( എൽസാൽവദോർ ചെങ്കടലായപ്പോൾ :നിയുക്ത പ്രസിഡണ്ട് മൌറീഷ്യോ ഫ്യൂൺസ്)
വടക്കേ അമേരിയ്ക്കയുടെ ഏറ്റവും തെക്കേ അറ്റത്ത് ,ഗ്വാട്ടിമാലയ്ക്കും ഹോണ്ടുറാസിനും ഇടയിലായി സ്ഥിതിചെയ്യുന്ന ‘എൽസാൽവദോറി’ൽ മാർച്ച് 15 നു നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ എഫ്.എം.എൻ.എൽ(Farabundo Marti Natioanal Liberation Front) ന്റെ നേതാവായ ‘മൌറീഷ്യോ ഫ്യൂൺസ്’(Mouricio Funes), 51% വോട്ട് നേടി പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു.
ഈ വിജയം കഴിഞ്ഞ 20 വർഷമായി തുടർന്നു വന്നിരുന്ന ,യാഥാസ്ഥിതിക പാർട്ടിയായ ‘അറീനാ പാർട്ടി’യുടെ രക്ത രൂഷിതമായ ഭരണത്തിനാണു അറുതി വരുത്തിയിരിക്കുന്നത്.എൽസാൽവദോറിനെ പിടിച്ചു കുലുക്കിയ ,12 വർഷം നീണ്ടു നിന്ന ആഭ്യന്തര യുദ്ധത്തിൽ 75,000 ത്തോളം ആൾക്കാർക്ക് ആയിരുന്നു ജീവൻ നഷ്ടപ്പെട്ടിരുന്നത്.ഈ യുദ്ധത്തിൽ ഉടനീളം യു.എസ് സർക്കാരിന്റെ നിർലോഭമായ പിന്തുണയായിരുന്നു അറീനാ പാർട്ടിയ്ക്കു കിട്ടിയിരുന്നത്.അതിന്റെ പ്രതിഫലമായി ഇറാക്കിലേയ്ക് സൈന്യത്തെ അയച്ച എൽസാൽവദോർ, ഏറ്റവും അവസാനം മാത്രം സൈന്യത്തെ ഇറാക്കിൽ നിന്നു പിൻ വലിച്ച ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമായിരുന്നു.
കേരളത്തെപ്പോലെ തന്നെ പ്രവാസികളിൽ നിന്നുള്ള വരുമാനമാണു എൽസാൽവദോറിലും മുഖ്യമായുള്ളത്.2.5 മില്യൺ ആൾക്കാരാണു യു.എസിൽ മാത്രം ഉള്ളത്.അവർ അയക്കുന്ന ഡോളറുകളാണു എൽസാൽവദോറിന്റെ ശക്തി.അവിടുത്തെ മൊത്തം ജനസംഖ്യ എന്നത് 5.7 മില്യൺ മാത്രം ആണെന്നറിയുമ്പോളാണു പ്രവാസികളുടെ വലിപ്പം മനസ്സിലാവുന്നത്.2008 ൽ മാത്രം 3.8 ബില്യൺ യു.എസ് ഡോളറാണി ഇപ്രകാരം ഈ രാജ്യത്ത് എത്തിച്ചേർന്നിരുന്നത്.
ഇരുപത് വർഷം നീണ്ട അറീനാ ഭരണത്തിൽ രാജ്യത്ത് സാമ്പത്തിക-സാമൂഹിക അസമത്വം വളർന്നു വന്നു.അതുകൊണ്ട് തന്നെ അവരുടെ ജന സമ്മതി നാൾക്കു നാൾ കുറഞ്ഞു വന്നു.എന്നിട്ടും അമേരിയ്ക്കയുടെ നിർലോഭമായ സഹായത്താലും സഹകരണത്താലും ഇത്രയും നാൾ ഭരണം നില നിർത്താൻ അവർക്ക് സാധിച്ചു.അഞ്ചു വർഷത്തിലൊരിയ്ക്കലാണു അവിടെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിനു മുൻപ് തെരഞ്ഞെടുപ്പ് നടന്ന 2004 -ൽ ,എഫ്.എം.എൻ.എൽ തെരഞ്ഞെടുക്കപ്പെട്ടാൽ എൽസാവദോറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിയ്ക്കുമെന്ന് അന്നത്തെ യു.എസ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ, ഇത്തവണ, എൽസാവദോറിൽ ആരു ഭരണത്തിലെത്തിയാലും അവരുമായി സഹകരിയ്ക്കുമെന്ന് പ്രഖ്യാപിച്ച പ്രസിഡണ്ട് ഒബാമാ യു.എസിന്റെ സമീപനത്തിലെ അടിസ്ഥാനപരമായ ഒരു വ്യതിചലനമാണു വ്യക്തമാക്കിയത്.വർദ്ധിച്ചു വന്നിരുന്ന ഇടതു പക്ഷ സ്വാധീനത്തിനു മേൽകൈ നേടാൻ ഈ അവസരത്തിൽ സാധിച്ചു.എഫ്.എം.എൻ.എൽ ജയിച്ചാൽ എൽസാൽവദോർ കമ്മ്യൂണിസത്തിന്റെ മാർഗത്തിലേയ്ക്ക് പോകുമെന്നായിരുന്നു എതിർ സ്ഥാനാർത്ഥിയുടെ പ്രചാരണം.അതിനാൽ എഫ്.എം.എൻ.എലിനു വോട്ടു ചെയ്യരുതെന്ന് അവർ അഭ്യർത്ഥിച്ചു.എന്നാൽ ഈ അഭ്യർത്ഥന ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിലൂടെ തള്ളിക്കളഞ്ഞിരിയ്ക്കുകയാണ്.
അങ്ങനെ വെനിസ്വലയിലും, നിക്കരാഗ്വയിലും ആഞ്ഞടിച്ച ഇടതു പക്ഷക്കാറ്റ് ഒരു കുളിർ തെന്നലായി വടക്കേ അമേരിയ്ക്കൻ നാടുകളിലേയ്ക്കു നീങ്ങിയിരിയ്ക്കുകയാണ്.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്ന പതിനൊന്നാമത്തെ ലാറ്റിൻ അമേരിയ്ക്കൻ രാഷ്ട്രമാണു എൽസാൽവദോർ .വെനിസ്വേല,നിക്കറാഗ്വേ,അർജന്റീന,ബ്രസീൽ,ബൊളീവിയ,ചിലി,ഇക്ക്വഡോർ,ഗ്വാട്ടിമാല,ഉറുഗ്വേ,പരാഗ്വേ തുടങ്ങിയവയാണു മറ്റുള്ള പത്ത് രാജ്യങ്ങൾ.
സാമ്പത്തിക മാന്ദ്യത്തിന്റെ ഇക്കാലത്ത് ലോകം എങ്ങോട്ടാണു ഉറ്റു നോക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പു ഫലവും വ്യക്തമാക്കി തരുന്നു. യു.എസിൽ പോലും ഒബാമയുടെ വിജയം എന്നത് നിലവിലുള്ള സാമ്പത്തിക ക്രമത്തിനു ഏറ്റ പരാജയം തന്നെയെന്ന് ഈ രാജ്യങ്ങളിൽ ഇടതുപക്ഷം നേടിയ വിജയം വ്യക്തമാക്കുന്നു.അതുകൊണ്ടാണു പനാമ കടലിടുക്ക് കടന്ന് ഇടതു പക്ഷം നേടിയ ഈ വിജയം വലിയേട്ടനായ യു.എസിനെ തഴുകിപ്പോകുന്ന ഒരു കുളിർ തെന്നലായി മാറുന്നത്.അത്യഗാധമായ പ്രതിസന്ധിയിൽ വിയർത്തു കുളിച്ചിരിയ്ക്കുന്നവർക്ക് മുന്നിൽ ഈ കുളിർ തെന്നൽ പ്രതീക്ഷയുടെ ആശ്വാസവുമായിട്ടാണു എത്തുന്നത്.എന്താണു ചെയ്യേണ്ടത് എന്നോർത്ത് വിഷാദിച്ചിരിയ്ക്കുന്ന മുതലാളിത്ത ലോകത്തിനും അതിന്റെ പിണിയാളുകളായ ഭാരതത്തിലെയടക്കമുള്ള വികസ്വര രാജ്യ സർക്കാരുകൾക്കും ഈ വിജയം ഒരു വഴികാട്ടിയാകട്ടെ എന്ന് നമുക്കു പ്രത്യാശിയ്ക്കാം.മുന്നോട്ടുള്ള ലോകത്തിന്റെ പാത ഏതു വഴിയാകണം എന്നതിന്റെ ഒരു ദിശാസൂചിയാണു ഈ തെരഞ്ഞെടുപ്പ് ഫലം.
ജനതയുടെ 52% പേരും റോമൻ കാത്തലിക് വിഭാഗത്തിൽ പെടുന്ന എൽസാൽവദോറിലാണു ഈ രാഷ്ട്രീയ മാറ്റം എന്നത് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ജീവിയ്ക്കുന്ന നമ്മളോരോരുത്തരും പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട വസ്തുതയാണ്.ഇടതുപക്ഷത്തെ തകർക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിയ്ക്കുന്ന ഇവിടുത്തെ സഭാ നേതൃത്വം ഈ വാർത്തകളൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാവുമോ ആവോ?
മറ്റൊരു പ്രധാന മായ വിഷയം ഈ തെരഞ്ഞെടുപ്പിൽ ബ്ലോഗർമാർ ചെലുത്തിയ സ്വാധീനമാണ്.എൽസാൽവദോർ തെരഞ്ഞെടുപ്പിലെ ബ്ലോഗർമാരുടെ പങ്കിനെക്കുറിച്ചു വന്ന ഒരു ലേഖനം ഇവിടെ വായിയ്ക്കാവുന്നതാണ്.നമ്മുടെ രാജ്യം മറ്റൊരു പൊതു തെരെഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയിൽ ബ്ലോഗർമാർക്കും ഒരു നല്ല പങ്കു വഹിയ്ക്കാനാവുമെന്ന് ഇതു വ്യക്തമാക്കുന്നു.എൽസാൽവദോറിലെ പോലെ ഇന്റർനെറ്റിന്റെ വ്യാപകമായ ഉപയോഗം ഇവിടെ ഇല്ല എന്നതാണു ഒരു പ്രധാന പരിമിതി.