എങ്കിലും അവിടങ്ങളിൽ പോയി കാണാനുള്ള ഒരു ഭാഗ്യം അക്കാലങ്ങളിൽ ഉണ്ടായിരുന്നില്ല.എന്റെ ബന്ധുബലം നീണ്ടു പോയിരുന്നത് തൃശ്ശൂർ ജില്ല വരെ മാത്രമായിരുന്നു.അതിനപ്പുറവും ചില അകന്ന ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിലും ഒരിയ്ക്കലും പോകാൻ സാധിച്ചിരുന്നില്ല.വളരെ ചെറുപ്പത്തിൽ കൂർഗ് സന്ദർശിച്ചപ്പോൾ തലശേരി, നാദാപുരം, ഇരിട്ടി വഴി വിരാജ് പേട്ടയിൽ പോയതു മാത്രമാണു ഒരു ഓർമ്മ.അന്നത്തെ യാത്രയിലെ മറ്റൊരു ഓർമ്മ അന്നു തലശ്ശേരിയിൽ ഞങ്ങൾ രാത്രി തങ്ങിയ ഹോട്ടലിൽ അഞ്ചു പേർ രാത്രി ഭക്ഷണം കഴിച്ചതിന്റെ ബിൽ വെറും പത്തു രൂപ മാത്രമായിരുന്നു എന്നതാണ്,അതും നല്ല മീൻ കറി കൂട്ടി.പിന്നീട് മുംബൈയിൽ ജോലി ചെയ്യുന്ന സമയത്ത് 1998 ൽ കൊങ്കൺ റയിൽവേ ആരംഭിച്ചതിന്റെ മൂന്നാം നാൾ അതു വഴി യാത്ര ചെയ്യുമ്പോളാണു മലബാർ മേഖലയെ അല്പം വിശദമായി കാണുന്നത്.പിന്നീട് പല തവണ ട്രയിനിൽ അതു വഴി യാത്ര ചെയ്തു.
അങ്ങനെ പലപ്പോളായി കണ്ടറിഞ്ഞ മലബാറിനെ വിശദമായി കാണാൻ ഒരവസരം കിട്ടിയത് ഈ വർഷമാണ്.കമ്പനിയിലെ ജോലി സംബന്ധമായി കുറച്ചു നാൾ മംഗലാപുരത്ത് തങ്ങേണ്ടി വന്നപ്പോൾ ഞാനത് ഒരു അവസരമായി കണ്ടു.ഞായറാഴ്ചകളും മറ്റ് അവധി ദിവസങ്ങളും വടക്കേ മലബാർ ( കാസർഗോഡ്, കണ്ണൂർ) മേഖലയിൽ യാത്രചെയ്യാൻ തീരുമാനിച്ചു.വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ സ്ഥലങ്ങൾ നേരിട്ടു കാണുന്നതിനായുള്ള ഒരു ശ്രമം.
അങ്ങനെയാണു ഇക്കഴിഞ്ഞ ജനുവരിയിലെ ഒരു ഞായറാഴ്ച രാവിലെ ഞാൻ കാസറഗോഡിന് വണ്ടി കയറുന്നത്.മംഗലാപുരം -കാസറഗോഡ് ദൂരം 50 കി.മീ ആണ്.മുംബൈയിൽ നിന്നു കൊച്ചി വരെ പോകുന്ന ദേശീയപാത 17 ഈ രണ്ടു നഗരങ്ങളേയും ബന്ധിപ്പിയ്ക്കുന്നു.മംഗലാപുരത്ത് ഞാൻ താമസ്സിച്ചിരുന്ന ഹോട്ടൽ സ്ഥിതിചെയ്തിരുന്ന ഉർവാ സ്റ്റോർസ് എന്ന സ്ഥലത്തു നിന്നു അധികം ദൂരെയല്ലായിരുന്നു കെ.എസ്.ആർ.ടി.സി ( കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷൻ) ബസ്‌സ്റ്റാൻഡ്.അവിടെ നിന്നു കാസറഗോഡിനു കേരളസർക്കാരിന്റേയും കർണ്ണാടക സർക്കാരിന്റേയും ബസ്സുകൾ ഏതാണ്ട് ചെയിൻ സർവീസുകൾ പോലെ ലഭ്യമാണ്.ഒരു ചായയും കുടിച്ച് രാവിലെ 5.30 നു മണിയ്ക്ക് തന്നെ ഞാൻ പുറപ്പെട്ടു. (കേരളം വിട്ട് കർണ്ണാടകത്തില്‍ മംഗലാപുരത്തിനു മുന്‍പുള്ള ഒരു ചെറിയ സ്റ്റേഷൻ)
എനിയ്ക്കാദ്യം പോകേണ്ടത് കാസറഗോഡ് റൂട്ടിലെ കുമ്പള എന്ന സ്ഥലത്തേയ്ക്കാണ്.അവിടെ എന്റെ ഒരു അകന്ന ബന്ധു ഉണ്ട്.അവരെ സന്ദർശിച്ച ശേഷം കാസറഗോഡ് ചെന്ന് ബേക്കൽ കോട്ട കാണാൻ പോകുക എന്നതാണു ഇന്നത്തെ യാത്രയുടെ പ്രധാന ഉദ്ദേശ്യം.
എവിടെ യാത്ര പോകുമ്പോളും കഴിയുന്നത്ര നേരത്തെ തുടങ്ങുക എന്നത് എന്റെ ഒരു രീതിയാണു.6 മണിയുടെ ബസ് കിട്ടി.ബസിൽ തിരക്കില്ലാതിരുന്നതിനാൽ പറ്റിയ ഒരു സീറ്റ് സംഘടിപ്പിച്ച് പുറത്തേ കാഴ്ചകൾ നോക്കിയിരുന്നു.മംഗലാപുരം ഉണർന്നു വരുന്നതേയുള്ളൂ.ചെറിയ തണുപ്പുള്ള ഇളം കാറ്റ് വീശിക്കൊണ്ടിരുന്നു.ബസ് സിറ്റി വിട്ട് നാഷണൽ ഹൈവേ 17 ൽ പ്രവേശിച്ചു.
മംഗലാപുരത്തെ തഴുകി പോകുന്ന നദിയാണു നേത്രാവതി.ഉദിച്ചു വരുന്ന സൂര്യ കിരണങ്ങളേറ്റ് നേത്രാവതിപ്പുഴ അറബിക്കടലിൽ ചേരുന്ന മനോഹര ദൃശ്യം ഒരു കാലത്തും ഞാൻ മറക്കില്ല.ഞാൻ അതെന്റെ ക്യാമറയിൽ പകർത്തിയെടുത്തു.
മംഗലാപുരത്ത് നിന്നുള്ള യാത്ര ഭൂപ്രകൃതിയും വിട്ടു വിട്ടുള്ള വീടുകളും കൊണ്ട് കേരളത്തിനുള്ളിലൂടെയുള്ള യാത്ര പോലെ തന്നെ തോന്നിച്ചു.എഴുതി വച്ചിരിയ്ക്കുന്ന ബോർഡുകളിൽ നോക്കുമ്പോൾ മാത്രമാണു ഇത് കർണ്ണാടകം ആണെന്ന് മനസ്സിലാവുന്നത്.ഞാൻ യാത്ര ചെയ്യുന്നത് കർണ്ണാടക ട്രാൻസ്പോർട്ട് ബസിലാണ്.അവർക്ക് സ്പീഡ് ലിമിറ്റ് ഉണ്ടെന്ന് എനിയ്ക്കു തോന്നി.കാരണം വളരെ വേഗം കുറച്ചാണു ബസ് പൊയ്ക്കൊണ്ടിരുന്നത്.ഇതിനിടെ ഇടയ്ക്ക് സിറ്റിയിലും വെളിയിലുമുള്ള സ്റ്റോപ്പുകളിൽ നിന്നും പല യാത്രക്കാരും കയറിയിരുന്നു.
ഏകദേശം അരമണിയ്ക്കൂർ പോയി കഴിഞ്ഞപ്പോൾ വണ്ടി ഒരു ചെറിയ കുഗ്രാമത്തിലെ സ്റ്റോപ്പിൽ നിർത്തി.ഉറക്കത്തിൽ നിന്ന് ഉണർന്നു വരുന്ന ഒരു കൊച്ചു ഗ്രാമം.ഇതാണു തലപ്പാടി.ബസ്‌സ്റ്റോപ്പിനോടു ചേർന്ന് ഇടതു വശത്ത് നീല നിറമുള്ള വലിയ ബോർഡിൽ ഇങ്ങനെ എഴുതിയിരിയ്ക്കുന്നു.”കേരളത്തിലേയ്ക്കു സ്വാഗതം. Welcome to Kerala" ഇവിടെ കേരളം തുടങ്ങുന്നു.മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിയുന്ന പോലെ തോന്നി.ബസ് മുന്നോട്ടു നീങ്ങി.ഇതാ കേരളത്തിന്റെ മണ്ണ്.അങ്ങു ദൂരെ ദൂരെയുള്ള തിരുവനന്തപുരത്തെക്കുറിച്ച് ഞാൻ ചുമ്മാ ഓർത്തു.എത്രയോ ദൂരെ ഈ കൊച്ചു ഗ്രാമം നമ്മെ കേരളത്തിലേയ്ക്ക് ക്ഷണിയ്ക്കുന്നു.സ്വന്തം വീട്ടിൽ എത്തുന്ന പോലെ ഒരു പ്രതീതി.പലപ്പോളും അതിർത്തികൾ കടക്കുന്നത് ട്രയിനിൽ ആകുമ്പോൾ കേരളത്തിന്റെ തുടക്കം കാണാൻ ആവില്ല.അതുകൊണ്ടു തന്നെ മംഗലാപുരത്തു നിന്നും 18.കി.മീ ദൂരെ കിടക്കുന്ന തലപ്പാടിയിലെ അന്നത്തെ ആ പ്രഭാതവും ഞാനെന്റെ ക്യാമറയിൽ പകർത്തി.
(ഉറക്കച്ചടവിൽ ‘തലപ്പാടി”.അത്യുത്തര കേരളത്തിന്റെ തുടക്കം)
കേരളം സൃഷ്ടിച്ചത് പരശുരാമൻ ആണെന്ന് ഐതിഹ്യം പറയുന്നു.അതിന്റെ സത്യം എന്തായാലും ,പരശുരാമൻ സൃഷ്ടിച്ചത് “ഗോകർണ്ണം മുതൽ കന്യാകുമാരി” വരെയുള്ള ഒരു ഭൂവിഭാഗത്തെയാണെന്നാണ് കഥ.അതുകൊണ്ടു തന്നെ ഇന്നത്തെ കർണ്ണാടകയിലെ ഗോകർണ്ണം മുതൽ ഒരു കാലത്ത് കേരളത്തിന്റെ ഭാഗമായിരുന്നു എന്നു വേണം കരുതാൻ.ഇവിടുത്തെ മുഖ്യഭാഷ കന്നടയല്ല, തുളുവാണ്. (മനോഹരിയായ ചന്ദ്രഗിരിപ്പുഴ)
കാസറഗോഡ് പട്ടണത്തെ തഴുകി കടന്നു പോകുന്ന ചന്ദ്രഗിരിപ്പുഴയുടെ വടക്കോട്ട് ആണു മുഖ്യമായും തുളു സംസാരിയ്ക്കുന്നത്.അതു കേരളത്തിന്റെ അതിർത്തിയും കടന്ന് കർണ്ണാടകത്തിലെ തെക്കു പടിഞ്ഞാറ് ജില്ലകളായ ഉഡുപ്പി,ദക്ഷിണ കന്നട വരെ നീളുന്നു.തുളുവിനു കൂടുതൽ സാദൃശ്യം മലയാളത്തോടാണു എന്നതും, ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ അടുപ്പം മലയാളി സമൂഹവുമായിട്ടാണെന്നുള്ളതും തുളുനാട് കേരളത്തിന്റെ ഭാഗം തന്നെ എന്നതിന്റെ തെളിവാണ്.ആചാരങ്ങളിലും ഉത്സവങ്ങളിലും അനുഷ്ഠാനങ്ങളിലും അവരുടെ അടുപ്പം മലയാളവുമായിട്ടാണ്.അതിൽ ഇപ്പോൾ ചന്ദ്രഗിരിപ്പുഴയ്ക് വടക്കോട്ട് തലപ്പാടി വരെയുള്ള പ്രദേശം മാത്രമാണു കേരളത്തിൽ ഉൾപ്പെടുന്നത്.
അതുകൊണ്ട് തന്നെ തലപ്പാടിയിൽ നിന്നു പിന്നീട് ഒരു ഇരുപത് ഇരുപത്തഞ്ച് കി.മീ വന്നാലും കേരളം ആയെന്ന പ്രതീതി ഉണ്ടാകുന്നില്ല.ബോർഡുകൾ എല്ലാം കന്നഡയിൽ.തലപ്പാടിയിൽ നിന്നു അധികം ദൂരത്തല്ലാതെയാണു ഹൊസങ്കടിയും മഞ്ചേശ്വരവും.ചെക്ക് പോസ്റ്റുകൾ സ്ഥിതി ചെയ്യുന്നത് ഇവിടയാണ്. അവിടെ ഒക്കെ എത്തിയപ്പോളേയ്ക്കും നേരം. നന്നായി വെളുത്തു കഴിഞ്ഞിരുന്നു.ബസിലും ആൾക്കാർ നിറഞ്ഞു. (മഞ്ചേശ്വരം)
ഏതാണ്ട് പന്ത്രണ്ടു ലക്ഷം ജനങ്ങളുള്ള കാസറഗോഡ് കേരളത്തിന്റെ സാംസ്കാരിക ബഹുസ്വരതയുടെ ഏറ്റവും വലിയ അടയാളമാണ്.”സപ്തസ്വരങ്ങളുടെ ബാബേൽ” എന്നാണു പലരും കാസറഗോഡിനെ വിശേഷിപ്പിയ്ക്കുന്നത്.ഏഴു ഭാഷ സംസാരിയ്ക്കുന്ന ( മലയാളം, തുളു, കന്നട,മറാഠി,കൊങ്കിണി,ഉറുദു,ബ്യാരി)ജനവിഭാഗങ്ങൾ ഒരുമിച്ചു കഴിയുന്ന കേരളത്തിലെ ഏക ജില്ലയും ഇതു തന്നെ.
അതിനുശേഷം വരുന്ന ചെറിയ പട്ടണമാണു ഉപ്പള.ഞാൻ ഈ യാത്ര ചെയ്യുമ്പോൾ ഉപ്പള മുഴുവൻ ചുവപ്പിൽ കുളിച്ചു നിൽക്കുകയായിരുന്നു.അതിനു തൊട്ടടുത്ത ആഴ്ച തുടങ്ങാനിരുന്ന “നവകേരളാ മാർച്ചി”ന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നു ആ ചുവപ്പു മയം.അതിനു ശേഷം അടുത്ത ആഴ്ച ഞാൻ വീണ്ടും ഉപ്പള വരെ വരികയും സ.പിണറായി വിജയൻ നയിച്ച നവകേരള മാർച്ചിന്റെ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കുകയും നിരവധി ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു.
(ഉപ്പള സിറ്റി)
(ഫെബ്രു.2 ലെ നവകേരളമാർച്ചിന്റെ തുടക്കം-ഉപ്പള)
ഉപ്പളയുടെ മറ്റൊരു പ്രത്യേകത ഉറുദു മാതൃഭാഷയായിട്ടുള്ള ഹനഫി വിഭാഗത്തിൽ പെട്ട മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണു എന്നതാണ്.ഇവിടെ എല്ലാം ഉറുദു മയമാണ്.കേരളത്തിലെ ഏക ഉറുദു മാധ്യമമായുള്ള സ്കൂൾ സ്ഥിതി ചെയ്യുന്നതും ഉപ്പളയിലാണ്.ഉറുദു സംസാരിയ്ക്കുന്ന നല്ല വിഭാഗം ആൾക്കാർ ഇവിടെ ഉണ്ട്.
മംഗലാപുരത്തു നിന്നു മുപ്പത് കി.മീ കഴിഞ്ഞപ്പോൾ കുമ്പളയിൽ എത്തി.ഇവിടെ ഞാൻ ഇറങ്ങി.ഇവിടെ നിന്നു വേറൊരു ബസിൽ കയറി ബദിയടുക്ക എന്ന സ്ഥലത്താണു എനിയ്ക്ക് ആദ്യം പോകേണ്ടത്.മുൻ ഇൻഡ്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലേയുടെ വേരുകൾ ഈ ചെറുപട്ടണത്തിൽ നിന്നാണെന്ന് പറയപ്പെടുന്നു.
(കുമ്പള ബസ്‌സ്റ്റാൻഡ്)
(കുമ്പള- മറ്റൊരു വീക്ഷണം)
കുമ്പളയിൽ ഇറങ്ങിയപ്പോൾ അത്ഭുതം.കേരളമോ, കർണ്ണാടകമോ? ആളുകൾ എല്ലാം തുളു അല്ലെങ്കിൽ കന്നട മാത്രം പറയുന്നു.ബസ്‌സ്റ്റാൻഡിൽ പത്രം വിൽക്കുന്ന പയ്യന്മാർ കൂടുതലും വിൽക്കുന്നത് “വിജയവാണി” പോലെയുള്ള കന്നട പത്രങ്ങൾ.എല്ലാം കന്നട മയം.ബസിന്റെ ബോർഡുകൾ രണ്ടു ഭാഷയിൽ.ബദിയടുക്ക ബസിൽ കയറി.നിറയെ യാത്രക്കാർ.എല്ലാവരും തുളു മാത്രം പറയുന്നു.എന്റെ അടുത്തിരുന്ന ചേട്ടൻ കന്നഡ പത്രം വായിയ്ക്കുന്നു.ബദിയടുക്കയിൽ എനിയ്ക്ക് ഇറങ്ങേണ്ടുന്ന സ്റ്റോപ്പിന്റെ കാര്യം ചോദിച്ചപ്പോൾ നല്ല മലയാളത്തിൽ മറുപടി വന്നു.ആൾക്കാരെ കണ്ടാൽ നമ്മൾ മലയാളികളിൽ കാണുന്ന “മല്ലുഛായ” ഇല്ലേയില്ല.മറിച്ച് നല്ല വെളുത്തു ചുവന്നവരാണു കൂടുതലും.സ്ത്രീകൾക്ക് പ്രത്യേക അഴകുണ്ട്.ചർമ്മം മിനു മിനുത്ത് ഇരിയ്ക്കുന്നു.
ബദിയടുക്ക അരമണിയ്ക്കൂർ ദൂരം ഉണ്ടായിരുന്നു.യാത്രയിൽ ഞാൻ കാസറഗോഡിന്റെ ഉൾനാടൻ ഗ്രാമങ്ങളിലെ കാഴ്ചകളിൽ കണ്ണു നട്ടിരുന്നു.വരണ്ട ഭൂ പ്രദേശങ്ങൾ.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെപ്പോലെ വൃക്ഷങ്ങൾ കാണാനില്ല.ഉയർന്ന പ്രദേശങ്ങളാണ്.വെട്ടുകല്ലുകൾ നിറങ്ങ ഭൂമി.വളരെ വളരെ പിന്നോക്കാവസ്ഥയാണ്.കോട്ടയം ജില്ലയുടെ പ്രകൃതിയും പുരോഗതിയും നോക്കുമ്പോൾ കാസറ ഗോഡിന്റെ ഉൾനാടുകൾ എത്ര ദരിദ്രമെന്ന് എനിയ്ക്ക് തോന്നിപ്പോയി.തിരുവനന്തപുരത്തുനിന്നുള്ള കണ്ണുകളിൽ നിന്നും എത്രയോ ദൂരെ കിടക്കുന്ന വെറും പാവങ്ങളായ തുളുനാടൻ ജനത.കമുങ്ങും കശുമാവും നിറഞ്ഞു നിൽക്കുന്ന ഒരു ഭൂപ്രകൃതിയാണു എനിയ്ക്കവിടെ കാണാൻ കഴിഞ്ഞത്.
അങ്ങനെ എന്റെ ബന്ധുവീട്ടിൽ എത്തിപ്പെട്ടു.അവിടെ അധിക സമയം ഞാൻ ചെലവഴിച്ചില്ല.എങ്കിലും അവരുടെ ചില സ്ഥലങ്ങൾ കാണാൻ പോയി.അപ്പോൾ കാസറഗോഡിന്റെ ഭൂപ്രകൃതി ഞാൻ പകർത്തിയെടുത്തു.
(കാസറഗോഡിന്റെ വരണ്ട മണ്ണിൽ കോട്ടയം കാരന്റെ റബർ പരീക്ഷണം)
പത്തരയോടു കൂടി അവിടെ നിന്നും കാസറ ഗോഡിനു ബസ് കയറി.നേരത്തെ കണ്ടപോലെയുള്ള വരണ്ട പ്രകൃതി കുറേശ്ശെ ആയി മാറി വരുന്നു. ചേർക്കുളത്ത് എത്തിയപ്പോൾ താഴ്വരയുടെ മനോഹരമായ പ്രകൃതി കാണാനായി.കാസറഗോഡ് എത്തിയപ്പോൾ പതിനൊന്ന് മണി കഴിഞ്ഞിരുന്നു.നല്ല ചൂട്.വല്ലാത്ത ദാഹം.എന്റെ ഇഷ്ട പാനീയമായ “സോഡാ നാരങ്ങാ വെള്ളം” കുടിച്ചു.കാസറഗോഡ് മൂന്ന് ബസ്‌സ്റ്റാൻഡുകൾ ആണ്.പഴയത്, പുതിയത്, പിന്നെ സ്റ്റേറ്റ് ട്രാൻസ്പോർട്ട്.ബേക്കൽ കോട്ടയിലേയ്ക്ക് പോവുകയാണു എന്റെ ഉദ്ദേശം.അതു ഞാൻ വന്ന ബസിലെ കണ്ടക്ടറോട് ചോദിച്ച് വച്ചതനുസരിച്ച് പുതിയ സ്റ്റാൻടിൽ ഇറങ്ങി.
നേരെ “അന്വേഷണങ്ങൾ” എന്നെഴുതിയ ബോർഡിനു താഴെ ഇരിയ്ക്കുന്ന ആളിനോടു ചോദിച്ചു:“ബേക്കൽ പോകാൻ ഏതു ബസിൽ പോകണം?”
“ബേക്കൽ വഴി കാഞ്ഞങ്ങാടിനു പോകുന്ന ബസിൽ പോയാൽ മതി.28 ആം നമ്പർ പ്ലാറ്റ്ഫോമിൽ വരും”
ഞാൻ 28 ആം നമ്പരിലേയ്ക് നടന്നു.ബേക്കൽ പോലെ ഇത്രവലിയ ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ പരിചയപ്പെടുത്തുന്ന ഒരു ബോർഡ് പോലും ഇവിടെ ഇല്ലല്ലോ എന്ന് പോകുന്ന വഴി ഞാൻ ഓർത്തു.നമ്മൂടെ ടൂറിസം വികസനത്തിന്റെ മാർഗങ്ങൾ !!!
( ശേഷം ഭാഗങ്ങൾ തുടരും= അടുത്തത് “കാല്പനിക ഭാവങ്ങളുമായി ബേക്കൽ”വായിയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)