Tuesday, March 30, 2010

കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !

1943 മാര്‍ച്ച് 29 വെളുപ്പാന്‍ കാലം.

ഇന്നേക്ക് 67 വര്‍ഷം മുന്‍പുള്ള ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍‌ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.എങ്ങും നിശ്ശബ്ദത പടര്‍ന്നു.തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി.ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു.

“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”

കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍

എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.

ആ കൊച്ചു ഗ്രാമത്തിലേക്കാണു ഇന്ന് എന്റെ യാത്ര.

കമ്പനി ആവശ്യത്തിനായി ഇടക്ക് മംഗലാപുരത്ത് വരേണ്ടിയിരുന്നത് സത്യത്തില്‍ എനിക്കൊരു അനുഗ്രഹമായിത്തീര്‍ന്നു.അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതത്തിലൊരിക്കലും ഈ പ്രദേശങ്ങള്‍ കാണാനുള്ള ഒരു അവസരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.മംഗലാപുരത്തെ താമസത്തിനിടയിലെ ഒരു ഞായറാഴ്ച രാവിലെയാണു ഞാന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്.എന്റെ സുഹൃത്തും സഹപാഠിയും സഖാവും ആയ മധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.നീണ്ട ചില യാത്രകളുടെ പദ്ധതി ഞങ്ങള്‍ മുന്‍‌‌കൂട്ടി തയ്യാറാക്കിയിരുന്നു.അതിന്‍ പ്രകാരം ആദ്യം പോയത് പയ്യന്നൂരില്‍ നിന്നും ഏകദേശം 30 കി.മീ ദൂരെയുള്ള പാടിച്ചാല്‍ എന്ന സ്ഥലത്തേക്കാണ്.ഇവിടെയാണു പ്രസിദ്ധമായ വിപ്ലവം പിറന്നുവീണ മുനനയന്‍ കുന്ന്.ആ യാത്രയെപറ്റി പിന്നീടൊരിക്കല്‍ എഴുതാം.
(പെരിങ്ങോം- ചീമേനി റോഡ്- ദുര്‍ഘടമായ കാനന പാത)

പാടിച്ചാലില്‍ നിന്നു തിരികെ പെരിങ്ങോം എന്ന സ്ഥലത്തെത്തി.മധുവിന്റെ കാര്‍ ചീമേനി റോഡിലേക്ക് തിരിഞ്ഞു.ചീമേനി വഴിയാണു ഞങ്ങള്‍ക്ക് കയ്യൂര്‍ക്ക് പോകേണ്ടത്.പെരിങ്ങോം മുതലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന കുന്നിന്‍ പുറങ്ങളാണ്.വരണ്ട ഭൂപ്രകൃതിയാണു ഇവിടെങ്ങളില്‍.പച്ചപ്പ് നന്നേ കുറവ്.ചീമേനി റോഡിലേക്ക് കടന്നതോടെ പച്ചപ്പ് വീണ്ടും കുറഞ്ഞു വന്നു.വീടുകള്‍ കാണാതായി.പെട്ടെന്ന് വഴി വനപ്രദേശത്തേക്ക് മാറി.ഇരു വശവും ചെറിയ മരങ്ങള്‍ നിറഞ്ഞ കാട്.എങ്കിലും വല്ലാത്ത വരണ്ട ഭൂപ്രകൃതി.പൊട്ടിപ്പൊളിഞ്ഞ റോഡും കൂടിയായപ്പോള്‍ ഒരു കാനനപാത പോലെ തോന്നിച്ചു.വഴിയില്‍ അപൂര്‍വം വാഹനങ്ങള്‍ മാത്രം.മധുവിനോടൊപ്പമുള്ള യാത്ര വളരെ രസകരമാണ്.കഥകളും കവിതകളും രാഷ്ട്രീയവും നാട്ടു വിശേഷങ്ങളും എല്ലാം അതില്‍ നിറയും.അതിനാല്‍ തന്നെ സമയം പോകുന്നതറിയില്ല.ഇരുവശവുമുള്ള കാടുകള്‍ പ്ലാന്‍‌റ്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശമുള്ള വനഭൂമിയാണ്.ചീമേനിക്കുന്നുകളിലെ ഈ കാടുകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടാവും.ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒളിത്താവളങ്ങളായിരുന്നു ഈ കാടുകള്‍.ഇ.കെ നായനാര്‍ ഈ കാട്ടില്‍ ഒളിവിലിരുന്ന കാര്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഇന്നു പോലും ദുര്‍ഘടമായ ഈ കാനനപ്പാതയില്‍ അന്നത്തെക്കാലത്ത് പുറത്തു നിന്നു ഒരാള്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക മനസ്സിലായി.ബ്രീട്ടീഷുകാരന്റെ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും ഇവിടം അപ്രാപ്യമായിരുന്നതും അതുകൊണ്ടു തന്നേ.

ചീമേനി അടുക്കാറാകുമ്പോള്‍ പാതയോരത്ത് ഒരു ബോര്‍ഡ് കണ്ടു.”തുറന്ന ജയില്‍” .അതെ കേരളത്തിലെ ഒരു തുറന്ന ജയില്‍ ഇവിടെയാണ്.കാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ തുറന്ന ജയിലിന്റെ മുന്നില്‍ വച്ച അവിടെ ജയിലറായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വണ്ടിക്ക് കൈ കാട്ടി ചീമേനി വരെ ലിഫ്റ്റ് ചോദിച്ചു.ഞങ്ങളോടൊപ്പം വരുമ്പോള്‍ അദ്ദേഹം തുറന്ന ജയിലിനെ പറ്റി പറഞ്ഞു.കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ 5 വര്‍ഷമെങ്കിലും അനുഭവിച്ചു കഴിഞ്ഞവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണു തുറന്ന ജയിലിലേക്ക് മാറ്റുന്നത്.മാനസികപരിവര്‍ത്തനമാണു ലക്ഷ്യം.
(ചീമേനി ടൌണ്‍)
പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ചീമേനി എത്തി.ചെറിയ ഒരു കവല എന്നു പറയാം.കുറച്ചു കടകള്‍.അവിടെ ഒരു ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഞങ്ങള്‍ കയ്യൂരിലേക്കുള്ള വഴി ചോദിച്ചു .മധു ആ വഴി കാര്‍ തിരിച്ചു.ഏതാണ്ട് ഒരു അഞ്ചു കി.മീ എത്തിയപ്പോള്‍ കയ്യൂര്‍ എത്തി.ഇപ്പോളും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ തന്നെ.വരണ്ട ഭൂപ്രകൃതിക്ക് അല്പം മാറ്റം വന്നെങ്കിലും കാര്യമായ മാറ്റമില്ല താനും. (കയ്യൂരിലെ നായനാര്‍ സ്മാരക ഐ.ടി.ഐ)
കയ്യൂരിലെ പാര്‍ട്ടി ഓഫീസും, നായനാര്‍ സ്മാരക ഐ.ടി ഐയും ഇപ്പോള്‍ കാണാം.ഇപ്പോളും ഗ്രാമിണത തുടിച്ചു നില്‍ക്കുന്ന ഒരു ചെറിയ സ്ഥലം.അവിടനിന്നും അല്പം മുന്നോട്ട് പോകുമ്പോള്‍ വലത്തേക്കു തിരിഞ്ഞാണു കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്കുള്ള വഴി.അത് സ്ഥിതി ചെയ്യുന്നത് കുന്നിന്റെ അടിവാരത്തിലാണ്.

കുന്നിറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.മുന്നിലിതാ അതിമനോഹരമായ ഗ്രാമീണഭംഗി തെളിഞ്ഞു വരുന്നു.കേരളീയ ഗ്രാമീണ ഭംഗിയെന്നു നമ്മള്‍ മനസ്സില്‍ കരുതുന്നത് എന്താണോ അതാണു കയ്യൂര്‍.കാസറഗോഡിന്റേയും കണ്ണൂരിന്റേയും പ്രാദേശിക ചരിത്രമെഴുതിയ കെ.ബാലകൃഷ്ണന്‍ (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) കയ്യുരിനെ വിശേഷിപ്പിക്കുന്നത് ‘കദളീവന’മെന്നാണ്.ആ പേര് തികച്ചും അന്വര്‍ത്ഥം തന്നെ. (കയ്യൂരിലേക്ക് ചെല്ലുമ്പോള്‍-ഭൂമിയിലെ സ്വര്‍ഗം)

സസ്യശ്യാമളകോമളമായ ഈ കയ്യൂരിലാണു വിപ്ലവത്തിന്റെ വെള്ളി നക്ഷത്രങ്ങള്‍ പൊട്ടി വീണത്.ശ്യാമസുന്ദര കേര കേദാര ഭൂമി എന്നു വിശേഷിപ്പിക്കാന്‍ മറ്റൊരിടം തേടി പോകേണ്ടതില്ല.തെങ്ങ്, കവുങ്ങ്,വാഴ,പ്ലാവ്,കുരുമുളകു വള്ളി തുടങ്ങിയവ കൊണ്ട് നിറഞ്ഞ ഒരു വലിയ തോട്ടം എന്നാണു കയ്യൂരിന്റെ സമരചരിത്രമെഴുതിയ കയ്യൂര്‍ പോരാളി വി.വി.കുഞ്ഞമ്പു സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത്.
(കയ്യൂര്‍- മറ്റൊരു ദൃശ്യം)
പെട്ടെന്ന് ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ “മീനമാസത്തിലെ സൂര്യന്‍” എന്ന സിനിമ ഓര്‍ത്തുപോയി.കയ്യൂരിന്റെ ചരിത്രം ആസ്പദമാക്കി ചെയ്ത ആചിത്രത്തിലെ ടൈറ്റില്‍ ഗാനം എന്റെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചു.ആ ഗാനരംഗം ഇപ്പോളിതാ ഞാന്‍ നേരില്‍ കാണുകയാണ്.
Get this widget | Track details | eSnips Social DNA

(“മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമയിലെ മനോഹരഗാനം)
ഞങ്ങളുടെ കാര്‍ മെല്ലെ മെല്ലെ തേജസ്വിനിക്ക് കുറുകെയുള്ള അരയാല്‍ കടവ് പാലത്തിനടുത്തെത്തി.’തേജസ്വിനി’ കയ്യൂരിന്റെ ഹൃദയരേഖയാണ്.കാര്യങ്കോട് പുഴ എന്നറിയപ്പെട്ടിരുന്ന തേജസ്വിനിയുടെ ഇരു കരകളിലുമായിട്ടാണു ഫലഭൂയിഷ്ഠമായ കയ്യൂര്‍ ഗ്രാമം.പാലത്തിനടുത്ത് ചെറിയ കട നടത്തുന്ന ചേട്ടനോട് ഞങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള വഴി ചോദിച്ചു.കടയുടെ നേരെ എതിരെയുള്ള നാട്ടുപാതയിലൂടെ ഞങ്ങള്‍ ആ കദളീവനത്തില്‍ പ്രവേശിച്ചു.
(കദളീ വനം)
കൊച്ചു കൊച്ചു വീടുകള്‍.തനി നാടന്‍ ഗ്രാമം.അല്പദൂരെ ചെന്നപ്പോള്‍ പുഴക്കരയില്‍ ഇടതു വശത്തായി താഴെ രക്തസാക്ഷി മണ്ഡപം കാണാറായി.മധു വണ്ടി നിര്‍ത്തി.ഞങ്ങള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.ഒരു നിമിഷം ഞങ്ങളുടെ മനസ്സില്‍ വിപ്ലവത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടി.ജന്മിത്വത്തിനെതിരെ പടപൊരുതി അമരന്മാരായി മാറിയ സഖാക്കളുടെ ഓര്‍മ്മകള്‍ ഞങ്ങളെ വികാരാവേശം കൊള്ളിച്ചു. (കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ‘തേജസ്വിനി’...എല്ലാം അറിഞ്ഞവള്‍)

താഴെ ശാന്തയായി ഒഴുകുന്ന സുന്ദരിയായ തേജസ്വിനി.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി.....പുഴക്കരയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..എന്തെന്തു സംഭവപരമ്പരകള്‍ക്കാണു ഈ നദി സാക്ഷ്യം വഹിച്ചിട്ടുള്ളത്...!എത്രയോ ധീരന്മാര്‍ ഈ വഴി കടന്നു പോയിരിക്കുന്നു..എത്രയോ സ്ത്രീകള്‍ ഈ നദീതീരങ്ങളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരിക്കുന്നു........!
(തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപം )
കയ്യൂരിലെന്താണു സംഭവിച്ചത്?

1930കളുടെ അവസാനം വടക്കേ മലബാറിലെങ്ങും കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്ന സമയം.കയ്യൂരിലെയും തൊട്ടടുത്ത ക്ലായിക്കോട്ടിലേയും രണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കാനായി എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എത്തി.1938 ല്‍ ആയിരുന്നു ഇത്.അവര്‍ പ്രശ്നം പറഞ്ഞുതീര്‍ത്തു.അപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇത്തരമൊരു സംഘം വേണമെന്ന് കയ്യൂരിലെ കൃഷിക്കാര്‍ ആവശ്യപ്പെട്ടു.അങ്ങനെ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം ജന്മി ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രചാരണം തുടങ്ങി.

എങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങുകയും, കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിയ പിണറായി പാറപ്രം രഹസ്യ സമ്മേളനം നടക്കുകയും ചെയ്ത 1939 ല്‍ ആണു സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നത്.ടി.എസ് തിരുമുമ്പിന്റെ വരവോടെയാണിതെന്ന് പറയാം.നീലേശ്വരം രാജാവിനെ കൂടാതെ ചെറു ജന്മിമാര്‍ വേറേയും ഉണ്ടായിരുന്നു.അങ്ങനെയാണ് ടി.എസ് തിരുമുമ്പും , കെ.മാധവനും , എന്‍ എസ് നമ്പൂതിരീപ്പാടും ചേര്‍ന്ന് അവിടെ ഒരു കര്‍ഷക സംഘം യൂണിറ്റ് ഉണ്ടാക്കാനായി ചെന്നത്.പട്ടിണി താണ്ഡവനൃത്തമാടിയിരുന്ന ഒരു പ്രദേശമായിരുന്നു അക്കാലത്ത് കയ്യൂര്‍ എന്ന് ‘തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹത്തിന്റെ പത്നി കാര്‍ത്ത്യായനിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.മിക്കവര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല.നീലേശ്വരം രാജാവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥ.

അങ്ങനെ തിരുമുമ്പിന്റേയും കെ.മാധവന്റേയും ഒക്കെ നിരന്തരമായുള്ള ശ്രമഫലമായി അവിടെ കര്‍ഷക സംഘം ശക്തിയാര്‍ജ്ജിച്ചു തുടങ്ങി.ക്രമേണ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ബോധം വളരുകയും കര്‍ഷകസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്തു.ജന്മിമാര്‍ക്കെതിരായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങളും കവിതകളും ടി.എസ് തിരുമുമ്പ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.തിരുമുമ്പിന്റെ വിപ്ലവഗീതികള്‍ കയ്യൂരിന്റെ മണ്ണില്‍ ആവേശമായി അലയടിച്ചു.
സ്ത്രീകളടക്കം ഒരു വലിയ ജനത ആ വിപ്ലവഗാനങ്ങള്‍ പാടി നടന്നിരുന്നു

എന്നാല്‍ 1940 ല്‍ ചെറുവത്തൂരിലും കയ്യൂരിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.അതേ വര്‍ഷം തന്നെ നടന്ന മൊറാഴ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇ.കെ നായനാര്‍ ഇക്കാലത്താണു സ; പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കയ്യൂര്‍ കേന്ദ്രമാക്കി പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അങ്ങനെ കയ്യൂരും പരിസരപ്രദേശങ്ങളിലും, വടക്കേ മലബാറിലെ മറ്റു താലൂക്കുകളിലെപ്പോലെ തന്നെ കര്‍ഷക പ്രസ്ഥാനം ഒരു വലിയ ശക്തിയായി മാറി.ജന്മിത്വത്തിനെതിരെ തിരിഞ്ഞു നിന്നു എതിര്‍ക്കാനുള്ള ശക്തി ഈ പാവപ്പെട്ട കര്‍ഷകര്‍ നേടിയെടുത്തു.

(കയ്യൂരിന്റെ സൌന്ദര്യം)
അങ്ങനെയിരിക്കെയാണു 1941 മാര്‍ച്ച് 30 നു ഒരു സാമ്രാജ്യത്വ വിരുദ്ധ-യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി തീരുമാനിക്കുന്നത്.അതിനോടനുബന്ധിച്ച കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഒരു വലിയ നിവേദനം ജാഥയായി ചെന്ന് നീലേശ്വരം രാജാവിനു സമര്‍പ്പിക്കാനും കര്‍ഷക സംഘം തീരുമാനിച്ചു.

അതിനോടനുബന്ധിച്ച് മാര്‍ച്ച് 25 നു ഒരു വിളംബരജാഥ നടന്നു.ടി.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നു പോയ ജാഥക്കു മുന്നില്‍ അന്നത്തെ റവന്യൂ ഇന്‍‌സ്പെക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ നായര്‍ വന്നുപെട്ടു.ജാഥക്കാര്‍ തന്നെ ബഹുമാനിക്കുമെന്നും മുദ്രാവാക്യം വിളി നിര്‍ത്തി തനിക്ക് കടന്നു പോകാന്‍ വഴിയൊരുക്കി തരുമെന്നും അയാള്‍ കരുതിക്കാണണം.എന്നാല്‍ ജാഥാംഗങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് മാര്‍ച്ച് ചെയ്യുകയാണു ഉണ്ടായത്.ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനവരെ ഒരു പാഠം പഠിപ്പിക്കണമെന്നും അയാള്‍ കരുതി.അതിനായി ജില്ലാ കളകടര്‍ക്കും പോലീസ് ഭരണാധികാരികള്‍ക്കും കെട്ടിച്ചമച്ച പല റിപ്പോര്‍ട്ടുകളും അയാള്‍ അയക്കുകയുണ്ടായി.
അതിനെ തുടര്‍ന്നു ടി.വി കുഞ്ഞമ്പു,ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,ടി.വി.കുഞ്ഞിരാമന്‍,പി.ടി അമ്പാടിക്കുഞ്ഞി,കോയിത്താറ്റില്‍ ചിരുകണ്ടന്‍,കെ.പി വെളുങ്ങ എന്നീ ആറു പേര്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.ഇതോടെ കര്‍ഷക സംഘവും ഉഷാറായി.


രണ്ടാം ദിവസം അതായത് മാര്‍ച്ച് 27 നു രാത്രി കാഞ്ഞങ്ങാട് സബ് ഇന്‍സ്പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കയ്യൂരില്‍ എത്തുകയും വീടുകള്‍ തോറും തിരച്ചില്‍ നടത്തുകയും ചെയ്തു.ഉറങ്ങിക്കിടക്കുകയായിരുന്ന ടി.വി കുഞ്ഞമ്പുവിനേയും, ടി.വി കുഞ്ഞിരാമനേയും അറസ്റ്റു ചെയ്തു കൊണ്ടു പോയി.പോലീസ് ആക്രമണം പ്രതീക്ഷിച്ച് കാര്യങ്കോട് പുഴയുടെ തീരത്ത് കിടന്നുറങ്ങിയിരുന്ന കര്‍ഷക സംഘം പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചവശരാക്കി.കയ്യൂര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ട മഠത്തില്‍ അപ്പുവിന് ചായക്കട ഉണ്ടായിരുന്നു.പോലീസ് അവിടെയും കയറി തല്ലി.അപ്പുവിന്റെ തലമുറിഞ്ഞ് രക്തമൊഴുകി.ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.കൈയില്‍ കിട്ടിയവരെ പോലീസ് കൊണ്ടുപോവുകയും ചെയ്തു.


പിറ്റേന്ന്( 1941 മാര്‍ച്ച് 28) നേരം വെളുത്തപ്പോള്‍ പോലീസ് അക്രമണത്തിന്റെ വാര്‍ത്ത എല്ലായിടത്തും പടര്‍ന്നു.അന്നേ ദിവസം തന്നെയായിരുന്നു കയ്യൂരിലെ പ്രശസ്തമായ പൂരക്കളിയും.പൂരക്കളി കാണാന്‍ ഒട്ടനവധി ആള്‍ക്കാര്‍ അന്നവിടെ എത്തിയിരുന്നു.മഠത്തില്‍ അപ്പുവിന്റെ തന്നെ അച്ഛന്റെ മഠത്തിലാണു ഇത് നടക്കുന്നത്.തലേ ദിവസത്തെ അക്രമത്തില്‍ എങ്ങും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി.പോലീസ് വാഴ്ചക്കെതിരെ പ്രതിഷേധ ജാഥകള്‍ നടത്താന്‍ കര്‍ഷക സംഘം തീരുമാനിച്ചു.അന്നേ ദിവസം വൈകുന്നേരം ആയപ്പോള്‍ നാലുഭാഗത്തു നിന്നും ജാഥകള്‍ വരാന്‍ തുടങ്ങി.അതിലൊന്നു കയ്യൂരിലെ കൂക്കണ്ടത്തു നിന്ന് ചെറിയകരയിലേക്ക് യോഗം ചേരാനായി പോയതായിരുന്നു.‘സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തുലയട്ടെ‘ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു പൊന്തി.ചെങ്കൊടിയേന്തിയ കര്‍ഷക സംഘം ജാഥ തേജസ്വിനിയുടെ തീരത്തുകൂടിയുള്ള വഴിയിലൂടെ വരികയാണ്.


ചെറിയാക്കര എന്ന സ്ഥലത്തെത്തിയപ്പോള്‍ കള്ള് ഷാപ്പില്‍ നിന്നും കുടിച്ച് മദോന്മത്തനായി സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ഇറങ്ങിവന്നു.കൈയില്‍ കത്തിയുമുണ്ട്.അയാള്‍ ജാഥക്കാരെ ചീത്ത വിളിക്കാന്‍ തുടങ്ങി.തലേദിവസം രാത്രിയില്‍ ഇതേ പോലീസിന്റെ തല്ലുകൊണ്ടവരായിരുന്നു ജാഥയില്‍ അധികവും.ഈ ചീത്ത വിളി അവരെ പ്രകോപിപ്പിച്ചു.സുബ്ബരായനെ വെറുതെ വിടരുതെന്ന് ജനക്കൂട്ടം വിളീച്ചു പറഞ്ഞു.തലേന്ന് അടികിട്ടി തല പൊട്ടിയ മഠത്തില്‍ അപ്പു അതു ശീല കൊണ്ട് വച്ചു കെട്ടിയായിരുന്നു ജാഥയില്‍ ഉണ്ടായിരുന്നത്.“അടിക്കരുത് അടിക്കരുത് “എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ “അടിക്കേണ്ട കൊടി പിടിപ്പിച്ച് ജാഥക്ക് മുന്നില്‍ നടത്തിക്കാം“ എന്ന് തീരുമാനമായി.അങ്ങനെ അപ്പു തന്നെ സുബ്ബരായനെ കൊണ്ട് ചെങ്കൊടി പിടിപ്പിച്ചു.ഗത്യന്തരമില്ലാതെ പോലീസുകാരന്‍ കൊടിയുമായി മുന്നില്‍ നടന്നു.ജാഥ മുന്നോട്ട്.........


പോലീസുകാരന്‍ നയിക്കുന്ന ജാഥകണ്ട് പൂരക്കളി കാണാന്‍ വന്ന ജനങ്ങളും ചിരിക്കാന്‍ തുടങ്ങി.

(ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ നാട്ടുപാതയിലൂടെയാണു അന്ന് കര്‍ഷകസംഘം ജാഥ കടന്നുപോയത്)

അല്പമങ്ങു നീങ്ങിക്കഴിഞ്ഞപ്പോള്‍ എന്തോ പെട്ടെന്ന് തോന്നിയ സുബ്ബരായന്‍ കൊടികെട്ടിയ വടി രണ്ടായി മുറിച്ച് തിരിഞ്ഞു നിന്നു ജാഥാംഗമായ മഠത്തില്‍ കൊട്ടന്‍ എന്ന സഖാവിന്റെ തലക്കടിച്ച് മുന്നോട്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.അപ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ജാഥക്കാര്‍ അതു കണ്ടു.‘പിടിക്കവനെ’എന്ന വിളി അന്തരീക്ഷത്തില്‍ മുഴങ്ങി.ഒരു ഭാഗത്ത് ചെങ്കുത്തായ കുന്ന്.മറുഭാഗത്ത് വീതിയേറിയ തേജസ്വിനി...


രണ്ടു ഭാഗത്തു നിന്നും ആളുകള്‍ വന്നപ്പോള്‍ അയാള്‍ പുഴയിലേക്ക് ഒറ്റച്ചാട്ടം..നീന്തി അക്കരെ കയറാം എന്ന് വിചാരിച്ചിട്ടാവണം.പുഴയില്‍ ചാടിയതും കുറെ ആള്‍ക്കാര്‍ കല്ലെടുത്തെറിഞ്ഞു.മദ്യ ലഹരിയും അന്നത്തെ യൂണിഫോമിന്റെ ഭാരവും മൂലം തേജസ്വിനിയുടെ ആഴങ്ങളില്‍ അയാള്‍ മുങ്ങിപ്പൊങ്ങി..പിന്നെ അടിയൊഴുക്കുകളിലെവിടെയോ അപ്രത്യക്ഷനായി........ഒരു പോലീസുകാരന്റെ മുങ്ങി മരണം !അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം ജാഥയെ പെട്ടെന്ന് മൌനത്തിലാഴ്ത്തി.അവര്‍ മഠത്തില്‍ അപ്പുവിന്റെ വീട്ടില്‍ പൂരക്കളിക്ക് ഇട്ടിരുന്ന പന്തലില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു പോയി.പോലീസിന്റെ ശക്തമായ തിരിച്ചടി പ്രതീക്ഷിച്ച കര്‍ഷക സംഘം പ്രവര്‍ത്തകള്‍ ചീമേനിക്കാടുകളില്‍ ഒളിവില്‍ പോയി.രണ്ടാം ദിവസം പോലീസുകാരന്റെ ശവം കിട്ടി.പിന്നെ കയ്യൂരില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ട് ആയിരുന്നു.ഓരോ വീട്ടിലും പോലീസുകാര്‍ കയറിയിറങ്ങി.കണ്ണില്‍ കണ്ടതൊക്കെ എറിഞ്ഞുടച്ചു.കിട്ടിയവരെ ഒക്കെ പിടിച്ചു കൊണ്ടു പോയി.സ്ത്രീകളും കുട്ടികളും വരെ കൊടിയ മര്‍ദ്ദനത്തിനു ഇരയായി.ഗര്‍ഭിണികളായി കിടന്നിരുന്നവരെ വരെ വലിച്ചു താഴെയിട്ടു.കൊടിയ മര്‍ദ്ദനം ഏല്‍ക്കുമ്പോളും കയ്യൂരിലെ സ്ത്രീകള്‍ ധീരകളായിരുന്നു.ഒരൊറ്റ പ്രവര്‍ത്തകരേയും അവര്‍ ഒറ്റു കൊടുത്തില്ല.അങ്ങനെ കയ്യൂര്‍ എന്ന കൊച്ചു ഗ്രാമം പോലീസ് ഭീകരതയുടെ കേന്ദ്രമായി മാറി.ഗത്യന്തരമില്ലാതെ പലരും പോലീസിനു കീഴടങ്ങി.നായനാരും, വി.വി കുഞ്ഞമ്പുവുമൊക്കെ ഒളിവില്‍ പോയി.


(വിവിധ കാലത്തായി കയ്യൂര്‍ സമരത്തെക്കുറിച്ച് മാതൃഭൂമി പത്രം അക്കാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ക്രോഡീകരിച്ച് ആഴ്ചപ്പതിപ്പില്‍ വന്നത്)
61 പ്രതികള്‍, 80 സാക്ഷികള്‍.....മഠത്തില്‍ അപ്പുവായിരുന്നു ഒന്നാം പ്രതി.വി.വി കുഞ്ഞമ്പു രണ്ടാം പ്രതിയും ഇ.കെ നായനാര്‍ മൂന്നാം പ്രതിയുമായിരുന്നു.പയ്യന്‍ കേളുനായര്‍ ആയിരുന്നു നാലാം പ്രതി.മംഗലാപുരം കോടതിയിലാണു കേസ് നടന്നത്.ആകെയുള്ള 61 പ്രതികളില്‍ ഇ.കെ നായനാരടക്കം രണ്ടുപേരെ പിടികിട്ടിയില്ല.അതുകൊണ്ടു തന്നെ അവരെ ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്.


രണ്ടുമാസത്തെ വിചാരണക്കു ശേഷം 1942 ഫെബ്രുവരി 9 നു അഞ്ചുപേരെയാണു മംഗലാപുരം കോടതി വധശിക്ഷക്ക് വിധിച്ചത്.ഒന്നാം പ്രതി മഠത്തില്‍ അപ്പു,13 ആം പ്രതി പൊടോര കുഞ്ഞമ്പു നായര്‍,31ആം പ്രതി കോയിത്താറ്റില്‍ ചിരുകണ്ടന്‍,32 ആം പ്രതി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,51ആം പ്രതി പള്ളിക്കല്‍ അബൂബക്കര്‍.ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം മുതല്‍ കീഴോട്ടുള്ള ജയില്‍ ശിക്ഷകള്‍.ചിലരെ വെറുതെ വിട്ടു.അന്നു 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ മൈനര്‍ എന്ന കാരണത്താല്‍ വധശിക്ഷയില്‍ നിന്നു ഒഴിവാക്കി ജീവ പര്യന്തമാക്കി കുറച്ചു.


വധശിക്ഷക്കെതിരായി നാടുണര്‍ന്നു.മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.വലിയ പ്രക്ഷോഭ പരിപാടികള്‍ നാടൊട്ടുക്കും നടന്നു.ഗവര്‍ണ്ണര്‍ക്കും വൈസ്രോയിക്കും ആയിരക്കണക്കിനു നിവേദനങ്ങളും കത്തിടപാടുകളും നടന്നു.ഒന്നും ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ന്ന നീതിപീഠമായ പ്രിവികൌണ്‍സിലില്‍ അപ്പീല്‍ കൊടുത്തു,എന്നാല്‍ അപ്പീല്‍ ഫയലില്‍ സ്വീകരിക്കപ്പെട്ടില്ല.ഇത് ഒരു ഗ്രാമത്തെ മാത്രമല്ല, മലയാളക്കരയെ ഒന്നാകെ കടുത്ത ദു:ഖത്തിലാഴ്ത്തി.


അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി.ആന്ധ്രായില്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ:പി.കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു.യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്‌ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു.


ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാ‍തെ ഞങ്ങളോട് പറഞ്ഞു:“സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്.ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ.ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക.നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”.....കേരളത്തിലെ പാര്‍ട്ടിയുടെ മേല്‍ നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഈ സംഭവം എന്നെ കൂടുതല്‍ ഉത്തേജിതനാക്കി.


“ഞാന്‍ ഒരിക്കലും കരയാത്ത ആളാണു.ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ:പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്.


ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഈ രംഗം വികാര തീവ്രമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.എത്രയോ കവികള്‍ക്കും കഥകാരന്മാര്‍ക്കും കയ്യൂര്‍ ഇന്നും ആവേശമാണ്.കയ്യൂരിന്റെ കഥകള്‍ കേട്ടു കേട്ട് കമ്മ്യൂണീസ്റ്റായ കന്നഡക്കാരന്‍ ശിവറാവു,’നിരഞ്ജന” കയ്യൂരിനെക്കുറിച്ചെഴുതിയ നോവലാണു “ചിരസ്മരണ”. അതിലാണു കാര്യങ്കോട് പുഴയെ “തേജസ്വിനി” എന്ന് ആദ്യമായി വിളിക്കുന്നത്.


ഓര്‍മ്മകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ മധുവിന്റെ ചോദ്യം :“പോകേണ്ടേ സുനിലേ..?”

ശരിയാണല്ലോ..ഇനിയും ദൂരമേറെ സഞ്ചരിക്കാനിരിക്കുന്നു.തങ്ങള്‍ക്കു വേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്കായി ജീവന്‍ കൊടുത്ത ആ ധീരന്മാരെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു...മധു വണ്ടിയെടുത്തു.

( മൈനറായതു മൂലം വധശിക്ഷയില്‍ നിന്ന്ഒഴിവാക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്)

കയ്യൂര്‍ ഒരു പ്രതീകമാണ്.ഒരു ഗ്രാമം മുഴുവന്‍, ഒരു ജനത മുഴുവന്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ചരിത്രം.ഉണ്ണാനും ഉടുക്കാനും വഴിയില്ലാതിരുന്നിട്ടും, നിരക്ഷരകുക്ഷികള്‍ ആയിരുന്നിട്ടും തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്ന ഒരു ജനത.പോലീസിനു പട്ടാളത്തിനും മുന്നില്‍ അവര്‍ പതറിയില്ല.സാമ്രാജ്യത്വം അവര്‍ക്കായി കാത്തു വച്ച തൂക്കുകയറുകള്‍ക്കും അവരെ പരാജയപ്പെടുത്താനായില്ല.സാമ്രജ്യത്വത്തെ താങ്ങി നിര്‍ത്തിയിരുന്ന ജന്മി- നാടുവാഴു വ്യവസ്ഥയുടെ അടിവേര് പിഴുതെടുത്തത് ഇത്തരം സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരാണ്....ജന്മിത്വം എന്നത് എന്നെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഇല്ലാതാവുമെന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കര്‍ഷക സമര പോരാളി എന്നോട് പറഞ്ഞത്.ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ?


പൊടിപടലങ്ങളിലൂടെ കാര്‍ ചെറുവത്തൂര്‍- പയ്യന്നൂര്‍ ഹൈവേ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മനസ്സിന്റെ അടിത്തട്ടില്‍ ആ ഗാനം ഉയര്‍ന്നുവന്നു..


“കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക....”.കയ്യൂരേ നിനക്കു നമോവാകം.ഇനിയും വരും ! തീര്‍ച്ചയായും...നിന്റെ അടിത്തട്ടില്‍ എവിടെയോ കിടക്കുന്ന മുത്തുകള്‍ തേടി..........!

അവലംബം:

1:കാസര്‍‌ഗോഡന്‍ ഗ്രാമങ്ങളിലൂടെ- കെ.ബാലകൃഷ്ണന്‍
2:വിപ്ലവപ്പാത- പി.സുന്ദരയ്യ
3:എന്റെ നാട് ,എന്റെ മണ്ണ്- ഇ.കെ നായനാര്‍
4:തിരുമുമ്പിനൊപ്പം- കാര്‍ത്ത്യായനിക്കുട്ടിയമ്മ
5:ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണം
6:മാതൃഭൂമി ആഴ്ചപ്പതിപ്പ് -ജൂണ്‍ 22,2008 &ജൂലൈ 19,2009

നന്ദി:മനോഹരമായ ഗാനത്തിന്റെ എം.പി 3 തന്നു സഹായിച്ച കയ്യൂര്‍കാരന്‍ കൂടിയായ സുഹൃത്ത് സജിത്തിനും, അതു അപ്‌ലോഡ് ചെയ്തു തന്ന സുഹൃത്ത് റിയാദിനും,എന്നോടൊപ്പം സഹയാത്രികനായിരുന്ന പ്രിയ സുഹൃത്ത് മധുവിനും.

Friday, March 26, 2010

ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-2)

(ചരിത്ര പണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)ബ്രിട്ടീഷുകാര്‍ പിടിച്ചടക്കിയിരുന്ന കോട്ടകളിലൊക്കെ തന്നെ അവര്‍ ‘factories‘ സ്ഥാപിച്ചിരുന്നതായി സാറിന്റെ പുസ്തകങ്ങളിലും ഉണ്ട്.എന്തായിരുന്നു ഈ പാണ്ടികശാലകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്?


അവ ഒരേ സമയം വ്യാപാര കേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളും കൂടിയായിരുന്നു.അവിടെ വ്യാപാരികളും സൈനിക നേതൃത്വവും എല്ലാം ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയുടെ കച്ചവടവും സൈനിക നീക്കങ്ങളും എല്ലാം കേന്ദ്രീകരിച്ചിരുന്നത് ഇവിടെയായിരുന്നു എന്നു കാണാം.
ഓരോ ദിവസവും കൂട്ടായ തീരുമാനങ്ങള്‍ എടുത്തിരുന്നു.മാത്രമല്ല എല്ലാ എഴുത്തു കുത്തുകളും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.ഇത്തരം എഴുത്തുകുത്തുകള്‍ പിന്നീട് നമുക്ക് ചരിത്ര രചനയില്‍ വളരെയേറെ സഹായം ചെയ്തു തരുന്നുണ്ട്.

വീണ്ടും കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.കയ്യൂര്‍ സമരത്തെപ്പോലെ തന്നെ കര്‍ഷക സമരങ്ങള്‍ നടന്ന മറ്റു പ്രദേശങ്ങള്‍ ഏതൊക്കെയാണ്?

പല സ്ഥലങ്ങളുമുണ്ട്.മുനയന്‍ കുന്നില്‍.അവിടെ രാത്രി ഉറങ്ങിക്കിടന്നവരെയാണു പോലീസ് വെടിവച്ചു കൊന്നത്.പാടിക്കുന്നില്‍ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ഷകനെ പിടിച്ചു കൊണ്ടു പോയി വെടി വച്ചു കൊന്നു.കാവുമ്പായിയില്‍ അഞ്ചു കര്‍ഷകരാണു മരിച്ചത്.അവിടെ പിടികിട്ടിയവരെ സേലം ജയിലില്‍ കൊണ്ടു പോയി.പിന്നീട് അവിടെ നടന്ന വെടിവയ്പിലും കാവുമ്പായി സമരത്തില്‍ പെട്ട ആളുകള്‍ മരിച്ചു.ഇങ്ങനെ വടക്കേ മലബാറിലെ പല സ്ഥലങ്ങളിലും ജന്മിത്വത്തിനെതിരായ സമരങ്ങള്‍ നടന്നിട്ടുണ്ട്.


അതുപോലെ ഒന്നാണു കര്‍ഷക സമരങ്ങളിലെ സ്ത്രീ പങ്കാളിത്തം.ശരിക്കു പറഞ്ഞാല്‍ ഈ സമരങ്ങളിലെല്ലാം പുരുഷന്മാരെ പ്പോലെ അവരും ഭാഗഭാക്കായിട്ടില്ലേ? പീഡനങ്ങള്‍ക്ക് ഇരയായിട്ടില്ലേ?

ഉണ്ട്.അവര്‍ നല്ല പങ്കാണു വഹിച്ചിരുന്നത്.അവര്‍ തന്നെ പല മൂവ്‌മെന്റും നടത്തിയിട്ടുണ്ട്.തോല്‍- വിറക് സമരം തന്നെ ഉദാഹരണം.അതു പോലെ പല സമരങ്ങളിലും അവര്‍ മുന്നിട്ടിറങ്ങി പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമൊക്കെ നയിച്ചിട്ടുണ്ട്.പോലീസുമായി വാക്കേറ്റങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.കൊടിയ പീഡനം അവര്‍ക്ക് ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.അങ്ങനെ കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സ്ത്രീകള്‍ വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

പക്ഷേ അതൊന്നും ചരിത്രത്തിന്റെ ഭാഗമായി കാണുന്നില്ലല്ലോ?

ഇല്ല,അതു കൂടുതലും പുരുഷകേന്ദ്രീകൃതമായ ചരിത്ര രചന നടക്കുന്നതുകൊണ്ടാണ്.എഴുതപ്പെട്ടില്ലെങ്കില്‍ പിന്നീട് ചരിത്രത്തില്‍ നിന്നു മാഞ്ഞു പോകുന്നു.അതുകൊണ്ടാണു പ്രാദേശിക ചരിത്ര രചന വേണമെന്ന് പറയുന്നത്.ഓരോ ഗ്രാമങ്ങളിലും അതിന്റെ ചരിത്രം ഉണ്ടാവണം.പല പേരുകളും കാലപ്രവാഹത്തില്‍ ചരിത്രത്തില്‍ നിന്നു മാഞ്ഞുപോകുന്നത് ഇത്തരം രേഖപ്പെടുത്തലിന്റെ ഒരു രീതി ഇല്ലാത്തതിനാലാണ്.ഒരു പക്ഷേ കേരളത്തിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ഒരു ചരിത്രം മൊത്തമായി എഴുതുമ്പോള്‍ സ്ത്രീകളുടെ പേരുകള്‍ വന്നില്ലെന്നിരിക്കാം.പക്ഷേ ഓരോ ഗ്രാമങ്ങളുടേയും ചരിത്രത്തില്‍ ഈ പേരുകള്‍ ഉണ്ടായിരിക്കണം.അതുകൊണ്ടാണു ചരിത്ര രചനാ സമിതികള്‍ ഗ്രാമങ്ങളില്‍ വേണമെന്ന് പറയുന്നത്.

കണ്ണൂര്‍ ജില്ലയുടെ ഒരു സംസ്കാരം എന്നത് മറ്റു ജില്ലകളില്‍നിന്നു വ്യത്യസ്തമാണല്ലോ...പല അനുഷ്ഠാന കലകളും കാവുകളും ഒക്കെ നിറഞ്ഞ വ്യത്യസ്തമായ പ്രദേശമല്ലേ?

അതെ ..അതു ഒരു വലിയ അളവില്‍ കര്‍ഷക പ്രസ്ഥാനങ്ങളുടേയും അതു വഴി ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ടെന്ന് പറയാം.കാവുകളിലും മറ്റും ഒരു തരം നേതൃത്വപരമായ സിസ്റ്റം ഉണ്ട്.ഇങ്ങനെ കാവുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ക്ക് ഒരു സംഘടനാരൂപം പോലുള്ള ബന്ധങ്ങള്‍ ഉണ്ട്.അവരുടെ മുന്നിലാണു ഇടതു പക്ഷപ്രസ്ഥാനങ്ങള്‍ കടന്നു വരുന്നത്.അപ്പോള്‍ അതിന്റെ വ്യാപനം വളരെ എളുപ്പത്തില്‍ നടക്കുന്നു.ഈ നേതൃത്വത്തിലുള്ളവര്‍ ഇടതു പക്ഷക്കാരാകുമ്പോള്‍ അവരോടൊപ്പം ഉള്ളവരും പതിയെ അങ്ങനെ ആയിത്തീരുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.ആദ്യം ദേശീയപ്രസ്ഥാനം അവിടങ്ങളില്‍ ചുവടുറപ്പിച്ചതും ഇങ്ങനെ തന്നെയാണ്.അവരെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയിലും കാവുകളിലും ഉള്ള വിശ്വാസം ഒരേപോലെ കൊണ്ടു പോകാന്‍ കഴിഞ്ഞു.ഞാനൊരിക്കല്‍ ഒരു ഗവേഷണ സംബന്ധിയായ അഭിമുഖം നടത്തുമ്പോള്‍ പ്രായമേറെ ഉള്ള ഒരാള്‍ പറഞ്ഞത് ഞാനെങ്ങനെ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നോ അതുപോലെ ദൈവത്തിലും വിശ്വസിക്കുന്നുവെന്നാണ്.ഇതായിരുന്നു കണ്ണൂര്‍ അടങ്ങുന്ന വടക്കേ മലബാറിലെ രീതി.

അതുപോലെ തന്നെ ആതിഥ്യമര്യാദയുടെ കാര്യത്തിലും അവര്‍ വളരെയേറെ ആത്മാര്‍ത്ഥത കാണിക്കുന്നു.അതൊരു പ്രത്യേക തരം സംസ്കാരം തന്നെയാണ്

ഇനി മറ്റൊരു ചോദ്യം, സാമൂതിരിയുടെ ’ചേകവര്‍’ എന്നറിയപ്പെട്ടിരുന്നത് ഏതെങ്കിലും പ്രത്യേക ജാതിക്കാര്‍ ആയിരുന്നുവോ?

അവര്‍ ഈഴവരായ ആള്‍ക്കാരായിരുന്നു കൂടുതലും.അന്നു ‘ചേകവര്‍’ എന്നൊരു പ്രത്യേക വിഭാഗം ആള്‍ക്കാര്‍ തന്നെ ഉണ്ടായിരുന്നു.ചാവേറുകള്‍ എന്നു പറയുന്നതും ഇവരെ തന്നെ.അവര്‍ കളരി അഭ്യാസമൊക്കെ പഠിച്ചിട്ടുള്ളവരായിരുന്നു.അവരാണു സാമൂതിരിക്കുവേണ്ടി അങ്കം വെട്ടിയിരുന്നത്.അങ്കം കുറിച്ചാലേ ചേകവാനായി കണക്കാക്കൂ എന്നായിരുന്നു അന്നത്ത രീതി.

മൌര്യ- ഗുപ്ത രാജാക്കന്മാര്‍ക്കും ഇത്തരം പടയാളികള്‍ ഉണ്ടായിരുന്നു.രാജാവിനു വേണ്ടി മരിക്കാന്‍ തന്നെ തയ്യാറായിരുന്നവര്‍.

അതുപോലെ തന്നെ, ഈ വടക്കന്‍ പാട്ടിലെ കഥകളൊക്കെ യഥാര്‍ത്ഥത്തില്‍ നടന്നതാണോ?

വടക്കന്‍ പാട്ടുകള്‍ ഒരു പ്രാദേശിക ചരിത്രമാണെന്ന് പറയാം.ലോകനാര്‍ക്കാവ് ഇന്നുമുണ്ട്.വടക്കന്‍ പാട്ടില്‍ പറയുന്ന തറവാടുകളുടേയും പേരുകളൊക്കെ ലോകനാര്‍ക്കാവിലുള്ള പഴയ രേഖകളില്‍ കാണാന്‍ കഴിയും.എം.എന്‍ നമ്പൂതിരി എന്നയാള്‍ ആ വഴിക്കു കുറെ പഠനം നടത്തിയിട്ടുണ്ട്.മിത്തുകള്‍ കുറവാണെന്നാണു പറയാന്‍ കഴിയുക.പലതും ചരിത്രത്തില്‍ ജീവിച്ചിരുന്നവര്‍ തന്നെയായിരുന്നു.പല തറവാടുകളുടേയും തുടര്‍ച്ചയും അവിടെ കാണാന്‍ കഴിയും.

ഇത്തരം പല ചരിത്രങ്ങളും ഇനിയും അറിയാന്‍ കിടക്കുന്നതേയുള്ളൂ.കണ്ണൂര്‍ -കാസറഗോഡ് മേഖലകളെ പറ്റി ആദ്യമായി പഠനം നടത്തിയത് ഞാനാണ്.തെയ്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ച മൂന്നു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.പക്ഷേ പലതും ഇപ്പോള്‍ കിട്ടാനില്ല.’കയ്യൂര്‍ സമര’ത്തെക്കുറിച്ചുള്ള പുസ്തകവും ഇപ്പോള്‍ കിട്ടാനില്ല.

പിണറായിയിലെ പാറപ്രത്ത് 1939 ഡിസംബറില്‍ നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയത്.എന്നാല്‍ ആ സമ്മേളനത്തിന്റെ തീയതി ഇന്നും വ്യക്തമല്ലല്ലോ.എന്തുകൊണ്ടാണ് അതു അറിയാതെ പോകുന്നത്?

അതായത്, അന്നു ഈ സമ്മേളനം നടക്കുമ്പോള്‍ അതു പിന്നീട് ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ആരും കരുതിക്കാണില്ല.പിന്നീടാണല്ലോ ചരിത്രമെഴുതാന്‍ തീയതി ആവശ്യമായി വന്നത്.അപ്പോളെക്കും അതു മറന്നു.എന്തായാലും 1939 ഡിസംബര്‍ 20 നും 30 നും ഇടക്കൊരു തീയതിയിലായിരുന്നു അതു നടന്നതെന്ന് ഉറപ്പാണ്.

ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കാന്‍ കാരണം?

പോലീസിന്റെ പിടിയില്‍ പെടാതിരിക്കുക, സ്വാധീനമുള്ള പ്രദേശങ്ങളായിരിക്കുക,സംരക്ഷിക്കാനുള്ള ആള്‍ക്കാരുണ്ടാകുക, ഭക്ഷണം കൊടുക്കാനുള്ള സൌകര്യം ഉണ്ടായിരിക്കുക.അതൊരു പ്രധാന കാര്യമാണ്.ചില ഗ്രാമങ്ങളില്‍ ഭക്ഷണം കൊടുക്കാന്‍ കഴിയുന്നവര്‍ ഉണ്ടായിരിക്കില്ല.പട്ടിണി അക്കാലത്തെ ഏറ്റവും വലിയ സാമൂഹ്യ ദുര്യോഗം ആയിരുന്നെന്ന് പറയാം.

അത്ര ദാരിദ്ര്യമായിരുന്നു അക്കാലത്തുണ്ടായിരുന്നത് അല്ലേ?

അതെ 1939 കാലഘട്ടം എന്ന് പറയുന്നത് പട്ടിണിയുടെ കാലമാണ്.കൂലിയ്കുവേണ്ടി എന്നതിലുപരി ഒരു നേരത്തെ ഭക്ഷണം കിട്ടാനായിരുന്നു അക്കാലത്ത് പലരും കൂലിവേലക്കും മറ്റു തൊഴിലുകള്‍ക്കും പോയിരുന്നത് തന്നെ.ജോലി കൊടുക്കുന്ന വീട്ടുകാര്‍ക്കു പോലും മറ്റൊരാള്‍ക്കു കൂടി ഭക്ഷണം നല്‍‌കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല.എന്റെ തന്നെ ഒരു അനുഭവം പറയാം.എന്റെ വീടിന്റെ തറയുടെ പകുതി അന്നു സിമന്റ് ചെയ്തിരുന്നു.ബാക്കി ചെയ്യാതെ ഉപേക്ഷിച്ചിരുന്നു.ഞാന്‍ അമ്മയോട് അക്കാലത്ത് അതിനെപറ്റി ചോദിച്ചിരുന്നപ്പോള്‍ അമ്മ പറഞ്ഞത് പണിക്കാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാത്തതു കൊണ്ടാണു എന്നായിരുന്നു.ക്ഷാമം അത്രക്കു ഗ്രാമങ്ങളെ ബാധിച്ചിരുന്നു.പണിക്കാരന്‍ വരുന്നതു തന്നെ ഭക്ഷണം കിട്ടുമെന്നോര്‍ത്താണ്.അപ്പോള്‍ അതൊരു വലിയ പ്രശ്നമായിരുന്നു അക്കാലത്ത്‍.അതുകൊണ്ട് അമ്മ പണി നിര്‍ത്തി വച്ചതായിരുന്നു.1946-50 കാലഘട്ടങ്ങള്‍ വരെ ഈ കൊടിയ ദാരിദ്യം നീണ്ടു നിന്നു.നെയ്ത്തുകാരുടെ ഇടയിലും മറ്റുംവലിയ ദാരിദ്ര്യം നിലനിന്നിരുന്നു.അവര്‍ നാലോ അഞ്ചോ തോര്‍ത്തു മുണ്ട് നെയ്ത് അതുമായി ഉച്ച സമയങ്ങളില്‍ വീടുകളില്‍ ചെന്നിരുന്നു.വില്‍പ്പന എന്നതായിരുന്നു ഉദ്ദേശ്യമെന്നു തോന്നുമെങ്കിലും തലയില്‍ മുണ്ടുമായി വരുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുക എന്നൊരു മര്യാദയുടെ പേരില്‍ ഭക്ഷണം കിട്ടുമല്ലോ എന്ന ചിന്തയിലായിരുന്നു അവര്‍ അങ്ങനെ ചെയ്തിരുന്നത്.അന്നത്തെ ആ പട്ടിണിയുടെ തീവ്രതയും അങ്ങനെ കിട്ടുന്ന ഭക്ഷണത്തിന്റെ പ്രാധാന്യവും ഇന്നു നമ്മുടെ സമൂഹം മനസ്സിലാക്കുന്നില്ല.പക്ഷേ എന്റെ പഠനങ്ങളിലൂടെ ,പല ആള്‍ക്കാരുമായി സംസാരിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്.

മാധവേട്ടന്‍ ( കെ.മാധവന്‍) തന്റെ ഡയറിക്കുറിപ്പുകളില്‍ വിവരിക്കുന്ന സംഭവം ഉണ്ട്.ഒരിക്കല്‍ അദ്ദേഹം ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം എച്ചിലില കളഞ്ഞപ്പോള്‍ പെട്ടെന്ന് ഒരു പയ്യന്‍ ഓടി വന്ന് ആ എച്ചിലില എടുത്ത് നക്കിതിന്നുന്നു.അതു മാനുസ്ക്രിപ്റ്റില്‍ ഉണ്ട്.പക്ഷേ എന്തോ മോശം തോന്നിയതുകൊണ്ട് അത് പുസ്തകമായപ്പോള്‍ അടിച്ചില്ല.അന്നത്തെ സ്ഥിതി അത്ര മോശമായിരുന്നു.അതുപോലെ ദാരിദ്ര്യവും പട്ടിണിയും മൂലം തളര്‍ന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തലചുറ്റി വീണ ഒരു അധ്യാപകന്റെ കഥയും ഉണ്ട്.താഴേക്കിടയിലെ പട്ടിണിയെക്കുറിച്ച് ശരിക്കും പഠനം വന്നിട്ടില്ല.നെല്ലു കൊയ്യാനൊക്കെ വന്നിരുന്നവര്‍ക്ക് വെറും ഒരു പിടി ആഹാരം മാത്രം കൊടുത്തിരുന്നു.വൈകുന്നേരം വരെ മറ്റൊരു ഭക്ഷണവും ഇല്ലാ‍തെയായിരുന്നു അവര്‍ ജോലി ചെയ്തിരുന്നത്.ഇതൊക്കെ അന്ന് നടന്നിരുന്ന സംഭവങ്ങളാണ്.


അങ്ങനെയുള്ള അക്കാലത്ത് സ്വയം പട്ടിണി കിടന്നും ഒക്കെയാണു പലരും കര്‍ഷകപ്രസ്ഥാനത്തെ സഹായിച്ചിരുന്നതെന്ന് കാണാം.

അതുപോലെ തന്നെ, ജന്മിമാര്‍ ആണെങ്കില്‍ പോലും പല നമ്പൂതിരി തറവാടുകളിലും അവരുടെ സമുദായത്തിനുള്ളിലും വീട്ടിലും ഉള്ള അവസ്ഥ പരിതാപകരമായിരുന്നു അല്ലേ?

അതെ.അതാണല്ലോ വി.ടിയൊക്കെ എഴുതിയിട്ടുള്ളതും.അവരുടെ ഇടയില്‍ തന്നെ ഒരു പക്ഷേ അന്തര്‍ജ്ജനങ്ങള്‍ക്കൊന്നും ഭക്ഷണം ഉണ്ടായിക്കൊള്ളണമെന്നില്ല.ഭക്ഷണമൊക്കെ കാരണവന്മാര്‍ക്കും മറ്റു പുരുഷന്മാര്‍ക്കും ആയിരിക്കും.ഇതൊന്നും സമൂഹം അറിയാതെ പോയ കാര്യങ്ങളാണ്.വി.ടിയും അതുപോലെ ഉള്ളവരും ആണു ഇക്കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടു വന്നത്.അന്നത്തെ തറവാടുകള്‍ തന്നെ ഒരു artificial institution ആയിരുന്നു.കാരണവനാരോട് അടുത്തു നില്‍ക്കുന്നവര്‍ക്കു മാത്രമേ ഭക്ഷണമൊക്കെ ലഭിച്ചിരുന്നുള്ളൂ.വിവേചനം പലരീതിയില്‍ നിലനിന്നിരുന്നു.അങ്ങനെ അവിടെ തന്നെ ഒരു protest movement വന്നു.അങ്ങനെയാണ് പലരും ഈ തറവാടുകള്‍ വിട്ട് വെളിയില്‍ വന്നത്.മലബാറിലെ ഈ ചരിത്രവും തിരുവിതാംകൂറിന്റെ ചരിത്രവും തികച്ചും വ്യത്യസ്തങ്ങളാണ്.

മലബാറിലെപോലെ ഒരു ജന്മിത്വ വ്യവസ്ഥ തിരുവിതാംകൂറില്‍ ഇല്ലായിരുന്നു അല്ലേ?

ഇല്ല.കാരണം മലബാര്‍ ബ്രിട്ടിഷുകാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു.അപ്പോള്‍ ആ കൊളോണിയല്‍ വ്യവസ്ഥയെ താങ്ങി നിര്‍ത്തിയത് ജന്മിമാര്‍ ആയിരുന്നു.അവര്‍ക്ക് എന്തിനും സ്വാതന്ത്ര്യം കൊടുത്തിരുന്നു കൊളോണിയല്‍ ഭരണം.എന്നാല്‍ തിരുവിതാംകൂറില്‍ ആകട്ടെ രാജഭരണം ആയിരുന്നതിനാല്‍ ജന്മിമാര്‍ക്ക് നേരിട്ടുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു.രാജാവില്‍ നിന്നു എങ്ങനെയെങ്കിലും പണം നേടിയെടുക്കുക എന്നതായിരുന്നു അവിടുത്തെ ജന്മിമാരുടെ രീതി.രാജാവിനെ ആണ് ബ്രിട്ടീഷുകാര്‍ നിയന്ത്രിച്ചിരുന്നത്.

തിരുവിതാംകൂറില്‍ വേലുത്തമ്പി ദളവ ചെറുത്തു നിന്നതു പോലെ പിന്നീടാരും ചെറുത്തു നിന്നിട്ടില്ലല്ലോ?

ഇല്ല.അപ്പോളേക്കും അവിടെ ഭരണം കമ്പനിയുടെ നിയന്ത്രണത്തില്‍ ആയിരുന്നു.റസിഡണ്ട് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ഭരണം നടത്തിയിരുന്നത്.രാജാക്കന്മാര്‍ വെറും ഒപ്പിടുന്നതിനുള്ള ആള്‍ക്കാര്‍ മാത്രമായിരുന്നു.

പഴശ്ശിയേയും വേലുത്തമ്പിയേയും പോലെ ചെറുത്തു നിന്ന മറ്റു ആള്‍ക്കാര്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നോ?

തമിഴ്‌നാട്ടിലെ കട്ടബൊമ്മന്‍, കര്‍ണ്ണാടകത്തിലെ റാണി ചെന്നമ്മ തുടങ്ങിയവര്‍ ചെറുത്തു നിന്നിട്ടുണ്ട്.

മാര്‍ത്താണ്ഡവര്‍മ്മ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയല്ലോ? പിന്നീട് എന്തുകൊണ്ട് അത്തരം ഒരു പോരാട്ടം ഉണ്ടായില്ല?

പരാജയപ്പെടുത്തി എന്നു പറയാമെങ്കിലും ഡച്ചുകാര്‍ എന്ന് സൈനിക ശക്തി തീര്‍ത്തും ദുര്‍ബലമായിരുന്ന ഒരു അവസരത്തിലാണു അതുണ്ടായത്.അവര്‍ സൈനികമായി പിന്‍‌വാങ്ങുന്ന കാലഘട്ടം കൂടിയായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ട്.


ഇന്നത്തെ ചരിത്ര പഠനത്തിന്റെ ഒരു പോരായ്മ എന്ന് താങ്കള്‍ക്ക് തോന്നുന്നത് എന്താണ്? ഉദാഹരണമായി വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ വര്‍ഷം മാത്രം ഓര്‍ത്തിരിക്കേണ്ടി വരുന്നു.എന്നാല്‍ അന്ന് സത്യാഗ്രഹം ഒത്തു തീര്‍ക്കാന്‍ വന്ന ഗാന്ധിജിക്കു പോലും അയിത്തം മൂലം ഇണ്ടതുരുത്തി മനയുടെ മുറ്റത്തിരുന്നു സംസാരിക്കേണ്ടി വന്നു എന്ന കാര്യം പഠിപ്പിക്കാതെ പോവുകയും ചെയ്യുന്നില്ലേ?

അതിനു കാരണം ചരിത്ര പാഠപുസ്തകങ്ങള്‍ എഴുതുന്നവരൊന്നും നല്ല ചരിത്രകാരന്മാര്‍ അല്ല എന്നതു തന്നെ.നല്ല ചരിത്രകാരന്മാര്‍ എഴുതിയാല്‍ അവരുടെ സ്വാധീനം അതില്‍ ഉണ്ടായിരിക്കും.

ചരിത്രഘടന എന്നത് ജനങ്ങള്‍ക്ക് വേണ്ടി എഴുതുന്നതാവണം.ചരിത്രകാരന്മാര്‍ അവര്‍ക്കുവേണ്ടി തന്നെ ചരിത്രം എഴുതിയിട്ടു കാര്യമില്ല.പക്ഷേ തിരിച്ചാണു കണ്ടു വരുന്നത്.മാത്രവുമല്ല ഏതു പക്ഷത്തു നിന്നു ചരിത്രത്തെ നോക്കി കാണുന്നു എന്നതും പ്രധാനമാണ്.ഭൂപരിഷ്കരണത്തെ പറ്റി പറയുമ്പോള്‍ ജന്മിമാരുടെ പക്ഷത്തു നിന്നും നോക്കുന്ന ചരിത്രകാരന്‍ അതൊരു മോശം നിയമമെന്ന് പറയും.എന്നാല്‍ കുടിയാന്മാരുടേയും കൃഷിക്കാരുടേയും പക്ഷത്തു നിന്നു നോക്കിയാല്‍ അതൊരു മികച്ച നിയമം എന്നും വരും.അപ്പോള്‍ ഒരേ കാര്യത്തിനു രണ്ടു 'value judgement‘ചരിത്രകാരനു നല്‍‌കേണ്ടി വരുന്നു.അപ്പോള്‍ അവന്റെ പക്ഷം വളരെ പ്രധാനപ്പെട്ടത് ആകുന്നു.അങ്ങനെ എഴുതുന്നവര്‍ വളരെ കുറവാണ്.

കാര്‍ഷിക കലാപങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്നുള്ള പ്രചാരണം ഒരു ഭാഗത്ത് നടക്കുന്നു.ഇപ്പോളാണ് അതിനൊരു മാറ്റം ഉണ്ടായി വരുന്നത്.ഈ പ്രക്ഷോഭങ്ങള്‍ നടന്ന പ്രദേശത്തെ പുതു തലമുറപോലും സ്വന്തം നാടിന്റെ ചരിത്രം അറിയുന്നില്ല.യൂറോപ്പിലും മറ്റും നമ്മള്‍ പോയാല്‍ സ്ഥലങ്ങള്‍ കാട്ടിത്തരുന്നത് ‘പ്രാദേശിക ചരിത്ര സമിതി’കള്‍ ആയിരിക്കും.ഇത്തരം ഒരു പ്രാദേശിക ചരിത്ര നിര്‍മ്മാണം നമ്മുടെ നാട്ടില്‍ ഇല്ലാത്തതിന്റെ പ്രശ്നങ്ങള്‍ നിരവധിയാണ്.പല ചരിത്രങ്ങളും വ്യക്തികളും ഇല്ലാതായി പോകുന്നു.

രാഷ്ട്രീയ കാരണങ്ങളാല്‍ കേരളത്തില്‍ തൂക്കിക്കൊല എന്ന ശിക്ഷ നടപ്പാക്കിയ ആദ്യ സംഭവമാണു കയ്യൂര്‍ സമരത്തില്‍ പ്രതികളായവരെ തൂക്കിക്കൊന്നത്.അവര്‍ ‘ക്രിമിനല്‍ കുറ്റവാളികള്‍ അല്ല ദേശീയ പോരാളികളാണ്” എന്നൊരു ബോര്‍ഡ് ,ഒരു സ്മാരക സ്തൂപത്തോടു കൂടി കണ്ണൂര്‍ ജയിലില്‍ ഉണ്ടാക്കാന്‍ പുസ്തകം എഴുതിയ കാലം മുതല്‍ ശ്രമിച്ചിട്ട് ഈ കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണത് സാധിച്ചത്.അതിനെയും എതിര്‍ത്ത് ആള്‍ക്കാര്‍ കോടതിയില്‍ പോയിട്ടുണ്ട്.അപ്പോള്‍ പിന്നെ ജനങ്ങളുടെ ചരിത്രം എങ്ങനെ വെളിയില്‍ വരും?

അതുപോലെ ഒരേ ചരിത്രം രണ്ടു പേര്‍ എഴുതുമ്പോള്‍ വ്യത്യാസം ഉണ്ടാകുമോ? ഉദാഹരണത്തിനു കയ്യൂര്‍ സമരചരിത്രം അതില്‍ പങ്കാളി ആയിരുന്ന വി.വി കുഞ്ഞമ്പു എഴുതിയിട്ടുണ്ട്.താങ്കളും എഴുതിയിട്ടുണ്ട്.എന്താവും വ്യത്യാസം?

വി.വി.കുഞ്ഞമ്പു എന്ന് പറയുമ്പോള്‍ അതു participant historian ആണ്.അദ്ദേഹം പങ്കെടുത്തതും അറിഞ്ഞതുമായ കാര്യങ്ങളാണു എഴുതുന്നത്.എന്നാല്‍ എന്നെപ്പോലെ ഒരു ചരിത്രകാരന്‍ അത് ചെയ്യുമ്പോള്‍ അതിനു പിന്നില്‍ ഗവേഷണവും കൂടി വരുന്നു.പല രീതിയിലുള്ള അന്വേഷണങ്ങളും, പലരുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങളും ഒക്കെ നടത്തി അതിന്റെ ഓറല്‍ ഹിസ്റ്ററി മുഴുവനായി വെളിച്ചത്ത് കൊണ്ടുവരുന്നു.അപ്പോള്‍ കയ്യൂര്‍ സംഭവത്തെക്കുറിച്ച് അറിയപ്പെടാത്ത പലതും പുതിയതായി വെളിവാക്കപ്പെടുന്നു.

ചരിത്രപഠനത്തിന്റെ ഭാഗമായി വിദേശയാത്രകള്‍ ഒക്കെ നടത്തിയിട്ടുണ്ടോ?

ഉണ്ട്.യൂറോപ്പില്‍ എല്ലാ സ്ഥലങ്ങളിലും പോയിട്ടുണ്ട്.ലണ്ടന്‍,ഫ്രാന്‍സ്, ആംസ്റ്റര്‍ഡാം എന്നിവടങ്ങളിലൊക്കെ ആര്‍ക്കൈവ്‌സുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.യു.എസില്‍ പോയിട്ടില്ല

ചരിത്ര രചനയിലും ഗവേഷണങ്ങളിലും സാറിന്റെ മാത്രമായ സംഭാവനകള്‍ എന്തൊക്കെയാണു?

അതു പ്രധാനമായും രണ്ടെണ്ണമാണ്.ഒന്നു തെയ്യം കള്‍ച്ചറിനെപറ്റിയുള്ളതാണു.അതു സംഘകാല തമിഴ് സംസ്കാരത്തിന്റെ ഭാഗമായ “വീരാരാധന'(Hero Worship)യുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞതാണ് എന്ന കണ്ടെത്തല്‍.

രണ്ടാമത്തേത്, ‘കര്‍ഷക പ്രസ്ഥാനങ്ങളുടെ ചരിത്രം”(History Of peasant movement).ദേശീയ പ്രസ്ഥാനത്തെ ശക്തമാക്കിയത് കര്‍ഷകപ്രസ്ഥാനങ്ങളാണെന്ന തിയറി.ഈ രണ്ടു കാര്യങ്ങളാണു എന്റെ മാത്രം സംഭാവനകള്‍ എന്നു എനിക്ക് തോന്നുന്നത്.അങ്ങനെയാണു കാലിക്കട്ട് സര്‍വകലാശാലയില്‍ കര്‍ഷകപ്രസ്ഥാനങ്ങളുടെ ചരിത്രം എന്നൊരു പേപ്പര്‍ ആദ്യമായി പഠിപ്പിച്ചു തുടങ്ങുന്നത്.അതു വലിയൊരു മാറ്റത്തിനു വഴിയൊരുക്കി.എ.വി അനില്‍‌കുമാര്‍ ആ പേപ്പര്‍ പഠിച്ച ആദ്യ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്.ഇത്തരം പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട പലരേയും ഡിപ്പാര്‍ട്ട്മെന്റില്‍ കൊണ്ടുവന്ന് ആദരിക്കുകയും ചെയ്തിട്ടുണ്ട്.കേരളീയനും വി.ടി,യും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.

കേരളീയനെപ്പറ്റി ഞാന്‍ എഴുതുന്ന ഒരു പുസ്തകം ഇപ്പോള്‍ ഇറങ്ങാന്‍ ഇരിക്കുന്നു.കേരളീയനെ പറ്റിയുള്ള ഒരു സ്മാരക സമിതി ഉണ്ട്.കേരളീയന്റെ കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ എന്നത് ചൈനയില്‍ മാവോ സേതൂങ് ഒക്കെ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അതേ രീതിയാണ്.അതായത് ഒരു കടയില്‍ പോയി ഇരിക്കുക.എന്നിട്ട് സ്ഥലത്തെ ജന്മിയെ പറ്റി നല്ലതു പറയുക.അപ്പോള്‍ സ്വാഭാവികമായും അതിനെ എതിര്‍ത്ത് രൂക്ഷമായി സംസാരിക്കുന്നവര്‍ ഉണ്ടാകും.അങ്ങനെ ഉള്ളവരെ കണ്ടെത്തി അവരെ കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി നേതൃത്വത്തില്‍ കൊണ്ടു വരിക.ഇത്തരം ഒരു രീതി കേരളീയനൊക്കെ നടത്തിപ്പോന്നിരുന്നു.

കേരളീയനെപ്പോലെ “ഭാരതീയനും” ഉണ്ടായിരുന്നു അല്ലേ?

ഉണ്ട്.അദ്ദേഹത്തിന്റെ “അടിമകളെങ്ങനെ ഉടമകളായി” എന്ന പുസ്തകം ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ളതാണ്.

അതു പറഞ്ഞപ്പോളാണു ഓര്‍ത്തത്, ഇത്തരം ചില പുസ്തകങ്ങള്‍,അതായത് ചരിത്രഗതിയെ സ്വാധീനിച്ച പുസ്തകങ്ങള്‍ പലതും ഇപ്പോള്‍ കിട്ടാനില്ല.ഉദാഹരണമായി വി.ടിയുടെ ‘അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക്” എന്ന നാടകം.ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി പ്രസിദ്ധികരിക്കാന്‍ ഹെറിറ്റേജ് കൌണ്‍‌സിലിനു സാധിക്കില്ലേ?

അതു ഇപ്പോള്‍ സാധിക്കില്ല,അതിനു നല്ല ഫണ്ടും അതുപോലെയുള്ള മറ്റു സഹായങ്ങളും ഉണ്ടാകണം.

താങ്കള്‍ ചരിത്രത്തെ കാണുന്ന രീതിയില്‍ നിന്നു മാറി ചരിത്ര വിശകലനം നടത്തുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും അംഗീകാരവും കിട്ടുന്നതായി തോന്നിയിട്ടുണ്ടോ?

ഉണ്ട്.കാരണം മാധ്യമങ്ങളില്‍ വരുന്ന ശ്രദ്ധയും തലക്കെട്ടുമാണു പ്രധാനം.എന്റെ ഗുരുനാഥന്‍ കൂടിയായ എം.ജി.എസ് നാരായണന്‍.അദ്ദേഹം എന്തെഴുതിയാലും അവസാനം അതു ഇ.എം എസിന് എതിരായി പറഞ്ഞേ അവസാനിപ്പിക്കൂ.അതുമൂലം അദ്ദേഹത്തിനു കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്നു.ഭാഷാപോഷിണിയില്‍ പഴശ്ശിയെപ്പറ്റി എഴുതിയ ലേഖനവും അവസാനിക്കുന്നത് ഇ.എം.എസിനെപറ്റി പറഞ്ഞുകൊണ്ടാണ്.
അദ്ദേഹം പണ്ടേ ഇങ്ങനെ ആയിരുന്നോ?

ആദ്യകാലങ്ങളില്‍ ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധത ഇല്ലായിരുന്നു.ഉദാഹരണമായി കയ്യൂരില്‍ ഒരു ‘സെന്റര്‍ ഫോര്‍ പെസന്റ്സ് സ്റ്റഡീസ് ‘(Centre For peasants studies) ഉണ്ടാക്കാനൊക്കെ വളരെ ശ്രമിച്ചിരുന്നു.ഞാനും ശ്രമിച്ചിരുന്നു.നടന്നില്ല.പക്ഷേ ജോലി വിട്ടതിനു ശേഷമാണു ഇത്രയും വിരുദ്ധ നിലപാടുകളിലേക്ക് അദ്ദേഹം മാറിയത്.

ഈ അറിയപ്പെടാത്ത ചരിത്രങ്ങള്‍, പ്രത്യേകിച്ച് കര്‍ഷക പ്രസ്ഥാനത്തിന്റെ ചരിത്രം പഠിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്താണു ചെയ്യേണ്ടത്?

അവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.പ്രാദേശിക ചരിത്രകാരന്മാരെ പ്രോത്സാഹിപ്പിച്ച് പുസ്തക രചനകള്‍ നടത്തുകയും അവ പ്രചരിപ്പിക്കുകയും വേണം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓറല്‍ ഹിസ്റ്ററി ഇപ്പോളും പൂര്‍ണ്ണമായും എഴുതപ്പെട്ടിട്ടില്ല,ഞാന്‍ ആ വഴിക്കു കുറെ ശ്രമങ്ങള്‍ നടത്തിയിരുന്നു.പിന്നീട് തുടരാന്‍ സാധിച്ചില്ല.ഇത് വളരെ കാര്യമായി ചെയ്യേണ്ടുന്ന ഒന്നാണ്.അല്ലെങ്കില്‍ കേരളിയന്റെ ചരിത്രവും കെ.പി.ആര്‍ ഗോപാലന്റെ ചരിത്രവും ഒന്നാകുന്ന ഒരു അവസ്ഥവരും.പേരു മാത്രമേ മാറ്റം കാണൂ.അതുണ്ടാകാതെ ജനകീയ സഹകരണത്തോടെ വ്യക്തമായ ‘ഓറല്‍ ഹിസ്റ്ററി” എഴുതേണ്ടിയിരിക്കുന്നു.അങ്ങനെ മാത്രമേ ചരിത്രത്തോട് നീതി പുലര്‍ത്താനാവൂ.


********************************************************************

ഡോ.കെ.കെ.എന്‍ കുറുപ്പിനോടൊപ്പം.....(ഭാഗം-1)

ചരിത്ര പണ്ഡിതന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍ എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1939 ലാണു ജനനം.ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലുള്ള ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി(Centre For Heritage Studies)’ന്റെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുന്നു.ഒരു ഡസനിലേറേ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണു.”നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം,കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍,പഴശ്ശി സമര രേഖകള്‍,കയ്യൂര്‍ സമരം,Agarian struggle in Kerala,India's naval traditions,Land Monopoly and agarian system in south Kanara with special reference തുടങ്ങിയവയാണു ഇവയില്‍ പ്രധാനപ്പെട്ട കൃതികള്‍

ജനപക്ഷത്തുനിന്നു ചരിത്രമെഴുതിയ വ്യക്തിയാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കൊളോണിയലിസത്തിനെതിരെ ഈ കൊച്ചു കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ നേര്‍ ചരിത്രം നമുക്ക് ആദ്യമായി പറഞ്ഞു തന്നത് ഇദ്ദേഹമാണ്.പഴശ്ശിരാജയുടെ ചെറുത്തു നില്‍പ്പുകള്‍ മുതല്‍ മലബാറിലെ കാര്‍ഷിക സമരങ്ങളുടെ സാമൂഹിക പ്രസക്തി വരെ മലയാളിക്ക് ഇദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.ആധുനിക കേരളത്തിന്റെ ചരിത്ര സൃഷ്ടിയില്‍ വമ്പിച്ച പങ്കാണു ജന്മിത്വ-നാടുവാഴിത്ത വ്യവസ്ഥക്കും അതു വഴി സാമ്രാജ്യത്വത്തിനുമെതിരായി മലബാറിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ നടത്തിയ ചെറുത്തു നില്‍പ്പുകള്‍ വഹിച്ചിട്ടുള്ളത്‍.കയ്യൂര്‍ , കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍‌കുന്ന്, പാടിക്കുന്നു,മാവിച്ചേരി, ഒഞ്ചിയം,തില്ലങ്കേരി,കോറോം തുടങ്ങിയ സ്ഥലങ്ങളിലെ തീവ്ര സമരങ്ങള്‍ നല്‍കിയ ഊര്‍ജ്ജമാണു ഭൂപരിഷ്കരണനിയമങ്ങള്‍ക്കു വരെ വഴികാട്ടിയായത്.

ചെന്നൈയില്‍ ഇ.എം.എസ് അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിനു സമയം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയും വിലയേറിയ രണ്ടു മണിക്കൂര്‍ എനിക്ക് അനുവദിക്കുകയും ചെയ്തു.
പഴശ്ശിരാജാ മുതല്‍ കാര്‍ഷിക കലാപങ്ങള്‍ വരെ, ചരിത്രരചനയുടെ വൈജാത്യങ്ങള്‍ മുതല്‍ ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ,ഓരോന്നും വിശദമായി അദ്ദേഹം സംസാരിച്ചു.

ആ അഭിമുഖത്തിന്റെ ഒന്നാം ഭാഗമാണു താഴെ കൊടുക്കുന്നത്.പഴശി ചരിത്രം ഈ അടുത്ത കാലത്ത് കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ.പഴശ്ശിരാജ ഒരു മുസ്ലീം വിരുദ്ധന്‍ എന്ന രീതിയില്‍ പ്രചാരണം ഉണ്ട്.കോട്ടയം രാജ്യത്ത് മുസ്ലീം പള്ളി പണിതവരെ വധശിക്ഷക്ക് വിധിച്ച് എന്ന് സാര്‍ എഴുതിയ പുസ്തകത്തിലും ഉണ്ട്.എങ്ങനെ കാണുന്നു ഇതിനെ?

അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ അനുസരിച്ച് പള്ളി കെട്ടണമെങ്കില്‍ രാജാവിന്റെ അനുമതി നേടിയിരിക്കണം.അതു ചെയ്യാതിരുന്നവരെ രാജഭരണത്തിനു എതിര്‍ക്കാതിരിക്കാന്‍ വയ്യ.ഇക്കാര്യത്തില്‍ അത്തരമൊരു അനുമതി വാങ്ങിയിരുന്നില്ല എന്നാണു കാണാനാവുന്നത്.എന്നു മാത്രമല്ല ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്കാരനായിരുന്ന പഴയ വീട്ടില്‍ ചന്തുവാണ്.ചന്തുവാകട്ടെ പഴശ്ശിയേയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍‌ഡ്യാ കമ്പനിയേയും തമ്മില്‍ തെറ്റിക്കാനും നോക്കുന്നുണ്ട്.അതൊക്കെ ഞാന്‍ എന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.ഒരു രാജാവിനു അതിനു നേരേ വരുന്ന എതിര്‍പ്പി (rebellion) നെയോ കലാപത്തിനേയോ നേരിടാതിരിക്കാന്‍ വയ്യ.അപ്പോള്‍ അദ്ദേഹത്തിനു പള്ളി നശിപ്പിക്കുക എന്നതല്ലായിരുന്നു ഉദ്ദേശ്യം, മറിച്ച് രാജാവിനോടുള്ള ‘ലോയല്‍‌റ്റി’കാണിക്കാതിരുന്നതിന്റെ പ്രശ്നമായിരുന്നു.തൂക്കിലേറ്റിയത് പഴയ വീട്ടില്‍ ചന്തുവാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.

പിന്നെയെങ്ങനെയാണ് മറിച്ചൊരു ധാരണ ഉണ്ടാകുന്ന വിധത്തില്‍ വില്യം ലോഗന്‍ എഴുതാന്‍ കാരണം?

അതൊരു ഇംഗ്ലീഷ് തന്ത്രത്തിന്റെ ഭാഗമാണ്.’ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പീഠിപ്പിക്കുന്നു, അവരെ രക്ഷിച്ചത് തങ്ങളാണു’ എന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം.മാത്രമല്ല ഇതിലെ സത്യാവസ്ഥ കാണിച്ച് പഴശ്ശി കമ്പനിക്ക് കത്തെഴുതുന്നുണ്ട്.ഇത് ഒരു പക്ഷേ ലോഗന്‍ കണ്ടിട്ടുണ്ടാവില്ല.ഈ കത്തില്‍ വ്യക്തമാകുന്നത് ഈ സംഭവങ്ങളില്‍ പഴശിക്ക് നേരിട്ടൊരു ബന്ധം ഇല്ലായിരുന്നുവെന്നാണ്.അപ്പോള്‍ ഈ കത്തിലെ കാര്യം കാണാതെയാണു പഴശിയുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം കമ്പനിക്ക് പട്ടാളത്തെ അയക്കേണ്ടി വന്നു എന്ന് ലോഗനു എഴുതേണ്ടി വന്നത്.

പഴശിയുടെ കാലത്ത് മുസ്ലീം ജനസംഖ്യ ഇന്നത്തെപ്പോലെ ഉണ്ടായിരുന്നോ?

കുറവായിരുന്നു, പക്ഷേ മുസ്ലീം വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ടായിരുന്നു.

അപ്പോള്‍ അവര്‍ക്ക് പള്ളി പണിയണമെങ്കില്‍ അന്നത്തെ രാജാക്കന്മാരില്‍ നിന്നും അനുമതി വാങ്ങണമായിരുന്നു അല്ലേ?

അതെ.അതിപ്പോള്‍ വളരെ മുന്നിട്ട് നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ജര്‍മ്മനിയില്‍ ഒരു മുസ്ലീം പള്ളി കെട്ടാന്‍ സാധിക്കില്ല..വീട്ടിലാണവര്‍ പ്രാര്‍ത്ഥിക്കുന്നത്.പള്ളി കെട്ടണമെങ്കില്‍ അനുമതി വേണം.

മറ്റൊന്നു, ആദിവാസികള്‍ പഴശ്ശിയെ സഹായിച്ചിരുന്നു.എന്നാല്‍ പഴശ്ശി അവരോട് എങ്ങനെ പെരുമാറിയിരുന്നു?

നമ്മള്‍ ശ്രദ്ധിക്കേണ്ട വസ്തുത എന്നത് അന്നു നിലവിലുള്ളത് ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു എന്നതാണ്.അതിനുള്ളില്‍ നിന്നു തന്നെയാണു പഴശ്ശിയും ഭരിച്ചത്.അതിനുള്ളില്‍ നിന്ന് ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്ത ആളെന്ന നിലയിലാണു പഴശ്ശിയെ കാണാനാവുന്നത്.വയനാട്ടില്‍ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ പഴശ്ശി ശ്രമിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.എന്നാല്‍ അതില്‍ ആദിവാസികള്‍ എവിടെ നിന്നിരുന്നു എന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല.

അടിമ വ്യവസ്ഥിതി അന്നു വയനാട്ടില്‍ നിലവിലുണ്ടായിരുന്നാല്ലോ.കെ.ജെ ബേബിയുടെ ‘മാവേലി മന്‍‌റ’ത്തിലും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ?

ശരിയാണു, പക്ഷേ അതു നിര്‍ത്തലാക്കാന്‍ പഴശ്ശിക്ക് സാധിക്കുന്നില്ല.പലരേയും അടിമകളാക്കിയിരുന്നു.തിരുവിതാംകൂറില്‍ തന്നെ അടിമവ്യവസ്ഥ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത് ബ്രിട്ടീഷുകാരുടെ നിര്‍ബന്ധം മൂലമായിരുന്നെന്ന് കാണാം.ഇന്നത്തെ മാനദണ്ഡങ്ങള്‍ വച്ച അന്നത്തെ ചരിത്രത്തെ വിലയിരുത്താന്‍ കഴിയില്ല.പഴശ്ശി അന്നത്തെ സിസ്റ്റത്തെ അംഗീകരിച്ചിരുന്നു എന്നു മാത്രമേ പറയുവാന്‍ കഴിയൂ.ഈ വില്‍ക്കല്‍ വാങ്ങലുകള്‍ അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇല്ലാത്ത കാര്യമാണ്.

അതായത് പഴശ്ശി ഒരേ സമയം സ്വാതന്ത്ര്യ സമര പോരാളി ആയിരിക്കുമ്പോള്‍ തന്നെ നിലവിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ ആളുമായിരുന്നു എന്നു കാണാം അല്ലേ?

അതെ.അതുകൊണ്ടാണല്ലോ ഇത്രയധികം ആള്‍ക്കാര്‍ അദ്ദേഹത്തോടൊപ്പം അണിനിരന്നത്.ഫ്യൂഡല്‍ വ്യവസ്ഥിതി രാജാവിന് നല്‍കുന്ന ‘ലോയല്‍റ്റി”യാണു ഇത്രയധികം ആള്‍ക്കാരുണ്ടാകാന്‍ കാരണം.അതേ സമയം ഈ ലോയല്‍‌റ്റി മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പഴശ്ശിയോട് ഇല്ല.ഉദാഹരണമായി കടത്തനാട്ട് രാജ്യത്തിലെ ജനങ്ങളുടെ ലോയല്‍റ്റി അവിടുത്തെ നാടുവാഴിയോടു മാത്രമാണ്.അതു മനസ്സിലാക്കിയതു കൊണ്ടാണു ബ്രിട്ടീഷുകാര്‍ അംശങ്ങളായി വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചിരുന്നത്.


സാറിന്റെ പുസ്തകത്തില്‍ പറയുന്നത് കുറുമ്പ്രനാട് രാജാവിനെ ബ്രിട്ടീഷുകാര്‍ കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയില്‍ കണ്ടിരുന്നതായിട്ടാണല്ലോ?


കുറുമ്പ്രനാട്ട് രാജാവ് യഥാര്‍ത്ഥകോട്ടയം ഭരണാധികാരി അല്ല.അദ്ദേഹം കോട്ടയത്തു നിന്നു ദത്തു പോയതാണ്.ദത്തുപോയ ഒരാള്‍ക്ക് പിന്നെ പഴയ വീട്ടില്‍ ഒരധികാരവുമില്ല, മലബാര്‍ വ്യവസ്ഥപ്രകാരം. പഴശ്ശിയുമായി നികുതി വ്യവസ്ഥകളില്‍ ഒരു ഒത്തു തീര്‍പ്പുണ്ടാക്കാനാവാതെ വന്നപ്പോള്‍ ഗവര്‍ണര്‍ ഇദ്ദേഹത്തെ കൊണ്ടുവരികയാണ്.കുറുമ്പ്രനാടു രാജാവും ഇതൊരു അവസരമായി കാണുകയും ചെയ്തു.അങ്ങനെയാണു ഇദ്ദേഹമാണു കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയിലുള്ള പ്രചാരണം ഉണ്ടായത്.അപ്പോള്‍ കൊളോണിയല്‍ ഭരണത്തിന്റെ പരിതസ്ഥിതികള്‍ ഉപയോഗിച്ചു കൊണ്ട് സ്വന്തം സ്വത്തുക്കള്‍ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച സ്വാര്‍ത്ഥമതിയായ ഒരു ഭരണാധികാരിയായി മാത്രമേ കുറുമ്പ്രനാട്ട് രാജാവിനെ കാണാനാവൂ.വില്യം ലോഗന്‍ തന്നെ പറയുന്നത് കുറുമ്പ്രനാട്ട് രാജാവുമായി ബ്രിട്ടീഷുകാര്‍ ചെയ്ത കരാറാണു വാസ്തവത്തില്‍ ഈ നീണ്ടു നിന്ന യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായതെന്നാണ്.

പഴശ്ശിരാജ നടത്തിയിരുന്നത് ഒരു ഒളിപ്പോരാട്ടം ആയിരുന്നോ?

ഒളിപ്പോരാട്ടം തന്നെയായിരുന്നു.അതായത് “തീരുമാനിച്ചുറപ്പിച്ച പോരാട്ടങ്ങള്‍” (fixed battle)അല്ലായിരുന്നു.അത്തരം ഒരു സൈന്യവുമല്ലായിരുന്നു.ജനങ്ങള്‍ മുഴുവന്‍, അല്ലെങ്കില്‍ കൃഷിക്കാര്‍ മുഴുവന്‍ സൈന്യമായി മാറുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.അപ്പോള്‍ മലയിടുക്കുകളിലും കാടുകളിലും ഒക്കെ വച്ച് പെട്ടെന്നുള്ള ആക്രമണശൈലിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.

പഴശ്ശിരാജ ആത്മഹത്യ ചെയ്യുകയായിരുന്നോ?

സാഹചര്യങ്ങള്‍ അങ്ങനെയാണു കാണിക്കുന്നത്.എന്തായാലും വൈരം വിഴുങ്ങിയല്ല.വൈരം വിഴുങ്ങിയാല്‍ ഉടന്‍ മരിക്കില്ല.സ്വയം വെടിവച്ചാണു മരിച്ചതെന്ന് വേണം കരുതാന്‍.എന്നു മാത്രമല്ല പരിക്കേറ്റു വീണുകിടക്കുന്ന പഴശ്ശി ഓടി രക്ഷപെടാതിരിക്കാന്‍ തടഞ്ഞു നിര്‍ത്തിയ കണാര മേനോന്റെ നെഞ്ചിനു നേരെ തോക്കു ചൂണ്ടി “അടുത്തു വരരുത്” എന്ന് പഴശ്ശി പറയുന്നുമുണ്ട്. കൈത്തോക്ക് പഴശ്ശി എപ്പോഴും സൂക്ഷിച്ചിരുന്നതായും കാണാം.കമ്പനിക്ക് പിടി കിട്ടിയാല്‍ അവര്‍ കൊണ്ടു പോയി തൂക്കിലിടുമെന്ന് പഴശ്ശിക്ക് അറിയാം.അപ്പോള്‍ ആ സമയത്ത് സ്വയം വെടി വച്ചു മരിച്ചതാകാനാണു സാദ്ധ്യത.എന്നാല്‍ ഏറ്റുമുട്ടലില്‍ പഴശ്ശിയെ കൊന്നു എന്നാണു കമ്പനി പട്ടാളം റിപ്പോര്‍ട്ട് നല്‍കുന്നത്.അതിനു കാരണം പഴശ്ശിയുടെ തലക്ക് അവര്‍ വിലയേര്‍പ്പെടുത്തിയിരുന്നു എന്നതാണ്.ആ തുക കൈക്കലാക്കാന്‍ അത്തരമൊരു റിപ്പോര്‍ട്ട് നല്‍‌കേണ്ടത് മലബാറിലെ കമ്പനി സൈനികോദ്യോഗസ്ഥരുടെ ആവശ്യമായിരുന്നു.

പക്ഷേ ഇങ്ങനെ ആത്മഹത്യ ചെയ്ത പഴശ്ശിയുടെ മൃതദേഹം അവര്‍ കൊണ്ടു പോവുകയാണല്ലോ?

അതെ , അതിനു പ്രധാന കാരണം ആ മരണത്തെ തുടര്‍ന്ന് മറ്റൊരു കലാപം അവിടെ പൊട്ടിപ്പുറപ്പെടാതെ നോക്കുക എന്നതായിരുന്നു.

ഒരു പക്ഷേ ടിപ്പു സുല്‍ത്താനും പഴശ്ശിയും ഒന്നിച്ചു നില്‍ക്കുന്ന ഒരവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കമ്പിനിക്ക് ദക്ഷിണേന്ത്യയില്‍ ഒരു കോളനിഭരണം സാധ്യമാകുമായിരുന്നോ?

എന്നു തീര്‍ത്തു പറയാന്‍ വയ്യ.അക്കാലമായപ്പോളേക്കും കമ്പനി ഇവര്‍ ഒന്നിച്ചു നിന്നാലും തോല്‍പ്പിക്കാനാവത്തത്ര ഒരു സൈനിക ശക്തി ആയിക്കഴിഞ്ഞിരുന്നു.പോരാത്തതിനു ഹൈദരാബാദിലെ നിസാമിന്റേയും മറാത്താ രാജാക്കന്മാരുടേയും പിന്തുണയും കമ്പനിക്കുണ്ടായിരുന്നു.അപ്പോള്‍ അവരെ ചെറുത്തു തോല്‍പ്പിക്കുക വിഷമമായിരുന്നു.പഴശിയോടൊപ്പം ഉണ്ടായിരുന്നത് ഏതാണ്ട് രണ്ടായിരം പേരോളം വരുന്ന നായര്‍ പടയാളികള്‍ മാത്രമായിരുന്നു.അത് കൊണ്ട് മാത്രം ടിപ്പുവിനു ഒരു പിന്തുണ ആകുമായിരുന്നില്ല.ജനങ്ങള്‍ തന്നെ പട്ടാളക്കാരും അവര്‍ തന്നെ ജനങ്ങളുമാകുന്ന ഒരു സാമൂഹിക സൈന്യ വ്യവസ്ഥ ( മിലേഷ്യ) ആയിരുന്നു പഴശ്ശിക്കുണ്ടായിരുന്നത്.അതു അത്ര വലിയ ഒരു സൈനിക ശക്തി ആയിരുന്നില്ല.
ടിപ്പു സുല്‍ത്താനു ഒരു ഹിന്ദു വിരുദ്ധത ഉണ്ടായിരുന്നോ?

മതത്തിന്റെ പേരില്‍ ഒരു വിരുദ്ധത ഉണ്ടായിരുന്നതായി കാണാന്‍ കഴിയില്ല.പഴശ്ശിയെ തന്നെ അദ്ദേഹം പിന്തുണച്ച പല അവസരങ്ങളും കാണാന്‍ കഴിയും.കോട്ടയവുമായി യുദ്ധം ചെയ്ത പിടിച്ചടക്കിയ വയനാട് പഴശ്ശിക്കു തന്നെ വിട്ടുകൊടുത്തതായി എന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.അതുപോലെ തന്നെ താമരശേരി ചുരം സംരക്ഷിക്കാന്‍ പടയാളികളേയും ടിപ്പു പഴശ്ശിക്കു നല്‍കിയതായി രേഖകളില്‍ കാണാം.

എന്നു മാത്രമല്ല, അന്നത്തെ മലബാറിലെ പല നാടുവാഴികളും ടിപ്പുവിനു കപ്പം കൊടുത്തിരുന്നു.അവര്‍ അതു നല്‍കാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ആക്രമിക്കുക,നികുതി പിരിച്ചെടുക്കുക എന്നൊരു ശൈലിയായിരുന്നു ടിപ്പുവിന്റേത്.അക്കൂട്ടത്തില്‍ ക്ഷേത്രങ്ങളിലെ സമ്പത്തു മൂലം ചില ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.പക്ഷേ പ്രധാന ലക്ഷ്യം ക്ഷേത്ര ആക്രമണങ്ങള്‍ അല്ലായിരുന്നു

ഇനി നമുക്കു മലബാറിലെ കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.മലബാറിലെ കാര്‍ഷിക കലാപങ്ങളുടെ ഇന്നത്തെ പ്രസക്തി എന്താണു? ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ എന്തു പങ്കാണു ഈ കലാപങ്ങള്‍ വഹിച്ചിട്ടുള്ളത്?

ആധുനികകാലഘട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ഈ കലാപങ്ങളുടെ സംഭാവന വളരെ വലുതാണ്.കേരളത്തിലെ ഭൂപരിഷ്ക്കരണ നടപടികളുടെ പ്രധാന കാരണവും ഈ കാര്‍ഷിക സമരങ്ങളാണ്.അതായത് ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന ഒരു കൊളോണിയല്‍ ഭരണവ്യവസ്ഥക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു കാര്‍ഷിക കലാപങ്ങള്‍.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ താങ്ങി നിന്നിരുന്ന ജന്മിത്ത്വ -നാടുവാഴി വ്യവസ്ഥക്കെതിരെ നടന്ന ഈ സമരങ്ങളെല്ലാം തന്നെ അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗവുമായിരുന്നു.

മലബാറില്‍ നടന്ന പോലെയുള്ള കാര്‍ഷിക സമരങ്ങള്‍ തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ നടന്നതായി കാണുന്നില്ല.എന്തായിരുന്നു അതിനു കാരണം?

അതിനു പ്രധാന കാരണമെന്നത് ഇവിടങ്ങളില്‍ 1865ല്‍ തന്നെ കുടിയാന്മാര്‍ക്ക് ചില സ്ഥിരാവകാശങ്ങളൊക്കെ കൊടുക്കുന്ന നിയമം ( കാണം പ്രൊക്ലമേഷന്‍)പാസാക്കിയിരുന്നു.അതു പിന്നീട് കൊച്ചിയിലേക്കും വ്യാപിച്ചു.എന്നാല്‍ കൊളോണിയല്‍ ഭരണം നിലനിന്നിരുന്ന മലബാറില്‍ ജന്മിമാരുടെ അവകാശങ്ങളില്‍ ഒരിഞ്ചു പോലും ഇല്ലാതാക്കാന്‍ കോടതികള്‍ പോലും തയ്യാറായിരുന്നില്ല.വില്യം ലോഗന്‍ തന്നെ 1882 കാര്‍ഷികകമ്മിഷണറായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ കുടിയാന്മ നിയമം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.അതിന്‍ പ്രകാരം 1887 ല്‍ ഒരു നിയമം പാസാക്കാന്‍ ശ്രമിച്ചെങ്കിലും ജുഡീഷ്യറി അതിനെതിരായിരുന്നു.അതായത് ഒഴിപ്പിക്കപ്പെടുന്ന കുടിയാനു കൊടുക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം ജന്മിക്കും കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.അതായത് ജന്മിയെ തന്നെ അവകാശിയായി നിര്‍ത്തുന്ന ഒരു രീതി.എന്നാല്‍ തിരുവിതാകൂറിലെ നിയമം മൂലം ജന്മിവ്യവസ്ഥ മലബാറിലെപ്പോലെ തീവ്രമായിരുന്നില്ല.അതുകൊണ്ടാണു മലബാറില്‍ ശക്തമായ കര്‍ഷക പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നത്.തിരുവിതാംകൂറിലാകട്ടെ തൊഴിലാളി പ്രസ്ഥാനമാണു ശക്തമായത്.കയര്‍, കശുവണ്ടി,കളിമണ്‍ തൊഴിലാളികള്‍ സംഘടിച്ച് ട്രേഡ് യൂണിയനുകള്‍ ഉണ്ടായി വന്നതും അങ്ങനെയാണ്.

വീണ്ടും കാര്‍ഷികകലാപങ്ങളിലേക്ക് വരാം.അതില്‍ പ്രധാനപ്പെട്ടതാണല്ലോ കയ്യൂര്‍ സമരം.അതിന്റെ കാരണങ്ങളെപ്പറ്റി വിരുദ്ധമായ ചില ചരിത്രങ്ങള്‍ വായിച്ചിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ കയ്യൂര്‍ സമരത്തിലേക്ക് നയിച്ചതെന്തായിരുന്നു?

യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്ന് വച്ചാല്‍ മാര്‍ച്ച് 12 നു ഒരു സാമ്രാജ്യത്വ വിരുദ്ധ ജാഥ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.അന്ന് അത് റവന്യൂ ഇന്‍സ്‌പെക്ടര്‍ കാണുകയും അതില്‍ പങ്കെടുത്ത ആറു സഖാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.ഈ അറസ്റ്റു വാറന്റ് നടപ്പിലാക്കാനാണു പോലീസ് സംഘം കയ്യൂരിലെത്തിയത്.

അപ്പോള്‍ ഇത്തരം ഒരു സാമ്രാജ്യത്വ വിരുദ്ധജാഥയുടെ മുന്നിലാണോ പോലീസു കാരന്‍ വന്നുപെട്ടതും പിന്നെ അയാളുടെ മരണത്തില്‍ അവസാനിച്ചതും?

അല്ല, മാര്‍ച്ച് 12 നു നടന്ന സാമ്രാജ്യത്വ വിരുദ്ധജാഥയില്‍ പങ്കെടുത്ത സഖാക്കളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ ജാഥയായിരുന്നു അന്നു കയ്യൂരില്‍ നടന്നത്.അതിന്റെ മുന്നിലാണ് കുടിച്ച് ലക്കുകെട്ട പോലീസുകാരന്‍ സുബ്ബരായര്‍ വന്നുപെട്ടതും പിന്നീടുണ്ടായ സംഭവങ്ങളില്‍ പുഴയില്‍ ചാടിയതുമൂലം മുങ്ങി മരിക്കുകയും ചെയ്തത്.കയ്യൂര്‍ സംഭവത്തിനൊരു സാമ്രാജ്യത്വ വിരുദ്ധ ഭാവം ഉള്ളതും അതുകൊണ്ടു തന്നെയാണ്.


അതുപോലെ തന്നെ,കയ്യൂരാണെങ്കിലും കാവുമ്പായി ആണെങ്കിലും കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ വളരെ ഉള്‍നാടന്‍ കുഗ്രാമങ്ങളാണ്, ഇപ്പോളും..എങ്ങനെയാണു അവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വളരാന്‍ ഉണ്ടായ കാരണങ്ങള്‍?

അതായത് കുഗ്രാമങ്ങളായിരുന്നെങ്കിലും ജന്മിത്വം ഇവിടങ്ങളില്‍ ശക്തമായിരുന്നു.അതുകൊണ്ടു തന്നെ കര്‍ഷക പ്രസ്ഥാനങ്ങളും ഇവിടെ വളര്‍ന്നു വന്നു.ഇത്തരം ഉള്‍നാടന്‍ പ്രദേശങ്ങള്‍ ആയിരുന്നതിനാല്‍ പോലീസിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ വളരെ കുറവായിരുന്നതിനാല്‍ കര്‍ഷകസംഘം പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഇത്തരം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു.അങ്ങനെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനങ്ങളില്‍ മാറ്റം വരുത്തിയാണു ഇവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനം വളര്‍ന്നത്.കയ്യൂരിലും മറ്റും 1936 മുതല്‍ തന്നെ കര്‍ഷക സംഘങ്ങള്‍ സജീവമായിരുന്നു.കമ്മ്യൂണിസ്റ്റുകാര്‍, ദേശീയവാദികള്‍, കര്‍ഷക പ്രസ്ഥാനങ്ങള്‍ ഇവയൊക്കെ ഇത്തരം പ്രദേശങ്ങളില്‍ അന്നേ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നു കാണാം.

അതുപോലെ തന്നെ ഒന്നാണു കയ്യൂര്‍ സമരത്തില്‍ സ:ഇ .കെ നായനാരുടെ പങ്ക്. ഇക്കാര്യത്തില്‍ പിന്നീട് പല വിവാദങ്ങള്‍ ഉണ്ടാകുകയും നായനാര്‍ കയ്യൂര്‍ സമരത്തിന്റെ ഭാഗം അല്ലായിരുന്നു എന്ന രീതിയില്‍ പ്രചാരണം വരികയും ചെയ്തിട്ടുണ്ടല്ലോ?

അതു പിന്നീട് രാഷ്ട്രീയമായി ഉണ്ടാക്കിയെടുത്ത ഒന്നാണ്.അദ്ദേഹത്തെ മൂന്നാം പ്രതിയാക്കിയാണു പോലീസ് കോടതിയില്‍ കുറ്റപത്രം കൊടുത്തിട്ടുള്ളതെന്ന് കാണാം.എന്നാല്‍ ഒളിവില്‍ പോയതുകൊണ്ട് അദ്ദേഹത്തെ പിടിക്കാന്‍ പോലീസിനു സാധിക്കാതെ വരികയും അങ്ങനെ അവസാനം ശിക്ഷിക്കപ്പെടാതെ പോവുകയുമാണു ചെയ്തിട്ടുള്ളത്.

എന്നു മാത്രമല്ല അക്കാലത്ത് കയ്യൂര്‍ കേന്ദ്രമാ‍യി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അവിടെ പാര്‍ട്ടിയുടെ സെക്രട്ടറി കൂടെ ആയിരുന്നില്ലേ?

അതെ , അവിടെ കര്‍ഷകസംഘത്തിന്റേയും കമ്മ്യൂണിസ്റ്റുപാര്‍ട്ടീയുടേയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധജാഥയുടെ ഒക്കെ പിന്നില്‍ അദ്ദേഹവും ഉണ്ടായിരുന്നു.അതുകൊണ്ടു കൂടിയാണു അദ്ദേഹം മൂന്നാം പ്രതി ആകുന്നതും.

അന്നു നടന്ന ആ ജാഥയില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിരുന്നതായി അറിയാമോ?

അതിനെക്കുറിച്ച് കൃത്യമായി അറിയില്ല.പക്ഷേ അക്കാലത്ത കയ്യൂരില്‍ ഒളിവിലെന്നപോലെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹമായിരുന്നു അവിടെ എല്ലാ പ്രക്ഷോഭ പരിപാടികളുടേയും നേതൃത്വം നല്‍കിയിരുന്നത്.

അതുപോലെ തന്നെ ‘മൊറാഴ’ സംഭവമുമായി ബന്ധപ്പെട്ട് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്ന കെ.പി.ആര്‍ ഗോപാലന്റെ വധശിക്ഷ ഇളവു ചെയ്യാന്‍ കാരണം ഗാന്ധിജി ഇടപെട്ടതായിരുന്നു എന്നു പറയുന്നത് ശരിയാണോ?

ഗാന്ധിജി ഇടപെട്ടതു കൊണ്ടാണോ വധശിക്ഷയില്‍ നിന്നു ഒഴിവാക്കിയതെന്നു കൃത്യമായി പറയാന്‍ സാധിക്കില്ല.പക്ഷേ ഗാന്ധിജി ആ വിധിയെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിരുന്നു എന്നത് ശരിയാണു.ഗാന്ധിജി എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷേ അത് വിധിന്യായത്തെ പിന്നീട് സ്വാധീനിച്ചോ എന്ന് പറയാനാവില്ല.എന്നു മാത്രമല്ല പല വിധത്തിലുള്ള ‘മൂവ്‌മെന്റുകള്‍’അന്നു ഈ വിധിക്കെതിരായി ഉണ്ടായിരുന്നുവെന്നും ഓര്‍ക്കണം.അതുകൂടാതെ ഇക്കാലമായപ്പോളെക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഭരണത്തിലുള്ള ഗവണ്‍‌മെന്റും തമ്മില്‍ സമരസപ്പെട്ട ഒരു സ്ഥിതിയും ഉണ്ടായിരുന്നു.എന്നാല്‍ കയ്യൂര്‍ സമരകാലം എന്നത് വളരെ വലിയ സാമ്രാജ്യവിരുദ്ധ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു.
ഇതേ കാരണങ്ങള്‍ കൊണ്ടാണോ പിണറായി പോലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണത്തിനു വേദിയായത്?

അതെ.പിണറായിയിലെ പാറപ്പുറം വേദിയായതുതന്നെ അവിടങ്ങളില്‍ കര്‍ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായതുകൊണ്ടാണു.ചിറക്കല്‍ താലൂക്ക് മുഴുവന്‍ അറിയപ്പെട്ടിരുന്നത് ‘റെഡ് താലൂക്ക്” എന്നായിരുന്നു അന്നു തന്നെ അറിയപ്പെട്ടിരുന്നത്.

ഇരിക്കൂറിനെ ‘ചുവന്ന ഫര്‍ക്ക’ എന്ന് അറിയപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്..

ശരിയാണ്.

ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എങ്ങനെ ശക്തിപ്പെട്ടു?

അതിനു കാരണം അവിടങ്ങളില്‍ ജന്മിത്വം വളരെയധികം ശക്തമായിരുന്നു എന്നതു തന്നെ.അതിന്റെ തിക്തഫലങ്ങള്‍ കൂടുതലും അനുഭവിച്ചത് ഇത്തരം പ്രദേശങ്ങളില്‍ ഉള്ളവരാണ്.

എന്നാല്‍ ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ കണ്ണൂര്‍ ജില്ലക്ക് പുറത്ത് തെക്കന്‍ മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടില്ല എന്നും കാണേണ്ടതല്ലേ?

ശരിയാണ്.ഉദാഹരണമായി മലപ്പുറം.അവിടെ മുസ്ലീം വിഭാഗമായിരുന്നു കൂടുതല്‍.പക്ഷേ അവരുടെ ശക്തി 1921 നു ശേഷം തകര്‍ന്നു പോയി.അതെ സമയം അവിടങ്ങളില്‍ വടക്കേ മലബാറിലെപ്പോലെയുള്ള ഒരു ജന്മിത്വ സമ്പ്രദായമല്ലായിരുന്നുവെന്നും കാണാം.ജന്മിമാരുടെ നേരിട്ടുള്ള ഇടപെടലുകള്‍ കുറവായിരുന്നു.ഇവിടെ പുതിയതായി വന്ന പണക്കാരും ഉണ്ടായിരുന്നതിനാല്‍ വടക്കേമലബാറിലെ പോലെ ഭൂമി മുഴുവന്‍ ജന്മിമാരുടെ കൈവശം എന്നൊരു അവസ്ഥ ഇല്ലായിരുന്നു.’പുനം കൊത്താ’നുള്ള സമരമൊക്കെ വടക്കേമലബാറില്‍ മാത്രം ഉണ്ടാകാനുള്ള കാരണവും അതാണ്.
കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാണു കേരളം എന്നത് ഒരു ‘മിത്താ’യിരുന്നു എന്ന് സാര്‍ പറഞ്ഞിരുന്നു.അതെന്താണു കാരണം?

അതായത് ഐതിഹ്യം പറയുന്നത് പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ചു എന്നാണല്ലോ.എന്നാല്‍ ചരിത്രത്തില്‍ കോലത്തിരി രാജാവും അപ്രകാരം ബ്രാഹ്മണരെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ട്.ഇതൊക്കെ കൊണ്ട് ഗോകര്‍ണ്ണം വരെയാണു കേരളം എന്നൊരു മിത്ത് രൂപം പ്രാപിച്ചു എന്നേയുള്ളൂ.ഒരിക്കലും കേരളം ഗോകര്‍ണ്ണം വരെ ആയിരുന്നിട്ടില്ല.

ഇപ്പോള്‍ കാസര്‍‌ഗോട്ടെ ചന്ദ്രഗിരിപ്പുഴക്ക് വടക്കോട്ട് തുളു സംസാരിക്കുന്ന പ്രദേശങ്ങളും കേരളത്തിന്റെ ഭാഗം ആണല്ലോ.സംസ്ഥാന പുന:സംഘടനക്കു മുമ്പും അതു കേരളത്തിന്റെ ഭാഗമായിട്ടാണോ കണ്ടിരുന്നത്?

അല്ല, ഭാഗമായിരുന്നില്ല.ശരിക്കു പറഞ്ഞാല്‍ കന്യാകുമാരി നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ ‘കോമ്പന്‍‌സേഷന്‍ ‘ ആണു ഈ തുളുനാടന്‍ പ്രദേശങ്ങള്‍.ഇന്നും ആ പ്രദേശങ്ങളില്‍ തുളുവാണു മുഖ്യഭാഷ.അതുകൊണ്ടാണു കര്‍ഷക പ്രസ്ഥാനങ്ങളൊന്നും അവിടെ വളര്‍ന്നു വരാതിരുന്നതും.ഭാഷ തന്നെ ഒരു പ്രശ്നമായിരുന്നു.അവിടെ ഉണ്ടായിരുന്ന കര്‍ണ്ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായ വ്യത്യാസമുണ്ടായിരുന്നു.കേരളത്തില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആയിരുന്നു.

ഈ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണു പിന്നീട് പിണറായി സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നത് അല്ലേ?

അതെ.

അതുപോലെ മറ്റൊരു ചോദ്യം, കേരളത്തിലെ വിവിധ ജാതികള്‍,നമ്പൂതിരി, ഈഴവര്‍..ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നവര്‍ ആണോ?

ആദിവിഭാഗം എന്നത് “ട്രൈബല്‍ സൊസൈറ്റി” യാണു.അപ്പോള്‍ ഇപ്പറഞ്ഞ ജാതികളും ഇവരുമായി ബന്ധപ്പെട്ടു തന്നെ ഉരുത്തിരിഞ്ഞു വന്നതായിരിക്കണം.അതുകൊണ്ടാണു “കറുത്ത നമ്പൂതിരി”മാരും ഉണ്ടായിരിക്കുന്നത്.അപ്പോള്‍ ‘ആര്യജനത’ എന്നൊരു വംശീയ ഔന്നത്യം ( racial superiority) ഒന്നും കേരളത്തിലെ നമ്പൂതിരിമാരില്‍ കാണാന്‍ കഴിയില്ല.അപ്പോള്‍ അവര്‍ “കള്‍ച്ചറല്‍ ഐഡന്റിറ്റി” മാത്രമേ ഉള്ളൂ, “റേഷ്യല്‍ ഐഡന്റിറ്റി” ഇല്ലെന്നു പറയാം.

കേരളത്തിലെ നമ്പൂതിരിമാര്‍ ആന്ധ്രയില്‍ നിന്നു വന്നവരാണെന്ന് പറയുന്നത് ശരിയാണോ? ഗുണ്ടൂരിനടുത്തുള്ള “നമ്പൂര്‍” ഗ്രാമത്തില്‍ നിന്നു വന്നതുകൊണ്ട് നമ്പൂതിരിമാര്‍ എന്ന് പേരു വന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

അങ്ങനെ പലതും പറയാറുണ്ടെങ്കിലും ശരിക്കും ഇവിടെ തന്നെയുള്ളവര്‍ , ഗോകര്‍ണ്ണത്തു നിന്നും മറ്റും വന്ന ബ്രാഹ്മണരും ചേര്‍ന്ന് അതേ സംസ്കാരത്തിന്റെ ഭാഗമായെന്നു വേണം കരുതാന്‍

അതുപോലെ ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് പറയുന്നു..

അതു ധാരാളമായി പറയുന്ന ഒന്നാണ്.തെങ്ങുകൃഷിക്കാരായി വന്നു എന്ന്, “ഈഴത്തു നാട്ടില്‍” നിന്നും വന്നു എന്ന് വടക്കന്‍ പാട്ടിലും മറ്റും പറയുന്നുണ്ട്.ഇത്രയധികം പേര്‍ വന്നിട്ടുണ്ടാവില്ല..കുറെപ്പേര്‍ വന്നിട്ടുണ്ടാവാം.

മഹീന്ദ്ര രജപക്ഷയെ ഒക്കെ കണ്ടാല്‍ ഒരു മലയാളി ഛായയാണു കൂടുതല്‍ തോന്നുക

അതെ..അപ്പോള്‍ ചില ആള്‍ക്കാര്‍ വന്നിരിക്കാം.പക്ഷേ കൂടുതലും ഇവിടെയുള്ളവര്‍ തന്നെ തൊഴില്‍ പരമായും സാംസ്കാരികപരമായും വിവിധ ജാതികളില്‍ പെടുകയാണു ഉണ്ടായത്.

ഈ ജാതിവ്യത്യാസം എത്ര വര്‍ഷം മുന്‍പായിരിക്കും കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നത്? ഒരു ആയിരം വര്‍ഷം?

അതിപ്പോള്‍ സംഘകാലത്തു തന്നെ ഒരു പ്രദേശത്തു താമസിക്കുന്നവരെ ഒരു പ്രത്യേക പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.”ഉഴവര്‍”, “ഗിരിജനങ്ങള്‍” എന്നു തുടങ്ങിയ “പ്രാദേശിക പേരുകളി’ലാണു അറിയപ്പെട്ടിരുന്നത്.ജാതി വ്യത്യാസമെന്ന നിലയില്‍ തുടങ്ങിയിരുന്നില്ല.
പിന്നീടാണു ജാതി വ്യവസ്ഥ ഇപ്പോളത്തെ രീതിയില്‍ ഉരുത്തിരിഞ്ഞു വന്നത്.

ഞാനൊരു പുസ്തകം വായിച്ചിരുന്നു.ശ്രീ വേലയുധന്‍ പണിക്കശ്ശേരിയുടെ “ക്ലിയോപാട്ര മലയാളി പെണ്‍കൊടിയാണ്”. അത്തരം ഒരു ബന്ധത്തിന് എത്രമാത്രം സാധ്യത ഉണ്ട്?

അതൊക്കെ മിത്തുകളല്ലാതെ തെളിവുകള്‍ ഇല്ലാത്ത കാര്യങ്ങളാണ്.അതൊക്കെ ഓരോ ആള്‍ക്കാര്‍ അങ്ങനെ എഴുതുന്നു എന്നല്ലാതെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല

ഈ വിദേശ ശക്തികള്‍ ഒക്കെ ഇവിടെ വരാന്‍ മാത്രം നമ്മുടെ കേരളം പുരാതന കാലത്ത് അത്ര സമ്പന്നമായിരുന്നോ?

അതായത് അവര്‍ക്കു വേണ്ടുന്ന സാധനങ്ങള്‍ ഇവിടെ ഉണ്ട്.സ്പൈസസ് അവര്‍ക്ക് ആവശ്യമായിരുന്നു.മാംസം സൂക്ഷിക്കാന്‍ അതാവശ്യമായിരുന്നു.അതിനായി അവര്‍ ഇവിടെ വന്നു.അതേ സമയം നമ്മുടെ ഒറ്റ കപ്പലുകള്‍ പോലും അങ്ങോട്ടു പോയതായി രേഖകള്‍ ഇല്ല

വാസ്കോഡഗാമ വരുന്നു, നേരിട്ട് സാമൂതിരിയുമായി ബന്ധപ്പെടുന്നു..അതുപോലെ മറ്റു വിദേശീയര് വരുന്നു‍.ഇവരൊക്കെ എങ്ങനെ അന്ന് ഇത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നു.ഭാഷ പോലും അന്യമല്ലേ?

ദ്വിഭാഷികള്‍ അന്നും ഉണ്ടായിരുന്നു.അറബിക് , പോര്‍ട്ടുഗീസ് തുടങ്ങിയ ഭാഷകള്‍ അറിയാവുന്ന മുസ്ലീം വ്യാപാരികളും മറ്റും അന്നേ ഉണ്ടായിരുന്നതായി കാണാം.മാത്രവുമല്ല യൂറോപ്പില്‍ നിന്നും വരുന്നവര്‍ വിവിധ ഭാഷകള്‍ പഠിച്ചിരുന്നവരായിരുന്നുവെന്നും കാണാം.അഞ്ചും ആറും ഭാഷ സംസാരിച്ചിരുന്നവര്‍ വരെ ഉണ്ടായിരുന്നു.

നാം ഇന്നു സംസാരിക്കുന്ന മലയാളം തന്നെയായിരുന്നോ അന്നും സംസാരിച്ചിരുന്നത്?

അല്ല, മധ്യകാലീനമായ മലയാളം ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.നമ്മള്‍ എത്രമാത്രം മറ്റു ഭാഷകള്‍ സംസാരിച്ചിരുന്നു എന്ന് അറിയില്ല.പക്ഷേ അവര്‍ ഒന്നിലധികം ഭാഷകള്‍ പഠിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.

ഇനി നമുക്കു ‘ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വരാം.എന്തൊക്കെയാണു പ്രവര്‍ത്തനങ്ങള്‍?

ഹെറിറ്റേജ് കൌണ്‍സില്‍ എന്നത് മരവിപ്പിച്ച് ഇട്ടിരുന്ന ഒന്നാണു.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.അങ്ങനെയാണു ഞാനവിടെ എത്തിച്ചേരുന്നത്.ഇപ്പോള്‍ അവിടെ ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കീവിയല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.ഇതുകൂടാതെ പല കോളേജുകളിലും ഹെറിറ്റേജ് ക്ലബുകള്‍ തുടങ്ങി കൂടുതലായി ഒരു ബോധവല്‍ക്കരണം നടത്താനാണു ശ്രമിക്കുന്നത്.നമ്മുടെ പ്രൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണു, അതില്‍ ജനങ്ങളുടെ പങ്കെന്താണു എന്നൊക്കെയുള്ള കാര്യങ്ങളിലാണു ഊന്നല്‍ നല്‍കുന്നത്.

ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും ഹെറിറ്റേജ് കൌണ്‍‌സിലും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അവരും ഇതു തന്നെയല്ലേ ചെയ്യുന്നത്?

അതായത് പൈതൃക സംരക്ഷണം അവരാണു ചെയ്യുന്നത്.ഹെറിറ്റേജ് കൌണ്‍സിലിനു സംരക്ഷണം നടത്താനുള്ള ഫണ്ടില്ല.ഞങ്ങള്‍ ചെയ്യുന്നത് മീഡിയ വഴിയായും, ഹെറിറ്റേജ് കൌണ്‍സിലുകള്‍ വഴിയായും ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണു.പ്രചാരണം ആണു മുഖ്യം.

ഞാന്‍ തലശ്ശേരിയിലെ ‘ഗുണ്ടര്‍ട്ട് സ്മാരകം” കാണാന്‍ പോയി.കണ്ടു കഴിഞ്ഞപ്പോള്‍ നിരാശ തോന്നി.ഒരു ഫോട്ടോ അല്ലാതെ ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മകള്‍ പേറുന്ന ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല.ഒരു ബോര്‍ഡ് പോലും ഇല്ല.ഇതൊക്കെ സംരക്ഷിക്കാന്‍ എന്തെങ്കിലും ഹെറിറ്റേജ് കൌണ്‍സിലിനു എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?

ഞങ്ങള്‍ക്ക് ഇതുപോലെയുള്ളവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആവശ്യമായ ഫണ്ടില്ല.അതു ചെയ്യേണ്ടത് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ്.അവര്‍ക്കും വേണ്ടത്ര ഫണ്ടില്ല എന്നാണു പറയുന്നത്.ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അവയെ സംരക്ഷിക്കാനുള്ള അവബോധം ജനങ്ങളിലും സര്‍ക്കാരിലും സൃഷ്ടിക്കുക എന്നതാണ്.

അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു സംരക്ഷിത സ്മാരകങ്ങളുടെ ചരിത്രത്തെ സംബന്ധിച്ച വിവരങ്ങളുടെ അഭാവം.ഉദാഹരണമായി കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കലിന്റെ മുന്നില്‍ പോലും ഇത്തരം ഒരു ബോര്‍ഡ് കാണാനില്ല..

അതെ.ശരിയാണ്.ഇത്തരം ലിറ്ററേച്ചറുകളുടെ അഭാവം എന്നത് ‘ഹെറിറ്റേജ് കേരള’യുടെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നാണ്.അത്തരം വിവരങ്ങള്‍ എഴുതിയുണ്ടാക്കാനുള്ള ഒരു ശ്രമം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് (Malabar Institute For Research and Development)എന്നൊരു എന്‍.ജി.ഓ(NGO) ഇപ്പോളുണ്ട്.കണ്ണൂര്‍ കോട്ടയെക്കുറിച്ചൊക്കെ ഇപ്പോള്‍ ലിറ്ററേച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്.അതിനു നേതൃത്വം നല്‍കുന്നതും ഞാന്‍ തന്നെയാണ്.ഇനിയൊരു വര്‍ഷത്തിനുള്ളില്‍ ഇത്തരം എല്ലാ സ്ഥലങ്ങളേയും കുറിച്ചുള്ള കിട്ടാവുന്ന എല്ലാ വിവരങ്ങളും അതാത് സ്ഥലങ്ങളില്‍ ലഭ്യമാകുന്നതാണു.ഇതെല്ലാം ഈ എന്‍.ജി.ഓ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണു.ശരിക്കും നമ്മുടെ ടൂറിസം ഡവലപ്പ്‌മെന്റ് എന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാതെയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.അതിപ്പോള്‍ മാറി വരികയാണ്.
(കെ.കെ.എന്‍ കുറുപ്പിനോടൊപ്പം ഞാന്‍)
സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണു?

നല്ലൊരു ഉദ്യാനം ഇപ്പോള്‍ അവിടെയുണ്ട്.ഏതാണ്ട് 40 ആ‍ള്‍ക്കാര്‍ ജോലിക്കാര്‍ തന്നെയുണ്ട്.പിന്നെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍, ഞാനൊക്കെ സ്വന്തം നിലയില്‍ ചെയ്യുന്ന ലേഖനങ്ങളും ഗവേഷണങ്ങളും മറ്റും.ഇതൊക്കെയാണ് ഇപ്പോളത്തെ പ്രവര്‍ത്തനങ്ങള്‍.

തൃപ്പൂണിത്തുറ ഹില്‍‌പാലസില്‍ എന്തൊക്കെ ചെയ്യുന്നുണ്ട്?

പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നുണ്ട്.ഇങ്ങനെ ഒന്നുണ്ട് എന്നൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാവുന്ന നില വന്നിട്ടുണ്ട്.ബുള്ളറ്റിന്‍, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധികരിക്കുന്നു.ട്രാന്‍സ്ക്രിപ്റ്റ് ഗവേഷണത്തിനുള്ള അവസരം ഉണ്ട്.ഔഷധസസ്യങ്ങളുടെ നല്ല ഒരു ഉദ്യാനമുണ്ട്.'ഹോര്‍ത്തൂസ് മലബാറിക്കൂസ്” എന്ന ഗ്രന്ഥത്തിന്റെ റീപ്രിന്റ് ചെയ്തിട്ടുണ്ട്. അങ്ങനെ പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.ഇതൊന്നും വളരെ വികസിത രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളായി ഞാന്‍ കാണുന്നില്ല.ഒരു സര്‍വകലാശാലയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആയി കണക്കാക്കിയാല്‍ മതി.

( ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Sunday, March 7, 2010

മറുനാടന്‍ മലയാളികളേ, ഇതിലേ ഇതിലേ.......!

കേരളം മലയാളികളുടെ മാതൃഭൂമി.കേരളത്തിന്റെ ആകെ ജനസംഖ്യ ഏതാണ്ട് മൂന്നേകാല്‍ കോടിയെങ്കില്‍ പ്രവാസികളായ മലയാളികളുടെ എണ്ണം ഇരുപത്തിയഞ്ചു ലക്ഷത്തോളമാണ്.കേരളത്തിനുപുറത്ത് മറ്റു സംസ്ഥാനങ്ങളിലും ഭാരതത്തിനു വെളിയില്‍ ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കണ്ടെത്താനാവും.ഭാരതത്തിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയധികം പ്രവാസികള്‍ ഇല്ല.

കേരളത്തിലെ സമ്പത്‌ഘടനയെ നിലനിര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലാത്തതാണെന്ന് എല്ലാവര്‍ക്കും അറിയാം.ഒരാളെ ആശ്രയിച്ച് അഞ്ചു പേര്‍ എന്നൊരു കണക്കെടുത്താല്‍ തന്നെ ഏതാണ്ട് ഒന്നേകാല്‍ കോടി മലയാളികളും പ്രവാസികള്‍ അയക്കുന്ന ഡ്രാഫ്റ്റിനെ ആശ്രയിച്ച് കഴിയുന്നവരാണെന്ന് മനസ്സിലാക്കാം.

എന്നാല്‍ ഇങ്ങനെയുള്ള പ്രവാസികളില്‍ ഭൂരിപക്ഷത്തിന്റേയും യഥാര്‍ത്ഥ അവസ്ഥ പരിതാപകരമാണെന്നതാണു സത്യം.ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ മുതല്‍ മറ്റു ഭാരതീയ സംസ്ഥാനങ്ങളില്‍ കൂലി വേലക്കാരില്‍ വരെ മലയാളികളെ കണ്ടെത്താം.ഒരു ആയുസുമുഴുവന്‍ ചോര നീരാക്കി പണിയെടുത്ത് കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളോട് നാടിനുള്ള കടപ്പാട് എന്താണ്? കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഒരു പ്രവാസികാര്യ വകുപ്പു തന്നെയുണ്ട്.എന്നാല്‍ വിദേശങ്ങളിലെ വ്യവസായികളായ മലയാളികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് ‘പ്രവാസി ദിവസ്” ആഘോഷിക്കുന്ന വകുപ്പായി അതു ചുരുങ്ങിയിരിക്കുന്നു.സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരു പദ്ധതിയും ഇന്നു വരെ നടപ്പിലാക്കിയതായി കാണാനാവില്ല.

എന്നാല്‍ സാധാരണക്കാരോട് പ്രതിബദ്ധതയുള്ള കേരളത്തിലെ ഇപ്പോളത്തെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാമറുനാടന്‍ മലയാളികള്‍ക്കുമായി ഒരു ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നു.അതിനായി “കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ്” എന്നൊരു ബോര്‍ഡ് തന്നെ നിലവില്‍ വന്നിരിക്കുന്നു.എം.എല്‍.എ, എം.പി,മന്ത്രി എന്നനിലയിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ടി.കെ ഹംസയാണ് ഈ പുതിയ ബോര്‍ഡിന്റെ ചെയര്‍മാന്‍.അദ്ദേഹമടക്കം ഒരു പതിനഞ്ച് അംഗ ഡയറക്ടര്‍ ബോര്‍ഡ് ആണു ഇതിന്റെ പരിപാടികള്‍ നിയന്ത്രിക്കുന്നത്.ഈ പതിനഞ്ചു പേരില്‍ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി,തൊഴില്‍ വകുപ്പ് സെക്രട്ടറി,നിയമ വകുപ്പ് സെക്രട്ടറി, ധനകാര്യവകുപ്പു സെക്രട്ടറി തുടങ്ങിയ 8 സര്‍ക്കാര്‍ പ്രതിനിധികളും വിദേശത്തും ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികളുടെ പ്രതിനിധികളുമായി 7 പേരുമാണുള്ളത്.ഈ 7 പേരില്‍ ഒരാള്‍ മദിരാശി കേരള സമാജം സെക്രട്ടറിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ ആണ്.മറ്റുള്ളവര്‍ താഴെ പറയുന്നവരാണ്.

ശ്രീ കൊച്ചുകൃഷ്ണന്‍ ( യു.എ.ഇ)
ശ്രീ.പി.എം ജബീര്‍ ( ഒമാന്‍)
ശ്രീ പയ്യോളി നാരായണന്‍
ശ്രീ.കെ വിജയകുമാര്‍
ശ്രീ സി.എന്‍ ചന്ദ്രന്‍
ശ്രീ പി.ആര്‍ കൃഷ്ണന്‍ ( മുംബൈ)

ഇതു ഒരു പുതിയ സംരംഭം ആണ്.ഈ ബോര്‍ഡിന്റെ ആദ്യ യോഗം 2010 ജനുവരിയില്‍ തിരുവനന്തപുരത്തു കൂടി പ്രവാസി ക്ഷേമനിധിക്ക് രൂപം നല്‍കി.ഇതു സംബന്ധിച്ച് കേരളസര്‍ക്കാര്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനും അംഗങ്ങളെ ചേര്‍ക്കാനുമുള്ള യോഗം മാര്‍ച്ച് 6 നു ചെന്നൈയില്‍ നടന്നു.അതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ.ടി.കെ ഹംസ ഈ ക്ഷേമനിധികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.യോഗത്തിനു തൊട്ടുമുന്‍‌പ് അദ്ദേഹം നടത്തിയ പത്ര സമ്മേളനത്തിന്റെ വീഡിയോ ആണു താഴെകൊടുത്തിരിക്കുന്നത്.

എല്ലാ മലയാളികളും തീര്‍ച്ചയായും ഈ വീഡിയോ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ബോര്‍ഡ് അംഗം കൂടിയായ ശ്രീ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനേയും വീഡിയോയില്‍ കാണാം.ക്ഷേമനിധി സംബന്ധിച്ച വിശദാംശങ്ങളാണു ശ്രീ ടി.കെ ഹംസ ഇതില്‍ സംസാരിക്കുന്നത്.ഏതെങ്കിലും കാരണവശാല്‍ ഈ വീഡിയോ ഇവിടെ കാണാന്‍ പറ്റാത്തവര്‍ക്ക് ഈ ലിങ്കില്‍ ഞെക്കി വീഡിയോ കാണാം.

തുടര്‍ന്നു നടന്ന സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്തരിച്ച മുന്‍‌മുഖ്യമന്ത്രിയായിരുന്ന സ:ഇ.കെ നായനാരാണു പ്രവാസികള്‍ക്ക് ഒരു ക്ഷേമനിധി എന്നൊരു ആശയം മുന്നോട്ടു വച്ചതെന്ന് ചടങ്ങില്‍ സംസാരിച്ച ശ്രീ ടി.കെ ഹംസ ഓര്‍മ്മിച്ചു.സ:നായനാരുടെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു, മറുനാട്ടില്‍ ജീവിക്കാനായി കഷ്ടപ്പെടുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ളത് എന്നും അദ്ദേഹം പറഞ്ഞു.ആ സ്വപ്ന സാക്ഷാല്‍‌ക്കാരമാണു ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്തുകാട്ടി.ഈ ക്ഷേമനിധിയുടെ പ്രധാന പ്രത്യേകതകള്‍ ഇനിപ്പറയുന്നവയാണു.
 • എല്ലാ മറുനാടന്‍ മലയാളികളേയും ‘പ്രവാസി” എന്ന പേരിനു കീഴില്‍ കൊണ്ടുവന്നിരിക്കുന്നു.സാധാരണയായി വിദേശ മലയാളികളെ മാത്രമാണ് പ്രവാസികളായി സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.
 • പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവരും ( കാലാവധി തീര്‍ന്നതിനാലും,രോഗപീഡകളാലും,ജോലി നഷ്ടപ്പെട്ടും, വിരമിക്കല്‍ മൂലവും തുടങ്ങി ഏതു കാരണത്താലും) ഈ ക്ഷേമനിധിയുടെ ഭാഗമാണ്.അവര്‍ക്കും അംഗങ്ങളാകാം.
 • മൂന്നുവര്‍ഷം ഭാരതത്തിനു വെളിയില്‍ ജോലി ചെയ്തവര്‍ക്കും ആറുമാസം ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവര്‍ക്കും ഇതില്‍ അംഗങ്ങളാകാം.
 • 18 വയസ്സിനും 55 വയസ്സിനും ഇടക്കുള്ളവര്‍ക്ക് അംഗങ്ങളാകാം.
 • അഞ്ചു വര്‍ഷം ക്ഷേമനിധിയില്‍ പ്രീമിയം( അംശാദായം) അടക്കുന്നവര്‍ക്ക് 60 വയസ്സിനു ശേഷം പ്രതിമാസ പെന്‍ഷന്‍ പദ്ധതി.അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രീമിയം അടച്ചാല്‍ അടക്കുന്ന തുകയുടെ 3% കൂടി പെന്‍ഷനോട് കൂട്ടിച്ചേര്‍ക്കുന്നു.
 • അംഗത്വഫീസ് 200രൂ.വിദേശമലയാളികള്‍ക്ക് 300 രൂ പ്രതിമാസ പ്രീമിയം.തിരിച്ചെത്തിയവര്‍ക്കും മറ്റു സംസ്ഥനങ്ങളിലുള്ളവര്‍ക്കും 100രൂ പ്രതിമാസ പ്രീമിയം.
 • പ്രവാസി മരിച്ചാല്‍ കുടുംബത്തിനു പെന്‍ഷന്റെ 50% വച്ച് നല്‍കും
 • 3 വര്‍ഷമെങ്കിലും പ്രീമിയം അടച്ചതിനു ശേഷം പിന്നീട് അടക്കാന്‍ പറ്റാത്തവര്‍ക്ക് 40% അവശതാ പെന്‍ഷന്‍
 • ഏതെങ്കിലും കാരണത്താല്‍ സ്ഥായിയായ ശാരീരിക അവശതകളാല്‍ ജോലി ചെയ്യാന്‍ കഴിയാതെ വരുന്നവര്‍ക്ക് അടച്ച മുഴുവന്‍ തുകയും, ബോര്‍ഡ് നിശ്ചയിക്കുന്ന ഒരു തുകയും ചേര്‍ത്ത് കൊടുക്കുന്നു.
 • ജോലിയിലിരിക്കുന്ന പ്രവാസി മരിച്ചാല്‍ അത് വിദേശ മലയാളിയെങ്കില്‍ കുടുംബത്തിനു അപ്പോള്‍ തന്നെ 50,000 രൂ നല്‍കും.തിരിച്ചു വന്നവര്‍ക്ക് 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് 25,000 രൂപയും.
 • മാരകരോഗങ്ങള്‍ വരുന്നവര്‍ക്ക് ചികിത്സാസഹായമായി 50,000രൂ.
 • പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാപരിപാടിക്കായി ദേശസാല്‍‌കൃത ഇന്‍ഷ്വറന്‍ കമ്പനികളുമായി ചര്‍ച്ച നടക്കുന്നു.
 • കുറഞ്ഞത് 3 വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗങ്ങള്‍ക്ക് 5000രൂ വരെ വിവാഹ ധനസഹായം.
 • പ്രവാസികളുടെ രണ്ടു പെണ്‍കുട്ടികള്‍ക്കു വരെ വിവാഹ ധനസഹായം.
 • രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച വനിതാ അംഗത്തിനു രണ്ടു പ്രസവങ്ങള്‍ക്ക് വരെ ധനസഹായം
 • പ്രവാസികളുടെ മക്കള്‍ക്ക് പ്രസവ ധനസഹായം.
 • രണ്ടു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഗ്രാന്റ്.
 • വീട് ,വസ്തു എന്നിവ വാങ്ങുന്നതിനും വീടു വയ്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനും പലിശക്കും പലിശ ഇല്ലാതെയും വായ്പ നല്‍കാനുള്ള “പ്രവാസി ആശ്വാസ നിധി”
 • തിരിച്ചു വന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും, കമ്പിനികള്‍ തുടങ്ങാനും,സഹകരണസംഘങ്ങള്‍ തുടങ്ങാനും വായ്പ.അതില്‍ ബോര്‍ഡ് ഷെയര്‍ എടുക്കുന്ന പദ്ധതി.
 • 55 വയസ്സില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അംഗങ്ങളാകാന്‍ കഴിയാതെ വന്നവര്‍ക്കായി “പ്രവാസി കേരളീയര്‍(വിദേശം) പ്രത്യേക സഹായനിധി”
 • ഇങ്ങനെയുള്ളവര്‍ക്ക് അടിയന്തിര ചികിത്സാ സഹായമായി 25,000 രൂപവരെ.
 • ഇപ്പോള്‍ 55 വയസ്സുള്ളവര്‍ക്ക് 60 വയസ് തികയുമ്പോള്‍ ഒരു നിശ്ചിത തുക സാമ്പത്തിക ധനസഹായം നല്‍കുന്നതിനുള്ള വിപുലമായ പദ്ധതി.
 • മരണമടയുന്ന വിദേശമലയാളികളുടെ ആശ്രിതര്‍ക്ക് ധനസഹായ പദ്ധതി.

പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഒരു പുതിയ സംരംഭം ആണ്.ഇതിന്റെ വിജയം എന്നത് അംഗങ്ങളുടെ എണ്ണവുമായും കൃത്യമായി പ്രീമിയം അടക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.പ്രീമിയം തുക ഒന്നിച്ചടക്കാനും ആറുമാസത്തില്‍ ഒരുമിച്ചടക്കാനുമൊക്കെയുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്.കഴിയുന്നത്ര ആള്‍ക്കാരെ ഇതിന്റെ ഭാഗമാക്കാന്‍ ഓരോ മലയാളിയും ശ്രമിക്കേണ്ടതാണെന്ന് ശ്രീ .ടി.കെ ഹംസ യോഗത്തില്‍ എടുത്തു പറഞ്ഞു.സ്വന്തം സ്ഥലത്തെ മലയാളി സംഘടനകളുമായി ഇതിനായി ബന്ധപ്പെടാവുന്നതുമാണ്.മറുനാട്ടില്‍ വ്യവസായം നടത്തുന്ന വമ്പന്മാരെയോ ഉന്നത തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയോ അല്ല സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരെ സഹായിക്കുക എന്നതാണു ഈ ക്ഷേമനിധികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറുനാടന്‍ മലയാളികളില്‍ ഭൂരിപക്ഷവും അത്തരക്കാരാണു താനും.വ്യവസ്ഥകള്‍ കഴിയുന്നത്ര ലളിതമാക്കാന്‍ ബോര്‍ഡ് ശ്രദ്ധിച്ചിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ലിങ്കുകള്‍

1:പ്രവാസി കേരളീയ ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് -- ലിങ്ക് 1
2:അംഗത്വത്തിനുള്ള അപേക്ഷാഫോറങ്ങള്‍ ലഭിക്കുന്ന സൈറ്റ് - ലിങ്ക് 2
3:പ്രവാസി കേരളീയരുടെ ക്ഷേമ ആക്ട്,2009 ( സര്‍ക്കാര്‍ ഗസറ്റ്-പി.ഡി എഫ്)- ലിങ്ക് 3

അംഗത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട വിധം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കൊടുത്തിരിക്കുന്നത് താഴെ സ്കാന്‍ ചെയ്ത് കൊടുത്തിരിക്കുന്നു.ചിത്രങ്ങളില്‍ ഞെക്കി വലുതായി കാണാം(പേജ് 1)(പേജ് 2)

ഭാരതത്തില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ക്ഷേമനിധി പ്രവാസികള്‍ക്കായി ഉണ്ടാകുന്നത്.ഏതാണ്ട് 20,000 കോടി രൂപ ഇമിഗ്രേഷന്‍ ക്ലിയറന്‍‌സിന്റെ ഭാഗമായി കെട്ടിവക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ തന്നെ അവകാശികള്‍ തിരിച്ചെടുക്കാത്ത തുകയായി കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ അവശേഷിക്കുന്നുണ്ടെന്നാണു കണക്കുകള്‍.എന്നാല്‍ അത്തരം ഒരു തുകയും കൈയിലില്ലാത്ത ഒരു സംസ്ഥാനസര്‍ക്കാര്‍ ഇത്തരം ഒരു ക്ഷേമനിധിക്ക് മുന്നിട്ടിറങ്ങുന്നത് തീര്‍ച്ചയായും അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നത്.

ക്ഷേമനിധി വലുതാകുന്നതോടെ ബോര്‍ഡ് നല്‍കുന്ന ധനസഹായങ്ങളുടെ തുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ടി.കെ ഹംസ പറഞ്ഞു.

ഇതു വായിക്കുന്ന ഓരോ മലയാളിയും സ്വയം അംഗമാകുന്നതിനോടൊപ്പം മറ്റുള്ളവരെ അംഗങ്ങളാക്കാനും ശ്രമിക്കണമെന്നാണു എനിക്ക് പറയുവാനുള്ളത്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണമാറ്റം ഉണ്ടായാല്‍ മാറി വരുന്ന സര്‍ക്കാര്‍ ഈ ക്ഷേമനിധി വേണ്ടവിധം കൊണ്ടുപോകാന്‍ എന്തു നടപടിയാണ് ഇപ്പോള്‍ ബോര്‍ഡ് എടുക്കുന്നത് എന്ന് വിശദീകരണ സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ സംശയം ഉന്നയിച്ചു.അതിനു ശ്രീ.ടി.കെ.ഹംസ നല്‍‌കിയ മറുപടി രസകരവും അതേ സമയം ചിന്തോദ്ദീപകവുമായിരുന്നു.”മറുനാടന്‍ മലയാളികള്‍ക്കായി ഇത്തരം നല്ല സേവനങ്ങള്‍ ചെയ്യുന്ന ഈ സര്‍ക്കാര്‍ മാറാതിരിക്കാന്‍ എന്താ ചെയ്യാനാവുക എന്നു വച്ചാല്‍ അതങ്ങ്‌ട് ചെയ്യുക” എന്നായിരുന്നു അത്.

ശരിയല്ലേ?

(നന്ദി: വീഡിയോയും ഒരു ചിത്രവും തന്ന മദിരാശി കേരളസമാജത്തിന്)