കാരണം...
ഒരു കാലത്ത് വോളിബോളിലെ "സ്മാഷ് " വീരന്മാരെ ആരാധനയോടെ കണ്ടു നിന്നിട്ടുണ്ട്..
കുന്നുകളും തട്ടുതട്ടായ ഭൂമിയും ഇടപ്രദേശങ്ങളുമുള്ള കോട്ടയം ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ വോളിബോൾ അക്കാലത്ത് പ്രചാരം നേടാൻ ഒരു കാരണം ഭൂപ്രകൃതിയും കാരണമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.ചെറിയ സ്ഥലത്ത് കൂടുതൽ ആൾക്കാർക്ക് കളിക്കാൻ പറ്റുന്നു എന്ന പ്രത്യേകത വോളിബോളിനുണ്ടല്ലോ.അത്രയധികം വോളിബോൾ കോർട്ടുകൾ എന്റെ ചെറുപ്പത്തിൽ നാട്ടിൻ പുറങ്ങളിൽ കണ്ടിട്ടുണ്ട്..
തിടനാട്ടെ ഞങ്ങളുടെ സർക്കാർ സ്കൂളിന്റെ മുറ്റത്തായിരുന്നു വോളിബോൾ കോർട്ട്..അന്ന് സ്കൂളിനു ഇന്നത്തെ മതിൽക്കെട്ടില്ല..ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിനോട് ചേർന്നുള്ള കോർട്ടിൽ നിന്ന് വൈകുന്നേരമായാൽ ആരവങ്ങളുയരും..ഇന്നത്തെപ്പോലെ ടി വി സീരിയലുകൾ ഒന്നും ഇല്ലാതിരുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെ നാട്ടുകാർ അവിടെ വന്നു വോളിബോൾ കളിക്കുകയും കളി കാണുകയും 'അടിയെടാ മോനേ' എന്ന് പറഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു...ഓരോ നാട്ടിലും 'ഹീറോ' കൾ ഉയർന്നു വന്നു..!
വേനൽക്കാലമായാൽ ടൂർണ്ണമെന്റുകളുടെ കാലമായി..അടുത്തുള്ള പല നാടുകളിൽ നിന്നും ടീമുകൾ എത്തുന്നു..അവരോടൊപ്പം ടീം ആരാധകരും..എല്ലാവരും ഒരേ മനസ്സോടെ കളികൾ കണ്ടു..ആനന്ദിച്ചു...
പല ഓർമ്മകളുമുണ്ട് അക്കാലത്തെപ്പറ്റി..
ഞാനോർക്കുന്നു ഒരിക്കൽ നാട്ടിലെ വോളിബോൾ ടൂർണ്ണമെന്റിൽ അടുത്ത നാടായ മണിമലയ്ക്കടുത്ത് ചെറുവള്ളിയിലെ ടീമിനെ നയിച്ചത് അവരുടെ പള്ളിയിലെ അച്ചനായിരുന്നു..ളോഹ ഇട്ട് വന്ന് ടീ ഷർട്ടും പാന്റും ധരിച്ച് അച്ചൻ സ്മാഷ് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും നടത്തുന്നത് വ്യത്യസ്തമായ ഒരു അത്ഭുതത്തോടെ കുട്ടികൾ നോക്കി നിന്നു..
മറ്റൊരിക്കൽ ടൂർണ്ണമെന്റ് വച്ചത് ടിക്കറ്റ് വച്ചാണു!..തുറസായ റോഡിന്റെ വശങ്ങളെല്ലാം മെടഞ്ഞ ഓലവച്ച് മറച്ചൂ...അതിനെ നാട്ടുകാർ എതിർത്തതുകൊണ്ടാണെന്ന് തോന്നുന്നു പിന്നെ ടിക്കറ്റ് വച്ച് ടൂർണ്ണമെന്റ് ഉണ്ടായിട്ടില്ല.. അക്കാലത്ത് ഒഴുകി വന്ന ഒരു പാട്ട് ഇപ്പോളും ഓർക്കുന്നു...
"തേരെ മേരെ ബീച്ച് മേം...കൈസാ ഹോയേ ബന്ധൻ...." ഒരു നല്ല ഹിന്ദിപ്പാട്ട് അക്കാലത്താണു ആദ്യമായി കേൾക്കുന്നത്..ആ പാട്ട് ഇന്നും കേൾക്കുമ്പോൾ വോളിബോൾ കോർട്ടിനു വശത്ത് കളികാണാൻ നിന്ന കാലം ഓർമ്മ വരും !
ജിമ്മി ജോർജ്ജ് ആയിരുന്നു നാട്ടിലെ താരം..ജിമ്മി ജോർജ്ജിനെപ്പോലെയാകാൻ ഓരോ കളിക്കാരനും കൊതിച്ചു. അകാലത്തിലെ ആ മരണം ഓരോരുത്തരും നെഞ്ചിലേറ്റി...ജിമ്മിക്ക് സ്മാരകങ്ങൾ ഉയർന്നു...ഒരു നാട് വേദനിച്ചു...ഇത്തവണ അർജ്ജുന അവാർഡ് കമ്മ്റ്റിയിൽ അഞ്ജു ബോബി ജോർജ്ജ് ഉണ്ടായത് ഒരു പക്ഷേ ചരിത്രത്തിന്റെ ഒരു ഓർമ്മപ്പെടുത്തലാവാം..ജിമ്മിയുടെ സഹോദര ഭാര്യകൂടിയായ അവർ ടോം ജോസഫിനു വേണ്ടി വാദിക്കുമ്പോൾ വോളിബോളിന്റെ ഒരു സുവർണ്ണകാലം ഒട്ടനവധി ആൾക്കാരുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാവാം..
ക്രിക്കറ്റിന്റെ തള്ളിക്കയറ്റത്തിൽ വോളിബോളിനേയും നമ്മൾ മറന്നു...ഞങ്ങളുടെ നാട്ടിലും അത് അപ്രത്യക്ഷമായി...
എങ്കിലും,
തടുക്കാനാവാത്ത 'സ്മാഷു'കളുടെ രാജാവ് ടോം ജോസഫിനു ഓരായിരം അഭിനനന്ദനങ്ങൾ !
Better Late than never !
(ചിത്രം കടപ്പാട്" ഗൂഗിൾ)