Wednesday, December 29, 2010

മുംബൈ കഥകള്‍ -1 :ഹിജഡയുടെ തലോടല്‍

എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാലഘട്ടം ഞാന്‍ കഴിച്ചു കൂട്ടിയത് അന്നത്തെ ബോംബെ ( ഇന്ന് മുംബൈ)യില്‍ ആണ്.കേരളത്തില്‍ നിന്ന് ആദ്യമായി വെളിയില്‍ പോയതും മുംബൈ യൂണിവേര്‍സിറ്റിയില്‍ പഠിക്കാനായിരുന്നു.യൂണിവേര്‍സിറ്റി ഹോസ്റ്റലിലെ മൂന്നുവര്‍ഷം എന്റെ ജീവിതത്തിലെ തന്നെ മനോഹരദിനങ്ങളായിരുന്നു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കുന്നു.അതിനുശേഷം മറ്റൊരു നാലു വര്‍ഷം ജോലിയുമായി മുംബൈയിലെ ബാച്ചിലര്‍ ജീവിതം.വീട്ടില്‍ നിന്നുള്ള ആദ്യ മാറിത്താമസം, അന്യ നാട്, അറിയാത്ത ഭാഷ, ആഹാരം, രീതികള്‍..എല്ലാം പുതുമയുള്ള അനുഭവങ്ങള്‍ ആയിരുന്നു.ഏഴുവര്‍ഷം( 1991-98) നീണ്ട മുംബൈ ജീവിതത്തിലെ മറക്കാനാവാത്ത ചില ഏടുകളാണ് മുംബൈ കഥകളില്‍.ഇതെഴുതുന്നത് പ്രധാനമായും എനിക്കു തന്നെ പിന്നീട് വായിക്കാ‍നായിട്ടാണ്..എല്ലാവര്‍ക്കും കാണാവുന്ന എന്റെ ഡയറിക്കുറിപ്പുകള്‍ എന്ന് പ്രൊഫൈലില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെ.

ഈ കഥകള്‍ക്ക് കാലക്രമം പാലിച്ചിട്ടില്ല.മനസ്സില്‍ ഓടി വരുന്നവ എഴുതുന്നു.സംഭവങ്ങള്‍ എല്ലാം നടന്നത് തന്നെ.ചില സ്ഥലങ്ങളില്‍ ആള്‍ക്കാരുടെ പേരുകള്‍ മാറ്റിയിരിയ്കുന്നു എന്ന് മാത്രം.അതിന്റെ ആദ്യ ഭാഗമാണു ഇത്.

ഹിജഡയുടെ തലോടല്‍


ഹിജഡകള്‍ എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും അവരെ ജീവനോടെ കാണാന്‍ പറ്റിയത് മുംബൈയില്‍ ചെന്നപ്പോളാണ്.യൂണിവേര്‍സിറ്റി ഹോസ്റ്റലില്‍ ചെന്ന കാലത്തു തന്നെ ഹിജഡകളെക്കുറിച്ചൊക്കെ പലരും പറഞ്ഞറിഞ്ഞിരുന്നു.എങ്കിലും അത്രവേഗം നേരിട്ട് ഒരു കണ്ടു മുട്ടല്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

അന്നൊരു ശനിയാഴ്ചയായിരുന്നു.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച അവധിയാണ്.ക്ലാസില്ലാത്തതിനാല്‍ ഉച്ചയൂണിനുശേഷം ഞാനും എന്റെ സുഹൃത്ത് രമേശും ( പേരു മാറ്റിയിരിക്കുന്നു)കൂടി ചുമ്മാ ഒന്നു കറങ്ങാനും ചില സാധനങ്ങള്‍ വാങ്ങാനുമായി മാട്ടുംഗ റയില്‍‌വേസ്റ്റേഷനടുത്ത് പോകാമെന്ന് കരുതി ഇറങ്ങി.കോളേജില്‍ നിന്ന് ഒരു 10 മിനിട്ട് നടക്കാനുണ്ട്.ഞങ്ങളാണെങ്കില്‍ മുംബൈയില്‍ വന്നിട്ട് 1 മാസം തികഞ്ഞില്ല.ഹിന്ദി പരിജ്ഞാനവും കമ്മി.എന്നാലും മുംബൈ തന്ന പുതിയ മുഖം ഞങ്ങള്‍ ഇഷ്ടപ്പെട്ടു.രമേശ് എന്റെ പഴയ കൂട്ടുകാരനാണ്.നാട്ടുകാരന്‍.പ്രീഡിഗ്രി മുതല്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചു.ഇപ്പോള്‍ മുംബൈ യൂണിവേര്‍സിറ്റിയിലും ഒന്നിച്ചു തന്നെ.മുംബൈയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ ഗൃഹാതുരത്വം, ആദ്യമായി വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ വിഷമം ഒക്കെ പരസ്പരം സംസാരിക്കുമ്പോള്‍ ഞങ്ങള്‍ മറന്നു.

അങ്ങനെ നടന്ന് ഞങ്ങള്‍ കൊച്ചുഗുരുവായൂര്‍ അമ്പലത്തിനടുത്ത് എത്തി.മലയാളികളുടെ ക്ഷേത്രമാണ്.അവിടെ ഞങ്ങള്‍ നിന്നു.അവിടെ നിന്നത് ഭക്തി കൊണ്ടല്ല..മറിച്ച് അവിടെ വന്നും പോയുമിരുന്ന മലയാളികളെയും കാണാനായിരുന്നു.അവിടെയുള്ള കാസറ്റ് കടയില്‍ നിന്നും പുതിയ ചില കാസറ്റുകള്‍ ഒക്കെ എടുത്ത് ചുമ്മാ നോക്കിയിട്ട് തിരികെ വച്ചു...പിന്നെ വീണ്ടും നടന്നു..

സ്റ്റേഷനടുക്കാറായപ്പോള്‍ റോഡ് മുറിച്ചു കടക്കണമായിരുന്നു.അധികം വീതിയില്ലെങ്കിലും ഒരടി പൊക്കത്തില്‍ നടുക്ക് ‘ഡിവൈഡര്‍ ‘ ഉള്ള റോഡാണ്.രമേശ് റോഡ് മുറിച്ചു കടന്ന് ഡിവൈഡരില്‍ കയറി.ഞാന്‍ കടക്കാന്‍ തുടങ്ങിയപ്പോളേക്കും ഒരു ടാക്സി വന്ന് എന്റെ നടത്തത്തെ തടസ്സപ്പെടുത്തി.ഞാന്‍ അരികിലേക്ക് നീങ്ങിയപ്പോള്‍ പെട്ടെന്ന് “സുനിലേ” എന്നൊരു വിളികേട്ടു...

നോക്കിയപ്പോള്‍ അത് രമേശാണു.ഡിവൈഡറില്‍ തന്നെ നില്‍ക്കുന്നു കക്ഷി.പക്ഷെ ചുറ്റിലും ഒരു മൂന്നു നാലു ഹിജഡകള്‍.അവരിലൊരാള്‍ രമേശിന്റെ ദേഹത്തെവിടെയൊക്കെയോ പിടിക്കുന്നുണ്ട്.രമേശ് ആകപ്പാടെ പേടിച്ചു വിളറിയ മുഖത്തോടെ നില്‍ക്കുന്നു.എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുന്‍‌‌പേ അവരിലൊരാള്‍ രമേശിന്റെ പാന്‍‌സിന്റെ പോക്കറ്റില്‍ നിന്ന് പേഴ്സ് കൈക്കലാക്കി.ഒറ്റനിമിഷം ! അതില്‍ ആകെയുണ്ടായിരുന്ന 100 രൂ കൈക്കലാക്കി.( 1991 ലെ കാര്യമാണു..അന്ന് 100 രൂപക്ക് ഇന്നത്തെ 1000 രൂപയുടെ എങ്കിലും വില ഉണ്ടായിരുന്നു).സന്തോഷത്തോടെ പേഴ്സ് തിരിച്ചു കൊടുത്തു..ഉച്ചത്തില്‍ കൈകള്‍ കൊട്ടി..എല്ലാവരും നടന്നു നീങ്ങി....ഞാനും ഒരു നിമിഷം പേടിച്ചു പോയി.അന്നാണു ഹിജഡകളെ കാണുന്നത്..എന്നു വച്ചാല്‍ ഒരു ചെറിയ കൂട്ടം..ഓടി രമേശിന്റെ അടുത്തെത്തി...അവനിപ്പോളും വിളറി നില്‍ക്കുന്നു..ഇതെങ്ങനെ പറ്റി? ഞാന്‍ ചോദിച്ചു...

“ഒന്നും പറയേണ്ടടാ ..പൈസ ചോദിച്ചു..ഇല്ലെന്നു പറഞ്ഞപ്പോള്‍ അവന്മാര്‍ ചാടി മറ്റേടത്ത് പിടിച്ചെടാ..”

പൊട്ടിച്ചിരിക്കാനാണു തോന്നിയത്..പിന്നെ എങ്ങനെയോ അടക്കി.ഷോപ്പിംഗ് വേണ്ടെന്നു വച്ച് ജീവനും കൊണ്ട് തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോളാണു മനസ്സിലാകുന്നത്..ഇവര്‍ കൂട്ടമായിട്ട് പണം തെണ്ടി ഇറങ്ങും.ഓരോ ഏരിയായിലും ഓരോ ദിവസം..ശനിയാഴ്ചയാണു മാട്ടുംഗയില്‍.നമ്മള്‍ ഒറ്റക്കേ ഉള്ളെങ്കില്‍ പണം കൊടുത്തില്ലെങ്കില്‍ ചാടി ജനനേന്ദ്രിയത്തിലൊക്കെ പിടിച്ചുകളയും....

പിന്നീട് എപ്പോള്‍ ശനിയാഴ്ച വെളിയിലിറങ്ങിയാലും ഇവരുടെ തലവെട്ടം ഉണ്ടോ എന്ന് നോക്കിയിട്ടേ നടക്കൂ..ശരിക്കും പാവങ്ങളാണിവര്‍.ആരും ഇവര്‍ക്ക് ജോലി കൊടുക്കുന്നില്ല.ഈ തെണ്ടല്‍ തന്നെ പണി..പക്ഷേ ഇന്നും ഓര്‍മ്മയില്‍ ഈ സംഭവം മങ്ങാതെ നില്‍ക്കുന്നു..

രമേശ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ഇന്‍‌ഡ്യയിലെ തന്നെ ഒരു വലിയ കമ്പനിയില്‍ ജനറല്‍ മാനേജര്‍ ആണ്..ഇപ്പോള്‍ കാണുമ്പോളും പഴയ കഥകള്‍ ഓര്‍മ്മിക്കും..ഞാ‍ന്‍ ചോദിക്കും...

”ഹിജഡ പിടിച്ചിടത്തെ വേദന പോയോടാ?”

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട്)

Thursday, October 21, 2010

ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നില്‍ക്കുകയാണു.സ്വന്തം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അതിപ്രധാനമായ അവസരമാണ് ഓരോ പൌരനും കൈവന്നിരിക്കുന്നത്.അത് അത്യധികം വിവേകത്തോടെ ഉപയോഗിക്കുക എന്നത് നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷവും വലതു പക്ഷവും നേര്‍ക്കു നേര്‍ പോരാടുന്ന ചരിത്രമാണു തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്.കാലാകാലങ്ങളില്‍ രണ്ട് പക്ഷവും സംസ്ഥാനം മാറി മാറി ഭരിക്കുകയും ചെയ്തിട്ടുണ്ട്.( എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നും ഇടതുപക്ഷത്തിനു ഒരു മേല്‍‌ക്കൈ ഉണ്ടായിരുന്നു)

ഇങ്ങനെ മാറി മാറിയുള്ള ഭരണം യഥാര്‍ത്ഥത്തില്‍ കേരളത്തിനു നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ?എന്താണു രണ്ടു മുന്നണികളും തമ്മിലുള്ള വികസന കാഴ്ചപ്പാടിലുള്ള വ്യത്യാസം? ആരാണു രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേരളത്തിന്റെ വികസനവും ഭാവിയും മുന്‍‌കൂട്ടി കണ്ട് നയപരിപാടികള്‍ നടപ്പിലാക്കിയിട്ടുള്ളത്?

ഈ ഒരു ചിന്ത ഈ അവസാന നിമിഷത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ ഒരു വിശകലനത്തിലേക്ക് കടന്നാല്‍ 1957 മുതല്‍ ഇന്നു വരെ കേരളത്തിന്റെ വികസനത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനു മാത്രമായിരുന്നു എന്ന് കാണാം

1957 മുതലുള്ള സര്‍ക്കാരുകളെ എടുത്താല്‍ ഇടതു പക്ഷം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്കാന്‍ മറ്റൊന്നില്ല.1957 ലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സംഭാവനയായ ഭൂപരിഷ്കരണ നിയമം , 25 ലക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ ആണു മണ്ണിന്റെ അവകാശികളാക്കിയത്.അതുപോലെ തന്നെ സമഗ്രമായ വിദ്യാ‍ഭ്യാസ നിയമം, ഭരണപരിഷ്കരണ നടപടികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ സംഭാവനയാണ്.

ജനാധിപത്യത്തെ കശാപ്പു ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1959 ല്‍ തന്നെ കേരളം കണ്ട മികച്ച പുരോഗമന സര്‍ക്കാരിനെ പിരിച്ചു വിട്ടാണു വികസനത്തോടും ജനാധിപത്യത്തോടുമുള്ള കൂറ് വ്യക്തമാക്കിയത്.

1987 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ് “സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി” തുടര്‍ന്നു വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയുടെ “തുടര്‍ വിദ്യാഭ്യാസ പദ്ധതി”യേയും മുക്കിക്കൊന്നു.

അധികാരവികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റം ആയിരുന്നു അതേ സര്‍ക്കാര്‍ കൊണ്ടു വന്ന “ജില്ലാകൌണ്‍സിലുകള്‍”.പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജില്ലാകൌണ്‍സിലുകളെ അകാലത്തില്‍ പിരിച്ചു വിട്ടുകൊണ്ടാണ് ഒരിക്കല്‍ കൂടി ജനാധിപത്യത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള അവരുടെ ‘കൂറ് ‘വ്യക്തമാക്കിയത്.

പഞ്ചായത്തീരാജ് സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇന്‍‌ഡ്യയില്‍ നടപ്പിലാക്കിയത് ഇടതു സര്‍ക്കാരുകള്‍ ആണു 1978 ല്‍ തന്നെ പശ്ചിമ ബംഗാളില്‍ അത് നിലവില്‍ വന്നു.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.അതാകട്ടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ പാസായതുമില്ല.വികേന്ദ്രീകരണത്തിന്റെ മറവില്‍ കേന്ദ്രീകരണം കൊണ്ടുവരികയായിരുന്നു ആ ബില്ലിലെ വ്യവസ്ഥ എന്നു കാണാം.

വികേന്ദ്രീകരണം എങ്ങനെ?

താഴേത്തട്ടിലേക്കു ജനാധിപത്യവും വികസനവും രാഷ്ട്രീയ അധികാരവും എത്തിക്കുന്നതിനുള്ള അതീവ സുപ്രധാനമായ നയപരിപാടി ആയിരുന്നു 1996 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ “ജനകീയാസൂത്രണം” വികേന്ദ്രീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതി വിഹിതത്തിന്റെ 40% തുക പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയാണു ഇടതു പക്ഷം സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചത്.ചരിത്രത്തിലാദ്യമായി ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം തീരുമാനിച്ചു.ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍,സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍മ്മ സമിതികള്‍ എന്നിവ വഴി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന വികസന അജണ്ട ജനങ്ങള്‍ തനിയെ കൈകാര്യം ചെയ്തു.ജനകീയാസൂത്രണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ തന്നെ 3 ലക്ഷത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ കക്കൂസുകളും 4873 കി.മീ ജില്ലാറോഡുകളും 11863 കി.മീ പ്രാദേശിക റോഡുകളും നിര്‍മ്മിക്കപ്പെട്ടു.ഇതൊക്കെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതാണ്.

ജനകീയാസൂ‍ത്രണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുടുംബശ്രീ..1998 ല്‍ തുടങ്ങിയ കുടുംബശ്രീ ഇന്നിപ്പോള്‍ ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ്..37 ലക്ഷം കുടുംബങ്ങളുടെ അത്താണിയാണു ഇന്ന് കുടുംബശ്രീ.കുടുംബശ്രീയുടെ ചില കണക്കുകള്‍ നോക്കൂ

അംഗങ്ങള്‍ - 37 ലക്ഷം
അയല്‍ക്കൂട്ടങ്ങള്‍ - 1.94 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 27853
പാട്ടകൃഷി - 46,444 കുടുംബങ്ങള്‍
കൃഷി ചെയ്യുന്ന സ്ഥലം,- 6,26,552 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 69,121
സ്പെഷല്‍ സ്കൂളുകള്‍ - 31
ബാല സഭകള്‍ - 52736
ആ‍കെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 3958.43 കോടി രൂപ.......


ഇന്നു ഏറ്റവും വലിയ സ്വയം സഹായ സംഘമായി ഇതു വളര്‍ന്നിരിക്കുന്നു.അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ താങ്ങ് ഇന്നു “കുടുംബശ്രീ” ആണെന്ന് നിസംശയം പറയാം.ഇടതു പക്ഷ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇത്.വീകേന്ദ്രീകരണത്തെയും വികസനത്തെയും ഇടതു കക്ഷികള്‍ എങ്ങനെ സമീപിക്കുന്നു എന്നത് വിശദമാക്കാന്‍ വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.

ഈ വികേന്ദ്രീകരണപ്രക്രിയ നേടിത്തന്നത് വമ്പിച്ച സ്ത്രീ ശാക്തീകരണമാണ്.വീട്ടിനുള്ളില്‍ തളക്കപ്പെട്ടിരുന്ന പതിനായിരക്കണക്കിനു സ്ത്രീകളാണു അധികാരത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്.കുടുംബശ്രീ അവരുടെ സന്തതിയാണ്..ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?

ഇങ്ങനെ അര്‍പ്പണബോധത്തോടെ ജനപക്ഷത്തുനിന്നുള്ള വികസന പരിപാടികളാണു ഇടതു പക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പെടുക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടു വയ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ചെയ്ത ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതു മനസ്സിലാവും
നിരന്തരമായി ട്രഷറികള്‍ അടച്ചിട്ടിരുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലാണു യു ഡി എഫില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരം നേടിയെടുക്കുന്നത്..കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉണ്ടായ പ്രധാനമായ മാറ്റവും സാമ്പത്തിക രംഗത്തുതന്നെ.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തുപോലും പിടിച്ചു നില്‍ക്കുക മാത്രമല്ല ഒരൊറ്റ ദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിയും വന്നിട്ടില്ല..

നികുതി പിരിവിലെ സര്‍വകാല റെക്കോഡാണു.അഖിലേന്ത്യാ തലത്തില്‍ 8% മാത്രം നികുതി പിരിവില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 32% ശതമാനമാണ്.ദേശീയ ശരാശരിയുടെ നാലുമടങ്ങ്.കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിശദമായ ഒരു അഭിമുഖം ‘കലാകൌമുദി’യിലെ വി.ഡി ശെല്‍‌വരാജ് ധനമന്ത്രിയുമായി നടത്തിയിരുന്നു.അത് ഇവിടെ കാണാം.

നാലരവര്‍ഷക്കാലത്തെ ചില പ്രധാന നേട്ടങ്ങള്‍ കാണൂ

 • 36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം ജോലിചെയ്തവര്‍ക്കും 2 രൂപക്ക് അരി..അങ്ങനെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സഹായം.
 • 25ലക്ഷം വരുന്ന പ്രവാസികള്‍ക്ക് ( കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കും ഭാരതത്തിനു വെളിയില്‍ ഉള്ളവര്‍ക്കും) ക്ഷേമനിധി.
 • 2011 ഓടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി
 • ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കര്‍ഷക ആതമഹത്യ് നിത്യ സംഭവമായിരുന്നു.കര്‍ഷകര്‍ക്കായി “കാര്‍ഷിക കടാശ്വാസ നിയമം”.ഒട്ടനവധി ക്ഷേമ പദ്ധതികള്‍.കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ പഴങ്കഥകള്‍
 • 2011 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം.പാലക്കാട് ജില്ല ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല ആയിക്കഴിഞ്ഞിരിക്കുന്നു.തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകള്‍ തൊട്ടു പിന്നാലെ
 • 40,000 കോടി രൂപയ്കുള്ള പൊതുമേഖലാ കമ്പനി ഓഹരികള്‍ വിറ്റു കാശാക്കി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളത്തില്‍ ആ‍കെയുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു..ഭാരതത്തിനു തന്നെ ഇത് മാതൃകയാവുന്നു.( ലിങ്ക് കാണുക).
 • പൊതുമേഖലയിലെ ലാഭം കൊണ്ട് പുതിയ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍
 • മികച്ചക്രമസമാധാനപാലനത്തിനു കേരളത്തിനു ദേശീയതലത്തില്‍ അവാര്‍ഡ്
 • സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തി.
 • ആദ്യമായി ഹെല്‍ത്ത് യൂണിവേര്‍സിറ്റി.ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി
 • 35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
 • സമസ്ത മേഖലയിലേയും ക്ഷേമനിധി തുക വര്‍ദ്ധിപ്പിച്ചു.കുറഞ്ഞത് 300രൂ.എല്ലാ കുടിശിഖകളും കൊടുത്തു തീര്‍ത്തു
 • മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിച്ചു.മദ്രസകളിലെ മുല്ലാമാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചു.
 • സഹകരണമേഖലയിലെ നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്നും അറുപതിനായിരം കോടിയായി.
 • പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുത്തു.
നാലു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വിശദവിവരങ്ങള്‍ ഇവിടെ കാണാം ( ലിങ്ക് )

കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.മികച്ച സംസ്ഥാനത്തിനുള്ളതടക്കം ഒട്ടനവധി അവാര്‍ഡുകളാണു ഈ സര്‍ക്കാര്‍ നേടിയെടുത്തത്.

( ഫോട്ടോയില്‍ ഞെക്കിയാല്‍ വലുതായി കാണാം)
ആഗോളവല്‍ക്കരണ നയങ്ങളും ആസിയാന്‍ കരാറുകളും നടുവൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനു കീഴില്‍ , അതിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി മാത്രം ഭരിക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതില്‍പ്പരം എന്താണു പ്രതീക്ഷിക്കാനുള്ളത്? ഈ നേട്ടങ്ങള്‍ കടന്നു വന്നത് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് കാണാം.

ഇതിനു ഒരു തുടര്‍ച്ച ആവശ്യമില്ലേ? ജനങ്ങളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സര്‍ക്കാരിനു കീഴില്‍ മികച്ച സേവനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതികളല്ലേ നമുക്കാവശ്യം?

അതുകൊണ്ടു തന്നെ“ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം” എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ.. എന്റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?


ചിന്തിക്കൂ..ഇനിയും സമയം വൈകിയിട്ടില്ല..ഓരോ വിലയേറിയ സമ്മതിദാനാവകാശവും ഇത്തവണയും ഇടതുപക്ഷത്തിനാകട്ടെ ...!!!

Wednesday, August 4, 2010

കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....

ഇന്നെനിക്കും ഒരു കൊച്ചു സന്തോഷത്തിന്റെ ദിവസമാണ്.അതു നിങ്ങളുമായിട്ടല്ലാതെ ആരുമായി പങ്കുവയ്കാന്‍?

ഇത്തവണ മാതൃഭൂമി ആഴ്ചപ്പതിപ്പി(88:22)ലെ “ബ്ലോഗന” വിഭാഗത്തില്‍ എന്റെ ബ്ലോഗില്‍ ഏറ്റവും അവസാനം വന്ന “ദക്ഷിണചിത്ര-ചെന്നൈയിലെ ദക്ഷിണേന്ത്യ” എന്ന പോസ്റ്റ് ആണെന്നുള്ളതാണു ഈ കൊച്ചു സന്തോഷത്തിന്റെ അടിസ്ഥാനം.

എഴുതിത്തെളിഞ്ഞ ഒട്ടനവധി ആള്‍ക്കാരുടെ സൃഷ്ടികള്‍ വരുന്ന മാതൃഭൂമിയിലും ബ്ലോഗനയിലും എന്റെ യാത്രാവിവരണവും വന്നു എന്നറിഞ്ഞത് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു.ബ്ലോഗിംഗ് രംഗത്ത് ഞാന്‍ എത്തിയിട്ട് ഒന്നര വര്‍ഷം ആകുന്നു.ഇതിനിടെ പല വിഷയങ്ങളിലായി 42 പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.കൂടുതല്‍ എഴുതാന്‍ വിഷയങ്ങള്‍ കൈയിലുണ്ടെങ്കിലും ജോലിയുടെ പ്രത്യേകതകള്‍‌കൊണ്ടുള്ള സമയക്കുറവ് ഒരു പ്രശ്നമാകാറുണ്ട്.നിങ്ങള്‍ പലപ്പോളായി തന്ന പ്രോത്സാഹനവും വിമര്‍ശനവുമൊക്കെയാണു കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.അതുകൊണ്ടു തന്നെ ഈ സന്തോഷം എന്നെ വായിക്കുന്ന ഓരോരുത്തരുമായി പങ്കു വയ്കാന്‍ ഞാന്‍ ആഗ്രഹിയ്കുന്നു.

‘ഉദയനാണു താരം’എന്ന സിനിമയുടെ വിജയത്തിനു ശേഷം “ശ്രീനിവാസന്‍ ഒരു പുസ്തകം’ എന്ന പേരില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം ഇറങ്ങിയിരുന്നു.അതില്‍ സ്വന്തം ജീവിത കഥ എഴുതുമ്പോള്‍ ശ്രീനിവാസന്‍ പറയുന്ന ഒരു വാചകമുണ്ട്- “ആത്മകഥ എഴുതേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കില്‍ ജീവിതം കുറച്ചു കൂടി സംഭവബഹുലമാക്കിയേനേ”...

എന്നു പറഞ്ഞതു പോലെ, മാതൃഭൂമിയിലൊക്കെ വരും എന്നറിഞ്ഞിരുന്നെങ്കില്‍ അല്പം കൂടി ഭംഗിയായി എഴുതാമായിരുന്നു എന്നു മാത്രമേ ഇപ്പോള്‍ തോന്നുന്നുള്ളൂ.

മാതൃഭൂമിയുടെ പേജുകള്‍ സ്കാന്‍ ചെയ്ത് താഴെ കൊടുത്തിരിക്കുന്നു.
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.

Monday, June 28, 2010

‘ദക്ഷിണ ചിത്ര‘ - ചെന്നൈയിലെ ദക്ഷിണേന്ത്യ

ചെന്നൈയിലെ ദക്ഷിണേന്ത്യ.അതാണു ദക്ഷിണ ചിത്ര.

കേരളം , തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങളുടെ ജന ജീവിതത്തിന്റെ ഒരു സാംസ്കാരിക പരിച്ഛേദമാണു ‘ദക്ഷിണ ചിത്ര’ എന്നു വേണമെങ്കില്‍ പറയാം.ദക്ഷിണേന്ത്യയിലെ ജനവിഭാഗങ്ങളുടെ പരമ്പരാഗതമായ് ജീവിത ശൈലിയുടെ ഒരു പുനരാഖ്യാനമാണ് ദക്ഷിണ ചിത്ര.

വളരെ നാളായി ‘ദക്ഷിണ ചിത്ര’യെക്കുറിച്ച് കേട്ടറിഞ്ഞിരുന്നുവെങ്കിലും ഈ അടുത്ത കാലത്താണു അവിടെ പോകാന്‍ സാധിച്ചത്.നാട്ടില്‍ നിന്നു അച്ഛനും അമ്മയും അനിയനും വന്നപ്പോള്‍ ഒരു ഞായറാഴ്ച ദക്ഷിണചിത്രയില്‍ ചെലവിടാമെന്നു തീരുമാനിക്കുകയായിരുന്നു.

ചെന്നൈ സിറ്റിയില്‍ നിന്നു 25 കി.മീറ്ററോളം മാറി ചെന്നൈ - പോണ്ടിച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡി(ECR)ലാണ് ‘ദക്ഷിണചിത്ര’ സ്ഥിതി ചെയ്യുന്നത്.കൃത്യമായി പറഞ്ഞാല്‍ ചെന്നൈ സിറ്റിയുടെ തെക്ക് വശത്തെ അവസാന ഭാ‍ഗമായ തിരുവാണ്‍‌മിയൂര്‍ കഴിഞ്ഞ് മഹാബലിപുരം റോഡിലൂടെ പോയി MGM ബീച്ച് റിസോര്‍ട്ട് കഴിഞ്ഞാലുടന്‍ ഇടതു വശത്ത് കാണുന്ന റോഡിലൂടെ ഒരു 200 മീറ്റര്‍ പോയാല്‍ ദക്ഷിണ ചിത്ര എത്തും. റോഡരികില്‍ തന്നെ ദക്ഷിണചിത്രയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള വലിയ ബോര്‍ഡ് കാണാം.

(ദക്ഷിണ ചിത്രയിലേക്ക് സ്വാഗതം)

ഞങ്ങള്‍ എത്തുമ്പോള്‍ 11 മണി ആയിരുന്നു.ദക്ഷിണ ചിത്രയുടെ പ്രവേശന കവാടത്തിനടുത്തു തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ട്.വണ്ടി അവിടെ പാര്‍ക്ക് ചെയ്ത് കുട്ടികള്‍ക്ക് ലഘു ഭക്ഷണവും കൊടുത്ത് ഞങ്ങള്‍ ടിക്കറ്റ് കൊണ്ടറില്‍ എത്തി.ഞങ്ങള്‍ എത്തുമ്പോള്‍ പൊതുവെ തിരക്കു കുറവായിരുന്നു.ചില വിദേശികളേയും അവിടെ കണ്ടു.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണു സന്ദര്‍ശക സമയം.എല്ലാ ചൊവ്വാഴ്ചയും അവധിയാണ്.ക്യാമറയും മറ്റും ഉണ്ടെങ്കില്‍ പ്രത്യേകം പാസ് എടുക്കണം.റിസപ്ഷനോട് ചേര്‍ന്നു തന്നെ ഒരു “ക്രാഫ്റ്റ് സെന്ററും” ഉണ്ട്.അവിടെ നിന്നു ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു.

(ദക്ഷിണ ചിത്രയുടെ രൂപരേഖ)ദക്ഷിണചിത്ര

ദക്ഷിണേന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ - കല, നാടോടി കലാരൂപങ്ങള്‍, വാസ്തുവിദ്യാ,ക്രാഫ്റ്റ്- സംരക്ഷിക്കുകയും പുതു തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു ദക്ഷിണ ചിത്രക്ക് രൂപം കൊടുത്തത്. ഗ്രാമീണരായ കലാകാരന്മാരുടെ കഴിവുകളില്‍ ആകൃഷ്ടനായി ഡോ.ഡി ത്യാഗരാജന്‍ 1984 ല്‍ രൂപം കൊടുത്ത എന്‍.ജി ഒ ആണു ‘മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍”.കലയേയും സംസ്കാരത്തേയും സംരക്ഷിക്കുന്നതില്‍ തല്‍പ്പരരായിരുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു.സര്‍ക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടേയും ഫോര്‍ഡ് ഫൌണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയും കൂടി മദ്രാസ് ക്രാഫ്റ്റ് ഫൌണ്ടേഷന്‍ ആദ്യം നടപ്പിലാക്കിയ പദ്ധതി ആണു ദക്ഷിണ ചിത്ര എന്ന ഈ സാംസ്കാരിക കേന്ദ്രം.വിശ്വ പ്രസിദ്ധ ആര്‍ക്കിടെക്റ്റ് ലാറി ബേക്കറാണു ഈ സാംസ്കാരിക ഗ്രാമം രൂപകല്പന ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക എന്നീ നാലു സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഇവിടെ ഉണ്ട്.ഓരോ വിഭാഗത്തിലും അതാതു സംസ്ഥാനങ്ങളിലെ വിവിധ ജനവിഭാഗങ്ങളുടെ സാംസ്കാരിക- കലാ രൂപങ്ങളെയും വാസ്തുവിദ്യാരീതികളേയും തനതായ രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

തമിഴ്‌നാട്

ഞങ്ങള്‍ ആദ്യം പോയത് തമിഴ്‌നാടിന്റെ വിഭാഗത്തിലേക്കാണ്.അവിടെ പ്രവേശിക്കുമ്പോള്‍ തന്നെ നമ്മള്‍ തമിഴ്‌നാട്ടിലെ ഏതോ ഒരു ഗ്രാമത്തില്‍ എത്തിയ പ്രതീതി ആണു ഉണ്ടാവുക.തമിഴ്‌നാടിലെ വിവിധ ജനവിഭാഗങ്ങളുടെ ( ജാതി, തൊഴില്‍ അടിസ്ഥാനത്തില്‍) വീടുകള്‍ അതേപടി അവിടെ പുനസൃഷ്ടിച്ചിരിക്കുന്നത് കാണാം.
 • വ്യാപാരികള്‍
 • കൃഷിക്കാര്‍
 • കുശവന്മാര്‍
 • കുട്ടനെയ്ത്തുകാര്‍
 • അയ്യനാര്‍ അഗ്രഹാരം
 • നെയ്ത്തുകാര്‍
എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങളുടെ പരമ്പരാഗതമായ വീടുകള്‍ അതേ പടി പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു.അത്തരം സ്ഥലങ്ങളില്‍ നിന്നു വീടുകള്‍ കൊണ്ടു വന്ന് ഇവിടെ അതു പോലെ തന്നെ തിരികെ ഉണ്ടാക്കിയെടുക്കുന്ന രീതിയാണു ഉപയോഗിച്ചിരിക്കുന്നത്.ഇവയ്കുള്ളില്‍ ഓരോന്നിലും അതാതു കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങള്‍ അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു.സ്വീകരണമുറി, കിടപ്പുമുറി എന്നിവ ക്രമീകരിച്ചിരിക്കുന്നതും അന്നത്തെ പോലെ തന്നെ.ഞങ്ങള്‍ ഇവയില്‍ ഓരോന്നിലും കയറി വിശദമായി കണ്ടു.

(വ്യാപാരി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെട്ടിനാട് വീട്)

(ചെട്ടിനാട് വീടിന്റെ പൂമുഖത്തെ ചിത്രത്തൂണുകള്‍)

(തമിഴ് പഴക്കവും വികാസവും വിളിച്ചറിയിക്കുന്ന ഒരു ബോര്‍ഡ്)

അപ്പോളെക്കും 12 മണിയായി.ദക്ഷിണചിത്രയില്‍ എല്ലാദിവസവും 6 തവണ തോല്‍പ്പാവ കൂത്ത് കാണിക്കുന്നുണ്ട്.തമിഴ്നാട് വിഭാഗത്തിന്റെ “അയ്യനാര്‍” വീട്ടിലെ ഒരു ഹാളിലാണു ഈ പ്രദര്‍ശനം.ഒരു 2 മണിക്കൂറെങ്കിലും ദക്ഷിണ ചിത്രയില്‍ ചെലവഴിക്കുന്ന ഓരോ ആളിനും ഇതു കാണാന്‍ സാധിക്കുന്ന രീതിയിലാണു സമയ ക്രമീകരണം.തോല്‍പ്പാവക്കൂത്ത് കളി കാണാന്‍ ഞങ്ങള്‍ അങ്ങോട്ട് പോയി.

ഹാളില്‍ 25 ഓളം ആള്‍ക്കാര്‍ ഉണ്ട്.നല്ലൊരു പങ്ക് വിദേശികളും ഉണ്ട്.രാമായണം കഥയായിരുന്നു തോല്‍പ്പാവക്കൂത്തില്‍ കാണിച്ചത്.പ്രദര്‍ശനം 15 മിനിട്ട് മാത്രമേ ഉള്ളൂ.അതിനു ശേഷം അവരിലൊരാള്‍ തോല്‍പ്പാവയെ വെളിയില്‍ കൊണ്ടുവന്ന് ആള്‍ക്കാരെ കാണിക്കുകയും അതിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

(തോല്‍പ്പാവകളെക്കുറിച്ച് വിശദീകരിക്കുന്നു)

ഇത്തരം കലാസാസ്കാരിക പരിപാടികള്‍ ‘ദക്ഷിണചിത്ര’യിലെ പ്രത്യേകതയാണ്.കേരളത്തില്‍ നിന്നുള്ള നാടോടി നൃത്ത രൂപങ്ങളും മറ്റും എല്ലാ ആഴ്ചയിലും ഇവിടെ പ്രദര്‍ശിപ്പിക്കാറുണ്ട്.
(ഇടികല്ല്, ആട്ടുകല്ല്,ഉരല്‍)

ഇതുകൂടാതെ മണ്‍പാത്ര നിര്‍മ്മാണം കാണിച്ചു തരുന്ന ഒരു വിഭാഗം കുശവന്മാരുടെ വീടിനോട് ചേര്‍ന്നുണ്ട്.ചെറിയ പാത്രങ്ങള്‍ നമ്മളെക്കൊണ്ടു തന്നെ അവര്‍ ചെയ്യിക്കും.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ അതൊന്നു പരീക്ഷിച്ചു നോക്കുന്നതാണു കണ്ടത്.മണ്‍പാത്ര നിര്‍മ്മാണം കൂടാതെ ഓല മെടയല്‍,കോലം വരക്കല്‍,പാവ നിര്‍മ്മാണം,പമ്പര നിര്‍മ്മാണം,മുത്തുമാല നിര്‍മ്മാണം,കുട്ട നെയ്ത്ത്,മുഖമ്മൂടി നിര്‍മ്മാണം,കലംകാരി ചിത്ര രചന,കുടത്തിലും ഗ്ലാസിലുമുള്ള ചിത്രപ്പണികള്‍ തുടങ്ങിയവയും ദക്ഷിണ ചിത്രയില്‍ കാണാനാവും.സന്ദര്‍ശകര്‍ക്കും ഇവയിലൊക്കെ പങ്കെടുക്കാമെന്നതാണു വലിയ പ്രത്യേകത.

(പാത്രനിര്‍മ്മാണം പഠിക്കുന്നവര്‍)


(നെയ്ത്തു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നയാള്‍)


കേരളാ വിഭാഗം

കേരള വിഭാഗത്തിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് പഴയൊരു പടിപ്പുരയാണ്.അതു കടന്നു ചെന്നാല്‍ ഒരു 50 വര്‍ഷം മുന്‍പുള്ള കേരളത്തിലെ ഒരു ഗ്രാമത്തില്‍ ചെന്ന പ്രതീതിയാണ്.അന്നത്തെ രീതിയിലുള്ള കേരളീയ വാസ്തു വിദ്യയുടെ മാതൃകകളാണു ഇവിടെ പുന:സൃഷ്ടിച്ചിരിക്കുന്നത്.കേരള വിഭാഗത്തില്‍ പ്രധാനമായും നാലു വിഭാഗങ്ങളിലുള്ള വീടുകളാണു

1:തിരുവനന്തപുരം ഹൌസ് : തിരുവിതാംകൂര്‍ ഭാഗത്തെ പഴയ നായര്‍ ഭവനം


2:കോഴിക്കോട് ഹൌസ്: മലബാര്‍ ഭാഗത്തെ ഹിന്ദു ഭവനം


3:പുതുപ്പള്ളി ഹൌസ് : കോട്ടയത്തെ സിറിയന്‍ ക്രിസ്റ്റ്യന്‍ ഭവനം

4:കൂത്താട്ടുകുളം ഹൌസ്:കൂത്താട്ടുകുളം ഭാഗത്തെ ഒരു പഴയ മുസ്ലീം ഭവനം


തമിഴ് നാട് വിഭാഗത്തില്‍ നിന്നു വിഭിന്നമായി താഴ്ന്ന ജാതിക്കാരുടെ ഭവനങ്ങള്‍, ആദിവാസി ഗൃഹങ്ങള്‍ എന്നിവയൊന്നും കേരളാ വിഭാഗത്തില്‍ സ്ഥാനം പിടിച്ചിട്ടില്ല എന്നത് ഒരു പോരായ്മയാണ്.കേരളീയ വാസ്തുവിദ്യയുടെ മാതൃകകള്‍ എന്നു പറയാമെങ്കിലും ഇവിടെ ഉള്ള നാലു വീടുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു കേരളത്തിലെ ഭൂരിപക്ഷം വരുന്ന മറ്റു ജനവിഭാഗങ്ങളുടെ വീടുകള്‍ എന്നത് നാം കാണേണ്ടതുണ്ട്.ഒരു പക്ഷേ അതേ മാതൃകയിലുള്ള അന്നത്തെ പഴയ വീടുകള്‍ ഇന്നു ലഭിക്കാനുള്ള പ്രയാസമായിരിക്കാം അത്തരം ഭവനങ്ങള്‍ അവിടെ ഇല്ലാതെ പോയതിനു പ്രധാന കാരണമെന്ന് ഞാന്‍ കരുതുന്നു.


എങ്കിലും കേരള വിഭാഗത്തിലെ വീടുകള്‍ വലിയൊരു ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടു പോയി.എന്റെ ചെറുപ്പകാലത്തെങ്കിലും ഇത്തരം ചില വീടുകള്‍ നാട്ടിന്‍ പുറത്തൊക്കെ ഉണ്ടായിരുന്നു.ഇന്നിപ്പോള്‍ എല്ലാം രണ്ടു മൂന്നും നിലയുള്ള കോണ്‍‌ക്രീറ്റ് ഭവനങ്ങള്‍ ആയി മാറിയിരിക്കുന്നു.ഈ വീടുകളുടെ ഉള്ളില്‍ കയറുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു വീട്ടില്‍ ചെന്ന പ്രതീതി ആണു ഉണ്ടാവുന്നത്.ഒരു ഗൃഹനാഥന്റേയോ ഗൃഹനാഥയുടേയോ അഭാവം മാത്രം.ബാക്കി എല്ലാം, പാത്രങ്ങള്‍, പഴയ പത്തായങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കട്ടിലുകള്‍ ,അടുക്കള എല്ലാം പഴയതു പോലെ തന്നെ ക്രമീകരിച്ചിരിക്കുന്നു.ഇന്നത്തെ തലമുറക്ക് തികച്ചും അന്യമായ പല വസ്തുക്കളും നമുക്ക് ഇവിടെ കാണാവുന്നതാണ്.അതില്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒന്നാണു തിരുവിതാംകൂര്‍ ഭാഗത്തെ വീട്ടില്‍ കണ്ട വലിയ മരം തുറന്നുള്ള സംഭരണ പെട്ടി.(മരത്തടിയിലെ സംഭരണം)
മറ്റു വീടുകളില്‍ കണ്ടവയില്‍ എന്നെ ആകര്‍ഷിച്ച ചില വസ്തുക്കളുടെ ചിത്രങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു.

(കോഴിക്കോടു ഭാഗത്തെ ചുമര്‍ ചിത്രകല)


(ഖുര്‍-ആന്‍)

(ക്രിസ്റ്റ്യന്‍ ഭവനങ്ങളിലെ സ്വീകരണ മുറി)


(പഴയകാല അടുക്കള)
കേരളത്തിന്റെ ഭാഗം കണ്ടു കഴിഞ്ഞപ്പോളേക്ക് വല്ലാതെ തളര്‍ന്നിരുന്നു.ഏപ്രില്‍ മാസത്തെ സൂര്യന്‍ ചെന്നൈക്ക് മുകളില്‍ കത്തി ജ്വലിക്കുന്നു.പടിപ്പുരയോടു ചേര്‍ന്ന് ഒരു കരിക്കു കച്ചവടക്കാരനെ കണ്ടു.പിന്നെ അമാന്തിച്ചില്ല, എല്ലാവരും ഓരോ കരിക്കു വാങ്ങി കുടിച്ചു.

(ശരീരത്തില്‍ പച്ച കുത്തുന്നവര്‍)

അതിനുശേഷം കര്‍ണ്ണാടകയുടേയും ആന്ധ്രയുടേയും വിഭാഗങ്ങളിലേക്ക് പോയി.ഈ രണ്ട് വിഭാഗത്തിലും അധികമായി ഒന്നുമില്ല.അവ രണ്ടും ഇപ്പോളും പൂര്‍ത്തിയാക്കപ്പെട്ടിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

കര്‍ണ്ണാടകയുടെ വിഭാഗത്തില്‍ ബാഗല്‍ക്കോട്ട് ജില്ലയിലെ നെയ്ത്തുകാരുടെ ഒരു ഭവനം മാത്രമേ ഉള്ളൂ.അവരുടെ പരമ്പരാഗതമായ വീടിനുള്ളില്‍ അവര്‍ നെയ്ത വസ്ത്രങ്ങള്‍ ചിത്രപ്പണികളോടെ കാണാന്‍ സാധിക്കും.അവരുടെ വീട്ടുപകരണങ്ങളും കൃത്യമായി സജ്ജീകരിച്ചിരിക്കുന്നു

(കര്‍ണ്ണാടകയിലെ നെയ്ത്തു വിദ്യ)

ആന്ധ്രയുടെ വിഭാഗത്തില്‍ നല്‍‌ഗോണ്ട ജില്ലയിലെ ‘ഇക്കാട്ട് ‘ നെയ്ത്തുകാരുടെ ഭവനം കാണാം.ഇത് നല്‍‌ഗോണ്ട, വാറങ്കല്‍ ജില്ലകളിലെ നെയ്ത്തു, കര്‍ഷക വിഭാഗങ്ങളുടെ വീടുകളുടെ പ്രാതിനിധ്യ സ്വഭാവം ഉള്ള ഒന്നാണ്.വീടിനുള്ളിലെ വിശാലമായ ഹാള്‍ ഇതിലെ പ്രത്യേകതയാണ്.നമ്മുടെ കേരളീയ മാതൃകകളില്‍ നിന്നു തുലോം വിഭിന്നമാണു ആന്ധ്രയിലെ വീടുകള്‍.

(ആന്ധ്രാ ഭവനം)

ഇതു കൂടാതെ ആന്ധ്രാപ്രദേശിന്റെ തീരദേശ ജില്ലയിലെ (Coastal Andhra) ഗ്രാമീണ ഭവനങ്ങളുടെ മാതൃകയും ഇവിടെ കാണാം.പലപ്പോളും കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടതുകൊണ്ട് വൃത്താകൃതിയിലുള്ള ഭവനങ്ങളാണു ഇവിടങ്ങളില്‍ കൂടുതലും.ഇതിന്റെ ഒരു പ്രത്യേകത എന്നത് അടുക്കള പ്രധാന വീട്ടില്‍ നിന്നു വിട്ടാണ് എന്നതാണ്.അതുപോലെ പ്രത്യേക രീതിയിലുള്ള ധാന്യപ്പുരകളും ഈ വീടുകളുടെ പ്രത്യേകതയാണ്.നമ്മെ നന്നായി ആകര്‍ഷിക്കുന്ന രീതിയിലുള്ളവയാണു ഈ ഗ്രാമീണ ഭവനങ്ങള്‍.ഇത്രയുമായപ്പോളേക്കും ഉച്ച ഭക്ഷണത്തെക്കുറിച്ച് എല്ലാവരും ഓര്‍ത്തു തുടങ്ങി.ദക്ഷിണ ചിത്രയില്‍ “കനാലി റസ്റ്റോറന്റ്” എന്ന പേരില്‍ നല്ലൊരു സസ്യ ഭക്ഷണ ശാല ഉണ്ട്.അവിടെ ചെന്നപ്പോള്‍ നല്ല തിരക്ക്.എന്നാല്‍ പിന്നെ ഉച്ച ഭക്ഷണം തിരികെ പോകുന്ന വഴിയില്‍ ആക്കാം എന്നു തീരുമാനിച്ച് തൊട്ടടുത്തുള്ള മരത്തണലില്‍ ഞങ്ങള്‍ വിശ്രമിക്കാനിരുന്നു.

അപ്പോളതാ പരിചയമുള്ള ഒരു മുഖം , കൂടെ രണ്ടു സുഹൃത്തുക്കളുമുണ്ട്, കൈയില്‍ ഒരു വാട്ടര്‍ ബോട്ടില്‍.നന്നായി വിയര്‍ത്തിരിക്കുന്നു.അതെ , അതു മറ്റാരുമല്ലായിരുന്നു , പ്രശസ്തനായ സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അദ്ദേഹത്തെ പരിചയപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ പരിചയമുള്ള ഒരു ചേട്ടന്‍ സംസാരിക്കുന്നതു പോലെ സൌമ്യമായി അദ്ദേഹം സംസാരിച്ചു.”കഥ തുടരുന്നു “ എന്ന ചിത്രത്തിന്റെ അവസാന പണികള്‍ക്കായി ചെന്നൈയില്‍ വന്നതായിരുന്നു അദ്ദേഹം.അപ്പോള്‍ ദക്ഷിണ ചിത്ര കാണാന്‍ വന്നതാണ്.

ചെറിയ കുശല പ്രശ്നത്തിനു ശേഷം അദ്ദേഹം യാത്രപറഞ്ഞു.

(സത്യന്‍ അന്തിക്കാടിനൊപ്പം ഞാന്‍)

ഞങ്ങള്‍ അല്പ സമയം കൂടി അവിടെ വിശ്രമിച്ചു.ദക്ഷിണചിത്ര മനോഹരമായ ഒരു പദ്ധതിയാണ്.വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ ഒരേ സ്ഥലത്ത് പരിരക്ഷിക്കുക എന്ന ആശയം നടപ്പിലാക്കിയവര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു.നമ്മുടെ കേരളത്തിലും ഇതിനു സമാനമായ ചില പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.കഴിഞ്ഞ ഡിസംബറില്‍ ചെന്നൈയില്‍ പ്രൊഫ.കെ .കെ എന്‍ കുറുപ്പ് വന്നപ്പോള്‍ അദ്ദേഹം ദക്ഷിണ ചിത്ര സന്ദര്‍ശിച്ചിരുന്നു.അദ്ദേഹം ഇപ്പോള്‍ ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി”ന്റെ അദ്ധ്യക്ഷന്‍ ആണല്ലോ.ഇത്തരം ചില പദ്ധതികള്‍ ആലോചനയിലുണ്ട് എന്നദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഒന്നര മണിയോടെ ദക്ഷിണ ചിത്രയോട് വിടപറയുമ്പോള്‍ ഒരു ടൈം മെഷീനില്‍ കയറി പഴയ കാലങ്ങളിലൂടെ ഒക്കെ സഞ്ചരിച്ചു വന്ന ഒരു പ്രതീതി ആയിരുന്നു മനസ്സില്‍....

ചെന്നൈയില്‍ വരുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണു ദക്ഷിണചിത്ര.ഒരു പക്ഷേ നമ്മുടെ സ്വന്തം കേരളത്തില്‍ പോലും ഈ പഴയ കാല ഭവനങ്ങള്‍ നമുക്ക് കണ്ടെത്താനായില്ലെന്നു വരും.പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പ്രകൃതിയോട് എത്രമാത്രം ഇണങ്ങുന്ന രീതിയിലായിരുന്നു അന്നത്തെ വാസ്തു വിദ്യയും ഗൃഹോപകരണങ്ങളും ജീവിതരീതിയുമെന്ന് ഇവ കാണുമ്പോള്‍ നമുക്കു മനസ്സിലാകും.വീടു വയ്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനു മുന്‍പ് ദക്ഷിണ ചിത്ര കണ്ടാല്‍ ഭവന നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളില്‍ തീര്‍ച്ചയായും ഒരു വ്യതിചലനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു.മാത്രവുമല്ല നാലു സംസ്ഥാനങ്ങളിലെ ജനജീവിതത്തിന്റെയും അവരുടെ സംസ്കാരത്തിന്റെയും ഒരു നേര്‍ചിത്രം നമുക്ക് ഇവിടെ നിന്നു ലഭിക്കുന്നതാണ്.

വിജ്ഞാനപ്രദമായ ഒരു ചെറിയ പിക്‍നിക് ...അതാണു ദക്ഷിണ ചിത്ര യാത്ര....ഞങ്ങള്‍ മടങ്ങി.വീണ്ടും വരാനായി........

Sunday, May 30, 2010

മാവോയിസ്റ്റുകളുടെ കൂട്ടുകാര്‍............!ഇന്നലെ രാ‍ത്രി പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപ്പൂര്‍ ജില്ലയിലെ ജാര്‍‌ഗ്രാം ഗ്രാമത്തില്‍ മാവോവാദികള്‍ നടത്തിയ അട്ടിമറിയില്‍ പാളം തെറ്റിയ ഹൌറ - കുര്‍ള ജ്ഞാനേശ്വരി എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ വരികയായിരുന്ന ചരക്ക് തീവണ്ടിയില്‍ ഇടിച്ച് 135 ലേറേ( ഇതെഴുതുമ്പോള്‍ ഉള്ള വാര്‍ത്ത) ആള്‍ക്കാര്‍ മരിക്കുകയും അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.

ഭരണ വര്‍ഗത്തിനെതിരായ പോരാട്ടം എന്ന പേരില്‍ ഭീകര സംഘടനകള്‍ക്ക് തുല്യമായ അക്രമ പ്രവര്‍ത്തനങ്ങളിലാണ് മാവോവാദികള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.മാവോയിസ്റ്റ് ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും വെറും സാധാരണക്കാരാണെന്നുള്ളത് ആ സംഘടനയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പൊള്ളത്തരമാണ് കാട്ടിത്തരുന്നത്.കഴിഞ്ഞ കുറെ നാളുകളായി തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണു ഈ സംഘടന.


സ്വാതന്ത്ര്യത്തിനു ശേഷമുള്ള 63 വര്‍ഷങ്ങള്‍ക്കു ശേഷവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥയും മൃഗതുല്യമായ ജീവിതാവസ്ഥകളും മുതലെടുത്താണു മാവോവാദികള്‍ ചുവടുറപ്പിക്കുന്നത്.ഈ അവസ്ഥക്ക് കാരണക്കാരായ ഇന്‍‌ഡ്യന്‍ ഭരണവര്‍ഗമാണു മാവോയിസ്റ്റുകളുടെ വളര്‍ച്ചക്ക് കാരണഭൂതരായിട്ടുള്ളത്.അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖം തിരിച്ചു നില്‍ക്കാനും ഒളിച്ചോടാനുമാണു കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. ഭാരതത്തിലെ 200 ജില്ലകളെങ്കിലും മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിന്‍ കീഴിലാണെന്ന ദയനീയമായ പ്രസ്താവന നടത്തേണ്ടി വന്ന ദുര്യോഗത്തിലാണു മന്‍‌മോഹന്‍ സിംഗ്.ഈ പ്രസ്താവനക്കു ശേഷവും മാവോയിസ്റ്റ് വളര്‍ച്ചയെ നേരിടുന്നതിനായി രാഷ്ട്രീയവും ഭരണപരവുമായ എന്തെങ്കിലും നടപടികള്‍ സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് മന്‍‌മോഹന്‍ സിംഗ് സര്‍ക്കാര്‍ എടുത്തതായി കാണാനാവുന്നില്ല.മാവോയിസ്റ്റുകള്‍ ശക്തി പ്രാപിച്ചിരിക്കുന്ന പിന്നോക്ക ആദിവാസ മേഖലകളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി ഒരു വിരലനക്കം പോലും ഉണ്ടായിട്ടില്ല.മറിച്ച് പട്ടാളത്തെ വിട്ട് മാവോയിസ്റ്റുകളെ ഇല്ലാതാക്കാം എന്ന മൂഢ വിശ്വാസത്തിലാണു അവരിപ്പോളും.സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ച് വിജയിക്കുകയും , പിന്നീട് കുതിരക്കച്ചവടങ്ങളിലൂടെ അധികാരം നില നിര്‍ത്തുകയും അമേരിക്കന്‍ സാമ്രാജ്യത്ത്വത്തിന്റെ പിണിയാളുകളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ മുതലാളിത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നു എന്തങ്കിലും ആത്മാര്‍ത്ഥമായ നീക്കം ഉണ്ടാവുമെന്ന് കരുതാന്‍ വയ്യ.

ഇന്നലെ ട്രയിന്‍ അട്ടിമറിക്കു ശേഷം , റയില്‍‌വേ മന്ത്രിയുടേതായി വന്ന പ്രസ്താവന( മാതൃഭൂമി വാര്‍ത്ത)യുടെ ഒരു ഭാഗം കാണുക.ഈ പ്രസ്താവന കൂടാതെ, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വീഴ്ചയാണു ഈ അട്ടിമറിക്കു കാരണമെന്നും കൂടി മമതദീദി ടി വി അഭിമുഖങ്ങളില്‍ പറഞ്ഞു വച്ചു.
എന്നാല്‍ എന്താണു യാഥാര്‍ത്ഥ്യം?മാവോയിസ്റ്റുകള്‍ക്കെതിരെ രാഷ്ട്രീയപോരാട്ടം നടത്തുന്നതില്‍ മുന്‍‌പന്തിയിലാണ് ഇടതു പക്ഷം.ഇന്‍‌ഡ്യയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളായ ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഉണ്ടാകാത്തത്ര കേഡര്‍മാരെയാണു സി.പി.എമ്മിനു ബംഗാളില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.മാവോയിസ്റ്റുകള്‍ക്കെതിരെ ധീരമായ പോരാട്ടം നടത്തുന്നതു കൊണ്ട് ദിവസേനയെന്നോണം അവിടെ സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചു വീഴുന്നു.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 210 സി.പി.എം പ്രവര്‍ത്തകരാണു മാവോയിസ്റ്റുകളുടെ കൊലക്കത്തിക്കും തോക്കിനും ഇരയായത്.എന്നാല്‍ “ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീരു കാണണം” എന്ന മോഹമാണു മമതയ്ക്കും അവരുടെ വാലില്‍ തൂങ്ങി നടക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉള്ളത്.മാവോയിസ്റ്റുകളെ സഹായിച്ചിട്ടാണെങ്കിലും ഇടതു പക്ഷത്തെ എങ്ങനെയെങ്കിലും ഇല്ലാതാക്കാം എന്നതാണു ആ ഉള്ളിലിരിപ്പ്.ബംഗാളില്‍ മമതയെ എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തിക്കാന്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഭീകര സംഘടനയാണു മാവോയിസ്റ്റ് പ്രസ്ഥാനം.

പശ്ചിമ ബംഗാളില്‍ ഇടതു സര്‍ക്കാരിന്റെ നിലത്തിറക്കുക എന്ന ഒറ്റ ലക്ഷ്യം വച്ച് കളിക്കുന്ന ഈ തീക്കളിയുടെ അനന്തരഫലങ്ങളാണു ഇപ്പോള്‍ ഉണ്ടായത്.നന്ദിഗ്രാമിലും മറ്റും പരസ്യമായി കൈകോര്‍ത്ത് പോരാടുകയായിരുന്നു തൃണമൂലും മാവോയിസ്റ്റുകളും.അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പല ദേശീയ ചാനലുകളും പുറത്തു വിട്ടിട്ടുണ്ട്.

ഈയിടെ പിടിയിലായ മാവോയിസ്റ്റ് നേതാവ് വെങ്കിടേഷ് റെഡ്ഡി തന്നെ ഇത് തുറന്ന സമ്മതിച്ചിട്ടുണ്ട്.”ഹിന്ദു’വില്‍ വന്ന ആ വാര്‍ത്ത താഴെ കൊടുക്കുന്നു.


ഹിന്ദുവിന്റെ ലിങ്ക്

വാര്‍ത്ത മാത്രമോ? ആരൊക്കെയാണു മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ എന്ന് ഞാന്‍ പറയുന്നില്ല.താഴെ കൊടുക്കുന്ന ചിത്രങ്ങള്‍ കഥ പറയട്ടെ.

(ബംഗാളിലെ മാവോയിസ്റ്റ് നേതാവ് ഛത്രദാര്‍ മഹതോയോടൊപ്പം മമതാ ബാനര്‍‌ജി)


(മാവോയിസ്റ്റുകളോടൊപ്പം അദ്വാനി)


“മമതയുടെ മമത“ ( ഈ വാക്കിനു എന്റെ സുഹൃത്ത് വിജി പിണറായിയോട് കടപ്പാട്) ആരോടെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.ഇനി അവര്‍ ഇന്നലെ ചെയ്ത പ്രസ്താവന ഒരിക്കല്‍ കൂടി വായിച്ചു നോക്കൂ.ആരു ആരെയാണു സംശയിക്കേണ്ടത്?ആരാണു കുറ്റക്കാര്‍? പശ്ചിമ ബംഗാള്‍ സര്‍ക്കാരോ?

മമതയെപ്പോലെയുള്ളവരെ താങ്ങി നില്‍ക്കുന്ന കോണ്‍‌ഗ്രസും ഇതിനു മറുപടി പറയേണ്ടി വരും.കുടത്തിലെ ഭൂതത്തിനെ ആണ് അവര്‍ അഴിച്ചു വിടുന്നത്.കോണ്‍‌ഗ്രസ് എക്കാലത്തും അങ്ങനെ തന്നെയായിരുന്നു.എവിടെയൊക്കെ ജാതി മത വര്‍ഗീയ വിധ്വംസക ശക്തികള്‍ ഉണ്ടാവുന്നുവോ, അതിനെയൊക്കെ ഒളിഞ്ഞും തെളിഞ്ഞും താലോലിച്ചു കൊണ്ടേയിരിക്കും.ഈ ഇരട്ടത്താപ്പാണു രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിസ്ഥാനകാരണം.ഖാലിസ്ഥാന്‍ ഭീകര വാദികള്‍ മുതല്‍ ഇപ്പോളത്തെ മാവോയിസ്റ്റുകള്‍ വരെ അതിന്റെ സന്തതികളാണ്.ഈ രാഷ്ട്രീയത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പുരോഗതിയുടെ പിന്നില്‍, ഇന്നും ഒരു നല്ല റോഡോ, നല്ല ജീവിത സാഹചര്യങ്ങളോ , വിദ്യാഭ്യാസമോ ഒന്നും ലഭിക്കാതെ കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു ജനത ഇപ്പോളും ഇവിടെ ജീവിക്കുന്നു എന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം മാത്രം ഉയര്‍ന്നു വന്നുകൊണ്ടേയിരിക്കുന്നു.അവരെ മറയാക്കി നിര്‍ത്തി അക്രമങ്ങള്‍ അഴിച്ചു വിടുന്ന മാവോയിസ്റ്റുകള്‍ക്കും,വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഈ സ്ഥിതി ഇങ്ങനെ തന്നെ തുടരുന്നതു തന്നെയാണു താല്‍‌പര്യവും.

മാവോയിസ്റ്റുകളെ തുറന്നു പിന്തുണക്കുന്ന മമതാ ബാനര്‍ജിയെപ്പോലുള്ളവരെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാനെങ്കിലുമുള്ള ധൈര്യം മന്‍‌മോഹന്‍ സിംഗ് കാണിക്കുമോ?


(കടപ്പാട്: പത്രവാര്‍ത്തകളോടും ചിത്രങ്ങള്‍ അയച്ചു തന്നെ ബാലകൃഷ്ണന്‍ എന്ന സുഹൃത്തിനോടും)

Tuesday, March 30, 2010

കയ്യൂരിന്റെ മാനത്തെ രക്ത നക്ഷത്രങ്ങള്‍ !

1943 മാര്‍ച്ച് 29 വെളുപ്പാന്‍ കാലം.

ഇന്നേക്ക് 67 വര്‍ഷം മുന്‍പുള്ള ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍‌ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.എങ്ങും നിശ്ശബ്ദത പടര്‍ന്നു.തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി.ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു.

“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”

കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...

മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍

എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.

ആ കൊച്ചു ഗ്രാമത്തിലേക്കാണു ഇന്ന് എന്റെ യാത്ര.

കമ്പനി ആവശ്യത്തിനായി ഇടക്ക് മംഗലാപുരത്ത് വരേണ്ടിയിരുന്നത് സത്യത്തില്‍ എനിക്കൊരു അനുഗ്രഹമായിത്തീര്‍ന്നു.അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതത്തിലൊരിക്കലും ഈ പ്രദേശങ്ങള്‍ കാണാനുള്ള ഒരു അവസരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.മംഗലാപുരത്തെ താമസത്തിനിടയിലെ ഒരു ഞായറാഴ്ച രാവിലെയാണു ഞാന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്.എന്റെ സുഹൃത്തും സഹപാഠിയും സഖാവും ആയ മധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.നീണ്ട ചില യാത്രകളുടെ പദ്ധതി ഞങ്ങള്‍ മുന്‍‌‌കൂട്ടി തയ്യാറാക്കിയിരുന്നു.അതിന്‍ പ്രകാരം ആദ്യം പോയത് പയ്യന്നൂരില്‍ നിന്നും ഏകദേശം 30 കി.മീ ദൂരെയുള്ള പാടിച്ചാല്‍ എന്ന സ്ഥലത്തേക്കാണ്.ഇവിടെയാണു പ്രസിദ്ധമായ വിപ്ലവം പിറന്നുവീണ മുനനയന്‍ കുന്ന്.ആ യാത്രയെപറ്റി പിന്നീടൊരിക്കല്‍ എഴുതാം.
(പെരിങ്ങോം- ചീമേനി റോഡ്- ദുര്‍ഘടമായ കാനന പാത)

പാടിച്ചാലില്‍ നിന്നു തിരികെ പെരിങ്ങോം എന്ന സ്ഥലത്തെത്തി.മധുവിന്റെ കാര്‍ ചീമേനി റോഡിലേക്ക് തിരിഞ്ഞു.ചീമേനി വഴിയാണു ഞങ്ങള്‍ക്ക് കയ്യൂര്‍ക്ക് പോകേണ്ടത്.പെരിങ്ങോം മുതലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന കുന്നിന്‍ പുറങ്ങളാണ്.വരണ്ട ഭൂപ്രകൃതിയാണു ഇവിടെങ്ങളില്‍.പച്ചപ്പ് നന്നേ കുറവ്.ചീമേനി റോഡിലേക്ക് കടന്നതോടെ പച്ചപ്പ് വീണ്ടും കുറഞ്ഞു വന്നു.വീടുകള്‍ കാണാതായി.പെട്ടെന്ന് വഴി വനപ്രദേശത്തേക്ക് മാറി.ഇരു വശവും ചെറിയ മരങ്ങള്‍ നിറഞ്ഞ കാട്.എങ്കിലും വല്ലാത്ത വരണ്ട ഭൂപ്രകൃതി.പൊട്ടിപ്പൊളിഞ്ഞ റോഡും കൂടിയായപ്പോള്‍ ഒരു കാനനപാത പോലെ തോന്നിച്ചു.വഴിയില്‍ അപൂര്‍വം വാഹനങ്ങള്‍ മാത്രം.മധുവിനോടൊപ്പമുള്ള യാത്ര വളരെ രസകരമാണ്.കഥകളും കവിതകളും രാഷ്ട്രീയവും നാട്ടു വിശേഷങ്ങളും എല്ലാം അതില്‍ നിറയും.അതിനാല്‍ തന്നെ സമയം പോകുന്നതറിയില്ല.ഇരുവശവുമുള്ള കാടുകള്‍ പ്ലാന്‍‌റ്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശമുള്ള വനഭൂമിയാണ്.ചീമേനിക്കുന്നുകളിലെ ഈ കാടുകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടാവും.ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒളിത്താവളങ്ങളായിരുന്നു ഈ കാടുകള്‍.ഇ.കെ നായനാര്‍ ഈ കാട്ടില്‍ ഒളിവിലിരുന്ന കാര്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഇന്നു പോലും ദുര്‍ഘടമായ ഈ കാനനപ്പാതയില്‍ അന്നത്തെക്കാലത്ത് പുറത്തു നിന്നു ഒരാള്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക മനസ്സിലായി.ബ്രീട്ടീഷുകാരന്റെ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും ഇവിടം അപ്രാപ്യമായിരുന്നതും അതുകൊണ്ടു തന്നേ.

ചീമേനി അടുക്കാറാകുമ്പോള്‍ പാതയോരത്ത് ഒരു ബോര്‍ഡ് കണ്ടു.”തുറന്ന ജയില്‍” .അതെ കേരളത്തിലെ ഒരു തുറന്ന ജയില്‍ ഇവിടെയാണ്.കാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ തുറന്ന ജയിലിന്റെ മുന്നില്‍ വച്ച അവിടെ ജയിലറായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വണ്ടിക്ക് കൈ കാട്ടി ചീമേനി വരെ ലിഫ്റ്റ് ചോദിച്ചു.ഞങ്ങളോടൊപ്പം വരുമ്പോള്‍ അദ്ദേഹം തുറന്ന ജയിലിനെ പറ്റി പറഞ്ഞു.കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ 5 വര്‍ഷമെങ്കിലും അനുഭവിച്ചു കഴിഞ്ഞവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണു തുറന്ന ജയിലിലേക്ക് മാറ്റുന്നത്.മാനസികപരിവര്‍ത്തനമാണു ലക്ഷ്യം.
(ചീമേനി ടൌണ്‍)
പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ചീമേനി എത്തി.ചെറിയ ഒരു കവല എന്നു പറയാം.കുറച്ചു കടകള്‍.അവിടെ ഒരു ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഞങ്ങള്‍ കയ്യൂരിലേക്കുള്ള വഴി ചോദിച്ചു .മധു ആ വഴി കാര്‍ തിരിച്ചു.ഏതാണ്ട് ഒരു അഞ്ചു കി.മീ എത്തിയപ്പോള്‍ കയ്യൂര്‍ എത്തി.ഇപ്പോളും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ തന്നെ.വരണ്ട ഭൂപ്രകൃതിക്ക് അല്പം മാറ്റം വന്നെങ്കിലും കാര്യമായ മാറ്റമില്ല താനും. (കയ്യൂരിലെ നായനാര്‍ സ്മാരക ഐ.ടി.ഐ)
കയ്യൂരിലെ പാര്‍ട്ടി ഓഫീസും, നായനാര്‍ സ്മാരക ഐ.ടി ഐയും ഇപ്പോള്‍ കാണാം.ഇപ്പോളും ഗ്രാമിണത തുടിച്ചു നില്‍ക്കുന്ന ഒരു ചെറിയ സ്ഥലം.അവിടനിന്നും അല്പം മുന്നോട്ട് പോകുമ്പോള്‍ വലത്തേക്കു തിരിഞ്ഞാണു കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്കുള്ള വഴി.അത് സ്ഥിതി ചെയ്യുന്നത് കുന്നിന്റെ അടിവാരത്തിലാണ്.

കുന്നിറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.മുന്നിലിതാ അതിമനോഹരമായ ഗ്രാമീണഭംഗി തെളിഞ്ഞു വരുന്നു.കേരളീയ ഗ്രാമീണ ഭംഗിയെന്നു നമ്മള്‍ മനസ്സില്‍ കരുതുന്നത് എന്താണോ അതാണു കയ്യൂര്‍.കാസറഗോഡിന്റേയും കണ്ണൂരിന്റേയും പ്രാദേശിക ചരിത്രമെഴുതിയ കെ.ബാലകൃഷ്ണന്‍ (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) കയ്യുരിനെ വിശേഷിപ്പിക്കുന്നത് ‘കദളീവന’മെന്നാണ്.ആ പേര് തികച്ചും അന്വര്‍ത്ഥം തന്നെ. (കയ്യൂരിലേക്ക് ചെല്ലുമ്പോള്‍-ഭൂമിയിലെ സ്വര്‍ഗം)

സസ്യശ്യാമളകോമളമായ ഈ കയ്യൂരിലാണു വിപ്ലവത്തിന്റെ വെള്ളി നക്ഷത്രങ്ങള്‍ പൊട്ടി വീണത്.ശ്യാമസുന്ദര കേര കേദാര ഭൂമി എന്നു വിശേഷിപ്പിക്കാന്‍ മറ്റൊരിടം തേടി പോകേണ്ടതില്ല.തെങ്ങ്, കവുങ്ങ്,വാഴ,പ്ലാവ്,കുരുമുളകു വള്ളി തുടങ്ങിയവ കൊണ്ട് നിറഞ്ഞ ഒരു വലിയ തോട്ടം എന്നാണു കയ്യൂരിന്റെ സമരചരിത്രമെഴുതിയ കയ്യൂര്‍ പോരാളി വി.വി.കുഞ്ഞമ്പു സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത്.
(കയ്യൂര്‍- മറ്റൊരു ദൃശ്യം)
പെട്ടെന്ന് ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ “മീനമാസത്തിലെ സൂര്യന്‍” എന്ന സിനിമ ഓര്‍ത്തുപോയി.കയ്യൂരിന്റെ ചരിത്രം ആസ്പദമാക്കി ചെയ്ത ആചിത്രത്തിലെ ടൈറ്റില്‍ ഗാനം എന്റെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചു.ആ ഗാനരംഗം ഇപ്പോളിതാ ഞാന്‍ നേരില്‍ കാണുകയാണ്.
Get this widget | Track details | eSnips Social DNA

(“മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമയിലെ മനോഹരഗാനം)
ഞങ്ങളുടെ കാര്‍ മെല്ലെ മെല്ലെ തേജസ്വിനിക്ക് കുറുകെയുള്ള അരയാല്‍ കടവ് പാലത്തിനടുത്തെത്തി.’തേജസ്വിനി’ കയ്യൂരിന്റെ ഹൃദയരേഖയാണ്.കാര്യങ്കോട് പുഴ എന്നറിയപ്പെട്ടിരുന്ന തേജസ്വിനിയുടെ ഇരു കരകളിലുമായിട്ടാണു ഫലഭൂയിഷ്ഠമായ കയ്യൂര്‍ ഗ്രാമം.പാലത്തിനടുത്ത് ചെറിയ കട നടത്തുന്ന ചേട്ടനോട് ഞങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള വഴി ചോദിച്ചു.കടയുടെ നേരെ എതിരെയുള്ള നാട്ടുപാതയിലൂടെ ഞങ്ങള്‍ ആ കദളീവനത്തില്‍ പ്രവേശിച്ചു.
(കദളീ വനം)
കൊച്ചു കൊച്ചു വീടുകള്‍.തനി നാടന്‍ ഗ്രാമം.അല്പദൂരെ ചെന്നപ്പോള്‍ പുഴക്കരയില്‍ ഇടതു വശത്തായി താഴെ രക്തസാക്ഷി മണ്ഡപം കാണാറായി.മധു വണ്ടി നിര്‍ത്തി.ഞങ്ങള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.ഒരു നിമിഷം ഞങ്ങളുടെ മനസ്സില്‍ വിപ്ലവത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടി.ജന്മിത്വത്തിനെതിരെ പടപൊരുതി അമരന്മാരായി മാറിയ സഖാക്കളുടെ ഓര്‍മ്മകള്‍ ഞങ്ങളെ വികാരാവേശം കൊള്ളിച്ചു. (കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ‘തേജസ്വിനി’...എല്ലാം അറിഞ്ഞവള്‍)

താഴെ ശാന്തയായി ഒഴുകുന്ന സുന്ദരിയായ തേജസ്വിനി.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി.....പുഴക്കരയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..എന്തെന്തു സംഭവപരമ്പരകള്‍ക്കാണു ഈ നദി സാക്ഷ്യം വഹിച്ചിട്ടുള്ളത്...!എത്രയോ ധീരന്മാര്‍ ഈ വഴി കടന്നു പോയിരിക്കുന്നു..എത്രയോ സ്ത്രീകള്‍ ഈ നദീതീരങ്ങളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരിക്കുന്നു........!
(തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപം )
കയ്യൂരിലെന്താണു സംഭവിച്ചത്?

1930കളുടെ അവസാനം വടക്കേ മലബാറിലെങ്ങും കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്ന സമയം.കയ്യൂരിലെയും തൊട്ടടുത്ത ക്ലായിക്കോട്ടിലേയും രണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കാനായി എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എത്തി.1938 ല്‍ ആയിരുന്നു ഇത്.അവര്‍ പ്രശ്നം പറഞ്ഞുതീര്‍ത്തു.അപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇത്തരമൊരു സംഘം വേണമെന്ന് കയ്യൂരിലെ കൃഷിക്കാര്‍ ആവശ്യപ്പെട്ടു.അങ്ങനെ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം ജന്മി ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രചാരണം തുടങ്ങി.

എങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങുകയും, കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിയ പിണറായി പാറപ്രം രഹസ്യ സമ്മേളനം നടക്കുകയും ചെയ്ത 1939 ല്‍ ആണു സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നത്.ടി.എസ് തിരുമുമ്പിന്റെ വരവോടെയാണിതെന്ന് പറയാം.നീലേശ്വരം രാജാവിനെ കൂടാതെ ചെറു ജന്മിമാര്‍ വേറേയും ഉണ്ടായിരുന്നു.അങ്ങനെയാണ് ടി.എസ് തിരുമുമ്പും , കെ.മാധവനും , എന്‍ എസ് നമ്പൂതിരീപ്പാടും ചേര്‍ന്ന് അവിടെ ഒരു കര്‍ഷക സംഘം യൂണിറ്റ് ഉണ്ടാക്കാനായി ചെന്നത്.പട്ടിണി താണ്ഡവനൃത്തമാടിയിരുന്ന ഒരു പ്രദേശമായിരുന്നു അക്കാലത്ത് കയ്യൂര്‍ എന്ന് ‘തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹത്തിന്റെ പത്നി കാര്‍ത്ത്യായനിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.മിക്കവര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല.നീലേശ്വരം രാജാവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥ.

അങ്ങനെ തിരുമുമ്പിന്റേയും കെ.മാധവന്റേയും ഒക്കെ നിരന്തരമായുള്ള ശ്രമഫലമായി അവിടെ കര്‍ഷക സംഘം ശക്തിയാര്‍ജ്ജിച്ചു തുടങ്ങി.ക്രമേണ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ബോധം വളരുകയും കര്‍ഷകസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്തു.ജന്മിമാര്‍ക്കെതിരായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങളും കവിതകളും ടി.എസ് തിരുമുമ്പ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.തിരുമുമ്പിന്റെ വിപ്ലവഗീതികള്‍ കയ്യൂരിന്റെ മണ്ണില്‍ ആവേശമായി അലയടിച്ചു.
സ്ത്രീകളടക്കം ഒരു വലിയ ജനത ആ വിപ്ലവഗാനങ്ങള്‍ പാടി നടന്നിരുന്നു

എന്നാല്‍ 1940 ല്‍ ചെറുവത്തൂരിലും കയ്യൂരിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.അതേ വര്‍ഷം തന്നെ നടന്ന മൊറാഴ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇ.കെ നായനാര്‍ ഇക്കാലത്താണു സ; പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കയ്യൂര്‍ കേന്ദ്രമാക്കി പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അങ്ങനെ കയ്യൂരും പരിസരപ്രദേശങ്ങളിലും, വടക്കേ മലബാറിലെ മറ്റു താലൂക്കുകളിലെപ്പോലെ തന്നെ കര്‍ഷക പ്രസ്ഥാനം ഒരു വലിയ ശക്തിയായി മാറി.ജന്മിത്വത്തിനെതിരെ തിരിഞ്ഞു നിന്നു എതിര്‍ക്കാനുള്ള ശക്തി ഈ പാവപ്പെട്ട കര്‍ഷകര്‍ നേടിയെടുത്തു.

(കയ്യൂരിന്റെ സൌന്ദര്യം)
അങ്ങനെയിരിക്കെയാണു 1941 മാര്‍ച്ച് 30 നു ഒരു സാമ്രാജ്യത്വ വിരുദ്ധ-യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി തീരുമാനിക്കുന്നത്.അതിനോടനുബന്ധിച്ച കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഒരു വലിയ നിവേദനം ജാഥയായി ചെന്ന് നീലേശ്വരം രാജാവിനു സമര്‍പ്പിക്കാനും കര്‍ഷക സംഘം തീരുമാനിച്ചു.

അതിനോടനുബന്ധിച്ച് മാര്‍ച്ച് 25 നു ഒരു വിളംബരജാഥ നടന്നു.ടി.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നു പോയ ജാഥക്കു മുന്നില്‍ അന്നത്തെ റവന്യൂ ഇന്‍‌സ്പെക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ നായര്‍ വന്നുപെട്ടു.ജാഥക്കാര്‍ തന്നെ ബഹുമാനിക്കുമെന്നും മുദ്രാവാക്യം വിളി നിര്‍ത്തി തനിക്ക് കടന്നു പോകാന്‍ വഴിയൊരുക്കി തരുമെന്നും അയാള്‍ കരുതിക്കാണണം.എന്നാല്‍ ജാഥാംഗങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് മാര്‍ച്ച് ചെയ്യുകയാണു ഉണ്ടായത്.ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനവരെ ഒരു പാഠം പഠിപ്പിക്കണമെന്നും അയാള്‍ കരുതി.അതിനായി ജില്ലാ കളകടര്‍ക്കും പോലീസ് ഭരണാധികാരികള്‍ക്കും കെട്ടിച്ചമച്ച പല റിപ്പോര്‍ട്ടുകളും അയാള്‍ അയക്കുകയുണ്ടായി.
അതിനെ തുടര്‍ന്നു ടി.വി കുഞ്ഞമ്പു,ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,ടി.വി.കുഞ്ഞിരാമന്‍,പി.ടി അമ്പാടിക്കുഞ്ഞി,കോയിത്താറ്റില്‍ ചിരുകണ്ടന്‍,കെ.പി വെളുങ്ങ എന്നീ ആറു പേര്‍ക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.ഇതോടെ കര്‍ഷക സംഘവും ഉഷാറായി.


രണ്ടാം ദിവസം അതായത് മാര്‍ച്ച് 27 നു രാത്രി കാഞ്ഞങ്ങാട് സബ് ഇന്‍സ്പെക്ടര്‍ നിക്കോളാസിന്റെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കയ്യൂരില്‍ എത്തുകയും വീടുകള്‍ തോറും തിരച്ചില്‍ നടത്തുകയും ചെയ്തു.ഉറങ്ങിക്കിടക്കുകയായിരുന്ന ടി.വി കുഞ്ഞമ്പുവിനേയും, ടി.വി കുഞ്ഞിരാമനേയും അറസ്റ്റു ചെയ്തു കൊണ്ടു പോയി.പോലീസ് ആക്രമണം പ്രതീക്ഷിച്ച് കാര്യങ്കോട് പുഴയുടെ തീരത്ത് കിടന്നുറങ്ങിയിരുന്ന കര്‍ഷക സംഘം പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചവശരാക്കി.കയ്യൂര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ട മഠത്തില്‍ അപ്പുവിന് ചായക്കട ഉണ്ടായിരുന്നു.പോലീസ് അവിടെയും കയറി തല്ലി.അപ്പുവിന്റെ തലമുറിഞ്ഞ് രക്തമൊഴുകി.ഒട്ടനവധി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു.കൈയില്‍ കിട്ടിയവരെ പോലീസ് കൊണ്ടുപോവുകയും ചെയ്തു.


പിറ്റേന്ന്( 1941 മാര്‍ച്ച് 28) നേരം വെളുത്തപ്പോള്‍ പോലീസ് അക്രമണത്തിന്റെ വാര്‍ത്ത എല്ലായിടത്തും പടര്‍ന്നു.അന്നേ ദിവസം തന്നെയായിരുന്നു കയ്യൂരിലെ പ്രശസ്തമായ പൂരക്കളിയും.പൂരക്കളി കാണാന്‍ ഒട്ടനവധി ആള്‍ക്കാര്‍ അന്നവിടെ എത്തിയിരുന്നു.മഠത്തില്‍ അപ്പുവിന്റെ തന്നെ അച്ഛന്റെ മഠത്തിലാണു ഇത് നടക്കുന്നത്.തലേ ദിവസത്തെ അക്രമത്തില്‍ എങ്ങും പ്രതിഷേധം ആളിക്കത്താന്‍ തുടങ്ങി.പോലീസ് വാഴ്ചക്കെതിരെ പ്രതിഷേധ ജാഥകള്‍ നടത്താന്‍ കര്‍ഷക സംഘം തീരുമാനിച്ചു.അന്നേ ദിവസം വൈകുന്നേരം ആയപ്പോള്‍ നാലുഭാഗത്തു നിന്നും ജാഥകള്‍ വരാന്‍ തുടങ്ങി.അതിലൊന്നു കയ്യൂരിലെ കൂക്കണ്ടത്തു നിന്ന് ചെറിയകരയിലേക്ക് യോഗം ചേരാനായി പോയതായിരുന്നു.‘സാമ്രാജ്യത്വം തുലയട്ടെ, ജന്മിത്വം തുലയട്ടെ‘ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു പൊന്തി.ചെങ്കൊടിയേന്തിയ കര്‍ഷക സംഘം ജാഥ തേജസ്വിനിയുടെ തീരത്തുകൂടിയുള്ള വഴിയിലൂടെ വരികയാണ്.


ചെറിയാക്കര എന്ന സ്ഥലത്തെത്തിയപ്പോള്‍ കള്ള് ഷാപ്പില്‍ നിന്നും കുടിച്ച് മദോന്മത്തനായി സുബ്ബരായന്‍ എന്ന പോലീസുകാരന്‍ ഇറങ്ങിവന്നു.കൈയില്‍ കത്തിയുമുണ്ട്.അയാള്‍ ജാഥക്കാരെ ചീത്ത വിളിക്കാന്‍ തുടങ്ങി.തലേദിവസം രാത്രിയില്‍ ഇതേ പോലീസിന്റെ തല്ലുകൊണ്ടവരായിരുന്നു ജാഥയില്‍ അധികവും.ഈ ചീത്ത വിളി അവരെ പ്രകോപിപ്പിച്ചു.സുബ്ബരായനെ വെറുതെ വിടരുതെന്ന് ജനക്കൂട്ടം വിളീച്ചു പറഞ്ഞു.തലേന്ന് അടികിട്ടി തല പൊട്ടിയ മഠത്തില്‍ അപ്പു അതു ശീല കൊണ്ട് വച്ചു കെട്ടിയായിരുന്നു ജാഥയില്‍ ഉണ്ടായിരുന്നത്.“അടിക്കരുത് അടിക്കരുത് “എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ “അടിക്കേണ്ട കൊടി പിടിപ്പിച്ച് ജാഥക്ക് മുന്നില്‍ നടത്തിക്കാം“ എന്ന് തീരുമാനമായി.അങ്ങനെ അപ്പു തന്നെ സുബ്ബരായനെ കൊണ്ട് ചെങ്കൊടി പിടിപ്പിച്ചു.ഗത്യന്തരമില്ലാതെ പോലീസുകാരന്‍ കൊടിയുമായി മുന്നില്‍ നടന്നു.ജാഥ മുന്നോട്ട്.........


പോലീസുകാരന്‍ നയിക്കുന്ന ജാഥകണ്ട് പൂരക്കളി കാണാന്‍ വന്ന ജനങ്ങളും ചിരിക്കാന്‍ തുടങ്ങി.

(ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ നാട്ടുപാതയിലൂടെയാണു അന്ന് കര്‍ഷകസംഘം ജാഥ കടന്നുപോയത്)

അല്പമങ്ങു നീങ്ങിക്കഴിഞ്ഞപ്പോള്‍ എന്തോ പെട്ടെന്ന് തോന്നിയ സുബ്ബരായന്‍ കൊടികെട്ടിയ വടി രണ്ടായി മുറിച്ച് തിരിഞ്ഞു നിന്നു ജാഥാംഗമായ മഠത്തില്‍ കൊട്ടന്‍ എന്ന സഖാവിന്റെ തലക്കടിച്ച് മുന്നോട്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചു.അപ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ജാഥക്കാര്‍ അതു കണ്ടു.‘പിടിക്കവനെ’എന്ന വിളി അന്തരീക്ഷത്തില്‍ മുഴങ്ങി.ഒരു ഭാഗത്ത് ചെങ്കുത്തായ കുന്ന്.മറുഭാഗത്ത് വീതിയേറിയ തേജസ്വിനി...


രണ്ടു ഭാഗത്തു നിന്നും ആളുകള്‍ വന്നപ്പോള്‍ അയാള്‍ പുഴയിലേക്ക് ഒറ്റച്ചാട്ടം..നീന്തി അക്കരെ കയറാം എന്ന് വിചാരിച്ചിട്ടാവണം.പുഴയില്‍ ചാടിയതും കുറെ ആള്‍ക്കാര്‍ കല്ലെടുത്തെറിഞ്ഞു.മദ്യ ലഹരിയും അന്നത്തെ യൂണിഫോമിന്റെ ഭാരവും മൂലം തേജസ്വിനിയുടെ ആഴങ്ങളില്‍ അയാള്‍ മുങ്ങിപ്പൊങ്ങി..പിന്നെ അടിയൊഴുക്കുകളിലെവിടെയോ അപ്രത്യക്ഷനായി........ഒരു പോലീസുകാരന്റെ മുങ്ങി മരണം !അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം ജാഥയെ പെട്ടെന്ന് മൌനത്തിലാഴ്ത്തി.അവര്‍ മഠത്തില്‍ അപ്പുവിന്റെ വീട്ടില്‍ പൂരക്കളിക്ക് ഇട്ടിരുന്ന പന്തലില്‍ യോഗം ചേര്‍ന്ന് പിരിഞ്ഞു പോയി.പോലീസിന്റെ ശക്തമായ തിരിച്ചടി പ്രതീക്ഷിച്ച കര്‍ഷക സംഘം പ്രവര്‍ത്തകള്‍ ചീമേനിക്കാടുകളില്‍ ഒളിവില്‍ പോയി.രണ്ടാം ദിവസം പോലീസുകാരന്റെ ശവം കിട്ടി.പിന്നെ കയ്യൂരില്‍ നടന്നത് അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ട് ആയിരുന്നു.ഓരോ വീട്ടിലും പോലീസുകാര്‍ കയറിയിറങ്ങി.കണ്ണില്‍ കണ്ടതൊക്കെ എറിഞ്ഞുടച്ചു.കിട്ടിയവരെ ഒക്കെ പിടിച്ചു കൊണ്ടു പോയി.സ്ത്രീകളും കുട്ടികളും വരെ കൊടിയ മര്‍ദ്ദനത്തിനു ഇരയായി.ഗര്‍ഭിണികളായി കിടന്നിരുന്നവരെ വരെ വലിച്ചു താഴെയിട്ടു.കൊടിയ മര്‍ദ്ദനം ഏല്‍ക്കുമ്പോളും കയ്യൂരിലെ സ്ത്രീകള്‍ ധീരകളായിരുന്നു.ഒരൊറ്റ പ്രവര്‍ത്തകരേയും അവര്‍ ഒറ്റു കൊടുത്തില്ല.അങ്ങനെ കയ്യൂര്‍ എന്ന കൊച്ചു ഗ്രാമം പോലീസ് ഭീകരതയുടെ കേന്ദ്രമായി മാറി.ഗത്യന്തരമില്ലാതെ പലരും പോലീസിനു കീഴടങ്ങി.നായനാരും, വി.വി കുഞ്ഞമ്പുവുമൊക്കെ ഒളിവില്‍ പോയി.


(വിവിധ കാലത്തായി കയ്യൂര്‍ സമരത്തെക്കുറിച്ച് മാതൃഭൂമി പത്രം അക്കാലത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ക്രോഡീകരിച്ച് ആഴ്ചപ്പതിപ്പില്‍ വന്നത്)
61 പ്രതികള്‍, 80 സാക്ഷികള്‍.....മഠത്തില്‍ അപ്പുവായിരുന്നു ഒന്നാം പ്രതി.വി.വി കുഞ്ഞമ്പു രണ്ടാം പ്രതിയും ഇ.കെ നായനാര്‍ മൂന്നാം പ്രതിയുമായിരുന്നു.പയ്യന്‍ കേളുനായര്‍ ആയിരുന്നു നാലാം പ്രതി.മംഗലാപുരം കോടതിയിലാണു കേസ് നടന്നത്.ആകെയുള്ള 61 പ്രതികളില്‍ ഇ.കെ നായനാരടക്കം രണ്ടുപേരെ പിടികിട്ടിയില്ല.അതുകൊണ്ടു തന്നെ അവരെ ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്.


രണ്ടുമാസത്തെ വിചാരണക്കു ശേഷം 1942 ഫെബ്രുവരി 9 നു അഞ്ചുപേരെയാണു മംഗലാപുരം കോടതി വധശിക്ഷക്ക് വിധിച്ചത്.ഒന്നാം പ്രതി മഠത്തില്‍ അപ്പു,13 ആം പ്രതി പൊടോര കുഞ്ഞമ്പു നായര്‍,31ആം പ്രതി കോയിത്താറ്റില്‍ ചിരുകണ്ടന്‍,32 ആം പ്രതി ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍,51ആം പ്രതി പള്ളിക്കല്‍ അബൂബക്കര്‍.ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം മുതല്‍ കീഴോട്ടുള്ള ജയില്‍ ശിക്ഷകള്‍.ചിലരെ വെറുതെ വിട്ടു.അന്നു 15 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരെ മൈനര്‍ എന്ന കാരണത്താല്‍ വധശിക്ഷയില്‍ നിന്നു ഒഴിവാക്കി ജീവ പര്യന്തമാക്കി കുറച്ചു.


വധശിക്ഷക്കെതിരായി നാടുണര്‍ന്നു.മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി.വലിയ പ്രക്ഷോഭ പരിപാടികള്‍ നാടൊട്ടുക്കും നടന്നു.ഗവര്‍ണ്ണര്‍ക്കും വൈസ്രോയിക്കും ആയിരക്കണക്കിനു നിവേദനങ്ങളും കത്തിടപാടുകളും നടന്നു.ഒന്നും ഫലം കാണാതെ വന്നപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉയര്‍ന്ന നീതിപീഠമായ പ്രിവികൌണ്‍സിലില്‍ അപ്പീല്‍ കൊടുത്തു,എന്നാല്‍ അപ്പീല്‍ ഫയലില്‍ സ്വീകരിക്കപ്പെട്ടില്ല.ഇത് ഒരു ഗ്രാമത്തെ മാത്രമല്ല, മലയാളക്കരയെ ഒന്നാകെ കടുത്ത ദു:ഖത്തിലാഴ്ത്തി.


അവസാന ദിവസങ്ങളും കാത്തു ജയിലില്‍ കഴിയുമ്പോളും അതീവ ധീരന്മാരായ ഈ സഖാക്കള്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന ഈ നാലുപേരേയും അവസാനമായി കാണാന്‍ അന്ന് കമ്മ്യൂണീസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയിരുന്ന പി.സി ജോഷി എത്തി.ആന്ധ്രായില്‍ നിന്നുള്ള പ്രമുഖ നേതാവ് പി.സുന്ദരയ്യയോടും സ:പി.കൃഷ്ണപിള്ളയോടുമൊപ്പം അദ്ദേഹം കണ്ണൂര്‍ ജയിലില്‍ ചെന്ന് അവരെ കണ്ടു.യൌവനത്തിലേക്ക് കാലെടുത്തു കുത്തിയിട്ടു മാത്രമുണ്ടായിരുന്ന ഈ നാലു ചെറുപ്പക്കാരേയും കണ്ട് ഒരു നിമിഷം അവര്‍ മൂവരും ഗദ്‌ഗദ കണ്ഠരായപ്പോള്‍ സമചിത്തത വിടാതെ ആ ചെറുപ്പക്കാര്‍ അവരെ മൂന്നു പേരേയും ആശ്വസിപ്പിച്ചു. പി.സുന്ദരയ്യ തന്റെ ആത്മകഥയില്‍ ഇങ്ങനെ വിവരിക്കുന്നു.


ധീരരായ ആ സഖാക്കള്‍ യാതൊരു പതര്‍ച്ചയും കൂടാ‍തെ ഞങ്ങളോട് പറഞ്ഞു:“സഖാക്കളേ ഞങ്ങളെ ചൊല്ലി നിങ്ങള്‍ വ്യസനിക്കരുത്.ഞങ്ങളുടെ കടമ നിര്‍വഹിച്ചു കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.എന്തു ചെയ്തും നമ്മുടെ പ്രസ്ഥാനം മുന്നേറണമെന്നേ ഞങ്ങള്‍ക്കാഗ്രഹമുള്ളൂ.ലക്ഷ്യത്തിലെത്തുന്നതുവരെ കൂടുതല്‍ ഉഷാറായി പ്രവര്‍ത്തിച്ചു മുന്നേറാന്‍ നമ്മുടെ സഖാക്കളോട് പറയുക.നമ്മുടെ ചുവന്ന കൊടി കൂടുതല്‍ ഉയരത്തില്‍ പറപ്പിക്കേണ്ടത് ഇനി നിങ്ങളാണ്”.....കേരളത്തിലെ പാര്‍ട്ടിയുടെ മേല്‍ നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെട്ട ഒരാളെന്ന നിലയില്‍ ഈ സംഭവം എന്നെ കൂടുതല്‍ ഉത്തേജിതനാക്കി.


“ഞാന്‍ ഒരിക്കലും കരയാത്ത ആളാണു.ഈ സഖാക്കളോടു യാത്ര ചോദിച്ചപ്പോള്‍ കണ്ണു നിറഞ്ഞു പോയി” എന്നാണു സ:പി.കൃഷ്ണപിള്ള പിന്നീട് പറഞ്ഞത്.


ലെനിന്‍ രാജേന്ദ്രന്റെ ചിത്രത്തില്‍ ഈ രംഗം വികാര തീവ്രമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.എത്രയോ കവികള്‍ക്കും കഥകാരന്മാര്‍ക്കും കയ്യൂര്‍ ഇന്നും ആവേശമാണ്.കയ്യൂരിന്റെ കഥകള്‍ കേട്ടു കേട്ട് കമ്മ്യൂണീസ്റ്റായ കന്നഡക്കാരന്‍ ശിവറാവു,’നിരഞ്ജന” കയ്യൂരിനെക്കുറിച്ചെഴുതിയ നോവലാണു “ചിരസ്മരണ”. അതിലാണു കാര്യങ്കോട് പുഴയെ “തേജസ്വിനി” എന്ന് ആദ്യമായി വിളിക്കുന്നത്.


ഓര്‍മ്മകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ മധുവിന്റെ ചോദ്യം :“പോകേണ്ടേ സുനിലേ..?”

ശരിയാണല്ലോ..ഇനിയും ദൂരമേറെ സഞ്ചരിക്കാനിരിക്കുന്നു.തങ്ങള്‍ക്കു വേണ്ടിയല്ലാതെ, മറ്റുള്ളവര്‍ക്കായി ജീവന്‍ കൊടുത്ത ആ ധീരന്മാരെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു...മധു വണ്ടിയെടുത്തു.

( മൈനറായതു മൂലം വധശിക്ഷയില്‍ നിന്ന്ഒഴിവാക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്)

കയ്യൂര്‍ ഒരു പ്രതീകമാണ്.ഒരു ഗ്രാമം മുഴുവന്‍, ഒരു ജനത മുഴുവന്‍ നടത്തിയ ചെറുത്തു നില്‍പ്പുകളുടെ ചരിത്രം.ഉണ്ണാനും ഉടുക്കാനും വഴിയില്ലാതിരുന്നിട്ടും, നിരക്ഷരകുക്ഷികള്‍ ആയിരുന്നിട്ടും തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് ഉത്തമ ബോധ്യം ഉണ്ടായിരുന്ന ഒരു ജനത.പോലീസിനു പട്ടാളത്തിനും മുന്നില്‍ അവര്‍ പതറിയില്ല.സാമ്രാജ്യത്വം അവര്‍ക്കായി കാത്തു വച്ച തൂക്കുകയറുകള്‍ക്കും അവരെ പരാജയപ്പെടുത്താനായില്ല.സാമ്രജ്യത്വത്തെ താങ്ങി നിര്‍ത്തിയിരുന്ന ജന്മി- നാടുവാഴു വ്യവസ്ഥയുടെ അടിവേര് പിഴുതെടുത്തത് ഇത്തരം സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരാണ്....ജന്മിത്വം എന്നത് എന്നെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഇല്ലാതാവുമെന്ന് അക്കാലത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ഇന്ന് ജീവിച്ചിരിക്കുന്ന ഒരു കര്‍ഷക സമര പോരാളി എന്നോട് പറഞ്ഞത്.ഇത്തരം മനുഷ്യരുടെ ത്യാഗമാണ് , അവര്‍ നമുക്കു തന്ന ദാനമാണു ഇന്ന് നമ്മുടെ ജീവിതമെന്ന് ഞാനും നിങ്ങളും അടങ്ങുന്ന പുതു തലമുറ അറിയുന്നുണ്ടോ ആവോ?


പൊടിപടലങ്ങളിലൂടെ കാര്‍ ചെറുവത്തൂര്‍- പയ്യന്നൂര്‍ ഹൈവേ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മനസ്സിന്റെ അടിത്തട്ടില്‍ ആ ഗാനം ഉയര്‍ന്നുവന്നു..


“കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക....”.കയ്യൂരേ നിനക്കു നമോവാകം.ഇനിയും വരും ! തീര്‍ച്ചയായും...നിന്റെ അടിത്തട്ടില്‍ എവിടെയോ കിടക്കുന്ന മുത്തുകള്‍ തേടി..........!

അവലംബം:

1:കാസര്‍‌ഗോഡന്‍ ഗ്രാമങ്ങളിലൂടെ- കെ.ബാലകൃഷ്ണന്‍
2:വിപ്ലവപ്പാത- പി.സുന്ദരയ്യ
3:എന്റെ നാട് ,എന്റെ മണ്ണ്- ഇ.കെ നായനാര്‍
4:തിരുമുമ്പിനൊപ്പം- കാര്‍ത്ത്യായനിക്കുട്ടിയമ്മ
5:ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണം
6:മാതൃഭൂമി ആഴ്ചപ്പതിപ്പ് -ജൂണ്‍ 22,2008 &ജൂലൈ 19,2009

നന്ദി:മനോഹരമായ ഗാനത്തിന്റെ എം.പി 3 തന്നു സഹായിച്ച കയ്യൂര്‍കാരന്‍ കൂടിയായ സുഹൃത്ത് സജിത്തിനും, അതു അപ്‌ലോഡ് ചെയ്തു തന്ന സുഹൃത്ത് റിയാദിനും,എന്നോടൊപ്പം സഹയാത്രികനായിരുന്ന പ്രിയ സുഹൃത്ത് മധുവിനും.