Thursday, December 31, 2009

എനിക്കും ഒരു വയസ്സ്!!!

പ്രത്യാശയുടെ ഒരു നവ വല്‍‌സരം കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാ‍വര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!

ഈ പുതുവത്സരത്തോടൊപ്പം “കാണാമറയത്ത് ‘ എന്ന ഈ ബ്ലോഗിനും ഒരു വയസ് പൂര്‍ത്തിയാവുകയാണ്.ഈ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ എന്നാലാവും വിധം ബ്ലോഗിംഗ് രംഗത്ത് ചില ഇടപെടലുകള്‍ നടത്താനായിട്ടുണ്ടെന്നാണു എന്റെ എളിയ വിശ്വാസം.അത് വിലയിരുത്തേണ്ടത് നിങ്ങളാണ്.ഈ ഒരു വര്‍ഷം എന്നെ വായിക്കുകയും വിമര്‍ശനങ്ങള്‍ അറിയിക്കുകയും ചെയ്ത് എന്നെ പിന്തുണച്ച എല്ലാ നല്ല വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഓരായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നും.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി !

Saturday, December 26, 2009

എഴുപതിന്റെ നിറവില്‍ പിണറായി....!

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഔദ്യോഗികമായി എഴുപത് വയസ്സ് തികയുകയാണു ഈ ഡിസംബറില്‍.1939 ഡിസംബറില്‍ ഇപ്പോളത്തെ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ വച്ച് നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ച അന്നത്തെ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ ഒന്നാകെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’യായി മാറിയതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

ഒരു പിണറായി യാത്രയുടെ ഓര്‍മ്മക്ക്

കോളേജ് വിദ്യാഭ്യാസത്തിന്റെ നാളുകളിലാണു ഞാന്‍ കണ്ണൂരിന്റെ മണ്ണിനെ ആദ്യമായി തിരിച്ചറിയുന്നത്.അക്കാലത്ത് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം അത്ര ശക്തമല്ലാതിരുന്ന ഒരു കോളേജിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.എങ്കിലും അന്നു ക്യാമ്പ‍സില്‍ മുഴങ്ങിക്കേട്ടിരുന്ന ഒരു മുദ്രാവാക്യം എന്നെ ആകര്‍ഷിച്ചിരുന്നു.
“കയ്യൂരും, കരിവെള്ളൂരും,
മുനയന്‍ കുന്നിലും, കാവുമ്പായിയിലും
പൊരുതി മരിച്ചൊരു ധീരന്മാരെ
നിങ്ങള്‍ക്കായിരം അഭിവാദനങ്ങള്‍’

അങ്ങനെയാണു ഈ സ്ഥലനാമങ്ങള്‍ എനിക്ക് പരിചിതമായത്.പിന്നീട് എന്താണു ഈ സ്ഥലങ്ങളിലൊക്കെ നടന്നത് എന്ന് ഞാന്‍ പുസ്തകങ്ങളിലൂടെയും അറിവുകള്‍ പങ്കുവക്കുന്നതിലൂടെയുമൊക്കെ തിരിച്ചറിഞ്ഞു.അന്നുമുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു കര്‍ഷക സമരങ്ങള്‍ നടന്ന ഈ സ്ഥലങ്ങള്‍ പോയി കാണണമെന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷമാദ്യം മാര്‍ച്ച് മാസത്തിലാണു അത് സാധിച്ചത്.ജോലിയുടെ ഭാഗമായി മംഗലാപുരത്ത് താമസിക്കുന്നതിനിടയില്‍ ഒരു ദിവസം കണ്ണൂരില്‍ ഉള്ള എന്റെ സഹപാഠിയും സുഹൃത്തുമായ മധുവിനോടൊപ്പം ഈ സ്ഥലങ്ങളിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയത്.കണ്ണൂര്‍ ജില്ല എനിക്ക് അത്ര പരിചിതമല്ല.ഈ യാത്രയിലൂടെ കണ്ണൂരിന്റെ മുക്കിലും മുലയിലും പോകാനും ആ സുന്ദരപ്രദേശങ്ങളൊക്കെ കാണാനും സാധിച്ചു.കോട്ടയവും കണ്ണൂരും തമ്മിലുള്ള ഒരു വ്യത്യാസമെന്നത് കണ്ണൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എല്ലാം വരണ്ട ഭൂപ്രകൃതിയുള്ളവയാണെന്നതാണ്.എന്നാല്‍ അതേ സമയം താഴ്വാരങ്ങള്‍ കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളെക്കാള്‍ മനോഹരവുമാണു.

ഒരു പുലര്‍കാലത്ത് പയ്യന്നൂരില്‍ നിന്നു ആരംഭിച്ച് പെരിങ്ങോം, പാടിച്ചാല്‍(മുനയന്‍‌കുന്ന്),ചീമേനി, കയ്യൂര്‍, ചെറുവത്തൂര്‍, കരിവെള്ളൂര്‍,കല്യശേരി,പറശ്ശിനിക്കടവ്, എന്നീ സ്ഥലങ്ങളിലൂടെ കറങ്ങി കണ്ണൂരിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു.പിണറായി കൂടി കണ്ടിട്ട് മംഗലാപുരത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു.മധു കാര്‍ തലശേരി -കൂത്തു പറമ്പ് റോഡിലേക്ക് തിരിച്ചു.

മധുവിനോടൊപ്പമുള്ള യാത്ര എന്നും ഓര്‍മ്മിക്കത്തക്കതാണു.കഥകളും കവിതകളും സ്ഥലവിവരണങ്ങളും മുത്തപ്പന്‍ കഥകളും തെയ്യക്കഥകളും ഒക്കെ പറയുന്നത് കേട്ടാല്‍ സമയം പോകുന്നത് അറിയുകയേ ഇല്ല.കണ്ണൂരില്‍ നിന്നു കൂത്തു പറമ്പ് റൂട്ടിലാണു മമ്പറം എന്ന സ്ഥലം"
(ചിത്രത്തില്‍ മമ്പറം എന്ന കൊച്ചു സ്ഥലം)

അവിടെ നിന്നു ഒരു ഇരുപത് മിനിട്ട് കൂടി സഞ്ചരിച്ചാല്‍ പിണറായി എന്ന ഗ്രാമീണ ഛായ തുളുമ്പി നില്‍ക്കുന്ന ചെറിയ ഒരു സിറ്റി എത്തും.ഇതേ റോഡില്‍ മമ്പറത്തിനു മുന്നെയാണു, ‘പാവങ്ങളുടെ പടത്തലവന്‍” സ: എ.കെ.ജിയുടെ ജന്മദേശമായ പെരളശേരി.

സന്ധ്യയില്‍ കുളിച്ചു നില്‍ക്കുന്ന പെരളശേരി

ഏതാണ്ട് നാലുമണി കഴിഞ്ഞ സമയത്താണു ഞങ്ങള്‍ പിണറായിയില്‍ എത്തിയത്.അവിടെ വണ്ടി നിര്‍ത്തി ഒരു ചായ കുടിച്ചു.അപ്പോള്‍ തൊട്ടടുത്തുള്ള സി.പി.എം ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന ആളിനോട് പാറപ്രം സ്മാരകത്തിലേക്ക് പോകാനുള്ള വഴി ചോദിച്ചു.

(പിണറായിയിലേക്ക് ചെല്ലുമ്പോള്‍)

അദ്ദേഹം പറഞ്ഞു തന്ന റോഡിലൂടെ പോകുമ്പോളാണു പിണറായിയുടെ ഗ്രാമീണ സൌന്ദര്യം കണു കുളിര്‍ക്കെ കാണാന്‍ കഴിയുന്നത്.അത്രക്ക് മനോഹരമായ പ്രകൃതി.കാര്‍ഷിക വിളകള്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങള്‍.തെങ്ങും,നെല്ലും,വാഴയും എല്ലാം ഇടകലര്‍ന്ന് കാണാം.കുറച്ച് ചെന്നപ്പോള്‍ വീണ്ടും വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ അവരിലൊരാള്‍ ഞങ്ങളുടെ കൂടെ വന്നു സ്നേഹം കാണിച്ചു.

(പിണറായി-പാറപ്രം റോഡ്)

പിണറായി-പാറപ്രം റോഡില്‍ ഒരല്പം ഉയര്‍ന്ന പ്രദേശത്താണു സ്മാരകം സ്ഥിതിചെയ്യുന്നത്.അതു ഞങ്ങള്‍ക്ക് കാട്ടിത്തന്ന ശേഷം , നിങ്ങള്‍ വായനശാലയിലേക്ക് വന്നിട്ട് പോകൂ എന്ന് പറഞ്ഞ് അദ്ദേഹം പോയി.


അങ്ങനെ ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്മാരകത്തിലേക്ക് കയറി.ജീവനെപ്പോലും തൃണവല്‍ഗണിച്ച് ആ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവരെ ഒരു നിമിഷം ഞാനോര്‍ത്തു.എന്നെപ്പോലെയുള്ളവര്‍ ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ക്ക് ആ ധീരന്മാര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
(പിണറായി സമ്മേളന സ്മാരകം)

വളരെ മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ള ഈ കൊച്ചു സ്മാരകത്തില്‍ അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ എഴുതി വച്ചിട്ടുള്ള ഒരു ഫലകവുമുണ്ട്.

ഒരല്പം ചരിത്രം
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ തുടക്കമല്ല അന്ന് പിണറായിയില്‍ തുടങ്ങിയത്.ഇടതു ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതിയുമൊക്കെ അതിനും എത്രയോ മുന്‍‌പ് തന്നെ അന്നു മൂന്നു നാട്ടുരാജ്യങ്ങളായിരുന്ന കേരളത്തില്‍ വേരൂന്നി തുടങ്ങിയിരുന്നു.കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയ ‘സ്വദേശാഭിമാനി ‘രാമകൃഷ്ണപിള്ളയില്‍ നിന്നായിരുന്നു ഒരു തുടക്കം എന്നു വേണമെങ്കില്‍ പറയാം.പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ ‘കമ്യൂണിസ്റ്റ് ലീഗ്’ എന്നൊരു സംഘടനയും നേരത്തെ നിലവില്‍ വന്നിരുന്നു.അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കേരളത്തില്‍ സോഷ്യലിസ്റ്റ് ആശയഗതികളോടു താല്പര്യമുള്ളവരായിരുന്നു.കേരളത്തിനു വെളിയില്‍ പഠനം നടത്തി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ സ്വാധീനപ്പെട്ട കെ.ദാമോദരന്‍,എന്‍.ഇ ബാലറാം,പൊന്നറ ശ്രീധര്‍ തുടങ്ങിയവരും പി.കൃഷ്ണപിള്ളയേപ്പോലെയുള്ള ഉറച്ച കമ്യൂണിസ്റ്റുകളുടേയും സ്വാധീനം കോണ്‍ഗ്രസില്‍ വേരൂന്നി തുടങ്ങിയിരുന്നു.സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലായ ഇ.എം എസ് അവിടെ വച്ചാണു സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുന്നത്.അങ്ങനെ കെ.പി.സി.സിയിലെ നല്ലൊരു പങ്ക് നേതാക്കളും സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുകയും അതു 1934 ല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ക്ക് രൂപം നല്‍കുകയും ചെയ്തു.എന്നാല്‍ ഇങ്ങനെ പുതിയതായി രൂപം കൊണ്ട പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ തുടരുകയും അവിടെ നിന്നു കൊണ്ടു തന്നെ വലതു പക്ഷ ചിന്താഗതിക്കെതിരെ പോരാട്ടം തുടരുകയുമാണു ചെയ്തത്.

കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സോഷ്യലിസ്റ്റ് ആശയഗതിക്കാര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.ഇവരില്‍ തന്നെ കമ്യൂണിസ്റ്റുകാരായ ആള്‍ക്കാര്‍ ഉണ്ടായിരുന്നു.അവര്‍ പ്രത്യേകം ഗ്രൂപ്പുകളായി ആന്ധ്രയിലും മറ്റും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.സാമ്രാജ്യവിരുദ്ധ മുന്നണിയുടെ ഭാഗമായി അഖിലേന്ത്യാ തലത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.ഇരു പാര്‍ട്ടികളുടേയുംജനറല്‍ സെക്രട്ടറിമാരായിരുന്ന ജയപ്രകാശ് നാരായണനും ,പി.സി ജോഷിയും തമ്മില്‍ 1936ല്‍ ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു.കമ്യൂണിസ്റ്റുകാര്‍ കോണ്‍‌ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നു.ഈ സ്ഥിതിക്കാണു 1939ല്‍ പിണറായി സമ്മേളനത്തോടെ മാറ്റം വന്നത്.കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും അഖിലേന്ത്യാ കമ്യുണിസ്റ്റ് നേതാക്കന്മാരും തമ്മിലുണ്ടായിരുന്ന നിരന്തരര സമ്പര്‍ക്കം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള പിന്തുണ കേരളത്തില്‍ ഉണ്ടാക്കാനിടയായി.അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അവരില്‍ തന്നെ പ്രമുഖര്‍ കമ്യൂണിസ്റ്റുകാരുമായിരുന്നു.

അങ്ങനെ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ് 1937ല്‍ രൂപം കൊള്ളുന്നത്.അന്നത്തെ പാര്‍ട്ടിയുടെ കേന്ദ്രകമിറ്റി അംഗമായിരുന്നു എസ്.വി ഘാട്ടേയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത് നാലു പേരായിരുന്നു.പി.കൃഷ്ണപിള്ള, ഇ.എം.എസ്,കെ.ദാമോദരന്‍, എന്‍.സി.ശേഖര്‍.അങ്ങനെ ഔദ്യോഗികമായി ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് നിലവില്‍ വന്നെങ്കിലും ഇവരെല്ലാം തന്നെ കോണ്‍ഗ്രസിലും , കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്നു വന്നു.കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനാണു അങ്ങനെ ചെയ്തിരുന്നത്. കോഴിക്കോടു നിന്ന് ‘പ്രഭാതം’ പത്രം വീണ്ടും തുടങ്ങിയത് ഇങ്ങനെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഇടതുപക്ഷക്കാരാണ്.

(സ്മാരകത്തിനു മുന്നില്‍ ഞാന്‍)

അക്കാലത്താണു 1937 ല്‍ പ്രവിശ്യാ അസംബ്ലിയിലേക്ക തിരഞ്ഞെടുപ്പു നടക്കുകയും അന്നത്തെ മദ്രാസ് അടക്കമുള്ള അര ഡസനിലേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ ഉണ്ടാവുകയും ചെയ്തു.ഇ.എം.എസ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഇടതു ചായ്‌വുള്ള ഒരു പ്രകടന പത്രിക കോണ്‍ഗ്രസിനുണ്ടാകുന്നതില്‍ അക്കാലത്ത് കോണ്‍ഗ്രസിലെ ഇടതു പക്ഷക്കാര്‍ വിജയിച്ചു,എന്നാല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ നേതൃത്വം ഇടതു പക്ഷക്കാര്‍ക്ക അല്ലായിരുന്നു.അങ്ങനെ ഇടതു പക്ഷക്കാരും അല്ലാത്തവരുമായി നിരന്തരം ആശയ സമരങ്ങള്‍ ഉണ്ടാകാനിടയായി.കേരളത്തില്‍ അക്കാലത്ത് സജീവമായിരുന്ന കര്‍ഷക സംഘത്തിന്റെ ആവശ്യപ്രകാരം നിരന്തര ആവശ്യപ്രകാരം അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കുടിയാന്മ നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമിച്ച കുട്ടികൃഷ്ണന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഇ.എം.എസ് തന്റെ 28 ആമത്തെ വയസ്സില്‍ ആ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എഴുതിയ വിയോജനക്കുറിപ്പ് ഇന്നും ഒരു ചരിത്ര രേഖയാണു.അതിന്റെ കൂടി അടിസ്ഥാനത്തിലാണു പില്‍‌ക്കാലത്ത് ഭൂപരിഷകരണ നിയമം വന്നത്.

അങ്ങനെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്തു തന്നെ വ്യക്തമായ ഭിന്നതകള്‍ ഉണ്ടാവുകയും കമ്യൂണിസ്റ്റ് കാരായവര്‍ക്ക് മറ്റുള്ളവരുമായി യോജിച്ചു പോകാന്‍ സാധിക്കാതെ വരികയും ചെയ്തു.മറ്റു സംസ്ഥാനങ്ങള്‍ അത്തരക്കാര്‍ നേരത്തെ തന്നെ കമ്മ്യൂണിസ്റ്റുകാരായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ കേരളത്തില്‍ വിചിത്രമായ സംഗതിയാണു ഉണ്ടായത്.ഇവിടെ ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നതിനാല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ഒന്നാകെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറുകയാണു ഉണ്ടായത്.ആ പ്രഖ്യാപനമാണു 1939 ഡിസംബറില്‍ പിണറായിയിലെ പാറപ്രത്ത് ഉണ്ടായത്.അങ്ങനെ രൂപം കൊണ്ട കേരളത്തിലെ പാര്‍ട്ടിക്ക് ഈ വര്‍ഷം 70 വര്‍ഷം തികയുകയാണ്.

എന്തുകൊണ്ട് പിണറായി? ഒന്ന്, അക്കാലത്തെ പ്രമുഖ നേതാവായിരുന്ന എന്‍.ഇ ബാലറാം പിണറായിക്കാരനായിരുന്നു എന്നത്.കര്‍ഷക സംഘത്തിനും പാര്‍ട്ടിക്കും നല്ല സ്വാധീനമുള്ള പ്രദേശം.പിന്നെ ഉള്‍നാടന്‍ ഗ്രാമമായിരുന്നതിനാല്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് സമ്മേളനം നടത്താനുള്ള സൌകര്യം.ഇതൊക്കെയാവാം അത്തരമൊരു കുഗ്രാമത്തില്‍ തന്നെ രഹസ്യ സമ്മേളനം നടത്താന്‍ കാരണം.

പാറപ്രത്തെ ‘വിവേകാനന്ദാ വായനശാല’യിലാണു അന്നവിടെ വന്നവര്‍ ആദ്യം എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് അതീവ രഹസ്യമായി വടവതി അമ്പുക്കുട്ടി എന്ന കര്‍ഷകന്റെ വീട്ടിലേക്ക് അംഗങ്ങളെ എത്തിച്ചു.ആ വീട്ടുമുറ്റത്താണു കേരളത്തിന്റെ പില്‍‌ക്കാല ചരിത്രം മാറ്റി മറിച്ച അതി പ്രധാനമായ സമ്മേളനം നടന്നത്.അന്നതില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കു പോലും എന്തു സമ്മേളനം ആണു നടക്കുന്നത് എന്നറിയില്ലായിരുന്നു.ഭാരതമൊട്ടാകെ കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്.

അതോടു കൂടി ഫലത്തില്‍ ഇടതുപക്ഷത്തിനു വന്‍ മേധാവിത്വം ഉണ്ടായിരുന്ന കെ.പി.സി.സിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തില്‍ ദുര്‍ബലമായിത്തീരുകയാണുണ്ടായത്.

സമ്മേളനത്തിന്റെ തീയതി എന്നായിരുന്നു എന്നതിനു കൃത്യമായ രേഖകള്‍ ഇല്ല. ഡിസംബര്‍ മാസത്തിലെ 20 നും 30 നും ഇടക്കൊരു ദിവസമെന്നാണു പ്രമുഖ ചരിത്രകാരനായ കെ.കെ.എന്‍ കുറുപ്പ് എനിക്കു തന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.സമ്മേളന സ്മാരകത്തിലും 1939 ഡിസംബറില്‍ എന്നു മാത്രമേ കാണാനാവൂ.

മടക്കം
(വായനശാല-പുതിയ കെട്ടിടം)

സ്മാരകം കണ്ടശേഷം ഞങ്ങള്‍ കുന്നിറങ്ങി താഴെയുള്ള ‘എ.കെ.ജി.സ്മാരക വായനശാല’യുടെ പുതിയ കെട്ടിടത്തില്‍ ചെന്നു.തൊട്ടടുത്ത് തന്നെ പഴയ കെട്ടിടം.എത്രയോ കഥകള്‍ പറയാനുണ്ടാവും ഈ വായനശാലക്ക്.ഒന്നിനും വേണ്ടിയല്ലാതെ ഇറങ്ങിത്തിരിച്ച ഒരു പിടി നല്ല ആള്‍ക്കാരുടെ പാദസ്പര്‍ശം ഏറ്റ മണ്ണാണു.ചരിത്രം ഇവിടെ ഉയിര്‍ത്തെഴുനേല്‍ക്കുന്നു.പുതിയ തലമുറക്കു നല്‍‌കാന്‍ ഒരു പിടി പോരാട്ടങ്ങളുടെ കഥകളുമായി.

അവിടെ കണ്ട പിണറായിക്കാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറി.അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.പിണറായി എത്തി എന്റെ സുഹൃത്തും ബ്ലോഗറുമായി വിജി പിണറായിയുടെ വീട്ടില്‍ കയറി.ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം നിറഞ്ഞ ആഥിത്യം ഞങ്ങള്‍ സ്വീകരിച്ചു.

‘പിണറായി വിജയന്‍ സഖാവിന്റെ വീടു കാണാന്‍ പോയാല്‍ തല്ലു കിട്ടുമോ?” എന്റെ ചോദ്യം കേട്ട് വിജിയുടെ അച്ഛന്‍ ഉറക്കെ ചിരിച്ചു.പിണറായി വിജയന്റെ വീട്ടിലേക്കുള്ള വഴി അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു.ഞങ്ങള്‍ മടങ്ങി.തൊട്ടടുത്ത ബസ്‌സ്റ്റോപ്പില്‍ നിന്നു അല്പം വലത്തേക്ക് കയറി പിണറായി വിജയന്റെ വീട് “ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

(പിണറായിയോട് വിട)

തിരികെ മടങ്ങുമ്പോള്‍ സന്ധ്യയായിരുന്നു.പോരാട്ടാത്തിന്റെ നാള്‍വഴികളിലെ ഒരു പ്രമുഖസ്ഥലം കണ്ട് മടങ്ങുമ്പോള്‍ നമുക്കു മുന്നേ പറന്നു പോയ ആ പക്ഷികളെ ഞാനോര്‍ത്തു.കൂടണയാന്‍ വെമ്പലുകൂട്ടുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ഞാന്‍ മധുവിനോട് പറഞ്ഞൂ;

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ”
*********

(നന്ദി:എന്റെ സുഹൃത്ത് വിജി പിണറായി എടുത്ത ചില ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍ അനുവാദം തന്ന ആ നല്ല മനസ്സിനു)

അവലംബം:1:“ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം (1920-1998)“ - ഇ.എം.എസ്

2:മറ്റു പ്രസിദ്ധികരണങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍ പലപ്പോളായി വന്ന കുറിപ്പുകള്‍.

Sunday, December 20, 2009

സ:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!


ഇന്നു ഡിസംബര്‍ 20 ചെന്നൈയിലെ മലയാളികള്‍ക്ക് ഒരു ആഘോഷത്തിന്റെ ദിനമായിരുന്നു.ചരിത്ര സൃഷ്ടിയില്‍ ഭാഗഭാക്കാകുകയും, ആ ചരിത്രത്തിനൊപ്പം നടക്കുകയും ചെയ്ത കേരളത്തിന്റെ മഹാനായ പുത്രന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ. ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു ചെന്നൈ വേദിയൊരുക്കി.എഴുപതു വര്‍ഷം പഴക്കമുള്ള ചെന്നൈയിലെ ആദ്യത്തെ കേരള സമാജത്തിന്റെ നേതൃത്വത്തിലാണു ഇന്നത്തെ പകല്‍ ഇ.എം എസ് സ്മരണകളായും, ഇ.എം.എസിന്റെ രാഷ്ടീയത്തിന്റെ ചര്‍ച്ചകളാലും സമ്പന്നമാക്കിയത്.

മദിരാശി കേരളസമാജത്തിനു ഇ.എം എസിനോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണു.1930 കളില്‍ മദിരാശി നിയമ സഭയില്‍ അംഗമായിരുന്ന ഇ.എം എസിന്റെ കൂടെ നേതൃത്വത്തിലാണു ഈ സമാജം പ്രവര്‍ത്തനം ആരംഭിച്ചത്.അന്നും ഇന്നും മദിരാശിയിലെ സാധാരണക്കാരുടെ ആശ്രയമാണു ഈ സമാജം.ഇന്ന് ഇ.എം എസിന്റെ നൂറാം ജന്മദിന ആഘോഷങ്ങള്‍ നടത്തുക വഴി ഒരു സമാജം അതിന്റെ ഒരു മഹത്തായ കടമ നിറവേറ്റുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഇ.എം.എസ് ഫോട്ടോ ശേഖരത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ മൂന്നുദിവസമായി മദിരാശി കേരള സമാജം ഹാളില്‍ നടന്നു വരികയായിരുന്നു.അതു കൂ‍ടിയായപ്പോള്‍ ഈ പരിപാടികള്‍ നൂറു ശതമാനം സമ്പുഷ്ടമായി..

മൂന്നു ഭാഗങ്ങളായാണു പരിപാടികള്‍ നടന്നത്.മാധ്യമ സെമിനാര്‍, ചരിത്ര സെമിനാര്‍,പൊതു സമ്മേളനം.

മാധ്യമ സെമിനാര്‍
-----------------
മാധ്യമ സെമിനാറില്‍ കേരളത്തില്‍ നിന്നു സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍ കുട്ടി,ഏഷ്യാനെറ്റിന്റെ മുന്‍ ചെയര്‍മാനും ഇപ്പോള്‍ ചെന്നൈയില്‍ ഏഷ്യന്‍ സ്കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ഡയറക്ടറുമായ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാധ്യമ പ്രവര്‍ത്തനം അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എത്രമാത്രം ഉപയോഗപ്പെടുത്താം എന്ന് നന്നായി മനസ്സിലാക്കിയിരുന്ന് നേതാവായിരുന്നു ഇ.എം.എസ് എന്ന് ശ്രീ എം എ ബേബി അനുസ്മരിച്ചു.അദ്ദേഹം മരിച്ച വാര്‍ത്ത വന്ന ദേശാഭിമാനിയില്‍ പോലും അദ്ദേഹം മരിക്കുന്നതിനു തൊട്ടു മുന്‍‌പ് എഴുതിക്കൊടുത്ത ലേഖനം വന്നിരുന്നു എന്നത് അവസാന ശ്വാസം വരെ നിരന്തരമായി എഴുതുകയും വായിക്കുകയും ചെയ്തിരുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ചിത്രമാണു കാട്ടിത്തരുന്നത് എന്നും അദ്ദേഹം പറഞ്ഞു.ശാസ്ത്രീയ സോഷ്യലിസത്തെ ഇന്‍‌ഡ്യന്‍ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നതിനു വേണ്ടി സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവനകള്‍ നല്‍കുന്നതില്‍ ഏറ്റവും മുന്‍‌പതിയില്‍ നിന്നിരുന്നത് ഇ.എം.എസ് ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

തുടര്‍ന്ന് സംസാരിച്ച ശ്രീ ശശികുമാര്‍ സ്വാതന്ത്ര്യ സമര കാലത്തെ നേതാക്കന്മാരെല്ലാം ഒന്നുകില്‍ പത്രപ്രവര്‍ത്തകരോ അല്ലെങ്കില്‍ വക്കീലന്മാരോ അതുമല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്നവരോ ആയിരുന്നുവെന്ന് അനുസ്മരിച്ചു.കമ്പോളമാണു ഇന്നത്തെ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.വാര്‍ത്താ മാധ്യമ രംഗം വളരുകയും എന്നാല്‍ അതേ സമയം യഥാര്‍ത്ഥ പത്രപ്രവര്‍ത്തനമെന്നത് ചുരുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമാണു ഇന്നത്തേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു മാധ്യമ പരിഷ്കാര മുന്നേറ്റം തന്നെ നടത്തേണ്ടതാണു ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

പിന്നിട് സംസാരിച്ച ശ്രീ എന്‍.മാധവന്‍‌കുട്ടി കേരളത്തിലെ ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥ ചിത്രം വിവരിച്ചു.എങ്ങനെയാണ് മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളെ നന്നാക്കാന്‍ എന്ന വ്യാജേന അവര്‍ക്കെതിരെ ഗൂഡാലോചന നടത്തുന്നതെന്ന് അദ്ദേഹം വിശദമായി വ്യക്തമാക്കി.റോബര്‍ട്ട് മുഡോ‍ര്‍ക്കിന്റേയും വ്യവസായ പ്രമുഖന്‍ രാജീവ് ചന്ദ്രശേഖറിന്റേയും കീഴിലുള്ള ഏഷ്യാനെറ്റ് മുതല്‍ മുസ്ലിം ലീഗ് നേതാക്കുളുടെയും, മുത്തൂറ്റ് ഗ്രൂപ്പിന്റേയും കൈയിലുള്ള ഇന്‍‌ഡ്യാവിഷന്‍ വരേയും , ബിസിനസ് ഗ്രൂപ്പായ മനോരമ പത്രവും ,വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും വരേയും എപ്രകാരമാണു വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുന്നത് എന്ന് അദ്ദേഹം വിശദമാക്കി.മാധ്യമ താല്‍‌പര്യങ്ങള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റ് നേതാക്കളെ തിരഞ്ഞു പിടിച്ച് നശിപ്പിക്കാന്‍ നോക്കുകയാണു കേരളത്തിലെ മാധ്യമങ്ങള്‍ എന്നദ്ദേഹം പ്രസ്താവിച്ചു.

സി.പി.ഐ എം തമിഴ്‌നാട് യൂണിറ്റിന്റെ മുഖപത്രമായ ‘തീക്കതിരി’ന്റെ പത്രാധിപര്‍ ഡബ്ല്യൂ.ആര്‍ വരദരാജനും മാതൃഭൂമിയുടെ ചെന്നൈ യൂണിറ്റ് മാനേജര്‍ കെ.എ ജോണിയും സെമിനാറില്‍ പങ്കെടുത്തു.


ഇടത്ത് : ഡബ്ല്യൂ.ആര്‍ വരദരാജന്‍

ചരിത്ര സെമിനാര്‍
------------------
ഉച്ചക്കു ശേഷം നടന്ന ചരിത്ര സെമിനാറില്‍ മുന്‍ കോഴിക്കോട് സര്‍‌വകലാശാല വൈസ് ചാന്‍സലറും പ്രശസ്ത ചരിത്ര പണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ്,മദ്രാസ് സര്‍വ‌കലാശാലയിലെ ആന്ത്രോപ്പോളജി വിഭാഗം പ്രൊഫസര്‍ ഡോ.എം പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

“കാര്‍ഷിക ദേശീയത’യില്‍ ഊന്നിയ ദേശീയ പ്രസ്ഥാനം എന്ന ആശയം ഇ.എം എസിന്റേതായിരുന്നു എന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.മദിരാശി നിയമസഭയില്‍ അംഗമായിരുന്നു 1930 കളില്‍ തന്നെ അന്നത്തെ കാര്‍ഷിക നിയമ പരിഷ്കാര കമ്മിറ്റില്‍ ഇ.എം എസ് പ്രവര്‍ത്തിച്ചിരുന്നു.അന്നു ഉണ്ടായ കുട്ടിക്കൃഷ്ണന്‍ കമ്മിറ്റിക്ക് ഇ.എം.എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇന്നും പ്രാധാന്യമുള്ള ഒരു ചരിത്രരേഖയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തുമ്പോള്‍ ഇ.എം എസ് ഉപയോഗിച്ചിരുന്ന ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പ്രയോഗം ഏറ്റവും അര്‍ത്ഥവത്തായിരുന്നു എന്നദ്ദേഹം പറഞ്ഞു.ചരിത്രമെന്നത് സംഭവങ്ങളുടെ വ്യാഖ്യാനമാണെന്നും ഏതു പക്ഷത്തിനു വേണ്ടി എഴുതുന്നു എന്നതാണു പ്രാധാന്യമര്‍ഹിക്കുന്നത് എന്നും അദ്ദേഹം എടുത്തു പറഞ്ഞു.

പൊതു സമ്മേളനം
----------------
വൈകിട്ട് നടന്ന പൊതു സമ്മേളനം എന്തുകൊണ്ടും അര്‍ത്ഥവത്തായി.ഇ.എം.എസിന്റെ മകളും ഇപ്പോള്‍ ദേശാഭിമനിയില്‍ ജീവനക്കാരിയുമായ ഇ.എം രാധയും ഭര്‍ത്താവും മുന്‍ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനുമായ ശ്രീ ഗുപ്തന്‍,സി.പി.ഐ.എമ്മിന്റെ തമിഴ്‌നാട് ഘടകം നേതാക്കളും പങ്കെടുത്ത ഈ മീറ്റിംഗ് അവിസ്മരണീയമായത് ഒരു പ്രത്യേക ചടങ്ങുമൂലമാണ്.സമൂഹത്തിലെ അവശത അനുഭവിക്കുന്നവരും എന്നാല്‍ അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരുമായ സമൂഹത്തിന്റെ പ്രതിനിധികളെ ആദരിക്കുകയും അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുകയും ചെയ്തു.

(അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളെ ആദരിച്ചപ്പോള്‍)

ഓടകള്‍ വൃത്തിയാക്കുന്നവര്‍, ശ്മശാനജോലിക്കാര്‍, ബീഡിതെറുപ്പുകാര്‍, ഹോട്ടല്‍ തൊഴിലാളികള്‍,സൈക്കിള്‍ റിക്ഷാവലിച്ചിരുന്നവര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയ വിവിധ ജോലികള്‍ ചെയ്തിരുന്ന ഒട്ടനവധി പേരെ ഈ ചടങ്ങില്‍ ആദരിച്ചു.തുടര്‍ന്ന് ശ്രീമതി ഇ.എം രാധയും, ശ്രീ ഗുപ്തനും ഇ.എം സിനോടുത്തുണ്ടായിരുന്ന ജീവിതത്തിലെ മുഹൂര്‍ത്തങ്ങള്‍ അനുസ്മരിച്ചത് സദസ്സിനെയാകെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.“ഭാഷാപോഷിണി“യില്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ക്കാ‍യി ഇ.എം എസ് പണ്ട് ഒളിവില്‍ ഇരുന്ന വീടുകള്‍ ഒക്കെ സന്ദര്‍ശിച്ച കാര്യം ഇ.എം രാധ ഓര്‍മ്മിച്ചു.ഒന്നിനും വേണ്ടിയല്ലാതെ സ്വന്തം ജീവനെപ്പോലും അവഗണിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ സംരക്ഷിച്ച അവര്‍ ഇപ്പോള്‍ തന്നെ കണ്ടപ്പോള്‍ അന്ന് ഇ.എ.എസിനോട് കാണിച്ച സ്നേഹം അതേപടി തനിക്കും പകര്‍ന്നു തന്ന കാര്യം വിവരിച്ചത് സദസ് ഒന്നടങ്കം അതേ വികാരത്തില്‍ ഉള്‍ക്കൊണ്ടു.


(സ:ഇ.എം രാധയോടൊപ്പം സംസാരിച്ചു നിന്നപ്പോള്‍)

സമ്മേളന പരിപാടികള്‍ക്കു ശേഷം സ: ഇ.എം രാധയുമൊത്ത് കുറേ നേരം സംസാരിക്കാനുള്ള ഒരവസരവും എനിക്ക് ലഭിച്ചു..ഇ.എം.എസിന്റെ വ്യക്തി ജീവിതത്തിലെ ഒട്ടനവധി പ്രത്യേകതകള്‍ അവര്‍ എന്നോട് പറയുകയുണ്ടായി. അങ്ങനെ ഇന്നത്തെ പകല്‍ എന്തുകൊണ്ടും ഓര്‍മ്മിക്കത്തക്കതായി മാറി

ചടങ്ങിലെ മറ്റു ചില ദൃശ്യങ്ങള്‍

----------------------------------


(വേദിയില്‍ ഇ.എം.രാധ,എന്‍.മാധവന്‍‌കുട്ടി ,ശശികുമാര്‍,എം.എ ബേബി,വരദരാജന്‍)

സദസ്സിന്റെ ഒരു ഭാഗം

ചടങ്ങുകഴിഞ്ഞ് ഇറങ്ങിയ എം.എ ബേബിയെ മാ‍ധ്യമപ്പട വളഞ്ഞപ്പോള്‍

എ.കെജിയും ഇ.എം.എസും

ചിത്രപ്രദര്‍‌ശനത്തിലെ ചില ചിത്രങ്ങള്‍ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്ന വാര്‍ത്ത വന്ന മാതൃഭൂമി പത്രം

വിമോചനസമര വാര്‍ത്തകള്‍ വന്ന അന്നത്തെ ദേശാഭിമാനി

സ:ഇ.എം എസും സ:പിണറായി വിജയനും


കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി.ജോഷി കേരളത്തില്‍ വന്നപ്പോള്‍.

(നന്ദി:ഇതിലെ രണ്ടു ഫോട്ടോകള്‍ തന്നു സഹായിച്ച സുഹൃത്ത് പ്രതീഷിനു)

Thursday, December 17, 2009

ഈ മനുഷ്യനെ മറന്നുവോ?


അങ്ങനെ ഒരു ഡിസംബര്‍ 16 കൂടി കടന്നു പോയി.ഇന്നേക്ക് 57 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ഡിസംബര്‍ 16 നു, കൃത്യമായി പറഞ്ഞാല്‍ 1952, ഡിസംബര്‍ 15 പാതിരാത്രി കഴിഞ്ഞ് ,ആണു ഈ ഫോട്ടോയില്‍ കാണുന്ന മനുഷ്യന്‍ മരണമടഞ്ഞത്.അതു വെറുമൊരു മരണമായിരുന്നില്ല. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു പോരാട്ടത്തിന്റെ ഭാഗമായി 58 ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴ്പ്പെടുകയായിരുന്നു.തെലുഗു സംസാരിക്കുന്ന ആള്‍ക്കാര്‍ക്കു വേണ്ടി അവര്‍ ജീവിക്കുന്ന സ്ഥലങ്ങള്‍ ചേര്‍ത്ത് ആന്ധ്രാ സംസ്ഥാനം രൂപികരിക്കണം എന്ന ആവശ്യമുന്നയിച്ച് അന്നത്തെ മദ്രാസില്‍ നിരാഹാരം അനുഷ്ഠിച്ച് മരണത്തെ പുല്‍‌കിയ പോറ്റി ശ്രീരാമുലു ആണു ഈ മഹാനായ പോരാളി.

ഭാരതത്തിന്റെ പൊളിറ്റിക്കല്‍ മാപ്പ് ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ ആയതിനു പിന്നില്‍ പോറ്റി ശ്രീരാമുലുവിന്റെ നിശ്ചയ ദാര്‍ഡ്യം ഒന്നു മാത്രമായിരുന്നു എന്ന് തീര്‍ച്ചയായും പറയാം.1952 ഒക്ടോബര്‍ 19 നു മദ്രാസില്‍ തുടങ്ങിയ നിരാഹാരം ജവഹര്‍ലാല്‍ നെഹൃവിനെപ്പോലെയുള്ളവര്‍ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.തുടര്‍ച്ചയായി 58 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുകയായിരുന്നു.മഹത്തായ ഒരു ആത്മത്യാഗത്തിന്റെ കഥയാണത്.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്നതിനു ഏറ്റവും പ്രയത്നിച്ചത് സര്‍ദാര്‍ വല്ലഭ്‌ഭായി പട്ടേല്‍ ആയിരുന്നു.’ഉരുക്കു മനുഷ്യന്‍ “ എന്നദ്ദേഹം അറിയപ്പെടാന്‍ കാരണവും അതുതന്നെ.എന്നാല്‍ 1950 ല്‍ പട്ടേലിന്റെ മരണത്തിനു ശേഷം ഭാരതത്തിന്റെ പുന:സംഘടന എപ്രകാരമായിരിക്കണമെന്നതിനെ പറ്റി പൊതുവായ അഭിപ്രായം രൂപപ്പെട്ടിരുന്നില്ല.1920 കളില്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് ഭാഷയുടെ അടിസ്ഥാനത്തിലുള്ള നാട്ടുരാജ്യങ്ങളുടെ ഏകീകരണം ആയിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം നെഹൃ അതിനോട് മനസ്സുകൊണ്ട് യോജിച്ചിരുന്നില്ല.ഇക്കാര്യത്തില്‍ ഏകാഭിപ്രായം ഉണ്ടെങ്കില്‍ മാത്രം മുന്നോട്ടു പോകാം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.അതേ സമയം പല പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും അവരവരുടെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടണമെന്ന ആഗ്രഹക്കാരായിരുന്നു.

അതില്‍ തന്നെ ഏറ്റവും പ്രബലം തെലുഗു സംസാരിക്കുന്നവരുടെ ഇടയില്‍ നിന്നായിരുന്നു.അതിനു ശക്തി കൂടുതലുണ്ടായി.കാരണം ഹിന്ദി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയാണ് തെലുഗു.ബ്രിട്ടീഷ് കാലത്തു തന്നെ തെലുഗു ആള്‍ക്കാര്‍ അവരുടെ സംസ്കാരവും ഭാഷയും പ്രചരിപ്പിക്കുന്നതിലും തെലുഗു സംസാരിക്കുന്നവരെ ഒന്നിച്ചു നിര്‍ത്തുന്നതിലും മുന്നിലായിരുന്നു.‘ആന്ധ്രാ മഹാസഭ’യുടെ നേതൃത്വത്തില്‍ നടന്ന വിവിധങ്ങളായ സമര മുറകള്‍ ഫലിക്കാതെ വന്നപ്പോളാണു അവസാനം പോറ്റിശ്രീരാമുലു നിരാഹാരം തുടങ്ങിയത്.നെഹൃവും , അതുപോലെ മദ്രാസില്‍ സി.രാജഗോപാലാചാരിയും ഈ ആവശ്യത്തെ ആദ്യം മുതല്‍ അവഗണിച്ചതുകൊണ്ടാണു സമരം നീണ്ടു പോയതും അത് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതും.മദ്രാസ് കേന്ദ്രമായി ആന്ധ്ര രൂപികരിക്കണം എന്നതായിരുന്നു അവരുടെ വാദം.

റയില്‍‌വേയില്‍ സാനിട്ടേഷന്‍ എഞ്ചിനീയറായിരുന്ന പോറ്റി ശ്രീരമുലു,ആദ്യം മുതലേ പൊതു പ്രവര്‍ത്തന തല്പരനായിരുന്നു.ഉപ്പു സത്യാഗ്രത്തില്‍ പങ്കെടുക്കാനായി ജോലി രാജി വച്ച അദ്ദേഹം ഗാന്ധിജിയുടെ ശിഷ്യനായി മാറി.സബര്‍മതിയില്‍ ഏറെ നാള്‍ കഴിച്ചു കൂട്ടിയ അദ്ദേഹം ഗാന്ധിജിയുടെ പ്രിയ ശിഷ്യരില്‍ ഒരാളായിരുന്നു.മദ്രാസിലെ ക്ഷേത്രങ്ങള്‍ ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 1946ല്‍ അദ്ദേഹം ഒരു സത്യാഗ്രഹം നടത്തിയിരുന്നത് ഗാന്ധിജിയുടെ ഉപദേശപ്രകാരം പിന്‍‌വലിക്കുകയായിരുന്നു.

ആന്ധ്രാ സംസ്ഥാനത്തിനുവേണ്ടിയുള്ള പോറ്റി ശ്രീരാമുലുവിന്റെ രക്ത സാക്ഷിത്വം മദ്രാസിലും തൊട്ടടുത്ത പ്രദേശങ്ങളിലും വന്‍ ജനമുന്നേറ്റത്തിനു കാരണമായി.ഇന്നത്തെ ആന്ധ്രയില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പട്ടണങ്ങളിലും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.അദ്ദേഹം മരിച്ച ദിവസം മുതല്‍ തുടര്‍ച്ചയായി പ്രക്ഷോഭങ്ങള്‍ ഉണ്ടായി.ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടങ്ങളാണു സമരങ്ങളില്‍ ഉണ്ടായത്.1952 ഡിസം.3 വരെ ഈ സമരത്തെ അവഗണിക്കുന്നു എന്ന് രാജഗോപാലാചാരിക്ക് കത്തെഴുതിയ നെഹൃവിനു ജനരോഷം കണ്ട് അനങ്ങാതിരിക്കാനായില്ല.അങ്ങനെ പോറ്റി ശ്രീരാമുലു മരിച്ച് 3 ദിവസം കഴിഞ്ഞ് ഡിസം 19 നു ആന്ധ്രാ സംസ്ഥാനം നിലവില്‍ വരുന്നതായി നെഹൃ പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് 1953 ഒക്ടോബര്‍ 1 നു കര്‍ണ്ണൂല്‍ തലസ്ഥാനമായി ആന്ധ്രാ എന്ന ആദ്യ ഇന്‍‌ഡ്യന്‍ സംസ്ഥാനം ഉണ്ടാകുകയും ചെയ്തു.പിന്നീട് തെലുഗു സംസാരിക്കുന്ന തെലുങ്കാന പ്രദേശങ്ങളും കൂടി ചേര്‍ത്ത് 1956 നവമ്പര്‍ 1 നു ഹൈദരാബാദ് തലസ്ഥാനമായി ഇപ്പോളത്തെ ആന്ധ്ര നിലവില്‍ വരികയും ചെയ്തു.അന്നേ ദിവസം തന്നെയാണു മലയാളികള്‍ക്ക് കേരളവും കന്നഡക്കാര്‍ക്ക് കര്‍ണ്ണാടകവും ഉണ്ടായത്.

ഭാഷ എന്നത് ഒരു സംസ്കാരമാണ്.തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നത് ഭാഷയിലൂടെയാണ്.പൂക്കളെ കൊരുത്ത് മാലയുണ്ടാക്കുന്ന ഒരു വള്ളിയുടെ റോളാണു ഭാഷക്കും ഉള്ളത്.സംസാരിക്കുന്നതു മാത്രമല്ല ഭാഷ.നമ്മുടെ ചിന്തകള്‍ക്കും ഭാഷയുണ്ട്.അതുകൊണ്ടാണു ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളിയെ കാണുമ്പോള്‍ നമുക്ക് അത്യതികമായ ഒരു സന്തോഷം തോന്നുന്നത്.( അങ്ങനെ അല്ലാത്തവരും ഉണ്ടാകാം).ഭാരതത്തിനേക്കാള്‍ ജനസംഖ്യയുള്ള ചൈനയില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ നന്നായി ജനങ്ങളോട് സംവദിക്കാന്‍ കഴിയുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം ഒരേ ഭാഷ എന്ന മെച്ചമാണ്.
(തെലുങ്കാന, റായല്‍ സീമ,കോസ്റ്റല്‍ ആന്ധ്രാ-- ആന്ധ്രാപ്രദേശിന്റെ വിവിധ മേഖലകള്‍)

ഭാഷാടിസ്ഥാനത്തിലുള്ള വിഭജനം എന്നത് മനസ്സുകളുടെ കൂടിച്ചേരലാണ്.ഒരേ സംസ്കാരം പേറുന്നവരുടെ യോജിപ്പ്.പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവര്‍ ശ്രമിച്ചത് അതിനായിട്ടായിരുന്നു. കേരളപ്പിറവിക്ക് എത്രയോ മുന്‍‌പ് തന്നെ “കേരളം - മലയാളികളുടെ മാതൃഭുമി” എന്നൊരു പുസ്തകം ദീര്‍ഘദര്‍ശിയായ ഇ.എം.എസ് രചിക്കുകയുണ്ടായി.അങ്ങനെയുള്ള എത്രയോ ആള്‍ക്കാരുടെ പരിശ്രമ ഫലമാണു ഇന്നു കാണുന്ന ഭാരതം. എന്നാല്‍ ഇന്നിപ്പോള്‍ ഒന്നായ മനസ്സുകളെ വേര്‍പെടുത്താനുള്ള ശ്രമങ്ങളാണു നടന്നു വരുന്നത്.കഴിഞ്ഞ അറുപതു വര്‍ഷത്തിലേറെയായി ഭരണം നടത്തുന്ന രാഷ്ടീയ നേതൃത്വങ്ങളുടെ പിടിപ്പുകേടുകളാണു ഇത്തരം പ്രാദേശിക പിന്നോക്കാവസ്ഥകള്‍ക്കും അതു വഴി ഉയര്‍ന്നു വരുന്ന വിഭജന വാദങ്ങള്‍ക്കും അടിസ്ഥാനം.ആദ്യകാലത്ത് ആന്ധ്രായുടെ ഭാഗമല്ലായിരുന്ന തെലങ്കാന പിന്നീട് അതിനോട് കൂട്ടി യോജിപ്പിക്കപ്പെട്ടത്,അന്നു തന്നെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന ആ പ്രദേശത്തിന് പ്രത്യേക പരിഗണനകളും വികസന പദ്ധതികളും നല്‍കും എന്ന വാഗ്ദാനത്തിന്റെ പുറത്താണു.ആന്ധ്രായില്‍ ഏഴു വര്‍ഷം താമസിക്കുകയും ഗുണ്ടൂര്‍, ഹൈദരാബാദ്, കാക്കിനാഡ, തനുകു, സഹീറാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയും,അങ്ങോളമിങ്ങോളം യാത്ര ചെയ്യുകയും ചെയ്ത ഒരാളെന്ന നിലക്ക് തെലുങ്കാന പ്രദേശങ്ങളുടെ അതീവ ദയനീയമായ പിന്നോക്കാവസ്ഥ നേരില്‍ കാണാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്.ആന്ധ്രായിലെ മറ്റു പ്രദേശങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ അജഗജാന്തരമുണ്ട് പ്രദേശങ്ങള്‍ തമ്മില്‍. അന്നത്തെ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നു തന്നെ നമുക്കു കാണാന്‍ കഴിയും.ഇത്തരം ദീര്‍ഘവീക്ഷണമില്ലാത്ത ഭരണ നടപടികളാണു വിഭജന വാദത്തെ ക്ഷണിച്ചു വരുത്തുന്നത്.

എന്നാല്‍ വിഭജനം അതിനുള്ള പ്രതിവിധി ആണോ? മുതലെടുപ്പു രാഷ്ട്രീയത്തിന്റെ നാട്ടില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും.1950 കളില്‍ നെഹൃ കാണിച്ച അലംഭാവം ഒരിക്കലും കോണ്‍ഗ്രസിനെ വിട്ടുമാറിയിട്ടില്ല.ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ കോണ്‍ഗ്രസിന്റെ ആറു പതിറ്റാണ്ടുകളുടെ ഭരണ നേട്ടങ്ങളാണോ ഇതൊക്കെ? കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാത്തിരുന്ന ഭരണ വര്‍ഗം ഇന്നിപ്പോള്‍, മുട്ടനാടുകള്‍ ഇടി കൂടുമ്പോള്‍ ചോരകുടിക്കാന്‍ ചെന്ന കുറുക്കന്റെ അവസ്ഥയില്‍ എത്തിയിരിക്കുന്നു.രാജ്യമൊട്ടാകെ വിഭജന വാദം കൊടുമ്പിരി കൊള്ളുന്നു.

പോറ്റി ശ്രീരാമുലുവിനെപ്പോലെയുള്ളവരുടെ ആത്മത്യാഗങ്ങള്‍ വ്യര്‍ത്ഥമായിപ്പോകുന്നതും ഇത്തരം അവസ്ഥകളിലാണ്.അല്ലെങ്കില്‍ തന്നെ മറവിയുടെ ഇരുളടഞ്ഞ ഏകാന്തമായ കോണുകളില്‍ നാം അവരെയൊക്കെ എന്നേ തളച്ചു കഴിഞ്ഞു !

( ചിത്രങ്ങള്‍ക്ക് ഗൂഗിളിനു നന്ദി)

Wednesday, December 9, 2009

“കേരളാ കഫേ”യിലെ മെനു


റയില്‍‌വേ സ്റ്റേഷനുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദമാണ്.ജീവിതം തന്നെ ഒരു തീവണ്ടി യാത്ര പോലെ ആണെന്ന് പറയാറുണ്ട്.കാലത്തിനേയും ദേശത്തിനേയും അതിജീവിച്ചു കടന്നു പോകുന്ന വണ്ടിയിലെ യാത്രക്കാര്‍ നമ്മള്‍.ഏതൊക്കെയോ സ്റ്റേഷനുകളില്‍ നാം കയറുന്നു.ഇറങ്ങാനുള്ള സമയത്ത് ഇറങ്ങിപ്പോകുന്നു.വണ്ടി അനുസ്യൂതമായ യാത്ര തുടരുന്നു.ഈ യാത്രകളില്‍ നാം കണ്ടുമുട്ടുന്ന മുഖങ്ങള്‍ നിരവധിയാണ്.ഓരോരുത്തര്‍ക്കും അവനവന്റെ കഥയും കടമകളും ഉണ്ട്.റയില്‍‌വേ സ്റ്റേഷനുകളിലെ കഫേകള്‍ ആയാലോ?അവിടെയും നാം കണ്ടുമുട്ടുന്നത് ഇങ്ങനെ പലരേയും.ജീവിതമെന്ന ട്രയിന്‍ യാത്രയിലെ വിശ്രമവേളകളില്‍ കഫേകളില്‍ നാം കണ്ടുമുട്ടാനിടയുള്ള ഒരു പിടി മനുഷ്യരുടെ കഥയാണു “കേരളാ കഫേ”എന്ന ചിത്രം.


മുഖ്യധാരാ സിനിമകളില്‍ നിന്ന് അല്പം വഴിമാറി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രഞ്ജിത്ത് സാക്ഷാല്‍‌ക്കാരവും നിര്‍മ്മാണവും നിരവഹിച്ചിരിക്കുന്ന ഈ സിനിമയുടെ പ്രത്യേകത , ഇത് പത്തു ചെറിയ സിനിമകളുടെ ഒരു കൂട്ടായ്മ ആണു എന്നതാണ്.പത്തു സംവിധായകര്‍ ആണു ഈ ചെറു സിനിമകള്‍ ഓരോന്നു സംവിധാനം ചെയ്തിരിക്കുന്നത്.


‘കേരളാ കഫേ’യിലെ ചെറുചിത്രങ്ങളും അവയുടെ സംവിധായകരും താഴെപ്പറയുന്ന ക്രമത്തിലാണ്.


നൊസ്റ്റാള്‍ജിയ-പത്മകുമാര്‍

ഐലന്റ് എക്സ്‌പ്രസ്-ശങ്കര്‍ രാമകൃഷ്ണന്‍

ലളിതം ഹിരണ്‍‌മയം-ഷാജി കൈലാസ്

മൃത്യുഞ്ജയം-ഉദയ് അനന്തന്‍

ഹാപ്പി ജേണി-അഞ്ജലി മേനോന്‍

അവിരാമം-ബി.ഉണ്ണികൃഷ്ണന്‍

ഓഫ് സീസണ്‍-ശ്യാമ പ്രസാദ്

ബ്രിഡ്ജ്- അന്‍‌വര്‍ റഷീദ്

മകള്‍-രേവതി

പുറം കാഴ്ചകള്‍- ലാല്‍ ജോസ്

കേരള കഫേ എന്ന ഈ സങ്കലന ചിത്രം എനിക്ക് ഇഷ്ടപ്പെട്ടു.ഇഷ്ടപ്പെടാന്‍ ഉള്ള പ്രധാന കാരണം ഇതിന്റെ വ്യത്യസ്തത തന്നെയാണ്.ഇത്തരം ചില പരീക്ഷണങ്ങളാണു മലയാള സിനിമക്ക് ആവശ്യം.”പരുന്തും, മാടമ്പിയും” തകര്‍ത്താടുന്ന മലയാള സിനിമക്ക് നഷ്ടപ്പെട്ടു പോയ ഒരു സിനിമാ സംസ്കാരം തിരിച്ചു പിടിക്കാന്‍ ഉണ്ടാകുന്ന ഏതു ചെറിയ ശ്രമവും തിര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.ഇതിലെ ഓരോ സിനിമയും മനുഷ്യന്റെ വിവിധ അവസ്ഥകളെ നമുക്ക് കാട്ടിത്തരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പ്രത്യേകിച്ചും ഇന്നത്തെ ആഗോള സാമുഹിക സാമ്പത്തിക ചുറ്റുപാടുകളില്‍ ജീവിക്കുന്ന മനുഷ്യന്റെ ആകുലതകളും, പ്രശ്നങ്ങളും, ചിന്തകളും, ജീവിതാവസ്ഥകളും ഓരോ ചിത്രത്തിലും ഉണ്ട്.

പ്രവാസി ആയിരിക്കുമ്പോള്‍ നൊസ്റ്റാള്‍ജിയ പ്രസംഗിക്കുകയും നാട്ടിലാകുമ്പോള്‍ നാടിനേയും വീടിനെയും വീട്ടുകാരേയും വില്‍‌ക്കാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയുടെ ദ്വന്ദ്വഭാവത്തിന്റെ നേര്‍ക്കാഴ്ചയുമായിട്ടാണു ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യ ചിത്രമായ ‘നൊസ്റ്റാള്‍ജിയാ”യില്‍ നമ്മുടെ മുന്നിലെത്തുന്നതെങ്കില്‍ , അവസാന ചിത്രമായ “പുറം കാഴ്ചകളി’ലെ ശ്രീനിവാസ കഥാപാത്രം നഷ്ടപ്രണയത്തിന്റെ ‘നൊസ്റ്റാള്‍ജിയ’മനസ്സിലേറ്റി നീറിക്കഴിയുന്ന പച്ച മനുഷ്യനാണ്.

ഈ നവസിനിമയിലെ എല്ലാ ചിത്രങ്ങളും അത്യുന്നത നിലവാരം ഉള്ളവയാണെന്ന് ഞാന്‍ പറയുന്നില്ല.ശങ്കര്‍ രാമകൃഷ്ണന്റെ “ഐലന്റ് എക്സ്‌പ്രസ് ‘ ഒരു ഡോക്കുമെന്ററിയുടെ നിലവാരത്തില്‍ നിന്നു മാറിയിട്ടില്ല എന്നു വേണം പറയാന്‍.അതുപോലെ ഫാന്റസിയും, ഫാന്റസി യുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്ന പുതുതലമുറയുടേയും കഥ പറയുന്ന ‘മൃത്യുഞ്ജയം’മുന്നോട്ടു വക്കുന്ന ആശയവും എനിക്ക് ഇഷ്ടപ്പെട്ടുമില്ല.എങ്കിലും മനുഷ്യന്റെ അജ്ഞതയെ ചൂഴ്ന്ന് തിന്ന് ജീവിക്കുന്ന പ്രബലമായ ഒരു വിഭാഗത്തെക്കൂടി, വ്യത്യസ്ത മനുഷ്യരിലൊരാളായി അവതരിപ്പിച്ചതില്‍ സംവിധായകനും രഞ്ജിത്തിനും അഭിമാനിക്കാം.

ഈ പത്തു ചിത്രങ്ങളില്‍ ഏറ്റവും മികച്ചതായി എനിക്കു തോന്നിയത് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത “ബ്രിഡ്ജ്’ ആണ്.

ആരും അനാഥരായി ജനിക്കുന്നില്ല.ജീവിതപ്പാതകളില്‍ ഒരു വേളയില്‍ അവര്‍ മറ്റുള്ളവരാല്‍ അനാഥരാക്കപ്പെടുകയാണ്.തെരുവില്‍ വലിച്ചെറിയപ്പെടുന്ന ഒരു പൂച്ചക്കുട്ടി ആയാലും, ഒരു മനുഷ്യ സ്ത്രീ‍ ആയാലും അവരുടെ അവസ്ഥ ഒന്നു തന്നെആയി മാറുന്നു.സ്നേഹം മാത്രമാണു അവരെന്നും കൊതിക്കുന്നത്.ഒന്നിനും വേണ്ടിയല്ലാതെ പൂച്ചക്കുട്ടിയെ സ്നേഹിക്കുന്ന കൊച്ചുകുട്ടി.പൂച്ചകളെ വെറുക്കുന്ന പിതാവു അവനില്‍ നിന്നു പൂച്ചക്കുട്ടിയെ അടര്‍ത്തിമാറ്റുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന അവനറിയുന്നു.പടികള്‍ കയറി തിരികെ വരുന്ന പൂച്ചക്കുട്ടിയുടെ ഉള്ളിലും സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടാവില്ലേ? ചോട്ടാമുംബൈയും, രാജമാണിക്യവും ഒക്കെ എടുത്ത അന്‍‌വര്‍ റഷീദ് തന്നെയാണോ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്ന് തോന്നിപ്പോകും.അത്ര മനോഹരമായിട്ടുണ്ട് ഇതിലെ ഓരോ ഇമേജറിയും.സലിംകുമാറിനേയും ശാന്താ ദേവിയേയും വച്ച് അന്‍‌വര്‍ റഷീദ് എടുത്ത ഈ ചിത്രം അതി മനോഹരമായ ഒരു ചെറുകഥ വായിക്കുന്ന സുഖം നല്‍കുന്നതാണ്.ജീവിത പ്രാരാബ്ധങ്ങളാണു സലീംകുമാറിന്റെ കഥാപാത്രത്തെക്കൊണ്ട് സ്വന്തം അമ്മയെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.അതിനെ വേദന മുഴുവന്‍ പ്രതിഫലിപ്പിപ്പിക്കാന്‍ സലിംകുമാറിനു കഴിഞ്ഞിരിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.മഴയുടെ ഈറനും മനുഷ്യന്റെ കണ്ണു നീരിന്റെ നനവും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണിത്.

അതുപോലെ മറ്റൊരു വ്യത്യസ്തമായ ചിത്രമാണു ലാല്‍ജോസിന്റെ “പുറംകാഴ്ചകള്‍”.നേരത്തെ പറഞ്ഞ പോലെ നഷ്ടപ്രണയത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്ന ശ്രീനികഥാപാത്രത്തിനും,ജീവിതം ആസ്വദിക്കുന്ന പുതു തലമുറയുടെ അടിപൊളി ജീവിതത്തിനും ഇടയിലെവിടെയോ ആണു യഥാര്‍ത്ഥജീവിതം എന്ന സത്യം ഒരു ചെറിയ ബസ് യാത്രയിലെ സംഭവങ്ങളിലൂടെ ലാല്‍ജോസ് നമുക്ക് കാട്ടിത്തരുന്നു.മമ്മൂട്ടിയുടെ ശക്തമായ ഒരു കഥാപാത്രമാണു ഈ സിനിമയിലുള്ളത്.അതിന്റെ മുഴുവന്‍ വികാരങ്ങളും ഉള്‍ക്കൊണ്ട് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നു.കേരളാ കഫേയിലെ അവസാന ചിത്രം ഇതാണ്.ഒരു പക്ഷേ അതു വരെ സിനിമയുടെ മായാ ലോകത്ത് ഇരിക്കുന്ന പ്രേക്ഷകരെ തിയേറ്ററിനു വെളിയിലുള്ള യഥാര്‍ത്ഥമായ ‘പുറംകാഴ്ചകളി’ലേക്കു നയിക്കുക കൂടിയാണു അബോധമായിട്ടെങ്കിലും രഞ്ജിത് ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

പ്രസക്തമായ മറ്റു രണ്ട് ചിത്രങ്ങളാണു അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത “ഹാപ്പി ജേണി’യും, രേവതി സംവിധാനം ചെയ്ത “മകള്‍” എന്ന സിനിമയും.രണ്ടും സ്ത്രീപക്ഷത്തു നിന്നു ചെയ്തിട്ടുള്ള സിനിമകളാണ്.ഇതില്‍ ‘ഹാപ്പി ജേണി‘ ജഗതിയുടെ അഭിനയമികവുമൂലം കൂടിയാണു ശ്രദ്ധ ആകര്‍ഷിക്കുന്നത്.സാധാരണയായി സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമ്മള്‍ സിനിമയില്‍ കാണാറുണ്ടെങ്കിലും അതിനൊരു പ്രതിവിധി എന്തെന്ന് ആരും തിരയാറില്ല.പരിപൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അഞ്ജലി മേനോനും അതു മുന്നോട്ടു വയ്ക്കുന്നില്ലെങ്കിലും ഈ ചിത്രത്തിലെ നായിക പരാജയപ്പെടുന്നവളല്ല, മറിച്ച് പ്രതികൂല സാഹചര്യങ്ങളെ സ്വന്തം വിവേചന‍ ബുദ്ധി ഉപയോഗിച്ച് നേരിടുന്നവളാണ്.അതിലവള്‍ വിജയിക്കുമ്പോള്‍ ദൃംഷ്ടകള്‍ നീട്ടി നില്‍ക്കുന്ന പുരുഷാധിപത്യം അവള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.ഇത്തരം സ്ത്രീകളെ ആണു നമുക്ക് ആവശ്യം.രേവതിയുടെ ‘മകളും’ പ്രമേയത്തിലെ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായെങ്കിലും അവതരണത്തിലെ പുതുമയില്ലായ്‌മയും സ്ഥിരം കാണുന്ന ഇമേജറികളും കൊണ്ട് വ്യത്യസ്തമായ ഒരു അനുഭവ തലം സമ്മാനിച്ചില്ല.ഈ ചിത്രത്തില്‍ “സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ” എന്നൊരു പരോക്ഷമായ സന്ദേശവും സംവിധായക നല്‍കുന്നു.

ബി.ഉണ്ണികൃഷ്ണന്റെ ‘അവിരാമം” മുതലാളിത്തം അല്പാല്പമായി കടിച്ചുകീറി തിന്നു കൊണ്ടിരിക്കുന്ന മനുഷ്യാവസ്ഥയുടെ നേര്‍ക്കാഴ്ചയാണ്.സാമ്പത്തിക മാന്ദ്യം തകത്തെറിയുന്ന കുടുംബങ്ങളുടെ ഒരു നഖചിത്രം ഇതില്‍ കാണാം.

തട്ടുപൊളിപ്പന്‍ സിനിമകളുടെ സംവിധായകനായ ഷാജി കൈലാസിന്റെ ‘ലളിതം ഹിരണ്‍‌മയം’മറ്റൊരു മനുഷ്യാവസ്ഥയെ കാട്ടിത്തരുന്നു.അദ്ദേഹത്തിന്റെ ഉള്ളിലും ചില സ്പാര്‍ക്കുകള്‍ ഉണ്ടെന്ന് ഈ ചിത്രം ബോധ്യപ്പെടുത്തുന്നു.സ്നേഹിക്കുന്നത് തെറ്റാണോ? വെറുക്കുന്നതല്ലേ തെറ്റ് “ എന്നൊരു ചോദ്യം പ്രേഷകരുടെ മുന്നില്‍ ഉയര്‍ത്തിയാണു ഈ ചിത്രവും അവസാനിക്കുന്നത്.

ശ്യാമപ്രസാദിന്റെ “ഓഫ് സീസണ്‍’ കാട്ടിത്തരുന്നത് ലോകത്തെല്ലാം മനുഷ്യന്റെ അവസ്ഥ ഒന്നു തന്നെ എന്നതാണ്.സഹവര്‍ത്തിത്വം എങ്ങനെ പുരോഗതിയുടെ ചുണ്ടുപലകയാകുമെന്നും ഈ ചെറിയ ചിത്രം സൂചന നല്‍‌കുന്നു.

കേരളാകഫേയിലെ മെനു തീര്‍ച്ചയായും നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് ആശ്വാസദായകമാണ്.പ്രതിഭയുടെ ഒരു മിന്നലാട്ടം.അതു മതി.ബാക്കി പുറകേ വന്നുകൊള്ളും.രഞ്ജിത്തിനും, അന്‍‌വര്‍ റഷീദിനും,ലാല്‍ ജോസിനും ഒക്കെ വന്നിരിക്കുന്ന മാറ്റങ്ങള്‍ പോലും ശുഭസൂചകങ്ങളാണ്.സാധാരണ സിനിമ ഒരു വലിയ നോവലാണെങ്കില്‍ കേരള കഫേ ചെറുകഥകളുടെ ഒരു സമാഹാരമാണു.ഓരോന്നിലും ഓരോ വികാരങ്ങള്‍ പ്രതിഫലിപ്പിക്കപ്പെടുന്നു. ജിവിത സത്യങ്ങള്‍ അനാച്ഛാദനം ചെയ്യപ്പെടുന്നു.മനുഷ്യജീവിതത്തിലെ വിഹ്വലതകളും, പ്രത്യാശകളും ,അനിശ്ചിതത്വങ്ങളും പ്രേക്ഷകമനസ്സുകളിലെത്തിക്കുന്നതില്‍ ഈ നല്ല ചിത്രം വിജയിച്ചിരിക്കുന്നു എന്നു തന്നെയാണ് എന്റെ വിലയിരുത്തല്‍.

രഞ്ജിത്തിനും കൂട്ടുകാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!നിങ്ങളില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു!(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)