Saturday, August 22, 2009
ചെന്നൈ(മദിരാശി)ക്ക് ഇന്ന് പിറന്നാൾ !
ചെന്നൈ ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് .എത്രാമത്തേതെന്നോ? 370 ആം പിറന്നാൾ.ഇതു പോലെ 370 വർഷം മുൻപുള്ള ഒരു ആഗസ്റ്റ് 22 നു ആയിരുന്നു, കൃത്യമായി പറഞ്ഞാൽ 1639 ആഗസ്റ്റ് 22 നു ആണു അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ഫ്രാൻസിസ് ഡേയ്ക്ക് നഗരം സ്ഥാപിക്കാനായി സ്ഥലം അനുവദിച്ചു കൊണ്ടുള്ള അനുമതി ഉടമ്പടിയിൽ അന്ന് ഈ തുറമുഖ നഗരം ഭരിച്ചിരുന്ന ചെന്നപ്പ നായ്കന്റെ മക്കൾ ഒപ്പു വച്ചത്.അങ്ങനെ ചെന്നൈ നഗരം പിറവിയെടുത്തു.
മീൻപിടുത്തക്കാർ മാത്രം അധിവസിച്ചിരുന്ന ഒരു പ്രദേശം ഇന്ന് ലോകത്തിലെ 36 ആ മത്തെ ഏറ്റവും വലിയ മെട്രോപ്പോലിറ്റൻ നഗരമായി വളർന്നതിന്റെ ചരിത്രമാണു കഴിഞ്ഞ 370 വർഷങ്ങൾ !ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചെറിയ കാലയളവ് ആണ്.ഒരു പക്ഷേ നഗരം അതിന്റെ കൌമാരം കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.
അല്പം ചരിത്രം
വിജയ നഗര സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്ന ഈ പ്രദേശത്തെ ഭരിയ്കാൻ അന്നത്തെ വിജയ നഗര രാജാവായിരുന്ന ‘പെദ്ദ വെങ്കട്ട റായുലു” ആണു “നായക’ വംശത്തിലെ പെട്ട ‘വെങ്കിടാദ്രി നായുഗുഡു” വിനെ ചുമതലപ്പെടുത്തിയിരുന്നത്.അദ്ദേഹത്തിന്റെ പിതാവായിരുന്ന് ‘ചെന്നപ്പ നായഗുഡു’
അക്കാലത്തെ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി മേധാവി ആയിരുന്ന ഫ്രാൻസിസ് ഡേ( FRANCIS DAY) അദ്ദേഹത്തിന്റെ ദ്വിഭാഷിയായിരുന്ന ‘ബേരി തിമ്മപ്പ’യുടെയും കമ്പനിയുടെ മുസിലിപട്ടണം ഫാക്ടറി മേധാവിയായിരുന്ന ‘ആൻഡ്രൂ കോഗന്റേ’യും സഹായത്തോടെയാണു ഈ പ്രദേശം നായിക്കന്മാരിൽ നിന്നും നേടിയെടുത്തത്.അതുകൊണ്ട് ആധുനിക ചെന്നൈയുടെ സ്രഷ്ടാക്കൾ എന്ന് ഈ മൂന്നു പേരേയും വിശേഷിപ്പിക്കാവുന്നതാണ്.
ചെന്നപ്പ നായിക്കന്റെ മക്കളുമായി ഉണ്ടായ ഉടമ്പടി പ്രകാരം സമുദ്രത്തോടു ചേർന്ന് ഒഴുകിയിരുന്ന “കൂവം” നദി മുതൽ “എഗ്‌മൂർ’ നദി വരെയുള്ള പ്രദേശം ഒരു കോട്ട പണിയുന്നതിനായി ബ്രിട്ടീഷുകാർക്ക് വിട്ടു കിട്ടി.അത് 1639 അഗസ്റ്റ് 22നു ആണു നടന്നത്.ചെന്നപ്പ നായിക്കന്റെ സ്മരണാർത്ഥം ഈ പ്രദേശം ‘ചെന്നപ്പട്ടണം “ എന്ന് അറിയപ്പെട്ടു.അതാണു പിന്നീട് ‘ചെന്നൈ” ആയി മാറിയത്.
ഈ പ്രദേശത്ത് ബ്രിട്ടീഷുകാർ പണിത കോട്ടയാണു സുപ്രസിദ്ധമായ “സെന്റ് ജോർജ്ജ് കോട്ട’.ഇൻഡ്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി പണിത ആദ്യ കോട്ടയും ഇതു തന്നെ.നൂറ്റാണ്ടുകൾ നില നിന്ന കോളനി വാഴ്ചയുടെ ഒരു നീണ്ട ചരിത്രവും, ആധുനിക ചെന്നൈയുടെ ചരിത്രവും അവിടെ തുടങ്ങി.അതു പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ ആസ്ഥാനമായി.ഇൻഡ്യയിലെ ബ്രിട്ടീഷ സാമ്രാജ്യത്തിന്റെ സ്ഥാപകൻ റോബർട്ട് ക്ലൈവ് വിവാഹിതനായത് ഈ കോട്ടയിലെ പള്ളിയിൽ വച്ചിട്ടാണ്.ആ വിവാഹ സർട്ടിഫിക്കറ്റ് ഇന്നും ഒരു പ്രദർശന വസ്തുവാണ്.
കോട്ടയുടെ ചില ഭാഗങ്ങൾ മാത്രമേ ഇന്നുള്ളൂ.തമിഴ്‌നാട് നിയമസഭയും മുഖ്യമന്ത്രിയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നു.
ഇന്നിപ്പോൾ ചെന്നൈ വളർന്നു വികസിച്ചിരിക്കുന്നു.എങ്കിലും ഭാരതത്തിലെ നാലു മെട്രോ സിറ്റികളിൽ ഇപ്പോളും ഒരു ഗ്രാമീണത നില നിൽക്കുന്നത് ചെന്നൈയിലാണ്.ഡൽഹി രാഷ്ട്രീയ തലസ്ഥാനവും, മുംബൈ സാമ്പത്തിക തലസ്ഥാനവും ആകുമ്പോൾ ‘സാംസ്കാരിക തലസ്ഥാനം” എന്ന പദവി ചെന്നൈയുടെ അവകാശമാണ്.വലിയൊരു സംസ്കാരവും പാരമ്പര്യവും പേറുന്നവരാണ് തമിഴന്മാർ.നമ്മൾ പാണ്ടികൾ എന്ന് വിളിച്ച അധിക്ഷേപിക്കുന്ന ഈ ജനതയുടെ സംസ്കാരവും പാരമ്പര്യവും ക്രിസ്തുവിനും എത്രയോ കാലം മുൻപുള്ളതാണു.’തിരുക്കുറൾ’ തന്നെ ക്രിസ്തുവിനു മുൻപ് എഴുതപ്പെട്ട കൃതിയാണ്.മഹത്തായ ആ ഭാഷയും പരമ്പര്യവും നഷ്ടപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കുന്നതിൽ അവർ അതീവ ശ്രദ്ധാലുക്കളുമാണ്.
(ദിവസേന ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ചെന്നൈയിലെ ഏറ്റവും തിരക്കേറിയ മൌണ്ട് റോഡ് ( അണ്ണാ ശാലൈ) 1905 ൽ ഇങ്ങനെ ആയിരുന്നു)
തമിഴന്മാർക്ക് മാത്രമല്ല.മലയാളിക്കും സ്വന്തമാണു മദിരാശി നഗരം.ഇന്നത്തെ കേരളത്തിലെ പഴയ മലബാർ പ്രദേശം മുഴുവൻ സ്വാതന്ത്ര്യത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ.എ.കെ.ജി ‘പട്ടിണി ജാഥ’ നയിച്ചതും മദിരാശിയിലേക്കായിരുന്നു.അങ്ങനെ മലയാളികളുടേയും സ്വന്തമാണു മദിരാശി.ജോലി തേടിയും സിനിമാ മോഹങ്ങളുമായി എത്രയോ ലക്ഷക്കണക്കിനു മലയാളികളാണു ഈ നഗരത്തിൽ വന്നു പോയിട്ടുള്ളത്!
ചെന്നൈയിൽ കഴിഞ്ഞ രണ്ടു വർഷമായി താമസ്സിക്കുന്ന ഞാൻ ഈ മഹത്തായ നഗരത്തിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.ആയിരക്കണക്കിനു പിറന്നാളുകൾ ആഘോഷിക്കാൻ ഇടവരട്ടെ !
(ഇതിലെ ചിത്രങ്ങൾക്ക് ഗൂഗിളിനോടും മറ്റു ചില വെബ് സൈറ്റുകളോടും നന്ദി)
Subscribe to:
Posts (Atom)