Saturday, December 26, 2009

എഴുപതിന്റെ നിറവില്‍ പിണറായി....!

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഔദ്യോഗികമായി എഴുപത് വയസ്സ് തികയുകയാണു ഈ ഡിസംബറില്‍.1939 ഡിസംബറില്‍ ഇപ്പോളത്തെ കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ വച്ച് നടന്ന രഹസ്യ സമ്മേളനത്തില്‍ വച്ച അന്നത്തെ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ ഒന്നാകെ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി’യായി മാറിയതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.

ഒരു പിണറായി യാത്രയുടെ ഓര്‍മ്മക്ക്

കോളേജ് വിദ്യാഭ്യാസത്തിന്റെ നാളുകളിലാണു ഞാന്‍ കണ്ണൂരിന്റെ മണ്ണിനെ ആദ്യമായി തിരിച്ചറിയുന്നത്.അക്കാലത്ത് ഇടതു വിദ്യാര്‍ത്ഥി പ്രസ്ഥാനം അത്ര ശക്തമല്ലാതിരുന്ന ഒരു കോളേജിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്.എങ്കിലും അന്നു ക്യാമ്പ‍സില്‍ മുഴങ്ങിക്കേട്ടിരുന്ന ഒരു മുദ്രാവാക്യം എന്നെ ആകര്‍ഷിച്ചിരുന്നു.
“കയ്യൂരും, കരിവെള്ളൂരും,
മുനയന്‍ കുന്നിലും, കാവുമ്പായിയിലും
പൊരുതി മരിച്ചൊരു ധീരന്മാരെ
നിങ്ങള്‍ക്കായിരം അഭിവാദനങ്ങള്‍’

അങ്ങനെയാണു ഈ സ്ഥലനാമങ്ങള്‍ എനിക്ക് പരിചിതമായത്.പിന്നീട് എന്താണു ഈ സ്ഥലങ്ങളിലൊക്കെ നടന്നത് എന്ന് ഞാന്‍ പുസ്തകങ്ങളിലൂടെയും അറിവുകള്‍ പങ്കുവക്കുന്നതിലൂടെയുമൊക്കെ തിരിച്ചറിഞ്ഞു.അന്നുമുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു കര്‍ഷക സമരങ്ങള്‍ നടന്ന ഈ സ്ഥലങ്ങള്‍ പോയി കാണണമെന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷമാദ്യം മാര്‍ച്ച് മാസത്തിലാണു അത് സാധിച്ചത്.ജോലിയുടെ ഭാഗമായി മംഗലാപുരത്ത് താമസിക്കുന്നതിനിടയില്‍ ഒരു ദിവസം കണ്ണൂരില്‍ ഉള്ള എന്റെ സഹപാഠിയും സുഹൃത്തുമായ മധുവിനോടൊപ്പം ഈ സ്ഥലങ്ങളിലൊക്കെ ഒന്നു ചുറ്റിക്കറങ്ങിയത്.കണ്ണൂര്‍ ജില്ല എനിക്ക് അത്ര പരിചിതമല്ല.ഈ യാത്രയിലൂടെ കണ്ണൂരിന്റെ മുക്കിലും മുലയിലും പോകാനും ആ സുന്ദരപ്രദേശങ്ങളൊക്കെ കാണാനും സാധിച്ചു.കോട്ടയവും കണ്ണൂരും തമ്മിലുള്ള ഒരു വ്യത്യാസമെന്നത് കണ്ണൂരിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ എല്ലാം വരണ്ട ഭൂപ്രകൃതിയുള്ളവയാണെന്നതാണ്.എന്നാല്‍ അതേ സമയം താഴ്വാരങ്ങള്‍ കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളെക്കാള്‍ മനോഹരവുമാണു.

ഒരു പുലര്‍കാലത്ത് പയ്യന്നൂരില്‍ നിന്നു ആരംഭിച്ച് പെരിങ്ങോം, പാടിച്ചാല്‍(മുനയന്‍‌കുന്ന്),ചീമേനി, കയ്യൂര്‍, ചെറുവത്തൂര്‍, കരിവെള്ളൂര്‍,കല്യശേരി,പറശ്ശിനിക്കടവ്, എന്നീ സ്ഥലങ്ങളിലൂടെ കറങ്ങി കണ്ണൂരിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു.പിണറായി കൂടി കണ്ടിട്ട് മംഗലാപുരത്തിനു പോകാം എന്ന് ഞാന്‍ പറഞ്ഞു.മധു കാര്‍ തലശേരി -കൂത്തു പറമ്പ് റോഡിലേക്ക് തിരിച്ചു.

മധുവിനോടൊപ്പമുള്ള യാത്ര എന്നും ഓര്‍മ്മിക്കത്തക്കതാണു.കഥകളും കവിതകളും സ്ഥലവിവരണങ്ങളും മുത്തപ്പന്‍ കഥകളും തെയ്യക്കഥകളും ഒക്കെ പറയുന്നത് കേട്ടാല്‍ സമയം പോകുന്നത് അറിയുകയേ ഇല്ല.കണ്ണൂരില്‍ നിന്നു കൂത്തു പറമ്പ് റൂട്ടിലാണു മമ്പറം എന്ന സ്ഥലം"
(ചിത്രത്തില്‍ മമ്പറം എന്ന കൊച്ചു സ്ഥലം)

അവിടെ നിന്നു ഒരു ഇരുപത് മിനിട്ട് കൂടി സഞ്ചരിച്ചാല്‍ പിണറായി എന്ന ഗ്രാമീണ ഛായ തുളുമ്പി നില്‍ക്കുന്ന ചെറിയ ഒരു സിറ്റി എത്തും.ഇതേ റോഡില്‍ മമ്പറത്തിനു മുന്നെയാണു, ‘പാവങ്ങളുടെ പടത്തലവന്‍” സ: എ.കെ.ജിയുടെ ജന്മദേശമായ പെരളശേരി.

സന്ധ്യയില്‍ കുളിച്ചു നില്‍ക്കുന്ന പെരളശേരി

ഏതാണ്ട് നാലുമണി കഴിഞ്ഞ സമയത്താണു ഞങ്ങള്‍ പിണറായിയില്‍ എത്തിയത്.അവിടെ വണ്ടി നിര്‍ത്തി ഒരു ചായ കുടിച്ചു.അപ്പോള്‍ തൊട്ടടുത്തുള്ള സി.പി.എം ഓഫീസില്‍ നിന്ന് ഇറങ്ങി വന്ന ആളിനോട് പാറപ്രം സ്മാരകത്തിലേക്ക് പോകാനുള്ള വഴി ചോദിച്ചു.

(പിണറായിയിലേക്ക് ചെല്ലുമ്പോള്‍)

അദ്ദേഹം പറഞ്ഞു തന്ന റോഡിലൂടെ പോകുമ്പോളാണു പിണറായിയുടെ ഗ്രാമീണ സൌന്ദര്യം കണു കുളിര്‍ക്കെ കാണാന്‍ കഴിയുന്നത്.അത്രക്ക് മനോഹരമായ പ്രകൃതി.കാര്‍ഷിക വിളകള്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങള്‍.തെങ്ങും,നെല്ലും,വാഴയും എല്ലാം ഇടകലര്‍ന്ന് കാണാം.കുറച്ച് ചെന്നപ്പോള്‍ വീണ്ടും വഴി ചോദിക്കാനായി നിര്‍ത്തിയപ്പോള്‍ അവരിലൊരാള്‍ ഞങ്ങളുടെ കൂടെ വന്നു സ്നേഹം കാണിച്ചു.

(പിണറായി-പാറപ്രം റോഡ്)

പിണറായി-പാറപ്രം റോഡില്‍ ഒരല്പം ഉയര്‍ന്ന പ്രദേശത്താണു സ്മാരകം സ്ഥിതിചെയ്യുന്നത്.അതു ഞങ്ങള്‍ക്ക് കാട്ടിത്തന്ന ശേഷം , നിങ്ങള്‍ വായനശാലയിലേക്ക് വന്നിട്ട് പോകൂ എന്ന് പറഞ്ഞ് അദ്ദേഹം പോയി.


അങ്ങനെ ഞങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിച്ച സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്മാരകത്തിലേക്ക് കയറി.ജീവനെപ്പോലും തൃണവല്‍ഗണിച്ച് ആ സമ്മേളനത്തില്‍ എത്തിച്ചേര്‍ന്നവരെ ഒരു നിമിഷം ഞാനോര്‍ത്തു.എന്നെപ്പോലെയുള്ളവര്‍ ഇന്നനുഭവിക്കുന്ന സൌഭാഗ്യങ്ങള്‍ക്ക് ആ ധീരന്മാര്‍ക്ക് ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
(പിണറായി സമ്മേളന സ്മാരകം)

വളരെ മനോഹരമായി പണി കഴിപ്പിച്ചിട്ടുള്ള ഈ കൊച്ചു സ്മാരകത്തില്‍ അന്നത്തെ സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ എഴുതി വച്ചിട്ടുള്ള ഒരു ഫലകവുമുണ്ട്.

ഒരല്പം ചരിത്രം
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്റെ തുടക്കമല്ല അന്ന് പിണറായിയില്‍ തുടങ്ങിയത്.ഇടതു ആശയങ്ങളും കമ്യൂണിസ്റ്റ് ചിന്താഗതിയുമൊക്കെ അതിനും എത്രയോ മുന്‍‌പ് തന്നെ അന്നു മൂന്നു നാട്ടുരാജ്യങ്ങളായിരുന്ന കേരളത്തില്‍ വേരൂന്നി തുടങ്ങിയിരുന്നു.കാറല്‍ മാര്‍ക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയ ‘സ്വദേശാഭിമാനി ‘രാമകൃഷ്ണപിള്ളയില്‍ നിന്നായിരുന്നു ഒരു തുടക്കം എന്നു വേണമെങ്കില്‍ പറയാം.പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ ‘കമ്യൂണിസ്റ്റ് ലീഗ്’ എന്നൊരു സംഘടനയും നേരത്തെ നിലവില്‍ വന്നിരുന്നു.അക്കാലത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം കേരളത്തില്‍ സോഷ്യലിസ്റ്റ് ആശയഗതികളോടു താല്പര്യമുള്ളവരായിരുന്നു.കേരളത്തിനു വെളിയില്‍ പഠനം നടത്തി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ സ്വാധീനപ്പെട്ട കെ.ദാമോദരന്‍,എന്‍.ഇ ബാലറാം,പൊന്നറ ശ്രീധര്‍ തുടങ്ങിയവരും പി.കൃഷ്ണപിള്ളയേപ്പോലെയുള്ള ഉറച്ച കമ്യൂണിസ്റ്റുകളുടേയും സ്വാധീനം കോണ്‍ഗ്രസില്‍ വേരൂന്നി തുടങ്ങിയിരുന്നു.സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ജയിലിലായ ഇ.എം എസ് അവിടെ വച്ചാണു സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുന്നത്.അങ്ങനെ കെ.പി.സി.സിയിലെ നല്ലൊരു പങ്ക് നേതാക്കളും സോഷ്യലിസ്റ്റ് ആശയങ്ങളുമായി അടുക്കുകയും അതു 1934 ല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ക്ക് രൂപം നല്‍കുകയും ചെയ്തു.എന്നാല്‍ ഇങ്ങനെ പുതിയതായി രൂപം കൊണ്ട പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ തുടരുകയും അവിടെ നിന്നു കൊണ്ടു തന്നെ വലതു പക്ഷ ചിന്താഗതിക്കെതിരെ പോരാട്ടം തുടരുകയുമാണു ചെയ്തത്.

കേരളത്തെ കൂടാതെ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സോഷ്യലിസ്റ്റ് ആശയഗതിക്കാര്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.ഇവരില്‍ തന്നെ കമ്യൂണിസ്റ്റുകാരായ ആള്‍ക്കാര്‍ ഉണ്ടായിരുന്നു.അവര്‍ പ്രത്യേകം ഗ്രൂപ്പുകളായി ആന്ധ്രയിലും മറ്റും പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.സാമ്രാജ്യവിരുദ്ധ മുന്നണിയുടെ ഭാഗമായി അഖിലേന്ത്യാ തലത്തില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.ഇരു പാര്‍ട്ടികളുടേയുംജനറല്‍ സെക്രട്ടറിമാരായിരുന്ന ജയപ്രകാശ് നാരായണനും ,പി.സി ജോഷിയും തമ്മില്‍ 1936ല്‍ ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു.കമ്യൂണിസ്റ്റുകാര്‍ കോണ്‍‌ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ തുടര്‍ന്നു.ഈ സ്ഥിതിക്കാണു 1939ല്‍ പിണറായി സമ്മേളനത്തോടെ മാറ്റം വന്നത്.കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളും അഖിലേന്ത്യാ കമ്യുണിസ്റ്റ് നേതാക്കന്മാരും തമ്മിലുണ്ടായിരുന്ന നിരന്തരര സമ്പര്‍ക്കം കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള പിന്തുണ കേരളത്തില്‍ ഉണ്ടാക്കാനിടയായി.അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും അവരില്‍ തന്നെ പ്രമുഖര്‍ കമ്യൂണിസ്റ്റുകാരുമായിരുന്നു.

അങ്ങനെ പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണു കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ് 1937ല്‍ രൂപം കൊള്ളുന്നത്.അന്നത്തെ പാര്‍ട്ടിയുടെ കേന്ദ്രകമിറ്റി അംഗമായിരുന്നു എസ്.വി ഘാട്ടേയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചത് നാലു പേരായിരുന്നു.പി.കൃഷ്ണപിള്ള, ഇ.എം.എസ്,കെ.ദാമോദരന്‍, എന്‍.സി.ശേഖര്‍.അങ്ങനെ ഔദ്യോഗികമായി ആദ്യ കമ്യൂണിസ്റ്റ് ഗ്രൂപ്പ് നിലവില്‍ വന്നെങ്കിലും ഇവരെല്ലാം തന്നെ കോണ്‍ഗ്രസിലും , കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്നു വന്നു.കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുന്നതിനാണു അങ്ങനെ ചെയ്തിരുന്നത്. കോഴിക്കോടു നിന്ന് ‘പ്രഭാതം’ പത്രം വീണ്ടും തുടങ്ങിയത് ഇങ്ങനെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ഇടതുപക്ഷക്കാരാണ്.

(സ്മാരകത്തിനു മുന്നില്‍ ഞാന്‍)

അക്കാലത്താണു 1937 ല്‍ പ്രവിശ്യാ അസംബ്ലിയിലേക്ക തിരഞ്ഞെടുപ്പു നടക്കുകയും അന്നത്തെ മദ്രാസ് അടക്കമുള്ള അര ഡസനിലേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരുകള്‍ ഉണ്ടാവുകയും ചെയ്തു.ഇ.എം.എസ് ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മദ്രാസ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഇടതു ചായ്‌വുള്ള ഒരു പ്രകടന പത്രിക കോണ്‍ഗ്രസിനുണ്ടാകുന്നതില്‍ അക്കാലത്ത് കോണ്‍ഗ്രസിലെ ഇടതു പക്ഷക്കാര്‍ വിജയിച്ചു,എന്നാല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ നേതൃത്വം ഇടതു പക്ഷക്കാര്‍ക്ക അല്ലായിരുന്നു.അങ്ങനെ ഇടതു പക്ഷക്കാരും അല്ലാത്തവരുമായി നിരന്തരം ആശയ സമരങ്ങള്‍ ഉണ്ടാകാനിടയായി.കേരളത്തില്‍ അക്കാലത്ത് സജീവമായിരുന്ന കര്‍ഷക സംഘത്തിന്റെ ആവശ്യപ്രകാരം നിരന്തര ആവശ്യപ്രകാരം അന്നത്തെ മദ്രാസ് സര്‍ക്കാര്‍ കുടിയാന്മ നിയമത്തില്‍ ഭേദഗതി വരുത്താന്‍ നിയമിച്ച കുട്ടികൃഷ്ണന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഇ.എം.എസ് തന്റെ 28 ആമത്തെ വയസ്സില്‍ ആ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ എഴുതിയ വിയോജനക്കുറിപ്പ് ഇന്നും ഒരു ചരിത്ര രേഖയാണു.അതിന്റെ കൂടി അടിസ്ഥാനത്തിലാണു പില്‍‌ക്കാലത്ത് ഭൂപരിഷകരണ നിയമം വന്നത്.

അങ്ങനെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കകത്തു തന്നെ വ്യക്തമായ ഭിന്നതകള്‍ ഉണ്ടാവുകയും കമ്യൂണിസ്റ്റ് കാരായവര്‍ക്ക് മറ്റുള്ളവരുമായി യോജിച്ചു പോകാന്‍ സാധിക്കാതെ വരികയും ചെയ്തു.മറ്റു സംസ്ഥാനങ്ങള്‍ അത്തരക്കാര്‍ നേരത്തെ തന്നെ കമ്മ്യൂണിസ്റ്റുകാരായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.എന്നാല്‍ കേരളത്തില്‍ വിചിത്രമായ സംഗതിയാണു ഉണ്ടായത്.ഇവിടെ ബഹുഭൂരിപക്ഷവും കമ്യൂണിസ്റ്റുകാര്‍ ആയിരുന്നതിനാല്‍ ‘കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി’ഒന്നാകെ കമ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറുകയാണു ഉണ്ടായത്.ആ പ്രഖ്യാപനമാണു 1939 ഡിസംബറില്‍ പിണറായിയിലെ പാറപ്രത്ത് ഉണ്ടായത്.അങ്ങനെ രൂപം കൊണ്ട കേരളത്തിലെ പാര്‍ട്ടിക്ക് ഈ വര്‍ഷം 70 വര്‍ഷം തികയുകയാണ്.

എന്തുകൊണ്ട് പിണറായി? ഒന്ന്, അക്കാലത്തെ പ്രമുഖ നേതാവായിരുന്ന എന്‍.ഇ ബാലറാം പിണറായിക്കാരനായിരുന്നു എന്നത്.കര്‍ഷക സംഘത്തിനും പാര്‍ട്ടിക്കും നല്ല സ്വാധീനമുള്ള പ്രദേശം.പിന്നെ ഉള്‍നാടന്‍ ഗ്രാമമായിരുന്നതിനാല്‍ പോലീസിന്റെ കണ്ണു വെട്ടിച്ച് സമ്മേളനം നടത്താനുള്ള സൌകര്യം.ഇതൊക്കെയാവാം അത്തരമൊരു കുഗ്രാമത്തില്‍ തന്നെ രഹസ്യ സമ്മേളനം നടത്താന്‍ കാരണം.

പാറപ്രത്തെ ‘വിവേകാനന്ദാ വായനശാല’യിലാണു അന്നവിടെ വന്നവര്‍ ആദ്യം എത്തിച്ചേര്‍ന്നത്.തുടര്‍ന്ന് അതീവ രഹസ്യമായി വടവതി അമ്പുക്കുട്ടി എന്ന കര്‍ഷകന്റെ വീട്ടിലേക്ക് അംഗങ്ങളെ എത്തിച്ചു.ആ വീട്ടുമുറ്റത്താണു കേരളത്തിന്റെ പില്‍‌ക്കാല ചരിത്രം മാറ്റി മറിച്ച അതി പ്രധാനമായ സമ്മേളനം നടന്നത്.അന്നതില്‍ വോളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്കു പോലും എന്തു സമ്മേളനം ആണു നടക്കുന്നത് എന്നറിയില്ലായിരുന്നു.ഭാരതമൊട്ടാകെ കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്.

അതോടു കൂടി ഫലത്തില്‍ ഇടതുപക്ഷത്തിനു വന്‍ മേധാവിത്വം ഉണ്ടായിരുന്ന കെ.പി.സി.സിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തില്‍ ദുര്‍ബലമായിത്തീരുകയാണുണ്ടായത്.

സമ്മേളനത്തിന്റെ തീയതി എന്നായിരുന്നു എന്നതിനു കൃത്യമായ രേഖകള്‍ ഇല്ല. ഡിസംബര്‍ മാസത്തിലെ 20 നും 30 നും ഇടക്കൊരു ദിവസമെന്നാണു പ്രമുഖ ചരിത്രകാരനായ കെ.കെ.എന്‍ കുറുപ്പ് എനിക്കു തന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞത്.സമ്മേളന സ്മാരകത്തിലും 1939 ഡിസംബറില്‍ എന്നു മാത്രമേ കാണാനാവൂ.

മടക്കം
(വായനശാല-പുതിയ കെട്ടിടം)

സ്മാരകം കണ്ടശേഷം ഞങ്ങള്‍ കുന്നിറങ്ങി താഴെയുള്ള ‘എ.കെ.ജി.സ്മാരക വായനശാല’യുടെ പുതിയ കെട്ടിടത്തില്‍ ചെന്നു.തൊട്ടടുത്ത് തന്നെ പഴയ കെട്ടിടം.എത്രയോ കഥകള്‍ പറയാനുണ്ടാവും ഈ വായനശാലക്ക്.ഒന്നിനും വേണ്ടിയല്ലാതെ ഇറങ്ങിത്തിരിച്ച ഒരു പിടി നല്ല ആള്‍ക്കാരുടെ പാദസ്പര്‍ശം ഏറ്റ മണ്ണാണു.ചരിത്രം ഇവിടെ ഉയിര്‍ത്തെഴുനേല്‍ക്കുന്നു.പുതിയ തലമുറക്കു നല്‍‌കാന്‍ ഒരു പിടി പോരാട്ടങ്ങളുടെ കഥകളുമായി.

അവിടെ കണ്ട പിണറായിക്കാര്‍ ഞങ്ങളോട് സ്നേഹത്തോടെ പെരുമാറി.അവരോട് യാത്ര പറഞ്ഞ് ഞങ്ങള്‍ തിരിച്ചു പോന്നു.പിണറായി എത്തി എന്റെ സുഹൃത്തും ബ്ലോഗറുമായി വിജി പിണറായിയുടെ വീട്ടില്‍ കയറി.ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം നിറഞ്ഞ ആഥിത്യം ഞങ്ങള്‍ സ്വീകരിച്ചു.

‘പിണറായി വിജയന്‍ സഖാവിന്റെ വീടു കാണാന്‍ പോയാല്‍ തല്ലു കിട്ടുമോ?” എന്റെ ചോദ്യം കേട്ട് വിജിയുടെ അച്ഛന്‍ ഉറക്കെ ചിരിച്ചു.പിണറായി വിജയന്റെ വീട്ടിലേക്കുള്ള വഴി അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു.ഞങ്ങള്‍ മടങ്ങി.തൊട്ടടുത്ത ബസ്‌സ്റ്റോപ്പില്‍ നിന്നു അല്പം വലത്തേക്ക് കയറി പിണറായി വിജയന്റെ വീട് “ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.

(പിണറായിയോട് വിട)

തിരികെ മടങ്ങുമ്പോള്‍ സന്ധ്യയായിരുന്നു.പോരാട്ടാത്തിന്റെ നാള്‍വഴികളിലെ ഒരു പ്രമുഖസ്ഥലം കണ്ട് മടങ്ങുമ്പോള്‍ നമുക്കു മുന്നേ പറന്നു പോയ ആ പക്ഷികളെ ഞാനോര്‍ത്തു.കൂടണയാന്‍ വെമ്പലുകൂട്ടുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ഞാന്‍ മധുവിനോട് പറഞ്ഞൂ;

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ”
*********

(നന്ദി:എന്റെ സുഹൃത്ത് വിജി പിണറായി എടുത്ത ചില ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍ അനുവാദം തന്ന ആ നല്ല മനസ്സിനു)

അവലംബം:1:“ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം (1920-1998)“ - ഇ.എം.എസ്

2:മറ്റു പ്രസിദ്ധികരണങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവയില്‍ പലപ്പോളായി വന്ന കുറിപ്പുകള്‍.

40 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഔദ്യോഗികമായി 70 വയസ്സ് തികയുകയാണു.പിണറായിയിലെ പാറപ്രത്ത് 1939 ഡിസംബറില്‍ നടന്ന രഹസ്യ സമ്മേളനമാണു അതിന്റെ തുടക്കം...ഒരു മഹാപ്രസ്ഥാനത്തിന്റെ ഈറ്റില്ലത്തേക്ക് ഞാന്‍ നടത്തിയ യാത്രായുടെ അനുഭവങ്ങളാണിവിടെ !

Unknown said...

കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഒര്മകലീലേക്ക് കൊണ്ടുവന്നതിനു ഒരായിരം അഭിനന്ദനങള്‍ ...ഓര്‍മകളുണ്ടായിരിക്കണം എന്ന് ഇടയ്ക്കിടയ്ക്ക് നമ്മെ ഓര്‍മിപ്പിക്കുന്ന ഒരു കാല ഘട്ടത്തിലാണല്ലോ നാം ജീവിക്കുന്നത്...പിന്നെ സ:പിണറായി വിജന്റെ വീടിന്റെ ഫോടോ പോസ്റ്റ്‌ ചെയ്യാമായിരുന്നു.പറഞ്ഞ സ്ഥിതിക്ക് ആകാമായിരുന്നു.എന്ന് മാത്രം .ലാല്‍സലാം

ജോ l JOE said...

"പിണറായി വിജയന്റെ വീട് “ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. "

എന്നിട്ടെന്താ ഫോട്ടോ എടുക്കാഞ്ഞേ ?

kichu / കിച്ചു said...

പുതിയൊരു,പഴയ ചരിത്രവിവരണം കൂടി. കൊള്ളാംട്ടൊ. പകര്‍ന്നു കിട്ടിയ അറിവുകള്‍ക്ക് നന്ദി.

നന്ദന said...

gppd

chithrakaran:ചിത്രകാരന്‍ said...

കൊള്ളാം നല്ല വിവരണം.
പടമെടുത്തു... എന്നിട്ടും
ബ്ലോഗിലിടാന്‍ ദൈര്യം പോര അല്ലേ :)ഹഹഹ....
പുതുവര്‍ഷാശംസകള്‍ !!!

മാണിക്യം said...

അവിചാരിതമായി കണ്ണുരെത്തുവാന്‍ എനിക്കും സാധിച്ചു നല്ല സ്ഥലം അവിടെ കുറെ കറങ്ങി പഴശ്ശിനിക്കടവിലും പോയി കേരളത്തിന്റെ പ്രകൃതി രമണീയത മുഴുവന്‍ വടക്കന്‍ കേരളത്തില്‍ തന്നെ ആണെന്ന് തോന്നിപ്പോയി.

കമ്യൂണിസ്റ്റ് പ്രസ്ഥനത്തെ പറ്റി അധീകാരികമായി
വളരെ പരിമിതമായേ അറിയുമാരുന്നുള്ളു
നല്ല വിവരണം.ഒന്നാം വര്‍ഷം തികയുമ്പോള്‍
കാണാമറയത്ത് നിന്ന് നല്ല ഒരു പോസ്റ്റ്
ഇട്ടതില്‍ അഭിനന്ദിക്കുന്നു . തുടരുക .
എല്ലാ വിധ നന്മകളും നേരുന്നു

വിജി പിണറായി said...

‘പിണറായി വിജയന്റെ വീട് “ശരീരത്തിന് ഒരു പോറലുമേല്‍ക്കാതെ” ഞങ്ങള്‍ കണ്ടു.’
ജോ: ‘എന്നിട്ടെന്താ ഫോട്ടോ എടുക്കാഞ്ഞേ?’

ഇതിനാണ് ‘സെലക്റ്റീവ് ബ്ലൈന്‍ഡ്‌നെസ്’ എന്നു പറയുന്നത്! സാമാന്യം നീണ്ട ഈ വിവരണത്തില്‍ നിന്ന് മേല്‍ ഉദ്ധരിച്ച വാക്യം കാണുകയും തൊട്ടടുത്ത വാക്യം - ‘ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു’ - ‘കാണാതെ പോകുകയും’ ചെയ്യുന്നതിനു വേറെ കാരണമൊന്നും കാണുന്നില്ല!

സുനിലേട്ടാ, ഒരു ചെറിയ ‘തിരുത്ത്’: (അതോ വിശദീകരണം എന്നാണോ പറയേണ്ടത്?) പാറപ്രം സമ്മേളനത്തില്‍ പാര്‍ട്ടി രൂപീകൃതമായെങ്കിലും അതിന്റെ ‘ഔദ്യോഗിക പ്രഖ്യാപനം’ ഏതാനും ദിവസം കഴിഞ്ഞ് 1940 ജനുവരിയിലാണ് ഉണ്ടായതെന്ന് ചില രേഖകള്‍ പറയുന്നു. അതായിരിക്കാം ഇ എം എസ് പുസ്തകത്തില്‍ 1940 എന്ന് പറഞ്ഞത്.

ചരിത്രത്താളുകളിലൂടെ ഒരു മടക്ക യാത്രയ്ക്ക് അവസരമൊരുക്കിയതിനു നന്ദി.

പിന്നെ, വായനശാലയുടെ ഫോട്ടോ ഇട്ട സ്ഥിതിക്ക് സ്മാരകത്തില്‍ നിന്ന് വായനശാലയിലേക്കുള്ള വഴിയിലുള്ള പാര്‍ട്ടി ഓഫീസിന്റെ ഫോട്ടോ കൂടി (ഉണ്ടെങ്കില്‍) ഇടാമായിരുന്നു എന്നു തോന്നുന്നു.

കൂതറHashimܓ said...

“ശരീരത്തിനു ഒരു പോറലുമേല്‍ക്കാതെ’ ഞങ്ങള്‍ കണ്ടു. ഒന്നു രണ്ടു ചിത്രങ്ങള്‍ ഞാന്‍ എന്റെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു”.

ഭാഗ്യം അവർ ശരീരത്തിൽ തൊടാണ്ട് ക്യാമറ മാത്രമല്ലേ എരിഞ്ഞു പൊട്ടിചുള്ളൂ.. :)

അതോണ്ടായിരിക്കും “എന്റെ സുഹൃത്ത് വിജി പിണറായി എടുത്ത ചില ചിത്രങ്ങള്‍ ഇതില്‍ ഉപയോഗിക്കാന്‍” എന്നു പറയേണ്ടി വന്നതു, പാവം സുനിലേട്ടൻ.....

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ” അയ്യോ.. അപ്പൊ ആ ലോക്കൽ കമ്മറ്റി സെക്രട്ടറി അത്രക്കു പേടിപ്പിച്ചോ..?? കഷ്ട്ടം.. :)

ജോ l JOE said...

ശരിയാ വിജി, ഓരോ ദിവസവും ചിന്തയില്‍ വരുന്ന ബ്ലോഗുകളെല്ലാം തുറന്നു ഒരു ഓട്ട പ്രദക്ഷിണം. ഈ ഓട്ട പ്രദക്ഷിണത്തിനിടയില്‍ കമന്റുകള്‍ തീരെ ഇടാറില്ല. ഒരു കാലിക പ്രസക്ത വിഷയം എന്ന നിലയില്‍ ആ വീടിന്റെ ചിത്രം പ്രതീക്ഷിക്കുകയും അത് കാണാതെ വന്നപ്പോള്‍, കമന്റു ചെയ്തതും ആണ്. ജീവിതത്തില്‍ ഒരു പാര്‍ട്ടി അനുഭാവി ആണെങ്കിലും ബ്ലോഗുകള്‍ ഇന്നതേ വായിക്കൂ എന്നില്ല,എല്ലാം വായിക്കും. അതിനാല്‍ തന്നെ തീരെ സമയവും കുറവ്. കമന്റുകള്‍ പൊതുവേ ഇടാറില്ല എന്നാണു എന്നെക്കുറിച്ചുള്ള പരാതി. അതിനാല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു സൈനിംഗ് . അത്രയുമേ വിചാരിചിട്ടുള്ളൂ. സുനിലിനെ എനിക്ക് വ്യക്തി പരമായി അറിയാം.....

വിജി പിണറായി said...

ജോ കമന്റ് ഇട്ട സമയത്ത് ഫോട്ടോയുടെ കാര്യം എഴുതിയിരുന്നില്ല എന്ന് സുനിലേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞത് പിന്‍‌വലിക്കേണ്ടിയിരിക്കുന്നു. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സുഹൃത്തുക്കളേ,

ഒരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നതുകൊണ്ടാണു ഈ കമന്റ് എഴുതുന്നത്.ഇവിടെ അഭിപ്രായങ്ങള്‍ എഴുതിയ പലരും പിണറായി വിജയന്റെ വീടിനെ പറ്റി സംസാരിച്ചു കണ്ടു.എന്നാല്‍ ഈ പോസ്റ്റിന്റെ വിഷയം അതല്ല.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടവും ആ ചരിത്രത്തില്‍ ഭാഗഭാക്കായ പിണറായിയിലേക്ക് ഞാന്‍ നടത്തിയ യാത്രയുമാണു ഇതിലെ വിഷയം.ഞാന്‍ സ്വന്തം താല്‍‌പര്യപ്രകാരം നടത്തിയ ഒരു യാത്രയും ,ആതിനു മുന്‍പും പിന്‍‌പും ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങളും നിങ്ങളുമായി പങ്കു വക്കുകയായിരുന്നു ഇതിന്റെ ഉദ്ദേശം.ചില വിവരങ്ങള്‍ കൂടി കിട്ടാന്‍ കഴിഞ്ഞ രണ്ടാഴ്ചയായി വീ‍ണ്ടും ശ്രമിച്ചതിന്റെ അന്തിമ ഫലമാണു ഇന്ന് ഈ പോസ്റ്റ്.

ആ യാത്രയും ചരിത്രവുമെല്ലാം മറന്ന് അതിനെ പറ്റി ഒരു വാക്കു പോലും പറയാതെ ഈ പോസ്റ്റിനെ പിണറായിയുടെ വീടുമായി ബന്ധിപ്പിക്കുന്നത് ദുരുദ്ദേശപരമാണു.അദ്ദേഹത്തിന്റെ വീടു കണ്ട കാര്യമോ ഫോട്ടോ എടുത്ത കാര്യമോ എഴുത്തേണ്ട എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.എഴുതിയാല്‍ പലരും അതില്‍ ചാടി വീഴുമെന്നും അറിയാമായിരുന്നു.എന്നിട്ടും അതു എഴുതിയത് യാത്രാവിവരണത്തിന്റെ പൂര്‍ണ്ണതക്കു വേണ്ടിയാണ്.

പിണറായി വിജയന്റെ വീടിനെ പറ്റി ബൂലോകത്ത് തന്നെ ആവശ്യത്തിലധികം ചര്‍ച്ച നടന്നിട്ടുണ്ട്.നട്ടപ്പിരാന്തന്‍ആ വീടിന്റെ ചിത്രം ഇടുകയും ചെയ്തിട്ടുണ്ട്.കേരളത്തില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയ ‘ജനശക്തി’വാരികയും അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇനിയും താല്‍‌പര്യമുള്ളവര്‍ക്ക് സ്വന്തം പണം മുടക്കി പിണറായിയില്‍ ചെന്നാല്‍ കാണാവുന്നതേയുള്ളൂ.

തല്‍‌ക്കാലം എന്റെ പോസ്റ്റിലെ ചര്‍ച്ചാവിഷയം പിണറായി വിജയന്റെ വീട് അല്ല എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ!

ജനശക്തി said...

വളരെ നന്ദി സുനില്‍. ഈ ചരിത്രം ഇവിടെ രേഖപ്പെടുത്തിയത് ഉചിതമായി.

Unknown said...

പോരാട്ടാത്തിന്റെ നാള്‍വഴികളിലെ ഒരു പ്രമുഖസ്ഥലം കണ്ട് മടങ്ങുമ്പോള്‍ നമുക്കു മുന്നേ പറന്നു പോയ ആ പക്ഷികളെ ഞാനോര്‍ത്തു.കൂടണയാന്‍ വെമ്പലുകൂട്ടുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ഞാന്‍ മധുവിനോട് പറഞ്ഞൂ;

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ”
*********
ഇത് തന്നെയാണ് സുനില്‍ മുന്‍പേ പറന്ന പല പക്ഷികളുടെയും പ്രശ്നം.... ഇടത്താവളങ്ങളെ അവര്‍ ലക്ഷ്യങ്ങളായി തെറ്റിദ്ധരിച്ചു... അല്ലെങ്കില്‍ അവിദഗ്ധനായ ഡ്രൈവര്‍ അവരെ വഴിതെറ്റിച്ചു.... അവരോ വഴിയില്‍ കണ്ട പ്രലോഭനങ്ങളില്‍ മയങ്ങി, സമയം പോയതറിഞ്ഞതേയില്ല്....

ഇന്ന് തന്നെ ഈ പോസ്റ്റ് ഇട്ടത് എന്തുകൊണ്ടും നന്നായി.... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍ സംഭവിച്ച് മൂല്യച്യുതി നേതാക്കന്മാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു... ഇന്നു ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ തെറ്റ് തിരുത്തല്‍ മീറ്റിംഗ് വിളിച്ചുചേര്‍ത്തിരിക്കുന്നു.......

Unknown said...

പോരാട്ടാത്തിന്റെ നാള്‍വഴികളിലെ ഒരു പ്രമുഖസ്ഥലം കണ്ട് മടങ്ങുമ്പോള്‍ നമുക്കു മുന്നേ പറന്നു പോയ ആ പക്ഷികളെ ഞാനോര്‍ത്തു.കൂടണയാന്‍ വെമ്പലുകൂട്ടുന്ന ഒരു കുഞ്ഞു പക്ഷിയെപ്പോലെ ഞാന്‍ മധുവിനോട് പറഞ്ഞൂ;

“അല്പം കൂടി വേഗതയില്‍..ഇന്നെനിക്ക് മംഗലാപുരത്ത് എത്തേണ്ടതാ”
*********
ഇത് തന്നെയാണ് സുനില്‍ മുന്‍പേ പറന്ന പല പക്ഷികളുടെയും പ്രശ്നം.... ഇടത്താവളങ്ങളെ അവര്‍ ലക്ഷ്യങ്ങളായി തെറ്റിദ്ധരിച്ചു... അല്ലെങ്കില്‍ അവിദഗ്ധനായ ഡ്രൈവര്‍ അവരെ വഴിതെറ്റിച്ചു.... അവരോ വഴിയില്‍ കണ്ട പ്രലോഭനങ്ങളില്‍ മയങ്ങി, സമയം പോയതറിഞ്ഞതേയില്ല്....

ഇന്ന് തന്നെ ഈ പോസ്റ്റ് ഇട്ടത് എന്തുകൊണ്ടും നന്നായി.... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍ സംഭവിച്ച് മൂല്യച്യുതി നേതാക്കന്മാര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു... ഇന്നു ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ തെറ്റ് തിരുത്തല്‍ മീറ്റിംഗ് വിളിച്ചുചേര്‍ത്തിരിക്കുന്നു.......

jayanEvoor said...

നല്ല പോസ്റ്റ്‌.
ഇന്ഫര്‍മേട്ടീവ്.
അഭിവാദ്യങ്ങള്‍!

മരത്തലയന്‍ said...

നല്ല പോസ്റ്റ് ‍.

ചരിത്രം ഇങ്ങനെയൊക്കെയാണ് സുനില്‍. എല്ലാമറിയുമെന്ന് നടിക്കുവാന്‍ ചിലര്‍ മറ്റു ചിലരെ വഴി തെറ്റിയവരെന്നു വിശേഷിപ്പിക്കും. ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്തവര്‍ ഡ്രൈവിങ്ങ് വിദഗ്ദരായി അഭിനയിക്കും. മഴ വന്നപ്പോള്‍ പോലും ഒരു താവളത്തിലും കയറി നിന്നിട്ടില്ലാത്തവര്‍ ഇടത്താവളങ്ങളുടെ ‘പോരായ്മ‘കളെക്കുറിച്ച് ഗീര്‍വാണമടിക്കും. ഓരോ പി.ബി.യോഗവും ചിലരുടെ ഉറക്കം കെടുത്തും. പേടിയകറ്റാന്‍ ചില വിശേഷണ പദങ്ങള്‍ പി.ബി.യോഗത്തിനു മുന്നില്‍ ചേര്‍ത്ത് അവര്‍ ആശ്വാസം കൊള്ളും. എങ്കിലും ഓരോ യോഗവും ചരിത്രസംഭവമാണെന്നവര്‍ പറയാതെ പറയുകയും ചെയ്യും. അല്ലെങ്കില്‍ സുനില്‍ ഇന്ന് തന്നെ ഈ പോസ്റ്റ് ഇട്ടത് എന്തുകൊണ്ടും നന്നാവേണ്ട കാര്യമില്ലല്ലോ.

ജീവിതം റോസാപുഷ്പങ്ങള്‍ കൊണ്ട് മാത്രം കൊരുത്ത മാലയല്ലെന്ന് പറഞ്ഞതാരാണ് സുനില്‍?

ഏ.ആര്‍. നജീം said...

വിജ്ഞാനപ്രദമായ പോസ്റ്റ് അവസരോചിതവും.

ആദ്യ സമ്മേളനത്തില്‍ പങ്കെടുത്തെ സഖാക്കളൂടെ പേരെഴുതിയ ശിലാഫലകത്തിലെ ഓരോ മഹനീയ വ്യക്തിത്വങ്ങളിലുടെയും കണ്ണോടിച്ചപ്പോള്‍ അവര്‍ അനുഭവിച്ച പോരാട്ടങ്ങളുടെ നാള്‍‌വഴികളിലൂടെയും അവരുടെ രാജ്യസ്നേഹവും ആ സംഘടനയുടെ ഇന്നത്തെ അവസ്ഥയും ഒരുവേള മനസ്സിലൂടെ കടന്നുപോയി.

ആദ്യം ഞാനും നോക്കിയത് പിണറായിയുടെ വീട് ഈ പോസ്റ്റില്‍ ഉണ്ടോ എന്നായിരുന്നു. അത് സ്വാഭാവികം.. പക്ഷേ, താങ്കളുടെ മറുപടിയില്‍ വ്യക്തതയുണ്ട്... :)

നന്ദി

ബിന്ദു കെ പി said...

വളരെ നന്ദി സുനിൽ, ഈ യാത്രാവിവരണത്തിനും ചരിത്രപരമായ വിശദാംശങ്ങൾക്കും.
പിന്നെ ആ നാലാമത്തെ ഫോട്ടൊ നല്ല ഭംഗിയുണ്ട് കേട്ടോ..

സുശീല്‍ കുമാര്‍ said...

വളരെ നന്നായി. അഭിനന്ദനങ്ങള്‍

abhilash attelil said...

സുനിലേട്ടാ,
ചരിത്രത്തിലേക്കുള്ള ഈ തിരിച്ചു പോക്ക് നന്നായിട്ടുണ്ട്.തുടരുമല്ലോ

അനില്‍@ബ്ലോഗ് // anil said...

സുനിലെ,
നന്ദി, ഈ കുറിപ്പിന്.
കണ്ണൂരുള്ള സുഹൃത്തുക്കള്‍ എപ്പോഴും വിളിക്കും ചെല്ലാന്‍.എന്തായാലും ഇത് വായിച്ചപ്പോള്‍ പോകണമെന്ന് ആഗ്രഹം കൂടി.

രഞ്ജിത് വിശ്വം I ranji said...

സുനില്‍ നന്നായി..

ജിവി/JiVi said...

നല്ല വിവരണം സുനില്‍. പാറപ്രത്തെ ഗ്രാമപാതയിലൂടെയുള്ള യാത്ര അങ്ങേയറ്റം സുഖദായകമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജന്മഗ്രാമത്തിലൂടെയാണ് താന്‍ സഞ്ചരിക്കുന്നത് എന്ന വികാരം ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിക്ക് മനം നിറക്കുന്ന അനുഭവമായിരിക്കും.

anushka said...

നല്ല വിവരണം..
പിണറായിയില്‍ പല തവണ പോയിട്ടുണ്ട്.മനോഹരമായ ആ പുഴയാണ്‌ എന്നെ ഏറ്റവുമാകര്‍‌ഷിച്ചത്.
വളരെയധികം സഹകരണമനോഭാവമുള്ളവര്‍ ആണ്‌ പിണറായിക്കാര്‍ എന്നതാണ്‌ എന്റെ അനുഭവം.

Typist | എഴുത്തുകാരി said...

സുനില്‍, നല്ല കുറിപ്പു്. വായിച്ചപ്പോള്‍, പിണറായിയുടെ വീട് കണ്ടു, ഫോട്ടോ എടുത്തു എന്നു പറഞ്ഞപ്പോള്‍ ഇടാമായിരുന്നല്ലോ എന്നെനിക്കും തോന്നി. പിന്നെ സുനിലിന്റെ വിശദീകരണം കണ്ടപ്പോള്‍ അതു ശരിയാണല്ലോ എന്നു മനസ്സിലായി.

ഒരു സംശയം ചോദിക്കട്ടെ എഴുപതിന്റെ “നിനവില്‍“ ആണോ,
അതോ നിറവില്‍ ആണോ?

വിജി പിണറായി said...

സുനിലേട്ടാ...

ഞാനും നേരത്തേ പറയണമെന്നു കരുതിയതാണ് ‘എഴുത്തുകാരി’ പറഞ്ഞത്. എഴുപതിന്റെ ‘നിറവില്‍’ എന്നാണ് വേണ്ടിയിരുന്നത്.

മണിഷാരത്ത്‌ said...

കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ വയസ്സു സംബന്ധിച്ച്‌ രണ്ടു പാര്‍ട്ടികള്‍ക്കും ഭിന്നാഭിപ്രായമാണ്‌.1939ല്‍ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയാകെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയായി മാറിയ സംഭവത്തെയാണ്‌ സിപി ഐ ക്കാര്‍ കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപനമായികണക്കാക്കുന്നത്‌.എന്നാല്‍ സിപി എം ഇതിനോടു യോജിക്കുന്നില്ല.ഇ.എം.എസ്സ്‌ തന്നെ പറയുന്നതു നോക്കുക.."ഇന്ത്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കിയത്‌ ഇന്റര്‍നാഷണലാണ്‌.അങ്ങിനെ ഇന്റര്‍നാഷണലിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ കേരളത്തില്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി നിലവില്‍ വന്നത്‌ എന്ന സത്യം വിസ്മരിച്ചുകൊണ്ടാണ്‌ സി.പി.ഐ ക്കാര്‍ ഇന്‍ഡ്യന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി 1925 ലും കേരളത്തിലെ പാര്‍ട്ടി 1939 ലും രൂപപ്പെട്ടുവെന്ന് വാദിക്കുന്നത്‌"".അതുകൊണ്ടു തന്നെ പിണറായിയിലെ രഹസ്യയോഗത്തിന്‌ അത്ര പ്രാധാന്യം സി.പി.എം കല്‍പ്പിക്കുന്നില്ല.1937ല്‍ തന്നെ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ നാല്‌ അംഗങ്ങള്‍ ചേര്‍ന്ന് എസ്സ്‌.വി. ഘാട്ടെയുടെ നേതൃത്ത്വത്തില്‍ ഫ്രാക്ഷന്‍ രൂപീകരിച്ചിരുന്നു.ഇതാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കമ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപീകരണം എന്നാണ്‌ സി.പി.എം വീക്ഷണം.അതിനാല്‍ പിണറായിയിലെ രഹസ്യയോഗത്തിന്റെ വാര്‍ഷികമോ അനുസ്മരണമോ പാര്‍ട്ടി നടത്താറില്ല.എന്നാലും ഇതിന്റെ പ്രാധാന്യം ഇല്ലാതാകുന്നില്ല.
മലബാറിലെ കര്‍ഷകസമരങ്ങള്‍ നടന്ന സ്ഥലങ്ങള്‍ കാണാനും പഠിക്കാനും ഏത്‌ ചരിത്രകുതുകികള്‍ക്കും താല്‍പര്യമുണ്ട്‌.പിണറായിയിലെ സന്ദര്‍ശ്ശനവും വിവരണവും ഏറെ ആകാംക്ഷയോടെ വായിച്ചു.നന്നായിട്ടുണ്ട്‌.

Devadas V.M. said...

precise and informative :)
Thnx

നിസ്സഹായന്‍ said...

സാമാന്യം നല്ലൊരു മനുഷ്യായസ് 100 കൊല്ലം. നമ്മുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വയസ്സ് അങ്ങനെ 70 !
തിഉളക്കുന്ന യൌവനം കഴിഞ്ഞു. ങ്ങ്ഹാ.... ഇനിയുമുണ്ടെല്ലോ പത്തുമുപ്പതു കൊല്ലം കൂടി !!!!!

Kiranz..!! said...

മനോഹരമായ വിവരണം ചരിത്രമുൾപ്പടെ.ആർക്കെങ്കിലുമൊക്കെ കാണിച്ചു കൊടുക്കാവുന്നത്/കൊടുക്കേണ്ടത്.

നൌഷാദ് ചാവക്കാട് said...

വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്‍

നൌഷാദ് ചാവക്കാട് said...

വളരെ നന്നായിരിക്കുന്നു അഭിനന്ദനങള്‍

ശാശ്വത്‌ :: Saswath S Suryansh said...

അണ്ണാ, വൈകി വന്നതിനു സോറി. ഇപ്പോഴാണ് ഈ പോസ്റ്റ്‌ ശ്രദ്ധിച്ചത്. ഒരു മാസം കഴിഞ്ഞെങ്കിലും, കമന്റ്‌ ഇടാതെ പോകാന്‍ മനസ്സനുവദിക്കുന്നില്ല. വിഷയം കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കണ്ണൂരും, ഈയുള്ളവന്‍ താങ്കള്‍ക്കറിയുന്നത്‌ പോലെ കണ്ണൂരുകാരന്‍ ആണെന്നതും ആകാം കാരണം. എങ്ങനെയുണ്ടായിരുന്നു സുനിലേട്ടാ നമ്മുടെ നാട്? പ്രകൃതി ഭംഗിക്കപ്പുറത്തെ അനുഭവങ്ങള്‍ ആണ് ഞാന്‍ ചോദിച്ചത് ട്ടോ. ഇനി കണ്ണൂര്‍ വരുകയാണെങ്കില്‍ പഴശ്ശിയിലേക്കും കൂടി വരാന്‍ ആഹ്വാനം ചെയ്യുകയാണ്.


-ഒരു പഴശ്ശിക്കാരന്‍. (ഒറിജിനല്‍ പഴശ്ശി ആണ് കേട്ടോ...)

Shashindran said...

hii..sunilsir. blog vaayichu..its amazzzziiinnngggg...bt vellam kudippichu...!!geeta...

Abhilash said...

നല്ല വിവരണം.കൂടുതല്‍ അറിവുകള്‍ നല്കിയ പോസ്റ്റ്‌ ...ഈ സ്ഥലങ്ങള്‍ കാണാന്‍ വെമ്പല്‍ കൊള്ളുന്നു

krishnakumar said...

ormale ormipichathinu nandi...

krishnakumar said...

ormakale veendum ormipichathinu nani.....sathy sandhamaya oru avathranam.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

നന്ദി സുനില്‍ സഖാവെ.............നല്ല വിവരണം............ഇവിടെ പല കമന്റു കളും കണ്ടു ഇവിടെ ചരിത്രപരമായ ഈ പോസ്റ്റിന്റെ മറ്റു സങ്കുചിതമായ ചില വഴികളിലേക്ക് തിരിച്ചു വിട്ടു കൊണ്ടുള്ളവ ....പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധി ചര്‍ച്ച ചെയ്യപെടാതെ പോകുന്നത് ശരിയല്ല.................
..

santhoshkumar said...

എത്രനല്ല പോസ്റ്റ്‌ ഇട്ടാലും അവിടെയെല്ലാം വിസർജ്ജിക്കാൻചിലരുണ്ടാകും കാര്യം ആക്കെണ്ടാ ....നന്നായിട്ടുണ്ട്