Friday, October 23, 2009

കണ്ടിട്ടും കാണാതെ പോയ തിരഞ്ഞെടുപ്പ് വാർത്തകൾ...!

കഴിഞ്ഞ വേനൽക്കാലത്ത് ഭാരതത്തിലും അതിനു ശേഷം ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നടന്ന ചില തിരഞ്ഞടുപ്പ് ഫലങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു.

തൽക്കാലം ഭാരതത്തിൽ നടന്ന പൊതു തിരഞ്ഞെടുപ്പ് ഫലത്തെ വിടാം.അതു വഴിയെ പരാമർശിക്കുന്നുണ്ട്.നമ്മുടെ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മൂന്നു പ്രധാനപ്പെട്ട രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു.അവയെ അല്പം വിശദമായി ഒന്നു നോക്കിക്കാണാം

1:ജപ്പാൻ

ഏഷ്യയിലെ എന്നല്ല, ലോകസാമ്പത്തികശക്തികളിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണു ജപ്പാൻ.ഇക്കഴിഞ്ഞ ആഗസ്റ്റ് 30 നു ആണവിടെ തിരഞ്ഞെടുപ്പു നടന്നത്.വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണു അവിടെ ഉണ്ടായിട്ടുള്ളത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ നാശങ്ങളിൽ നിന്ന് ഒരു ഫീനിക്സു പക്ഷിയെപ്പോലെ ഉയിർത്തെഴുനേറ്റ ജപ്പാനിൽ 1955 നു ശേഷം ഇന്നു വരെ ( ഇടക്ക് 1993-1994 കാലഘട്ടത്തിലെ 11 മാസം ഒഴികെ) ഭരണം കൈയ്യാളിയിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയെ അക്ഷരാർത്ഥത്തിൽ നിലം‌പരിശാക്കി പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ അധികാരത്തിൽ വന്നിരിക്കുന്നു.തിരഞ്ഞെടുപ്പിൽ 42.3% വോട്ട് നേടുകയും പാർലിമെന്റിൽ ആകെയുള്ള 480 സീറ്റുകളിം 308 എണ്ണവും കരസ്ഥമാക്കുകയും ചെയ്തു കൊണ്ടാണു ഡമോക്രാറ്റിക് പാർട്ടി ഏതാണ്ട് ആറു പതിറ്റാണ്ടോളം നീണ്ട ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഭരണത്തിനു അറുതി വരുത്തിയത്.

എന്താണു ഈ വിജയത്തിന്റെ അടിസ്ഥാനവും പ്രത്യേകതയും?ലോകസാമ്പത്തിക മാന്ദ്യം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണു ജപ്പാൻ.വളരെ പ്രത്യക്ഷമായും മുതലാളിത്ത നയങ്ങൾ പിന്തുടർന്നിരുന്ന ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ കീഴിൽ തൊഴിലില്ലായ്മ സർ‌വകാല റെക്കോർഡ് ആയ 5.7% ആയിത്തീർന്നു.ജപ്പാനിലെ സാമൂഹിക ജീവിതത്തെ കുറച്ചൊന്നുമല്ല അത് ബാധിച്ചത്.കയറ്റുമതിയിൽ ഉണ്ടായ വൻ ഇടിവ് സാമ്പത്തിക രംഗത്തെ സ്ഥിതി കൂടുതൽ രൂക്ഷമാക്കി.യുവാക്കൾക്കിടയിലും ജപ്പാനിലെ ഭവനങ്ങളിലും അരക്ഷിതാവസ്ഥ വളർന്നു വന്നു.കൂടാതെ വർദ്ധിച്ചു വരുന്ന ആയുർ‌ദൈർഘ്യം കൂടുതൽ പെൻഷൻ‌കാരെ സൃഷ്ടിക്കുകയും അവരെ താങ്ങി നിർത്താനുള്ള വരുമാനശേഷിയുള്ള മറ്റു കുടുംബാഗംങ്ങാൾ കുരഞ്ഞു വരികയും ചെയ്തു.പരമ്പരാഗതമായി വൻ വ്യവസായികൾക്കും യാഥാസ്ഥിതികർക്കും മുൻ‌തൂക്കമുള്ള പ്രസ്ഥാനമായിരുന്നു ലിബറൽ ഡമോക്രാറ്റിക് പാർട്ടി.

എന്നാൽ അവരിൽ നിന്നു വ്യത്യസ്തമായി വ്യക്തമായും ഇടതു പക്ഷ നയങ്ങളെ പിന്തുണക്കുന്ന പ്രസ്ഥാനമാണു ഡമോക്രാറ്റിക് പാർട്ടി ഓഫ് ജപ്പാൻ.മാധ്യമ കുത്തകയായ ബനറ്റ് & കോൾമാന്റെ പത്രമായ “ടൈംസ് ഓഫ് ഇൻ‌ഡ്യ”യുടെ മറ്റൊരു പ്രസിദ്ധീകരണമായ “മുംബൈ മിററി”ൽ വന്ന ഈ ലേഖനത്തിൽ പോലും ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് കാണാവുന്നതാണ്.

വ്യക്തമായ നയവ്യതിയാനങ്ങളാണു സാമ്പത്തിക വിദേശ രംഗങ്ങളിൽ ഡമോക്രാറ്റിക് പാർട്ടി മുന്നോട്ട് വച്ചിട്ടുള്ളത്.ടോൾ ഫ്രീ ഹൈ വേ, കർഷകർക്ക് സാമ്പത്തിക ഉദ്ദാരണ പദ്ധതികൾ, സൌജന്യ വിദ്യാഭ്യാസം,തൊഴിൽ തേടുകയും പരിശീലനത്തിലിരിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് അലവൻസ്, തൊഴിലാളികൾക്കുള്ള മിനിമം അടിസ്ഥാനശമ്പളത്തിലുള്ള വർദ്ധനവ് എന്നിങ്ങനെ ഒട്ടനവധിയായ പദ്ധതികളാണു അവർ വിഭാവനം ചെയ്തിരിക്കുന്നത്.അതിലെല്ലാം ഉപരി അമേരിക്കയുമായുള്ള സൌഹൃദം നിലനിർത്തുമെങ്കിലും അവരിൽ നിന്നും കൂടുതൽ “സ്വാതന്ത്ര്യം” നേടുമെന്നും അവർ പറയുന്നു.ഏഷ്യയിലെ അയൽ രാജ്യങ്ങളുമായി കൂടുതൽ അടുക്കാനാണവർ ആഗ്രഹിക്കുന്നത്.

2:ഗ്രീസ്
ഇക്കഴിഞ്ഞ ഒക്ടോബർ 4 നു നടന്ന ഗ്രീസ്‌ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് പാപെന്‍ഡ്ര്യൂവിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയമാണുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയും ഭരണ കക്ഷിയായ കണസര്‍വേറ്റീവ് പാര്‍ട്ടിയുടെ അഴിമതിയുമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വിജയം നേടിക്കൊടുത്തത്.ആധുനിക ഗ്രീക്ക ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാന മന്ത്രിയായിരുന്ന കോസ്റ്റാസ് കരാമാൻലിസിന്റെ നേത്രത്വത്തിലുള്ള സർക്കാരിനെയാണു സോഷ്യലിസ്റ്റ് പാർട്ടി അധികാര ഭൃഷ്ടരാക്കിയത്.ഇക്കഴിഞ്ഞ വർഷം വരെ ശക്തമെന്ന് തോന്നിച്ചിരുന്ന ഗ്രീക്ക് സാമ്പത്തിക രംഗം സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലഞ്ഞപ്പോൾ ശമ്പളം വെട്ടിക്കുറക്കൽ ,പെൻഷനുകൾ നിർത്തി വയ്കൽ തുടങ്ങിയ ജനദ്രോഹ നടപടികളായിരുന്നു നിലവിലുള്ള ഭരണകക്ഷി ചെയ്തിരുന്നെങ്കിൽ ഇടതു ബദൽ നയങ്ങൾ മുന്നോട്ടു വച്ചാണു സോഷ്യലിസ്റ്റ് പാർട്ടി അധികാരത്തിൽ വരുന്നത്.ഗ്രീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും നിലവിലുള്ള മൂന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.

ഗ്രീസിലെ ഭരണമാറ്റത്തെക്കുറിച്ച് ‘ദ ഹിന്ദു’ എഴുതിയ എഡിറ്റോറിയൽ ഈ ലിങ്ക് വഴി വായിക്കാവുന്നതാണ്.

3:പോർട്ടുഗൽ

ജപ്പാനിലും ഗ്രീസിലും നിലവിലുള്ള ഭരണകക്ഷികൾ പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ,ഗ്രീസിനോടു ചേർന്നു കിടക്കുന്ന പോർട്ടുഗലിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 27 നു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടി,നിലവിലുള്ള പ്രധാന മന്ത്രി ജോസ് സോക്രട്ടീസിന്റെ കീഴിൽ അധികാരം നില നിർത്തുക കൂടി ചെയ്തിരിക്കുന്നു എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്.2005 ൽ സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള 3 വർഷങ്ങളിൽ 3 സർക്കാരുകൾ മാറി മറിഞ്ഞു വന്നിരിന്നു.കഴിഞ്ഞ 33 വർഷത്തെ ജനാധിപത്യ ചരിത്രത്തിൽ ഇതിനു മുൻപ് ഒരേ ഒരു സർക്കാർ മാത്രമേ അവിടെ കാലാവധി പൂർത്തിയാക്കിയിട്ടുള്ളൂ.അങ്ങനെ നോക്കുമ്പോൾ പോർട്ടുഗീസിൽ ഒരു ഭരണ സ്ഥിരത ഉണ്ടാക്കാൻ കൂടി ഇടതു സോഷ്യലിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

സോഷ്യലിസ്റ്റുകളും, മറ്റു ഇടതു കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് 55% വോട്ടാണു തെരഞ്ഞെടുപ്പിൽ നേടിയെടുത്തത്.സാമ്പത്തിക പ്രതിസന്ധി പോർട്ടുഗലിനേയും ബാധിച്ചിരുന്നുവെങ്കിലും, അതിനെ മറികടക്കാൻ സ്വകാര്യ നിക്ഷേപം വൻ‌തോതിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ സോഷ്യൽ ഡമോക്രാ‍റ്റിക് പാർട്ടിയുടെ പരാ‍ജയം നവ ലിബറൽ നയങ്ങളെ പോർട്ടുഗീസ് ജനത തള്ളിക്കളഞ്ഞു എന്നതിന്റെ കൂടി തെളിവാണ്.എന്താണു ഈ തിരഞ്ഞെടുപ്പുകൾ നമുക്ക് നൽ‌കുന്ന സന്ദേശം? ലോകമാസകലം ഒരു ബദൽ നയത്തിനു വേണ്ടിയുള്ള അന്വേഷണത്തിലാണു മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങൾ.അതാവട്ടെ നിലവിലുള്ള സാമ്പത്തിക സംവിധാനത്തിനു മാത്രമായുള്ള ബദലല്ല, സാമ്രാജ്യത്വ വിരുദ്ധ ബദലന്വേഷണങ്ങൾ കൂടിയാണ്.ഇക്കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളിലായി 11 ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണു ഇടതു പക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നത്.നമ്മുടെ ഭാരതത്തെപ്പോലെയുള്ള സാമ്പത്തിക വ്യവസ്ഥ നില നിൽക്കുന്ന രാജ്യങ്ങളായിരുന്നു അവയിൽ പലതും.എൽ‌സാൽ‌വദോറിലെ ഈ മാറ്റത്തെക്കുറിച്ച് മുൻ‌പൊരിക്കൽ ഞാൻ കുറിച്ചിട്ടുമുണ്ട്.( ഈ ലിങ്ക് കാണുക).

ജപ്പാനിലും ഗ്രീസിലും ഉണ്ടായ ഭരണമാറ്റങ്ങൾ ഏഷ്യയിലേയും യൂറോപ്പിലേയും ജനങ്ങളും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്.മുതലാളിത്ത സാമ്പത്തിക രംഗം അനിവാര്യമായ അതിന്റെ തകർച്ചയെ നേരിടുന്ന കാലഘട്ടമാണിത്.യു.എസ് തെരഞ്ഞെടുപ്പിൽ ഒബാമക്കുണ്ടായ വിജയം പോലും ഒരു ബദലന്വേഷണത്തിനായുള്ള അവിടുത്തെ ജനങ്ങളുടെ ത്വരയാണു കാണിക്കുന്നത്.യൂറോപ്യൻ രാജ്യങ്ങളിൽ പലതിലും പെൻഷൻ സംരക്ഷണത്തിനും ഉയർന്ന മിനിമം വേതനത്തിനുമായി സമരങ്ങൾ നടക്കുന്നു.അതു കൊണ്ടൊക്കെയാണു ഫ്രാൻസിലും ഹോളണ്ടിലും യൂറോപ്യൻ യൂണിയന്റെ ഭരണഘടനാ ഹിത പരിശോധന പരാജയപ്പെട്ടതും.നവ ലിബറൽ നയങ്ങൾക്കെതിരായുള്ള പോരാട്ടം വളരെ ശക്തമായി പല രാജ്യങ്ങളിലും ഉയർന്നു വരുന്നു.അഗാധമായ സാമ്പത്തിക പ്രതി സന്ധി അതിന്റെ ആക്കം കൂട്ടുന്നു.

ഇവീടെയെല്ലാം പൊതുവായി കാണുന്ന ഒരു കാര്യമെന്നത് അതി തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകുന്ന തിരിച്ചടിയാണ്.ഇൻ‌ഡ്യയിൽ പോലും കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും ഇപ്പോൾ കഴിഞ്ഞ മഹാരാഷ്ട്രാ, ഹരിയാന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും ഈ സവിശേഷത കാണാവുന്നതാണ്.നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തീവ്ര വലതു പക്ഷ പ്രസ്ഥാനങ്ങളായ സംഘ പരിവാർ സംഘടനകൾക്കും ശിവസേനക്കുമൊക്കെ ഇനിയൊരു തിരിച്ചു വരവു പോലും അസാദ്ധ്യമാകുന്ന രീതിയിലുള്ള തിരിച്ചടികളാണു നേരിട്ടിട്ടുള്ളത്.ഇതു മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അത്യതിയായ സന്തോഷമുളവാക്കുന്ന വസ്തുതയാണ്.എന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനു പോലും താലിബാൻ പോലുള്ള പ്രസ്ഥാനങ്ങളോട് ഏറ്റു മുട്ടേണ്ടതായി വന്നിരിക്കുന്നു.പാക്കിസ്ഥാന്റെ കൈയിൽ നിന്നാണെങ്കിലും താലിബാനും അസ്തമയത്തോട് അടുക്കുകയാണെന്ന് നമുക്ക് പ്രത്യാശിക്കാം.

എന്നാൽ മതേതരമെങ്കിലും സാമ്രാജ്യത്വത്തിനു കുടപിടിക്കുന്ന നടപടികളാണു ഭാരതത്തിലെ സർക്കാർ ചെയ്യുന്നത്.മറ്റു പല ലോക രാഷ്ട്രങ്ങളും ബദൽ നയങ്ങൾക്കായി ചുവടു മാറ്റിക്കഴിയുമ്പോളും സാമ്രാജ്യത്വത്തിന്റെ ഏറ്റവും വലിയ കളിത്തോഴനായിരിക്കുന്നു നമ്മുടെ സർക്കാർ.നവ ലിബറൽ നയങ്ങൾക്കെതിരെ പോരാട്ടം നയിക്കുന്നവരും ഇടതു പക്ഷ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരുമായിട്ടുള്ളവരുടെ മുന്നിലെ വെല്ലു വിളി എന്നത് ലോകമാസകലം ഉണ്ടാകുന്ന പുരോഗമന കൊടുങ്കാറ്റിനെ ഭാരതത്തിൽ ശരിയായ ദിശയിലേക്ക് നയിക്കുക എന്നതാണ്.

അത്യന്തികമായി ലോകം എന്നും പുരോഗമനചിന്തകളിലേക്കും അതു വഴി പുരോഗതിയിലേക്കും മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.മനുഷ്യന്റെ ഇന്നേ വരെയുള്ള ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.അതിന്റെ വേഗത എത്രമാത്രം വർദ്ധിപ്പിക്കാൻ നമുക്കു കഴിയുന്നു എന്നതാണു വിജയത്തിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.

(നന്ദി:മുംബൈ മിറർ ലിങ്ക് തന്ന് സഹായിച്ച സുഹൃത്ത് വിജി പിണറായിക്കും, ചിത്രങ്ങൾ തന്ന് സഹായിച്ച ഗൂഗിളിനും)

12 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അത്യന്തികമായി ലോകം എന്നും പുരോഗമനചിന്തകളിലേക്കും അതു വഴി പുരോഗതിയിലേക്കും മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.മനുഷ്യന്റെ ഇന്നേ വരെയുള്ള ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.അതിന്റെ വേഗത എത്രമാത്രം വർദ്ധിപ്പിക്കാൻ നമുക്കു കഴിയുന്നു എന്നതാണു വിജയത്തിലേക്കുള്ള ദൂരം നിശ്ചയിക്കുന്നത്.

മീര അനിരുദ്ധൻ said...

വായിച്ചു.ലോകവിവരവും പൊതു വിജ്ഞാനവും കുറവായതിനാൽ ഒന്നും പറയണില്ല

വിജി പിണറായി said...

സോവിയറ്റ് യൂ‍ൂണിയന്റെ തകര്‍ച്ചയോട് അനുബന്ധിച്ചും തുടര്‍ന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നേരിട്ട തകര്‍ച്ചയില്‍ ആഹ്ലാദിച്ച് ആഘോഷിച്ചവര്‍ ഇതു പോലുള്ള വാര്‍ത്തകള്‍ ‘കണ്ടിട്ടൂം കാണാതെ പോകുന്ന’ത് സ്വാഭാവികം മാത്രം. ഇവിടെ പരാമര്‍ശവിഷയമായിട്ടുള്ള രണ്ട് വിജയങ്ങള്‍ - ജപ്പാനും ഗ്രീസും - അതതു രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഭരണാധികാരികളുടെ നയങ്ങള്‍ക്ക് ഏറ്റ തിരിച്ചടി എന്ന നിലയ്ക്ക് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ‘സാമ്പത്തിക വന്‍ ശക്തി’ എന്ന നിലയില്‍ മുതലാളിത്തത്തിന്റെ കളിത്തൊട്ടിലായിരുന്ന ജപ്പാനില്‍ സംഭവിച്ചത് പ്രത്യേകിച്ചും. കഴിഞ്ഞ വര്‍ഷം ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തെ വീശകലനം ചെയ്യാനും വിശദീകരിക്കാനും സാമ്പത്തിക വിദഗ്ദ്ധര്‍ പാടുപെടുമ്പോള്‍ വര്‍ഷങ്ങളോളം പിന്തുടര്‍ന്നുപോന്ന വഴിതെറ്റിയ പോക്കിനുള്ള അനിവാര്യമായ തിരിച്ചടിയായിരുന്നു അതെന്ന് നേരത്തേ അറിയാമായിരുന്ന ഇടതുപക്ഷം ഉള്ളാലെയെങ്കിലും മനസ്സുതുറന്ന് ചിരിച്ചിരിക്കണം. ഇടതുപക്ഷവുമായി ‘തീണ്ടാപ്പാടകലം’ സൂക്ഷിച്ചിരുന്ന വിദഗ്ദ്ധര്‍ പോലും സാമ്പത്തിക പ്രതിസന്ധി വിശദീകരിക്കാന്‍ സാക്ഷാല്‍ കാള്‍ മാര്‍ക്സിന്റെ വിശകലനങ്ങള്‍ പഠിക്കുകയായിരുന്നു എന്നു കേട്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? പ്രതിസന്ധിഗ്രസിതമായ ജപ്പാനിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. (മാസത്തില്‍ ആയിരം പേര്‍ എന്ന തോതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വളരുകയോ? അതും ഒരു മുതലാളിത്ത രാജ്യത്ത്? കണ്ടിട്ടും കാണാതെ പോയില്ലെങ്കിലേ അത്ഭുതമുള്ളൂ!)

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇടതുപക്ഷ അനുകൂല തരംഗവും ജപ്പാനിലും ഗ്രീസിലും വലതുപക്ക്ഷം നേരിട്ട തിരിച്ചടികളും പോര്‍ച്ചുഗലില്‍ ഇടതുപക്ഷ കക്ഷികള്‍ ഭരണം നിലനിര്‍ത്തി എന്നതും ചേര്‍ത്തു വായിക്കുമ്പോള്‍ സാമ്പത്തിക ചിന്താശൈലിയില്‍ മൌലികമായ ഒരു മാറ്റം അനിവാര്യമെന്ന് കടുത്ത ഇടതുപക്ഷ വിരുദ്ധര്‍ പോലും - ചിന്താശേഷിക്ക് മാന്ദ്യം സംഭവിച്ചിട്ടില്ലെങ്കില്‍ - സമ്മതിക്കും. ഇപ്പോഴും അമേരിക്കയുടെ പിന്നാലെ ഗമിക്കുന്ന നമ്മുടെ സ്വന്തം മന്‍‌മോഹന്‍‌ജിയും കൂട്ടുകാരും എന്നാണാവോ കാര്യങ്ങള്‍ തിരിച്ചറിയുക? അമേരിക്കന്‍ മോഡലിനെ അന്ധമായി പിന്‍‌തുടരുന്നത് ഇന്ത്യക്ക് അനുഗുണമാവില്ലെന്ന് ഹിലാരി ക്ലിന്റണ്‍ തന്നെ പ്രസ്താവിച്ചതും അനിയന്ത്രിതമായ ആഗോളീകരണ - ഉദാരീകരണ നടപടികളാണ് സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍‍ 25-ന് ശ്രീ. മന്‍‌മോഹന്‍ സിങ് തന്നെ സമ്മതിച്ചതും (കടപ്പാട്: സി എന്‍ എന്‍ - ഐ ബി എന്‍ റിപ്പോര്‍ട്ട്) കൂടി ഓര്‍ക്കാം. താല്‍ക്കാലികമാ‍യ നേട്ടങ്ങളില്‍ ഭ്രമിച്ച് അനിവാര്യമായ തകര്‍ച്ചയിലേക്കുള്ള പാത പിന്തുടരാതെ പുരോഗമനപാതയിലേക്ക് നീങ്ങാനുള്ള വിവേകം നമ്മുടെ ഭരണാധികാരികള്‍ കാണിക്കുമെന്ന് പ്രത്യാശിക്കാമോ?

അനില്‍@ബ്ലോഗ് // anil said...

സുനിലെ,
വളരെ പ്രസക്തമായ കുറിപ്പ്.
ലോകത്താകമാനം വളര്‍ന്നു വരുന്ന സാമ്രാജിത്വ വിരുദ്ധ ചിന്തകളുടെ പ്രതിഫലനമായി തന്നെ ഈ തിരഞ്ഞെടുപ്പു ഫലങ്ങളെ നമുക്ക് വിലയിരുത്താം. ലോക സമ്പത് വ്യവസ്ഥയും അതു വഴി ലോക രാഷ്ട്രങ്ങളുടെ തന്നെ നിയന്ത്രണവും തങ്ങളുടെ വരുതിക്കാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ അവിടൂത്തെ വ്യവസായ ലോബിയെ സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍ നിര്‍ത്തിയാണെന്ന തിരിച്ചറിവ് മറ്റ് വ്യാവസായിക രാഷ്ട്രങ്ങളിലുമുണ്ടായിരിക്കുന്നു,ജപ്പാനിലെ പോലെ.
എന്നാല്‍ ഇതൊന്നും ഇടതു പക്ഷ ചിന്താഗതികളില്‍ ആകൃഷ്ടരായാണെന്നോ ഇടതു പക്ഷ ചായ്‌വാണെന്നോ വിലയിരുത്താനാവില്ല, സുനില്‍ പറഞ്ഞ പോലെ തീവ്ര വലതു പക്ഷ ചായ്‌വിനോടുള്ള വിരോധം മാത്രം.
ഇന്ത്യയിലാവട്ടെ എതിര്‍ പാര്‍ട്ടികളുടെ ശക്തിക്ഷയം കാരണം മാത്രം മുന്നേറ്റം തുടരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി അമേരിക്കയുടെ വിശ്വസ്ത ദാസരാവാന്‍ കഠിന പ്രയത്നം ചെയ്യുന്നും. സ്വകാര്യവല്‍ക്കരണവും വിദേശമൂല ധനവും യഥേഷ്ടം അനുവദിക്കുന്നു. ഫലങ്ങളെന്തൊക്കെയെന്ന് കാത്തിരുന്നു കാണാം, എന്തായാലും അനുഭവിക്കുക ഇവിടുത്തെ ദരിദ്ര പരിഷകള്‍ മാത്രമല്ലെ.

kichu / കിച്ചു said...

സുനില്‍..
നല്ല പോസ്റ്റ്. മറ്റു പല ബ്ലൊഗിലേയും പോലെ വെറുതെ എന്തെകിലും പറഞ്ഞു പോകാതെ പഠിച്ചെഴുതുന്നതിന് വത്യാസം പ്രകടം. ഇനിയും കാ‍ണാമറയത്തെ കാര്യങ്ങള്‍ ഓരോന്നായി പോരട്ടെ. പിന്നെ പോസ്റ്റിനെ പറ്റി കൂടുതല്‍ ആധികാരികമായി പറയാനുള്ള വിവരം കമ്മിയാ കുട്ടീ..:)

മൂര്‍ത്തി said...

നന്നായി സുനില്‍..വിജി പിണറായിയുടെ കമന്റിനും നന്ദി.

Inji Pennu said...

ജപ്പാനിൽ സാമ്പത്തികം തകരുന്നത് 90കളിലാണ്. പത്ത് വർഷത്തിലധികമായി അവിടെ സാമ്പത്തിക പ്രതിസന്ധി. അവിടത്തെ സാമ്പത്തിക പ്രതിസന്ധി ആളുകൾ പണം ഇറക്കുന്നില്ല എന്നുള്ളതുകൊണ്ടാണ്. അതായത് ഇൻ‌വ്വെസ്റ്റ്മെന്റ് ഈസ് സീറോ. അല്ലാതെ ജപ്പാനിൽ ഈയിടെ ഉണ്ടായ ലോക സാമ്പത്തിക പ്രതിസന്ധിയുടെ മാറ്റൊലിയൊന്നുമല്ല. 90കളിൽ അമേരിക്കയും ലോകവും കുതിച്ചു കയറുകയാണ്.

ഗ്രീക്കും പോർച്ചുഗലും പറഞ്ഞപ്പോൾ, Germany, France, Spain, Bulgaria, Italy ഇവയുടെ യൂറോപ്പ്യൻ പാർലിമെന്ററി തിരഞ്ഞെടുപ്പ് ഒന്ന് നോക്കിയേ? റൈറ്റ് വിങ്ങിനാണ് വിജയം. എന്തുകൊണ്ട്? യൂറോപ്പ് റൈറ്റ് വിങ്ങിലേക്ക് പോവുന്നത് തികച്ചും പരിതാപകരമായ ഒരു അവസ്ഥയാണ്. പക്ഷെ അവിടെ റൈറ്റ് വിങ്ങിലേക്ക് തിരിഞ്ഞതു ഇതേ സാമ്പത്തിക പ്രതിസന്ധിയും അൺ‌എമ്പ്ലോയ്മെന്റും കാരണവുമാണ്. അപ്പോൾ തിയറികൾ എവിടെ ചെന്ന് മുട്ടിക്കും?

ലോകനീതി അങ്ങിനെയാണ്. ചരിത്രം നോക്കിയാൽ ഇങ്ങിനെയൊരു ബാലൻസിങ്ങ് ഇടത്തോട്ടും വലത്തോട്ടും എപ്പോഴും ഉണ്ടായിട്ടുണ്ട്. അമേരിക്ക ഇടത്തോട്ടും വലത്തോട്ടും സമയാസമയങ്ങളിൽ തിരിഞ്ഞിട്ടുണ്ട്, ചരിത്രം നോക്കിയാൽ മതി. അതിന്റെയർത്ഥം മാർക്സിയൻ സോഷ്യലിസം വന്നു, വരും എന്നൊന്നുമല്ല.
സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കാൾ മാർക്സിനെ റെഫർ ചെയ്തു എന്നൊക്കെ പറയുന്നതു എന്തോ വലിയ കാര്യമൊന്നുമല്ല. വിമാനം പറപ്പിക്കാൻ ഭഗവ്ദ് ഗീത നോക്കുന്ന പോലെയല്ല. സാമ്പത്തിക ശാസ്ത്രജ്ഞന്മാർ എല്ലാ തരം സാമ്പത്തിക തരങ്ങളേയും നോക്കിതന്നെയാണ് പുതിയ തീരുമാനങ്ങളും തിയറികളും കൊണ്ട് വരുന്നതു. അല്ലാതെ ഒന്നിലോട്ട് കണ്ണടച്ച് പിടിക്കാൻ അവർ അന്ധരൊന്നുമല്ല. മാർക്സ് ലോകത്തിനു തീർച്ചയായും സംഭാവനകൾ ചെയ്തിട്ടുണ്ട്, പക്ഷെ എന്നും പറഞ്ഞ് അച്ചട്ടായിട്ട് നൂറു ശതമാനം അത് തന്നെ വേണം എന്നുള്ളത് മതാന്ധത പോലെയൊന്നാണ്. ലോകം മുന്നോട്ട് തന്നെയാണ് പോകേണ്ടത്, അല്ലാതെ അന്നൊരു കാലത്തു ആവശ്യം വേണ്ടിയിരുന്ന തിയറികൾ തന്നെ ഇന്നും ആപ്ലൈ ചെയ്യണം എന്നു പറയുന്നത് ബാലിശമാണ്.

ഹ്യൂഗോ ഷാവേസ് വരെ ഒരു പരിധി വരെ നവലിബറൽ നയങ്ങളുമായി മുന്നോട്ട് പോവുന്നു, ആളു വാചകമടിക്കുന്നത് മറ്റൊന്നാണെങ്കിലും. വെനെസൂലേയുടെ ട്രേഡ് അമേരിക്കയുമായി ഷാവേസ് വന്നതിനു ശേഷം ഒന്നു നോക്കിയാൽ മാത്രം മതി ആളുടെ റെട്ടറിക് എവിടെയെന്നു മനസ്സിലാവാ‍ൻ. ഷാവേസിന്റെ ഭൂവിതരണം ക്യൂബൻ മോഡൽ അല്ല അമേരിക്കൻ മോഡൽ എന്നാണ് വെനെസ്യൂല ആവർത്തിച്ചതും. ഇപ്പോഴും വെനെസ്യൂല മിക്സഡ് എക്കോണമിയാണ്.
സ്റ്റേറ്റ് ഓണർഷിപ്പിലല്ല ബാങ്കിങ്ങും, കാർഷികവും, ഫോറിൻ ട്രേഡും. ഇങ്ങിനെ തന്നെയാണ് മിക്ക രാജ്യങ്ങളും ഇപ്പോൾ. (പരത്തിപ്പറഞ്ഞാൽ യൂറോപ്യൻ വെൽഫെയർ മോഡൽ എന്ന് പറയും). ഒരല്പം ഇടത്തോട് എങ്ങാനും ചാഞ്ഞാൽ എല്ലാകൂടി അങ്ങ്
ഇടതുപക്ഷ സോഷ്യലിസ്റ്റ് എന്നൊക്കെ സ്വപ്നം കണ്ട് കളയല്ലേ പ്ലീസ്. ഒരു വട്ടം വരച്ചാൽ രണ്ട് വശത്തു നിന്നും നടുക്കോട്ടുള്ള ദൂരം സമാസമമാണ്.

രാജ് താക്കറേയുടെ പാർട്ടിക്ക് 13 സീറ്റും, നഗരങ്ങളിൽ അത്രയധികം വോട്ടും കിട്ടിയപ്പോൾ ഏത് ഡേറ്റ നോക്കിയിട്ടാണ് തീവ്ര വലതുപക്ഷം ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത പാതയിൽ എന്നൊക്കെ എഴുതി വിടുന്നത്? എന്നാൽ പിന്നെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടിയും മൂന്നാം മുന്നണിയെക്കുറിച്ചും കൂടി എഴുതാത്തത് എന്താണാവോ? ;)

(അത് ശരി, കോൺ‌ഗ്രസ്സ് ജയിക്കുന്നത് മറ്റുള്ളവർ ക്ഷയിക്കുന്നത് കാരണം, ബാക്കിയെല്ലായിടത്തും മറ്റുള്ളവർ ശക്തിമാന്മാരായതു കാരണം. ആ അനാലിസിസ് ഒന്നാന്തരം പുളിയുള്ള അനാലിസിസ്. ബക്കിയുള്ളവർ ക്ഷയിക്കുന്നത്, അവർക്കെന്താ ക്ഷയരോഗം വല്ലോം ബാധിച്ചിട്ടാണോ? അമേരിക്ക-കോൺഗ്രസ്സ് എന്നൊക്കെ യാതൊരു ബന്ധവുമില്ലാതെ ആരോപിക്കുമ്പോൾ അതേ നാണയത്തിൽ തിരിച്ച് ആളുകൽ ചൈന-ഇടതുപക്ഷം
(ജീവനോടെ ഉണ്ടോ ആവോ ഇപ്പോൾ) എന്നൊക്കെ ആരോപിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തപ്പോഴുള്ള ഒരു ആരോപണം മാത്രം.)

ആ, ഇനീ‍പ്പോ നമുക്ക് ഇന്ത്യയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും എഴുതാനില്ലാത്ത സ്ഥിതിക്ക് ലോകത്തിലെ സോഷ്യലിസ്റ്റുകളുടെ കണക്കെടുക്കുന്നതാവും ഉചിതം.

സമയം കിട്ടുമ്പോൾ ഇതൊന്ന് വായിച്ചു നോക്കിയാൽ ചില തിയറികൾ പൊളിയുന്നത് കാണാം. രണ്ട് വശവും ഒന്ന് അറിഞ്ഞിരുന്നില്ലെങ്കിൽ കിണറ്റിലെ തവളകളായി തീരും.

Calvin H said...

ലോകം മുഴുവൻ മാറിച്ചിന്തിക്കുമ്പോൾ കൂപമണ്ഡൂകങ്ങളാവുന്നത് ഇന്ത്യൻ സർക്കാറല്ലേ എന്നൊരു സംശയം.

kaalidaasan said...

സുനില്‍,

ലോക സാമ്പത്തിക ക്രമം മാറ്റിയെഴുതാനുള്ള തയ്യറെടുപ്പുകളാണു ലോകത്തു നടക്കുന്നത്. ആ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഇടതു പക്ഷ വിജയം പ്രധാനപ്പെട്ടതാണ്. അതു മത്രമല്ല ജപ്പാനില്‍ ആദ്യമായാണു ഇടതു പക്ഷ പാര്‍ട്ടികള്‍ വിജയിക്കുന്നത്. ഗ്രീസിലും പോര്‍ച്ചുഗലിലും ഇതിനു മുമ്പും ഇടതുപക്ഷ പാര്‍ട്ടികള്‍ വിജയിച്ചിട്ടുണ്ട്. ജപ്പാനിലെ ഇടതു പക്ഷ വിജയം ഒരു പക്ഷെ മറ്റു പലതിന്റെയും ആരംഭമാകാം.

ഗ്രീസിനോടു ചേർന്നു കിടക്കുന്ന പോർട്ടുഗലിൽ എന്ന പ്രയോഗം ശരിയല്ല. യൂറോപ്യന്‍ വന്‍കരയുടെ രണ്ടറ്റത്താണു ഗ്രീസും പോര്‍ച്ചുഗലും.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മീരാ അനിരുദ്ധൻ,
വിജി പിണറായി
അനിൽ@ബ്ലോഗ്
കാൽ‌വിൻ
കാളിദാസൻ
കിച്ചു
മൂർത്തി- വായനക്കും കമന്റിനും നന്ദി

ഇഞ്ചിപ്പെണ്ണേ- വായനക്കും കമന്റിനും നന്ദി.ഈ പോസ്റ്റിൽ ഞാൻ പറയാൻ ശ്രമിച്ചത് ലോകമാസകലം മുതലാളിത്തത്തിനെതിരായും സാമ്രാജ്യത്വത്തിനെതിരായും ഒരു ബദലിനായുള്ള അന്വേഷണം നടക്കുന്നുവെന്നതാണു.പൊതുവെ ഉള്ള സ്ഥിതിഗതികൾ അവലോകനം ചെയ്യുമ്പോൾ അതു ശരിയാണെന്നും കാണാം.ഇപ്പറഞ്ഞ രാജ്യങ്ങളിലോ അതുപോലെ ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്ന മറ്റു രാജ്യങ്ങളിലോ നാളെ രാവിലെ കമ്മ്യൂണിസം നിലവിൽ വരും എന്നൊന്നും ഞാൻ കരുതുന്നില്ല, അങ്ങനെ പറഞ്ഞിട്ടുമില്ല.എന്നാൽ ഇതൊരു മാറ്റത്തിന്റെ നാന്ദി കുറിക്കലാണു.പ്രത്യ്യേകിച്ചും ജപ്പാൻ പോലെ, ഒരു രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇന്നു വരെ അധികാരം കൈയാളിയിരുന്ന ഒരു പാർട്ടിയാണു തിരഞ്ഞെടുപ്പിൽ വൻ തകർച്ച (ചെറിയ പരാജയമല്ല നേരിട്ടതെന്ന് ഓർക്കണം.

ഇത്തരമൊരു പോരാട്ടം നിശബ്ദമായെങ്കിലും എല്ലാ സ്ഥലങ്ങളിലും ഉയർന്നു വരുന്നുണ്ട് എന്നതാണു സത്യം.ഇഞ്ചി പറയുന്ന യൂറോപ്യൻ രാജ്യങ്ങളിലും അതു തന്നെയാണു അവസ്ഥ.

അതു ഏതു വഴിക്ക് പോകും എന്ന് കാലം തെളിയിക്കെണ്ടതാണ്.കാത്തിരുന്നു കാണാം.

ബാൽ‌താക്കറേയുടെ ശിവസേന ഉയർന്നു വന്ന രീതിയും സാഹ്ചര്യങ്ങളും അല്ല രാജ് താക്കറേയുടെ പാർട്ടിക്കുള്ളത്.അത്തരമൊരു ആശയത്തിനും രീതിക്കും ഇനി മഹാരാഷ്ട്രയിൽ നില‌നിൽ‌പ്പും ഉണ്ടാവില്ല.ഇൻ‌ഡ്യയിലെ സാമ്പത്തിക തലസ്ഥാനം മുംബൈ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അക്കാലത്ത് അവിടെയുണ്ടായിരുന്ന് വ്യവസായങ്ങളും അവിടെ തൊഴിൽ തേടി ചെന്നിരുന്ന മറുനാട്ടുകാർക്കെതിരായി ഒരു വികാരം ഉണർത്തി വിട്ടാണു ശിവസേനയൊക്കെ ഉയർന്നു വന്നത്.മഹാരാഷ്ട്ര തന്നെ പിന്നോക്കം പൊയ്‌ക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അത്തരം മുദ്രാവാക്യങ്ങളൊന്നും ആരും കേൾക്കാൻ പോലും ഉണ്ടാവില്ല.

Rajeeve Chelanat said...

പുരോഗതിയിലേക്ക് സഞ്ചരിക്കാന്‍ മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ക്രമം അനുയോജ്യമല്ലെന്നു മാത്രമാണ് മാര്‍ക്സിയന്‍ വീക്ഷണങ്ങളുടെ ആകെത്തുക. അതില്‍ മതാന്ധത കാണുന്നത്, മറ്റു രീതിയിലുള്ള ചില അന്ധതകൊണ്ടുമാത്രമാണ്. മാര്‍ക്സിയന്‍ നിഗമനങ്ങളെ ശരിവെക്കുന്ന രീതിയില്‍ത്തന്നെയാണ് ലോകരാജ്യങ്ങളുടെ ഇന്നത്തെ പോക്കും. അമേരിക്കയുടെ തൊട്ടടുത്തു കിടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ പോലും ആ രീതിയില്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ഇന്ത്യയിലെ ഇടതുപക്ഷത്തിന് അത്തരം ശ്രമങ്ങളെ കണ്‍സോളിഡേറ്റഡ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു വേണമെങ്കില്‍ പറയാം. എങ്കിലും, ഇന്ത്യയിലും അത്തരത്തിലുള്ള ബദല്‍ അന്വേഷണങ്ങള്‍ നടക്കുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്.

പ്രസക്തമായ പോസ്റ്റിനു നന്ദി സുനില്‍,

അഭിവാദ്യങ്ങളോടെ

Unknown said...

'കോൺ‌ഗ്രസ്സ് ജയിക്കുന്നത് മറ്റുള്ളവർ ക്ഷയിക്കുന്നത് കാരണം, ബാക്കിയെല്ലായിടത്തും മറ്റുള്ളവർ ശക്തിമാന്മാരായതു കാരണം. ആ അനാലിസിസ് ഒന്നാന്തരം പുളിയുള്ള അനാലിസിസ്.'

ഇത് സുനിലിന്റെ 'സ്പെഷ്യല്‍ അനാലിസിസ്‌' ഒന്നും അല്ല! സുനില്‍ തന്നെ ഇവിടെ പരാമര്‍ശിച്ച Bennet Collman & Co-ന്റെ 'Times of India', 'Mumbai Mirror' പത്രങ്ങളുടെ അനാലിസിസും പറഞ്ഞത് പ്രധാന പ്രതിപക്ഷ കക്ഷികള്‍ ദുര്‍ബലമായത് കൊണ്ട് ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോയതാണ് മഹാരാഷ്ട്രയില്‍ കോണ്ഗ്രസ് - എന്‍ സി പി സഖ്യത്തെ രക്ഷിച്ചത്‌ എന്നാണ്.

'സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ കാൾ മാർക്സിനെ റെഫർ ചെയ്തു എന്നൊക്കെ പറയുന്നതു എന്തോ വലിയ കാര്യമൊന്നുമല്ല... ലോകം മുന്നോട്ട് തന്നെയാണ് പോകേണ്ടത്, അല്ലാതെ അന്നൊരു കാലത്തു ആവശ്യം വേണ്ടിയിരുന്ന തിയറികൾ തന്നെ ഇന്നും ആപ്ലൈ ചെയ്യണം എന്നു പറയുന്നത് ബാലിശമാണ്.'

'അന്നൊരു കാലത്തു ആവശ്യം വേണ്ടിയിരുന്ന തിയറികൾ തന്നെ' 'ഇന്നും അപ്ലൈ ചെയ്യാന്‍' മാത്രം പ്രസക്തമാണ് എന്നത് കൊണ്ടായിരിക്കണമല്ലോ ആ തിയറികളെ അംഗീകരിക്കാതിരുന്ന സാമ്പത്തികകാര്യ വിദഗ്ദ്ധര്‍ പോലും ഇപ്പോള്‍ സംജാതമായ സാഹചര്യത്തെ വിലയിരുത്താന്‍ അതേ തിയറികളെ അന്വേഷിക്കുന്നത്?

ചില നാടുകളില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് തിരിച്ചടി നേരിട്ടപ്പോള്‍ കമ്മ്യൂണിസം തകര്‍ന്നു, മാര്‍ക്സിസം കാലഹരണപ്പെട്ടു എന്നൊക്കെ ആഘോഷിച്ചവര്‍ ഇന്ന് ലോകത്തിലെ പ്രമുഖ സാമ്പത്തിക വന്‍ ശക്തികള്‍ പലതും തകര്‍ച്ചയെ നേരിടുകയും എട്ടു നിലയില്‍ പൊട്ടുന്ന ബാങ്കുകളെയും വ്യവസായങ്ങളെയും രക്ഷിക്കാന്‍ 'സാമ്പത്തിക ശീര്‍ഷാസനം' അഭ്യസിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ 'കാലഹരണ' വാദം ഉന്നയിക്കാതതെന്തേ...?

ഇവിടെ മന്‍മോഹന്‍ജിയും കൂട്ടരും സ്വകാര്യവല്‍കരണത്തിന്റെ പിന്നാലെ പായുമ്പോള്‍ അവര്‍ മാതൃകയാക്കിയിരുന്ന ചില 'വന്‍ ശക്തി'കളെങ്കിലും ഭാഗികമായെങ്കിലും ദേശസാല്‍ക്കരണം പരിഗണിക്കുന്നു എന്നും കേള്‍ക്കുന്നു. ആഗോളീകരണ - ഉദാരീകരണ നയങ്ങള്‍ സാമ്പത്തിക രംഗത്തെ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് ഇടതുപക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞപ്പോള്‍ അവരെ 'വികസന വിരുദ്ധര്‍' എന്ന് മുദ്ര കുത്തിയവര്‍ അതേ ആഗോളീകരണ - ഉദാരീകരണ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് (പ്രധാന) കാരണം എന്ന് അതേ മന്‍മോഹന്‍ തന്നെ പറയുമ്പോള്‍ പൊതുവേ കമ്മ്യൂണിസ്റ്റ്‌-കളെ വിമര്‍ശിച്ചു കൊണ്ട് അവര്‍ പറയാറുള്ള ആരോപണം - എന്ത് കാര്യവും അംഗീകരിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നത് - ഇക്കാര്യത്തില്‍ അവര്‍ക്ക് തന്നെയല്ലേ ചേരുന്നത് എന്ന് തോന്നിപ്പോകുന്നു...!