Sunday, December 25, 2011

കിലുക്കിക്കുത്ത് -മുംബൈ കഥകള്‍ (ഭാഗം 4)

മുംബൈയിലെ ഹോസ്റ്റല്‍ ജീവിതത്തിനിടയിലെ അസ്വാദ്യകരമായ നിമിഷങ്ങളായിരുന്നു മുംബൈ സിറ്റിയിലെ കറക്കം.എത്ര കണ്ടാലും പിന്നെയും എന്തെങ്കിലും കാണാൻ ബാക്കിയുള്ള സിറ്റിയാണു മുംബൈ.അതു മുഴുവൻ ആർക്കെങ്കിലും കണ്ടു തീർക്കാനാവുമെന്ന് തോന്നുന്നില്ല.വിദ്യാർത്ഥികൾ എന്നൊരു മുൻ‌തൂക്കം ഞങ്ങൾക്കുണ്ടായിരുന്നു.പഠനം എന്നതൊഴികെ പ്രത്യേകം ചുമതലകളൊന്നുമില്ല.മുംബൈയിലെ മലയാളികളിലെ ബഹുഭൂരിപക്ഷവും ജോലി അന്വേഷിച്ച് നാടുവിട്ട് താമസിക്കുന്നവരായിരുന്നു.ഞങ്ങൾക്കാവട്ടെ അവധി ദിനങ്ങളൊക്കെ സിറ്റി കണ്ടു തീർക്കാനും വെറുതെ കറങ്ങാനുമുള്ള അവസരമായിരുന്നു.

മുംബൈയിലെത്തി രണ്ടാം വര്‍ഷമായിരുന്നു എന്നാണു ഓര്‍മ്മ.ഒരിക്കല്‍ ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച് ഗേറ്റിലുള്ള ഫാഷന്‍ സ്ട്രീറ്റില്‍ പോയി.അതു ശരിക്കും ഫാഷന്റെ ലോകം തന്നെ.ഒരു തെരുവു മുഴുവന്‍ ഫാഷന്‍ വസ്ത്രക്കടകള്‍.ഏതു തരം ഫാഷൻ വസ്ത്രങ്ങളും മിതമായ നിരക്കിൽ വാങ്ങാം.ഞങ്ങളും അവിടെ കുറെ കറങ്ങി നടന്നു.പലരും പലതും വാങ്ങി.ഷോര്‍ട്സ് മുതല്‍ ടീഷര്‍ട്ട് വരെ.ചിലര്‍ കൌബോയി സ്റ്റൈല്‍ വസ്ത്രങ്ങള്‍ വാങ്ങി..

( അവരില്‍ ഒന്നു രണ്ടു പേര്‍ വാങ്ങിയ ഷോര്‍ട്സ് വലിപ്പം കുറഞ്ഞു പോയി.ഹോസ്റ്റലില്‍ വന്നു ഇട്ടു നോക്കിയപ്പോള്‍ ഇറുകിപ്പിടിച്ചിരിക്കുന്നതു കണ്ട് ചില വിരുതന്മാര്‍ “മുന്നിലുള്ള മുഴ ഷോര്‍ട്‌സ് വാങ്ങിയപ്പോള്‍ ഫ്രീ ആയി കിട്യതാണോ“ എന്ന് ചോദിക്കുകയും ചെയ്തു.അതോടെ അവര്‍ അതിടുന്നത് നിര്‍ത്തി)

അങ്ങനെ ഫാഷന്‍ സ്ട്രീറ്റിലെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ചര്‍ച്ച് ഗേറ്റ് സ്റ്റേഷനടുത്തേക്ക് നടക്കുകയായിരുന്നു.ഷോപ്പിംഗ് എന്നൊക്കെ പറഞ്ഞാല്‍ അത്രയധികം പണം ചിലവാക്കി എന്നൊന്നും കരുതേണ്ട.ഒരു ടീ ഷര്‍ട്ട് 20-25 രൂ ആയിരുന്നു വില എന്നു പറയുമ്പോള്‍ ഒരു ഐഡിയ കിട്ടിക്കാണും.അന്ന് മെസ് ഫീസ് മാസം വരുന്നത് പരമാവധി 300 രൂ ആയിരുന്നു.അങ്ങനെ രൂപക്ക് വിലയുള്ള കാലം !പണം ശ്രദ്ധിച്ച് മാത്രം ചിലവാക്കിയിരുന്ന സമയം.
(ചർച്ച്ഗേറ്റിലെ ഫാഷൻ സ്ട്രീറ്റ്)

പെട്ടെന്നാണു ശ്രദ്ധിച്ചത് ! റോഡരുകില്‍ ചെറിയൊരു ആള്‍ക്കൂട്ടം! ആകാംക്ഷയോടെ ഞങ്ങള്‍ ചെന്നു നോക്കി.രണ്ടു മൂന്നു പേരുള്ള ഒരു ചെറിയ സംഘം റോഡരികിൽ ഇരിക്കുന്നു.അവർക്കു ചുറ്റുമാണു ഈ ആൾക്കൂട്ടം.അവരിലെ പ്രധാനി എന്ന് തോന്നിക്കുന്ന ഒരാള്‍ അവിടെ നടുവിലായി ആൾക്കൂട്ടത്തിനു അഭിമുഖമായി ഇരിക്കുന്നു. മറ്റു രണ്ടു പേർ ഇരിക്കുന്ന ആളിനു അഭിമുഖവും ആൾക്കൂട്ടത്തിനു പുറം തിരിഞ്ഞുമാണു ഇരിക്കുന്നത്. പ്രധാനിക്ക് മുന്നില്‍ ഒരു വശം തുറന്ന മൂന്നു ചെറിയ ചതുരപ്പെട്ടികള്‍.തുറന്നിരിക്കുന്ന വശം വച്ച് എന്തോ മൂടി വച്ച് അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്നുണ്ട്.ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്..

‍ “ആവോ ഭായി...ദസ് രഖേഗാ തോ ബീസ്..ബീസ് രഖേഗാ തോ ചാലീസ്” ( വരൂ സഹോദരന്മാരെ, പത്തു വച്ചാൽ ഇരുപത്, ഇരുപത് വച്ചാൽ നാല്പത്..)

ഓ. മനസ്സിലായി.. കിലുക്കിക്കുത്താണു സംഗതി.ചുറ്റില്‍ നില്‍ക്കുന്ന ചിലര്‍ നൂറു രൂപയുടെ നോട്ടുകള്‍ വയ്കുന്നു..അവരില്‍ ചിലര്‍ക്ക് ഇരുനൂറ് അടിക്കുന്നു.കുറെ കണ്ടു നിന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള റജിക്ക് ആവേശമായി.വല്ലാത്ത ആഗ്രഹം.ഒന്നു വച്ചു നോക്കിയാലോ? ഞാനും രമേശും ( നേരത്തെ ഹിജഡ പിടിച്ചവന്‍) എതിര്‍ത്തു.ഇക്കളിക്ക് ഞങ്ങളില്ല എന്നു പറഞ്ഞു.വേറെ രണ്ടു പേര്‍ മൌനം പാലിച്ചു.ഞങ്ങള്‍ക്കെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പ് റജി പൊക്കറ്റില്‍ നിന്ന് ഒരു അഞ്ഞൂറു രൂപാ നോട്ടെടുത്ത് കിലുക്കികുത്തുകാരനു കൊടുത്തു കഴിഞ്ഞിരുന്നു.ഒരു സാമ്പിള്‍ എന്ന നിലയില്‍ അയാള്‍ ആദ്യം രൂപ ചതുരപ്പെട്ടികളില്‍ ഒന്നു വച്ചു മൂടി..മറ്റു രണ്ടെണ്ണവും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും കശക്കി.ഏതിലാണെന്ന് റജിയോട് ചോദിച്ചു..റജി ഒരെണ്ണം ചൂണ്ടിക്കാണിച്ചു.അയാള്‍ അതു തുറന്നപ്പോള്‍ അതാ അതില്‍ തന്നെ ഉണ്ട് അഞ്ഞൂറ്...

റജിയുടെ മുഖത്ത് ആത്മവിശ്വാസം കൂടുതല്‍ ദൃശ്യമായി.

വീണ്ടും അയാള്‍ രൂപയെ പെട്ടി വച്ചു മൂടി.മറ്റു രണ്ടു പെട്ടികളും ചേര്‍ത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കശക്കി.ആ കശക്കല്‍ റജി ശ്രദ്ധയോടെ നിരീക്ഷിച്ചു.അല്പ സമയത്തെ ഈ പ്രക്രിയയ്ക്ക് ശേഷം തോറ്റവനെപ്പോലെ അയാളുടെ ചോദ്യം

“ കിസ്‌മേം ഹേ ഭായിസാബ്?” ( രൂപ ഏതിലാണെന്ന് പറയൂ ഭായി സാബ്)

റജി വളരെ ആലോചിച്ച് അത്മവിശ്വാസത്തോടെ ഒരു പെട്ടി ചൂണ്ടിക്കാണിച്ചു.അയാള്‍ അതു പൊക്കി കാണിച്ചു...ഒരു നിമിഷം റജി തലകറങ്ങിയോ ആവോ? ആ പെട്ടിയുടെ അടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല..ശൂന്യത മാത്രം..

“ഹാർ ഗയാ ഭായി സാബ്..”

ഒരു ചിരി അവിടെ മുഴങ്ങി ! ഞങ്ങളുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി.

അഞ്ഞൂറു രൂപാ!!ഒന്നരമാസത്തെ മെസ് ഫീ....! ഞങ്ങളെല്ലാവരും പെട്ടെന്ന് മൌനത്തിലാണ്ടു.മരണവീട്ടില്‍ പോയി മടങ്ങുന്നവരെപ്പോലെ തലതാഴ്ത്തി വി ടി സ്റ്റേഷനിലേക്ക് നടന്നു.ആരും ഒന്നും സംസാരിച്ചില്ല.അടുത്ത ട്രയിനിനു കയറി ഹോസ്റ്റലിലേക്ക്...

ഈ നഷ്ടം നികത്താന്‍ കൂടെ വന്നവര്‍ എല്ലാവരും സഹായിക്കണം എന്ന് ഹോസ്റ്റലിലെത്തിയപ്പോൾ റജി പറഞ്ഞു.ഞാനും രമേശും അപ്പോളും ഉറച്ചു നിന്നു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനോട് സഹതാപം തോന്നിയിരുന്നുവെങ്കിലും അതൊരു പോളിസിയുടെ പ്രശ്നമായിരുന്നു.ഇത്തരം കിലുക്കിക്കുത്ത് മാർഗത്തിലൂടെ പണം ഉണ്ടാക്കരുത് എന്നൊരു ചിന്താഗതി.റജിയും അപ്പോളത്തെ ഒരു ആവേശത്തിൽ ചെയ്തതാണ് എന്ന് എനിക്കറിയാമായിരുന്നു.എങ്കിലും അന്നത്തെ സാഹചര്യങ്ങളിൽ എന്തോ യോജിക്കാനായില്ല. ചിലര്‍ കൊടുത്തു.

അതൊരു വലിയ അനുഭവമായി.അന്ന് കണ്ട ആൾക്കൂട്ടത്തിൽ അയാളുടെ മുന്നിൽ നോട്ടുകൾ കൊടുത്തിരുന്ന പലരും ഈ മുച്ചീട്ട് കളിക്കാരന്റെ തന്നെ സഹായികൾ ആയിരുന്നു എന്നൊക്കെ പിന്നീടാണു ചിന്തിക്കുന്നത്.അവർ തന്നെ ആദ്യം പണം നൽകും.അവരിൽ പലർക്കും പണം ഇരട്ടിക്കുന്നതായി നമ്മെ കാണിയ്കും.പണം ഇരട്ടിച്ചവർ സന്തോഷം പ്രകടിപ്പിക്കും.വീണ്ടും വയ്ക്കും.വീണ്ടും നേടും.ഇത് കണ്ടു നിൽക്കുന്ന ആരിലും ഒരിയ്ക്കൽ ഒന്നു പരീക്ഷിച്ചാലെന്ത് എന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്.അത്ര വലിയ ഒരു സ്വാധീന വലയത്തിലാണു നമ്മൾ പെട്ടു പോകുന്നത്.റജിയ്ക്ക് അന്ന് സംഭവിച്ചതും അതു തന്നെയാണ്.ഇത് മുംബൈയുടെ മറ്റൊരു മുഖമാണ്.ജീവിയ്ക്കാൻ വേണ്ടി മനുഷ്യർ കെട്ടുന്ന വേഷങ്ങളിൽ ഒന്ന് മാത്രം !

ഇന്നും മുംബൈയില്‍ ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ കാണുമ്പോള്‍ ഈ സംഭവം ഓര്‍മ്മവരും !റജി ഇന്ന് ഇന്‍‌ഡോനേഷ്യയിലാണ്...രമേശ് ബാംഗ്ലൂരില്‍..അന്നുണ്ടായിരുന്നവരില്‍ ഒരാള്‍ ഇവിടെ ചെന്നൈയില്‍.ഒരാള്‍ ദുബായില്‍..ഒരാള്‍ സ്പെയിനില്‍...പലരും പല വഴിക്കായി. പലരും ജോലികൊണ്ട് ഇഷ്ടം പോലെ പണം ഉണ്ടാകിയിട്ടുണ്ട്.അഞ്ഞൂറു രൂപ ഇന്നത്തെ കണക്കിൽ ഒന്നുമല്ലായിരിക്കാം.എങ്കിലും എല്ലാവരുടെയും മനസ്സിലെ അന്നത്തെ ഭീതി ഇന്നും ഉണ്ടായിരിയ്ക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.പറ്റിയ്ക്കപ്പെടലിലൂടെ പരാജയം ഏറ്റുവാങ്ങുന്നവന്റെ മാത്രം മനോവികാരം.അത് ഒന്ന് വേറേ തന്നെയാണ് എന്ന് ആ സംഭവം പഠിപ്പിച്ചു തന്നു..

(മുംബൈ കഥകളുടെ മൂന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക - മുംബൈയിലെ അന്നത്തെ ഡിസംബർ 6)

കടപ്പാട്:: ചിത്രത്തിന് ഗൂഗിളിന്.

7 comments:

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എല്ലാവരുടെയും മനസ്സിലെ അന്നത്തെ ഭീതി ഇന്നും ഉണ്ടായിരിയ്ക്കുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.പറ്റിയ്ക്കപ്പെടലിലൂടെ പരാജയം ഏറ്റുവാങ്ങുന്നവന്റെ മാത്രം മനോവികാരം.അത് ഒന്ന് വേറേ തന്നെയാണ് എന്ന് ആ സംഭവം പഠിപ്പിച്ചു തന്നു

മുംബൈ കഥകളുടെ മറ്റൊരു ഭാഗം!

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് മുംബൈയുടെ മറ്റൊരു മുഖമാണ്....
ജീവിയ്ക്കാൻ വേണ്ടി മനുഷ്യർ കെട്ടുന്ന വേഷങ്ങളിൽ ഒന്ന് മാത്രം !

Unknown said...

ജീവിതം കാണാന്‍ മുംബയില്‍ പോകണം എന്ന് പറയും എന്റെ നാട്ടില്‍ ...

M. Ashraf said...

നല്ല വിവരണം നിര്‍ത്താതെ വായിച്ചു. അഭിനന്ദനങ്ങള്‍

ശ്രീനാഥന്‍ said...

അസ്സലായി ലേഖനം. കിലുക്കിക്കുത്തരുത് ജീവിതത്തിൽ!

kARNOr(കാര്‍ന്നോര്) said...

വായിച്ചപ്പോള്‍ ഞാന്‍ എന്റെ ബോംബെ ദിനങ്ങള്‍ ഓര്‍ത്തുപോയി. ലോക്കല്‍ ട്രൈനുകള്‍.. സ്റ്റേഷനുകളില്‍ തൂവാല വില്‍ക്കുന്നവരുടെ നീട്ടിയുള്ള വിളികള്‍ ‘ദോ ദോ റുപയാ റുമാലേ...’ ........ !!

ഒരു യാത്രികന്‍ said...

ന്റെയും മുംബൈ കാലഘടത്തെ ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ്.....സസ്നേഹം