( 'നെല്ല്' ഓൺലൈൻ മാസികയുടെ ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.നെല്ലിൽ ഈ വിവരണം ഈ ലിങ്കിൽ വായിക്കാം)
ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ ഞങ്ങളുടെ മൂന്നാർ യാത്രയുടെ രണ്ടാം ദിനമായിരുന്നു അന്ന്.തലേന്ന് അപ്രതീക്ഷിതമായി ഉച്ച കഴിഞ്ഞ് കോരിച്ചൊരിഞ്ഞ മഴ ഞങ്ങളുടെ കാഴ്ചകളെ അല്പം തടസ്സപ്പെടുത്തിയിരുന്നു.മാട്ടുപ്പെട്ടിയിൽ മഴ കാരണം ഇറങ്ങാനേ പറ്റിയിരുന്നില്ല.
മൂന്നാറിലെ രാത്രി അതീവ തണുപ്പുള്ളതായിരുന്നു.മെയ്‌മാസത്തിലെ ചൂടിൽ ചെന്നൈയിൽ നിന്നും നാട്ടിൽ നിന്നും വന്ന ഞങ്ങൾക്ക് മൂന്നാറിലെ തണുപ്പുള്ള രാത്രിയും കുളിരുള്ള പകലും തന്ന ആശ്വാസം ചില്ലറയല്ല.എന്റെ കുടുംബത്തോടൊപ്പം എന്റെ പ്രിയ സുഹൃത്ത് മോഹനനും കുടുംബവും കൂടി ഉണ്ടായിരുന്നു.
ഇന്നത്തെ ആദ്യ ലക്ഷ്യ സ്ഥാനം ഇരവികുളം നാഷണൽ പാർക്ക് ആണു.മെയ് മാസം മൂന്നാറിലെ സീസൺ ആയതിനാൽ പാർക്കിൽ നല്ല തിരക്കുണ്ടാവുമെന്നും അതിനാൽ അതിരാവിലെ തന്നെ പോകണമെന്നും ഞങ്ങൾ മനസ്സിലാക്കിയിരുന്നു.അതുകൊണ്ടു തന്നെ നല്ല തണുപ്പുണ്ടായിരുന്നിട്ടും രാവിലെ തന്നെ യാത്രപോകാൻ ഞങ്ങൾ തയ്യാറായി ഹോട്ടലിൽ നിന്ന് വെളിയിൽ വന്നു.സമയം ആറര കഴിഞ്ഞിരുന്നു.വണ്ടിയുമായി ഞങ്ങൾ യാത്ര തുടങ്ങി.മൂന്നാർ ഉണർന്ന് വരുന്നതേയുള്ളൂ.പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് തീരുമാനിച്ച് നോക്കിയപ്പോൾ പല റസ്റ്റോറന്റുകളും തുറന്നിട്ടില്ല.അങ്ങനെ അല്പമൊന്ന് അന്വേഷിച്ച് പോകുമ്പോൾ മറയൂർ റോഡിലേക്ക് തിരിയുന്നതിനു മുൻപ് കണ്ട റസ്റ്റോറന്റിൽ കയറി.ഇതു മാത്രമേ തുറന്നിട്ടുള്ളുവെന്ന് തോന്നുന്നു.അതിനാൽ തന്നെ നല്ല തിരക്കുമുണ്ട്.എന്തായാലും പ്രതീക്ഷിച്ചതിലും നല്ല റസ്റ്റോറന്റായിരുന്നു അത്.നല്ലൊരു പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ വണ്ടി മറയൂർ റോഡിലേക്ക് തിരിച്ചു.
മൂന്നാറിൽ നിന്ന് 40 കി മീ ദൂരമാണു മറയൂരിലേക്ക്.അതേ വഴിയിൽ തന്നെയാണു ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്.മൂന്നാറിൽ നിന്ന് 13 കിമീ ദൂരെ യാണു അത്.ഇരവികുളം നാഷണൽ പാർക്ക് കണ്ട് കഴിഞ്ഞ് മറയൂരാണു ഞങ്ങളുടെ ലക്ഷ്യം.
മൂന്നാർ ടൗൺ വിട്ടയുടെനെ ദൂരെ ആനമലനിരകൾ ദൃശ്യമായി തുടങ്ങി.സൂര്യൻ ആനമലകൾക്കിടയിലൂടെ ഉദിച്ചു വരുന്ന മനോഹരദൃശ്യം മറക്കാനാവുന്നതല്ല.ആകാശപ്പാളികളെ തൊട്ടുരുമ്മി നിൽക്കുന്നു മലനിരകൾ.എന്നെ കീഴടക്കാൻ ആരുണ്ട് എന്ന ഭാവത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന മല നിരകളിലെ ചെറിയ നീരൊഴുക്കുകളിൽ സൂര്യകിരണങ്ങൾ പതിയ്ക്കുമ്പോൾ അവ ആയിരം കുഞ്ഞു കുഞ്ഞു സൂര്യന്മാരായി വെട്ടിത്തിളങ്ങി.
പതിനഞ്ച് മിനിട്ട് കൊണ്ട് ഞങ്ങൾ ഇരവികുളത്ത് എത്തി.റോഡിനിരുവശവും വഴിയോരക്കച്ചവടക്കാരുടെ നീണ്ടനിര.പാർക്ക് കാണാൻ വന്ന സഞ്ചാരികളുടെ വാഹനങ്ങൾ അങ്ങിങ്ങ് പാർക്ക് ചെയ്തിരിയ്ക്കുന്നു.
പാർക്കിന്റെ പ്രധാന കവാടമാണിത്.ഇവിടെ പാർക്ക സന്ദർശിക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.പാർക്കിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നില്ല.ഇവിടെ നിന്നും പാർക്കിലേക്ക് പോകേണ്ടത് വനം വകുപ്പിന്റെ വാഹനത്തിലാണു.ടിക്കറ്റ് എടുക്കേണ്ടതും ഇവിടെത്തന്നെയാണു.ഞാൻ ബാക്കിയുള്ളവരെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ഇറക്കിയിട്ട് വണ്ടി പാർക്ക് ചെയ്യാൻ പോയി.ടിക്കറ്റ് കൗണ്ടറിനു മുന്നിൽ സന്ദർശകരുടെ നീണ്ട നിര അപ്പോൾ തന്നെ രൂപം കൊണ്ടിരുന്നു.ഞാൻ വണ്ടി മുകളിൽ കൊണ്ടു പോയി പാർക്ക് ചെയ്തിട്ടു വന്നു.
ഇവിടെ പാർക്ക് കാണാൻ വരുന്ന എല്ലാവരും ക്യൂവിൽ നിൽക്കണം.ആരെങ്കിലും ഒരാൾ പോയി ടിക്കറ്റെടുത്തു വന്നാൽ പോരാ.അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും തന്നെ വരിയിൽ സ്ഥാനം പിടിച്ചു,വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന സന്ദർശകർ.അവരിൽ മലയാളികളുണ്ട്, തമിഴ്‌നാട്ടുകാർ ഉണ്ട്.ഉത്തരേന്ത്യക്കാരുണ്ട്..സന്ദർശകരെ നിരീക്ഷിച്ചു കൊണ്ട് ഞാനങ്ങനെ നിന്നു.
ആറു മിനി ബസുകളാണു ഇവിടെ നിന്ന് നമ്മളെ പാർക്കിലേക്ക് കൊണ്ടു പോകാനുള്ളത്.ഏതാണ്ട് 2000 മീറ്റർ ഉയരത്തിലേക്ക് പോകണം.ബസുകൾ പോയി വരുന്നതനുസരിച്ച് ടിക്കറ്റുകൾ കൊടുക്കുന്നു.ഏതാണ്ട് മുക്കാൽ മണിക്കൂറോളം നിന്നു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴവുമെത്തി.ബസിനുള്ളിൽ പുറം കാഴ്ചകൾ നന്നായി കാണാവുന്നത് പോലെ തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചു.
ഭീതി തോന്നുന്ന വിധം വീതി വളരെക്കുറഞ്ഞ വളഞ്ഞു പുളഞ്ഞ വഴികളിലൂടെയാണു ബസ് മുകളിലേക്ക് കയറിപ്പോകുന്നത്.എതിരെ ഒരു ബസ് വന്നാൽ അവർ സൈഡ് കൊടുക്കുന്നത് കാണേണ്ടതു തന്നെ ! ഒരു വശത്ത് ചെങ്കുത്തായ രാജമല .മറുവശത്ത് ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത മനോഹരമായ ദൃശ്യവിരുന്നു.ഉയരങ്ങളിലേക്ക് ബസ് കയറിപ്പോകുന്തോറം പ്രകൃതിഭംഗിയുടെ മനോഹാരിത കൂടിക്കൂടിവന്നു.ഒരിക്കൽ കണ്ടാൽ ജീവിതത്തിലൊരിക്കലും ഈ മനോഹരക്കാഴ്ചകൾ മറക്കില്ല.എത്രയെത്ര മല നിരകൾ.കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ.മേഘപാളികൾ കൊണ്ട് മൂടിക്കിടക്കുന്ന ആ ഭംഗി നേരിൽ തന്നെ കണ്ട ആസ്വദിക്കണം.അത് വർണ്ണിക്കാൻ ഞാനൊരു കവിയല്ലാതെയായിപ്പോയി!
(ബസിൽ നിന്നുള്ള വിദൂരക്കാഴ്ചയിലൊന്നു)
ഏതാണ്ട് 30 മിനിട്ട് യാത്രകൊണ്ട് ഞങ്ങൾ മുകളിലെത്തി.ഇവിടെവരെയേ ബസ് ഉള്ളൂ.ഈ താവളത്തിൽ സന്ദർശകർക്ക് ലഘു ഭക്ഷണമൊക്കെ കഴിക്കാനുള്ള സൗകര്യമുണ്ട്.അതിനോട് ചേർന്ന് ഒരു ചെറിയ മ്യൂസിയവുമുണ്ട്."പാർക്കിന്റെ കഥ " (Story Of the Park) എന്നാണതിന്റെ പേരു്.ആനമലയുടേയും കണ്ണൻ ദേവൻ മലനിരകളൂടേയും ചരിത്രം, ഇരവി കുളത്തെ സസ്യ ലതാതികളെപ്പറ്റിയുള്ള വിവരങ്ങൾ, വരയാടുകളെപ്പറ്റിയുള്ള കാര്യങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ ചെറിയ മ്യൂസിയത്തിനുള്ളിലുണ്ട്.ഞങ്ങൾ മ്യൂസിയം ഒന്ന് ചുറ്റിക്കണ്ടു.
ഇവിടെ നിന്ന് ഏകദേശം 1300 മീറ്ററോളം മുകളിലേക്ക് നടന്ന് പോകണം.കുത്തനെയുള്ള കയറ്റമല്ല.വളഞ്ഞു തിരിഞ്ഞുള്ള റോഡുണ്ട്.ഞങ്ങളോടൊപ്പം വന്ന സന്ദർശകർ മുകളിലേക്ക് പോയ്ക്കഴിഞ്ഞു.ഞങ്ങൾ അവിടെത്തന്നെ അല്പ സമയം കൂടി നിന്നു.അവിടെ നിന്നു നോക്കിയാൽ ആനമലയുടെ കൊടുമുടികൾ നമ്മെ വെല്ലുവിളിച്ചു നിൽക്കുന്നത് കാണാം.ദൂരെ ദൂരെ എത്രയോ ഉയരത്തിലാണവ.
നടന്നുള്ള സന്ദർശനം തുടങ്ങുന്നതിനു മുൻപ് ഗാർഡ് പരിശോധിച്ചു.ഇവിടം പ്ലാസ്റ്റിക് നിരോധിത മേഖലയാണു.അത്തരം വസ്തുക്കളൊന്നും മുകളിലേക്ക് കൊണ്ടുപോകാൻ പാടില്ല.ഞങ്ങൾ കയറ്റം തുടങ്ങി.ഒട്ടുമേ ആയാസം തോന്നിയില്ല.മലമുകളിലെ കുളിരിൽ നടപ്പിനു വിഷമമില്ല.എങ്ങോട്ട് നോക്കിയാലും കുളിർമയുള്ള കാഴ്ചകളും.പുൽ മേടുകളും പാറക്കെട്ടുകളും നിറഞ്ഞതാണു ഈ പ്രദേശം
മുകളിലേക്കുള്ള പാതയിൽ നിന്നു താഴേയ്ക്ക് നോക്കുമ്പോളുള്ള കാഴ്ച അതിമനോഹരമാണു.അത് കണ്ട് തന്നെ അറിയണം.മൂന്നാറിലെ മലനിരകളുടെ വന്യസൗന്ദര്യം കാണേണ്ടതു തന്നെ.എത്ര കണ്ടാലും മതിവരാത്ത കാഴ്ച്കകൾ.ഒരിക്കലെങ്കിലും ഈ സൗന്ദര്യം അറിയുക തന്നെ വേണമെന്നാണു എനിക്ക് പറയാനുള്ളത്
ഇരവികുളം നാഷണൽ പാർക്ക്
ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുൻപ് കണ്ണൻ ദേവൻ ഹിൽസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു.1971 ൽ കേരള സർക്കാർ ഇവിടെ മിച്ച ഭൂമിയായി ഏറ്റെടുക്കുകയും പിന്നീട് വന്യജീവി സംരക്ഷണ കേന്ദ്രമാക്കുകയും ചെയ്തു.1975 ലാണു ഇതിന്റെ ഒരു ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ചത്.1978 ൽ ഇരവികുളം ദേശീയോദ്യാനം എന്നപേരുമിട്ടു.പുൽമേടുകളും കുറ്റിച്ചെടികളും നിറഞ്ഞ നിത്യ ഹരിത ചോല വനങ്ങളാണു ഇരവികുളം നാഷണൽ പാർക്ക്.
97 ചതുരശ്ര കി. മീറ്ററാണു ഇരവികുളം നാഷണൽ പാർക്കിന്റെ വിസ്തീർണ്ണം.ഇതിനു മൂന്ന് ഭാഗങ്ങൾ ഉള്ളതിൽ ഒന്നിൽ മാത്രമാണു സന്ദർശകർക്ക് പ്രവേശനമുള്ളത്.പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ( 2690 മീ) ഇരവികുളം നാഷണൽ പാർക്കിനുള്ളിലാണു.അത് പക്ഷേ ഇവിടെ നിന്ന് നമുക്ക് കാണാൻ സാധിക്കില്ല.മറയൂർ റോഡിൽ കൂടി ഒരു 2 കി മീ സഞ്ചരിക്കുമ്പോൾ മാത്രമേ കാണാൻ സാധിക്കൂ.
വരയാടുക( Nilgiri Tahr)ളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണു ഇരവികുളം നാഷണൽ പാർക്ക്.ഏതാണ്ട് ആയിരത്തോളം വരയാടുകൾ ഇവിടെ ഇപ്പോൾ ഉണ്ട്.സംരക്ഷിതമേഖല ആക്കിയതിൽ പിന്നെ വരയാടുകളുടെ എണ്ണം വർഷം തോറും കൂടിക്കൂടി വരുന്നുണ്ട് .ഇരവികുളത്തെ ഏറ്റവും വലിയ ആകർഷണവും ഇവ തന്നെ.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും വരയാടുകളെ കാണുക എന്നത് തന്നെ.പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഉണ്ടായിരുന്ന ഒരു ചോദ്യം ഓർമ്മ വരുന്നു. "കേരളത്തിൽ എവിടെയാണു വരയാടുകളെ കാണുന്നത്"
വരയാടുകളെ കൂടാതെ എണ്ണത്തിൽ അത്രയൊന്നുമില്ലാത്ത Nilgiri Marten,Ruddy Mangoose,Clawed Otter എന്നീ ജീവികളും ഇവിടെ കാണപ്പെടുന്നു.
വരയാട്
അന്ന് വിചാരിച്ചിരുന്നത് ഇവയ്ക്ക് വരയുള്ളതുകൊണ്ടാവുംആങ്ങനെ പേരു വന്നത് എന്നാണു.എന്നാൽ അങ്ങനെയല്ല."വരൈ " എന്നാൽ പാറക്കെട്ട് എന്നാണു തമിഴിൽ അർഥം.പാറക്കെട്ടുകൾക്കിടയിൽ കാണുന്ന തരം ആടുകൾ ആയതുകൊണ്ടാണു ഇവയ്ക്ക് "വരൈയാട്" എന്ന് പേരു വന്നത്.
ഞങ്ങളുടെ യാത്ര അല്പം മുകളിലേക്ക് ചെന്നപ്പോളേക്കും കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലും പുൽ മേടുകളിലും കൂട്ടം കൂട്ടമായി വരയാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.കാഴ്ചയിൽ സാധാരണ ആടുകളിൽ നിന്ന് അല്പം വ്യത്യസ്തമാണു.ഇളം കറുപ്പ് കലർന്ന് ബ്രൗൺ നിറമാണിവയ്ക്ക്.മുതിർന്ന വരയാടിനു 100 സെ മീ ഉയരവും 100 കിലോയിലേറേ തൂക്കവുമുണ്ടാകും.വരയാടുകൾക്കിടയിൽ രണ്ടു തരം സോഷ്യൽ ഗ്രൂപ്പുകളുണ്ട്.ആണും പെണ്ണൂം കലർന്ന മിക്സഡ് ഗ്രൂപ്പുകളും പ്രായം ചെന്ന ആൺ വരയാടുകളുടെ ഗ്രൂപ്പും.
ഫെബ്രുവരി മാസത്തിലാണു ഇവയുടെ പ്രജനനകാലം.ആ സമയത്ത് ഏതാണ്ട് 50-60 ദിവസത്തേയ്ക്ക് പാർക്ക് അടച്ചിടാറുണ്ട്,സന്ദർശകർക്ക് ആ സമയത്ത് ഇങ്ങോട്ടേക്ക് പ്രവേശനമുണ്ടാവില്ല.ഏതാണ്ട് നൂറിനടുത്ത് കുഞ്ഞുങ്ങൾ ഓരോ വർഷവും ജനിക്കാറുണ്ടെന്നാണു കണക്ക് .
നീണ്ടു വളഞ്ഞു നിൽക്കുന്ന കൊമ്പുകൾ ഇവയുടെ പ്രത്യേകതയാണു. നാട്ടിലെ ആടുകളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ കണ്ണുകൾക്ക് തീക്ഷ്ണത കൂടുതലാണു. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 2000 മീറ്റർ ഉയരത്തിലാണിവ വസിക്കുന്നതെന്ന് ഓർക്കണം.കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലൂടെ അവ അനായാസം സഞ്ചരിയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ.വരയാടുകളെ കണ്ട് ഞങ്ങളങ്ങനെ നിന്നു പോയി.ഇതിനിടെ ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാനും മറന്നില്ല.
നടത്തം തുടർന്നുകൊണ്ടേയിരുന്നു.പാതയ്ക്കിരുവശവും കുറ്റിച്ചെടികളുടെ ചെറിയ കാടുകൾ.ഓരോയിനം കുറ്റിച്ചെടികളുടേയും പേരുകൾ അവയിൽ എഴുതി വച്ചിട്ടുണ്ട്.ഇടക്ക് പാറക്കെട്ടുകൾക്കിടയിലൂടെ തണുത്ത വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങൾ ഉണ്ട്.അതിലൊന്നു മുഖം കഴുകിയാൽ എല്ലാ ക്ഷീണവും ഇല്ലാതാകും.
(പാർക്കിൽ കണ്ട വലിപ്പമുള്ള പന്നൽ ചെടി)
നടന്ന് നടന്ന് ഞങ്ങൾ സന്ദർശകർക്ക് പ്രവേശനമുള്ള അവസാനഭാഗത്ത് എത്തി.പാത പിന്നെയും തുടരുന്നുവെങ്കിലും അതിനുള്ളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.അവിടെ നിന്നിരുന്ന ഗാർഡ് ഞങ്ങൾക്ക് കുറിഞ്ഞിച്ചെടികൾ കാട്ടിത്തന്നു.ആ പ്രദേശം മുഴുവൻ കുറിഞ്ഞിച്ചെടികളാൽ നിറഞ്ഞിരിയ്ക്കുന്നു.പന്ത്രണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം മാത്രം സംഭവിക്കുന്ന ആ മനോഹര കാഴ്ചയെ ഗർഭത്തിൽ വഹിച്ചു നിൽക്കുന്ന കുറിഞ്ഞിച്ചെടികൾ.ആ സമയത്ത് ഇവിടെ വന്നാൽ എന്തായിരിക്കും ഭംഗി എന്ന് ഞാൻ ആലോചിച്ചു പോയി !
(കുറിഞ്ഞിച്ചെടി)
അവിടെ അല്പനേരം വിശ്രമിച്ച ശേഷം തിരികെ നടന്നു ഞങ്ങൾ.കുട്ടികൾക്ക് ഉത്സാഹത്തിനു കുറവൊന്നുമില്ല.അങ്ങു ദൂരെ ദൂരെ മലനിരകളിൽ പെട്ടെന്ന് കോടമഞ്ഞിറങ്ങി. തണുത്ത ശീതക്കാറ്റ് വീശാൻ തുടങ്ങി.കൊടമഞ്ഞിറങ്ങുന്ന കാഴ്ച മനോഹരമാണു.ഒരു നിമിഷം കൊണ്ട് എല്ലാം കൺമുമ്പിൽ നിന്ന് മറയുന്നത് പോലെ...തിരികെ നടക്കുമ്പോൾ വീണ്ടും വരയാടുകളുടെ കൂട്ടം.അവരോട് ഞങ്ങൾ യാത്ര പറഞ്ഞു.
(മറക്കുമോ ഈ മനോഹരക്കാഴ്ചകൾ?)
നടന്ന് നടന്ന് ഞങ്ങൾ വീണ്ടും താഴെയെത്തി.ചെന്നെ ഉടനെ തന്നെ താഴേയ്ക്കുള്ള ബസ് ലഭിച്ചു.കാഴ്ചകളെല്ലാം വീണ്ടും ഒരിക്കൽ കൂടി കണ്ട് കണ്ട് ഞങ്ങൾ ഇരവികുളത്തോട് വിട പറഞ്ഞു. ഒരിയ്ക്കലും മറക്കാനാവാത്ത മറ്റൊരു യാത്രകൂടി ഇവിടെ തീരുന്നു..താഴെ കവാടത്തിലെത്തി.താഴെ വന്നപ്പോൾ കോടമഞ്ഞില്ല.സൂര്യൻ ചിരിച്ചു നിൽക്കുന്നു.ക്ഷീണമകറ്റാൻ ഞങ്ങൾ കരിക്ക് കുടിച്ചു. വണ്ടിയെടുത്ത് മറയൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു..
പാർക്കിൽ വനം-വന്യജീവി വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡിലെ വാചകങ്ങളാണു മനസ്സിൽ തങ്ങി നിന്നത്
"കാടിന്റെ കിനാകാഴ്ചകൾ..!അറിയുക, ആസ്വദിയ്ക്കുക,മടങ്ങുക"
(കടപ്പാട്: വിക്കിപീഡിയ, മറ്റു ലേഖനങ്ങൾ, പുസ്തകങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള വിവിധ കുറിപ്പുകൾ എന്നിവയ്ക്ക്)