Thursday, July 31, 2014

സ്വപ്നങ്ങൾ നിറയും തീവണ്ടി യാത്രകൾ !

'വെളുപ്പാൻ കാലത്ത് വണ്ടി ഏതോ സ്റ്റേഷനിൽ ചെന്നു നിന്നു.ഗാഡനിദ്രയിലായിരുന്ന ഞാൻ 'വെള്ളം വെള്ളം" എന്ന വിളികേട്ടാണു ഉണർന്നത്.വെളിയിലേയ്ക്ക് നോക്കി.പാലക്കാട് സ്റ്റേഷനാണു.ദാഹമില്ലാതിരുന്നിട്ടും വെള്ളം വെള്ളം എന്ന വിളി കേട്ട് ഞാൻ വെള്ളം വാങ്ങി കുടിച്ചു"

വാചകങ്ങൾ ഇതേപോലെ അല്ല.പക്ഷേ ഇത് എസ് കെ പൊറ്റെക്കാടിന്റെ നൈൽ ഡയറിയുടെ ആമുഖത്തിൽ പറഞ്ഞിരിയ്ക്കുന്ന വാചകങ്ങളാണെന്നാണു എന്റെ ഓർമ്മ.ഏതാണ്ട് ഒന്നര വർഷം നീണ്ട യാത്രയ്ക്കു ശേഷം അന്നത്തെ ബോംബെയിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുമ്പോൾ പാലക്കാട് സ്റ്റേഷനിൽ എത്തിയപ്പോൾ നാട്ടിലെത്തിയതിന്റെ സന്തോഷാധിരേക്യത്താൽ വെള്ളം വാങ്ങിക്കുടിച്ചതിന്റെ കഥയാണു ഇവിടെ  പറയുന്നത്..

യാത്രകൾ..

പ്രത്യേകിച്ചും തീവണ്ടിയിലെ യാത്രകൾ..

ഓരോ തീവണ്ടിയും സ്വപ്നങ്ങളുടെ ഒരു വലിയ കൂടാരമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ആയിരക്കണക്കിനു സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ചൂളം വിളിച്ചുള്ള അനന്തമായ യാത്രകൾ.

ഓരോ സ്റ്റേഷനിലും ചിലർ ഇറങ്ങുന്നു..ചിലർ കയറുന്നു..വണ്ടി ലക്ഷ്യസ്ഥാനം വരെ കുതിച്ചു പായുന്നു..നമ്മുടയൊക്കെ ജീവിതം പോലെ തന്നെ.

എന്നാണു ആദ്യമായി തീവണ്ടിയിൽ യാത്ര ചെയ്തതെന്ന് ഞാൻ ഓർത്തു നോക്കി !

അത് വളരെ ചെറുപ്പത്തിൽ.ഒരു ചെറിയ ദൂരം മാത്രം..അമ്മയോടും വല്യച്ഛനോടുമൊപ്പം ചെങ്ങന്നൂർ മുതൽ കോട്ടയം വരെ.അന്ന്  തീവണ്ടിയിൽ കയറാനുള്ള എന്റെയും അനിയന്റേയും ആഗ്രഹം കൊണ്ട് യാത്ര ചെയ്തതാണു.അന്നത്തെ യാത്രയെപ്പറ്റി ഇന്ന് വ്യക്തമായ ഓർമ്മയില്ലെങ്കിലും കോട്ടയം സ്റ്റേഷനോട് അടുക്കുമ്പോളുള്ള രണ്ട് ചെറിയ ടണലുകൾ വഴി വണ്ടി കടന്നു പോയത് ഇപ്പോളും ഓർക്കുന്നു.ജീവിതത്തിനു മേൽ ഇരുളു വീഴുന്നത് പോലെ !

പിന്നീട് ഒന്നോ രണ്ടൊ തവണ കൂടി ചെറിയ ദൂരങ്ങളിൽ തീവണ്ടി യാത്ര ചെയ്തുവെങ്കിലും തീവണ്ടിയിൽ  പാലക്കാട് കടന്ന് പോകുന്നത് 1991 ലാണു.ഞാനും എന്റെ സുഹൃത്ത് തോമസും കൂടി അന്നത്തെ മദ്രാസ് ഐ ഐ ടിയിൽ ഒരു ടെസ്റ്റ് എഴുതാൻ പോയപ്പോളായിരുന്നു അത്.സ്റ്റേഷനിൽ വന്നു നിന്ന തീവണ്ടിയിൽ എസ് 5 ബോഗി കണ്ടു പിടിച്ച് കയറിയിരുന്നു.എങ്ങനെ ബർത്ത് ശരിയാക്കണമെന്നൊന്നും  അറിയില്ലായിരുന്നു.കൂടെ ഉണ്ടായിരുന്നവർ സഹായിച്ചു.അങ്ങനെ ആടിയാടി ഉറങ്ങുന്നതിന്റെ തുടക്കമായി.ട്രയിൻ സഞ്ചരിയ്ക്കുമ്പോൾ ഉറങ്ങാൻ സാധിക്കുമോ എന്ന് ഞങ്ങൾ ഭയപ്പെട്ടു.എന്നാൽ ഒരു തൊട്ടിലിൽ കിടന്ന് ശാന്തമായി ഉറങ്ങുന്നതുപോലെയാണു എനിക്ക് തോന്നിയത്.നേരം പര പരാ വെളുത്തപ്പോൾ ഞങ്ങൾ  നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മദ്രാസ് നഗരത്തിലെത്തി.

പിറ്റേന്ന് തിരിച്ച് മദ്രാസിൽ നിന്നും കോട്ടയത്തും തീവണ്ടിയിൽ വന്നു.രാത്രി യാത്രകൾ ആയിരുന്നത് കൊണ്ട് ആ യാത്രകൾ ഒക്കെ പെട്ടെന്ന് തീർന്ന് പോയത് പോലെ തോന്നി.

എന്നാൽ 1991 ആഗസ്റ്റ് മാസത്തെ 'ബോംബെ'യാത്ര ഒരിയ്ക്കലും മറക്കാനാവാത്തത് ആണു.ചില യാത്രകൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിയ്ക്കും..എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ യാത്രയായിരുന്നു അത്.ബോംബെ യൂണിവേർസിറ്റിയിൽ അഡ്‌മിഷൻ ലഭിച്ച്  അവിടെ ചേരാൻ പോകുമ്പോൾ അച്ഛനോടും അളിയനോടും ഒപ്പം നടത്തിയ ആ രണ്ടു ദിവസത്തെ യാത്ര നീണ്ടു നിന്ന , ഇപ്പോളും തുടരുന്ന എന്റെ തീവണ്ടി യാത്രകളുടെ തുടക്കമായിരുന്നു.പിന്നിട് എത്രയെത്രെ തീവണ്ടിയാത്രകൾ കണക്കില്ല..1991 വരെ മൂന്നോ നാലോ തീവണ്ടി യാത്രകൾ മാത്രം നടത്തിയിരുന്ന ഞാൻ 1991 നും 1994 നും ഇടയിലുള്ള മൂന്നു വർഷത്തിനിടയിൽ കോട്ടയം - ബോംബെ മാത്രമായി തന്നെ 18 യാത്രകൾ നടത്തി എന്ന് പറഞ്ഞാൽ ഇപ്പോൾ എനിക്ക് പോലും അവിശ്വസനീയമായി തോന്നുന്നു.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണു..എത്രയെത്ര മുഖങ്ങൾ, എത്രയെത്ര മനുഷ്യർ അവർക്കൊക്കെ എത്രെയെത്രെ കഥകൾ..ജീവിതത്തിന്റെ വൈചിത്ര്യങ്ങൾ, ജനങ്ങളുടെ വൈചിത്ര്യങ്ങൾ, ഭൂമിയുടെ ഭിന്ന ഭാവങ്ങൾ, കാലാവസ്ഥയിലെ മാറ്റങ്ങൾ, പ്രകൃതി ഭംഗികൾ, പ്രണയം തുളുമ്പുന്ന മിഴികളുള്ള സുന്ദരിപെൺകുട്ടികൾ, യാത്രകളിൽ മൊട്ടിട്ട് യാത്രാവസാനം അവസാനിക്കുന്ന പ്രണയങ്ങൾ..ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങളാണു കഴിഞ്ഞ 23 വർഷത്തെ തീവണ്ടിയാത്രകൾ എനിക്ക് സമ്മാനിച്ചത്..!

കേരളത്തിന്റെ പച്ചപ്പ് മാത്രം കണ്ടു വളർന്ന ഞാൻ ആദ്യമായി വരണ്ടുണങ്ങിയ പ്രദേശങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ ഭൂമിയും കാണുന്നത് ആദ്യ ബോംബെ യാത്രയിൽ തീവണ്ടി ആന്ധ്രപ്രദേശിലെ റായൽ സീമയിൽ പെട്ട കടപ്പ, ഗുണ്ടക്കൽ പ്രദേശങ്ങളിലൂടെ കടന്നു പോയപ്പോളാണു.നോക്കെത്താ ദൂരത്തോളം ഒരു മനുഷ്യനെപ്പോലും കാണാനാവാതെ സൂര്യതാപമേറ്റ് കിടക്കുന്ന ഭൂമിയുടെ മാറിൽ തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകൾ.ഇങ്ങനെ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതുകൊണ്ടാണു 'റായൽ' സീമ എന്ന് പറയുന്നതു തന്നെ എന്ന് അന്ന് തീവണ്ടിയിൽ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു തന്നു.

മുംബൈയിലേക്കുള്ള യാത്രകൾ ഇന്നത്തെപ്പോലെ എളുപ്പമല്ല.രണ്ടു രാത്രിയും ഒരു പകലും ട്രയിനിൽ ഇരിക്കണം.മൂന്നാം ദിവസം രാവിലെയാണു തീവണ്ടി ദാദർ സ്റ്റേഷനിൽ എത്തുന്നത്.അപ്പോളേക്കും കൂടെയുള്ളവരുമായി നല്ല അടുപ്പത്തിലാവും.ചിലർ പോകുമ്പോൾ വിലാസവും ഫോൺ നമ്പരുമൊക്കെ തരും.അങ്ങനെ അക്കാലത്ത് സൗഹൃദം സ്ഥാപിച്ച ചിലർ ഇപ്പോളും സൗഹൃദം തുടരുന്നു.

തുടക്കത്തിൽ ഞാൻ എഴുതിയ എസ് കെ പൊറ്റെക്കാടിന്റെ അനുഭവം പോലൊന്നു തീവ്രമായി അനുഭവിച്ചത് 1991ൽ തന്നെയാണു.മുംബൈയിൽ യൂണിവേർസിറ്റിയിൽ ചേർന്നതിനു ശേഷം ആദ്യമായി നാട്ടിലേക്ക് തിരിച്ചു വന്നത് ആ വർഷം ഒക്റ്റോബറിൽ ആയിരുന്നു.ദീപാവലിയ്ക്ക് ഞങ്ങൾക്ക് 12 ദിവസം അവധി ഉണ്ടായിരുന്നു.അതിനായി കാത്തിരിയ്ക്കുകയായിരുന്നു എന്ന് പറയാം.കാരണം 13 പേർ ഉണ്ടായിരുന്ന ഞങ്ങൾ മലയാളികൾ എല്ലാവരും തന്നെ ആദ്യമായി വീടുവിട്ട് പുറത്തു താമസിക്കുകയായിരുന്നു..പുതിയ ദേശം, പുതിയ ഭാഷ, പുതിയ ആഹാരം, പുതിയ സാഹചര്യങ്ങൾ...ഹോസ്റ്റൽ ജീവിതം..ഇതുമായൊക്കെ ആദ്യം പൊരുത്തപ്പെടാൻ ആർക്കും പറ്റിയിരുന്നില്ല. ദൂരെ ദൂരെ മൂന്നു ദിവസം മാത്രം യാത്ര ചെയ്താൽ എത്തുന്ന കേരളത്തെ ഏതു നിമിഷവും ഞങ്ങൾ സ്വപ്നം കണ്ടു.ഇന്നത്തെപ്പോലെ മൊബൈലോ , ടി വി ചാനലുകളോ, ഇന്റർ നെറ്റോ  ഒന്നും ഇല്ലാതിരിന്ന അക്കാലത്ത് നാട്ടിൽ നിന്ന് വരുന്ന കത്തുകൾ മാത്രമായിരുന്നു ആശ്രയം.ഹോ..ആ കാത്തിരിപ്പുകൾ ഇപ്പൊൾ ഓർക്കാൻ കൂടി വയ്യ! പലപ്പോളും നാട്ടിലേക്ക് പോകുന്ന 'ജയന്തി ജനത എക്സ്‌പ്രസ്' സ്റ്റേഷനിൽ പോയി നോക്കി നിൽക്കുന്നത് പോലും ഒരു രസമായിരുന്നു..ഒരു തീവണ്ടിയിൽ ഞങ്ങൾ ഒരു നാടിനെ കണ്ടു..!

അങ്ങനെ നാടിന്റെ ഗന്ധമറിയാൻ ഓരോ മനസ്സും വെമ്പൽ പൂണ്ടു.ടിക്കറ്റുകൾ ഒക്കെ നേരത്തെ തന്നെ പോയി ബുക്ക് ചെയ്തു.അങ്ങനെ ഒക്ടോബറും വന്നെത്തി.അന്നത്തെപ്പോലൊരു സന്തോഷം പിന്നെ ഏതെങ്കിലും ഒരു യാത്രയിൽ ഞാൻ അനുഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണു.ഞങ്ങൾ മലയാളികൾ എല്ലാവരും അടുത്തടുത്ത ക്യാബിനുകളിലായിട്ടായിരുന്നു ബുക്ക് ചെയ്തിരുന്നത്.അതുകൊണ്ടു തന്നെ യാത്ര വളരെ രസകരമായിരുന്നു..പാട്ടും തമാശയും ചീട്ടുകളികളും ഒക്കെയായി നേരം പോകുന്നതേ അറിഞ്ഞില്ല..ക്യാബിനിൽ ഉണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ ആഹ്ലാദത്തിൽ പങ്കെടുത്തു.

രണ്ടാം ദിവസം വൈകുന്നേരം ഗുണ്ടക്കൽ സ്റ്റേഷനിൽ എത്തി.നാട് അടുത്തു കൊണ്ടിരിയ്ക്കുന്നു എന്നത് എല്ലാവരിലും സന്തോഷമുണ്ടാക്കി.അങ്ങനെയാണു അന്നത്തെ രാത്രി ഉറങ്ങാൻ പോയത്..

ഗിരീഷ് തട്ടിവിളിക്കുമ്പോളാണു ഞാൻ ഉണരുന്നത്.താഴത്തെ ബർത്തിൽ കിടന്നിരുന്ന അവൻ വിളിക്കുന്നു " സുനിലേ എഴുനേൽക്കു..വെളിയിലേക്ക് നോക്ക്"

ഗിരീഷ് ചില്ലു പൊക്കി വച്ച് പുറം കാഴ്ചകൾ കാണുകയാണു..ഞാൻ താഴെയിറങ്ങി അവന്റെ സീറ്റിൽ ഇരുന്നു.വെളിയിലേക്ക് നോക്കി..

വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന ഭാരതപ്പുഴ.....മിന്നി മറയുന്ന വീടുകൾ ചെറിയ വിളക്കുകൾ ..ദൂരെ എവിടെയൊക്കെയോ കത്തുന്നു..നേരം വെളുത്തു വരുന്നതേയുള്ളൂ...മനസ്സ്  കോരിത്തരിച്ചു..വണ്ടി പാലക്കാട് സ്റ്റേഷൻ വിട്ടിരിക്കുന്നു...നാടെത്തി..! ഞാൻ അപ്പോൾ പണ്ട് വായിച്ച എസ് കെ പൊറ്റെക്കാടിന്റെ പുസ്തകത്തിലെ വരികളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി...!  അതുപോലെ ഒരു അനുഭവം പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.അതൊരു വലിയ ഗൃഹാതുരത്വത്തിന്റെ അവസാനം ആയിരുന്നു.പിന്നീട് എത്രയോ വട്ടം പാലക്കാട് കടന്ന് പോയിരിക്കുന്നു..അന്നത്തെപ്പോലെയുള്ള ഒരു തീവ്രത ഒരിയ്ക്കലും തോന്നിയിട്ടില്ല.എങ്കിലുമെവിടെയോ ചില നഷ്ടബോധം ! അത് എപ്പോളും ഉണ്ടാകും..

തീവണ്ടി അനുഭവങ്ങൾ ഇനിയും ഒട്ടനവധി..ഓരോന്നായി എഴുതാം..!

Saturday, July 26, 2014

ബീഫും പോർക്കും....!


ബീഫ് കഴിയ്ക്കാൻ പഠിപ്പിച്ചത് വാസുദേവൻ സാർ ആയിരുന്നു..സാറിനും ലക്ഷ്മിക്കുട്ടി ടീച്ചറിനും കുട്ടികൾ ഇല്ലായിരുന്നു..അവർ എന്നെയും അനിയനേയും സ്വന്തം മക്കളെപ്പോലെ കരുതി. സാർ വർഷങ്ങളായി ഗൾഫിലായിരുന്നു.നാട്ടിൽ വരുമ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ വരും..' സുനിയേയും അനിയേയും ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വിടണമെന്ന്' " അച്ഛനോട് പറയും..

രണ്ടാം ക്ലാസുകാരനായ ഞാൻ അനിയനെയും കൂട്ടി പോകും..അല്പം ദൂരമേയുള്ളൂ..അമ്പലത്തിനു പിന്നിലുള്ള ഇടവഴിയിലൂടെ കാഴ്ചകൾ കണ്ടും മഴിത്തണ്ട് ചെടി പറിച്ചും ഞങ്ങൾ പോകും.ഇടക്ക് എതിരെ വല്ല പശുവോ മറ്റോ വന്നാൽ പേടിച്ചരണ്ട് ഒരു സൈഡിലേക്ക് മാറും..ടീച്ചറിന്റെ വീട്ടിൽ എത്തണമെങ്കിൽ കയ്യാലയിലെ കുത്തുകല്ലുകൾ വഴി വിഷമിച്ച് കയറണം..ഇന്നത്തെപ്പോലെ വീട്ടുമുറ്റം വരെ ആരും റോഡുണ്ടാക്കില്ലല്ലോ..ഞാൻ ആദ്യം വലിഞ്ഞുകയറിയിട്ട് അനിയനെ കൈകൊടുത്ത് വലിച്ചു കയറ്റും.ആങ്ങനെ അവിടെ ചെല്ലുമ്പോൾ സാറും ടീച്ചറും 'വരൂ മക്കളേ" എന്ന് സ്നേഹത്തോടെ വിളിച്ച് സ്വീകരിക്കും..ഞങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും..

അവിടെ ഞങ്ങൾക്കുള്ള ഭക്ഷണമുണ്ട്..അതിനു കൂട്ടാൻ പോത്തിറച്ചി ആണു..അതിങ്ങനെ ഉപ്പും മുളകുമൊക്കെ ചേർത്ത് നന്നായി വറുത്ത് വച്ചിരിക്കും..അത് മൂക്കറ്റം കഴിക്കും..സാറിനും ടീച്ചറിനും മുഖത്ത് സംതൃപ്തിയുടെ പൂക്കൾ വിടരും..ആ സ്നേഹത്തിൽ ഞങ്ങൾ അലിഞ്ഞ് ഇല്ലാതാവും...

ഊണിനു ശേഷം സാർ ഞങ്ങളെ ടേപ്പ് ടിക്കാർഡർ കേൾപ്പിക്കും..ആദ്യമായി അങ്ങനെ ഒരു സാധനം കാണുന്നത് അവിടെ വച്ചാണു..ഇപ്പറയുന്നത് 1976-77 കാലത്തെ കഥയാണു..ഞങ്ങളൂടെ ശബ്ദം ടേപ്പിൽ പിടിച്ച് കേൾപ്പിക്കും..അന്നുവരെ ജീവിതത്തിൽ കണ്ട മഹാത്ഭുതമായിരുന്നു അത്..സ്വന്തം ശബ്ദം ഒരു ഉപകരണത്തിലൂടെ കേൾക്കുന്നു..പിന്നീട് എത്രയോ വർഷങ്ങൾ ഈ കാസറ്റ് സാർ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നിരുന്നു..മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോൾ ആ പഴയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ അന്നത്തെ ചെറിയ കുട്ടികളായി മാറും...വർഷങ്ങൾക്ക് ശേഷം അവർക്ക് കുട്ടി ഉണ്ടായി.അവൾ ഇന്ന് വിവാഹമൊക്കെ കഴിഞ്ഞ് ജീവിക്കുന്നു..ഈ എഴുതുന്നത് ഒരു പക്ഷേ ഫേസ്‌ബുക്കിൽ കാണുന്നുണ്ടാവാം..സാർ ഇന്ന് ജീവിച്ചിരിപ്പില്ല..അദ്ദേഹത്തെപ്പറ്റി ഞാൻ എന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു.ടീച്ചറിനെ ഈ അടുത്ത കാലത്തും കണ്ടു..

പറഞ്ഞു വന്നത് അങ്ങനെയാണു പോത്തിറച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണു..അന്നത്തെ ആ എരിവു ഇപ്പോളും നാവിൻ തുമ്പിലുണ്ട്..പന്നിയിറച്ചി പിന്നീടെപ്പോളോ കടന്നുവന്നപ്പോൾ പോത്തിറച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു..ഏറ്റവും ഇഷ്ടമുള്ള ഒന്നായി പന്നിയിറച്ചി...! എവിടെ കിട്ടിയാലും ഒന്ന് രുചിയ്ക്കാതെ വിടില്ല...ചെന്നൈയിൽ ഇത് കിട്ടുന്ന സ്ഥലങ്ങളൊക്കെ 'നോട്ട്' ചെയ്ത് വച്ചിട്ടുണ്ട്...!

മുംബൈയിൽ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ബീഫ് കിട്ടാൻ മാർഗമില്ല.പന്നിയുടെ കാര്യം പറയാനുമില്ല.പക്ഷേ ചില മലയാളി ഹോട്ടലിൽ ബീഫ് കിട്ടും..ബീഫ് എന്ന പേരിൽ അല്ല." സുഖാ മട്ടൻ" എന്ന് പറയണം..ആ അതാണു പേരു.., 'ഉണങ്ങിയ മട്ടൻ" 

അതിലൊന്ന് മാട്ടുംഗയിലെ "ചേട്ടായിയുടെ കട" ആണു..പിന്നെ ആന്റോപ്‌ഹിൽ..പിന്നെ ഫ്ലോറ ഫൗണ്ടനടുത്ത് 'ഫൗണ്ടൻ പ്ലാസ" അതൊക്കെ പിന്നീട് ഒരിക്കൽ എഴുതാം..

എഴുതാൻ വന്നത് എന്തെന്നാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?

ഈ മതഭ്രാന്തന്മാരെല്ലാം കൂടി ബീഫിനെയും പന്നിയേയും അരച്ചു കലക്കി കുടിയ്ക്കട്ടെ... ആഹാരത്തിലെ മതഭ്രാന്തുകൾ അങ്ങനെ അവസാനിയ്ക്കട്ടെ !

Saturday, July 19, 2014

ഗാന്ധിസം - അല്പം ചിതറിയ ചിന്തകൾ.............

ദരിദ്രനാരായണന്മാർ എന്നാണു ഗാന്ധിജി പാവപ്പെട്ടവരെ വിളിച്ചത്..ദരിദ്രരാണു എന്റെ ദൈവം എന്നതായിരുന്നു ഗാന്ധിയുടെ ദർശനം..ദരിദ്രരുമായി താദാത്മ്യം പ്രാപിക്കാൻ അദ്ദേഹം അവരിലൊരാളായി എല്ലാ അർത്ഥത്തിലും , ധരിച്ചിരുന്ന വേഷത്തിലടക്കം..തീവണ്ടിയിൽ പോലും അന്ന് മൂന്നാം ക്ലാസിലേ സഞ്ചരിയ്ക്കുമായിരുന്നുള്ളൂ..

എന്നാൽ ഈ താദാത്മ്യം പ്രാപിക്കലിലും അനുകമ്പയിലും വ്യക്തിവിശുദ്ധതയിലും അവസാനിയ്ക്കുന്നു ഗാന്ധിദർശനത്തിലെ ദരിദ്രനാരായണ്മാരോടുള്ള ഉത്തരവാദിത്വം.അവരെ വിമോചനത്തിലെ പടയാളികളാക്കാനോ അങ്ങനെ ഒരു കരുത്തുറ്റ ശക്തിയാക്കി മാറ്റി അധികാരത്തിലേക്ക് മുന്നേറ്റം നടത്തുവാനോ ഗാന്ധിയോ ഗാന്ധിസമോ ഒരുകാലത്തും അനുവദിച്ചിരുന്നില്ല. 'അഹിംസാ സിദ്ധാന്തം' തന്നെ ഒരർത്ഥത്തിൽ ഇങ്ങനെ പാവപ്പെട്ടവരായ തൊഴിലാളികളുടെ സംഘടിതശക്തിക്കും മുന്നേറ്റത്തിനും തടയിട്ടു എന്നതാണു സത്യം. അതല്ലെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു . ഇൻഡ്യയിൽ വളർന്നു വന്നിരുന്ന വിപ്ലവപ്രസ്ഥാനത്തിനു മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത് ദേശീയപ്രസ്ഥാനത്തിന്റെ ഈ നിലപാട് മൂലം കൂടിയായിരുന്നു..

ഈ മുന്നേറ്റങ്ങൾക്ക് തടയിടാൻ അഹിംസ സിദ്ധാന്തത്തെ എന്നപോലെ ജാതി-മത ബിംബങ്ങളേയും ഗാന്ധിജി അറിഞ്ഞോ അറിയാതെയോ ഉപയോഗിച്ചു. ഗാന്ധി എന്ന് ഞാൻ പറയുമ്പോൾ ഗാന്ധിസം എന്നാണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക തലത്തിൽ ദരിദ്രനാരായണന്മാർ എന്ന പേരിട്ട് പാവപ്പെട്ടവരായ തൊഴിലാളികളെ വിളിച്ചുവെങ്കിലും എങ്ങനെ അവരുടെ മുന്നേറ്റം തടഞ്ഞുവോ അതുപോലെ സാമൂഹ്യതലത്തിൽ ജാതി-മതവ്യവസ്ഥകൾറക്കെതിരായി ഒരു ചെറുവിരൽ പോലും അനക്കാതെ ആ മുന്നേറ്റവും അവസാനിപ്പിച്ചു. ജാതിവ്യവസ്ഥ നിലനിൽക്കേണ്ടതല്ല എന്നൊരു കാഴ്ചപ്പാട് പോലും ഗാന്ധിക്ക് ഇല്ലായിരുന്നു എന്ന് വേണം കാണാൻ..

ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വേളയിൽ അദ്ദേഹം നടത്തിയ സംഭാഷണം ഇതിനു ഒരു ഉദാഹരണമാണു..ജാതിവ്യവസ്ഥിതിയെപ്പറ്റി സംസാരിയ്ക്കുമ്പോൾ സംശയാലുവായ ഗാന്ധിജി, ഇരുവരുടെയും കൂടിക്കാഴ്ച നടന്ന മനയ്ക്കലെ ആല്‍മരം ചൂണ്ടി ചോദിച്ചത് ഇങ്ങനെ ആയിരുന്നു

" അവയിലെ ഇലകളെല്ലാം ഒരുപോലെയാണോ?"
അതിന് ഗുരു നല്‍കിയ മറുപടി ഇങ്ങനെ:
"ഇലകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം അരച്ച് നീരാക്കി രുചിച്ചാല്‍ ഒരേ രസമായിരിക്കും".

'ഹരിജനങ്ങൾ" അങ്ങനെ തന്നെ നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റി മാത്രമേ ഗാന്ധി ചിന്തിച്ചിരുന്നുള്ളൂ.അങ്ങനെ പരോക്ഷമായിട്ടെങ്കിലും നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിയുടെ ഒരു മൂടുതാങ്ങിയായി മാത്രം ഗാന്ധിസം നിലകൊണ്ടു.എന്നാൽ ഇതേ ഗാന്ധിജി തന്നെ നമ്മുടെ സ്വന്തം കേരളത്തിൽ ജാതിവിവേചനത്തിന്റെ ഇരയായിട്ടുണ്ടെന്നുള്ളതും കൗതുകകരമാണു.

വൈക്കം സത്യാഗ്രഹകാലത്ത് അവിടം സന്ദർശിച്ച ഗാന്ധിജി അന്ന് ക്ഷേത്രഭരണത്തിന്റെ ചുമതലക്കാരനായിരുന്ന ഇണ്ടംതുരുത്തി മനയിലെ കാരണവരുമായി സന്ധി സംഭാഷണത്തിനു ചെന്നപ്പോൾ വൈശ്യനായ ഗാന്ധിയെ മുറ്റത്തിരുത്തി പടിപ്പുരയിൽ കസേരയിലിരുന്നാണു അന്നത്തെ കാരണവർ സംസാരിച്ചത്.അത്രയ്ക്കുണ്ടായിരുന്നു കേരളത്തിലെ ജാത്യാചാരം ! ഇത് ചരിത്രപുസ്തകങ്ങൾ തരാത്ത നമ്മുടെ ചരിത്രം !

പറഞ്ഞു വന്നത്, വ്യക്തിജീവിതത്തിൽ പരിശുദ്ധിയും തെളിമയും ദർശനത്തിൽ ദരിദ്രരോടുള്ള ചായ്‌വും എന്നും ഉയർത്തിപ്പിടിച്ചിരുന്ന ഗാന്ധിജി ഇന്ന് നാം പറയുന്ന അർത്ഥത്തിൽ ഒരു വർഗീയവാദി ആയിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല.എന്നാൽ സാമൂഹ്യ- സാമ്പത്തിക തലങ്ങളിൽ ഗാന്ധിസം ജാതി വ്യവസ്ഥയേയും അതിന്റെ സാമ്പത്തിക രൂപമായ ഫ്യൂഡലിസത്തേയും താങ്ങി നിർത്തി എന്ന് പറയേണ്ടി വരും.

ദരിദ്രസാമാന്യജനങ്ങളോടുള്ള ഗാന്ധിയൻ വീക്ഷണത്തിന്റെ എല്ലാ പോരായ്മകളേയും ഇല്ലാതാക്കി അതിന്റെ വികസിതരൂപമാണു തങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്യൂണീസം എന്ന് ഇ എം എസിനെപ്പോലെയുള്ളവർ പറഞ്ഞിട്ടുള്ളതും ഈ അർത്ഥത്തിൽ തന്നെ !