Sunday, April 3, 2011

ഒരിക്കല്‍ കൂടി ലോകത്തിന്റെ നെറുകയില്‍ എത്തുമ്പോള്‍

1983

എട്ടാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു അന്നത്തെ ലോകകപ്പ്.82 -83 കാലഘട്ടത്തിലാണു ക്രിക്കറ്റ് കളി ഞങ്ങളുടെ നാട്ടില്‍ അല്പാല്പം പ്രചരിക്കുന്നതും കളി പഠിക്കുന്നതും.എന്നിട്ടും നിയമങ്ങള്‍ ശരിക്ക് അറിയില്ലായിരുന്നു.രണ്ടു പേര്‍ ഒരേ സമയം ബാറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് പോലും സംശയിച്ചിരുന്നു.ടി വി ഇല്ല.വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചും ക്രിക്കറ്റ് കമന്ററി കേട്ടും മാത്രമുള്ള പരിചയം.

അങ്ങനെയിരിക്കെ അക്കാലത്ത് ഇറങ്ങിയിരുന്ന “പൂന്തേന്‍” എന്നൊരു കുട്ടികളുടെ വാരികയില്‍ ക്രിക്കറ്റ് കളിയെ പരിചയപ്പെടുത്തി ലേഖനങ്ങള്‍ വന്നു.അങ്ങനെ ചില കാര്യങ്ങള്‍ മനസ്സിലായി.പിന്നീട് സനില്‍ പി തോമസ് എഴുതിയ “ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍” എന്ന പുസ്തകം വായിച്ചപ്പോളാണ് എല്ലാ നിയമങ്ങളും മനസ്സിലാവുന്നത്...”തീന്‍ സ്ലിപ്പ്, ഏക് ഗള്ളി., പോയിന്റ് , കവര്‍, എക്സ്ട്രാ കവര്‍” എന്നൊക്കെ ഹിന്ദി കമന്ററിയില്‍ കേള്‍ക്കുമ്പോള്‍ ഒന്നും മനസ്സിലായിരുന്നില്ല.ആ പുസ്തകത്തില്‍ ഓരോ സ്ഥാനങ്ങളും അടയാളപ്പെടുത്തിയ ഒരു ചിത്രം ഉണ്ടായിരുന്നത് ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു....

അങ്ങനെ കളി പഠിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു ലോക കപ്പ്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പാതി രാത്രി വരെ നീളുന്ന കമന്ററി കേള്‍ക്കാന്‍ കഴിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് അതിരാവിലെ എഴുനേറ്റ് പത്രം നോക്കാനാണു ഓടിയത്...” ജയിച്ചൂ..ഇന്‍ഡ്യ ലോക ചാമ്പ്യന്മാര്‍” എന്നായിരുന്നു അന്ന് കണ്ട പത്രത്തിലെ തലക്കെട്ട്....അങ്ങനെ ക്രിക്കറ്റ് താരങ്ങള്‍ മനസ്സിലെ ഹീറോകളായി മാറി..കപില്‍ ദേവ്, മൊഹിന്ദര്‍ അമര്‍നാഥ്, സുനില്‍ ഗാവസ്കര്‍,കിര്‍മാണി....

അതോടെ നാട്ടിലെങ്ങും ക്രിക്കറ്റിനു പ്രചാരമേറി. ചെറിയ ടീമുകളും അവര്‍ തമ്മില്‍ ത്തമ്മിലുള്ള മാത്സരങ്ങളും തുടങ്ങി.അക്കാലത്ത് ഞങ്ങളുടെ കൊച്ചു ടീമുമായി എത്രയോ സ്ഥലങ്ങളില്‍ കളിക്കാന്‍ പോയിരിയ്കുന്നു.എന്നിട്ടും ഒരു കളി ടി വി യില്‍ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു..ഇന്‍‌ഡ്യയും ശ്രീലങ്കയും തമ്മില്‍ കാന്‍‌ഡിയില്‍ നടന്ന ക്രിക്കറ്റ് ടെസ്റ്റ് ആണു ആദ്യം കാണുന്നത്. വര്‍ഷം കൃത്യമായി ഓര്‍മ്മയില്ല. 85 -86 ആണെന്നാണു ഓര്‍മ്മ.

പിന്നീട് 1992 ല്‍ മുംബൈയില്‍ ആയിരുന്നപ്പോള്‍ ആദ്യമായി വാങ്കഡേ സ്റ്റേഡിയത്തില്‍ പോയി ഇന്‍ഡ്യാ - ഇംഗ്ലണ്ട് ടെസ്റ്റ് കണ്ടു..ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു..സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കപില്‍ ദേവ് ഓടി വന്ന് എറിയുന്നതാണു ആദ്യം കാണുന്നത്..ഗ്രഹാം ഗൂച്ചിന്റെ നേതൃത്വത്തില്‍ വന്ന ആ ടീമിനെ ആ ടെസ്റ്റില്‍ ഇന്‍ഡ്യ തോല്‍പ്പിച്ചു.അന്ന് ബൌണ്ടറി ലൈനിന് അടുത്ത് ഫീല്‍ഡ് ചെയ്തിരുന്ന മൈക്ക് ഗാറ്റിംഗ് ഇടക്കുള്ള സമയങ്ങളില്‍ ഗാലറിയിലിരുന്നവരിലെ ആവശ്യക്കാര്‍ക്കെല്ലാം ഓട്ടോഗ്രാഫ് എഴുതിക്കൊടുത്തിരുന്നതും ഓര്‍ക്കുന്നു.സചിന്‍ അന്നും ഉണ്ടായിരുന്നു..ഒരു കൊച്ചു പയ്യന്‍

പിന്നീട് ഒരിക്കല്‍ കൂടി പോയി.ഇന്‍‌ഡ്യയും - വെസ്റ്റ് ഇന്‍‌ഡീസും തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍.ലാറയുടെ ബാറ്റിംഗ് കാണാനാണു പോയത്.പക്ഷേ ലാറ അന്ന് “ഡക്കടിച്ചു”

പതിയെ പതിയെ ക്രിക്കറ്റ് വാണിജ്യവല്‍ക്കരിക്കപ്പെട്ടതോടെ ഈ ആവേശം എന്റെ ഉള്ളില്‍ ഇല്ലാതായി...വാര്‍ത്തകള്‍ ശ്രദ്ധിക്കുമെന്നുള്ളതല്ലാതെ ഓരോ പന്തും പിന്തുടരുന്ന ആ പഴയ താല്പര്യം പിന്നീട് ഉണ്ടായില്ല.എങ്കിലും ഓരോ ലോകകപ്പ് വരുമ്പോളും 1983 തന്ന സന്തോഷം ആവര്‍ത്തിക്കപ്പെടുമെന്ന് വെറുതെ മോഹിച്ചു.

2011

നീണ്ട 28 വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.ഈ ലോകകപ്പ് നന്നായി “ഫോളോ” ചെയ്തു..ഇന്ന് ധോണി അടിച്ച പന്ത് ഗ്യാലറിയിലേക്ക് പോകുമ്പോള്‍ മനസ്സില്‍ ഒരിക്കല്‍ കൂടി ഓരായിരം പൂത്തിരികള്‍ കത്തുന്നത് പോലെ...കഴിഞ്ഞ 28-29 വര്‍ഷങ്ങളിലെ കാര്യങ്ങളെല്ലാം മനസ്സില്‍ ഓടി വരുന്നതു പോലെ....ഞങ്ങളുടെ ഗ്രാമത്തിലെ ക്ഷേത്ര മൈതാനത്തുണ്ടായിരുന്ന ചെറിയ സൌകര്യങ്ങളില്‍ കളിക്കുന്ന കൂട്ടുകാര്‍ തമ്മില്‍ പിരിവെടുത്ത് വാങ്ങിയിരുന്ന ബാറ്റും ബോളും ഉപയോഗിച്ച് കളിച്ചിരുന്ന ആ പഴയകാലം തിരികെ വന്നതുപോലെ. ഇന്ന് സമ്മാനദാന ചടങ്ങില്‍ രവിശാസ്ത്രിയെ കണ്ടപ്പോള്‍ 1983 ലെ ലോക കപ്പിനു ശേഷം നടന്ന ബെന്‍‌സണ്‍& ഹെഡ്‌ജസ് മിനി ലോകകപ്പിലെ മികച്ച താരമായി ശാസ്ത്രിയെ തെരഞ്ഞെടുത്തതും അദ്ദേഹത്തിന് അന്ന് “ഓഡി” കാര്‍ ലഭിച്ചതുമൊക്കെ റേഡിയോ കമന്ററിയില്‍ കേട്ട് പുളകം കൊണ്ടത് ഓര്‍മ്മവന്നു.ഒരു കാലത്ത് ലോക ക്രിക്കറ്റില്‍ എതിരാളികളുടെ എല്ലാം പേടി സ്വപ്നമായിരുന്ന വെസ്റ്റ് ഇന്‍‌ഡീസ് ടീമിന്റെ നായകനായിരുന്ന ക്ലൈവ് ലോയിഡിന്റെ സാന്നിധ്യം തികച്ചും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.

ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!

(ചിത്രങ്ങള്‍ക്ക് ഗൂഗിളിനും എന്റെ സുഹൃത്ത് ദേവദാസിനും നന്ദി)

13 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു..ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു.....!!!!

ധനേഷ് said...

ടീം ഇന്ത്യയിലെ ഓരോ കളിക്കാര്‍ക്കും അഭിനന്ദനങ്ങള്‍..

ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്.. കൂട്ടായ്മയുടെ, അധ്വാനത്തിന്റെ, ഒരു രാജ്യത്തെ നൂറില്‍ പരം കോടിവരുന്ന ജനതയുടെ പ്രാര്‍ത്ഥനയുടെ വിജയം.

ഒപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന് ഇതിഹാസത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയും...

അഭിമാനത്തോടെ.. ആവേശത്തോടെ.. അഹങ്കാരത്തോടെ.. മറ്റൊരു ഇന്ത്യക്കാരന്‍.. :)

കുഞ്ഞൂസ് (Kunjuss) said...

സുനിലിന്റെ വരികള്‍ കടമെടുക്കുന്നു...

“ഈ രാത്രി എനിക്കേറെ സന്തോഷമുള്ളതാകുന്നു... ഓരോ നിമിഷവും ഞാന്‍ ആനന്ദിക്കുന്നു...ക്രിക്കറ്റിന്റെ പേരില്‍ നടക്കുന്ന എല്ലാ ചീത്ത പ്രവണതകളേയും ഒരു നിമിഷത്തേക്ക് ഞാന്‍ മറക്കുന്നു.ഭാരതത്തെ വിജയിപ്പിച്ച ഓരോ കളിക്കാരനും എന്റെ അഭിവാദനങ്ങള്‍ ഞാന്‍ അര്‍പ്പിക്കുന്നു...!“

ശ്രീനാഥന്‍ said...

സന്തോഷം സുനിൽ, വളരെ സന്തോഷം!

kichu / കിച്ചു said...

അഭിമാനം.. സന്തോഷം..തെല്ലൊരഹങ്കാരവും.:)))

SHANAVAS said...

സുനിലിന്റെ സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു.വലിയ ഒരു സ്കോറിന് മുന്നില്‍ പകച്ചു നില്‍ക്കാതെ,വളരെ കരുതലോടുകൂടി കളിച്ചു നേടിയ ഈ വിജയം ലോകൊത്തരമാണ്.ടീം ഇന്ത്യയ്ക്ക് അഭിവാദനങ്ങള്‍.

മനോഹര്‍ കെവി said...

സുനില്‍, ഇന്നലെ ഞാനും രണ്ടു വരി എഴുതാന്‍ തുടങ്ങിയതായിരുന്നു... 28 വര്ഷം മുന്‍പുള്ള ഒരു ലോക കപ്പ് ഓര്മ വന്നു.... ( എന്റെ കഴിഞ്ഞ ബ്ലോഗില്‍ അതിനെ പറ്റി സ്പര്‍ശിച്ചിട്ടുണ്ട് ) ... ബോംബെ ഐ.ഐ.ടി കാമ്പസ്സില്‍ താമസിച്ചിരുന്ന ആ ബാച്ചിലര്‍ ലൈഫ് ... ഉച്ചക്ക് ശേഷം അടഞ്ഞിരുന്ന കടകള്‍.. ഐ.ഐ.ടി രണ്ടു ഗേറ്റിലും ( മാര്‍ക്കറ്റ്‌ ഗേറ്റ്, മെയിന്‍ ഗേറ്റ് ) തൂക്കിയിട്ടിരുന്ന കപില്‍ദേവിന്റെ ചിത്രങ്ങള്‍... ലോക കപ്പു നേടിയതിനു ശേഷം നടന്ന ഒരുഗ്രന്‍ ആഹ്ലാദ പ്രകടനം ...( അവിടെ ഏതു പ്രകടനം നടന്നാലും , മേയ് ദിന റാലിയില്‍ പോലും ലുങ്കിയുടുത്ത കുറെ മലയാളികളും ഉണ്ടാവും ) ആള്‍ക്കാരുടെ എണ്ണം കുറവായിരുന്നു, എങ്കിലും ആ enthusiasm... ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല ....चक दे इंडिया

ഷാ said...

പണ്ട്, കനിത്കര്‍ അവസാനപന്തില്‍ ഫോറടിക്കും വരെ മുള്ളിന്‍ മുകളില്‍ നിന്നു കളി കണ്ട ഓര്‍മ്മകളുണ്ട്. പിന്നീട് പുറത്ത് വന്ന ചതിയുടെ കഥകള്‍ എന്നെ ക്രിക്കറ്റില്‍ നിന്നകറ്റി. ആരെങ്കിലും സ്കോറെത്രയെന്നറിഞ്ഞോ എന്നു ചോദിക്കുമ്പോള്‍ "ഓ, ഇന്നു കളിയുണ്ടോ..?" എന്നു തിരിച്ചു ചോദിക്കുന്ന അവസ്ഥയിലായിരുന്നു കുറച്ചു നാളായിട്ട്. എങ്കിലും ഇന്നലത്തെ കളിയുടെ അവസാന ഓവറുകളില്‍ ഞാനുമുണ്ടായിരുന്നു ടിവിയുടെ മുന്നില്‍ . ചീത്ത പ്രവണതകളെ തല്‍ക്കാലത്തേക്ക് ഞാനും മറക്കുന്നു. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ ...!!!

Muralee Mukundan , ബിലാത്തിപട്ടണം said...

ഭൂലോകത്തിന്റെ എല്ലാകോണുകളിലുമിരുന്ന് ഒരോഭാരതീയനും ആഹ്ലാദിച്ച നിമിഷങ്ങൾ പഴയ സ്മരണകൾ ചേർത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു കേട്ടൊ സുനിൽ

Vayady said...

പണ്ട് ഇന്‍ഡ്യ വേള്‍‌ഡ് കപ്പ് നേടിയ കഥ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പശൂം ചത്തും മോരിലെ പുളിയും പോയി. അങ്ങിനെയിരിക്കുമ്പോള്‍ ഇതാ പുത്തന്‍ പശു വന്നിരിക്കുന്നു. എങ്ങിനെ ആഹ്ലാദിക്കാതിരിക്കും?

നിരക്ഷരൻ said...

ക്രിക്കറ്റ് കളിക്കാൻ നടന്നിട്ട് എന്നെപ്പോലെ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ലേ സുനിലേ ? :) :)

Christo Chiramukhathu said...
This comment has been removed by the author.
kanamarayath.blogspot.com said...

oru rajyathu oru kumblengadu undayirunnu ennu mullanezhiye kurichulla kavitha in diabetis illatha kavithagalil vaayikkam sunil