Tuesday, May 1, 2012

കഥ പറഞ്ഞ് പറഞ്ഞ് ഹൃദയത്തിലിടം നേടിയ കലാകാരൻ !

 കാഥികൻ വി സാംബശിവൻ....
ഒരു ഏപ്രില്‍ 23 കൂടി വിട വാങ്ങുമ്പോള്‍ ഈ മഹാനായ കലാകാരന്‍ അന്തരിച്ചിട്ട് 16 വര്‍ഷങ്ങള്‍ കടന്നു പോയിരിയ്ക്കുന്നു!
ഇരുമ്പിനെ കാന്തം ആകർഷിയ്ക്കുന്നത് പോലെയായിരുന്നു ഒരു കാലത്ത് ഇദ്ദേഹത്തിന്റെ കഥകൾ മലയാളിയെ ആകർഷിച്ചിരുന്നത്.. 

എത്രയോ രാവുകൾ....!!!ആ കാഥികന്റെ മാസ്മരികതയിൽ ലയിച്ചിരുന്നു പോയിട്ടുണ്ട്..എവിടെയെല്ലാം പോയിരിക്കുന്നു ആ കഥ കേൾക്കാൻ ! സാംബശിവന്റെ കഥ ഉണ്ടെന്നറിഞ്ഞാൽ എത്ര ദൂരെയാണെങ്കിലും വണ്ടി പിടിച്ചു പോലും ആൾക്കാർ പോയി സശ്രദ്ധം കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് ഇന്ന് ഒരു പക്ഷേ വിശ്വസിയ്ക്കാൻ പ്രയാസമായിരിയ്ക്കും.
ഒരു കാലത്ത് ഒരു വർഷം മുൻപ് ബുക്ക് ചെയ്താൽ മാത്രമേ സാംബശിവനെ കിട്ടുമായിരുന്നുള്ളൂ.വർഷാദ്യം തന്നെ പത്രങ്ങളിൽ ആ വർഷത്തെ ബുക്കിംഗിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിരുന്നു.മുന്നൂറ്റി അറുപത്തഞ്ച് ദിവസവും പകൽ ഉറങ്ങുകയും രാത്രി ഉണർന്നിരുന്ന് കഥ പറയുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു സാംബശിവനെന്ന് പറഞ്ഞാൽ അതിശയോക്തി ആവുകയില്ല.ആ കഥകൾ കേൾക്കാൻ ജനം ഒഴുകിയെത്തി .ഷേക്സ്‌പിയറിനേയും, പേൾ എസ് ബക്കിനേയും, ബിമൽ മിത്രയേയും, ടോൾസ്റ്റോയിയെയും,ദസ്ത്‌യ്‌വസ്കിയേയും  ഒക്കെ സാ‍ധാരണക്കാർക്ക് പരിചയപ്പെടുത്തിയത് ഈ മഹാനായ കലാകാരനാണ് .
’ചപ്ലാം‌കട്ട’യുമായി അരങ്ങിൽ വന്ന് വെറുതെ കഥ പറഞ്ഞു പോകുന്ന “ഹരികഥ”യുടെ സാമ്പ്രദായിക രീതിയിൽ നിന്നു മാറി ഈ കലയെ ജനകീയമാക്കിയത് കെടാമംഗലം സദാനന്ദനും സാംബശിവനുമൊക്കെയാണ്.ഏതു രംഗത്താണെങ്കിലും “ innovation" എന്നൊരു സംഗതി ഉണ്ട്..അത് കൊണ്ടു വരുന്നവർ എന്നും മറ്റുള്ളവരേക്കാൾ ഒരു പിടി മുന്നിൽ നിൽക്കും.കഥാപ്രസംഗത്തിനു പുതിയ മുഖം നൽകുന്നതിൽ കെടാമംഗലം സദാനന്ദൻ ഒക്കെ മുന്നിൽ നിന്നുവെങ്കിലും അവിടെ നിന്ന് ഒരു കാതം മുന്നോട്ട് പോകാൻ അദ്ദേഹത്തിനു പറ്റിയില്ല.ആ ശൈലി പഴമയിൽ തങ്ങി നിന്നു.അദ്ദേഹത്തിന്റെ “രമണൻ “ എന്ന കഥ ഏതാണ്ട് 3500 സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടു.പക്ഷേ സാംബശിവനാകട്ടെ വിശ്വസാഹിത്യത്തിലെ പല പ്രമുഖ കൃതികൾക്കും കഥാപ്രസംഗ രൂപം നൽകി അവതരിപ്പിച്ചു.അങ്ങനെ ചെയ്യുമ്പോൾ ആ കഥയേയും കഥാപാത്രങ്ങളെയും കേരളീയമായ അല്ലെങ്കിൽ മലയാളികൾക്ക് വേഗത്തിൽ മനസ്സിലാകുന്ന പശ്ചാത്തല രംഗങ്ങൾ ഒരുക്കി അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചു.വളരെ ഗഹനമായ കഥകൾ പോലും മലയാളിയുടെ നാവിൻ തുമ്പിൽ തത്തിക്കളിക്കുന്നതു പോലെ പറഞ്ഞു പ്രതിഫലിപ്പിക്കുന്നതിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു. ആ കഥപറച്ചിലിന്റെ രീതി ആൾക്കാരെ പിടിച്ചിരുത്തി.സംഭാഷണങ്ങൾ അവതരിപ്പിക്കുന്നതിലെ  വ്യതിരിക്തതയാണു ഏറ്റവും ശ്രദ്ധിയ്ക്കപ്പെട്ടത്.ശബ്ദം മാറ്റിക്കൊണ്ടുള്ള സംഭാഷണരീതികൾ,അതിനൊടോത്തുള്ള അഭിനയം എല്ലാം ജനങ്ങളുടെ കൈയടി ഏറ്റുവാങ്ങി.പാട്ടുകളിലെ വ്യത്യസ്തമായ സംഗീതാത്മകതയും അദ്ദേഹത്തെ മറ്റുള്ള കാഥികരിൽ  നിന്ന് വേറിട്ട് നിർത്തി.
 സാംബശിവൻ അവതരിപ്പിച്ച കഥകൾ നോക്കുക ( കട: വിക്കി)..അവയുടെ വ്യത്യസ്തത കാണുക..പല വിദേശ നോവലുകളിലേയും കഥകളെയും കഥാപാത്രങ്ങളേയും ഏതു സാധാരണക്കാരനായ മലയാളിക്കും പരിചിതനാക്കിയത് അദ്ദേഹമാണു.
 1. ദേവത (1949)
 2. കൊച്ചുസീത (1949)
 3. മഗ്ദലനമറിയം(1950)
 4. വാഴക്കുല,വത്സല(1951)
 5. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി (1952)
 6. ആയിഷ(1953)
 7. തറവാടിന്റെ മാ‍നം(1953)
 8. പുത്തങ്കലവും അരിവാളും(1954)
 9. റാണി(1955)
 10. പട്ടുനൂലും വാഴനാരും (1956)
 11. കുടിയൊഴിക്കൽ (1957)
 12. പ്രേമശിൽപ്പി (1958)
 13. താര(1959)
 14. പരീക്ഷണം(1960)
 15. പുള്ളിമാൻ (1961)
 16. ചന്ദനക്കട്ടിൽ(1962)
 17. അനീസ്യ (1963)
 18. ഒഥല്ലൊ (1964)
 19. ആന്റിഗണി(1965)
 20. കാക്കത്തമ്പുരാട്ടി(1966)
 21. മേലങ്കി(1967)
 22. അന്നാക്കരീനിന(1968)
 23. റോമിയൊ & ജൂലിയറ്റ്(1969)
 24. ഉയിർത്തെഴുന്നേൽപ്പ് (1970)
 25. ഡൊൺ ശാന്തമായി ഒഴുകുന്നു (1971)
 26. ഹേന (1972)
 27. കുമാരനാശാൻ(1973)
 28. വിലക്കുവാങ്ങാം (1974)
 29. നെല്ലിന്റെ ഗീതം (1975)
 30. ഇരുപതാം നൂറ്റാണ്ട് (1976)
 31. ഗുരുദേവൻ(1976)
 32. നല്ലഭൂമി(1977)
 33. റയിൻബൊ(1978)
 34. സംക്രാന്തി (1979)
 35. ഗോസ്റ്റ് (1980)
 36. യന്ത്രം (1981)
 37. ക്ലിയൊപാട്ര (1982)
 38. കാരമസൊവ് സഹൊദരന്മാർ (1983)
 39. ദേവലോകം (1984)
 40. പ്രതി (1985)
 41. ദിവ്യതീർത്ഥം (1986)
 42. സനാറ്റ (1986)
 43. ദേശസ്നേഹി (1987)
 44. അർത്ഥം (1988)
 45. വ്യാസനും മാർക്സും (1989)
 46. ലാഭം ലാഭം (1990)
 47. 1857 (1990)
 48. സെഡ് (1991)
 49. കുറ്റവും ശിക്ഷയും (1992)
 50. സിദ്ധാർത്ഥ (1993)
 51. പതിവ്രതയുടെ കാമുകൻ (1994)
 52. ഏഴു നിമിഷങ്ങൾ (1995)
സാംബശിവൻ കഥ പറയുമ്പോൾ ആയിഷയും , നികിതയും ,ബ്രോഡ്‌സ്കിയും, ഒഥല്ലോയും ,ഇയാഗോയും എല്ലാം നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നു...നമ്മോടൊപ്പം കരയുന്നു , ചിരിയ്ക്കുന്നു....നമ്മളിലൊരാളായി മാറുന്നു.
ഞാൻ അദ്ദേഹത്തിന്റെ കഥാപ്രസംഗം അവസാനം കണ്ടത് 1995 ൽ മുംബൈയിലെ ഡോംബിവലിയിൽ വച്ചാണ്.അദ്ദേഹത്തിന്റെ അവസാനകഥയായ “ഏഴു നിമിഷങ്ങൾ” ആയിരുന്നു അന്നവിടെ അവതരിപ്പിച്ചത്.അന്നവിടെ മലയാളികളുടെ ഒരു പ്രവാഹമായിരുന്നു !
1996 ഏപ്രിൽ 23 നു അദ്ദേഹം അന്തരിച്ചു.

കാലം മറയ്ക്കാത്ത ഓർമ്മകൾ !!!

അദ്ദേഹത്തിനു കഥാപ്രസംഗം ഒരു കല മാത്രമായിരുന്നില്ല..ആ രാഷ്ട്രീയം തന്നെ ആയിരുന്നു ആ കഥയും.കെ എസ് എഫിന്റെ ആദ്യ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന അദ്ദേഹം പിന്നീട് സി പി ഐ എം അംഗം കൂടിയായിരുന്നു. അദ്ദേഹമാണു അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ കലാ രംഗത്തു നിന്ന് ജയിലിൽ പോയ ഒരേ ഒരു മനുഷ്യൻ..അധികാര വർഗത്തെ നിശിതമായി വിമർശിക്കുന്ന “ ഇരുപതാം നൂറ്റാണ്ട്” എന്ന കഥാപ്രസംഗം  അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു സാംബശിവൻ ജയിലിൽ പോയത്..കലാസാഹിത്യരംഗങ്ങളിലൂടെ കേരളത്തിൽ ഇടതു പക്ഷ പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുണ്ടാക്കിയവരിൽ പ്രമുഖ സ്ഥാനമാണു സാംബശിവനുള്ളത്.ഏതു കഥ പറയുമ്പോളും അതിനെ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി കൂട്ടിയിണക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.
അദ്ദേഹത്തെ പരിചയമില്ലാത്ത പുതു തലമുറയ്ക്കായും കഥകൾ കേട്ടിട്ടുള്ള പഴയ തലമുറക്കാർക്ക് ഓർമ്മ പുതുക്കാനുമായി ലിയോ ടോൾസ്റ്റോയിയുടെ  “അന്ന കരനീന” സാംബശിവൻ കഥാപ്രസംഗമായി അവതരിപ്പിക്കുന്നതിന്റെ വീഡിയോയുടെ ഒരു ഭാഗം ഇവിടെ ഇടുന്നു !( കടപ്പാട് ;യു ട്യൂബിൽ ഇത് അപ്‌ലോഡ് ചെയ്ത ആഷിഷിന്)
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കയും ചെയ്ത ആ മഹാനായ കലാകാരന്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു രക്ത പുഷ്പം സമർപ്പിക്കട്ടെ ..!!!

അനുബന്ധം:: സാംബശിവന്റെ “ സിദ്ധാർത്ഥ” എന്ന കഥാപ്രസംഗത്തിന്റെ ആ വർഷത്തെ ആദ്യ പരിപാടിയുടെ ഉദ്ഘാടനം സ: ഇ എം എസ് നിർവഹിയ്ക്കുന്നതിന്റെ വീഡിയോ ഇവിടെ കാണാം.ഏതെങ്കിലും ഒരു പരിപാടി ഉദ്‌ഘാടനം ചെയ്യുമ്പോൾ വെറുതെ എന്തെങ്കിലും പ്രസംഗിച്ച് പോകുന്നവരിൽ നിന്ന് സ:ഇ എം എസ് എങ്ങനെ വ്യത്യസ്തനായിരുന്നു എന്ന് നോക്കുക..അതിനായി ഹെർമൻ ഹെസേയുടെ നോവൽ വായിച്ചിട്ടാണു ഇ എം എസ് വരുന്നതും അതിനെ പറ്റി പറയുന്നതും...സാംബശിവന്റെ മറുപടി പ്രസംഗത്തിൽ ഇ എം എസിനെ പറ്റി ചില നല്ല നിരീക്ഷണങ്ങളും നടത്തുന്നുണ്ട്

(ചിത്രത്തിനു കടപ്പാട് ഗൂഗിൾ)