം വിശദമായി ഒന്നു നോക്കിക്കാണാം

1:ജപ്പാൻ

ഏഷ്യയിലെ എന്നല്ല, ലോകസാമ്പത്തികശക്തികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണു ജപ്പാൻ.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നു ആണവിടെ തിരഞ്ഞെടുപ്പു നടന്നത്.വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണു അവിടെ ഉണ്ടായിട്ടുള്ളത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ നാശങ്ങളിൽ നിന്ന് ഒരു ഫീനിക്സു പക്ഷിയെപ്പോലെ ഉയിർത്തെഴുനേറ്റ ജപ്പാനിൽ 1955 നു ശേഷം ഇന്നു വരെ ( ഇടക്ക് 1993-1994 കാലഘട്ടത്തിലെ 11 മാസം ഒഴികെ) ഭരണം കൈയ്യാളിയിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയെ അക്ഷരാർത്ഥത്തിൽ നിലം‌പരിശാക്കി പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ അധികാരത്തിൽ വന്നിരിക്കുന്നു.തിരഞ്ഞെടുപ്പിൽ 42.3% വോട്ട് നേടുകയും പാർലിമെന്റിൽ ആകെയുള്ള 480 സീറ്റുകളിം 308 എണ്ണവും കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണു ഡമോക്രാറ്റിക് പാർട്ടി ഏതാണ്ട് ആറു പതിറ്റാണ്ടോളം നീണ്ട ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിനു അറുതി വരുത്തിയത്.

എന്താണു ഈ വിജയത്തിന്റെ അടിസ്ഥാനവും പ്രത്യേകതയും?ലോകസാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണു ജപ്പാൻ.വളരെ പ്രത്യക്ഷമായും മുതലാളിത്ത നയങ്ങൾ പിന്തുടർന്നിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ കീഴിൽ തൊഴിലില്ലായ്മ സർ‌വകാല റെക്കോർഡ് ആയ 5.7% ആയിത്തീർന്നു.ജപ്പാനിലെ സാമൂഹിക ജീവിതത്തെ കുറച്ചൊന്നുമല്ല അത് ബാധിച്ചത്.കയറ്റുമതിയിൽ ഉണ്ടായ വൻ ഇടിവ് സാമ്പത്തിക രംഗത്തെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.യുവാക്കൾക്കിടയിലും ജപ്പാനിലെ ഭവനങ്ങളിലും അരക്ഷിതാവസ്ഥ വളർന്നു വന്നു.കൂടാതെ വർദ്ധിച്ചു വരുന്ന ആയുർ‌ദൈർഘ്യം കൂടുതൽ പെൻഷൻ‌കാരെ സൃഷ്ടിക്കുകയും അവരെ താങ്ങി നിർത്താനുള്ള വരുമാനശേഷിയുള്ള മറ്റു കുടുംബാഗംങ്ങാൾ കുരഞ്ഞു വരികയും ചെയ്തു.പരമ്പരാഗതമായി വൻ വ്യവസായികൾക്കും യാഥാസ്ഥിതികർക്കും മുൻ‌തൂക്കമുള്ള പ്രസ്ഥാനമായിരുന്നു ലിബറൽ ഡമോക്രാറ്റിക് പാർട്ടി.

എന്നാൽ അവരിൽ നിന്നു വ്യത്യസ്തമായി വ്യക്തമായും ഇടതു പക്ഷ നയങ്ങളെ പിന്തുണക്കുന്ന പ്രസ്ഥാനമാണു ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ.മാധ്യമ കുത്തകയായ ബനറ്റ് & കോൾമാന്റെ പത്രമായ “ടൈംസ് ഓഫ് ഇൻ‌ഡ്യ”യുടെ മറ്റൊരു പ്രസിദ്ധീകരണമായ “മുംബൈ മിററി”ൽ വന്ന ഈ ലേഖനത്തിൽ പോലും ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് കാണാവുന്നതാണ്.

വ്യക്തമായ നയവ്യതിയാനങ്ങളാണു സാമ്പത്തിക വിദേശ രംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി മുന്നോട്ട് വച്ചിട്ടുള്ളത്.ടോൾ ഫ്രീ ഹൈ വേ, കർഷകർക്ക് സാമ്പത്തിക ഉദ്ദാരണ പദ്ധതികൾ, സൌജന്യ വിദ്യാഭ്യാസം,തൊഴിൽ തേടുകയും പരിശീലനത്തിലിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് അലവൻസ്, തൊഴിലാളികൾക്കുള്ള മിനിമം അടിസ്ഥാനശമ്പളത്തിലുള്ള വർദ്ധനവ് എന്നിങ്ങനെ ഒട്ടനവധിയായ പദ്ധതികളാണു അവർ വിഭാവനം ചെയ്തിരിക്കുന്നത്.അതിലെല്ലാം ഉപരി അമേരിക്കയുമായുള്ള സൌഹൃദം നിലനിർത്തുമെങ്കിലും അവരിൽ നിന്നും കൂടുതൽ “സ്വാതന്ത്ര്യം” നേടുമെന്നും അവർ പറയുന്നു.ഏഷ്യയിലെ അയൽ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാണവർ ആഗ്രഹിക്കുന്നത്.

2:ഗ്രീസ്
ഇക്കഴിഞ്ഞ ഒക്ടോബർ 4 നു നടന്ന ഗ്രീസ്‌ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് പാപെന്‍ഡ്ര്യൂവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയമാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയും ഭരണ കക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെ അഴിമതിയുമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത്.ആധുനിക ഗ്രീക്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായിരുന്ന കോസ്റ്റാസ് കരാമാൻലിസിന്റെ നേത്രത്വത്തിലുള്ള സർക്കാരിനെയാണു സോഷ്യലിസ്റ്റ് പാർട്ടി അധികാര ഭൃഷ്ടരാക്കിയത്.ഇക്കഴിഞ്ഞ വർഷം വരെ ശക്തമെന്ന് തോന്നിച്ചിരുന്ന ഗ്രീക്ക് സാമ്പത്തിക രംഗം സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞപ്പോൾ ശമ്പളം വെട്ടിക്കുറക്കൽ ,പെൻഷനുകൾ നിർത്തി വയ്കൽ തുടങ്ങിയ ജനദ്രോഹ നടപടികളായിരുന്നു നിലവിലുള്ള ഭരണകക്ഷി ചെയ്തിരുന്നെങ്കിൽ ഇടതു ബദൽ നയങ്ങൾ മുന്നോട്ടു വച്ചാണു സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്.ഗ്രീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും നിലവിലുള്ള മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഗ്രീസിലെ ഭരണമാറ്റത്തെക്കുറിച്ച് ‘ദ ഹിന്ദു’ എഴുതിയ എഡിറ്റോറിയൽ ഈ ലിങ്ക് വഴി വായിക്കാവുന്നതാണ്.

3:പോർട്ടുഗൽ

ജപ്പാനിലും ഗ്രീസിലും നിലവിലുള്ള ഭരണകക്ഷികൾ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ,ഗ്രീസിനോടു ചേർന്നു കിടക്കുന്ന പോർട്ടുഗലിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 27 നു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി,നിലവിലുള്ള പ്രധാന മന്ത്രി ജോസ് സോക്രട്ടീസിന്റെ കീഴിൽ അധികാരം നില നിർത്തുക കൂടി ചെയ്തിരിക്കുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്.2005 ൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള 3 വർഷങ്ങളിൽ 3 സർക്കാരുകൾ മാറി മറിഞ്ഞു വന്നിരിന്നു.കഴിഞ്ഞ 33 വർഷത്തെ ജനാധിപത്യ ചരിത്രത്തിൽ ഇതിനു മുൻപ് ഒരേ ഒരു സർക്കാർ മാത്രമേ അവിടെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ.അങ്ങനെ നോക്കുമ്പോൾ പോർട്ടുഗീസിൽ ഒരു ഭരണ സ്ഥിരത ഉണ്ടാക്കാൻ കൂടി ഇടതു സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

സോഷ്യലിസ്റ്റുകളും, മറ്റു ഇടതു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് 55% വോട്ടാണു തെരഞ്ഞെടുപ്പിൽ നേടിയെടുത്തത്.സാമ്പത്തിക പ്രതിസന്ധി പോർട്ടുഗലിനേയും ബാധിച്ചിരുന്നുവെങ്കിലും, അതിനെ മറികടക്കാൻ സ്വകാര്യ നിക്ഷേപം വൻ‌തോതിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ സോഷ്യൽ ഡമോക്രാ‍റ്റിക് പാർട്ടിയുടെ പരാ‍ജയം നവ ലിബറൽ നയങ്ങളെ പോർട്ടുഗീസ് ജനത തള്ളിക്കളഞ്ഞു എന്നതിന്റെ കൂടി തെളിവാണ്.



എന്താണു ഈ തിരഞ്ഞെടുപ്പുകൾ നമുക്ക് നൽ‌കുന്ന സന്ദേശം? ലോകമാസകലം ഒരു ബദൽ നയത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണു മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾ.അതാവട്ടെ നിലവിലുള്ള സാമ്പത്തിക സംവിധാനത്തിനു മാത്രമായുള്ള ബദലല്ല, സാമ്രാജ്യത്വ വിരുദ്ധ ബദലന്വേഷണങ്ങൾ കൂടിയാണ്.ഇക്കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി 11 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണു ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നത്.നമ്മുടെ ഭാരതത്തെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥ നില നിൽക്കുന്ന രാജ്യങ്ങളായിരുന്നു അവയിൽ പലതും.എൽ‌സാൽ‌വദോറിലെ ഈ മാറ്റത്തെക്കുറിച്ച് മുൻ‌പൊരിക്കൽ ഞാൻ കുറിച്ചിട്ടുമുണ്ട്.( ഈ ലിങ്ക് കാണുക).

ജപ്പാനിലും ഗ്രീസിലും ഉണ്ടായ ഭരണമാറ്റങ്ങൾ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.മുതലാളിത്ത സാമ്പത്തിക രംഗം അനിവാര്യമായ അതിന്റെ തകർച്ചയെ നേരിടുന്ന കാലഘട്ടമാണിത്.യു.എസ് തെരഞ്ഞെടുപ്പിൽ ഒബാമക്കുണ്ടായ വിജയം പോലും ഒരു ബദലന്വേഷണത്തിനായുള്ള അവിടുത്തെ ജനങ്ങളുടെ ത്വരയാണു കാണിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും പെൻഷൻ സംരക്ഷണത്തിനും ഉയർന്ന മിനിമം വേതനത്തിനുമായി സമരങ്ങൾ നടക്കുന്നു.അതു കൊണ്ടൊക്കെയാണു ഫ്രാൻസിലും ഹോളണ്ടിലും യൂറോപ്യൻ യൂണിയന്റെ ഭരണഘടനാ ഹിത പരിശോധന പരാജയപ്പെട്ടതും.നവ ലിബറൽ നയങ്ങൾക്കെതിരായുള്ള പോരാട്ടം വളരെ ശക്തമായി പല രാജ്യങ്ങളിലും ഉയർന്നു വരുന്നു.അഗാധമായ സാമ്പത്തിക പ്രതി സന്ധി അതിന്റെ ആക്കം കൂട്ടുന്നു.

ഇവീടെയെല്ലാം പൊതുവായി കാണുന്ന ഒരു കാര്യമെന്നത് അതി തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന തിരിച്ചടിയാണ്.ഇൻ‌ഡ്യയിൽ പോലും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും ഇപ്പോൾ കഴിഞ്ഞ മഹാരാഷ്ട്രാ, ഹരിയാന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും ഈ സവിശേഷത കാണാവുന്നതാണ്.നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തീവ്ര വലതു പക്ഷ പ്രസ്ഥാനങ്ങളായ സംഘ പരിവാർ സംഘടനകൾക്കും ശിവസേനക്കുമൊക്കെ ഇനിയൊരു തിരിച്ചു വരവു പോലും അസാദ്ധ്യമാകുന്ന രീതിയിലുള്ള തിരിച്ചടികളാണു നേരിട്ടിട്ടുള്ളത്.ഇതു മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അത്യതിയായ സന്തോഷമുളവാക്കുന്ന വസ്തുതയാണ്.എന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനു പോലും താലിബാൻ പോലുള്ള പ്രസ്ഥാനങ്ങളോട് ഏറ്റു മുട്ടേണ്ടതായി വന്നിരിക്കുന്നു.പാക്കിസ്ഥാന്റെ കൈയിൽ നിന്നാണെങ്കിലും താലിബാനും അസ്തമയത്തോട് അടുക്കുകയാണെന്ന് നമുക്ക് പ്രത്യാശിക്കാം.

എന്നാൽ മതേതരമെങ്കിലും സാമ്രാജ്യത്വത്തിനു കുടപിടിക്കുന്ന നടപടികളാണു ഭാരതത്തിലെ സർക്കാർ ചെയ്യുന്നത്.മറ്റു പല ലോക രാഷ്ട്രങ്ങളും ബദൽ നയങ്ങൾക്കായി ചുവടു മാറ്റിക്കഴിയുമ്പോളും സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ കളിത്തോഴനായിരിക്കുന്നു നമ്മുടെ സർക്കാർ.നവ ലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം നയിക്കുന്നവരും ഇടതു പക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരുമായിട്ടുള്ളവരുടെ മുന്നിലെ വെല്ലു വിളി എന്നത് ലോകമാസകലം ഉണ്ടാകുന്ന പുരോഗമന കൊടുങ്കാറ്റിനെ ഭാരതത്തിൽ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ്.

അത്യന്തികമായി ലോകം എന്നും പുരോഗമനചിന്തകളിലേക്കും അതു വഴി പുരോഗതിയിലേക്കും മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.മനുഷ്യന്റെ ഇന്നേ വരെയുള്ള ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.അതിന്റെ വേഗത എത്രമാത്രം വർദ്ധിപ്പിക്കാൻ നമുക്കു കഴിയുന്നു എന്നതാണു വിജയത്തിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.

(നന്ദി:മുംബൈ മിറർ ലിങ്ക് തന്ന് സഹായിച്ച സുഹൃത്ത് വിജി പിണറായിക്കും, ചിത്രങ്ങൾ തന്ന് സഹായിച്ച ഗൂഗിളിനും)

Saturday, December 27, 2008

“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”

അന്നക്കുട്ടിയ്ക്കു ചിരിയും കളിയും മുറുകുമ്പോൾ ടീലറച്ചനായിരുന്നു ഏകരക്ഷ.അദ്ദേഹം വന്നു തലയ്ക്കു പിടിച്ചു ഒന്നു പ്രാർത്ഥിയ്ക്കും.പെണ്ണിനു സുഖമാകും.എന്നാൽ വിവരം കെട്ട മനുഷ്യർ പലതും പറയുന്നു.അതുകൊണ്ട് ആരും കാണാതെ ചിലപ്പോൾ ഇരുട്ടത്താണു അച്ചൻ അവിടെ ചെന്നു കയറുക.ആ പെണ്ണിനാണെങ്കിൽ മരുന്നുകൾ എന്തെല്ലാം കൊടുത്തു നോക്കി!അന്നും പകൽ സമയത്തു അവൾക്ക് എന്തൊക്കെയോ അസുഖങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ട് അച്ചൻ വന്നു.ഏതാണ്ട് ഒമ്പതു മണിയോടെ അച്ചൻ വന്നു മുറിയിൽ കയറിയത് സ്വന്തം കണ്ണുകൊണ്ടു തന്നെ ആ അമ്മ കണ്ടതാണ്.കൂരാലിയെ കറന്നു കുറച്ചു പാലുള്ളതു കാച്ചി അച്ചനു കൊടുക്കാൻ അവർ കൊണ്ടു ചെന്നു.അച്ചനും അന്നക്കുട്ടിയും ഇരിയ്ക്കുന്ന മുറിയുടെ വാതിൽ അടച്ചിട്ടുണ്ടായിരുന്നു.അതുകൊണ്ടു പുരത്തു നിന്ന് ആ അമ്മ വിളിച്ചു.അന്നക്കുട്ടി വാതിൽ തുറന്ന് പാൽ വാങ്ങി.അച്ചനു അത്രയുമെങ്കിലും കൊടുക്കാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തോടെ ആ വൃദ്ധ തന്റെ കിടക്കയിലേയ്ക്കു പോയി.തലയുറക്കം തീർന്നില്ല.അപ്പോളാണു പതിവില്ലാത്ത ബഹളം.അവർ വന്നു നോക്കുമ്പോൾ മറ്റൊരു വികാരിയച്ചൻ കൂടി നിൽ‌ക്കുന്നു!അവർക്കു അത്ഭുതമായി.
”ആഹാ രണ്ട് വികാരിയച്ചന്മാരോ?”.അവർ അറിയാതെ ചോദിച്ചു പോയി.ളോഹക്കാർ രണ്ടു പേർ അവിടെ നിൽ‌ക്കുന്നു.കുനിഞ്ഞതലയും വാരിച്ചുറ്റിയ പുടവയും അഴിഞ്ഞ തലമുടിക്കെട്ടുമായി അന്നക്കുട്ടി നിൽക്കുകയാണ്.ആ ളോഹക്കാർ പരസ്പരം നോക്കി സ്തംഭിച്ച് അങ്ങനെ നിൽ‌ക്കുന്നു.ടീലറച്ചന്റെ മുഖത്തു നിന്നു തകര വിളക്കു പൊക്കി മറ്റേ വികാരിയച്ചന്റെ മുഖത്തേയ്ക്കു അവർ നോക്കി.അപ്പോളാണു അവർക്കു സംശയം തീർന്നത്.
”ങ്‌ഹാ! അന്തോനീ നീയുമച്ചനായോടാ?”ആ ഭക്തയ്ക്കു കണ്ണും തലയും ചുറ്റുന്ന അദ്ഭുതമുണ്ടായി.കുശിനിക്കാരൻ അന്തോനീം ളോഹയിട്ട് അച്ചനായി നിൽക്കയാണ്.
----(പൊൻ‌കുന്നം വർക്കിയുടെ “അന്തോനീ നീയുമച്ചനായോടാ‍?” എന്ന കഥയിൽ നിന്നും)

നീണ്ട 16 വർഷം ഒരു പാവപ്പെട്ട കുടുംബത്തിനെ കണ്ണീരു കുടിപ്പിച്ച ഇവിടുത്തെ മത നേതൃത്വം അഭയാകേസിൽ അറസ്റ്റ് നടന്നപ്പോൾ പ്രതികളെ രക്ഷിയ്ക്കാൻ കാണിയ്ക്കുന്ന വ്യഗ്രത ഒന്നു കാണേണ്ടതും കേൾക്കേണ്ടതുമാണ്.രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ മത നേതൃത്വം ലജ്ജിച്ചു തല താഴ്തട്ടെ.”നിയമം അതിന്റെ വഴിയ്ക്കു നീങ്ങട്ടെ “ എന്നോ “കുറ്റവാളികളാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ “ എന്നോ പോലും ഒരു വാക്കുരിയാടാൻ “ഈ ദൈവത്തിന്റെ അംബാസഡർമാർക്ക്” ( കടപ്പാട്: പൊൻ‌കുന്നം വർക്കി) കഴിയുന്നില്ല.പകരം ഈ ആട്ടിൻ തോലണഞ്ഞ ചെന്നായ്ക്കൾ നിരപരാധികളാണെന്നു സ്ഥാപിച്ചെടുക്കാൻ വിഫല ശ്രമങ്ങൾ നടത്തി.ആരുടെ കണ്ണിൽ പൊടിയിടാനും ആരെ രക്ഷിയ്ക്കാനും ആണിത്?മുട്ടിനു മുട്ടിനു ഇടയലേഖനങ്ങലെഴുതുന്ന ഇവർ തങ്ങളിലൊരാൾ കൊല്ലപ്പെട്ടപ്പോൾ അതിനെതിരെ ഒരു നോട്ടിസ് പോലും അടിച്ചില്ല.തങ്ങളുടെ മണിയറകളിലെ തിരുവിളയാട്ടങ്ങൾ അബദ്ധ വശാൽ കണ്ടു പോയി എന്ന ഒറ്റ കുറ്റത്തിനു തിരു സഭയിലെ പാവം “കർത്താവിന്റെ മണവാട്ടി”യെ തലക്കടിച്ചു കൊല്ലാൻ കാട്ടിയ അതേ നിസംഗത പ്രതികളുടെ മുഖത്തും നിഴലിച്ചു കണ്ടു.ഈ ളോഹകളിലെ പാപക്കറകൾ കഴുകിക്കളയാൻ ഏതു പാതിരിയുടെ മുന്നിൽ ഇവർ “കുമ്പസാരി”യ്ക്കും? തെറ്റു ചെയ്യാത്തവനല്ലേ കല്ലെറിയാൻ പറ്റൂ...

അവസാനം ഇടയലേഖനവും വന്നു.കഴിഞ്ഞ 16 വർഷം കല്ലിനു കാറ്റു പിടിച്ച പോലെ ഇരുന്ന തിരുസഭ സ്വന്തം വാലിൽ ചുറ്റിയ തുണിയിലാണു തീ പിടിച്ചിരിയ്ക്കുന്നത് എന്നറിഞ്ഞപ്പൊൾ ലങ്കാദഹനത്തിനു ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുന്നു.
”നമ്മളി‌പ്പോളും നിരപരാധികളെന്ന് വിശ്വസിയ്ക്കുന്ന പ്രതികൾക്കുവേണ്ടി പ്രാർഥിയ്ക്കുക” എന്ന ആഹ്വാനത്തോടെ..നിരപരാധികളാണെങ്കിൽ പിന്നെ എന്തിനു പ്രത്യേക പ്രാർഥന?കോടതിയിൽ സത്യം തെളിയുമല്ലോ.”അഭയയുടെ മരണം നമുക്കു മനോവേദന ഉണ്ടാക്കിയെങ്കിൽ ഇവരെ പ്രതികളാക്കിയതു വഴി അതു ഇരട്ടിച്ചിരിക്കുന്നു..” ഹാ ! എത്ര ലളിതം മനോഹരം ..കാര്യങ്ങൾ...!ഒരു പാവം കന്യാസ്ത്രീ കൊല്ലപ്പെട്ടത് വെറും മനോവേദനയിൽ ഒതുക്കാൻ മാത്രം തിരുസഭ മാനസിക പക്വത നേടിയിരിക്കുന്നു.അന്നൊരു ഇടയലേഖനവും എഴുതാതിരുന്നത് ഈ പക്വത മൂലമാണ്.“അഭയയുടെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ച് വിധിയെഴുതിയതിനാൽ സഭ പിന്നീട് പുനരന്വേഷണം ആവശ്യപ്പെട്ടില്ല” എന്ന പരോക്ഷമായ ഒരു കുറ്റ സമ്മതവും ഇതിലുണ്ട്.കൊലപാതകമാനെന്നു ഇപ്പോളെങ്കിലും സമ്മതിച്ചല്ലോ.ഇനിയിപ്പോൾ പ്രതികൾ ഇവരല്ല എന്നതു മാത്രമാണു സഭയ്ക്കു “ഉറപ്പു”ള്ളത്.

ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു പാപം കഴുകിക്കളയുക എന്ന് കുഞ്ഞാടുകളെ പഠിപ്പിയ്ക്കുന്ന ഒരു മഹാ സഭയാണു ഈ കഴിഞ്ഞ 16 വർഷവും, എന്തിനു ഇപ്പോൾ പോലും ഈ തെറ്റിനെ പുതപ്പിട്ടു മൂടി സംരക്ഷിയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിയ്ക്കുന്നത് എന്നതാണ് ഏറ്റവും ദയനീയം.ഒറീസയിൽ പ്രശനം ഉണ്ടാകുമ്പോൾപ്പോലും ഇവിടെ പ്രതികരിയ്ക്കുന്ന ഈ ദൈവ ദാസന്മാർ അഭയ എന്ന പാവം കുട്ടി മൃഗീയമായി കൊല്ലപ്പെട്ടതിനെതിരെ ഒരു പ്രതിഷേധ ജാഥയെങ്കിലും സംഘടിപ്പിച്ചോ? എന്തിന്, ഇപ്പോളും ആരോടാണു അവർ കൂറു പുലർത്തുന്നത്.?

മറിയക്കുട്ടി കൊലക്കേസു പോലെ ഇതും ഒരു പക്ഷേ തേഞ്ഞു മാഞ്ഞു പോയേക്കാം.റോമിൽ നിന്നു എത്ര കോടികൾ ഇനിയും ഇറങ്ങാനിരിയ്ക്കുന്നു.എന്നാലും ഈ കണ്ടെത്തലുകളും അറസ്റ്റുകളും സമൂഹ മന:സാക്ഷിയെ ഒരു വലിയ പാഠം പഠിപ്പിയ്ക്കുന്നു.അതാണു ഈ കേസിലെ ഏറ്റവും വലിയ വിജയവും.നിന്നെപ്പോലെ നിന്റെ അയൽ‌ക്കാരനേയും സ്നേഹിയ്ക്കുക എന്ന് പഠിപ്പിച്ച മഹാനുഭാവന്റെ പിൻ‌മുറക്കാർ എത്തി നിൽ‌ക്കുന്ന ചെളിക്കുണ്ടിന്റെ ആഴം കാട്ടിത്തരാൻ ഈ സംഭവം ഇടയാക്കി.പാതിരികൾ പ്രതികളായ് വേറെയും കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്.അതൊലൊന്നുമില്ലാത്ത ഒരു പ്രത്യേകത ഇതിലുള്ളത് കൊല്ലപ്പെട്ടതു സഭയിലെ തന്നെ ഒരു ദൈവ ദാസിയാണെന്നതാണ്.

രണ്ടാമത്തെ പ്രത്യേകത ഈ കേസ് തേച്ചു മായ്ചു കളയാനും പ്രതികളെന്നു ആരോപിയ്ക്കുന്നവരെ സംരക്ഷിയ്ക്കാനും സഭ തന്നെ ഏറ്റവും മുൻ‌പന്തിയിൽ നിൽക്കുകയും ചെയ്തു എന്നതാണു.അതു വഴി തങ്ങളുറ്റെ ചായ്‌വ് എങ്ങോട്ടേയ്ക്കു എന്ന് അവർ വ്യക്തമാക്കി.ഇതിന്റെ മറ്റൊരു മുഖം തന്നെയാണു സംഘപരിവാറും.മാലേഗാവ് സ്ഫോടനകേസിലെ പ്രതിയെ സംരക്ഷിയ്ക്കാനും, അവർക്കായി വാദിയ്ക്കാനും വന്നിരിയ്ക്കുന്നത് ആരാണു?ബി.ജെ.പി നേതൃത്വം തന്നെ.ഇത്തരം ജാതി മത സംഘടനകളുടെയും കൃസ്തീയ സഭ പോലെ ജനാധിപത്യംതൊട്ടു തീണ്ടിയിട്ടില്ലാത്ത സംഘടിത മത നേതൃത്വങ്ങളുടെയും സ്വഭാവവും താൽ‌പര്യങ്ങളും എല്ലാം ഒന്നു തന്നെ.ഈ സത്യം ആണു അഭയ കേസ് നമ്മെ കാട്ടിത്തരുന്നതു.ഇവരുടെ ഒക്കെ വാക്കു കേട്ടു നടക്കുന്ന ഒരു “കുഞ്ഞാടെ”ങ്കിലും രക്ഷപെട്ടാൽ അത്രയുമായി.ഇനിയെങ്കിലും ഇത്തരക്കാരുടെ വാക്കു കേട്ട് എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന പാവപ്പെട്ട അനുയായികൾ ഒരു നിമിഷം ചിന്തിയ്ക്കുമല്ലേ എന്നതു തന്നെ ആശ്വാസകരം യാതൊരു ജാതി മത സംഘടനകളേയും പിന്തുണയ്ക്കാത്ത ഞങ്ങളെപ്പോലെയുള്ളവർ ഇതു ജനങ്ങളുടെ വിജയമായാണ് കാണുന്നത്.

അതു കൊണ്ടു തന്നെ“പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തിയാണ് “ അഭയ.അവൾക്കായി ആരും പ്രാർഥനാ ശുശ്രൂഷകൾ നടത്തുന്നില്ല.ആ പേരിൽ പള്ളികളും കോളെജുകളും പണിയുന്നില്ല.എന്നാലുംഅടിച്ചമർത്താൻ നോക്കുന്തോറും അവൾ ഉയിർത്തെഴുനേൽ‌ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഓരോ ഉയിർത്തെഴുനേൽ‌പ്പിലും ഈ മർദ്ദകരുടെ പത്തികൾ അടിച്ചുടയ്ക്കപ്പെടുന്നു.അതു അവസാനം അവരുടെ അനിവാര്യമായ നാശത്തിലേയ്ക്കും സത്യത്തിന്റെ ആത്യന്തികമായ വിജയത്തിലേയ്ക്കും എത്തിച്ചേരുകയും ചെയ്യുന്നു.


അത് ഒരു ഞായറാഴ്ച ദിവസമാണ്.ക്രിസ്തുവിന്റെ ബലിപീഠത്തിൽ പൂജയ്ക്കു സമയമായി.കപ്യാർ മണിനാദം ഉയർത്തി.അനുഗ്യോസ്ഥനായി പള്ളിമേടയിൽ താമസിച്ചിരുന്ന വികാരിയച്ചൻ ആവേശം കൊണ്ടു.അദ്ദേഹം സന്നദ്ധനായി വെളിയിലേയ്ക്കിറങ്ങി.ഒരു വലിയ വിപ്ലവത്തിന്റെ നിഗൂഡാഹ്വാനം അദ്ദേഹത്തിന്റെ ഹൃദയത്തിൽ മുരശടിച്ചു.ആദ്യമായി അദ്ദേഹം തന്റെ ളോഹ ഊരി.കുറഞ്ഞ പക്ഷം നാലുപേർക്കു ശരിയായി ധരിയ്ക്കുന്നതിനുള്ള ഒരു വസ്ത്ര ദുർവ്യയമായിരുന്നു അത്.“അന്യന്റെ ആഹാരവും വസ്ത്രവും പ്രയത്നഫലവും ചൂഷണം ചെയ്യുന്ന നിഷ്കൃഷ്ട ജീവിതത്തിൽനിന്നുള്ള എന്റെ വിമുക്തി”-അദ്ദേഹം ആ വാചകം ഉച്ചരിച്ചുകൊണ്ടു സാമാന്യനായ ഒരു ഗൃഹസ്ഥാശ്രമിയുടെ വസ്ത്രധാരണ രീതി അനുകരിച്ചു.നേരെ മുറ്റത്തേയ്ക്കിറങ്ങി.തിരിഞ്ഞു നോക്കാതെ അദ്ദേഹം മുന്നോട്ടുനടന്നു.പള്ളിക്കുറ്റത്തിൽ ഉൾ‌പ്പെടുത്തിയിരുന്ന ആ പഴയ കർഷക വൃദ്ധന്റെ പരിശുദ്ധങ്ങളായ മണൽ‌ത്തരികൾ നിറഞ്ഞ മുറ്റത്ത് അദ്ദേഹം കാലുകുത്തി.

വൃദ്ധനായ ആ കർഷകൻ അമ്പരന്നുപോയി.”സഖാവേ അവിടുന്നല്ല പാപിഷ്ഠൻ!അങ്ങയുടെ പാപം ഞാനല്ല, എന്റെ അനന്തങ്ങളായ ദ്രോഹങ്ങളുടെ ദാരുണഭാരം അങ്ങാണ് ക്ഷമിയ്ക്കേണ്ടത്.എനിയ്ക്കു മാപ്പു തരൂ.മാപ്പു തരൂ..സഖാവേ എനിയ്ക്കു മാപ്പു തരൂ.” വയലിലെ മണ്ണു വിയർപ്പുമായി ചേർന്ന് ഒട്ടിപ്പിടിച്ചിരുന്നതും തഴമ്പേറുന്നതുമായ ആ കർഷകന്റെ പാദങ്ങളിൽ അദ്ദേഹം നമസ്കരിച്ചു.പള്ളിയിൽ നിന്നുയർ‌ന്ന മൂന്നാം മണിയുടെ നാദം വികലമായി ആ മുറ്റത്തേയ്ക്കു പ്രവേശിച്ചു.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ക്ഷമായാചനം നടത്തുന്ന ആ വൈദികന്റെ ശിരസ്സിനു മുകളിൽക്കൂടി ഒരു ചെമ്പരുന്ത് വട്ടമിട്ടു പറന്നു.വൃദ്ധന്റെ മകൾ താഴ്ത്തിയ തലയോടുകൂടി കണ്ണുനീർ തൂകി.അവളുടെ ഉദരത്തിലെ ശിശു ആനന്ദം കൊണ്ടു കുതിച്ചു”...
( പൊൻ‌കുന്നം വർക്കിയുടെ “കുറ്റ സമ്മതം “ എന്ന കഥയിൽ നിന്നും.)

പ്രവചന സ്വഭാവത്തോടെ ശ്രീ.പൊൻ‌കുന്നം വർക്കിഎത്രയോ വർഷങ്ങൾക്കു മുൻപ് എഴുതിയ ഈ കഥയിലെപ്പോലെ ഒരു “കുറ്റ സമ്മതം” നമുക്കു പ്രതീക്ഷിയ്ക്കാമോ?

സത്യമേവ ജയതേ...!!!