Thursday, September 5, 2013

വരയാടുകളുടെ സാമ്രാജ്യത്തിൽ !


'നെല്ല്' ഓൺലൈൻ മാസികയുടെ ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.നെല്ലിൽ ഈ വിവരണം ഈ ലിങ്കിൽ വായിക്കാം)

ഇക്കഴിഞ്ഞ മെയ് മാസത്തിൽ നടത്തിയ ഞങ്ങളുടെ  മൂന്നാർ യാത്രയുടെ രണ്ടാം ദിനമായിരുന്നു അന്ന്.തലേന്ന് അപ്രതീക്ഷിതമായി ഉച്ച കഴിഞ്ഞ് കോരിച്ചൊരിഞ്ഞ മഴ ഞങ്ങളുടെ കാഴ്ചകളെ അല്പം തടസ്സപ്പെടുത്തിയിരുന്നു.മാട്ടുപ്പെട്ടിയിൽ മഴ കാരണം ഇറങ്ങാനേ പറ്റിയിരുന്നില്ല.

മൂന്നാറിലെ രാത്രി അതീവ തണുപ്പുള്ളതായിരുന്നു.മെയ്‌മാസത്തിലെ ചൂടിൽ ചെന്നൈയിൽ നിന്നും നാട്ടിൽ നിന്നും വന്ന ഞങ്ങൾക്ക് മൂന്നാറിലെ തണുപ്പുള്ള രാത്രിയും കുളിരുള്ള പകലും തന്ന ആശ്വാസം ചില്ലറയല്ല.എന്റെ കുടുംബത്തോടൊപ്പം എന്റെ പ്രിയ സുഹൃത്ത് മോഹനനും കുടുംബവും കൂടി ഉണ്ടായിരുന്നു.

ഇന്നത്തെ ആദ്യ ലക്ഷ്യ സ്ഥാനം ഇരവികുളം നാഷണൽ പാർക്ക് ആണു.മെയ് മാസം മൂന്നാറിലെ സീസൺ ആയതിനാൽ പാർക്കിൽ നല്ല തിരക്കുണ്ടാവുമെന്നും അതിനാൽ അതിരാവിലെ തന്നെ പോകണമെന്നും ഞങ്ങൾ മനസ്സിലാക്കിയിരുന്നു.അതുകൊണ്ടു തന്നെ നല്ല തണുപ്പുണ്ടായിരുന്നിട്ടും രാവിലെ തന്നെ യാത്രപോകാൻ ഞങ്ങൾ തയ്യാറായി ഹോട്ടലിൽ നിന്ന് വെളിയിൽ വന്നു.സമയം ആറര കഴിഞ്ഞിരുന്നു.വണ്ടിയുമായി ഞങ്ങൾ യാത്ര തുടങ്ങി.മൂന്നാർ ഉണർന്ന് വരുന്നതേയുള്ളൂ.പ്രഭാത ഭക്ഷണം കഴിച്ചിട്ട് പോകാം എന്ന് തീരുമാനിച്ച് നോക്കിയപ്പോൾ പല റസ്റ്റോറന്റുകളും തുറന്നിട്ടില്ല.അങ്ങനെ അല്പമൊന്ന് അന്വേഷിച്ച്  പോകുമ്പോൾ മറയൂർ റോഡിലേക്ക് തിരിയുന്നതിനു മുൻപ് കണ്ട റസ്റ്റോറന്റിൽ കയറി.ഇതു മാത്രമേ തുറന്നിട്ടുള്ളുവെന്ന്  തോന്നുന്നു.അതിനാൽ തന്നെ നല്ല തിരക്കുമുണ്ട്.എന്തായാലും പ്രതീക്ഷിച്ചതിലും നല്ല റസ്റ്റോറന്റായിരുന്നു അത്.നല്ലൊരു പ്രഭാത ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ വണ്ടി മറയൂർ റോഡിലേക്ക് തിരിച്ചു.

മൂന്നാറിൽ നിന്ന് 40 കി മീ ദൂരമാണു മറയൂരിലേക്ക്.അതേ വഴിയിൽ തന്നെയാണു ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്.മൂന്നാറിൽ നിന്ന് 13 കിമീ ദൂരെ യാണു അത്.ഇരവികുളം നാഷണൽ പാർക്ക് കണ്ട് കഴിഞ്ഞ് മറയൂരാണു ഞങ്ങളുടെ ലക്ഷ്യം.


മൂന്നാർ ടൗൺ വിട്ടയുടെനെ ദൂരെ ആനമലനിരകൾ ദൃശ്യമായി തുടങ്ങി.സൂര്യൻ ആനമലകൾക്കിടയിലൂടെ ഉദിച്ചു വരുന്ന മനോഹരദൃശ്യം മറക്കാനാവുന്നതല്ല.ആകാശപ്പാളികളെ തൊട്ടുരുമ്മി നിൽക്കുന്നു മലനിരകൾ.എന്നെ കീഴടക്കാൻ ആരുണ്ട് എന്ന ഭാവത്തിൽ തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന മല നിരകളിലെ ചെറിയ നീരൊഴുക്കുകളിൽ സൂര്യകിരണങ്ങൾ പതിയ്ക്കുമ്പോൾ അവ ആയിരം കുഞ്ഞു കുഞ്ഞു സൂര്യന്മാരായി വെട്ടിത്തിളങ്ങി.

പതിനഞ്ച് മിനിട്ട്  കൊണ്ട് ഞങ്ങൾ ഇരവികുളത്ത് എത്തി.റോഡിനിരുവശവും വഴിയോരക്കച്ചവടക്കാരുടെ നീണ്ടനിര.പാർക്ക് കാണാൻ വന്ന സഞ്ചാരികളുടെ വാഹനങ്ങൾ അങ്ങിങ്ങ് പാർക്ക് ചെയ്തിരിയ്ക്കുന്നു.


പാർക്കിന്റെ പ്രധാന കവാടമാണിത്.ഇവിടെ പാർക്ക സന്ദർശിക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്.പാർക്കിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നില്ല.ഇവിടെ നിന്നും പാർക്കിലേക്ക് പോകേണ്ടത് വനം വകുപ്പിന്റെ വാഹനത്തിലാണു.ടിക്കറ്റ് എടുക്കേണ്ടതും ഇവിടെത്തന്നെയാണു.ഞാൻ ബാക്കിയുള്ളവരെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ ഇറക്കിയിട്ട് വണ്ടി പാർക്ക് ചെയ്യാൻ പോയി.ടിക്കറ്റ് കൗണ്ടറിനു മുന്നിൽ  സന്ദർശകരുടെ നീണ്ട നിര അപ്പോൾ തന്നെ രൂപം കൊണ്ടിരുന്നു.ഞാൻ വണ്ടി മുകളിൽ കൊണ്ടു പോയി പാർക്ക് ചെയ്തിട്ടു വന്നു.

ഇവിടെ പാർക്ക് കാണാൻ വരുന്ന എല്ലാവരും ക്യൂവിൽ നിൽക്കണം.ആരെങ്കിലും ഒരാൾ പോയി ടിക്കറ്റെടുത്തു വന്നാൽ പോരാ.അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും തന്നെ വരിയിൽ സ്ഥാനം പിടിച്ചു,വിവിധ പ്രദേശങ്ങളിൽ നിന്ന് വന്ന സന്ദർശകർ.അവരിൽ മലയാളികളുണ്ട്, തമിഴ്‌നാട്ടുകാർ ഉണ്ട്.ഉത്തരേന്ത്യക്കാരുണ്ട്..സന്ദർശകരെ നിരീക്ഷിച്ചു കൊണ്ട് ഞാനങ്ങനെ നിന്നു.


ആറു മിനി ബസുകളാണു ഇവിടെ നിന്ന് നമ്മളെ പാർക്കിലേക്ക് കൊണ്ടു പോകാനുള്ളത്.ഏതാണ്ട് 2000 മീറ്റർ ഉയരത്തിലേക്ക് പോകണം.ബസുകൾ പോയി വരുന്നതനുസരിച്ച് ടിക്കറ്റുകൾ കൊടുക്കുന്നു.ഏതാണ്ട് മുക്കാൽ മണിക്കൂറോളം നിന്നു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഊഴവുമെത്തി.ബസിനുള്ളിൽ പുറം കാഴ്ചകൾ നന്നായി കാണാവുന്നത് പോലെ തന്നെ ഞങ്ങൾ സ്ഥാനം പിടിച്ചു.



ഭീതി തോന്നുന്ന വിധം വീതി വളരെക്കുറഞ്ഞ വളഞ്ഞു പുളഞ്ഞ വഴികളിലൂടെയാണു ബസ് മുകളിലേക്ക് കയറിപ്പോകുന്നത്.എതിരെ ഒരു ബസ് വന്നാൽ അവർ സൈഡ് കൊടുക്കുന്നത് കാണേണ്ടതു തന്നെ ! ഒരു വശത്ത് ചെങ്കുത്തായ രാജമല .മറുവശത്ത് ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലാത്ത മനോഹരമായ ദൃശ്യവിരുന്നു.ഉയരങ്ങളിലേക്ക് ബസ് കയറിപ്പോകുന്തോറം പ്രകൃതിഭംഗിയുടെ മനോഹാരിത കൂടിക്കൂടിവന്നു.ഒരിക്കൽ കണ്ടാൽ ജീവിതത്തിലൊരിക്കലും ഈ മനോഹരക്കാഴ്ചകൾ മറക്കില്ല.എത്രയെത്ര മല നിരകൾ.കണ്ണെത്താത്ത ദൂരത്തോളം മലനിരകൾ.മേഘപാളികൾ കൊണ്ട് മൂടിക്കിടക്കുന്ന ആ ഭംഗി നേരിൽ തന്നെ കണ്ട ആസ്വദിക്കണം.അത് വർണ്ണിക്കാൻ ഞാനൊരു കവിയല്ലാതെയായിപ്പോയി!

(ബസിൽ നിന്നുള്ള വിദൂരക്കാഴ്ചയിലൊന്നു)
ഏതാണ്ട് 30 മിനിട്ട് യാത്രകൊണ്ട് ഞങ്ങൾ മുകളിലെത്തി.ഇവിടെവരെയേ ബസ് ഉള്ളൂ.ഈ താവളത്തിൽ സന്ദർശകർക്ക് ലഘു ഭക്ഷണമൊക്കെ കഴിക്കാനുള്ള സൗകര്യമുണ്ട്.അതിനോട് ചേർന്ന് ഒരു ചെറിയ മ്യൂസിയവുമുണ്ട്."പാർക്കിന്റെ കഥ " (Story Of the Park) എന്നാണതിന്റെ പേരു്.
ആനമലയുടേയും കണ്ണൻ ദേവൻ മലനിരകളൂടേയും ചരിത്രം, ഇരവി കുളത്തെ സസ്യ ലതാതികളെപ്പറ്റിയുള്ള വിവരങ്ങൾ, വരയാടുകളെപ്പറ്റിയുള്ള കാര്യങ്ങൾ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ ചെറിയ മ്യൂസിയത്തിനുള്ളിലുണ്ട്.ഞങ്ങൾ മ്യൂസിയം ഒന്ന് ചുറ്റിക്കണ്ടു.


ഇവിടെ നിന്ന് ഏകദേശം 1300 മീറ്ററോളം മുകളിലേക്ക് നടന്ന് പോകണം.കുത്തനെയുള്ള കയറ്റമല്ല.വളഞ്ഞു തിരിഞ്ഞുള്ള റോഡുണ്ട്.ഞങ്ങളോടൊപ്പം വന്ന സന്ദർശകർ മുകളിലേക്ക് പോയ്ക്കഴിഞ്ഞു.ഞങ്ങൾ അവിടെത്തന്നെ അല്പ സമയം കൂടി നിന്നു.അവിടെ നിന്നു നോക്കിയാൽ ആനമലയുടെ കൊടുമുടികൾ നമ്മെ വെല്ലുവിളിച്ചു നിൽക്കുന്നത് കാണാം.ദൂരെ ദൂരെ എത്രയോ ഉയരത്തിലാണവ.


നടന്നുള്ള സന്ദർശനം തുടങ്ങുന്നതിനു മുൻപ് ഗാർഡ് പരിശോധിച്ചു.ഇവിടം പ്ലാസ്റ്റിക് നിരോധിത മേഖലയാണു.അത്തരം വസ്തുക്കളൊന്നും മുകളിലേക്ക് കൊണ്ടുപോകാൻ പാടില്ല.ഞങ്ങൾ കയറ്റം തുടങ്ങി.ഒട്ടുമേ ആയാസം തോന്നിയില്ല.മലമുകളിലെ കുളിരിൽ നടപ്പിനു വിഷമമില്ല.എങ്ങോട്ട് നോക്കിയാലും കുളിർമയുള്ള കാഴ്ചകളും.പുൽ മേടുകളും പാറക്കെട്ടുകളും നിറഞ്ഞതാണു ഈ പ്രദേശം

മുകളിലേക്കുള്ള പാതയിൽ നിന്നു താഴേയ്ക്ക് നോക്കുമ്പോളുള്ള കാഴ്ച അതിമനോഹരമാണു.അത് കണ്ട് തന്നെ അറിയണം.മൂന്നാറിലെ മലനിരകളുടെ വന്യസൗന്ദര്യം കാണേണ്ടതു തന്നെ.എത്ര കണ്ടാലും മതിവരാത്ത കാഴ്ച്കകൾ.ഒരിക്കലെങ്കിലും ഈ സൗന്ദര്യം അറിയുക തന്നെ വേണമെന്നാണു എനിക്ക് പറയാനുള്ളത്
ഇരവികുളം നാഷണൽ പാർക്ക്

ഹാമിൽറ്റന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇവിടം മുൻപ് കണ്ണൻ ദേവൻ ഹിൽസ് കമ്പനിയുടെ വേട്ടയാടൽ കേന്ദ്രമായിരുന്നു.1971 ൽ കേരള സർക്കാർ ഇവിടെ മിച്ച ഭൂമിയായി ഏറ്റെടുക്കുകയും പിന്നീട് വന്യജീവി സംരക്ഷണ കേന്ദ്രമാക്കുകയും ചെയ്തു.1975 ലാണു ഇതിന്റെ ഒരു ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ചത്.1978 ൽ ഇരവികുളം ദേശീയോദ്യാനം  എന്നപേരുമിട്ടു.പുൽമേടുകളും കുറ്റിച്ചെടികളും നിറഞ്ഞ നിത്യ ഹരിത ചോല വനങ്ങളാണു ഇരവികുളം നാഷണൽ പാർക്ക്.


97 ചതുരശ്ര കി. മീറ്ററാണു ഇരവികുളം നാഷണൽ പാർക്കിന്റെ വിസ്തീർണ്ണം.ഇതിനു മൂന്ന് ഭാഗങ്ങൾ ഉള്ളതിൽ ഒന്നിൽ മാത്രമാണു സന്ദർശകർക്ക് പ്രവേശനമുള്ളത്.പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ( 2690 മീ) ഇരവികുളം നാഷണൽ പാർക്കിനുള്ളിലാണു.അത് പക്ഷേ ഇവിടെ നിന്ന് നമുക്ക് കാണാൻ സാധിക്കില്ല.മറയൂർ റോഡിൽ കൂടി ഒരു 2 കി മീ സഞ്ചരിക്കുമ്പോൾ മാത്രമേ കാണാൻ സാധിക്കൂ.


വരയാടുക( Nilgiri Tahr)ളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമാണു ഇരവികുളം നാഷണൽ പാർക്ക്.ഏതാണ്ട് ആയിരത്തോളം വരയാടുകൾ ഇവിടെ ഇപ്പോൾ ഉണ്ട്.സംരക്ഷിതമേഖല ആക്കിയതിൽ പിന്നെ വരയാടുകളുടെ എണ്ണം വർഷം തോറും കൂടിക്കൂടി വരുന്നുണ്ട് .ഇരവികുളത്തെ ഏറ്റവും വലിയ ആകർഷണവും ഇവ തന്നെ.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും വരയാടുകളെ കാണുക എന്നത് തന്നെ.പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഉണ്ടായിരുന്ന ഒരു ചോദ്യം ഓർമ്മ വരുന്നു. "കേരളത്തിൽ എവിടെയാണു വരയാടുകളെ കാണുന്നത്"

വരയാടുകളെ കൂടാതെ എണ്ണത്തിൽ അത്രയൊന്നുമില്ലാത്ത Nilgiri Marten,Ruddy Mangoose,Clawed Otter എന്നീ ജീവികളും ഇവിടെ കാണപ്പെടുന്നു.

വരയാട്

അന്ന് വിചാരിച്ചിരുന്നത് ഇവയ്ക്ക് വരയുള്ളതുകൊണ്ടാവുംആങ്ങനെ പേരു വന്നത് എന്നാണു.എന്നാൽ അങ്ങനെയല്ല."വരൈ " എന്നാൽ പാറക്കെട്ട് എന്നാണു തമിഴിൽ അർഥം.പാറക്കെട്ടുകൾക്കിടയിൽ കാണുന്ന തരം ആടുകൾ ആയതുകൊണ്ടാണു ഇവയ്ക്ക് "വരൈയാട്" എന്ന് പേരു വന്നത്.


ഞങ്ങളുടെ യാത്ര അല്പം മുകളിലേക്ക് ചെന്നപ്പോളേക്കും കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലും പുൽ മേടുകളിലും കൂട്ടം കൂട്ടമായി വരയാടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.കാഴ്ചയിൽ സാധാരണ ആടുകളിൽ നിന്ന് അല്പം വ്യത്യസ്തമാണു.ഇളം കറുപ്പ്  കലർന്ന് ബ്രൗൺ നിറമാണിവയ്ക്ക്.മുതിർന്ന വരയാടിനു 100 സെ മീ ഉയരവും 100 കിലോയിലേറേ തൂക്കവുമുണ്ടാകും.വരയാടുകൾക്കിടയിൽ രണ്ടു തരം സോഷ്യൽ ഗ്രൂപ്പുകളുണ്ട്.ആണും പെണ്ണൂം കലർന്ന മിക്സഡ് ഗ്രൂപ്പുകളും പ്രായം ചെന്ന ആൺ വരയാടുകളുടെ ഗ്രൂപ്പും.

ഫെബ്രുവരി മാസത്തിലാണു ഇവയുടെ പ്രജനനകാലം.ആ സമയത്ത് ഏതാണ്ട് 50-60 ദിവസത്തേയ്ക്ക് പാർക്ക് അടച്ചിടാറുണ്ട്,സന്ദർശകർക്ക് ആ സമയത്ത് ഇങ്ങോട്ടേക്ക് പ്രവേശനമുണ്ടാവില്ല.ഏതാണ്ട് നൂറിനടുത്ത് കുഞ്ഞുങ്ങൾ ഓരോ വർഷവും ജനിക്കാറുണ്ടെന്നാണു കണക്ക് .

നീണ്ടു വളഞ്ഞു നിൽക്കുന്ന കൊമ്പുകൾ ഇവയുടെ പ്രത്യേകതയാണു. നാട്ടിലെ  ആടുകളിൽ നിന്ന് വ്യത്യസ്തമായി ഇവയുടെ കണ്ണുകൾക്ക് തീക്ഷ്ണത കൂടുതലാണു. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 2000 മീറ്റർ ഉയരത്തിലാണിവ വസിക്കുന്നതെന്ന് ഓർക്കണം.കുത്തനെ കിടക്കുന്ന പാറക്കെട്ടുകളിലൂടെ അവ അനായാസം സഞ്ചരിയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ.വരയാടുകളെ കണ്ട് ഞങ്ങളങ്ങനെ നിന്നു പോയി.ഇതിനിടെ ഇഷ്ടം പോലെ ചിത്രങ്ങളെടുക്കാനും മറന്നില്ല.

നടത്തം തുടർന്നുകൊണ്ടേയിരുന്നു.പാതയ്ക്കിരുവശവും കുറ്റിച്ചെടികളുടെ ചെറിയ കാടുകൾ.ഓരോയിനം കുറ്റിച്ചെടികളുടേയും പേരുകൾ അവയിൽ എഴുതി വച്ചിട്ടുണ്ട്.ഇടക്ക് പാറക്കെട്ടുകൾക്കിടയിലൂടെ തണുത്ത വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങൾ ഉണ്ട്.അതിലൊന്നു മുഖം കഴുകിയാൽ എല്ലാ ക്ഷീണവും ഇല്ലാതാകും.
(പാർക്കിൽ കണ്ട വലിപ്പമുള്ള പന്നൽ ചെടി)
നടന്ന് നടന്ന് ഞങ്ങൾ സന്ദർശകർക്ക് പ്രവേശനമുള്ള അവസാനഭാഗത്ത് എത്തി.പാത പിന്നെയും തുടരുന്നുവെങ്കിലും അതിനുള്ളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.അവിടെ നിന്നിരുന്ന ഗാർഡ് ഞങ്ങൾക്ക് കുറിഞ്ഞിച്ചെടികൾ കാട്ടിത്തന്നു.ആ പ്രദേശം മുഴുവൻ കുറിഞ്ഞിച്ചെടികളാൽ നിറഞ്ഞിരിയ്ക്കുന്നു.പന്ത്രണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം മാത്രം സംഭവിക്കുന്ന ആ മനോഹര കാഴ്ചയെ ഗർഭത്തിൽ വഹിച്ചു നിൽക്കുന്ന കുറിഞ്ഞിച്ചെടികൾ.ആ സമയത്ത് ഇവിടെ വന്നാൽ എന്തായിരിക്കും ഭംഗി എന്ന് ഞാൻ ആലോചിച്ചു പോയി !

(കുറിഞ്ഞിച്ചെടി)
അവിടെ അല്പനേരം വിശ്രമിച്ച ശേഷം തിരികെ നടന്നു ഞങ്ങൾ.കുട്ടികൾക്ക് ഉത്സാഹത്തിനു കുറവൊന്നുമില്ല.അങ്ങു ദൂരെ ദൂരെ മലനിരകളിൽ പെട്ടെന്ന് കോടമഞ്ഞിറങ്ങി. തണുത്ത ശീതക്കാറ്റ് വീശാൻ തുടങ്ങി.കൊടമഞ്ഞിറങ്ങുന്ന കാഴ്ച മനോഹരമാണു.ഒരു നിമിഷം കൊണ്ട് എല്ലാം കൺമുമ്പിൽ നിന്ന് മറയുന്നത് പോലെ...

തിരികെ നടക്കുമ്പോൾ വീണ്ടും വരയാടുകളുടെ കൂട്ടം.അവരോട് ഞങ്ങൾ യാത്ര പറഞ്ഞു.

(മറക്കുമോ ഈ മനോഹരക്കാഴ്ചകൾ?)
നടന്ന് നടന്ന് ഞങ്ങൾ വീണ്ടും താഴെയെത്തി.ചെന്നെ ഉടനെ തന്നെ താഴേയ്ക്കുള്ള ബസ് ലഭിച്ചു.കാഴ്ചകളെല്ലാം വീണ്ടും ഒരിക്കൽ കൂടി കണ്ട് കണ്ട് ഞങ്ങൾ ഇരവികുളത്തോട് വിട പറഞ്ഞു. ഒരിയ്ക്കലും മറക്കാനാവാത്ത മറ്റൊരു യാത്രകൂടി ഇവിടെ തീരുന്നു..

താഴെ കവാടത്തിലെത്തി.താഴെ വന്നപ്പോൾ കോടമഞ്ഞില്ല.സൂര്യൻ ചിരിച്ചു നിൽക്കുന്നു.ക്ഷീണമകറ്റാൻ ഞങ്ങൾ കരിക്ക് കുടിച്ചു. വണ്ടിയെടുത്ത് മറയൂർ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു..

പാർക്കിൽ വനം-വന്യജീവി വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡിലെ വാചകങ്ങളാണു മനസ്സിൽ തങ്ങി നിന്നത്

"കാടിന്റെ കിനാകാഴ്ചകൾ..!അറിയുക, ആസ്വദിയ്ക്കുക,മടങ്ങുക"

(കടപ്പാട്: വിക്കിപീഡിയ, മറ്റു ലേഖനങ്ങൾ, പുസ്തകങ്ങളിലും പത്രങ്ങളിലും വന്നിട്ടുള്ള വിവിധ കുറിപ്പുകൾ എന്നിവയ്ക്ക്)

Friday, March 29, 2013

ചിരസ്മരണ -തേജസ്വിനിയുടെ കഥ,കയ്യൂരിന്റേയും ...

ഇനി രണ്ടു മിനിട്ട്.
തുറുങ്കിനകത്തുനിന്ന് ജനകീയ പ്രവർത്തകരുടെ പാട്ട് കൂടുതൽ വ്യക്തമായി കേട്ടു തുടങ്ങി.

കലക്ടർ മുഖത്ത് ശുണ്ഠി വരുത്തി.സൂപ്രണ്ട് വാച്ചിലേക്ക് നോക്കി നിന്നു.
താഴെ ഇരുൾ നിറഞ്ഞ കുഴി.അതിനു കൃത്യമായി നാല് പലകകൾ..മേലെ തൂങ്ങിക്കൊണ്ടിരിക്കുന്ന കുരുക്കുകൾ

“മുഖത്തിനു മറയിടൂ !“
“വേണ്ടാ ഞങ്ങൾക്ക് മറ ആവശ്യമില്ല”
കുരുക്കുകൾ കണ്ഠാഭരണങ്ങളായി.
“ഇങ്ക്വിലാബ്-“
ചിരുകണ്ടൻ അത്യുച്ചത്തിൽ വിളിച്ചു.
“സിന്ദാബാദ് !“അപ്പു,കുഞ്ഞമ്പു,അബുബക്കർ മൂന്നുപേരും ഒപ്പം വിളിച്ചു.
‘സാമ്രാജ്യത്വം-‘
‘നശിക്കട്ടെ!‘
‘വിപ്ലവം’
‘ജയിക്കട്ടെ!‘
സൂപ്രണ്ട് അടയാളം കാണിച്ചു.കുരുക്കുകൾ കഴുത്തു ഞെരിച്ചു.പുറപ്പെടാനൊരുങ്ങിയ സ്വരം തടയപ്പെട്ടു.പലകകൾ അരക്ഷണം കൊണ്ട് നീങ്ങി.നാലു ശരീരങ്ങളും കുഴിയിൽ തൂങ്ങി.കുരുക്കു കൂടുതൽ കൂടുതൽ മുറുകി.



1943 മാർച്ച് 29..ഇന്നേക്ക് 70 വർഷം മുൻപ് കണ്ണൂർ സെൻ‌ട്രൽ ജയിൽ വച്ച്  കയ്യൂർ സഖാക്കളെ തൂക്കിലേറ്റുന്ന രംഗം പ്രശസ്ത കന്നഡ സാഹിത്യകാരൻ ‘നിരഞ്ജന’യുടെ ‘ചിരസ്മരണ’യിൽ വിവരിക്കുന്നത് ഇപ്രകാരമാണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെയാണു പറഞ്ഞിരിയ്ക്കുന്നത്.

“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”

കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍

എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.

കയ്യൂരിന്റെ ചരിത്രം പറയുന്ന കൃതികളും ലേഖനങ്ങളും ചരിത്രഗ്രന്ഥങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും കയ്യൂരിന്റെ ചരിത്രത്തെ ആസ്പദമാക്കി ഒരു നോവൽ മാത്രമാണു ഉണ്ടായിട്ടുള്ളത്.അതാകട്ടെ മലയാളി അല്ലാത്ത, എന്നാൽ കയ്യൂർ സമരകാലത്ത് തൊട്ടടുത്ത നീലേശ്വരത്ത് വിദ്യാർത്ഥി ആയിരുന്ന കർണ്ണാടകയിലെ കുളുകുന്തയിൽ ജനിച്ച ‘ശിവറാവു’ആണു രചിച്ചിരിയ്ക്കുന്നത്.അദ്ദേഹത്തിന്റെ തൂലികാനാമമാണ് ‘നിരഞ്ജന’. ‘ചിരസ്മരണ ‘ എന്ന ഈ കൃതി കയ്യൂർ സമരത്തിന്റെ ഒരു സ്വതന്ത്രാഖ്യാനമാണെന്ന് പറയാം.ചരിത്ര വസ്തുതകളാണു ഈ കൃതിയ്ക്ക് അടിസ്ഥാനം.എന്നാൽ അതിൽ നിന്ന് വേറിട്ടും കഥകാരൻ സഞ്ചരിയ്ക്കുന്നുണ്ട്.കയ്യൂർ രക്തസാക്ഷികളായ നാലുപേരും അതേ പേരിൽ തന്നെ ഈ കഥയിൽ വരുമ്പോൾ ഇതിൽ അവതരിപ്പിക്കപ്പെടുന്ന മറ്റു കഥാപാത്രങ്ങളായ മാഷ്, പ്രഭു എന്നിവർ യഥാക്രമം കെ മാധവനും ഗണപതി കമ്മത്തുമാണു്.

കെ മാധവന്റെ ഒരു അനുസ്മരണക്കുറിപ്പ് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.അതിൽ എങ്ങനെയാണു കയ്യൂരും പരിസരപ്രദേശങ്ങളിലും കർഷകപ്രസ്ഥാനം ഉടലെടുത്തതെന്ന് പറയുന്നു.

സ:കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം നീലേശ്വരത്ത് കർഷക സംഘം കെട്ടിപ്പെടുക്കാനാണു സ: മാധവൻ വരുന്നത്.അതിനൊരു മാർഗമെന്ന നിലയിൽ സ്കൂളിൽ ഹിന്ദി ക്ലാസ് സംഘടിപ്പിക്കുന്നു.അങ്ങനെ ക്ലാസിൽ വരുന്ന കുട്ടികളുമായും അങ്ങനെ കർഷകരുമായും രാഷ്ട്രീയ ചർച്ചകൾ സംഘടിപ്പിച്ച് പതിയെ പതിയെ അവരിൽ സംഘബോധം വളർത്തുന്നു.അക്കാലത്ത് നീലേശ്വരം രാജാസ് സ്കൂളിൽ വിദ്യാർത്ഥിയായി പഠിച്ചിരുന്ന 'ശിവറാവു' ഈ ഹിന്ദിക്ലാസിൽ ചേർന്നു.അങ്ങനെ പതിയെ പതിറയെ അദ്ദേഹം ഒരു  കമയൂണിസ്റ്റായി മാറുകയാണുണ്ടായത്.അങ്ങനെ കയ്യൂർ സമരത്തെ തൊട്ടടുത്ത് നിന്ന് കണ്ട അദ്ദേഹം പിന്നീട് രണ്ട് തവണ കയ്യൂർ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.കേസിലകപ്പെട്ട മംഗലാപുരം ജയിലിൽ കിടന്നിരുന്ന കയ്യൂർ സഖാക്കളെ നിരവധി തവണ അദ്ദേഹം സന്ദർശിക്കുകയും കേസ് നടക്കുമ്പോൾ കോടതിയിൽ സന്നിഹിതനാവുകയും ചെയ്തിട്ടുണ്ട്.കയ്യൂർ സഖാക്കളെ തൂക്കിലേറ്റി പത്ത് വർഷങ്ങൾക്ക് ശേഷമാണു ഈ നോവൽ രചിക്കപ്പെട്ടത്.
(കാലത്തിനും ചരിത്രത്തിനും സാക്ഷിയായി കയ്യൂരിലെ 'തേജസ്വിനി'എന്ന കാര്യങ്കോട് പുഴ)


കൌമാരം വിട്ടുമാറാത്ത അപ്പു, ചിരുകണ്ടൻ എന്നിമവർ 'മാഷി'നെ കാണാൻ നടത്തുന്ന യാത്രയിലൂടെയാണു കഥ ആരംഭിയ്ക്കുന്നത്.അപ്പുവിന്റേയും ചിരുകണ്ടന്റേയും കുടുംബങ്ങളിലൂടെയും അവരുടെ ജീവിതാവസ്ഥകളിലൂടെയും കഥ മുന്നേറുന്നു.ജന്മിയുടെ കുതന്ത്രങ്ങൾക്ക് മുന്നിൽ കൃഷിസ്ഥലം നഷ്ടപ്പെടുന്ന അച്ഛന്റെ ദയനീയാവസ്ഥയാണു ചിരുകണ്ടനെ കൂടുതൽ കൂടുതൽ പ്രസ്ഥാനവുമായി അടുപ്പിക്കുന്നത്.അങ്ങനെ സ്കൂളിൽ വൈകുന്നേരങ്ങളിൽ നടത്തുന്ന 'പത്രപാരായണ കൂട്ടായ്മ'യിലൂടെയാണു കർഷക സംഘത്തിന്റെ സന്ദേശം കയ്യൂരിലാകെ എത്തുന്നത്.അത് പിന്നീട് വളർന്ന് വലുതാകുന്നതും കർഷക സംഘത്തിന്റെ വിളംബരജാഥയുടെ മുന്നിൽ വന്നുപെട്ട സുബ്ബരായൻ എന്ന പോലീസുകാരൻ 'തേജസ്വിനി'യിൽ ചാടി മരിയ്ക്കാനിടയായ സംഭവത്തിനോളം നീളുന്നു.ഇതിനിടയിൽ കഥയിൽ കുഞ്ഞമ്പുവും അബൂബക്കറും കടന്നു വരുന്നുമുണ്ട്..പിന്നീട് നടന്ന കൊടിയ നരനായാട്ടിനുമുന്നിൽ പിടിച്ചു നിൽക്കാനാവാതെ പലരും പിടി കൊടുക്കുന്നു.


കയ്യൂരിന്റെ വീര ചരിത്രം ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.അവസാന നിമിഷം വരെ അവരിൽ ചോർന്നു പോകാതെ നിന്ന ആത്മ വിശ്വ്വാസം ഓരോ വായനക്കാരനും പ്രചോദനമാകും.കയ്യൂരിന്റെ ജീവനാഡിയായി എല്ലാറ്റിനും സാക്ഷിയായി ഒഴുകിക്കൊണ്ടിരിക്കുന്ന കാര്യങ്കോട് പുഴയ്ക്ക് "തേജസ്വിനി' എന്ന മനോഹരമായ നാമകരണമാണു നോവലിൽ നിരഞ്ജന നടത്തിയിരിയ്ക്കുന്നത്.

വിശദാംശങ്ങളിൽ ചരിത്രവുമായി പല വ്യത്യാസങ്ങളും നോവലിൽ ഉണ്ട്.അത് കഥാകൃത്ത് തന്നെ ആമുഖത്തിൽ പറയുന്നുമുണ്ട്.എന്നാൽ കയ്യൂർ സമരത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളേയും അതിനെതിരെ നടന്ന  ചെറുത്തു നിൽപ്പുകളേയും അതിന്റെ അന്ത:സത്ത ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്നതിൽ നിരഞ്ജന വിജയിച്ചിരിയ്ക്കുന്നു.

ഈ നോവൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിരിയ്ക്കുന്നത് സി രാഘവൻ ആണ്.കണ്ണൂരിലെ 'പുസ്തകഭവൻ'ആണു പ്രസാധകർ.അച്ചടിയും ലേ ഓഊട്ടും മനോഹരമാക്കിയിരിക്കുന്നു.അതുകൊണ്ട് തന്നെ വായനാസുഖം നൽകുന്നതാണ് ഈ പുസ്തകം.

എഴുപതിലേറെ വർഷങ്ങൾ കടന്നു പോയിരിയ്ക്കുന്നു കയ്യൂർ സമരം നടന്നിട്ട്...കൊടിയ യാതനകളും
പീഡനങ്ങളും ഏറ്റു വാങ്ങിയ ഒരു ജനതയുടെ ഉയിർത്തെഴുനേൽപ്പിന്റെ ചരിത്രമാണു കയ്യൂർ പറയുന്നത്.അന്ന് ആ സഖാക്കൾ സ്വപ്നം കണ്ടതിൽ പലതും ഇന്ന് യാഥാർത്ഥ്യമായി.ജന്മിത്വം അവസാനിച്ചു,ബ്രിട്ടീഷ് ഭരണം അവസാനിച്ചു.ഭൂപരിഷ്കരണം നടപ്പിൽ വന്നു.എങ്കിലും ഇനിയും നേടാൻ ഒട്ടനവധി ബാക്കി നിൽക്കുന്നു.സാമ്രാജ്യത്വവും ചൂഷണവും പൂർവാധികം ശക്തിയായി നിലനിൽക്കുന്ന ലോകസാഹചര്യങ്ങളിൽ കയ്യൂരിലെ സഖാക്കൾ ഉയർത്തിയ മുദ്രാവാക്യം ഏറ്റു വിളിക്കുകയും അതിനായി പ്രവർത്തിയ്ക്കുയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണു..ആ ചരിത്രം കഥാരൂപേണ പകർന്നു നൽകി നിരഞ്ജനയും തന്റേതായ പങ്കു വഹിച്ചിരിയ്ക്കുന്നു എന്ന് നിസംശയം പറയാം.ഓരോ മലയാളിയും ഈ കൃതി വായിച്ചിരിയ്ക്കേണ്ടതാണ്.തങ്ങൾക്ക് വേണ്ടിയല്ലാതെ ജീവിതം ബലികഴിച്ച ഇത്തരം അനേകം ധീരന്മാർ ദാനം നല്കിയതാണ് ഇന്നത്തെ നമ്മുടെ ജീവിതമെന്നത് മറക്കാതിരിയ്ക്കാം !

കൂടുതൽ വായനയ്ക്ക് :കയ്യൂരിന്റെ മാനത്തെ രക്തനക്ഷത്രങ്ങൾ! ( കയ്യൂർ സന്ദർശനത്തിന്റേയും കയ്യൂർ സമരത്തിന്റെയും വിവരണം)

Friday, March 15, 2013

ഷട്ടർ-കള്ളികൾക്കുള്ളിലെ ജീവിതം !

"Think out Of the box" എന്നത് ഒരു മാനേജ്‌മെന്റ് ടെക്നിക് ആണ്..കൃത്യമായ രേഖകൾക്കുള്ളിൽ നിന്നുള്ള ചിന്തകൾ പലപ്പോളും പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കില്ല.ഇത് നിത്യജീവിതത്തിലും ബാധകമാണു."Think and live out of the box"എന്നായി മാറുന്നു.പക്ഷേ എന്നാൽ പലപ്പോളും നമ്മളെല്ലാം സ്വയം സൃഷ്ടിച്ചെടുക്കുന്ന കള്ളികൾക്കുള്ളിൽ ജീവിതത്തെ തളച്ചിടുന്നു.ജോയ് മാത്യു "ഷട്ടർ' എന്ന സിനിമയിലും പറയുന്നത് ഇത് തന്നെയാണ്.മധ്യ വർഗ ജീവിതത്തിന്റെ ഇരട്ട മുഖങ്ങളെ കൃത്യമായി ഈ സിനിമ കാണിച്ചു തരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന റഷീദ്( ലാൽ) അവധിക്കാലത്ത് നാട്ടിലെത്തുന്നതിന്റെ ഒരു ഉദ്ദേശ്യം എന്നത് പഠിച്ചു കൊണ്ടിരിക്കുന്ന മകളുടെ വിവാഹം നടത്തുക എന്നതാണ്.പഠിച്ചു കൊണ്ടിരിക്കുന്ന മകൾ ചീത്ത കൂട്ടുകെട്ടുകളിൽ പെടുമെന്നും വഴി പിഴച്ച് പോകുമെന്നുമൊക്കെ അയാൾ സംശയിക്കുന്നു.മൊബൈൽ ഉപയോഗിയ്ക്കുന്നതും ആൺ കുട്ടികളോട് സംസാരിക്കുന്നതും കാണുന്നതുമെല്ലാം സംശയ ദൃഷ്ടിയോടെയാണു അയാൾ കാണുന്നത്.കേരളീയ മധ്യവർഗ മൂല്യബോധത്തിൽ നിന്നു കൊണ്ടുള്ള ചിന്തകളാണു അയാൾക്കുള്ളത്

എന്നാൽ സുഹൃത്തുക്കളോടൊപ്പം ഒത്തുകൂടാനും ഇരുട്ടായാൽ മദ്യ ലഹരിയിൽ ഉല്ലസിക്കാനും ഇയാൾ ഇഷ്ടപ്പെടുന്നു.അവിടെ എല്ലാത്തരം ചർച്ചകളും നടക്കുന്നു.ഡ്രൈവർമാരായ സുഹൃത്തുക്കൾ അവർ യാത്രയിൽ കണ്ടുമുട്ടുന്ന പല സ്ത്രീകളെയും വർണ്ണിക്കുന്നത് അയാൾ കേൾക്കുന്നെങ്കിലും മുഖത്ത് ഒരു നീരസം പ്രകടിപ്പിക്കുന്നുണ്ട്.എന്നാൽ അയാളുടെ അബോധമനസ്സിൽ ഈ വിവരണങ്ങളൊക്കെ സ്വാധീനം ചെലുത്തി എന്നു വേണം കാണാൻ.അങ്ങനെയാണു ഒരു രാത്രിയിൽ വഴിയിൽ കണ്ട സുന്ദരിയായ സ്ത്രീ( സജിത മഠത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രം) യിൽ ആഗ്രഹം തോന്നുന്നത്.എന്നാൽ  സാഹചര്യങ്ങളുടെ ഫലമായി അവരോടൊപ്പം  അയാളുടെ തന്നെ വീടിനു മുന്നിലുള്ള സ്വന്തം കെട്ടിടത്തിലെ ഷട്ടറിനുള്ളിൽ രാത്രി കഴിയേണ്ടി വന്നതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളാണു സിനിമയ്ക്ക് ആധാരമായിട്ടുള്ളത്.

‘ഷട്ടറി’ൽ സജിത മഠത്തിൽ
മനുഷ്യന്റെ കപടമുഖങ്ങൾ ഓരോന്നായി പിച്ചി ചീന്തുകയാണു ഈ സിനിമയിലൂടെ സംവിധായകൻ ജോയ് മാത്യു ചെയ്യുന്നത്.പുറമേ കപട സദാചാരം പ്രസംഗിക്കുകയും എന്നാൽ ഉള്ളിന്റെ ഉള്ളിൽ സാദാ മനുഷ്യനായി മാറുകയും ചെയ്യുന്ന മലയാളി മനസ്സിനെ നന്നായി തുറന്നു കാണിച്ചിരിയ്ക്കുന്നു ഈ സിനിമയിൽ.സ്വയം സൃഷ്ടിക്കപ്പെടുന്ന തടവറകളിൽ മനസ്സിനെ എങ്ങനെ മനുഷ്യൻ കെട്ടിയിടുന്നു എന്നാണു “ഷട്ടർ ‘ വ്യക്തമാക്കുന്നത്. സ്വന്തം വീടിനു മുന്നിലെ ഷട്ടറിനുള്ളിൽ സ്ത്രീയോടൊപ്പം അകപ്പെടുകയും രക്ഷപെടാൻ മാർഗമില്ലെന്ന അവസ്ഥവരികയും ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക വിഹ്വലതകളും കുറ്റ ബോധവും മൂലം ആ സ്ത്രീയെ ലൈംഗികമായി ഉപയോഗിക്കാനും അയാൾക്ക് കഴിയുന്നില്ല.വെറും ചപലതയുടെ പുറത്ത്, സുഹൃത്തുക്കളുടെ നിരന്തരമായ വിവരണങ്ങൾക്ക് വഴിപ്പെട്ട് എടുത്തു ചാടിയതാണു ആ മനുഷ്യൻ.പിടിക്കപ്പെട്ടാൽ തകർന്നു പോകുന്ന തന്റെ ജീവിതത്തെ അയാൾ മുന്നിൽ കാണുന്നു.ഭീതിയുടെ ലോകം അയാളെ വലയം പ്രാപിയ്ക്കുന്നു.

(സജിത മഠത്തിൽ, ലാൽ)
എന്നാൽ ഷട്ടറിനുള്ളിൽ നിന്ന് എപ്പോളെല്ലം പുറം ലോകം ചെറിയ കിളിവാതിലിലൂടെയോ ചെറു സുഷിരങ്ങളിലൂടെയോ കാണാൻ സാധിക്കുമ്പോൾ അയാൾ തനിക്കു ചുറ്റുമുള്ള ‘യഥാർത്ഥ” ലോകത്തെ കാണുന്നു.തന്നെ ചുറ്റിപ്പറ്റി നിൽക്കുന്ന കൂട്ടുകാരുടെ ശരിക്കുള്ള മുഖം അറിയുന്നു.താനില്ലാതെ പോയപ്പോളും വീട്ടിലെ കാര്യങ്ങളെല്ലാം ഭംഗിയായി നോക്കുന്ന ഭാര്യയുടെ വേദന നിറഞ്ഞ മുഖവും സ്നേഹവും അയാൾ അറിയുന്നു. തന്നോട് സ്നേഹം പ്രകടിപ്പിച്ച പലർക്കും അല്ല യഥാർത്ഥ സ്നേഹം ഉള്ളതെന്ന് അയാൾ മനസ്സിലാക്കുന്നു.”നിങ്ങൾക്കൊരു നല്ല സുഹൃത്തു പോലുമില്ലേ ഇവിടെ നിന്ന് രക്ഷിക്കാൻ എന്ന്  തങ്കം ( സജിത മഠത്തിൽ) ചോദിക്കുന്നുണ്ട്.?ഞാൻ വേണമെങ്കിൽ എന്റെ സുഹൃത്തുക്കളെ വിളിക്കാം” എന്ന് അവർ പറയുമ്പോൾ  നന്മയും സുഹൃത് ബന്ധങ്ങളും സമൂഹത്തിലെ ഉപരിതലങ്ങളിൽ മാത്രമല്ല എന്നും യഥാർത്ഥത്തിൽ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലാണു അതിന്റെ  ശരിയായ ആത്മാർത്ഥതയിൽ കാണാനാവുക  എന്നും 'ഷട്ടർ ‘ നമ്മെ കാണിച്ചു തരുന്നു.


പ്രമേയാവതരണത്തിലെ വ്യത്യസ്തതയാണു ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.വളരെ ലളിതമായി അവതരിപ്പിച്ചിരുക്കുന്ന 'ഷട്ടർ' നിശ്ചയമായും കണ്ടിരിക്കേണ്ട സിനിമയാണു.സാങ്കേതിക നിലവാരം അത്ര ഉന്നതിയിൽ അല്ലെങ്കിലും കഥാപാത്രങ്ങൾക്ക് അനുയോജ്യരായവരെ ബുദ്ധി പൂർവം തെരഞ്ഞെടുത്തതിലൂടെ ഇത് മനോഹരമായ ഒരു കൊച്ചു സിനിമ ആയി മാറുന്നു..മികച്ച രണ്ടാമത്തെ  നടിക്കുള്ള സംസ്ഥാന  അവാർഡ് കരസ്ഥമാക്കിയ സജിത മഠത്തിൽ നായികയായി മനോഹരമായി അഭിനയം കാഴ്ചവച്ചിരിയ്ക്കുന്നു.ഒരു ലൈംഗികത്തൊഴിലാളിയുടെ ഭാവ ചേഷ്ടകൾ തികച്ചും  തന്മയത്വപൂർണ്ണമായിട്ടാണ് അവർ അവതരിപ്പിച്ചിരിയ്ക്കുന്നത്.സജിതയെക്കൂടാതെ  നായകനായ ലാൽ, വിനയ് ഫോർട്ട്, ശ്രീനിവാസൻ തുടങ്ങി ഏറ്റവും ചെറിയ വേഷങ്ങൾ ചെയ്തവർ വരെ ഒന്നിനൊന്ന് മെച്ചപ്പെട്ടു നിൽക്കുന്നു എന്നതാണു ഈ സിനിമയുടെ വിജയം.കഥാപാത്രങ്ങൾക്ക് തികച്ചും അനുയോജ്യരെ താരപദവി കണക്കിലെടുക്കാതെ നടത്തിയ തിരഞ്ഞെടുപ്പാണു ഈ സിനിമയെ വേറിട്ടു നിർത്തുന്ന മറ്റൊരു ഘടകം.അവരിലോരോരുത്തരും കാട്ടിയ അഭിനയ മികവ് എടുത്ത് പറയേണ്ടതു തന്നെയാണ്.

ഡിസംബറിൽ ചെന്നെയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം വന്നിരുന്നുവെങ്കിലും കാണാൻ സാധിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ തീയേറ്ററിൽ വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു.അത് വെറുതെ ആയില്ല.“കോഴിക്കോടൻ നന്മ“യുടെ അമിതവത്കരണം ഒഴിച്ചു നിർത്തിയാൽ കണ്ടിരിയ്കേണ്ട മനോഹരമായ ഒരു ികച്  ചിത്രം തന്നെയാണു “ഷട്ടർ”.
Don't miss it !

(കടപ്പാട്: ആദ്യ ചിത്രത്തിനു ഗൂഗിളിനോടും മറ്റു രണ്ടു ചിത്രങ്ങൾ തന്നു സഹായിച്ച സുഹൃത്തിനും )

Tuesday, March 12, 2013

ഷാവേസ് വിടപറയുമ്പോൾ... ..


2006 ലെ യു എൻ ജനറൽ അസംബ്ലിയിൽ അന്നത്തെ യു എസ് പ്രസിഡണ്ടായിരുന്ന  ജോർജ്ജ് ബുഷിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഹ്യൂഗോ ഷാവേസ് നടത്തിയ പ്രശസ്തമായ പ്രസംഗമാണ് ആദ്യം തന്നെ മനസ്സിലോടിയെത്തുന്നത്.

 “ഇന്നലെ ഇവിടെ ഒരു നരഭോജി വന്നിരുന്നു.അതിന്റെ മണം ഇപ്പോളും ഇവിടെയുണ്ട്..അമേരിക്കൻ പ്രസിഡണ്ടിന്റെ മണമാണ് അത്” എന്ന് സാമ്രാജ്യത്വത്തിന്റെ മുഖത്ത് നോക്കി പറഞ്ഞ ഷാവേസ് “ അമേരിക്കൻ പ്രസിഡണ്ടിനെ സൾഫർ മണക്കുന്നു” എന്നും കൂടി നട്ടെല്ലുയർത്തി നിന്ന് പ്രഖ്യാപിച്ചു.



യു എൻ ജനറൽ അസംബ്ലിയിൽ ഷാവേസ് നടത്തിയ പ്രസംഗം-കടപ്പാട് യു ട്യൂബിലെ ഈ ഒറിജിനൽ വീഡിയൊ

 ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ശേഖരമാണു വെനിസ്വലയ്ക്ക് ഉള്ളത്.ഇനിയും തുറന്നിട്ടില്ലാത്തെ എണ്ണപ്പാടങ്ങൾ കൂടി വന്നു കഴിയുമ്പോൾ അത് സൌദി അറേബ്യയെ മറികടക്കും..എന്നാൽ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും 1998 ൽ ഷാവേസ് അധികാരത്തിൽ വരുമ്പോൾ 70 ശതമാനം പേരും ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു രാജ്യമായിരുന്നു വെനിസ്വല. തികച്ചും ജനാധിപത്യപരമായി അധികാരത്തിൽ വന്ന അദ്ദേഹത്തിനു കടുത്ത വെല്ലുവിളികളാണു നേരിടേണ്ടി വന്നത്.അത് അവസാനം 2002 ലെ അട്ടിമറിയിലേക്ക് വരെ ചെന്നെത്തി.എന്നാൽ ജനങ്ങൾ ഷാവേസിനു അനുകൂലമായി തെരുവിൽ ഇറങ്ങിയതോടെ ആ അട്ടിമറി ശ്രമം പരാജയപ്പെടുകയാണുണ്ടായത്.അതിനു ശേഷം അദ്ദേഹം ആദ്യമായി ചെയ്ത നടപടി രാജ്യത്തെ പ്രധാന എണ്ണക്കമ്പനിയെ ദേശസാൽക്കരിയ്ക്കുക എന്നതാണ്.എന്നിട്ട് അതിൽ നിന്നുള്ള വരുമാനത്തെ സാമൂഹിക സുരക്ഷാ പദ്ധതികൾക്കും ജീവിത നിലവാരം മെച്ചെപ്പെടുത്തുന്നതിനും ഉപയോഗിച്ചു.അതിന്റെ ഒക്കെ ഫലമായി ദാരിദ്യ നിലവാരം 70 ൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. അതീവ ദരിദ്രരുടെ എണ്ണം 40 % ൽ നിന്ന് 7.3 % ആയി കുറഞ്ഞു.

 ഇത് കൂടാതെ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പെൻഷനുകൾ, കുടിവെള്ള പദ്ധതികൾ ,ആരോഗ്യ രംഗത്തെ പദ്ധതികൾ എന്നിവയെല്ലാം നടപ്പിലാക്കുന്നതിൽ ഷാവേസ് മുന്നിട്ട് നിന്നു.അദ്ദേഹത്തിന്റെ ഭരണകാലത്ത് വെനിസ്വല കൈവരിച്ച മറ്റു ചില പ്രധാന നേട്ടങ്ങൾ ഇവയാണ്
  • ഭക്ഷ്യധാന്യ ഇറക്കുമതി 90% ൽ നിന്ന് 30% ആയി കുറഞ്ഞു
  • കുട്ടികളിലെ പോഷകാഹാരക്കുറവ് 7.7 % ൽ നിന്ന് 3 % ആയി കുറഞ്ഞു
  • ആരോഗ്യ രംഗം മെച്ചെപ്പെടുത്തി ഓരോ 10,000 പേർക്കും 58 ഡോക്ടർമാർ ലഭിക്കുന്ന അവസ്ഥവന്നു.നേരത്തെ ഇത് 18 ആയിരുന്നു
  • രാജ്യത്തെ 96% ജനങ്ങൾക്കും ശുദ്ധജലം ആവശ്യത്തിനു ലഭ്യമാക്കി
  • തൊഴിലില്ലായ്മ 2003 ൽ 16% ആയിരുന്നത് 2012 ആയപ്പോളേക്കും 5% നു അടുത്തായി കുറഞ്ഞു
  • സാ‍ക്ഷരത  97% ൽ
  • അടിസ്ഥാനവിദ്യാഭ്യാസം നേടുന്നവരുടെ ശതമാനം 90 കളിൽ 37-38 ആയിരുന്നത് 2012 ആയപ്പോളേക്കും 73% നും മേൽ എത്തിച്ചേർന്നു
  • 1999 ൽ 5 ലക്ഷം ആൾക്കാർ വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നത് 2012 ആയപ്പോളേക്കും 20 ലക്ഷം പേർക്ക് ക്ഷേമ പെൻഷനുകൾ നടപ്പിലാക്കി
  •  ആരോഗ്യവും വിദ്യാഭ്യാസവും  സൌജന്യമാക്കി.
ഇതിന്റെ എല്ലാം ഫലമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് അസമത്വം നിലനിൽക്കുന്ന രാജ്യമായി ചുരുങ്ങിയ കാലയളവിനുള്ളിൽ വെനിസ്വല മാറി.പ്രത്യേകിച്ചും 2002 ലെ അട്ടിമറി ശ്രമങ്ങൾക്ക് ശേഷമുള്ള 10 വർഷത്തിനുള്ളിലാണു ഈ പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചതെന്നതാണു പ്രധാനം.
 

2012 ഒക്ടോബറിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷവും ഒന്നിച്ചു നിന്നിട്ടും 55% വോട്ട് നേടി വീണ്ടും അധികാരത്തിൽ അദ്ദേഹം തുടരാൻ സഹായിച്ചത് പാവപ്പെട്ടവർക്കായി അദ്ദേഹം നടപ്പിലാക്കിയ ഇത്തരം  പദ്ധതികളാണ്.

 സ്വന്തം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കൈയയച്ച് സഹായിക്കുക കൂടി ചെയ്തിട്ടുണ്ട് ഷാവേസ്. ഏതാണ്ട് 36 ബില്യൺ യു എസ് ഡോളറിന്റെ സഹായം വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കായി അദ്ദേഹം ചെയ്തിട്ടുണ്ട്.ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ ഒരു കോൺ‌ഫെഡറേഷൻ ഉണ്ടാക്കി അമേരിക്ക ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ചു നിന്ന് പോരാടാൻ അദ്ദേഹത്തിനു സാധിച്ചു.ഐ എം എഫിനും വേൾഡ് ബാങ്കിനും ബദലായി സഹകരണ മേഖലയിൽ “വേൾഡ് ഹുമാനിറ്റേറിയൻ ബാങ്ക്” ( World humanitarian Bank) കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.ഇറാക്കിലെ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ ഷാവേസ് വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങളുടെ പേരിൽ ഇസ്രായേലുമായുള്ള നയതന്ത്രബന്ധവും വിച്ഛേദിച്ചു. ധീരമായ ഇത്തരം നടപടികൾ അദ്ദേഹത്തെ അമേരിക്കയുടെ കണ്ണിലെ കരടാക്കി മാറ്റി.

ഷാവേസിന്റെ  ഭരണം ഇൻഡ്യക്കും മറക്കാനാവാത്തതാണ്.ഇൻഡ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണു വെനിസ്വലക്ക് ഉള്ളത്.ഷാവേസ് അധികാരമേൽക്കുമ്പോൾ വെനിസ്വലയിലെ എണ്ണ ഏറ്റവുമധികം കയറ്റുമതി ചെയ്തിരുന്നത് അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കാലത്ത് ഇൻഡ്യക്കും ചൈനക്കും ക്യൂബക്കും മുൻ‌ഗണന കിട്ടി.ബാരലിനു 4 ഡോളറോളം വിലക്കുറവിലാണു ഇൻഡ്യക്ക് വെനിസ്വല എണ്ണ നൽകിയിരുന്നത്. 

നിയതമായ അർത്ഥത്തിൽ അദ്ദേഹം ഒരു പക്ഷേ ഒരു മാർക്സിസ്റ്റ് ആയിരുന്നില്ല,താനൊരു സോഷ്യൽ ഡമോക്രാറ്റ് ആണെന്ന് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്( ഈ അഭിമുഖം കാണുക)നിലവിലുള്ള മുതലാളിത്ത ഭരണ വ്യവസ്ഥിതിയെ പൂർണ്ണമായും അട്ടിമറിക്കുകയുണ്ടായിട്ടില്ല.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ കാലത്തും സോഷ്യലിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധിച്ചിട്ടുണ്ട്.അടിസ്ഥാനതലങ്ങളിൽ എത്തിപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ അഭാവം അവിടെ ഉണ്ടായിരുന്നു എന്നും കാണാം.എന്നാൽ ഇതൊക്കെ ആണെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടന്ന 2002 ലെ അട്ടിമറി ശ്രമത്തിനു ശേഷം   സോഷ്യലിസത്തിലേക്ക് അദ്ദേഹം നടത്തിയ ചുവടു വയ്പുകൾ ഇന്ന്  ചരിത്രത്തിന്റെ ഭാഗമാണ്.സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുക മാത്രമല്ല, സ്വന്തം രാജ്യത്ത് ഒരു ബദൽ മാതൃക സൃഷ്ടിച്ച് കാണിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

ഷാവേസ് വിടപറയുമ്പോൾ സാമ്രാജ്യത്വത്തിനെതിരെ ധീരമായി പൊരുതിനിന്ന മഹാനായ ഒരു ഇടതുപക്ഷ നേതാ‍വിനെയാണു നഷ്ടമാകുന്നത്.ആ നഷ്ടം പെട്ടെന്ന് നികത്താവില്ലെങ്കിലും അദ്ദേഹത്തെപ്പോലെയുള്ളവരുടെ പ്രായോഗിക നടപടികൾ നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് , പോരാട്ട വീഥികളിലെ വെളിച്ചമാണ്!

അഭിവാദനങ്ങൾ ഷാവേസ്..!


കടപ്പാട്: ചിത്രങ്ങൾക്ക് ഗൂഗിൾ

അവലംബം : Venezuelan economic and social performance under Hugo Chavez
2:Hugo Chavez- Death of a socialist
3:Invested in the Chavez Legacy
4: Venezuelan revolution after Chavez- article by Lal khan
5:മറ്റു ലേഖനങ്ങൾ, അഭിമുഖങ്ങൾ