Thursday, January 28, 2010

സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!

പ്രിയപ്പെട്ട സക്കറിയ

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗവും അതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളുമാണല്ലോ ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം.കേരളത്തിലെ ലൈംഗിക സദാചാരബോധത്തെക്കുറിച്ച് താങ്കള്‍ക്കുള്ള വിമര്‍ശനം നേരത്തെ തന്നെ പലയിടത്തും താങ്കള്‍ പ്രസംഗിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും ലൈംഗിക സ്വാതന്ത്ര്യം നല്‍കണം എന്ന താങ്കളുടെ “ലിബറേഷന്‍ സെക്സ് തിയറി” താങ്കള്‍ അതിലെല്ലാം ഊന്നി പറഞ്ഞിട്ടുമുണ്ട്.അപ്പോളൊന്നും ഉണ്ടാകാത്ത പ്രശ്നം ഇപ്പോളെങ്ങനെ ഉണ്ടായി?

പയ്യന്നൂരിലെ പ്രസംഗത്തിനു ശേഷം താങ്കള്‍ക്ക് നേരെ “കയ്യേറ്റ ശ്രമം” ( കയ്യേറ്റമല്ല)നടന്നതായിട്ടാണു ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിക്കണ്ടത്.എന്നാല്‍ എന്താണു താങ്കള്‍ പയ്യന്നൂരില്‍ പ്രസംഗിച്ചതെന്നും അതിനെ തുടര്‍ന്ന് എന്തുണ്ടായി എന്നും വിശദമായി ഒരു മാധ്യമവും എഴുതിക്കണ്ടില്ല.

താങ്കള്‍ പയ്യന്നൂരില്‍ ചെയ്ത പ്രസംഗത്തില്‍ ആള്‍ക്കാരെ പ്രകോപിപ്പിച്ചതായ ഭാഗം യു ട്യൂബിലെ വീഡിയോയില്‍ നിന്നാണു അറിയാന്‍ കഴിഞ്ഞത് ( ഈ ലിങ്ക് കാണുക).അതില്‍ താങ്കള്‍ പറഞ്ഞതു താഴെ കൊടുക്കുന്നു.

"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."

"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."


"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."

(ഇതില്‍ വ്യത്യസ്തമായ നിറത്തില്‍ തടിച്ച അക്ഷരങ്ങളില്‍ കൊടുത്ത ഭാഗം ശ്രദ്ധിക്കുക)

ഈ വാചകങ്ങള്‍ താങ്കള്‍ പറഞ്ഞതായി ഒരു മാധ്യമവും പറഞ്ഞില്ല.വെറുതെ പ്രസംഗിച്ചിട്ടു പോയ താങ്കളെ ആരൊക്കെയോ ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണു അതിനു ശേഷം താങ്കളും പറഞ്ഞത്.

താങ്കളെ പ്രസംഗത്തിന്റെ പേരില്‍ ആരെങ്കിലും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാനല്ല ഞാന്‍ എഴുതുന്നത്.മറിച്ച് താങ്കളുടെ പ്രസംഗത്തിന്റെ നേരര്‍ത്ഥങ്ങള്‍ ഒരാള്‍ക്ക് നല്‍കുന്ന സന്ദേശം ശരിയാണോ എന്ന് അന്വേഷിക്കുക മാത്രമാണു ഇവിടെ ചെയ്യുന്നത്.

കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്ന പ്രസ്ഥാനമാണു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം” എന്നാണു താങ്കള്‍ ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം മാധ്യമങ്ങള്‍ക്കു നല്‍‌കിയ അഭിമുഖത്തില്‍ പറഞ്ഞത്.അതിലൊന്നും യഥാര്‍ത്ഥത്തില്‍ എന്താണു പയ്യന്നൂരില്‍ താങ്കള്‍ പ്രസംഗിച്ചതെന്നു താങ്കള്‍ പറഞ്ഞില്ല.ബുദ്ധിപൂര്‍വം അതു താങ്കള്‍ മറച്ചു വച്ചു.

ഞാന്‍ മുകളില്‍ എഴുതിയ താങ്കളുടെ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ നോക്കുക.അതില്‍ പറയുന്നു “"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്.

എന്ത് അടിസ്ഥാനത്തിലാണു ഇതു താങ്കള്‍ പറയുന്നത്? ഏതു വസ്തുതകളുടെ അടിസ്ഥാനത്തില്‍?താങ്കള്‍ക്ക് “ലിബറേഷന്‍ സെക്സ് തിയറി” പ്രചരിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്.അതു പക്ഷേ മറ്റുള്ളവരെക്കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു കൊണ്ടായിരിക്കരുത് എന്ന് മാത്രമേ ബുദ്ധിജീവി അല്ലാത്ത എനിക്ക് പറയാനുള്ളൂ.ഒരു ഭാഗത്ത് നവോത്ഥാനം കൊണ്ടുവന്നു എന്ന് പറയുകയും മറുഭാഗത്ത് “ഒളിവിലെ സുഖത്തിലും മറവിലും” ലൈംഗിക സുഖങ്ങളില്‍ ആറാടുകയുമായിരുന്നു എന്നും താങ്കള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും?

എന്താണു താങ്കള്‍ പറയുന്ന ഒളിവിലെ സുഖങ്ങള്‍?അത്ര സുഖകരമായിരുന്നോ ഒളിവിലെ ജീവിതം?

താങ്കളുടെ ഭാഷയില്‍ കേരളത്തിലെ ഇടതു പക്ഷക്കാരെല്ലാം ഒളിവുകാലത്ത് ലൈംഗികതയില്‍ ആറാടിയവര്‍.വാക്കുകളില്‍ എത്ര മധുരം പുരട്ടി അതു പറഞ്ഞാലും പറഞ്ഞതിന്റെ അര്‍ത്ഥം അതുതന്നെ..എന്നു മാത്രമല്ല്ല, ഒരു സഖാവു ജീവിത സഖിയെ സ്വീകരിക്കുന്ന ഭാഗം താങ്കള്‍ പറഞ്ഞതും ദ്വയാര്‍ത്ഥം വച്ചു തന്നെ.ഇതൊക്കെ കേള്‍ക്കാന്‍ മാത്രംകേരളത്തിലെ ഇടതു പ്രസഥാനം എന്തു തെറ്റാണു ചരിത്രത്തില്‍ ചെയ്തിട്ടുള്ളത്?സ്വന്തം ജീവനെപ്പോലും പണയം വച്ചാണു കേരളത്തിലെ പല കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ ഒളിവില്‍സംരക്ഷിച്ചിട്ടുള്ളത്.പോലീസിന്റേയും ജന്മിമാരുടെ ഗുണ്ടകളുടേയും വേട്ടയാടലില്‍ ജിവിതത്തിനും മരണത്തിനും ഇടയിലൂടെ രാഷ്ട്രിയ പ്രവര്‍ത്തനം നടത്തിയവരാണു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍.അതീവ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന നേതാക്കന്മാര്‍ വരെ ഈ വീട്ടുകാ‍ര്‍ നല്‍കുന്ന വെള്ളമോ, അച്ചാറോ ഉണക്കു കപ്പയോ ഒക്കെമാത്രം കഴിച്ച് ഇരുളടഞ്ഞ തട്ടിന്‍ പുറങ്ങളില്‍ ദിവസങ്ങളോളം വെളിയില്‍വരാതെ കഴിഞ്ഞിട്ടുണ്ട്.അതിനെയാണു “സുഖജീവിതം” എന്നു താങ്കള്‍ കാണുന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ‍ഇവിടുത്തെ തൊഴിലാളി സ്ത്രീകള്‍ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്.ഒരോപ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെ ആണുങ്ങളായ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒളിവില്‍ പോകുമ്പോള്‍ പോലീസിന്റേയും പട്ടാളത്തിന്റേയുംക്രൂര മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ ഇരയായിട്ടുണ്ട്.അപ്പോളൊന്നും ഒരു വാക്കുകൊണ്ടു പോലും അവരാരും ഒരു നേതാവിനെയും ഒറ്റു കൊടുത്തിട്ടില്ല.ഒളിവില്‍ഇരുന്ന വീടുകളിലെ സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു പെരുമാറിയിരുന്നത്.സ്വയം പട്ടിണി കിടന്നു കമ്മ്യൂണിസ്റ്റുകാരെ തീറ്റിപ്പോറ്റിയ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്.എഴുതപ്പെട്ട ചരിത്രങ്ങളിലൊന്നും അവരില്ലായിരിക്കാം.എന്നാലും ഈ പ്രസ്ഥാനത്തിനു അവരെ മറക്കാനാവില്ല.അവരില്ലായിരുന്നുവെങ്കില്‍ പില്‍‌ക്കാലത്ത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ പല നേതാക്കളും ജീവനോടെ ഉണ്ടാവുമായിരുന്നില്ല.പയ്യന്നൂരിലെ പ്രസംഗത്തിലൂടെ താങ്കള്‍ ചെയ്തത് അത്തരം ധീരകളായ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുകയാണു.അതിനു കേരളത്തിലെ സ്ത്രീസമൂഹത്തോടു തന്നെ താങ്കള്‍ മാപ്പു പറയേണ്ടതുണ്ട്.സ്ത്രീത്വത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുന്ന അത്തരം ചില സംഭവ കഥകള്‍ കേട്ടോളൂ...

സ്ത്രീത്വം:1

യാത്ര തുടങ്ങി.നാലാം ദിവസം ഞാന്‍ കര്‍ഷക സമരത്തിലെ സജീവ പ്രവര്‍ത്തകനായ ഒരു കര്‍ഷകന്റെ കുടിലിലെത്തി.അല്പ ദിവസം ആ കുന്നിന്‍ ചെരിവിലെ ആ വീട്ടില്‍ കഴിഞ്ഞു കൂടാനാണു എനിക്കു കിട്ടിയ നിര്‍ദ്ദേശം.ആഹാരം കഴിക്കാതെയുള്ള ആ നീണ്ടയാത്ര എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു.

ആ കുടിലിനു രണ്ടു മുറിയേയുള്ളൂ.ഒന്നടുക്കള.രണ്ടാമത്തെ മുറിയില്‍ എന്റെ ആതിഥേയനും ഭാര്യയും കുട്ടിയും കിടന്നു.രാത്രിയായപ്പോള്‍ അവര്‍ ആ മുറിയുടെ ഒരു അരികില്‍ എനിക്കൊരു പായ വിരിച്ചു തന്നു.അടുക്കളയോട് ചേര്‍ന്ന സ്ഥലത്ത് അവര്‍ക്കുള്ള പായ വിരിച്ചു.

വല്ലാതെ തളര്‍ന്ന ഞാന്‍ കിടന്ന ഉടന്‍ ഉറങ്ങിപ്പോയി.ആരോ കുലുക്കി വിളിച്ചപ്പോളാണു ഞാന്‍ ഉണര്‍ന്നത്.കണ്ണു തുറന്ന ഉടന്‍ ഞാന്‍ ചോദിച്ചു:“എന്താ?”

“ആരോ ചിലര്‍ ഇങ്ങോട്ടു കയറി വരുന്നുണ്ട്”നല്ല നിലാവുള്ള രാത്രി.വീട്ടില്‍ നിന്നു നോക്കിയാല്‍ താഴ്വാരത്തുനിന്നും ആളുകള്‍ കയറിവരുന്നതു കാണാം...അയാള്‍ തുടര്‍ന്നു പറഞ്ഞു:“ഞങ്ങളുടെ തീരുമാനം പറയാം..സഖാവ് അനങ്ങാതെ കിടന്നാല്‍ മതി.ആരു വിളിച്ചാലും മിണ്ടരുത്.സന്ദര്‍ഭം വന്നാല്‍ ഇവള്‍ പറഞ്ഞോളും”

എനിക്കു ഒന്നും മനസ്സിലായില്ല.

പോലിസു വരുന്നുണ്ടെന്നും ,നിലാവില്‍ പുറത്തിറങ്ങുന്നത് അപകടമാണെന്നും മനസ്സിലായി.രക്ഷപെടാന്‍ ആ രീതിയിലാവില്ല.പിന്നെ? ഇവര്‍ പറയുന്നത് അനുസരിക്കുകതന്നെ.എന്നെ അയാള്‍ ഉടുമുണ്ട് അഴിച്ചു പുതപ്പിച്ചു.കൌപീന ധാരിയായ അയാള്‍ എന്റെ അടുത്തു കുട്ടിയെ എടുത്തു കിടത്തി.അതിനടുത്ത് അയാളുടെ ഭാര്യ വന്നു കിടന്നു.

തികച്ചും അപരിചിതയായ ഒരു സ്ത്രീയോടൊപ്പം ഒരു പായില്‍ കിടക്കാന്‍ എനിക്കു വിഷമം അനുഭവപ്പെട്ടു.പക്ഷേ വേറെ വഴിയില്ല.കര്‍ഷകന്‍ അടുക്കളയുടെ ഓലകൊണ്ട് നിര്‍മ്മിച്ച പുറംവാതിലില്‍‌ക്കൂടി ഇറങ്ങിപ്പോവുന്ന ശബ്ദം കേട്ടു.ഞാന്‍ വീര്‍പ്പടക്കി അനങ്ങാതെ കിടന്നു.

ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ മുറ്റത്തു ആരോ നടക്കുന്ന സ്വരം കേട്ടു.ഒരു ടോര്‍ച്ചിന്റെ ശക്തിയേറിയ പ്രകാശം ഓലമറകള്‍ കടന്നു മുറി മുഴുവന്‍ പ്രകാശമാനമാക്കി.

ആവരില്‍ ആരോ പറഞ്ഞു:“നോക്ക് ,അയാളും ഭാര്യയും കുട്ടിയും മാത്രമേ ഇതിനകത്തുള്ളൂ.ഇവിടെ വേറെ ആരുമില്ല.വെറുതെ കഷ്ടപ്പെട്ടു കുന്നുകയറി നമ്മളെ കബളിപ്പിക്കാന്‍ ഓരോരുത്തരും ഓരോന്നു പറയും”.

‘ഇവിടെയുണ്ടെന്നാരാണു പറഞ്ഞത്?”

അതിനു മറുപടി കേട്ടില്ല.ആരോ വാതില്‍മറയില്‍ മുട്ടുന്ന ശബ്ദം കേട്ടു.ആ സ്ത്രീ എഴുനേറ്റു കതകിനെടുത്തേക്കു ചെന്നു.ആ കതക് അഴിച്ചു.അതു അല്പം പിന്നോട്ടു വലിച്ചു മാറ്റിക്കൊണ്ടു ചോദിച്ചു.

“ആരാ?ഈ പാതിരാത്രിക്ക് എന്തിനാ വന്നത്?”

‘ഈ മുറിയില്‍ ആരാണ്?’ആരോ കോപത്തോടെ ചോദിച്ചു.

“അയ്യോ എന്തൊരു ചോദ്യമാണിത്?എന്റെ കെട്ടിയോന്‍ രണ്ടു ദിവസമായി പനിച്ചു തുള്ളിക്കിടക്കുന്നു.ഇന്നു ഒന്നും കഴിക്കാതെ തളര്‍ന്നു കിടന്നുറങ്ങുന്നത് കാണുന്നില്ലേ?കൊച്ചിനും കൂടി എന്റെ ദൈവങ്ങള്‍ ഇനി പനി വരുത്തരുതേ!”

പെട്ടെന്നവള്‍ കതക് വലിച്ചു തുറന്നിട്ട് പുറത്തേക്ക് ഇറങ്ങിനിന്നു.അവര്‍ ടോര്‍ച്ച് തെളിച്ച് പുറത്തു നിന്നും മുറി മുഴുവന്‍ നോക്കി.ആരെങ്കിലും ഉണ്ടോ?

“അടിയന്‍ നാളെ പണിക്കില്ല.നാളെ മാത്രമല്ല,ഈ ആഴ്ച മുഴുവന്‍ പണിക്കില്ല.മുളകു തിളപ്പിച്ച വെള്ളം മാത്രമല്ലേ അതിയാന്‍ കുടിച്ചിട്ടുള്ളൂ.അതുകൊണ്ട് ബോധം കെട്ടുറങ്ങുന്നു.ഒച്ച കേട്ടിട്ടും എഴുനേറ്റില്ല.എന്താ കുഴപ്പം വല്ലതുമുണ്ടോ? ഞാന്‍ കുലുക്കി വിളിക്കാം.അപ്പോള്‍ എണീക്കും.അത്യാവശ്യ കാര്യം വല്ലതുമുണ്ടോ?”

“വേണ്ട.ഇന്ന് ഈ വഴി ആരെങ്കിലും പോവുന്നതു കണ്ടോ?

“ഇന്നു സന്ധ്യ മയങ്ങിയപ്പം താഴത്തെ വഴിയെ ഒരാള്‍ വടക്കോട്ടു പോകുന്നതു കണ്ടു.”

“അവന്‍ മറ്റെവിടെയോ പോയതാണ്.നമുക്കു പോകാം”അവര്‍ പറഞ്ഞു.

ഇതിനിടെ കുട്ടി ഉണര്‍ന്നു എഴുനേറ്റിരുന്നു കരയാന്‍ തുടങ്ങി.

“മോനെ,കരയേണ്ട.ഞാന്‍ വരുന്നു.വയ്യാതെ കിടക്കുന്ന നിന്റെ അച്ഛനെ നീ ഉണര്‍ത്തും.”

“പോ...നീ പോയി കൊച്ചിനെ സമാധാനിപ്പിക്ക്”ആരോ പറഞ്ഞു....”ശല്യം” അവള്‍ മുറിക്കകത്തു കടന്നു ഓലക്കതക് വലിച്ചടച്ചു....ആരുടെയോ പദചലനം അകന്നു പോകുന്നതു കേട്ടു.

കുറച്ചു കഴിഞ്ഞപ്പോള്‍ കര്‍ഷകത്തൊഴിലാളി കയറിവന്നു.അവന്‍ എന്നെ രാത്രി തന്നെ മറ്റൊരിടത്തേക്ക് കൊണ്ടു പോയി.രാത്രി വീണ്ടും പോലീസുകാര്‍ വന്നെന്നിരിക്കും..

(എന്റെ നാട്, എന്റെ മണ്ണ് ( ആത്മകഥ) ഇ.കെ നായനാര്‍- പേജ് 54,55)

സ്ത്രീത്വം :2

കാസര്‍ഗോഡ്ഒളിച്ചു താമസിക്കാന്‍ കിട്ടിയ സ്ഥലം പണിക്കരുടെ വീടാണ്.മലയപ്പണിക്കന്മാര്‍ പട്ടിക വര്‍ഗത്തില്‍ പെടുന്നവരാണ്.തെയ്യത്തിനു പാളകളില്‍ വേണ്ട അലങ്കാരങ്ങള്‍ ചെയ്യുന്നവരിവരാണ്.മന്ത്രവാദവും അല്പം വൈദ്യവും ഇവര്‍ക്കുണ്ടാവും.

കാസര്‍ഗോട്ടെ കൃഷിക്കാരെ സംഘടിപ്പിക്കാന്‍ ഞാന്‍ ഒളിവില്‍ കഴിയുമ്പോള്‍ എത്തിയതാണ്.പകല്‍ ഒളിച്ചിരിക്കാന്‍ പണിക്കരുടെ വീടാണു കിട്ടിയത്.ഒരു മുറിയുള്ള ചെറിയ കുടില്‍.പണിക്കരും ഭാര്യയും കുട്ടിയുമുണ്ട്.........പകല്‍ ഞാന്‍ മുറിയില്‍ അടച്ചിരുന്നു വായനയില്‍ മുഴുകും.ആ സ്ത്രീ പാളകൊണ്ട് ഓരോ പണികള്‍ ചെയ്തു വീടിനിറയത്തും മുറ്റത്തും കുട്ടിയോടൊത്തു കഴിയും.അവരുടെ വീടിനകത്തു ഒരാള്‍ ഉണ്ടെന്ന ഭാവമേ അവര്‍ക്കില്ലായിരുന്നു.

രണ്ടു മൂന്നു പ്രാവശ്യം പോലീസ് വന്നിട്ടുണ്ട്.”ഇവിടെ എങ്ങാനും ആരെങ്കിലും പുതിയതായി വന്നോ? പോകുന്നതു കണ്ടോ എന്നൊക്കെ തിരക്കും

കുടിലിന്റെ ഇറയത്തിരിക്കുന്ന ആ സ്ത്രീ പോലീസുവരുമ്പോള്‍ ഓലമറച്ച വാതില്‍ തുറന്നു അകത്തു കയറിയിട്ടു പോലീസ് മുറ്റത്ത് എത്തുന്നതിനു മുന്‍‌പ് അവരുടെ അടുത്തേക്ക് ഇറങ്ങിച്ചെല്ലും.പോലീസു കാര്‍ക്ക് പുറത്തു നിന്നാല്‍ കുടിലിന്റെ അകഭാഗം കാണാം.

“ഇവിടെ ആരുമില്ല.എന്റെ ആളു പണിക്കു പോയതാ.ഞാനും കുട്ടിയുമേയുള്ളൂ.ഈ തെയ്യത്തിന്റെ പാള മുറിച്ചു കഴിഞ്ഞാല്‍ എന്താകാനാ”അവള്‍ ആത്മഗതം പറയും.....

അവളുടെ പ്രസംഗം കേട്ടു നില്‍ക്കാതെ പോലീസ് മടങ്ങും.ഒരു ദിവസം അവള്‍ ഉച്ചത്തില്‍ പറഞ്ഞു.

“എന്റെ കുടിലില്‍ പട്ടി പോലും കയറില്ല,അപ്പോളാ ആളുകള്..കേറി നോക്കിയാട്ടെ.കതകു തുറന്നാ കിടക്കുന്നത്.”

അവള്‍ കുറെക്കൂടി അകലേക്ക് മാറി.വഴിയിലേക്കു നടന്നു.പോലീസുകാര്‍ തിരിച്ചു പോയി.ഞാന്‍ ശ്വാസം അടക്കിപ്പിടിച്ചിരുന്നു.തുറക്കുന്ന കതകിന്റെ പിന്നിലാണ് ഇരിക്കുന്നത്.കതകു തുറന്നു കിടന്നാലും അകം കാണാം എന്നല്ലാതെ അകത്തിക്കുന്ന ആളെ കാണുകയില്ല.

ഈ സ്ത്രീകളുടെ തന്റേടവും സന്ദര്‍ഭോചിതമായ പെരുമാറ്റവും അത്ഭുതകരമാണ്.കയ്യൂരിലെ പിടികിട്ടേണ്ട പ്രതിയാണു അകത്തിരിക്കുന്നത് എന്ന് ആ അമ്മമാര്‍ക്ക് അറിയില്ലായിരിക്കാം.പക്ഷേ ഒളിവില്‍ കഴിയുന്ന ആളാണെന്നറിയാം.അയാളെ പിടിച്ചാല്‍ കുഴപ്പമാകും”.

(എന്റെ നാട്, എന്റെ മണ്ണ്( ആത്മകഥ)-ഇ.കെ നായനാര്‍)

സ്ത്രീത്വം :3

എന്താണു ഒളിവിലെ സുഖം?ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി.എസ് തിരുമുമ്പിന്റെ ഭാര്യ കാര്‍ത്ത്യായനിക്കുട്ടി അമ്മ എഴുതിയ “തിരുമുമ്പിനോടൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പില്‍ നിന്ന്:

“ഒളിവു ജീവിതവുമായി ഒത്തു ചേരാന്‍ ആദ്യമൊക്കെ തിരുമുമ്പ് വല്ലാതെ കഷ്ടപ്പെടുകയുണ്ടായി.കാറ്റ് വീശാത്ത വെളിച്ചം കടക്കാത്ത ചെറ്റക്കുടിലുകളില്‍ ശ്വാസമടക്കിപ്പിടിച്ചു കൊണ്ട്,സൌകര്യത്തിലൊന്നു കുളിക്കാനോ, കക്കൂസില്‍ പോകാനോ പോലും പറ്റാതെ.....ആഹാരം വലിയ പ്രശ്നമായിരുന്നില്ല തിരുമ്പിന്.പക്ഷേ...കര്‍ഷകന്റെ തിരുമുമ്പിനോടുള്ള പ്രത്യേക സ്നേഹവും ബഹുമാനവും....ഏത് കഷ്ടപ്പാടുകളേയും നിസ്സാരമാക്കുന്നതായിരുന്നു മടിക്കൈയിലും ചുറ്റിലുമുള്ള കര്‍ഷകരുടെ സ്നേഹം.കൃഷിക്കാരന്‍ അവന്റെ കീറപ്പായയും മരക്കഷ്ണത്തലയിണയും,ചിലപ്പോള്‍ പഴയ കീറത്തുണികള്‍ നിറച്ച ചാക്കു സഞ്ചിയും വളരെ വളരെ സ്നേഹത്തോടെ തിരുമുമ്പിനു സമ്മാനിച്ച് കുടിലിനു മുന്നില്‍ ജാഗരൂകരായി കാത്തിരുന്നു.അവന്റെ കഞ്ഞിവെള്ളം പിഞ്ഞാണത്തിലും മറ്റും സംതൃപ്തിയോടെ കുടിച്ച് കുടിലുകളില്‍ നിന്നും കുടിലുകളിലേക്ക് ഒളിഞ്ഞു താമസ്സിച്ച അവിടങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ പാകി.

.........ഈ അവസരത്തിലാണു തിരുമുമ്പിനും കെ.മാധവനും കോഴിക്കോട്ട് സ്റ്റേറ്റ് കമിറ്റി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.അക്കാലത്തെ ഒളിവില്‍ പാര്‍ക്കുന്നവര്‍ക്കുള്ള സുരക്ഷിതവഴി മൈസൂരിലെ മര്‍ക്കാറ വഴിയായിരുന്നു.എന്നാല്‍ തിരുമുമ്പ് ഈ വളഞ്ഞ വഴി പ്രയാസമാണെന്ന് പറഞ്ഞ് രാത്രിയിലെ പാസഞ്ചറിനു പോകാന്‍ തീരുമാനിച്ചു.ചെറുവത്തൂര്‍ നിന്നും വണ്ടി വിടുമ്പോള്‍ തിരുമുമ്പ് ഓടിക്കയറി.സ്റ്റേഷനില്‍ സ്ഥിരമായി കാവലുണ്ടായിരുന്ന പോലീസുകാരന്‍ തിരുമുമ്പിനെ വ്യക്തമായും കണ്ടു.ഇളകിത്തുടങ്ങിയ വണ്ടി പോലീസുകാര്‍ നിര്‍ത്തിച്ചു...............ഇതേ വണ്ടിയില്‍ യാത്ര ചെയ്തിരുന്ന,പോലീസിനു പിടികിട്ടേണ്ടിയിരുന്ന ‘കുഞ്ഞിരാമപ്പൊതുവാള്‍’ തന്നെയാണു പോലീസ് അന്വേഷിക്കുന്നത് എന്ന ധാരണയില്‍ വണ്ടിയില്‍ നിന്നും ഇറങ്ങിയോടി.

“മുഖണ്ഡറിഗെ സിക്കിത്തു”എന്ന് കന്നഡത്തില്‍ ആര്‍ത്തു വിളിച്ചുകൊണ്ട് പോലീസ് പൊതുവാളെ പിടികൂടി കഠിനമായി മര്‍ദ്ദിച്ചു.”നേതാവിനെ പിടികിട്ടി” എന്നാണു ആ വാചകത്തിന്റെ അര്‍ത്ഥം.ബോധം കെട്ടു വീണ ആ പാവത്തിനെ വാനില്‍ കയറ്റുമ്പോളാണു തങ്ങള്‍ക്ക് പറ്റിയ അമളി പോലീസിനു മനസ്സിലാവുന്നത്.അപ്പോളെക്കും വണ്ടി വിട്ടിരുന്നു.............ആ പൊതുവാള്‍ പിന്നിട് രോഗശയ്യയില്‍ നിന്നു എഴുനേറ്റില്ല.മരിച്ചു !പോലീസ് മര്‍ദ്ദനത്തിന്റെ മറ്റൊരു രക്ത സാക്ഷി!

ഇത്തരം “സുഖ”ങ്ങളാണവര്‍ ഒളിവില്‍ ആസ്വദിച്ചിരുന്നത്.ഇത്തരം സ്ത്രീകളാണു അവരെ സംരക്ഷിച്ചിരുന്നത്.കേരളത്തിലെ പ്രത്യേകിച്ച് വടക്കേ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ചില്ലറയല്ല.എഴുതപ്പെട്ട ചരിത്രങ്ങളില്‍ ഇടം കണ്ടെത്താനാവാതെ പോയവരാണു അതില്‍ ഭൂരിപക്ഷവും.കണ്ണിലെ കൃഷ്ണമണിപോലെയാണവര്‍ ഈ പ്രസ്ഥാനത്തെ കാത്തു രക്ഷിച്ചത്.

കയ്യൂരിലെ ‘മാണിക്യേട്ടിയേയും’ ‘ചെമ്മരത്തിയേട്ടി’യേയും താങ്കള്‍ക്ക് അറിയില്ലായിരിക്കാം.അവര്‍ ജിവിക്കുന്നത് പയ്യന്നൂരില്‍ നിന്നു അധികം ദൂരത്തല്ല.‘മാതൃഭൂമി ആഴ്ചപ്പതിപ്പി‘ന്റെ 2008 ജൂണ്‍ 22 ആം ലക്കത്തില്‍ ‘പാര്‍ട്ടി ആരുടെ അമ്മയാണ്?’ എന്ന ലേഖനത്തില്‍ ‘ഗീത’ അവരെ പരിചയപ്പെടുത്തുന്നുണ്ട്.കയ്യൂര്‍ രക്ത സാക്ഷികളിലൊരാളായ മഠത്തില്‍ അപ്പുവിന്റെ ജേഷ്ഠഭാര്യയാണു മാണിക്യേട്ടി.സ്വയം പട്ടിണി കിടന്നിട്ടാണു അവര്‍ ഒളിവിലുള്ള സഖാക്കള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നത്. അവര്‍ അന്നു സഹിച്ച വിഷമതകളെ പറ്റി കൊടകര വളപ്പില്‍ ചെമ്മരത്തിയേട്ടി പറയുന്നു:“ സുബ്ബരായര്‍ വെള്ളത്തില്‍ തുള്ളി ചത്തതു കൊണ്ട് പോലീസ് രാത്രി വന്ന്, വെക്കുന്ന കലം തല്ലിപ്പൊട്ടിച്ചിന്,അമ്മിക്കുട്ടിയെല്ലാം കിണറ്റിലിട്ട്.എന്ന്‌റ്റ് വിളിച്ചു ചോദിക്കും “കുഞ്ഞിപ്പൊക്കനുണ്ടോ ഈടെ വന്ന്‌റ്റ്ന്.എന്തു ദ്രോഹം ചെയ്തു? വീടൊക്കെ തച്ചു പൊളിച്ചു.അഞ്ചു കുറ്റി എണ്ണയുണ്ടായിരുന്നു.ഏട്ടി പ്രസവിക്കാന്‍
വന്നതാ.പെണ്ണ്‌ങ്ങലൊക്കെ പുറത്ത് കീഞ്ഞ് നിന്നിനി.ആണുങ്ങള്‍ ഒളിച്ചു പോയിന്”

മാണിക്യേട്ടിയും ചെമ്മരത്തിയേട്ടിയും ചില ഉദാഹരണങ്ങള്‍ മാത്രം.അവരെപ്പോലെ നൂറു കണക്കിനു സ്ത്രീകള്‍.1941 മാര്‍ച്ച് 12 നു കയ്യൂരില്‍ നടന്ന ബ്രിട്ടീഷ് വിരുദ്ധ -യുദ്ധവിരുദ്ധ പ്രകടനത്തിന് മൂന്നിനു ഒന്നു എന്ന കണക്കിലായിരുന്നു സ്ത്രീ പങ്കാളിത്തം.നേതാക്കന്മാരെ ഒളിവില്‍ പാര്‍പ്പിച്ച് സംരക്ഷിക്കുന്നതില്‍ മാത്രമല്ല സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നത്.ടി.എസ് തിരുമുമ്പ് ഒക്കെ എഴുതിയ കവിതകളെ ജനകീയമാക്കി മാറ്റിയത് ഈ സ്ത്രീകളാണ്.“തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ കാര്‍ത്ത്യായനിക്കുട്ടി എഴുതുന്നു:
“സ്ത്രീകളും കര്‍ഷകരും അരിവാളും കയറും പിടിച്ച് ചീമേനി എസ്റ്റേറ്റിലേക്ക് നീങ്ങി.ചെറുവത്തുര്‍ ഫര്‍ക്കയില്‍ നിന്നും ആരംഭിച്ച തോല്‍-വിറകു സമരത്തില്‍ സ്ത്രീകളുടെ മുന്‍‌നിരയില്‍ ഞാനും സ്ഥലം പിടിച്ചിരുന്നു.....അരിവാളും വലതു കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് കോയ്യന്‍ കണ്ണന്റെ ഭാര്യ കുഞ്ഞു മാധവിയായിരുന്നു ഏറ്റവും മുന്നില്‍........”

അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നത് ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ പറ്റിയാണു.അതിനെയാണു താങ്കള്‍ തികച്ചും വളച്ചൊടിച്ച് “ഒളിവിലെ സുഖങ്ങളിലും , ഒളിവിലെ മറവിലും “ ഒതുക്കി നിര്‍ത്തിയത്.കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ണിത്താന്റെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കി എന്നു പറയുന്ന താങ്കളും ഈ ചെയ്തത് അതേ പണിയല്ലേ? നന്മകളെ മുഴുവന്‍ മൂടി വക്കാനൊരു ശ്രമം?

മറ്റൊരു സംഭവ കഥകൂടി താങ്കളോട് പറയാന്‍ ഞാനഗ്രഹിക്കുന്നു.

വസൂരി ബാധിതനായി കിടക്കുന്ന നേതാവ്.ഭാര്യ പൂര്‍ണ്ണ ഗര്‍ഭിണി.രാഷ്ട്രീയ കാരണങ്ങളാല്‍ ആ സമയത്ത് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു.ആ ഭാര്യ പ്രസവിച്ച് ഒരു മകന്‍ ജനിക്കുന്നു.ജനനാല്‍ തന്നെ വസൂരി പിടിപെടുന്നു.ഭര്‍ത്താവ് മരിച്ചോ ജീവിച്ചോ എന്നറിയാതെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോകുന്നു.ആ മകനെ ആ അമ്മ ഒറ്റക്ക് വളര്‍ത്തുന്നു.ഒരു കുഞ്ഞിനെ വളര്‍ത്തിയെടുക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും ഒറ്റക്ക് സഹിച്ച്.അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് നേതാവ് വെളിയില്‍ വരുമ്പോള്‍ കൊടുത്ത സ്വീകരണ യോഗത്തില്‍ ദൂരെ മാറി നിന്ന് ആ അഞ്ചു വയസ്സുകാരന്‍ കുട്ടി ആദ്യമായി പിതാവിനെ കാണുന്നു...

ഇത് ഐതിഹ്യ കഥയല്ല..ആ നേതാവ് ഇ.എം എസും ആ മകന്‍ മരിച്ചു പോയ ഇ.എം .ശ്രീധരനുമാണ്.ഇതു ഈ പ്രസ്ഥാനത്തിനു വേണ്ടി , ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യവുമില്ലാത്ത കുടുംബത്തില്‍ ജനിച്ച ആര്യ അന്തര്‍ജ്ജനം എന്ന സ്ത്രീ സഹിച്ച ത്യാഗം ആണ്.ഇത്തരം ആള്‍ക്കാരിലൂടെയാണു ഈ പ്രസ്ഥാനം വളര്‍ന്നു വന്നത്.അതിനെ താങ്കളെപ്പോലെയുള്ളവരുടെ “നവീന സങ്കല്‍‌പ്പങ്ങള്‍” ഊട്ടിയുറപ്പിക്കാന്‍ വേണ്ടി ഏതു അസംബന്ധവും പറഞ്ഞു കളയാമെന്നു കരുതുന്നത് വിഡ്ഢിത്തരമല്ലേ?

പാലായും പയ്യന്നൂരും

പാലാ പോലെ അല്ല പയ്യന്നൂര്‍ എന്ന് ഞാന്‍ പറയുന്നു.ഒരാള്‍ എന്നോട് ചോദിച്ചു പാലാക്കാര്‍ക്ക് പുരോഗമനം ഇല്ലേ എന്ന്? അതിനുത്തരം പറയുന്നതിനു മുന്‍‌പ് താങ്കള്‍ ഈ അടുത്ത കാലത്ത് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത അറിഞ്ഞുകാണും.”മാതൃഭൂമി’ പോലെയുള്ള പ്രസിദ്ധികരണങ്ങള്‍ അതിനു വന്‍ പ്രാധാന്യമാണു നല്‍കിയത്.2009 ഡിസംബര്‍ 6 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ അവര്‍ ചോദിച്ചത് “ ശ്രീമതി ടീച്ചര്‍ക്കറിയുമോ കമ്മ്യൂണിസ്റ്റുകാരുടെ ചോര വീണ ഈ പോലീസ് സ്റ്റേഷന്‍“ എന്നാണ്.എന്താണു കാരണം 99 വര്‍ഷത്തെ പഴക്കമുള്ള പയ്യന്നൂരിലെ പോലീസ്റ്റ് സ്റ്റേഷന്‍ ഇടിച്ചു നിരത്തി അവിടെ മിനി സിവില്‍ സ്റ്റേഷന്‍ പണിയാന്‍ പോകുന്നുവത്രേ.അതിനെതിരെ ‘മാതൃഭൂമി’യുടെ ചോദ്യമാണിത്.ഒരു കെട്ടിടം സംരക്ഷിക്കാന്‍ ഈ ചോദ്യം ഉയര്‍ത്തിയ മാതൃഭൂമിയും മറ്റു കുത്തക പത്രങ്ങളും , ഈ ചോദ്യം ഉണ്ടാകാന്‍ തന്നെ കാരണക്കാരായ കമ്മ്യൂണിസ്റ്റുകാരെപറ്റി താങ്കള്‍ മോശമായി പറഞ്ഞ വാചകം വെളിയില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു എന്നും കാണണം.അതാണു ഇരട്ടത്താപ്പ്.


ആ ലക്കം മാതൃഭൂമിയില്‍ ഡോ.ഇ ഉണ്ണികൃഷ്ണന്‍ പയ്യന്നൂരിന്റെ ചരിത്രം വിവരിക്കുന്നു.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണു പയ്യന്നൂരിനുള്ളത്.സിവില്‍ നിയമ ലംഘന പ്രസ്ഥാനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശക്തമായിരുന്ന സ്ഥലം.ഇതേ പോലീസ് സ്റ്റേഷനു മുകളില്‍ കെട്ടിയിരുന്ന യൂണിയന്‍ ജാക്ക് അഴിച്ചു മാറ്റി ചെങ്കൊടിയും ( 1940 ല്‍ സുബ്രഹ്മണ്യ ഷേണായി) പിന്നീട് ത്രിവര്‍ണ്ണ പതാകയും ( 1942 ടി.സി.വി കുഞ്ഞിക്കണ്ണ പൊതുവാള്‍) പാറിച്ചിട്ടുണ്ട് അവിടുത്തെ ധീരന്മാര്‍.കേരളത്തില്‍ ഉപ്പു സത്യാഗ്രഹം നടന്നത് പയ്യന്നൂര്‍ കടല്‍‌ത്തീരത്താണ്.കേളപ്പനും എ.കെ.ജിയും കൃഷ്ണപിള്ളയും ഒക്കെ പങ്കെടുത്ത സമരങ്ങള്‍.പിന്നീട് കര്‍ഷക പ്രസഥാനത്തിന്റെയും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റേയും എണ്ണമറ്റ സമരങ്ങള്‍ നടന്ന കയ്യൂര്‍, കരിവെള്ളൂര്‍, മുനയന്‍ കുന്ന്, മൊറാഴ , ചീമേനി ഒക്കെ പയ്യന്നൂരിനു ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണു.ഇതാണു പയ്യന്നൂരും പാലയും തമ്മിലുള്ള വ്യത്യാസം.ഐതിഹാസികമായ ഒട്ടനവധി സമരങ്ങളുടെ ഭൂമിയാണു പയ്യന്നൂര്‍.അവിടുത്തെ ജനങ്ങള്‍ക്ക് സമരങ്ങളും, ഒളിവു ജീവിതവും ഒന്നും ഏതൊ പുരാണ കഥയോ മിത്തോ അല്ല.അവരുടെ തന്നെ ജീവിതമാണ്.ഇന്നത്തെ തലമുറയുടെ അച്ഛനോ അമ്മയോ അമ്മാവന്മാരോ ഒക്കെ ഈ സമരങ്ങളില്‍ പങ്കാളികള്‍ ആയിരുന്നു.ഓരോ കുടുംബത്തിനും ഇത്തരം കഥകള്‍ പറയാനുണ്ടാവു.അതവരുടെ ജീവിതം തന്നെയാണു.അങ്ങനെയുള്ള ഒരു സ്ഥലത്തുപോയി പ്രസംഗിക്കുമ്പോള്‍ താങ്കളെപ്പോലുള്ള സാംസ്കാരിക നായകന്മാര്‍ക്ക് ഒരു ഉത്തര വാദിത്വവും ഇല്ലേ? എന്തും വിളിച്ചു പറയാനുള്ളതാണോ വേദികള്‍? സ്വന്തം കുടുംബത്തെക്കുറിച്ചു പറഞ്ഞതായിട്ടാവും അവിടെ ഉള്ളവര്‍ക്ക് തോന്നിയത്.അതിന്റെ സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമല്ലേ അവിടെ ഉണ്ടായിട്ടുള്ളൂ...?അതു തന്നെയല്ലേ വേദി അറിഞ്ഞു പ്രസംഗിക്കണം എന്നു പറയുന്നതിന്റെ സാരാംശവും?

പ്രസിദ്ധ സാഹിത്യകാരന്‍ കാക്കനാടന്‍ താങ്കളുടെ ഈ പ്രസ്ത്‍ാവനയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞത് താങ്കള്‍ വായിച്ചു കാണുമല്ലോ അല്ലേ? ഇല്ലെങ്കില്‍ ഇതാ ഈ ലിങ്ക് നോക്കിയാല്‍ മതി.

താങ്കള്‍ക്കെതിരെ ഉണ്ടായ പ്രതികരണങ്ങളെ ന്യായീകരിക്കുകയല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം.മറിച്ച് താങ്കള്‍ നിരുപദ്രവകരമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന ആ പ്രസ്താവനയില്‍ അടങ്ങിയിരിക്കുന്ന പ്രതിലോമകരമായ അംശങ്ങളെ മനസ്സിലാക്കിത്തരികയാണു എന്റെ ഉദ്ദേശ്യം.

പയ്യന്നൂരിലെ ചെറുപ്പക്കാര്‍ തെറ്റു പ്രവര്‍ത്തിച്ചിരിക്കാം.പക്ഷേ ഒന്നുണ്ട്, മുപ്പതുകളിലും നാല്പതുകളിലും വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന എതെങ്കിലും സ്ത്രീകള്‍ ആ സദസ്സില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇതിലും കൂടിയ ഒരു പ്രതികരണം ഉണ്ടാകുമായിരുന്നു.അവര്‍ ധീരകളായിരുന്നു..പോലീസിനേയും പട്ടാളത്തേയും ധീരമായി നേരിട്ടവര്‍..അവരെ അപമാനിച്ചതിനു ചരിത്രം താങ്കള്‍ക്ക് മാപ്പ് തരില്ല.തീര്‍ച്ച.

അവലംബം

1:എന്റെ നാടു എന്റെ മണ്ണു - ഇ.കെ നായനാര്‍

2:തിരുമുമ്പിനൊപ്പം - കാര്‍ത്ത്യായനിക്കുട്ടിയമ്മ

3:മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിവിധ ലക്കങ്ങള്‍

4:സ: ഇ.എം രാധയോട് നടത്തിയ സംഭാഷണം

5:മറ്റു പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനങ്ങള്‍, കുറിപ്പുകള്‍