Wednesday, July 29, 2009

ചെറായി മീറ്റ് -“വ്യത്യസ്തനാമൊരു ബ്ലോഗറാം....”

മനസ്സിനുള്ളിൽ ഓരായിരം നനുനനുത്ത ഓർമ്മകൾ അവശേഷിപ്പിച്ച് ചെറായി മീറ്റും അവസാനിച്ചു.
മനസ്സിൽ ഇപ്പോളും ഒളിമങ്ങാതെ നിൽ‌ക്കുന്ന ഒരു ഓർമ്മക്കുറിപ്പ് ഞാൻ “ആൽത്തറ” എന്ന ഗ്രൂപ്പ് ബ്ലോഗിൽ ഇട്ടിട്ടുണ്ട്.

അതു വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

അഭിപ്രായങ്ങൾ അവിടെ എഴുതുക.

സ്നേഹത്തോടെ,
സുനിൽ

Wednesday, July 15, 2009

സ:വി.എസ് താങ്കൾ‌ക്കെന്തു പറ്റി?

എന്റെ പ്രിയപ്പെട്ട വി.എസിന്,

താങ്കൾക്ക് എന്നെ അറിയില്ല.എന്നാൽ വളരെ വർഷങ്ങളായി സഖാവിനെ സാകൂതം വീക്ഷിയ്ക്കുന്ന ഒരാളാണു ഞാൻ.സഖാവിനെ പറ്റി എനിയ്ക് അത്ര അറിവൊന്നും ഇല്ലായിരുന്നു.ഇന്നത്തെപ്പോലെ താങ്കളുടെ ഉറക്കവും നടത്തവും ചിരിയും വരെ ചിത്രീകരിച്ച് പ്രതിവിധി നിർണ്ണയിയ്ക്കുന്ന ചാനൽ ഡോക്ടർമാർ അന്നു ഇല്ലായിരുന്നുവല്ലോ.പേരു കേട്ടിട്ടുള്ളതല്ലാതെ ,പാർട്ടിയുടെ സെക്രട്ടറി എന്ന് അറിയാവുന്നതല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല.ഞാനീപ്പറയുന്നത് 80 കളുടെ മധ്യകാലഘട്ടത്തിലെ കാര്യമാണ്( 1980 മുതൽ 92 വരെ ആയിരുന്നല്ലോ സഖാവ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നത്)

വളരെ അവിചാരിതമായിട്ടാണു അന്നൊരു നാൾ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ താങ്കളെക്കുറിച്ച് ഒരു ലേഖനം കാണാനിടയായത്.വളരെ ശ്രദ്ധാപൂർവം അതു വായിച്ച ഞാൻ അത്ഭുതപ്പെട്ടുപോയി! ഞങ്ങളുടെ നാട്ടിലും ഇത്ര വലിയ ഒരു കമ്മ്യൂണിസ്റ്റുകാരൻ വന്നിരുന്നോ??കാരണം മറ്റൊന്നുമല്ല എന്റെ നാട്ടിൽ നിന്നു 10 കി.മീ മാത്രം ദൂരമുള്ള പൂഞ്ഞാറിലായിരുന്നുവത്രേ ,പുന്നപ്ര വയലാർ സമരകാലത്ത് പോലീസ് വേട്ടയാടിയപ്പോൾ താങ്കൾ ഒളിവിൽ ഇരുന്നത്.അതു മാത്രവുമല്ല പൂഞ്ഞാറിലെ വാലാനിയ്ക്കൽ കുടുംബത്തിൽ ഒളിവിൽ കഴിയുന്ന നാളൊരിക്കൽ ആറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ പോലീസിന്റെ ഒറ്റുകാർ മണത്തറിഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.അതു മാത്രമോ പൂഞ്ഞാറിൽ നിന്നു ഈരാറ്റു പേട്ട വരെ നടത്തി കൊണ്ടു പോവുകയും വഴിനീളെ മർദ്ദനം ഏൽ‌പ്പിയ്ക്കുയും ചെയ്തു.ഈരാറ്റു പേട്ട പോലീസ് സ്റ്റേഷനിലെ മർദ്ദനങ്ങൾക്കു ശേഷം പാലായിൽ എത്തിച്ച് അവിടെയും മർദ്ദനം തുടർന്നു.സഖാവിന്റെ കാലുകൾ രണ്ടും ജനലഴികൾ‌ക്കിടയിലൂടെ അടുത്ത മുറിയിലേയ്ക്കേടുത്തിട്ട് ബയണറ്റ് കൊണ്ട് കാൽ വെള്ളയിൽ സംഹാരം തുടർന്നു.അവസാനം കാൽ വെള്ളയിൽ ബയണറ്റ് കുത്തിക്കയറ്റി.ചോര ചീറ്റുത്തുടങ്ങി കുറെക്കഴിഞ്ഞപ്പോൾ സഖാവു ബോധ രഹിതനായി.എന്നിട്ടും മർദ്ദനം തുടർന്നു.മരിച്ചെന്നു കരുതി ജീപ്പിനു പുറകിൽ എടുത്തിട്ട് ഇന്നത്ത ഗവണ്മെന്റ് ആശുപതിയ്ക്കു സമീപമുള്ള പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു.പിന്നീടു വഴിയേ പോയ ആരോ ഞരക്കം കേട്ട് സഖാവിനെ ആശുപത്രിയിൽ എത്തിയ്ക്കുകയും തലനാരിഴക്ക് ജീവൻ തിരിച്ചു കിട്ടുകയും ചെയ്തു.ആ ബയണറ്റ് തുളഞ്ഞു കയറിയ പാട് ഇന്നും സഖാവിന്റെ കാൽ‌വെള്ളയിൽ ഉണ്ടെന്നും അന്ന് ആ പത്രത്തിൽ എഴുതിയിരുന്നു.നാല്പതുകളുടെ രണ്ടാം പാതിയിൽ നടന്ന ഈ സംഭവത്തിന്റെ വിവരണമാണു സഖാവിനെ തീവ്രമായി ഇഷ്ടപ്പെട്ടു തുടങ്ങാൻ ഒരു സ്കൂൾ വിദ്യാർത്ഥി മാത്രമായിരുന്ന എന്നെ പ്രേരിപ്പിച്ചത്.

ഇ.എം.എസ്, എ.കെ.ജി, നായനാർ എന്നിവരെപ്പറ്റി അന്നേ ചെറിയ ധാരണകൾ ഉണ്ടായിരുന്നെങ്കിലും വി.എസ് എന്ന മനുഷ്യൻ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചത് അന്നു മുതലായിരുന്നു.അന്നു സഖാവ് അനുഭവിച്ച വേദന എന്തായിരിയ്ക്കും എന്ന് പലപ്പോളും മനസ്സിൽ സങ്കൽ‌പ്പിയ്ക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം ഞങ്ങളുടെ നാട്ടിൽ പലരോടും താങ്കളെക്കുറിച്ച് ചോദിച്ചറിഞ്ഞിട്ടുണ്ട്.ഞാൻ പറഞ്ഞു വന്നത് ഇന്നിപ്പോൾ മാധ്യമ പുംഗവന്മാർ താങ്കളുടെ ജീവ ചരിത്രം എഴുതി താളുകൾ നിറയ്ക്കുന്നതിനും എത്രയോ മുൻപ് താങ്കളെപ്പറ്റി ഞാനൊക്കെ അറിഞ്ഞിരുന്നു.

ഇന്നിപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം സഖാവിനെ പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി എന്ന വാർത്തയാണ്.സഖാവിനെ പ്പോലെ ഉന്നതനായ ഒരു നേതാവിനെ പുറത്താക്കണമെങ്കിൽ എന്തെങ്കിലും തക്കതായ കാരണം ഉണ്ടാകുമല്ലോ.അതിനെക്കുറിച്ച ഓർത്തപ്പോളാണു എന്റെ മനസ്സിലുണ്ടായ ചെറിയ വികാരങ്ങൾ സഖാവിനോട് പങ്ക് വയ്ക്കണമെന്ന് ആഗ്രഹിച്ചത്.

ചെറുപ്പത്തിൽ എങ്ങനെ താങ്കൾ എന്റെ ആരാധനാപാത്രമായി എന്നു ഞാൻ പറഞ്ഞല്ലോ.എന്നാൽ മുതിർന്നതിനു ശേഷം ഈ പ്രസ്ഥാനവുമായി കൂടുതൽ അടുക്കുകയും സ്നേഹിയ്ക്കുകയും ചെയ്തപ്പോൾ അന്നു എന്റെ മനസ്സിൽ വീരമുദ്ര പതിപ്പിച്ച താങ്കളുടെ മറ്റൊരു മുഖം കൂടി ഉണ്ടെന്ന് മനസ്സിലാക്കേണ്ടി വന്നു.ദു:ഖത്തോടെ ആണെങ്കിലും അത് എനിയ്ക്ക് സ്വീകരിക്കേണ്ടി വന്നു.

1964ൽ പാർട്ടിയുടെ നാഷണൽ കൌൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിട്ടും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിൽ എത്തിപ്പെടാൻ നീണ്ട 21 വർഷം താങ്കൾക്ക് കാത്തിരിക്കേണ്ടി വന്നു.1964-67കാലത്ത് “ചൈനീസ് ചാരന്മാർ “ എന്നാക്ഷേപിച്ച് പാർട്ടിനേതാക്കളെ ജയിലിൽ അടച്ചപ്പോൾ ജയിലിലായ സഖാവ്, അന്നു പാർട്ടി രൂപീകരണത്തിനു ശേഷം പ്രതിസന്ധി നേരിടുമ്പോൾ, രാജ്യസ്നേഹം പ്രകടിപ്പിയ്ക്കാനെന്ന പേരിൽ രാജ്യ രക്ഷാ ഫണ്ടിലേയ്ക് ഫണ്ട് , പട്ടാളക്കാർക്ക് രക്തദാനം എന്നീ ആശയങ്ങളുമായി ജയിലിനുള്ളിൽ പ്രവർത്തിച്ചു.ആയിരക്കണക്കിനു പാർട്ടി സഖാക്കളെ അന്യായമായ കുറ്റമാരോപിച്ച് സർക്കാർ ജയിലിൽ ഇട്ടിരിയ്ക്കുന്ന സമയത്തായിരുന്നു അതെന്ന് ഓർക്കണം. പാർട്ടി നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്ന പ്രവണത അന്നേ താങ്കൾക്കുണ്ടായിരുന്നുവെന്നല്ലേ ഇതിൽ നിന്നു മനസ്സിലാക്കേണ്ടത്?അന്നു അതിനു പാർട്ടി നടപടി മൂലം താങ്കൾ സെൻ‌ട്രൽ കമ്മിറ്റിയിൽ നിന്നും കൂപ്പുകുത്തി ബ്രാഞ്ച് കമ്മിറ്റിയിൽ എത്തി.

അതിനുശേഷം 1985 ലെ കൽ‌ക്കത്താ കോൺ‌ഗ്രസിൽ പോളിറ്റ് ബ്യൂറോയിൽ അംഗമായി സഖാവ്.അതു ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും പരമ്മോന്നതമായ സ്ഥാനമാണ്.ഏതൊരു കമ്മ്യൂണിസ്റ്റുകാരനും എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സ്ഥാനം.എന്നാലോ?പിന്നിടിങ്ങോട്ടുള്ള ഓരോ പ്രധാന സംഭവങ്ങളിലും താങ്കൾ എന്തു നിലപാടാണു എടുത്തത്?

1991 ലെ തെരഞ്ഞെടുപ്പിൽ താങ്കൾ ജയിച്ചെങ്കിലും പാർട്ടി തോറ്റു.1992ൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ താങ്കൾക്ക് പകരം നായനാർ സെക്രട്ടറി ആയി.പിന്നീട് 1996ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നായനാർ മത്സരിയ്ക്കാതിരിയ്ക്കുകയും താങ്കൾ മൽസരിക്കുകയും ചെയ്തു.അന്നു സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ മാരാരിക്കുളത്ത് അത്രയൊന്നും അറിയപ്പെടാത്ത ഒരു കോൺഗ്രസുകാരനോട് സഖാവ് പരാജയപ്പെട്ടു.അതിനെ തുടർന്ന് സഖാവ് സുശീലാ ഗോപാലനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാമെന്നു പോളിറ്റ് ബ്യൂ‍റോയും സെൻ‌ട്രൽ കമ്മിറ്റിയും കേരളാ സംസ്ഥാന കമ്മിറ്റിയ്ക് മാർഗ നിർദ്ദേശം നൽകി.ആ പോളിറ്റ് ബ്യൂറോയിൽ പങ്കെടുത്ത് അംഗീകരിച്ച താങ്കൾ കേരളത്തിൽ വന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നായനാരെ നിർദ്ദേശിച്ചു.സ്വാഭാവികമായും മലബാറിൽ നിന്നുള്ള നായനാർ തെരഞ്ഞെടുക്കപ്പെട്ടു.എന്തായിരുന്നു സുശീലാ ഗോപാലനെ എതിർക്കാൻ താങ്കളെ പ്രേരിപ്പിച്ച ചേതോ വികാരം? ഒരേ നാട്ടിൽ നിന്നു മറ്റൊരാൾ ഉയർന്ന് വരുമെന്നുള്ള ഭീതിയോ?അതോ മറ്റെന്തെങ്കിലുമോ?

അതിനുശേഷം താങ്കൾ പാർട്ടിയിൽ നടത്തിയ ഓരോ പരിപാടികളും ഒരു പോളിറ്റ് ബ്യൂറോ അംഗത്തിനു ചേർന്നതായിരുന്നുവോ?മാരാരിക്കുളത്ത് താങ്കൾ തോറ്റത് കാലുവാരൽ മൂലമാണോ? 1996 നു മുൻ‌പും അതിനു ശേഷവും അവിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി എം നല്ല ഭൂ‍രിപക്ഷത്തോടെ വിജയിച്ചല്ലോ.അപ്പോൾ കാലുവാരൽ മൂലം മാത്രമല്ല താങ്കൾ തോൽ‌പ്പിക്കപ്പെട്ടത് എന്ന് ഉറപ്പാണ്.

പാലക്കാട് സമ്മേളനം കഴിഞ്ഞ് ദു:ഖിതനായി ഇറങ്ങി വരുന്ന സഖാവ് സി.കണ്ണന്റെ ദൈന്യതയാർന്ന മുഖം ചാനലുകൾ വീണ്ടും വീണ്ടും കാണിച്ചത് ഇന്നും ഓർമ്മ വരുന്നു.കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ദേശീയ നേതാക്കളടക്കം എത്ര പേരയാണു പാലക്കാട് സമ്മേളനത്തിൽ താങ്കൾ “വെട്ടി നിരത്തിയത്”?സി.കണ്ണനെപ്പോലെ, ഒരു യോഗീവര്യനെപ്പോലെ ജീവിതം നയിച്ച ത്യാഗിയായ കമ്മ്യൂണിസ്റ്റ് നേതാവിനെപ്പോലും തഴഞ്ഞ സഖാവിനു കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ ചരിത്രം എന്നെങ്കിലും മാപ്പു തരുമോ?അന്തരിച്ച സ: ഇ ബാലാനന്ദൻ തന്റെ ആത്മകഥയുടെ അവസാന അദ്ധ്യായത്തിൽ പറഞ്ഞ ഒരു വാചകം ഞാൻ ഓർക്കുന്നു.” പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസിനെ ചെന്നു കണ്ട് വി.എസുമായി ഇനി യോജിച്ച് പ്രവർത്തിയ്ക്കാൻ എനിയ്ക്കാവില്ല എന്ന് ഞാൻ അറിയിച്ചു “ എന്നതായിരുന്നു ആ വാചകം.ബാലാനന്ദനെപ്പോലെ മിതഭാഷിയായ ഒരാളെപ്പോലും പൊട്ടിത്തെറിപ്പിച്ച പാലക്കാടു സമ്മേളനം ഇങ്ങനെ അവസാനിക്കാൻ താങ്കളല്ലേ കാരണം?ആ സംഭവത്തെ തുടർന്നല്ലേ പാർട്ടിയിലെ സഖാക്കളോടു “വൈര്യ നിര്യാതന ബുദ്ധി”യോടെ പെരുമാറരുത് എന്ന് പറഞ്ഞ് പാർട്ടി താങ്കളെ ശാസിച്ചത്?

വടക്കേ മലബാറിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സമ്മുന്നതനായ നേതാവായിരുന്ന സ:ഒ ഭരതനെ താങ്കൾ മറന്നുവോ?ഉജ്ജ്വല നേതാവായിരുന്ന അദ്ദേഹത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കാനുള്ള ചുക്കാൻ പിടിച്ചത് താങ്കൾ അല്ലായിരുന്നുവോ? പാർട്ടിയിൽ നിന്നു വേദനയോടെ പുറത്തു പോയ ആ സഖാവിന്റെ ഓർമ്മകൾ എന്നെങ്കിലും താങ്കൾക്ക് മാപ്പ് തരുമോ?

മലപ്പുറം സമ്മേളനത്തിൽ താങ്കൾ എന്തിനായിരുന്നു 12 പേരെ മത്സരിപ്പിച്ചത്?

ഇതൊക്കെ ഞാൻ പറയുന്നത് തികഞ്ഞ വേദനയോടെയാണ്.അതി ധീരനായ ഒരു വിപ്ലവകാരിയായി എന്റെ മനസ്സിൽ കടന്നു കൂടിയ താങ്കൾ ഒരു കമ്മ്യൂണിസ്റ്റുകാരനു ചേരാത്ത രീതിയിൽ പ്രവർത്തിയ്ക്കുന്നത് ദു:ഖത്തൊടെ മാത്രമേ കണ്ടു നിൽക്കാനാവുന്നുള്ളൂ.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നേർവഴിയ്ക്ക് നയിച്ച് മാതൃക കാട്ടേണ്ട താങ്കൾ തന്നെ ഇന്നേ വരെയുള്ള വിഭാഗീയ പ്രവർത്തനങ്ങളുടെയെല്ലാം ഒരു ഭാഗത്ത് എന്നുമുണ്ടായിരുന്നു എന്ന സത്യം ഉൾക്കൊള്ളാൻ എന്നെപ്പോലെയുള്ളവർ എത്ര ബുദ്ധിമുട്ടി!

എന്തു പറ്റി സഖാവു വി.എസ് താങ്കൾക്ക്?എന്നു മുതലാണ് ഈ മാധ്യമങ്ങളും വലതു പക്ഷ രാഷ്ട്രീയക്കാരും താങ്കളെ പൊക്കിപ്പിടിക്കാൻ തുടങ്ങിയത്?അവരുടെ സ്നേഹം താങ്കളോടല്ല എന്ന് ഇനിയും മനസ്സിലായിട്ടില്ലേ?താങ്കൾ അവർക്കൊരു കരു മാത്രമാണ്.സന്ദീപ് ഉണ്ണികൃഷ്ണന്റെ പ്രശ്നത്തിൽ വെറും തെരുവു നായയെ തല്ലുന്നതു പോലെ ഇവരെല്ലാം കൂടി താങ്കളെ തെരുവിൽ അലക്കിയപ്പോൾ ആരായിരുന്നു താങ്കളുടെ രക്ഷയ്ക്കുണ്ടായിരുന്നത്?പറയാത്ത കാര്യം പറഞ്ഞു എന്നു വരുത്തി തീർത്തില്ലായിരുന്നോ ഇവരെല്ലാം കൂടി?

അധികാരമോഹവും സ്വാർത്ഥതയും താങ്കളുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.അതു മറച്ച് വച്ച ജനസമ്മിതി നേടാനുള്ള അടവുകളല്ലേ ഈ “ജനകീയ പ്രശ്നങ്ങളിലെ ഒറ്റയാൻ “പോരാട്ടങ്ങൾ?1996 നു മുൻ‌പ് എവിടെ ആയിരുന്നു ഈ “ഒറ്റയാൻ” പോരാട്ടങ്ങൾ?അന്നിവർക്ക് താങ്കൾ സ്റ്റാലിനിസ്റ്റും “വെട്ടി നിരത്തൽ” വിരുതനും ആയിരുന്നല്ലോ? അതൊക്കെ മറന്നോ താങ്കൾ?

എ.കെജി യും, ഇ.എം.എസും, നായനാരും ഒക്കെ ജനസ്സമ്മിതി നേടിയത് പാർട്ടിയുടെ അച്ചടക്കത്തിൽ പ്രവർത്തിച്ച് തന്നെയാണ്.താങ്കൾ‌ക്കെന്തു കൊണ്ട് അതു സാധിയ്ക്കുന്നില്ല? സ്വന്തം മന്ത്രി സഭയിലെ മന്ത്രിമാരെ എന്നെങ്കിലും പിന്തുണയ്ക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ?മാധ്യമപ്പടയുടെ പിന്തുണ കിട്ടാൻ എന്തു “ഞഞ്ഞാ പിഞ്ഞാ” വർത്തമാനവും പറയുന്ന അവസ്ഥയിലേയ്ക്ക് താങ്കൾ എങ്ങനെയാണ് അധ:പതിച്ചത് വി.എസ്?ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാൻ കഴിയും.ഒന്നും ദീർഘിപ്പിയ്ക്കുന്നില്ല ഞാൻ....

പാർട്ടിയ്ക്കു മുകളിൽ വളർന്നുവെന്ന് താങ്കൾ വിചാരിക്കുന്നുണ്ടാവും.നാളെ ഏതെങ്കിലും കാരണത്താൽ പാർട്ടിക്കു പുറത്തു പോയാൽ ഇവരിൽ എത്ര പേർ താങ്കളുടെ കൂടെ ഉണ്ടാവും?അന്നവർ താങ്കളെ ഉപയോഗം കഴിഞ്ഞ കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും.

ഈ പാർട്ടിയ്ക്കു താങ്കളെ വേണം.താങ്കൾക്ക് ഈ പാർട്ടിയും വേണം.ഇതു താങ്കൾക്ക് അവസാനത്തെ അവസരമാണ്.ഇനിയൊരിയ്ക്കൽ കൂടി പാളിയാൽ, അച്ചടക്കം ലംഘിച്ച് താൻ പോരിമ കാണിച്ചാൽ ഒരു പക്ഷേ അനിവാര്യമായ ആ ദുരന്തം ഉണ്ടായേക്കാം.അന്നു ആരും കൂടെ ഉണ്ടാവില്ല.ഉണ്ടാകും എന്ന് പറയുന്ന ഈ “പൊതുജനം” പോലും.എന്നെപ്പോലെ അന്നും ഇന്നും താങ്കളെ ഇഷ്ടപ്പെടുന്ന അനേകർക്ക് അത് തീർച്ചയായും ഒരു ശുഭവാർത്ത ആകില്ല.പക്ഷേ അങ്ങനെ വന്നാൽ താങ്കളോടൊപ്പം നിൽ‌ക്കാൻ,പണ്ട് സഖാവിന്റെ വീരചരിതം സാകൂതം വായിച്ചറിഞ്ഞ ആ സ്കൂ‍ൾ വിദ്യാർത്ഥിയുടെ മനസ്സ് ഇന്നും കാത്തു സൂക്ഷിയ്ക്കുന്ന ഞാൻ ഉണ്ടാവില്ല..തീർച്ച.

അഭിവാദനങ്ങളോടെ,
താങ്കളെ സ്നേഹിയ്ക്കുന്ന ഒരു കുഞ്ഞു സഖാവ്.

Sunday, July 12, 2009

ഈ ‘ഭ്രമരം’ ഭ്രമിപ്പിച്ചുവോ?

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്നാണല്ലോ പറയുന്നത്.എന്നാൽ നിരപരാധികൾ ശിക്ഷിയ്ക്കപ്പെടുന്ന സന്ദർഭങ്ങളും ഉണ്ടാകാറില്ലേ? അതു പോലെ അപരാധികൾ ശിക്ഷിയ്ക്കപ്പെടാതെ പോകുന്നതും ഒരു വേള നാം കാണുന്നു.അതിനു കാരണം, കോടതിയെ സംബന്ധിച്ചിടത്തോളം അതിനു മുന്നിലെത്തുന്ന തെളിവുകളും, ആ തെളിവുകൾ സംശയലേശമന്യേ സ്ഥാപിയ്ക്കപ്പെടുന്നതിൽ ആരു വിജയിയ്ക്കുന്നു എന്നോ മാത്രമേ നോക്കേണ്ടതുള്ളു എന്നതാണ്.ശിക്ഷ വിധിയ്ക്കുന്നവർ ഒരിയ്ക്കലും യാഥാർത്ഥ്യങ്ങൾ അന്വേഷിച്ചു പോകാറുമില്ല.


നിരപരാധിയായ ഒരാൾ ശിക്ഷിയ്ക്കപ്പെടുമ്പോ‍ൾ എന്താണു സംഭവിയ്ക്കുന്നത്? അതു അയാളുടെ ജിവിതത്തേയും അയാളോടു ബന്ധപ്പെട്ടു നിൽ‌ക്കുന്നവരുടെ ജീവിതത്തേയും എങ്ങനെ ബാധിയ്ക്കുന്നു?യഥാർത്ഥ കുറ്റവാളികളുടെ ഭാവി ജീവിതം എങ്ങനെ ആയിരിയ്ക്കും?

ഈ ഒരു അന്വേഷണമാണു ശ്രീ ബ്ലെസി സംവിധാനം ചെയ്ത “ഭ്രമരം” എന്ന ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ അടിസ്ഥാനപരമായ ആശയം.

കാഴ്ച, തന്മാത്ര, പളുങ്ക്,കൽക്കത്താ ന്യൂസ് തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണു ഭ്രമരം.ബ്ലെസിയുടെ ചിത്രങ്ങളുടെ എല്ലാം ഒരു പ്രത്യേകത എന്നു പറയാവുന്നത്,എതെങ്കിലും ഒരു ചെറിയ സംഭവത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുക്കുന്ന ഒരു കഥകളാണു എന്നതാണ്.ഭ്രമരത്തിലും അത്തരം ഒരു സംഭവമാണു സിനിമയുടെ ഇതിവൃത്തത്തിനു അടിസ്ഥാനം.ആ സംഭവം അവിചാരിതമായി നടക്കുന്ന ഒരു കൊലപാതകമാവുകയും അതിലെ യഥാർത്ഥ പ്രതികൾ തങ്ങളുടെ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് പ്രതികളലാതെയാവുകയും ചെയ്യുന്നു.അപ്പോൾ ആ പാപ ഭാരം ഏറ്റെടുക്കാൻ വിധിയ്ക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ ജീവിതയാത്രകളുടെ വേദനിപ്പിയ്ക്കുന്ന കഥയാണു ഭ്രമരം എന്ന് പറയാം

ഭ്രമരം എന്നാൽ “വണ്ട്” എന്നാണു അർത്ഥം.മൂളിക്കൊണ്ട് ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും അവിടെയും ഇവിടെയും ഇടിച്ചു നിലത്തു വീഴുകയും, പിന്നെയും ലക്ഷ്യമില്ലാതെ പറന്നു നടക്കുകയും ചെയ്യുന്ന വണ്ടിന്റെ സ്ഥാനമാണു ഇതിലെ കഥാനായകനുള്ളത്.ആ കഥാനായകന്റെ ജീവിതയാത്രയിലും വണ്ടിനുണ്ടാകുന്നപോലെ ഒട്ടനവധി പ്രതിബന്ധങ്ങൾ ഉണ്ടാകുന്നു.ആ പ്രതി ബന്ധങ്ങളിൽ തട്ടി വീണിടത്തു നിന്നും എഴുനേറ്റ് ജീവിതം കരുപ്പിടിപ്പിയ്ക്കാൻ തുടങ്ങുമ്പോൾ അപ്രതീക്ഷിതമായുണ്ടാകുന്ന ചില സംഭവങ്ങൾ വീണ്ടും ആ ജീവിതത്തെ പിന്നോട്ട് വലിയ്ക്കുന്നു.

വളരെ ഉന്നത നിലയിൽ നഗരത്തിൽ ജീവിതം നയിച്ചിരുന്ന ഉണ്ണിയുടേയും ലക്ഷ്മിയുടേയും ജീവിതത്തിലേയ്ക്കു ഒരു അപരിചിതനായി മോഹൻലാലിന്റെ കഥാപാത്രം ചെന്നു കയറുന്നതോടെയാണു ചിത്രം തുടങ്ങുന്നത്.ഉണ്ണിയുടെ പഴയകാല ക്ലാസ് മേറ്റ് എന്ന് സ്വയം പരിചയപ്പെടുത്തിയുള്ള അപരിചിതന്റെ വരവ് ഉണ്ണിയുടെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്നു.കഥ വികസിയ്ക്കുമ്പോൾ ഉണ്ണിയും(സുരേഷ് മേനോൻ) , ശിവൻ‌കുട്ടിയും( മോഹൻലാൽ), ഉണ്ണിയുടെ സുഹൃത്തായ അലക്സും(മുരളീ കൃഷ്ണ)യും ഉൾ‌പ്പെട്ട ഒരു കൊലപാതക കഥയുടെ കൂടി ചുരുളഴിയൂകയാണു.

അതു പിന്നീട് പ്രതികാരത്തിന്റേയും, വേദനയുടേയും, ഏറ്റു പറച്ചിലുകളുടേയും ഘട്ടങ്ങളിൽ കൂടി കടന്നു പോകുന്നു.പിന്നീടുള്ള ഓരോ സംഭവങ്ങളും നല്ലൊരു ആക്ഷൻ ത്രില്ലറിന്റെ രീതിയിൽ തന്നെ കാണാം.

ഈ ഭ്രമരം ഭ്രമിപ്പിച്ചുവോ?

എന്നു ചോദിച്ചാൽ ഇല്ല എന്നാവും എന്റെ ഉത്തരം.മലയാളം കണ്ട എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളായ പത്മരാജന്റെ ശിഷ്യനായ ബ്ലെസിയിൽ നിന്നു ഇതിലൂമേറെയാണു എന്നെപ്പോലെയുള്ളവർ പ്രതീക്ഷിയ്ക്കുന്നത്.കാഴ്ചയും, തന്മാത്രയും സംവിധാനം ചെയ്തതിലൂടെ തനിയ്ക്കതാവുമെന്ന് അദ്ദേഹം തെളിയിയ്ക്കുകയും ചെയ്തിട്ടുള്ളതാണ്.അപ്പോൾ തിർച്ചയായും ഇതു അദ്ദേഹത്തിനെ ലെവലിൽ നിന്നും താഴെ നിൽ‌ക്കുന്നഒരു ചിത്രമായി മാത്രമേ ഇതിനെ കാണാൻ സാധിയ്ക്കൂ.ഇതിവൃത്തത്തിന്റെ പൂതുമയില്ലായമയും വ്യത്യസ്തത തോന്നാത്ത തിരക്കഥയുമാണു ഈ ചിത്രത്തെ സാധാരണ ചിത്രങ്ങളുടെ പട്ടികയിൽ നിന്നു മുകളിലേയ്ക്കുയർത്താത്തത്.ശ്രീനിവാസൻ അഭിനയിച്ച “ അങ്ങനെ ഒരു അവധിക്കാലത്ത്” എന്ന ചിത്രത്തിൽ എങ്ങനെയാണ് നിരപരാധിയായ ഒരു മനുഷ്യൻ തെറ്റുകാരനായി ചിത്രീകരിയ്ക്കപ്പെടുന്നതെന്ന് ഇതിലും ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.ഭ്രമരത്തിൽ എല്ലാം കണ്ടു മടുത്ത രംഗങ്ങളും കഥാ സന്ദർഭങ്ങളും നിറഞ്ഞിരിയ്ക്കുന്നു.പലയിടങ്ങളിലും, സിനിമയെ വാണിജ്യ വൽക്കരിയ്ക്കാനുള്ള വ്യഗ്രതയിൽ കഥാ സന്ദർഭങ്ങളെ വലിച്ചു നീട്ടിയതായി തോന്നുന്നു.യാതൊരു പ്രസക്തിയുമില്ലാത്തതു പോലെ അവതരിപ്പിച്ചിരിയ്ക്കുന്ന ശിവൻ‌കുട്ടിയുടെ ഭാര്യയേയും കുട്ടിയേയും എന്തിനാണു ഇത്ര ബോറാക്കി കളഞ്ഞത് ?ആ കഥാപാത്രങ്ങളുടേതായ പല അഭിനയ രംഗങ്ങളും, എന്നിൽ മടുപ്പുളവാക്കുകയാണു ചെയ്തത്.മോഹൻ‌ലാലിന്റെ മകളായി കൊണ്ടുവന്ന കുട്ടി തീരെ ശോഭിച്ചുമില്ല.മൊത്തം കഥയിൽ ഏച്ചു കെട്ടിയതു പോലെയായി പല രംഗങ്ങളും.

എന്നാൽ മോഹൻ‌ലാൽ എന്ന നടന്റെ അനിതര സാധാരണമായ അഭിനയവൈഭവം ഈ സിനിമയെ ഏറ്റവുമധികം വേറിട്ടു നീർത്തുന്ന ഒന്നാണ്.തീയേറ്ററിൽ ഈ സിനിമ കാണുമ്പോൾ മോഹൻ‌ലാലിന്റെ മുഖത്തിനു പകരം നമ്മുടെ യുവ നടന്മാരുടെയെല്ലാം മുഖങ്ങൾ വച്ചു നോക്കി.നിരാശയായിരുന്നു ഫലം.മോഹൻ‌ലാലിനു തുല്യം മറ്റാരുമില്ല.പ്രിയപ്പെട്ട സഹോദരന്റെ വേർപാട് ഉള്ളിലൊതുക്കി ,മറ്റാരേയും അറിയിയ്ക്കാതെ ജീവിച്ച് ,പുഞ്ചിരിയ്ക്കുന്ന മുഖത്തോടെ കടമകൾ നിറവേറ്റുന്ന ഒരു ചെറുപ്പക്കാരന്റെ മനോവേദനകളെ അനശ്വരമാക്കിയതിനാണു “ഭരതം” എന്ന ചിത്രത്തിൽ മോഹൻ‌ലാലിനു ദേശീയ അംഗീകാരം കിട്ടിയത്.ഈ ചിത്രത്തിൽ അതിനു സമാനമായ ഒരു കഥാപാത്രത്തെയാണു അദ്ദേഹം അവതരിപ്പിയ്ക്കുന്നത്.അതിൽ അദ്ദേഹം നന്നായി വിജയിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

എന്നെ നിരാശപ്പെടുത്തിയ ഈ ബ്ലെസി ചിത്രത്തിന്റെ ഏറ്റവും നല്ല വശങ്ങളിലൊന്ന് മോഹൻ‌ലാലിന്റെ അനയാസമായ ഈ അഭിനയ തികവാണ്.അതു കൂടാതെ അജയൻ വിൻസന്റിന്റെ ഛായാഗ്രഹണവും മനസ്സിൽ തങ്ങി നിൽ‌ക്കുന്നതാണ്.അനിൽ പനച്ചൂരാൻ എഴുതി മോഹൻ സിത്താര സംഗീതം നൽ‌കിയ ഗാനങ്ങളും ശ്രവ്യസുഖം നൽ‌കുന്നവയാണ്.കൂടാതെ ആധുനിക സാങ്കേതിക വിദ്യകൾ ഒട്ടനവധി ഈ ചിത്രത്തിൽ ഉപയോഗിയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇവയൊക്കെ കൊണ്ടു തന്നെ സിനിമ മൊത്തത്തിൽ നയന സുഖം നൽ‌കുന്നു എന്നു പറയാം.എന്നാൽ സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിയ്ക്കാനോ “തന്മാത്ര” പോലെ “ഹോണ്ടിംഗ്”(haunting) ആയി മാറാനോ ഈ ചിത്രത്തിനു ഒട്ടും തന്നെ കഴിയുന്നില്ല എന്നത് ,ഒട്ടേറെ പ്രതീക്ഷകൾ നമുക്ക് നൽ‌കിയ ബ്ലെസിയെപ്പോലെ ഒരാളുടെ പരാജയം തന്നെയാണ്. പലപ്പോഴും കണ്ടു പരിചയിച്ച ഒരു ആശയത്തെ വ്യത്യസ്തമായി അവതരിപ്പിയ്ക്കുന്നതിൽ അദ്ദേഹം വിജയിച്ചിട്ടില്ല ഈ ചിത്രത്തിൽ.

അതുകൊണ്ടു തന്നെ‘ഭ്രമരം’ എന്ന സിനിമയ്ക്കു ശരാശരി നിലവാരത്തിൽ നിന്നു ഒട്ടും തന്നെ ഉയർന്നു നിൽക്കാൻ സാധിച്ചില്ല എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ...!

(ചിത്രങ്ങൾക്ക് ഗൂഗിളിനോട് കടപ്പാട്)