ഇന്നേക്ക് 67 വര്‍ഷം മുന്‍പുള്ള ആ പുലര്‍കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍,ജയില്‍ ഭിത്തികളെപ്പോലും വിറപ്പിക്കുമാറ് അത്യുച്ചത്തില്‍ ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ വിളികള്‍ മുഴങ്ങി.ഏതാനും നിമിഷങ്ങള്‍ക്കകം ആ മുദ്രാവാക്യം വിളികള്‍ അവസാനിച്ചു.എങ്ങും നിശ്ശബ്ദത പടര്‍ന്നു.തൂക്കിലേറ്റപ്പെടാന്‍ കൊണ്ടുപോകുന്ന നാലു ഗ്രാമീണ യുവാക്കളുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്ന അവസാനത്തെ മുദ്രാവാക്യം വിളികളായിരുന്നു അവ.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അവര്‍ക്കായി കരുതി വച്ച തൂക്കുമരത്തെ ധീരതയോടെ ആ യുവാക്കള്‍ ഏറ്റുവാങ്ങി.ഒരടി പോലും പതറാതെ, ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാതെ ആ യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്മ്യൂണിസ്റ്റ് കര്‍ഷക സംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടു.അവരോടൊപ്പം തൂക്കിക്കൊലക്ക് വിധിക്കപ്പെട്ടവനെങ്കിലും മൈനറായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ രക്ഷപെട്ട് കൊലക്കയര്‍ മാറി ജീവപര്യന്തം ശിക്ഷയേറ്റു വാങ്ങി അതേ ജയിലില്‍ കിടന്നിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍ ഇങ്ങനെ പറയുന്നു.
“1943 മാര്‍ച്ച 29 നു പുലര്‍ച്ചെ അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്നാം ബ്ലോക്കിലിരുന്ന് എന്റെ സഖാക്കളുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന വിപ്ലവകരമായ അവസാനത്തെ മുദ്രാവാക്യം ഞാന്‍ കേട്ടു.അടക്കാനാവാത്ത വികാരാവേശത്തോടെ അവ എന്റെ മനസ്സില്‍ മുഴങ്ങുകയാണ്”
കണ്ണൂരില്‍ നിന്നു വളരെ ദൂരെ ചെറുവത്തൂരിനും നീലേശ്വരത്തിനും അടുത്തുള്ള കയ്യൂര്‍ എന്ന ഉള്‍നാടന്‍ കാര്‍ഷിക ഗ്രാമത്തിലെ ദരിദ്രരായ നാലു കര്‍ഷകയുവാക്കളാണു അന്ന് തൂക്കിലേറ്റപ്പെട്ടത്...
മഠത്തില്‍ അപ്പു
കോയിത്താറ്റില്‍ ചിരുകണ്ടന്‍
പൊടോര കുഞ്ഞമ്പു നായര്‍
പള്ളിക്കാല്‍ അബൂബക്കര്‍
എന്നിവരായിരുന്നു സാമ്രാജ്യത്വഭീകരതയുടെ ഇരകളായിത്തീര്‍ന്നത്.ഇവര്‍ ജനിച്ചു വളര്‍ന്ന കയ്യൂരിന്റെ കഥ ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായമാണ്.ദരിദ്രരും നിരക്ഷരരുമായ ഒരു ഗ്രാമീണ ജനത ഒന്നടങ്കം ജന്മിത്വ-നാടുവാഴി വ്യവസ്ഥക്കും അതുവഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും പൊരുതിനിന്നതിന്റെ ചരിത്രമാണത്.ഇന്നത്തെ കേരള സമൂഹത്തിന്റെ സൃഷ്ടിയില്‍ കയ്യൂര്‍ ചെലുത്തിയ സ്വാധീനത്തിനു തുല്യമായി മറ്റൊന്നില്ല.ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളേയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച ഒരു ജനത വസിച്ച കയ്യൂര്‍ ഗ്രാമത്തിലെ ഒരോ മണല്‍ തരികളിലും വിപ്ലവം തുടിച്ചു നില്‍ക്കുന്നു.
ആ കൊച്ചു ഗ്രാമത്തിലേക്കാണു ഇന്ന് എന്റെ യാത്ര.
കമ്പനി ആവശ്യത്തിനായി ഇടക്ക് മംഗലാപുരത്ത് വരേണ്ടിയിരുന്നത് സത്യത്തില്‍ എനിക്കൊരു അനുഗ്രഹമായിത്തീര്‍ന്നു.അല്ലെങ്കില്‍ ഒരു പക്ഷേ ജീവിതത്തിലൊരിക്കലും ഈ പ്രദേശങ്ങള്‍ കാണാനുള്ള ഒരു അവസരം ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു.മംഗലാപുരത്തെ താമസത്തിനിടയിലെ ഒരു ഞായറാഴ്ച രാവിലെയാണു ഞാന്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ വന്നിറങ്ങിയത്.എന്റെ സുഹൃത്തും സഹപാഠിയും സഖാവും ആയ മധു അവിടെ കാത്തു നില്‍പ്പുണ്ടായിരുന്നു.നീണ്ട ചില യാത്രകളുടെ പദ്ധതി ഞങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിരുന്നു.അതിന്‍ പ്രകാരം ആദ്യം പോയത് പയ്യന്നൂരില്‍ നിന്നും ഏകദേശം 30 കി.മീ ദൂരെയുള്ള പാടിച്ചാല്‍ എന്ന സ്ഥലത്തേക്കാണ്.ഇവിടെയാണു പ്രസിദ്ധമായ വിപ്ലവം പിറന്നുവീണ മുനനയന്‍ കുന്ന്.ആ യാത്രയെപറ്റി പിന്നീടൊരിക്കല്‍ എഴുതാം.
(പെരിങ്ങോം- ചീമേനി റോഡ്- ദുര്‍ഘടമായ കാനന പാത)പാടിച്ചാലില്‍ നിന്നു തിരികെ പെരിങ്ങോം എന്ന സ്ഥലത്തെത്തി.മധുവിന്റെ കാര്‍ ചീമേനി റോഡിലേക്ക് തിരിഞ്ഞു.ചീമേനി വഴിയാണു ഞങ്ങള്‍ക്ക് കയ്യൂര്‍ക്ക് പോകേണ്ടത്.പെരിങ്ങോം മുതലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന കുന്നിന്‍ പുറങ്ങളാണ്.വരണ്ട ഭൂപ്രകൃതിയാണു ഇവിടെങ്ങളില്‍.പച്ചപ്പ് നന്നേ കുറവ്.ചീമേനി റോഡിലേക്ക് കടന്നതോടെ പച്ചപ്പ് വീണ്ടും കുറഞ്ഞു വന്നു.വീടുകള്‍ കാണാതായി.പെട്ടെന്ന് വഴി വനപ്രദേശത്തേക്ക് മാറി.ഇരു വശവും ചെറിയ മരങ്ങള്‍ നിറഞ്ഞ കാട്.എങ്കിലും വല്ലാത്ത വരണ്ട ഭൂപ്രകൃതി.പൊട്ടിപ്പൊളിഞ്ഞ റോഡും കൂടിയായപ്പോള്‍ ഒരു കാനനപാത പോലെ തോന്നിച്ചു.വഴിയില്‍ അപൂര്‍വം വാഹനങ്ങള്‍ മാത്രം.മധുവിനോടൊപ്പമുള്ള യാത്ര വളരെ രസകരമാണ്.കഥകളും കവിതകളും രാഷ്ട്രീയവും നാട്ടു വിശേഷങ്ങളും എല്ലാം അതില്‍ നിറയും.അതിനാല്‍ തന്നെ സമയം പോകുന്നതറിയില്ല.ഇരുവശവുമുള്ള കാടുകള്‍ പ്ലാന്‍റ്റേഷന്‍ കോര്‍പ്പറേഷന്‍ കൈവശമുള്ള വനഭൂമിയാണ്.ചീമേനിക്കുന്നുകളിലെ ഈ കാടുകള്‍ക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ടാവും.ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒളിത്താവളങ്ങളായിരുന്നു ഈ കാടുകള്‍.ഇ.കെ നായനാര്‍ ഈ കാട്ടില്‍ ഒളിവിലിരുന്ന കാര്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.ഇന്നു പോലും ദുര്‍ഘടമായ ഈ കാനനപ്പാതയില്‍ അന്നത്തെക്കാലത്ത് പുറത്തു നിന്നു ഒരാള്‍ക്കും എത്തിനോക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക മനസ്സിലായി.ബ്രീട്ടീഷുകാരന്റെ പോലീസിനും ജന്മിമാരുടെ ഗുണ്ടകള്‍ക്കും ഇവിടം അപ്രാപ്യമായിരുന്നതും അതുകൊണ്ടു തന്നേ.
ചീമേനി അടുക്കാറാകുമ്പോള്‍ പാതയോരത്ത് ഒരു ബോര്‍ഡ് കണ്ടു.”തുറന്ന ജയില്‍” .അതെ കേരളത്തിലെ ഒരു തുറന്ന ജയില്‍ ഇവിടെയാണ്.കാടിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഈ തുറന്ന ജയിലിന്റെ മുന്നില്‍ വച്ച അവിടെ ജയിലറായി ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ വണ്ടിക്ക് കൈ കാട്ടി ചീമേനി വരെ ലിഫ്റ്റ് ചോദിച്ചു.ഞങ്ങളോടൊപ്പം വരുമ്പോള്‍ അദ്ദേഹം തുറന്ന ജയിലിനെ പറ്റി പറഞ്ഞു.കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷ 5 വര്‍ഷമെങ്കിലും അനുഭവിച്ചു കഴിഞ്ഞവരില്‍ നിന്നു തിരഞ്ഞെടുത്തവരെയാണു തുറന്ന ജയിലിലേക്ക് മാറ്റുന്നത്.മാനസികപരിവര്‍ത്തനമാണു ലക്ഷ്യം.
(ചീമേനി ടൌണ്‍)പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ തന്നെ ചീമേനി എത്തി.ചെറിയ ഒരു കവല എന്നു പറയാം.കുറച്ചു കടകള്‍.അവിടെ ഒരു ഹോട്ടലില്‍ നിന്നും ചായ കുടിച്ച ശേഷം ഞങ്ങള്‍ കയ്യൂരിലേക്കുള്ള വഴി ചോദിച്ചു .മധു ആ വഴി കാര്‍ തിരിച്ചു.ഏതാണ്ട് ഒരു അഞ്ചു കി.മീ എത്തിയപ്പോള്‍ കയ്യൂര്‍ എത്തി.ഇപ്പോളും ഞങ്ങള്‍ കുന്നിന്‍ മുകളില്‍ തന്നെ.വരണ്ട ഭൂപ്രകൃതിക്ക് അല്പം മാറ്റം വന്നെങ്കിലും കാര്യമായ മാറ്റമില്ല താനും.
(കയ്യൂരിലെ നായനാര്‍ സ്മാരക ഐ.ടി.ഐ)കയ്യൂരിലെ പാര്‍ട്ടി ഓഫീസും, നായനാര്‍ സ്മാരക ഐ.ടി ഐയും ഇപ്പോള്‍ കാണാം.ഇപ്പോളും ഗ്രാമിണത തുടിച്ചു നില്‍ക്കുന്ന ഒരു ചെറിയ സ്ഥലം.
അവിടനിന്നും അല്പം മുന്നോട്ട് പോകുമ്പോള്‍ വലത്തേക്കു തിരിഞ്ഞാണു കയ്യൂര്‍ രക്ത സാക്ഷി മണ്ഡപത്തിലേക്കുള്ള വഴി.അത് സ്ഥിതി ചെയ്യുന്നത് കുന്നിന്റെ അടിവാരത്തിലാണ്.കുന്നിറങ്ങി ചെല്ലുമ്പോള്‍ ഞങ്ങള്‍ അതിശയിച്ചുപോയി.മുന്നിലിതാ അതിമനോഹരമായ ഗ്രാമീണഭംഗി തെളിഞ്ഞു വരുന്നു.കേരളീയ ഗ്രാമീണ ഭംഗിയെന്നു നമ്മള്‍ മനസ്സില്‍ കരുതുന്നത് എന്താണോ അതാണു കയ്യൂര്‍.കാസറഗോഡിന്റേയും കണ്ണൂരിന്റേയും പ്രാദേശിക ചരിത്രമെഴുതിയ കെ.ബാലകൃഷ്ണന്‍ (ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി) കയ്യുരിനെ വിശേഷിപ്പിക്കുന്നത് ‘കദളീവന’മെന്നാണ്.ആ പേര് തികച്ചും അന്വര്‍ത്ഥം തന്നെ.
(കയ്യൂരിലേക്ക് ചെല്ലുമ്പോള്‍-ഭൂമിയിലെ സ്വര്‍ഗം)സസ്യശ്യാമളകോമളമായ ഈ കയ്യൂരിലാണു വിപ്ലവത്തിന്റെ വെള്ളി നക്ഷത്രങ്ങള്‍ പൊട്ടി വീണത്.ശ്യാമസുന്ദര കേര കേദാര ഭൂമി എന്നു വിശേഷിപ്പിക്കാന്‍ മറ്റൊരിടം തേടി പോകേണ്ടതില്ല.തെങ്ങ്, കവുങ്ങ്,വാഴ,പ്ലാവ്,കുരുമുളകു വള്ളി തുടങ്ങിയവ കൊണ്ട് നിറഞ്ഞ ഒരു വലിയ തോട്ടം എന്നാണു കയ്യൂരിന്റെ സമരചരിത്രമെഴുതിയ കയ്യൂര്‍ പോരാളി വി.വി.കുഞ്ഞമ്പു സ്വന്തം നാടിനെ വിശേഷിപ്പിക്കുന്നത്.
(കയ്യൂര്‍- മറ്റൊരു ദൃശ്യം)പെട്ടെന്ന് ഞാന്‍ ലെനിന്‍ രാജേന്ദ്രന്റെ “മീനമാസത്തിലെ സൂര്യന്‍” എന്ന സിനിമ ഓര്‍ത്തുപോയി.കയ്യൂരിന്റെ ചരിത്രം ആസ്പദമാക്കി ചെയ്ത ആചിത്രത്തിലെ ടൈറ്റില്‍ ഗാനം എന്റെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചു.ആ ഗാനരംഗം ഇപ്പോളിതാ ഞാന്‍ നേരില്‍ കാണുകയാണ്.
|
(“മീനമാസത്തിലെ സൂര്യന്‍’ എന്ന സിനിമയിലെ മനോഹരഗാനം)
ഞങ്ങളുടെ കാര്‍ മെല്ലെ മെല്ലെ തേജസ്വിനിക്ക് കുറുകെയുള്ള അരയാല്‍ കടവ് പാലത്തിനടുത്തെത്തി.’തേജസ്വിനി’ കയ്യൂരിന്റെ ഹൃദയരേഖയാണ്.കാര്യങ്കോട് പുഴ എന്നറിയപ്പെട്ടിരുന്ന തേജസ്വിനിയുടെ ഇരു കരകളിലുമായിട്ടാണു ഫലഭൂയിഷ്ഠമായ കയ്യൂര്‍ ഗ്രാമം.പാലത്തിനടുത്ത് ചെറിയ കട നടത്തുന്ന ചേട്ടനോട് ഞങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള വഴി ചോദിച്ചു.കടയുടെ നേരെ എതിരെയുള്ള നാട്ടുപാതയിലൂടെ ഞങ്ങള്‍ ആ കദളീവനത്തില്‍ പ്രവേശിച്ചു.
(കദളീ വനം)കൊച്ചു കൊച്ചു വീടുകള്‍.തനി നാടന്‍ ഗ്രാമം.അല്പദൂരെ ചെന്നപ്പോള്‍ പുഴക്കരയില്‍ ഇടതു വശത്തായി താഴെ രക്തസാക്ഷി മണ്ഡപം കാണാറായി.മധു വണ്ടി നിര്‍ത്തി.ഞങ്ങള്‍ താഴേക്ക് ഇറങ്ങിച്ചെന്നു.ഒരു നിമിഷം ഞങ്ങളുടെ മനസ്സില്‍ വിപ്ലവത്തുടിപ്പുകള്‍ വീര്‍പ്പുമുട്ടി.ജന്മിത്വത്തിനെതിരെ പടപൊരുതി അമരന്മാരായി മാറിയ സഖാക്കളുടെ ഓര്‍മ്മകള്‍ ഞങ്ങളെ വികാരാവേശം കൊള്ളിച്ചു.
(കാലത്തിനും ചരിത്രത്തിനും സാക്ഷിയായി ‘തേജസ്വിനി’...എല്ലാം അറിഞ്ഞവള്‍)താഴെ ശാന്തയായി ഒഴുകുന്ന സുന്ദരിയായ തേജസ്വിനി.കാലത്തിനും ചരിത്രത്തിനും സാക്ഷിയായി.....പുഴക്കരയിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു..എന്തെന്തു സംഭവപരമ്പരകള്‍ക്കാണു ഈ നദി സാക്ഷ്യം വഹിച്ചിട്ടുള്ളത്...!എത്രയോ ധീരന്മാര്‍ ഈ വഴി കടന്നു പോയിരിക്കുന്നു..എത്രയോ സ്ത്രീകള്‍ ഈ നദീതീരങ്ങളില്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനു ഇരയായിരിക്കുന്നു........!
(തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ രക്തസാക്ഷി മണ്ഡപം )കയ്യൂരിലെന്താണു സംഭവിച്ചത്?
1930കളുടെ അവസാനം വടക്കേ മലബാറിലെങ്ങും കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്ന സമയം.കയ്യൂരിലെയും തൊട്ടടുത്ത ക്ലായിക്കോട്ടിലേയും രണ്ടു കര്‍ഷകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തപ്പോള്‍ അത് പരിഹരിക്കാനായി എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം കര്‍ഷക സംഘം പ്രവര്‍ത്തകര്‍ എത്തി.1938 ല്‍ ആയിരുന്നു ഇത്.അവര്‍ പ്രശ്നം പറഞ്ഞുതീര്‍ത്തു.അപ്പോള്‍ തങ്ങളുടെ ഗ്രാമത്തിലും ഇത്തരമൊരു സംഘം വേണമെന്ന് കയ്യൂരിലെ കൃഷിക്കാര്‍ ആവശ്യപ്പെട്ടു.അങ്ങനെ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം ജന്മി ചൂഷണത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പ്രചാരണം തുടങ്ങി.
എങ്കിലും രണ്ടാം ലോകമഹായുദ്ധം തുടങ്ങുകയും, കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഒന്നാകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആയി മാറിയ പിണറായി പാറപ്രം രഹസ്യ സമ്മേളനം നടക്കുകയും ചെയ്ത 1939 ല്‍ ആണു സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാകുന്നത്.ടി.എസ് തിരുമുമ്പിന്റെ വരവോടെയാണിതെന്ന് പറയാം.നീലേശ്വരം രാജാവിനെ കൂടാതെ ചെറു ജന്മിമാര്‍ വേറേയും ഉണ്ടായിരുന്നു.അങ്ങനെയാണ് ടി.എസ് തിരുമുമ്പും , കെ.മാധവനും , എന്‍ എസ് നമ്പൂതിരീപ്പാടും ചേര്‍ന്ന് അവിടെ ഒരു കര്‍ഷക സംഘം യൂണിറ്റ് ഉണ്ടാക്കാനായി ചെന്നത്.പട്ടിണി താണ്ഡവനൃത്തമാടിയിരുന്ന ഒരു പ്രദേശമായിരുന്നു അക്കാലത്ത് കയ്യൂര്‍ എന്ന് ‘തിരുമുമ്പിനൊപ്പം” എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹത്തിന്റെ പത്നി കാര്‍ത്ത്യായനിക്കുട്ടിയമ്മ സാക്ഷ്യപ്പെടുത്തുന്നു.മിക്കവര്‍ക്കും സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഉണ്ടായിരുന്നില്ല.നീലേശ്വരം രാജാവിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങി ജീവിക്കേണ്ട അവസ്ഥ.

അങ്ങനെ തിരുമുമ്പിന്റേയും കെ.മാധവന്റേയും ഒക്കെ നിരന്തരമായുള്ള ശ്രമഫലമായി അവിടെ കര്‍ഷക സംഘം ശക്തിയാര്‍ജ്ജിച്ചു തുടങ്ങി.ക്രമേണ ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ ബോധം വളരുകയും കര്‍ഷകസംഘത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ശക്തമായ അടിത്തറ ഉണ്ടാവുകയും ചെയ്തു.ജന്മിമാര്‍ക്കെതിരായ പൊതുബോധം ജനങ്ങളില്‍ സൃഷ്ടിക്കുന്നതോടൊപ്പം യുദ്ധവിരുദ്ധ - സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങളും കവിതകളും ടി.എസ് തിരുമുമ്പ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു.തിരുമുമ്പിന്റെ വിപ്ലവഗീതികള്‍ കയ്യൂരിന്റെ മണ്ണില്‍ ആവേശമായി അലയടിച്ചു.
സ്ത്രീകളടക്കം ഒരു വലിയ ജനത ആ വിപ്ലവഗാനങ്ങള്‍ പാടി നടന്നിരുന്നു
എന്നാല്‍ 1940 ല്‍ ചെറുവത്തൂരിലും കയ്യൂരിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു.അതേ വര്‍ഷം തന്നെ നടന്ന മൊറാഴ സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇ.കെ നായനാര്‍ ഇക്കാലത്താണു സ; പി.കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശ പ്രകാരം കയ്യൂര്‍ കേന്ദ്രമാക്കി പാര്‍ട്ടി കെട്ടിപ്പെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.അങ്ങനെ കയ്യൂരും പരിസരപ്രദേശങ്ങളിലും, വടക്കേ മലബാറിലെ മറ്റു താലൂക്കുകളിലെപ്പോലെ തന്നെ കര്‍ഷക പ്രസ്ഥാനം ഒരു വലിയ ശക്തിയായി മാറി.ജന്മിത്വത്തിനെതിരെ തിരിഞ്ഞു നിന്നു എതിര്‍ക്കാനുള്ള ശക്തി ഈ പാവപ്പെട്ട കര്‍ഷകര്‍ നേടിയെടുത്തു.

(കയ്യൂരിന്റെ സൌന്ദര്യം)
അങ്ങനെയിരിക്കെയാണു 1941 മാര്‍ച്ച് 30 നു ഒരു സാമ്രാജ്യത്വ വിരുദ്ധ-യുദ്ധവിരുദ്ധ പ്രകടനം നടത്താന്‍ കര്‍ഷകസംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കൂടി തീരുമാനിക്കുന്നത്.അതിനോടനുബന്ധിച്ച കര്‍ഷക പ്രശ്നങ്ങള്‍ ഉന്നയിച്ച് ഒരു വലിയ നിവേദനം ജാഥയായി ചെന്ന് നീലേശ്വരം രാജാവിനു സമര്‍പ്പിക്കാനും കര്‍ഷക സംഘം തീരുമാനിച്ചു.
അതിനോടനുബന്ധിച്ച് മാര്‍ച്ച് 25 നു ഒരു വിളംബരജാഥ നടന്നു.ടി.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ ഇടുങ്ങിയ വഴിയിലൂടെ കടന്നു പോയ ജാഥക്കു മുന്നില്‍ അന്നത്തെ റവന്യൂ ഇന്‍സ്പെക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ നായര്‍ വന്നുപെട്ടു.ജാഥക്കാര്‍ തന്നെ ബഹുമാനിക്കുമെന്നും മുദ്രാവാക്യം വിളി നിര്‍ത്തി തനിക്ക് കടന്നു പോകാന്‍ വഴിയൊരുക്കി തരുമെന്നും അയാള്‍ കരുതിക്കാണണം.എന്നാല്‍ ജാഥാംഗങ്ങള്‍ അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് മാര്‍ച്ച് ചെയ്യുകയാണു ഉണ്ടായത്.ഇത് തന്നെ അപമാനിക്കാന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും അതിനവരെ ഒരു പാഠം പഠിപ്പിക്കണമെന്നും അയാള്‍ കരുതി.അതിനായി ജില്ലാ കളകടര്‍ക്കും പോലീസ് ഭരണാധികാരികള്‍ക്കും കെട്ടിച്ചമച്ച പല റിപ്പോര്‍ട്ടുകളും അയാള്‍ അയക്കുകയുണ്ടായി.
(ഇന്നും മാറ്റമില്ലാതെ തുടരുന്ന ഈ നാട്ടുപാതയിലൂടെയാണു അന്ന് കര്‍ഷകസംഘം ജാഥ കടന്നുപോയത്)

( മൈനറായതു മൂലം വധശിക്ഷയില്‍ നിന്ന്ഒഴിവാക്കപ്പെട്ട ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ വീട്)അവലംബം:
1:കാസര്‍ഗോഡന്‍ ഗ്രാമങ്ങളിലൂടെ- കെ.ബാലകൃഷ്ണന്‍
2:വിപ്ലവപ്പാത- പി.സുന്ദരയ്യ
3:എന്റെ നാട് ,എന്റെ മണ്ണ്- ഇ.കെ നായനാര്‍
4:തിരുമുമ്പിനൊപ്പം- കാര്‍ത്ത്യായനിക്കുട്ടിയമ്മ
5:ചരിത്രകാരനായ ഡോ.കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ സംഭാഷണം
6:മാതൃഭൂമി ആഴ്ചപ്പതിപ്പ് -ജൂണ്‍ 22,2008 &ജൂലൈ 19,2009
നന്ദി:മനോഹരമായ ഗാനത്തിന്റെ എം.പി 3 തന്നു സഹായിച്ച കയ്യൂര്‍കാരന്‍ കൂടിയായ സുഹൃത്ത് സജിത്തിനും, അതു അപ്‌ലോഡ് ചെയ്തു തന്ന സുഹൃത്ത് റിയാദിനും,എന്നോടൊപ്പം സഹയാത്രികനായിരുന്ന പ്രിയ സുഹൃത്ത് മധുവിനും.











