ചരിത്ര പണ്ഡിതന്, ഗവേഷകന്, ഗ്രന്ഥകാരന് എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1939 ലാണു ജനനം.ഇപ്പോള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസിലുള്ള ‘സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസി(Centre For Heritage Studies)’ന്റെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിക്കുന്നു.ഒരു ഡസനിലേറേ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണു.”നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം,കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍,പഴശ്ശി സമര രേഖകള്‍,കയ്യൂര്‍ സമരം,Agarian struggle in Kerala,India's naval traditions,Land Monopoly and agarian system in south Kanara with special reference തുടങ്ങിയവയാണു ഇവയില്‍ പ്രധാനപ്പെട്ട കൃതികള്‍
ജനപക്ഷത്തുനിന്നു ചരിത്രമെഴുതിയ വ്യക്തിയാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കൊളോണിയലിസത്തിനെതിരെ ഈ കൊച്ചു കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ നേര് ചരിത്രം നമുക്ക് ആദ്യമായി പറഞ്ഞു തന്നത് ഇദ്ദേഹമാണ്.പഴശ്ശിരാജയുടെ ചെറുത്തു നില്പ്പുകള് മുതല്‍ മലബാറിലെ കാര്‍ഷിക സമരങ്ങളുടെ സാമൂഹിക പ്രസക്തി വരെ മലയാളിക്ക് ഇദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.ആധുനിക കേരളത്തിന്റെ ചരിത്ര സൃഷ്ടിയില്‍ വമ്പിച്ച പങ്കാണു ജന്മിത്വ-നാടുവാഴിത്ത വ്യവസ്ഥക്കും അതു വഴി സാമ്രാജ്യത്വത്തിനുമെതിരായി മലബാറിലെ ഗ്രാമങ്ങളില്‍ കര്‍ഷകര്‍ നടത്തിയ ചെറുത്തു നില്പ്പുകള് വഹിച്ചിട്ടുള്ളത്.കയ്യൂര്‍ , കരിവെള്ളൂര്‍, കാവുമ്പായി, മുനയന്‍കുന്ന്, പാടിക്കുന്നു,മാവിച്ചേരി, ഒഞ്ചിയം,തില്ലങ്കേരി,കോറോം തുടങ്ങിയ സ്ഥലങ്ങളിലെ തീവ്ര സമരങ്ങള്‍ നല്കിയ ഊര്‍ജ്ജമാണു ഭൂപരിഷ്കരണനിയമങ്ങള്‍ക്കു വരെ വഴികാട്ടിയായത്.
ചെന്നൈയില്‍ ഇ.എം.എസ് അനുസ്മരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിനു സമയം ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതിക്കുകയും വിലയേറിയ രണ്ടു മണിക്കൂര്‍ എനിക്ക് അനുവദിക്കുകയും ചെയ്തു.പഴശ്ശിരാജാ മുതല്‍ കാര്‍ഷിക കലാപങ്ങള്‍ വരെ, ചരിത്രരചനയുടെ വൈജാത്യങ്ങള്‍ മുതല്‍ ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ വരെ,ഓരോന്നും വിശദമായി അദ്ദേഹം സംസാരിച്ചു.
ആ അഭിമുഖത്തിന്റെ ഒന്നാം ഭാഗമാണു താഴെ കൊടുക്കുന്നത്.
പഴശി ചരിത്രം ഈ അടുത്ത കാലത്ത് കേരളത്തില്‍ വളരെയധികം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ.പഴശ്ശിരാജ ഒരു മുസ്ലീം വിരുദ്ധന്‍ എന്ന രീതിയില്‍ പ്രചാരണം ഉണ്ട്.കോട്ടയം രാജ്യത്ത് മുസ്ലീം പള്ളി പണിതവരെ വധശിക്ഷക്ക് വിധിച്ച് എന്ന് സാര്‍ എഴുതിയ പുസ്തകത്തിലും ഉണ്ട്.എങ്ങനെ കാണുന്നു ഇതിനെ?
അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ അനുസരിച്ച് പള്ളി കെട്ടണമെങ്കില്‍ രാജാവിന്റെ അനുമതി നേടിയിരിക്കണം.അതു ചെയ്യാതിരുന്നവരെ രാജഭരണത്തിനു എതിര്‍ക്കാതിരിക്കാന്‍ വയ്യ.ഇക്കാര്യത്തില്‍ അത്തരമൊരു അനുമതി വാങ്ങിയിരുന്നില്ല എന്നാണു കാണാനാവുന്നത്.എന്നു മാത്രമല്ല ഇത്തരം ശിക്ഷകള്‍ നടപ്പിലാക്കിയിരുന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തിക്കാരനായിരുന്ന പഴയ വീട്ടില്‍ ചന്തുവാണ്.ചന്തുവാകട്ടെ പഴശ്ശിയേയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയേയും തമ്മില്‍ തെറ്റിക്കാനും നോക്കുന്നുണ്ട്.അതൊക്കെ ഞാന്‍ എന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.ഒരു രാജാവിനു അതിനു നേരേ വരുന്ന എതിര്പ്പി (rebellion) നെയോ കലാപത്തിനേയോ നേരിടാതിരിക്കാന്‍ വയ്യ.അപ്പോള്‍ അദ്ദേഹത്തിനു പള്ളി നശിപ്പിക്കുക എന്നതല്ലായിരുന്നു ഉദ്ദേശ്യം, മറിച്ച് രാജാവിനോടുള്ള ‘ലോയല്‍റ്റി’കാണിക്കാതിരുന്നതിന്റെ പ്രശ്നമായിരുന്നു.തൂക്കിലേറ്റിയത് പഴയ വീട്ടില്‍ ചന്തുവാണെന്നതും ഓര്‍ക്കേണ്ടതുണ്ട്.
പിന്നെയെങ്ങനെയാണ് മറിച്ചൊരു ധാരണ ഉണ്ടാകുന്ന വിധത്തില്‍ വില്യം ലോഗന് എഴുതാന്‍ കാരണം?
അതൊരു ഇംഗ്ലീഷ് തന്ത്രത്തിന്റെ ഭാഗമാണ്.’ഹിന്ദുക്കള്‍ മുസ്ലീങ്ങളെ പീഠിപ്പിക്കുന്നു, അവരെ രക്ഷിച്ചത് തങ്ങളാണു’ എന്നു വരുത്തിത്തീര്‍ക്കാനുള്ള തന്ത്രം.മാത്രമല്ല ഇതിലെ സത്യാവസ്ഥ കാണിച്ച് പഴശ്ശി കമ്പനിക്ക് കത്തെഴുതുന്നുണ്ട്.ഇത് ഒരു പക്ഷേ ലോഗന് കണ്ടിട്ടുണ്ടാവില്ല.ഈ കത്തില്‍ വ്യക്തമാകുന്നത് ഈ സംഭവങ്ങളില്‍ പഴശിക്ക് നേരിട്ടൊരു ബന്ധം ഇല്ലായിരുന്നുവെന്നാണ്.അപ്പോള്‍ ഈ കത്തിലെ കാര്യം കാണാതെയാണു പഴശിയുടെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം കമ്പനിക്ക് പട്ടാളത്തെ അയക്കേണ്ടി വന്നു എന്ന് ലോഗനു എഴുതേണ്ടി വന്നത്.
പഴശിയുടെ കാലത്ത് മുസ്ലീം ജനസംഖ്യ ഇന്നത്തെപ്പോലെ ഉണ്ടായിരുന്നോ?
കുറവായിരുന്നു, പക്ഷേ മുസ്ലീം വിഭാഗത്തില്‍ പെട്ടവര്‍ ഉണ്ടായിരുന്നു.
അപ്പോള്‍ അവര്‍ക്ക് പള്ളി പണിയണമെങ്കില്‍ അന്നത്തെ രാജാക്കന്മാരില് നിന്നും അനുമതി വാങ്ങണമായിരുന്നു അല്ലേ?
അതെ.അതിപ്പോള്‍ വളരെ മുന്നിട്ട് നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ജര്‍മ്മനിയില്‍ ഒരു മുസ്ലീം പള്ളി കെട്ടാന്‍ സാധിക്കില്ല..വീട്ടിലാണവര്‍ പ്രാര്‍ത്ഥിക്കുന്നത്.പള്ളി കെട്ടണമെങ്കില്‍ അനുമതി വേണം.
മറ്റൊന്നു, ആദിവാസികള്‍ പഴശ്ശിയെ സഹായിച്ചിരുന്നു.എന്നാല്‍ പഴശ്ശി അവരോട് എങ്ങനെ പെരുമാറിയിരുന്നു?
നമ്മള് ശ്രദ്ധിക്കേണ്ട വസ്തുത എന്നത് അന്നു നിലവിലുള്ളത് ഫ്യൂഡല്‍ വ്യവസ്ഥിതിയായിരുന്നു എന്നതാണ്.അതിനുള്ളില്‍ നിന്നു തന്നെയാണു പഴശ്ശിയും ഭരിച്ചത്.അതിനുള്ളില്‍ നിന്ന് ജനക്ഷേമകരമായ കാര്യങ്ങള്‍ ചെയ്ത ആളെന്ന നിലയിലാണു പഴശ്ശിയെ കാണാനാവുന്നത്.വയനാട്ടില്‍ കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ പഴശ്ശി ശ്രമിച്ചിരുന്നതായി രേഖകള്‍ ഉണ്ട്.എന്നാല്‍ അതില്‍ ആദിവാസികള്‍ എവിടെ നിന്നിരുന്നു എന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല.
അടിമ വ്യവസ്ഥിതി അന്നു വയനാട്ടില്‍ നിലവിലുണ്ടായിരുന്നാല്ലോ.കെ.ജെ ബേബിയുടെ ‘മാവേലി മന്റ’ത്തിലും മറ്റും അതിനെക്കുറിച്ച് പറയുന്നുണ്ടല്ലോ?
ശരിയാണു, പക്ഷേ അതു നിര്‍ത്തലാക്കാന്‍ പഴശ്ശിക്ക് സാധിക്കുന്നില്ല.പലരേയും അടിമകളാക്കിയിരുന്നു.തിരുവിതാംകൂറില്‍ തന്നെ അടിമവ്യവസ്ഥ പൂര്‍ണ്ണമായും നിര്‍ത്തലാക്കിയത് ബ്രിട്ടീഷുകാരുടെ നിര്‍ബന്ധം മൂലമായിരുന്നെന്ന് കാണാം.ഇന്നത്തെ മാനദണ്ഡങ്ങള്‍ വച്ച അന്നത്തെ ചരിത്രത്തെ വിലയിരുത്താന്‍ കഴിയില്ല.പഴശ്ശി അന്നത്തെ സിസ്റ്റത്തെ അംഗീകരിച്ചിരുന്നു എന്നു മാത്രമേ പറയുവാന്‍ കഴിയൂ.ഈ വില്ക്കല് വാങ്ങലുകള്‍ അന്നത്തെ ഭരണാധികാരികളുടെ ശ്രദ്ധയില്‍ ഇല്ലാത്ത കാര്യമാണ്.
അതായത് പഴശ്ശി ഒരേ സമയം സ്വാതന്ത്ര്യ സമര പോരാളി ആയിരിക്കുമ്പോള്‍ തന്നെ നിലവിലുള്ള ഫ്യൂഡല്‍ വ്യവസ്ഥയുടെ ആളുമായിരുന്നു എന്നു കാണാം അല്ലേ?
അതെ.അതുകൊണ്ടാണല്ലോ ഇത്രയധികം ആള്ക്കാര് അദ്ദേഹത്തോടൊപ്പം അണിനിരന്നത്.ഫ്യൂഡല്‍ വ്യവസ്ഥിതി രാജാവിന് നല്കുന്ന ‘ലോയല്‍റ്റി”യാണു ഇത്രയധികം ആള്‍ക്കാരുണ്ടാകാന്‍ കാരണം.അതേ സമയം ഈ ലോയല്‍റ്റി മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പഴശ്ശിയോട് ഇല്ല.ഉദാഹരണമായി കടത്തനാട്ട് രാജ്യത്തിലെ ജനങ്ങളുടെ ലോയല്‍റ്റി അവിടുത്തെ നാടുവാഴിയോടു മാത്രമാണ്.അതു മനസ്സിലാക്കിയതു കൊണ്ടാണു ബ്രിട്ടീഷുകാര്‍ അംശങ്ങളായി വിഭജിച്ച് ഭരിക്കാന്‍ ശ്രമിച്ചിരുന്നത്.
സാറിന്റെ പുസ്തകത്തില്‍ പറയുന്നത് കുറുമ്പ്രനാട് രാജാവിനെ ബ്രിട്ടീഷുകാര്‍ കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയില്‍ കണ്ടിരുന്നതായിട്ടാണല്ലോ?
കുറുമ്പ്രനാട്ട് രാജാവ് യഥാര്‍ത്ഥകോട്ടയം ഭരണാധികാരി അല്ല.അദ്ദേഹം കോട്ടയത്തു നിന്നു ദത്തു പോയതാണ്.ദത്തുപോയ ഒരാള്‍ക്ക് പിന്നെ പഴയ വീട്ടില്‍ ഒരധികാരവുമില്ല, മലബാര്‍ വ്യവസ്ഥപ്രകാരം. പഴശ്ശിയുമായി നികുതി വ്യവസ്ഥകളില്‍ ഒരു ഒത്തു തീര്‍പ്പുണ്ടാക്കാനാവാതെ വന്നപ്പോള്‍ ഗവര്‍ണര്‍ ഇദ്ദേഹത്തെ കൊണ്ടുവരികയാണ്.കുറുമ്പ്രനാടു രാജാവും ഇതൊരു അവസരമായി കാണുകയും ചെയ്തു.അങ്ങനെയാണു ഇദ്ദേഹമാണു കോട്ടയത്തിന്റെ യഥാര്‍ത്ഥ അവകാശി എന്ന നിലയിലുള്ള പ്രചാരണം ഉണ്ടായത്.അപ്പോള്‍ കൊളോണിയല്‍ ഭരണത്തിന്റെ പരിതസ്ഥിതികള്‍ ഉപയോഗിച്ചു കൊണ്ട് സ്വന്തം സ്വത്തുക്കള്‍ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച സ്വാര്‍ത്ഥമതിയായ ഒരു ഭരണാധികാരിയായി മാത്രമേ കുറുമ്പ്രനാട്ട് രാജാവിനെ കാണാനാവൂ.വില്യം ലോഗന് തന്നെ പറയുന്നത് കുറുമ്പ്രനാട്ട് രാജാവുമായി ബ്രിട്ടീഷുകാര്‍ ചെയ്ത കരാറാണു വാസ്തവത്തില്‍ ഈ നീണ്ടു നിന്ന യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമായതെന്നാണ്.
പഴശ്ശിരാജ നടത്തിയിരുന്നത് ഒരു ഒളിപ്പോരാട്ടം ആയിരുന്നോ?
ഒളിപ്പോരാട്ടം തന്നെയായിരുന്നു.അതായത് “തീരുമാനിച്ചുറപ്പിച്ച പോരാട്ടങ്ങള്‍” (fixed battle)അല്ലായിരുന്നു.അത്തരം ഒരു സൈന്യവുമല്ലായിരുന്നു.ജനങ്ങള്‍ മുഴുവന്‍, അല്ലെങ്കില്‍ കൃഷിക്കാര്‍ മുഴുവന്‍ സൈന്യമായി മാറുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്.അപ്പോള്‍ മലയിടുക്കുകളിലും കാടുകളിലും ഒക്കെ വച്ച് പെട്ടെന്നുള്ള ആക്രമണശൈലിയായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്.
പഴശ്ശിരാജ ആത്മഹത്യ ചെയ്യുകയായിരുന്നോ?
സാഹചര്യങ്ങള്‍ അങ്ങനെയാണു കാണിക്കുന്നത്.എന്തായാലും വൈരം വിഴുങ്ങിയല്ല.വൈരം വിഴുങ്ങിയാല്‍ ഉടന്‍ മരിക്കില്ല.സ്വയം വെടിവച്ചാണു മരിച്ചതെന്ന് വേണം കരുതാന്‍.എന്നു മാത്രമല്ല പരിക്കേറ്റു വീണുകിടക്കുന്ന പഴശ്ശി ഓടി രക്ഷപെടാതിരിക്കാന്‍ തടഞ്ഞു നിര്‍ത്തിയ കണാര മേനോന്റെ നെഞ്ചിനു നേരെ തോക്കു ചൂണ്ടി “അടുത്തു വരരുത്” എന്ന് പഴശ്ശി പറയുന്നുമുണ്ട്. കൈത്തോക്ക് പഴശ്ശി എപ്പോഴും സൂക്ഷിച്ചിരുന്നതായും കാണാം.കമ്പനിക്ക് പിടി കിട്ടിയാല്‍ അവര്‍ കൊണ്ടു പോയി തൂക്കിലിടുമെന്ന് പഴശ്ശിക്ക് അറിയാം.അപ്പോള്‍ ആ സമയത്ത് സ്വയം വെടി വച്ചു മരിച്ചതാകാനാണു സാദ്ധ്യത.എന്നാല്‍ ഏറ്റുമുട്ടലില്‍ പഴശ്ശിയെ കൊന്നു എന്നാണു കമ്പനി പട്ടാളം റിപ്പോര്‍ട്ട് നല്‍കുന്നത്.അതിനു കാരണം പഴശ്ശിയുടെ തലക്ക് അവര്‍ വിലയേര്‍പ്പെടുത്തിയിരുന്നു എന്നതാണ്.ആ തുക കൈക്കലാക്കാന്‍ അത്തരമൊരു റിപ്പോര്‍ട്ട് നല്‍കേണ്ടത് മലബാറിലെ കമ്പനി സൈനികോദ്യോഗസ്ഥരുടെ ആവശ്യമായിരുന്നു.
പക്ഷേ ഇങ്ങനെ ആത്മഹത്യ ചെയ്ത പഴശ്ശിയുടെ മൃതദേഹം അവര്‍ കൊണ്ടു പോവുകയാണല്ലോ?
അതെ , അതിനു പ്രധാന കാരണം ആ മരണത്തെ തുടര്‍ന്ന് മറ്റൊരു കലാപം അവിടെ പൊട്ടിപ്പുറപ്പെടാതെ നോക്കുക എന്നതായിരുന്നു.
ഒരു പക്ഷേ ടിപ്പു സുല്‍ത്താനും പഴശ്ശിയും ഒന്നിച്ചു നില്ക്കുന്ന ഒരവസ്ഥ ഉണ്ടായിരുന്നെങ്കില്‍ കമ്പിനിക്ക് ദക്ഷിണേന്ത്യയില്‍ ഒരു കോളനിഭരണം സാധ്യമാകുമായിരുന്നോ?
എന്നു തീര്‍ത്തു പറയാന്‍ വയ്യ.അക്കാലമായപ്പോളേക്കും കമ്പനി ഇവര്‍ ഒന്നിച്ചു നിന്നാലും തോല്‍പ്പിക്കാനാവത്തത്ര ഒരു സൈനിക ശക്തി ആയിക്കഴിഞ്ഞിരുന്നു.പോരാത്തതിനു ഹൈദരാബാദിലെ നിസാമിന്റേയും മറാത്താ രാജാക്കന്മാരുടേയും പിന്തുണയും കമ്പനിക്കുണ്ടായിരുന്നു.അപ്പോള്‍ അവരെ ചെറുത്തു തോല്‍പ്പിക്കുക വിഷമമായിരുന്നു.പഴശിയോടൊപ്പം ഉണ്ടായിരുന്നത് ഏതാണ്ട് രണ്ടായിരം പേരോളം വരുന്ന നായര്‍ പടയാളികള്‍ മാത്രമായിരുന്നു.അത് കൊണ്ട് മാത്രം ടിപ്പുവിനു ഒരു പിന്തുണ ആകുമായിരുന്നില്ല.ജനങ്ങള്‍ തന്നെ പട്ടാളക്കാരും അവര്‍ തന്നെ ജനങ്ങളുമാകുന്ന ഒരു സാമൂഹിക സൈന്യ വ്യവസ്ഥ ( മിലേഷ്യ) ആയിരുന്നു പഴശ്ശിക്കുണ്ടായിരുന്നത്.അതു അത്ര വലിയ ഒരു സൈനിക ശക്തി ആയിരുന്നില്ല.
ടിപ്പു സുല്‍ത്താനു ഒരു ഹിന്ദു വിരുദ്ധത ഉണ്ടായിരുന്നോ?
മതത്തിന്റെ പേരില്‍ ഒരു വിരുദ്ധത ഉണ്ടായിരുന്നതായി കാണാന്‍ കഴിയില്ല.പഴശ്ശിയെ തന്നെ അദ്ദേഹം പിന്തുണച്ച പല അവസരങ്ങളും കാണാന്‍ കഴിയും.കോട്ടയവുമായി യുദ്ധം ചെയ്ത പിടിച്ചടക്കിയ വയനാട് പഴശ്ശിക്കു തന്നെ വിട്ടുകൊടുത്തതായി എന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.അതുപോലെ തന്നെ താമരശേരി ചുരം സംരക്ഷിക്കാന്‍ പടയാളികളേയും ടിപ്പു പഴശ്ശിക്കു നല്‍കിയതായി രേഖകളില്‍ കാണാം.
എന്നു മാത്രമല്ല, അന്നത്തെ മലബാറിലെ പല നാടുവാഴികളും ടിപ്പുവിനു കപ്പം കൊടുത്തിരുന്നു.അവര്‍ അതു നല്‍കാതിരിക്കുന്ന സന്ദര്‍ഭത്തില്‍ ആക്രമിക്കുക,നികുതി പിരിച്ചെടുക്കുക എന്നൊരു ശൈലിയായിരുന്നു ടിപ്പുവിന്റേത്.അക്കൂട്ടത്തില്‍ ക്ഷേത്രങ്ങളിലെ സമ്പത്തു മൂലം ചില ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു.പക്ഷേ പ്രധാന ലക്ഷ്യം ക്ഷേത്ര ആക്രമണങ്ങള്‍ അല്ലായിരുന്നു
ഇനി നമുക്കു മലബാറിലെ കാര്‍ഷിക കലാപങ്ങളിലേക്ക് വരാം.മലബാറിലെ കാര്‍ഷിക കലാപങ്ങളുടെ ഇന്നത്തെ പ്രസക്തി എന്താണു? ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ എന്തു പങ്കാണു ഈ കലാപങ്ങള്‍ വഹിച്ചിട്ടുള്ളത്?
ആധുനികകാലഘട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ഈ കലാപങ്ങളുടെ സംഭാവന വളരെ വലുതാണ്.കേരളത്തിലെ ഭൂപരിഷ്ക്കരണ നടപടികളുടെ പ്രധാന കാരണവും ഈ കാര്‍ഷിക സമരങ്ങളാണ്.അതായത് ഫ്യൂഡല്‍ വ്യവസ്ഥിതി നിലവിലിരുന്ന ഒരു കൊളോണിയല്‍ ഭരണവ്യവസ്ഥക്കെതിരായ ശക്തമായ പ്രതികരണമായിരുന്നു കാര്‍ഷിക കലാപങ്ങള്‍.ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തെ താങ്ങി നിന്നിരുന്ന ജന്മിത്ത്വ -നാടുവാഴി വ്യവസ്ഥക്കെതിരെ നടന്ന ഈ സമരങ്ങളെല്ലാം തന്നെ അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗവുമായിരുന്നു.
മലബാറില്‍ നടന്ന പോലെയുള്ള കാര്‍ഷിക സമരങ്ങള്‍ തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ നടന്നതായി കാണുന്നില്ല.എന്തായിരുന്നു അതിനു കാരണം?
അതിനു പ്രധാന കാരണമെന്നത് ഇവിടങ്ങളില്‍ 1865ല്‍ തന്നെ കുടിയാന്മാര്ക്ക് ചില സ്ഥിരാവകാശങ്ങളൊക്കെ കൊടുക്കുന്ന നിയമം ( കാണം പ്രൊക്ലമേഷന്‍)പാസാക്കിയിരുന്നു.അതു പിന്നീട് കൊച്ചിയിലേക്കും വ്യാപിച്ചു.എന്നാല്‍ കൊളോണിയല്‍ ഭരണം നിലനിന്നിരുന്ന മലബാറില്‍ ജന്മിമാരുടെ അവകാശങ്ങളില്‍ ഒരിഞ്ചു പോലും ഇല്ലാതാക്കാന്‍ കോടതികള്‍ പോലും തയ്യാറായിരുന്നില്ല.വില്യം ലോഗന് തന്നെ 1882 കാര്‍ഷികകമ്മിഷണറായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ കുടിയാന്മ നിയമം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.അതിന് പ്രകാരം 1887 ല്‍ ഒരു നിയമം പാസാക്കാന്‍ ശ്രമിച്ചെങ്കിലും ജുഡീഷ്യറി അതിനെതിരായിരുന്നു.അതായത് ഒഴിപ്പിക്കപ്പെടുന്ന കുടിയാനു കൊടുക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാഗം ജന്മിക്കും കൊടുക്കണമെന്നായിരുന്നു വ്യവസ്ഥ.അതായത് ജന്മിയെ തന്നെ അവകാശിയായി നിര്‍ത്തുന്ന ഒരു രീതി.എന്നാല്‍ തിരുവിതാകൂറിലെ നിയമം മൂലം ജന്മിവ്യവസ്ഥ മലബാറിലെപ്പോലെ തീവ്രമായിരുന്നില്ല.അതുകൊണ്ടാണു മലബാറില്‍ ശക്തമായ കര്‍ഷക പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വന്നത്.തിരുവിതാംകൂറിലാകട്ടെ തൊഴിലാളി പ്രസ്ഥാനമാണു ശക്തമായത്.കയര്‍, കശുവണ്ടി,കളിമണ്‍ തൊഴിലാളികള്‍ സംഘടിച്ച് ട്രേഡ് യൂണിയനുകള്‍ ഉണ്ടായി വന്നതും അങ്ങനെയാണ്.
വീണ്ടും കാര്‍ഷികകലാപങ്ങളിലേക്ക് വരാം.അതില്‍ പ്രധാനപ്പെട്ടതാണല്ലോ കയ്യൂര്‍ സമരം.അതിന്റെ കാരണങ്ങളെപ്പറ്റി വിരുദ്ധമായ ചില ചരിത്രങ്ങള്‍ വായിച്ചിട്ടുണ്ട്.യഥാര്‍ത്ഥത്തില്‍ കയ്യൂര്‍ സമരത്തിലേക്ക് നയിച്ചതെന്തായിരുന്നു?
യഥാര്‍ത്ഥത്തില്‍ നടന്നതെന്താണെന്ന് വച്ചാല്‍ മാര്‍ച്ച് 12 നു ഒരു സാമ്രാജ്യത്വ വിരുദ്ധ ജാഥ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.അന്ന് അത് റവന്യൂ ഇന്‍സ്പെക്ടര്‍ കാണുകയും അതില്‍ പങ്കെടുത്ത ആറു സഖാക്കള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.ഈ അറസ്റ്റു വാറന്റ് നടപ്പിലാക്കാനാണു പോലീസ് സംഘം കയ്യൂരിലെത്തിയത്.
അപ്പോള്‍ ഇത്തരം ഒരു സാമ്രാജ്യത്വ വിരുദ്ധജാഥയുടെ മുന്നിലാണോ പോലീസു കാരന് വന്നുപെട്ടതും പിന്നെ അയാളുടെ മരണത്തില്‍ അവസാനിച്ചതും?
അല്ല, മാര്‍ച്ച് 12 നു നടന്ന സാമ്രാജ്യത്വ വിരുദ്ധജാഥയില്‍ പങ്കെടുത്ത സഖാക്കളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ ജാഥയായിരുന്നു അന്നു കയ്യൂരില്‍ നടന്നത്.അതിന്റെ മുന്നിലാണ് കുടിച്ച് ലക്കുകെട്ട പോലീസുകാരന് സുബ്ബരായര്‍ വന്നുപെട്ടതും പിന്നീടുണ്ടായ സംഭവങ്ങളില്‍ പുഴയില്‍ ചാടിയതുമൂലം മുങ്ങി മരിക്കുകയും ചെയ്തത്.കയ്യൂര്‍ സംഭവത്തിനൊരു സാമ്രാജ്യത്വ വിരുദ്ധ ഭാവം ഉള്ളതും അതുകൊണ്ടു തന്നെയാണ്.
അതുപോലെ തന്നെ,കയ്യൂരാണെങ്കിലും കാവുമ്പായി ആണെങ്കിലും കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ വളരെ ഉള്‍നാടന്‍ കുഗ്രാമങ്ങളാണ്, ഇപ്പോളും..എങ്ങനെയാണു അവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ വളരാന്‍ ഉണ്ടായ കാരണങ്ങള്‍?
അതായത് കുഗ്രാമങ്ങളായിരുന്നെങ്കിലും ജന്മിത്വം ഇവിടങ്ങളില്‍ ശക്തമായിരുന്നു.അതുകൊണ്ടു തന്നെ കര്‍ഷക പ്രസ്ഥാനങ്ങളും ഇവിടെ വളര്‍ന്നു വന്നു.ഇത്തരം ഉള്‍നാടന്‍ പ്രദേശങ്ങള്‍ ആയിരുന്നതിനാല്‍ പോലീസിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ വളരെ കുറവായിരുന്നതിനാല്‍ കര്‍ഷകസംഘം പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഇത്തരം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചിരുന്നു.അങ്ങനെ നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനങ്ങളില്‍ മാറ്റം വരുത്തിയാണു ഇവിടങ്ങളില്‍ പുരോഗമന പ്രസ്ഥാനം വളര്‍ന്നത്.കയ്യൂരിലും മറ്റും 1936 മുതല്‍ തന്നെ കര്‍ഷക സംഘങ്ങള്‍ സജീവമായിരുന്നു.കമ്മ്യൂണിസ്റ്റുകാര്‍, ദേശീയവാദികള്‍, കര്‍ഷക പ്രസ്ഥാനങ്ങള്‍ ഇവയൊക്കെ ഇത്തരം പ്രദേശങ്ങളില്‍ അന്നേ പ്രവര്‍ത്തനം നടത്തിയിരുന്നുവെന്നു കാണാം.
അതുപോലെ തന്നെ ഒന്നാണു കയ്യൂര്‍ സമരത്തില്‍ സ:ഇ .കെ നായനാരുടെ പങ്ക്. ഇക്കാര്യത്തില്‍ പിന്നീട് പല വിവാദങ്ങള്‍ ഉണ്ടാകുകയും നായനാര്‍ കയ്യൂര്‍ സമരത്തിന്റെ ഭാഗം അല്ലായിരുന്നു എന്ന രീതിയില്‍ പ്രചാരണം വരികയും ചെയ്തിട്ടുണ്ടല്ലോ?
അതു പിന്നീട് രാഷ്ട്രീയമായി ഉണ്ടാക്കിയെടുത്ത ഒന്നാണ്.അദ്ദേഹത്തെ മൂന്നാം പ്രതിയാക്കിയാണു പോലീസ് കോടതിയില്‍ കുറ്റപത്രം കൊടുത്തിട്ടുള്ളതെന്ന് കാണാം.എന്നാല്‍ ഒളിവില്‍ പോയതുകൊണ്ട് അദ്ദേഹത്തെ പിടിക്കാന്‍ പോലീസിനു സാധിക്കാതെ വരികയും അങ്ങനെ അവസാനം ശിക്ഷിക്കപ്പെടാതെ പോവുകയുമാണു ചെയ്തിട്ടുള്ളത്.
എന്നു മാത്രമല്ല അക്കാലത്ത് കയ്യൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അവിടെ പാര്‍ട്ടിയുടെ സെക്രട്ടറി കൂടെ ആയിരുന്നില്ലേ?
അതെ , അവിടെ കര്‍ഷകസംഘത്തിന്റേയും കമ്മ്യൂണിസ്റ്റുപാര്‍ട്ടീയുടേയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു.സാമ്രാജ്യത്വ വിരുദ്ധജാഥയുടെ ഒക്കെ പിന്നില്‍ അദ്ദേഹവും ഉണ്ടായിരുന്നു.അതുകൊണ്ടു കൂടിയാണു അദ്ദേഹം മൂന്നാം പ്രതി ആകുന്നതും.
അന്നു നടന്ന ആ ജാഥയില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിരുന്നതായി അറിയാമോ?
അതിനെക്കുറിച്ച് കൃത്യമായി അറിയില്ല.പക്ഷേ അക്കാലത്ത കയ്യൂരില്‍ ഒളിവിലെന്നപോലെ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹമായിരുന്നു അവിടെ എല്ലാ പ്രക്ഷോഭ പരിപാടികളുടേയും നേതൃത്വം നല്‍കിയിരുന്നത്.
അതുപോലെ തന്നെ ‘മൊറാഴ’ സംഭവമുമായി ബന്ധപ്പെട്ട് തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ടിരുന്ന കെ.പി.ആര് ഗോപാലന്റെ വധശിക്ഷ ഇളവു ചെയ്യാന്‍ കാരണം ഗാന്ധിജി ഇടപെട്ടതായിരുന്നു എന്നു പറയുന്നത് ശരിയാണോ?
ഗാന്ധിജി ഇടപെട്ടതു കൊണ്ടാണോ വധശിക്ഷയില്‍ നിന്നു ഒഴിവാക്കിയതെന്നു കൃത്യമായി പറയാന്‍ സാധിക്കില്ല.പക്ഷേ ഗാന്ധിജി ആ വിധിയെ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തിരുന്നു എന്നത് ശരിയാണു.ഗാന്ധിജി എഴുതിയ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷേ അത് വിധിന്യായത്തെ പിന്നീട് സ്വാധീനിച്ചോ എന്ന് പറയാനാവില്ല.എന്നു മാത്രമല്ല പല വിധത്തിലുള്ള ‘മൂവ്മെന്റുകള്‍’അന്നു ഈ വിധിക്കെതിരായി ഉണ്ടായിരുന്നുവെന്നും ഓര്‍ക്കണം.അതുകൂടാതെ ഇക്കാലമായപ്പോളെക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഭരണത്തിലുള്ള ഗവണ്മെന്റും തമ്മില്‍ സമരസപ്പെട്ട ഒരു സ്ഥിതിയും ഉണ്ടായിരുന്നു.എന്നാല്‍ കയ്യൂര്‍ സമരകാലം എന്നത് വളരെ വലിയ സാമ്രാജ്യവിരുദ്ധ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു.
ഇതേ കാരണങ്ങള്‍ കൊണ്ടാണോ പിണറായി പോലുള്ള ഒരു ഉള്‍നാടന്‍ ഗ്രാമം കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ രൂപീകരണത്തിനു വേദിയായത്?
അതെ.പിണറായിയിലെ പാറപ്പുറം വേദിയായതുതന്നെ അവിടങ്ങളില്‍ കര്‍ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായതുകൊണ്ടാണു.ചിറക്കല്‍ താലൂക്ക് മുഴുവന്‍ അറിയപ്പെട്ടിരുന്നത് ‘റെഡ് താലൂക്ക്” എന്നായിരുന്നു അന്നു തന്നെ അറിയപ്പെട്ടിരുന്നത്.
ഇരിക്കൂറിനെ ‘ചുവന്ന ഫര്‍ക്ക’ എന്ന് അറിയപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ട്..
ശരിയാണ്.
ഇത്തരം ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ എങ്ങനെ ശക്തിപ്പെട്ടു?
അതിനു കാരണം അവിടങ്ങളില്‍ ജന്മിത്വം വളരെയധികം ശക്തമായിരുന്നു എന്നതു തന്നെ.അതിന്റെ തിക്തഫലങ്ങള്‍ കൂടുതലും അനുഭവിച്ചത് ഇത്തരം പ്രദേശങ്ങളില്‍ ഉള്ളവരാണ്.
എന്നാല്‍ ഇതേ രീതിയിലുള്ള മുന്നേറ്റങ്ങള്‍ കണ്ണൂര്‍ ജില്ലക്ക് പുറത്ത് തെക്കന്‍ മലബാര്‍ മേഖലയില്‍ ഉണ്ടായിട്ടില്ല എന്നും കാണേണ്ടതല്ലേ?
ശരിയാണ്.ഉദാഹരണമായി മലപ്പുറം.അവിടെ മുസ്ലീം വിഭാഗമായിരുന്നു കൂടുതല്‍.പക്ഷേ അവരുടെ ശക്തി 1921 നു ശേഷം തകര്‍ന്നു പോയി.അതെ സമയം അവിടങ്ങളില്‍ വടക്കേ മലബാറിലെപ്പോലെയുള്ള ഒരു ജന്മിത്വ സമ്പ്രദായമല്ലായിരുന്നുവെന്നും കാണാം.ജന്മിമാരുടെ നേരിട്ടുള്ള ഇടപെടലുകള്‍ കുറവായിരുന്നു.ഇവിടെ പുതിയതായി വന്ന പണക്കാരും ഉണ്ടായിരുന്നതിനാല്‍ വടക്കേമലബാറിലെ പോലെ ഭൂമി മുഴുവന്‍ ജന്മിമാരുടെ കൈവശം എന്നൊരു അവസ്ഥ ഇല്ലായിരുന്നു.’പുനം കൊത്താ’നുള്ള സമരമൊക്കെ വടക്കേമലബാറില്‍ മാത്രം ഉണ്ടാകാനുള്ള കാരണവും അതാണ്.
കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയാണു കേരളം എന്നത് ഒരു ‘മിത്താ’യിരുന്നു എന്ന് സാര്‍ പറഞ്ഞിരുന്നു.അതെന്താണു കാരണം?
അതായത് ഐതിഹ്യം പറയുന്നത് പരശുരാമന് ഗോകര്‍ണ്ണത്തുനിന്ന് ബ്രാഹ്മണരെ കൊണ്ടുവന്നു കേരളത്തില്‍ താമസിപ്പിച്ചു എന്നാണല്ലോ.എന്നാല്‍ ചരിത്രത്തില്‍ കോലത്തിരി രാജാവും അപ്രകാരം ബ്രാഹ്മണരെ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ട്.ഇതൊക്കെ കൊണ്ട് ഗോകര്‍ണ്ണം വരെയാണു കേരളം എന്നൊരു മിത്ത് രൂപം പ്രാപിച്ചു എന്നേയുള്ളൂ.ഒരിക്കലും കേരളം ഗോകര്‍ണ്ണം വരെ ആയിരുന്നിട്ടില്ല.
ഇപ്പോള്‍ കാസര്‍ഗോട്ടെ ചന്ദ്രഗിരിപ്പുഴക്ക് വടക്കോട്ട് തുളു സംസാരിക്കുന്ന പ്രദേശങ്ങളും കേരളത്തിന്റെ ഭാഗം ആണല്ലോ.സംസ്ഥാന പുന:സംഘടനക്കു മുമ്പും അതു കേരളത്തിന്റെ ഭാഗമായിട്ടാണോ കണ്ടിരുന്നത്?
അല്ല, ഭാഗമായിരുന്നില്ല.ശരിക്കു പറഞ്ഞാല്‍ കന്യാകുമാരി നഷ്ടപ്പെട്ടപ്പോള്‍ കിട്ടിയ ‘കോമ്പന്‍സേഷന്‍ ‘ ആണു ഈ തുളുനാടന്‍ പ്രദേശങ്ങള്‍.ഇന്നും ആ പ്രദേശങ്ങളില്‍ തുളുവാണു മുഖ്യഭാഷ.അതുകൊണ്ടാണു കര്‍ഷക പ്രസ്ഥാനങ്ങളൊന്നും അവിടെ വളര്‍ന്നു വരാതിരുന്നതും.ഭാഷ തന്നെ ഒരു പ്രശ്നമായിരുന്നു.അവിടെ ഉണ്ടായിരുന്ന കര്‍ണ്ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ ആശയപരമായ വ്യത്യാസമുണ്ടായിരുന്നു.കേരളത്തില്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ആയിരുന്നു.
ഈ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണു പിന്നീട് പിണറായി സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറുന്നത് അല്ലേ?
അതെ.
അതുപോലെ മറ്റൊരു ചോദ്യം, കേരളത്തിലെ വിവിധ ജാതികള്‍,നമ്പൂതിരി, ഈഴവര്‍..ഇവരൊക്കെ ഇവിടെ തന്നെ ഉണ്ടായിരുന്നവര്‍ ആണോ?
ആദിവിഭാഗം എന്നത് “ട്രൈബല്‍ സൊസൈറ്റി” യാണു.അപ്പോള്‍ ഇപ്പറഞ്ഞ ജാതികളും ഇവരുമായി ബന്ധപ്പെട്ടു തന്നെ ഉരുത്തിരിഞ്ഞു വന്നതായിരിക്കണം.അതുകൊണ്ടാണു “കറുത്ത നമ്പൂതിരി”മാരും ഉണ്ടായിരിക്കുന്നത്.അപ്പോള്‍ ‘ആര്യജനത’ എന്നൊരു വംശീയ ഔന്നത്യം ( racial superiority) ഒന്നും കേരളത്തിലെ നമ്പൂതിരിമാരില്‍ കാണാന്‍ കഴിയില്ല.അപ്പോള്‍ അവര്‍ “കള്‍ച്ചറല്‍ ഐഡന്റിറ്റി” മാത്രമേ ഉള്ളൂ, “റേഷ്യല്‍ ഐഡന്റിറ്റി” ഇല്ലെന്നു പറയാം.
കേരളത്തിലെ നമ്പൂതിരിമാര്‍ ആന്ധ്രയില്‍ നിന്നു വന്നവരാണെന്ന് പറയുന്നത് ശരിയാണോ? ഗുണ്ടൂരിനടുത്തുള്ള “നമ്പൂര്‍” ഗ്രാമത്തില്‍ നിന്നു വന്നതുകൊണ്ട് നമ്പൂതിരിമാര്‍ എന്ന് പേരു വന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
അങ്ങനെ പലതും പറയാറുണ്ടെങ്കിലും ശരിക്കും ഇവിടെ തന്നെയുള്ളവര്‍ , ഗോകര്ണ്ണത്തു നിന്നും മറ്റും വന്ന ബ്രാഹ്മണരും ചേര്‍ന്ന് അതേ സംസ്കാരത്തിന്റെ ഭാഗമായെന്നു വേണം കരുതാന്‍
അതുപോലെ ഈഴവര്‍ ശ്രീലങ്കയില്‍ നിന്നും വന്നവരാണെന്ന് പറയുന്നു..
അതു ധാരാളമായി പറയുന്ന ഒന്നാണ്.തെങ്ങുകൃഷിക്കാരായി വന്നു എന്ന്, “ഈഴത്തു നാട്ടില്‍” നിന്നും വന്നു എന്ന് വടക്കന്‍ പാട്ടിലും മറ്റും പറയുന്നുണ്ട്.ഇത്രയധികം പേര് വന്നിട്ടുണ്ടാവില്ല..കുറെപ്പേര് വന്നിട്ടുണ്ടാവാം.
മഹീന്ദ്ര രജപക്ഷയെ ഒക്കെ കണ്ടാല്‍ ഒരു മലയാളി ഛായയാണു കൂടുതല്‍ തോന്നുക
അതെ..അപ്പോള്‍ ചില ആള്ക്കാര് വന്നിരിക്കാം.പക്ഷേ കൂടുതലും ഇവിടെയുള്ളവര്‍ തന്നെ തൊഴില്‍ പരമായും സാംസ്കാരികപരമായും വിവിധ ജാതികളില്‍ പെടുകയാണു ഉണ്ടായത്.
ഈ ജാതിവ്യത്യാസം എത്ര വര്‍ഷം മുന്‍പായിരിക്കും കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നത്? ഒരു ആയിരം വര്‍ഷം?
അതിപ്പോള്‍ സംഘകാലത്തു തന്നെ ഒരു പ്രദേശത്തു താമസിക്കുന്നവരെ ഒരു പ്രത്യേക പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.”ഉഴവര്”, “ഗിരിജനങ്ങള്‍” എന്നു തുടങ്ങിയ “പ്രാദേശിക പേരുകളി’ലാണു അറിയപ്പെട്ടിരുന്നത്.ജാതി വ്യത്യാസമെന്ന നിലയില്‍ തുടങ്ങിയിരുന്നില്ല.
പിന്നീടാണു ജാതി വ്യവസ്ഥ ഇപ്പോളത്തെ രീതിയില്‍ ഉരുത്തിരിഞ്ഞു വന്നത്.
ഞാനൊരു പുസ്തകം വായിച്ചിരുന്നു.ശ്രീ വേലയുധന് പണിക്കശ്ശേരിയുടെ “ക്ലിയോപാട്ര മലയാളി പെണ്‍കൊടിയാണ്”. അത്തരം ഒരു ബന്ധത്തിന് എത്രമാത്രം സാധ്യത ഉണ്ട്?
അതൊക്കെ മിത്തുകളല്ലാതെ തെളിവുകള്‍ ഇല്ലാത്ത കാര്യങ്ങളാണ്.അതൊക്കെ ഓരോ ആള്ക്കാര് അങ്ങനെ എഴുതുന്നു എന്നല്ലാതെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല
ഈ വിദേശ ശക്തികള്‍ ഒക്കെ ഇവിടെ വരാന്‍ മാത്രം നമ്മുടെ കേരളം പുരാതന കാലത്ത് അത്ര സമ്പന്നമായിരുന്നോ?
അതായത് അവര്‍ക്കു വേണ്ടുന്ന സാധനങ്ങള്‍ ഇവിടെ ഉണ്ട്.സ്പൈസസ് അവര്‍ക്ക് ആവശ്യമായിരുന്നു.മാംസം സൂക്ഷിക്കാന്‍ അതാവശ്യമായിരുന്നു.അതിനായി അവര്‍ ഇവിടെ വന്നു.അതേ സമയം നമ്മുടെ ഒറ്റ കപ്പലുകള്‍ പോലും അങ്ങോട്ടു പോയതായി രേഖകള്‍ ഇല്ല
വാസ്കോഡഗാമ വരുന്നു, നേരിട്ട് സാമൂതിരിയുമായി ബന്ധപ്പെടുന്നു..അതുപോലെ മറ്റു വിദേശീയര്‍ വരുന്നു.ഇവരൊക്കെ എങ്ങനെ അന്ന് ഇത്ര ബന്ധങ്ങള്‍ സ്ഥാപിക്കുന്നു.ഭാഷ പോലും അന്യമല്ലേ?
ദ്വിഭാഷികള് അന്നും ഉണ്ടായിരുന്നു.അറബിക് , പോര്‍ട്ടുഗീസ് തുടങ്ങിയ ഭാഷകള്‍ അറിയാവുന്ന മുസ്ലീം വ്യാപാരികളും മറ്റും അന്നേ ഉണ്ടായിരുന്നതായി കാണാം.മാത്രവുമല്ല യൂറോപ്പില്‍ നിന്നും വരുന്നവര്‍ വിവിധ ഭാഷകള്‍ പഠിച്ചിരുന്നവരായിരുന്നുവെന്നും കാണാം.അഞ്ചും ആറും ഭാഷ സംസാരിച്ചിരുന്നവര്‍ വരെ ഉണ്ടായിരുന്നു.
നാം ഇന്നു സംസാരിക്കുന്ന മലയാളം തന്നെയായിരുന്നോ അന്നും സംസാരിച്ചിരുന്നത്?
അല്ല, മധ്യകാലീനമായ മലയാളം ആയിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.നമ്മള് എത്രമാത്രം മറ്റു ഭാഷകള്‍ സംസാരിച്ചിരുന്നു എന്ന് അറിയില്ല.പക്ഷേ അവര്‍ ഒന്നിലധികം ഭാഷകള്‍ പഠിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു.
ഇനി നമുക്കു ‘ഹെറിറ്റേജ് കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വരാം.എന്തൊക്കെയാണു പ്രവര്‍ത്തനങ്ങള്‍?
ഹെറിറ്റേജ് കൌണ്‍സില്‍ എന്നത് മരവിപ്പിച്ച് ഇട്ടിരുന്ന ഒന്നാണു.ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.അങ്ങനെയാണു ഞാനവിടെ എത്തിച്ചേരുന്നത്.ഇപ്പോള്‍ അവിടെ ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കീവിയല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.ഇതുകൂടാതെ പല കോളേജുകളിലും ഹെറിറ്റേജ് ക്ലബുകള്‍ തുടങ്ങി കൂടുതലായി ഒരു ബോധവല്‍ക്കരണം നടത്താനാണു ശ്രമിക്കുന്നത്.നമ്മുടെ പ്രൈതൃകം സംരക്ഷിക്കപ്പെടേണ്ടതാണു, അതില്‍ ജനങ്ങളുടെ പങ്കെന്താണു എന്നൊക്കെയുള്ള കാര്യങ്ങളിലാണു ഊന്നല്‍ നല്‍കുന്നത്.
ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റും ഹെറിറ്റേജ് കൌണ്‍സിലും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു? അവരും ഇതു തന്നെയല്ലേ ചെയ്യുന്നത്?
അതായത് പൈതൃക സംരക്ഷണം അവരാണു ചെയ്യുന്നത്.ഹെറിറ്റേജ് കൌണ്‍സിലിനു സംരക്ഷണം നടത്താനുള്ള ഫണ്ടില്ല.ഞങ്ങള്‍ ചെയ്യുന്നത് മീഡിയ വഴിയായും, ഹെറിറ്റേജ് കൌണ്സിലുകള് വഴിയായും ഇതിനെക്കുറിച്ചൊക്കെയുള്ള ഒരു അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണു.പ്രചാരണം ആണു മുഖ്യം.
ഞാന്‍ തലശ്ശേരിയിലെ ‘ഗുണ്ടര്‍ട്ട് സ്മാരകം” കാണാന്‍ പോയി.കണ്ടു കഴിഞ്ഞപ്പോള്‍ നിരാശ തോന്നി.ഒരു ഫോട്ടോ അല്ലാതെ ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മകള്‍ പേറുന്ന ഒന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല.ഒരു ബോര്‍ഡ് പോലും ഇല്ല.ഇതൊക്കെ സംരക്ഷിക്കാന്‍ എന്തെങ്കിലും ഹെറിറ്റേജ് കൌണ്‍സിലിനു എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
ഞങ്ങള്‍ക്ക് ഇതുപോലെയുള്ളവ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ ആവശ്യമായ ഫണ്ടില്ല.അതു ചെയ്യേണ്ടത് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ്.അവര്‍ക്കും വേണ്ടത്ര ഫണ്ടില്ല എന്നാണു പറയുന്നത്.ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അവയെ സംരക്ഷിക്കാനുള്ള അവബോധം ജനങ്ങളിലും സര്‍ക്കാരിലും സൃഷ്ടിക്കുക എന്നതാണ്.
അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണു സംരക്ഷിത സ്മാരകങ്ങളുടെ ചരിത്രത്തെ സംബന്ധിച്ച വിവരങ്ങളുടെ അഭാവം.ഉദാഹരണമായി കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കലിന്റെ മുന്നില്‍ പോലും ഇത്തരം ഒരു ബോര്‍ഡ് കാണാനില്ല..
അതെ.ശരിയാണ്.ഇത്തരം ലിറ്ററേച്ചറുകളുടെ അഭാവം എന്നത് ‘ഹെറിറ്റേജ് കേരള’യുടെ ഏറ്റവും വലിയ ന്യൂനതകളില്‍ ഒന്നാണ്.അത്തരം വിവരങ്ങള്‍ എഴുതിയുണ്ടാക്കാനുള്ള ഒരു ശ്രമം ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്.മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് (Malabar Institute For Research and Development)എന്നൊരു എന്‍.ജി.ഓ(NGO) ഇപ്പോളുണ്ട്.കണ്ണൂര്‍ കോട്ടയെക്കുറിച്ചൊക്കെ ഇപ്പോള്‍ ലിറ്ററേച്ചര്‍ തയ്യാറാക്കിയിട്ടുണ്ട്.അതിനു നേതൃത്വം നല്‍കുന്നതും ഞാന്‍ തന്നെയാണ്.ഇനിയൊരു വര്‍ഷത്തിനുള്ളില്‍ ഇത്തരം എല്ലാ സ്ഥലങ്ങളേയും കുറിച്ചുള്ള കിട്ടാവുന്ന എല്ലാ വിവരങ്ങളും അതാത് സ്ഥലങ്ങളില്‍ ലഭ്യമാകുന്നതാണു.ഇതെല്ലാം ഈ എന്‍.ജി.ഓ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണു.ശരിക്കും നമ്മുടെ ടൂറിസം ഡവലപ്പ്മെന്റ് എന്നത് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ലാതെയായിരുന്നു ചെയ്തുകൊണ്ടിരുന്നത്.അതിപ്പോള്‍ മാറി വരികയാണ്.
സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണു?
നല്ലൊരു ഉദ്യാനം ഇപ്പോള്‍ അവിടെയുണ്ട്.ഏതാണ്ട് 40 ആള്ക്കാര് ജോലിക്കാര്‍ തന്നെയുണ്ട്.പിന്നെ വിവിധ ഡിപ്പാര്‍ട്ട് മെന്റുകള്‍, ഞാനൊക്കെ സ്വന്തം നിലയില്‍ ചെയ്യുന്ന ലേഖനങ്ങളും ഗവേഷണങ്ങളും മറ്റും.ഇതൊക്കെയാണ് ഇപ്പോളത്തെ പ്രവര്‍ത്തനങ്ങള്‍.
തൃപ്പൂണിത്തുറ ഹില്‍പാലസില്‍ എന്തൊക്കെ ചെയ്യുന്നുണ്ട്?
പലകാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്നുണ്ട്.ഇങ്ങനെ ഒന്നുണ്ട് എന്നൊക്കെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അറിയാവുന്ന നില വന്നിട്ടുണ്ട്.ബുള്ളറ്റിന്, പുസ്തകങ്ങള്‍ എന്നിവ പ്രസിദ്ധികരിക്കുന്നു.ട്രാന്‍സ്ക്രിപ്റ്റ് ഗവേഷണത്തിനുള്ള അവസരം ഉണ്ട്.ഔഷധസസ്യങ്ങളുടെ നല്ല ഒരു ഉദ്യാനമുണ്ട്.'ഹോര്‍ത്തൂസ് മലബാറിക്കൂസ്” എന്ന ഗ്രന്ഥത്തിന്റെ റീപ്രിന്റ് ചെയ്തിട്ടുണ്ട്. അങ്ങനെ പല പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.ഇതൊന്നും വളരെ വികസിത രൂപത്തിലുള്ള പ്രവര്‍ത്തനങ്ങളായി ഞാന്‍ കാണുന്നില്ല.ഒരു സര്‍വകലാശാലയുടെ ഒരു ഡിപ്പാര്‍ട്ട്മെന്റ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആയി കണക്കാക്കിയാല്‍ മതി.
( ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
Subscribe to:
Post Comments (Atom)
35 comments:
ചരിത്ര പണ്ഡിതന്, ഗവേഷകന്, ഗ്രന്ഥകാരന് എന്ന നിലയിലെല്ലാം പ്രശസ്തനാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജനപക്ഷത്തുനിന്നു ചരിത്രമെഴുതിയ വ്യക്തിയാണു ഡോ.കെ.കെ.എന്‍ കുറുപ്പ്.കൊളോണിയലിസത്തിനെതിരെ ഈ കൊച്ചു കേരളത്തില്‍ നടന്ന പോരാട്ടങ്ങളുടെ നേര് ചരിത്രം നമുക്ക് ആദ്യമായി പറഞ്ഞു തന്നത് ഇദ്ദേഹമാണ്.പഴശ്ശിരാജയുടെ ചെറുത്തു നില്പ്പുകള് മുതല്‍ മലബാറിലെ കാര്‍ഷിക സമരങ്ങളുടെ സാമൂഹിക പ്രസക്തി വരെ മലയാളിക്ക് ഇദ്ദേഹം വ്യക്തമാക്കിക്കൊടുത്തു.
ഡോ.കെ.കെ എന്‍ കുറുപ്പുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന്റെ ആദ്യഭാഗം.
വളരെ നന്നായി തന്നെ ഡോ.കെ.കെ.എന്‍ കുറുപ്പിനെ പരിചയപ്പെടുത്തി വിശദാമായി അഭിമുഖം ചെയ്തിരിക്കുന്നു .. പഴശ്ശിരാജ സിനിമക്ക് പിന്നാലെ ഈ വിശദാംശങ്ങള്‍ നന്നായി .പഴയ തലമുറയില്‍ നിന്ന് വിലപിടിച്ച അറിവുകള്‍ എന്ന് പറയുന്നതാണീ ലേഖനത്തില്‍ കൂടി വായനക്കാരില്‍ സുനില്‍ കൃഷ്ണന് എത്തിക്കുന്നത്, ഇതിന്റെ ബാക്കി ഭാഗത്തിനായി കാക്കുന്നു ..വളരെ വിശദമായി ലളിതമായി എഴുതിയ പോസ്റ്റ്. ബ്ലോഗില്‍ ഇത്തരം പോസ്റ്റ്കള് മുതല്‍ കൂട്ടാവും അഭിനന്ദനങ്ങള്‍ ..
അഭിമുഖം വളരെ നന്നായി ..അടുത്ത ഭാഗത്തിനായി
കാത്തിരിക്കുന്നു ...ചരിത്ര സത്യങ്ങളെ തിരുത്തിയെഴുതി
ചരിത്രത്തിലേക്ക് നടന്ന് കയറാന്‍ ശ്രമിക്കുന്നവര്‍ക്ക്
നേരെ എയ്തു വിട്ട ഒരു അസ്ത്രം പോലെ സുന്ദരം ...
അഭിനന്ദനങ്ങളും ആശംസകളും ..........
നന്നായിട്ടുണ്ട്. അടുത്ത ഭാഗം കൂടി എഴുതൂ..
സുനില്‍ ഇത് മനസ്സിരുത്തി വായിക്കേണ്ട ഒരു പോസ്റ്റാണ്. ഇപ്പോള്‍ വായിച്ചിട്ടില്ല. ഉടനെ വരാം വായിക്കാനായി.
സുനിൽ, ഞാൻ വളരെ മനസ്സിരുത്തിയാണ് ഈ പോസ്റ്റ് വായിച്ചത്. നല്ലൊരു ചരിത്ര കഥപോലെ വെവ്വേറെ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സംഭാഷണം. അടുത്തഭാഗവും വേഗം എഴുതൂ.
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
great effort maashe............
hearty congrats......
ഇടക്കിടെ ഈ ബ്ലോഗ്ഗില്‍ കയറി വായിക്കാറുണ്ടെങ്കിലും, എന്റെ ലാപ് ടോപ്പിലെ ചില പ്രശ്നങ്ങള്‍ കാരണം കമന്റാന്‍ സാധിക്കില്ലായീരുന്നു.. ഈ പോസ്റ്റ് കുറെ പുതിയ അറിവുകള്‍ തന്നു, രണ്ടാം ഭാഗത്തിന്നായി കാത്തിരിക്കുന്നു..കേരളത്തിലെ ജാതിവ്യവസ്ഥയുടെ വേരറിയുക എന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള വിഷയമാണ്...
നല്ല അഭിമുഖം സുനില്‍..ആദ്യഭാഗങ്ങളില്‍ (പഴശ്ശി ചരിതത്തെയും, കേരളത്തിലെ കര്‍ഷകസമരങ്ങളെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വ്യഖ്യാനങ്ങളെക്കുറിച്ചുമൊക്കെയുള്ള ഭാഗങ്ങള്‍) കൂടുതല്‍ ഫോക്കസ്സു ചെയ്യാന്‍ സാധിക്കാത്തത് സമയദൌര്ല്ലഭ്യം കൊണ്ടാണെന്നു മനസ്സിലായി. വില്ല്യം ലോഗനെക്കുറിച്ചുള്ള കുറുപ്പുസാറിന്റെ അഭിപ്രായങ്ങളുമായി മുഴുവന്‍ യോജിക്കാനും സാധിക്കില്ല. മറ്റു ഇന്ഡോളജിസ്റ്റുകളില്നിന്ന് വലിയ രീതിയില്‍ തന്നെ വ്യത്യസ്തനായിരുന്നു ലോഗന് എന്ന് കാണാം. ബാക്കിഭാഗങ്ങള്ക്കുവേണ്ടി കാത്തിരിക്കുന്നു
അഭിവാദ്യങ്ങളോടെ
അഭിമുഖം നന്നായിരിക്കുന്നു.
ചരിത്രം ഒരിക്കലും നൂറു ശതമാനം സത്യമല്ല, അതിനാൽ തന്നെ പലകോണുകളിലൂടെ കാണുക എന്നത് മാത്രമെ നിർവാഹമുള്ളു.
നല്ല അഭിമുഖം. നന്ദി സുനിൽ.
കേരള ചരിത്രം എനിക്ക് വളരെ താല്പര്യമുള്ള വിഷയമാണ്. നല്ലൊരു വായനാനുഭവം പകർന്നു ഈ പോസ്റ്റ്.. .. നന്ദി സുനിൽ..
നന്നായിരിക്കുന്നു .ഒന്ന് കുടി വായിക്കുന്നുണ്ട് .അടുത്ത ഭാഗത്ത്തോടൊപ്പം
അതെ, ഒന്നുകൂടി വായിക്കണം. വളരെ നന്നായി സുനിലിന്റെ ഈ ശ്രമം.
Simple and Informative :)
നന്നായിട്ടുണ്ട് സുനില്‍ .....
നന്നായിട്ടുണ്ട്,ലളിതമായ സാധാരണക്കാരന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ,ബുദ്ധിജീവി നാട്യങ്ങള്‍ ഇല്ലാത്ത അഭിമുഖം.അടുത്തതിനായി കാത്തിരിക്കുന്നു.അഭിനന്ദനങ്ങള്‍.
ഷാജി ഖത്തര്‍.
ഇങ്ങനെ ഒരു വ്യക്തിയെ പലരുടേയും കണ്ണില്‍ പെടുത്തിയതിന് ആശംസകള്‍..
നല്ല ചോദ്യങ്ങള്‍ ലളിതമായ എഴുത്ത്...
കുറുപ്പുമാഷുമായുള്ള അഭിമുഖം വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്ത ഓരോരുത്തര്‍ക്കും എന്റെ നന്ദി.
ഇതിന്റെ രണ്ടാം ഭാഗം വായിക്കാന്‍ഇവിടെ ക്ലിക്ക് ചെയ്യുക
നല്ല അഭിമുഖം. ഞാന്‍ ആദ്യമായാണ് ഒരു അഭിമുഖം വായിക്കുന്നത്. പിന്നെ സുനിലിന്റേതാകുമ്പോള് തീര്ച്ചായായും നല്ലതായിരിക്കുമെന്ന് എനിക്കറിയാം.
ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും ചിലരെ ഇന്റെര്‍വ്യൂ ചെയ്യാനുള്ള മാനസികാവസ്ഥ കൈവന്ന പോലെ.
ആശംസകള്‍
തൃശ്ശൂര്‍ പൂരം ഏപ്രില്‍ 25ന്. വരുമല്ലോ? പ്രത്യേകമായി ക്ഷണിക്കുന്നു.
++ മലയാളം ഇത്ര സ്പീഡില്‍ എഴുതുമ്പോള്‍ ഞാന്‍ സുനിലിനെ എപ്പോഴും ഓര്‍ക്കാറുണ്ട്. ആദ്യമായി കീമേന്‍ എനിക്ക് ഫോണില്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്ത് തന്നത് താങ്കളാണല്ലോ?
ഒരു പാട് നന്ദിയുണ്ട് സുനില്‍.
നമ്പൂതിരിമാര്‍ ഇവിടെത്തന്നെയുള്ളവരാണെന്നു പറയുമ്പോള്‍ ഇ എം എസ്സിനെ ഉദ്ധരിക്കാതെ ചരിത്രമെഴുതാനറിയാത്ത കുട്ടമത്ത് കുട്ട നാണു കുറുപ്പ് എന്ന കെ കെ എന്‍ കുറുപ്പ് തികഞ്ഞ ഇ എം എസ് വിരുദ്ധത പ്രദര്‍ശിപ്പിക്കുകയാണല്ലോ. പുറത്തുനിന്നു വന്ന ബ്രാഹ്മണരും നാടന്‍സംസ്കാരവും തമ്മിലുള്ള സംഘര്‍ഷവും (അതില്‍ ബ്രാഹ്മണര്‍ക്ക് മേല്‍ക്കയ്യ് ഉണ്ടായി) യോജിപ്പുമാണ് "കേരളം ഒരു വ്യത്യസ്തരാജ്യവും മലയാളികള്‍ ഒരു വ്യത്യസ്തജനസമുദായവു"മായിത്തീരാന്‍ കാരണം എന്നു പറഞ്ഞാണ് ഇ എം എസ് കേരളത്തിലെ മാര്‍ക്സിസ്റ്റ് ചരിത്രരചനയ്ക്ക് തുടക്കം കുറിച്ചത്. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്റെ കെരന്തത്തെപ്പറ്റി ഇ എം എസ് നമ്പൂതിരിപ്പാടിന് വലിയ അഭിമാനവുമായിരുന്നു.
കെ.കെ എന്‍ കുറുപ്പ് മാഷുമായുള്ള അഭിമുഖം വായിച്ചവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
@ കാലിക്കോ
ബ്രാഹ്മണര്‍ മറ്റു ദേശങ്ങളില്‍ നിന്നു വന്നില്ലെന്ന് കുറുപ്പ് മാഷ് പറഞ്ഞില്ലല്ലോ.പരമ്പരാഗതമായ ആര്യ അധിനിവേശം ഇവിടെ നടന്നിട്ടില്ലായിരിക്കാം എന്നാണു അദ്ദേഹം പറഞ്ഞത്.കോലത്തിരിയും മറ്റും ഗോകര്ണ്ണത്തു നിന്നുള്ള ബ്രാഹ്മണരെ ഇവിടെ കൊണ്ടു വന്ന കാര്യം അദ്ദേഹം പറയുന്നുണ്ട്.
@ രാജീവ്,
വില്യം ലോഗനെക്കുറിച്ച് മോശമായിട്ടൊന്നും സാര്‍ പറഞ്ഞില്ല.ചില കാര്യങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് പക്ഷത്തു നിന്നു കാര്യങ്ങളെ നോക്കിക്കണ്ടിരിക്കാനിടയുണ്ടെന്ന് മാത്രമാണു പറഞ്ഞത്.
@ കാക്കര
ചരിത്രം സത്യമാണ്.അതിനെ നമ്മള് എങ്ങനെ , ഏതു പക്ഷത്തു നിന്നു വീക്ഷിക്കുന്നു എന്നതനുസരിച്ച് ചരിത്ര രചനയില്‍ അഭിപ്രായങ്ങള്‍ മാറി വരും എന്നേയുള്ളൂ
എല്ലാവര്ക്കും നന്ദി
തെക്കേ ഇന്ത്യയിലാകെ പുറത്തുനിന്നു വന്ന ബ്രാഹ്മണരുടെ സ്വാധീനശക്തി വര്‍ദ്ധിച്ചതിനെപ്പറ്റിയൊക്കെയാണ് ഇ എം എസ് പറഞ്ഞത്. ആത് ആര്യദ്രാവിഡ സംഘര്‍ഷമാണെന്നും സംശയത്തിനിടയില്ലാതെ പറഞ്ഞിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ കുറുപ്പിനോടു ചോദിച്ചോളൂ. നാല്പതുകളുടെ അവസാനത്തില്‍ ഇ എം എസ് അതെഴുതുമ്പോള്‍ ആര്യദ്രാവിഡ പ്രശ്നത്തില്‍ ഇന്നത്തെ അറിവൊന്നും ഇല്ലായിരുന്നു എന്നു നമ്പൂതിരിപ്പാടിനെ ന്യായീകരിക്കാം.
പക്ഷേ ഞാന്‍ 1948(?)ല്‍ ഒരു പുസ്തകമെഴുതിയെന്നും അതിന്റെ കേമത്തം ഇങ്ങനെയിങ്ങനെയൊക്കെയാണെന്നും എക്കാലത്തും ആവര്‍ത്തിച്ചു ഇ എം എസ്. മാത്രവുമല്ല, അതില്‍ പറയത്തക്ക ഒരു മാറ്റവും വേണമെന്നു തനിക്കു തോന്നിയില്ലെന്നുകൂടി പറഞ്ഞു 1990-ല്‍ അദ്ദേഹം.
സുനിൽ... രേഖപ്പെടുത്തിയതാണ് ചരിത്രം. ചരിത്രത്തെ ചരിത്രരേഖ എന്ന് വിളിക്കാം. ഈയൊരു അർത്ഥത്തിലാണ് ചരിത്രം നൂറു ശതമാനം സത്യമല്ലായെന്ന് പറഞ്ഞത്. ഭൂതത്തെ വർത്തമാനത്തിലിരുന്ന് എഴുതുന്നതാണ് ചരിത്രം. പഴശ്ശി മരിച്ചു എന്നത് മാത്രമാണ് സത്യം, പക്ഷെ എങ്ങനെ മരിച്ചുവെന്നത് ചരിത്രരചനയും. ഈ ചരിത്രമാണ് നൂറുശതമാനം സത്യമാകാത്തത്.
പരമ്പരാഗതമായ ആര്യ അധിനിവേശം ഇവിടെ നടന്നിട്ടില്ലായിരിക്കാം
ഇതൊന്ന് വ്യക്തമാക്കാമോ സുനില്‍
ആര്യ(അഥവാ ബ്രാഹ്മണ) അധിനിവേശം 'പരമ്പരാഗതമായി' ഇവിടെ നടന്നില്ലെന്ന് പറയുന്നതിലെ സാംഗത്യം മനസിലാകുന്നില്ല. കേരളീയ ജാതിവ്യവസ്ഥയ്ക്ക് മൂലകാരണം തന്നെ അതായിരുന്നില്ലേ? മാത്രമല്ല ഇതര മതക്കാരുടെ സത്വബോധങ്ങളിലേയ്ക്കും അതിന്റെ (വിഷ)നിഴലുകള്‍ വീണിട്ടില്ലേ?
കള്ളിയാട്ടും, ശങ്കരമംഗലവും... തുടങ്ങി ഏഴു മനകളുടെ കണക്കും, ഒരിക്കലും ഇവിടെ വന്നിരിക്കാന്‍ സാധ്യതയില്ലാത്ത, ഇനി വന്നാല്‍ തന്നെ അക്കാലത്ത് നമ്പൂരിമാരെ കാണാന്‍ കിട്ടാത്ത കേരളത്തിലെ തങ്ങളുടെ 'നമ്പൂരി പാരമ്പര്യ'ത്തെക്കുറിച്ച് സുറിയാനി ക്രിസ്ത്യാനികള്‍ വമ്പ് പറയുന്നതില്‍ തുടങ്ങിയതും..
ബ്രാഹ്മണിക് അധിനിവേശകാലത്ത് ചില സ്വാംശീകരണങ്ങള്‍ നടന്നിരുന്നെങ്കില്‍ അവരില്‍ നിന്ന് ഒഴിഞ്ഞു മാറി നിന്ന ബുദ്ധരിലെ അഷ്ടമാര്ഗ്ഗക്കാരെ കളിയാക്കാനായി ബ്രാഹ്മണര്‍ പിന്നെ മാര്ഗ്ഗപ്പിള്ളമാരെന്ന് പിളിച്ചതും.. മാര്ഗ്ഗപ്പിള്ള മാപ്പിളയായതും...പിന്നീട് 'ബൗദ്ധ'രായതും (അതിനുമേല്‍ അറബിക് പാരമ്പര്യം അടിച്ചേല്‍പ്പിച്ചതും)
good one.. thanks!
അതു കുറുപ്പിനോടു ചോദിക്കൂ ദേവദാസേ. സുനില്‍ കൃഷ്ണന് ചരിത്രകാരനാണെന്നുള്ള ബഡായിയൊന്നും പറഞ്ഞില്ലല്ലോ.
ഇ എം എസ് പറഞ്ഞ മരമണ്ടത്തരങ്ങള്‍ പരിഗണനകൊടുക്കാതെ തള്ളിക്കളയുന്നു എന്ന അര്‍ത്ഥത്തിലെങ്കിലും കുറുപ്പിനെ ചരിത്രകാരനായി കാണാം. പക്ഷേ മാനസികമായ അടിമത്തം ശക്തമായതിനാല്‍ താന്‍ പറയുന്നത് ഇ എം എസ് പറഞ്ഞതിനു നിരക്കുന്നതല്ലെന്നു കുറുപ്പ് പറയുകയില്ല. എന്നുമാത്രമല്ല, ഇ എം എസ് ഭക്തി പറയാവുന്നിടത്തെല്ലാം പറയുകയും ചെയ്യും.
http://saghave.blogspot.com/2010/04/blog-post.html
"അതുകൂടാതെ ഇക്കാലമായപ്പോളെക്കും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഭരണത്തിലുള്ള ഗവണ്മെന്റും തമ്മില്‍ സമരസപ്പെട്ട ഒരു സ്ഥിതിയും ഉണ്ടായിരുന്നു.എന്നാല്‍ കയ്യൂര്‍ സമരകാലം എന്നത് വളരെ വലിയ സാമ്രാജ്യവിരുദ്ധ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു."
ഇതു കുറുപ്പു പറഞ്ഞതാണോ, അതോ സുനില്‍ കൃഷ്ണന് അങ്ങോരുടെ വായില്‍ തിരുകിക്കൊടുത്തതാണോ?
മൊറാഴ സംഭവം 1940 സപ്തംബര്‍ 15 ന്.
കയ്യൂര്‍ സംഭവം നടക്കുന്നത് 1941 മാര്‍ച്ച് 28ന്.
ഇത് രണ്ടും നടക്കുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി സാമ്രാജ്യത്വയുദ്ധം ജനകീയയുദ്ധമാക്കി തിരിക്കുന്ന തിരക്കിലായിരുന്നു.
കയ്യൂര്‍ വിധി 1942 ഫിബ്രവരി 2ന്
കെ പി ആര് ഗോപാലന്റെ വധശിക്ഷ ഇളവുചെയ്യുന്നത് 1942 മാര്‍ച്ചില്‍.
തൂക്കിക്കൊല്ലുന്നത് 1943 മാര്‍ച്ച് 29 ന് എന്നു പാര്‍ട്ടി വെബ്സൈറ്റ്, (മാര്‍ച്ച് 27 ന് എന്നു വി വി കുഞ്ഞമ്പുവിന്റെ കയ്യൂര്‍ സമരചരിത്രം എന്ന പീറപ്പുസ്തകം).
ഇതു മൂന്നും നടക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യുദ്ധം സാമ്രാജ്യത്വയുദ്ധത്തില്നിന്ന് ജനകീയ യുദ്ധത്തിലേക്കു മാറിക്കഴിഞ്ഞ് ബ്രിട്ടീഷുകാരുമായി കൂട്ടുകൂടിയ കാലത്ത്.
വലിയ സാമ്രാജ്യവിരുദ്ധ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്ന സമയത്താണ് കയ്യൂരെങ്കില് മൊറാഴയും അതുപോലെ തന്നെ. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ഭരണത്തിലുള്ള ഗവണ്മെന്റും തമ്മില്‍ സമരസപ്പെട്ട ഒരു സ്ഥിതിയുണ്ടായ കാലത്താണ് കെ പി ആറിന്റെ ശിക്ഷ ഇളവുചെയ്തതെങ്കില് അതേ സ്ഥിതി നിലനില്‍ക്കുന്ന കാലത്തു തന്നെയാണ് കയ്യൂര്‍ പ്രതികളെ തൂക്കിക്കൊന്നതും. അപ്പോള്‍ കുറുപ്പിന്റെ കണക്കിലെന്തോ തെറ്റുണ്ട്.
renowned 15th century german painter albrecht durer in his journal has stated about calicut.is it our own calicut? i think so.
ദേവദാസ് വി.എം.
പിന്നെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രൈസ്തവ ദേവാലയങ്ങളും, വില്ലുവക്കം പോലെയുളള തറവാടുകളും, പുരാതന ക്രൈസ്തവ ദൈവാലയങ്ങളുടെയും സെമിത്തേരികളുടെയും അവശിഷ്ടങ്ങളും ഒക്കെ ഇവിടെ മാനത്തു നിന്നും പൊട്ടിവീണോ...?
Post a Comment