Saturday, July 26, 2014

ബീഫും പോർക്കും....!


ബീഫ് കഴിയ്ക്കാൻ പഠിപ്പിച്ചത് വാസുദേവൻ സാർ ആയിരുന്നു..സാറിനും ലക്ഷ്മിക്കുട്ടി ടീച്ചറിനും കുട്ടികൾ ഇല്ലായിരുന്നു..അവർ എന്നെയും അനിയനേയും സ്വന്തം മക്കളെപ്പോലെ കരുതി. സാർ വർഷങ്ങളായി ഗൾഫിലായിരുന്നു.നാട്ടിൽ വരുമ്പോൾ എല്ലാ ഞായറാഴ്ചയും രാവിലെ വീട്ടിൽ വരും..' സുനിയേയും അനിയേയും ഉച്ചയ്ക്ക് ഉണ്ണാൻ അങ്ങോട്ട് വിടണമെന്ന്' " അച്ഛനോട് പറയും..

രണ്ടാം ക്ലാസുകാരനായ ഞാൻ അനിയനെയും കൂട്ടി പോകും..അല്പം ദൂരമേയുള്ളൂ..അമ്പലത്തിനു പിന്നിലുള്ള ഇടവഴിയിലൂടെ കാഴ്ചകൾ കണ്ടും മഴിത്തണ്ട് ചെടി പറിച്ചും ഞങ്ങൾ പോകും.ഇടക്ക് എതിരെ വല്ല പശുവോ മറ്റോ വന്നാൽ പേടിച്ചരണ്ട് ഒരു സൈഡിലേക്ക് മാറും..ടീച്ചറിന്റെ വീട്ടിൽ എത്തണമെങ്കിൽ കയ്യാലയിലെ കുത്തുകല്ലുകൾ വഴി വിഷമിച്ച് കയറണം..ഇന്നത്തെപ്പോലെ വീട്ടുമുറ്റം വരെ ആരും റോഡുണ്ടാക്കില്ലല്ലോ..ഞാൻ ആദ്യം വലിഞ്ഞുകയറിയിട്ട് അനിയനെ കൈകൊടുത്ത് വലിച്ചു കയറ്റും.ആങ്ങനെ അവിടെ ചെല്ലുമ്പോൾ സാറും ടീച്ചറും 'വരൂ മക്കളേ" എന്ന് സ്നേഹത്തോടെ വിളിച്ച് സ്വീകരിക്കും..ഞങ്ങളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും..

അവിടെ ഞങ്ങൾക്കുള്ള ഭക്ഷണമുണ്ട്..അതിനു കൂട്ടാൻ പോത്തിറച്ചി ആണു..അതിങ്ങനെ ഉപ്പും മുളകുമൊക്കെ ചേർത്ത് നന്നായി വറുത്ത് വച്ചിരിക്കും..അത് മൂക്കറ്റം കഴിക്കും..സാറിനും ടീച്ചറിനും മുഖത്ത് സംതൃപ്തിയുടെ പൂക്കൾ വിടരും..ആ സ്നേഹത്തിൽ ഞങ്ങൾ അലിഞ്ഞ് ഇല്ലാതാവും...

ഊണിനു ശേഷം സാർ ഞങ്ങളെ ടേപ്പ് ടിക്കാർഡർ കേൾപ്പിക്കും..ആദ്യമായി അങ്ങനെ ഒരു സാധനം കാണുന്നത് അവിടെ വച്ചാണു..ഇപ്പറയുന്നത് 1976-77 കാലത്തെ കഥയാണു..ഞങ്ങളൂടെ ശബ്ദം ടേപ്പിൽ പിടിച്ച് കേൾപ്പിക്കും..അന്നുവരെ ജീവിതത്തിൽ കണ്ട മഹാത്ഭുതമായിരുന്നു അത്..സ്വന്തം ശബ്ദം ഒരു ഉപകരണത്തിലൂടെ കേൾക്കുന്നു..പിന്നീട് എത്രയോ വർഷങ്ങൾ ഈ കാസറ്റ് സാർ ഞങ്ങൾക്ക് കേൾപ്പിച്ചു തന്നിരുന്നു..മുതിർന്നതിനു ശേഷവും അവിടെ ചെല്ലുമ്പോൾ ആ പഴയ ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ അന്നത്തെ ചെറിയ കുട്ടികളായി മാറും...വർഷങ്ങൾക്ക് ശേഷം അവർക്ക് കുട്ടി ഉണ്ടായി.അവൾ ഇന്ന് വിവാഹമൊക്കെ കഴിഞ്ഞ് ജീവിക്കുന്നു..ഈ എഴുതുന്നത് ഒരു പക്ഷേ ഫേസ്‌ബുക്കിൽ കാണുന്നുണ്ടാവാം..സാർ ഇന്ന് ജീവിച്ചിരിപ്പില്ല..അദ്ദേഹത്തെപ്പറ്റി ഞാൻ എന്റെ ബ്ലോഗിൽ ഒരിക്കൽ എഴുതിയിരുന്നു.ടീച്ചറിനെ ഈ അടുത്ത കാലത്തും കണ്ടു..

പറഞ്ഞു വന്നത് അങ്ങനെയാണു പോത്തിറച്ചി ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണു..അന്നത്തെ ആ എരിവു ഇപ്പോളും നാവിൻ തുമ്പിലുണ്ട്..പന്നിയിറച്ചി പിന്നീടെപ്പോളോ കടന്നുവന്നപ്പോൾ പോത്തിറച്ചിയോടുള്ള ഇഷ്ടം കുറഞ്ഞു..ഏറ്റവും ഇഷ്ടമുള്ള ഒന്നായി പന്നിയിറച്ചി...! എവിടെ കിട്ടിയാലും ഒന്ന് രുചിയ്ക്കാതെ വിടില്ല...ചെന്നൈയിൽ ഇത് കിട്ടുന്ന സ്ഥലങ്ങളൊക്കെ 'നോട്ട്' ചെയ്ത് വച്ചിട്ടുണ്ട്...!

മുംബൈയിൽ ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ബീഫ് കിട്ടാൻ മാർഗമില്ല.പന്നിയുടെ കാര്യം പറയാനുമില്ല.പക്ഷേ ചില മലയാളി ഹോട്ടലിൽ ബീഫ് കിട്ടും..ബീഫ് എന്ന പേരിൽ അല്ല." സുഖാ മട്ടൻ" എന്ന് പറയണം..ആ അതാണു പേരു.., 'ഉണങ്ങിയ മട്ടൻ" 

അതിലൊന്ന് മാട്ടുംഗയിലെ "ചേട്ടായിയുടെ കട" ആണു..പിന്നെ ആന്റോപ്‌ഹിൽ..പിന്നെ ഫ്ലോറ ഫൗണ്ടനടുത്ത് 'ഫൗണ്ടൻ പ്ലാസ" അതൊക്കെ പിന്നീട് ഒരിക്കൽ എഴുതാം..

എഴുതാൻ വന്നത് എന്തെന്നാൽ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?

ഈ മതഭ്രാന്തന്മാരെല്ലാം കൂടി ബീഫിനെയും പന്നിയേയും അരച്ചു കലക്കി കുടിയ്ക്കട്ടെ... ആഹാരത്തിലെ മതഭ്രാന്തുകൾ അങ്ങനെ അവസാനിയ്ക്കട്ടെ !

5 comments:

ajith said...

Culinary അധിനിവേശത്തിന്റെ നാളുകള്‍

ശ്രീ said...

സുഖമുള്ള ഓര്‍മ്മകള്‍, അല്ലേ മാഷേ...

Muralee Mukundan , ബിലാത്തിപട്ടണം said...

നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിയ്ക്കാൻ പറ്റാത്ത ഒരു കാലമാണോ വരുന്നതെന്ന് ഞാൻ ഭയപ്പെടുന്നു.മതഭ്രാന്തന്മാർ തരുന്ന ലിസ്റ്റ് അനുസരിച്ച് ഭക്ഷണം കഴിക്കേണ്ടി വരുമോ?

പ്രകാശ് ചിറക്കൽ said...

Maarunna kaalam maarunna rachana.thx

പ്രകാശ് ചിറക്കൽ said...

Maarunna kaalam maarunna rachana.thx